Loading...
Home / സാഹിത്യം / പുതിയവ / ഉള്ളൂര്‍ കവിത / കല്പശാഖി / ബാഷ്പാഞ്ജലി ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍
Author: ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

ബാഷ്പാഞ്ജലി

ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

സഖാക്കളേ ! മേൽക്കരണീയമെന്തു?
സാഹിത്യസാംയാത്രികരായ നമ്മൾ
അനാഥരായ്; വിട്ടുപിരിഞ്ഞു നമ്മെ-
"യപ്പൻ" നൃപൻ, നമ്മുടെ കര്‍ണ്ണധാരൻ.


കലാലതോപഘ്നതരുപ്രകാണ്ഡം
കാലക്കൊടുംകാറ്റിലധഃപതിച്ചു;
ചരിത്രരത്നോൽകരമുദ്ധരിയ്ക്കും
സമര്‍ത്ഥഹസ്തം ചലിയാതെയായി ;


നിശ്ശബ്ദമായീ മൊഴിമാതു നിത്യം
നൃത്തം തകര്‍ക്കും രസനാഗ്രരങ്‌ഗം;
ഒടിഞ്ഞുപോയി മഷിയാം മരന്ദ-
മൂറുന്ന പൊൻതൂലിക തുണ്ടുതുണ്ടായ്;


വന്നെത്തി ഹാ! നമ്മുടെ കൈരളിക്കു
വൈധവ്യദുഃഖം, വളരെക്കഠോരം;
എന്നേക്കുമായ് തന്നെ മറഞ്ഞു നാട്ടി-
ന്നിരുട്ടകറ്റീടിന ഭാനുബിംബം.


ഒന്നല്ല, പത്തല്ലൊരുനൂറുമട്ടി-
ലുദാത്തമായുള്ള സപര്യമൂലം
തന്മാതൃഭൂതര്‍പ്പണമാചരിച്ച
സര്‍വോത്തമൻ- താപമിതാർ സഹിക്കും ?


മരിച്ചു പോയോരെ നിനച്ചു മര്‍ത്ത്യൻ
മാലാന്നിടൊല്ലെന്നഭിയുക്തർ ചൊല്‍വൂ;
ശ്രദ്ധേയമാണമ്മൊഴി; നമ്മൾ പക്ഷേ
തേങ്ങിക്കരഞ്ഞാലതു തെറ്റുമല്ല.


വെളിക്കു നിന്നീടുക ; നിന്നെ ഞങ്ങൾ
വേദാന്തമേ! പിന്നെ വിളിച്ചുകൊള്ളാം.
ബാഷ്പാംബു പായുന്നളവല്ല കാലം
പ്രപഞ്ചതത്വസ്ഥിതി ചര്‍ച്ചചെയ്യാൻ.


ആലംബമറ്റോർ, ഹതഭാഗ്യർ, ഞങ്ങ-
ളശ്രുക്കൾ വാര്‍ത്താലതിലാര്‍ക്കു നഷ്ടം?
ആ വാരി നെഞ്ഞത്തൊഴുകീട്ടു വേണ-
മാധിക്കൊടുംതീ ചെറുതൊന്നടങ്ങാൻ.


കവര്‍ന്ന കാലം കനിവേന്തുമെന്നോ,
കൈവിട്ടുപൊയ്പോയതു കിട്ടുമെന്നോ,
ആശിക്കകൊണ്ടല്ലഴലാര്‍ന്നിടുന്ന-
താരും കരൾത്തട്ടുതകര്‍ന്നിടുമ്പോൾ


ആ മാതൃഭാഷാപരിപോഷണോൽക,-
നാഗ്ഗദ്യസിംഹാസനചക്രവര്‍ത്തി,
ആസ്സൽഗുണൈകായതനാന്തരംഗ-
നാക്കര്‍മ്മയോഗിവ്രജമാര്‍ഗ്ഗദര്‍ശി;


ആ ലോകസംസേവനജാഗരൂക -
നാവിശ്വവിസ്മാപനസാധുചര്യൻ,
ആരാധ്യനല്ലാതെയിരുന്നതാര്‍ക്കാ-
ണാമാടഭൂപാനയസാഗരേന്ദു! (യുഗ്മകം)


ചടച്ചൊരമ്മേനിയിലിപ്രപഞ്ചം
സമസ്തമുൾക്കൊൾവൊരു ഹൃത്തിരുന്നു;
അന്യാര്‍ത്ഥമായുള്ളൊരു ജീവിതത്തി-
ന്നാനന്ദമെന്തെന്നതറിഞ്ഞിരുന്നു.


കാവ്യാധ്വഗന്മാര്‍ക്കൊരുപോലെയാർതൻ -
കാരുണ്യഗംഗാനദി കാമമേകി;
കടാക്ഷലക്ഷ്മീകമനീയമാം തൽ-
കളേബരം ഹന്ത! കഥാവശേഷം.


പാരിങ്കലേതുത്തമവസ്തുവിന്നും
പാര്യന്തികന്യൂനതയൊന്നിരിപ്പൂ;
അഭാവകാലത്തിലതാര്‍ക്കുമുള്ളി-
ലസഹ്യമാമാര്‍ത്തിയണയ്ക്കുമല്ലോ.


സര്‍വസ്വവും ഞങ്ങളെ വിട്ടുപോയി
സാഹിത്യസാമ്രാജ്യമനീശമായി;
ശൂന്യത്വമെങ്ങും തുറുകൺ മിഴിച്ചു;
ശോചിക്കയേ പോംവഴിയുള്ള താനും.


ആക്രന്ദനം കൊണ്ടുമൊരല്പമുണ്ടാ-
മാശ്വാസമെര്‍ന്നോപ്പതബദ്ധമല്ല;
അണയ്ക്കുനിർത്താൻ കഴിയാത്ത വെള്ള-
മങ്ങേപ്പുറം പായുകതന്നെവേണം.


"അന്നന്നു സന്ധ്യയ്ക്കു മറഞ്ഞിടുന്നൊര്‍-
രക്കൻ തിരിച്ചെത്തുമടുത്തനാളിൽ.''
എന്നുള്ള വിശ്വാസമബദ്ധമെങ്കി-
ലേവര്‍ക്കു ചേതസ്സിടിവേല്ക്കയില്ല !


തൻ പ്രാതിനിധ്യം നിശയിൽ ദിനേശൻ
താരാവൃതൻ ചന്ദ്രൻ നല്കിയാലും
സംതൃപ്തി തെല്ലില്ലതിലെന്നു ചൊല്‍വൂ
താന്തങ്ങളാകുന്ന ചരാചരങ്ങൾ


വീക്ഷിപ്പതില്ലങ്ങനെ നമ്മൾ വീണ്ടും
വിയുക്തമാം ബന്ധു സുഹൃൽഗണത്തെ;
പരേതർതൻ ഭാവി കഥിപ്പതിങ്കൽ
പ്രവാചകന്മാർ പല പക്ഷമുള്ളോർ.


കടന്നുപോകുന്നവരപ്പുറത്തേ-
ക്കാര്യങ്ങളൊട്ടൊട്ടറിയുന്നു; പക്ഷേ,
തിരിച്ചുവന്നക്കഥ നമ്മോടാരും
തീര്‍ത്തോതുവാനുത്സുകരാവതില്ല.


എന്നാലുമൊന്നുണ്ടനുമാനസിദ്ധ-
മേതോ മഹാശക്തി, സമഗ്രസിദ്ധി,
പേര്‍ത്തും പുലർത്തുന്നതുകൊണ്ടുതാനി-
ബ്രഹ്മാണ്ഡഭാണ്ഡം പുലരുന്നതെന്നായ്.


പേരെന്തുമാകട്ടെയതിന്നു; പേരിൻ-
ഭേദത്തിനാൽ വസ്തുവിനില്ല മാറ്റം;
അതിൻ മഹസ്സാണവലംബമാര്‍ക്കു-
മന്തർഭ്രമധ്വാന്തമകന്നു പോകാൻ.


പ്രയോജനത്തെക്കരുതാതെയാരും
പ്രവൃത്തിചെയ്യുന്നവരല്ലയെങ്കിൽ,
ഉദ്ദേശമറ്റോരു പണിക്കു ദൈവ-
മൊരുങ്ങുകില്ലെന്നതുമൂഹ്യമല്ലേ ?


കൊളുത്തിടുന്നുണ്ടു വിളക്കൊരേടം;
കെടുത്തിടുന്നുണ്ടതു മറ്റൊരേടം;
ആവശ്യമാവാമതു രണ്ടുമീശ-
ന്നങ്ങേപ്പുറത്തുള്ളൊരരങ്ങൊരുക്കാൻ.


ഒച്ചിൻകണക്കേകനിഴഞ്ഞുപോകു-
മോടും ശശത്തിൻപടി മറ്റൊരുത്തൻ;
ചെന്നെത്തുമമ്മാതിരി രണ്ടുപേരും
ജഗൽപിതാവിൻ ചരണാംബുജത്തിൽ.


ന്യാസത്തെയേല്ക്കാ, മുടമസ്ഥനെത്തി-
ച്ചോദിച്ചിടുമ്പോൾത്തിരിയെക്കൊടുക്കാൻ;
തീവണ്ടിയിൽച്ചെന്നൊരുമിച്ചുകൂടാം,
സ്റ്റേഷൺ വരുമ്പോൾപ്പിരിവാൻ ക്രമത്തിൽ.


വാസസ്സു മാറുന്നവരെന്നു ചൊല്ലാം;
വാസാന്തരം വായ്പവരെന്നുരയ്ക്കാം;
സ്വാപത്തിൽ നിന്നുത്ഥിതരെന്നുമോതാം:-
സൂക്ഷ്മം നിനച്ചാൽ മൃതർ ഭാഗ്യവാന്മാർ.


സോപാനമോരോന്നു കടത്തിയീശൻ
സ്വപാര്‍ശ്വമെത്തിപ്പളവധ്വഗര്‍ക്കായ്
ഇടയ്ക്കു നല്കുന്നൊരു വിശ്രമത്തി-
ന്നേകുന്നു മര്‍ത്ത്യൻ മൃതിയെന്ന നാമം.


ഗര്‍ഭസ്ഥമാകും ശിശു ജാതമായാൽ-
ക്കേഴുന്നതിൻ കാരണമാരറിഞ്ഞു!
രോദിച്ചിടാമായതു നഷ്ടലബ്ധ-
ലോകങ്ങൾതൻ ഭിന്നത കാൺകമൂലം.


"എനിക്കു ദൈവം വധശിക്ഷ നല്കി-
യിന്നിത്തുറുങ്കിന്നകമിട്ടു പൂട്ടി;
എന്നാണു തൂക്കെന്നതു ഞാനറഞ്ഞീ''
ലെന്നായിടാമശ്ശിശുവിൻ പ്രലാപം.


വൃഥാ നിനക്കിബ്ഭയമെൻ കിടാവേ!
വേഗത്തിലോ, ചെറ്റു ദിനങ്ങൾ ചെന്നോ,
വിലങ്ങുവെച്ചോനതു വെട്ടിവീഴ്ത്തി
വെളിക്കു നീ പോവതിനാജ്ഞ നല്കും.


നീയെന്നു ചൊല്ലുന്നതു നിന്റെ ജീവൻ;
നിൻ ജെയ്‍ലതുൾക്കൊൾവൊരു നിൻ ശരീരം;
തുറുങ്കൊരാൾക്കും മഹിയല്ലതോതാൻ
ധ്രുവാദ്യരാം സാക്ഷികൾ വാനിൽ നില്പൂ.


മങ്ങിക്കെടാത്തോരു മണിപ്രദീപം
മര്‍ത്ത്യന്റെ പാതയ്ക്കു കൊളുത്തിടുന്നോൻ
മഹാൻ, ചിരഞ്ജീവി, യവന്റെ മുന്നിൽ
മരിച്ചു വീഴുന്നതു മൃത്യു തന്നെ.


ദുരാശയാൽത്തൽകുണപം ഭുജിക്കും
ധൂമദ്ധ്വജം വീണു കെടും ക്ഷണത്തിൽ;
ശശ്വദൃശഃസ്തംഭമുയര്‍ന്നു മിന്നും
തജ്ജീവിതാഖ്യാധ്വരചാരുയൂപം.


അമ്മട്ടിലുള്ളോരമലാപദാന-
'നപ്പൻ', സമാസാദിതസര്‍വകാമൻ,
ബ്രഹ്മീഭവിക്കാ, മഥവാ മഹത്താം
പൃഥ്വീസപര്യയ്ക്കിനിയും ജനിക്കാം.


അതെന്തുമാകട്ടെ; നമുക്കു മേലു-
മാചാര്യ, നദ്ധ്യക്ഷ, നധീശ, നപ്പൻ;
അനന്തകല്യാണ പരമ്പരാപ്തി-
ക്കത്തമ്പുരാൻതൻ സ് മൃതിയൊന്നു പോരും.


ആസ്സൂരിതൻ വാങ്മയമിങ്ങിരിക്കെ,
യാപ്പുണ്യവാൻതൻ ചരിതം ലസിക്കെ,
സമ്പത്തിലെന്തോന്നു നമുക്കു പോയി?
സാരാംശമെന്തോന്നു ഹരിച്ചു കാലം?


താദൃഗ്വിധന്മാരെ നിനച്ചു നമ്മൾ
സന്താപമേന്തുന്നതു ധര്‍മ്മമല്ല;
ദുഃഖാര്‍ഹനിദ്ദുർല്ലഭമര്‍ത്ത്യജന്മം
തുലച്ചു ജീവിച്ചിടുമാത്മഘാതി,


വേദാന്തമേ ! നീയരികത്തു വന്നാൽ
വേറിട്ടുമോരോന്നിതുമട്ടിലോതും;
അതിന്നു കേൾപ്പാൻ ചെവിയില്ല ഞങ്ങൾ-
ക്കര്‍ത്ഥം ഗ്രഹിപ്പാൻ മതി തീരെയില്ല.


ക്ഷമിക്കു; ചെറ്റൊന്നിവ രണ്ടുമീശൻ
ശരിപ്പെടുത്തട്ടെ; യതേവരയ്ക്കും
തടഞ്ഞിടൊല്ലേ ! തൊഴുകൈ നിനക്കു-
തൽകാലമല്പം കരയട്ടെ ഞങ്ങൾ.