സുഖം- സുഖം -ക്ഷോണിയെ നാകമാക്കാൻ
വേധസ്സു നിർമ്മിച്ച വിശിഷ്ടവസ്തു-
അതെങ്ങതെങ്ങെന്നു തിരഞ്ഞു തന്നെ-
യായുസ്സു പോക്കുന്നു ഹതാശർ നമ്മൾ.
പാരായ പാരൊക്കെയടക്കിയൊറ്റ-
ക്കൊറ്റക്കുടയ്ക്കുള്ളിലൊതുക്കിടുന്നോൻ;
നമുക്കു പക്ഷേ സുഖിയെന്നു തോന്നാം
രാജാധിരാജൻ വിഭു രത്നഹാരി.
വാനോടുരുമ്മും മണിമേട വാഴാൻ;
പൂമാതൊടുക്കും മധുരാങ്ഗി പുല്കാൻ;-
അധൃഷ്യമാജ്ഞാബലമാശനല്കാൻ
ആനന്ദകേദാരമധീശജന്മം!
എന്നോർത്തു പോം നാമൊരു നോക്കി,നെന്നാൽ
സൂക്ഷ്മത്തിലങ്ങല്ല സുഖം കിടപ്പൂ!
ആക്കോമളപ്പൂവിനു കൂർത്തുമുർത്ത
ചെങ്കോലുകണ്ടാൽ ചെറുതല്ല ഭീതി. (യുഗ്മകം)
വിളമ്പിടട്ടേ വിഭവങ്ങൾ സൂദർ;
വിശന്നിടാഞ്ഞാലവരെന്തു ചെയ്യും?
ശമിച്ചുപോയ് തജ്ജഠരാഗ്നി പണ്ടേ
പാവങ്ങൾ വീഴ്ത്തീടിന് ബാഷ്പനീരിൽ,
വീശട്ടെ പൊൻപങ്ക; യവന്റെ മെയ്യിൽ
ദീനന്റെ ദീർഘോച്ഛ്വസിതം പതിപ്പു;
പാടട്ടെ വന്ദീന്ദ്രർ; അവന്റെ കാതി-
ലാര്‍ത്തന്റെയാക്രന്ദശരം തറയ്പ്പൂ.
പ്രാസാദമേറാൻ പണിയാര്‍ന്നൊതുങ്ങും
നിദ്രയ്ക്കു മേൽ നേത്രമവൻ പതിച്ചാൽ
ഹാ! ചാൺ, മുഴം, നാഴിക, കാത, മിമ്മ-
ട്ടബ്ഭീരു മേന്മേലകലത്തു മാറും.
ഭാരം പെറും പൊന്മുകടം വഹിച്ചു
മാറാത്തലക്കുത്തിൽ വലഞ്ഞ മന്നൻ
പതിഞ്ഞിരിപ്പീല പരക്കെ മുള്ളാം
ഭദ്രാസനത്തിൽ പരമാനുകമ്പ്യൻ.
സുഖം-സുഖം- ക്ഷ്മാതലസാര്‍വഭൌമർ
തൊഴും മുനിശ്രേഷ്ഠർ സുഖത്തെ നേടാം;
നിഷ്കാമർ, നിഷ്ക്രോധർ, നിവൃത്തിനിഷ്ഠർ;
നിർദ്വന്ദ്വർ, നിഷ്കന്മഷർ, നിത്യതൃപ്തർ.
മേവുന്നു യോഗീശ്വരരങ്ങുമിങ്ങും
വിശ്വപ്രപഞ്ചവ്യവഹാരബാഹ്യർ;
തത്വം നിനച്ചാൽ ധരമേലവര്‍ക്കും
തൻകാര്യമൊന്നേ കുറിയെന്നുതോന്നും.
തന്നാൽ കരേറേണ്ടവരെത്രപേരോ
താഴത്തു പാഴ്ച്ചേറിലമര്‍ന്നിരിക്കേ
താനൊറ്റയിൽ ബ്രഹ്മപദം കൊതിക്കും
തപോനിധിക്കെന്തൊരു ചാരിതാർത്ഥ്യം?
ദിവാനിശം ദാന്തർ പിതാവൊടേതോ
പേരേടിനൊപ്പിച്ചു കണക്കുതീര്‍ക്കേ
അതിങ്കൽ നിന്നന്യജനങ്ങൾ നേടു-
മാദായമെന്തെന്നറിവീല ലോകം.
ശരീരദാസ്യാശയിൽ നിന്നു പാർത്താൽ
സായുജ്യലാഭസ്പൃഹ ധന്യധന്യം;
അതന്യദുഃഖപ്രദമല്ല; മുറ്റു-
മാമ്മോദ്ധൃതിക്കാസ്പദമാണു താനും.
ആയില്ല മര്‍ത്ത്യക്കതുകൊണ്ടു മാത്ര-
മാനന്ദലബ്ധിക്കുവകാശലേശം;
സ്വാര്‍ത്ഥോൽസുകന്മാരിവരേതുമട്ടിൽ
സുഖിക്കിലെ,ന്തസ്സുഖമാര്‍ക്കു വേണം?
സുഖം- സുഖം- യോഗിദുരാപമാമി
സ്സൂനം ലസിക്കും സുമവാടിയേതോ?
ആത്മാര്‍ച്ചനത്തിന്നതിലാശവയ്പോ-
നാകാശപുഷ്പാപചയാഭിലാഷി
പ്രപഞ്ചമാം പാൽക്കടലാവതും നാം
പറിച്ചമട്ടൊക്കെ മഥിച്ചു നോക്കാം;
സ്വഭോഗമാത്രോചിതമായ് ലഭിക്കും
സുഖാമൃതം ദുഃഖവിഷാംബുമിശ്രം.
തിര്യക്കിനും സ്നിഗ്ദ്ധമതിന്റെ ഗോത്രം;
ആനപ്പുറത്തേറുമൊരാനയില്ല;.
സ്വാര്‍ത്ഥത്തെ വാങ്ങാൻ സ്വകുലത്തെ വില്ക്കും
മാപാപിയേകൻ മതിമാൻ മനുഷ്യൻ.
ഈറ്റില്ലവും പട്ടടയും നിനയ്ക്കി-
ലിങ്ങേതുമങ്ങേതും; ഇടയ്ക്കും വന്നോ
തൻ ചാൺ വയറ്റിൻ കനലിന്നു കത്താൻ
ത്രൈലോക്യമത്രേ വിറകെന്നു ഭാവം!
വളക്കുഴിക്കുള്ളിലിരുന്നു നമ്മൾ
ണത്തിനായ് വര്‍ത്തി കൊടുത്തിടുന്നു;
വേകുന്ന വീട്ടിന്നകമേ കിടന്നു
വിശ്രാന്തി തേടുന്നു വിവേകശൂന്യർ.
നമുക്കു ചുറ്റും വറുതിപ്പിശാചു
നാനാവിധം നര്‍ത്തനമാടി നില്ക്കേ
അപ്പട്ടടപ്പാഴ്മണലാര്‍ക്കു നല്കു-
മാനന്ദഹർമ്മ്യത്തിനൊരസ്ഥിവാരം?
ആകാശദേശത്തെയസാമ്യപീഡ-
യാക്രോശനത്താൽ മുഖരീകരിക്കേ
അതൊന്നശേഷ "ശ്രുതി" ഭാക്കുകൾക്കും
ഹാ "പഞ്ചമാ"ലാപ, മലഭ്യമന്യം,
പാഴിൽക്കിടക്കും പരിതഃസ്ഥലത്തെ-
പഴിപ്പതെക്കാളൊരു പാപമുണ്ടോ?
അതെത്രയോ മുൻപലർ തിങ്ങിവിങ്ങു-
മാരാമമാകാത്തതിനാർ പിഴച്ചു?
ആഴിക്കുമേൽ വീഴുമൊരംബുബിന്ദു-
വശുദ്ധിഭീതിക്കടിമപ്പെടുന്നു;
താഴെപ്പെടും ശുക്തിയെ മുക്തിയാക്കി-
ദ്ധന്യത്വമേല്പാനതിനില്ല ഭാഗ്യം.
കോടീശർ ഹാ! കൂലികളെ; സ്സവർണ്ണ-
രവര്‍ണ്ണരെ, പൂരുഷർ നാരിമാരെ;
പാശ്ചാത്യർ പൌരസ്ത്യരെയും; കഴിഞ്ഞു
കാൽക്കീഴമര്‍ത്തീടിന കാളരാത്രി.
ഒരച്ഛനമ്മയ്ക്കു പിറന്ന മക്കൾ-
ഓര്‍ത്താലൊരൊറ്റത്തറവാട്ടുകാർ നാം;
നാഥന്റെ മുറ്റത്തിൽ വിളഞ്ഞിടുന്ന
നന്മുന്തിരിക്കൊത്തു മനുഷ്യവർഗ്ഗം.
"കുടിച്ചു ചാകുമ്പോഴുമൊട്ടുമൊപ്പം
കൂടെപ്പിറന്നോര്‍ക്കു കുടിച്ചുകൂടാ!"
എന്നാകിലെന്നോ ഭവസിന്ധുപാര-
മീവഞ്ചിയിൽ കേറിന നമ്മൾ കാണ്മൂ?
ദാനത്തിനത്രേ വിഭവം നമുക്കു;
സന്താനലാഭത്തിനു ധർമ്മപത്നി;
തത്വാവബോധത്തിനു ബുദ്ധിശക്തി;
ലോകോപകാരത്തിനു മർത്ത്യജന്മം
ആര്‍ത്തസ്വരം കേട്ടൊരു കാതു കാതു;
കാരുണ്യമാര്‍ന്നീടിന ദൃഷ്ടി ദൃഷ്ടി;
സാന്താക്തിയോതീടിന ജിഹ്വ ജിഹ്വ;
സാധുക്കളെത്താങ്ങിന ബാഹു ബാഹു.
നാമെത്ര താഴത്തു വസിക്കിലെന്തു?
നമുക്കുമുണ്ടാം ചിലർ താഴെ വാഴ്‍വോർ;
അക്കൂട്ടർതൻ രോദനകാളകൂട-
മാനന്ദഗാനാമൃതമാക്കിമാറ്റാം.
അതാ ; മലർക്കാവിൽ വിരിഞ്ഞു നില്ക്കു-
മാറോയയിങ്ങോട്ടു കുളുക്കെ നോക്കി
പാൽപ്പുഞ്ചിരിക്കൊഞ്ചൽ പൊഴിച്ചു നമ്മെ-
പൈന്തെന്നലാൽ വീശുവതെത്ര രമ്യം!
ആതിഥ്യവൈയഗ്ര്യമതിന്റെ മുഖത്തി-
ലങ്ങിങ്ങു ഘർമ്മാംബുവലങ്കരിപ്പൂ;
ആനന്ദമേതുണ്ടമൃതോപമങ്ങ-
ളാമൌക്തികങ്ങൾക്കു വിലപ്പെടാതെ?
ഇനന്റെ ചെന്തീക്കതിർമാരി നിത്യ-
മിടംപെടും തൻ തലകൊണ്ടു താങ്ങി
നമ്മൾക്കു പച്ചക്കുടയും പിടിച്ചു
തേന്മാവതാ ദീനദയാലു നിൽപ്പൂ
ഉല്ലാസമുൾക്കൊണ്ടുയരെപ്പറക്കു-
മൊരോമനപ്പൈങ്കിളി നമ്മെ നോക്കി
ചെവിക്കുരുന്നിൽത്തെളിതേൻ തളിക്കും
സ്വാതന്ത്ര്യസങ്ഗീതമുതിര്‍ത്തിടുന്നു.
ഇറുപ്പവന്നും മലർ ഗന്ധമേകും;
വെട്ടുന്നവന്നും തരു ചൂടകറ്റും;
ഹനിപ്പവന്നും കിളി പാട്ടുപാടും;
പരോപകാര പ്രവണം പ്രപഞ്ചം
ഉദിച്ചു രണ്ടക്ഷരമാദിയിങ്കൽ-
ഓങ്കാരബിജപ്രഥമപ്രരോഹം-
സ്നേഹം പ്രകൃത്യംബ കരത്തിലേന്തും
ദീപം പ്രകാശിപ്പതിന്റെ പ്രഭാവം
യാതൊന്നു ദൈവത്തിനു മൂര്‍ത്തിൽ പോലും;
യാതൊന്നു വിശ്വത്തിനു തൂണുപോലും;
യാതൊന്നു മോക്ഷത്തിനും കോണിപോലും;
ആ സ്നേഹം- ആ സ്നേഹം- അഹോ! ജയിപ്പൂ!
സ്നേഹിക്ക നാം നമ്മെ മറന്നു സാക്ഷാൽ-
ദൈവത്തെയോത്തത്ഭുതമിപ്രപഞ്ചം;
ദയാർദ്രമാം നമ്മുടെ ദൃഷ്ടിഗങ്ഗ
താഴോട്ടു താഴോട്ടൊഴുകട്ടെ മേന്മേൽ.
അദക്ഷനാണൊന്നുകിലാഴികാഞ്ചി-
യപൂര്‍ണ്ണമായ്ത്തീർത്തവനാദിശില്പി;
അല്ലെങ്കിൽ നമ്മോടതു പൂര്‍ണ്ണമാക്കാ,-
നറിഞ്ഞു ധീതന്നരുൾചെയ്തിടുന്നോൻ;
ആരാണിതിൽ ദൈവമതോർത്തു നമ്മ-
ളന്യോപകാരപ്രതമാചരിക്കാം;
ഈശന്റെ പൂന്തോപ്പിള; നീളെ നീളെ-
സ്നേഹാമൃതത്താലതു സിക്തമാക്കാം,
വിധിച്ചൊരീ വേല നമുക്കു ചെയ്യാം;
വിശ്വേശ്വരൻ വേതനമേകിടേണ്ടോൻ;
ആരോഢ്യരാരന്ത്യജർ? ആരുമെര്‍പ്പ-
മാസ്വാമിയെച്ചേര്‍ന്ന കൃഷിപ്പണിക്കാർ. (യുഗ്മകം)
"ലോകാസ്സമസ്താസ്സുഖിനോ ഭവന്തു"
ഇതാര്യരെക്കാത്തിടുമേകമന്ത്രം;
ആ മന്ത്രമോതുന്നവരമ്മഹസ്സി-
നായിസ്സു ഹോമിക്കുകിൽ മാത്രമാര്യർ.
സുഖം -സുഖം കൈവശമുള്ള വസ്തു
കാന്താരമെങ്ങും തിരയുന്നു നമ്മൾ!
പരം സുഖപ്രാപകമിപ്രപഞ്ച-
പാഥേയമാകുന്ന പരോപകാരം.