ഒന്നിനൊന്നാളിപ്പടർന്നൂക്കിൽപ്പാഞ്ഞെരിഞ്ഞൂഴി-
തിന്നു തിന്നൊടുക്കുന്നൂ നിഷ്ഠുരൻ യുദ്ധാനലൻ.
ധൂമത്താലാക്രാന്തമാം വ്യോമമണ്ഡലം തുലോം
ശ്യാമമായ്, കോപം വാച്ച ദേവർതൻ മുഖം പോലെ.
ഹവ്യത്തെ പ്രതീക്ഷിക്കുമായവര്‍ക്കീയഗ്നിപോയ്
നവ്യമാം നൃമാംസത്തിൻ ദുര്‍ഗ്ഗന്ധം സമര്‍പ്പിപ്പൂ.
ജ്യോവിലെത്താരങ്ങൾക്കു വന്നുപോയ് പദഭ്രംശം;
ഭൂവിലീയുല്ക്കാപാതമല്ലെങ്കിൽ സംഭാവ്യമോ?
സ്പഷ്ടമിക്കൊടുംതീയിൽ നിന്നെഴും സ്‌ഫുലിങ്ഗങ്ങ-
ളൊട്ടു മിന്നിയും കെട്ടും നില്ക്കുന്നു തൽസ്ഥാനത്തിൽ.
ആരു പണ്ടാര്‍ജ്ജിച്ചതാം പുണ്യത്തിൻ ബലത്താലോ
ഭാരതം ഭസ്മീഭൂതമായിട്ടില്ലിന്നോളവും.
എങ്കിലും തൽബന്ധുവാം ദാരിദ്ര്യക്ഷ്വേളാനിലൻ
മുൻകൂട്ടിവന്നിൻഡ്യയെക്കീഴ്മേലായ് മറിക്കുന്നു.
ഹാ ! സരിത്തെത്താത്തതാം പാഴ്‌മണൽക്കാടീനാടു,
ദേശാന്തരാനേയമാം ദ്രവ്യത്തിന്നഭാവത്തിൽ.
പ്രധനം, നിധനം:- ഈ രണ്ടുമട്ടല്ലാതെ നാ-
മിതരം കാണ്മീലല്ലോ ധരയിൽ ധനമൊന്നും.
കാഞ്ഞെങ്ങും വരണ്ടു പോയ് നമ്മൾതൻ രാജ്യം; ചെറ്റു
പാഞ്ഞടർത്തീവന്നൊന്നു നക്കിയാൽ- ശാന്തം പാപം!
ഈ മുഹൂർത്തത്തിങ്കലും കാണുന്നീലല്ലോ നമ്മൾ
ഭീമമാമസ്മദ്വിപത്തെന്തെന്നുമെത്രയ്ക്കെന്നും.
മാത്രയും വൈകീടാതെ തന്നിവാപണത്തിന്നു്
പാത്രത്തിൽ നീരും നിറച്ചല്ലയോ നില്ക്കേണ്ടു നാം?
ഏഴെണ്ണായിരം ലക്ഷം കൈകൾതൻ നീർദ്ധാരയാ-
ലേതുമട്ടെഴും തീയും ശാന്തമായ്ത്തീര്‍ന്നേ പറ്റൂ.
ഇപ്പൊഴോ തമ്മിൽത്തല്ലിച്ചത്തൊടുങ്ങുവാൻ കാല-
മിപ്പൊഴോ പെറ്റമ്മയെ ദ്രോഹിപ്പാനവസരം?
തറവാടാകെത്തട്ടിനിരത്തിയതിൽപ്പെടും
മരവും കല്ലും വെട്ടിപ്പങ്കുവെയ്ക്കേണ്ടും ഘട്ടം?
ശത്രുക്കൾ മുറ്റത്തിങ്കൽ ബോമ്പിടും നേരത്തിങ്ക-
ലിത്തരം ചിത്തഭ്രമം നമ്മളെബ്ബാധിച്ചാലോ?
ഞങ്ങൾ തന്നനൈകമത്യോന്മാദം ശമിപ്പിപ്പാ-
നങ്ങയ്ക്കുമാവില്ലെന്നോ ഹാ ! ഹരേ | ധന്വന്തരേ?
ധാരയ്ക്കു തക്രം തെല്ലുമില്ലെന്നു വന്നോ? ഭവൽ-
ക്ഷീരസാഗരം കൂടിയിത്തീയിൽ വറ്റിപ്പോയോ?