ഭാരതസാമ്രാജ്യലക്ഷ്മിക്കു ഭർത്താവാം
വീരരിൽ വീരൻ ജിഹാങ്ഗീർ മൂന്നം
കാശ്യപീരംഭയാം തന്നോമൽ പ്രേയസി
നൂർജിഹാൻ ബീഗത്തോടൊത്തുകൂടി,
സര്‍വാഭിസാരസമന്വിതൻ, ശാത്രവ-
നിര്‍വാപണത്തിനു ബദ്ധകക്ഷൻ,
ചന്ദ്രഭാഗാതടം പ്രാപിച്ചാൻ ശാരദ-
ചന്ദ്രൻ വിയന്നദീതീരംപോലെ.
കാണായിതദ്ദിക്കിലേതാനുമുണ്ണികൾ
ചേണാര്‍ന്നലീലകളാടിയാടി
കർപ്പൂരലേപനം കാണ്മോർതൻ കണ്ണിനു-
മുൾപ്പൂവിനും ചേർത്തു നില്പതപ്പോൾ.
പുണ്ഡരീകങ്ങളാൽ പൂര്‍ണ്ണമാം പൊയ്കയി—
ലന്നക്കിടാങ്ങൾ പറക്കുകയോ?
ആകാശവീഥി വിട്ടഞ്ചെട്ടുതാരങ്ങൾ
ലോകാന്തരം ചുറ്റിക്കാണുകയോ ?
എന്താണനന്തഫണത്തിൽക്കളിക്കയോ
'സന്താനഗോപാല' ബാലകന്മാർ?
എന്നേവം കാണികൾക്കേതുമട്ടെല്ലാമോ
സന്ദേഹം തോന്നുവാൻ തക്കവണ്ണം,
അമ്മണിയുണ്ണികളാറ്റിന്‍ വിരിവാർന്ന
വെണ്മണൽത്തട്ടിൽ വിഹാരമാന്നോർ
ആ വിജിഗീഷുവാമബ്ധികാഞ്ചീന്ദ്രനെ-
ക്കേവലം ലീലയാൽക്കീഴടക്കി.
വാരിയെടുത്തു കിടാങ്ങളെ മന്നവൻ
മാറോടണച്ചുപുണർന്നു മേന്മേൽ,
പുത്തനാം പൂഴി പുരണ്ടൊരു പൂമേനി
മുഗ്ദ്ധഹർഷാശ്രുവിൽ മുക്കിമുക്കി,
ഓതിനാൻ-“എന്നോമൽത്തങ്കക്കിടാങ്ങളേ!
മേദിനീമംഗളദീപങ്ങളേ!
പേർത്തുമേ നിങ്ങളെക്കാൺകയാലിദ്ദിനം
സാർത്ഥജനനങ്ങളെന്മിഴികൾ.
പാദുഷാവല്ലോ ഞാനിൻഡ്യാമഹാരാജ്യം
പാലിക്കും രാജാധിരാജനല്ലോ
വന്നാലുമെന്നോടുകൂടവേ; വേണ്ടതെ-
ന്തെന്നാലതെല്ലാം ഞാനേകുമല്ലോ.
മേടിപ്പിൻ ചെങ്കോലെൻകൈയിൽ നിന്നുണ്ണികൾ;
ക്രീഡിപ്പിൻ രത്നസിംഹാസനത്തിൽ;
ചൂടുവിൻ സാമ്രാജ്യപ്പൊൻമുടി; സാമ്പ്രതം
നേടുവിൻ മർത്ത്യലോകാധിപത്യം"
ആവാക്കുകേട്ടോരു ബാലരുരചെയ്താർ:-
"ദേവ! ഭവാനെത്തൊഴുന്നു ഞങ്ങൾ
പെറ്റമ്മതന്നങ്കപര്യങ്കമെന്നിയേ
മറ്റെന്തു ഞങ്ങൾക്കു ഭദ്രാസനം?
മാതാവു നല്കിടുമോടക്കുഴലിനു
മീതെയായ് ഞങ്ങൾക്കു ചെങ്കോലുണ്ടോ?
ഉച്ചി മുകരുമ്പോൾ തായയാൾ ചാർത്തുന്നു
പിച്ചയിൽ ഞങ്ങൾക്കു പൊല്ക്കിരീടം.
വത്സർക്കെന്തേകുവാൻ ശക്തയ,ല്ലപ്പുത്ര-
വത്സലയായുള്ള കാമധേനു?
പോയാലും സമ്രാട്ടേ! ഭൂമിയിൽ ഞങ്ങൾക്കു
തായ താൻ രാജാവും ദൈവതവും,
നോക്കുക! വെണ്മണൽത്തട്ടു വിട്ടർക്കൻതൻ
പോക്കുകതിരുകൾ നീങ്ങും മുൻപേ-
മാടിവിളിക്കുമാ മാനത്തേയുണ്ണിക-
ളോടിയൊളിച്ചുകളയും മുൻപേ,
കേളിയിൽ ഞങ്ങളവയുമായത്തെല്ലൊന്നു
മേളിക്കിലങ്ങേക്കു ചേതമെന്തേ?
ഞങ്ങളിസ്സായാഹ്നസൂരകരങ്ങളിൽ
മംഗളമഞ്ഞനീരാടിടട്ടെ.'’
എന്നക്കുമാരരുരചെയ്തവാക്കുകൾ
മന്നർക്കുമന്നൻ ജിഹാങ്ഗർ കേൾക്കേ
ഓതിനാൻ വീണ്ടും: “കിടാങ്ങളേ! നിങ്ങളെ
ഹാ! തൊട്ടു പോയല്ലോ ഞാൻ പതിതൻ.
സ്വച്ഛന്ദം വാനത്തു വീണ്ടുമെന്നോമന-
പച്ചക്കിളികൾ പറന്നുകൊൾവിൻ.
ആകാശാലങ്കാര ദീപങ്ങളാകേണ്ട
ലോകാശാങ്കൂരങ്ങളല്ല നിങ്ങൾ ?
മൂഢൻ ഞാൻ നിങ്ങൾക്കു താമസിപ്പാനൊരു
ഹാടകപഞ്ജരം തീർക്കുന്നീല
പോകുവിൻ പോകുവിൻ നിങ്ങളിൽത്താൻകാൺമൂ
ലോകത്തിൽ സംസ്ഥിതി പണ്ഡിതന്മാർ"
വിശ്ലിഷ്ടഹംസനാ വീരസേനാത്മജ-
നശ്രുജാലാർദ്രനയനൻ പിന്നെ
വൈവശ്യമാർന്നു പടഗൃഹം പ്രാപിച്ചാൻ
ശേവധി പൊയ്പോയ രാജരാജൻ:-
ഓർക്കയും ചെയ്താൻ:- "ഒരു ഞൊടി ഹന്ത! ഞാ-
നാക്കുമാരന്മാരിലൊന്നായാലോ!
അന്നൽപ്പുഴക്കരപ്പൂഴിത്തരികൾകൊ-
ണ്ടെന്നംഗരാഗമിയറ്റിയാലോ!
ഭാരതസാമ്രാജ്യാധീശ്വരൻ പോലും ഞാൻ!
സ്ത്രീരത്നലാഭകൃതാർത്ഥൻ പോലും!
മോഗല വംശമണിപ്രകാണ്ഡംപോലും!
ഭാഗധേയത്തിൻ നികേതംപോലും !
ഏതാദൃശോക്തികൾ വ്യാജസ്തുതിചെയ്യും
വൈതാളികർക്കു പിഴയ്ക്കാൻ കൊള്ളാം!
ധിക്‌ധിക്കെൻജീവിതം! ദൈവമേ! മാനുഷ-
വ്യക്തിളെന്നെപ്പോലന്യരുണ്ടോ ?
ഭാരം പെരുകുമിപ്പാഴ്മുടിചൂടി ഞാൻ
പാതാളത്തോളവും താഴുമാറായ്
നദ്രിയിൽ നേത്രം നിമീലതമാകാത്ത
മദ്രാജരാജത്വമെത്രമോശം!
ഭാഗ്യവന്മാരുണ്ടിപ്പാരിലെന്നാലതാ
ശ്ലാഘ്യചരിതർ കിടാങ്ങൾ മാത്രം.
പാപിഞാൻ ലേശമബ്ബാലർതൻ പാർശ്വത്തെ
പ്രാപിപ്പാൻ പോലുമയോഗ്യനല്ലോ.
എന്നെ വെടിഞ്ഞവർ പോയതു തെറ്റല്ല-
മന്ദനെശ്ശാസ്ത്രങ്ങളെന്നപോലെ.
ബാല്യമെനിക്കു തിരിച്ചു തരുന്നോർക്കു
മൂല്യമായ് ഞാൻ നല്‌കാം സർവസ്വവും"
ഓരോന്നിവണ്ണം നിരൂപിച്ചു മന്നവൻ
സൂരോദയം വരെ സ്വാപമെന്യേ
ഹൃത്തിങ്കലെങ്ങുമനുശയസൂചിക്കു
കുത്തിത്തുളയ്ക്കാൻ പഴുതുനല്കി.
അദ്ധന്യർക്കുള്ളോരളീകഹാസാഞ്ചിത-
വക്രാബ്ജം ധ്യാനിച്ചു നിർവൃതനായ്
തല്പത്തിൽ മേവിനാൻ തത്താദൃശാഭയാം
വൽപത്നിയേയും വെറുത്തവനായ്,
ജീവിതവാസരകാല്യമേ! ബാല്യമേ
ജീവിതഹായനമാധവമേ!
ജീവിതകാലകൃതയുഗമേ! നിത്യം
നീ വിജയിപ്പൂ നിരസ്തദോഷം,
ജീവിതസംഖ്യാനകാനിഷ്ഠികമായും
ജീവിതപ്രാസാദസ്തംഭമായും
ജീവിതമന്ത്രപ്രവണമായും നിത്യം
നീ വിജയിപ്പൂ നിസർഗ്ഗരമ്യം.