Loading...
Home / സാഹിത്യം / പുതിയവ / ഉള്ളൂര്‍ കവിത / 1 തരംഗിണി / ബാലാംകുരം ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍
Author: ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

ബാലാംകുരം

ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

ചെമ്മേ മുളച്ചീരിലയിട്ടൊരോമൽ-
ത്തേന്മാവിളന്തയ്യിവിടത്തിൽ നിൽപ്പു; 
തെളിഞ്ഞിതേൽപ്പു ജഗദംബതന്റെ
തെന്നൽക്കരത്തിൻ ചെറുതൊട്ടിലാട്ടം.


തൻ കൈകളാലിത്തളിരോമനത്തൈ
തടത്തറയ്ക്കുള്ള തണുത്ത മെയ്യിൽ
ചെങ്കുങ്കുമച്ചാറു തളിച്ചിടുന്നു;
ചുമപ്പുകല്ക്കോപ്പണിയിച്ചിടുന്നു.


തടത്തിലിത്തങ്കമരക്കുരുന്നു
തൻതാതനീശന്റെ നിദേശമേന്തി
പൊങ്ങിത്തുടങ്ങി ഭൂവനാര്‍ത്തിപോക്കാൻ
പൂര്‍വാചലത്തിൽപ്പുലർഞായർപോലെ.


വരാം സഖാവേ! ഭവദാഗമത്തെ
വാനും ഭൃശം പാരുമുദീക്ഷ ചെയ്‍വൂ;
ഭവാദൃശന്മാരുടെ ജീവിതങ്ങൾ
പരോപകാരകപരങ്ങളല്ലീ?


സുപ്രാതമങ്ങേയ്ക്കുരചെയ്തുകൊൾവൂ
തോട്ടം സ്വകീയദ്രുമമർമ്മരത്താൽ;
പ്രാത്ഥിച്ചുനിൽപ്പൂ ഭവികം പ്രഭൂതം
പച്ചക്കിളിപ്പഞ്ചമകൂജനത്താൽ,


ജന്മാതിയത്തിൽ ജഡമാത്രമായി-
പതിച്ചതാം പക്വരസാലബീജം
തന്മാറിടത്തിന്നണിയായ് ധരിച്ചാൾ
സര്‍വം സഹാദേവി ഭവൽസവിത്രി.


ഭൂദേവിതൻ കൈ പുതുമട്ടിൽ നെയ്ത
പുഴിപ്പുതപ്പാലുടലാകെ മൂടി
സംവേശമൊട്ടാത്തരുബീജമാർന്നൂ
സമാധികോലുന്ന തപസ്വിപോലെ


അപ്പൂഴിയോരോന്നുമഹോ! ജഗത്തി-
ന്നന്യോപകാരവ്രതചര്യമൂലം
ധന്യത്വമേകിജ്ജനനാന്തമാര്‍ന്ന
സത്തുക്കൾതൻ മെയ്ത്തരിയായിരിക്കാം.


കലാണിയാം കാശ്യപിതൻ വയറ്റിൽ
കായാധവന്നൊത്ത ഭവാൻ ശയിക്കേ
അറിഞ്ഞിരിക്കാമവയിങ്കൽ നിന്നു-
മാത്മോദ്ധൃതിക്കുള്ളാരവിഘ്നമാര്‍ഗ്ഗം.


വിശുദ്ധമായുള്ളൊരു വേള വന്നു;
ബീജം പ്രരോഹാഭരണം ധരിച്ചു;
തങ്കപ്രകൃത്യുത്സവകേതനത്തിൽ-
തളിർക്കൊടിക്കൂറകൾ പാറുമാറായ്.


മഹീമഹേളയ്ക്കിതു മാറിൽ മിന്നും
മഹാർഹമാണിക്യമണീമതല്ലി;
ചാരുത്വമിത്രയ്ക്കു വരാനിതേതു-
ചാണയ്ക്കു തേച്ചോ ചതുരാസ്യശില്പി?


മര്‍ത്ത്യക്കു സമ്മാനമിവണ്ണമെത്ര-
മാതർമ്മഹീദേവി! മഹാനുഭാവേ!
പ്രസൂതിദുഃഖം പ്രതിമാത്രമേല്ക്കും
ഭാവൽകദിവ്യോദരമേകിടുന് !


പോകുംവഴിക്കമ്മ വിരിക്കുമോമൽ-
പൂമ്പട്ടുപാവാട തെറുത്തുതള്ളി
കല്ലിൽചവിട്ടിക്കഴൽ നൊന്തുനൊന്തു
കാലം തുലയ്ക്കുന്നു കിടാങ്ങൾ ഞങ്ങൾ!


നമോസ്തുതേ നന്ദനകാമധേനോ!
വസുന്ധരേ! വത്സല സത്സവിത്രി!
നശിപ്പതോരോന്നിനുമമ്മയല്ലീ
വായ്പിച്ചു നവ്യാകൃതി ചാരിതാർത്ഥ്യം?


പരേതമാകും പ്രതനാശുഭത്തിൻ
പാഴ്മെയ്യടക്കപ്പെടുകണ്ടിലെങ്ങും
നാൾ തോറുമേതേതു നവീനമായ
നന്മക്കുരുന്നമ്മ നടുന്നതില്ല!


കൈപ്പും ചവർപ്പും കലരും കദര്‍ത്ഥം
കാലക്രമത്തിൽക്കറ തീരെ മാറ്റി
ഭക്ത്യർഹമാക്കുന്നതു ഭൂതധാത്രി!
ഭൂയിഷ്ഠമാം നിൻപുടപാകശില്പം.


ഉലയ്ക്കകം പേര്‍ത്തുമുരുക്കിയൂതി-
യാരോ ചരസ്ഥാവരവസ്തുവിനും
നിറത്തിലും മാറ്റിലുമെത്ര മേന്മ
നീ നല്കിനില്പീല ജനുസ്സുതോറും!


പാതാളത്തിലവാക്ശിരസ്സായ്-
പതിക്കുമോരോ വിഷജന്തുവിന്നും
പ്രത്യഗ്രനക്ഷത്രപദാർപ്പണംതാൻ
ഭാവൽകപാണിദ്വയപാരിപാട്യം.


മൺകട്ട നീ മാറ്റി വെളിക്കു കാട്ടി
മഹീരുഹത്തിന്റെ മഹിതപ്രരോഹം;
പരുത്ത പാറപ്പലകയ്ക്കു നല്കി
പരാർദ്ധ്യദേവപ്രതിമാനരൂപം.


തരത്തിലോരോ തളിർ വീശി വീശി-
ദൈനംദിനം തൻ നില മെച്ചമാക്കി
താരാപഥത്തേക്കുയരുന്നതാമി-
ത്തൈമാമരം സര്‍വമനോഭിരാമം.


മാമൂൽ വിലങ്ങിട്ടു കുടുക്കിടുന്ന
മഹീതലജ്ജേലിലടിഞ്ഞിടാതെ
തഴച്ചു പൊങ്ങുന്നു ഭവാൻ സഖാവേ!
ദൈവം തുറന്നിട്ട നഭസ്ഥലത്തിൽ.


അനന്തവിസ്താരമനോരമങ്ങ-
ളപാരതന്ത്ര്യാഗമപോഷകങ്ങൾ
ആകാശദേശങ്ങൾ വഹിപ്പതില്ല
ഹാ! മര്‍ത്ത്യമാത്സര്യവിഷാണുലേശം.


കാലൂന്നിനില്ക്കുന്നു പിറന്നനാളിൽ-
ക്കൈവന്നതാം കാശ്യപിതൻ തടത്തിൽ;
കേറുന്നു താനും ക്രമവൃദ്ധിയാര്‍ന്നു
ഗീര്‍വാണഘണ്ടാപഥമാം നഭസ്സിൽ;


മുളയ്ക്കവേ മൂടു മറപ്പതില്ല;
മൂടിക്കിടപ്പീല മുടിഞ്ഞ മുക്കിൽ;
ഭവാൻ സ്ഥിതിസ്ഥാപകരിൽ പ്രമാണി;
ഭവാൽപതിഷ്ണുക്കളിലഗ്രഗണ്യൻ. (യുഗ്മകം)


വേഗത്തിൽ വായ്ക്കട്ടെ സഖേ! ഭവാനു
വിശ്വപ്രപഞ്ചോത്സവമായ കാലം
പരാര്‍ത്ഥമായുള്ളൊരു ജീവിതത്താൽ
പാരിച്ച പുണ്യം പുലരേണ്ട കാലം.


ശാഖോപശാഖാഞ്ചിതമായ കായം
താപിഞ്ഛപത്രക്കുടയാൽ മറച്ചും;
മനോജ്ഞമങ്ങിങ്ങതിൽ നൽപ്രവാള-
മാണിക്യരത്നാഭരണം ധരിച്ചും;


പുഷ്പര്‍ത്തുവര്‍പ്പിച്ചൊരു പുത്തനായ
പൂങ്കൊത്തു പൊൻചെണ്ടുകൾ പൂണ്ടു കൊണ്ടും;
ശലാടുസന്താനനിരയ്ക്കു വായ്ക്കും
തൈത്തെന്നലൂഞ്ഞാൽക്കളി കണ്ടുകൊണ്ടും;


ചരാചരങ്ങൾക്കൊരുപോലെ മേന്മേൽ
സര്‍വോത്തരം സാധനപാഠമായി
നിവന്നുയർന്നൂഴിയിലെൻ വയസ്യ!
നീ നില്ക്കുമന്നാൾ നിബരീസപുണ്യൻ (വിശേഷകം)


വളച്ചുവച്ചോരു കരിമ്പുവില്ലിൽ
ബാണം തൊടുക്കട്ടെ മനോജദേവൻ;
ഖാദിച്ചിടട്ടേ മൃദുഖണ്ഡഖാദ്യം
ഗാനാൽ കമാകും കളകണ്ഠകണ്ഠം;


ഇങ്ങങ്ങു ചാഞ്ചാടി വലഞ്ഞു കേഴു-
മിന്ദിന്ദിരത്തിൻ തൃഷ തീർന്നിടട്ടേ;
ചിരോപവാസവ്രതപാരണയ്ക്കു
ശീഘ്രം പതംഗങ്ങൾ മുതിർന്നിടട്ടേ ;


ഛായാസമാലംബനമാര്‍ന്നിടട്ടേ-
ചണ്ഡാംശുതാപർദ്ദിതരദ്ധ്വനീനർ;
മൂലം തപസ്യാസ്പദമാക്കിടട്ടേ
മോക്ഷം കൊതിക്കുന്ന മുനിപ്രവേകർ;


നീഡങ്ങൾ തീര്‍ക്കട്ടെ ഗൃഹസ്ഥരായ
കീരങ്ങൾ, ഹർമ്മ്യങ്ങൾ ധനാഢ്യർപോലെ;
പാടട്ടെ നിത്യം പ്രകൃതിപ്രഭാവം,
പ്രപഞ്ചതത്വജ്ഞർ കവീന്ദ്രർപോലെ;


പരാഗസമ്മജ്ജനമാര്‍ന്നിടട്ടേ
സഹ്യാദ്രിമന്ദാനിലഗന്ധദന്തി;
അപ്പൂമ്പൊടിത്തങ്കമഷിക്കുറിപ്പാൽ
ദിഗ്ഭിത്തിവാഴ്ത്തട്ടെ ഭവൽപ്രശസ്തി. (കളങ്കം)


വാവിട്ടു കാറ്റൊട്ടു വരാനിരന്നും,
മന്ത്രം ജപിച്ചും, മണൽ നുള്ളിയിട്ടും,
വീഴും പഴം മുണ്ടിൽ നിറച്ചുവച്ചും;
വീർത്തും വിയർത്തും വെറുതേ തകർത്തും;


പൊക്കിപ്പിടിച്ചോരു കഴുത്തു; തീരെ-
ത്താഴത്തു നില്ക്കാത്ത കഴൽപ്പദങ്ങൾ;
വാക്കേറ്റമോതാനുഴറുന്ന നാക്കു;
മാനത്തു ചിമ്മാതെ നിലച്ച ദൃഷ്ടി;


ഈമട്ടിലുര്‍വീനയനോത്സവങ്ങ-
ളീശന്റെ വാത്സല്യമണിക്കുടങ്ങൾ,
കൂടട്ടെ പൊന്നുണ്ണികൾ നിൻചുവട്ടിൽ
ഗോവിന്ദപാദത്തിൽ മുനീന്ദ്രർപോലെ. (വിശേഷകം)


ആരാമലക്ഷ്മിക്കണികേശപട്ട-
മാകാശതാരാവലിയാലണച്ചും;
വെൺതിങ്കളെക്കൊണ്ടു മുകൾപ്പരപ്പിൽ
മിന്നാമിനുങ്ങിൻകളി കാട്ടിയിട്ടും;


തെന്നൽ തട്ടിച്ഛദകങ്ങൾ മുളും
താരാട്ടുപാട്ടാം കുളിർതാരിളന്തേൻ
കൂടേറിവാഴും കിളികൾക്കുറങ്ങാൻ
കോരിച്ചെവിക്കൂമ്പുകളിൽത്തളിച്ചും;


തളർന്നു കൈകാലുകൾ നീട്ടിയുള്ള
ചരാചരസ്വാപദശാന്തരത്തിൽ
നിഷ്പന്ദനേത്രം നിഖിലേശിതാവിൽ
നിത്യം നിദിധ്യാസനശീലമാര്‍ന്നും;


സന്താപമേകാൻ വരുമര്‍ക്കരശ്മി
ശൈത്യാർദ്രമാക്കും പകൽ മാത്രമല്ല,
മഹീമുഖത്തിൽക്കരിതേപ്പിനെത്തും
രാവിങ്കലും നീ രമണീയചര്യൻ. (കലാപകം)


തപ്താംശുബാണങ്ങൾ തറച്ചിടട്ടേ
സാധോ! ഭവന്മൂർദ്ധ്‌നി സഹസ്രപാദൻ,
മേഘങ്ങളെക്കൊണ്ടിടവിട്ടിടാത്ത
പേമാരി തൂകട്ടെ സഹസ്രനേത്രൻ,


തീച്ചട്ടിവച്ചീടുകിൽ വച്ചിടട്ടെ;
തണ്ണീർ തലയ്ക്കാടുകിലാടിടട്ടെ;
കാലാത്മകൻതൻ കളികാണ്മൊരങ്ങു
നിർദ്വന്ദ്വനായ് നിന്ന നിലയ്ക്കും നില്ക്കും. (യുഗ്മകം)


ആമൂലശാഖാഗ്രമമര്‍ന്നിടുന്നൊ-
രശേഷഭൂതങ്ങളെയപ്പൊളപ്പോൾ
ചൂടോ തണുപ്പോ പിണയാതെ പോറ്റും
ഗോവർദ്ധനാതീതഗുണാൽക്കരൻ നീ.


ഛായാസഹായൻ സകലാദ്ധ്വനീന-
സൌഹിത്യസമ്പാദനശക്തിശാലി
കല്യാണകൃത്താമവിടുന്നു തന്നെ
ഗാര്‍ഹസ്ഥ്യഘണ്ടാപഥസാര്‍ത്ഥവാഹൻ,


പാറപ്പരപ്പിൻപടി പാരിലങ്ങു
വികാരമേശാത്ത വിമുക്തനല്ല;
ആഴിക്കുനേരായനുമാത്രമുൾത്ത-
ട്ടാലോലമാകുന്നൊരു ബദ്ധനല്ല;


ചാകുംവരയ്ക്കൽഗതി നേടിനേടി-
ത്തൻജീവിതത്തെച്ചരിതാര്‍ത്ഥമാക്കി
സർവര്‍ക്കുമാനന്ദമിയമങ്ങു
സാമാന്യജീവിക്കനുകാരയോഗ്യൻ (യുഗ്മകം)


അജസ്രമസ്സൽത്തണലാൽക്കുളുർമ്മ
ഹരിന്മണിച്ഛത്രമുയര്‍ത്തിനല്കി
അങ്ങാലവാലക്ഷിതിദേവിയമ്മ-
യ്ക്കാനൃണ്യമേകുന്നൊരനർഘസൂനു,


പൂവാടി ചാർത്തും പുതുവൃക്ഷരോഹ-
ഗ്രൈവേയകത്തിൻ തരളപ്പൊട്ടിപ്പേ!
അടുത്തജന്മത്തിലഭംഗമങ്ങേ-
യാഖണ്ഡലാരാമമലങ്കരിക്കാം.


കൂസാതെ രാവും പകലും കിടന്നു
കൂര്‍ക്കം വലിക്കുന്നൊരു കുംഭകർണ്ണര്‍
മോഹാന്ധരാമെൻ സമസൃഷ്ടികൾക്കി-
ബ്ബോധിദ്രുമം ബുദ്ധത നല്കിടട്ടെ.


അഹോ! നരര്‍ക്കത്ഭുതമിപ്രപഞ്ച-
മാബ്രഹ്മമാസ്തംബമധീതികാവ്യം;
കൈവല്യമേകാനതിലൊന്നു പോരും
കണ്ണുള്ളവന്നും കരളുള്ളവന്നും.