Loading...
Home / സാഹിത്യം / പുതിയവ / ഉള്ളൂര്‍ കവിത / 1 തരംഗിണി / അഹർമ്മന്ത്രം ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍
Author: ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

അഹർമ്മന്ത്രം

ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

ദേഹത്തിന്നാത്മാവിനെദ്ദാസ്യവിക്രയം ചെയ്തും,
മോഹമാം പാഴ്ക്കൂപത്തിൽ മുറ്റുമേ മുഴുകിയും,
കാശിനെത്താൻ ദൈവമായ്‍ക്കല്പിച്ചും, വൃഥാ മത്ത-
കാശിനീഭോഗത്തിൽത്താൻ കൈവല്യമാരോപിച്ചും,


പോയെങ്ങു പറ്റേണ്ടതെന്നോര്‍ക്കാതെ മാനുഷ്യമാ-
മായുസ്സിന്നെന്തർഘമെന്നല്പമൊന്നാരായാതെ
കാലത്തിൻ പലായനം കാണുവാൻ കണ്ണില്ലാതെ
കാലപാശാകൃഷ്ടർ നാം കഷ്ടമേ! കളിക്കുന്നു,


ബദ്ധരാം നമ്മേ വീണ്ടും മുക്തരാക്കുവാനീശ-
നെത്ര മേലഹോരത്നമേകുന്നു വീണ്ടും വീണ്ടും!
ആ രത്നം കൈമാറ്റം ചെയ്താത്മനിഷ്ക്രയം നേടാ-
നാരുമേ യത്നിപ്പീല ജാഡ്യത്തിൻബലത്തിനാൽ,


ഘ്രാണിച്ചും, മുകർന്നും, നാം നക്കിയും, കുടിച്ചുമ-
ച്ചേണെഴും മണിക്കുള്ള തത്വത്തെ ഗ്രഹിക്കാതെ
തള്ളുന്നു ദൂരത്തേക്കു; ദാതാവിൻ നേർക്കയ്യയ്യോ!
പല്ലിളിച്ചും കാട്ടുന്നൂ രണ്ടുകാൽക്കുരങ്ങന്മാർ


ഹ്രീ തുലോമാര്‍ന്നാരത്നമോരോന്നും വന്ധ്യോദ്യമം
ഭൂതകാലാരൂപാരം പുക്കടിഞ്ഞൊളിക്കുന്നു.
പ്രീതനായ് നമുക്കിതാ! പിന്നെയും വിശ്വേശ്വരൻ
നൂതനം സദ്രത്നമൊന്നേകുന്നു തത്സന്നിഭം.


വിദ്രുതം വ്യോമത്താളിൽ സൌവര്‍ണ്ണലിപികളാൽ
മുദ്രിതം തൽസന്ദേശം വായിപ്പിൻ! കണ്ണുള്ളവർ;
പ്രത്യുഷമന്ദാനിലൻ പ്രത്യേകം മന്ത്രിക്കും ത-
ത്തത്വോപദേശം കേൾപ്പിൻ സത്വരം കാതുള്ളവർ.


ആയിരം കരങ്ങളാലാദിത്യനര്‍പ്പിച്ചീടു-
മാരത്നമസ്മാദൃശര്‍ക്കക്ഷയസമ്പൽപ്രദം.
യാമിനീപങ്കം പെറ്റൊരപ്രഫുല്ലാംഭോരുഹം
ശ്രീമഹാലക്ഷ്മിക്കുള്ള ദിവ്യമാം നികേതനം.


ആദരിക്കുവാൻനമ്മൾക്കര്‍ഹനീയാഗന്തുക-
നാതിഥേയത്വം കൊണ്ട് ഗാർഹസ്ഥ്യം ഫലപ്പെടൂ.
അഗ്രനാം പരിവ്രാട്ടേ! വന്നിടാമഹസ്സേ! ഞാ-
നർഘ്യപാദ്യാദ്യങ്ങളാലങ്ങയെപ്പൂജിക്കട്ടേ.


നന്മ നൽകുവോൻ സിദ്ധനായകൻ ഭവാനെന്നൊ-
ന്നെന്മതിക്കോര്‍ക്കാമെങ്കിലിജ്ജന്മം സഫലമാം.
അന്തികേ പരീക്ഷിക്കാമങ്ങു ദുർവാസസ്സെങ്കിൽ
കുന്തിയാണിന്നെന്മതി കണ്വനന്ദിനിയല്ല.


അഞ്ചിതാദരം പൂജിച്ചാര്യനാം ഭവാങ്കൽ നി-
ന്നഞ്ചു നൽവരം വാങ്ങിയസ്സാധു കൃതാര്‍ത്ഥയാം.
ധർമ്മമേ ചരിക്കാവൂ, സത്യമേ വാദിക്കാവൂ;
കർമ്മത്തെപ്ഫലാസക്തി കൈവിട്ടേ ചെയ്തിടാവൂ;


പാരിടം നന്നാകുവാൻ ക്ലേശിച്ചേ ഭുജിക്കാവൂ;
വൈരികൾ ഷഡ്ഭാവങ്ങൾ വേർമാഞ്ഞേ ശയിക്കാവൂ;
പേര്‍ത്തുമീവരങ്ങളാൽ മേലിൽഞാൻഞാനായ് സാക്ഷാൽ
"തത്ത്വമസ്യാ"ദി വാക്യതത്ത്വവിത്താകേണമേ.


പോയതെത്രയോ പോയി പൂര്‍വകാലാഹസ്സുക-
ളായതോര്‍ത്തന്തസ്താപമാര്‍ന്നാലെന്തയ്യോ! ഫലം!
മേൽവരാമഹസ്സുകൾ; വന്നിടാതെയും പോകാം;
ദൈവത്തിൻ ഹസ്തത്തിലാണുത്തരക്ഷണസ്ഥിതി.


സൂചി ഞാൻ തറപ്പീലെൻസ്വാന്തത്തിൽ; മാനം നോക്കി-
യാശപ്പാഴ് മണൽത്തരിക്കോട്ടയും കെട്ടുന്നീല;
ശുദ്ധമേ മിനക്കേടു രണ്ടും; ഞാൻ മഥിക്കിലീ-
വർത്തമാനാബ്ധി തന്നെ നൽകുമെൻ ദേവാമൃതം.


വാടിപ്പൊയ്പോയപ്പൂക്കൾ മണ്ണോടു ചേർന്നിടട്ടേ;
വാടികച്ചെടികളിൽ മൊട്ടുകൾ വളരട്ടേ;
സൌരഭ്യം രണ്ടിന്നുമില്ലെന്മനോനാസാരന്ധ്രം
പാരമീവർത്തമാനഫുല്ലത്താലല്ലോ ധന്യം.


കൌമാരം കഴിഞ്ഞു പോയ് വാർദ്ധക്യം വന്നിട്ടില്ലീ-
ശ്രീമെത്തും വർത്തമാനയൌവനം ചേതോരമം.
എൻവശസ്ഥനായ് ത്തീര്‍ന്നൊരിമ്മഹാബലിഷ്ഠനെ-
ത്തന്നെ ഞാനാശ്രയിച്ചു സര്‍വാഭീഷ്ടവും നേടാം.


കൈകെട്ടിനില്ക്കാതെ ഞാനിഗ്ഗംഗാജലത്തിനാൽ
വേഗമെന്നുത്തമാംഗം പ്രോക്ഷണം ചെയ്തീടട്ടെ;
മജ്ജനത്തിനാൽ മലക്ഷാളനം ചെയ്തൻ മനം
വിശ്വനാഥാംഘ്രിപത്മപീഠമായ് തീർത്തീടട്ടെ