Loading...
Home / സാഹിത്യം / പുതിയവ / ഉള്ളൂര്‍ കവിത / കല്പശാഖി / മായാഭ്രമം ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍
Author: ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

മായാഭ്രമം

ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

I

ആതുരൻ പുരോഹിതൻ വൈദ്യനോടോതീ : "തെല്ലും 
ഭേദമെൻദീനത്തിനി,ല്ലെന്തിനിച്ചെയ്യേണ്ടു ഞാൻ?" 
"ഇസ്ഥലംവെടിഞ്ഞങ്ങുപോകണം”ചൊന്നാൻ വൈദ്യൻ
സത്വരം മറ്റെങ്ങാനു, മെങ്കിലേ സുഖം കിട്ടൂ."
“എന്നെക്കൊണ്ടാവില്ലതെന്നെത്ര ഞാൻ പറഞ്ഞിട്ടും
പിന്നെയും ഭവാനെന്തിന്നാവചസ്സാവര്‍ത്തിപ്പൂ?
ഈ നവീനമാം മേട,യീ മനോജ്ഞമാം പൂങ്കാ-
വീനല്ല മറ്റുള്ളോരു വസ്തുവിൻ കദംബവും
ഏതുമട്ടയ്യോ! വിട്ടു പോകും ഞാൻ? പണ്ടതന്നെ
ചേതസ്സെന്നൊന്നില്ലാത്ത ജന്തുക്കൾ ചികിത്സകർ!"
ഓതിനാൻ ഭിഷക്കതിനുത്തരം: "ഭൈഷജ്യമി-
വ്യാധിക്കു മറ്റി,ല്ലങ്ങു മാറിയേ ശരിപ്പെടൂ.
ഇക്കണക്കിങ്ങല്ലാതെ പാര്‍ക്കയില്ലെന്നാൽ പോകാം
സ്വര്‍ഗ്ഗത്തേക്കുടൻ തന്നെ ; ശാഠ്യത്തോടാര്‍ക്കേന്താവൂ?
എത്രയോ നന്നാണതിബ്ഭൂമിയെക്കാളെന്നല്ലീ
നിത്യവും പ്രസംഗിപ്പ, തൊന്നുപോയ്നേരിൽക്കാണൂ."


II


'സ്വര്‍ഗ്ഗം'- ആശ്ശബ്ദം കേട്ടു ഞെട്ടിപ്പോയ് പുരോഹിതൻ
ചിക്കെന്നു ദുസ്സ്വപ്നത്തിൽനിന്നുണര്‍ന്നവൻ പോലെ.
"സ്വർഗ്ഗമോ?”ചൊന്നാൻ"ഭവാൻ ഭ്രാന്തനോ സഖേ? ദൂരേ
സംമങ്ങിരുന്നോട്ടെ തൽകാലം ഞാൻ കൂടാതെ.
ഏതുമേ തിടുക്കമില്ലങ്ങു ചെന്നെത്താ,നെനി-
ക്കാതിഥ്യം നല്കേണ്ടതില്ലന്യമാം ജഗത്തൊന്നും.
നല്ലതാണാര്‍ക്കും നാകമെങ്കിലും വലിഞ്ഞങ്ങg
ചെല്ലുമാറുണ്ടോ കേറിദ്ധീമാന്മാരനാഹൂതർ?
ആദര്‍ശമായിസ്വര്‍ഗ്ഗമാരാധിക്കുവാൻ കൊള്ളാം;
ക്ഷ്മാതലം മനുഷ്യക്കു സംവാസത്തിനും കൊള്ളാം;
ഉന്നതിക്കാശിപ്പീല; വന്നിട്ടില്ലനന്തയാ-
മെന്നമ്മതന്നങ്കത്തിൽ ക്രീഡിച്ചിങ്ങലംഭാവം.
കാട്ടി ഞാനോരോ ഗോഷ്ടി വേതനത്തിനായ് നാക്കാ-
ലേട്ടിലേച്ചുരയ്ക്കകൊണ്ടേവന്നു കൂട്ടാൻ വയ്ക്കാം?
വീടുവിട്ടൊരങ്ഗുലം നീങ്ങുവാനാവത്ത ഞാൻ
കൂടുവിട്ടുടൻ പാഞ്ഞു കൂടണം വാനിൽപ്പോലും!
തൊണ്ടയ്ക്കു താഴെത്തുള്ളിനീരിറങ്ങാത്തോനാമോ
പണ്ടഗസ്ത്യനെപ്പോലെ പാഥോധി പാനംചെയ്‍വാൻ?
എങ്ങു ഞാനിപ്പോൾ മാറിപ്പാര്‍ക്കണം? ശാസിച്ചാലും
മങ്ഗലാത്മാവേ! സജ്ജനേതിനും ഭവദ്ദാസൻ.
ദ്വീപിലോ, ജലത്തിലോ, സൈകതപ്പരപ്പിലോ,
ദ്വീപികൾക്കാവാസമാം കാട്ടിലോ,ശൈലത്തിലോ,
ഏതുമെൻ ധാത്ര്യംബതന്നംഗ, മങ്ങങ്ങും ചെല്‍വാൻ
ചേതസ്സിൽ സന്ത്രാസമോ ഖേദമോ ജനിപ്പീല.
നാകം-ആശ്ശബ്ദം മാത്രമുച്ചരിക്കൊല്ലേ ഭവാൻ:
ഹാ! കേൾപ്പു രേഫം ഞാനൊന്നപ്രിയം തന്മദ്ധ്യത്തിൽ.''
വാര്‍ത്തനോടൊപ്പം തന്നെയാര്‍ത്തനും കൊതിക്കുന്നു
ധാത്രിയിൽ ചിരാവാസം:- ആശ്ചര്യം മായാഭ്രമം!