I
പാടുക, പാടുക ഭാവിയും ഭൂതവും
പാടുകളേകാത്ത കോകിലമേ!
വാടിയിൽ സ്വൈരമായ് വാഴുന്ന നിൻമനം
വാടി വലഞ്ഞിടാനില്ല ഞായം.
ഭേകത്തിന്റെ ഹുങ്കാരമെന്നെന്നേ പൊയ്പ്പോയി;
കാകവും നാണത്താൽ മൂകമായി.
ഈമലർക്കാവിനിന്നീശനായ് ത്തീര്‍ന്നുനീ;
തൂമയിൽപ്പൊങ്ങട്ടേ നിൻ പ്രഭാവം.
ആയതിന്‍ ചിഹ്നമാം ഛത്രമായ്ക്കാണ്മൂ ഞാൻ
നീയമര്‍ന്നീടുമീമാമരത്തെ.
കൈവന്നുചേര്‍ന്നല്ലോ വൃക്ഷവും വല്ലിയും
പൂവിട്ടു നില്ക്കുന്ന ചൈത്രമാസം.
ഓമനേ! നിൻ ഗാനമോര്‍ത്തവ മുൻകൂട്ടി-
ക്കോൾമയിർക്കൊൾവതിൽ കുറ്റമുണ്ടോ?
പന്തലിച്ചുള്ളാരിത്തൈമാവിൻ കൊമ്പത്തു
ചെന്തളിർ തിന്നുതിന്നത്രമാത്രം
ശാരീരസൌഭാഗ്യം തേടിന നിന്നോടു
'സാ-രീ' പഠിക്കണം കിന്നരരും;
പേടിയും ശങ്കയും കൈവിട്ടു വേഗത്തിൽ
ത്രോടി തുറന്നാലുമെൻ സഖാവേ!
II
മൂഢരായുള്ളോരു ഞങ്ങളെച്ചൊല്ലി നീ
പാടണമെന്നു ഞാൻ പ്രാത്ഥിപ്പീല
മാനവരാകിയ ഞങ്ങളും നിന്നുടെ
ഗാനവും തങ്ങളിൽച്ചേര്‍ച്ചയില്ല.
ഭൂതവും ഭാവിയും കാർമുകിൽ മര്‍ത്ത്യര്‍ക്കു,
ഖേദവും ഭീതിയും വായ്ക്ക മൂലം;
തൂകുകയില്ലവ-നീർത്തുള്ളി ഞങ്ങൾക്കു;
തൂകിക്കും കണ്ണിൽ നിന്നശ്രുമാത്രം.
രണ്ടിന്നും മധ്യത്തി 'ലി' ന്നെന്ന മിന്നലിൻ
തുണ്ടൊന്നു തെല്ലെങ്ങാൻ മിന്നിപ്പോയാൽ,
രണ്ടും തൻകൂരിരുൾ തട്ടിച്ചാ രേഖയെ-
ക്കൊണ്ടലിൽക്കൊണ്ടലായ് മാറ്റും താനും.
പോരെങ്കിലിക്കാലം പോരുകൊണ്ടെങ്ങുമി-
പാരിടം പാഴ്മരുവാകും കാലം;
ചാകലും കൊല്ലലുമല്ലാതെ കൃത്യങ്ങൾ
ലോകര്‍ക്കു മറ്റെല്ലാം മായും കാലം;
വ്യോമത്തിൽ പാകി നിന്നുൽപാതയാനങ്ങൾ
തീമഴ രാപ്പകൽപ്പെയും കാലം;
ഭീദങ്ങളായുള്ള ബോമ്പുകൾ ഗർജ്ജിച്ചു
ബാധിര്യം കർണ്ണങ്ങൾക്കേകും കാലം ;
മാരണദേവത മത്തയായ്, ക്രുദ്ധയായ്,
ഘോരമാം താണ്ഡവമാടും കാലം;
ക്ഷാമമാം രക്ഷസ്സിൻ വക്ത്രത്തിൽ സര്‍വവു-
മാമിഷമായ്ച്ച്ചെന്നു വീഴും കാലം:-
ഉദ്യാനം- കോകിലം- സങ്ഗീതം- തൊട്ടുള്ള
ശബ്ദങ്ങൾക്കെന്തിപ്പോളര്‍ത്ഥമുള്ളൂ?
ഈയറ്റമെത്തിയ ഞങ്ങൾക്കു വേണ്ടി നീ
ഗായകനാകുവാനാരു ചൊല്ലും?
ഉര്‍വിയിൽ മര്‍ത്ത്യൻതൻ നിര്‍മ്മിതികാരണം
സര്‍വേശന്നുണ്ടായ്പോൽ ചാരിതാര്‍ത്ഥ്യം!
അമ്മൊഴി മിഥ്യയെന്നല്ലയോ ഘോഷിപ്പൂ
ജര്‍മ്മനിതൻ കൊടുംഭ്രാതൃഘാതം?
ശ്ലാഘ്യമാം നിന്നുടെ കണ്ഠത്തിലീശ്വരൻ
പാല്ക്കടൽ നല്കാത്ത പീയൂഷത്തെ
വിന്യസിച്ചീടിന വേളയിൽത്താൻ നേടി
ധന്യത പാണിക്കും ശേമുഷിക്കും.
III
പാടുക, പാടുക പഞ്ചമരാഗത്തിൽ
പാടവമേറിന കോകിലാമേ!
മാൺപെഴും തോപ്പിതു കത്തുന്ന ചെന്തീയിൽ-
ച്ചാമ്പലായ് പ്പോകുകിൽപ്പോയിടട്ടെ;
ഇമ്മധുവൂറിടും മാവിനെച്ഛേദിച്ചു
വെണ്മഴു വീഴ്ത്തുകിൽ വീഴ്ത്തിടട്ടെ;
വാരൊളിവായ്ക്കും നിൻ മേനിയിൽ വ്യാധന്റെ
കൂരമ്പു കൊള്ളുകിൽക്കൊണ്ടിടട്ടെ.
നീ കഥയില്ലാതെ മേലത്തേക്കാര്യമോര്‍-
ത്താകുലനാകുന്നോനല്ലയല്ലോ.
മായമറ്റീ, മധുമാസത്തിൽ നീയൊരു
ഗായകനാകുവാൻ ജാതനായി;
ആയതു പോരും; നീ തന്മൂലം തൃപ്തനായ്
സ്വീയാമാം കര്‍ത്തവ്യമാചരിപ്പൂ.
മാനവർ-ദൈവത്താൽ വഞ്ചിതർ - നിന്നുടെ
ഗാനത്തെകേൾക്കാഞ്ഞാലാര്‍ക്കു നഷ്ടം?
ഇന്നവർ മാത്രമല്ലൂഴിയിൽ വാഴുന്ന-
തെന്നു നീയോര്‍ത്താലുമെൻസുഹൃത്തേ!
തൻ തലയാട്ടും നീ പാടുമ്പോൾ വല്ലികൾ;
വണ്ടുകൾ വട്ടത്തിൽ മൂളിയാടും;
വീശിടും നിൻമേനി മാരുതപോതങ്ങ-
ളാശിസ്സു കൂറിടും പൈങ്കിളികൾ.
ആനന്ദബാഷ്പത്തിലാറാടി നിന്നിടും
തേനൊലിപ്പാര്‍ന്നിടും പൂങ്കുലകൾ.
കാനനദേവതമാരുടെ കര്‍ണ്ണത്തിൽ
നീ നറും മുന്തിരിച്ചാറൊഴുക്കും.
ഏവക്കു മോഹനമല്ല താൻ നിൻ കണ്ഠം
കാർവണ്ണൻ കണ്ണൻതൻ വേണുപോലെ!
IV
കോകില! നിന്നുടെ കാകളിതൻ പൊരുൾ
ലോകത്തിന്നെന്തെന്നു ബോധമില്ല.
കാന്തയാൾ കോപിക്കെഗ്ഗാനത്താൽപ്പക്ഷേ നീ
സാന്ത്വനം നല്കുകയായിരിക്കാം;-
സംഭാവ്യമല്ലതു; സൌമ്യനാം നിന്നോടു
നിൻപ്രിയ കോപിക്കാനില്ല ബന്ധം.
അല്ലെങ്കിൽ ത്രൈലോക്യജേതാവാം കാമനെ-
ച്ചൊല്ലി നീ വാഴ്ത്തുകയായിരിക്കാം;
അല്ലതും; ക്ഷുദ്രമാം വന്ദിതൻ ജീവിതം
തെല്ലുമേ നിൻനിലയ്ക്കൊത്തതല്ല.
സാമ്രാജ്യലുബ്ധർതൻ നേര്‍ക്കെഴും ക്രോധം നീ
താമ്രാക്ഷ! നിൻകണ്ണാലോതുന്നീലേ?
നിർണ്ണയം ദൈവത്തിന്‍ മെന്മ നീ പാടുന്നു
നിന്നുടെ തുഷ്ടിക്കു വേണ്ടി മാത്രം.
ആയുഷ്മൻ! താവകമാകുമിസ്സങ്ഗീതം
വായുവിൽ വിശ്രാന്തമാകയില്ല;
നല്ല്പെഴുമയതിൻ സന്ദേശം കേട്ടിടു-
മെപ്പോളെന്നാകിലും മാനുഷരും.
"ഗാനം താനാനന്ദ, മാനന്ദം താൻ ഗാനം"
നൂനമിത്തത്വം നീ യോതിയോതി
ആവഴിക്കുൽഗതി വായ്പിച്ചു ഞങ്ങൾക്കു
കൈവളര്‍ത്തീടുക ജന്മലാഭം.
പാടുക പാടുക സോദരീ സുസ്വര!
നേടുക നിർവൃതി പാടിപ്പാടി.