Loading...
Home / സാഹിത്യം / പുതിയവ / ഉള്ളൂര്‍ കവിത / കല്പശാഖി / നക്ഷത്രങ്ങൾ ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍
Author: ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

നക്ഷത്രങ്ങൾ

ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

നിത്യവും താരങ്ങളേ ! നിങ്ങൾക്കെൻ നമസ്കാരം;
തത്ത്വാപദേശം ചെയ്യുമാചാര്യരല്ലീ നിങ്ങൾ?


ഭൂതലം തമസ്സിനാൽ ഗ്രസ്തമാകുമ്പോൾ വിയ-
ദ്വീഥിയിൽ പേര്‍ത്തും നിങ്ങൾ നീളെവന്നുദിക്കുന്നു.


പ്രത്യുഷഃകാലത്തിങ്കൽ പാവനാത്മാവായുള്ള
മിത്രനെക്കാണുന്നേരമസ്തമിക്കയും ചെയ്‍വൂ.


എന്തിതിൻ സൂക്ഷ്മാര്‍ത്ഥമെന്നോര്‍ക്കുമ്പോളെനിക്കൊന്നു
ചിന്തയിൽത്തോന്നീടുന്നു; തെല്ലതങ്ങുണര്‍ത്തിക്കാം.


എന്മനസ്സിരുണ്ടിടും നേരം ഞാൻ വാനത്തിങ്കൽ-
ച്ചിന്മയന്മാരാം ദേവരെത്രയോ പേരെക്കാൺമൂ;


അമ്മഹാമോഹധ്വാന്തമാകവേ നീങ്ങുന്നേര-
മെന്മുന്നിൽ പ്രകാശിപ്പതേകമാം പരബ്രഹ്മം.


നിങ്ങൾ തന്നുപസ്ഥാനം ലോകത്തിൻ സ്വപ്നാദാനം;
നിങ്ങൾതൻ തിരോധാനം ലോകത്തിന്റെ സമുത്ഥാനം.