Loading...
Home / സാഹിത്യം / പുതിയവ / ഉള്ളൂര്‍ കവിത / കല്പശാഖി / പുരോഗതി ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍
Author: ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

പുരോഗതി

ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

ഉറക്കം മതി; ചങ്ങാതി!-
യുത്ഥാനം ചെയ്തിടാമിനി;
എഴുനേറ്റിട്ടു വേണ്ടേ നാ-
മെങ്ങോട്ടും സഞ്ചരിക്കുവാൻ?


നില്ക്കുമീനില്പിൽ നില്ക്കാതെ- 
നീങ്ങി മുന്നോട്ടു പോയിടാം;
പിടിച്ചു തള്ളുമല്ലെങ്കിൽ
പിന്നിൽനിന്നു വരുന്നവർ. 


പറന്നിടേണ്ട പക്ഷേ നാം-
പകലോനെപ്പിടിക്കുവാൻ;
എടുത്തുചാട്ടക്കാരന്റെ -
യെല്ലൊടിച്ചേ വിടൂ വിധി.


വിപ്ലവംകൊണ്ടു നേടുന്ന -
വിജയം ക്ഷണഭങ്ഗുരം;
അമൃതായ് ക്കാഴ്ചയിൽത്തോന്നു-
മതു നഞ്ഞാണശിക്കുകിൽ.


'ചത്തുംകൊന്നു' മടക്കേണ്ട; - 
സാമം സര്‍വസ്വവും തരും.
ഏവൻ കുടിക്കും ദാഹിച്ചാ-
ലെരിതീമലതൻ ദ്രവം?


പയ്യെപ്പോവോര്‍ക്കണഞ്ഞീടാം- 
പ്രാപ്യസ്ഥാനമതിദ്രുതം,
സങ്കല്പദാര്‍ഢ്യമുണ്ടെങ്കിൽ-
സതതോദ്യോഗശീലവും.


തലയെത്രയ്ക്കുയർന്നാലും- 
തറയിൽക്കാലുറയ്ക്കണം;
വൃക്ഷമെത്ര വളര്‍ന്നാലും
വേരറ്റാൽ വീണുതന്നെപോം.


പരക്കംപാച്ചിൽകൊണ്ടുള്ള-
ഫലം കാലിന്നു നൊമ്പലം;
ഏകാഗ്രമാകണം ചിത്ത-
മെങ്കിലേ നന്മ വന്നിടൂ.


അങ്ങിങ്ങെത്രയുഴന്നാലു-
മാര്‍ക്കും കിട്ടാത്തതാം നിധി
താഴ്ത്തിക്കിളയ്ക്കുകിൽക്കാണാം-
തൻ പറമ്പിൽക്കിടപ്പതായ്


ഒക്കയും തൊട്ടു നോക്കീടു-
മുറയ്ക്കില്ലൊന്നിലും പിടി;
വ്യര്‍ത്ഥമിമ്മട്ടിൽ നാൾ പോക്കും-
വിഢ്യാനിടവഴിപ്പിണം


മറക്കണം നാം മുക്കാലും-
മറ്റേക്കാലോർമ്മവയ്ക്കുവാൻ;
അതിഭാരത്തിനാൽ വണ്ടി-
ക്കച്ചുതണ്ടു മുറിഞ്ഞുപോം.


എണ്ണമറ്റുള്ള താരങ്ങ-
ളിരുണ്ടൊരിരവേന്തവേ,
വിവസ്വാനേകനാൽ ധന്യം-
വെളിച്ചം വാച്ചിടും പകൽ.


വിത്തുമാത്രം നിലത്തിങ്കൽ-
വിതച്ചാലെന്തു കാര്യമായ്?
വിളവിന്നാശയുണ്ടെങ്കിൽ-
വേണം കളപറിക്കലും.


വലിച്ചുവാരിത്തിന്നീടിൽ -
വളര്‍ത്താം വ്യാധിയേവനും;
അല്പാഹാരം ഭുജിച്ചീടി- 
ലങ്ഗം പുഷ്ടിപ്പെടുത്തിടാം.


പതുക്കെസൈക്കിളോടിക്കാൻ-
പടുക്കൾക്കും പ്രയാസമാം;
ബാണംകണക്കു പായിക്കാൻ-
ബാലന്മാരും വിചക്ഷണർ.


അന്തഃകരണമാം ക്ഷേത്ര-
മത്യന്തം ശൂന്യമാകുകിൽ
അന്യക്ഷേത്രപ്രയാണംകൊ- 
ണ്ടാര്‍ക്കെങ്ങെന്തെത്ര നേടിടാം?


എത്രയ്ക്കും കൈവിടാം തൃഷ്ണ-
യത്രയ്ക്കു ചരിതാര്‍ത്ഥര്‍ നാം;
കടം ദുരാശ മര്‍ത്ത്യര്‍ക്ക -
ക്കടമില്ലായ്മ താൻ ധനം.


വേദത്തിൻ പൊരുളെന്തെന്നു-
വെറുതേ തിരയേണ്ട നാം;
അതു രണ്ടക്ഷരത്തിങ്ക-
ലടങ്ങുന്ന ശമം -ശമം.


ലഗാൻ പിടിക്കയും വേണം;-
ചാട്ടയും കയ്യിലേന്തണം;
അല്ലാതെയുള്ള സാദിക്കേ-
തശ്വാരോഹണചാതുരി ?


ഓടിക്കിതച്ചിടാതേയു-
മൊച്ചിൻ മട്ടിഴയാതെയും
ചെല്ലൂ മുന്നോട്ടു ചങ്ങാതി! -
ജയലക്ഷ്മിയെ വേൾക്കുവാൻ.