Loading...
Home / സാഹിത്യം / പുതിയവ / ഉള്ളൂര്‍ കവിത / തരംഗിണി / എന്റെ മതം ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍
Author: ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

എന്റെ മതം

ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

I

വിശ്വങ്ങൾ രക്ഷിച്ചു കാത്തഴിച്ചീടുന്ന
സച്ചിദാനന്ദാഭിധാനമൂത്ത!
അങ്ങേശ്ശിരസ്സും പദവും വിബുധേന്ദ്രർ
തിങ്ങളിൽത്തിങ്ങളിൽത്തേടിടുന്നു.


എങ്ങും നിറയുവോനെങ്കിലുമിപ്പൊഴു-
എങ്ങനെയുണ്ടെന്നുമില്ലയെന്നും
പ്രത്യക്ഷമാത്രപ്രമാണനായ് ഗർജ്ജിക്കും
മര്‍ത്ത്യൻ നിനയ്ക്കുന്നു മാറിമാറി.


കാലദേശോപാധി കൈവിട്ടു ദൂരത്തു
മൂലപ്രകൃതിക്കുമപ്പുറമായ്
ചെമ്മേ വിളങ്ങിടുമെൻ പിതാവ, ങ്ങെങ്ങി-
ച്ചർമ്മദൃങ്മാത്രസഹായനാം ഞാൻ?


'നേതി നേതി'യെന്നുപനിഷദംബയു-
മോതിയകലത്തൊതുങ്ങിനില്ക്കെ
ഏതൊരു ദൃഷ്ടികൊണ്ടങ്ങയെക്കാണ്മൂഞാ-
നീദൃക്തയാലുമിയത്തയാലും?


അത്യുച്ചമായുള്ളോരാകാശശീര്‍ഷത്തിൽ
മെത്തും ഭവൽക്ഷേത്രസന്നിധിയിൽ
ഏതുവഴിക്കിഴഞ്ഞെത്താവൂ മാദൃശർ-
പാതാളക്കുണ്ടിലേപ്പാഴ്ക്കൃമികൾ?


കൈക്കെത്തിടാത്തതാണപ്പദമെന്നോര്‍ത്തു
ദുഃഖിപ്പതെന്തിനെന്മാനസമേ!
കണ്ടാലും മുന്നിൽ നീ വായ്പതു മൂന്നോമൽ-
ഘണ്ടാപഥങ്ങൾ സനാതനങ്ങൾ!


ഏതുവഴിക്കു തിരിക്കിലുമീശൻ തൻ
പാദമൂലത്തിങ്കൽ ചെന്നുപറ്റാം,
ചാലവേ തദ്ദിവ്യപീഠത്തെത്താങ്ങീടും
കാലിതിലോരോന്നും തര്‍ക്കമില്ല.


II


കർമ്മമതിലൊന്നു കല്യാണപ്രാപ്തിക്കായ്
ചെമ്മേ വിവേകം തെളിച്ച മാര്‍ഗ്ഗം
തിന്മയാംകൂരിരുൾ നീക്കിജ്ജഗത്തിതിൽ
വെണ്മതി മേല്ക്കുമേൽ മിന്നും മാര്‍ഗ്ഗം


ആകവേ തന്മൂലം ലോകമരാജക -
മാകുവാനാശിക്കും തസ്കരനും
തൻ കോശം കാക്കുവാൻ രാജാവൊരാളുടെ
ചെങ്കോൽത്തണലിനെത്തേടിച്ചെൽവൂ.


ആരുടെ പത്നിയും തൻമെത്തയേറുവാൻ
പാരം കൊതിച്ചീടും പാതകിയും
തന്നോമൽ കാന്തയാൾ സാവിത്രിയായ്‌ത്തന്നെ-
യെന്നെന്നും ജീവിപ്പാനിച്ഛകൊൾവൂ.


ജീവജാലങ്ങൾ മുഴുവനൊരുമട്ടിൽ
മേവണം തന്റെനേര്‍ക്കെന്നു വന്നാൽ
സാമ്പ്രതം മറ്റൊരു മട്ടിലവയുമായ്-
ത്താൻ പെരുമാറുക സാദ്ധ്യമാമോ?


ഏകുവതേതു നേടാം തിരി; ച്ചാരും
പാകിയ വിത്തെന്ന്യേ കൊയ്കയുണ്ടോ?
ഇപ്പാരാം ചന്തയിൽ രണ്ടു താപ്പാവാമോ
വില്പാനും വാങ്ങാനും വേറേ വേറേ?


അന്യരിൽനിന്നു താനാശിപ്പതോരോന്നു-
മന്യര്‍ക്കും തന്നിൽനിന്നാശിക്കാതേ
പോംവഴിയില്ലാത്ത മട്ടല്ലോ ലോകത്തിൻ
സാംസിദ്ധീകമായ സംവിധാനം.


എന്നാളിത്തത്വം ധരിക്കുന്നു മാനുഷ-
നന്നാൾ മുതല്ക്കവൻ, സ്വാര്‍ത്ഥഹീനൻ,
കർമ്മമാർഗ്ഗത്തിൽ ചരിക്കുന്നു ദൈവത്തെ-
ദ്ധർമ്മമുകരത്തിൽ നോക്കിനോക്കി.


ഭൂവിതശേഷമവനു തറവാടാം;
ജീവികളെല്ലാമുടപ്പിറപ്പാം;
ഏകമാം ഭിന്നിച്ച ജാതിമതാദികൾ;
ലോകോപകാരമാം നിത്യകർമ്മം.


ദുഷ്കൃത്യം ചെയ്‍വോനും തന്നുടെ നാവിനാൽ
സൽകൃത്യം നല്ലതെന്നോതുന്നീലേ?
കൃത്യവും വാക്കും പിഴപ്പോനും തന്നുള്ളം
കർത്തവ്യമെന്തെന്നു കാട്ടുന്നീലേ?


അന്തഃകരണത്തിൻ സന്നിധിയിൽ ഖലൻ
തൻതല നാണത്താൽ താഴ്ത്തിത്താഴ്ത്തി
ഘോരാനുതാപതുഷാഗ്നിയിലേകനായ്
നീറി നിറം കെട്ടു നില്ക്കുന്നീലേ ?


പാഥസ്സും പാലും തിരിച്ചറിഞ്ഞീടുവാ-
നേതൊരു മാനസഹംസത്തിന്നും
പാടവം നല്‌കിക്കൊണ്ടെൻ മുന്നിൽ മിന്നുന്നു
കോടിസൂര്യാഭന,ങ്ങെൻ പിതാവേ!


സത്യസ്വരൂപനായ് ധര്‍മ്മാത്മാവായ് സാക്ഷാൽ
കൃത്യാകൃത്യോപദേശാചാര്യനായ്
നിർമ്മായമങ്ങയെക്കണ്ടു ജയിച്ചാവൂ
ജന്മാന്തരാര്‍ജ്ജിതമെൻ സുകൃതം!!


III


സന്മാര്‍ഗ്ഗമാമതിൻ ചാരത്തായ് ജ്ഞാനമാം
ചിന്മാര്‍ഗ്ഗം മറ്റൊന്നു കണ്ടിടുന്നു.
പൃത്ഥ്വിയിലൂടെ ഗമിപ്പതു മുൻചൊന്ന-
തബ്ധിയിൽക്കൂടിച്ചരിപ്പതന്യം.


മേളിക്കുന്നുണ്ടൊന്നു ദൂരത്തിലങ്ങേതോ
കാലിക്കുളമ്പിന്റെ പാടുപോലെ-
മണ്ടുന്നു വേഗത്തിൽ മുന്നോട്ടു ലോകമ-
ക്കുണ്ടുകുളത്തിൽ കൃഷിയിറക്കാൻ!


സാമീപ്യമാളുമ്പോൾ മാറാൻ തുടങ്ങുന്നു
വാമനൻ പേർത്തും ത്രിവിക്രമനായ്;
ഉദ്യോഗികളാം വിബുധര്‍ക്കു പോലുമാ
വിദ്യാപയോധിയധൃഷ്യമല്ലോ!


ആയതവിസ്തൃതഗംഭീരാകാരമാ-
മായലയാഴിതൻ തീരത്തിങ്കൽ
അങ്ങിങ്ങു ധീവരരാനതമസ്ത്യകർ
മുങ്ങിയെടുക്കുന്നു മൌക്തികങ്ങൾ.


വാനോടുരുമ്മും തിരയ്ക്കുമേലേറുമ്പോൾ
ഞാനോ ഞാനല്ലയോ! എന്നമട്ടിൽ-
മീശപിരിച്ചു മിടുക്കനായ്മപ്പടി-
ച്ചീശനെ വെല്ലുവിളിച്ചിടുന്നോൻ


അപ്പുറമോരോരോ കാഴ്ചകൾ പുത്തനാ-
യത്ഭുതമത്ഭുതം കാൺകെക്കാൺകെ
സമ്പ്രതി ചോട്ടിലേച്ചാലിൽപ്പതിക്കുന്നു
തൻപ്രജ്ഞാ പോതവും താനുമായി.


ദൂരത്തു വീക്ഷിക്കിൽക്കോടിക്കണക്കിനു
സൌരയൂഥത്തിന്മേൽ സൌരയൂഥം!
ചാരത്തു സൂക്ഷിക്കിലോരോരണുവിലും
ഭൂരിപരമാണു മേല്ക്കുമേലേ!!


അത്ഭുതമോരോന്നുമൈശ്വരജ്യോതിസ്സിൻ
വിഷ്ഫുലിംങ്ഗംപോലെ വിദ്യോതിപ്പൂ.
പാര്‍ക്കുന്നു രണ്ടിനും സോദരസംബന്ധം
പാഴ്ക്കരി വൈരമായ്ക്കണ്ട ശാസ്ത്രം.


പെട്ടെന്നു കൈതെറ്റിത്താഴത്തുവീഴുന്നു
പൊട്ടറ്റെലസ്കോപ്പും മൈക്രോസ്കോപ്പും
അസ്മിതാബാധയകന്നടികൂപ്പുന്നു
വിസ്മയസ്തബ്ധമാം വിജ്ഞാനീയം.


കേളിയിൽ പ്രാകൃതശാസ്ത്രപയോധി സർ
ഓളിവർ ലോഡ്ജു കടന്നുചെല്‌കേ
ഓതുവാൻ സ്വാഗതമക്കരെ നില്ക്കുന്നു
പ്രേതലോകസ്ഥനാമാത്മപുത്രൻ!


എത്തിപ്പോയെത്തിപ്പോയ് കൈയിലെന്നായ്നര-
ബുദ്ധിദമയന്തിയോര്‍ക്കും മട്ടിൽ
മുന്നോട്ടു മുന്നോട്ടമ്മുഗ്ദ്ധയെ ലീലയിൽ
മന്ദം നയിക്കുന്നു ജ്ഞാനഹംസം.


നേടിയ വിജ്ഞാനകോടികൾ ഭാവിയിൽ
നേടാൻ കിടക്കുന്നവയുമായി
താരതമ്യം പാർത്താൽ രത്നാകരത്തിന്റെ
തീരത്തടിഞ്ഞ മണൽത്തരികൾ.


കണ്ണിനാൽ കാണ്മതൊരല്പം; കരളിനാ-
ലെണ്ണിടാവുന്നതതിലുമേറ്റം;
കണ്ണും കരളും കടക്കാതെ വായ്പതു
മണ്ണിലും വിണ്ണിലുമേറ്റമേറ്റം!


തത്തദ്വിജയമധുപാനമത്തയാം
വിദ്യാധിരാജ്ഞിതൻ മോഹനാംങ്ഗം
മെച്ചമായ്ക്കാണാം പ്രകൃത്യംബതന്മുന്നിൽ
ലജ്ജാവനമ്രയായ് നില്ക്കുന്നേരം.


പേര്‍ത്തും മറയിൽ മറഞ്ഞുവിളങ്ങുമി-
സ്സാദ്ധ്വിക്കു ഞാൻ സദാ കൈകൂപ്പാവൂ!
വ്ങ്ഗ്യപ്രധാനമായുള്ളോരിക്കാവത്തിൻ
ഭങ്ഗികൾ മേന്മേൽ പഠിച്ചിടാവൂ!


IV


പിന്നത്തെ താനന്ദമാര്‍ഗ്ഗ; മതുതന്നെ-
യുന്നതമായുള്ള ഭക്തിമാര്‍ഗ്ഗം
ആകാശത്തു ചരിപ്പിപ്പു നമ്മെയീ-
ലോകാഭിരാമമാം മൂന്നാം മാര്‍ഗ്ഗം


സന്മാർഗ്ഗം ധർമ്മവും ചിന്മാർഗ്ഗമര്‍ത്ഥവു-
മിമ്മാർഗ്ഗം കാമവും വേണ്ടമട്ടി
സാധിപ്പാൻ മര്‍ത്ത്യനെശ്ശക്തനായ് തീര്‍ക്കുന്നു
സാധുസംസേവ്യങ്ങളൊപ്പമെല്ലാം.


പേര്‍ത്തും മഹഷിമാരൊന്നിലും, മറ്റൊന്നിൽ
ശാസ്ത്രജ്ഞവര്യരു,മെന്നപോലെ
മൂന്നാം പദവിയിൽ പോകുന്നു ലോകത്തി-
ന്നൂന്നായ് വിളങ്ങും കവീശ്വരന്മാർ.


അൻപിൽ പ്രകൃതിതൻ സർവ്വാസൌന്ദര്യ-
സമ്പൽസമുന്നതി കാൺകെക്കാൺകെ
പ്രേമപാശാകൃഷ്ടരായിവർ മിന്നുന്നു
കോൾമയിർക്കൊണ്ടീടും മേനിയോടും.


ലോകൈകശില്പിതൻ കൌശലപാരമ്യ-
മേകകമാകും തൽസൃഷ്ടിയിലും
പ്രത്യഹം സൽക്കവി കൺകുളിരുംപടി
പുത്തനായ പുത്തനായ്ക്കണ്ടിടുന്നു.


അദ്ധന്യൻ തന്മിഴിക്കാദിത്യബിംബവും
ചിത്രശലഭവും ഭേദമില്ല;
ഇമ്പം ഗിരീശനു തിങ്കൾക്കലയിലും
തുമ്പമലരിലുമൊപ്പമല്ലോ!


പൃത്ഥ്വിയവന്നു സമഗ്രമായ് മുറ്റത്തേ-
മുത്തങ്ങപ്പുല്ലിൽ പ്രതിഫലിപ്പൂ;
ശാരീരഭാഷ്യത്തിന്റെ തത്വം ഗ്രഹിപ്പിപ്പൂ
ശാരികപ്പൈതലിൻ ചാരുഗീതം.


ഉല്ലാസപൂര്‍വമാമാര്‍ഗ്ഗത്തിൽ പ്രേമത്തിൻ
ചൊല്ലാളും മാഹാത്മ്യം പാടിപ്പാടി;
ബിംബപ്രതിബിംബഭാവത്തിലന്യോന്യം
സ്തംബബ്രഹ്മാക്കളെയോതിയോതി;


ചൈതന്യം സർവജനങ്ങൾക്കും. വായ്പിക്കും
സ്വാതന്ത്ര്യകാഹളമൂതിയൂതി;
ഉല്ലേഖപിഞ്ഛികകൊണ്ടാരോ പുത്തനാം
സ്വർല്ലോകമന്ദിരം കെട്ടിക്കെട്ടി;


പയ്യവേ പാരിതിൻ പിന്നിലായ് ദൈവത്തിൻ
കൈയും കടക്കണ്ണും കാട്ടിക്കാട്ടി;
ഹൃദ്യകലകൾക്കധിഷ്ഠാത്രിയാം ദേവി
നൃത്തം തകർക്കുന്നു നീളെ നീളെ!


എന്നെന്നുമീവഴി സഞ്ചരിച്ചാവൂ ഞാ-
നെന്നെയും കൂടി മറന്നവനായ്!
വിശ്വമാം തൽസ്നേഹപാത്രത്തിനുള്ളിലെ-
ന്നച്ഛനെക്കണ്ടാവൂ! വന്ദിച്ചാവൂ!!


V


ഇങ്ങനെ കൈകോർത്തും തമ്മിലുരുമ്മിയു-
മങ്ങിങ്ങു ചുറ്റിപ്പിണഞ്ഞും മേന്മേൽ
ഇപ്പാത മൂന്നും ചെറ്റപ്പുറത്തൊന്നിപ്പു
മുപ്പിരിപ്പട്ടു ചരടുപോലെ.


മെല്ലെയിതിന്മേൽ പിടിച്ചു കയറി നാം
ചെല്ലുക ചെല്ലേണ്ട ദിക്കിൽ വേഗം
ലേപം തമസ്സിൽനിന്നേശാതെ നമ്മെയീ-
ദ്ദീപത്രയം സദാ കാത്തുകൊള്ളും.


തിസ്രോതസ്സാകുമിദ്ദേവിയെസ്നാനത്താൽ
ദുസ്സാധമല്ലാര്‍ക്കുമാരാധിപ്പാൻ;
മൃഗ്യങ്ങളല്ലതു ചെയ്‍വോനു വേദങ്ങൾ,
ഋഗ്യജുസ്സാമങ്ങൾ, വേറെയെങ്ങും.


ലോകത്തിലുള്ള മതങ്ങളിപ്പാതയ്ക്കു
കൈകാട്ടിത്തൂണുകൾ കാണ്മതെല്ലാം.
ഓരോരോ ദേശത്തിലോരോരോഭാഷയി— 
ലോരോരോ മട്ടിലെഴുത്തുകൊത്തി,


ഓരോരോദാരുവാൽ തീത്തോരീസ്തംഭങ്ങ-
ളോരോന്നും കാട്ടുന്നതൊറ്റമാര്‍ഗ്ഗം
ആ ലിപി വായിപ്പാനാവാതെ താനിരു-
കാലികൾ തമ്മിൽ കലഹിക്കുന്നു.


രാമനും രാഹിമും കൃഷ്ണനും ക്രിസ്തുവും
നാമധേയത്തിനാലീഷൽഭിന്നർ
സച്ചിദാനന്ദമഹസ്സിൻ പ്രതീകങ്ങൾ-
നിശ്ചയമമ്മഹസ്സുകമേകം!


ഊഴിയിലീമതത്തേന്മാവിലൊക്കയും
പാഴിത്തിൾക്കണ്ണി പടര്‍ന്നുപോയി;
ഈ മരക്കൊമ്പിലിരുന്നു കരയുന്നു
കൂമനും കാകനും മാറിമാറി.


മുറ്റും മതാലയമൊക്കെയുമാചാര-
പ്പുററിൽ മുടിവരെ മൂടിപ്പോയി;
മേദിനി കീഴ്മേലായ്; ശാകോപദംശത്തി-
ന്നോദനസ്ഥാനമമര്‍ന്നുപോയി!


'ഹോയി'യെന്നാട്ടുവോരൊട്ടുപേർ! ഒട്ടുപേർ
'വാ'യെന്നു വാൾത്തലയാൽ വലിപ്പോർ:-
ഈ രണ്ടു കൂട്ടര്‍ക്കും പോര്‍ക്കളമോ ഹന്ത-
ഭാരതമാതാവിൻ പാവനാങ്കം!


തമ്മിലിടഞ്ഞു തല പൊളിഞ്ഞീടാതെ
കൺമിഴി തെല്ലു തുറക്കാമെങ്കിൽ
ദിവ്യരാം മൂവരെക്കാണാം നമുക്കവർ
നവ്യമതാചാര്യനായകന്മാർ!


ഗാന്ധി,ബോസ്, ടാഗോർ - ഈ മൂര്‍ത്തിത്രയത്തെ നാം
സ്വാന്തത്തിൽ ധ്യാനിച്ചു മോക്ഷം നേടാം.
സിദ്ധനതിലൊരാൾ, വിജ്ഞൻ പര, നന്യ-
നുത്തമനായുള്ള കാവ്യകാരൻ;


കർമ്മവും ജ്ഞാനവും ഭക്തിയും ലോകത്തി-
നിമ്മഹാത്മാക്കളുപദേശിപ്പൂ
നന്നായ് ഗ്രഹിപ്പിപ്പൂ സാക്ഷാൽ "ശിവം സത്യം
സുന്ദരം” എന്നീപ്പദങ്ങൾക്കര്‍ത്ഥം.


അദ്വൈതദ്വൈതവിശിഷ്ടാദ്വൈതങ്ങൾ തൻ
തത്വം ധരിക്കാഞ്ഞാൽ സാരമില്ല!
എപ്പോഴുമെൻ പിതൃദര്‍ശനത്തിന്നെനി-
ക്കിപ്രസ്ഥാനത്രയം മാത്രം പോരും!