I
"പട പട; "മന്നിലെവിടെയുമതിൻ
പടപടയെന്നുള്ളൊലി മുഴങ്ങുന്നു.
അടിപിടിയുടെ കൊടുമകൊണ്ടൂഴി-
യിടിപൊടിയായിത്തകര്‍ന്നൊടുങ്ങുന്നു.
ഞൊടിയിടകൊണ്ടു നഗരവും നാടും
ചുടലച്ചാമ്പലായ്ത്തുലഞ്ഞുപോകുന്നു.
നിരന്നു വാനിൽനിന്നിടമുറിയാതെ
മരണക്കൊള്ളിമീൻമഴ പൊഴിയുന്നു.
കര മുഴുകുന്നു നിണപ്പുഴ പൊങ്ങി ;-
ക്കടൽ നികരുന്നു മരക്കലം മുങ്ങി.
മറഞ്ഞു മാറുന്ന ദിവസമോരോന്നും
നരകമാക്കുന്നു ധരയെ മേല്ക്കുമേൽ.
ഇരുകൊല്ലം നീണ്ട് കുരുതികൊണ്ടുമീ-
യറുകൊലപ്പിശാചടങ്ങിടുന്നില്ല.
തുടർന്നു പാഞ്ഞണഞ്ഞതിനു നമ്മുടെ
നടയിലും നിന്നു നടനമാടുന്നു.
മരുന്നില്ലൊന്നുമീ മസൂരികയ്ക്കെന്നോ?
മറുകരയില്ലീ മഹോദധിക്കെന്നോ?
ഒരൊറ്റ മൂർഖൻതൻ വിഷത്തിനീമട്ടി-
ലുലകെരിക്കുവാൻ കരുത്തുവന്നല്ലോ.
അധമരിത്തരം വിജയം നേടിയാൽ-
അധര്‍മ്മമിത്രമേൽ തലയുയത്തിയാൽ-
അവശര്‍ക്കാരൊരു തണലും താങ്ങു,മി-
ബ്ഭുവനമെങ്ങെനെ പുലര്‍ന്നിടും മേലിൽ?
II
ജനനി | ഭാരതാവനി! ഭവതിത-
ന്നണയത്തും വന്നീയടരണഞ്ഞല്ലോ.
അതിന്റെ ദംഷ്ട്രകൾക്കിടയിലമ്മയും
പതിക്കണമെന്നോ ഭഗവത സങ്കല്പം?
ഭവതിയെത്രയോ വിശാല, സംഖ്യകൊ-
ണ്ടവധിയറ്റവർ ഭവത്തനയന്മാർ;
മറുതലയ്ക്കുണ്ടോ ഗതിയവര്‍ക്കൊന്നു
പുരുഷരായ് മാത്രം പുലർന്നിടാമെങ്കിൽ?
അതില്ലല്ലോ, ദേവി! യതില്ലല്ലോ, ഞങ്ങൾ
മൃതർ താൻ, വീര്‍പ്പയ്യോ ! നിലച്ചിടായ്ക്കിലും
ഇളക്കിടാം കരമിവര്‍ക്കൊട്ടിങ്ങങ്ങു
വെളുത്ത താളിന്മേൽ കറുപ്പ തേയ്ക്കുവാൻ.
ഒരു തൊഴിൽ വേറിട്ടറിഞ്ഞിടാത്തവ-
രുരിയുപ്പിൻവകയ്ക്കുതകിടാത്തവർ;
പടക്കരുക്കൾതൻ സ്വരൂപമെന്തെന്നു
പടത്തിൽ നോക്കിയും പഠിച്ചിടാത്തവർ;
അടര്‍ക്കളത്തിലെന്തടവുകാട്ടും പോയ്
വെടിക്കുഴൽ കൈകൊണ്ടെടുത്തറിയാത്തോർ ?
അഴിനിലയിതിലുഴലുവോര്‍ക്കെന്തു
കഴിയുമമ്മതൻ കദനം നീക്കുവാൻ?
പലരുമീമട്ടിൽ പരിതപിക്കുന്നു;
ഫലമതുകൊണ്ടു തരിമ്പുമില്ലല്ലോ.
ശരിയധികൃതരനുവദിച്ചില്ല;
പൊരുതുവാൻ നമ്മൾ പഠിച്ചതുമില്ല.
നടയിലായിപ്പോയ്, പടികയറിപ്പോ,-
യട,രതിൻ കൂട്ടാമിടരൊടും കൂടി.
അതു കതകടിച്ചുടയ്ക്കുമ്പോൾ നമ്മ-
ളതുമിതും ചൊല്ലിയകന്നു നിന്നാലോ?
പുരയ്ക്കു തീപിടിച്ചെരിയും നേരത്തു
കരവും കെട്ടിക്കൊണ്ടകത്തിരുന്നാലോ?
ഭരണക്കാരുടെ കുറവും കുറ്റവും
പറകിലാമന്ത്രം പടയൊഴിക്കുമോ?
കുടിയിരിപ്പില്ലേ നമുക്കു കാക്കുവാൻ?
മടയവരില്ലേ നമുക്കു പോറ്റുവാൻ?
ക്ഷിതിയിതല്ലയോ നമുക്കു പെറ്റമ്മ;-
യിതിന്റെ മാനം നാം പുലർത്തിടേണ്ടയോ?
ധുരന്ധരന്മാരാം ജനങ്ങളിങ്ങനെ
തുറുങ്കിനുള്ളിൽച്ചെന്നടിഞ്ഞുകൊണ്ടാലോ ?
കുടുംബം പോറ്റേണ്ടും ഗൃഹസ്ഥരൊക്കെയു-
മടവിയിൽപ്പുക്കു തപം തുടര്‍ന്നാലോ?
എവിടെ ശ്ശത്രുവന്നെതിരിടുമെന്നാ-
ലവിടെപ്പോയ് നമുക്കണിനിരക്കണം.
ഭയപ്പൊടാനെന്തുണ്ടുലങ്കിലെപ്പൊഴും
ജയവും ധര്‍മ്മവും, നിഴലും ദേഹവും.
ഒരിക്കലേ വേണ്ടൂ മരിക്കലേവര്‍ക്കും;
ശരിക്കതമ്മയ്ക്കായിരിക്കിൽ നന്നല്ലീ?
ശുഭത്തെ മുൻനിർത്തി പ്രവൃത്തിചെയ്യുവോര്‍-
ക്കപജയം വന്നാലതും ജയമല്ലീ?
വിജയം വായ്ക്കിലുമരിക്കു ഭാരതം
വിജനമാക്കുവാൻ വളരെനാൾ വേണ്ടേ?
ഒരുമിക്കാം നമുക്കൊരുമിക്കാം; നരര്‍-
ക്കൊരുമയൊന്നുതാനുദഗ്രമാം ശസ്ത്രം.
പരസ്പരസ്പർദ്ധപ്പടവശേഷവും
പരന്നൊരാഴിയിൽത്തകര്‍ന്നു താഴട്ടെ;
"ഒരൊറ്റവർഗ്ഗക്കാരിവിടെയുള്ളവർ,
ഭരതഭൂമിതൻ തനയർ സോദരർ."
ഇടിയൊടൊക്കുമിപ്പടവിളികൊണ്ടു
പുടപുഴങ്ങട്ടെ ഭുവനമൊക്കെയും.
തടിമിടുക്കുംകൊണ്ടണയും മാറ്റലർ
നടുനടുങ്ങിപ്പോമതൊന്നു കേൾക്കുകിൽ.
തൊടൽവെടിഞ്ഞിന്നു കിടക്കയത്രേ നാം
കടൽക്കരയിലേ മണൽത്തരികളായ്.
പലനീർത്തുള്ളികളൊരുമിച്ചുള്ള താ-
ണല കടലെന്നതറിയുന്നീലന്ധർ;
പശമണ്ണാകിലത്തരികൾ തായയാൾ-
ക്കജയ്യമാം ദുര്‍ഗ്ഗം ചമയ്ക്കാം നമ്മൾക്കും.
പരൻപുമാനൊടൊന്നുണര്‍ത്തിടാം; ശാന്തി-
മുരളിയൂതുവാനിതല്ലവസരം;
അവശർ ഞങ്ങൾക്കു ഭഗവൻ! ഗീതതാൻ
ശ്രവിച്ചിടേണ്ടതിപ്പടക്കളത്തിങ്കൽ.
അഭയമമ്മയ്ക്കിന്നരുളേണ്ടും നമു-
ക്കപരർതൻകാര്യം നിനച്ചെന്താവശ്യം ?