Loading...
Home / സാഹിത്യം / പുതിയവ / നാടകങ്ങള്‍ / സ്വപ്നവാസവദത്തം
Author: ഏ ആര്‍ രാജരാജവര്‍മ്മ

ഏ ആര്‍ രാജരാജവര്‍മ്മ

സ്വപ്നവാസവദത്തം

നാടകപാത്രവിവരം (01)

 

ഒന്നാമങ്കം (02-05)

 

-02-


ഒന്നാമങ്കം


പ്രസ്താവന

(നാന്ദിയുടെ അവസാനത്തിൽ സൂത്രധാരൻ പ്രവേശിക്കുന്നു)

സൂത്ര:-

ദ്രാക്ഷാധൃതോദയനവാസവദത്തമൈത്രീ-
ദീക്ഷാരസം കവിവചസ്സിലണച്ചു നിത്യം
പത്മാസനപ്രിയ തുണയ്ക്കു വസന്തകമ്ര-
പത്മാവതീർണ്ണമധുതപ്പർണമാചരിപ്പാൻ.


ഞാൻ ആയ്യന്മാരുടെ സമക്ഷം ഒരു കായ്യം അറിയിച്ചു കൊള്ളുന്നു. (തിരിഞ്ഞുനിന്നു. ചെവികൊടുത്തിട്ട്) ഛെ! ഞാൻ വിജ്ഞാപനത്തിനു ഭാവിക്കുമ്പോൾ എന്താണ് ഒരു ശബ്ദം പോലെ കേൾക്കുന്നതു്? ആട്ടെ, നോക്കാം.

(അണിയറയിൽ)

ഒഴിഞ്ഞുനില്പിൻ! മാന്യരേ, ഒഴിഞ്ഞുനില്പിൻ!

സൂത്രധാരൻ:-ശരി, മനസ്സിലായി-

പരുഷം മഗധേശൻ തൻ-
പൂരുഷർ ഭക്ത്യാ തപോവനത്തിങ്കൽ
നരപതികന്യക തന്നുടെ
വരവിനു വഴിമേൽ തിരക്കു നീക്കുന്നു.


(പോയി)

-03-


അങ്കാരംഭം

(അനന്തരം വഴി മാറ്റിക്കൊണ്ടു രണ്ടു ഭടന്മാർ പ്രവേശിക്കുന്നു.)

ഭടന്മാർ:-ഒഴിഞ്ഞു നില്പിൻ! മാന്യരേ, ഒഴിഞ്ഞു നില്പിൻ

(അനന്തരം സന്യാസിവേഷത്തിൽ യൗഗന്ധരായണനും ആവന്തികാവേഷത്തിൽ വാസവദത്തയും പ്രവേശിക്കുന്നു.)

യൌഗന്ധ:-(ചെവിയോർത്തിട്ട്) ഏയ്! ഇവിടെയും വഴി മാറ്റിത്തുടങ്ങിയോ?

ഉൾഭീതിക്കിടയാക്കി, കായ്കനികളും
ഭക്ഷിച്ചു ചീരം ധരി-
ച്ചാർഭാടഭ്രമമെയാശ്രമപദം
കൈക്കൊണ്ട മാന്യർക്കഹോ!
ദുർഭള്ളാണ്ടൊരു തണ്ടുതപ്പിയെവനാ-
ണൂക്കാർന്ന ശാസ്യങ്ങൾചെ-
യ്തിബ്ഭാഷയ്ക്കു തപോവനം നിഭൃതമായ്
ഗ്രാമീകരിക്കുന്നതു്?


വാസവദത്ത:-ആര്യ, ആരാണു നീങ്ങിനിൽക്കാൻ പറയുന്നതു്?

-04-


യൌഗ:-ശ്രീമതി, ഏവനാണോ സ്വയം ധർമ്മമാർഗ്ഗം വിട്ടു നീങ്ങിനിൽക്കുന്നതു് അവൻതന്നെ,

വാസവ:-ആര്യ, അല്ലെ എന്റെ വിവക്ഷിതം. ഞാനും വഴി മാറ്റിക്കൊടുക്കേണ്ടിവന്നല്ലോ എന്നാണു്.

യൗഗ:-ശ്രീമതി, ആളറിയാഞ്ഞാൽ ഇനവിധം അവമാനം ഇശ്വരന്മാർക്കും പറ്റുന്നുണ്ടു്.

വാസവ:-ആര്യ, എനിക്കു വഴിയാത്രകൊണ്ടു് അത്രശ്രമം തോന്നുന്നില്ല; ഈ പരിഭവം സഹിക്കുന്നതാണു സങ്കടം,

യൌഗ:-ഈവക പദവികൾ ഭവതി അനുഭവിച്ചു ഉപക്ഷിച്ചതാണല്ലോ. അതിനാൽ ഇതു സാരമാക്കാനില്ല. എന്തെന്നാല്‍-

ശീലിച്ചു നീയുമിതുമാതിരി യാത്ര മുന്നം,
കാലക്രമത്തിനുരുൾ ചക്രമതിന്റെയാര-
ക്കാലെന്നപോലെ മറിയുന്നു മനുഷ്യഭാഗ്യം.


ഭടന്മാർ:-ഒഴിഞ്ഞു നില്പിൻ! മാന്യരേ, ഒഴിഞ്ഞു നില്പിൻ!

(അനന്തരം കാഞ്ചുകീയൻ പ്രവേശിക്കുന്നു.)

-05-


കാഞ്ചുകീയൻ:-സംഭാഷക, ഇവിടെ വഴി മാറ്റരുതു്. ആലോചിച്ചു നോക്കു!-

പഴിയരചനു വന്നുകൂടുമേട്ട-
ത്തൊഴിലുകൾ കാട്ടരുതാശ്രമസ്ഥരോട്
അഴിമതി നഗരത്തിലേല്പതെല്ലാ-
മൊഴിവതിനായിവർ കാടു പൂക്കിരിപ്പൂ.


ഭടന്മാർ:-ആര്യ, ശരിതന്നെ.

(പോയി.)

യൌഗ:-ആവു. ഇയാളെക്കണ്ടിട്ട് ഒരു വകതിരിവുള്ളവനെ പോലെ തോന്നുന്നു. വത്സേ, നമുക്കു അടുത്തു ചെല്ലാം.

വാസവ:-അങ്ങനെ തന്നെ.

യൌഗ :-(കാഞ്ചുകീയന്റെ അടുത്തു ചെന്നിട്ട്) ഹേ എന്തിനായിട്ടാണു് ഇവിടെ വഴി മാറ്റുന്നതു്?

കാഞ്ചു :-അല്ലേ തപസ്വി,

 

ഒന്നാമങ്കം (06-10)

 

-06-


യൌഗ:-(വിചാരം) തപസ്വീ' എന്നു വിളിക്കുന്നതു് ഒരു ബഹുമാനം തന്നെ; എങ്കിലും പരിചയപ്പെടാത്തതുകൊണ്ടു അതെനിക്കു മനസ്സിനു പിടിക്കുന്നില്ല.

കാഞ്ചു :-ആര്യൻ കേൾക്കണം. ഗുരുക്കന്മാർ ദർശകൻ എന്നു വിളിക്കുന്ന ഞങ്ങളുടെ മഹാരാജാവിനു് 'പത്മാവതി' എന്നൊരു സഹോദരിയുണ്ട്. ആ രാജകുമാരി, ഇവിടെ തപോവനത്തിൽ എഴുന്നെള്ളിത്താമസിക്കുന്ന അവിടുത്തെ അമ്മത്തമ്പുരാട്ടിയെക്കണ്ടു വന്ദിച്ചു വിട വാങ്ങിപ്പോകാൻ വന്നിരിക്കുന്നു. ഇന്നേദിവസം ഈ ആശ്രമത്തിൽതന്നെയാണ് താമസം, അതിനാൽ-

പുഷ്പം, ജലം, ചമത, ദർഭ തപസ്സിനുള്ള
കോപ്പിച്ഛപോൽ മുനിജനത്തിനു സംഭരിക്കാം,
ധർമ്മാഭിമാനിനി നൃപാത്മജ സമ്മതിക്കാ
ധർമ്മക്ഷയം; സ്വകുലദൈവമിവൾക്കു ധർമ്മം.


യൌഗ:-(വിചാരം) ആ മഗധരാജപുത്രി പത്മാവതി ഇവള്‍ തന്നെ. പുഷ്പകഭദ്രാദികളായ സിദ്ധന്മാർ എന്റെ സ്വാമിക്കു മഹിഷിയായി വരുമെന്നു ലക്ഷണം പറഞ്ഞിട്ടുള്ളതും ഇവളെപ്പറ്റിയാണു്. അതിനാൽ-

സംപ്രീതിതാനരുചിതാനൊരുവന്നൊരാളിൽ
സങ്കല്പമൂലമുലകത്തിലുദിച്ചിടുന്നു;
സ്വാമിയ്ക്കു ഭാവിവധുവെന്നു നിനയ്ക്കയാലേ
സത്വാഭിമാനമിവപേരിലെനിക്കുനല്പം


വാസ:- (വിചാരം) രാജകുമാരി എന്നു കേട്ടതിൽ എനിക്കു് അവളോടു ഒരു സഹോദരസ്നേഹം തോന്നുന്നു.

(അനന്തരം പത്മാവതിയും ഒരു ചേടിയും മറ്റു പരിവാരങ്ങളും പ്രവേശിക്കുന്നു.)

ചേടി:-തമ്പുരാട്ടി, ഇതിലെ ഇതിലെ, ഇതാണ് ആശ്രമം. എഴുന്നെള്ളാം.

(ചുറ്റി നടന്നു കയറുന്നു).

-07-


(അനന്തരം ഒരു താപസി ഇരിക്കുന്നയിലയിൽ പ്രത്യക്ഷപ്പെടുന്നു.)

താപസി:-രാജകുമാരിക്കു സ്വാഗതം.

വാസവ:-(വിചാരം) ആ രാജകുമാരി ഇവളാണു്. മഹിമയ്ക്കു ചേർന്ന സൗന്ദര്യവുമിവൾക്കുണ്ടു്.

പത്മാ:-ആര്യയെ ഞാൻ വന്ദിക്കുന്നു.

താപസി:-ദീർഘായുസ്സായിരിക്കും. വരൂ വരൂ, കുഞ്ഞേ, തപോവനം ഏല്ലാവക്കും സ്വഗൃഹമത്രേ.

പത്മാ:-ആര്യയുടെ വാക്കു് എനിക്കൊരു അനുഗ്രഹമാണു്.

വാസവ:-(വിചാരം) രൂപം മാത്രമല്ല, ഇവളുടെ വാക്കും മധുരമായിരിക്കുന്നു.

താപസി:-(ചേടിയോട്) ഭദ്രേ, രാജാവിന്റെ സോദരിയെ രാജകുമാരന്മാരിലാരും ഇതുവരെ വരിച്ചില്ലയോ?

ചേടി:-ഉവ്വ്, ഉജ്ജയിനിയിൽ 'പ്രദ്യോതൻ' എന്നൊരു രാജാവുണ്ടല്ലോ; അദ്ദേഹം പുത്രനുവേണ്ടി ദൂതന്മാരെ അയയ്ക്കുന്നുണ്ടു്.

വാസവ:- (വിചാരം) അങ്ങനെയോ, എന്നാൽ ഇവ ഇപ്പോൾ എനിക്കു സ്വന്തം തന്നെ ആയി.

താപസി:-ആ ബഹുമാനത്തിനു് ഇവൾ പാത്രംതന്നെ. രണ്ടു രാജകുടുംബങ്ങളും വളരെ മഹിമയുള്ളവയെന്നു ശ്രുതിപ്പെട്ടതാണു്.

പത്മാ:-(കാഞ്ചുകീയനോട്) ആര്യ, ഞാൻ ആത്മാനുഗ്രഹമിച്ഛിക്കുന്ന വിവരം മുനിജനങ്ങളെക്കണ്ട് അറിയിച്ചില്ലയോ? ആർക്കെന്തു വേണമെന്നു് അഭീഷ്ടം പറയുന്നതിനും മഹർഷമാരെ ക്ഷണിച്ചാലും.

കാഞ്ചു :-കല്പനപോലെ, അല്ലേ ആശ്രമവാസികളായ മഹർഷിമാരെ, എല്ലാവരും കേട്ടുകൊൾക. നിങ്ങളുടെ ഈ സ്വന്ത ഭവനംകണ്ടു ധൈര്യപ്പെട്ട് ഈ മഗധരാജപുത്രി ധർമ്മസമ്പാദനത്തിനുവേണ്ടി അഭീഷ്ടദാനം ചോദിക്കുന്നു.

-08-


ആവശ്യം കലശത്തിനേവനെവനോ
വസ്ത്രാർത്ഥി, ദീക്ഷാവധി-
യ്ക്കാചാര്യന്നു നിനച്ച ദക്ഷിണയെവ-
ന്നേതുണ്ടു നൽകേണ്ടതായ്?
ഇദ്ധർമ്മപ്രിയ രാജകന്യക നിന-
യ്ക്കുന്നൂ നിജാനുഗ്രഹം.
സാധിക്കാൻ കൊതിയേതവന്നനതോ-
തട്ടേ കൊടുക്കാമുടൻ,


യൗഗ:-(വിചാരം) കൊള്ളാം, നല്ല അവസരം കിട്ടി. (വെളിവായിട്ട്) ഹേ! ഞാൻ അപേക്ഷക്കാരനാണു്.

പത്മാ:-ഭാഗ്യംതന്നെ. എന്റെ തപോവനയാത്ര ഫലിച്ചു.

താപസി:-ഈ ആശ്രമവാസികൾ സംതൃപ്തന്മാരാണു്; ഇയാൾ വരത്തുകാരനായിരിക്കണം,

കാഞ്ചു:-ഓഹോയ്! അങ്ങേയ്ക്ക് എന്താണു വേണ്ടതു്?

യൌഗ:-ഇതാ ഇവൾ എന്റെ സഹോദരിയാണു്; ഇവളുടെ ഭർത്താവു് ദേശാന്തരം പോയിരിക്കുന്നു. കുറേക്കാലത്തേക്ക് രാജകുമാരി ഇവളെ സൈരന്ധ്രിയായിട്ടു സംരക്ഷിച്ചു തന്നാൽ കൊള്ളാം. എന്തെന്നാൽ-

വസ്ത്രാദിവസ്തുക്കളിലില്ലൊരാഗ്രഹം,
വൃത്തിക്കു കാഷായമുടുത്തതല്ല ഞാൻ;
കാത്തീടണം സോദരിയെത്തകുന്നൊരാൾ
പാർത്താലതിന്നീ നൃപപുത്രി ശക്തയും.


വാസവ::-(വിചാരം) ആര്യയൗഗന്ധരായണനു എന്നെ ഇവിടെ ഏൽപിക്കണമെന്നാണു്. അങ്ങനെയാവട്ടെ. ആലോചിക്കാതെ അദ്ദേഹം പ്രവർത്തിക്കയില്ല.

-09-


കാഞ്ചു:-ശ്രീമതി, ഇദ്ദേഹം വലിയ ഭാരമാണ് നമ്മിൽ ചുമത്താൻ വിചാരിക്കുന്നതു്. എങ്ങനെയാണു് വാക്കുകൊടുക്കുക?

എന്തെന്നാൽ :-

പണം കൊടുപ്പാൻ പണിയില്ല തെല്ലും;
പ്രാണങ്ങളും പുണ്യവുമാശു നൽകാം;
ത്രാണത്തിനാളെപ്പണയം ഗ്രഹിച്ചു
തുണപ്പതേ ദുർഭരമായ ഭാരം,


പത്മാ:-ആര്യ, ഏതപേക്ഷയും സാധിക്കാമെന്നു് ആദ്യം വിളിച്ചറിയിച്ചതിന്റെ ശേഷം ഇപ്പോൾ മടിക്കുന്നതു ശരിയല്ല. അദ്ദേഹം ഏതു പറയുന്നുവോ അതു ചെയ്യണം.

കാഞ്ചു:-കല്പനപോലെ ചെയ്യാം.

ചേടി:-ഇതുപോലെ വാഗ്ദത്തം നിറവേറ്റിക്കൊണ്ടു തമ്പുരാട്ടി ദീർഘായുസ്സായിരിക്കണം.

താപസി:-ഭംദ്ര, ആയുഷ്‌മതിയായിരിക്കു.

കാഞ്ചു:-അങ്ങനെ തന്നെ. (യൗഗന്ധരായണന്റെ അടുത്തുചെന്നിട്ട്) അങ്ങയുടെ സഹോദരിയുടെ സംരക്ഷണം രാജകുമാരി ഏറ്റിരിക്കുന്നു.

യൗഗ:-എനിക്ക് അനുഗ്രഹമായി കുഞ്ഞേ, രാജകുമാരിയുടെ അടുക്കലേയ്ക്കു ചെല്ലു

-10-


വാസവ:-(വിചാരം) എന്താണു ചെയ്ക? ഭാഗ്യംകെട്ടു. ഞാൻ ഇതാ പോകുന്നു.

പത്മാ:-വരു, വരു! ഭവതി എനിക്കു സ്വന്തമായി.

താപസി:-ആകൃതി നോക്കിയാൽ ഇവളും ഒരു രാജകുമാരി. ആയിരിക്കാമെന്നു തോന്നുന്നു.

ചേടി:-താപസിഅമ്മ അരുളിച്ചെയ്തതു ശരിയാണു്. സുഖാനുഭവത്തിലിരുന്ന ആളാണെന്നു് എനിക്കും തോന്നുന്നു

യൗഗ:- (വിചാരം)ആവു! പാതി ഭാരം ഒഴിഞ്ഞു. മന്ത്രിമാർ ചേന്നു ആലോചിച്ചതുപോലെ കലാശിക്കും. എന്റെ സ്വാമി രാജ്യം വീണ്ടെടുത്തു ലബ്ധപ്രതിഷ്ഠനായതിന്റെ ശേഷം ഞാൻ വാസവദത്താദേവിയെക്കൊണ്ടു ചെല്ലുമ്പോൾ ഈ മഹാരാജപുത്രി മൂന്നാംസ്ഥാനം വഹിക്കും.

പത്മാവതിക്കുദയനൻ പതിയായ് ഭവിക്കും;
വന്മാല്‍ വിധിച്ചതതുപോലെ ഫലിച്ചുവല്ലോ;
അദ്ധൈര്യമോര്‍ത്തിതു നടത്തി; വിധിസ്വഭാവം
ശ്രദ്ധിച്ചു സിദ്ധരുരചെയ്‍വതിനില്ല മാറ്റം.


(അനന്തരം വെളിയിൽ ഒരു ബ്രഹ്മചാരി പ്രവേശിക്കുന്നു).

ബ്രഹ്മചാരി:-(മേൽപോട്ടു നോക്കീട്ടു്) നേരം നട്ടുച്ചയായി, വളരെ ക്ഷീണമുണ്ട്. ഇനി എവിടെ ഇരുന്നാണ് വിശ്രമിക്കേണ്ടതു ? (ചുറ്റി നടന്നിട്ടു്) ആട്ടെ, സ്ഥലം കിട്ടും. ഇവിടം ഒരു തപോവനമായിരിക്കണം. അതിന്റെ അടയാളമെല്ലാമുണ്ടു്—

 

ഒന്നാമങ്കം (11-15)

 

-11-


മേയുന്നു ഭയമെത്യെ മാൻകിട മനോ-
വിശ്വാസനിശ്ശങ്കരായ്;
പെയ്യുന്നു ഫലപുഷ്‌പമാരി മരമോ-
രോന്നും ദയാരക്ഷിതം,
ഏറുന്നു ചുമലപ്പശുക്കൾ; കൃഷിയേ-
റ്റീട്ടില്ല പാടങ്ങളിൽ;
പേറുന്നു പുക ഹവ്യഗന്ധമിവിടം
സന്ദേഹമില്ലാശ്രമം


ഇവിടെക്കേറാം. (അകത്തു പ്രവേശിച്ചിട്ട്) ഏയ്! ഇവർ ആശ്രമത്തിൽചേര്‍ന്ന ആളുകളല്ലല്ലോ. (മറെറാരിടത്തേക്കു നോക്കീട്ട്) അല്ലാ, തപസ്വികളുമണ്ടു്; അടുത്തു ചെല്ലുന്നതിനു വിരോധമില്ല. (സൂക്ഷിച്ചു നോക്കീട്ട്) ഏയ്! സ്ത്രീകൾ-

കാഞ്ചു:-മടിക്കേണ്ട, വരാം, ആശ്രമമെന്നത് എല്ലാവർക്കും പൊതുസ്ഥലമാണല്ലോ,

വാസവ:-ഉം.

പത്മാ:-ഓ! ആര്യയ്ക്കു പരപുരുഷദർശനം പാടില്ലായിരിക്കും. ന്യാസം വാങ്ങിയ സ്ഥിതിക്ക് സംരക്ഷിക്കണമല്ലോ.

(വാസവദത്തയെ ഒഴിച്ചു നിറുത്തുന്നു.)

കാഞ്ചു :-! ഞങ്ങൾ മുമ്പിൽ വന്നവരാണു്. അതുകൊണ്ടു അതിഥി സൽക്കാരം ചെയ്യുന്നതു സ്വീകരിക്കണം. (അർഘ്യപാദ്യങ്ങൾ അർപ്പിക്കുന്നു).

ബ്രഹ്മ:-(ആചമിച്ചിട്ട്) അങ്ങനെതന്നെ. എനിക്കു ക്ഷീണം തീര്‍ന്നു.

-12-


യൌഗ:-അങ്ങെവിടുന്നു വരുന്നു? എങ്ങോട്ടു പോകുന്നു? സ്ഥിരതാമസം എവിടെയാണു്?

ബ്രഹ്മ:- കേട്ടുകൊണ്ടാലും- ഞാൻ രാജഗൃഹത്തിൽനിന്നാണു വരുന്നതു്; വത്സരാജ്യത്ത് ലാവാണകം എന്നാരു ഗ്രാമമുണ്ടല്ലോ; അധ്യയനമുറപ്പിക്കുന്നതിനു് അവിടെപ്പോയി താമസിച്ചിരുന്നു.

വാസവ:-(വിചാരം) ഹാ! ലാവാണകമോ? ആ പേരു കേട്ടതോടുകൂടെ എന്റെ ദുഃഖം ഒന്നു പുതുക്കിയതുപോലെ ആയി.

യൗഗ:-ആട്ടെ, വിദ്യ പൂര്‍ത്തിയായോ?

ബ്രഹ്മ:-നല്ല പൂർത്തി എന്നു പറയാറായില്ല.

യൗഗ:-പഠിത്തം പൂത്തിയായില്ലെങ്കിൽ എന്താണു ചെന്നുകളഞ്ഞതു്?

ബ്രഹ്മ:-അവിടെ ഒരു ഭയങ്കരമായ കലാപം നടന്നു.

ബ്രഹ്മ:-ഉദയനമഹാരാജാവിനു് അവിടെയാണു താമസം

യൗഗ:-കേട്ടിട്ടുണ്ട്. എന്താണദ്ദേഹത്തിനു്?

ബ്രഹ്മ:-അവന്തിരാജപുത്രിയായ വാസവദത്ത എന്ന പത്നിയെ അദ്ദേഹത്തിനു് വളരെ സ്നേഹമാണല്ലോ.

യൗഗ:-ഇരിക്കാം. ശേഷം കേൾക്കട്ടേ.

-13-


ബ്രഹ്മ:-അദ്ദേഹം നായാട്ടിനായി പോയിരുന്നപ്പോൾ ആ ഗ്രാമത്തിനു് അഗ്നിബാധയുണ്ടായതിൽ വാസവദത്ത ദഹിച്ചുപോയി.

വാസവ:-(വിചാരം)ശുദ്ധമേ പൊളി; ഭാഗ്യംകെട്ട ഞാൻ ജീവിച്ചുതന്നെ ഇരിക്കുന്നു.

യൗഗ:-ആട്ടെ, പിന്നെയോ?

ബ്രഹ്മ:-രാജ്ഞിയെ രക്ഷപ്പെടുത്താൻ പുറപ്പെട്ടതിൽ മന്ത്രി യൗഗന്ധരായണനുകൂടി അഗ്നിഭയം നേരിട്ടു.

യൌഗ:-സത്യംതന്നെ! (വെളിവായിട്ടു്) എന്നിട്ടോ?

ബ്രഹ്മ:-രാജാവു മടങ്ങിവന്നു വര്‍ത്തമാനമറിഞ്ഞപ്പോൾ ഇവരുടെ വിയോഗം സഹിക്കാൻ ശക്തനാകാതെ ഉടൻതന്നെ തീയിൽ ചാടാനൊരുമ്പെട്ടു; എങ്കിലും മന്ത്രിമാർ വളരെ പ്രയാസപ്പെട്ടു ഒരുവിധം തടുത്തു നിറുത്തി.

വാസവ:- (വിചാരം) എനിക്കു നന്നായറിയാം; ആര്യപുത്രനു് എന്നിൽ അത്രത്തോളം സ്നേഹമുണ്ട്.

യൌഗ:-ശേഷം കേൾക്കട്ടെ.

ബ്രഹ്മ:-അനന്തരം രാജ്ഞി അണിഞ്ഞിരുന്ന ആഭരണങ്ങളിൽ ചേതപ്പെടാത്തതുകൾ എടുത്തു മാറത്തണച്ചുംകൊണ്ടു് രാജാവു് മൂർഛിച്ചു.

-14-


എല്ലാവരും:-കഷ്ടം!!

വാസവ:- (വിചാരം) ആര്യയൌഗന്ധരായണനു സമയമാവട്ടെ. (കരയുന്നു)

ചേടി:-കൊച്ചുതമ്പുരാട്ടി ശ്രീമതി കരയുന്നല്ലോ.

പത്മാ:-ശുദ്ധഗതിക്കാരിയായിരിക്കാം.

യൗഗ:-അതേ, അതേ. എന്റെ സോദരിക്കു വലിയ ശുദ്ധഗതിയാണു്. (ബ്രഹ്മചാരിയോട്) എന്നിട്ടോ?

ബ്രഹ്മ:-പിന്നീടു ക്രമേണ ബോധം വന്നു.

പത്മാ:-ദൈവാധീനം! ജീവിച്ചല്ലോ! മൂർഛിച്ചുവെന്നു കേട്ടതിൽ ഞാൻ അന്ധിച്ചുപോയി.

യൌഗ:-പിന്നെയോ?

ബ്രഹ്മ:-അതിന്റെശേഷം രാജാവു് നിലത്തു വീണുരുണ്ട് പൊടിയണിഞ്ഞ ശരീരത്തോടു ചാടിയെഴിച്ചിട്ടു അയ്യോ! എന്റെ വാസവദത്തേ! എന്റെ അവന്തിരാജപുത്രി! എൻ പ്രിയേ! എന്റെ പ്രിയ ശിഷ്യ ഇങ്ങനെ ഓരോന്നൊക്കെ പ്രലപിച്ചു. എന്തിനേറെപ്പറയുന്നു?-

ശോകം വിയോഗഭവമവ്വിധമിന്നു ചക്ര-
വാകത്തിനില്ലതു കണക്കു പരക്കുമില്ല;
സൌഭാഗ്യമിത്രയുമെവൾക്കുവൾതന്നെ ധന്യ;
ഹാ! ഭർതൃമത്സല ദഹിച്ചതു ദാഹമാകാം


യൌഗ:-ആട്ടെ, പിന്നെ അദ്ദേഹത്തിനെ മന്ത്രിമാരിൽ ആരും സമാധാനപ്പെടുത്താൻ ശ്രമിച്ചില്ലെന്നോ?

-15-


ബ്രഹ്മ:-ശ്രമിക്കാതെയല്ല; രുമണ്വാൻ എന്ന മന്ത്രി രാജാവിനെ ആശ്വസിപ്പിക്കാൻ വളരെ ശ്രമപ്പെട്ടു; അയാളുടെ അവസ്ഥ-

നരേന്ദ്രന്നുണ്ടെങ്കിൽ കുളി കറിയുടുപ്പുണു മുതലാം
ശരീരവ്യാപാരം, ശരിയതുകളുണ്ടാം സചിവനും;
കരഞ്ഞേറെ ക്ഷീണിച്ചിരവുപകൽ കാക്കുന്നു തുണയായ്
ധരാധീശൻ ദേഹം വെടികിൽ വെടിയും കൂടെയവനും.


വാസവ:-(വിചാരം) ഭാഗ്യംതന്നെ. ആര്യപുത്രനു് നല്ല രക്ഷകര്‍ത്താവിനെ കിട്ടി,

യൌഗ :-:-(വിചാരം) അഹോ! രുമണാന്റെ ചുമതല തന്നെ വലുതും.

ഉളവാമെനിക്കു വിശ്രമ-
മിളവില്ലാതുള്ള ഭാരമാണവനോ;
ചുമടുകളെല്ലാം നൃപനെ-
ച്ചുമതലയേൾക്കുന്നവന്റെ ചുമലിൽ വരും.


(വെളിവായിട്ടു") ആട്ടേ, രാജാവു സമാധാനപ്പെട്ടോ?

ബ്രഹ്മ:-അതു് എനിക്കറിഞ്ഞുകൂടാ, “ഇവിടെയാണു് അവളുമൊന്നിച്ചു വിനോദിച്ചതു്; ഇവിടെയാണു് അവളുമായി സല്ലപിച്ചതു്; അവളോടുകൂടെ സുഖിച്ചതു്; ഇവിടെ വച്ചായിരുന്നു അവളുടെ പ്രണയകലഹം;" എന്നിങ്ങനെ കഴിഞ്ഞ കാര്യങ്ങൾ ഓരോന്നോത്തോര്‍ത്തു ദുഃഖിച്ചുകൊണ്ടിരുന്ന രാജാവിനെ മന്ത്രിമാർ വളരെ പ്രയാസപ്പെട്ടു ഒരു വിധത്തിൽ മറ്റൊരു ഗ്രാമത്തിലേക്കു കൂട്ടിക്കൊണ്ടുപോയി. രാജാവിന്റെ സാന്നിദ്ധ്യമില്ലാതായപ്പോൾ ആ ഗ്രാമം ചന്ദ്രനും നക്ഷത്രങ്ങളുമില്ലാത്ത ആകാശംപോലെ ശൂന്യമായിത്തോന്നി; അതുകൊണ്ടു് ഞാനും പോന്നു.

താപസി:-നാട്ടുകാരനല്ലാത്ത ഈ മനുഷ്യൻപോലും ഇത്രയും പ്രശംസിക്കുന്ന സ്ഥിതിക്കു് ആ രാജാവു് വളരെ യോഗ്യൻതന്നെ ആയിരിക്കണം.

ചേടി:-കൊച്ചുതമ്പുരാട്ടി, മറ്റൊരുത്തിയെ അദ്ദേഹം പരിഗ്രഹിച്ചേക്കുമോ?

 

ഒന്നാമങ്കം (16-17)

 

-16-


പത്മാ:-(വിചാരം) എനിക്കു മനസ്സിൽ തോന്നിയതുതന്നെ

ബ്രഹ്മ:-എന്നാൽ ഞാൻ പോയ്‍വരട്ടെ?

കാഞ്ചു:- ആകാം, അങ്ങേയ്ക്കു കാര്യസിദ്ധി ഭവിക്കട്ടെ.

(ബ്രഹ്മചാരി പോയി).

യൌഗ:- ശരി ഇനി കുമാരിയോടു വിട വാങ്ങി എനിക്കും പുറപ്പെടണം,

കാഞ്ചു:-കുമാരി ഇദ്ദേഹം യാത്ര ചോദിക്കുന്നു.

പത്മാ:-ആര്യനെ വിട്ടു പിരിയുന്നതിൽ സോദരിക്കു ഉൽക്കണ്ഠയുണ്ടാകില്ലേ?

യൗഗ:-നല്ലിടത്തു ചെന്നുചേര്‍ന്നതുകൊണ്ടു് അവൾ കുണ്ഠിതപ്പെടുകയില്ല. (കാഞ്ചുകീയനോട്) എന്നാൽ പുറപ്പെടട്ടെ?

കാഞ്ചു:-ഭവാൻ പോയിവരണം.

യൗഗ:-അങ്ങനെതന്നെ. (പോയി)

-17-


കാഞ്ചു:- ആ ശ്രമത്തിനകത്തു പ്രവേശിക്കാനുള്ള നേരമായി

പത്മാ:- (താപസിയോട്) ആര്യ ഞാൻ വന്ദിക്കുന്നു.

താപസി:-കുട്ടിക്കു് അനുരൂപനായ ഭർത്താവുണ്ടാകട്ടെ.

വാസവ:-ആര്യയെ ഞാനും വന്ദിക്കുന്നു.

താപസി:-താമസിയാതെ ഭർത്തൃസമാഗമമുണ്ടാകട്ടെ.

വാസവ:-എനിക്ക് അനുഗ്രഹമായി.

കാഞ്ചു :-എന്നാൽ എഴുന്നേൽക്കാം. ഇതിലേ, ഇതിലേ.

ഇപ്പോഴാകട്ടെ-

വിഹംഗം ചേക്കേറീ; ചിറയിൽ മുഴുകുന്നൂ മുനിജനം;
വിളങ്ങുന്നു ദീപാവലി; പുകയെഴുന്നു ചൂഴലവും;
ചുരുങ്ങും ചെംകാന്തിപ്രസരമൊടടിഞ്ഞസ്തഗിരിമേ-
ലിറങ്ങുന്നൂ മന്ദം രഥഗതി തിരിച്ചര്‍ക്കനുമിതാ.


(എല്ലാവരും പോയി)

 

രണ്ടാമങ്കം (18-21)

 

-18-


രണ്ടാമങ്കം


പ്രവേശകം

(അനന്തരം ഒരു ചേടി പ്രവേശിക്കുന്നു).

ചേടി:-കുഞ്ജരിക, പത്മാവതി കൊച്ചുതമ്പുരാട്ടി എവിടെയാണു്? (ചെവികൊടുത്തിട്ടു്) എന്താണു പറയുന്നതു ? മാധവീലതാമണ്ഡപത്തിനു സമീപം പന്തടിച്ചുകൊണ്ടിരിക്കയാണെന്നോ? എന്നാൽ അങ്ങോട്ടു ചെല്ലാം, (ചുറ്റി നടന്നുനോക്കീട്ടു്) അല്ലാ കൊച്ചുതമ്പുരാട്ടി ഇതാ കളിമോടിയിൽ വിയര്‍പ്പണിഞ്ഞു തളര്‍ച്ചകൊണ്ടു വിളങ്ങുന്ന സുമുഖത്തോടെ പന്തടിച്ചുകൊണ്ട് ഇങ്ങോട്ടുതന്നെ വരുന്നു. അടുത്തു ചെല്ലാം. (പോയി)

അങ്കാരംഭം

(അനന്തരം പന്തടിച്ചുകൊണ്ടു പത്മാവതിയും പരിവാരങ്ങളും വാസവദത്തയും പ്രവേശിക്കുന്നു)

വാസവ:-ഇതാ തോഴിയുടെ പന്തു്.

പത്മാ:-ആയ്യേ, കളിച്ചതിപ്പോൾ മതി.

വാസവ:-അല്ലാ! പന്തടിച്ച് ഏറെ ചുവന്നുപോയതു കൊണ്ടു് കൈയിതു് തോഴിയുടെതാണെന്നു തോന്നാറായല്ലോ.

ചേടി:-കളിക്കട്ട കൊച്ചുതമ്പുരാട്ടി കളിക്കട്ട, കന്യകയായിരിക്കുന്ന കാലം സുഖമായിക്കഴിയട്ടെ.

പത്മാ:-ആര്യ എന്താണ് എന്റെ നേരെ ഇത്ര തുറിച്ചു നോക്കുന്നതു്? പരിഹസിക്കയാണോ?

വാസ:-അതൊന്നുമല്ല, ഇപ്പോൾ പ്രത്യേകം ഒരു ശോഭതോന്നുന്നു. ഞാൻ ഒരു കാമുകനായ വരനെപ്പോലെ നോക്കിപ്പോയി, അത്രയേ ഉള്ളു.

-19-


പത്മാ :-പോക! വെറുതേ പരിഹസിക്കേണ്ട.

വാസവ:-ഞാൻ മിണ്ടുന്നില്ല; 'മഹാസേനന്റെ മാട്ടുപ്പെണ്ണാകാൻ പോകുന്നവളെ' എന്നു വിളിക്കമാത്രം ചെയ്യും.

പത്മാ :-ഏതാണീ മഹാസേനനെന്നു പറയുന്നതു്?

വാസവ:-ഉജ്ജയിനിയിൽ പ്രദ്യോതൻ എന്നൊരു രാജാവുണ്ടു. അദ്ദേഹത്തിന് സേനാബലംകൊണ്ടു കിട്ടിയ വിരുതുപേരാണു് 'മഹാസേനൻ' എന്നു്.

ചേടി:-ആ രാജാവുമായുള്ള ചാർച്ചയ്ക്കു കൊച്ചുതമ്പുരാട്ടി ആഗ്രഹിക്കുന്നില്ല.

വാസവ:- എന്നാൽ പിന്നെ തോഴിക്ക് ആരോടാണു് വേണ്ടതു്?

ചേടി:-വത്സരാജ്യത്തു് ഉദയനൻ എന്നൊരു രാജാവില്ലേ? :- അദ്ദേഹത്തിന്റെ ഗുണഗ‌ണങ്ങളിലാണു് കൊച്ചുതമ്പുരാട്ടിക്കു താല്പര്യം.

വാസവ:-(വിചാരം) ആര്യപുത്രൻ ഭര്‍ത്താവായി വരണമെന്നാണു മോഹം, (വെളിവായി) എന്തു കാരണം?

ചേടി:-ഹൃദയത്തിനു് ആര്‍ദ്രതയുണ്ടെന്നു വച്ചിട്ടു്.

വാസവ:-(വിചാരം) നല്ല ബോദ്ധ്യമുണ്ടു്. എനിക്കും ഇങ്ങനെയാണ് അന്നു തോന്നീട്ടുള്ളതു്.

-20-


ചേടി:-ശ്രീമതി, ആ രാജാവു വിരൂപനാണെന്നു വരുമോ?

വാസവ:-ഒരിക്കലുമല്ല; വളരെ സുന്ദരൻ തന്നെയാണു്.

പത്മാ:-ആര്യ എങ്ങനെ അറിഞ്ഞു?

വാസവ:-(വിചാരം)ആര്യപുത്രനിലുള്ള പക്ഷപാതംകൊണ്ട് ഞാൻ കടത്തിപ്പറഞ്ഞുപോയി. ഇനി എന്താണു ചെയ്യേണ്ടതു്? ആട്ടെ, വഴിയുണ്ടു്. (വെളിവായി) ഉജ്ജയിനിയിലെ നഗരവര്‍ത്തമാനമാണിതു്.

പത്മാ:-ശരി, ഉജ്ജയിനിക്കാർ അദ്ദേഹത്തെക്കാണാത്തവരല്ലല്ലോ, സർവ്വജനമനോഹരമത്രേ സൗന്ദര്യം.

(അനന്തരം ധാത്രി പ്രവേശിക്കുന്നു)

ധാത്രി:-കുമാരിക്കു വിജയം! കന്യകാദാനം നടന്നുകഴിഞ്ഞു-

വാസവ:-ആര്യേ, ദാനം ആര്‍ക്കാണു്?

ധാത്രി:-വത്സരാജാവായ ഉദയനനു്.

വാസവ:-ആട്ടെ, അദ്ദേഹം സുഖമായിത്തന്നെ ഇരിക്കുന്നുവോ?

-21-


ധാത്രി:-കുശലത്തിനു കുറവൊന്നും കൂടാതെയാണു് വന്നിരിക്കുന്നതു്. കുമാരിയെ അദ്ദേഹത്തിനു വാഗ്ദാനം ചെയ്കയും കഴിഞ്ഞു.

വാസ:- അതു കഷ്ടമായിപ്പോയി.

ധാത്രി:-എന്താണിത്ര കഷ്ടം?

വാസവ:-മറ്റൊന്നുമല്ല, അദ്ദേഹത്തിന്നു് അത്ര വലിയ വ്യസനമുണ്ടായിട്ടും ഇത്ര വേഗം മധ്യസ്ഥമട്ടായിപ്പോയല്ലോ?

ധാത്രി:-മഹാപുരുഷന്മാര്‍ക്കു ദുഃഖമെല്ലാം വരവിൽ ഉഗ്രവും പോക്കിൽ ശീഘ്രവുമാണല്ലോ.

വാസവ:-ആര്യേ, അദ്ദേഹം ഇങ്ങോട്ടു വരിച്ചതാണോ?

ധാത്രി:-അല്ല, മറ്റെന്തോ സംഗതിവശാൽ വന്നപ്പോൾ പ്രായത്തിലും ആകൃതിയിലുമുള്ള യോജിപ്പു കണ്ടിട്ടു് മഹാരാജാവു കുമാരിയെ ദത്തം ചെയ്തതാണ്.

വാസവ:-(വിചാരം) അങ്ങനെയോ? എന്നാൽ ഇതിൽ ആര്യപുത്രൻ തെറ്റുകാരനല്ല.

മറെറാരു ചേടി:- (പ്രവേശിച്ചിട്ട് ) കൊച്ചുതമ്പുരാട്ടി വേഗമെഴുന്നെള്ളണം. കാപ്പുകെട്ടിനു ഇന്നുതന്നെയാണു സുമുഹൂർത്തം എന്നു മഹാരാജ്ഞി അരുളിച്ചെയ്തിരിക്കുന്നു.

വാസവ:- (വിചാരം) ഇവർ എത്രത്തോളം ബദ്ധപ്പെടുന്നുവോ അത്രത്തോളം എന്റെ മനസ്സ് ഇരുളടയുന്നു.

ധാത്രി:-കുമാരി, ഇതാ ഇങ്ങനെ വരാം.

(എല്ലാവരും പോയി)

 

മൂന്നാമങ്കം (22-24)

 

-22-


മൂന്നാമങ്കം


(അഞ്ചാം മനോരാജ്യഭാവത്തിൽ വാസവദത്ത പ്രവേശിക്കുന്നു)

വാസവ:-വിവാഹകോലാഹലം കൊഴുത്തിരിക്കുന്ന അകത്തേ നാലുകെട്ടിൽ പത്മാവതിയെ വിട്ടുപിരിഞ്ഞ് ഞാൻ പ്രമദവനത്തിലേക്കു പോന്നു. ഇനി ഇപ്പോൾ വിധിവശാലുണ്ടായ ദുഃഖത്തെ പുലമ്പിത്തീര്‍ക്കാം. (ചുറ്റിനടന്നിട്ടു്) വല്ലാത്ത കഷ്ടകാലം തന്നെ! ആര്യപുത്രൻകൂടി മേലാൽ സ്വന്തമല്ലെന്നു വന്നല്ലോ; ഇവിടെ ഇരിക്കാം. (ഇരുന്നിട്ടു്) ചക്രവാകപ്പിടതന്നെ ഭാഗ്യശാലി; ഇണപിരിഞ്ഞാൽ അതു ജീവിച്ചിരിക്കുയില്ല. ഞാൻ ഇതുവരെ പ്രാണത്യാഗം ചെയ്തില്ലല്ലോ. ആര്യപുത്രനെ കാണുകയെങ്കിലും ചെയ്യാമല്ലോ എന്നുള്ള ആശകൊണ്ടു മാത്രം ഭാഗ്യംകെട്ട ഈ ഞാൻ ജീവിച്ചിരിക്കുന്നു.

(പുഷ്പങ്ങൾ എടുത്തുകൊണ്ടു ഒരു ചേടി പ്രവേശിക്കുന്നു).

ചേടി:-ആര്യയായ അവന്തിക എങ്ങോട്ടു പോയി? (ചുറ്റിനടന്നുനോക്കീട്ട്) ആര്യ ഇതാ മനോരാജ്യത്തിൽ മുഴുകി മൂടൽ മഞ്ഞിൽ മറഞ്ഞ ചന്ദ്രക്കലപോലെ അനലംകൃതരമണീയമായ വേഷത്തോടെ ഞാഴൽത്തറയിൽ ഇരിക്കുന്നു. അടുത്തു ചെല്ലാം; (അടുത്തുചെന്നു- പ്രകാശം ) ആര്യയെ എത്ര നേരമായി ഞാൻ അന്വേഷിക്കുന്നു?

വാസവ:-എന്തിനായിട്ട് ?

ചേടി:-ആഭിജാത്യം, സതീസ്നേഹം, സാമര്‍ത്ഥ്യം ഇതെല്ലാം വിചാരിച്ചിട്ടു വരണമാല കെട്ടുന്നതു് ആര്യ വേണമെന്ന് നമ്മുടെ മഹാരാജ്ഞി അരുളിച്ചെയ്തിരിക്കുന്നു.

വാസവ:-ആക്കുള്ള മാലയാണു കെട്ടേണ്ടതു്?

ചേദി:-നമ്മുടെ കൊച്ചുതമ്പുരാട്ടിക്കുള്ളതു്?

വാസവ:-(വിചാരം) ഇതുംകൂടി ഞാൻ ചെയ്യേണ്ടിവന്നോ? ഈശ്വരന്മാർ കടുപ്പക്കാർ തന്നെ.

ചേടി :-മറ്റു മനോരാജ്യമൊന്നും ഇപ്പോൾ വേണ്ടാ, മാപ്പിള കുളി കഴിഞ്ഞു വരാറായി, വേഗം മാല കെട്ടിത്തീരണം.

വാസ:-(വിചാരം) എനിക്കും അതുതന്നെയാണു് മനോരാജ്യം, (വെളിവായിട്ടു്) ആട്ടെ, മാപ്പിളയെ നീ കണ്ടോ?

ചേടി:-ഓഹോ? കൊച്ചുതമ്പുരാട്ടിയുടെ പേരിലുള്ള സ്നേഹംകൊണ്ടും സ്വന്തം കൌതുകംകൊണ്ടും നോക്കിക്കണ്ടു.

-23-


വാസവ:-ആൾ ഏതു തരക്കാരനാണു്?

ചേടി :- ഞാൻ പറഞ്ഞേക്കാം- ഇങ്ങനെ ഒരാളെ കണ്ടിട്ടില്ല.

വാസവ:-പറയു, പറയു, കണ്ടാൽ കൊള്ളാമോ?

ചേടി:-വില്ലും അമ്പും കൂടെ കയ്യിലെടുത്താൽ കാമദേവനെന്നുതന്നെ പറയാം.?

വാസവ:-മതി മതി, ഇത്ര മതി.

ചേടി:-എന്തിനാണു തടയുന്നതു്?

വാസവ:-പരപുരുഷവര്‍ത്തമാനം കേൾക്കുന്നതു ശരിയല്ല.

ചേടി:-എന്നാൽ ആര്യ വേഗം മാലകെട്ടണം.

വാസവ:-ഇതാ കെട്ടിക്കളയാം, കൊണ്ടുവരു

ചേടി:-ആര്യ വാങ്ങണം (പുഷ്പങ്ങൾ കൊടുക്കുന്നു).

വാസവ:-(വാങ്ങി ഒരുഭാഗം നീക്കിവച്ചിട്ടു്) ഇതു് എന്തൊരു പച്ചിലയാണു്?

-24-


ചേടി:-അവിധവാകരണം എന്നു പറയുന്ന ഒരു മരുന്നു്.

വാസവ:-(വിചാരം) എന്നാലിതു ധാരാളം ചേര്‍ക്കണം. എനിക്കും പത്മാവതിക്കും വേണമല്ലൊ. (വെറൊരു പച്ചിലയെടുത്തിട്ടു് വെളിവായിട്ട്) ഇതെന്തു ചെടിയാണു്?

ചെടി:-ഇതിനു സപത്നീമർദ്ദനമെന്നു പേർ.

വാസവ:- എന്നാൽ ഇതുവേണ്ട.

ചേടി:-എന്തുകൊണ്ടു്?

വാസവ:-അദ്ദേഹത്തിന്റെ ഭാഷ മരിച്ചുപോയല്ലോ. പിന്നെ എന്താണാവശ്യം?

മറ്റൊരു ചേടി:-(പ്രവേശിച്ചിട്ടു്) ആര്യേ, വേഗത്തിലാവട്ടെ; സുമംഗലിമാർ ചേര്‍ന്നു വരനെ ഇതാ അകത്തളത്തിലേയ്ക കൂട്ടിക്കൊണ്ടു പോവുകയായി.

വാസവ:-ഇതാ ഇതാ കൊണ്ടുപോകൂ.

ചേടി:-നല്ലതു് ആര്യേ, ഞാനും പോകുന്നു.

(ചേടികൾ രണ്ടുപേരും പോയി)

വാസ:-അവൾ പൊയ്കഴിഞ്ഞു. അയ്യോ കഷ്ടം! ആര്യപുത്രൻകൂടി സ്വന്തമല്ലാതെ ആയല്ലോ? ശിവ! ശിവ! കഷ്ടം! കഷ്ടം!!! ദുഖശമനത്തിനു ചെന്നുകിടന്നു നോക്കാം. വന്നെങ്കിൽ ഭാഗ്യം. (പോയി)

 

നാലാമങ്കം (25-29)

 

-25-


നാലാമങ്കം

പ്രവേശകം

(അനന്തരം വിദൂഷകൻ പ്രവേശിക്കുന്നു.)

വിദൂഷകൻ:-(സന്തോഷത്തോടുകൂടെ) ഭാഗ്യംതന്നെ. വത്സരാജാവുതിരുമേനിക്കു നിരുപിച്ചിരുന്നതുപോലെ വീണ്ടും വിവാഹം നടന്നിട്ടുള്ള മംഗളോത്സവകാലം കാണ്മാൻ ഇടവന്നല്ലോ. അത്രത്തോളം അഗാധമായ ആപൽച്ചുഴിയിൽ അകപ്പെട്ടിട്ടു കരകേറുമെന്ന് ആരു വിചാരിച്ചിരുന്നു? ഇപ്പോഴാകട്ടെ മാളികമുകളിലാ താമസം; അകത്തെ വീരാഴികളിലാണു കുളി; മധുരവും മാർദ്ദവുമുള്ള മോദകങ്ങളാണ് പലഹാരത്തിനു് . അപ്സരസ്സഹവാസം കൂടെ ഉണ്ടെങ്കിൽ ഉത്തരകുരുവാസം തന്നെ ആയി. ദോഷം ഒന്നേ ഉള്ളു- എനിക്ക് ആഹാരം വേണ്ട പോലെ ദഹിക്കുന്നില്ല. നല്ല വിരിപ്പാവു വിരിച്ചിട്ടുള്ള മെത്തമേൽ കിടന്നിട്ടും ഉറക്കം വരുന്നില്ല, വാതരക്തം പിടിപെടാൻ പോകുന്നതുപോലെ തോന്നുന്നു. പ്രാതൽപോലും പാടില്ലാത്ത വ്യാധി പിടികൂടിയാൽ പിന്നെ എന്തുസുഖം?

(ഒരു ചേടി പ്രവേശിക്കുന്നു.)

ചേടി:-ആര്യവസന്തകൻ എങ്ങോട്ടുപോയി? (ചുറ്റിനടന്നുനോക്കീട്ട്) ഇതാ ആര്യവസന്തകൻ (അടുത്തു ചെന്നിട്ടു്) ആര്യവസന്തക, അങ്ങേ ഞാനെത്രനേരമായി അന്വേഷിക്കുന്നു?

വിദൂ:-(നോക്കീട്ടു്)എന്തിനാണു കുട്ടീ, എന്നെ അന്വേഷിച്ചതു്?

വിദ:-മഹാരാജ്ഞി കല്പിച്ചു ചോദിക്കുന്നു- മരുമകൻ കുളി കഴിഞ്ഞോ എന്ന് .

വിദൂ:-എന്തിനാണു ചോദിക്കുന്നതു?

ചേടി:-മറ്റെന്തു്? പൂവും കളഭവും കൊണ്ടുവരാമെന്നുവച്ചു്.

വിദൂ :- തോഴർ കുളി കഴിഞ്ഞു; എല്ലാം കൊണ്ടുവരൂ! ഭോജനമൊഴികെ.

ചേടി:-ഭോജനം മാത്രം തടയുന്നതെന്തിനാണ്?

വിദൂ:-:-കുയിലിന്റെ കൃഷ്ണമണിപോലെ എന്റെ കുടൽ കിടന്നു ചുറ്റിക്കറങ്ങുന്നു.

ചേടി :-എന്നും അങ്ങനെതന്നെ ഇരിക്കട്ടെ.

വിദൂ:-നീ പൊയ്ക്കൊള്ളു; ഞാനും തോഴരുടെ അടുക്കലേയ്ക്കു പോകുന്നു.

(രണ്ടുപേരും പോയി)

-26-


അങ്കാരംഭം

(അനന്തരം പത്മാവതിയും പരിവാരങ്ങളും ആവന്തികവേഷത്തിൽ വാസവദത്തയും പ്രവേശിക്കുന്നു)

ചേടി:-കൊച്ചു തമ്പുരാട്ടി, എന്തിനായിട്ടാണു് പ്രമദവനത്തിലേയ്ക്കു എഴുന്നള്ളിയതു്?

പത്മാവതി:-ആ ചേമന്തിച്ചെടികൾ പൂത്തോ ഇല്ലയോ എന്നു നോക്കാൻ..

ചേടി:-അതു പൂത്തുകഴിഞ്ഞല്ലോ- കൊച്ചുതമ്പുരാട്ടി. മുത്തും പവിഴവും ഇടവിട്ടു ചേർത്ത തൊങ്ങലുകൾ പോലെ പൂക്കൾ നിറഞ്ഞിരിക്കുന്നു.

പത്മാ:-എന്നാൽ ഇനി എന്തിനു താമസിക്കുന്നു?

ചേടി:-ഈ കൽത്തറയിൽ കുറച്ചുനേരം എഴുന്നെള്ളിയിരിക്കണം. അടിയൻ ചെന്നു പൂവറുത്തു കൊണ്ടുവരാംം

പത്മാ:- ആര്യേ, നമുക്കിവിടെ ഇരിക്കയല്ലേ?

വാസവ:-അങ്ങനെയാവട്ടെ. (രണ്ടുപേരുമിരിക്കുന്നു.)

-27-


ചേടി:-(പു ഇറുത്തുകൊണ്ടു വന്നിട്ടു്) നോക്കണം, കൊച്ചുതമ്പുരാട്ടി നോക്കണം! പട്ടമിട്ട മനയോലവില്ലുകൾപോലെ അടിയന്റെ കൈനിറച്ചു് ഇതാ പുഷ്പങ്ങൾ.

പത്മാ:- (നോക്കീട്ട്) ഹാ! പുഷ്‌പങ്ങളുടെ ജാത്യം! ആര്യേ നോക്കു.

വാസവ:-പുഷ്‌പങ്ങൾ കണ്ടാൽ വളരെ നന്നായിരിക്കുന്നു.

ചേടി:-കൊച്ചുതമ്പുരാട്ടി, ഇനിയും പറിക്കണമോ?

പത്മാ:-വേണ്ട, ഇനി ഇറുക്കെണ്ട.

വാസവ:-എന്തിനാണു തടയുന്നതു്?

പത്മാ:-ആര്യപുത്രൻ ഇവിടെ വന്നു ഈ പുഷ്പസമൃദ്ധി കണ്ടിട്ടു അഭിനന്ദിക്കണം.

വാസവ:-ആട്ടെ, ഭര്‍ത്താവിനെ തോഴിക്കു ബോധിച്ചോ?

പത്മാ:-ആര്യേ, എനിക്കറിയാൻ പാടില്ല; അദ്ദേഹത്തെക്കാണാഞ്ഞാൽ എനിക്കു കുണ്ഠിതമുണ്ടു്.

വാസവ:-(വിചാരം) ഞാൻ ചെയ്യുന്നതു കഠിനമാണു്, ഇവൾക്കുകൂടി ഇത്ര തോന്നിയല്ലോ.

ചേടി:-ഭർത്താവിനെ ബോധിച്ചുവെന്നു ഭംഗിയായിട്ടു കൊച്ചുതമ്പുരാട്ടി അരുളിച്ചെയ്തു.

-28-


പത്മാ:-എനിക്കു് ഒരു സംശയമേ ഉള്ളു.

വാസവ:-എന്താണ്! എന്താണ്!

പത്മാ:-ആര്യപുത്രൻ എനിക്കെങ്ങിനെയോ അങ്ങനെയോ അങ്ങനെ ആയിരുന്നുവോ ജ്യേഷ്ഠത്തിയായ വാസവദത്തയ്ക്കും

വാസവ:-അതിലധികമായിരുന്നു.

പത്മ:-ആര്യയ്ക്ക് എങ്ങനെ അറിയാം?

വാസവ:-(വിചാരം) ആര്യപുത്രനിലുള്ള പക്ഷപാതം കൊണ്ടു ഞാൻ കടത്തിപ്പറഞ്ഞുപോയി; ഇനി ഇങ്ങനെ പറയാം. (വെളിവായി) സ്നേഹം കുറവായിരുന്നെങ്കിൽ സ്വന്ത ജനങ്ങളെ ഉപക്ഷിച്ചു പോകയില്ലായിരുന്നു.

പത്മാ:-ശരിയാണു്.

ചേടി:-കൊച്ചുതമ്പുരാട്ടി തമ്പുരാനോട് ഉണത്തിക്കണം- എനിക്കും വീണവായന പഠിക്കണമെന്നു്.

പത്മാ:-അതു ഞാൻ പറഞ്ഞു കഴിഞ്ഞു.

വാസവ:-ഉത്തരമെന്തായിരുന്നു?

പത്മാ :-ഒന്നും പറയാതെ നെടുവീർപ്പു വിട്ടു മിണ്ടാതെയിരുന്നു.

-29-


വാസവ:-അതിൽനിന്നു തോഴി എന്താണു് ഊഹിക്കന്നതു്?

പത്മാ:-ജ്യേഷ്ഠത്തിയായ വാസവദത്തയുടെ ഗുണങ്ങൾ ഓര്‍ത്തിട്ടു്. ദാക്ഷിണ്യംകൊണ്ട് എന്റെ മുമ്പിൽ വെച്ചു കരഞ്ഞില്ലെന്നേ ഉള്ളു എന്നാണു്.

വാസവ:-(വിചാരം) ഇതു സത്യമാണെങ്കിൽഞാൻ ഭാഗ്യവതി തന്നെ.

(എല്ലാവരും പൂവ് ഒരുക്കുന്നു)

(അനന്തരം രാജാവും വിദൂഷകനും വെളിയിൽ പ്രവേശിക്കുന്നു.)

വിദൂ:-അയ്യയ്യാ! വെടിപ്പായി പൂത്തു പൊഴിഞ്ഞു ചിതറിക്കിടക്കുന്ന ചെമ്പരത്തിപ്പൂക്കളെക്കൊണ്ടു രമണീയമായിരി ക്കുന്നു പ്രമദവനം. തോഴരേ, ഇതിലേ, ഇതിലേ.

രാജാ:-പ്രിയവയസ്യ വസന്തക, ഞാനിതാ വരുന്നു-

പണ്ടങ്ങുജ്ജയിനീശ്വരന്റെ പുരിയിൽ
തൽപുത്രിയേ സ്വൈരമായ്
കണ്ടുൽകണ്ഠിതനായൊരെന്നിൽ മദനൻ
വേധിച്ചിതഞ്ചസ്ത്രവും;
പോയില്ലായതുകൊണ്ട് നോവിനിയുമേ;
പിന്നീടുമെയ്യുന്നിതാ!
ഐയമ്പൻ സ്‌മരനെങ്കിലെങ്ങനെ വരാ-
മാറാമതാമിശ്ശരം?


വിദൂ:- ശ്രീമതി പത്മാവതി എവിടെ പോയിരിക്കുന്നു? ലതാമണ്ഡപത്തിൽ പോയിരിക്കാം, അല്ലെങ്കിൽ വേങ്ങപ്പൂക്കൾ വീണു് പുലിത്തോൽ വിരിച്ചതു പോലെ ശോഭിക്കുന്ന പര്‍വതതിലകത്തറയിലായിരിക്കാം, അല്ലെങ്കിൽ രൂക്ഷവാസനയെഴുന്ന പാലത്തോട്ടത്തിലേക്കു കടന്നിരിക്കാം; അല്ലെങ്കിൽ മൃഗങ്ങളുടെയും പക്ഷികളുടെയും പടങ്ങൾ എഴുതീട്ടുള്ള ദാരുപര്‍വകത്തിൽ ഉണ്ടായിരിക്കാം. (മേല്പോട്ടു നോക്കീട്ടു്) ഹീ ഹീ ശരല്ക്കാലനിര്‍മ്മലമായ ആകാശത്തിൽ ബലദേവന്റെ കൈ നീട്ടിയതോ എന്നു തോന്നുമാറ് എരണ്ടപ്പക്ഷികൾ അണിനിരന്നു കണക്കിനു പറക്കുന്നത് തോഴർ നോക്കണം.

 

നാലാമങ്കം (30-34)

 

-30-


രാജാ:-തോഴരേ, ഞാൻ കാണുന്നുണ്ടു്. അതുകളിതാ പറക്കുന്നു-

ഒപ്പത്തിൽ നീണ്ടുമിടവിട്ടുമുയര്‍ന്നു താഴ്ന്നും,
സപ്തർഷിവംശസമമായ് തിരിവിൽ പുളഞ്ഞും,
അര്‍പ്പിച്ചപോലെലികനൂലിഹ ചട്ട വിട്ട
സര്‍പ്പത്തിനൊപ്പമതിനിര്‍മ്മലമാം നഭസ്സിൽ,


ചേടി:-(എരപ്പു കേട്ട് മേല്പോട്ടു നോക്കീട്ട്) കൊച്ചുതമ്പുരാട്ടി ഇതാ നോക്കണം, താമരപ്പുമാലപോലെ വരിയിട്ടു് എരണ്ടു് പറക്കുന്നു. (മുമ്പോട്ടു നോക്കീട്ടു്) ഇതാ! തമ്പുരാൻ എഴുന്നെള്ളുന്നു.

പത്മാ:-ഓ. ആര്യപുത്രനോ? ആര്യേ, ഭവതിക്കുവേണ്ടി ഞാനിപ്പോൾ ആര്യപുത്രനെ കാണേണ്ട എന്നു വെയ്ക്കാം. അതിനാൽ നമുക്കു് മാധവീമണ്ഡപത്തിൽ കടന്നിരിക്കയല്ലേ?

വാസവ:-അങ്ങനെയാവട്ടെ. (പറഞ്ഞതുപോലെ ചെയ്യുന്നു.)

വിദൂ:-ശ്രീമതി പത്മാവതി ഇവിടെ വന്നിട്ടു പോയിരിക്കണം.

രാജാ:-എങ്ങനെ അറിയാം?

വിദൂ:-ചേമന്തിയിൽനിന്നു പൂക്കൾ ഇറുത്തെടുത്തിരിക്കുന്നതു തോഴർ കാണുന്നില്ലേ?

രാജാ:-നോക്കു വസന്തക, പുഷ്പങ്ങൾക്കു എത്ര ഭംഗി!!

-31-


വാസവ:-(വിചാരം) വസന്തകന്റെ പേരു് കേട്ടപ്പോള്‍ വീണ്ടും ഉജ്ജയിനിക്കു പോയതുപോലെ തോന്നുന്നു

രാജാ :- തോഴരേ, നമുക്കു് ഈ കൽത്തറയിൽത്തന്നെ പത്മാവതിയെ കാത്തിരിക്കാം.

വിദൂ:-അങ്ങനെതന്നെ. (ഇരുന്നിട്ടുചാടി എണീറ്റുകൊണ്ടു) വെയിലിന്റെ ചൂടുകൊണ്ടു തറ പൊള്ളുന്നു. അതുകൊണ്ടു ഈ മാധവമണ്ഡപത്തിലേക്കു കയറി ഇരിക്കാം. '

രാജാ:-ആട്ടെ, മുമ്പേ നടക്കു.

വിദൂ:-:-അങ്ങനെ തന്നെ. (രണ്ടുപേരും ചുറ്റിനടക്കുന്നു).

പത്മാ:-ആ വസന്തകൻ എല്ലാം അപകടത്തിലാക്കും. ഇനി എന്താണു ചെയ്യേണ്ടതു്?

ചേടി:-കോൽത്തേൻ കൂടു തൂക്കീട്ടുള്ള ഇര വള്ളി പിടിച്ചു കലുക്കി, ഈച്ചകളെ ഇടക്കിവിട്ടു തടസ്സം ചെയ്യാം.

പത്മാ:-ങ്ങനെ ചെയ്യും

ചേടി:-(പറഞ്ഞതുപോലെ ചെയ്യുന്നു.)

വിദൂ:-അയ്യോ അയ്യോ! തോഴർ നിൽക്കണേ!

-32-


രാജാ:-എന്തിനു്?

വിദൂ:-ഈ തെമ്മാടിത്തേനീച്ചകൾ എന്നെ ശല്യപ്പെടുത്തുന്നു, (തേനീച്ചക്കൂട് അടിച്ചു വീഴ്ത്താൻ ഭാവിക്കുന്നു.)

രാജാ:-:-അരുതരുതു്, തേനീച്ചകളെ അടിച്ചു വിരട്ടരുതു്. നോക്കു-

സസുഖം മധുമദമോടേ
കുസുമശര ക്രീഡയാടുമളിതതണർ
വ്യസനിക്കുമെനിക്കു സമം
വസതി നശിക്കെ പ്രിയാവിയോജിതരായ്.


അതുകൊണ്ടു് നമുക്ക് ഇവിടെത്തന്നെ ഇരിക്കാം.

വിദൂ:-അങ്ങനെയാവട്ടേ. (രണ്ടുപേരും ഇരിക്കുന്നു.)

ചേടി:-കൊച്ചുതമ്പുരാട്ടി, നാം ഇതിനുള്ളിലകപ്പെട്ടു.

പത്മാ:-ദൈവാതീനം, ആര്യപുത്രൻ അവിടെഇരുന്നല്ലോ,

വാസവ:-(വിചാരം) ഭാഗ്യംതന്നെ. ആര്യപുത്രന്റെ ശരീരസ്ഥിതി പതിവുമട്ടിലായി.

ചേടി:-കൊച്ചുതമ്പുരാട്ടി, ആര്യയുടെ കണ്ണിൽ വെള്ളം നിറഞ്ഞിരിക്കുന്നല്ലോ.

-33-


വാസവ:-തേനീച്ചകളുടെ ലഹളയിൽ ഇളകിയ ആറ്റുദർഭയുടെ പൂമ്പൊടി വീണിട്ട് എന്റെ കണ്ണിൽ വെള്ളം നിറഞ്ഞു.

പത്മാ:-ശരിതന്നെ

വിദൂ:-തോഴരെ, ഇവിടെ ആരുമില്ലല്ലോ. എനിക്കൊരു കാര്യം ചോദിക്കാനുണ്ട്; അതു ചോദിക്കട്ടയോ?

രാജാ:-ഓഹോ, യഥേഷ്ടം.

വിദൂ:-തോഴര്‍ക്കു് ആരെയാണ് അധികം പ്രിയം: അന്നത്തെ വാസവദത്തയേയോ, ഇന്നത്തെ പത്മാവതിയേയോ?

രാജാ:-തോഴരെന്തിനാണെന്നെ ധമ്മസങ്കടത്തിൽ പതിപ്പിക്കുന്നതു്?

പത്മാ:-ഈരവിധം സങ്കടത്തിലാണോ ആര്യപുത്രനെ കൊണ്ടുചെന്നു ചാടിച്ചതു്?

വാസവ:-(വിചാരം) ഈ ഭാഗ്യംകെട്ട എന്നെയും.

വിദൂ:-ക്രസൽ കൂടാതെ പറയണം തോഴരേ. മരിച്ചുപോയി; മറ്റെയാൾ ഇവിടെ ഇല്ലതാനും.

രാജാ:-ഇല്ല തോഴരേ, ഞാൻ ഒരിക്കലും പറകയില്ല; അങ്ങൊരു വിടുവായനാണു്.

-34-


പത്മാ:-ഇത്രയുംകൊണ്ടു് ആര്യപുത്രൻ പറഞ്ഞു കഴിഞ്ഞു.

വിദൂ:-തോഴരേ, ഞാൻ ആണയിടുന്നു. പറകയില്ല. ഒരുത്തരോടും ഞാനിതാ നാക്കു കടിച്ചിരിക്കുന്നു.

രാജഃ:-എനിക്ക് പറയാൻ മനസ്സു വരുന്നില്ല.

പത്മാ:-അമ്പോ! ഇയാളുടെ ചണ്ടിത്തരം; ഇത്രയും കൊണ്ട് ഉള്ളറിഞ്ഞില്ലേ?

വിദൂ:-:-എന്റെ അടുക്കൽ പറകയില്ലെന്നോ? പറയാതെ ഒരടിപോലും ഈ കൽത്തറയിൽനിന്നു് നീങ്ങാൻ ഞാൻ സമ്മതിക്കയില്ല. തോഴര്‍ക്കു ഞാനിതാ വിലക്കുവച്ചിരിക്കുന്നു.

(ഉത്തരീയം എടുത്തു ചുരുട്ടി നീട്ടി മുമ്പിൽ വെയ്ക്കുന്നു.)

രാജാ :-എന്തു? ബലാൽക്കാരമായിട്ടോ?

വിദൂ :-അതേ, ബലാൽക്കാരംതന്നെ.

രാജ:-എന്നാലൊന്നു നോക്കാം.

വിദൂ:-തോഴർ മുഷിയേണ്ട, ഞാൻ സ്നേഹബന്ധംകൊണ്ടു ബന്ധിക്കുന്നതാണു്.

 

നാലാമങ്കം (35-39)

 

-35-


രാജാ :-എന്നാൽ നിർവാഹമില്ല. കേട്ടോളൂ-

അനർഘശീലാകൃതിസരഭഗങ്ങളാ-
ലെനിക്കു പത്മാവതി മാന്യയെങ്കിലും
മനസ്സഹോ! വാസവദത്തയിൽ ദൃഢം
പിനഞ്ഞു ബന്ധിച്ചതഴിപ്പതില്ലെടോ.


വാസവ:-(വിചാരം) മതി മതി! ഇ കഷ്ടപ്പാടിനു ഭാവിച്ചതിന്റെ കൂലി കിട്ടി. അജ്ഞാതവാസത്തിലും ചില ഗുണങ്ങളുണ്ടു്.

ചേടി:-കൊച്ചുതമ്പുരാട്ടി, തമ്പുരാനു ദാക്ഷിണ്യമില്ലല്ലോ?

പത്മാ:-അങ്ങനെയല്ല. ആര്യപുത്രൻ ദാക്ഷിണ്യശാലി തന്നെ. ഇപ്പോഴും വാസവദത്താജ്യേഷ്ഠത്തിയുടെ ഗുണങ്ങൾ ഓര്‍ക്കുന്നല്ലോ.

വാസവ:- തോഴി, കുലമാഹാത്യത്തിനു ചേര്‍ന്നതാണീ വാക്ക്.

രാജാ:-ഞാൻ പറഞ്ഞു കഴിഞ്ഞു; ഇനി അങ്ങു പറയണം. അങ്ങേയ്ക്ക് ആരെയാണ് അധികം പ്രിയം? അന്നത്തെ വാസവദത്തയേയോ? ഇന്നത്തെ പത്മാവതിയേയോ?

പത്മാ:-ആര്യപുത്രനും വസനുകനെപ്പോലെ ആയല്ലോ

വിദൂ:-ഞാനെന്തിനു വിരോധം ലഭിച്ചു വെയ്ക്കുന്നു? രണ്ടു ദേവിമാരും എനിക്ക് ഒന്നുപോലെ സമ്മതമാണു്.

രാജാ:-എടോ ചണ്ടിയാനേ, എന്നെക്കൊണ്ടു പറയിച്ചുംവെച്ച് ഇപ്പോൾ താൻ മിണ്ടാതെയിരിക്കുന്നോ?

വിദൂ:-എന്തു് എന്റെ അടുക്കലും ബലാൽകാരമോ?

-36-


രാജാ :-അതേ, ബലാൽകാരം തന്നെ.

വിദൂ:-എന്നാൽ കേൾക്കാൻ ഒക്കുകയില്ല.

രാജാ:-മഹാബ്രാഹ്മണൻ മുഷിയേണ്ട, സ്വൈരമായിട്ടു പറഞ്ഞാൽ മതി.

വിദൂ:-എന്നാൽ തോഴർ കേൾക്കണം- വാസവദത്താദേവിയെ എനിക്കു ബഹുമാനമാണു്. ശ്രീമതി പത്മാവതി ചെറുപ്പക്കാരിയാണു : കണ്ടാൽ കൊള്ളാം; ദേഷ്യമാകട്ടെ അഹങ്കാരമാകട്ടെ ഇല്ല; നല്ല വാക്കേ സംസാരിക്കൂ; ദാക്ഷിണ്യം ധാരാളം വേറെ ഒരു വിശേഷം കൂടെയുണ്ട്- നല്ല ചോറും കറികളും തയാറാക്കിക്കൊണ്ടു് ആവസന്തകനെവിടെ എന്നു പറഞ്ഞു എന്നെ അന്വേഷിച്ചുംകൊണ്ടും കാത്തിരിക്കും.

വാസവ:- (വിചാരം) വസന്തക, ഓര്‍ത്തോളൂ.

രാജാ:-വസന്തക, ആട്ടെ ആട്ടെ, ഇതെല്ലാം ചെന്നു ഞാൻ വാസവത്താദേവിയോടു പറഞ്ഞേക്കാം.

വിദൂ:-ഹാ കഷ്ടം! വാസവദത്തയോ? ഇപ്പോൾ എവിടെ? എത്ര നാളായി ആ ദേവി മരിച്ചിട്ടു്?

രാജാ:-(വിഷാദത്തോടുകൂടി) ശരി, വാസവദത്ത മരിച്ചുപോയി.

ഇത്തരം കഥ ചൊന്നിങ്ങുചിത്തവിക്ഷേപമേകി നീ;
പതിവായുള്ളമൊഴികളതിനാൽ വായിൽ വന്നുപോയ്.


(കരയാൻ ഭാവിക്കുന്നു.)

-37-


പത്മാ:-സരസമായ കഥാസന്ദര്‍ഭം ഈ ദുഷ്ടൻ നിറുത്തിക്കളഞ്ഞല്ലോ.

വാസവ:-(വിചാരം) എനിക്കു നല്ല വിശ്വാസമായി. ഈമാതിരി വാക്കുകൾ അപ്രത്യക്ഷമായി കേൾക്കുന്നതു വളരെ പ്രിയംതന്നെ.

വിദൂ:-ധൈര്യപ്പെടണം തോഴരെ, വിധിയെ ആര്‍ക്കു തടുക്കാം? ഇതിപ്പോൾ ഇങ്ങനെ വരണമെന്നാണു്.

രാജാ:-തോഴരെ, അങ്ങന്റെ അവസ്ഥ അറിയുന്നില്ല.

ഒതുക്കിനേൻ ദുഃഖമുറച്ചു രംഗം;
പുതുക്കുമോര്‍ത്തോർത്തു പുനശ്ച ദുഃഖം;
ഇതോര്‍ക്കെടോ മട്ടഥ ബാഷ്‌പധാര
പതിക്കിലേ ബുദ്ധി തെളിഞ്ഞു കാട്ടൂ


വിദൂ:-തോഴരുടെ മുഖം കണ്ണു നീരുകൊണ്ടു നനഞ്ഞില്ലോ. ഞാൻ പോയി മുഖം കഴുകാൻ വെള്ളംകൊണ്ടു വരാം. (പോയി)

പത്മ:-ആര്യേ, ആര്യപുത്രന്റെ കണ്ണുകൾ ബാഷ്‌പപടലംകൊണ്ട് മൂടിയിരിക്കയാണു്. അതിനാൽ നമുക്ക് ഇറങ്ങിപ്പൊയ്ക്കളയാം.

വാസവ:-അങ്ങനെതന്നെ. അല്ലെങ്കിൽ തോഴിക്കു വ്യസനിച്ചിരിക്കുന്ന ഭർത്താവിനെ ഉപേക്ഷിച്ചു പോകുന്നതു യുക്തമല്ല. ഞാൻ മാത്രം പോയേക്കാം.

ചേടി:-ആര്യ പറഞ്ഞതു ശരിയാണു്. കൊച്ചുതമ്പുരാട്ടി അങ്ങോട്ടു ചെല്ലണം.

-38-


പത്മാ:-ഞാനങ്ങോട്ടു ചെല്ലട്ടേ?

വാസവ:-:-അങ്ങനെയാവട്ടെ. (പോയി)

വിദൂ:- (താമരയിലയിൽ വെള്ളം കൊണ്ട് പ്രവേശിച്ചിട്ടു്) ഇതാ ശ്രീമതി പത്മാവതി.

പത്മ:-ആര്യവസന്തക, ഇതെന്താണു്?

വിദൂ:-ഇതു് അതാണ്, അതിതുതന്നെ.

പത്മാ:-പറയു, ശരിയായി പറയു.

വിദൂ:- കാറ്റടിച്ചു ആറ്റുദർഭയുടെ പൂമ്പൊടി വീണിട്ട് തോഴരുടെ കണ്ണു കലങ്ങി. മുഖം കഴുകാൻ ശ്രീമതി ഈ വെള്ളം വാങ്ങിക്കൊടുക്കണം.

പത്മ:- (വിചാരം )ദാക്ഷിണ്യശീലരുടെ പരിജനങ്ങളും ദാക്ഷിണ്യശീലർ തന്നെ, (രാജാവിന്റെ അടുത്തു ചെന്നിട്ടു്) ആര്യപുത്രനു വിജയം! മുഖം കഴുകാൻ ഇതാ വെള്ളം.

രാജാ:-ഏ! പത്മാവതിയോ? (വിദൂഷകനോട് സ്വകാര്യമായി) വസന്തക, എന്താണിതു്?

വിദു :-(ചെവിയിൽ പറയുന്നു.)

രാജാ :-നന്നായി. വസന്തക, നന്നായി, (വെള്ളംവാങ്ങി മുഖം കഴുകിയിട്ടു്) പത്മാവതി ഇരിക്കു.

പത്മ:-ആര്യപുത്രൻ പറയുംപോലെ. (ഇരിക്കുന്നു.)

-39-


രാജാ :-പത്മാവതി,

ആറ്റുദർഭമലർക്കുറ്റ മുറ്റിപ്പാറിയ പൂമ്പൊടി
കാറ്റു ചുറ്റിപ്പറന്നതേറ്റട്ടെൻകണ്ണലിഞ്ഞതാം.


(വിചാരം)

നാരീമണി നവോദ്വാഹ നേരറിഞ്ഞാൽ നിരാശയാം;
ധീരയാണിവളെന്നാലും ഭീരുത്വം സ്ത്രീസ്വഭാവമാം


വിദൂ:-തോഴരേ, മഗധരാജാവിനു് ഉച്ചതിരിഞ്ഞ് അങ്ങേ പുരസ്ക്കരിച്ചു കൊണ്ടു കാണാൻ വന്നിരിക്കുന്ന ബന്ധുജനങ്ങളെ ഉപചരിക്കേണ്ടതുണ്ടു്. സൽക്കാരം സൽക്കാരത്തോടു സ്വീകരിച്ചാലെ പ്രീതിയുള്ളു. അതിനാൽ തോഴരിപ്പോൾ എഴീക്കണം

രാജാ :-ശരി, ഉത്തമപക്ഷം തന്നെ.

(എഴീക്കുന്നു.)

പെരുതാമുപകരാം താൻ പരമാദരപൂജതാൻ
തരുന്നോരുണ്ടു പലരും തിരിയുന്നോരപൂർവ്വമാം.


(എല്ലാവരും പോയി)

 

അഞ്ചാമങ്കം (40-45)

 

-40-


അഞ്ചാമങ്കം


(അനന്തരം പത്മിക പ്രവേശിക്കുന്നു.)

പത്മി:-മധുകരികേ, മധൂകരികേ, വേഗം വരൂ.

മധുകരിക:-(പ്രവേശിച്ചിട്ടും) ഞാനിതാവന്നു. എന്തുവേണം?

പത്മി :-അല്ലാ, പത്മാവതിക്കൊച്ചുത്തമ്പുരാട്ടിക്കു് തിരുമുടി കഴപ്പാണെന്നു നീ അറിഞ്ഞില്ലയോ?

മധു:-അയ്യോ കഷ്ടം!

പത്മി :- ആട്ടെ, നീ വേഗം ചെന്നു. ആര്യയായ ആവന്തികയോടു പറയു. കൊച്ചുതമ്പുരാട്ടിക്കു തിരുമുടി വേദനയാണെന്നുമാത്രം അറിയിച്ചാൽ മതി. അപ്പോൾ ആര്യ തനിയേ വന്നു കൊള്ളും.

മധു:-ആര്യ വന്നാൽ എന്തുചെയ്യും?

പത്മി:-രസകരങ്ങളായ കഥകൾ പറഞ്ഞ് കൊച്ചുതമ്പുരാട്ടിയെ വിനോദിപ്പിക്കും.

മധു:-ശരിതന്നെ, കൊച്ചുതമ്പുരാട്ടിക്കു് എവിടെയാണു പള്ളിക്കുറുപ്പിനു തയാറാക്കീട്ടുള്ളതു്?

പത്മി:-സമുദ്രഗൃഹത്തിൽ പള്ളിമെത്ത വിരിച്ചിരിക്കുന്നു, നീ ഇപ്പോൾ പോക. തമ്പുരാനെ വിവരം ധരിപ്പിക്കുന്നതിനു് ഞാനും ആര്യവസന്തകനെ അന്വേഷിക്കട്ടെ.

മധു:-അങ്ങനെ. തന്നെ (പോയി)

-41-


പത്മി:- ആര്യവസന്തകനെ എവിടെ കാണും?

(വിദൂഷകൻ പ്രവേശിക്കുന്നു.)

വിദൂ:-ഇന്നാകട്ടെ വസന്തരാജാവു തിരുമേനിക്ക് ദേവീവിയോഗംകൊണ്ടുള്ള ദുഖം ഒരുവിധം ശമികയും, പത്മാവതിയുടെ പാണിഗ്രഹണത്തിനു മേലുള്ള മംഗളമഹോത്സവത്തിൽ മന്മഥതാപം ഏറെ വർദ്ധിക്കയും ചെയ്തിരിക്കുന്നു. (പത്മിനിയെ കണ്ടിട്ടു്) ഏ്! പത്മിനികയോ? പത്മിനികേ, എന്താണു വര്‍ത്തമാനം?

പത്മി:-ആര്യവസന്തക, പത്മാവതിക്കൊച്ചുതമ്പുരാട്ടിക്കു തിരുമുടിവേദനയാണെന്നു അങ്ങ് അറിഞ്ഞില്ലയോ?

വിദൂ:-സത്യമായിട്ടു ഞാൻ അറിഞ്ഞില്ല.

പത്മി:-എന്നാൽ ഈ വിവരം തമ്പുരാനോടു ചെന്നറിയിക്കണം. ഞാൻ മരുന്നുകൾ വേഗം കൊണ്ടുചെല്ലട്ടെ.

വിദൂ:-ശ്രീമതി പത്മാവതിക്കു് എവിടെയാണു് കിടക്ക വിരിച്ചിരിക്കുന്നതു്?

പത്മി:-സമുദ്രഗൃഹത്തിൽ.

വിദൂ:-നീ പോകു, ഞാൻ ചെന്നു തോഴരോടു പറയാം

(രണ്ടുപേരും പോയി.)

-42-


അങ്കാരംഭം

(അനന്തരം രാജാവ് പ്രവേശിക്കുന്നു)

രാജാ:-

ഇന്നാദിയെ ഗൃഹിണിയെപ്പുതുതായ് ഗ്രഹിച്ചേൻ
എന്നാലുമബ്ജിനി ഹിമാര്‍ത്തിയിലെന്നപോലെ,
ലാവണ്യശാലിനിയവന്തിനരേന്ദ്രപുത്രി
ലാവാണകാനലനിൽ വെന്ത വിചിന്ത പോകാ.


വിദൂ:-(പ്രവേശിച്ചിട്ടു്) വേഗം വരണം തോഴരേ, വേഗം വരണം.

രാജാ:-എന്തിന്?

വിദൂ:-ശ്രീമതി പത്മാവതി തലവേദനകൊണ്ടു ശ്രമപ്പെടുന്നു.

രാജാ:-ഇതാരു പറഞ്ഞു?

വിദൂ:-പത്മിനിയാണു പറഞ്ഞതു്.

രാജാ:-കഷ്ടം!

സാമാന്യ സർവ്വഗുണയാം പ്രിയയെ ഗ്രഹിച്ചി-
ട്ടെന്മാനസത്തിനഴൽ മങ്ങിയ മട്ടിലായി;
ഓര്‍മ്മിച്ചു മുൻകഥ പുനശ്ച തപിച്ചിടുമ്പോൾ
പത്മാവതീവിഷയമായുമപായശങ്ക.


ആട്ടെ, ഇപ്പോൾ പത്മാവതി എവിടെയാണു്?

വിദൂ:-സമുദ്രഗൃഹത്തിലാണ് മെത്ത വിരിച്ചിരിക്കുന്നതു്

-43-


രാജാ:-എന്നാൽ നടക്കു, അങ്ങോട്ടുപോകാം,

വിദൂ:-തോഴർ ഇതിലേ, ഇതിലേ (രണ്ടുപേരും ചുറ്റിനടക്കുന്നു).

വിദൂ:-ഇതാ സമുദ്രഗ്രഹം; തോഴർ പ്രവേശിക്കണം,

രാജാ:-മുമ്പേ കടക്കു

വിദൂ:-അങ്ങനെതന്നെ, (അകത്തുകടന്നിട്ട്) അയ്യോ! നിൽക്കണേ തോഴരേ, നിൽക്കണേ!

രാജാ:-എന്തിനു്?

വിദൂ:-ഇതാ ഒരു പാമ്പു നിലത്തു കിടന്നു പുളയുന്നു. മങ്ങിയ ദീപപ്രഭയിൽ ഇളകുന്നതു മാത്രമേ അറിയുന്നുള്ളു.

രാജാ:-(അകത്തു കടന്നു. നോക്കി ചിരിച്ചുകൊണ്ട്) സർപ്പം പോലും!

നീട്ടിക്കൊടുത്ത മുഖതോരണമാല പൊട്ടി-
ച്ചോട്ടിൽ പതിച്ചതഹിയെന്നു ഭവാൻ ഭ്രമിച്ചു;
ഒട്ടിങ്ങിരുട്ടിലതു കാറ്റടിയേറ്റുലഞ്ഞു
കാട്ടുന്നുമുണ്ടു ചില സര്‍പ്പവിചേഷ്ടിതങ്ങൾ.


വിദൂ:-(സൂക്ഷിച്ചു നോക്കീട്ട്) തോഴർ പറഞ്ഞതു ശരിതന്നെ ഇതു പാമ്പല്ലാ (ചുറ്റും നോക്കീട്ട്) ശ്രീമതി പത്മാവതി ഇവിടെ വന്നുംവെച്ചുപോയിരിക്കണം.

-44-


രാജാ:-തോഴരേ, വന്നിട്ടില്ലായിരിക്കണം.

വിദൂ:-തോഴരെങ്ങനെ അറിഞ്ഞു?

രാജാ :-എന്താണറിയാനുള്ളതു്? നോക്കു-

തല്പത്തിൽ തടമില്ല, മേൽവിരി ചുളുങ്ങീലാ; നിരപ്പൊപ്പമാ-
ണേർപ്പെട്ടില്ല തലയ്ക്കുണയ്ക്കു കലുഷം ലേപൗഷധസ്പർശജം;
ശില്പം രോഗിദൃഗർപ്പണത്തിനുചിതം കല്പിച്ചതില്ലൊന്നുമേ;
കെല്പില്ലാത്തജനത്തിനേറ്റ ശയനം പെട്ടെന്നു മാറ്റാനുമേ.


വിദൂ:-എന്നാൽ തോഴർ ഈ മെത്തയിൽ ക്ഷണനേരം ശ്രീമതിയുടെ വരവു കാത്തിരിക്കണം.

രാജാ:-അങ്ങനെയാവട്ടെ, (ഇരുന്നിട്ട്) തോഴരേ, എനിക്കു ഉറക്കം വരുന്നു. ഒരു കഥ പറയൂ.

വിദൂ:-ഞാൻ പറയാം, തോഴർ മൂളികേൾക്കണം.

രാജാ:-അങ്ങിനെതന്നെ.

വിദൂ:-ഉജ്ജയിനി എന്ന് ഒരു രാജ്യമുണ്ടു്. അവിടെ അതിമനോഹരങ്ങളായ നീരാട്ടങ്ങൾ ഉണ്ടുപോൽ-

-45-


രാജാ:-എന്തു് ഉജ്ജയനിയോ?

വിദൂ:-അതേ; ഇക്കഥ ബോധിച്ചില്ലെങ്കിൽ വേറൊന്നു പറയാം.

രാജാ:-തോഴരേ, ബോധിച്ചില്ലെന്നല്ല. എന്നാൽ-

ഓര്‍ത്തേനവന്തീശ്വരപുത്രിയാള്‍ക്കു
യാത്രാമുഖത്തിങ്കൽ നടന്ന വൃത്തം-
ഉറ്റോരെയോർത്തൂറി നിറഞ്ഞ കണ്ണീ-
രിറ്റിറ്റു വീഴ്ത്തി പ്രിയയെന്റെ മേൽത്താൻ.


അത്രമാത്രവുമല്ല, വീണവായന പഠിപ്പിക്കുന്ന കാലത്തു്-

ഒട്ടേറെ ഞാൻ ചിട്ടകളോതിടുമ്പോൾ
നോട്ടം പതിച്ചെന്റെ മുഖത്തു മുഗ്ദ്ധ
മുട്ടാണി കൈവിട്ടതുമോര്‍ത്തിടാതെ
മീട്ടാറുമുണ്ടെന്നു വെറും നഭസ്സിൽ.


വിദൂ:-ആട്ടെ, വേറെ കഥ പറയാം- ബ്രഹ്മദത്തം ബ്രഹ്മ മത്തം എന്നൊരു രാജ്യം; അവിടെ കാമ്പില്യൻ കാമ്പില്യൻ എന്നൊരു രാജാവു് -

രാജാ:-എന്ത്- എന്ത്?

വിദൂ:-(പിന്നെയും അങ്ങനെതന്നെ പറയുന്നു)

രാജാ:-ബ്രഹ്മദത്തനെന്നൊരു രാജാവു്, കാമ്പിലുമെന്നൊരു രാജ്യം എന്നു പറയു.

വിദൂ:-രാജാവ് ബ്രഹ്മദത്തനും നഗരം കാമ്പില്ല്യവുമോ?

 

അഞ്ചാമങ്കം (46-51)

 

-46-


രാജാ:-അതെ, അങ്ങിനെതന്നെ വേണം.

വിദൂ:-എന്നാൽ ക്ഷണനേരം തോഴർ ക്ഷമിക്കണം. ഞാനിതു മുഖസ്ഥമാക്കട്ടെ, (തിരുത്തിയ പ്രകാരം ഉരുവിട്ടിട്ട്) ഇനി കേൾക്കണം- അല്ലാ തോഴരുറങ്ങിയോ? ഈ രാത്രികാലത്തു കുളിരധികമായിരിക്കുന്നു, ഞാൻ പോയി പുതപ്പെടുത്തുകൊണ്ടു വരാം. (പോയി).

(അനന്തരം വാസവദത്തയം ചേടിയും വെളിയിൽ പ്രവേശിക്കുന്നു).

ചേടി:-ആര്യേ, ഇതിലെ, ഇതിലെ, കൊച്ചുതമ്പുരാട്ടിക്കു തിരുമുടി കഴപ്പു കലശലായിട്ടുണ്ടു്.

വാസവ:-കഷ്ടംതന്നെ; തോഴി എവിടെയാണു കിടക്കുന്നതു്?

ചേടി:-സമുദ്രഗൃഹത്തിൽ.

വാസവ:-എന്നാൽ മുമ്പേ നടക്കു. (രണ്ടുപേരും ചുറ്റിനടക്കുന്നു.)

ചേടി:-ഇതാ സമുദ്രഗൃഹം; ഞാൻ പോയി നെറ്റിയിൽ പൂശാനുള്ള മരുന്നു വേഗത്തിൽ ഉണ്ടാക്കിക്കൊണ്ടുവരാം. (പോയി)

വാസവ:-ഈശ്വരന്മാർ എന്നോടു ചെയ്യുന്നതു് കടുപ്പംതന്നെ. വിരഹോൽകണ്ഠിയായ ആര്യപുത്രന്നു ആശ്വാസസ്ഥാനമായ ഈ പത്മാവതിക്കും സുഖക്കേടായല്ലോ. ആട്ടെ, അകത്തേക്കു കടക്കാം. (കടന്നിട്ടു്) പരിജനങ്ങൾക്കു് ഒട്ടും ജാഗ്രതയില്ലല്ലോ. പത്മാവതിക്കു സുഖക്കേടായിരിക്കുമ്പോൾ സഹായത്തിനു് ഒരു വിളക്കു മാത്രം വെച്ചിട്ട് എല്ലാവരും പൊയ്ക്കളഞ്ഞു. (അടുത്തുചെന്നു നോക്കീട്ടു്) ഇവൾ ഉറക്കമാണെന്നു തോന്നുന്നു. ഇവിടെ ഇരിക്കാം. (ഇരുന്നിട്ട്) അല്ലെങ്കിൽ മാറി ഇരുന്നാൽ സ്നേഹക്കുറവാണെന്നു വന്നേയ്ക്കും, അതുകൊണ്ടു ഈ മെത്തയിന്മേൽതന്നെ ഇരിക്കാം. (ഇരുന്നിട്ട്) ഏ! ഇവളോടൊരുമിച്ചിരുന്നപ്പോൾ ഇന്നെന്താണെനിക്ക് ആഹ്ലാദവിശേഷം തോന്നുന്നതു്? (ചെവിയോർത്തിട്ടു്) ശ്വാസഗതി ക്രമമായിരിക്കുന്നു; തലവേദന ഒട്ടു വിട്ടിരിക്കണം. (കിടപ്പുനോക്കീട്ട്) മെത്തയുടെ പാതിഭാഗം ഒഴിച്ചുവിട്ടിരിക്കുന്നതിനാൽ ഞാൻ ഒന്നിച്ചു കിടന്നു ആലിംഗനം ചെയ്യണമെന്ന് അവൾ താല്പര്യപ്പെട്ടതായി തോന്നുന്നു. അതുകൊണ്ടു കിടന്നുകളയാം. (കിടക്കുന്നു).

-47-


രാജാ:-(സ്വപ്‌നത്തിൽ പുലമ്പുന്നു) എന്റെ വാസവദത്തേ

വാസവ:-(ചാടി എഴിച്ചിട്ട്) ഹാ! ആര്യപുത്രനോ? പത്മാവതിയല്ല. എന്നെക്കണ്ടിട്ടു വിളിച്ചതായിരിക്കുമോ? എന്നാൽ ആര്യയൌഗന്ധരായണന്റെ ഗൗരവമേറിയ പ്രതിജ്ഞാഭാരം നിഷ്ഫലമായി.

രാജാ:-(സ്വപ്നത്തിൽ പിന്നെയും) എന്റെ അവന്തിരാജപുത്രി!

വാസവ:-ഭാഗ്യംതന്നെ. ആര്യപുത്രൻ സ്വപ്‌നത്തിൽ പുലമ്പിയതാണു്. (ചുറ്റും നോക്കീട്ടു്) ഇവിടെ ആരുമില്ല. ക്ഷണനേരം നിന്നു കണ്ണും മനസ്സും തണുപ്പിക്കാം.

രാജാ:-(പിന്നെയും സ്വപ്‌നത്തിൽ) ഹാ! പ്രിയേ, പ്രിയ ശിഷ്യേ, എന്താണു മിണ്ടാത്തതു്?

വാസവ:-ഞാൻ മിണ്ടുന്നുണ്ട്. ആര്യപുത്ര, മിണ്ടുന്നുണ്ട്.

രാജാ:-(സ്വപ്നത്തിൽ) ഭവതി കലഹിച്ചാണോ?

വാസവ:-അല്ലല്ലാ- വ്യസനിച്ചാണ്.

രാജാ :-(സ്വപ്നത്തിൽ) കലഹിച്ചില്ലെങ്കിൽ എന്താണു് ആഭരണങ്ങൾ അണിയാത്തതു്?

-48-


വാസവ:-ഇതിലധികം എന്തു വേണം?

രാജാ:-(സ്വപ്നത്തിൽ) വിരചികയുടെ വൃത്താന്തം ഓര്‍ക്കുകയാണോ?

വാസവ:-(കോപത്തോടെ) പോവൂ. ഇവിടെയും വിരചിക വന്നോ?

രാജാ:-(സ്വപ്‌നത്തിൽ ) എന്നാൽ വിരചികയുടെ സംഗതിക്കു ഭവതിയെ നാം പ്രസാദിപ്പിക്കാം. (കൈകൾ നീട്ടുന്നു)

മാസവ:-ഞാനിവിടെ അധികം നിന്നുപോയി. വല്ലവരും വന്നു കണ്ടേക്കും. അതുകൊണ്ടു പൊയ്കളയാം. അല്ലെങ്കിൽ മെത്ത വിട്ടു തൂങ്ങിക്കിടക്കുന്ന ആയ്യപുത്രന്റെ കൈയ് എടുത്തു നേരെവെച്ചിട്ടു പോകാംം (പറഞ്ഞപോലെ ചെയ്തിട്ടുപോയി)

രാജാ:- (പെട്ടെന്നു ചാടി എഴീച്ചിട്ട്) വാസവദത്തേ, നില്ക്കു, നില്ക്കും!- (വെളിയിൽ ഇറങ്ങീട്ട്), ഹാ കഷ്ടം!

പെട്ടെന്നിറങ്ങും നേരത്തു
കട്ടിളക്കാലിടിച്ചതിൽ
തട്ടുകേടേൽക്കയാൽ തത്വം
സൃഷ്ടമായില്ലെനിക്കഹോ!


വിദൂ:-പ്രവേശിച്ചിട്ട്) അല്ലാ! തോഴർ ഉണര്‍ന്നോ?:

-49-


രാജാ:- തോഴരേ, ഒരു സന്തോഷ വര്‍ത്തമാനം പറയാം. വാസവദത്തെ ജീവനോടെ ഇരിക്കുന്നുണ്ട്.

വിദൂ:-കഷ്ടം! വാസവദത്തയോ? വാസവദത്ത എവിടെ? എത്രകാലമായി ആ ദേവി മരിച്ചിട്ടു്?

രാജാ:-തോഴ‌രേ ഇങ്ങനെ പറയരുതു-

എന്നെക്കിടന്നുറങ്ങുമ്പോൾ
വന്നുണര്‍ത്തീട്ടു, മണ്ടിനാൾ;
അഗ്നിയിൽ ദഗ്ദ്ധയെന്നെല്ലാം
ചൊന്നവൻ ചതിയോതിനാൻ.


വിദൂ:-അതൊരിക്കലും സംഭവിക്കാവുന്നതല്ല. ആ! അല്ലെങ്കിൽ ഉജ്ജയിനിയിലേ നീരാഴികളെപ്പറ്റി ഞാൻ പറഞ്ഞതിൽ ദേവിയുടെ ഓര്‍മ്മ വന്നിട്ടു് തോഴർ സ്വപ്നം കണ്ടതായിരിക്കും.

രാജാ:-അതെ, ഞാൻ സ്വപ്‌നം കണ്ടതായിരിക്കട്ടെ.

സ്വപ്നമിക്കണ്ടതെന്നാകിൽ
ധന്യത്വമുണരായ്ക്കതാൻ;
ഭ്രമമാണെങ്കിലോ പിന്നെ;
ഭ്രമമേ മതി ശാശ്വതം.


വിദൂ:-ഈ നഗരത്തിൽ അവന്തിസുന്ദരി എന്നൊരു യക്ഷിയുടെ സഞ്ചാരമുണ്ട്. അതിനെ ആയിരിക്കും തോഴർ കണ്ടതു്?

-50-


രാജാ:-അല്ലല്ല.

ഉണരവേ കണി കണ്ടു സതീവ്രത-
പ്രണയിയാം ദയിതാവദനത്തിൽ ഞാൻ-
മഷിതൊടാമിഴിയും കറുകൂന്തലിൻ-
വിഷമദീർഘതയും ബത! തോഴരേ.


അത്രമാത്രമല്ല, തോഴർ നോക്കു

ശങ്കാകുലം പങ്കജനേത്ര താങ്ങീ-
ട്ടെൻകൈയിതശ്ശയ്യയിൽ വെച്ചനേരം
സ്വപ്നത്തിലും സ്പർശമുദിക്കുമൂല-
മുൽപന്നമാം കോൾമയിർ നിന്നതില്ല.


വിദൂ:-തോഴര്‍ക്കു ഈ അനര്‍ത്ഥചിന്തയൊന്നും വേണ്ട. വരിക, നമുക്കു നാലുകെട്ടിലേയ്ക്കു പോകാം.

കാഞ്ചുകീയൻ:-(പ്രവേശിച്ചിട്ട്) തിരുമനസ്സിലേക്കു് വിജയം. ദർശകമഹാരാജാവു തിരുമനസ്സിലെ അടുക്കൽ അരുളിച്ചെയ്യുന്നു- 'ഭവാന്റെ അമാത്യനായ രുമണ്വാൻ ആരുണിയെ എതൃക്കുന്നതിന് ഒരു വലിയ സൈന്യത്തോടുകൂടെ വന്നിരിക്കുന്നു. എന്റെ വക ചതുരംഗസൈന്യവും പുറപ്പെടാൻ തയാറുണ്ടു്. അതിനാൽ ഭവാൻ യുദ്ധയാത്രയ്ക്കു സന്നദ്ധനാകണം' എന്നു്.

-51-


അത്രമാത്രമല്ല-

ഭിന്നിപ്പിച്ചു രിപുക്കളെ; പ്രജകളിൽ ത്വൽഭക്കിയാശ്വാസവും
കുന്നിപ്പിച്ചു; ഭവാന്നുപാർഷ്ണിബലവും സജ്ജിച്ചുയാത്രയ്ക്കുഞാൻ;
സന്നദ്ധം നിപുനിഗ്രഹത്തിനുചിതം സംഭാരമോരോന്നുമേ,
സൈന്യം ഗംഗ കടന്നുതിന്നു; വഴിയേ നിൻകൈക്കലാം രാജ്യവും.


രാജാ:-അങ്ങനെ തന്നെ ഇതാ ഇപ്പോൾ-

ധീരാശ്വമത്തേഭകുലം കലര്‍ന്നും
തീരാത്ത ശസ്ത്രത്തിരമാലയാര്‍ത്തും
ഘോരാഭമാം പോർക്കടലിൽ കടന്നി-
ട്ടോരാതെ ഞാനാരുണിയെജ്ജയിക്കാം.


(എല്ലാവരും പോയി)

 

ആറാമങ്കം (52-55)

 

-52-


ആറാമങ്കം

വിഷ്കംഭംം

(അനന്തരം കാഞ്ചുകീയൻ പ്രവേശിക്കുന്നു)

കാഞ്ചു:-ഇവിടെ ആരുണ്ട്? രത്നതോരണദ്വാരത്തിൽ തവണക്കാരില്ലയോ?

ദ്വാരപാലിക:-(പ്രവേശിച്ചിട്ട്) ആര്യ ഞാനുണ്ട്, വിജയ എന്താണു വേണ്ടതു്?

കാഞ്ചു:-വത്സരാജ്യം വീണ്ടെടുത്തു് അഭയം പ്രാപിച്ചിരിക്കുന്ന വത്സരാജാവു തിരുമനസ്സിലെ ഉണർത്തിക്കണം- ഇതാ മഹാസേനമഹാരാജാവു കല്പിച്ചയച്ചിട്ട് രൈഭ്യൻ എന്ന കാഞ്ചുകീയൻ വന്നിരിക്കുന്നു. മഹിഷിയായ അംഗാരവതീ ദേവി കല്പിച്ചയച്ചിട്ട് വാസവദത്തദേവിയുടെ ധാത്രിയായ വസുന്ധരയും കൂടെയുണ്ട്. രണ്ടുപേരും മുഖം കാണിക്കുന്നതിനു കാത്തു നിൽക്കുന്നു എന്നു്.

ദ്വാരപാ:-ഇപ്പോൾ ചെന്ന് അറിയിക്കുന്നതിനും അനവസരമാണു്.

കാഞ്ചു:-എന്താണ് അനവസരം?

ദ്വാര:-ആര്യൻ കേൾക്കണം- തമ്പുരാൻ ശയനമാളികയിൽ എഴുന്നള്ളിയിരിക്കുമ്പോൾ വെളിയിൽ ഒരു വീണവായന കേട്ടു. ഉടനെ ചെവിയോർത്തിട്ടു കല്പിച്ചു- ഘോഷവതിയുടെ ശബ്ദം പോലെ തോന്നുന്നു എന്നു്.

കാഞ്ചു:-പിന്നെയോ?

ദ്വാര:-അനന്തരം അവിടെച്ചെന്നു വീണ എവിടെനിന്നു കിട്ടിയതാണെന്നു ചോദിപ്പിച്ചു. അയാൾ പറഞ്ഞു- ഞങ്ങൾക്കു് നര്‍മ്മദാതീരത്തിൽ ഒരു കുറ്റിക്കാട്ടിൽനിന്നു കിട്ടിയതാണു്. തമ്പുരാനു ആവശ്യമുണ്ടെങ്കിൽ എടുക്കാം- എന്നു്. വീണ കൊണ്ടുവന്നതു മടിയിൽ വച്ചിട്ട് തമ്പുരാൻ മൂർഛിച്ചു. പിന്നീടു ബോധം വന്നതിന്റെ ശേഷം കണ്ണീരൊലിപ്പിച്ചുകൊണ്ടു തമ്പുരാൻ അരുളിച്ചെയ്തു- ഘോഷവതി, നിന്നെക്കണ്ടുകിട്ടി; അവളെമാത്രം കാണുന്നില്ലല്ലോ- എന്നു്. ആര്യ, ഈവിധമാണു് അനവസരം. എങ്ങനെയാണു് ഞാൻ ചെന്നുണർത്തിക്കുക?

കാഞ്ചു:-നീ ചെന്നു് അറിയിക്കു ഇതും അതു സംബന്ധിച്ച കാര്യം തന്നെ.

ദ്വാര:-ആര്യേ, ഞാൻ ചെന്ന് അറിയിക്കാം. ഇതാ തമ്പുരാൻ ശയനമാളികയിൽ നിന്നിറങ്ങുന്നു. ഇവിടെ വെച്ചുതന്നെ അറിയിച്ചുകളയാം.

(രണ്ടുപേരും പോയി)

-53-


അങ്കാരംഭം

(അനന്തരം രാജാവും വിദൂഷകനും പ്രവേശിക്കുന്നു).

മടുകിടമൊഴി നീ നതാംഗിയാളിൻ-
മടിയതിൽ മാറിലുമേറി വാണശേഷം
അടിമുടി പറവയ്ക്കു കൂടുവെയ്ക്കാ-
നടവിന വാസമണഞ്ഞതെത്ര കഷ്ടം?


അത്രയുമല്ല, ഘോഷവതീ, നീ സ്നേഹമില്ലാത്തവളാണു്. നീ ഇതെല്ലാം മറന്നുകളഞ്ഞില്ലേ?

ഇളിയിലുടനെടുത്തു പുൽകി നിന്നെ-
കുളിർകരലാളന ചെയ്തുകൊണ്ടു മെല്ലെ
കളിമൊഴികൾ കഥിപ്പതും ചിലപ്പോൾ
കിളിമൊഴിയെൻ വിരഹാത്തിചൊൽവതും ഹാ!


വില്ല:-തോഴർ ഇത്ര കടന്നു വ്യസനിക്കരുതു്.

രാജാ:- തോഴരേ, അങ്ങനെയല്ല-

ശോഷിതമെൻ മദനരസം
പോഷിതമായത്തീര്‍ന്നു വീണ കാണുകയാൽ;
ഘോഷവതിതോഷമെഴും
യോഷകൾ മുടിമാലയോ മുടിഞ്ഞല്ലോ.


വസന്തക, വീണ കൊണ്ടുചെന്നു വേലക്കാർവശംകൊടുത്തു അറ്റകുറ്റം തീർപ്പിച്ചു വേഗം കൊണ്ടുവരു,

വിദൂ:-കല്പനപോലെ, (വീണയും കൊണ്ടുപോയി)

-54-


ദ്വാരപാ:-(പ്രവേശിച്ചിട്ടു്) മഹാസേനമഹാരാജാവു കല്പിച്ചയച്ചിട്ട് രൈഭ്യൻ എന്ന കാഞ്ചുകീയനും, അംഗാരവതീദേവി കല്പിച്ചയച്ചിട്ടു് വാസവദത്താദേവിയുടെ ധാത്രിയായ വസുന്ധരയും മുഖം കാണിക്കാൻ വന്നു കാത്തുനിൽക്കുന്നു.

രാജാ:-എന്നാൽ പത്മാവതിയെക്കൂടി വിളിക്കു.

ദ്വാരപാ:-കല്പനപോലെ, (പോയി)

രാജാ:-ഈ വര്‍ത്തമാനം ഇത്ര വേഗത്തിൽ മഹാസേനൻ അറിച്ചു കിട്ടിയിരിക്കുമോ?

(പത്മാവതിയും ദ്വാരപാലികയും പ്രവേശിക്കുന്നു)

ദ്വാര:-തമ്പുരാട്ടി, ഇതിലെ ഇതിലെ.

പത്മാ:-ആര്യപുത്രനു വിജയം.

രാജാ:-പത്മാവതി കേട്ടില്ലേ? മഹാസേനൻ പറഞ്ഞയച്ചിട്ട് കാഞ്ചുകീയൻ രൈഭ്യനും അംഗാരവതീദേവി പറഞ്ഞച്ചിട്ടു വാസവദത്തയുടെ ധാത്രി വസുന്ധരയും ഉജ്ജയിനിയിൽ നിന്നു വന്നിരിക്കുന്നു.

പത്മാ:-ആര്യപുത്രാ ബന്ധുക്കളുടെ ക്ഷേമവര്‍ത്തമാനമറിയുന്നതിനു് എനിക്കു കൌതുകമുണ്ടു്.

-55-


രാജാ:-വാസവദത്തയുടെ ബന്ധുക്കൾ തനിക്കും ബന്ധുക്കൾ എന്നു ഭവതി പറഞ്ഞതു് ഉചിതമായി. പത്മാവതി, ഇരിക്കു (നോക്കീട്ട്) എന്താണ് ഇരിക്കാത്തതു്?

പത്മാ:-എന്നോടുകൂടെ ഇരുന്നുകൊണ്ടാണോ ഈ വന്നവരെ ആര്യപുത്രൻ കാണാൻ വിചാരിക്കുന്നതു്?

രാജാ:-ഇതിനെന്താണു ദോഷം?

പത്മാ:-രണ്ടാം വേളി കഴിഞ്ഞതുകൊണ്ടു് ആര്യപുത്രന് ഉദാസീനത വന്നതുപോലെ തോന്നിയേക്കും.

രാജാ:-കളത്രദർശനത്തിനു വിരോധമില്ലാത്ത ആളുകളെ ഒറ്റയായിരുന്നു കാണുന്നതിൽ വളരെ തരക്കേടുണ്ടു്. അതുകൊണ്ടു ഇരിക്കു.

പത്മാ:-ആര്യപുത്രന്റെ ഇഷ്ടം പോലെ, അച്ഛനും അമ്മയും എന്താണോ പറവാൻ ഭാവം എന്നു ഞാൻ വ്യാകുലയായിരിക്കുന്നു.

രാജാ:-അതങ്ങനെതന്നെ-

ഒട്ടല്ലെനിക്കു ഭയമെന്തുരചെയ്യുമെന്നു;
മോഷ്ഠിച്ചു ഞാൻ മകളെ; വച്ചു ഭരിച്ചുമില്ല;
ചേഷ്ടിച്ചതൊക്കെ വിധി; കഷ്ടമെനിക്കു ഭാവം
സ്പഷ്ഠം സ്വയം ഗുരുവിൽ ഞാൻ പിഴ ചെയ്തുപോലെ.


ദ്വാരപാ:-കാഞ്ചുകീയനും ധാത്രിയും വെളിയിൽ കാത്തുനിൽക്കുന്നു.

 

ആറാമങ്കം (56-60)

 

-56-


രാജാ:-വേഗം കൂട്ടിക്കൊണ്ടുവരൂ.

ദ്വാരപാ:- കല്പനപോലെ (പോയി.)

(അനന്തരം കാഞ്ചുകീയനും ധാത്രിയും ദ്വാരപാലികയും പ്രവേശിക്കുന്നു)

കാഞ്ചു :-എനിക്കാകട്ടെ -

സംബന്ധിരാജ്യമിതു കാണ്മതിലുൾപ്രസാദം,
നൽബന്ധുരാംഗിയെ നിനച്ചു മനോവിഷാദം
ദൈവം ചതിച്ച ചതി ചില്ലറയല്ല കഷ്ടം!
ദേവിയ്ക്കകാലമൃതി ദേവനു രാജ്യനഷ്ടം.'


ദ്വാരപാ:-ഇതാ തമ്പുരാൻ, ആര്യൻ അടുത്തുചെല്ലണം.

കാഞ്ചു:-(രാജാവിന്റെ അടുത്തുചെന്നിട്ടു്) തിരുമേനിക്കു വിജയം.

ധാത്രി:-തമ്പുരാനു വിജയം.

രാജാ:-(സബഹുമാനം) ആര്യ.

-57-


ഇക്കണ്ട രാജാക്കളെയൊന്നുപോലെ-

യാക്കാനഴിക്കാനുമൊരേകശക്തൻ
എന്നോടു ചാർച്ചയ്ക്കു നിനച്ചിരുന്ന
മന്നൻ മഹാസേനനു സൗഖ്യമല്ലീ?


കാഞ്ചു:-അതേ, മഹാസേനമഹാരാജാവിനു സൌഖ്യം തന്നെ. ഇവിടെയും എല്ലാവക്കും കുശലം ചോദിക്കുന്നു.

രാജാ :-(എഴീച്ചിട്ടു്)മഹാസേനമഹാരാജാവിന്റെ കല്പന എന്താണു്?

കാഞ്ചു:-വൈദേഹീപുത്രനു് ഇതു ഉചിതംതന്നെ, മഹാസേനമഹാരാജാവിന്റെ സന്ദേശം തിരുമേനി ഇരുന്നുകൊണ്ടു തന്നെ കേട്ടാൽ മതിയാകും.

രാജാ:- മഹാസേനമഹാരാജാവ് എന്താണ് ആജ്ഞാപിക്കുന്നതു്? (ഇരിക്കുന്നു).

കാഞ്ചു:-ശത്രുക്കൾ അപഹരിച്ച രാജ്യം ഭാഗ്യംകൊണ്ടു വീണ്ടെടുക്കാനിടയായതിൽ ഞാൻ അഭിനന്ദിക്കുന്നു- എന്നു്,

-58-


ഭീരുക്കൾക്കുമശക്തര്‍ക്കും വീരോത്സാഹം വരാത്തതാം;
പാരമുത്സാഹശീലര്‍ക്കേ പാരിൽ ചേരൂ നരേന്ദ്രത.


രാജാ:-ആര്യ, മഹാസേനന്റെ പ്രഭാവംതന്നെ ഇതെല്ലാം

നൃപതി, സുതരോടൊപ്പം ലാളിച്ചിതെന്നെ; ജയിക്കിലും
ചപലനിവനോ കന്യാരത്നം ഹരിച്ചു മുടിച്ചുതേ;
അപകൃതിയതും കേട്ടിട്ടെൻപേരിലിമ്പമവന്നഹോ
സ്വപദാതിനാൽ വീളാനാളായി ഞാൻ ഗുരുമൂലമേ.


കാഞ്ചു:-ഇതാണ് മഹാസേനമഹാരാജാവിന്റെ സന്ദേശം; ദേവിയുടെ സന്ദേശമാകട്ടെ വസുന്ധരയമ്മ അറിയിക്കും.

രാജാ:-ഹാ അംബ!

അന്തഃപുരത്തിലമരും പതിനാറുപേരി-
ലന്തസ്സെഴുന്ന തിരുമൂപ്പു ഭരിച്ച ദേവി
കല്യാണശീല, നഗരാർച്ചിത, മൽപ്രവാസ-
ശല്യാതിനിസ്സഹ നിരാമയതന്നെയല്ലി?


ധാത്രി:-കുശലിനിയായ ദേവി ഇവിടെ തമ്പുരാനും മറ്റെല്ലാവര്‍ക്കും കുശലം ചോദിക്കുന്നു.

-59-


രാജാ:-എല്ലാവക്കും കശലമെന്നോ? അംബ! ഇവിടെ ഈവിധമാണു് കശലം. (കണ്ണുനീർ വീഴ്ത്തുന്നു.)

ധാത്രി:-തമ്പുരാൻ അതിയായി തപിക്കരുതു്.

കാഞ്ചു:-തിരുമേനി ധൈര്യപ്പെടണം. തിരുമേനിക്കു ഇത്ര അനുകമ്പ അങ്ങോട്ടിരിക്കുന്നെടത്തോളംകാലം ആ മഹാസേനപുത്രി അന്തരിക്കിലും അന്തരിച്ചതായി വരുന്നതല്ല.

അല്ലെങ്കിൽ :-

ആയുസ്സറുമ്പോൾ തുണയാരവര്‍ക്കു?
വടംമറിഞ്ഞാൽ കുടമാരുതാങ്ങും!
കാടിന്നുതുല്യം ഗതി മാനുഷക്കു്,
കാലം വരുമ്പോൾ മുടിയും മുളയ്ക്കും.


രാജാ:-ആര്യ, അങ്ങനെയല്ല-

മഹാസേനന്റെ സുതയെൻ-
മഹിഷീമണി, ശിഷ്യയും;
ദേഹാന്തരത്തിലുമഹോ!
സ്നേഹഗമ്യയെനിക്കവൾ.


ധാത്രി:-ദേവി അരുളിച്ചെയ്തതാവിതു്- വാസവദത്ത അന്തരിച്ചുപോയി. ഞാനും മഹാസേനനും അങ്ങേ ജാമാതാവായിട്ടു് മുമ്പേതന്നെ സങ്കല്പിച്ചതിനാൽ ഞങ്ങൾക്കു ഗോപാലകനും പാലകനും എങ്ങനെയോ അങ്ങനെതന്നെ ഭവാനും അതിനായിട്ടാണു് ഭവാനെ ഉജ്ജയിനിയിൽ വരുത്തിയതു്. വീണ പഠിപ്പിക്ക എന്നൊരു വ്യാജേന വാസവദത്തയെ ജനങ്ങൾ അഗ്നിസാക്ഷികമായി സമര്‍പ്പിക്കയും ചെയ്തു. ഭവാനാകട്ടെ ചാപല്യംകൊണ്ടു വിവാഹം നടക്കുംമുമ്പുതന്നെ, അപഹരിച്ചുകൊണ്ടു് ഒളിച്ചോടി, അനന്തരം നിങ്ങൾ രണ്ടുപേരുടേയും ചിത്രപടം എഴുതിവെച്ച് ഞങ്ങൾ വിവാഹകർമ്മം നടത്തി. ആ ചിത്രപടം ഇതാ കൊടുത്തയച്ചിരിക്കുന്നു. ഇതുനോക്കി തൃപ്തിപ്പെടണം.

-60-


രാജാ:-വാത്സല്യത്തിനും അവസരത്തിനും അനുരൂപമാണു് അമ്മ അരുളിച്ചെയ്തതു:-

നൂറൂഴിവാഴ്‌ചയേക്കാളുമേറുമീമൊഴിയിൽ പ്രിയം;
കൂറമ്മയ്ക്കിന്നുമെൻപേരിലേറെ ഞാൻതെറ്റു ചെയ്കിലും,


പത്മാ:-ആര്യപുത്ര, ചിത്രത്തിലെഴുതിയിരിക്കുന്ന ഗുരുജനത്തെ എനിക്കു വന്ദിക്കാനാഗ്രഹമുണ്ടു്.

ധാത്രി:-നോക്കണം, കൊച്ചുതമ്പുരാട്ടി നോക്കണം.

(മൂടുപടം മാറ്റി ചിത്രം കാണിക്കുന്നു.)

പത്മാ:-(നോക്കീട്ടു് വിചാരം) ഈ ചിത്രത്തിനു് ആര്യയായ ആവന്തികയുടെ നല്ല ഛായ. (വെളിവായിട്ടു) ആര്യപുത്ര, ജ്യേഷ്ഠപത്നിയുടെ ഛായ നല്ലവണ്ണം ഒത്തിട്ടുണ്ടോ?

രാജാ:-ഛായ ഒത്തിട്ടുണ്ടെന്നല്ല, സാക്ഷാൽ വാസവദത്ത തന്നെയാണ്, അമ്പോ! കഷ്ടം!

ഭംഗിതിങ്ങിടുമിമ്മെയ്യിലോങ്ങിനാൻ മൃത്യുവെങ്ങനെ?
മംഗലാസത്തിലേല്പിച്ചാൻ മങ്ങലെങ്ങനെയഗ്നിയും?


പത്മാ:-ആര്യപുത്രന്റെ പടം കൂടെ നോക്കീട്ട് നിശ്ചയിക്കാം, ഇതിനു ഛായ ഒത്തോ എന്നു്.

 

ആറാമങ്കം (61-65)

 

-61-


ധാത്രി:-നോക്കണം, കൊച്ചുതമ്പുരാട്ടി നോക്കണം-

(രാജാവിൻെറ പടം കാണിക്കുന്നു.)

പത്മാ:-(നോക്കീട്ടു്) ആയ്യപുത്രന്റെ ഛായ യോജിച്ചിട്ടു അതുകൊണ്ടു്, മറ്റേതും യോജിച്ചുവെന്ന് ഞാൻ വിശ്വസിക്കുന്നു.

രാജാ:-ദേവീചിത്രം കണ്ടതുമുതൽ ഭവതിക്കു സന്തോഷ സങ്കീർണ്ണമായ ഒരുൽക്കണ്ഠ കാണുന്നു, ഇതെന്താണു്?

പത്മാ:- ഈ ചിത്രത്തിനൊത്ത ഒരാൾ ഇവിടെ താമസിക്കുന്നുണ്ടു്.

രാജാ:-വാസവദത്തയ്ക്ക് ഒത്തതായിട്ടോ?

പത്മാ:-അതേ.

രാജാ:-എന്നാൽ ഉടനെ വിളിച്ചുകൊണ്ടു വരണം.

പത്മാ:-എന്റെ വിവാഹത്തിനുമുൻപു്, തന്റെ സഹോദരി എന്നും പറഞ്ഞു് ഒരു ബ്രാഹ്മണൻ ഒരു സ്ത്രീയെ എന്നെ ഏൽപ്പിച്ചിട്ടുണ്ടു്. ആ സൈരന്ധ്രി പരപുരുഷദർശനം പരിഹരിക്കുന്നു. അതുകൊണ്ടു് ആര്യ എന്നോടുകൂടി വരുമ്പോൾ ആര്യപുത്രൻ നോക്കി ഗ്രഹിച്ചുകൊള്ളണം.

-62-


രാജാ:-

അന്തണൻതൻ സ്വസാവെങ്കിൽ
കാന്തയാളല്ല നിർണ്ണയം;
രണ്ടുപേർ തങ്ങളിൽ ഛായ
കണ്ടതുണ്ടു പലപ്പൊഴും.


ദ്വാരപാ:-(പ്രവേശിച്ചിട്ട്) തമ്പുരാനു വിജയം. ദേവിവശം ഏൽപ്പിച്ചിട്ടുള്ള തന്റെ സഹോദരിയെ വീണ്ടുകൊണ്ടു പോകുന്നതിനായി ഉജ്ജയിനിക്കാരൻ ഒരു ബ്രാഹ്മണൻ വന്നു കാത്തുനിൽക്കുന്നു.

രാജാ:-പത്മാവതി ആ ബ്രാഹ്മണൻ തന്നെയോ?

പത്മാ:-ആയിരിക്കണം.

രാജാ:-(ദ്വാരപാലികയോട്) പതിവുപോലുള്ള ഉപചാരങ്ങൾ ചെയ്ത് ആ ബ്രാഹ്മണനെ വേഗത്തിൽ പ്രവേശിപ്പിക്കൂ.

ദ്വാരപാ:-കൽപനപോലെ (പോയി)

രാജാ:-പത്മാവതി, ഭവതി ആ സൈരന്ധ്രിയേയും കൂട്ടിക്കൊണ്ടു വരൂ.

പത്മാ:-ആര്യപുത്രൻ പറയും പോലെ, (പോയി)

(അനന്തരം യൌഗന്ധരായണനും ദ്വാരപാലികയും പ്രവേശിക്കുന്നു.)

-63-


യൌഗന്ധ:-(വിചാരം)

അരചനുപരി നന്മയ്ക്കായി ഞാൻ ദേവിയേയും
വിരവിലൊളിവിലാക്കിപ്പോരിതെല്ലാം പണിഞ്ഞേൻ
കരുതിയപടിതന്നേ കാര്യവും ഭദ്രമായി;
ശരിയിനി നൃപതിക്കോ ഹന്ത! തോന്നുന്നതെന്തോ?


ദ്വാരപാ:-ഇതാ എഴുന്നെള്ളിയിരിക്കുന്നു; ആര്യൻ അടുത്തുചെല്ലാം.

യൗഗന്ധ:- (രാജാവിന്റെ അടുത്തുചെന്നിട്ടു്)അങ്ങേയ്ക്കു വിജയം!

രാജാ:-സ്വരം പരിചയപ്പെട്ടപോലെയിരിക്കുന്നു. ഹോ ബ്രാഹ്മണ! അങ്ങു സഹോദരിയെ പത്മാവതിവശം ഏൽപിച്ചിട്ടുണ്ടോ?

രാജാ:- എന്നാൽ വേഗമാവട്ടെ, ഇദ്ദേഹത്തിന്റെ സോദരിയെ തിരിച്ചേൽപ്പിക്കണം.

ദ്വാരപാ:- കല്പനപോലെ, (പോയി).

(അനന്തരം പത്മാവതിയും ദ്വാരപാലികയും വെളിയടയ്ക്കുള്ളിൽ വേഷപ്രച്ഛന്നയായ വാസവദത്തയും പ്രവേശിക്കുന്നു.)

പത്മാ:-ആര്യേ, വരു വരു ഒരു സന്തോഷവര്‍ത്തമാനം പറയാനുണ്ടു്.

-64-


വാസവ:-എന്ത്, എന്തു്?

പത്മാ:-ആര്യയുടെ സഹോദരൻ മടങ്ങി എത്തിയിരിക്കുന്നു.

വാസവ:-ഇപ്പോഴെങ്കിലും ഓര്‍മ്മ വന്നല്ലോ, ഭാഗ്യം.

പത്മാ:-(രാജാവിന്റെ അടുത്തുചെന്നിട്ടു്) ആര്യപുത്രനു വിജയം. ഇതാ ന്യാസം കൊണ്ടുവന്നിരിക്കുന്നു.

രാജാ:-പത്മാവതി, ഏറ്റതു തിരിയെ കൊടുക്കു. ന്യാസ പ്രത്യര്‍പ്പണത്തിനു സാക്ഷി വേണം. അതിലേക്കിവിടെ ആര്യനായ രൈഭ്യനും വസുന്ധരയുമുണ്ടു്.

പത്മാ:-ആര്യ, അങ്ങേയുടെ സോദരിയെ കൊണ്ടുപൊയ്ക്കൊള്ളു

ധാത്രി:- (അവന്തികയെ നോക്കീട്ടും) അയ്യോ! ഞങ്ങളുടെ കൊച്ചുതമ്പുരാട്ടി വാസവദത്ത!

രാജാ:-ഏയ്! മഹാസേനപുത്രിയോ? ദേവി, പത്മാവതിയോടുകൂടെ ഭവതി അന്തഃപുരത്തിൽ പ്രവേശിക്കണം.

യൌഗന്ധ:-പാടില്ല, ഇതെന്റെ സോദരിയാണു്.

രാജാ:-:-അങ്ങെന്താണു പറയുന്നതു്? ഇതു മഹാസേനപുത്രിയല്ലയോ?

-65-


യൌഗന്ധ:-ഹേ രാജാവേ,

ജാതൻ ഭരതകുലത്തിൽ
ജ്ഞാതശ്രുധര്‍മ്മനാകിന ഭവാന്നു്
കൈയേറ്റമിപ്രകാരം
ചെയ്യുന്നതു യുക്തമല്ലൊട്ടും.


രാജാ:-ഇരിക്കട്ടെ, രൂപസാദൃശ്യം ഞാൻ തന്നെ നോക്കാം വെളിയട നീക്കു

(ദ്വാരപാലിക വെളിയട നീക്കുന്നു.)

യൗഗ:- (ഭാവം മാറീട്ടു്) സ്വാമിക്കു വിജയം!

വാസവ:-ആര്യപുത്രനു വിജയം!

രാജാ:- (നോക്കീട്ട്) അല്ല! ഇതാ യൗഗന്ധരായണൻ, ഇതാ വാസവദത്ത,

 

ആറാമങ്കം (66-67)

 

-66-


കാര്യമാണോ? കിനാവാമോ?
കാണാകുന്നുണ്ടിതായവൾ;
കണ്ടുകിട്ടീട്ടുമിമ്മട്ടിൽ
കാണാതായിവളന്നഹോ!


യൗഗ:- സ്വാമിൻ, ദേവിയെ ഒളിച്ചു മാറ്റിയതുകൊണ്ടു ഞാൻ കുറ്റക്കാരനാണു്. സ്വാമി ക്ഷമിക്കണം.

(രാജാവിന്റെ കാൽക്കൽ വീഴുന്നു.)

രാജാ:-(എഴുന്നേൽപ്പിച്ചിട്ടു്)യൗഗന്ധരായണനല്ലേ അങ്ങു്?

ഭ്രാന്തവേഷം, യുദ്ധഘോഷം,
മന്ത്രയുക്തിയുമിത്തരം
തന്ത്രങ്ങളാൽ ഭവാനത്രേ
ഹന്ത! നമ്മെത്തുണച്ചതു്.


യൗഗ:-ഞങ്ങൾ സ്വാമിഭാഗ്യങ്ങളെ പിൻതുടർന്നതേയുള്ളു.

പത്മാ:-ഹോ, ജേഷ്ഠത്തിതന്നെയാണല്ലോ ഇതു്. എന്റെ ജ്യേഷ്ഠത്തി, സഖിയെന്ന ഭാവനയിൽ ഞാൻ അലക്ഷ്യം ചെയ്തുപോയിട്ടുള്ളതിന് ഈ നമസ്ക്കാരം പ്രായശ്ചിത്തം. (കുമ്പിടുന്നു.)

-67-


വാസ:-(എഴുന്നേൽപ്പിച്ചിട്ടു്)എഴീക്കു, എഴീക്കു. ന്യാസത്തിന്റെ നേര്‍ക്കല്ലയോ അപരാധം?

പത്മാ:-:-എനിക്ക് അനുഗ്രഹമായി.

രാജാ :-:-സഖേ യൗഗന്ധരായണ, എന്തു വിചാരിച്ചാണ് അങ്ങു ദേവിയെ ഒളിച്ചുവച്ചത്?

യൗഗ:-രാജലക്ഷ്മിയെ രക്ഷിക്കണമെന്നു്

രാജാ :-ആട്ടെ, പത്മാവതിയെ ഏൽപിച്ചതെന്തിന്?

യൗഗ:-പത്മാവതി സ്വാമിയുടെ മഹിഷിയായി വരുമെന്ന് പുഷ്‌ പകഭദ്രാദികൾ ലക്ഷണം പറഞ്ഞിരുന്നു.

രാജാ:-ഇതു രുമണ്വാൻ അറിഞ്ഞിരുന്നോ?

യൗഗ:-ഞങ്ങൾ എല്ലാവരും അറിഞ്ഞിരുന്നു.

രാജാ:-രുമണ്വാൻ ശഠനാണല്ലോ

യാഗ:- സ്വാമിൻ, ദേവിയുടെ കുശലവൃത്താന്തം ഉജ്ജയിനിയിൽ അറിയിക്കുന്നതിന് രൈഭ്യനും വസുന്ധരയും ഇന്നുതന്നെ മടങ്ങട്ടെ.

രാജാ :- അങ്ങനയല്ല, നാം എല്ലാവരും തന്നെ പത്മാവതിയുമൊന്നിച്ച് അങ്ങോട്ട പോകണം.

യൗഗ:-സ്വാമിയുടെ കല്പനപോലെ.

(ഭരതവാക്യം)

വിന്ധ്യഹിമാചലകണ്ഡന-
ബന്ധുൗമിസ്സിന്ധുസീമഭൂമിതലം
നമ്മുടെ രാജസിംഹന്‍
നന്മയൊടെ കാതപത്രനായ്‌ വാഴ്‌ക.