Loading...
Home / സാഹിത്യം / പുതിയവ / ഉള്ളൂര്‍ കവിത / കല്പശാഖി / കാട്ടിലേപ്പാട്ടു് ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍
Author: ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

കാട്ടിലേപ്പാട്ടു്

ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

I


പാരിടം തമിസ്രതൻ വക്ത്രത്തിൽപ്പതിക്കുന്നു;
കൂരിരുട്ടെങ്ങും വന്നു കൂടുന്നു കൂമ്പാരമായ്.
വാനിലേക്കൊടുംകാറാധ്വാന്തമാം പിശാചിന്റെ
മേനിയിൽപ്പുശീടുന്നു മേല്ക്കുമേൽക്കാളാഞ്ജനം.
ഭൂതലം മരിച്ചുവോ- നിശ്ചേഷ്ടം? വിയത്തിലാ
പ്രേതത്തിന്‍ ചിതാധൂമം വാച്ചുവോ ഘനാകാരം?
എങ്ങൊളിച്ചുവോ ചോരഭീതിയാൽ നഭോവീഥി
തിങ്കൾനായകം വച്ച താരഹാരാലങ്കാരം?
അല്ലെന്നോ ചൊല്ലേണ്ടു ഞാനന്നത്തെത്തമസ്കാണ്ഡ-
മല്ലെങ്കിലേതോ പുത്തൻ കാകോളസ്രോതസ്സെന്നോ?
ഉഗ്രമാം മഹാരണ്യമൊന്നതാ! സങ്കല്പമാം
ദൃക്കിനാൽക്കാണാമെങ്കിൽ കാണുവിൻ, ഭ്രാതാക്കളേ!
താപിഞ്ചദ്രുമങ്ങളാൽ നീരന്ധ്രം, മത്തദ്വിപ
വ്യാപാരഭീമം, വിപൽകേന്ദ്ര,മാമതിൽക്കൂടി
താങ്ങുവാൻ പോണ്ടന്മാർക്കു ദൈവംതാൻ കരംനീട്ടി
നീങ്ങുന്നു മുന്നോട്ടേക്കു പല്ലക്കൊന്നതിദ്രുതം
"ആരെടാ? നില്ക്കട്ടെയപ്പല്ല" ക്കെന്നന്നേരത്തൊ-
രാരവം കേൾക്കാകുന്നു സിംഹഗർജ്ജനം പോലേ
"നില്ക്കട്ടെ, നില്ക്കട്ടെ'' യെന്നത്യുച്ചമേറെശ്ശബ്ദ -
മഗ്ഗീരിൻ പ്രതിധ്വനിക്കൊപ്പമായ് മുഴങ്ങുന്നു.
ഭീദമാം വെടിക്കെട്ടു പൊട്ടുന്നു ദൂരത്തിങ്ക,-
ലേതു ദുര്‍മ്മൂര്‍ത്തിക്കപ്പോളുത്സവം നടക്കുന്നോ ?
കാളുന്നു മുന്നിൽപ്പന്തം രണ്ടെണ്ണം, പോരാടുന്ന
കാളിതൻ തുറിച്ചതാം വട്ടക്കൺ തോല്ക്കുംമട്ടിൽ.
പേടിച്ചു നിത്തീ വാഹർ പര്യങ്കം; ചുറ്റും വന്നു
കൂടിയൊട്ടനേകംപേർ, കൊള്ളക്കാർ, ഹിംസാരതർ.
വല്ലായ്മയൊന്നമ്മട്ടു വന്നുപോയ് തനിക്കെന്നു
പല്ലക്കിന്നകത്തുള്ള ഭാഗ്യവാൻ ധരിച്ചീല;
നാദബ്രഹ്മ്വാനുധ്യാനലീനനാണപ്പോഴുമ-
പ്പീതസച്ചിദാനന്ദപീയൂഷൻ, മഹാശയൻ.
തഞ്ചത്തിലൊട്ടേറെ നാൾക്കപ്പുറം തഞ്ചാവൂരാം
തൻജന്മസ്ഥലത്തേക്കു പോകയാണഗ്ഗായകൻ.


II


വാണിതൻ വക്ഷോരുഹം രണ്ടിലും വഴിഞ്ഞൂറും
തൂനറുംപാലാരൊരേ വേളയിൽപ്പാനം ചെയ്തു;
വഞ്ചിഭൂവരാരോഹയാരെത്തൻ മാറിൽച്ചേര്‍ത്തു
സഞ്ചിതപ്രേമം പുല്കിദ്ധന്യയായ് പ്രശോഭിച്ചു;
ശ്രീപത്മനാഭസ്വാമിദാസനായ്, വദാന്യതാ-
വൈഭവത്തിനാലാരു വൈലക്ഷ്യം ഭോജന്നേകി;
ആക്കലാല‌തോപഘ്നപാരിജാതാനോകഹം,
ഭാർഗ്ഗവക്ഷേത്രോത്ഭവം, പര്യായത്യാഗബ്രഹ്മം,
സ്വാതിജൻ, കൂടസ്ഥനാമിന്ദുവിൻ കളങ്കത്തെ
ഖ്യാതിയാൽ സമ്മാർജ്ജിച്ച തമ്പുരാൻ, ഗര്‍ഭശ്രീമാൻ-
ആരെത്തൻവലങ്കയ്യായ് മാനിച്ചോ സദസ്സിൽവ-
ച്ചാരിൽത്തൻ സമഗ്രമാം വാത്സല്യം നിക്ഷേപിച്ചോ,
ആദ്യമായ് കണ്ണാടകം സംഗീതം പുത്തൻ ഫിഡിൽ-
വാദ്യത്തിൽ വായിക്കുവാൻ ദാക്ഷ്യമാരാർജ്ജിച്ചുവോ,
വാട്ടം വിട്ടാരെ പ്രാജ്ഞർ വാഴ്ത്തിയോ കരംകൂപ്പി 
നാട്ട്യവിദ്യാധിഷ്ഠാനദേവതാസ്വരൂപനായ്:-
വടിവേലും തൻ പാട്ടാൽ വിശ്വത്തെയാവർജ്ജിച്ച
വടിവേലുവെന്നുള്ള നട്ടുവൻ താനപ്പുമാൻ
തസ്കരക്കൂട്ടത്തിലസ്സാധു ചെന്നകപ്പെട്ടു;
ചിക്കെന്നു ധൂകങ്ങളാൽ കോകിലം ചൂഴപ്പെട്ടു.


III


"നീക്കെടാ തിരശ്ശീല; വയ്ക്കെടാ കാശി"ങ്ങെന്നു
തൊക്കൊന്നു ചൂണ്ടിക്കാട്ടിച്ചോരർതൻ നേതാവാര്‍ത്താൻ.
പല്ലക്കിൽ നാലോ മറ്റോ പെട്ടിയുണ്ടതോരോന്നായ്-
ച്ചൊല്ലും മുൻപെടുത്തേകീ ദുഷ്ടന്നു യാത്രക്കാരൻ.
ഓരോന്നും തുറന്നവൻ നോക്കവേ കണ്ടാനുള്ളി-
ലാരെയും ഭ്രമിപ്പിക്കുമഗ്ര്യമാമര്‍ത്ഥോൽകരം.
വൈരവും, മാണിക്യവും, പച്ചയും, നീലക്കല്ലും
മാരിവിൽക്കതിർക്കറ്റ വീശിക്കൊണ്ടൊന്നിൽക്കാണാം;
അങ്ഗദം, കടിസൂത്രം, കേയൂരം, തുലാകോടി,
കങ്കണം തൊട്ടുള്ളാരു പണ്ടങ്ങൾ വേറിട്ടൊന്നിൽ;
ചാരുമെയ് സര്‍പ്പംപോലെ ചുറ്റിയും മടക്കിയും,
നൂറിഴപ്പണിക്കൂട്ടിൽ മറ്റൊന്നിൽ മുക്താഹാരം;
രൂപ്യവും സുവര്‍ണ്ണവും നാലാമതൊന്നിൽ;-പ്പെട്ടെ-
ന്നാപ്പെട്ടിയെല്ലാം കൈക്കലാക്കിനാൻ പാടച്ചരൻ.
ബാക്കിയങ്ങൊന്നേയുള്ളൂ മഞ്ജുഷ, യന്യാധീന-
മാക്കുവാനതും കൂടിയധ്വഗൻ മടിച്ചോതി.
“ഉച്ഛിഷ്ടമായിട്ടെനിക്കിപ്പെട്ടിമാത്രം നല്കി-
പശ്യതോഹരാധ്യക്ഷ ! പലിപ്പാൻ പ്രാര്‍ത്ഥിപ്പു ഞാൻ."
കൈകൊട്ടിച്ചിരിച്ചതിന്നാക്ഖലൻ ചൊന്നാൻ: “നല്ല
പാകം! നീയാരെന്നെന്നെയോർത്തുപോയ് ശുദ്ധാത്മാവേ?
നിൻകയ്യിൽ വായ്ക്കും സ്വത്തു നിശ്ശേഷം നിൻപ്രാണന്നു
ചുങ്കമിസ്ഥലത്തെന്നു കാണുവാൻ കണ്ണെങ്ങുപോയ്?
കൊണ്ടുവാ, തർക്കിക്കാതെ, കൊണ്ടുവാ, ഞാനല്ലെങ്കിൽ-
ത്തുണ്ടുതുണ്ടാക്കും നിന്നെ വെട്ടിയെൻ കൈവാളിനാൽ.
നിന്നുയിർക്കാറ്റേകി ഞാനാകാശം നിറയ്ക്കേണ്ട;
നിൻനിണക്കണം ചിന്നിയാഴിയെപ്പെരുക്കേണ്ട.''
എന്നുരച്ചപ്പെട്ടിയും വാങ്ങിച്ചുനോക്കി ഘോര-
നൊന്നുമില്ലതിൽക്കാശൊ, പണ്ടമോ, കല്ലോ,പൊന്നോ! 
ആദ്ദന്തപ്പെട്ടിക്കുള്ളിൽക്കേവലം ദന്തഫ്‌ഫിഡിൽ- 
വാദ്യമൊന്നുണ്ടപ്പാവമായതിന്നാശിക്കുന്നു.
"ആ വാദ്യമെൻ പ്രാണനാം പെൺകിടാവാണേ! നിങ്ങ-
ളായതിൻ പൂമേനിയിൽപ്പോറലൊന്നേല്പിക്കൊല്ലേ! 
നിങ്ങൾക്കതെന്തി,ന്നെനിക്കേകിയാൽ കൃതാത്ഥൻ ഞാൻ;
നിങ്ങളും പേറുന്നീലേ ഹൃത്തൊന്നു ദൈവം നല്കി?
ദേവകീധവൻ പണ്ടു കംസനോടിരന്നമ-
ട്ടീവിധം പെൺകുഞ്ഞിനായ് പ്രാര്‍ത്ഥിച്ചാൻഹൃതദ്രവ്യൻ


IV


ഹൃഷ്ടനായപ്പോൾച്ചൊന്നാൻ ചോരൻ "എൻ ചങ്ങാതി, നീ
വിഡ്ഡിയോ, കൺകെട്ടോനോ, പിച്ചനോ, കുടിച്ചോനോ?
അല്പവും മറ്റൊന്നും നീയാശിപ്പീലല്ലോ, നിന-
ക്കിപ്പൊട്ടുവാദ്യപ്പെട്ടിക്കെന്തിനിപ്പെരുംകൊതി?
ആട്ടെ, ഞാനിതങ്ങോട്ടു തന്നാലിപ്പിത്തക്കാരി-
യൂട്ടുമോ പിച്ചപ്പാളയേന്തിടും തന്നച്ഛനെ?''
ആ വാക്കുകേട്ടോതിനാനധ്വന്യൻ സമാശ്വസി-
“ച്ചീ വാദ്യം വേറിട്ടൊന്നല്ലെന്നന്നപൂര്‍ണ്ണേശ്വരി.
ഉണ്ടിതെൻ കരത്തിങ്കലെങ്കിൽ ഞാൻ ജേതാവെനി-
ക്കുണ്ടിടാ, മുടുത്തിടാ,മുല്ലസിച്ചുറങ്ങിടാം
സ്തുത്യമാമീയക്ഷയം ഭാജനം ദാനംചെയ്ത
മിത്രനാരെന്നും കൂടിച്ചൊല്ലിടാം സൂഹൃത്തേ! ഞാൻ,
ശ്രീവാഴുംകോടെന്നില്ലേ ദേശമൊന്നന്വർത്ഥ,മാ-
ബ്ഭൂവാളും പുണ്യശ്ലോകൻ, പൂരുഷർക്കലങ്കാരം,
ഈദ്ദന്തഫ്ഫിഡിൽ വാദ്യമേകി, ഞാനതിൽപ്പാടി-
പ്പേര്‍ത്തുമിസ്സമ്പത്തെല്ലാം നേടി, യദ്ദേവൻ നല്കി.
ആക്കലാസംരക്ഷകര്‍ക്കഗ്രഗൻതന്മുന്നിൽ ഞാൻ
ശീഘ്രമായ്ച്ച്ചെന്നീ വാദ്യം പിന്നെയും വായിക്കുകിൽ,
കിന്നരൻ ഞാനെന്നോതും തമ്പുരാൻ കനി,ഞ്ഞെന്നെ-
ക്കിന്നരേശനായ്ത്തീര്‍ക്കും കേവലം ക്ഷണാർദ്ധത്തിൽ.
'സാ-രി'യെന്നൊരാൾക്കങ്ങു മുളിയാലാ മന്ത്രത്താൽ
ദാരിദ്ര്യപ്പിശാചിനെത്തൽക്ഷണം തച്ചോടിക്കാം.
ആലപിച്ചിടാം രാഗമല്പമൊന്നെന്നാലുടൻ
മാളികയ്ക്കകം പൂകാം മാതങ്ഗേന്ദ്രാരൂഢനായ്.
നാകികൾക്കഭീഷ്ടങ്ങൾ നല്കുവാനഞ്ചുണ്ടു പോൽ
ശാഖി, ഗോവൊ, ന്നൊന്നശ്മം ഏഴെണ്ണമാകെക്കൂടി.
ഏകനായവയ്ക്കുള്ള ഭാരം താൻ വഹിപ്പതീ-
ലോകത്തിലാപ്പുണ്യാത്മാ,വിന്ദിരേശോപാസകൻ.
ഏഴയല്ലീ വാദ്യമുണ്ടെന്നാൽ ഞാനെക്കാലത്തു-
മാഴിനീർ വറ്റിപ്പോകില്ലഭ്രത്തിൻ പാനത്തിനാൽ. 
അല്ലെങ്കിലെന്തിന്നെനിക്കാവിത്തമെല്ലാം, കൊണ്ടു
വല്ല ദിക്കിലും ചെന്നാൽ വല്ലോരും ഹരിക്കുവാൻ?
ആശ്ശിരഃകമ്പം പോരു, മാമന്ദസ്മിതം പോരു-
മാ"ബ്ബലേ, ബലേ" വാക്യസമ്മാനമൊന്നേ പോരും.
എൻമട്ടിൽ സരസ്വതീദേവിയെസ്സേവിപ്പോര്‍ക്കു
മമ്മജ്ഞർ നല്കും മതിപ്പൊന്നുതാൻ മഹൈശ്വര്യം.''


V


വേണാടു വാണീടുന്ന തമ്പുരാൻ തൻപേർ കേൾക്കെ-
സ്തേനന്നു ദൃക്കും വാക്കും തെല്ലൊന്നു പാകപ്പെട്ടു.
"വടിവേലുവോ ഭവാൻ ? കേട്ടിട്ടുണ്ടങ്ങേപ്പറ്റി-
യടവിക്കുള്ളിൽപ്പാര്‍ക്കും ഞങ്ങളും കുറച്ചെല്ലാം.
പാട്ടിനും കവര്‍ച്ചയ്ക്കും പാര്‍ക്കുകിൽപ്പൊരുത്തമേ-
താട്ടിനും ചെന്നായ്ക്കുമെങ്ങന്യോന്യമാര്‍കഷണം?
കാതിലും കഴുത്തിലും കൈവയ്ക്കും നേരം കേൾപ്പൂ
മാതർതൻ ഞരക്കം ഞാൻ മാൺപെഴും സങ്ഗീതമായ്
സ്വത്തെല്ലാം പൊയ്പോകവേ യാത്രക്കാർ വയറ്റത്തു
മദ്ദളം കൊട്ടും കൊട്ടെൻ മാനസം കുളിര്‍പ്പിച്ചു.
എന്നുമേ വിപത്തെന്നെപ്പേടിച്ചു മാറുന്നു; ഞാൻ
കണ്ണുനീർ പൊഴിക്കേണ്ട കാലമേ കണ്ടിട്ടില്ല.
ആനന്ദമേകാം കേൾപ്പോര്‍ക്കങ്ങേപ്പാ, ട്ടായിക്കോട്ടെ;
ഞാനതിൻ കടാക്ഷത്താൽ വേണ്ടല്ലോ മോദിക്കുവാൻ.
പാരമിന്നാശിച്ചു ഞാൻ കേണിടാ, നങ്ങേയ്ക്കൊന്നി-
പ്പാറയെ ദ്രവിപ്പിക്കാൻ പറ്റുമോ? പാടൂ! നോക്കാം.''
മായമറ്റിമ്മട്ടോതി മാറിനാൻ മലിമ്‍ലുചൻ;
വായിക്കാൻ തുടങ്ങിനാൻ വാദ്യവും വാണീദാസൻ
കാൽ മണിക്കൂറങ്ങോട്ടു നീങ്ങവേ ഘട്ടം മാറി;
ജാല്മനും സഹായരും സ്നാതരായ് തപ്താശ്രുവിൽ;
സ്തബ്ധരായ്, സമ്മൂഢരായ്, ധന്യരായ്, ശമാഢ്യരായ്,
സത്വശുദ്ധാത്മാക്കളായ്, തന്നെത്താൻ മറന്നോരായ്
കാണുമാറായി മുന്നിലേവര്‍ക്കും കണ്ണൻ പണ്ടു
വേണുവാദനംചെയ്ത മോഹനം വൃന്ദാവനം.


VI


ഓതിനാൻ ചോരൻ വീണ്ടും സാനുതാപനാ, "യങ്ങേ-
പ്പാദത്തിൽ പതിക്കുമിപ്പാപിയെപ്പാലിക്കണേ!
സ്തേനനെസ്സദ്വ്യത്തനായ്ത്തീര്‍ക്കുവോരങ്ങേദ്ദിവ്യ-
ഗാനത്തിൻ ഗരിഷ്ഠമാം പ്രാഭവം കണ്ടല്ലോ ഞാൻ.
എൻകൊടുംപങ്കം ഭവാനിമ്മട്ടിലെന്താശ്ചര്യ-
മെൻ കണ്ണീരൊഴിച്ചു തേ,ച്ചില്ലെന്നായ് ച്ചമച്ചല്ലോ.
ചേരുവോന്നത്രേ നൂനമങ്ങേയ്ക്കിദ്രവ്യോൽകരം
ചേരമാൻ ദാനംചെയ്ത, തമ്മഹാൻ സൽപാത്രജ്ഞൻ.
ഞാൻ, കള്ളൻ;- കവര്‍ന്നതാം സ്വത്തെല്ലാമിപ്പോളങ്ങേ-
ത്തേൻ കിനിഞ്ഞീടും പാട്ടു കേട്ട ഞാൻ തിരിച്ചേകാം.
ഇപ്പെരും കാട്ടിന്നുള്ളൊരീശനല്ലയോ ഞാനു-
മല്പമൊന്നിഗ്ഗാനത്തിനര്‍പ്പിക്കാമെൻ സമ്മാനം.
കൊള്ള കൊണ്ടിന്നേവരെക്കൊണ്ടൊരെൻ സ്വത്തൊക്കെ ഞാ-
നല്ലൽ വിട്ടുടൻ നല്കാമപ്പാട്ടിൻ മൂല്യാംശമായ്;-
അല്ലല്ല മാര്‍ഗ്ഗജ്യോതിസ്സായൊരെന്നാചാര്യന്നു
തെല്ലതിന്നിരിക്കട്ടേ ദക്ഷിണാരൂപത്തിങ്കൽ
ഈ വൃത്തി കൈവിട്ടു ഞാനിന്നുതൊട്ടിനിബ്ഭവൽ-
സേവകൻ, കഴൽപ്പാട്ടിൽപ്പറ്റിടും മണൽത്തരി."
എന്നോതിത്തനിക്കുള്ള വിത്തമത്രയും നല്കീ
ധന്യനഗ്ഗാതാവിന്നു തസ്കരൻ ത്യാഗൈശ്വര്യൻ
തൻ ചാവൂരക്കാടെന്നു, ചിന്തിച്ചൊരദ്ദേഹത്തെ
തഞ്ചാവൂർഗൃഹത്തിങ്കലെത്തിച്ചു നിർബാധമായ്
തൻ ദന്തഫ്‌ഫിഡിൽമാത്രം വച്ചുകൊണ്ടാ സ്വത്തെല്ലാ-
മന്തമറ്റകിഞ്ചനർക്കാബ്ബുധൻ ദാനം ചെയ്താൻ.
ആ വാദ്യവര്‍ണ്ണം പത്തുദിക്കിലും പരത്തിനാൻ
ഭൂവിലേശ്ശരച്ചന്ദ്രനാകുമാപ്പുണ്യശ്ലോകൻ.
ഗാനമേ ! ജയിപ്പൂ നീ തുല്യമായ് വിഹായസ്സിൽ-
ദ്ദീനരും വിത്തേശരും ക്രീഡിക്കും വിമാനമേ!