Loading...
Home / സാഹിത്യം / പുതിയവ / ഉള്ളൂര്‍ കവിത / കല്പശാഖി / ആശംസാഗാനം ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍
Author: ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

ആശംസാഗാനം

ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

പോരും പോരുമിതിൻമട്ടു പോയതു നാം സഹജരെ!
ചേരുവതിന്നിതോ വഴി ചെല്ലേണ്ട ദിക്കിൽ ?
വര്‍ണ്ണമെന്നും, ദേമെന്നും, ഭാഷയെന്നും, മതമെന്നും,
ഭിന്നതയെപ്പലപല പേരിൽപ്പുലര്‍ത്തി,
പരസ്പരദ്വേഷമാകും പടുനഞ്ഞുമരത്തിന്നു
ധരയെങ്ങും തഴയ്ക്കുവാൻ തരം വളര്‍ത്തി,
അതിൻഫലമശിച്ചശിച്ചടിയുന്നുവല്ലോ മണ്ണിൽ
പതിതരായ്, പ്പാമരരായ്, പ്പാപിഷ്ഠരായ്, നാം!
പാറയായും, ലോഹമായും, സസ്യമായും, തിര്യക്കായു-
മേറിയേറിയുൽകര്‍ഷപ്പൊന്നേണിയിൽ കൂടി,
മാനവരായ് തീര്‍ന്ന നമ്മൾ, വാനവരായ്, കുടശ്ശിയിൽ
വാണിടേണ്ട പരബ്രഹ്മസായുജ്യംനേടി?
കിഴക്കുമേക്കെന്നുചൊല്ലിക്കലഹിക്കും മനുഷ്യർതൻ
വഴക്കെന്തെന്നറിയുവാൻ, കിഴക്കും മേക്കും,
ഓരായിരം കരദീപം കൊളുത്തിനോക്കീട്ടുമതിൻ
കാരണത്തെക്കാണുന്നീല ഗഭസ്തിമാലി.
കറുപ്പെന്നും വെളുപ്പെന്നും പറഞ്ഞടിപിടികൂടും
നരരുടെ മൌഢ്യം കണ്ടു നഭസ്സിൽനിന്നും
ചിരിക്കുന്നു കുവലയകുമുദങ്ങളൊപ്പമോരേ
സരസ്സിങ്കൽ വിടിര്‍ത്തുന്ന ശവരീകാന്തൻ.
'സ്നേഹ'മെന്നുചൊല്ലിടും രണ്ടക്ഷരത്തിലടങ്ങുന്നു
ലോകരുടെ യോഗക്ഷേമസാമഗ്രിയെല്ലാം.
സ്വർഗ്ഗികൾക്കും ദുർല്ലഭമാം സ്വത്തുതന്നെ സുഹൃല്ലാഭം,
നിഷ്കളങ്കം, നിരാകാംക്ഷം, നിത്യപവിത്രം.
അതു പരിചയത്തിന്റെ പരിണതിമാത്രമല്ല;
കൊതുകെത്ര തടിച്ചാലും കൊമ്പനാവില്ല.
സംഘടനകൊണ്ടുമതു കൈവരില്ല; മന്നിലെത്ര
സംഘമില്ല സമസൃഷ്ടസംഹാരസജ്ജം!
നേടുവാനും പണിയതു ചെറ്റുനേരം മുഖത്തൊരു
മൂടൽമഞ്ഞിൻ കളികാട്ടും മുദ്ധഹാസത്താൽ.
സ്വാർത്ഥലോഭസാഹചര്യം സൌഹൃദത്തിന്നരോചകം
സാത്വികമാമതിൻ ചിഹ്നം സര്‍വസ്വത്യാഗം.
കാമുകനും കാമുകിക്കും തമ്മിലുള്ള രതിഭാവം
കേമമെന്നു പുകഴ്ത്തുന്നു സാഹിത്യാചാര്യർ.
സമുജ്ജ്വലം പാണിഗ്രഹം; സമുന്നതം ഗൃഹാശ്രമം,
പുമ‌ര്‍ത്ഥാപ്തിക്കാര്‍ക്കും വേണ്ട പൂര്‍വസംഭാരം. 
എങ്കിലുമാജ്യോതിസ്സിലുമിങ്ങങ്ങായിപ്പലേടത്തും
തൻകാര്യത്തിന്റെ കരിനിഴൽ തട്ടിനില്ക്കുന്നു.
കുടുംബജീവിതം കൊണ്ടു ഫലമെന്തു ലോകമൊരേ
കുടുംബമെന്നാമുകുരം കാട്ടിത്തരിഞ്ഞാൽ?


മന്നിലൊരു സുഹൃത്തുണ്ടു മര്‍ത്ത്യനെന്നാൽ മതിയവൻ
പുണ്യജനേശ്വരനെക്കാൾ ഭൂതിസമ്പന്നൻ
തന്നുടയ ഹൃദയത്തിൻ സ്വച്ഛതയെപ്പരീക്ഷിക്കാൻ;
തന്നുടയ രഹസ്യങ്ങൾ സൂക്ഷിച്ചുവയ്ക്കാൻ;
തന്നുടയ സന്തോഷങ്ങളിരട്ടിയായ് വർദ്ധിപ്പിക്കാൻ;
തന്നുടയ സന്താപങ്ങൾ പകുതിയാക്കാൻ;
തന്നുടയ സുഖസ്വപ്നം, തന്നുടയ ശുഭഗ്രഹം
തന്നുടയ പരദൈവ, മെന്നീനിലയിൽ,
ഒരുവനുണ്ടൊരു സാക്ഷാൽ സുഹൃത്തെങ്കിലവന്നേതു
മരുഭൂവും മണംവീശും മലര്‍ക്കാവാകും.
ഒരുഞെട്ടിലൊത്തിണങ്ങി വിടിര്‍ന്നിടുമിരുപൂക്ക-
ളൊരു കൂട്ടിൽക്കളിച്ചിടുമിരുകിളികൾ;
ഒരു വഴിക്കുലാത്തിടുമിരുമുകിലുകൾ, വാനി-
ലൊരിടത്തു വിളങ്ങിടുമിരുതാരങ്ങൾ;
ഒരു ദേഹി കുടികൊള്ളുമിരുമെയ്‍കൾ :—
ഇതുമട്ടിൽ നരനാരായണസമരിരുപുരുഷർ,
ഒരുവന്നു മറ്റൊരുവൻ പൂരകനായ്, വേണ്ടിവന്നാൽ
മരിക്കുവാൻ പോലും ബദ്ധപരികരനായ്,
അവനിയിൽ വിലസുകിലവർ താനെന്നീശ്വരന്മാ-
രവർ മേവുമിടം താനെന്നര്‍ച്ചനസ്ഥാനം.


സ്നേഹത്തിന്റെ വാതിലാര്‍ക്കുംസ്നേഹംകൊണ്ടേ തുറക്കാവൂ;
സ്നേഹത്തെ നാം നല്കി വേണം സ്നേഹത്തെ വാങ്ങാൻ.
ഭിന്നവർണ്ണര്‍, ഭിന്നരാഷ്ട്രർ, ഭിന്നമതരെന്നു ചൊല്ലി-
യനരിൽനിന്നകലുവോരത്യന്തദുഷ്ടർ.
അവരെ നാം പേടിക്കേണ, മവരുടെയാഭിചാര-
മവതരിപ്പിച്ചതാണീയാജിപിശാചി.
ക്ലബ്ബുകളിൽപ്പnത്തിലും കാപ്പിയുണ്ടു, കളികളു-
ണ്ടപ്പുറമൊന്നുണ്ടെന്നാലതന്യദൂഷണം;
പാഴിലോരോ സൊള്ളു സൊള്ളിയങ്ങിരിപ്പോര്‍ക്കിടയിൽ വാ-
ച്ചേഴുകടൽ കിടക്കുവതേവര്‍ക്കും കാണാം.
ശ്രേഷ്ഠമാകുമാദര്‍ശത്തിൻ പ്രേരണയാൽ സ്ഥാപിതമാം
'റോട്ടെറി' ക്ലബ്ബവയ്ക്കൊപ്പമായിടൊല്ലേതും.
പരസ്പരവിനിമയക്ഷമങ്ങളാം ഹൃദയങ്ങൾ
പരമതിന്നങ്ഗങ്ങൾക്കു ഭവിച്ചിടട്ടെ.
ലോകസേവയനുഷ്ഠിച്ചുമാവഴിക്കിപ്രപഞ്ചത്തി-
ന്നേകതയെയുറപ്പിച്ചുമായവരെല്ലാം
സമസ്തമാം കര്‍മ്മത്തേയും സര്‍വജഗൽപിതാവിങ്കൽ
മര്‍പ്പണംചെയ്തു മേന്മേൽ സൌഹാർദ്ദനിഘ്നർ
മങ്ഗളത്തിന്‍ പരമ്പര മന്നിലെങ്ങും വ്യാപിപ്പിച്ചു
തങ്ങളേയുമന്യരേയും ധന്യരാക്കട്ടെ.