ഭൂലോകമൊട്ടുക്കു പടര്‍ന്നിടുന്ന
പുത്തൻ മഹായുദ്ധവിപത്തു മേന്മേൽ
ഓത്തോർത്തു ദുഃഖിച്ചൊരു രാവിൽ ഞാനൊ-
ട്ടുറങ്ങിയെന്നാലുമുറങ്ങിയില്ല.
താരങ്ങളോടപ്പൊഴുതീവിധം ഞാൻ
സംഭാഷണംചെയ്തതുപോലെ തോന്നി;
സത്തുക്കൾ വായിപ്പതിനിന്നതിന്റെ
സാരത്തയൊന്നല്പപന്യസിക്കാം.
"ഉഡുക്കളേ! നിങ്ങൾ വിയത്തിലിന്നു-
മുദിച്ചു മിന്നീടുവതാര്‍ക്കുവേണ്ടി?
കണ്ടൊന്നു കൊണ്ടാടിടുവാൻ നരന്നു
കണ്ണില്ല; നിങ്ങൾക്കതറിഞ്ഞുകൂടേ?
പുത്തൻവെടിക്കോപ്പുകൾ പാകിടുന്ന
പുകക്കൊടുങ്കാറിനിടയ്ക്കു കൂടി
താഴത്തുനിന്നൊന്നു നഭസ്സിൽ നോക്കാൻ
താർക്ഷ്യന്നുപോലും തരമില്ലയല്ലോ.
വാനിൽക്കരേറും മൃതസൈനികര്‍ക്കു
വഴിക്കു ദീപങ്ങൾകണക്കു നിങ്ങൾ
നീലാംബരത്തിന്റെ തമസ്സകറ്റാൻ
നില്ക്കുന്നതാവാം പുരുഹൂതനോതി.
അല്ലാതെയിപ്പോളവനിക്കു വായ്ക്കു-
മത്യാഹിതം കണ്ടു ചിരിപ്പതിന്നായ്
ഗോളങ്ങളേ! വന്നവരാകയില്ല
കൂടപ്പിറപ്പിൽക്കൃപയുള്ള നിങ്ങൾ.
ഹാ ! നിങ്ങൾതൻ മെയ്യൊളി പണ്ടു മര്‍ത്ത്യ-
രക്ഷിദ്വയംകൊണ്ടു നുകർന്നിരുന്നു;
അക്കാന്തിപൂരപ്രസരത്തിലാര്‍ക്കു-
മന്തഃസ്ഥമാം ധ്വാന്തമകന്നിരുന്നു.
വാനക്കരിങ്കല്ലിലജൻ നരർക്കായ്
വരച്ച യുഷ്‍മല്ലിപിശാസനങ്ങൾ
മുഴുക്കെ വായിച്ചറിയാൻ കഴിഞ്ഞ
മൂഢങ്കലും ഭക്തി ജനിച്ചിരുന്നു.
മുനീന്ദ്രസേവ്യൻ ജഗദീശ്വരന്റെ
മുറ്റച്ചരൽക്കല്ലുകളവമായാൽ
തദീയഭാസ്സെങ്ങനെയെന്നു ലോകം
തൈരാശികംകൊണ്ടു ഗണിച്ചിരുന്നു.
ആഗ്നേയബാണപ്പുകകൊണ്ടു മൂടാ-
ക്കമ്മയ്ക്കിടാൻ മാനുഷനെന്നു നെയ്തു;
അന്നംബരത്തിന്നുമിളയ്ക്കുമുള്ളൊ-
രന്യോന്യസന്ദര്‍ശനമസ്തമിച്ചു.
സ്വാര്‍ത്ഥപ്രസക്ത്യാശരിതന്റെ രൂപം
സ്വദേശസേവാലളിതയ്ക്കും വായ്ക്കേ,
ആരാമമായന്നു വരയ്ക്കിരുന്നൊ-
രനന്ത പെട്ടെന്നസിപത്രമായി.
സാടോപമന്തഃകരണാഖ്യ പൂണ്ട
സഗർഭ്യനാദ്യം മൃതി നല്കിടുന്നോൻ
പിന്നീടു മറ്റുള്ളവർതൻ നിണത്താൽ-
പ്പിപാസ തീര്‍ക്കുന്നതിലെന്തു ചിത്രം?
ഭൂജിച്ചൊടുങ്ങുന്നതുപോലെ കാണ്മൂ
ഭൂദേവി തൻ പുഷ്കലപൂര്‍വപുണ്യം;
ദൈവത്തിനായ് ത്തീര്‍ത്ത നികേതനത്തിൽ-
ചെയ്ത്താനിരുന്നോരിയിടുന്നുവല്ലോ.
തൻ നാലുപാദങ്ങളിലൊന്നു മാത്രം
ധര്‍മ്മത്തിനുണ്ടിക്കലിതൻ യുഗത്തിൽ;
അതും മുറിപ്പാനസിയോങ്ങിനില്പാ-
ണന്യായമങ്ങിങ്ങധിപാധമന്മാർ.
പാവങ്ങളെക്കൊ,ന്നവർതൻ പിണത്താൽ
പ്രാസാദമൂക്കിൽപ്പണിയിച്ചതിങ്കൽ
കടന്നിരിക്കും ഖലർതൻ കഴുത്തിൽ-
ക്കാലന്നുപോലും കയറില്ല വീശാൻ.
തൻകാര്യമൊന്നേ കുറിയാകുവോര്‍ക്കു
താരങ്ങളേ! നിങ്ങളെയെത്ര നോക്കാം?
അതല്ല, നോക്കീടിലുമെന്തു നേടാ,-
മനാത്മവാന്മാരവരുദ്ധനേത്രർ.
സര്‍വസ്വവും തൂത്തു തുടച്ചെടുത്തു
തന്‍കയ്യിലാക്കുന്നതിനുള്ളിൽ മോഹം
തുള്ളിത്തുളുമ്പും ജനതയ്ക്കും നിങ്ങൾ
ദൂരത്തിരിക്കുന്നതു ദുഃഖഹേതു.
അസംഖ്യമുണ്ടീയവനിക്കകത്തു-
മാനന്ദ സന്ദായകമാം പദാര്‍ത്ഥം
മണ്ണിന്നു മല്ലിട്ടു മരിച്ചിടുന്ന
മർത്ത്യന്നതൊന്നും മഹനീയമല്ല.
സംവര്‍ത്തമേഘസ്തനിതം മുഴക്കി-
ശ്ശസ്ത്രങ്ങൾ മേന്മേൽ ശ്രവണം പൊടിക്കേ,
മാനത്തുലാവും കിളിതന്റെ പാട്ടിൽ
മനം കുളിര്‍ക്കുന്ന മനുഷ്യനേവൻ?
ആട്ടുന്നു ശീര്‍ഷം ചെറുതെന്നലേല്ക്കു -
മാരാമവീരുത്തുകളര്‍ത്ഥവത്തായ്;
താളംപിടിക്കുന്നു രസിച്ചു കേട്ടു
തരുക്കളും മർമ്മരകൈതവത്താൽ;
മലർന്ന പുഷ്പങ്ങൾ മനോജ്ഞമാകും
മണംപരത്തീടുകിൽ മര്‍ത്ത്യനെന്തായ്
അഗ്ന്യസ്ത്രദുര്‍ഗ്ഗന്ധമൊഴിഞ്ഞു മറ്റൊ-
ന്നവന്നു നാസാതിഥിയാവതില്ല.
പാറിപ്പറന്നങ്ങരികത്തണഞ്ഞു
പതങ്ഗയൂഥം, പരിപൂര്‍ണ്ണഭാഗ്യം,
താരിൻമുഖം ചാരുതരം മുകർന്നു
ദാമ്പത്യസമ്പൽസുഖമാര്‍ന്നിടുന്നു
സ്തംബത്തിനേകീ, ശലഭത്തിനേകീ,
ചതുർമ്മുഖൻ, സര്‍ഗ്ഗകലാപ്രവീണൻ,
അത്യല്പമെന്നാലുമവശ്യകാമ്യ-
മരിഷ്ടമെന്തെന്നറിയാത്ത ജന്മം.
വധത്തിനെത്തും രണരാക്ഷസന്നു
വാളായ്ക്കുറേപ്പേ, രിരയായ്‍ക്കുറേപ്പേർ,-
ഹാ! തീർത്തു ദേവൻ നരയേയുമേവം,
ഹനിക്കുവാനും, ഹതരാകുവാനും.
പുമാന്റെ ജന്മത്തെ വെടിഞ്ഞു മര്‍ത്ത്യൻ
പുല്ലായ്പ്പിറന്നാൽ മതിയായിരുന്നു,
ഭ്രാതാക്കൾ തന്മയ്ച്ചുടുചോരകൊണ്ടു
പാണിദ്വയം പങ്കിലമാക്കിടാതെ.
പൈതങ്ങളെപ്പെറ്റു വളര്‍ത്തി മേന്മേൽ
പ്രാണൻ ഹരിക്കുന്നു പടക്കളത്തിൽ;
വൻകപ്പലേറെപ്പണിചെയ്തതെല്ലാം
വാരാശിയിൽത്തള്ളി മറിച്ചിടുന്നു;
പൊട്ടിച്ചു കമ്പം പലമട്ടിൽ നീളെ-
പ്പോരിന്നു പൂരം പൊടിപാറിടുന്നു;
ക്രീഡയ്ക്കു മണ്ണുണ്ട പിടിച്ചുടയ്ക്കും
കിടാങ്ങളും മന്നരുമിന്നഭിന്നർ! (യുഗ്മകം)
മനുഷ്യർതൻ മാരണസക്തികണ്ടു
മന്നപ്പൊഴപ്പോൾ വിറകൊണ്ടിടുന്നു;
തനൂജവാത്സല്യഭരത്തിൽ വീണ്ടും
തന്നുൽകടക്രോധമടക്കിടുന്നു.
കല്ലോലമോരോന്നുഴറുന്നു ഭൂവാം
ഖലാലയത്തെക്കബളീകരിക്കാൻ;
വരട്ടെയെന്നാഴി തടുക്കമൂലം
വാങ്ങുന്നു പിന്നോട്ടു മിനിട്ടുതോറും.
ഇളാഗൃഹത്തിന്നൊഴിയാത്ത പോരാ-
മി നാരകത്തീബ്ഭയമെന്നു തീരും;
രാഷ്ട്രത്തെ രാഷ്ട്രം കഴലാൽച്ചവിട്ടും
രക്ഷക്രിയയ്ക്കുന്നു വിരാമമുണ്ടാം ;
പരസ്വലുബ്ധൻ നരനെന്നു തന്റെ
പാപിഷ്ഠമാം വൃത്തി പരിത്യജിക്കും;
കൂട്ടക്കൊലയ്ക്കും കഴുവേറ്റമുണ്ടു
കുറേക്കഴിഞ്ഞെന്നവനെന്നു തോന്നും ;
അന്നേ വസിക്കാനുതകൂ ധരിത്രി;-
യന്നേ വരൂ മര്‍ത്ത്യനു ശാപമോക്ഷം;
അതേവരയ്ക്കുള്ളൊരു നേട്ടമെല്ലാ-
മാകാശഹമ്മ്യോപമമര്‍ത്ഥശൂന്യം.
ഉഡുക്കളേ! ഹൃത്തടമൊന്നു നിങ്ങൾ-
ക്കുണ്ടെങ്കിലല്പം മിഴിനീർ പൊഴിപ്പിൻ;
തികച്ചുമിന്നൂഴിയിലെക്കൊടുമ്പോർ-
ത്തീ കെട്ടിടാൻ മറ്റൊരു മാര്‍ഗ്ഗമില്ല.
അല്ലെങ്കിലംഭോധിസരസ്സിലേവ-
മാവിര്‍ഭവിച്ചോരു ധരാരവിന്ദം
ഇത്രയും കീടങ്ങൾ നിറഞ്ഞു മേലി-
ലിരിപ്പതെന്തി,ന്നതിലാണ്ടു പോട്ടെ.''
ഈ രോദനം കേട്ടു ചിരിച്ചു നിങ്ങ-
ളൃക്ഷങ്ങളേ! സസ്മിതമെന്തുചൊൽവൂ?
അഹോ! ധരിക്കെച്ചരിതാര്‍ത്ഥനായ് ഞാ-
നാശ്വാസമേകുന്ന ഭവന്നിദേശം.
"ആദ്യം മുതൽക്കുള്ളവനീചരിത്ര-
മാലോകനംചെയ്തവരാണു ഞങ്ങൾ;
എന്തിന്നു മാഴ്ത്തുന്നതു വത്സ? പാഴി-
ലെല്ലാം ശരിപ്പെട്ടു വരും ക്രമത്തിൽ.
സാമ്രാജ്യനീര്‍പ്പോളകളെത്രയെത്ര
തകർന്നു കാലപ്പുഴയിങ്കൽ മുങ്ങി!
മദിച്ച മര്‍ത്ത്യാശരരെത്രയെത്ര
മണ്ണോടു മണ്ണായ് മറയത്തു മാഞ്ഞു!!
പിശാചസംഘം ചുടലക്കളത്തിൽ
ബീഭത്സനൃത്തം തുടരുന്ന രാവും
നയിച്ചു പോകുന്നതു നമ്മെയെല്ലാം
നൽപ്പൊന്നുഷസ്സിൻ സവിധത്തിലല്ലീ?
അത്യന്തമാപത്തിലുമുണ്ടു നിങ്ങൾ-
ക്കാശാങ്കരത്തിന്നവകാശമെന്നായ്
ഏതുഗ്രമായുള്ള കുറുത്തവാവി-
നിരുട്ടിലും ഞങ്ങളുദിച്ചുരയ്പൂ.
പൊന്നല്ല മിന്നുന്ന പദാർത്ഥമെല്ലാം;
പോരെന്നുമീമട്ടിനു പോയിടേണ്ട;
ആരെന്തിടയ്ക്കെങ്ങനെ നേടിയാലു-
മറ്റത്തിലൊന്നേ വിജയിക്കു-ധര്‍മ്മം.
ധര്‍മ്മം പിടിക്കുന്ന ജയക്കൊടിക്കേ
താഴാതെ വാനത്തു പറന്നിടാവൂ;
അപ്പാഠമാരും ശരിയായ് പറിക്കാ-
നായിടുമിദൈവപരീക്ഷ പക്ഷേ.
അഹിംസയെന്നാലതൊരാൾക്കു മാത്ര-
മാചര്യമായുള്ളൊരു ധര്‍മ്മമല്ല;
കഴുത്തറുക്കാൻ ഖലനെത്തിടുമ്പോൾ-
ക്കൈകെട്ടിനിന്നാൽക്കഥ തീര്‍ന്നുപോകും.
സ്വാതന്ത്ര്യമാം വായു ചിലര്‍ക്കു മാത്രം
ശ്വസിക്കുവാനുള്ളൊരു വസ്തുവല്ല;
മഹീതലം തീര്‍ത്തതു വിശ്വശില്പി
മല്ലന്റെ വാസത്തിനു മാത്രമല്ല;
ഇത്യാദി തത്വം നിലനിര്‍ത്തിവേണ-
മിനിപ്പുലര്‍ത്തേണ്ടതു രാജ്യതന്ത്രം;
അല്ലെങ്കിൽ വീണ്ടും ചില ഗോഷ്ടികാട്ടി-
യാപത്തില്‍ വീഴാ,മഴലാര്‍ന്നു കേഴാം (യുഗ്മകം)
മനുഷ്യനിന്നും ശിശുവാണവന്റെ
മനസ്സിനാൽ മര്‍ക്കടനിര്‍വിശേഷൻ;
ലക്ഷോപലക്ഷം ശതകം കഴിഞ്ഞേ
ലക്ഷ്യത്തെ നോക്കാനവനക്ഷി നേടൂ.
മാറാതെ നിന്നീടുമതേവരയ്ക്കും
മല്ലെന്ന വൈവസ്വതദീര്‍ഘസത്രം;
വിവേകമില്ലാത്ത നരന്നു വായ്ക്കും
വിഭൂതിയും ചാമ്പലുമൊന്നുതന്നെ.
അന്നന്നു ജീവിപ്പവരാമുഹൂർത്ത-
മടുക്കുവാൻ വേണ്ടതു ചെയ്തിടാഞ്ഞാൽ
സംവര്‍ത്തകാലം വരെയും മുറയ്ക്ക-
സ്സത്രം നടക്കും; സകലം നശിക്കും.
ഉറങ്ങു പോയ് വത്സ! മനുഷ്യജാതി-
ക്കുദ്വേലമാം ശര്‍മ്മമുയർന്നിടട്ടെ;
ഇളയ്ക്കുമക്ഷയ്യശമോദയത്താ-
ലീയാമനസ്യം സുഖമായ് വരട്ടെ."
പ്രചണ്ഡമാമിപ്രളയത്തിൽനിന്നും
ഭ്രാതാക്കളെ! നാം കരയേറിടുമ്പോൾ
പീരങ്കി ശേഷിപ്പതുകൊണ്ടു പോരാം
പിശാചിനെക്കൊന്നു കുഴിച്ചുമൂടാം.
ഉറങ്ങിയാൽ നല്ല കിനാക്കളായു-
മുണര്‍ന്നിരുന്നാൽക്കവനങ്ങളായും
നമ്മെസ്സുഖിപ്പിച്ചു നഭസ്സിൽ മിന്നും-
നക്ഷത്രവൃന്ദത്തെ നമസ്കരിക്കാം.