Loading...
Home / സാഹിത്യം / പുതിയവ / നാടകങ്ങള്‍ / കലഹിനീദമനകം
Author: കണ്ടത്തില്‍ വറുഗ്ഗീസുമാപ്പിള

കണ്ടത്തില്‍ വറുഗ്ഗീസുമാപ്പിള

കലഹിനീദമനകം

വേഷവിവരം (01)

 

പ്രസ്താവന (02-05)

 

-02-


 


ഒന്നാം അരങ്ങു്- വഴിയരികേയുള്ള ഒരു ചാരായക്കടയുടെ മുൻവശം


(വർക്കിയും ചോകോത്തിയും പ്രവേശിക്കുന്നു.)

വര്‍ക്കി:- അപ്പനാണു്, നീ എന്റെ ഒരടിക്കില്ലേ!

ചോകോ:- ഛേന്നെ, ഇതെവിടെക്കെടന്ന എരപ്പാളി നാനാരാ?

വര്‍ക്കി:- ക-ക-ക-കവളമ്മടലേ, ചെരട്ടയ്ക്കകത്തു മാപ്പിളയാണോടി എരപ്പാളി? ഞങ്ങൾ കിനായിക്കിരിയാച്ചന്റെ കൂടെ വന്നവരാ. അല്ലേൽ ആയക്കെട്ടെടുപ്പിച്ചുനോക്കു്. ഒരിക്കൽ പറഞ്ഞതു് അങ്ങനെ ഇരിക്കട്ടെ. ഇനി ഉരിയാടിയേക്കരുതു്.

ചോകോ:- താൻ പൊട്ടിച്ച പിഞ്ഞാണിക്കു വിലകൊടുക്കത്തില്ല, അല്ലേ?

വര്‍ക്കി:-ഇല്ല, ഒരീയക്കാശു കൊടുക്കേലാ. പുണ്യാളച്ചനാണ, വേഗം പൊയ്ക്കൊ. അതാ നിനക്കു നല്ലതു്.

-03-


ചോകോ:- എനിക്കറിയാമല്ലോ. ഞാൻ ചെന്ന് എട്ടു കൊനട്ടനേ വിളിച്ചോണ്ടുവരും. (പോയി.)

വര്‍ക്കി:- എട്ടുകൊനട്ടനോ പത്തുകൊനട്ടനോ പന്ത്രണ്ടു കൊനട്ടനോ വരട്ടെ. ഞാൻ അവനോടു ശട്ടംപിടിച്ചു തന്നെ ഉത്തരം പറയും. ഇതൊന്നുംകൊണ്ടു വര്‍ക്കി കൂട്ടാക്കുന്നോനല്ല. അല്ലെങ്കിൽ അതുതന്നെ ഒന്നു കാണാമല്ലോ. വരട്ടെ, ആരെങ്കിലും വരട്ടെ. (നിലത്തു കിടന്നു ഉറങ്ങുന്നു.)

(കുതിരക്കൊളമ്പൊലി കേൾക്കപ്പെടുന്നു. വഴിയാത്രയിൽ നിന്നു് ഒരു തരകനും വാല്യക്കാരും പ്രവേശിക്കുന്നു.)

തര:- എടാ കുഞ്ഞോമ്മാ, കുതിരയെ ക്ഷണം കൊണ്ടു ചെന്നു കെട്ടി മൂന്നു നാഴിക മുടങ്ങാതെ തിരുമ്മണം, കേട്ടേ? നമ്മുടെ ബാലി ഇന്നു കുറേ അധികം കുഴപ്പിപ്പോയി.

കുതി:- എജമാന്നേ, അതത്ര ചോദിക്കാനുണ്ടോ? ഇവനല്ലാതെ കുതിരയായിരുന്നെങ്കിലുണ്ടോ ഇപ്പൊഴിവിടെ എങ്ങാനും വന്നെത്തുന്നു?

തര:- അങ്ങനെതന്നെ. യാത്രക്കാലിൽ നമ്മുടെ ബാലിക്കു ശരിവേഗമുള്ള കുതിരയേ കാണാൻ പ്രയാസമുണ്ടു്. പലര്‍ക്കും കിട്ടിയാൽ കൊള്ളാമെന്നുണ്ടു്. ഒരു പത്തഞ്ഞൂറു പവൻതന്നെ കിട്ടിയാലും ഇവനെ കൊടുക്കാൻ പാടില്ല.

കുതി:- അത്ര സംശയമുണ്ടോ? അഞ്ഞൂറു പവനെന്നു പോയിട്ട് ആയിരം തങ്കക്കാശുതന്നെ തന്നാലും ഇവനെ കൊടുക്കാൻ ഞാൻ സമ്മതിക്കയില്ല.

തര:- ഏതെങ്കിലും എളുപ്പം ആട്ടെ. വെളുപ്പുകൂട്ടി വിടണം.

(കുതിരക്കാരൻ പോയി.)

-04-


തര:- (വർക്കിയെ കണ്ടിട്ട്) അല്ല, ഇതെന്തു്? ചത്തതോ, മത്തുപിടിച്ചു കിടക്കയോ? ശ്വാസമുണ്ടോ, നോക്കടാ.

1-ാംവാല്യ:- ശ്വാസമുണ്ടെജമാന്നെ! കള്ളുകൊണ്ടു കാഞ്ഞിട്ടില്ലായിരുന്നു എങ്കിൽ കിടന്നുറങ്ങുന്നതിനു നല്ലതിലൊരു മെത്തയായിരുന്നു.

തര:- അമ്പ്, ഇതെന്തു തന്നെ! മരണത്തിനറെ സ്വരൂപം ഇത്ര ഭയങ്കരമാണല്ലോ. ആട്ടെ, ഏതെങ്കിലും ഇന്നു രാത്രി ഒരു നേരംപോക്കിനുവകയായി. നിങ്ങള്‍ ഇനി അതിനു തയ്യാറായിക്കോളിൻ.

2-ാം വാല്യ:- ഇക്കാര്യത്തിനു പറഞ്ഞില്ലെങ്കിലും ഞാൻ തയാർ തന്നെ.

തര:- ആട്ടെ, നിങ്ങൾക്കെന്തു തോന്നുന്നു? ഇവനെ എടുത്തു് ഒരു നല്ല കട്ടിലിന്മേൽ കിടത്തി നല്ല നല്ല പട്ടും ചകലാസും കൊണ്ടുള്ള വിരികളും വിരിച്ചു് കുന്തംപോലെയിരിക്കുന്ന ഈ വിരൽക്കെല്ലാം മോതിരവും ഇട്ടു്, ഉണര്‍ന്നാൽ ഉടനെ എന്തിനും സന്നദ്ധന്മാരായ ഏതാനും വാല്യക്കാർ പലഹാരങ്ങൾ മുതലായവയും പിടിച്ച്, ഹാജരായിനിന്നാൽ ഈ തടിയൻ തന്നെത്താൻ മറന്നുപോകാതിരിക്കുമോ?

2-ാംവാല്യ:- അല്ലാതെ കണ്ടു അവനെന്തു കഴിയും?

1-ാംവാല്യ:- എണീറ്റുനോക്കുമ്പോൾ അവൻ ഇതെല്ലാം കണ്ടാൽ വല്ലാതെ പരിഭ്രമിക്കാതെയിരിക്കുമോ?

തര:- അതുകൊണ്ടെന്താണു്? ഒരു സ്വപ്‌നം കണ്ടെന്നിരിക്കും. ഫലിക്കുന്നതു നിങ്ങളുടെ ചാതുര്യംപോലെയാണു്. എന്നാൽ എടുക്കിൻ. അകത്തേയ്ക്കു കൊണ്ടു ചെന്ന് അവിടെ ഒരു മുറി ഒഴിച്ചുതരാൻ പറയണം. ഒക്കെ ഭംഗിയാക്കികിടത്തിക്കൊണ്ടു് ഓരോരുത്തർ ഓരോ വേഷത്തിനു് തയാറായിരുന്നോളണം. കൂട്ടത്തിൽ ഞാനും ഒരു വാല്യക്കാരൻ ആയിക്കൊള്ളാം. (അണിയറയിൽ ശ്ളോകം കേൾക്കുന്നു.)

അതെന്താണ്?

വല്ല നാടകക്കാരുടെയും വരവായിരിക്കുമോ? എടാ, പോയി അറിഞ്ഞുകൊണ്ടുവാ. (ഒരു വാല്യക്കാരൻ പോയി)

എന്നാൽ നിങ്ങൾ ഇവനെ കൊണ്ടുപോയിൻ. ഞാൻ ഇതാ വന്നു കഴിഞ്ഞു,

-05-


(ചിലർ വർക്കിയെ എടുത്തുകൊണ്ടുപോയി.)

നാടകക്കാർ തന്നെയാണെങ്കിൽ നന്നായി. (വാല്യക്കാരൻ വീണ്ടും പ്രവേശിക്കുന്നു.)

ആരാണ്? എവിടുന്നു വരുന്നു? എവിടേയ്ക്കു പോകുന്നു?

വാല്യ:- കൊക്കാപ്പള്ളി മനയ്ക്കലേകുട്ടൻ നംപൂരിപ്പാട്ടിലെ നാടകസഭക്കാരാണെന്നാണ് പറഞ്ഞതു്. സഭയുടെ പേരു എനിക്കു തിരിഞ്ഞില്ല. വൈക്കത്തേയ്ക്കു പോയിരുന്നു, അഷ്ടമിക്കു്. ഇന്നിവിടെ വല്ലേടവും താമസിക്കണമെന്നുമാണു്, നേരം വൈകിയതു കൊണ്ടു്

കര:- അവരെയിങ്ങു വിളിക്കു.

(നാടകക്കാർ പ്രവേശിക്കുന്നു)

നന്നായി. നല്ല സമയത്താണ് നിങ്ങൾ വന്നതു്. ഇന്നെന്താണു്,ഇവിടെ എങ്ങാനും താമസമെങ്കിൽ നമ്മുടെ കൂടത്തന്നേ അരുതെന്നുണ്ടോ?

1-ാംനാട:- ഇവിടുത്തെ കൃപയെ ഞങ്ങൾ വളരെ വില മതിക്കുന്നു.

 

പ്രസ്താവന (06-10)

 

-06-


തര:- -കൊള്ളാം, സന്തോഷം. ഇതു നമ്മുടെ ഭാര്യവീടാണു്. ഇവിടെ ഒട്ടും അസ്വാധീനതയില്ല. നിങ്ങളുടെ സഭയുടെ പേരെന്താണെന്നാ പറഞ്ഞതു്?

1-ാംനാട:- "കുശലകോലാഹല ലീലാവിലാസിനി നാടകസഭ."

തര:- പേരിനു നീളം ഒട്ടും കുറവില്ല. അര്‍ത്ഥവും അങ്ങനെ തന്നെ, അല്ലേ? അഷ്ടമിക്കു പോയാറെ എങ്ങാനും കളിയുണ്ടായോ?

1-ാംനാട:- -ആ കാര്യം ഒന്നും പറയാനില്ല. ഇതിനേക്കാൾ നിളമുള്ള പേരുകളോടുകൂടി നാലോ അഞ്ചോ നാടകസഭക്കാർ അവിടത്തെ കിഴക്കേനടയിൽ തന്നെ ഉണ്ടായിരുന്നു. ഞങ്ങൾ കളിച്ചുകാലക്ഷേപം ചെയ്തോളാമെന്നുവെച്ചു പോയവരുമല്ല. അവിടെ വലിയ ആളുകൾ പലരും വരുന്നതാകകൊണ്ടു് ഞങ്ങളുടെ അഭിനയം അവരെ എല്ലാം ഒന്നു കാണിച്ചിരിക്കാമെന്നുള്ള മോഹമായിരുന്നു. തിരക്കുകൊണ്ടു് ഒന്നും സാധിച്ചില്ല. അതു് തിരുമേനിക്കു പുറപ്പെട്ടപ്പോൾ തോന്നിയില്ല.

തര:- ആഹാ! അവിടുന്നും കൂടെ എഴുന്നള്ളിട്ടുണ്ടായിരുന്നോ?

2-ാം നാട:- ഉവ്വ്. തിരുമേനിക്കു് നാടകം എന്നു വച്ചാൽ ഇതിലധികം ഒരു ഭൂമമില്ല. ഈയിടെ മദിരാശിക്കു് എഴുന്നള്ളിയിരുന്നപ്പോൾ വിശേഷമാതിരിയിൽ മൂന്നു നാലു പടുതാകൾ കൊണ്ടുവന്നിട്ടുണ്ടു്. വിദൂഷകൻ കെട്ടാൻ അതി വിരുതനായി തഞ്ചാവൂർക്കാരൻ ഒരു പട്ടരേയും കൊണ്ടുവന്നിരിക്കുന്നു.

തര: - അപ്പോൾ നിങ്ങളുടെ നാടകം ഒട്ടും കുറഞ്ഞ തരമായിരിക്കയില്ലല്ലോ? ശ്ലോകം ചൊല്ലാൻ എന്താണ് എല്ലാവർക്കും വശമോ?

-07-


1-ാം നാട:- ശ്ലോകോച്ചാരണം സാധാരണ നാടകക്കാരുടെ മട്ടിൽ ആയാൽ പോരെന്നു കണ്ട് തിരുനൽ വേലിയിൽ നിന്ന് ഒരു ഭാഗവതരെ വരുത്തിയിരുത്തി ഞങ്ങളെ പ്രത്യേകം അഭ്യസിപ്പിച്ചതാണ്.

തര:- അത്രയ്ക്കുണ്ടു്, അല്ലേ? എങ്കിലും നിങ്ങൾക്കെന്തു തോന്നുന്നു, നാടകങ്ങളിൽ ശ്ലോകങ്ങൾ കുറെ കുറ ഞ്ഞിരിക്കുകയല്ലേ ഭംഗി? ഒട്ടുംകൂടാതെ കഴിക്കതന്നെയാണ് നല്ലതു്. വേഷക്കാരൻ രാഗം വിടാതെ പിടിക്കാനോ അഭിനയിക്കാനോ എന്തിലേക്കാണ് മനസ്സിരുത്തേണ്ടതു്. വെറുതെയല്ല ഈ വക നാടകങ്ങൾ ആളുകൾക്കു പൊതുവെ രസിക്കാത്തതു്? വല്ല പുസ്തകത്തിലും ഉള്ള ശ്ളോകങ്ങളും വാക്യങ്ങളുമെല്ലാം ഉരുവിട്ടു കേൾക്കാൻ പണവും കൊടുത്തു ഉറക്കൊഴിഞ്ഞിരിക്കണമെന്നുണ്ടോ? ചില വേഷക്കാർ കാട്ടുന്ന ഗോഷ്ടികൾ കണ്ടുകൊണ്ടിരിക്കുന്ന വകയ്ക്ക് ഇങ്ങോട്ടു വല്ലതും കൊടുക്കണം. നിങ്ങൾക്കു കഴിയുമെങ്കിൽ ഈ വക എല്ലാം ഒഴിച്ചു് ഇന്നു് ഇവിടെ ഒരു നല്ല നാടകം അഭിനയിക്കണം. യോഗ്യനായ ഒരു തമ്പുരാൻ നിങ്ങളുടെ അഭിനയം കാണാനായിട്ടു് ഇവിടെ എഴുന്നള്ളീട്ടുമുണ്ടു്. അവിടുന്നു ഒരു മഹാനുഭാവനാണെങ്കിലും, ഈ പുതിയ തരം നാടകങ്ങളും മറ്റും കണ്ടു ശീലിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. അല്പമായിട്ടൊരു സുഖക്കേടുള്ളതുകൊണ്ടു് ഇടയ്ക്കു വല്ലാതെ വല്ല അഭിപ്രായങ്ങളും ഉണ്ടായേക്കാം.അതൊന്നുംകൊണ്ടു് ഇളകാതെ കഴിക്കാമല്ലോ?

2-ാംനാട:- അങ്ങനെ പറയണമെന്നില്ല. അരങ്ങത്തു ശീലിച്ചിട്ടുള്ള ആട്ടക്കാരിൽ നിന്നു ആ വക അബദ്ധങ്ങൾ ഒന്നും ഒരിക്കലും ഉണ്ടാകുന്നതല്ല.

തര:- അതുമതി. എന്നാൽ, ആരവിടെ? ഒരാൾ ഇവരെ അകത്തു കൊണ്ടുപോയി ആക്കട്ടെ. ഇവർക്കു വേണ്ടതു എന്തെല്ലാമാണെന്നു് വെച്ചാൽ ഒക്കെ കൊടുക്കാൻ പ്രത്യേകം ശട്ടം കെട്ടണം.

(ഒരു വാല്യക്കാരൻ ആട്ടക്കാരെയും കൊണ്ടു പോയി)

കൊച്ചപ്പനെവിടെ? മുറുക്കാനെടുക്കാൻ ഇന്നത്തേക്കു വേറൊരാളെ ആക്കാം. തമ്പുരാൻ തിരുമനസ്സുകൊണ്ടു പള്ളിക്കുറുപ്പു് ഉണർന്നാലുടനെ അമ്മച്ചിയും അടുക്കൽ ഹാജരുണ്ടായിരിക്കണം. അതിനു നീ ആയെങ്കിലേ മതിയാവൂ. അഡ്‌ഡീലും തോടയും റവുക്കയും മുലക്കച്ചയും ഒക്കയായിട്ട് ഒന്നാന്തരത്തിൽ ഒരു സ്ത്രീയുടെ വേഷംകെട്ടി വരണം. നാട്യങ്ങൾ എന്തെല്ലാമാണ് വേണ്ടതെന്നൊക്കെ അറിയാമല്ലോ. കരയാൻ തുടങ്ങിയാൽ കണക്കില്ലാതെ കണ്ണിൽ നിന്നു വെള്ളം ചാടിക്കൊണ്ടിരിക്കാൻ ഒരു കൗശലമുണ്ട്. എന്നാൽ ക്ഷണമാട്ടെ, അകത്തേക്കുപോകാം. ആ അബദ്ധന്മാർ അവനെയും കൊണ്ടുപോയി എന്തെല്ലാം കാണിച്ചു എന്ന് അറിഞ്ഞില്ല. ഇതിനു കുറെ വളരെയെല്ലാം പറഞ്ഞു പഠിപ്പിക്കാനുള്ളത് എല്ലാവരേയും കൂടെ നിറുത്തി ആയിക്കളയാം.

(എല്ലാവരും പോയി)

-08-


രണ്ടാം അരങ്ങു തരകന്റെ ഭാര്യ വീട്ടിൽ ഒരു മുറി

(വർക്കി വിശേഷ വസ്ത്രങ്ങൾ ധരിക്കപ്പെടുവനായി മണിമഞ്ചത്തിന്മേലും പല്ലുതേക്കാനുള്ള കോപ്പുകളും വസ്ത്രങ്ങളും മറ്റുമായി അടുത്തു നിൽക്കുന്ന അനേകം വാല്യക്കാരും കാണപ്പെടുന്നു. തരകനും ഒരു വാല്യക്കാരന്റെ വേഷത്തിൽ പ്രവേശിക്കുന്നു.)

വർക്കി:- തമ്പുരാനേ, ഒരു ചെരട്ട കള്ളു കിട്ടിയെങ്കിൽ

1-ാം വാല്യ:- തിരുമുത്തു വിളക്കാൻ ഉമിക്കരിയും വെള്ളവും എല്ലാം തയാറായിരിക്കുന്നു.

2-ാം വാല്യ:- കടവിലേക്കു് എഴുന്നള്ളത്ത് ഇപ്പോൾ ഉണ്ടോ എന്തോ?

3-ാംവാല:- ഏതു പരിവട്ടമാണാവോ ഇന്നു ചാർത്തുന്നതു്?

വക്കി:- ഞാൻ ചിരട്ടയ്ക്കകത്തു വക്കിയാണു്. എന്റെ കയ്യിലെങ്ങും തിരുമുത്തും കിശുമത്തും ഒന്നുമില്ല. ഞാൻ ഇപ്പോൾ എങ്ങം എഴുന്നള്ളുന്നുമില്ല. ഉമിക്കരിക്കും വെള്ളത്തിനും പകരം ഇനിക്ക് ഒരൊണക്ക മീൻ ചുട്ടതും ഒരു ചിരട്ട കള്ളും കൂടെ തരീൻ. പരിവട്ട എന്നു പേരായിട്ട് എന്നെ ആരും ഒരു വട്ടവും ഉടുപ്പിക്കണ്ട. ഇനിക്കു് ഉണ്ടായതിൽ പിന്നെ ഉടക്കുന്ന മുണ്ടും കിടക്കുന്ന പായുമായിട്ട് ഈ തടിച്ചുള്ള ദേഹമല്ലാതെ ഒന്നുമില്ല.

തര:- ഈശ്വരൻതന്നെ ഇവിട്ടത്തെ ഈ ബുദ്ധിപ്പകർച്ചയ്ക്ക് ഒരു നിവൃത്തി ഉണ്ടാക്കിത്തരട്ടെ. അയ്യൊ, ഇത്ര വലിയ കുലത്തിൽ ജനിച്ചിരിക്കുന്ന ഇത്ര മഹാനുഭാവനായ ഒരാളിനെ ഇത്ര മേൽ വഷളായ ഈ രോഗം കേറിബാധിച്ചുവല്ലോ.

വക്കി:- അല്ല, നിങ്ങൾ എന്നെ എന്താ, പിച്ചനാക്കാൻ തുടങ്ങുകയാണോ? ഞാൻ ചിരട്ടയ്ക്കകത്തു വര്‍ക്കിയല്ലേ? കിഴവൻ വര്‍ക്കിയുടെ മകൻ? പാരമ്പര്യം കൊണ്ടൊരു പല്ലക്കുകാരനും, പടിത്തം കൊണ്ടൊരാട്ടുകാരനും, പരിചയംകൊണ്ടിപ്പോൾ ഒരാനക്കാരന്റെ വാല്യക്കാരനുമായ ഞാൻ? ചിറ്റാറ്റുവേലുപ്പന്തിക്കുള്ള ചോകോത്തികളോടു തന്നെ ചോദിച്ചുനോക്കിൻ. അവരിൽ ഒരുത്തരെങ്കിലും എന്നെ അറിയാതെയുണ്ടോ എന്നു്. ചിറ്റേടത്തു ചിരുതേടെ കണക്കിൽ ഞാൻ പതിനാലു ചക്രം കൊടുക്കാനില്ലെങ്കിൽ എന്നെ പതിനായിരം നുണയനെന്നു വിളിച്ചോളിൻ. നല്ല പുതുമതന്നെ ഇവിടെ.

-09-


1-ാംവാല്യ:- അയ്യോ, ഇതുകൊണ്ടല്ലേ അമ്മച്ചിയുടെ കണ്ണ് ഒരിക്കലും തുവരാത്തതു്?

2-ാംവാല്യ:- അയ്യോ, ഇതുകൊണ്ടല്ലേ വാല്യക്കാര്‍ക്കാര്‍ക്കും ഒരിക്കലും ഉത്സാഹമില്ലാതെയിരിക്കുന്നതു്?

തര:- ഇതുകൊണ്ടുതന്നെയല്ലേ, നമുക്കു വേണ്ടുന്നവരാരും ഇവിടെ കേറാത്തതു്? ഇവിടെ ഒരിക്കലും പേയൊഴിഞ്ഞിട്ടൊരു കാര്യമില്ലല്ലൊ. അയ്യോ, കോടിലക്ഷപ്രഭുവായുള്ളോവേ, അവിടുത്തെ കുലത്തിന്റെ മഹിമയെ ഒന്നോര്‍ക്കണേ; അവിട്ടത്തെ സ്വതേയുള്ള അവസ്ഥകളെ ഒക്കയും ഒന്നോർത്തു് ഈ ഒറക്കപ്പിച്ചെല്ലാം ഒഴിക്കണേ! നോക്കണം, ഇവിടുത്തെ വാല്യക്കാരെല്ലാം ഇവിടുത്തെ ശുശ്രൂഷയ്ക്കായി എത്രയോ ഭക്തിപൂർവ്വം കാത്തുനിൽക്കുന്നു? ഇവിടുത്തേയ്ക്കു പാട്ടു കേൾക്കണമെന്നുണ്ടോ? അതാ കേട്ടോണ്ണം, ഗന്ധവന്മാർ പാടുന്നു.

(സംഗീതം)

അതല്ല, ഉറങ്ങണമെന്നാണോ ആഗ്രഹം? എന്നാൽ മന്ദാരവൃക്ഷംകൊണ്ടു ദേവേന്ദ്രന്റെ മന്ദിരത്തിലേയ്ക്കു വിശ്വകർമ്മാവു വിശേഷാൽ തീർത്തിട്ടുള്ള മണിമഞ്ചമല്ലേ. വിരിച്ചു തയാറാക്കിയിരിക്കുന്നതു്? അസാരം നടക്കണമെന്നാണെങ്കിൽ ഈ അങ്കണം അശേഷം ഇപ്പോൾ പലതരം പുഷ്പങ്ങൾ വിതറാം. കുതിരസ്സവാരിക്കാണ് ആഗ്രഹമെങ്കിൽ കനകവും കല്ലുകളുംകൊണ്ടു പൊതിഞ്ഞ കോപ്പിട്ട കുതിരയെ ഹാജരാക്കാം.

1-ാംവാല്യ:- നായാട്ടിനുമോഹമുണ്ടെങ്കിൽ കണ്ഠധ്വനികൊണ്ടു മേഘനാദത്തേയും വേഗംകൊണ്ടു കാറ്റിനേയും ജയിക്കുന്ന നായ്ക്കൾ തയാറുണ്ടു്.

2-ാംവാല്യ:- ചിത്രങ്ങൾ കണ്ടാൽ വല്ല സുഖവുമുണ്ടെങ്കിൽ, ഇതാ ചിത്രപടങ്ങളല്ലേ നിരത്തി തൂക്കിയിരിക്കുന്നതു്? ഇവിടെത്തന്നെ കാണാമല്ലോ

കണ്ടിക്കാർവേണിമാർ മൌലികളണിമണിയാം
ഭൈമി ഭീമാലയത്തിൽ
പണ്ടാമോദേന പാര്‍ക്കുന്നളവു നളനൃപൻ
ചൊല്ലിനാൻ തന്നുപാന്തേ
കൊണ്ടാടിച്ചെന്നു വന്നോരഴകെഴ മരയ-
ന്നത്തിനെത്താൻ പിടിപ്പാ-
രണ്ടാം കൌതൂഹലാലാളികളൊടനുഗമി-
ക്കുന്ന തന്വംഗിതന്നെ.


2-ാം വാല്യ: - അല്ലെങ്കിൽ അതിനപ്പുറത്തല്ലെ, ഇതാ,

-10-


കാന്താരം പുക്കുറങ്ങും പ്രിയയുടെ വസനം
പാതി ഖണ്ഡിച്ചുടുത്തും
താൻ താനേ പിൻതിരിഞ്ഞും പുനരരികിലണ-
ഞ്ഞശ്രു പാരം ചൊരിഞ്ഞും
സ്വാന്തം വെന്തങ്ങു നിൽക്കും നളനെയുമവനൌ
കാന്തനെന്നോർത്തുറക്ക-
ഭ്രാന്ത്യാ ചുംബിച്ചിടും തൽക്കമനിയുടെ മുഖ-
ത്തേയുമത്യാഭയോടും,


3-ാംവാല്യ:- അല്ലെങ്കിൽ, രാമായണത്തിലെ കഥകളല്ലേ ഈ നിരയിൽ കാണുന്ന പടങ്ങൾ? ഇതാ,

കാമാര്‍ത്ത്യാ കാൽക്കൽ വീണങ്ങനവധി ധനവും
കാഴ്ചവച്ചാശു കൂപ്പി
പ്രേമത്തോടാശയെല്ലാം ജനകതനയയോ-
ടോതി നിൽക്കുന്നനേരം
വാമത്വം പൂണ്ടു മണ്ഡോദരിയരികില-
ണഞ്ഞിട്ടു പെട്ടുന്നു വല്ലാ-
താമന്ദാക്ഷം മുഴക്കും ദശമുഖമുഖവൈ-
ചൈത്ര്യമത്യന്ത ചിത്രം.


തര:- ഇവിടുന്നു ഒരു തമ്പുരാനാണു്. മറ്റാരുമല്ല. ഈ യൌവ്വനം തമ്പുരാനല്ലാതെ കുറയുന്ന കാലത്തു സൌന്ദര്യത്തിനൊരു കുറവുമില്ലാത്ത ഒരമ്മച്ചിമുണ്ടു് ഇവിടുത്തേയ്ക്കു്.

 

പ്രസ്താവന (11-14)

 

-11-


1-ാംവാല്യ:- ഇവിടുത്തെ വിചാരിച്ചു് ഇന്നും ഒഴുകിക്കൊണ്ടിരിക്കുന്ന കണ്ണുനീരിന്റെ പ്രളയം ആ മുഖത്തെ അല്പം വല്ലാതെയാക്കീട്ടില്ലായിരുന്നു എങ്കിലുണ്ടോ ഇത്ര സൌന്ദര്യമുണ്ടായിട്ട് ഒരു സ്ത്രീ ലോകത്തിലെങ്ങാനും കാണുന്നു? എന്നാലും ഇപ്പോഴും മറ്റൊരുത്തിയേക്കാൾ ഒട്ടും മടുപ്പെന്നു പറഞ്ഞുകൂട.

വര്‍ക്കി:- ഞാനൊരു തമ്പുരാനാണോ? ഇനിക്കു നിങ്ങൾ പറയുന്നതുപോലെ ഒരു അമ്മച്ചിയുമുണ്ടോ? അല്ലെങ്കിൽ ഞാൻ കിനാവുകാണുകയാണോ? അതോ ഇതുവരെ കഴിഞ്ഞതാണോ കിനാവു്? ഞാൻ ഉറങ്ങുകയല്ലല്ലോ. ഇനിക്കു കാണാം, കേൾക്കാം, വര്‍ത്തമാനം പറയാം. നല്ല മണങ്ങൾ എന്റെ മൂക്കിൽ അടിക്കുന്നുണ്ടു്. തൊടുന്ന ദിക്കിലൊക്കെ പശിമ തോന്നുന്നുമുണ്ടു്. അപ്പനാണ, ഞാനൊരു തമ്പുരാൻതന്നെ. ആനക്കാരന്റെ വാല്യക്കാരനുമല്ല, തേങ്ങാപ്പുറത്തിനകത്തെ വര്‍ക്കിയുമല്ല. കൊള്ളാം, നമ്മുടെ അമ്മച്ചിയെ ഇവിടെ നമുക്കു കാണാനായി കൊണ്ടുവരട്ടെ. പിന്നെയും, ഒരു ചെരട്ടകൂടെ ആ നല്ല മൂത്ത കള്ളേൽ, ഒന്നു മോന്താൻ.

2-ാംവാല്യ:- തിരുമുത്തു വിളക്കാൻ തിരുവളമുണ്ടാകണം ഇനി.

(വാല്യക്കാരൻ ഉമിക്കരി വെള്ളം മുതലായവ ഹാജരാക്കുന്നു )

ഇവിടുത്തേയ്ക്കു സുബോധം വീണതുകൊണ്ടു് അയ്യോ അടിയങ്ങൾക്കൊക്കെ എന്തുമാത്രം ആഹ്ളാദമായിരിക്കുന്നു. അയ്യൊ ഒരിക്കൽകൂടി ഇവിടുന്നു ആരാണെന്നു ള്ളതു് ഇവിടുന്നുതന്നെ അറിഞ്ഞെങ്കിൽ, ഈ പതിനഞ്ചു കൊല്ലമായിട്ടു് ഇവിടുന്ന് ഒരു സ്വ‌പ്നത്തിലല്ലേ കിടന്നതു്? വല്ലപ്പോഴുമെല്ലാം ഉണർന്നിട്ടുണ്ടെങ്കിലും ഒരിക്കലും ഉറപ്പിച്ചു വിട്ടിട്ടുമില്ലല്ലൊ.

വര്‍ക്കി:- ഇപ്പതിനഞ്ചുകൊല്ലമോ? എന്റപ്പനാണ, അതൊരു നല്ല ഉറക്കംതന്നെ, ഇതിനിടയ്ക്കെങ്ങും ഞാൻ ഒന്നും മിണ്ടീട്ടില്ലേ?

1-ാംവാല്യ:- ഒവ്വാവ്വ്, എന്തെല്ലാം കല്പിച്ചിരിക്കുന്നു? എങ്കിലും എല്ലാം തുമ്പില്ലായ്കയായിരുന്നു. ഇവിടുന്നു് ആ മുറിയിൽ കിടക്കയാണെങ്കിലും തല്ലി പടിക്കുപുറത്ത് ഇറക്കിയെന്നു പറഞ്ഞു കിടന്നുനിലവിളിക്കും. കള്ളു വെള്ളത്താൽ പെരുക്കിയില്ലേ? മീന്റെ മുള്ളുപോലും തരാനില്ലേ? ഇങ്ങനെ ഓരോന്നു പറഞ്ഞുംകൊണ്ടിരിക്കും. ഇടയ്ക്കു കുന്നത്തുകുഞ്ഞാളിയെ വിളിക്കുന്നതും കേൾക്കാം.

-12-


വര്‍ക്കി:- അവളു നല്ല മരിയാദക്കാരത്തിയാണു്. ഒട്ടു കുറ യ്ക്കാതെ ഒക്കത്തരും.

3-ാംവാല്യ:- ഇതെന്താണ്? ഇവിടുന്ന് ഇങ്ങനെ ഒരു ചോകോത്തിയെത്തന്നെ അറികയില്ല. കൂടെക്കൂടെ ഇവിടുന്നു വിളിക്കുന്ന കൊല്ലൻ കുഞ്ഞാറാണൻ, കോന്തിമില്ലക്കാരൻ, മുല്ലപ്പിഴശ്ശേരി മൂത്ത പണിക്കരു്, മല്ലൻ മത്തച്ചേട്ടൻ, ഇങ്ങനെ എങ്ങുമില്ലാത്തതായിട്ടു് ഒരിരുപതിലധികം പേരും കേൾക്കാം. ഇവരെ ഒക്കെ കണ്ടതാരു്, കേട്ടതാരു്?

വര്‍ക്കി:- അങ്ങനെയാണോ? എന്നാൽ എന്റെ ഈ ദീനം പൊറുത്തതിനായിട്ടു ദൈവത്തിനു സ്തുതി.

എല്ലാവരും:- ആമ്മീൻ.

വക്കി:- കൊള്ളാം. നിങ്ങൾക്കു നന്ദിയുണ്ടു്, അല്ലേ?

(കൊച്ചപ്പൻ അമ്മച്ചിയായി തോഴിമാരോടുകൂടി പ്രവേശിക്കുന്നു)

കൊച്ച:- എന്റെ പൊന്നു തിരുമേനി ഇപ്പോൾ എങ്ങിനെയിരിക്കുന്നാവോ?

വര്‍ക്കി:- അമ്മയാണ, ഞാൻ അങ്ങനെതന്നെ ഇരിക്കുന്നു. ഇവിടെ നല്ല നേരംപോക്കുണ്ട്. എന്റെ ഭാര്യയെവിടെ?

കൊച്ച:- തിരുമേനീ, അടിയൻ ഇവിടെയുണ്ടേ തിരുവളമെന്താണാവോ?

-13-


വര്‍ക്കി:- നീ എന്റെ ഭാര്യയാണെങ്കിൽ പിന്നെ എന്നെ ഭര്‍ത്താവെന്നു വിളിക്കാത്തതെന്താണ്? എന്റെ വാല്യക്കാരല്ലേ എന്നെ തിരുമേനിയെന്നു വിളിക്കേണ്ടതു്? ഞാൻ നിന്റെ വീട്ടുകാരനല്ലേ?

കൊച്ച:- എന്റെ ഭർത്താവും കര്‍ത്താവുമായുള്ളോവേ, എന്റെ കര്‍ത്താവും ഭര്‍ത്താവുമായുള്ളോവേ, ഞാൻ അവിടുത്തെ അത്യന്തം വിനീതയായ ഭാര്യയാണല്ലോ.

വര്‍ക്കി:- ഇനിക്കതു നല്ലവണ്ണം അറിയാം-ഞാൻ ഇവളെ എങ്ങനെ വിളിക്കണം?

തര:- അമ്മ.

വര്‍ക്കി:- മങ്കൊമ്പിലമ്മയോ, മാങ്കാവിലമ്മയോ?

തര:- അമ്മയെന്നു മാത്രം, മറ്റൊരു കൂട്ടുംകൂടാതെ. അങ്ങനെയാണു തമ്പുരാക്കന്മാർ അവരുടെ ഭാര്യമാരെ വിളിക്കുന്നതു്.

വര്‍ക്കി:- അമ്മ ബ്ഭാര്യേ, ഞാൻ പതിനഞ്ചു കൊല്ലമായിട്ടു കനാവുകണ്ടു കിടന്നുറങ്ങുകയായിരുന്നു എന്നല്ലേ ഇവരു പറയുന്നതു്?

കൊച്ച:- അതെ. ഇപ്പതിനഞ്ച് അടിയനു മുപ്പതെന്നു തോന്നിപ്പോയി, ഇക്കാലമെല്ലാം ഇവിടത്തെ തിരുമേനി സംഗമത്തിനു സംഗതിയാകാതെ ഇരുന്നതു കൊണ്ടു്.

വര്‍ക്കി:- അതങ്ങനെവരാം- വാല്യക്കാരെല്ലാം വെളിക്കിറങ്ങിൻ. ഇവിടെ ഞങ്ങൾ രണ്ടാളും മതി.

-14-


കൊച്ച:- -പൊന്നു തിരുമേനീ തിരുവളമുണ്ടായി ഒരു രണ്ടു രാത്രികൂടെ ക്ഷമിക്കണേ. അല്ലെങ്കിൽ കുറഞ്ഞ പക്ഷം അസ്തമിക്കുന്നതുവരെ. വൈദ്യന്മാരു വിധിച്ചിരിക്കുന്നതു് ഇങ്ങനെയാണു്. അല്ലെങ്കിൽ ഇവിടുത്തേ ആലസ്യം വീണ്ടും കടുത്തേക്കും.

വർക്കി:- -ആഹാ, അങ്ങനെയാണെങ്കിൽ വേണ്ട. എന്റെ രോഗം വീണ്ടു കടുക്കാൻ പാടില്ല. അതുകൊണ്ടു ഞാൻ എന്റെ ഇന്ദ്രിയങ്ങളെ ഒക്കെ അടക്കിക്കളയാം.

(ഒരു വാല്യക്കാരൻ പ്രവേശിക്കുന്നു.)

വാല്യ:- തിരുമനസ്സിലെ കളിയോഗക്കാർ തിരുമേനിയുടെ ആലസ്യം ഭേദമായതു കേട്ടിട്ട് ഒരു നല്ല കഥ കളിക്കാനായി വിടകൊണ്ടിരിക്കുന്നു. വൈദ്യന്മാരും ഇങ്ങനെ ശട്ടംകെട്ടീട്ടുണ്ടു്. വളരെ നാളായി ആധി അനുഭവിച്ചിരുന്ന മനസ്സിനു് ഒരു കളികണ്ടാൽ തെളിവുണ്ടാകും. ആധിയാണല്ലോ വ്യാധിക്കു മിക്കവാറും കാരണം. കളികണ്ടാൽ മനസ്സിനു് ഉൽസാഹവും ആഹ്ളാദവും ഉണ്ടായി ആരോഗ്യവും ആയുസ്സും വർദ്ധിക്കും.

വര്‍ക്കി:- അമ്മയാണ ഇനിക്കതു കാണണം. അവരു കളിക്കട്ടെ. ഇതെന്താണ്, കൊറവരുകളിയോ കോലടി കളിയോ?

കൊച്ച:- അല്ല, എന്റെ പൊന്നുതിരുമേനി, അതിലൊക്കെ നല്ല ഒരുതരമാണ്.

വര്‍ക്കി:- എന്തൊരു തരം, ശീലത്തരമോ?

കൊച്ച:- അല്ല ഇതൊരുവക കഥയാണ്.

വര്‍ക്കി:- കൊള്ളാം, കൊള്ളാം. നമുക്കു് അതുകണ്ടു കളയാം. അമ്മ ബ്ഭാര്യേവാ, എന്റെ അടുക്കൽ അടുത്തിരി. ഇനി എന്തുവന്നാലും നമ്മുടെ വാർദ്ധക്യം കുറഞ്ഞുപോകയില്ല.

(എല്ലാവരും പോയി)

 

ഒന്നാം അങ്കം (15-20)

 

-15-


ഒന്നാം അങ്കം



1. പാടലീപുരത്തിൽ ഒരു തെരുവീഥി


(ലോകസുന്ദരനും ത്രാണകനും പ്രവേശിക്കുന്നു )

ലോക:- ഇത്ര മനോഹരമായ ഈ പാടലീപുരം കാണാൻ ഞാൻ എത്ര നാളായി ആഗ്രഹിക്കുന്നതാണു്. അച്ഛന്റെ സന്തോഷപൂർവ്വകമായ അനുവാദവും വിശ്വസ്തനായ നിന്റെ കൂട്ടും ഇനിക്കിപ്പോൾ ഒന്നിച്ചു സിദ്ധിച്ചു. ഇനി പാശീപുരത്തിൽ പാരമ്പര്യംകൊണ്ടും എല്ലാ രാജ്യത്തിലും കച്ചവടം കൊണ്ടും പ്രസിദ്ധനും സമ്മതനുമായിരിക്കുന്ന എന്റെ അച്ഛന്റെ അനന്തകോടിദ്രവ്യത്തെ അനുഭവിക്കാനുള്ള ഞാൻ യഥോചിതമായ ഉൽകൃഷ്ട ശാസ്ത്രവിദ്യാഭ്യാസംകൊണ്ട് എന്നെ അതിനു സന്നദ്ധനാക്കേണ്ടിയിരിക്കുന്നു. അതിനായിട്ടാണല്ലൊ ഞാൻ ഇവിടെ എത്തിയിരിക്കുന്നത്. ഇതിൽ ഞാൻ എങ്ങനെയെല്ലാംവേണമെന്നാണു ത്രാണകാനിന്റെ ആലോചന, കേൾക്കട്ടെ.

ത്രാണ:- എന്നെക്കുറിച്ചു പ്രാണസ്നേഹമുള്ള എന്റെ യജമാനന്റെ ഹിതത്തെ അനുവർത്തിക്കാൻ കടപ്പെട്ടവനായ ഞാൻ അവിടുത്തേയ്ക്കു ഗുണാവഹമായ ഗുണദോഷം പറഞ്ഞുതരുവാനും ചുമതലപ്പെട്ടവനാണല്ലോ. ശാസ്ത്രങ്ങൾ നോക്കുന്നതിൽ ഒരു കാര്യം പ്രത്യേകം നോക്കിക്കൊള്ളേണ്ടതുണ്ടു്. തർക്കം പഠിച്ചു ചിലർ ഒന്നിനെക്കുറിച്ചു തര്‍ക്കിക്കാൻ കൊള്ളരുതാത്തവരായിട്ടും വ്യാകരണം പഠിച്ചിട്ടു വാക്കുകൾ തോന്നാത്തവരായിട്ടും കണ്ടിട്ടുണ്ടു്. യജമാനന്നീ അപകടം പറ്റാതിരിക്കാനായിട്ടു പ്രത്യേകം സൂക്ഷിക്കണം. ഈ അബദ്ധം ശാസ്ത്രങ്ങളുടെ അന്തസ്സാരമറിയാതെയും, അങ്ങുമിങ്ങുംമാത്രവും പഠിക്കുന്നതുകൊണ്ടു വരുന്നതാണെന്നാണു തോന്നുന്നതു്. വേദാന്തശാസ്ത്രം എങ്ങനെയായാലും വേണ്ടെന്നുവെക്ക തന്നെയാണു ഭേദം. ഒള്ളതൊക്കെ ഒണ്ടെന്നും ഇല്ലാത്തതൊന്നും ഇല്ലെന്നും ആര്‍ക്കാണറിഞ്ഞുകൂടാത്തതു്? അതു നീയാണെന്നും ഞാൻ പരബ്രഹ്മമാണെന്നും ചിലർ പറഞ്ഞു കൊണ്ടു നടക്കുന്നതു ഭ്രാന്തിന്റെ ഒരു വകഭേദമെന്നു തന്നെയാണെന്റെ അഭിപ്രായം.

ലോക:- കൊള്ളാം. നല്ല ആലോചനാപൂർവ്വകമായ അഭിപ്രായം. ആട്ടെ. പണ്ടുങ്കി ഇങ്ങു വന്നുചേർന്നില്ലല്ലൊ. അവൻ സാമാനങ്ങളുംകൊണ്ടു് എത്തിയെങ്കിൽ ഉടനെ നമുക്കീത്തെരുവിൽത്തന്നെ തക്കതായ ഒരു വീടു കൂലിക്കു വാങ്ങി താമസത്തിനു വേണ്ടതൊക്കെ തയാറാക്കാമായിരുന്നു. ഓ! വരട്ടെ. ഇതെന്തൊരു കൂട്ടമാണു്?

ത്രാണ:- നമ്മെ പട്ടണത്തിലേക്ക് എതിരേൽക്കാനായിട്ടുള്ള വല്ല ഘോഷവുമായിരിക്കും. എങ്കിലും നമുക്കൊഴിഞ്ഞുനിന്നു കളയാം.

(അവർ മറഞ്ഞുനിൽക്കുന്നു.)

-16-


(പാവനാശയച്ചെട്ടിയാർ, അരശമല്ലി ആനന്ദവല്ലി, ഗ്രാമേശൻ, ഹൃദ്യാംഗൻ ഇവർ പ്രവേശിക്കുന്നു.)

പാവ:- മാന്യന്മാരെ, ഇനി എന്നെ ഉപദ്രവിക്കരുതു്. ഞാൻ എത്ര ഉറപ്പായി നിശ്ചയിച്ചിരിക്കുന്നു എന്നു നിങ്ങൾക്കു് അറിയാവുന്നതാണല്ലോ. എന്റെ മൂത്ത മകൾക്കൊരു ഭര്‍ത്താവുണ്ടാകുന്നതുവരെ ഇളയവളെ കൊടുക്കാൻ പാടില്ല. നിങ്ങളിൽ ആര്‍ക്കെങ്കിലും അരശമല്ലിയെക്കുറിച്ചു് അനുരാഗമുള്ളപക്ഷം ഇനിക്കു നിങ്ങളെ രണ്ടാളേയും പരിചയവും സ്നേഹവുമുള്ളതുകൊണ്ടു് അവളെ യഥേഷ്‌ടം കാണാനും സംസാരിക്കാനും ഞാൻ നിങ്ങൾക്ക് അനുവാദം തന്നിരിക്കുന്നു.

ഗ്രാമേ:- (അപവാര്യ ) അവളെ കുഴുവേറ്റാനും കാക്ക കൊത്തിക്കാനുമായാലും എന്നെക്കൊണ്ടു മതിയാകയില്ല. ഹേ ഹേ! ഹൃദ്യാംഗച്ചെട്ടിയാരേ! നിങ്ങൾക്കൊരു ഭാര്യയെ വേണമെന്നുണ്ടോ?

അരശ:- അച്ഛാ! അച്ഛനെന്താ എന്നെ ഇത്തരക്കാരുടെ മുൻപിൽ കൊണ്ടുവന്നിട്ട് അവമാനിക്കണമെന്നാണോ?

ഹൃദ്യ:- തരക്കാരെന്നോ പറഞ്ഞതു്? അമ്മേ! നിന്നെ ഒന്നൊടച്ചു വല്ലതും കുറേ മയംകൂട്ടി വാര്‍ത്തല്ലാതെ ഞങ്ങൾ നിനക്കു തരക്കാരാകാൻ നിവൃത്തിയില്ല.

അരശ:- തരമല്ലാത്തേടത്തു കേറിക്കളിക്കാൻ വന്നാൽ തരത്തിനു തല തല്ലിപ്പൊളിച്ചങ്ങു വിടും.

ഹൃദ്യ:- ഈവിധം ദുർദ്ദേവതകളുടെ കയ്യിൽ ഈശ്വരാ! എന്നെ അകപ്പെടുത്തരുതേ!

ഗ്രാമേ:- ഈശ്വരാ! എന്നെയും.

-17-


പാവ:- എന്നാൽ മാന്യന്മാരെ, ഞാൻ പറഞ്ഞതു വേഗത്തിൽ നടക്കാനായിട്ടു്- ആനന്ദവല്ലി, നീ അകത്തേയ്ക്കു പൊയ്ക്കോ. നിനക്കിതൊന്നും കൊണ്ടു സുഖക്കേടു തോന്നണ്ടാ. എന്റെ മകളെക്കുറിച്ചെനിക്കൊരിക്കലും സ്നേഹക്കുറവു വരുന്നതല്ല.

അരശ:- ഓഹോ! എന്റെ മൊളകു നല്ല മൊളകാണേ. ഈയിട എരിവു കുറേ കൂടുതലാ.

ആന:- ജ്യേഷ്ഠത്തിക്കു് എന്റെ അസന്തുഷ്‌ടിയാണല്ലൊ സന്തോഷം. അങ്ങനെ ആയിക്കോളു. അച്ഛാ! ഞാൻ അച്ഛന്റെ ആഗ്രഹത്തെ താഴ്‌മയായി അനുസരിക്കുന്നു. എന്റെ പുസ്തകങ്ങളും വീണയും എന്റെ കൂട്ടുകാരായിരിക്കും. അവറ്റിന്മേൽ നോക്കിക്കൊണ്ടു ഞാൻ തന്നെത്താൻ കാലക്ഷേപം ചെയ്തോളാം.

ഹൃദ്യ:- ഞങ്ങളുടെ അനുരാഗം ആനന്ദവല്ലിക്ക് അന്തസ്താപത്തിനു കാരണമായിത്തീന്നതിനെക്കുറിച്ചിനിക്കു ദു:ഖമുണ്ട്.

ഗ്രാമേ:- അല്ലയോ ആര്യാ! അങ്ങു് ഈ പിള്ളതിനിക്കാളിയെ വിചാരിച്ച് അവളെ ഇങ്ങനെ കഷ്ടപ്പെടുത്തുന്നതു ശരിയല്ല.

പാവ:- മാന്യന്മാരേ, നിങ്ങൾ സ്വസ്ഥമായിരിക്കിൻ. ഞാൻ ഉറച്ചതാണു് - അകത്തേയ്ക്കു പോ ആനന്ദവല്ലീ.

(ആനന്ദവല്ലി പോകുന്നു.)

-18-


അവൾക്കു വായന, സംഗീതം ഇതിലൊക്കെ വളരെ രസമുള്ളതായി ഞാൻ അറിയുന്നതുകൊണ്ടു് അവളെ അഭ്യസിപ്പിക്കാൻ തക്ക ആശാന്മാരെ ആക്കിയാൽ കൊള്ളാമെന്നുണ്ടു്. ഹൃദ്യാംഗച്ചെട്ടിയാരെ നിങ്ങളോ, ഗ്രാമേശച്ചെട്ടിയാരോ നിങ്ങൾ ഇതിലേയ്ക്കു കൊള്ളാവുന്ന ആരെയെങ്കിലും അറിയുമെങ്കിൽ അവരെ ഇവിടെ കൊണ്ടുവരീൻ. പഠിപ്പുള്ള ആളുകളെ എനിക്കു സന്തോഷമാണു്. എന്റെ കുട്ടികളെ നല്ല വഴി പഠിപ്പിക്കുന്നവരിൽ ഞാന്‍ വളരെ ഔദാര്യവാനായിരിക്കയും ചെയ്യും. എന്നാൽ പിന്നെക്കാണാം. അരശമല്ലീ, നി നിൽക്കു്. ഇനിക്കു ആനന്ദവല്ലിയാടു ചിലതെല്ലാംകൂടെ പറയാനുണ്ടു്. (പോയി)

അരശ:- ആഹാ! എന്നാൽ ഞാനും വരും. എന്നെ എന്തു ചെയ്യും? ഇനിക്കു വിലക്കു വയ്ക്കുന്നതാരു്? എന്റെ കാര്യം എനിക്കറിഞ്ഞുകൂടാത്തതുപോലെ. അതു കൊള്ളാം. (പോയി.)

ഗ്രാമേ:- നീ കുട്ടിച്ചാത്തന്റെ കൊച്ചമ്മേടെ അടുക്കൽ പോയാലും വിരോധമില്ല. നിന്റെ വാസന അത്രയുണ്ടു്. ഇവിടെ ആര്‍ക്കും നിന്നെപ്പോറ്റാൻ ശക്തിയില്ല. അത്ര ബലമുള്ള അനുരാഗമുള്ളവരിവിടെയില്ല. പൊയ്ക്കോ-എന്റെ ആനന്ദവല്ലിയിൽ എനിക്കുള്ള അനുരാഗംകൊണ്ടു് അവൾക്കു സന്തോഷമുള്ള വകകൾ അവളെ പഠിപ്പിക്കാൻതക്ക ഒരാളിനെ കണ്ടെത്തിയാൽ ഞാൻ അവനെ അവളുടെ അച്ഛന്റെ അടുക്കലേയ്ക്കു കൂട്ടിക്കൊണ്ടുപോകും.

ഹൃദ്യ:- ഞാനും അങ്ങനെതന്നെ ചെയ്യാൻ നിശ്ചയിച്ചിരിക്കുന്നു. എന്നാൽ ഒരു വാക്കുകൂടെ പറയാനുണ്ടു്. നാം തമ്മിലുള്ള കലഹം വെളിപ്പെട്ടിട്ടില്ല എങ്കിലും ആനന്ദവല്ലിയിലുള്ള അനുരാഗത്തിൽ മൽസരിക്കുന്നതു നമുക്കു രണ്ടാൾക്കും ഒരുപോലെ സന്തോഷപ്രദമാണല്ലൊ. ഇതിലേക്കായി ഒരുകാര്യം പ്രയത്നിച്ചു സാധിക്കാനുണ്ടു്.

ഗ്രാമേ:- നിങ്ങൾക്കിത്ര ശുദ്ധഗതിയായിപ്പോയോ? അവളുടെ അച്ഛൻ എത്ര വലിയ കുബേരനായിരുന്നാലും നരകത്തെ വിവാഹം ചെയ്യാൻ മനസ്സുണ്ടാകുന്ന മടയന്മാർ എങ്ങാനും ഉണ്ടോ?

ഹൃദ്യ:- എന്നൊന്നുമില്ല. അവളുടെ അഷ്‌ടഹാസവും മറ്റും നമുക്കു സഹിക്കാൻ പാടില്ലെന്നുവച്ചു പണം കിട്ടുമെങ്കിൽ അവളെ ഈ ദോഷങ്ങളോടുകൂടിത്തന്നെ പരിഗ്രഹിക്കാൻ ചില മിടുക്കന്മാരുണ്ടാകാതിരിക്കയില്ല.

-19-


ഗ്രാമേ:- ഇനിക്കു കുറെ സംശയമാണു്. ഞാനാണെങ്കിൽ പണത്തിനായിട്ട് അവളെ വിവാഹം ചെയ്യുന്നതിനു പകരം ദിവസേന കാലത്തെ മുക്കാലിക്കുകെട്ടി മുപ്പത്താറടി വീതം കൊണ്ടോളാമെന്നു കരാറു ചെയ്യും.

ഹൃദ്യ:- ശരിതന്നെ. എങ്കിലും ഈ സംഗതിയിൽ നാം പ്രത്യേകം സ്നേഹിതന്മാരായിത്തീര്‍ന്നിരിക്കകൊണ്ടു സ്നേഹപൂർവ്വം തന്നെ പാവനാശയച്ചെട്ടിയാരുടെ മുത്ത മകൾക്കു് ഒരു ഭര്‍ത്താവിനെ ഉണ്ടാക്കി ഇളയ മകളെ വിവാഹത്തിനു സ്വതന്ത്രയാക്കിയതിന്റെ ശേഷം നമുക്കു വീണ്ടും മൽസരിച്ചോളാം.

ഗ്രാമേ:- അങ്ങനെതന്നെ. ഈ പ്രേതബാധയെ ആ ഭവനത്തിൽനിന്ന് ഒഴിക്കുന്നവനു ഞാൻ എന്തെല്ലാം ഒത്താശകൾ വേണമെങ്കിൽ ചെയ്തുകൊടുക്കാം.

(രണ്ടാളും പോയി.)

(ലോകസുന്ദരനും ത്രാണകനും വീണ്ടും പ്രവേശിക്കുന്നു )

ത്രാണ:- കാമമെന്നു പറയുന്നതു് ഇത്ര പെട്ടെന്നു ചാടിപ്പിടിക്കുന്നതാണോ? ഞാൻ അറിയാഞ്ഞു ചോദിക്കയാണു്.

ലോക:- അയ്യോ! എന്റെ ത്രാണകാ, ഇനിക്കും ഇതിങ്ങനെ അനുഭവപ്പെടുന്നതുവരെ സംഭവ്യമെന്നു വിശ്വാസമില്ലായിരുന്നു. ഞാൻ സ്വസ്ഥമായി അങ്ങനെ നോക്കിക്കൊണ്ടു നിന്നപ്പോൾ കാമം വെറുതെതന്നെ എന്നെ കടന്നു പിടികൂടി. ഇപ്പോൾ ഞാനതു നിന്നോടു സ്‌പഷ്ടമായി ഏറ്റുപറകയും ചെയ്യുന്നു- നിന്നെപ്പോലെ ഇനിക്കു വിശ്വസ്തനായിട്ടാരുമില്ല- ത്രാണകാ എന്നെ അതു ദയവില്ലാതെ ദഹിപ്പിക്കുന്നു. ഞാൻ ഈ യുവതിയെ കിട്ടാത്തപക്ഷം നാസ്തിയായിപ്പോകുമെന്നുള്ളതിനു സംശയമില്ല. ത്രാണകാ, നീ തന്നെ ഇനിക്കിതു സാധിച്ചുതരണം. എന്റെ ത്രാണകൻ അതിനു ത്രാണിയുള്ളവനാണെന്നെനിക്കറിയാം.

-20-


ത്രാണ:- യജമാന്നെ! ഇപ്പോൾ അവിടുത്തെ ശാസിക്കേണ്ട സമയമല്ല. കാമം അവിടുത്തെ ഇത്ര ഗാഢമായി ബാധിച്ചിട്ടുണ്ടെങ്കിൽ ഇനി ഒന്നും ആലോചിക്കാനില്ല.

ലോക:- നീ നന്നായിരിക്കും. എന്നാൽ ആരംഭിക്ക തന്നെ. ഇനിക്കു നല്ല തൃപ്തിയായി, നിന്റെ ആലോചന പിഴയ്ക്കുന്നതല്ല.

ത്രാണ:- അവിടുന്നാ യുവതിയെ വളരെ നേരം നോക്കിക്കൊണ്ടു നിന്നല്ലൊ. പക്ഷെ, ആകപ്പാടെയുള്ള സത്തു മനസ്സിലായിരിക്കയില്ല.

ലോക:- ഉവ്വ് സൗന്ദര്യസമ്പത്തിന്റെ സമൃദ്ധി സത്യമായിട്ടു ഞാനവളിൽ കണ്ടു.

ത്രാണ:- ഇതിലധികമൊന്നും കണ്ടില്ലേ? അവളുടെ ജ്യേഷ്ഠത്തി മനുഷ്യവർഗ്ഗത്തിലാര്‍ക്കും സഹിച്ചുകൂടാത്ത വിധത്തിൽ ശകാരിക്കയും കലശലു കൂട്ടുകയും ചെയ്തതു സൂക്ഷിച്ചില്ലായിരിക്കും.

ലോക:- ത്രാണകാ, ഞാൻ അവളുടെ അധരങ്ങൾ അനങ്ങുന്നതും, അതിനാൽ അന്തരിക്ഷം അശ്ശേഷം സുഗന്ധീകരിക്കപ്പെടുന്നതും കണ്ടു. ഞാനവളിൽ കണ്ടതു സകലവും പരിശുദ്ധവും മധുരവുമായിരുന്നു.

ത്രാണ:- ആഹാ, അങ്ങനെയാണോ? എന്നാലിനി ഈ മൂർച്ഛ ഒഴിക്കേണ്ട സമയമായിരിക്കുന്നു. യജമാനൻ ഉണരുകതന്നെ. അവിടുന്നാ യുവതിയെ കാമിക്കുന്നുണ്ടെങ്കിൽ അവളെ പ്രാപിക്കാനായി ആലോചിച്ചു പ്രവത്തിക്കണം. ഇങ്ങനെയാണവസ്ഥ. അവളുടെ ജ്യേഷ്ഠത്തി ഒരു ശാപഗ്രസ്തയും വലിയ ശുണ്ഠിക്കാരത്തിയുമാണു്. അതുകൊണ്ടു് അച്ഛൻചെട്ടിയാർ അവളെ ആര്‍ക്കെങ്കിലും കൊടുത്തു ചെലവാക്കുന്നതുവരെ യജമാനന്റെ കാമം കന്യകയായി അകത്തുതന്നെ ഇരിക്കേ നിവൃത്തിയുള്ളു.

 

ഒന്നാം അങ്കം (21-24)

 

-21-


ലോക:- അയ്യോ! ത്രാണകാ! ആ അച്ഛൻ എത്ര ക്രൂരൻ! എങ്കിലും അവളെ പഠിപ്പിക്കാൻ മിടുക്കന്മാരായ ആശാന്മാരെ കിട്ടണമെന്നു് അദ്ദേഹം പറഞ്ഞതു നീ കേട്ടില്ലേ?

ത്രാണ:- ഞാനോ? ഞാനാണോ അതു കേൾക്കാതിരിക്കുന്നതു്? ഇപ്പോൾ ഉപായം തോന്നി.

ലോക:- ഇനിക്കും തോന്നിയല്ലോ ത്രാണകാ.

ത്രാണ:- യജമാന്നെ, നാം രണ്ടാളും കണ്ട ഉപായം ഒന്നായിവന്നെങ്കിൽ അതു് അതിശയംതന്നെ.

ലോക:- നീ കണ്ടതെന്താ? കേൾക്കട്ടെ.

ത്രാണ:- അവിടുന്ന് ആശാനായി ആ കന്യകയെ പഠിപ്പിക്കാൻ ചുമതലപ്പെടണം. ഇതുതന്നെയല്ലേ അവിടുന്നും കണ്ടതു് ?

ലോക:- ഇതു തന്നെ. ഇങ്ങനെ സാധിച്ചെങ്കിൽ.

ത്രാണ:- പ്രയാസമുണ്ടു്. എന്താണെന്നല്ലേ. അവിടുത്തേക്കു പകരം ഒരാളിവിടെ വേണ്ടേ? വിഘനേശ്വരച്ചെട്ടിയാരുടെ മകനായിട്ടു പാടലീപുരത്തിൽ ഒരു വീടു കൂലിക്കു വാങ്ങി പാര്‍ക്കുകയും പുസ്തകങ്ങൾ നോക്കുകയും, സ്നേഹിതന്മാരെ സൽക്കരിക്കുകയും സ്വദേശികളെ ചെന്നു കാണുകയും അവക്കു വിരുന്നു കൊടുക്കുകയും ഒക്കെ ചെയ്തുംകൊണ്ടിരിക്കാൻ.

-22-


ലോക:- അതിനു തരക്കേടില്ല. ഞാനിതു നല്ലവണ്ണം ആലോചിച്ചു പറഞ്ഞതാണ്. നാമിവിടെ എത്തിയാറെ ആരെയും വിശേഷിച്ചു കണ്ടിട്ടില്ല. നമ്മുടെ മുഖം കണ്ടു് ആരും നമ്മെ യജമാനനാരു്, വാല്യക്കാരനാരെന്നൊന്നും തിരിച്ചറിയുകയുമില്ല. അതിനാൽ ഇങ്ങനെ ചെയ്യണം. നീ യജമാനനായി ഇനിക്കു പകരം വീട്ടുകാരനും വിരുന്നുകാരെ സൽക്കരിക്കുന്നവനും വാല്യക്കാരുടെ മേൽ അധികാരിയും ആയിട്ടിരിക്കണം. ഞാൻ മറെറാരുത്തനായിക്കൊള്ളാം. വല്ല പരദേശിയോ അല്ലെങ്കിൽ പാശീപുരത്തിലെ ഒരു പതിതനൊ ആരെങ്കിലും. ഇതു തീർച്ചയായി. ഇങ്ങനെതന്നെ വേണം. അതുകൊണ്ടു. നീ ഉടനെ വേഷം മാറണം. നിന്റെ വസ്ത്രങ്ങളെല്ലാം എനിക്കു തന്നും കളഞ്ഞു നീ എന്റ വർണ്ണക്കുപ്പായവും കസവുതലപ്പാവും ധരിക്കു്. പണ്ടുങ്കിവരുമ്പോൾ അവൻ നിന്നെ സേവിച്ചു നിൽക്കണം. ഒന്നാമതുതന്നെ അവന്റെ നാവിനെ അടക്കാനായിട്ടു ഞാനവനെ ശട്ടംകെട്ടാം.

ത്രാണ:- എന്നാലങ്ങനെതന്നെ. അവിടുത്തേക്കു് ഇതാണിഷ്ടമെങ്കിൽ ഞാൻ അനുസരിക്കാതെ പാടില്ലല്ലോ. പോരുന്നസമയം അച്ഛൻ പറഞ്ഞയച്ചിട്ടുള്ളതും മറ്റൊരര്‍ത്ഥത്തിലായിരിക്കാമെങ്കിലും നീ എന്റെ മകനു സഹായി ആയിരിക്കണമെന്നാണല്ലോ. ഇനിക്കു ലോകസുന്ദരനായിരിക്കാൻ നല്ല തൃപ്തിതന്നെ. ലോകസുന്ദരനെ ഞാൻ അത്രമേൽ സ്നേഹിക്കുന്നുണ്ടല്ലോ.

ലോക:- അതെ ത്രാണകാ! ലോകസുന്ദരൻ അരെയൊ സ്നേഹിക്കുന്നതുകൊണ്ടു നീ അങ്ങനെതന്നെ ആയിത്തീരണം. കണ്ടമാത്രയിൽ എന്റെ ഹൃദയത്തെ കവർന്നുകളഞ്ഞ ആ അംഗനാമണിയെ കൈക്കലാക്കാനായി ഞാനൊരടിമക്കാരനും ആയിക്കൊള്ളാം.

(പണ്ടുങ്കി പ്രവേശിക്കുന്നു.)

ഇതാവരുന്നു ആ തെമ്മാടി. എടാ നീ എവിടെയായിരുന്നു?

പണ്ടു:- ഞാനെവിടെയായിരുന്നു? അല്ല ഇതെന്താ? ഇവിടുന്നെവിടെയാ? എജമാന്നെ ത്രാണകൻ അവിടുത്തെ ഉടുപ്പുകൾ മോഷ്ടിച്ചോ? അതോ അവിടുന്നവന്റെ മോഷ്ടിച്ചോ? അതോ അങ്ങോട്ടുമിങ്ങോട്ടും മോഷ്ടിച്ചോ? എന്താ ഇവിടെ വിശേഷമെന്നു് ഇനിക്കുകൂടെ അറിഞ്ഞെങ്കിൽ കൊള്ളാമായിരുന്നു.

-23-


ലോക:- എടാ, ഇവിടെവാ. ഇതു നേരംപോക്കു പറയാനുള്ള സമയമല്ല. അതുകൊണ്ടു നിന്റെ ആചാരങ്ങൾ ഒക്കെയും കാലാനുസരണമാക്കണം. നിന്റെ കൂട്ടുകാരൻ ത്രാണകൻ ഇവിടെ എന്റെ ജീവനെ രക്ഷിക്കാനായിട്ടു് എന്റെ വേഷവും ഭാവവും സ്വീകരിച്ചിരിക്കുന്നു. ഞാൻ ഒളിച്ചോടിപ്പോകാനായി അവന്റെ വേഷവും കൈക്കൊണ്ടതാണു്. എന്തെന്നാൽ കരയ്ക്കിറങ്ങിയതിൽപിന്നെ ഉണ്ടായ ഒരു കലഹത്തിൽ ഞാനൊരാളിനെ കൊന്നുപോയി. അതു പരസ്യമായിട്ടുമുണ്ടെന്നാണു് ശങ്ക. ഞാൻ ആത്മരക്ഷയ്ക്കായി ഇവിടെനിന്ന് ഓടിപ്പോകുന്നതാകകൊണ്ടു നീ അവനെ സേവിച്ചു നിൽക്കണമെന്നു ഞാൻ നിന്നോടു കല്പിക്കുന്നു. നിനക്കു മനസ്സിലായോ?

പണ്ടു:- ഇനിക്കോ? ഒരു ചുക്കുമായില്ല.

ലോക:- ത്രാണകനെന്നു നിന്റെ വായിൽ ഒരു വാക്കും വരരുതു്. ത്രാണകൻ ലോകസുന്ദരനായി അവതരിച്ചിരിക്കുന്നു.

പണ്ടു:- അവന്റെ നല്ലകാലം. ഈയവനിങ്ങനെ ഒന്നിനും സംഗതി വരികയില്ലല്ലോ?

ത്രാണ:- യജമാനൻ പാവനാശച്ചെട്ടിയാരുടെ മകളെ പാണിഗ്രഹണം ചെയ്തതിന്റെ ശേഷം നീതന്നെ ആയിക്കോ. നീ ഇനിക്കുവേണ്ടിയല്ല നിന്റെ എജമാന്നുവേണ്ടി ഒന്നു ചെയ്യണം. മറ്റാളുകൾ ആരെങ്കിലും ഉള്ളപ്പോൾ നിന്റെ ആചാരങ്ങൾ ഒക്കെയും ശരിയായി സൂക്ഷിച്ചു ചെയ്തോളണം. നാം തനിച്ചാകുമ്പോൾ ഞാൻ ത്രാണകൻതന്നെ. അല്ലാത്തപ്പോൾ ഒക്കെയും നിന്റെ എജമാനനായ ലോകസുന്ദരനാണു ഞാൻ.

ലോക:- ത്രാണകാ എന്നാൽ നമുക്കു പോകാം- ഒന്നുകൂടെയുണ്ടു നീതന്നെ ചെയ്യേണ്ടതായിട്ടു്. നീകൂടെ ഈ കാമുകന്മാരിലൊരുത്തനാകണം. കാരണം ചോദിക്കണ്ട.

(എല്ലാവരും പോയി.)

 

ഒന്നാം അങ്കം (25-29)

 

-24-


2 ടിയിൽ ഹൃദ്യാംഗന്റെ വീട്ടുവാതൽ


(പാർത്ഥസാരഥിയും കൂമരനും പ്രവേശിക്കുന്നു)

പാർത്ഥ:- വരണദേശം വിട്ട് ഞാൻ ഈവഴിയെല്ലാം നടന്നു വന്നതു് ഇവിടെയുള്ള എന്റെ ഇഷ്ടന്മാരെ കാണാനാണല്ലോ. ഒന്നാമതു കാണേണ്ടതു് എന്റെ പ്രാണസമാനനായ ഹൃദ്യാംഗനെയാണു്. ഇതല്ലേ ആ വിദ്വാന്റെ വീടു്? എടാ കൂമരൻ! ഇടിക്കു്.

കൂമ:- ഇടിക്കാനോ എജമാന്നേ? ആരെയിടിക്കണം? എജമാന്നെ അവമാനിച്ചവരാരെങ്കിലുമുണ്ടോ?

പാർത്ഥ:- എടാ അധികപ്രസംഗി! ഇനിക്കു്- നീ നല്ലവണ്ണം ഇവിടെയൊന്നിടിക്കാനല്ലേ പറഞ്ഞതു്?

കൂമ:- എജമാന്നേ ഇടിക്കാൻ ഞാനാരാ എജമാന്നെ?

പാർത്ഥ:- എടാ മടയാ! ഈ വാതുക്കൽ- ഇനിക്കു് - ഒന്നിടിക്കാനാ പറഞ്ഞതു്. അല്ലെങ്കിൽ ഞാൻ നിന്റെ തല പിടിച്ചിട്ടിടിയ്ക്കും.

കൂമ:- ഓ! എന്റെ എജമാനൻ ശുണ്ഠിപിടിച്ചു തുടങ്ങിയിരിക്കുന്നു. ഞാനങ്ങോട്ടൊന്നിടിച്ചിട്ടു വേണം എന്നെ എടുത്തിട്ടു ചവിട്ടാൻ, അല്ലേ?

പാർത്ഥ:- ആഹാ! നീ ഇടിക്കയില്ല, അല്ലെ? നീ ഇടിച്ചില്ലെങ്കിൽ ഞാൻ ഇടിപ്പിക്കാമോ എന്നു നോക്കട്ടെ.

-25-


(കുമരന്റെ ചെവിക്കു പിടിക്കുന്നു.)

കൂമ:- അയ്യോ! മാളോരെ ഓടിവരീനോ! എന്റെ എജമാന്നു പ്രാന്തുപിടിച്ചെ.

പാർത്ഥ:- എന്താ, ഇനി ഞാൻ ഇടിക്കാൻ പറഞ്ഞാൽ ഇടിക്കാമോ?

(ഹൃദ്യാംഗന്‍ പ്രവേശിക്കുന്നു)

ഹൃദ്യ:- ഹേ, ഹേ, ഇതെന്തുകഥ! ഇതെന്റെ പഴയ ചങ്ങാതി കൂമരനും എന്നും പുത്തനായ ഇഷ്ടൻ പാർത്ഥസാരഥിയുമല്ലേ? വരണദേശത്തെല്ലാവർക്കും സൌഖ്യംതന്നെയല്ലെ?

പാര്‍ത്ഥ:- സസ്നേഹിതൻ ഹൃദ്യാംഗനെന്താ ഞങ്ങളെ പിടിച്ചുമാറ്റാൻ വന്നതാണു്, അല്ലേ? സമാസതഃ സമ്യഗേവസം വൃത്തഃ, എന്നുപറയാം, അല്ലേ?

ഹൃദ്യ:- തർഹിവിവാദോസ്മാകം ശുഭാവസിതോ ഭവിതവ്യശ്ച, അയിമഹാനുഭാവ! പ്രിയസഖ! പാർത്ഥസാരഥേ!

കൂമ:- എജമാന്നേ, ഇതദ്ദേം ഈ സമുകൃതത്തിൽ പറഞ്ഞതൊന്നുമല്ല. ഇതു് ഇനിക്കദ്ദേഹത്തിന്റെ വേല വിട്ടുപോകാൻ മതിയായ ഒരു സംഗതിയല്ലെങ്കിൽ- നോക്കണം എജമാന്നേ, അദ്ദേമെന്നോട് അദ്ദേത്തിനിട്ടു് ഇടിക്കാൻ പറഞ്ഞു. എജമാന്നേ, ഒരു ബല്യക്കാരൻ അവന്റെ എജമാന്നെ അങ്ങനെചെയ്യുന്നതു ശരിയാണോ എജമാന്നേ? അന്നേരം ഞാൻ കടന്നങ്ങിടിച്ചേക്കേണ്ടിയിരുന്നു. എന്നാലിപ്പക്കാണാരുന്നു.

-26-


പാർത്ഥ:- ഇങ്ങനെയുള്ള കഴുതകളുമുണ്ടല്ലോ- സ്നേഹിതാ, ഞാനിവനോടു നിങ്ങളുടെ വാതുക്കൽ ഇടിക്കാൻ പറഞ്ഞു. ഞാൻ പടിച്ചപണി പതിനെട്ടും കഴിച്ചിട്ടും അവനെക്കൊണ്ടതു ചെയ്യിക്കാൻ കഴിഞ്ഞില്ല.

കൂമ:- വാതുക്കലിടിക്കാൻ- എന്റെ തമ്പുരാനേ- എടാ ഇനിക്കിട്ടു നീ ഇവിടെ ഇടിക്കു്, നല്ലവണ്ണം ഇടിക്കു്, വീണ്ടും വീണ്ടും ഇടിക്കു്. ഇങ്ങനെയെല്ലാം പച്ചയായിട്ട് ഇവിടുന്നെന്നോടു പറഞ്ഞതല്ലെ?

പാർത്ഥ:- എടാ, പോ അവിടുന്നു. അല്ലെങ്കിൽ മിണ്ടാതിരിക്കു്. അതാ നിനക്കു നല്ലതു്.

ഹൃദ്യാ:- ഹേ കളയണം. ഞാൻ കൂമരനു ജാമ്യക്കാരനായിക്കോളാം. ഇവൻ നിങ്ങടെ വിശ്വസ്തനും നേരം പോക്കുന്നവനുമായ പഴേ ഭൃത്യനല്ലെ? അതുപോട്ടെ. വരണദേശത്തു പിന്നെ എന്തുള്ളുവിശേഷം? അവിടുന്നു പാടലീപുരത്തേക്കു നിങ്ങളെ ഇപ്പോൾ കൊണ്ടുവന്നിരിക്കുന്നതു്' ഏതൊരിഷ്ട ദേവതയുമാണു്?

പാർത്ഥ:- എല്ലാ യുവജനങ്ങളേയും ഇങ്ങനെ ഓരോ കാലങ്ങളിൽ കൊണ്ടുനടക്ക പതിവുള്ള ആ ദേവതതന്നെ. എന്നാൽ എന്റെ കാര്യം ഇത്രയുള്ള. അച്ഛൻ മരിച്ചിട്ട് ഒരുകൊല്ലം കഴിഞ്ഞു. ഇപ്പോൾ ഇനിക്കൊരു ഗൃഹസ്ഥനാകുവാനുള്ള ആവശ്യം നേരിട്ടിരിക്കുന്നു. എന്നാൽ ഗൃഹത്തിലേക്ക് ഒന്നാമതായി വേണ്ടതു് ഒരു ഗൃഹിണിയാണല്ലോ. അതു് അന്വേഷിച്ചു പുറപ്പെട്ടതാണു്.

-27-


ഹൃദ്യാ:- എന്നാൽ നിങ്ങൾക്കൊരു ഗൃഹിണിയെ ഞാൻ ശട്ടം കെട്ടാം. പക്ഷേ ഒരു കലഹക്കാരത്തിയും ലക്ഷണംകെട്ടവളുമാണു്. അതുകൊണ്ടു് എന്റെ ഗുണദോഷത്തെക്കുറിച്ചു നിങ്ങൾ എന്നോടു കൃതജ്ഞനായിരിക്കുമെന്നു തോന്നുന്നില്ല. എങ്കിലും പണം കിട്ടുമെന്നു മാത്രമല്ല, ധാരാളം കിട്ടുമെന്നുള്ളതു തീർച്ചയാണു് - എന്നാലും വേണ്ട. നിങ്ങൾ അവളെ പരിഗ്രഹിക്കണമെന്നു ഞാൻ ഗുണദോഷിക്കയില്ല. ഇനിക്കു നിങ്ങളെക്കുറിച്ചുള്ള സ്നേഹം അങ്ങനത്തതല്ല.

പാർത്ഥ:- ആര്യഹൃദ്യാംഗ, നമ്മെപ്പേലെയുള്ള സ്നേഹിതന്മാരുതമ്മിൽ വാക്കുചുരുങ്ങിയിരുന്നാൽമതി. അതുകൊണ്ടു നിങ്ങൾ പാർത്ഥസാരഥിയുടെ ഭാര്യയായിരിക്കാൻ മാത്രം പണമുള്ള വല്ലവരെയും അറിയുന്നുണ്ടെങ്കിൽ--പണത്തെയാണു ഞാൻ പാണിഗ്രഹണം ചെയ്യുന്നതെന്നു വച്ചോളു- അവൾ വിദ്യുജ്ജിഹ്വന്റെ ചിത്തഹാരിണിയെ പോലെയുള്ള ആയിരം ധൂളി ചത്തുപിറന്നോളായാലും ശരി, ഇനിക്കവളിലുള്ള അനുരാഗത്തിനു ന്യൂനത ഉണ്ടാകുമെന്നോ? ഒരിക്കലും ഉണ്ടാകുന്നതല്ല. ഞാൻ പാലീപുരത്തിനു വന്നിരിക്കുന്നതു പണത്തോടുകൂടി പാണിഗ്രഹണം ചെയ്യാനാണു്. പണത്തോടുകൂടിയാണെങ്കിൽ ഞാൻ കൃതാർത്ഥനുമായി.

കൂമ:- എജമാന്നേ, ഇങ്ങോട്ടുനോക്കണം. അദ്ദേം പച്ചയ്ക്കു പറഞ്ഞതു കേട്ടില്ലെ? പണം കിട്ടുമെങ്കിൽ അദ്ദേം പട്ടിയേയോ പൂച്ചയേയോ വല്ല പറവജാതിയെ ആയാലും വിരോധമില്ല, കെട്ടിക്കളയും. പണമാണു കൊണമെല്ലാം വരുത്തുന്നതെന്നു് അറിയാത്തവനല്ല എന്റെ എജമാനൻ.

ഹൃദ്യാ- സ്നേഹിതൻ ഇത്ര കച്ചയുംകെട്ടി പുറപ്പെട്ടിരികയാണെങ്കിൽ ഞാൻ നേരം പോക്കായി പറഞ്ഞു തുടങ്ങിയതു മുഴുവനാക്കാം. നിങ്ങൾക്കൊരു ഗൃഹിണിയെ ഞാൻ ശട്ടംകെട്ടിത്തരാം. പണം ധാരാളം നല്ല യൗവ്വനം, സൗന്ദര്യവും അങ്ങനെതന്നെ. സജ്ജനങ്ങൾക്കു ചേരുന്നവണ്ണമെല്ലാം അഭ്യസിപ്പിക്കപ്പെട്ടവളുമാണു്. കുറ്റമൊന്നേയുള്ളു. അതൊന്നു മതിതാനും. സഹിച്ചുകൂടാത്തവണ്ണമുള്ള ശുണ്ഠിയാണു പ്രകൃതി. അസഭ്യവും അധികപ്രസംഗവും പായാൻ തുടങ്ങിയാൽ അവധിയില്ല. ചുരുക്കിപ്പറഞ്ഞാൽ എന്റെ സ്ഥിതി ഇതിനേക്കാൾ വളരെ മോശമായിരുന്നു എന്നിരിക്കട്ടെ, എന്നാലും കണ്ണെത്തുന്ന ദിക്കെല്ലാം കനകമാക്കി തരുന്നപക്ഷവും ഞാനവളെ കല്യാണം കഴിക്കയുമില്ല.

-28-


പാർത്ഥ:- ഹൃദ്യാംഗാ, വെറുതെ ഇരിക്കു. കനകത്തിന്റെ ശക്തി നിങ്ങൾക്കു് അറിഞ്ഞുകൂടാ. അവളുടെ അച്ഛന്റെ പേരെന്താണെന്നു കേൾക്കട്ടെ. അതുമതി. അവൾ മീനമാസത്തിലെ മേഘനാദത്തെക്കാളും കഠിനമായി ശകാരിക്കുന്നവളായിരുന്നാലും ഞാൻ വിടാൻ ഭാവമില്ല.

ഹൃദ്യാ: - അവളുടെ അച്ഛൻ പ്രസിദ്ധനായ പന്തീരടിക്കൽ പാവനാശയച്ചെട്ടിയാരാണു്. നല്ല രഞ്ജനയും മര്യാദയുമുള്ള ഒരു കൊള്ളാവുന്ന ആൾ. അവളുടെ പേരു അരശമല്ലി എന്നാണു്. ശകാരിക്കുന്ന പ്രകൃതി കൊണ്ടു് ഈ പേരിനും പാടലീപുരത്തിൽ പ്രസിദ്ധി ഒട്ടും കുറവല്ല.

പാർത്ഥ:- ഞാൻ അവളെ അറികയില്ലെങ്കിലും അവളുടെ അച്ഛനെ പരിചയമുണ്ട്. അദ്ദേഹം എന്റെ അച്ഛനേയും അറിയും. ഹൃദ്യാംഗാ, ഞാൻ അവളെ കണ്ടതിനുമേലല്ലാതെ ഇന്ന് ഉറങ്ങുകയില്ല. അതുകൊണ്ടു നിങ്ങൾകൂടെ ഇനിക്കു കൂട്ടായി പോരാത്തപക്ഷം നാം തമ്മിലുള്ള സ്നേഹം പിരിഞ്ഞിരിക്കുന്നു.

കൂമ:- എജമാന്നേ, അദ്ദേം ഈ ശിലം പകരുന്നതിനുമുൻപേ ചെന്നു കണ്ടോട്ടെ. സത്യമായിട്ടു് ആ അമ്മ എന്നെപ്പോലെ ഇദ്ദേത്തിനെ അറിയുമായിരുന്നെങ്കിൽ ശകാരംകൊണ്ടു മേപ്പടിയാനോട്ട് ഒന്നും പറ്റുകയില്ലെന്നു മനസ്സിലാക്കിയേനെ. അവരു നന്നക്കടുത്തിങ്ങോട്ടു വന്നാൽ മുന്നുമുപ്പറക്കൊട്ട തെമ്മാടി എന്നു വിളിക്കുമായിരിക്കും. അതൊരു സാരവുമില്ല. നിങ്ങളാരും ഇദ്ദേത്തിനെ നല്ലവണ്ണം അറികയില്ല എജമാന്നേ.

ഹൃദ്യാ:- എന്നാൽ സ്നേഹിതൻ നിൽക്കണം. ഞാൻകൂടെ പോരുന്നുണ്ടു്. പാവനാശയച്ചെട്ടിയാരുടെ കൈവശമാണു എന്റെയും സർവ്വസ്വവും ഇരിക്കുന്നതു്. അദ്ദേഹത്തിന്റെ ഇളയമകൾ അമരസുന്ദരിയായ ആനന്ദവല്ലിയിൽ അനുരക്തന്മാരായി ഞാനും മറ്റുചിലരും ഉണ്ടു്. എങ്കിലും ഞാൻ മേൽപറഞ്ഞ കാരണങ്ങളാൽ അരശമല്ലി ചിലവായതിനു മേലല്ലാതെ അവളെ കാണാനും സംസാരിക്കാനും ആരെയും അദ്ദേഹം അനുവദിക്കയില്ല.

കൂമ:- ആ ചിലവാകാത്ത ചരക്കു് അന്വേഷിച്ചാണല്ലോ ഞങ്ങൾ വന്നിരിക്കുന്നതു്.

-29-


ഹൃദ്യാ:- അതുകൊണ്ടു സ്നേഹിതൻ പാർത്ഥസാരഥി ഇനിക്കു ഒരുപകാരം ചെയ്തുതരണം. അവളെ സംഗീതം പഠിപ്പിക്കുവാൻ ഒരു ഭാഗവതരുടെ വേഷത്തിൽ എന്റെകൂടെ പോരണം. ഇങ്ങനെ ആയാൽ ഇനിക്കു് അവളുമായി തനിച്ചു സംസാരിക്കുവാനും അവളുടെ പ്രേമത്തിനു പാത്രീഭവിക്കാനും സംശയത്തിനിടയില്ലാതെ തരമുണ്ടാകും.

(ഗ്രാമേശനും വേഷച്ഛന്നനായി കയ്യിൽ പുസ്തകങ്ങളോടുകൂടി ലോകസുന്ദരനും പ്രവേശിക്കുന്നു)

കൂമ:- കൊള്ളാം നല്ല മര്യാദ! വയസ്സുചെന്ന ആളുകളെ പറ്റിക്കാൻ ചെറുപ്പക്കാർ ഒത്തുകൂടുകയാണല്ലേ?' എജമാന്നേ, എജമാന്നേ, അങ്ങോട്ടു നോക്കണെ! അതാരാ വരുന്നതു്?

ഹൃദ്യാ:- കൂമരാ, മിണ്ടാതിരിക്കു്. അതെന്റെ എതിരാളിയാണു്. സ്നേഹിതാ, നമുക്കു മാറിനിന്നുകളയാം.

കൂമ:- എതിരാളി ഒട്ടും എടുപ്പുകുറഞ്ഞവനല്ല.

(അവർ മാറിനിൽക്കുന്നു)

ഗ്രാമേ:- ഹോ, വളരെ നന്നായിരിക്കുന്നു! ഞാൻ ആ വ്യാഖ്യാനം വായിച്ചുനോക്കി. പുസ്തകങ്ങളെല്ലാം നല്ല ശുചിയായിരിക്കണം. കാമശാസ്ത്രവിഷയമായിട്ടുള്ളവയല്ലാതെ ഒന്നും അവളെക്കൊണ്ടു വായിപ്പിക്കരുതു കേട്ടോ. നിങ്ങൾക്കു് എന്റെ താല്പര്യം മനസ്സിലായല്ലൊ. നിങ്ങൾക്കു പാവനാശയച്ചെട്ടിയാർ തരുന്ന ശമ്പളത്തിനു പുറമേ ഞാൻ തക്കതായ സമ്മാനവും തരുന്നുണ്ടു്. നിങ്ങൾ എന്തായിരിക്കും തൽക്കാലം അവളെ വായിപ്പിക്കുന്നതു്?

 

ഒന്നാം അങ്കം (30-35)

 

-30-


ലോക:- ഞാൻ എന്തു വായിപ്പിച്ചാലും ഇവിടുത്തെ കാര്യം വാദിച്ചോളാം. അതിനെക്കുറിച്ചു സംശയിക്കണ്ടാ. ഇവിടുന്നുതന്നെ ആയിരുന്നാലും ഈ ശക്തിയായി വാദിക്കയില്ല. വ്യുല്പത്തിയില്ലായ്കകൊണ്ടു വാക്കിൽതന്നെ ഇവിടുത്തെ വാദം വളരെ ബലക്കുറവുള്ളതായിട്ടേ ഇരിക്കു.

ഗ്രാമേ:- ഹോ, ഈ വിൽപ്പത്തി എന്നു പറയുന്നതു് എന്തുതന്നെ!

ഹൃദ്യാ:- (വീണ്ടും പ്രവേശിച്ചിട്ടു്) ആര്യഗ്രാമേശാ, ഭദ്രവസ്തു.

ഗ്രാമേ:- തമ്മിൽ കണ്ടതു നന്നായി. ഞാൻ എങ്ങോട്ടു പോകയാണെന്നറിഞ്ഞോ? പന്തീരടിക്കലേക്കാണു്. ആനന്ദവല്ലിക്ക് ഒരാശാനെ അന്വേഷിക്കാമെന്നു ഞാൻ അദ്ദേഹത്തോടു പറഞ്ഞിരുന്നല്ലൊ. ഭാഗ്യവശാൽ ഇതാ ഇപ്പോൾ ഈ യുവാവിനെ കിട്ടി, അവളുമായി സംസർഗ്ഗത്തിനും അവളുടെ ബുദ്ധിക്കു ചേർന്നവകകൾ പഠിപ്പിക്കാനും വേണ്ട പടിപ്പും പാകതയുമുള്ളവനാണു്. കാവ്യങ്ങൾ നോക്കീട്ടുമുണ്ടു്.

ഹൃദ്യാ:- അതു നന്നായി. എന്റെ അന്വേഷണത്തിൽ അവളെ സംഗീതം അഭ്യസിപ്പിക്കാൻ ഒരു ഭാഗവതരേയും കിട്ടീട്ടുണ്ടു്. അതുകൊണ്ടു് എന്റെ പ്രാണപ്രിയയായ ആനന്ദവല്ലിക്കു ചെയ്യാനുള്ള പരിചര്യകളിൽ ഞാനും അശേഷം മടുപ്പുള്ളവനായിരിക്കയില്ല.

ഗ്രാമേ:- ആനന്ദവല്ലി തന്റെ പ്രാണപ്രിയ ആണെന്നു എന്റെ പ്രവൃത്തികൾ സാക്ഷീകരിക്കാം

ഹൃദ്യ:- ആര്യഗ്രാമേശാ, ഇപ്പോൾ നാം അനുരാഗത്തെക്കുറിച്ചു മത്സരിക്കേണ്ട സമയമല്ല. ഞാൻ പറയുന്നതു കേൾക്കണം. നമുക്കു രണ്ടാൾക്കും ഒരുപോലെ ഉപകാരമുള്ള ഒരു വർത്തമാനം പറയാനുണ്ടു്. യദൃഛയാ ഇന്നിനിക്കു കാണാൻ സംഗതിയായ ഒരു മാന്യൻ അവിടെ നിൽക്കുന്നുണ്ടു്. നല്ല സ്ത്രീധനം കിട്ടുമെങ്കിൽ അദ്ദേഹത്തിനു് അരശമല്ലിയിൽ അനുരാഗമുണ്ടാകയും അവളെ അദ്ദേഹം പരിഗ്രഹിക്കയും ചെയ്തോളും.

ഗ്രാമേ:- ആഹാ, എന്നാൽ ആശ്ചര്യം തന്നെ. നിങ്ങൾ അവളുടെ കുറ്റങ്ങൾ എല്ലാം അദ്ദേഹത്തെ ധരിപ്പിച്ചിട്ടുണ്ടോ?

-31-


പാർത്ഥ:- അവൾ കുറേ അധികം അധിക്ഷേപിക്കയും ഉപദ്രവിക്കയും ചെയ്യുന്ന ഒരു മൂതേവിയാണെന്ന് ഇനിക്കറിയാം. ഇത്രേയുള്ള എങ്കിൽ ഇനിക്കൊരു വിരോധവുമില്ല.

ഗ്രാമ:- ഒരു വിരോധവുമില്ല, അല്ലേ? എവിടുത്തുകാരനാണു്?

പാർത്ഥ:- ഞാൻ വരണദേശത്തിൽ പ്രസിദ്ധനായ ആനന്ദേശ്വരച്ചെട്ടിയാരുടെ പുത്രനായി ജനിച്ചവനാണ്. അച്ഛൻ മരിച്ചുപോയി. അദ്ദേഹത്തിന്റെ സമ്പാദ്യം ഇനിക്കായി ജീവിച്ചിരിക്കുന്നു. അനേകകാലം അതുകൊണ്ടു സുഖമായി കഴിയണമെന്നാണു എന്റെ ആഗ്രഹം.

ഗ്രാമേ:- അയ്യോ സ്നേഹിതാ, ഇങ്ങനെയുള്ള ഒരു ഭാര്യയോടുകൂടി ഇതത്ര എളുപ്പമാണെന്നു തോന്നുന്നില്ല. എങ്കിലും നിങ്ങൾക്ക് അതിൽ വൈരസ്യമില്ലെങ്കിൽ ഞാനും കഴിയുന്ന സഹായം ചെയ്യാൻ തയാറാണു് .. നിങ്ങൾ നിശ്ചയിച്ചു കൊണ്ടുതന്നെയാണോ?

കൂമ:- അല്ലെങ്കിൽ ഞാൻ നിശ്ചയിച്ചു.

പാർത്ഥ:- നിങ്ങൾ എന്താ, എന്നെ ഒരു നേരംപോക്കുകാരനായിട്ടാണോ വിചാരിക്കുന്നത്? ഞാൻ എന്തിനായിട്ട് ഈ വഴിയെല്ലാം നടന്നുവന്നു? അല്പമായിട്ടുള്ള വല്ല ഇളക്കവുംകൊണ്ടു ഞാൻ ഭയപ്പെട്ടുപോകുമെന്നോ? സിംഹങ്ങളുടെ ഗര്‍ജ്ജനവും സമുദ്രത്തിന്റെ എരപ്പും പീരങ്കിയുടെ മുഴക്കവും മറ്റും ഞാൻ കേട്ടിട്ടില്ലാത്തതല്ലല്ലൊ. പിന്നെ അടുപ്പിലിട്ട ചക്കക്കുരു വെന്തുപൊട്ടിയാലുണ്ടാകുന്നതിന്റെ പാതി ശബ്ദമില്ലാത്ത ഒരു സ്ത്രീയുടെ നാവിനെ ഞാൻ ഭയപ്പെടുമോ?

കൂമ:- എന്റെ എജമാനന്ന് ഇന്ദ്രന്റെ ഈച്ചയെപ്പോലും പേടിയില്ല.

-32-


ഗ്രാമേ:- ഹൃദ്യാംഗാ, ഇദ്ദേഹം നല്ല സമയത്താണു വന്നു കൂടിയതു്. ഇരുപാട്ടുകാര്‍ക്കും ഉപയോഗംതന്നെ.

ഹൃദ്യ:- അങ്ങനെതന്നെ. അദ്ദേഹത്തിന്റെ കല്യാണച്ചിലവുകൾ എല്ലാം നമ്മൾ രണ്ടാളും കൂടി ചെയ്തോളാമെന്നു ഞാൻ വാക്കു കൊടുത്തിട്ടുണ്ടു്.

ഗ്രാമേ:- സാധിക്കയാണെങ്കിൽ ചെയ്യാം. ഒരു വിരോധവുമില്ല.

കൂമ:- ഇദ്ദേഹത്തിനെകൊണ്ടുവന്ന ഇനിക്കൊന്നുംതരാൻ ഭാവമില്ലായിരിക്കും.

(യജമാനവേഷം ധരിച്ച ത്രാണകനും പണ്ടുങ്കിയും പ്രവേശിക്കുന്നു.)

ത്രാണ:- മാന്യന്മാരെ, നിങ്ങൾക്കു വന്ദനം. പന്തീരടിക്കൽ പാവനാശയച്ചെട്ടിയാരുടെ അവിടേക്കു പോകാനുള്ള എളുപ്പവഴി ഏതാണെന്ന് ഒന്നു പറഞ്ഞുതരണേ.

ഗ്രാമേ:- സുന്ദരികളായ രണ്ടു പുത്രിമാരുള്ള ആളിനെയല്ലേ നിങ്ങൾ ഉദ്ദേശിക്കുന്നതു്?

ത്രാണ:- അതെ. അദ്ദേഹത്തെത്തന്നെ-പണ്ടുങ്കീ!

-33-


ഗ്രാമേ:- നിങ്ങൾ അദ്ദേഹത്തെയല്ലാതെ അവളെക്കൂടെ ഉദ്ദേശിച്ചിട്ടില്ലായിരിക്കുമല്ലൊ?

ത്രാണ:- പക്ഷ അദ്ദേഹത്തേയും അവളേയും ആയിരിക്കും. അതിനു നിങ്ങൾക്കെന്താ?

പാർത്ഥ:- എങ്ങനെവന്നാലും ആ ശകാരിക്കുന്ന അവളെ ഉദ്ദേശിക്കരുതെന്ന് ഇനിക്കപേക്ഷയുണ്ടു്.

ത്രാണ:- ശകാരക്കാരെ ഞാൻ കാമിക്കാറില്ല -പണ്ടുങ്കീ. നമുക്കു പോകാം.

ലോക:- (അപവാര്യ) നല്ല ആരാഭം ത്രാണകാ.

ഹൃദ്യാ:- നിങ്ങൾ പോകുന്നതിനു മുൻപേ ഒരു വാക്കു പറഞ്ഞോട്ടെ. നിങ്ങൾ പറയുന്ന ഈ കന്യകയെ കല്യാണം കഴിച്ചാൽ കൊള്ളാമെന്നാണോ നിങ്ങ ളുടെ ആഗ്രഹം?

ത്രാണ:- ഞാൻ അങ്ങനെ ആഗ്രഹിച്ചെങ്കിൽ എന്താ? അതൊരു കുറ്റവും മറ്റുമല്ലല്ലൊ.

ഗ്രാമേ:- അല്ല, ഇനി അധികം പറയാതെ നിങ്ങള്‍ ഇവിടെനിന്നു പോകുമെങ്കിൽ.

ത്രാണ:- അതെന്താണ്? തെരുവുകൾ ഇനിക്കും നിങ്ങൾക്കും ഒരുപോലെ സ്വാതന്ത്ര്യമുള്ളവയല്ലേ?

-34-


ഗ്രാമേ:- എന്നുവെച്ച് അവൾ അങ്ങനെയല്ല.

ത്രാണ:- എന്തു കാരണംകൊണ്ടാണാവോ?

ഗ്രാമേ:- ഈ കാരണംകൊണ്ടുതന്നെ. അവൾ ഗ്രാമേശന്റെ തിരഞ്ഞെടുക്കപ്പെട്ട പ്രേമപാത്രമാണു്.

ഹൃദ്യാ:- അവൾ ഹൃദ്യാംഗന്റെ തിരഞ്ഞെടുക്കപ്പെട്ടവളാകകൊണ്ടാണ്.

ത്രാണ:- ആര്യന്മാരെ, വരട്ടെ! നിങ്ങൾ മാന്യന്മാരാണെങ്കിൽ എന്റെ ന്യായം സമ്മതിക്കണം. ക്ഷമയോടു - കൂടി കേൾക്കിൻ. പാവനാശയച്ചെട്ടിയാർ ഒരു നല്ല കൊള്ളാവുന്ന ആളാണു്. എന്റെ അച്ഛനേയും അദ്ദേഹം അറികയില്ലെന്നും മറ്റുമില്ല. അദ്ദേഹത്തിന്റെ മകൾ ഇതിലധികം സൌന്ദര്യമുള്ളവളായിരുന്നു എങ്കിൽ അവളുടെ പാണിഗ്രഹണം മോഹിച്ചു ഇതിലധികം ആളുകൾ വരുമായിരുന്നു. ഞാനും അതിലൊരുത്തനായിരിക്കട്ടെ. ദമയന്തിയെ മോഹിച്ചു അൻപത്താറു രാജാക്കന്മാരും ഉമ്പർകോൻ മുതൽപേരും എത്തീട്ടുണ്ടായിരുന്നല്ലൊ. അപ്പോൾ ആനന്ദവല്ലിക്കു് ഒരാൾകൂടെ പാടില്ലെന്നു വരുമോ? അതു ലോകസുന്ദരൻ ആകട്ടെ. എങ്കിലും നൈഷധൻ വന്നതു തനിക്കുതന്നെ കിട്ടുമെന്നു ഉറച്ചുംകൊണ്ടായിരുന്നു.

ഗ്രാമേ:- അല്ല! ഇദ്ദേഹം നമ്മെ എല്ലാം വാക്കുകൊണ്ടു ജയിക്കുമെന്നു തോന്നുന്നു.

പാർത്ഥ:- ഹൃദ്യാംഗാ, ഇങ്ങനെ അവസാനമില്ലാതെ സംസാരിച്ചുകൊണ്ടു നിൽക്കുന്നതിന്റെ ഉദ്ദേശ്യമെന്താണു്?

-35-


ഹൃദ്യാ:- ആര്യാ, നിങ്ങൾക്കു വിരോധമില്ലായിരിക്കുമല്ലോ? ഞാൻ ഒരു കാര്യം ചോദിക്കുന്നു. നിങ്ങൾ ഈ പാവനാശയച്ചെട്ടിയാരുടെ മകളെ എപ്പോഴെങ്കിലും കാണുക ഉണ്ടായിട്ടുണ്ടോ?

ത്രാണ:- ഇല്ല. എങ്കിലും ഞാൻ കേട്ടിട്ടുണ്ടു്. അദ്ദേഹത്തിനു രണ്ടു പുത്രിമാരുണ്ടെന്നും ഒരുത്തി ശകാരി ക്കുന്ന നാവിനായിട്ടെന്നപോലെ മറ്റവൾ സൌന്ദര്യത്തോടുകൂടിയ സങ്കോചത്തിനും പ്രസിദ്ധമായിട്ടുണ്ടെന്നു്.

പാർത്ഥ:- ആര്യാ, ഒന്നാമത്തവൾ എന്റെപേര്‍ക്കാണു്. അവളേ വിട്ടേക്കണം.

ഗ്രാമേ:- ശരിതന്നെ ആ പ്രയത്നം ഭഗീരഥന്നു വിട്ടേക്കണം. അല്ലാതെ ആരാൽ അതു കഴിയും?

പാർത്ഥ:- ആര്യാ. നിങ്ങൾ ഇതു മനസ്സിലാക്കണം. അനുജത്തിയെ ആണല്ലൊ നിങ്ങൾക്കു് ആവശ്യം. ജ്യേഷ്ഠത്തിയുടെ പാണിഗ്രഹണം കഴിയാതെ അനുജത്തിയെ അദ്ദേഹം ആര്‍ക്കും അനുവദിക്കയില്ലെന്നാണു വച്ചിരിക്കുന്നതു്.

ത്രാണ:- അങ്ങനെ ആണെങ്കിൽ, ആര്യാ നിങ്ങളാണു ഞങ്ങൾക്കെല്ലാവര്‍ക്കും- എന്നെ ഉൾപ്പെടെ- വഴി തുറക്കണ്ട ആൾ. നിങ്ങൾ ജ്യേഷ്ഠത്തിയെ കൈക്കലാക്കി അനുജത്തിയെ ഞങ്ങളുടെ ആവലാധികൾ കേൾക്കാൻ സ്വതന്ത്രയാക്കുന്നപക്ഷം അവളെ ലഭിക്കാൻ തക്ക ഭാഗ്യം ആര്‍ക്കുണ്ടാകുന്നുവോ ആ ആൾക്കു നിങ്ങളെക്കുറിച്ച് ഒരിക്കലും നന്ദിക്കുറവു വരുന്നതുമല്ല.

ഹൃദ്യാ:- ആര്യാ, നിങ്ങൾ പറയുന്നതു നല്ലതുതന്നെ. എന്നാൽ നിങ്ങളും കാമുകന്മാരിൽ ഒരുത്തനാണെന്നു സമ്മതിക്കുന്നതുകൊണ്ടു് നിങ്ങളും ഞങ്ങളെപ്പോലെ നമ്മുടെ ഈ സ്നേഹിതനു തക്കതായ പ്രത്യുപകാരം ചെയ്യണം.

ത്രാണ:- ആര്യാ ഞാൻ അതിനു അശ്ശേഷം മടിയുള്ളവനല്ല. ഇതിനു ലക്ഷ്യമായി ഇന്നു വൈകുന്നേരംതന്നെ നമ്മുടെ ആനന്ദവല്ലിയുടെ ബഹുമാനത്തിനു ഞാൻ കഴിക്കാൻ നിശ്ചയിച്ചിരിക്കുന്ന വിരുന്നിലേക്കു നിങ്ങളെ എല്ലാവരേയും ക്ഷണിച്ചിരിക്കുന്നു. വക്കീലന്മാരെപ്പോലെ നമുക്കും കോടതിയിൽവെച്ചു ശത്രുക്കളായി വഴക്കുപറകയും പന്തിയിൽ സ്നേഹിതന്മാരായി ഭക്ഷണാദികൾ കഴിക്കയും ചെയ്യാം.

പണ്ടു:- അയ്യ, അതിമനോഹരമായ നിശ്ചയം! ചങ്ങാതിമാരേ വരിൻ.

ഹൃദ്യാ:- നിശ്ചയം നന്നു തന്നെ. അതങ്ങനെതന്നെ ഭവിക്കയും ചെയ്യും.

(എല്ലാവരും പോയി.)

 

രണ്ടാം അങ്കം (36-40)

 

-36-


രണ്ടാം അങ്കം


ഒന്നാം അരങ്ങു- ടിയിൽ പാവനാശയച്ചെട്ടിയാരുടെ ഭവനത്തിൽ ഒരു മുറി


(അരശമല്ലി, ആനന്ദവല്ലി ഇവർ പ്രവേശിക്കുന്നു)

ആന:- പൊന്നുചേട്ടത്തി, എന്നെ ഉപദ്രവിക്കരുതു്. നിങ്ങൾ എന്നെ ഒരു വെള്ളാട്ടിയെയോ അടിമക്കാരത്തിയോപോലെ വിചാരിക്കുന്നതു് ഇനിക്കു വളരെ വ്യസനമാണു്. എന്റെ കൈ അഴിച്ചു വിടീൻ, നിങ്ങൾ എന്തു കല്പിച്ചാലും ഞാൻ അതു ചെയ്യാം. ഗുരുജനങ്ങളോടുള്ള കൃത്യങ്ങളെക്കുറിച്ച് ഇനിക്കു നല്ല വിവരമുണ്ടു്.

അര:- നിന്റെ കാമുകന്മാരിൽ എല്ലാവരിലുംവെച്ചു നീ ആരെയാണു് അധികം കാമിക്കുന്നതെന്ന് എന്നോടു പറയണം. അശേഷം മറക്കരുതു്.

ആന:- ചേട്ടത്തി ഞാൻ പറയുന്നതു വിശ്വസിക്കണം. ജീവനോടുള്ള മനുഷ്യരുടെ കൂട്ടത്തിലെങ്ങും വിശേഷിച്ച് ഇനിക്കു മോഹിക്കാൻ തോന്നീട്ടുള്ള ആ മുഖത്തെ ഞാൻ ഇതുവരെ കണ്ടിട്ടില്ല.

അര:- അസത്തേ, നീ കള്ളമാ പറഞ്ഞത്. ഹൃദ്യാംഗനെ അല്ലേ നീ കാമിക്കുന്നതു്?

ആന:- ചേട്ടത്തീ, നിങ്ങൾക്കു അദ്ദേഹത്തെക്കുറിച്ചു മോഹമുള്ള പക്ഷം ഞാൻ നിങ്ങൾക്കു വേണ്ടി ശിപാർശ ചെയ്കയും അദ്ദേഹത്തെ സ്വാധീനപ്പെടുത്താൻ ഉത്സാഹിക്കയും ചെയ്യാമെന്ന് ഇതാ സത്യം ചെയ്യുന്നു.

അര:- ആഹാ, എന്നാൽ നിനക്കു ധനത്തിലാ മോഹം. ഗ്രാമേശനെ വേണമെന്നാണു്, അല്ലേ?

ആന:- അദ്ദേഹത്തെ വിചാരിച്ചാണോ നിങ്ങൾ എന്നോടിങ്ങനെ അസൂയപ്പെടുന്നതു്. അതല്ല, നിങ്ങൾ വെറുതെ കളിയാക്കുകയാണു്. ഇപ്പോൾ ഇനിക്കു നല്ലവണ്ണം മനസ്സിലായി. ഇതേവരെ നിങ്ങൾ എന്നോടു കളിയാക്കുകയായിരുന്നു. ചേട്ടത്തീ ദയവു ചെയ്ത് എന്റെ കൈ അഴിച്ചു വിടീൻ.

-37-


അര:- ഇതു കളിയാണെങ്കിൽ ശേഷം കാര്യങ്ങളും എല്ലാം കളി തന്നെ.

[അവളെ അടിക്കുന്നു.]

(പാവനാശച്ചെട്ടിയാർ പ്രവേശിക്കുന്നു)

പാവ:- ആഹാ, എന്താ പെണ്ണേ, നീ ഇത്ര മൂത്തു പോയോ. ആനന്ദവല്ലീ, മാറി നിൽക്കു് പാവപ്പെട്ട പെണ്ണ്, അവൾ കരയുന്നു- നീ പോയി നിന്റെ തുന്നൽപ്പണി നോക്ക്. അവളുമായി ഒന്നിലും ഏർപ്പെടേണ്ടാ. എടീ പിശാചിനു പിറന്നവളേ, നിനക്കു ലജ്ജയില്ലേ? നിന്നെ ഒരിക്കലും ഉപദ്രവിക്കാത്ത അവളേ നി എന്തിനു ഉപദ്രവിക്കുന്നു. അവൾ എപ്പോൾ എങ്കിലും നിന്നോടു കറുത്തതിൽ ഒരക്ഷരം പറഞ്ഞിട്ടുണ്ടോ.?

അര:- അവളുടെ മൌനം ആണല്ലോ ഇനിക്കു സഹിച്ചു കൂടാത്തതു്. അതിന്റെ കൂലി അവൾക്കു കൊടുത്തല്ലാതെ ഞാൻ സമ്മതിക്കയില്ല.

(ആനന്ദവല്ലിയുടെ പിന്നാലെ ഓടുന്നു.)

പാവ:- ആഹാ, എന്റെ മുമ്പിൽ വെച്ചോ?- ആനന്ദവല്ലി, അകത്തേക്കു പോ.

(ആനന്ദവല്ലി പോയി)

അര:- എന്തു? അച്ഛൻ സമ്മതിക്കയില്ല, അല്ലേ? ഇപ്പോഴാണല്ലോ ഇനിക്കു മനസ്സിലായതു്. അവൾ അച്ഛന്റെ കണ്ണിലുണ്ണിയാണു്. അവൾക്കു ഭർത്താവിനെ ഉണ്ടാക്കുന്നതിനാണ് ഉൽസാഹം. എന്നെ അവളുടെ വിവാഹദിവസം കൂടുന്നവരുടെ വിനോദത്തിനായി കുരങ്ങാട്ടം കളിപ്പിക്കാൻ ഇട്ടിരിക്കയുമാണു്. എന്നോടൊന്നും പറയണ്ട, പ്രതികാരത്തിനു സമയം വരുന്നതുവരെ ഞാൻ കുത്തിയിരുന്നു കരയാൻ പോകുകയാണ്. (പോയി.)

പാവ:—ഈശ്വരാ, എന്നോളം വ്യസനം അനുഭവിക്കുന്ന മനുഷ്യരുണ്ടോ?- അല്ല ഇതാരാ വരുന്നതു്.

(നീചവേഷധാരിയായ ലോകസുന്ദരനോടു കൂടി ഗ്രാമേശൻ പ്രവേശിക്കുന്നു. ഭാഗവതരായി ഹൃദ്യാംഗനേയും കൊണ്ടു- പാർത്ഥസാരഥിയും ഒരു വീണയും പുസ്തകങ്ങളും വഹിച്ച പണ്ടുങ്കിയോട്ട കൂടി ത്രാണകരനും.)

ഗ്രാമേ:- പാവനാശയച്ചെട്ടിയാർക്കു വന്ദനം.

-38-


പാവ:- സ്നേഹിതൻ ഗ്രാമേശനു സ്വാഗതം. മഹാജനങ്ങളെ,നിങ്ങൾക്കു് എല്ലാവർക്കും നല്ലവണ്ണം വരട്ടെ.

പാർത്ഥ:- വന്ദനീയനായ അങ്ങേക്കും. ഞാൻ ഒരു കാര്യം ചോദിക്കുന്നു. അങ്ങേക്കു ഒരു പുത്രിയില്ലേ? അരശമല്ലിയെന്നു പേരായിട്ടു്, സൌന്ദര്യത്തിനും സൗശീല്യത്തിനും പ്രസിദ്ധിയായി.

പാവ:- ഉവ്വ്. ഇനിക്കു് അരശമല്ലിയെന്നു പേരായിട്ട് ഒരു പുത്രിയുണ്ടു്.

ഗ്രാമേ:- ഹെയ്, നിങ്ങൾ ഇങ്ങനെ പരിഭ്രമിച്ചാലോ? സാവധാനത്തിൽ അതിന്റെ മുറയ്ക്കു പറയരുതോ?

പാർത്ഥ:- ഗ്രാമേശച്ചെട്ടിയാരേ, നിങ്ങൾ എന്നെ ഉപദ്രവിക്കരുതു്. ഞാൻ പറഞ്ഞോട്ടെ- ആര്യാ, ഞാൻ വരണദേശത്തെ ഒരു കുടിയാനവനാണു്. തത്രഭവതിയുടെ സൌന്ദര്യത്തേയും വാക്‍സാമര്‍ത്ഥ്യത്തേയും സ്വഭാവത്തേയും വിനയത്തേയും മറ്റനേക അതിശയിക്കത്തക്ക ഗുണങ്ങളേയും കുറിച്ചു കേട്ടിട്ട് അങ്ങേ ഭവനത്തിലെത്തി അതുകളെ എല്ലാം എന്റെ ദൃഷ്ടികളെക്കൊണ്ടു് തന്നെ അനുഭവിക്കാൻ ഉറച്ചുംകൊണ്ടു പുറപ്പെട്ടതാണു്. ഇവിടെ ഒരു വെച്ചു കാഴ്ച‌യായിട്ട് ഞാൻ ഒരാളിനെക്കൊണ്ടു വന്നിട്ടുണ്ടു്, (ഹൃദ്യാംഗാനെ കാണിച്ചുകൊണ്ടു്) സംഗീതത്തിലും ഗണിതശാസ്ത്രത്തിലും നല്ല പാണ്ഡിത്യമുള്ളവനാണു്. ഈ ശാസ്ത്രങ്ങളിൽ തത്രഭവതി കേവലം അപരിചിതയല്ലെന്നു ഞാൻ അറിഞ്ഞിട്ടുണ്ടു്. എങ്കിലും അതുകളെ ഇയാളെക്കൊണ്ടു പൂര്‍ത്തിയാക്കിക്കാം. ഈയാളെ എന്നിൽ നിന്നു കൈക്കൊള്ളണം. അല്ലാത്തപക്ഷം ഇനിക്കു വലിയ വ്യസനമാണു്. ഈയാളുടെ പേരു് ലാസകൻ എന്നാണു മന്ധരദേശക്കാരനുമാണു്.

പാവ:- ആര്യാ, അങ്ങേയ്ക്കു സ്വാഗതം. നിങ്ങളെപ്രതി ഇയാളെ ഞാൻ കൈക്കൊണ്ടിരിക്കുന്നു. എന്നാൽ എന്റെ പുത്രിയായ അരശമല്ലിയുടെ കാര്യത്തിൽ ഇനിക്കിത്രയും അറിയാം. അവളെ അങ്ങേയ്ക്കു രസിക്കയില്ല. അതിനിക്കൊരു വ്യസനകാരണവുമാണു്.

പാർത്ഥ:- ശരി, അങ്ങേയ്ക്ക് അവളെ കൊടുക്കാൻ മനസ്സില്ല. അല്ലെങ്കിൽ എന്നെ അത്ര ബോധിച്ചിട്ടില്ലായിരിക്കും.

പാവ:- അങ്ങനെ തെറ്റിദ്ധരിക്കരുതു്. ഞാൻ പരമാര്‍ത്ഥം പറകയാണു്. ആര്യൻ എവിടുന്നാണു്? എന്താണു് പേരു്?

-39-


പാർത്ഥ:- പാർത്ഥസാരഥി എന്നാണെന്റെ പേരു്. അഥാലയരാജ്യം ആസകലം അറിയപ്പെട്ടിട്ടുള്ള അനന്തേശ്വരച്ചെട്ടിയാരുടെ പുത്രനുമാണു്.

പാവ:- ഞാൻ അദ്ദേഹത്തെ നല്ലവണ്ണം അറിയും. അദ്ദേഹത്തെപ്രതി അങ്ങേക്കു് വീണ്ടും സ്വാഗതം.

ഗ്രാമ:- ഹെ ഹെ പാർത്ഥസാരഥിച്ചെട്ടിയാരെ, നിങ്ങളുടെ കഥയൊന്നു നിറുത്തിൻ. ഈ സങ്കടക്കാരായ പാവപ്പെട്ട ഞങ്ങൾകൂടി ഒന്നു പറഞ്ഞോട്ടെ. നിങ്ങൾ കുറെ കടന്നിട്ടുതന്നെയാണു്.

പാർത്ഥ:- അയ്യൊ മാപ്പു്, ആര്യ ഗ്രാമേശാ. ഞാൻ ഇതാ പറഞ്ഞു കഴിഞ്ഞു.

ഗ്രാമേ:- പറഞ്ഞോളുകേ വേണ്ടു. ഫലം മറിച്ചു വരാതിരുന്നാൽ മതി. ആര്യാ ഇതു വളരെ കൃതജ്ഞതാപൂർവകമായ സമ്മാനമാണു്. അങ്ങേയ്ക്ക് എന്റെ പേരിലുള്ള അസാധാരണമായ ദയവിനെക്കുറിച്ചു ഇനിക്കുള്ള നന്ദിയെ സൂചിപ്പിക്കാനായി ഈ യുവാവായ പണ്ഡിതനെ ഞാൻ അങ്ങേക്കു പ്രതിഫലേഛ കൂടാതെ തരുന്നു. (ലോകസുന്ദരനെ കാണിച്ചുകൊണ്ട്) ഈ ആൾ വളരെക്കാലമായി രാമനാഥപുരത്തു പഠിച്ചുകൊണ്ടിരിക്കയായിരുന്നു. മറ്റെ ആൾക്കു സംഗീതം ഗണിതം ഈ ശാസ്ത്രങ്ങളിലുള്ളതുപോലെ ഈ ആൾക്കു പല ഉൽകൃഷ്ടഭാഷകളിൽ പാണ്ഡിത്യമുണ്ട്. ഈയാളുടെ പേരു കാംബുകൻ എന്നാണു്. ഈയാളെ എന്നിൽനിന്നു കൈക്കൊള്ളണമെന്നു ഞാൻ അപേക്ഷിക്കുന്നു.

പാവ:- ഗ്രാമേശച്ചെട്ടിയാരെ, നിങ്ങളുടെ ഈ ഔദാര്യത്തിനായി അനേകം വന്ദനം. കാംബുകന്നു സ്വാഗതം (ത്രാണകനോട്) എന്നാൽ അല്ലയോ മാന്യപുരുഷ, നിങ്ങൾ ഒരു പരദേശിയെപ്പോലെ നടക്കുന്നു എന്നാണു് ഇനിക്കു തോന്നുന്നതു് നിങ്ങളുടെ ആഗമനത്തിന്റെ കാരണം അറിയാൻ ആഗ്രഹിക്കുന്നത് അനുനുചിതമാണോ ആവോ?

ത്രാണ:- ആര്യാ ഇനിക്കു മാപ്പു തരണം. അനുചിതമായ നടപടി എന്റെ പേരിലാണുള്ളതു്. ഈ പട്ടണത്തിൽ ഒരു പരദേശിയാണെങ്കിലും അങ്ങേ മകൾ സുന്ദരിയും സുകൃതിയുമായ ആനന്ദവല്ലിയുടെ പാണിഗ്രഹണത്തെ ആഗ്രഹിച്ചു കാത്തുനിൽക്കുന്നവരിൽ ഒരുത്തനാണു ഞാൻ. അവളുടെ ജ്യേഷ്ഠസഹോദരിയെ സംബന്ധിച്ചു് അങ്ങു ചെയ്തിട്ടുള്ള നിശ്ചയത്തെക്കുറിച്ചും ഞാൻ അറിയാതെയിരിക്കുന്നില്ല. ഈ ഒരു സ്വാതന്ത്ര്യം മാത്രമേ ഞാൻ അപേക്ഷിക്കുന്നുള്ളു. എന്റെ മാതാപിതാക്കന്മാരെ അറിഞ്ഞു കഴിഞ്ഞാൽ ശേഷം പേരോടുകൂടി തത്രഭവതിയെ കാത്തുനിൽക്കാൻ ഇനിക്കും അനുവാദം ഉണ്ടാകണം. അങ്ങേ പുത്രിമാരുടെ വിദ്യാഭ്യാസം വകയ്ക്ക് ഏതാനും അപൂർവ ശാസ്ത്രഗ്രന്ഥങ്ങൾ ഞാൻ ഇവിടെ കൊണ്ടുവന്നിട്ടുള്ളവയും ഈ ചെറിയ വീണയും ഞാൻ സമർപ്പിച്ചിരിക്കുന്നു. ആര്യൻ കൈക്കൊള്ളുന്ന പക്ഷം അതു് ഇവയ്ക്ക് ഒരു വലിയ വില ആയിരിക്കയും ചെയ്യും.

പാവ:- ലോകസുന്ദരനെന്നാണല്ലേ അങ്ങേപ്പേരു്?എവിടുന്നാണു ?

ത്രാണ:- പാശിപുരത്തു നിന്നാണു്. വിഘ്നേശ്വരച്ചെട്ടിയരുടെ മകൻ.

-40-


പാവ:- പാശീപുരത്തിൽ വളരെ പ്രബലനായ ഒരാൾ ആണല്ലോ. ഞാൻ അദ്ദേഹത്തെ നല്ലവണ്ണം അറിയും. അങ്ങേയ്ക്കു സ്വാഗതം- (ഹൃദ്യാംഗനോട്) ആ വീണ എടുത്തോളു. (ലോകസുന്ദരനോടു്) നിങ്ങൾ ആ പുസ്തകങ്ങളും ഇപ്പോൾ തന്നെ നിങ്ങൾക്കു നിങ്ങളുടെ ശിഷ്യത്തികളെ കാണാം. ആരവിടെ!

(ഒരു വാല്യക്കാരൻ പ്രവേശിക്കുന്നു.)

എടാ, ഈ മനുഷ്യന്മാരെ എന്റെ പുത്രിമാരുടെ അടുക്കലേക്കു കൊണ്ടുചെന്നു ഇവർ അവരുടെ അദ്ധ്യാപകന്മാരാണെന്നു് രണ്ടാളോടും പറ. ഇവരെ ക്രമമായി ആചരിക്കണമെന്നും പറയണം.

(ഹൃദ്യാംഗന്‍, ലോകസുന്ദരൻ, പണ്ടുങ്കി, ഇവരോടുകൂടി വാല്യക്കാരൻ പോയി.)

നമുക്കു് ഈ ഉദ്യാനത്തിൽ കുറെ നടന്നിന്റെശേഷം ഉണ്ണാനിരിക്കാം. എല്ലാവരയും ആദരപൂര്‍വ്വം ക്ഷണിച്ചിരിക്കുന്നു.

പാർത്ഥ:- ആര്യാ, ഇനിക്കു വളരെ ബദ്ധപ്പാടുണ്ടു്. എല്ലാ ദിവസവും കാത്തു നിൽക്കാനായി വരാൻ ഇനിക്കു പ്രയാസമാണ്. അങ്ങ് എന്റെ അച്ഛനെ അറിയുമല്ലോ. അദ്ദേഹത്തിന്റെ സ്ഥാവരജംഗമസ്വത്തുക്കൾക്കു എല്ലാം കൂടി ഞാൻ ഒരുത്തനേ അവകാശിയായിട്ടുള്ളു. അതുകൊണ്ടു് എന്നിൽ അങ്ങേ മകൾക്കു് അനുരാഗം ഉണ്ടാകുന്ന പക്ഷം അവൾക്കു് എന്തു സ്ത്രീധനം കൊടുക്കാൻ അങ്ങു തയാറുണ്ടു് എന്നുകൂടി അറിയിക്കണം.

പാവ:- എന്റെ കാലശേഷം എന്റെ വസ്തുക്കളിൽ പകുതി; രൊക്കം ഇരുപതിനായിരം വരാഹനും.

പാര്‍ത്ഥ:- ഈ സ്ത്രീധനത്തോടുകൂടി അവൾ എന്റെ കാല ശേഷം ജീവിച്ചിരിക്കും. എന്റെ സകല വസ്തുക്കളിന്മേലും വൈധവ്യത്തിൽ അവൾക്കു പൂർണ്ണ സ്വാതന്ത്ര്യമുണ്ടായിരിക്കുന്നതുമാണ്. അതുകൊണ്ടു നാം തമ്മിൽ ഈ ഉഭയ സമ്മതത്തെ അനുസരിച്ചു' ഒരു കരാറും ഇപ്പോൾ തന്നെ തീരണം.

പാവ:- ആട്ടെ, ഇതിലൊക്കെയും മുൻപായി വേണ്ടതു് അവളുടെ സമ്മതം കിട്ടുകയാണല്ലൊ. അതുകഴി ഞ്ഞാൽ എല്ലാം കഴിഞ്ഞു.

പാര്‍ത്ഥ:- ഹെയ്, അച്ഛാ. അതൊരു സാരവുമുള്ള കാര്യമല്ല. എന്താണെന്നു വച്ചാൽ അവൾക്കു തന്റേടമുണ്ടെങ്കിൽ അതു് എന്റേടം എടുത്താൽ നേരെ നിൽക്കയില്ല. കാളിക്കത്തുന്നു രണ്ടു് അഗ്നികൾ തമ്മിൽ അടുത്തു മുട്ടിയാൽ അതുകൾക്കു് ആഹാരമായിട്ടുള്ള വസ്തുവിനെ അശേഷം ഇല്ലാതെയാക്കുകയല്ലേ ചെയ്യുന്നതു്. ചെറിയ അഗ്നി ചെറിയ കാറ്റുകൊണ്ടു വലുതായിത്തീരുന്നു എങ്കിലും കൊടുങ്കാറ്റു് അഗ്നിയെ അശേഷം കെടുത്തിക്കളകയാണല്ലോ. ഞാൻ അവൾക്കു് വിധത്തിൽ ഇരിക്കും. ഇങ്ങനെ അവൾ ഇനിക്കു കീഴ്‍വ‌ഴങ്ങുകയും ചെയ്യും.

പാവ:- ഇങ്ങനെയെല്ലാം സാധിച്ചാൽ കൊള്ളാം. ഇനിക്കു സന്തോഷമേയുള്ളു. എങ്കിലും അങ്ങ് അവളുടെ അനുരാഗത്തെ അപേക്ഷിക്കാനായി പോകുന്ന പക്ഷം അസന്തുഷ്ടികരമായ പലതും സഹിക്കാൻ തയാറായിക്കൊണ്ടു വേണം.

 

രണ്ടാം അങ്കം (41-45)

 

-41-


പാർത്ഥ:- പര്‍വ്വതങ്ങൾ കാറ്റിനു നേരെ എന്നപോലെ ഞാൻ തയാർ തന്നെ. ഇടവിടാതെ ഊതിക്കൊണ്ടിരുന്നാലും ഇളകുകയില്ല.

(പൊട്ടിയ തലയോടുകൂടി ഹൃദ്യംഗൻ വീണ്ടും പ്രവേശിക്കുന്നു.)

പാവ:- എന്താ സ്നേഹിതാ നിങ്ങൾ ഇത്ര വിളറിയിരിക്കുന്നതെന്താണ്?എന്റെ മകൾ എന്താ സംഗീതം പഠിക്കുമോ?

പാര്‍ത്ഥ:- -അവളെ ഇതിൽ എളുപ്പം യുദ്ധം പഠിപ്പിക്കുമെന്നാണു് ഇനിക്കു തോന്നുന്നതു്.

പാവ:- എന്നാ അവൾക്കു വീണയിൽ പിടുത്തം വരുത്താൻ പ്രയാസമാണൊ?

ഹൃദ്യ:- ഒന്നുമില്ല. വീണ അവൾ എന്റെ തലയിൽ പിടിപ്പിച്ചു. ഞാൻ, അവൾ സ്വരങ്ങൾ തെറ്റിച്ചു എന്നു മാത്രം പറഞ്ഞും കൊണ്ടു് വിരലുകൾ നല്ലവണ്ണം പിടിപ്പിക്കാനായി കുനിഞ്ഞു. അപ്പോൾ അവൾ അറുകുല അലറുന്നതുപോലെ "ഇതാണോ സ്വരം? ഞാനതു പതറിച്ചേക്കുന്നുണ്ടു്." എന്നും പറഞ്ഞു എന്റെ തലയ്ക്കിട്ടൊരടി. ഞാൻ ആശ്ചര്യംകൊണ്ടു് അല്പനേരത്തേക്കു് അനങ്ങാതെ അവിടെ നിന്നു പോയി. അനന്തരം അവൾ പഠിച്ചു വച്ചിരുന്നതു പോലെ പറഞ്ഞ പത്തിരുപത് അസഭ്യവാക്കുകളിൽ ഒന്നെങ്കിലും ഇനിക്കു് ഇവിടെ പറയാൻ പാടില്ല.

പാർത്ഥ:- അതുകൊള്ളാം. അങ്ങനെ വേണം പെൺകുട്ടികളായാൽ. ഗുരുവിനാണ ഇനിക്കവളുടെ മേൽ ഇതേവരെ ഉണ്ടായിരുന്നതിൽ പതിമ്മടങ്ങ് അനുരാഗം ഇപ്പോൾ തോന്നുന്നുണ്ടു്. അയ്യ അവളുമായി ഒരു സല്ലാപത്തിനു ഇനിക്കെത്ര കൊതിയായിരിക്കുന്നു.

പാവ:- അങ്ങനെയുണ്ടായോ? എന്നാൽ എന്റെകൂടെ പോരൂ. എന്നാൽ അപകടത്തിനിടയാകാതെ സുക്ഷിക്കാം. എന്റെ ഇളയമകളെ പഠിപ്പിച്ചു തുടങ്ങണം. അവൾ നല്ലവണ്ണം പഠിക്കും. നന്ദിയുമുണ്ടു്. പാര്‍ത്ഥസാരഥിച്ചെട്ടിയാരെ, നിങ്ങൾകൂടെപ്പോരുന്നൊ? അതയോ എന്റെ മകൾ മല്ലിയെ ഞാൻ ഇങ്ങോട്ടു അയയ്ക്കണോ?

പാർത്ഥ:- ദയവുണ്ടായി ഇങ്ങോട്ടു തന്നെ അയയ്ക്കണം. ഞാൻ അവൾക്കായി ഇവിടെ കാത്തുനിൽക്കാം.

(പാവനാശയൻ, ഗ്രാമേശൻ, ത്രാണകൻ, ഹൃദ്യാംഗൻ ഇവർ പോയി.)

-42-


അവൾ വന്നാൽ എന്റെ അനുരാഗത്തെ ശക്തിയോടുകൂടിത്തന്നെ ഞാൻ അവളെ കാണിക്കുന്നുണ്ടു്. അവൾ കുറെ അധിക്ഷേപിക്കമായിരിക്കും. അതിനെന്താണ്? അതു കോകിലനാദംപോലെ എന്റെ മനസ്സിനെ ഹരിക്കുന്നു എന്നു ഞാൻ പറയും. അവൾ കുറെ ദേഷ്യം ഭാവിക്കട്ടെ, എന്നാലെന്താണു്. അവളുടെ മുഖം ആദിത്യോദയത്തിങ്കൽ വിടരുന്ന അംഭോജത്തിനു സമമായിരിക്കുന്നു എന്നു ഞാൻ പറയും. അല്ലെങ്കിൽ അവൾ ഒന്നും മിണ്ടാതെ മൌനമായിരിക്കയാണു്. അപ്പോൾ ഞാൻ അവളുടെ വാചാലതയെ പ്രശംസിച്ചുതുടങ്ങും. അവർ എന്നോടു സംസാരിക്കാൻ പറഞ്ഞാൽ അവളുടെ അടുക്കൽ ഒരു ആഴ്ചവട്ടം താമസിക്കാൻ ആജ്ഞാപിച്ചതുപോലെ ഞാൻ അവൾക്കു വന്ദനം പറയും. വിവാഹത്തിനു അവൾക്കു മനസ്സില്ലെന്നു പറയുന്നപക്ഷം മുഹൂർത്തം നിശ്ചയിക്കാൻ ജ്യോത്സരെ വരുത്തേണ്ടതു് എപ്പോഴാണെന്നു ഞാൻ ചോദിക്കും- അല്ല, അവളല്ലേ ഈ വരുന്നതു്? ഇപ്പോഴാണു പാര്‍ത്ഥസാരഥിക്കു വല്ല സാമര്‍ത്ഥ്യവും ഉണ്ടെങ്കിൽ കാണിക്കേണ്ടതു്.

(അരശമല്ലി പ്രവേശിക്കുന്നു)

ഭവതുഭദ്രം മല്ലീ! ഭവതിയുടെ പേരിതാണെന്നു ഞാൻ കേട്ടിരിക്കുന്നു.

അര:- നിങ്ങൾ കേട്ടതു കേൾവി ആയിരിക്കും. എന്നെക്കുറിച്ചു പറയുന്ന ആളുകൾ എന്നെ അരശമല്ലിയെന്നാണു് വിളിക്കാറു്.

പാർത്ഥ:- സത്യമായിട്ടു ഭവതി അസത്യമാണു പറയുന്നതു്. ആളുകൾ ഭവതിയെ വെറും മല്ലിയെന്നു തന്നെയാണു വിളിക്കുന്നതു്. കൊത്തമല്ലിയെന്നോ കുണ്ടാമണ്ടിമല്ലിയെന്നോ ചില സമയം ശങ്കരമല്ലിയെന്നോ ശകാരമല്ലിയെന്നോ ശാപഗ്രസ്തയായ മല്ലിയെന്നോ ഒക്കെവിളിക്കും. എന്നാൽ മല്ലീ, മനോഹര വല്ലി, മംജുളവല്ലി, മാലോകരുടെയെല്ലാം മനസ്സിളക്കുന്ന മല്ലി എന്നാണെന്റെ മല്ലിയെ ഞാൻ വിളിക്കുന്നതു്.

മല്ലീ നിന്നുടെ നല്ല ശീലമഴകേറിട്ടന്നൊരികോലമെ-
ന്നല്ലീ നല്ല നടപ്പുമെന്നിതുകളിൽ ചൊല്ലിന്നു ചൊല്ലാവതോ
വല്ലാതെന്നെ വലിച്ചിഴച്ചിവിടെ നിൻ മുൻപാകെമാംപാഹിനീ-
യല്ലാതാശ്രയമില്ലിതെന്നകലനിന്നല്ലേവരുത്തിച്ചിഹ?


അര:- നിങ്ങളെ ഇങ്ങോട്ടു വലിച്ചുകൊണ്ടു വന്നതു ആരാണെന്നുവച്ചാൽ ഉടനേതന്നെ അങ്ങോട്ടും കൊണ്ടു പോകാൻ പറയണം. ഇതു് ഇവിടെ ചിലവാകുന്ന ചരക്കല്ല.

പാർത്ഥ:- ഞാൻ അത്ര കെട്ടചരക്കാണോ?

-43-


അര:- അല്ലെങ്കിൽ പിന്നെ ഇങ്ങനെ കെട്ടിയേല്പിക്കാൻ നടക്കുമോ?

പാർത്ഥ:- അതു നല്ലവണ്ണം പറ്റി.

അര:- ഇവിടെ ഒന്നും പറ്റുകയില്ല.

പാർത്ഥ:- അരശമല്ലി ഇനിക്കു പറ്റിയെന്നാണു ഞാന്‍ പറഞ്ഞതു്.

അര:- അരശമല്ലി ആൺപിറന്നവർക്കല്ലാതെ പറ്റുന്നവളല്ല.

പാർത്ഥ:- ആൺ പിറന്നവര്‍ക്കുപറ്റുന്ന പെൺപിറന്നവളെ തെരക്കിയാണു ഞാൻ പുറപ്പെട്ടത്.

അര:- പുറപ്പെട്ട ദിക്കിൽതന്നെ അകപ്പെടുകയേയുള്ളു.

പാർത്ഥ:- അല്ലാതെ എങ്ങും അകപ്പെടുന്നവനല്ല പാർത്ഥസാരഥി.

അര:- അകപ്പെട്ടാൽ പന്നി ചൊരയ്ക്കായാണു്.

പാർത്ഥ:- എന്നുതന്നെ വെച്ചോളുകയാണ് ഇനി നല്ലതു്.

അര:- അങ്ങനെതന്നെ വെച്ചോളു. എന്നാൽ പിന്നെ കാണാം.

-44-


പാർത്ഥ:- അയ്യോ, എന്നെ അകപ്പെടുത്തിയിട്ടേച്ചൊ? ഞാനൊരു കൊള്ളാവുന്നവനാണു്.

അര:- എന്നാൽ എത്ര കൊള്ളാൻ കഴിയുമെന്നു നോക്കട്ടെ. (അവനെ അടിക്കുന്നു.)

പാർത്ഥ:- ഇനി എന്നെ അടിച്ചാൽ ഞാൻ കൊള്ളുകയില്ല.

അര:- എന്നാൽ നിങ്ങൾ കൊള്ളാവുന്നവനല്ലല്ലൊ.

പാർത്ഥ:- മല്ലി, ഞാനൊരു കൊള്ളിക്കാവുന്നവനാണു്. മല്ലികളെ കണ്ടാൽ ഒന്നു മല്ലുകെട്ടാതെ പോകാന്‍ പാടില്ല.

അര:- -മല്ലുകെട്ടിയാൽ തല്ലുകിട്ടുമെന്നു പടിച്ചിട്ടില്ലേ?

പാർത്ഥ:- എന്റെ മല്ലിയുടെ ഒരു തല്ലുകൊള്ളാൻ ഞാൻ എത്ര നാളായി കൊതിക്കുന്നു! മല്ലി ഒരു നാളും പോകരുതു്.

അര:- വേണ്ട. ഞാൻ നിന്നാൽ നിങ്ങളെ ഉപദ്രവിക്കും. പൊയ്യോട്ടെ.

പാർത്ഥ:- ഇല്ലില്ല. അശേഷമില്ല. ഞാൻ ഭവതിയെ വളരെ സുശീലയായിട്ടാണു കാണുന്നതു്. ഭവതി ഒരു മൂർഖയാണു്, മുരടയാണു്, മുട്ടാപ്പോക്കുണ്ടു് എന്നൊക്കെ ഞാൻ കേട്ടിരുന്നു. കേൾവികളെല്ലാം കേവലം വെടികളാണെന്ന് ഇനിക്കിപ്പോൾ മനസ്സിലായി. ഭവതി നല്ല സന്തോഷവും നേരംപോക്കും. മര്യാദയുമുള്ളവളാണ്. വാക്കു സാവധാനമാണെങ്കിലും പൂന്തേനിനേക്കാൾ മധുരമാണു്. ഭവതിയുടെ മുഖത്തു മുഷിച്ചിലോ ഈർഷ്യയോ അശേഷം പ്രകാശിക്കാൻ പാടില്ല. കോപിച്ച പെണ്ണുങ്ങളെപ്പോലെ ചുണ്ടുകൂട്ടിക്കടിക്കയും ഭവതി ചെയ്യാറില്ല. വര്‍ത്തമാനത്തിൽ എതിരു പറയുക ഭവതിക്കു അശേഷം പതിവില്ല. അനുരക്തന്മാരായിട്ടുള്ള ആളുകളെ അത്യന്തം അടക്കത്തോടും ആദരവോടും വാത്സല്യത്തോടും സൽക്കരിക്കയാണു ഭവതിയുടെ പതിവു്. മല്ലി മല്ലു കെട്ടുന്നവളാണെന്നുതന്നെ ആളുകളൊക്കെ പറയുന്നതെന്തായിരിക്കും? അവർ ആകപ്പാടെ അധികപ്രസംഗികളായിട്ടാണു് സംശയമില്ല. ആര്യ! മല്ലി എത്രയോ മനോഹാരിണി ആയിരിക്കുന്നു. ഭവതിയുടെ നടപ്പു് ഇനിക്കൊന്നു കണ്ടാൽ കൊള്ളാമായിരുന്നു.

അര:- ഛീ! പോടാ ആഭാസാ. നീ ആരെയാണിത്ര കബാത്തു പടിപ്പിക്കുന്നതു്.

പാർത്ഥ:- അരശമല്ലി ഈ മുറിയിൽ നിന്നാറേ എന്തോരു ശോഭയായിരിക്കുന്നു! ഒരിക്കലും ഇവിടെനിന്നു പോകരുതു്.

-45-


അര:- -നിങ്ങൾ ഈ ശര്‍ക്കരവാക്കൊക്കെ എവിടെനിന്നു പഠിച്ചു?

പാർത്ഥ:- എന്റെ വായെല്ലാം ശര്‍ക്കരയാണ്.

അര:- എന്നാൽ കുറെ തേങ്ങാകൂടെ പൂളിയിട്ടോളൂ.

പാർത്ഥ:- അതിനെന്റെ മല്ലിയുടെ മാർദ്ദവമേറിയ ചുണ്ടിനേക്കാൾ അർഹതയുള്ള ഒരു തേങ്ങാപ്പൂളും ഞാൻ ഇതുവരെ കണ്ടിട്ടില്ല. അതുകൊണ്ടു്, നേരം പോക്കൊക്കെ ഇരിക്കട്ടെ, ഞാൻ വെളിപൊരുളായി പറഞ്ഞേക്കാം. ഭവതിയുടെ അച്ഛൻ ഭവതി എന്റെ ഭാര്യയായിരിക്കാൻ സമ്മതിച്ചിരിക്കുന്നു. സ്ത്രീധനവും തീർച്ചയാക്കി. ഇനി ഭവതി സമ്മതിച്ചാലും ശരി, വിസമ്മതിച്ചാലും ശരി, ഞാൻ ഭവതിയെ കല്ല്യാണം കഴിക്കാതെ സമ്മതിക്കയില്ല. എന്നാൽ മല്ലി, ഞാൻ ഭവതിക്കായിട്ടുതന്നെ ഉണ്ടായവനാണു്. അതുകൊണ്ടു ഭവതിക്കു ഞാനല്ലാതെ ഒരുത്തരും ഭർത്താവാകുവാൻ പാടില്ല. ഇതാ ഭവതിയുടെ അച്ഛൻ വരുന്നു. വിസമ്മതം ഒന്നും പറയരുതു്. ഞാൻ അരശമല്ലിയെ വിവാഹം കഴിക്കാതെ പിൻമാറുകയില്ല.

(പാവനാശയൻ, ഗ്രാമേശൻ, ത്രാണകൻ ഇവർ പ്രവേശിക്കുന്നു.)

പാവ:- എന്താ പാർത്ഥസാരഥിച്ചെട്ടിയാരേ, എന്റെ മകളുമായിട്ടുള്ള ഏർപ്പാടിൽ എങ്ങനെയിരിക്കുന്നു?

പാർത്ഥ:- അതു ചോദിക്കാനുണ്ടോ? വളരെ വളരെ തൃപ്തികരമായിത്തന്നെ ഇരിക്കുന്നു.

പാവ:- എന്താ മകളെ, അരശമല്ലീ?

അര:- എന്നെ എങ്ങും മകളെന്നു വിളിക്കണ്ട. ഇത്ര നല്ല അച്ഛനുണ്ടോ? മകളെകെട്ടാൻ വരുത്തിയിരിക്കുന്നതു് ഒരരപ്പിച്ചനെയല്ലേ? ആണയിട്ടു തന്നേ ആരേയും പറ്റിക്കാമെന്നു വിചാരിക്കുന്ന ഒരെരപ്പാളി.

പാർത്ഥ:- അച്ഛാ പരമാർത്ഥം ഇങ്ങനെയാണു്. അവിടുന്നും ശേഷംപേരെല്ലാവരും തത്ര ഭവതിയേക്കുറിച്ചു പറഞ്ഞതെല്ലാം ശുദ്ധമേ കളവാണു്. അവള്‍ക്കു കുറെ ദുശ്ശീലമുണ്ടെങ്കിൽ അതു ചില ഉദ്ദേശ്യത്തോടു കൂടിയ ഉപായമാണു്. അവൾക്കു് അധികപ്രസംഗം അശേഷമില്ല. സകല കാര്യങ്ങളിലും വളരെ സൗമ്യമാണു്. ക്ഷമ ഭൂമിയേക്കാൾ എത്രമാത്രം അധികമാണുള്ളതെന്നു് ഇനിക്കു പറയാൻ പാടില്ല. പാതിവ്രത്യത്തിനു ദമയന്തിയെ വെറുതെ പറകയാണു്. ചുരുക്കിപ്പറഞ്ഞാൽ ഞങ്ങൾ തമ്മിൽ കരാറുചെയ്തുകഴിഞ്ഞു, ജ്യോൽസരോടും മറ്റും ചോദിക്കാതെ പത്താംതീയതി വ്യാഴാഴ്ച പകലേ മുഹൂര്‍ത്തവും നിശ്ചയിച്ചു.

 

രണ്ടാം അങ്കം (46-49)

 

-46-


അര:- അതു നിങ്ങളെ കഴുവേറാൻ കണ്ടിരിക്കുന്ന മുഹൂര്‍ത്തമാണ്.

ഗ്രാമേ:- അല്ല, ഇതെന്താ പാർത്ഥസാരഥിച്ചെട്ടിയാരേ. നിങ്ങളെ കഴുവേറ്റണമെന്നല്ലേ അരശമല്ലി പറയുന്നതു്?

ത്രാണ:- -ഇങ്ങനെയാണോ നിങ്ങളുടെ ഏർപ്പാടു ഫലിച്ചതു്? ഒട്ടും തരക്കേടില്ല.

പാർത്ഥ:- ആര്യന്മാരെ, സ്വസ്ഥമായിരിക്കണം. ഞാൻ തത്ര ഭവതിയേ എന്റെ സ്വന്തം വകയ്ക്കായിട്ടാണു തെരഞ്ഞെടുത്തിരിക്കുന്നതു്. ഞങ്ങൾക്കു രണ്ടാൾക്കും അതു സന്തോഷമാണെങ്കിൽ പിന്നെ നിങ്ങൾക്കെന്തു കാര്യം? ഞങ്ങൾ രണ്ടാളം തനിച്ചു് അതൊക്കെ കരാറു ചെയ്തുകഴിഞ്ഞു. ആൾക്കൂട്ടം കണ്ടാൽ ഇപ്പോഴും അവൾക്കു ദുശ്ശീലം അടക്കാൻ പാടില്ല. തത്രഭവതിക്ക്‌ എന്നിൽ എന്തുമാത്രം അനുരാഗമുണ്ടെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കയില്ല. അയ്യോ എത്ര മനസ്സലിവുള്ള മല്ലി! അവൾ എന്റെ കഴുത്തിൽ തൂങ്ങിക്കിടന്ന് ഉമ്മയ്ക്കു മീതെ ഉമ്മ തന്നുംകൊണ്ടു് ആണപ്പുറത്തു് ആണയിട്ടു് അവളുടെ കണ്ണിന്റെ ഇമപ്പുകൊണ്ടുതന്നെ അവൾ എന്റെ മനസ്സിനേ അശേഷം കവര്‍ന്നുകളഞ്ഞു. അയ്യോ നിങ്ങൾക്കാർക്കും ഇതൊന്നും അറിഞ്ഞുകൂട. എന്തെല്ലാം കാണാൻ കിടക്കുന്നു? സ്ത്രീകളും പുരുഷന്മാരും തനിച്ചായിരുന്നാൽ എത്ര ഇണക്കമാണു്? മല്ലീ, സന്തോഷമായിരിക്കു. ഞാൻ കല്യാണത്തിനു ഭവതിക്കു കോപ്പുകൾ വാങ്ങാൻ വാനേശപട്ടണത്തിലേയ്ക്കു പോകയാണു്. അച്ഛൻ കല്യാണത്തിനെല്ലാം വട്ടം കൂട്ടിക്കോളൂ. എന്റെ അരശമല്ലിക്കും അലങ്കാരം ഒട്ടു കുറഞ്ഞുകൂട.

ഗ്രാമേ:- ത്രാണ- അങ്ങനെതന്നെ ഭവിക്കട്ടെ എന്നു ഞങ്ങളും അനുഗ്രഹിച്ചിരിക്കുന്നു.

പാർത്ഥ:- അച്ഛാ, പ്രിയതമേ, ആര്യന്മാരേ, എല്ലാവരോടും യാത്രപറഞ്ഞിരിക്കുന്നു. ഞാൻ ഇതുവഴി തന്നേ വാനേശപുരത്തിലേയ്ക്കു യാത്രയാണ്. മുഹൂർത്ത ദിവസം അടുത്തുപോയി. ആഭരണങ്ങൾ വളരെ വളരെ വാങ്ങേണ്ടതുണ്ടു്.

-47-


(പാർത്ഥസാരഥിയും അരശമല്ലിയും രണ്ടുവഴിയായി പോയി.)

ഗ്രാമേ:- ഇത്ര പെട്ടെന്ന് എങ്ങാനും വിവാഹം തീർച്ചയാക്കി കേട്ടിട്ടുണ്ടോ?

പാവ:- അങ്ങനെതന്നെ ആര്യന്മാരേ, ഞാൻ ഇപ്പോൾ കണക്കു കൂട്ടാതെ കച്ചവടം ചെയ്യുന്ന വ്യാപാരിക്കു സമമാണു്.

ത്രാണ:- ഇപ്പോൾ കേറ്റി അയയ്ക്കുന്ന ഈ ചരക്കു ഇവിടെ കിടന്നാൽ ഉപദ്രവമേയുള്ള. ലാഭം വന്നെങ്കിൽ വരട്ടെ, അല്ലെങ്കിൽ സമുദ്രത്തിൽ നശിക്കട്ടെ.

ഗ്രാമേ:- എന്നാൽ ആര്യാ. ഇനി നിങ്ങളുടെ ഇളയ മകളെക്കുറിച്ചു പറയണം. ഞങ്ങള്‍ വളരെക്കാലമായി നോക്കിയിരുന്ന ദിവസം ഇതാണല്ലോ. ഞാൻ നിങ്ങളുടെ അയൽവക്കക്കാരനും ആദ്യത്തെ അപേക്ഷക്കാരനുമാണു്.

ത്രാണ:- ഞാനും വാക്കുകൊണ്ടു വർണ്ണിക്കത്തക്കതിലും മനസ്സുകൊണ്ടു് ഊഹിക്കാവുന്നതിലും അധികം ആനന്ദവല്ലിയിൽ അനുരാഗത്തോടു കൂടിയവനാണു്.

ഗ്രാമേ:- കുട്ടീ, നിനക്കു് എന്നോളം ദൃഢമായി കാമിക്കാൻ കഴിയുന്നതല്ല.

ത്രാണ:- കിഴവന്മാരുടെ അനുരാഗം തണുപ്പു പിടിച്ചു മരച്ചപോകും.

-48-


ഗ്രാമേ:- എന്റെ നിന്റെ അനുരാഗം പൊട്ടിത്തെറിക്കും. അവിവേകീ, ചുടുകൊണ്ടു മാറി നിൽക്കു്.

ത്രാണ:- പക്ഷേ യൌവനത്തിൽ ഇരിക്കുന്നവർ മാത്രമേ സ്ത്രീകളുടെ കണ്ണിൽ പറ്റു.

പാവ:- മതിയാക്കിൻ ആര്യന്മാരോ ഈ വഴക്കിനു ഞാനൊരു രാജി പറയാം. വാക്കുകൊണ്ടൊന്നുമാകയില്ലല്ലൊ. അതുകൊണ്ടു് നിങ്ങളിൽ ആരുടെ കൈവശമാണ് എന്റെ മകൾക്കു അനുഭവിക്കാൻ അധികം സ്വത്തുള്ളത് എങ്കിൽ ആ ആളിലായിരിക്കും എന്റെ മകൾ ആനന്ദമല്ലിക്കു അനുരാഗം. ഗ്രാമേശച്ചെട്ടിയാരേ, പറയൂ, നിങ്ങൾക്കെന്തു സംഖ്യ കരാർ ചെയ്യാൻ കഴിയും?

ഗ്രാമേ:- ഒന്നാമതുതന്നെ അങ്ങേയ്ക്കും അറിവുള്ള പ്രകാരം കോട്ടയ്ക്കകത്തുള്ള എന്റെ വീടു വിശേഷമായി അലങ്കരിക്കപ്പെട്ടിരിക്കുന്നതും വേണ്ട വിഭവങ്ങളോടു കൂടിയതുമാണു്. നാട്ടുംപുറത്ത് ആയിരപ്പറ നെല്ല വീതം ആണ്ടിൽ മുതലെടുപ്പുള്ള അഞ്ചു കളങ്ങളുള്ളതു കൂടാതെ പുരയിടങ്ങളിൽ എല്ലാം കൂടി മാസം രണ്ടായിരം നാളികേരം വീതം വീഴുകയും ചെയ്യും. ഇനിക്കു പ്രായം അസാരം കടന്നാണു്. ഞാൻ നാളത്തന്നെ ഉരുണ്ടുവീണു ചാകുന്നപക്ഷം ഇതെല്ലാം അവളുടേതായിരിക്കും. ഞാൻ ജീവിക്കുന്ന കാലത്തോളം അവൾ എന്റെ അല്ലാതെ മറ്റാരുടെയും ആയിരിക്കാൻ ഞാൻ അനുവദിക്കയുമില്ല.

ത്രാണ:- ആ “മറ്റാരുടെയും" എന്നു പറയാൻ എന്തു മാത്രം അർഹതയുണ്ടെന്നറിഞ്ഞില്ല. ആര്യാ, ഞാൻ പറയുന്നതുകൂടി കേൾക്കണം. ഞാൻ എന്റെ അച്ഛന്റെ ഏകപുത്രനും അവകാശിയുമാണു്. അങ്ങേമകളെ എനിക്കു ഭാര്യയായി തരുന്നപക്ഷം തത്ര ഭവതിക്കുഞാൻ ഗ്രാമേശച്ചെട്ടിയാര്‍ക്കു് ഇവിടെയുണ്ടെന്നു പറഞ്ഞതിൽ പതിന്മടങ്ങു ഭംഗിയുള്ള നാലോ അഞ്ചോ ഗൃഹങ്ങൾ പാശീപുരത്തിനകത്തു തന്നേ കൊടുക്കുന്നതാണ്. ഇതു കൂടാതെ വസ്തുക്കളിൽനിന്നു കൊല്ലത്തിൽ പതിനായിരം വരാഹൻ വീതം സ്ഥിരമായ മുതലെടുപ്പുമുണ്ടു്. ഗ്രാമേശച്ചെട്ടിയാർ എന്താണിതിനു പറയുന്നതു്?

ഗ്രാമേ:- വസ്തുക്കളിൽ നിന്നു കൊല്ലത്തിൽ പതിനായിരം വരാഹൻ! എന്റെവസ്തുക്കളിൽനിന്നു് ഇത്രയും കിട്ടാൻ പ്രയാസമുണ്ടു്. ഇതിനു പുറമേ എനിക്കു രണ്ടു ദിവസത്തിനകം അനേകം വിലപിടിച്ച ചരക്കുകളോടുകൂടി ഈ തുറമുഖത്ത് അടുക്കാനുള്ള ഒരു കപ്പലുണ്ടു്. അതും കൊടുത്തേക്കാം. ഇതിനെന്താ ലോകസുന്ദരൻ പറയുന്നതു്?

ത്രാണ:- ഗ്രാമേശച്ചെട്ടിയാരെ, എന്റെ അച്ഛനു അനേകം പത്തേമാരികൾ കൂടാതെ മൂന്നു വലിയ കപ്പലുകൾ ഉള്ളതു പ്രസിദ്ധമാണ്. അതെല്ലാം കൂടി ഞാൻ കൊടുക്കാമെന്ന് ഏൽക്കുന്നു. ഇനി നിങ്ങൾ എന്തെല്ലാം കൊടുക്കാമെന്നു പറയുന്നുവോ അതിന്റെ ഒക്കെയും ഇരട്ടിയും ഞാൻ കൊടുക്കാമെന്നാണു് നിശ്ചയിച്ചിരിക്കുന്നതു്.

-49-


ഗ്രാമേ:- ഞാൻ എനിക്കുള്ളതെല്ലാം പറഞ്ഞുകഴിഞ്ഞു. എനിക്കുള്ളതിൽ അധികം അവൾക്കു കൊടുക്കാൻ ഞാൻ ശക്തനല്ല. നിങ്ങൾക്കു് ഇഷ്ടമുണ്ടെങ്കിൽ ഞാനും എനിക്കുള്ള സകലവും അവൾക്കായിരിക്കും.

ത്രാണ:- എന്നാൽ ആര്യാ, അങ്ങേ നിശ്ചയപ്രകാരം ഇപ്പോൾ യുവതി എന്റെ സ്വന്തമായിത്തീര്‍ന്നിരിക്കുന്നുവല്ലൊ.

പാവ:- ഞാൻ സമ്മതിച്ചിരിക്കുന്നു. അതുകൊണ്ട് നിങ്ങളുടെ അച്ഛൻ ഇപ്പറഞ്ഞതെല്ലാം അവൾക്കായി എഴുതിക്കൊടുക്കട്ടെ. എന്നാൽ അവൾ നിങ്ങളുടെ വകയായിരിക്കും. അല്ലാത്തപക്ഷം എന്റെ വാക്കു മാറുകയേ നിവൃത്തിയുള്ളു. നിങ്ങൾ അദ്ദേഹത്തിനു മുൻപായി മരിക്കുന്നപക്ഷം അവൾക്കു ഇതെല്ലാം എങ്ങനെ കിട്ടും?

ത്രാണ:- അതത്ര സാധാരണമല്ലല്ലൊ; അച്ഛനു വാർദ്ധക്യവും എനിക്കു യൗവ്വനവും അല്ലേ?

ഗ്രാമേ:- വൃദ്ധന്മാരേപ്പോലെ യൌവ്വനക്കാക്കും മരിക്കാൻ പാടില്ലെന്നുണ്ടോ?

പാവ:- എന്നാൽ ആര്യന്മാരേ, ഞാൻ ഇങ്ങനെ തീർച്ചയാക്കിയിരിക്കുന്നു. അടുത്ത വ്യാഴാഴ്ചയാണല്ലൊ എന്റെ മകൾ അരശമല്ലിയുടെ കല്ല്യാണം. അതിനടുത്തു മുഹൂർത്തമുള്ള ഒരു ദിവസത്തിനകം നിങ്ങൾ അച്ഛനെക്കൊണ്ടു കരാറു കൊടുപ്പിക്കുന്നപക്ഷം അന്ന് ആനന്ദവല്ലി നിങ്ങളുടെയും ഭാര്യയായിരിക്കും. അല്ലെങ്കിൽ അവൾ ഗ്രാമേശച്ചെട്ടിയാർക്കു് അർഹയായിരിക്കയും ചെയ്യും. അതുകൊണ്ട്, ഇപ്പോൾ ഞാൻ യാത്രപറയുന്നു. രണ്ടാൾക്കും വന്ദനം.

[പോയി ]

ഗ്രാമേ:- ആര്യാ, നിങ്ങൾ നന്നായിരിക്കട്ടെ. എടാ കളിക്കാൻ വന്ന ചെറുക്കാ, നീ ഇപ്പറഞ്ഞതെല്ലാം നിന്റെ വാക്കു കേട്ടുംകൊണ്ടു തന്നേച്ചു വയസ്സുകാലത്തു് ഒരു തുള്ളി കഞ്ഞിക്കു് നിന്നെ ആശ്രയിച്ചു കിടക്കത്തക്കവണ്ണം നിന്റെ അച്ഛൻ അത്ര മഠയനാണോ? പാശീപുരത്തിലെ കള്ളത്തന്തമാരിൽ ഇത്ര പുത്രവാത്സല്യമുണ്ടെന്ന് ഇനിക്കു തോന്നുന്നില്ല കുട്ടീ. [പോയി]

ത്രാണ:- പൊയ്കളകയാണോ? അല്ലെങ്കിൽ ഇതിന്റെ പ്രതിഫലം തന്നുവിടാമായിരുന്നു. ആട്ടെ, എജമാനന്റെ ഉദ്ദേശ്യം സാധിക്കാൻ ഇതൊരു തടസ്സമായിവരുമോ? ഒന്നുമില്ല. ലോകസുന്ദരൻ കെട്ടാൻ ഒരാളുണ്ടാകുമെങ്കിൽ ലോകസുന്ദരന്റെ അച്ഛൻ കെട്ടാനും വല്ലവരും ഇല്ലാതെ വരുമോ? ഒരിക്കലുമില്ല. ഇതിലാണു് അത്ഭുതം. അച്ഛന്മാർ സാധാരണ മക്കളെ ജനിപ്പിക്കുകയാണു്. ഇവിടെ ഈ വിവാഹകാര്യത്തിൽ മകൻ അച്ഛനെ ജനിപ്പിക്കേണ്ടതായിട്ടാണു് വന്നുകൂടിയിരിക്കുന്നതു്.

[പോയി]

 

മൂന്നാം അങ്കം (50-54)

 

-50-


മൂന്നാം അങ്കം


ഒന്നാം അരങ്ങ്-പാവനാശയന്റെ ഭവനത്തിൽ ഒരു മുറി


(ലോകസുന്ദരൻ, ഹൃദ്യാംഗൻ, ആനന്ദവല്ലി ഇവർ പ്രവേശിക്കുന്നു.)

ലോക:- ഭാഗവതരേ ക്ഷമിക്കൂ. നിങ്ങൾ കുറെ കടന്നിട്ടാണു്. തത്ര ഭവതിയുടെ സഹോദരി അരശമല്ലി നിങ്ങളേ സൽക്കരിച്ച വിവരം ഇത്ര വേഗത്തിൽ മറന്നുപോയോ?

ഹൃദ്യ:- സംഗീതമാണു് സർവ്വപ്രധാനമായിട്ടുള്ളതു്. അതു ഞാൻ ഒരു മണിക്കൂറു പഠിപ്പിച്ചതിന്റെ ശേഷം അത്രയും സമയം നിങ്ങളുടെ വായനയ്ക്കും ഉപയോഗപ്പെടുത്തിക്കോളൂ.

ലോക:- എടോ, വിഡ്ഢി സംഗീതം ഉണ്ടായതിന്റെ ഉദ്ദേശ്യം പോലും അറിഞ്ഞിട്ടില്ലാത്ത തന്നോടു ഞാൻ എന്താ പറയേണ്ടതു്? മനുഷ്യൻ പഠിപ്പു കൊണ്ടോ മറ്റു പ്രയത്നത്താലോ ക്ഷീണിച്ചിരിക്കുമ്പോൾ വിശ്രമത്തിനുള്ളതായിട്ടല്ലേ സംഗീതം? അതുകൊണ്ടു ഞാൻ ഈ കാവ്യം കുറേ വായിപ്പിക്കട്ടെ. അതു നിറുത്തിയാൽ ഉടനേ നിങ്ങളുടെ പാട്ടു തുടങ്ങിക്കോളൂ.

ആന:- ആര്യന്മാരേ, എന്റെ യുക്തം പോലെ ചെയ്യാനുള്ള ഇക്കാര്യത്തിൽ തമ്മിൽ മത്സരിക്കുന്നതിനാൽ നിങ്ങൾ ഇനിക്കു ഇരട്ടി ദോഷത്തെയാണ് ചെയ്യുന്നതു്. ഞാൻ പള്ളിക്കൂടത്തിൽ പഠിക്കുന്ന ഒരു കുട്ടിയല്ല. എന്നെ മണിക്കൂറും മാത്രയും ഒപ്പിച്ചു ചട്ടത്തിൽ നിറുത്താൻ ഇനിക്കു സമ്മതമില്ല. എന്റെ ഇഷ്ടപ്രകാരമാണ് ഇപ്പോൾ ഞാൻ ഓരോ കൂട്ടം പഠിക്കേണ്ടതു്. അതുകൊണ്ടു് വഴക്കൊക്കെ ഒതുങ്ങട്ടെ. നിങ്ങൾ നിങ്ങളുടെ വീണയെടുത്തു വായിക്കാൻ തുടങ്ങിക്കോളു. നിങ്ങൾ ശ്രുതി കൂട്ടിക്കഴിയുമ്പോഴേക്കു് അദ്ദേഹത്തിന്റെ കാവ്യം വായന കഴിഞ്ഞിരിക്കയും ചെയ്യും.

ഹൃദ്യ:- എന്റെ ശ്രുതി ശരിയായാലുടനേ വായന നിറുത്തുമല്ലോ. [മാറിപ്പോയി)

ലോക:- അതൊരിക്കലും ഉണ്ടാകുന്നതല്ല. ഏതെങ്കിലും വീണയ്ക്കു ശ്രുതികൂട്ടു.

ആന:- നാം എവിടെയാണു നിറുത്തിയതു്?

ലോക:- ഇവിടെയാണു്.-

-51-


"സഞ്ചാരപൂതാനി ദിഗന്തരാണി
കൃത്വാദിനാന്തേ നിലയായഗന്തും
പ്രചക്രമേ പല്ലവരാഗതാമ്രാ
പ്രഭാപതം ഗസ്യ മുനമ്മേധേനു:"


ആന:- ഇതിന്റെ പരിഭാഷ പറയണം.

ലോക:- "സഞ്ചാരപൂതാനി," മുമ്പേ പറഞ്ഞതുപോലെ- "ദിഗന്തരാണി," പാശീപുരത്തിലെ വിഘ്നേശ്വരച്ചെട്ടിയാരുടെ പുത്രൻ- "കൃത്വാദിനാന്തേ." ലോകസുന്ദരനാണു് ഞാൻ- “നിലയായഗന്തും," ഭവതിയിലുള്ള അനുരാഗം നിമിത്തം ഇപ്രകാരം വേഷച്ഛന്നനായി- "പ്രചക്രമേ," കിഴവനെ പറ്റിക്കാൻ—“പല്ലവരാഗതാമ്രാ," എന്റെ ഭാവം നടിച്ചുംകൊണ്ട് "പ്രഭാപതം ഗസ്യ," കാത്തുനിൽക്കുന്ന ആൾ- "മുനേശ്ചധേനു:, എന്റെ വാല്യക്കാരൻ ത്രാണകനാണു്.

ഹൃദ്യ:- (മടങ്ങിവന്നു്) വീണയ്ക്കു ശ്രുതികൂട്ടിക്കഴിഞ്ഞു.

ആന:- കേൾക്കട്ടെ. (ഹൃദയാംഗൻ വായിക്കുന്നു) ഛേ! ശരിയായില്ല. പഞ്ചമം കേട്ടിട്ടു ഷഡ്ജംപോലെയിരിക്കുന്നു.

ലോക:- എടോ ആണിപ്പഴുതിൽ തുപ്പി ഒന്നുകൂടി മുറുക്കു്.

ആന:- ഈ ശ്ളോകത്തിന്റെ പരിഭാഷ ഇനിക്കു പറയാൻ കഴിയുമോ എന്നു നോക്കട്ടെ.

“സഞ്ചാരപൂതാനി ദിഗന്തരാണി," ഞാൻ നിങ്ങളെ അറികയില്ല.

"കൃത്വാദിനാന്തേ നിലയായഗന്തും,'' ഇനിക്കു നിങ്ങളെ വിശ്വാസമില്ല.

-52-


“പ്രചക്രമേ പല്ലവരാഗതാമ്രാ," അയാൾ നാം പറയുന്നതു കേൾക്കാതെ സൂക്ഷിച്ചേച്ചാളു- “പ്രഭാപതംഗസ്യ," അത്ര ധൈര്യപ്പെടേണ്ട "മുനേശ്ചധേനുഃ," നിരാശപ്പെടുകയും വേണ്ട.

ഹൃദ്യ:—ഇപ്പോൾ ശ്രുതി ശരിയായി.

ലോക:- ഇപ്പോൾ നല്ല അപശ്രുതിയായി.

ഹൃദ്യ:- അതില്ല. (ആത്മഗതം) അതു തനിക്കാണു്. ഈ വിദ്വാൻ എന്റെ പ്രിയതമയുടെ മനസ്സിനെ വല്ലാതെയാക്കുന്നുണ്ടെന്നുതോന്നുന്നു.

ആന:- കാലക്രമേണ ഇനിക്കു വിശ്വാസം വരുമായിരിക്കും. എങ്കിലും തൽക്കാലം അവിശ്വസിക്കയല്ലാതെ നിവൃത്തിയില്ല.

ലോക:- അവിശ്വസിക്കണ്ട. എന്തെന്നാൽ- ശ്രീരാമൻ ദാശരഥി എന്നു വിളിക്കപ്പെടുന്നതു് ദശരഥപുത്രനാകകെട്ടുണ്ടാണു്.

ആന:- ഞാൻ എന്റെ ആചാര്യനെ വിശ്വസിക്കയാണല്ലോ വേണ്ടതു്. അല്ലെങ്കിൽ ഞാൻ ആ സംശയത്തെക്കുറിച്ചു തന്നെ തര്‍ക്കിച്ചുകൊണ്ടിരിക്കും. ആര്യന്മാരേ, ഞാൻ നിങ്ങൾ രണ്ടാളോടും ഇങ്ങനെ സ്വാതന്ത്ര്യമായി സംസാരിക്കുന്നതുകൊണ്ടു് മറിച്ചൊന്നും തോന്നരുതു്.

ഹൃദ്യ:- (ലോകസുന്ദരനോടു്) നിങ്ങൾ ഇനി കുറെ ഇറങ്ങി നടക്കു. ഞാൻ പഠിപ്പിക്കട്ടെ,

-53-


ലോക:- നിങ്ങൾ ഇത്ര മുറയ്ക്കാണോ?

ഹൃദ്യ:- കൊച്ചമ്മേ, നിങ്ങൾ വീണ തൊടുന്നതിനു മുമ്പായി വിരലുകൾ വയ്ക്കാനുള്ള സ്ഥാനങ്ങൾ മനസ്സിലാക്കണം. സപ്തസ്വരങ്ങൾ പഠിക്കാൻ വളരെ എളുപ്പമുള്ള ഒരു വഴിയിൽ ഞാൻ അതെഴുതിക്കൊണ്ടു വന്നിട്ടുണ്ടു്.

ആന:- ഞാൻ സപ്തസ്വരങ്ങൾ പഠിക്കപണ്ടേ തന്നെ കഴിഞ്ഞിരിക്കുന്നു.

ഹൃദ്യ:- എന്നാലും ഹൃദ്യാംഗന്റെ സപ്തസ്വരങ്ങൾ ഒന്നു നോക്കുക തന്നെ.

ആന:- (വായിക്കുന്നു)

ആനന്ദവല്ലിക്കകതാരശേഷം
മാനം വെടിഞ്ഞെന്നിലുറച്ചിടേണം
ആഹന്തഹൃദ്യംഗനകം ദഹിച്ചു
വേകുന്നു പാരം സ്വരമേഴുമേവം.



ഇതാണോ സപ്തസ്വരങ്ങൾ? ഛെ! ഇനിക്കു പിടിച്ചില്ല. പഴയ സമ്പ്രദായമാണു് ഇനിക്കു പക്ഷം. പരിഷ്ക്കാരങ്ങളോട് ഇനിക്കു പതിവായി വിരോധമാണു്.

-54-


(ഒരു വാല്യക്കാരൻ പ്രവേശിക്കുന്നു )

വില്യ:- കൊച്ചമ്മേ, പുസ്തകങ്ങൾ വച്ചേച്ചു വലിയ കൊച്ചമ്മയെ ചമയിക്കാനായി വേഗംവരാൻ അച്ഛൻ പറയുന്നു. കല്യാണം നാളെയാണെന്നുള്ളതു് ഓർമ്മയില്ലേ?

ആന:- ആര്യന്മാരേ, രണ്ടാൾക്കും വന്ദനം. ഇനിക്കു പോകാതെ നിവൃത്തിയില്ല.

(ആനന്ദവല്ലിയും വാല്യക്കാരനും പോയി)

ലോക:- എന്നാലിനി ഞാൻ താമസിച്ചിട്ടു കാര്യമില്ലല്ലൊ. (പോയി)

ഹൃദ്യ:- എങ്കിലും ഇനിക്കു കാര്യമുണ്ടു്. ഈ വിദ്വാന്റെ ഭാവങ്ങൾ കണ്ടിട്ട് ഇനിക്കു വളരെ സംശയം തോന്നുന്നു. എന്നാൽ ആനന്ദവല്ലീ, നിന്റെ അനുരാഗം ഇത്തരം ശപ്പന്മാരിലേയ്ക്കും ചെല്ലുന്നതാണെങ്കിൽ ഹൃദ്യാംഗൻ ഒഴിഞ്ഞിരിക്കുന്നു. (പോയി.)

 

മൂന്നാം അങ്കം (55-59)

 

-55-


രണ്ടാം അരങ്ങു- ടിയിൽ പാവനാശന്റെ ഭവനത്തിന്റെ മുൻവശം


(പാവനാശയൻ, ഗ്രാമേശൻ, ത്രാണകൻ, ആരശമല്ലി, ആനന്ദവല്ലി, ലോകസുന്ദരൻ ഇവരും പരിചാരകന്മാരും പ്രവേശിക്കുന്നു

പാവ:- ലോകസുന്ദരച്ചെട്ടിയാരേ, പാര്‍ത്ഥസാരഥി അരശമല്ലിയെ കല്യാണം കഴിക്കാൻ നിശ്ചയിച്ചിരിക്കുന്ന മുഹൂർത്തമിന്നാണു്. ഇതേവരെ നമ്മുടെ ജാമാതാവിനെക്കുറിച്ചു ഒരു കേൾവിയുമില്ല. വളരെ കുറച്ചിലായല്ലൊ. ആളുകൾ എന്തു പറയും? വിവാഹത്തിനു മുഹൂർത്തസമയത്തു പുരോഹിതൻ ക്രിയയ്ക്കു തയാറാകുമ്പോൾ മണവാളനില്ലെന്നു വന്നാൽ എന്താക്ഷേപമാണു്. നമുക്കു സിദ്ധിച്ച ഈ അപമാനത്തെക്കുറിച്ചു നിങ്ങൾക്ക് എന്തു തോന്നുന്നു.

അര:- ഇനിക്കല്ലാതെ ആര്‍ക്കാണ് ഇതിൽ അപമാനം? ഞാൻ എന്റെ മനസ്സിനു വിരോധമായി ഒരു വികൃതിയായ ഭ്രാന്തനു് എന്റെ കഴുത്തു കാണിച്ചു കൊടുക്കണമെന്നല്ലേ വന്നതു്? അയാളുടെ അന്നത്തേ ബഹളം ഒന്നും എന്താണു് ഇന്നു കാണാത്തതു്? ഞാൻ പറഞ്ഞില്ലേ, ഞാൻ, അയാൾ ഒരു പിച്ചു പിടിച്ച മടയനാണെന്നു്? ഫലിതമെന്നു ഭാവിച്ചു പറയുന്ന അറയ്ക്കത്തക്ക അസംബന്ധങ്ങളെ അപരിഷ്ക്കാരമായിട്ടുള്ള ആചാരങ്ങൾകൊണ്ടു മറയ്ക്കയല്ലേ ചെയ്യുന്നതു്? ആഹ്ളാദപ്രിയനാണെന്നു കാണിക്കാനായിട്ട് അയാൾ വേണങ്കിൽ ആയിരം പെണ്ണുങ്ങളെ കെട്ടാമെന്നു പറയും. ദിവസം തീർച്ചയാക്കുകയും സ്നേഹിതന്മാരെ ക്ഷണിക്കയും ചെയ്യും. എങ്കിലും അനുരാഗം ഭാവിച്ചെടുത്തു അതിന്റെ ശേഷമായി വിവാഹം നടത്തണമെന്നു അയാൾ ഉദ്ദേശിക്കാറില്ല. ഇനി ആളുകളെല്ലാം ആരും സഹായത്തിനില്ലാത്ത അരശമല്ലിയെ നോക്കിക്കൊണ്ടു് “അതാ പോകുന്നു പിച്ചൻ പാർത്ഥസാരഥിയുടെ ഭാര്യ. അയാൾക്കു വന്ന് അവളെ കെട്ടാൻ തോന്നിയെങ്കിൽ" എന്നു പറയാറായി.

ത്രാണ:- അസാരം ക്ഷമിക്കിൻ, അരശമല്ലിയമ്മേ, പാവനാശയച്ചെട്ടിയാരും പാർത്ഥസാരഥിച്ചെട്ടിയാര്‍ക്കും നല്ല ഉദ്ദേശ്യങ്ങളല്ലാതെ ഇല്ല എന്ന് ഇനിക്കു നല്ല നിശ്ചയമാണു്. എന്തോ തക്കതായ സംഗതിവശാൽ വാക്കു നിറവേറ്റാൻ താമസം വരുന്നു എന്നേയുള്ള. ഭാവത്തിൽ അദ്ദേഹം അപരിഷ്കൃതനാണെങ്കിലും നല്ല ബുദ്ധിമാനാണെന്ന് ഇനിക്കറിയാം. നേരപോക്കുണ്ടെങ്കിലും നേരില്ലായ്ക അശേഷം ഇല്ലാത്തവനുമാണു്.

അര:- എന്നാൽ അരശമല്ലി അയാളെ ഒരിക്കലും കണ്ടിട്ടില്ലായിരുന്നെങ്കിലും വേണ്ടില്ലായിരുന്നു. (കരഞ്ഞും കൊണ്ടു പോയി. ആനന്ദവല്ലിയും മറ്റും പിന്നാലെയും.)

പാവ:- പൊയ്ക്കോ കുഞ്ഞ. ഇനിക്കിപ്പോൾ നീ കരയുന്നതിനു കുറ്റം പറയാൻ പാടില്ല. ഇങ്ങനെയുള്ള ഉപദ്രവങ്ങൾ മഹർഷിമാരേയും വ്യസനിപ്പിക്കുന്നവയാണു്. പിന്നെ അശേഷം ക്ഷമയില്ലാതെ ശിലിച്ചതിന്റെ കാര്യം പറയാനുണ്ടോ?

(പണ്ടുങ്കി പ്രവേശിക്കുന്നു)

പണ്ടു:- എജമാന്നേ, എജമാന്നേ! പഴയ പുതുമ! ഇവി ടുന്നു് ഒരിക്കലും കേട്ടിട്ടില്ലാത്തതുപോലെയുള്ള പുതുമ!

പാവ:- പഴയതും പുതുമയുമാണോ? അതെങ്ങനെ?

-56-


പണ്ടു:- അതിനെന്താണ്? പാര്‍ത്ഥസാരഥിയെജമാനന്റെ വരവിനെക്കുറിച്ചു കേൾക്കുന്നതു പുതുമയല്ലേ?

പാവ:- അയാൾ വന്നോ?

പണ്ടു:- ഇല്ലെജമാന്നേ.

പാവ:- പിന്നെ?

പണ്ടു:- അദ്ദേം വരുന്നു.

പാവ:- എപ്പോൾ ഇവിടെയെത്തും?

പണ്ടു:- അതു ചോദിക്കാനുണ്ടോ? അദ്ദേം ഇവിടെ വന്നു ഞാൻ നിൽക്കുന്നിടത്തു നിൽക്കയും നിങ്ങളെയെല്ലാം കാണുകയും ചെയ്യുമ്പോൾ എത്തും.

ത്രാണ:- അതു കിടക്കട്ടെ. എന്താണു? നിൻെറ പഴയ പുതുമ എന്താണു്?

പണ്ടു:- മറ്റൊന്നുമല്ല. പാര്‍ത്ഥസാരഥിയെജമാനൻ പുതിയ തൊപ്പിയും പഴയ കുപ്പായവുമായിട്ടാണു വരുന്നതു്. ഒരു കാലിൽ കറുപ്പം ഒരു കാലിൽ ചുവപ്പുമായിട്ടുള്ളതാണു കാൽച്ചട്ട. ജോടിന്റെ മുൻവശം കിഴിച്ചു പുറകോട്ടാണു കാലിട്ടിരിക്കുന്നതു്. ഒരു വെട്ടരുവാളിന്റെ പിടിയിന്മേൽ ചരടിട്ടു കെട്ടി വാളായിട്ട് അരയിൽ തൂക്കീട്ടുണ്ടു്.കുതിരപ്പുറത്താണു വരുന്നതു്. ജീനിക്കു പകരം രണ്ടു വശവും തുറന്ന രണ്ടു പഴയ ചാരുതലേണകൾ വച്ചു കെട്ടീട്ടുണ്ടു്. കുതിര പിണകാലു തല്ലാതിരിക്കാനായി പിൻകാലു രണ്ടിലും ഓരോ വാറിട്ടു രണ്ടു വശത്തും കൂടി വാലിന്മേൽ കെട്ടീട്ടുണ്ട്. കടിഞ്ഞാണിൽനിന്നു കീഴോട്ടു മുൻകാലും കെട്ടീട്ടുണ്ടു്.

-57-


പാവ:- അദ്ദേഹത്തിന്റെ കൂടെ ആരുണ്ടു്?

പണ്ടു:- എജമാന്നേ, അദ്ദേഹത്തിന്റെ ശിഷ്യനുണ്ടു്. കുതിരയെപ്പോലെതന്നെ കോപ്പണിഞ്ഞാണ് വരുന്നതു്. "ആലോകനാനന്തലീലാകോലാ" എന്നേതാണ്ടു പേരുള്ള നാടകക്കാരുണ്ടല്ലോ, അവരുടെ വിദൂഷകനും ഇത്ര പോരാ.

ത്രാണ:- എന്തോ അസാധാരണമായ ഒരു ബുദ്ധിപ്പകർച്ച കൊണ്ടു തന്നെ ആയിരിക്കണം അദ്ദേഹം ഇങ്ങനത്ത വേഷം എടുത്തതു്. അല്ലെങ്കിലും മൂപ്പരു മിക്കപ്പോഴും ഉപായവേഷത്തിലേ നടക്കാറുള്ളു.

പാവ:- എങ്ങനെയെങ്കിലും അയാൾ വരുന്നുണ്ടല്ലോ.അതു തന്നെ സന്തോഷം.

പണ്ടു:- ഇല്ലെജമാന്നേ. അദ്ദേം വരുന്നില്ല.

പാവ:- നീയല്ലേ അദ്ദേഹം വരുന്നുണ്ടെന്നിപ്പോൾ ഞ്ഞതു്

പണ്ടു:- ആരു? പാത്ഥസാരഥി യജമാനൻ വരുന്നുണ്ടെന്നോ?

പാവ:- അതേ, പാര്‍ത്ഥസാരഥി വരുന്നുണ്ടെന്ന്.

പണ്ടു:- ഇല്ലെജമാന്നേ, അദ്ദേത്തിന്റെ കുതിര അദ്ദേത്തിനെ പുറത്തു വച്ചു കൊണ്ടു വരുന്നുണ്ടെന്നാണു ഞാൻ പറഞ്ഞതു്.

പാവ:- അതേ, അതു രണ്ടും ഒന്നാണല്ലൊ?

പണ്ടു:- അല്ലെജമാന്നേ, ഒരു മനുഷ്യനും ഒരു കുതിരയും രണ്ടാണെന്നു ആര്‍ക്കാ അറിഞ്ഞുകൂടാത്തതു്?

-58-


(പാർത്ഥസാരഥിയും കൂമാനും പ്രവേശിക്കുന്നു.)

പാര്‍ത്ഥ:- എല്ലാവരും എവിടെപ്പോയി? ഇവിടെ ആരുമില്ലേ?

പാവ:- അങ്ങേയ്ക്കു സ്വാഗതം.

പാർത്ഥ- എങ്കിലും ഞാൻ അങ്ങനെയല്ലല്ലൊ ആഗമിച്ചിരിക്കുന്നതു്.

പാവ:- എന്നിട്ടും അങ്ങ് ഉറച്ചുനിൽക്കുന്നില്ലല്ലൊ.

ത്രാണ:- ഞാൻ ആഗ്രഹിച്ചിരുന്നിടത്തോളം നല്ല വേഷത്തിലല്ല നിങ്ങൾ വന്നിരിക്കുന്നതു്.

പാർത്ഥ:- ഇതു കുറേക്കൂടെ നന്നാക്കാൻ ശ്രമിച്ചിരുന്നു എങ്കിൽ ഇനിക്കു് ഇപ്പോഴും ഇവിടെ എത്താൻ ഇടയാകാതെപോയേനേ. അതൊക്കെക്കിടക്കട്ടെ. എന്റെ മല്ലി എവിടെ? എന്റെ ആനന്ദരൂപിണിയായ മണവാട്ടി. അച്ഛനെന്താ, സൌഖ്യം തന്നെയല്ലേ? ആര്യന്മാരെ, നിങ്ങൾക്കു എന്തോ ഒരാശ്ചര്യം തോന്നീട്ടുണ്ടെന്നു തോന്നുന്നു. ഇവിടെ എന്താണിത്ര സൂക്ഷിച്ചുനോക്കാനുള്ളതു്? ഇവിടെ എന്താ വല്ല കൊള്ളിമീൻ ഉദിക്കയോ മറ്റോ ഉണ്ടായോ?

പാവ:- എന്താണ്, ഹേ! ഇന്നു നിങ്ങളുടെ കല്യാണ ദിവസമാണെന്ന് അറിഞ്ഞിട്ടില്ലേ? ആദ്യം നിങ്ങൾ വന്നെത്തുകയില്ലെന്നുവച്ചു ഞങ്ങൾ കുറേ വ്യസനിച്ചു. ഇപ്പോൾ നിങ്ങൾ ഇത്ര കരുതലില്ലാതെ വന്നു കണ്ടതിനെക്കുറിച്ചു പിന്നെയും വ്യസനിക്കാനേ നിവൃത്തിയുള്ള. ച്ഛേ! നിങ്ങളുടെ അവസ്ഥയ്ക്കു ചേരാത്ത ഈ വേഷം കളയൂ. എന്താ, കല്യാണത്തിനു കണ്ണിൻദോഷം കിട്ടാതിരിക്കാനെന്നപോലെ ഈവിധം വികൃതിവേഷം കെട്ടി പുറപ്പെടാൻ നിങ്ങൾക്കു ലജ്ജ തോന്നിയില്ലേ?

ത്രാണ:- നിങ്ങളുടെ ഭാര്യയുടെ അടുക്കലേക്കു വരാൻ ഇത്ര അമാന്തിക്കത്തക്കവണ്ണം ഗൗരവമുള്ള കാര്യമെന്തായിരുന്നു? വന്നപ്പോൾ ഇത്രമേൽ തന്നെത്താൻ പകർന്നുവരാനുള്ള കാരണവുമെന്താണ് ?

-59-


പാർത്ഥ:- അതെല്ലാം പറയാൻ അധികമുണ്ടു്. കേട്ടാൽ മുഷിയുകയും ചെയ്യും. ഞാൻ ചില ഭേദപ്പാടുകളോടുകൂടിയെങ്കിലും വാക്കു തെറ്റിക്കാതെ വന്നെത്തിയതു പോരേ? ഇതൊക്കെ ഞാൻ സാവകാശത്തിൽ നിങ്ങൾക്കെല്ലാം തൃപ്തിയാംവണ്ണം വിവരിച്ചു കേൾപ്പിക്കാം. എന്നാൽ എന്റെ മല്ലി എവിടെ? ഇനിക്കു തത്ര ഭവതിയെ കാണ്മാൻ വളരെ പരിഭ്രമമായിരിക്കുന്നു. മുഹൂർത്തം അടുത്തു പോയി.

ത്രാണ:— ഈ ആഭാസവേഷത്തിൽ നിങ്ങൾ നിങ്ങളുടെ മണവാട്ടിയെ കാണരുതു്. എന്റെ മുറിയിലേക്കു ചെന്ന് എന്റെ ഉടുപ്പുകളും മറ്റും എടുത്തിട്ടോളു.

പാർത്ഥ:- ഞാനോ? ഒരിക്കലും അങ്ങനെ ചെയ്കയില്ല. ഈ വേഷത്തിൽത്തന്നെ ഞാൻ തത്ര ഭവതിയെ കാണും.

ത്രാണ:- എങ്കിലും നിങ്ങൾ അവരെ വിവാഹം കഴി ക്കുന്ന സമയത്ത് ഈ വേഷം ഉപയോഗപ്പെടുത്തുകയില്ലെന്നു ഞാൻ വിശ്വസിക്കുന്നു.

പാർത്ഥ:- ഇതല്ലാതെ മറ്റൊരു വേഷവും ഞാൻ സ്വീകരിക്കുകയില്ലെന്നു തീർച്ചയാണു്. ഇനി ആരും ഒന്നും പറയേണ്ട. തത്ര ഭവതിയെ ഞാനാണ്, അല്ലാതെ എന്റെ വസ്ത്രങ്ങളല്ല കല്യാണം കഴിക്കുന്നത്. ഈ ദരിദ്രവേഷത്തെ മാറ്റുന്നതുപോലെ തത്രഭവതി എന്നിൽ ഉണ്ടാക്കുന്ന ന്യൂനതകളെ പരിഹരിക്കാൻ ഇനിക്കു കഴിയുമെങ്കിൽ അതു മല്ലിക്കും ഇനിക്കും ഗുണകരമായിത്തീരുമായിരുന്നു. എന്നാൽ ഞാൻ ചെന്ന് എന്റെ പ്രിയതമയ്ക്കു വന്ദനം പറയുകയും സ്നേഹപുരസ്സരമായ ഒരു ചുംബനംകൊണ്ടു് എന്റെ അവകാശത്തിനു മുദ്ര വയ്ക്കുകയും ചെയ്യാനുള്ളതിനു പകരം നിങ്ങളുമായി സംസാരിച്ചുകൊണ്ടുനിൽക്കുന്നതു് എന്തു ഭോഷത്വമാണു!

(പാർത്ഥസാരഥി, കൂമരൻ, പണ്ടുങ്കി ഇവർ പോയി.)

ത്രാണ:— ഈ ഭ്രാന്തവേഷത്തിനു് അദ്ദേഹം എന്തോ അത്ഥം ഉദ്ദേശിച്ചിട്ടുണ്ടെന്നു തോന്നുന്നു. എങ്കിലും മുഹൂർത്തത്തിനു മുമ്പിൽ ഇതു മാറ്റാൻ കഴിയുന്ന ഉത്സാഹം ചെയ്യണം.

പാവ:- ഏതെങ്കിലും ഞാനും കല്യാണപന്തലിലേക്കു ചെല്ലട്ടെ. അവിടെ എന്തെല്ലാമായി എന്നറിഞ്ഞില്ല. (പോയി)

ത്രാണ:- തത്ര ഭവതിയുടെ അനുരാഗത്തോടുകൂടി അവരുടെ അച്ഛന്റെ ഇഷ്ടവും നമുക്കു ഉണ്ടാകേണ്ടിയിരിക്കുന്നു, ഇതിലേക്കു ഞാൻ മുമ്പേ ഇവിടുത്തെ അടുക്കൽ പറഞ്ഞതുപോലെ ഒരാളിനെ കിട്ടുകയാണാവശ്യം, ആരായാലും വേണ്ടില്ല. നമുക്കു് അയാളെ നമ്മുടെ ആവശ്യത്തിനു തക്കവണ്ണമെല്ലാം ശട്ടപ്പെടുത്താം. അയാൾ പാശീപുരത്തിലെ വിഘ്നേശ്വരച്ചെട്ടിയാരായിത്തീരുകയും ഞാൻ വാക്കു കൊടുത്തിട്ടുള്ളതിലും വലിയ സംഖ്യയ്ക്കു ഈ പാടലപുരത്തിൽ വച്ച് കരാറെഴുതിക്കൊടുക്കുകയും ചെയ്യണം. ഇങ്ങനെ ഇവിടുത്തെ ആഗ്രഹം നിര്‍വ്വിഘ്നമായി നിറവേറും. ആരുടെയും വിസമ്മതം കൂടാതെ കല്യാണം നടക്കയും ചെയ്യും.

 

മൂന്നാം അങ്കം (60-63)

 

-60-


ലോക:- ഇനിക്കു് ആ ഭാഗവതരെക്കുറിച്ചു് നന്നേ ഭയമുണ്ടു്. അയാൾ എന്റെ ആനന്ദവല്ലിയെ അപഹരിക്കാൻ വളരെ പരിശ്രമിക്കുന്നുണ്ടു്. അതുകൊണ്ടു വിവാഹം ഗാന്ധര്‍വ്വമാക്കിക്കളഞ്ഞാലെന്താണെന്നാണെന്റെ പക്ഷം. നടന്നുകഴിഞ്ഞാൽ പിന്നെ അല്ലെന്ന് ആരെല്ലാം പറഞ്ഞാലും സാരമില്ല. സകലത്തെയും എതിർത്ത് എന്റെ അവകാശത്തെ രക്ഷിക്കാൻ ഇനിക്കറിയാം.

ത്രാണ:- വേറെ നിവൃത്തിയില്ലെന്നു കണ്ടതിന്റശേഷം മതിയല്ലൊ ഈവക ആലോചനകളെല്ലാം.

(ഗ്രാമേശൻ വീണ്ടും പ്രവേശിക്കുന്നു.)

“ഗ്രാമേശച്ചെട്ടിയാരെന്താ, കല്യാണപ്പന്തലിൽ നിന്നു വരികയാണോ?"

ഗ്രാമേ:- അതെ. കുട്ടിക്കാലത്തു പള്ളിക്കൂടത്തിൽനിന്നു പോലും ഞാൻ ഇത്ര സന്തോഷമായിട്ടു മടങ്ങിപ്പോന്നിട്ടില്ല.

ത്രാണ:- എന്താ, കല്യാണം കഴിഞ്ഞു മണവാളനും മണവാട്ടിയും ഇങ്ങോട്ടു പുറപ്പാടായിക്കഴിഞ്ഞോ?

ഗ്രാമേ:- മണവാളനോ? ഇതെന്തൊരു മണവാളനാണ്! മലവേടനെന്നു പറഞ്ഞാൽ ഏകദേശം ചേര്‍ന്നിരിക്കും. ഏതെങ്കിലും, ഒരു പെണ്ണിനെ ചുറ്റിച്ചു.

ത്രാണ:- അതെന്താണു? അവളെക്കാൾ കഷ്ടമാണോ? അതു് അസാദ്ധ്യമല്ലേ?

ഗ്രാമേ:- ഒന്നുമല്ല. ഇവൻ ഒരു പിശാചാണു്. പിശാചുക്കളുടെ ഒക്കെ പ്രധാനിയായ പിശാചാണു്.

ത്രാണ:- അവളും ഒരു പിശാചാണല്ലൊ. അനേകം പിശാചുക്കളുടെ തള്ളയാണവൾ.

-61-


ഗ്രാമേ:- ച്ഛേ! അവളൊരു മാൻകിടാവാണെന്നു വേണം പറയാൻ, ഇവൻ അവൾക്കൊരു കടുവായും ആണു്. കേട്ടോളൂ. പുരോഹിതൻ ചെന്നു മുറയ്ക്കിരുന്നുംകൊണ്ടു ക്രിയകൾക്കു് ആരംഭിച്ചു വിളിച്ചപ്പോൾ ഇയാൾ കടന്നു, ഉപകരണങ്ങളെല്ലാം തട്ടിത്തൂകിക്കളഞ്ഞു. അതിനും വേണ്ടില്ല, “വിവാഹത്തിനുള്ള ക്രിയകൾ ഇതൊന്നുമല്ല, താൻ പറഞ്ഞുതരണമെന്നുമില്ല, ഒക്കെ ഇനിക്കറിയാം" എന്നും പറഞ്ഞു് അദ്ദേഹത്തിനേ ആസനത്തിൽ നിന്നു വലിച്ചു നിലത്തിട്ടു. ഒന്നും പറയാനില്ല. അടുക്കലുണ്ടായിരുന്നവരെല്ലാം കൂടി പിടിച്ചു മാറdJfയില്ലെങ്കിൽ പുരോഹിതനെ പൊടിതട്ടിയേനേ.

ത്രാണ:- ഈ ബഹളത്തിൽ പെണ്ണെന്തു കാണിച്ചു?

ഗ്രാമേ:- അയ്യോ ഒന്നും പറയാനില്ല. അവൾ നിന്നു പാറdറപോലെ വിറച്ചുപോയി, വെറുതേയല്ല. അവൻ നിലത്തിട്ടു ചവിട്ടുകയും അട്ടഹസിച്ചു് ആണയിടുകയും ചെയ്തുംകൊണ്ടു കടന്ന് അവളുടെ കൈയ്യൂ. പിടിച്ചു. "എന്റെ മല്ലിയെ ഇനിക്കു കെട്ടാൻ ഏതു പുരോഹിതനാണു പറഞ്ഞുതരേണ്ടതു്?" എന്നും പറഞ്ഞു് അവളെ ആ വലിയ ആൾക്കൂട്ടത്തിന്റെ നടുവിൽവെച്ച് പിടിച്ച് അലറിക്കൊണ്ടു് ആശ്ലേഷിച്ചു. മാറ്റൊലിയുടെ ശക്തികൊണ്ടു് പന്തലു താഴെ വീണേക്കുമെന്നുകൂടി തോന്നിപ്പോയി. ആളെല്ലാം പേടിച്ചു വെളിയിൽ ഇറങ്ങി ഇങ്ങോട്ടു വന്നു തുടങ്ങി. ഇങ്ങനെത്ത ഭ്രാന്തൻകല്യാണം. ഞാനെങ്ങും കണ്ടിട്ടില്ല. ഓ വാദ്യം അടുത്തു കേൾ ക്കുന്നു. (വാദ്യം)

(പാർത്ഥസാരഥി, അരശമല്ലി. ആനന്ദവല്ലി, പാവനാശയൻ ഹൃദ്യംഗൻ, കൂരൻ ഇവരും മറ്റാളുകളും പ്രവേശിക്കുന്നു.)

പാർത്ഥ:- മഹാജനങ്ങളും സ്നേഹിതന്മാരുമായള്ളോരെ, നിങ്ങൾ ഇനിക്കുവേണ്ടി ഇത്രയും ബുദ്ധിമുട്ടിയതിനായി ഞാൻ വല്ലാവര്‍ക്കും വന്ദനം പറയുന്നു. നിങ്ങൾ ഇന്ന് ഇവിടെ ഊണു കഴിക്കണമെന്നുമാണു് ആലോചിക്കുന്നതെന്ന് ഇനിക്കറിയാം. ഇവിടെ ധാരാളമായി വട്ടം കൂട്ടീട്ടുണ്ടു്. നിങ്ങൾ എല്ലാവരും എന്നെ കല്യാണം സംബന്ധിച്ച് അനുമോദിക്കാനും ആലോചിക്കുന്നുണ്ടായിരിക്കാം. എന്നാൽ ഇനിക്കു് ഒഴിച്ചുകൂടാത്ത ഒരു ബദ്ധപ്പാടുള്ളതുകൊണ്ടു ഇപ്പോൾത്തന്നെ ഇവിടെനിന്നു പോകാതിരിക്കാൻ നിവൃത്തിയില്ല. ആകയാൽ ഞാൻ നിങ്ങളോടെല്ലാവരോടും യാത്ര പറയണമെന്നാണു് വിചാരിക്കുന്നതു്.

പാവ:- നിങ്ങൾ ഇന്നുതന്നെ പോകുന്നതു് അസാദ്ധ്യമല്ലേ?'

പാർത്ഥ:- ഇന്നു രാത്രിയാകുന്നതിനു മുമ്പേ ഇനിക്കു പോയേ മതിയാവൂ. ഇതൊരതിശയമായി വിചാരിക്കണ്ട എന്റെ ആവശ്യത്തിന്റെ അവസ്ഥ അറിഞ്ഞാൽ പോകാൻ നിങ്ങൾതന്നെ എന്നോട് അപേക്ഷിക്കും. ആകയാൽ, മാന്യസ്നേഹിതന്മാരെ, ക്ഷമയുടേയും നല്ലശീലത്തിന്റെയും ഇരിപ്പിടമായ ഈ ഉത്തമപത്നിക്ക് ഞാൻ എന്നെത്തന്നേ ഏല്പിച്ചുകൊടുത്ത ഈ അടിയന്തിരത്തിനു വന്നുകൂടിയ നിങ്ങൾക്കെല്ലാവര്‍ക്കും ഞാൻ വന്ദനം പറയുന്നു. ഇനിക്കുവേണ്ടി നിങ്ങൾ എല്ലാവരും എന്റെ അച്ഛന്റെ കൂടെ ഭക്ഷണം കഴിക്കണം. ഇനിക്കു പോയേ മതിയാവൂ. എല്ലാവരോടും ഒരിക്കൽകൂടെ യാത്ര പറഞ്ഞുകൊളളുന്നു.

-62-


ത്രാണ:- നിങ്ങൾ ഊണു കഴിയുന്നതുവരെ താമസിക്കണമെന്നു ഞങ്ങൾക്കപേക്ഷയുണ്ടു്.

പാർത്ഥ:- അതു പാടില്ല.

ഗ്രാമേ:- ഇനിക്കും അപേക്ഷയുണ്ടു്.

പാർത്ഥ:- പാടില്ല.

അര:- ഞാനും അപേക്ഷിക്കുന്നു.

പാർത്ഥ:- എനിക്കു തൃപ്തിയായി.

അര:- താമസിക്കാൻ തൃപ്തിയായെന്നോ?

പാർത്ഥ:- താമസിക്കാൻ ഭവതി എന്നോട് അപേക്ഷിക്കുന്നതു് തൃപ്തിയാണ്, എങ്കിലും താമസിക്കാൻ പാടില്ല. ഭവതിയുടെ കഴിവുപോലെ അപേക്ഷിച്ചോളൂ.

അര:- അങ്ങേയ്ക്ക് എന്നേക്കുറിച്ചു സ്നേഹമുണ്ടെങ്കിൽ താമസിക്കണം.

പാർത്ഥ:- കൂമരാ എന്റെ കുതിരയെവിടെ?

കൂമ:- തയാറുണ്ടേജമാന്നേ. മുതിര കുതിര തിന്നുകഴിഞ്ഞു.

-63-


അര:- എന്നാൽ അങ്ങേയ്ക്കു തോന്നിയതുപോലെ ചെയ്യണം. ഞാൻ ഇന്നു പോരികയില്ല. ഇനിക്കു തോന്നുന്നതുവരെ താമസിക്കും. വാതിൽ തുറന്നു കിടക്കയാണു്. പൊയ്ക്കോളിൻ. ഞാൻ ഇനിക്കു തോന്നുമ്പോഴേ പോരൂ. ആരംഭത്തിൽതന്നേ ഇത്ര ശാഠ്യം തുടങ്ങിയാലോ?

പാർത്ഥ:- എന്റെ മല്ലി സന്തോഷമായിരിക്കൂ. എന്നോടു കോപിക്കരുതേ.

അര:- ഞാൻ കോപിക്കും. എന്നെ എന്തു ചെയ്യും? അച്ഛൻ വെറുതേ ഇരിക്കണം. അദ്ദേഹം എന്റെ അവസരം വരെ താമസിക്കും.

ഗ്രാമേ:- ബലേ! പിരി മുറുകിത്തുടങ്ങി.

അര:- മഹാജനങ്ങളേ, സദ്യയ്ക്കിരിക്കിൻ. സ്ത്രീകളായാലും തന്റേടമുണ്ടെങ്കിൽ ആരും അത്ര കളിപ്പിക്കാൻ വരികയില്ല.

പാർത്ഥ:- മല്ലി, അവർ ഭവതിയുടെ കല്പനപ്രകാരം ഇരുന്നേ മതിയാവൂ. മഹാജനങ്ങളേ, മണവാട്ടി പറയുന്നതു കേട്ടോളിൻ. സദ്യയ്ക്കിരിക്കയും വേണ്ടപോലെ ഭക്ഷിക്കയും തത്ര ഭവതിയേ ഉദ്ദേശിച്ചു് സന്തോഷിച്ചു ഭ്രാന്തു പിടിക്കയും ചെയ്കയോ അല്ലെങ്കിൽ വല്ലെടത്തും പോയി കഴുവേറുകയോ ചെയ്യിൻ. എങ്കിലും എന്റെ മല്ലി എന്നോടുകൂടി പോന്നേ മതിയാവൂ. മുഖം വീര്‍പ്പിക്കുകയും നിലത്തു ചവിട്ടുകയും തുറിച്ചു നോക്കുകയും നെറ്റി ചുളുക്കുകയും ഒന്നും ചെയ്യണ്ട. എന്റെ സ്വന്തം വകയായിട്ടുള്ളതിന്റെ യജമാനൻ ഞാനാണു്. മല്ലി എന്റെ വകയാണു്. എന്റെ വീടും എന്റെ പറമ്പും എന്റെ കണ്ടവും എന്റെ കാളയും എന്റെ കലപ്പയും എന്നു വേണ്ട, എന്റെ സകലവുമാണ് മല്ലി. തത്രഭവതി ഇതാ നിൽക്കുന്നു. ആക്കെങ്കിലും, ധൈര്യമുണ്ടെങ്കിൽ തൊടട്ടെ. എന്റെ മാര്‍ഗ്ഗവിരോധം ചെയ്യുന്നവൻ പാടലീപുത്രത്തിൽ എത്ര കുബേരനായിരുന്നാലും ഞാൻ അവന്റെമേൽ അന്യായപ്പെടും. കൂമരാ നിന്റെ വാൾ ഊരിക്കോ. നാം കള്ളന്മാരാൽ ചുററപ്പെട്ടിരിക്കുന്നു നീ ആൺകുട്ടി ആണെങ്കിൽ നിന്റെ കൊച്ചമ്മയേ വീണ്ടുകൊണ്ടുവാ. പ്രിയതമേ, ഭയപ്പെടേണ്ട. ആരും ഭവതിയെ തൊടുകയില്ല. ആയിരം ആയുധക്കാർ വന്നാലും ഞാൻ തടുത്തോളാം.

(പാർത്ഥസാരഥി, അരശമല്ലി, കൂമരൻഇവർ പോയി.)

പാവ:- നല്ല ശാന്തശീലമുള്ള ദമ്പതിമാർ! അവര്‍ പൊയ്ക്കോട്ടെ.

ഗ്രാമേ:- ഞാൻ ചിരികൊണ്ടു് ഇപ്പോൾ ചാകും.

ത്രാണ:- എത്ര ഭ്രാന്തുപിടിച്ച വിവാഹമായാലും ഇങ്ങനെ ഒന്നു ഇതുവരെ കണ്ടിട്ടില്ല.

ലോക:- കൊച്ചമ്മേ, നിങ്ങളുടെ സഹോദരിയുടെ കല്യാണത്തെക്കുറിച്ചു് എന്താണ് അഭിപ്രായം?

ആന:- ഭ്രാന്തിക്കു ഭ്രാന്തൻ ചേർന്നു.

പാവ:- മഹാജനങ്ങളും സ്നേഹിതന്മാരുമായുള്ളോരേ, നമ്മുടെ കല്യാണത്തിന്റെ നടുനായകമായുള്ള ദമ്പതിമാർ ഇല്ലാതെപോയി എങ്കിലും ഞാൻ ഒട്ടും ലോഭം കൂടാതെ സദ്യയ്ക്കു വട്ടം കൂട്ടീട്ടുള്ളതിനെ ദയവായി അനുഭവിച്ച് ഇനിക്കു് എത്രമാത്രമെങ്കിലും കൃതാര്‍ത്ഥത വരുത്തിത്തരണമെന്നു ഞാൻ നിങ്ങളോടു അപേക്ഷിക്കുന്നു.

ത്രാണ:- അങ്ങനെതന്നെ.

(എല്ലാവരും പോയി.)

 

നാലാം അങ്കം (64-69)

 

-64-


നാലാം അങ്കം


ഒന്നാം അരങ്ങു വരണദേശത്തു പാർത്ഥസാരഥിയുടെ ഭവനത്തിൽ ഒരു പുറത്തളം


(കൂമരൻ പ്രവേശിക്കുന്നു.)

കൂമ:- എന്റെ തമ്പുരാനെ, എത്ര വല്ലാത്ത എജമാനന്മാരുണ്ടായാലും ഇങ്ങനെ വല്ലവരും തല്ലുകൊണ്ടി ട്ടുണ്ടോ? ഇങ്ങനെ ശകാരം കേട്ടിട്ടുണ്ടോ? ഇങ്ങനെ വല്ലവരും കഷ്ടപ്പെട്ടിട്ടുമുണ്ടോ? ഇനി വേഗത്തിൽ തീകത്തിച്ചു വെച്ചില്ലെങ്കിൽ അതിനും തല്ലു കൊള്ളണമല്ലോ. തീകായാനുള്ള കൂട്ടരല്ലേ പുറകേ വരുന്നതു്? ഞാൻ തന്നെ ഒരു നെരുപ്പോടായിരുന്നെങ്കിൽ ഇനിക്കും കുളിരാതിരിക്കായിരുന്നു. ഇങ്ങനത്ത കുളിരുമുണ്ടോ? അണ്ണാക്കുപോലും വിറയ്ക്കുന്നു. തീ കിട്ടിയെങ്കിൽ ഞാൻതന്നെ ഊതിത്തുടങ്ങായിരുന്നു. എടാ, കട്ടാരീ, കൂ- ഹേ.

(കട്ടാരി പ്രവേശിക്കുന്നു)

കട്ട:- ആരാണിത്ര തണുത്ത വിളി വിളിക്കുന്നതു്?

കൂമ:- ഒരാലിപ്പഴമാണ്. സംശയമുണ്ടെങ്കിൽ വന്നു തൊട്ടു നോക്കു്. എന്റെ പൊന്നു കട്ടാരി, കുറേ തീ കൊണ്ടുവാ.

കട്ട:- -എജമാന്നും ഭാര്യയും വരുന്നുണ്ടോ കൂമരാ?

കൂമ:- ഉവ്വ്, കട്ടാരി, ഉവ്വ്. അതുകൊണ്ടു് നീ വേഗം തീ കൊണ്ടുവാ.

കട്ട:- എന്താ, അവര്‍ക്കു നമ്മൾ കേട്ടിരുന്നിടത്തോളം തന്നെ പിണക്കമുണ്ടോ?

കൂമ:- അവരീ മഴയ്ക്കു മുൻപ് അങ്ങനെതന്നെ ആയിരുന്നു, കട്ടാരി. അതിന്റെ ശേഷം നിനക്കറിഞ്ഞുകൂടേ? മഴ ആരേയും ഇണക്കുന്നതാണല്ലൊ, അതു നമ്മുടെ പഴയ എജമാനനേയും പുതിയ എജമാനത്തിയേയും എന്നേയും ഇണക്കിക്കളഞ്ഞു, കട്ടാരി. അതൊക്കെ കിടക്കട്ടെ, നീ വേഗം ചെന്നു കുറേ തീ കൊണ്ടുവാ. അല്ലെങ്കിൽ പുതിയ എജമാനത്തിയുടെ കൈ ആദ്യം നിന്റെമേൽ ആയിരിക്കും പൊലിക്കുന്നതു്.

കട്ട:- -അതു ഞാൻ ഏറ്റോളാം. പിന്നെ രാജ്യവര്‍ത്തമാനമെന്തുള്ളു?

കൂമ:- രാജ്യമെല്ലാം നിന്റെ അധികാരത്തിലുള്ളെടം ഒഴികെ തണുത്തു കിടക്കയാണു്. അതുകൊണ്ടു വേഗം തീ കൊണ്ടുവാ.

കട്ട:- നെരുപ്പോടല്ലെ തയാറാക്കിരിക്കുന്നതു്? വിശേഷമെന്താണുള്ളതെന്നുവച്ചാൽ പറ.

കൂമ:- ഞാൻ അശേഷം തണുത്തു കിടക്കയാണെന്നല്ലേ പറഞ്ഞതു്? തീകാഞ്ഞുകഴിയട്ടെ. അടുക്കളക്കാരൻ എവിടെ? അത്താഴം കാലമാക്കീട്ടില്ലേ?

കട്ട:- എല്ലാംതയാറുണ്ട്. വർത്തമാനം വല്ലതും കേൾക്കട്ടെ.

-65-


കൂമ:- എന്നാൽ കേട്ടോ. ഒന്നാമതു്, കുതിരയുടെ കാലു കുഴഞ്ഞു. അതുകൊണ്ട് എജമാന്നും കൊച്ചമ്മയും താഴത്തുവീണു.

കട്ട:- എങ്ങനെ?

കൂമ:- ജീനിയിൽ നിന്നു ചളിയിലേക്കു്, ഇവിടെപ്പിടിച്ചു ഒരു കഥ കിടപ്പുണ്ടു്.

കട്ട:- അക്കഥ വേഗംപറ, എന്റെ പൊന്നു കൂമരനല്ലേ.

കൂമ:- എന്നാൽ ചെവികൊടുക്കു്.

കട്ട:- ഇതാ!

കൂമ:- എന്നാൽ ഇതാ! (അവനെ അടിക്കുന്നു )

കട്ട:- ഇതു കഥകേൾക്കയല്ലാ കൊള്ളുകയാണല്ലൊ.

കൂമ:- അതുകൊണ്ടാണല്ലോ ഇതിനു കൊള്ളാവുന്ന കഥയെന്നു പേരുള്ളതു്. എന്നാൽ ഞാൻ കഥപറഞ്ഞു തുടങ്ങുന്നു. കുതിരപ്പുറത്തു കൊച്ചമ്മയുടെ പുറകിൽ എജമാന്നുമായിട്ടു ഞങ്ങൾ ഒരു വല്ലാത്ത കുന്നിറങ്ങുകയായിരുന്നു-

കട്ട:- രണ്ടാളും ഒരു കുതിരയുടെ പുറത്തോ?

കൂമ:- അതെന്തിനു് നീ അറിയുന്നു?

കട്ട:- അതേ, ഒരു കുതിരപ്പുറത്തുതന്നെ.

കൂമ:- എന്നാൽ കഥ നീതന്നെ പറ. നീ ഇടയ്ക്കു കേറി അടുക്കാതിരുന്നെങ്കിൽ, കുതിരയുടെ കാലു തല്ലിയതിനു് എജമാന്നൻ എന്നെ തല്ലിയതും, എജമാന്നേ എന്റെ പുറത്തുനിന്നു മാറ്റാനായി കൊച്ചമ്മ ചളിയിൽകൂടി നീന്തിവന്നതും, എജമാന്നൻ ആണയിട്ടതും, ഉണ്ടായതിൽ പിന്നെ ദൈവത്തോടു പോലും പ്രാർത്ഥിച്ചിട്ടില്ലാത്ത കൊച്ചമ്മ എജമാന്നോടു പ്രാർത്ഥിച്ചതും, ഞാൻ നിലവിളിച്ചതും, കുതിര ഓടിക്കളഞ്ഞതും, കടിഞ്ഞാണു പൊട്ടിയതും, എന്റെ തലമുട്ടിയതും, ഇതു പോലെ ഓർമ്മയിൽ വെക്കേണ്ടവയായ പല സംഗതികളും ഞാൻ പറഞ്ഞേനെ. ഇനി ഇതെല്ലാം മറവിയിൽ കിടന്നു മരിച്ചു പോകേയുള്ള.

-66-


കട്ട:- ഇക്കണക്കിനു് അവരേക്കാൾ പിണക്കം അങ്ങേർക്കാണല്ലൊ.

കൂമ:- അതേ, അതൊന്നും നിനക്കും നിന്റെ അധികപ്രസംഗികളായ കൂട്ടുകാർക്കും അദ്ദേം ഇവിടെ എത്തുമ്പോൾ അറിയാം. അല്ല, ഞാൻ ഇതൊക്കെപ്പറഞ്ഞും കൊണ്ടു നിന്നാലോ?- ആണ്ടിയേയും അണ്ണാക്കുട്ടനേയും കൊതുവിനേയും കോലൻകുപ്പനയും ഒക്കവിളിക്കു്. എല്ലാരും ഇടയും തലയും മുറുക്കി, മുഖവും മിനുക്കി, ചിരിക്കാതെയും എന്നു വെച്ചു കരയാതെയും കണിശമായി നിൽക്കണം. അവരെല്ലാം തയാറുണ്ടോ?

കട്ട:- ഉവ്വു്.

കൂമ:- എന്നാൽ അവരെ വിളിക്കു്.

കട്ട:- എടാ, കൂവേ, കേട്ടില്ലേ? നിങ്ങളെല്ലാം കൂടി എജമാന്നേ എതിരേൽക്കാൻ വരാൻ.

കൂമ:- കൊച്ചമ്മയോ?.

കട്ട:- എന്നാൽ കൊച്ചമ്മേ.

കൂമ:- അതു പാടില്ല.

കട്ട:- എന്നാൽ കൂമരനെ എതിരേൽക്കാൻ വരീനോ!

കൂമ:- അതുകൊണ്ടും ആയില്ല, കൂമരനെയും കൊച്ചമ്മയെയും എജമാന്നെയും.

(അനേകം വാല്യക്കാർ പ്രവേശിക്കുന്നു).

ആണ്ടി:- കൂമരാ! കോലാഹലം എന്തെല്ലാം?

അണ്ണ:- കൂമരനു കുശലമല്ലേ?

-67-


കൊതു:- ചങ്ങാതികൂമരാ! ചെയ്തി എന്തുള്ളു?

കോല:- കുരുത്വം കെട്ട കൂമരാ! കുണ്ടാമണ്ടി ഒന്നുമില്ലേ?

കൂമ:- നിനക്കെന്താ, സുഖമല്ലേ?......... നിനക്കോ?...... ..... നിനക്കും ചങ്ങാതീ! നിനക്കും...... ഉപചാരം ഇതുമതി. എന്നാൽ കൂട്ടുകാരേ! കാര്യങ്ങളെല്ലാം കണിശമായും ഭദ്രമായും തയാറായിട്ടാണല്ലോ ഇരിക്കുന്നതു്?

ആണ്ടി:- സകലവും തയാറാണു്. എജമാനൻ എത്രടം ആയി?

കൂമ:- ഇതാ, എത്തിക്കഴിഞ്ഞു. ഇപ്പോൾ കുതിരപ്പുറത്തുനിന്നു് ഇറങ്ങിയിരിക്കും. അതുകൊണ്ടു് എല്ലാവരും ഉശ്ശാറായി നിന്നോണ്ണം... ശത്തം...എജമാനന്റെ ശബ്ദം കേൾക്കുന്നു.

(പാർത്ഥസാരഥിയും അരശമല്ലിയും പ്രവേശിക്കുന്നു.)

പാർത്ഥ:- ഈ തെമ്മാടികളെല്ലാം എവിടെപ്പോയി കിടക്കുന്നു? എന്തു കഥയാണിതു്? അങ്കവടിക്കു പിടിക്കാനാകട്ടെ, കുതിരയെ കൊണ്ടുപോകാൻ ആകട്ടെ വാതിൽക്കൽ ഒരുത്തരുമില്ല? ആണ്ടി, അപ്പക്കുട്ടൻ, അമ്പിളിമാൻ, ഇവരെല്ലാം എവിടെ?

എല്ലാ വാല്യക്കാരും:- എന്തോ, എജാൻ, എന്തോ, എജമാൻ, എന്തോ, എജമാൻ.

പാർത്ഥ:- എന്തോ, എജമാൻ! എന്തോ, എജമാൻ എന്തോ, എജമാൻ, എന്തോ, എജമാൻ. എടാ, എങ്ങാണ്ടു കിടന്ന എരപ്പാളികളെ! സ്വാമിദ്രോഹികളെ! ഒരാചാരവുമില്ല ഉപചാരവുമില്ല, ഒന്നുമില്ല. ഞാൻ മുൻപേ അയച്ചിരുന്ന ആ വിഡ്ഢിത്തെമ്മാടി എവിടെ?

കൂമ:- ഇവിടെയുണ്ടെജമാന്നേ! അപ്പോഴത്തെപ്പോലെ തന്നെ വിഡ്ഢിയായിട്ടു് ഇപ്പോഴും.

-68-


പാർത്ഥ:- എടാ, ഗജപോക്കിരീ! അധികപ്രസംഗീ പാടത്തിന്റെ കരയ്ക്കുവന്നു് എതിരേൽക്കണമെന്നും ഈ ശപ്പട്ടത്തെമ്മാടികളെകൂടെ കൊണ്ടുവരണമെന്നുമല്ലേ ഞാൻ നിന്നോടു പറഞ്ഞിരുന്നതു്?

കൂമ:- ചണ്ടിയുടെ മുഖത്തു കുറെ കരിപെരണ്ടിരുന്നു എജമാന്നേ! കണ്ണച്ചന്റെ കൺപോളയ്ക്കു് ഇന്നലെ രാത്രി ഉറുമ്പു കടിച്ചു നീരുവന്നു വിങ്ങിയിരുന്നു. കുട്ടപ്പന്റെ കുറിയ മുണ്ടു കീറിയതായിരുന്നു. അണ്ണാക്കുട്ടന്റെ മുണ്ടു് അലക്കാൻകൊടുത്താറെ കിട്ടീട്ടുമില്ല. എങ്കിലും ഇപ്പോൾ എല്ലാവരും എതിരേൽക്കാനായി ഹാജരായിട്ടുണ്ടു്.

പാർത്ഥ:- പോയിൻ, തെമ്മാടികളെ, ചെന്നു ചോറു വിളമ്പീൻ.

(വാല്യക്കാർ പോയി)

(പാടുന്നു.)

മുല്ലസായകാ നിനക്കു വല്ലതും പിഴചെയ്തോഞാന്‍
ശല്യമെന്നോടെന്തീ


മല്ലി ഇരിക്കു. ഭവതിക്കു സ്വാഗതം. ബലേബലേ! ബലേ ബലേ ഭേഷ്,

(വാല്യക്കാർ ചോറും കൂട്ടാനുംകൊണ്ടു പ്രവേശിക്കുന്നു.) ആഹാ, ഞാൻ പറയാതെയൊ?... മല്ലി! എന്റെ പ്രിയതമേ! മനോഹാരണീ! സന്തോഷമായിരിക്കു... എടാ തെമ്മാടികളെ! എന്റെ ചെരിപ്പഴിക്കിൻ, അഴിക്കിനെടാ, അധികപ്രസംഗികളേ! ഇനി എപ്പൊഴാടാ അഴിക്കുന്നതു്? (പാടുന്നു)

പ്രിയമാനസ നീ പോയ് വരേണം
പ്രിയയോടെന്നുടെ വാര്‍ത്തകൾചൊൽവാൻ


എടാ, തെമ്മാടീ, എണീറ്റുപോടാ. നീ എന്റ കാലൊടിച്ചുകളയാൻ തുടങ്ങുന്നോ? ഇന്നാ, ഇതു മേടിച്ചു കൊണ്ടു മറ്റേെ കാലുകൂടി ഒടിക്കാതെപോ. (അവനെ അടിക്കുന്നു)

-69-


മല്ലീ! സന്തോഷമായിരിക്ക... എടാ, കുറെ വെള്ളം... എവിടെടാ,വെള്ളം?... എന്റെ പൂവാലൻ നായെവിടെ?... എടാ, നീ അവിട്ടുന്നുപോ, അങ്ങേ വീട്ടിലെ അനുജൻ അരുണാചലം ഇങ്ങോട്ടു വരാൻ പറ. (വാല്യക്കാരൻ പോയി)

മല്ലി! ഭവതി പരിചയപ്പെട്ടിരിക്കയും സ്നേഹിക്കയും ചെയ്യാനുള്ള ഒരാളാണിതു്... എന്റെ മെതിയടിയെവിടെ? - എടാ, കുറേ വെള്ളം കിട്ടുമോ?

(ഒരു പാത്രത്തിൽ വെള്ളവുമായി ഒരുവാല്യക്കാരൻ പ്രവേശിക്കുന്നു)

വരൂ മല്ലീ! കാലും മുഖവും കഴുകാം. എന്നിട്ടു വേണ്ടുംവണ്ണം വിശ്രമിച്ചു സന്തോഷിക്കു... എടാ, കുരുകുരുത്തംകെട്ട തെമ്മാടി! നീ അതു താഴത്തിട്ടു കളഞ്ഞോ? (അവനെ അടിക്കുന്നു)

അര:- അയ്യോ ക്ഷമിക്കണേ. അവൻ മനസ്സറിയാതെ വന്നുപോയ ഒരു കുറ്റമല്ലേ?

പാർത്ഥ:- കുരുത്തംകെട്ട കോമാളിക്കു പിറന്ന തെമ്മാടികളുടെ തെമ്മാടിയല്ലേ ഇവൻ? വരൂ, മല്ലീ! ഇരിക്കു. മല്ലിക്കു നല്ലവണ്ണം വിശക്കുന്നുണ്ടെന്ന് ഇനിക്കറിയാം. അതുകൊണ്ടു വല്ലതും കുറേ കഴിച്ചുകളയാം. ഇതെന്താണു്, വറ്റലു വറുത്തതൊ?

1-ാംവാല്യ:- അതേ.

പാർത്ഥ:- ഇതാരു വിളമ്പി?

1-ാംവാല്യ:- ഞാൻ.

പാർത്ഥ:- ഇതു കരിഞ്ഞുപോയി. ശേഷം ഉപ്പേരികളും അങ്ങനെതന്നെ. എന്തുനായിക്കളാണെടാ നിങ്ങൾ?- ഇതു പറഞ്ഞവനെവിടെ? എടാ തെമ്മാടികളെ, ഇങ്ങനത്തതുകൊണ്ടുവന്ന് എന്റെ മുൻപിൽ വിളമ്പാൻ നിങ്ങൾക്കു ധൈര്യമുണ്ടായല്ലോ. ഇതാ കൊണ്ടു പൊയ്ക്കോളീൻ.

(പാത്രത്തോടു വലിച്ചെറിയുന്നു)

 

നാലാം അങ്കം (70-74)

 

-70-


എടാ, സ്വാമിദ്രോഹികളേ! ആളുകളെ അറിഞ്ഞുകൂടാത്ത അധികപ്രസംഗികളെ! എന്താണു് നിന്നു മുറുമുറുക്കുന്നോ? ഞാനങ്ങോട്ടു വരട്ടെ, എല്ലാവർക്കും തന്നേക്കുന്നുണ്ടു്.

അര:- പ്രാണനാഥാ! കോപം അടക്കണേ. അങ്ങേയ്ക്കു വിരോധമില്ലെങ്കിൽ ഉപ്പേരിക്കു തരക്കേടൊന്നുമില്ല.

പാർത്ഥ:- അതു മൂത്തുകരിഞ്ഞുപോയതാണു്. ഇങ്ങനെയുള്ള ഉപ്പേരി ഒരിക്കലും ഉപയോഗിക്കരുതെന്നു വൈദ്യന്മാർ എന്നെ പ്രത്യേകം ശട്ടംകെട്ടിട്ടുണ്ടു്. അതു പിത്തത്തെ വർദ്ധിപ്പിച്ചിട്ടു കോപശീലത്തെ വളർത്തുന്നതാണു്. നാം രണ്ടാളും പ്രകൃത്യാതന്നെ കുറേശ്ശ കോപമുള്ളവരാകകൊണ്ടു നാം അതു ഭക്ഷി ക്കാതിരിക്കയാണു നന്നു്. കൂട്ടാക്കണ്ട, നാളെ ഒക്കെ നന്നാക്കിക്കളയാം. ഇന്നത്തേയ്ക്കു നാം ഉപവസിക്കയാണു ഭേദം. വരൂ, നമുക്കു നമ്മുടെ മണിവറയിലേയ്ക്കു പോകാം. (പാത്ഥസാരഥി, അരശമല്ലി, കട്ടാരി ഇവർ പോയി.)

ആണ്ടി:- അണ്ണാക്കുട്ടാ! നീ ഇങ്ങനെ ഇതിനു മുൻപിൽ എങ്ങാനും കണ്ടിട്ടുണ്ടോ?

അണ്ണ:- കലഹിച്ചുതന്നേ എജമാനൻ കൊച്ചമ്മയുടെ കലഹശീലത്തെ കൊല്ലുകയാണു്. (കട്ടാരി വീണ്ടും പ്രവേശിക്കുന്നു )

കൂമ:- എജമാന്നെവിടെ?

കട്ട:- -ശയനമുറിയിലാണു്. ക്ഷമാശീലത്തെക്കുറിച്ചു കൊച്ചമ്മയോടു പ്രസംഗിക്കയാണു്. ഇടയ്ക്കിടശകാരിക്കയും ആണയിടുകയും അസഭ്യം പറകയും ഒക്കയുണ്ടു്. പാവം കൊച്ചമ്മ, എങ്ങനെ നിൽക്കണമെന്നും എങ്ങോട്ടു നോക്കണമെന്നും എന്തു പറയണമെന്നും അറിയാതെ ക്നാവുകണ്ടേച്ചു് എണീറ്റതു പോലെ ഇരുന്നു പരുങ്ങുന്നു. പൊയ്ക്കോളീൻ, പൊയ്ക്കോളീൻ, എജമാനൻ വിളിച്ചേക്കും. (എല്ലാവരും പോയി.)

രണ്ടാം അരങ്ങു പാടലീപുരത്തിൽ പാവനാശയന്റെ ഭവനത്തിന്റെ മുൻവശം

(താണകനും ഹൃദ്യാംഗനും പ്രവേശിക്കുന്നു)

ത്രാണ:- അങ്ങനെ വരുന്നതാണോ, സ്നേഹിതൻ ലാസകാ?ആനന്ദവല്ലിക്കു ലോകസുന്ദരനിൽ അല്ലാതെ അനുരാഗം ഉണ്ടാകുമോ?ഞാൻ പരമാർത്ഥം പറയാം, എന്നെ കാണുമ്പോൾ ഒക്കയും വളരെ സന്തോഷമായിട്ടാണു തത്ര ഭവതിയുടെ ആചാരങ്ങൾ ഞാൻ കണ്ടിട്ടുള്ളതു്.

ഹൃദ്യ:- -ആര്യാ! ഞാൻ പറഞ്ഞതു നിങ്ങൾക്കു ബോദ്ധ്യമാകേണ്ടതിനു നമുക്കു മാറിനിന്നു് അയാൾ പടിപ്പിക്കുന്ന സംപ്രദായത്തെ ഒന്നു ശ്രദ്ധിക്കാം. (അവർ മാറി നിൽക്കുന്നു.)

-71-


(ആനന്ദവല്ലിയും ലോകസുന്ദരനും പ്രവേശിക്കുന്നു)

ലോക:- എന്നാൽ അമ്മേ! നിങ്ങൾക്കു പഠിപ്പു കൊണ്ടു പ്രയോജനമുണ്ടാകുന്നുണ്ടോ?

ആന:- ആചാര്യാ! അങ്ങെന്താണു വായിച്ചതു്? ഒന്നാമതു് അതിന്റെ അർത്ഥം ഒന്നു കേൾക്കട്ടെ.

ലോക:- ഞാൻ കാമശാസ്ത്രം അഭ്യസിച്ചിട്ടുണ്ടു് എന്നാണു വായിച്ചതു്".

ആന:- അങ്ങ് ആ ശാസ്ത്രത്തിൽ ആചാര്യനാണെന്നു തെളിയിക്കാനും കഴിയുമോ?

ലോക:- അതു അല്ലയോ പ്രിയതമേ! ഭവതി എൻറ മനസ്സിന്റെ ആചാര്യയായി തീരുമ്പോൾ ആകാം. (അവർ മാറിപ്പോയി)

ഹൃദ്യ:- -(മുൻപോട്ടു വന്നിട്ടു') ഹാ, എത്ര എളുപ്പമായിരിക്കുന്നു ഇവരുടെ ഏർപ്പാടുകൾ! ആനന്ദവല്ലി ലോകസുന്ദരനെപ്പോലെ ലോകത്തിൽ ഒരുത്തരേയും ആഗ്രഹിക്കയില്ലെന്നു കയ്യടിച്ചു പറഞ്ഞ നിങ്ങൾ ഇക്കണ്ടതിനെന്തു സമാധാനം പറയുന്നു?

ത്രാണ:- - അഹോനിന്ദ്യമായ അനുരാഗം! അസ്ഥിരകളായ അംഗനകൾ! ലാസകാ! ഇതാശ്ചര്യം തന്നെ.

ഹൃദ്യ:- -ഇനി ഇങ്ങനെ പിശകണ്ട. ഞാൻ ലാസകനോ ഞാൻ ഭാവിക്കുന്ന പ്രകാരം ഒരു ഭാഗവതരോ അല്ല. ഇത്ര അസത്തായ ഒരു ജന്തുവിനെ പ്രതി ഈ നീചവേഷം കെട്ടിയ എന്നെക്കുറിച്ചു തന്നെ ഇനിക്കിപ്പോൾ നിന്ദയായിരിക്കുന്നു. ആര്യാ ഞാൻ ഹൃദ്യാംഗനാണു്.

-72-


ത്രാണ:- ആര്യാ! ഹൃദ്യാംഗാ! നിങ്ങൾക്കും ആനന്ദവല്ലിയിൽ അസാമാന്യമായിട്ടുള്ള അനുരാഗത്തേക്കുറിച്ചു ഞാൻ പലപ്പോഴും കേട്ടിട്ടുണ്ടു്. എന്നാൽ അവളുടെ അല്പത്വം ഇപ്പോൾ ഞാനും കണ്ടുബോധിക്കാൻ ഇടയായതുകൊണ്ടു ഞാനും നിങ്ങളോടുകൂടി ആനന്ദവല്ലിയേയും അവളുടെ അനുരാഗത്തേയും എന്നേക്കുമായി ഉപേക്ഷിച്ചിരിക്കുന്നു.

ഹൃദ്യ:- കണ്ടില്ലേ അവർ തമ്മിലുള്ള കൊഞ്ചലും കുഴഞ്ഞാട്ടവും എല്ലാം. ആര്യാ ലോകസുന്ദരാ ഇതാ ഞാൻ കയ്യടിക്കുന്നു. ഇനി മേലാൽ ഒരിക്കലും ഞാൻ അവളെ ആഗ്രഹിക്കുന്നതല്ല. ഞാൻ ഇതേവരെ അവളിൽ ഉണ്ടെന്നു ഭ്രമിച്ചു പ്രശംസിച്ചുകൊണ്ടു നടന്ന ഗുണങ്ങളിൽ ഒന്നിനും അവൾ അർഹയല്ലായ്കയാൽ അവളെ ഞാൻ സത്യമായി ഉപേക്ഷിച്ചിരിക്കുന്നു.

ത്രാണ:- ഞാനും അങ്ങനെതന്നെ. അവൾ കാലുപിടിച്ചു അപേക്ഷിച്ചാലും ഇനി ഒരിക്കലും അവളെ വിവാഹം ചെയ്യുന്നതല്ലെന്നു സത്യം ചെയ്യുന്നു.

ഹൃദ്യ:- ആ ധൂളിയെ എല്ലാവരും ഇങ്ങനെ ഉപേക്ഷിച്ചെങ്കിൽ നമുക്കു നല്ല തൃപ്തിയായിരുന്നു. ഞാൻ എന്റെ സത്യത്തെ പാലിക്കാനായി ഇന്നേക്കു മൂന്നാം ദിവസം ഇവിടെ നല്ല കോപ്പുകാരത്തിയും ഞാൻ ഈ നിന്ദനിറഞ്ഞ ഇവളെ ആഗ്രഹിച്ചതുപോലെ എന്നെ വളരെ നാളായി ആഗ്രഹിക്കുന്നവളുമായ ഒരു സ്ത്രീയേ കല്യാണം കഴിക്കാൻ പോകയാണു്. അതുകൊണ്ടു്, ആര്യലോകസുന്ദരാ! വന്ദനം. സ്ത്രീകളെ അവരുടെ സൌന്ദര്യത്തെ വിചാരിച്ചല്ല മര്യാദയെ വിചാരിച്ചാണു് ഇനി ഞാൻ സ്നേഹിക്കുന്നതു്. അതുകൊണ്ടു ഞാൻ സത്യം ചെയ്തിട്ടുള്ളതിൻപ്രകാരം നടത്തുമെന്നുള്ള നിശ്ചയത്തോടുകൂടി ഇപ്പോൾ യാത്ര പറയുന്നു. (ഹൃദ്യാംഗൻ പോയി.)

(ലോകസുന്ദരനും ആനന്ദവല്ലിയും മുൻപോട്ടു വരുന്നു.)

ത്രാണ:- കൊച്ചമ്മേ! ഞാൻ ഹൃദ്യാംഗനോടുകൂടി ഇവിടത്തെ സത്യം ചെയ്തു് ഒഴിഞ്ഞിരിക്കുന്നു.

ആന:- ത്രാണകാ! നീ നേരംപോക്കു പറകയാണു്. നിങ്ങൾ രണ്ടാളും എന്നെ ഉപേക്ഷിച്ചോ?

ത്രാണ:- ഉവ്വ് കൊച്ചമ്മേ!

ലോക:- എന്നാലിനി നമുക്കു ലാസകനേക്കൊണ്ടുള്ള ഉപദ്രവമില്ലല്ലൊ.

-73-


ത്രാണ:- അദ്ദേഹത്തിനു നല്ല സമ്പത്തും സന്തുഷ്ടിയുമുള്ള ഒരു സ്ത്രീ വേറെയുണ്ടു്. ഇന്നോ നാളയോ കല്യാണവും നടക്കും.

ആന:- അവര്‍ക്കു അന്യോന്യം പ്രണയം വർദ്ധിച്ചുവരട്ടെ.

(പണ്ടുങ്കി ഓടി പ്രവേശിക്കുന്നു)

പണ്ടു:- എജമാന്നേ! എജമാന്നേ! ഞാൻ കാത്തിരുന്നു കാത്തിരുന്നു കഷണിച്ച് ഒടുവിൽ നമ്മുടെ കാര്യം കാണാൻ തക്ക ഒരു കഴുവുമരത്തെ കണ്ടുകിട്ടി,

ത്രാണ:- അവൻ ആരാണു പണ്ടുങ്കീ?

പണ്ടു:- -എജമാന്നേ! കച്ചവടക്കാരനോ കാശിവാസിയോ ഇനിക്കറിഞ്ഞുകൂട. കണ്ടാൽ ഒരച്ഛനാണെന്നുതന്നെ തോന്നും,

ലോക:- അയാളെക്കൊണ്ടെന്തു കാര്യമാണു ത്രാണകാ?

ത്രാണ:- പറയുന്നതു കേൾക്കുന്നവനാണെങ്കിൽ അയാളെ ഞാൻ വിഘനേശ്വരച്ചെട്ടിയാരാക്കിത്തീർത്തു പാവനാശയച്ചെട്ടിയാര്‍ക്കു കരാറെഴുതിക്കൊടുപ്പിക്കും. (ലോകസുന്ദരനും ആനന്ദവല്ലിയും പോയി.)

(കാശിവാസി പ്രവേശിക്കുന്നു.)

കാശി:- ഈശ്വരോ രക്ഷതു.

-74-


ത്രാണ:- അങ്ങേയ്ക്കു സ്വാഗതം. അങ്ങേ ദേശാടനം ഇവിടംകൊണ്ടു് അവസാനിപ്പിച്ചുവോ, അതല്ല ഇവിടെ നിന്നും ഭാവമുണ്ടോ?

കാശി:- ഇനി രണ്ടുകൊല്ലംകൂടി നടന്നാൽ ഒരു വിധം അവസാനിപ്പിക്കാമെന്നു തോന്നുന്നു. കുംഭകോണം, തിരുപ്പതി, കാവേരി ഇതൊക്കെയും ദർശിക്കാനുണ്ടു്. ഭഗവൽകൃപകൊണ്ടു് ആയുസ്സുണ്ടെങ്കിൽ രാമേശ്വരത്തുകൂടെ സ്‌നാനം കഴിച്ചിട്ടുവേണം മതിയാക്കാനെന്നാണുവെച്ചിരിക്കുന്നതു്.

ത്രാണ:- സ്വദേശം ഏതാണു ?

കാശി:- മന്ധരമാണ്.

ത്രാണ:- മന്ധരമോ?... അയ്യോ, എന്റ ഭഗവാനേ എന്നിട്ടും പ്രാണനെക്കുറിച്ചു ലേശവും വിചാരം കൂടാതെ പാടലീപുരത്തിൽ കടന്നു നടക്കയോ?

കാശി:- പ്രാണഭയമോ? അതെന്താണെന്നു് ഇനിക്കു മനസ്സിലായില്ല. വല്ലതും ഉണ്ടെങ്കിൽ, ആര്യാ! വേഗം പറയണേ.

ത്രാണ:- മറ്റൊന്നുമില്ല. മന്ധരദേശക്കാരിൽ ആരെങ്കിലും പാടലീപുരത്തു കടന്നാൽ കഴുത്തുവെട്ടിക്കളയും. കാരണം അറിഞ്ഞിട്ടില്ലേ? മന്ധരദേശത്തു വന്ന കപ്പലുകൾ എല്ലാം തുറമുഖത്തു തടവുചെയ്തിരിക്കുന്നു. ഇവിടുത്തെ രാജാവിനു മന്ധരരാജാവിനോടു സംഗതിവശാൽ ഉണ്ടായ വിരോധം നിമിത്തം ഇങ്ങനെ വിളംബരം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നതാണു്. അങ്ങ് ഈ വിവരം അറിയാതിരുന്നതു ആശ്ചര്യം തന്നെ. ഇപ്പോൾ വന്നെത്തിയതേയുള്ളല്ലോ, അല്ലെങ്കിൽ ഇതു കേൾക്കാതിരിക്കാൻ ഇടയില്ല.

കാശി:- ആര്യാ ഇതിനിക്കു വലിയ സങ്കടമായല്ലോ. വിശേഷിച്ചും എന്റെ ചെലവിലേയ്ക്കുള്ള പണത്തിനു് ഇവിടെ മാറിക്കിട്ടേണ്ടതായ ഒരുണ്ടിയലും എന്റെ കൈവശമുണ്ട്.

ത്രാണ:- എന്നാൽ ഞാൻ അങ്ങേയ്ക്ക് ഒരുപകാരം ചെയ്യാം. മറ്റുവല്ല നിവൃത്തിയും ഉണ്ടെന്നു തോന്നുന്നില്ല. അങ്ങ് എന്നെങ്കിലും പാശീപുരത്തിൽ പോയിട്ടുണ്ടോ?

കാശി:- ഉവ്വ്, കൊള്ളാവുന്നവരായ കുടിയാനവന്മാരെക്കൊണ്ടു വളരെ പ്രസിദ്ധിയുള്ള പാടലീപുരത്തിൽ ഞാൻ പലപ്പോഴും പോയിട്ടുണ്ടു്.

ത്രാണ:- അവരിൽ വിഘ്നേശ്വരച്ചെട്ടിയാർ എന്നൊരാളെ അറിയുമോ?

കാശി:- അദ്ദേഹത്തെ ഞാൻ അറിയുകയില്ലെങ്കിലും ധാരാളം കേട്ടിട്ടുണ്ട്. ഒരു കോടിലക്ഷപ്രഭുവായ വര്‍ത്തകനല്ലേ?

ത്രാണ:- അദ്ദേഹം എന്റെ അച്ഛനാണ്. പരമാര്‍ത്ഥം പറഞ്ഞാൽ മുഖച്ഛായയിൽ അങ്ങുമായി ഒരു വിധം സാമ്യവുമുണ്ടു്. ഈ അപകടത്തിൽനിന്ന് അങ്ങേ രക്ഷിക്കുന്നതിനായിട്ടു ഞാൻ ഇങ്ങനെ ചെയ്യാം. അങ്ങു വിഘ്നേശ്വരച്ചെട്ടിയാരോട്ട് ഒരുവക സാമ്യമുള്ളവനായതു സാമാന്യമായിട്ടുള്ള ഒരു ഭാഗ്യമല്ല.അദ്ദേഹത്തിന്റെ പേരും ഭാവവും അങ്ങു സ്വീകരിച്ചുകൊള്ളണം. എന്റെ വീട്ടിൽ സുഖമായി പാര്‍ക്കയും ചെയ്യാം. ക്രമമായിട്ടൊക്കെ ഇരിക്കണം. മനസ്സിലായല്ലൊ- ഇങ്ങനെ അങ്ങേയ്ക്ക് ഈ പട്ടണത്തിൽ നടത്താനുള്ള കാര്യങ്ങൾ നടത്തിക്കഴിയുന്നതുവരെ താമസിക്കാം. ഇതിനു വിരോധമില്ലെങ്കിൽ ഇങ്ങനെ ചെയ്യണം.

കാശി:- അയ്യോ! ഇനിക്കു യാതൊരു വിരോധവുമില്ല. നിങ്ങളെ ഞാൻ എന്റെ പ്രാണരക്ഷിതാവായി എന്നേക്കും സ്മരിക്കുന്നതുമാണു്.

ത്രാണ:- എന്നാൽ പോകാം. ഒരു കാര്യംകൂടി ഓര്‍ത്തിരിക്കേണ്ടതുണ്ടു്. അച്ഛൻ വിശേഷാൽ ഒരു കാര്യമായിട്ടു് ഇന്നോ നാളെയോ ഇവിടെ എത്താതിരിക്കയില്ല. ഇതിനെക്കുറിച്ചെല്ലാം വിവരമായി പിന്നെ പറയാം.

(എല്ലാവരും പോയി)

 

നാലാം അങ്കം (75-78)

 

-75-


മൂന്നാം അരങ്ങു് - പാർത്ഥസാരഥിയുടെ ഭവനത്തിൽ ഒരു മുറി


(അരശമല്ലി, കൂമരൻ ഇവർ പ്രവേശിക്കുന്നു.)

കൂമ:- ഇല്ലില്ല. സത്യമായിട്ട് എൻറെ ജീവനാണ എനിക്കു ധൈര്യമില്ല.

അര:- എന്റെ കഷ്ടപ്പാടിനു തക്കവണ്ണം അദ്ദേഹത്തിന്റെ വിരോധവും വർദ്ധിക്കുന്നുണ്ടെന്നു അദ്ദേഹം എന്തിനാണ് ഇങ്ങനെ തോന്നുന്നു. പട്ടിണിയിട്ടു കൊല്ലാനായിട്ടോ എന്നെ കല്യാണം കഴിച്ചതു്? എന്റെ അച്ഛന്റെ പടിക്കൽ വരുന്ന പിച്ചക്കാർക്കു പോലും അവർ ഇരന്നാലുടനെ വല്ലതും കൊടുക്കയാണല്ലൊ പതിവു്. എന്നാൽ ഇരക്കാൻ ഒരിക്കലും ശീലിച്ചിട്ടില്ലാത്തവളും അതിനു് ഒട്ടും ആവശ്യപ്പെട്ടിട്ടില്ലാത്തവളും ആയ ഞാൻ ഇതാ പട്ടിണി കിടക്കുന്നു. ഉറങ്ങാഞ്ഞു തല കറങ്ങുന്നു. ആണയും അട്ടഹാസവുംകൊണ്ടു് ഒരിക്കലും സ്വൈരമില്ല. ഇനിക്കു് ഈ ഞെരുക്കങ്ങളെക്കാൾ ഒക്കെയും അധികം വ്യസനകരമായിരിക്കുന്നതു്, അദ്ദേഹം ഇതെല്ലാം പരിപൂർണ്ണ സ്നേഹത്തിന്റെ പേരുപറഞ്ഞുംകൊണ്ടു ചെയ്യുന്നതാണു്. ഞാന്‍ ഉണ്ണാതെയും ഉറങ്ങാതെയും ഇരുന്നാൽ വല്ലാത്ത രോഗം വല്ലതും പിടിപെടുകയോ ഉടനെ മരിച്ചുപോകയോ ചെയ്യുമെന്നു് ആരോടാണു പറയേണ്ടതു്? അതുകൊണ്ടു, നീ ചെന്നു് ഇനിക്കു തിന്നുന്നതിനു് എന്തെങ്കിലും കൊണ്ടുവാ. എന്തൊരു പദാർത്ഥമായാലും വിരോധമില്ല.

കൂമ:- ഒരു മുറി കണ്ണൻവാഴയ്ക്കാ ചുട്ടതും അസാരം ഇന്തുപ്പും ആയാലെന്താ?

അര:- അതു ധാരാളം മതി. വേഗം ചെന്നു കൊണ്ടുവാ.

കൂമ:- ഇന്തുപ്പു് ഉഷ്‌ണമാണെന്നാ പറയുന്നതു്.

-76-


അര:- എന്നാൽ വാഴയ്ക്കാ മതി. ഇന്തുപ്പു വേണ്ടാ.

കൂമ:- ഹെയ്‌! അതു പാടില്ല. ഇന്തുപ്പു കൂടാതെ വാഴയ്ക്കാ തിന്നുകൂടാ.

അര:- എന്നാൽ രണ്ടുംകൂടിയോ, ഒന്നുതന്നെയോ, അല്ലെങ്കിൽ നിനക്കു ബോധിച്ചതു്! എന്തെങ്കിലുമോ താ,

കൂമ:- എന്നാൽ വാഴയ്ക്കാ കൂടാതെ ഇന്തുപ്പാട്ടെ.

അര:- പോടാ, കുറുനരിക്കള്ളാ! പോ. (അവനെ അടിക്കുന്നു.) തിന്മാനുള്ള വസ്തുവിന്റെ പേരു പറഞ്ഞുതന്നെ എന്റെ വിശപ്പം തീർക്കാമെന്നാണല്ലേ നീ വിചാരിക്കുന്നതു്? നീയും എന്റെ ഈ അരിഷ്ടത കണ്ടു് സന്തോഷിക്കുന്ന നിന്റെ കൂട്ടുകാരും എല്ലാം മുടിഞ്ഞുപോകും. പോടാ അവിടുന്ന്, പോകാനാ ഞാൻ പറഞ്ഞതു്.

(പാർത്ഥസാരഥി ഒരു പാത്രം പലഹാരവുംകൊണ്ടു് ഹൃദ്യാംഗനും ഒരുമിച്ചു പ്രവേശിക്കുന്നു.)

പാർത്ഥ:- എന്റെ മില്ലിയ്ക്കെന്താ, സൗഖ്യംതന്നെയല്ലേ?

ഹൃദ്യ:- അരശമല്ലിയമ്മേ! പിന്നെ എന്തുള്ളു വിശേഷം?

അര:- ഇനിക്കൊന്നും അറിഞ്ഞുകൂടാ.

പാർത്ഥ:- ഹെയ്! മല്ലിയുടെ മുഖം ഒന്നു തെളിഞ്ഞു കാണട്ടെ. എന്റെ മുഖത്തുതന്നെ സന്തോഷമായിട്ടു് ഒന്നു നോക്കൂ. ഭവതിക്കു ഞാൻ തന്നെ പലഹാരം എടുത്തുകൊണ്ടുവന്നതു ഭവതി കണ്ടില്ലേ?

(പലഹാരപാത്രം ഒരു പീഠത്തിന്മേൽ വന്നു.)

-77-


എന്റെ ഈ ശ്രമത്തിനായി ഭവതി ഇനിക്കു വന്ദനം പറയാനുള്ളതാണു് എന്തു്! ഒരുവസ്തു മിണ്ടാൻ ഭാവമില്ലേ? എന്നാൽ ഭവതിക്കും ഇതിഷ്ടമില്ലായിരിക്കും. എന്റെ പ്രയത്നമെല്ലാം നിഷ്ഫലമാകയും ചെയ്തു. ഇതാ, ഈ പാത്രം എടുത്തു കൊണ്ടുപോടാ.

അര:- അതവിടെ ഇരുന്നോട്ടെ.

പാർത്ഥ:- എത്ര മോശപ്പെട്ട പ്രയത്നത്തേയും വന്ദനം പറഞ്ഞു് അഭിനന്ദിക്ക പതിവുള്ളതാണു്. ഇങ്ങനെ എന്റെ പ്രയത്നത്തേയും അഭിനന്ദിക്കണം. ഭവതി പലഹാരത്തിന്മേൽ തൊടുന്നതിനു മുമ്പായി.

അര:- അങ്ങേക്കു വന്ദനം.

ഹൃദ്യ:- ഹേ! പാത്ഥസാരഥിച്ചെട്ടിയാരെ! നിങ്ങളെയാണു കുറ്റം പറയേണ്ടതു്, വരീൻ അരശമല്ലിയമ്മേ! ഞാനുംകൂടി തിന്നാം.

പാർത്ഥ:- (അചവാര്യ) ഹൃദ്യാംഗാ! നിങ്ങൾക്കും എന്നെക്കുറിച്ചു സ്നേഹമുണ്ടെങ്കിൽ ക്ഷണത്തിൽഅതെല്ലാം തിന്നുതീർക്കൂ... മല്ലി! തിന്നോളു. അതു ഭവതിയുടെ ദേഹപ്രകൃതിക്കു വളരെ നല്ലതാണു്... എന്നാൽ ഇപ്പോൾ എന്റെ പ്രാണപ്രിയേ! നമുക്കു ഭവതിയുടെ അച്ഛന്റെ വീട്ടിലേക്കു പോകയല്ലേ? അവിടെ കല്യാണമാണല്ലൊ. നമ്മുടെ വിലതീരാത്ത ആഭരണങ്ങളും വസ്ത്രങ്ങളും എല്ലാം അണിഞ്ഞു വേണം പോകാൻ. എന്താ! ഭക്ഷണം കഴിഞ്ഞോ? എന്നാൽ തയ്യൽക്കാരനല്ലേ കാത്തുനിൽക്കുന്നതു്, ഭവതിക്ക് ഒരു നിരാള റവുക്ക ഉണ്ടാക്കാൻ.

(തയ്യൽക്കാരൻ പ്രവേശിക്കുന്നു )

വാടാ, തയ്യൽക്കാരാ! എന്തെല്ലാമാണു കൊണ്ടു വന്നിട്ടുള്ളതു്? റവുക്ക കാണട്ടെ. (കച്ചവടക്കാരൻ പ്രവേശിക്കുന്നു.) താൻ എന്തിനു വന്നുകൂവേ?

കച്ച:- ഇവിടുന്ന് ഉത്തരവായിട്ടുള്ള തൊപ്പിയുംകൊണ്ടു വരികയായിരുന്നു.

പാർത്ഥ:- ച്ഛേ! ഇതാണോ തൊപ്പി? ഇതു വല്ല ചട്ടിയുടെയോ മറ്റോ കണക്കു പിടിച്ചു് ഉണ്ടാക്കിയതാണോ? കളിക്കുന്നോ? കൊണ്ടുചെന്നു കളയു. ഇനിക്കു പിടിച്ചില്ല. പോയി കുറച്ചുകൂടി വലിപ്പമായിട്ട് ഒന്നു കൊണ്ടുവരൂ.

അര:- ഇതിൽ വലിപ്പമുള്ളത് ഇനിക്കു വേണമെന്നില്ല. ഇതാണു ഇക്കാലത്തിനു പറ്റിയതു്. കൊള്ളാവുന്ന സ്ത്രീജനങ്ങൾ ഈവക തൊപ്പിതന്നെയാണു് ഇപ്പോൾ ധരിക്കാറുള്ളതും.

പാർത്ഥ:- കൊള്ളാവുന്നവളാകുന്ന കാലത്തു ഭവതിക്കും ഒന്നുണ്ടാക്കാം. അതുവരെ പാടില്ല.

ഹൃദ്യ:- (അപവാര്യ) അതത്ര എളുപ്പം ഉണ്ടാകുന്നതുമല്ല.

-78-


അര:- ആര്യാ! ഇനിക്കു പറയാൻ അനുവാദമുണ്ടെന്നു ഞാൻ വിശ്വസിക്കുന്നു. ഇനി പറയാതെ നിവൃത്തിയുമില്ല. ഞാൻ ഒരു കുട്ടിയല്ല. നിങ്ങളെക്കാൾ വലിയവരും, ഞാൻ എന്റെ അഭിപ്രായം പറയുന്നതു ക്ഷമയോടുകൂടി കേട്ടിട്ടുണ്ട്. നിങ്ങൾക്കു് അതു പാടില്ലെങ്കിൽ ചെവി പൊത്തിക്കൊള്ളണം. എന്റെ മനസ്സിലെ കോപത്തെ എന്റെ നാവു കൊണ്ടു വെളിപ്പെടുത്താതിരിക്കാൻ നിവൃത്തിയില്ല. അല്ലെങ്കിൽ എന്റെ മനസ്സ് ഇതിനെ അടക്കിവച്ചുകൊണ്ടിരുന്നു പൊട്ടിപ്പോകും. അതു കൊണ്ടു ഞാൻ വാക്കിൽ ഇനിക്കുള്ള സ്വാതന്ത്ര്യം അശേഷം പ്രയോഗിക്കും.

പാർത്ഥ:- ഉവ്വ്, ഭവതി പറയുന്നതു നേരാണല്ലൊ. ഇതാണോ തൊപ്പി? ഇതിനു വല്ലവരും തൊപ്പിയെന്നു പറയുമോ? ഭവതിക്കു് അതു് ഇഷ്ടമാകാഞ്ഞതു കൊണ്ടു തന്നെ ഭവതിയെ ഇനിക്കു വളരെ സ്നേഹമായിരിക്കുന്നു.

അര:- എന്നെ സ്നേഹിച്ചാലും കൊള്ളാം, സ്നേഹിച്ചില്ലെങ്കിലും കൊള്ളാം, തൊപ്പി ഇനിക്കു ബോധിച്ചതാണു്. ഇതുതന്നെ ഇനിക്കു കിട്ടാത്തപക്ഷം ഇനിക്കും ഒരു തൊപ്പിയും വേണ്ടതാനും. (കച്ചവട ക്കാരൻ പോയി.)

പാർത്ഥ:- എടാ, നിന്റെ റവുക്ക എവിടെ? ഓ ഉണ്ടല്ലൊ: അതൊന്നു കാണാം. അയ്യോ! ഈശ്വരാ! ഇതെന്തൊരു ഭാഷയാണു്? ഇങ്ങനെയാണോടാ റവുക്ക ഉണ്ടാക്കുന്നതു്? ഇതു പട്ടാണിച്ചികളുടെ പഴങ്കുപ്പായംപോലെ ഇരിക്കുന്നല്ലൊ... കഷ്ടം! ഇതു റവുക്ക ആണെന്ന് ആരു പറയുമെടാ?

ഹൃദ്യ:- (അപവാര്യ) ആഹാ! തൊപ്പിയെപ്പോലെ റവുക്കയും വേണ്ടെന്നുതന്നെയാണോ?

തയ്യ:- ഇപ്പോഴത്തെ ഭാഷ ഒപ്പിച്ചു ഭംഗിയായിട്ടും ശരിയായിട്ടും ഉണ്ടാക്കാനല്ലേ ഇവിടുന്നു ഉത്തരവായിരുന്നതു്?

പാർത്ഥ:- ഉവ്വ്, അതിനെന്താണു്? ഇങ്ങനെ ഒരു ഭാഷയും അല്ലാതെ ആക്കിത്തീര്‍ക്കാനല്ല ഞാൻ പറഞ്ഞതു്. പോ, കൊണ്ടപൊയ്ക്കോ, കൊണ്ടുചെന്ന് ആര്‍ക്കെങ്കിലും കൊടുത്തോ. ഞാൻ ഇനി മറ്റുവല്ലവരെയും കൊണ്ടു് ഉണ്ടാക്കിച്ചോളാം.

അര:- ഞാൻ ഇതിനെക്കാൾ നല്ലതായി കണ്ടിട്ടില്ല. ഇത്ര ഭംഗിയും, ഇത്ര ചേർച്ചയും, ഇട്ടാൽ ഇത്ര സുഖകരവും അയിട്ട്. അങ്ങേയ്ക്കു എന്നെ വെറുതെ കളിയാക്കണമെന്നാണെന്നു തോന്നുന്നു.

പാര്‍ത്ഥ:- അതേ, അങ്ങനെതന്നെ. അവൻ ഭവതിയെ കളിയാക്കാൻ കല്പിച്ചുകൂട്ടി കൊണ്ടുവന്നതാണു്.

തയ്യ:- ഇവിടുന്നു അവിടത്തെ കളിയാക്കുന്നു എന്നാണു് അവിടുന്നു പറഞ്ഞതു്

 

നാലാം അങ്കം (79-81)

 

-79-


പാര്‍ത്ഥ:- എടാ, അധികപ്രസംഗീ! നീ കള്ളമല്ലേടാ പറഞ്ഞതു്? നീ അത്ര മൂത്തുപോയോടാ? പഴന്തുണിക്കള്ളാ! എടാ, തൂശിക്കുഴക്കണ്ണാ! എടാ,. കത്രികക്കാലാ! നീ എന്റെ വീട്ടിൽ വന്നു നിന്നുംകൊണ്ടു് എന്നെക്കുറിച്ച് ഇങ്ങനെ കള്ളം പറയാറായോടാ? ഇറങ്ങെടാ എന്റെ പടിക്കു പുറത്തു്. ആഹാ! നീ എന്റെ റവുക്കയും ചീത്തയാക്കിക്കളഞ്ഞേച്ചു് എന്നെ നേരു പഠിപ്പിക്കാൻ വരുന്നോടാ?

തയ്യ:- ഇവിടുന്നു പരമാർത്ഥം അറിയാതെ ഉത്തരവാകയാണു്. റവുക്ക ഇവിടുന്ന കൂമരൻ തന്ന കണക്കിനു ഒപ്പിച്ചുതന്നെയാണ് ഉണ്ടാക്കീട്ടുള്ളതു്.

കൂമ:- ഞാൻ അവനു ഒരു കണക്കും കൊടുത്തിട്ടില്ല. ഞാൻ ശീലത്തരം മാത്രം കൊടുത്തു.

തയ്യ:- എങ്കിലും അതെങ്ങനെ ഉണ്ടാക്കേണമെന്നായിരുന്നു നിങ്ങളുടെ ഉദ്ദേശം?

കൂമ:- ഇതല്ലേ കൂത്തു്! തൂശിയും നൂലുംകൊണ്ടു്.

തയ്യ:- അതു വെട്ടിക്കാണണമെന്ന നിങ്ങൾപറഞ്ഞില്ലേ?

കൂമ:- എജമാന്നേ! ഞാൻ അവനോടു റവുക്ക വെട്ടണമെന്നല്ലാതെ അതു തുണ്ടം തുണ്ടമായി വെട്ടാൻ പറഞ്ഞിട്ടില്ല. നീ കള്ളം പറകയാണു്.

തയ്യ:- ഭാഷ ഉണ്ടല്ലോ. വിവരിച്ചിട്ടുള്ള ചാർത്തു ഇവിടെ ഉണ്ടല്ലോ.

പാര്‍ത്ഥ:- അതു വായിക്കു്.

കൂമ:- നിന്റെ ചാർത്തു ഞാൻ ഇന്നു തീർത്തുവെക്കും. ഞാൻ അങ്ങനെ പറഞ്ഞിട്ടുണ്ടെന്നു നീ പറകയാണെങ്കിൽ.

തയ്യ:- "അയവുള്ള റവുക്ക ഒന്നു്."

കൂമ:- എജമാന്നേ! അയവുള്ള പറഞ്ഞിട്ടുള്ളതാണെങ്കിൽ റവുക്കയെന്നു ഞാൻ. എന്നെ ചാവുന്നതുവരെ അടിച്ചോണം. ഒരു റവുക്കയെന്നാണു ഞാൻ പറഞ്ഞിട്ടുള്ളതു്.

പാര്‍ത്ഥ:- ശേഷംകൂടി കേൾക്കട്ടെ.

-80-


തയ്യ:- കഴുത്തു ഒതുങ്ങി.

കൂമ:- കഴുത്തിന്റെ കാര്യം ഞാൻ സമ്മതിച്ചു.

തയ്യ:- കൈ ചുരുങ്ങി.

കൂമ:- രണ്ടു കൈ വേണമെന്നു ഞാൻ പറഞ്ഞിട്ടുള്ളതാണു്.

തയ്യ:- കൈകൾ കൃത്രിമ ഭാഷയിൽ വെട്ടി.

പാര്‍ത്ഥ:- അതാ, അവിടെയാണു് തരവഴി.

കൂമ:- ചാർത്തു പിഴച്ചg എജമാന്നേ ചാർത്തുപിഴച്ചു. കൈകൾ വെട്ടി വീണ്ടും തൈച്ചു പിടിപ്പിക്കണമെന്നാണു് ഞാൻ പറഞ്ഞിട്ടുള്ളത്. നിന്റെ തൂശിയെല്ലാം എടുത്തുംകൊണ്ടു നേരിട്ടാലും നിന്നെക്കൊണ്ടു് അതു ഞാൻ സമ്മതിപ്പിക്കയും ചെയ്യും.
-81-


തയ്യ:- ഞാൻ പറയുന്നതു് സത്യമാണു്. മറ്റെങ്ങാനും വെച്ചായിരുന്നെങ്കിൽ കാണിച്ചു തരായിരുന്നു.

പാര്‍ത്ഥ:- ആട്ടെ, ചുരുക്കിപ്പറഞ്ഞാൽ മതിയല്ലൊ,റവുക്ക ഇനിക്കു വേണ്ട.

കൂമ:- അല്ലെങ്കിലും, കൊച്ചമ്മയ്ക്കല്ലേ എജമാന്നേ റവുക്ക?

പാര്‍ത്ഥ:- ഇതാ, റവുക്ക നീ തന്നെ കൊണ്ടുപോയി ഉപയോഗിച്ചോ.

കൂമ:- നോക്കെടാ എരപ്പാളി: എന്റെ കൊച്ചമ്മയുടെ റവുക്ക നീ കൊണ്ടുപോയിഉപയോഗിച്ചാലുണ്ടല്ലോ..

പാര്‍ത്ഥ:- (അപവാര്യ) ഹൃദ്യാംഗാ! തയ്യൽക്കാരനു കൂലി കൊടുത്തോളാമെന്നു് പറയൂ... എടാ! നിന്റെ റവുക്ക കൊണ്ടു പൊയ്ക്കോ. ഇനി ഒരക്ഷരം പറയരുത്.

ഹൃദ്യ:- എടാ തയ്യൽക്കാരാ! നിന്റെ റവുക്കയ്ക്കു കൂലി ഞാൻ നാളെത്തരാം. അദ്ദേഹത്തിന്റെ കോപം കൊണ്ടു വ്യസനിക്കണ്ട. പൊയ്ക്കോ.

(തയ്യൽക്കാരൻ പോയി)

പാർത്ഥ:- വരൂ; മല്ലി! നമുക്കു ഭവതിയുടെ അച്ഛന്റെ അവിടേക്കു പോകാം. വേഷം നമുക്കു് ഈ മോശപ്പെട്ടതൊക്കെത്തന്നെ മതി. നമ്മുടെ വേഷം മോശമായിരുന്നാലെന്താണ്? പണം കയ്യിലുണ്ടായിരുന്നാൽ പോരേ?മനസ്സിന്റെ സന്തോഷമല്ലേ പ്രമാണം. ആനയ്ക്കു മണി കെട്ടണമെന്നില്ലല്ലൊ. അതുപോലെതന്നെ മല്ലിക്കു വേഷം ഇതായതുകൊണ്ടു് ശോഭയോ ബഹുമതിക്കോ വല്ല കുറവുമുണ്ടോ? ലജ്ജയുണ്ടെങ്കിൽ എന്റെ കുറ്റമാണെന്നു പറഞ്ഞോളു. എന്നാൽ നമുക്കു പോകാം. വാല്യക്കാരെ എല്ലാം വിളിക്കൂ. കുതിരകളെ നടക്കാവിൽ കൊണ്ടുവരട്ടെ. അവിടെച്ചെന്നു നമുക്കു് കേറിക്കോളാം. അവിടംവരെ നടന്നു കളയാം. നോക്കട്ടെ, മണി ഏഴടിച്ചു കഴിഞ്ഞു, ഉച്ചയൂണിനു് അങ്ങെത്താം.

അര:- ഇപ്പോൾ മണി രണ്ടു കഴിഞ്ഞിരിക്കുന്നു. നാം അത്താഴത്തിനേ അവിടെ എത്തൂ.

പാർത്ഥ:- നാം കുതിരപ്പുുറത്തു കേറുമ്പേഴേക്ക് ഏഴുമണിയാകും. നോക്കു, ഞാൻ പറയുന്നതിനും ചെയ്യുന്നതിനും വിചാരിക്കുന്നതിനും ഒക്കെ ഭവതി ഇപ്പോഴും എതിരു പറകയാണല്ലോ. എന്നാൽ ഞാൻ ഇന്നു പോകുന്നില്ല. ഇനി എന്നെങ്കിലും ഞാൻ പോകണമെങ്കിൽ ഇത്രമണി ആയി എന്നു ഞാൻ പറഞ്ഞാൽ അങ്ങനെ തന്നെ ഇരിക്കണം.

ഹൃദ്യ:- (അപവാര്യ) ഈ വിദ്വാൻ ആദിത്യനേയും തന്റെ ആജ്ഞക്കീഴിൽ ആക്കുമെന്നാണ് തോന്നുന്നതു്. (എല്ലാവരും പോയി)

 

നാലാം അങ്കം (82-84)

 

-82-


നാലാം അരങ്ങു്- പാടലീപുരത്തിൽ പാവനാശയന്റെ ഭവനത്തിന്റെ മുൻവശം


(ത്രാണകൻ, വിഘ്‌നേശ്വരന്റെ വേഷത്തിൽ കാശിവാസി ഇവർ പ്രവേശിക്കുന്നു)

ത്രാണ:- ആര്യാ! ഇതാണ് വീടു്. ഞാൻ വിളിക്കുന്നതിനു വിരോധമില്ലല്ലൊ?

കാശി:- -ഒരു വിരോധവുമില്ല. ഒരു സംശയം തോന്നുന്നുണ്ടു്. പാവനാശയച്ചെട്ടിയാർ എന്നെ കണ്ട് ആളു മനസ്സിലാക്കിയേക്കുമോ എന്തോ? ഉദ്ദേശം ഇരുപതു കൊല്ലം മുൻപു് ഞങ്ങൾ ഉജ്ജയിനിയിൽ ഒരുമിച്ചു താമസിച്ചിട്ടുണ്ടു്.

ത്രാണ:- അതൊക്കെ ഇപ്പോൾ ആരാണു് ഓർക്കുന്നതു് അച്ഛന്റെ നാട്യങ്ങൾ ഒന്നും കുറയ്ക്കാൻ പോകണ്ട.

(പണ്ടുകി പ്രവേശിക്കുന്നു)

കാശി:- അങ്ങനെ തന്നെ. അല്ല, നിങ്ങളുടെ വാല്യക്കാരൻ അല്ലേ വരുന്നതു്. ഇവനെ കുറെ നല്ലവണ്ണം അഭ്യസിപ്പിക്കേണ്ടതുണ്ടു്.

ത്രാണ:- അവനെക്കുറിച്ചൊന്നും ഭയപ്പടേണ്ട. എടാ പണ്ടുങ്കി! നിന്റെ കൃത്യങ്ങളൊക്കെയും ശരിയായി ചെയ്യോണം, കേട്ടോ. ഇതു സാക്ഷാൽ വിഘ്നേശ്വരച്ചെട്ടിയാരാണെന്നു തന്നെ നിരൂപിച്ചോ.

പണ്ടു:- എന്നെക്കുറിച്ചൊരു പേടിയും വേണ്ട.

ത്രാണ:- നീ പാവനാശയച്ചെട്ടിയാരുടെ അടുക്കൽ ചെന്നു പറയാൻ പറഞ്ഞിരുന്നതു പറഞ്ഞോ?

പണ്ടു:- ഉവ്വ്, ഇവിടുത്തെ അച്ഛൻ വാണീശ്വരത്തു വന്നിട്ടുണ്ടെന്നും ഇന്നു പാടലീപുരത്തിൽ എത്തുമെന്ന് ഇവിടുന്നു കാത്തിരിക്കുന്നുണ്ടെന്നും ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു.

ത്രാണ:- കൊള്ളാം. നന്നായി. അല്ല പാവനാശച്ചെട്ടിയാരല്ലേ വരുന്നതു്? ആര്യാ കരുതി നിന്നോളു.

(പാവനാശയൻ ലോകസുന്ദരൻ ഇവർ പ്രവേശിക്കുന്നു)

ആര്യാ! വന്ദനം. ഇതാണു ഞാൻ പറഞ്ഞ ആൾ അഛാ! ആനന്ദവല്ലിയെ എന്റെ പൈതൃകാവകാശം പോലെ ഇനിക്കു കിട്ടാൻ വേണ്ട സഹായവും ചെയ്തു തരണമെന്നു ഞാൻ താഴ്‌മയായി അപേക്ഷിക്കുന്നു.

കാശി:- മതി മകനേ! ആര്യാ പാടലീപുരത്തിൽ കുറെ പണം കിട്ടാനുള്ളതു് പിരിക്കാനായി വന്നപ്പോൾ എന്റെ മകൻ ലോകസുന്ദരനും അങ്ങേ മകൾ ആനന്ദവല്ലിയും തമ്മിലുണ്ടായിരിക്കുന്ന പ്രണയത്തെക്കുറിച്ച് അറിവു കിട്ടി. എന്നാൽ ഇനിക്കു അങ്ങേക്കുറിച്ചു കേൾവികൊണ്ടു തന്നെ ഉണ്ടായിട്ടുള്ള ബഹുമാനവും അവർക്കു അന്യോന്യമുള്ള അനുരാഗത്തിന്റെ ദൃഢതയും ആലോചിച്ചാറെ, അവരെ അധികം താമസിപ്പിക്കാതിരിക്കയാണു് വേണ്ടതെന്നു അഭിപ്രായമായിരിക്കുന്നു. ആകയാൽ എന്റെ പിതൃസ്ഥാനത്തിൽ അവനു വേണ്ടി കരാറും ഞാൻ ചെയ്യേണ്ടതുണ്ടായിരുന്നാൽ അതിനെ ഞാൻ അത്യന്തം സന്തോഷപൂർവം ചെയ്യാൻ തയ്യാറായിരിക്കുന്നു. യോഗ്യനായിരിക്കുന്ന അങ്ങേ ബന്ധുവായിത്തീരുന്നതിൽ ഇനിക്കുള്ള തൃപ്തി വിശേഷിച്ചു പറയണമെന്നുമില്ലല്ലൊ.

-83-


പാവ:- ആര്യാ! ഇനിക്കു പറയാനുള്ളതുകൂടി പറയാം. അങ്ങു കാര്യത്തിന്റെ സാരഭാഗം ഇങ്ങനെ വെളിവായും വാക്കു ചുരുക്കിയും പറഞ്ഞതുതന്നെ ഇനിക്കു സന്തോഷമായിരിക്കുന്നു. അങ്ങേ മകനായ ഈ ലോകസുന്ദരനും എന്റെ മകളും അന്യോന്യം അനുരാഗത്തോടുകൂടിയിരിക്കുന്നു എന്നുള്ളതു യഥാര്‍ത്ഥമാണു്. ആകയാൽ അങ്ങ് അച്ഛനുചേരുന്നവണ്ണം അദ്ദേഹത്തിന്റെ അവകാശത്തെ അവൾക്കായി സ്ഥിരപ്പെടുത്തുന്നപക്ഷം പിന്നെ ഒന്നും പറയേണ്ടതില്ല. അങ്ങേ മകൻ ലോകസുന്ദരൻ എന്റെ മകൾ ആനന്ദവല്ലിയെ വിവാഹം ചെയ്യുന്നതിനു് എന്റെ പൂർണ്ണമായ സമ്മതമുണ്ടു്.

ത്രാണ:- അങ്ങേയ്ക്കു വന്ദനം. എന്നാൽ എവിടെവച്ചാണു് എഴുത്തുകുത്തു നടത്തേണ്ടതു്?

പാവ:- ഇവിടെവച്ചു പാടില്ല. ലോകസുന്ദരാ! എന്താണെന്നല്ലേ, ഇവിടെ വാല്യക്കാരും മറ്റും വളരെ ഉണ്ടു്. വൃദ്ധൻ ഗ്രാമേശൻ എപ്പോഴും ചെവിയോർത്തുംകൊണ്ടിരിക്കയുമാണു്. അങ്ങുമിങ്ങും പറഞ്ഞുകേട്ടു വെറുതേ വല്ല തടസ്ഥവും ഉണ്ടായേക്കും.

ത്രാണ:- എന്നാൽ, അങ്ങേയ്ക്കു വിരോധമില്ലെങ്കിൽ എന്റെ വിടുതിയിൽവെച്ചു ആകട്ടെ. അച്ഛൻ അവിടെയാണു ശയനം. അവിടെവച്ച് ഇന്നു രാത്രി ആരും അറിയാതെ നമുക്കു ഇതു നടത്തുകയും ചെയ്യാം. എന്നാൽ അങ്ങേമകളും അവിടെ എത്താനായി വാല്യക്കാരനെ പറഞ്ഞയയ്ക്കയല്ലെ?

പാവ:- അങ്ങനെ തന്നെ. കാംബുകാ! നീ വേഗം അകത്തേയ്ക്കു ചെന്നു ആനന്ദവല്ലി വരാൻപറ. വേണമെങ്കിൽ ഇവിടെ നടന്നെടത്തോളം സംഗതികൂടെ പറഞ്ഞക്കു്. ലോകസുന്ദരന്റെ അച്ഛൻ പാടലീപുരത്തിൽ എത്തിയിരിക്കുന്നു. അവൾക്കു് ഇന്നുതന്നെ ലോകസുന്ദരന്റെ ഭാര്യയായിത്തീരാവുന്നതാണു്, എന്നെല്ലാം.

ലോക:- അങ്ങനെതന്നെവരാൻ ഞാനും ഈശ്വരനെ പ്രാര്‍ത്ഥിക്കുന്നു.

ത്രാണ:- പ്രാര്‍ത്ഥിക്കുന്നതും മറ്റും പിന്നെ ആകാം. നീ ക്ഷണം പോ. എന്നാൽ നമുക്കു നടക്കയല്ലേ?

പാവ:- അങ്ങനെതന്നെ, നടക്കാം.

(ത്രാണകൻ, കാശിവാസി, പാവനാശയൻ ഇവർ പോയി.)

-84-


പണ്ടു:- കാംബുകാ!

ലോക:- എന്താണു്?

പണ്ടു:- എജമാനൻ കണ്ണിറുക്കിയതും ചിരിച്ചതും ഒക്കെ കണ്ടില്ലേ?

ലോക:- ഉവ്വ്, അതിനെന്താണ്?

പണ്ടു:- ഒന്നുമില്ല. പക്ഷേ അതിനര്‍ത്ഥമുണ്ട്. അതെല്ലാം വ്യാഖ്യാനിച്ചു കേൾപ്പിക്കാനാണ് എന്നെ ഇവിടെ ആക്കിയേച്ചു പോയിരിക്കുന്നതു്.

ലോക:- എന്നാൽ, വ്യാഖ്യാനിക്കു്, കേൾക്കട്ടെ.

പണ്ടു:- എന്നാൽ ഇങ്ങനെയാണ്. പാവനാശയച്ചെട്ടിയാർ കള്ളത്തന്തയുടെ കള്ളമകനുമായി സംസാരിക്കയാണു്.

ലോക:- അതിനെന്താണു്?

പണ്ടു:- അദ്ദേഹത്തിന്റെ മകളെ നീ അത്താഴത്തിനു തക്കവണ്ണം കൊണ്ടുവരണം.

ലോക:- പിന്നെ?

പണ്ടു:- ആ ആൽത്തറയുടെ അങ്ങേവശത്തു പാര്‍ക്കുന്ന വയസ്സൻ വാദ്ധ്യാരെ നീ എപ്പോൾ വിളിച്ചാലും വരികയില്ലേ?

ലോക:- ഇതെല്ലാംകൊണ്ട് എന്താണ്?

പണ്ടു:- -ഇനിക്കറിഞ്ഞുകൂടാ. അവരുകള്ളക്കരണം ഉണ്ടാക്കുകയാണു്. ശേഷം കാര്യങ്ങളൊന്നും തെറ്റാതെ നോക്കിക്കൊള്ളണം.

(രണ്ടാളും പോയി.)

 

നാലാം അങ്കം (85-87)

 

-85-


അഞ്ചാം അരങ്ങു ഒരു പെരുവഴി


(പാർത്ഥസാരഥി, അംശമല്ലി, ഹൃദ്യാംഗൻ ഇവർ പ്രവേശിക്കുന്നു)

പാർത്ഥ:- നമ്മുടെ അച്ഛന്റെ ഗൃഹത്തിൽ എത്താൻ ഇനി അധികം വഴിയില്ല. അയ്യ! ചന്ദ്രൻ എത്ര മനോഹരമായി ശോഭിക്കുന്നു!

അര:- ചന്ദ്രനോ? സൂര്യൻ. ഇപ്പോൾ ചന്ദ്രികയല്ലല്ലൊ, വെയിലല്ലെ?

പാത്ഥ:- ഇത്ര മനോഹരമായി ഈ പ്രകാശിക്കുന്നതു ചന്ദ്രനാണെന്നു ഞാനല്ലേ പറഞ്ഞതു്?

അര:- ഈ പ്രകാശിച്ചു കാണുന്നതു സൂര്യനാണെന്നാണു എന്റെ ബോധം

പാർത്ഥ:- എന്നാൽ, എന്റെ അമ്മയുടെ മകനാണ, അല്ലെങ്കിൽ എന്നാണ, ഇതു ചന്ദ്രനോ, നക്ഷത്രമൊ എന്താണെന്നാണു് ഇനിക്കു തോന്നുന്നതെന്നുവച്ചാൽ അതായിരിക്കണം. അല്ലെങ്കിൽ ഭവതിയുടെ അച്ഛന്റെ വീട്ടിലേയ്ക്കു യാത്ര പുറപ്പെടുന്നതിനു മുൻപിൽ- ആരെടാ, ഒരാൾ കുതിരയെ തിരിച്ചുകൊണ്ടു പോകട്ടെ. ആഹാ! എല്ലാക്കാര്യത്തിലും എതിരു തന്നെ എതിരു്‌, എതിരില്ലാതെ ഒന്നുമില്ലെന്നായോ?

ഹൃദ്യ:- -അദ്ദേഹം പറയുന്നതുപോലെ പറഞ്ഞേയ്ക്കു. അല്ലെ ങ്കിൽ നമുക്കു പോകാൻ തരമാകയില്ലെന്നു വരും.

അര:- മുൻപോട്ടുതന്നെ നടക്കാം, നാം ഇത്രടം വരികയും ചെയ്തല്ലൊ. ഇതു ചന്ദ്രനോ നക്ഷത്രമോ എന്തായിരിക്കണമെന്നാണു് ഇവിടുത്തെ ഇഷ്ടമെന്നുവച്ചാൽ അതായിരുന്നോട്ടെ. ഇത് ഒരു എരിപന്തമാണെന്നു പറയണമെന്നാണു് ഇവിടെ ഇഷ്ടമെങ്കിൽ ഞാൻ മേലാൽ അതിനെ അങ്ങനെ വിളിച്ചോളാമെന്നു് ഇതാ സത്യം ചെയ്യുന്നു.

പാർത്ഥ:- ഇതു ചന്ദ്രനാണെന്നാണ് ഞാൻ പറയുന്നതു്.

അര:- ഇതു ചന്ദ്രനാണെന്നാണ് എന്റെയും ബോധം..

-86-


പാർത്ഥ:- എന്നാൽ ഭവതി കള്ളമാണു ഇതു നല്ലൊരു സൂര്യനാണു്.

അര:- എന്നാൽ ഭഗവൽകൃപകൊണ്ടു ഇതു് സൂര്യൻതന്നെ. എങ്കിലും ഇവിടുന്ന് എപ്പോൾ ഇതു സൂര്യനല്ലെന്നു പറയുന്നുവോ അപ്പോൾ അതു സൂര്യനല്ല. ചന്ദ്രൻ ഇവിടുത്തെ മനസ്സിനു അനുസരണമായി മാറുകയും ചെയ്യും. അതിനു് എന്തു പേരു് ഇവിടുന്നു വിളിക്കുന്നുവോ അതു് അതുതന്നെ ആയിരിക്കും. അരശമല്ലിക്കും അതു് അങ്ങനെതന്നെ ആയിരിക്കും. .

ഹൃദ്യ:- സ്നേഹിതാ! ജയിച്ചു. ഇനി നടന്നോളു

പാർത്ഥ:- ആട്ടെ, നടക്കാം. നിൽക്കണേ, ഇതാരാ വരുന്നതു്?

(യാത്രാവേഷത്തിൽ വിഘ്നേശ്വരൻ പ്രവേശിക്കുന്നു.)

(വിഘ്നേശ്വരനോട്) അംഗനാരത്നമേ! വന്ദനം. എവിടേക്കാണു്? - മല്ലി പറയൂ. ഇത്ര സൌന്ദര്യമുണ്ടായിട്ടു് ഒരു യുവതിയെ ഭവതി കണ്ടിട്ടുണ്ടോ? നോക്കൂ, അവളുടെ മുഖത്തിന്റെ ശോഭ. അല്ലയോ അമരേന്ദ്രപത്നിക്കു സമാനയായുള്ളോവേ! ഭവതിക്കു വീണ്ടും വന്ദനം. മല്ലി! അവളുടെ അംഗലാവണ്യത്തെ വിചാരിച്ചു അവളെ ആശ്ലേഷിക്കൂ.

ഹൃദ്യ:- ഈ വിദ്വാൻ ആ കിഴവനെ യുവതിയാണെന്നും പറഞ്ഞു ഭ്രാന്തു പിടിപ്പിക്കുമെന്നാണു തോന്നുന്നതു്.

അര:-അല്ലയോ, അരുണാധരിയായ തരുണീമണീ! ഭവതി എവിടെനിന്നു വരുന്നു? അല്ലെങ്കിൽ ഏതു പുരത്തിനു ഭവതി അലങ്കാരമായി ഭവിക്കുന്നു? ഇത്ര സൌന്ദര്യം തികഞ്ഞ ഒരു കുട്ടിയുടെ മാതാപിതാക്കന്മാർ എത്ര ഭാഗ്യവാന്മാർ! ഭവതിയെ ഭാര്യയായി അനുഭവിക്കാൻമാത്രം പൂർവ്വപുണ്യഫലമുള്ള പുരുഷൻ അതിനേക്കാൾ എത്രയോ ഭാഗ്യവാൻ!

-87-


പാർത്ഥ:- മല്ലീ! എന്താണ്? ഭവതിക്കു ഭ്രാന്തിന്റെ ആരംഭം ഉണ്ടോ? ഇതു ജരയും നരയുംകൊണ്ടു പരവശനായ ഒരു കിഴവനാണു്. അല്ലാതെ ഭവതി പറയുന്നതുപോലെയുള്ള ഒരു യുവതിയല്ല

അര:- ക്ഷമിക്കണേ അമ്മാച്ചാ, ഞാൻ അത്ര സൂക്ഷിച്ചില്ല. വെയിലുകൊണ്ടു കണ്ണിനു അസാരം മൂടലുണ്ടായിരുന്നു. അതുകൊണ്ടു ഞാൻ നോക്കിയതെല്ലാം പച്ചയായിട്ടാണു കണ്ടതു്. എങ്കിലും ഇപ്പോൾ അവിടുന്ന് ഒരു വന്ദ്യനായ അമ്മാച്ചനാണെന്ന് ഇനിക്കു തെളിവായിരിക്കുന്നു. സ്ഥിരബുദ്ധിയുള്ളവര്‍ക്കു വരാത്തതായ എന്റെ ഈ പിഴയെ ക്ഷമിക്കണമെന്നു ഞാൻ അപേക്ഷിക്കുന്നു.

പാർത്ഥ:- അങ്ങുതന്നെ ചെയ്യണേ, അമ്മാച്ചാ! എവിടേക്കാണു യാത്രയെന്നും അറിഞ്ഞാൽ ഒരുമിച്ചാണെങ്കിൽ ഉത്സാഹമുണ്ടല്ലൊ.

വിഘ്ന‌:- സുമുഖനായ ആര്യാ! അസാധാരണമായ ഈ കൂടിക്കാഴ്ചകൊണ്ടു് എന്നെ അന്ധാളിപ്പിച്ച നേരംപോക്കുകാരത്തിയായ അമ്മേ! എന്റെ പേരു വിഘ്നേശ്വരനെന്നാണു്. പാർപ്പു പാശീപുരത്തിലാണ്. പാടലീപുരത്തിൽ പടിക്കാനായി പോയിത്താമസിക്കുന്ന ഒരു മകനെ കണ്ടിട്ടു കുറേക്കാലമായിരിക്കുന്നതുകൊണ്ടു് അവിടേക്കു പോകയുമാണു്.

പാർത്ഥ:- ആ മകന്റെ പേരെന്താണ്?

വിഘ്ന:- ലോകസുന്ദരനെന്നാണു്.

പാർത്ഥ:- തമ്മിൽ കണ്ടതു വളരെ സന്തോഷം, മകന്റെ കാര്യം വിചാരിച്ചാൽ അതിനേക്കാൾ സന്തോഷം. അതുകൊണ്ടു് ഇപ്പോൾ സംബന്ധം വിചാരിച്ചാലും വന്ദ്യമായ വയസ്ഥിതി നോക്കിയാലും ഞാൻ അങ്ങെ അച്ഛൻ എന്നു വിളിക്കുന്നതിനു് ഒരു തരക്കേടുമില്ല. എന്റെ ഭാര്യയായ ഈ അംഗനാമണിയുടെ സഹോദരിയെ ഇപ്പോൾ അങ്ങേ മകൻ കല്യാണം കഴിച്ചിരിക്കും. ആശ്ചര്യപ്പെടണ്ട, വ്യസനിക്കയും വേണ്ട, തത്ര ഭവതി നല്ല കൊള്ളാവുന്ന കൂട്ടത്തിലാണു്. സ്ത്രീധനം ഒട്ടും ചുരുങ്ങിയതല്ല. കുലമഹിമയും അങ്ങനെതന്നെ. എത്ര അന്തസ്സിൽ ഇരിക്കുന്ന ആളുകളുടേയും ഭാര്യയാകുവാൻ തക്കവണ്ണമുള്ള പടിപ്പുമുണ്ടു്. ഞാൻ അങ്ങേ ആശ്ലേഷിക്കട്ടെ. അങ്ങേ ഉത്തമനായ പുത്രനെ കാണാനായി നമുക്ക് ഒരുമിച്ചുതന്നെ പോകാം. നാം എത്തുമ്പോഴേയ്ക്ക് അദ്ദേഹത്തിനു് ആഹ്ളാദം മുഴുത്തിരിക്കയും

വിഘ്ന:- അല്ല, ഇതു നേരുതന്നെയാണോ? അതോ വെറുതേ വഴിപോക്കരെ കളിപ്പിക്കാനായി ചില കൂട്ടര്‍ക്കു പതിവുള്ള നേരംപോക്കുകളിൽ ഒന്നെന്നേയുള്ളോ?

ഹൃദാ:- അമ്മാച്ചാ! സംശയിക്കണ്ട.. കാര്യം വാസ്തവമാണു്.

പാർത്ഥ:- വരണം, നമുക്ക് ഒരുമിച്ചുചെന്നു് ഇതിന്റെ പരമാര്‍ത്ഥം അറിയാം. ഞങ്ങളുടെ ആദ്യത്തെ നേരമ്പോക്കു അങ്ങേയ്ക്ക് അല്പമായ സുഖക്കേടു തോന്നിച്ചിരിക്കണം.

(എല്ലാവരും പോയി.)

 

അഞ്ചാം അങ്കം (88-92)

 

-88-


അഞ്ചാം അങ്കം


ഒന്നാം അരങ്ങു- പാടലീപുരത്തിൽ ലോകസുന്ദരന്റെ ഭവനത്തിന്റെ മുൻവശം


(പണ്ടുങ്കി, ലോകസുന്ദരൻ, ആനന്ദവല്ലി, ഇവർ ഒരു വശത്തു പ്രവേശിക്കുന്നു. മറുവശത്തു ഗ്രാമേശൻ നടക്കുന്നു.)

പണ്ടു:- എജമാന്നേ! വേഗം വേഗം, വാദ്ധ്യാരു കാത്തിരിക്കുന്നു.

ലോക:- ഞാൻ ഓടിക്കോളാം. പണ്ടുങ്കീ! നിന്നെക്കൊണ്ടു് അവിടെ വല്ലതും കാര്യം ഉണ്ടായിരിക്കും. നീ പൊയ്ക്കോ.

(ലോക സുന്ദരൻ ആനന്ദവല്ലി, പണ്ടുങ്കി ഇവർ പോയി)

ഗ്രാമേ:- ഇത്രനേരം ആയിട്ടാകാംബുകൻ വന്നെത്താത്തതു് എന്താണെന്നും ഇനിക്കു് ആശ്ചര്യമായിരിക്കുന്നു.

(പാർത്ഥസാരഥി, അരശമല്ലി വിഘ്നേശ്വരൻ ഇവരും വാല്യക്കാരും പ്രവേശിക്കുന്നു)

പാർത്ഥ:- ആര്യാ! ഇതാണു വാതിൽ. ലോകസുന്ദരന്റെ വിടുതിയാണു് ഇതു്. എന്റെ അച്ഛന്റെ വീടു ചന്തയ്ക്കു കുറേക്കൂടെ അടുത്താണു്. ഇനിക്കു അങ്ങോട്ടു പോകണം. അതുകൊണ്ടു ഞാൻ പിരിയട്ടെ.

വിഘ്:- അതു പാടില്ല. ഊണു കഴിച്ചിട്ടു തന്നെ വേണം പോകാൻ. ഇവിടെ ചില വട്ടങ്ങളെല്ലാം ഉണ്ടാകാതെയിരിക്കയില്ല. (മുട്ടുന്നു )

ഗ്രാമേ:- അവർ അകത്തു കുറെ ബദ്ധപ്പാടിൽ ഇരിക്കയാണു്. അസാരം ഉറക്കെ മുട്ടു്.

(മുകളിൽ ഒരു ജന്നൽ വാതിൽക്കൽ കാശിവാസി പ്രവേശിക്കുന്നു)

-89-


കാശി:- ആരാണവിടെ മുട്ടുന്നതു് വാതിൽ പൊളിഞ്ഞു വീഴത്തക്കവണ്ണം?

വിഘ്:- ലോകസുന്ദരച്ചെട്ടിയാർ അകത്തുണ്ടോ ആര്യാ?

കാശി:- അദ്ദേഹം അകത്തുണ്ടു്, പക്ഷേ ഇപ്പോൾ കാണാനും പറയാനും ഇടയില്ല.

വിഘ്:- അദ്ദേഹത്തിനു വിരുന്നു കഴിക്കാനും മറ്റു ചിലവിലേക്കു പത്തോ നൂറോ പവനുംകൊണ്ടും ഒരാൾ വന്നിരിക്കയാണെങ്കിലൊ?

കാശി-:- തന്റെ നൂറു പവൻ കൈവശം വച്ചോളൂ. ഞാൻ ജീവനോടിരിക്കുന്ന കാലത്തോളം ലോകസുന്ദരനു് അതുകൊണ്ടു് ആവശ്യമില്ല.

പാർത്ഥ:- കണ്ടോ! ഞാൻ പറഞ്ഞില്ലേ? അങ്ങേ മകനെ പാടലീപുരത്തിൽ എല്ലാവക്കും വളരെ പക്ഷമാണു്. ...ഹേ ആര്യാ! കേട്ടൊ? പക്ഷ കളിയൊക്കെ കളഞ്ഞേച്ചു്, ലോകസുന്ദരച്ചെട്ടിയാരോട്ട് അദ്ദേഹത്തിന്റെ അച്ഛൻ പാശീപുരത്തിൽനിന്നു വന്നു് അദ്ദേഹത്തെ കണ്ടു സംസാരിക്കാനായി വാതിൽക്കൽ നിൽക്കുന്നു എന്ന പറയൂ.

കാശി:- താൻ കള്ളം പറകയാണു്, അദ്ദേഹത്തിന്റെ അച്ഛൻ പാശീപുരത്തിൽനിന്നു വന്നു് ഈ ജന്നലിൽക്കൂടി ഇതാ നോക്കിക്കൊണ്ടു നിൽക്കുന്നു.

വിഘ്:- നിങ്ങൾ അദ്ദേഹത്തിന്റെ അച്ഛനാണോ?

കാശി:-അതേ! അങ്ങനെയാണു് അദ്ദേഹത്തിന്റെ അമ്മ പറയുന്നതു്.

പാർത്ഥ:- (വിഘ് നേശ്വാനോട്) അല്ല! ഇതെന്താണുഹേ? നിങ്ങൾ വേറൊരാളിന്റെ പേരും എടുത്തുവന്നതു ശുദ്ധമേ തെമ്മാടിത്തരമല്ലേ?

കാശി:- അയാളെ പിടിച്ചോളിൻ. അയാൾ എന്റെ ഭാവം നടിച്ചുകൊണ്ടു നടന്നു് ഈ പട്ടണത്തിൽ ആരെയോ കളിപ്പിക്കാൻ വന്നവനാണു്.

(പണ്ടുങ്കി പ്രവേശിക്കുന്നു)

-90-


പണ്ടു:- വിവാഹം ഒരുവിധത്തിൽ ആരും അറിയാതെ ഇപ്പോൾ കഴിഞ്ഞിരിക്കും-അല്ല ഇതാരാണു ? വലിയെജമാന്നല്ലേ? ഓ, ഞങ്ങടെ കഥ കഴിഞ്ഞു.

വിഘ്:- (പണ്ടുങ്കിയെ കണ്ടിട്ടു്) എടാ ഇവിടെ വാടാ തന്തയില്ലാക്കഴുവേറീ!

പണ്ടു:- ഇനിക്കു വേറെ കാര്യമുണ്ടെങ്കിലോ?

വിഘ്:- ഇവിടെ വരാനല്ലേടാ പറഞ്ഞതു്, എരപ്പാളീ എന്തെടാ നീയെന്നെ മറന്നുപോയോ?

പണ്ടു:- നിങ്ങളെ മറന്നുപോയെന്നോ? ഇല്ലില്ല. ഞാൻ നിങ്ങളെ എങ്ങനെ മറക്കുന്നു? ഇതിനു മുൻപിൽ ഒരിക്കലും നമ്മൾ തമ്മിൽ കണ്ടിട്ടില്ലല്ലൊ.

വിഘ്:- എടാ തന്തയ്ക്കു മുമ്പേ ഉണ്ടായ തെമ്മാടി! നീ നിന്റെ യജമാനൻ അച്ഛൻ വിഘ്നേശ്വരച്ചെട്ടിയാരെ ഒരിക്കലും കണ്ടിട്ടില്ലെന്നോ?

പണ്ടു:- -ആരെ? ഞങ്ങടെ നല്ലോരു വലിയെജമാന്നെയോ? ഉവ്വ്. അവിടുന്നല്ലേ ജന്നലിൽക്കൂടെ നോക്കിക്കൊണ്ടു നിൽക്കുന്നതു്?

വിഘ്:- ആഹാ! അങ്ങനെതന്നെയാണു്, അല്ലേ? (പണ്ടുങ്കിയെ അടിക്കുന്നു )

പണ്ടു:- -ഓടിവരീനോ, ഓടിവരിനോ! ഒരു ഭ്രാന്തനിതാ എന്നെ കൊല്ലാൻ തുടങ്ങുന്നേ, ഓടിവരീനോ. (പോയി )

കാശി:- ഓടിവാ, മകനേ! ഓടിവരണേ പാവനാശയച്ചെട്ടിയാരേ! (ജന്നലിങ്കൽ നിന്നു പോയി)

പാർത്ഥ:- മല്ലി നമുക്കൊന്നു മാറിനിന്നുകളയാം, വാദത്തിന്റെ അവസാനം കാണാനായിട്ട്. [പാർത്ഥസാരഥി, അരശമല്ലി ഇവർ മാറിനിൽക്കുന്നു.]

-91-


(കാശിവാസി. പാവനാശയൻ, ത്രാണകൻ ഇവരും വാല്യക്കാരും താഴത്തു വീണ്ടും പ്രവേശിക്കുന്നു.)

ത്രാണ:- ആര്യാ! എന്റെ വാല്യക്കാരനെ അടിക്കാൻ തുടങ്ങുന്ന നിങ്ങൾ ആരാണു ?

വിഘ്:- ഞാനാരാണെന്നോ? അല്ല, നിയാരാണു?...... അയ്യോ, ജഗദീശ്വരാ! എടാ രസികൻ തെമ്മാടി! കസവു വേഷ്ടി പട്ടുകുപ്പായം! കിന്നരി വെച്ച തലപ്പാവു്! അയ്യോ, എന്റെ കാര്യം കഴിഞ്ഞു. ഇനി മുടിയാനൊന്നുമില്ല. ഞാൻ നേരാംവണ്ണം കഞ്ഞി പോലും കുടിക്കാതെ കിടന്നു സമ്പാദിക്കുന്നതെല്ലാം എന്റെ മകനും വാല്യക്കാരനും കൂടെ കൊണ്ടുവന്നു കളയുകയാണു്.

ത്രാണ:- ഇതെന്തു് അസംബന്ധമാണു്?

പാവ:- എന്താണു്. ഇയാൾക്കു ഭ്രാന്തുണ്ടോ?

ത്രാണ:- ആര്യാ! നിങ്ങൾ വേഷംകൊണ്ടു സുബോധത്തോടുകൂടിയ ഒരു കൊള്ളാവുന്ന ആളാണെന്നു തോന്നുന്നു, എങ്കിലും വാക്കുകൊണ്ടു ഭ്രാന്തനെന്നാണു കാണുന്നതു്. ഞാൻ മുത്തോ രത്നമോ എന്തെങ്കിലും അണിഞ്ഞിരുന്നെങ്കിൽ അതുകൊണ്ടു നിങ്ങൾക്കെന്താണു്? എന്റെ അച്ഛൻ അതിനു തക്കവണ്ണം കണ്ടിട്ടുണ്ട്.

വിഘ്:- നിന്റെ അച്ഛനോ? എടാ എരപ്പാളീ അവനു വേണാട്ടങ്ങാടിയിൽ വെറ്റിലക്കച്ചവടംആണല്ലൊ.

പാവ:- അങ്ങേക്കു തെറ്റിപ്പോയി, ആര്യാ! അങ്ങേക്കു തെറ്റിപ്പോയി. ഇദ്ദേഹത്തിന്റെ പേരെന്താണെന്നാണു് അങ്ങേക്കു തോന്നുന്നതു്? കേൾക്കട്ടെ.

വിഘ് :- ഇവന്റെ പേരോ? ഇവന്റെ പേരു ഞാൻ അറിഞ്ഞിട്ടില്ലാത്തതു പോട്ടെ. ഇവനു മൂന്നു വയസ്സായപ്പോൾ മുതൽ വളർത്തിയതു ഞാനാണല്ലൊ. ഇവൻറെ പേരു ത്രാണകൻ എന്നാണു്.

കാശി:- ഈ ഭ്രാന്തു പിടിച്ച കഴുതയെ പിടിച്ചു ദൂരെ ക്കൊണ്ടുചെന്നു കളയട്ടെ: അവന്റെ പേരു ലോകസുന്ദരനെന്നാണു്. അവൻ എന്റെ, എന്നു പറഞ്ഞാൽ വിഘ്നേശ്വരച്ചെട്ടിയാരുടെ ഏകപുത്രനും എന്റെ വസ്തുക്കൾക്കെല്ലാം അവകാശിയുമാണു്.

-92-


വിഘ്:- ലോകസുന്ദരനോ? അയ്യോ! അവൻ അവന്റെ എജമാന്നേ കൊന്നതാണു്. അവനെ ബന്തോവസ്തു ചെയ്യിൻ. മാളോരേ! സ്വാമിയാണ! നിങ്ങൾ അവനെ വിടാതെ... അയ്യോ! എന്റെ മകനേ! എന്റെ മകനേ! എടാ പഞ്ചമാപാതകാ! എന്റെ കുഞ്ഞു എവിടെയാണെന്നു പറയെടാ!

ത്രാണ:- ആരാണവിടെ? ഒരു പോലീസുകാരനെ വിളിക്കട്ടെ.

(ഒരു പോലീസുകാരനേയുംകൊണ്ട് ഒരാൾ പ്രവേശിക്കുന്നു )

എടോ! ഈ ഭ്രാന്തനെ സ്റ്റേഷനിൽ കൊണ്ടുപോയി ആക്കൂ.

വിഘ്:- എന്നെ സ്റ്റേഷനിൽ ആക്കാനോ?

ഗ്രാമേ:- എടാ പോലീസുകാരാ! നിൽക്കൂ. അയാളെ സ്റ്റേഷനിൽ ആക്കിക്കൂടാ.

പോലീ:- ഈ മനുഷ്യന്റെ പേരിലുള്ള കുറ്റമെന്താണു്?

പാവ:- ഗ്രാമേശച്ചെട്ടിയാർ സ്വസ്ഥമായിരിക്കണം. ഇയാളെ സ്റ്റേഷനിൽ ആക്കാതിരിക്കാൻ നിവൃത്തിയില്ല.

പോലീ:- ഇയാൾ മദ്യപാനം ചെയ്തിട്ടുണ്ടോ? അന്യായക്കാരനാരാണു്?

ഗ്രാമ:- പാവനാശയച്ചെട്ടിയാരെ, സൂക്ഷിച്ചു പ്രവർത്തിക്കണം. അല്ലെങ്കിൽ നിങ്ങൾക്കു അബദ്ധം പറ്റും. യഥാത്ഥത്തിലുള്ള വിഘ്നേശ്വരച്ചെട്ടിയാർ ഇതാണെന്നു ഞാൻ വേണമെങ്കിൽ സത്യം ചെയ്യാം.

കാശി:- അത്ര നിശ്ചയമുണ്ടെങ്കിൽ ഒന്നു സത്യം ചെയ്യം.

 

അഞ്ചാം അങ്കം (93-95)

 

-93-


ഗ്രാമേ:- ഇല്ല, അത്രയ്ക്കു ധൈര്യം പോരാ.

ത്രാണ:- എന്നാൽ ഞാൻ ലോകസുന്ദരനല്ലെന്നും നിങ്ങൾക്കു ധാരാളം പറയാമല്ലൊ.

ഗ്രാമേ:- നിങ്ങൾ ലോകസുന്ദരനാണെന്ന് ഇനിക്കു നിശ്ചയമുള്ളതല്ലേ?

പാവ:- കൊണ്ടുപോകട്ടെ, ജന്തുവിനെ, സ്റ്റേഷനിലേക്കു കൊണ്ടുപോകട്ടെ.

വിഘ്:- വല്ല ദിക്കീന്നും വരുന്നവരെ ഉപദ്രവിക്കാനും ശകാരിക്കാനും ആര്‍ക്കാ പ്രയാസം?...എടാ, എങ്ങുമില്ലാത്ത തെമ്മാടീ!

(ലോകസുന്ദരൻ, ആനന്ദവല്ലി ഇവരോടുകൂടി പണ്ടുങ്കി പ്രവേശിക്കുന്നു.)

പണ്ടു:- അയ്യോ! നമ്മുടെ കാര്യമെല്ലാം തുലഞ്ഞു. അതാ അവിടുന്നു നിൽക്കുന്നു. കണ്ടിട്ടില്ല, കേട്ടിട്ടില്ല എന്നെല്ലാം ഒഴിഞ്ഞുതന്നെ പറഞ്ഞോണം. അല്ലെങ്കിൽ നമ്മുടെ കഥയെല്ലാം കഴിയും.

ലോക:- (നമസ്ക്‌കരിച്ചിട്ടു) മാപ്പു തരണേ! ഇനിക്കെന്റെ പൊന്നച്ഛാ!

വിഘ്:- എന്റെ പൊന്നുംകുടത്തു മകൻ ജീവനോടിരിക്കുന്നോ?

(പണ്ടുങ്കി, ത്രാണകൻ, കാശിവാസി ഇവർ ഓടിപ്പോയി.)

ആന:- (നമസ്ക്കരിച്ചിട്ടു) അച്ഛാ! ഇനിക്കും മാപ്പ്.

-94-


പാവ:- നീ എന്തു കുറ്റം ചെയ്തു? ലോകസുന്ദരൻ എവിടെ?

ലോക:- ഇവിടെയുണ്ടു് ലോകസുന്ദരൻ. യഥാത്ഥ വിഘ്നേശ്വരന്റെ യഥാത്ഥപുത്രനും, അങ്ങേ മകളെ വിവാഹത്താൽ സ്വന്തമാക്കിയിരിക്കുന്നവനുമായ ലോകസുന്ദരൻ ഞാനാണു്.

വിഘ്:- തന്തയ്ക്കു മുമ്പേ ഉണ്ടായ ആ ത്രാണകൻ എവിടെ? അവൻ എന്നോടു് എന്തുമാത്രം ധിക്കാരം കാണിച്ചു കളഞ്ഞു.

പാവ:- അല്ല, ഇതെന്റെ കാംബുകനല്ലേ?

ആന:- കാംബുകൻ ലോകസുന്ദരനായി മാറിയിരിക്കുന്നു.

ലോക:- അനുരാഗമാണു് ഈ ആശ്ചര്യങ്ങളെല്ലാം പ്രവര്‍ത്തിച്ചതു്, ആനന്ദവല്ലിയെക്കുറിച്ചുള്ള അനുരാഗംകൊണ്ടു ഞാൻ ത്രാണകന്റെ വേഷം കൈക്കൊള്ളേണ്ടിവന്നു. അവനാണു് ഈ പട്ടണത്തിൽ ഇനിക്കു പകരം ലോകസുന്ദരനായി നടന്നതു്. ഒടുവിൽ ഭാഗ്യംകൊണ്ട് എന്റെ ആഗ്രഹം ഭംഗിയായി നിറവേറുകയും ചെയ്തു. ത്രാണകൻ ഇങ്ങനെ ചെയ്തത് എന്റെ നിർബ്ബന്ധം കൊണ്ടാണു്. ആകയാൽ എന്നെപ്രതി അച്ഛൻ അവനും മാപ്പ് കൊടുക്കണം

വിഘ്:- എന്നെ സ്റ്റേഷനിൽ അയയ്ക്കാൻ തുടങ്ങിയ ആ തെമ്മാടിയുടെ തലതല്ലിപ്പൊളിച്ചല്ലാതെ ഞാൻ അടങ്ങുകയില്ല.

പാവ:- (ലോകസുന്ദരനോടു) എന്നാൽ, ഹേ! ഹേ! നിങ്ങളോടൊരു കാര്യം ചോദിക്കുന്നു. നിങ്ങൾ എന്റെ സമ്മതം ചോദിക്കാതെ എന്റെ മകളെ വിവാഹം ചെയ്തതു് എങ്ങനെ?

വിഘ്:- ഭയപ്പെടേണ്ട, പാവനാശയച്ചെട്ടിയാരെ! ഞാനല്ലേ നേരെ നിൽക്കുന്നതു്? അകത്തേക്കു പോകാം. ഇനിക്കു ഈ തെമ്മാടിയോട്ട് ഒന്നു ചോദിക്കാൻ വൈകി. (പോയി.)

പാവ:- ഇനിക്കും ഇതിൽ കുറേ മനസ്സിലാകേണ്ടതുണ്ടു്. (പോയി.)

-95-


ലോക:- ആനന്ദവല്ലീ! ഒട്ടും വ്യസനിക്കേണ്ട. ഭവതിയുടെ അച്ഛൻ ദേഷ്യപ്പെട്ടുകയില്ല. (ലോകസുന്ദരൻ, ആനന്ദവല്ലി ഇവർ പോയി.)

ഗ്രാമേ:- ഞാനെന്തിനിനി ഇവിടെ നിൽക്കുന്നു? ഇനിക്കൊരാശയും ഇല്ലാതെ ആയല്ലൊ. എന്നാലിനി സദ്യയുടെ പങ്കെങ്കിലും പറ്റാം. (പോയി.)

(പാർത്ഥസാരഥി, അരശമല്ലി ഇവർ മുൻപോട്ടുവരുന്നു )

അര:- ഭത്താവേ! ഈ കലാപത്തിന്റെ കലാശംകാണാൻ നമുക്കു പോകാം.

പാർത്ഥ:- ഒന്നാമത് ഇനിക്കൊരു ചുംബനം തരൂ മല്ലീ എന്നിട്ടു നമുക്കു പോകാം.

അര:- ഹേയ്! ഈ അങ്ങാടിയുടെ നടുവിൽവച്ചോ?

പാർത്ഥ:- ആഹാ! ഭവതിക്ക് എന്നെക്കുറിച്ചു ലജ്ജയാണോ?

അര:- അയ്യോ! ഒട്ടുമില്ല. ചുംബനം തരാൻ ലജ്ജയാണെന്നേയുള്ളു.

പാർത്ഥ:- എന്നാൽ മടങ്ങി വീട്ടിലേക്കു പോകാം. എടാ, വാ, പോകാം,

അര:- പ്രിയതമാ! കൃപയുണ്ടായി താമസിക്കണം. ഞാൻ ചുംബനം തരാം.

പാർത്ഥ:- ഇതല്ലേ നല്ലതു്? വരൂ മല്ലീ. എങ്ങനെയായാലും ഒരിക്കൽ വേണ്ടതു് ഉടനെ ആകയല്ലേഭേദം? എന്നാലിനി നമുക്കു് അങ്ങോട്ടുചെല്ലാം,

(എല്ലാവരും പോയി.)

 

അഞ്ചാം അങ്കം (96-101)

 

-96-


രണ്ടാം അരങ്ങും ലോകസുന്ദരന്റെ ഭവനത്തിൽ ഒരു മുറി


(പാവനാശയൻ, വിഘനേശ്വരൻ, ഗ്രാമേശൻ, കാശിവാസി, ലോകസുന്ദരൻ, ആനന്ദവല്ലി, പാർത്ഥസാരഥി, അരശമല്ലി, ഹൃദ്യാംഗൻ, അംബിക, ത്രാണകൻ, പണ്ടുങ്കി, കൂമരന്‍ ഇവരും പരിചാരകന്മാരും പ്രവേശിക്കുന്നു.)

ലോക:- എന്നാലിനി എല്ലാവരും ഇവിടെ ഇരുന്നു ഒന്നു മുറുക്കി വിശ്രമിക്കയല്ലേ? ഊണൊക്കെ ഉപായമായിപ്പോയി എങ്കിലും മുറുക്കു മുറയ്ക്കു നടക്കട്ടെ (എല്ലാവരും മേശയ്ക്കു ചുറ്റും ഇരുന്നു മുറുക്കുന്നു.)

പാർത്ഥ:- ഹൃദ്യാംഗച്ചെട്ടിയാരുടെ ഭാര്യ മുറുക്കാൻ ഭയമായിരിക്കും. പുത്തനല്ലേ?

അംബി:- -ഇനിക്കു ഒട്ടും ഭയമില്ല:

പാർത്ഥ:- ഭവതിക്കു ബുദ്ധിയുണ്ട് എങ്കിലും എന്റെ അത്ഥം തെറ്റിയാണു ധരിച്ചത്. ഹൃദ്യാംഗച്ചെട്ടിയാര്‍ക്കു ഭയമെന്നാണു ഞാൻ പറഞ്ഞതു്.

അംബി:- തലതിരിയുന്നവര്‍ക്കു ലോകം മുഴുവൻ തിരിയുന്നു എന്നു തോന്നും.

പാർത്ഥ:- അതൊരു തിരിയുന്ന ഉത്തരംതന്നെ.

അര:- ഭവതി ആ പറഞ്ഞതിന്റെ അര്‍ത്ഥമെന്താണു്

അംബി:- മറ്റൊന്നുമല്ല. ഭവതിയുടെ ഭർത്താവ് ഒരു കലഹിനിയിൽനിന്നു താൻ അനുഭവിക്കുന്ന ദു:ഖങ്ങൾ ഓത്തിട്ട് എന്റെ ഭർത്താവും അങ്ങനെതന്നെയാണെന്നു ഭ്രമിച്ചുപോകുന്നു. ഇപ്പോൾ മനസ്സിലായോ?

-97-


അര:- ഇതു ഒട്ടും അര്‍ത്ഥമില്ലാത്ത ഒരര്‍ത്ഥമാണു്.

പാര്‍ത്ഥ:- അങ്ങനെ കൊടുക്കൂ മല്ലീ

ഹൃദ്യ:- അംബിക മടുക്കുന്നവളല്ല.

പാവ:- എന്താണ് ഗ്രാമേശച്ചെട്ടിയാരെ, കുട്ടികടെ വെടി തകൃതിതന്നെ അല്ലേ?

ഗ്രാമേ:- ഒട്ടും തരക്കേടില്ല.

ആന:- അത്ര സംശയമുണ്ടോ?

വിഘ്:- ആനന്ദവല്ലിയും ഉണര്‍ന്നോ?

ആന:- ഞാൻ ഉറങ്ങുകയും മറ്റും അല്ലായിരുന്നല്ലോ.

പാര്‍ത്ഥ:- എന്നാൽ അങ്ങനെ വെറുതെ ഇരിക്കാമോ?വല്ല വെടിയും ഒന്നിളക്കുകതന്നെ.

-98-


ആന:- ഞാനെന്താ, വെടിക്കാരന്റെ കോഴിയാണോ? എന്നാൽ ഞാനിതാ പറക്കയാണു്. പോരിൻ, നമുക്കു വേറെ പോയിരുന്നു വല്ലതും പറഞ്ഞു നോക്കാം.

(ആനന്ദവല്ലി, അരശമല്ലി, അംബിക, ഇവർ പോയി.)

പാര്‍ത്ഥ:- പൊയ്ക്കളഞ്ഞല്ലൊ, ത്രാണകാ, നീ ലാക്കുനോക്കിയ കോഴി പറന്നുകളഞ്ഞതു കണ്ടില്ലേ?

ത്രാണ:- ഞാൻ ഇതിൽ എന്റെ എജമാനൻറെ നായാട്ടുപട്ടിയായിരുന്നതേയുള്ളു.

പാവ:- ത്രാണകൻ അതൊരു കോളാണല്ലോ പറഞ്ഞതു്.

പാര്‍ത്ഥ:- ഇനിക്കായിരിക്കും, അല്ലേ?

പാവ:- എന്നാലും മകനേ, പാര്‍ത്ഥസാരഥീ ഇങ്ങനെയുള്ള ഒരു കലഹിനിയെ ഇനി ആര്‍ക്കും കിട്ടുകയില്ല.

പാര്‍ത്ഥ:- ആളുകൾ അറിയാതെ പറകയാണു്. എന്റെ മല്ലിയേപ്പോലെ ഇത്ര അനുസരണമുണ്ടായിട്ട് ഒരു ഭാര്യ ആര്‍ക്കും ഉണ്ടായിരിക്കയില്ല എന്നു ഇനിക്കു നല്ല നിശ്ചയമാണു്, വേണമെങ്കിൽ ഒരു പന്തയം കെട്ടിക്കളയാം. ഇവിടെ കൂടീട്ടുള്ള ഓരോരുത്തരും അവരവരുടെ ഭാര്യമാർ ഇവിടെ വരാൻ പറഞ്ഞയയ്ക്കട്ടെ. ആരുടെ ഭാര്യയാണു് ആദ്യം വരുന്നതെന്നു വച്ചാൽ ആ ആളിനിരിക്കണം പന്തയം.

ഹൃദ്യ:— അതുകൊള്ളാം. പന്തയമെന്താണ്?

-99-


ലോക:- ഇരുപതു പവനാകട്ടെ.

പാര്‍ത്ഥ:- എന്റെ കോഴിയെ പോരിനുവിടാൻ ഞാൻ ഇതിൽ വലിയ സംഖ്യ വെയ്ക്കാമല്ലൊ. എൻറ കോഴിയേക്കാൾ എത്രയോ മടങ്ങു വലിയതാണു് എന്റെ ഭാര്യ.

ലോക:- എന്നാൽ നൂറാകട്ടെ.

ഹൃദ്യ:- മതി.

പാർത്ഥ:- തരക്കേടില്ല.

ഹൃദ്യ:- എന്നാൽ ആരാണ് തുടങ്ങേണ്ടതു്?

ലോക:- ഞാനായിക്കളയാം. പണ്ടുങ്കീ. നീ ചെന്ന് നിന്റെ കൊച്ചമ്മ ഇവിടെ വരാൻ പറ.

പണ്ടു:- ഉത്തരവു്. (പോയി.)

പാവ:- മകനേ! ഞാൻ കൂടെ പങ്കായിക്കളയാം. ആനന്ദവല്ലി വന്നുകഴിഞ്ഞു.

ലോക:- ഇനിക്ക് ആരുടേയും പങ്കുവേണ്ട. (പണ്ടുങ്കി വീണ്ടും പ്രവേശിക്കുന്നു.)

-100-


ലോക:- ഉം, എവിടെ?

പണ്ടു:- എജമാന്നേ, കൊച്ചമ്മയ്ക്കു അവിടെ കുറെ ജോലിയുള്ളതുകൊണ്ടു് തൽക്കാലം വരാൻ തരമില്ലെന്ന് ഇവിടെ ബോധിപ്പിക്കുവാൻ പറഞ്ഞു.

പാർത്ഥ:- ആഹാ, ജോലിയാണു്! അതുകൊണ്ടു വരാൻ പാടില്ല. അല്ലേ, ഇതാണോ മറുപടി?

ഗ്രാമേ:- അതേ, വളരെ വണക്കത്തോടുകൂടിയ ഒരു മറുപടിയല്ലേ? ആര്യാ, നിങ്ങളുടെ ഭാര്യയുടെ മറുപടി ഇതിൽ കഷ്ടമായിരിക്കുമോ? എങ്ങനെ തോന്നുന്നു?

പാര്‍ത്ഥ:- ഇതിൽ ഭേദമായിട്ടിരിക്കുമെന്നാണു് എന്റെ വിശ്വാസം.

ഹൃദ്യ:- എടാ പണ്ടുങ്കീ, നീ ചെന്ന് എന്റെ ഭാര്യ ഉടനെ ഇവിടെ വന്നാൽ കൊള്ളാമെന്നു പറ.

(പണ്ടുങ്കി പോയി)

പാർത്ഥ:- വന്നാൽ കൊള്ളാം. എന്നാണോ പറഞ്ഞയയ്ക്കുന്നതു്? എന്നാൽ ഉടനെ വരണമല്ലോ.

-101-


ഹൃദ്യ:- -ആര്യാ, എനിക്കു അസാരം ശങ്കയുണ്ടു്. നിങ്ങൾക്കോ ഒട്ടും വേണ്ടല്ലൊ.

(പണ്ടുങ്കി വീണ്ടും പ്രവേശിക്കുന്നു.)

ഹൃദ്യ:- തത്ര ഭവതി എവിടെ?

പണ്ടു:- വല്ല നേരമ്പോക്കിനുമായിരിക്കാം. ഇങ്ങോട്ടു വരാൻ പ്രയാസമാണെന്നും അതിനു വേണമെങ്കിൽ ഇവിടുന്നു് അങ്ങോട്ടു ചെല്ലാനും പറഞ്ഞയച്ചു.

പാര്‍ത്ഥ:- കഷ്ടം! കഷ്ടം! വരികയില്ല, അല്ലേ? ഹോ, എന്തക്രമം! ഇതാരു സഹിക്കും? എടാ കൂമരാ, നിന്റെ കൊച്ചമ്മയുടെ അടുക്കൽ ചെന്ന് അവൾ ഇവിടെ വരാൻ ഞാൻ കല്പിക്കുന്നു എന്നു പറ.

(കൂമരൻ പോയി)

ഹൃദ്യ:- ഇതിനുണ്ടാകുന്ന മറുപടി എനിക്കറിയാം.

പാര്‍ത്ഥ:- എന്താണ്?

ഹൃദ്യ:- തത്രഭവതി വരികയില്ലേ.

പാർത്ഥ:- എന്നാലതുതന്നെ ഒന്നു കാണാം.

 

അഞ്ചാം അങ്കം (102-106)

 

-102-


(അരശമല്ലി പ്രവേശിക്കുന്നു.)

പാവ:- അരശമല്ലിയല്ലേ ഈ വരുന്നതു്?

അര:- ഇവിടുന്നു എന്തിനാണാവോ എനിക്കാളയച്ചതു്?

പാര്‍ത്ഥ:- -ഭവതിയുടെ സഹോദരിയും ഹൃദ്യാംഗന്റെ ഭാര്യയും എവിടെ?

അര:- അവർ അവിടെ വത്തമാനം പറഞ്ഞുകൊണ്ടിരിക്കയാണു്'.

പാര്‍ത്ഥ:- -പോയി അവരെക്കൂടി ഇവിടെക്കൊണ്ടുവരൂ. വിസമ്മതിക്കയാണെങ്കിൽ കഴുത്തിനു പിടിച്ചു തള്ളി അവരുടെ ഭത്താക്കന്മാരുടെ അടുക്കലേയ്ക്കു കൊണ്ടുവരണം. ചെല്ലt, ക്ഷണംചെന്ന് അവരെ ഇവിടെ കൊണ്ടുവരൂ.

(അരശമല്ലി പോയി.)

ലോക:- അത്യത്ഭുതം എന്ന് ഒന്നുണ്ടെങ്കിൽ അതിതാണ്.

ഹൃദ്യ;- അങ്ങിനെതന്നെ. ഇതെന്താണെന്ന് എനിക്കും ആശ്ചര്യമായിരിക്കുന്നു.

-103-


പാർത്ഥ:- -ഇതെന്താണ്? സ്നേഹത്തിന്റെയും ശാന്ത ശീലത്തിന്റെയും ശരിയായ ഭരണത്തിന്റെയും അടയാളമാണു്. ചുരുക്കത്തിൽ ഭാഗ്യത്തിന്റെ പരിപൂർണ്ണതയുമാണു്.

പാവ:- പാർത്ഥസാരഥിക്കു മംഗളം! പന്തയം കിട്ടിയതിനോടുകൂടി എന്റെ അരശമല്ലിക്കു സ്ത്രീധനമായി ഇരുപതിനായിരം വരാഹൻ ഞാനും തരാമെന്നു നിശ്ചയിച്ചിരിക്കുന്നു. അവളിൽ അങ്ങു വരുത്തിക്കൂട്ടീട്ടുള്ള ഈ ശീലപ്പകർച്ച ഒട്ടും സാമാന്യമായിട്ടുള്ളതല്ല.

പാര്‍ത്ഥ:- നിനക്കു പണയം കിട്ടുന്നതിനുള്ള യോഗ്യതയെ ഞാൻ ഇതിലും നല്ലവണ്ണം കാണിച്ചുതരാം. തത്ര ഭവതിയുടെ അനുസരണശീലവും അടക്കവും സാമാന്യമല്ല. അതാ, നിങ്ങളുടെ അധികപ്രസംഗക്കാരത്തികളായ ഭാര്യമാരെ തത്രഭവതി പാറാപ്പുള്ളികളെ എന്നപോലെ പിടിച്ച പിടിയാലേ കൊണ്ടു വരുന്നു.

(ആനന്ദവല്ലി, അംബിക, ഇവരേയുംകൊണ്ടു് അരശമല്ലി പ്രവേശിക്കുന്നു.)

പാർത്ഥ:- അരശമല്ലി, ഭവതിക്കു് ആ തൊപ്പി ചേരുന്നില്ല. അതു ദൂരെക്കളയൂ.

(അരശമല്ലി തൊപ്പിയൂരിത്താഴെയിടുന്നു.)

അംബി:- എന്താണാവോ ഇവിടെ ഇത്ര വലിയ ആവശ്യം?

-104-


ആന:- ഛേ! ഇത്ര വലിയ തിടുക്കം വെയ്ക്കാനുള്ള കാര്യം എന്താണെന്നറിഞ്ഞില്ലല്ലോ.

ലോക:- ഒരു കാര്യവുമില്ല. ഒട്ടു തിടുക്കവും വേണ്ട. ഏതെങ്കിലും എന്റെ ആനന്ദവല്ലീ! ഭവതിനിമിത്തം ഇനിക്കു നൂറു പവൻ നഷ്ടപ്പെട്ടുവല്ലൊ.

ആന:- ആരു പറഞ്ഞു ഇത്ര കടന്നുകേറി പന്തയം കെട്ടാൻ?

പാർത്ഥ:- അരശമല്ലീ! സ്ത്രീകൾ അവരവരുടെ ഭർത്താക്കന്മാരോടു് എങ്ങനെയെല്ലാമാണ് ആചരിക്കേണ്ടതു്. ഈ മൂഢകളെ ഒന്നു പറഞ്ഞുകേൾപ്പിക്കൂ.

അംബി:- വേണ്ട, വേണ്ട, ഞങ്ങളെ പരിഹസിക്കാൻ തുടങ്ങുകയാണു്. ഞങ്ങൾക്കൊന്നും കേൾക്കണ്ട.

പാർത്ഥ:- മല്ലീ! വേഗമാട്ടെ. അപ്പറഞ്ഞ ആളോടു തന്നെ ആട്ടെ ഒന്നാമതു്.

അംബി:- വേണ്ട, എന്നോടു പറയണ്ട.

പാര്‍ത്ഥ:- വേണമെന്നു ഞാനല്ലേ പറഞ്ഞതു്. തുടങ്ങു തുടങ്ങു.

-105-


അര:- ഛേ! അസത്തേ! നീ ഇത്ര നെറ്റി ചുളുക്കി ഭയപ്പെടുത്തുന്നതാരെയാണു്? നിന്റെ ഭർത്താവായ കര്‍ത്താവിനെ വ്യസനിപ്പിക്കത്തക്കവണ്ണം ആ കണ്ണുകൾകൊണ്ടിങ്ങനെ ഹാസ്യമായി നോക്കുകയും ഒരിക്കലും നീ ചെയ്തുകൂടാ. ഇതു ഇടിയേറ്റ വൃക്ഷം പോലെ നിൻെറ സൗന്ദര്യത്തെ ഉണക്കുകയും ചുഴലിക്കാറ്റു നല്ല പൂമൊട്ടുകളെ വല്ലാതെയാക്കുന്നതുപോലെ നിന്റെ യശസ്സിനെ നശിപ്പിക്കയും ചെയ്യുന്നു. ഒരുവിധത്തിലും യുക്തവും ഭംഗിയുമായിട്ടുള്ളതല്ലതാനും. കോപിച്ച സ്ത്രീയും കുത്തിക്കലക്കിയ കുളവും ഒരുപോലെയാണു്. ചേറു നിറഞ്ഞിരിക്കും. കണ്ടാൽ അറയ്ക്കും. സൗന്ദര്യം വേർപെട്ടിരിക്കും. ആ സ്ഥിതിയിൽ ദാഹംകൊണ്ടു മരിക്കാറായവനും അതിൽനിന്ന് തുള്ളികൊണ്ടു തന്റെ നാവിനെ നനയ്ക്കുവാൻ തുനിയുകയുമില്ല. നിന്റെ ഭർത്താവു നിന്റെ കര്‍ത്താവാണ്. നിന്റെ ജീവനും നിന്റെ ഇടയനും നിന്റെ തലയും നിന്റെ രാജാവും തന്നെ. നിനക്കും നിന്റെ ഉപജീവനത്തിനുംവേണ്ടി ക്ലേശങ്ങൾ അനുഭവിക്കുന്ന ഒരാളാണു്. കരയ്ക്കും വെള്ളത്തിലും പകലും രാത്രിയും അദ്ദേഹം തന്റെ ശരീരംകൊണ്ടു കഠിനമായി അദ്ധ്വാനിക്കുന്നു. ആ സമയമൊക്കയും നീ സുഖമായും അപകടഭയം കൂടാതെയും വീട്ടിൽ സ്വസ്ഥമായിരിക്കയും ചെയ്യുന്നു. ഇങ്ങനെയുള്ള ഭർത്താവു അനുരാഗവും നല്ല മുഖവും അനുസരണവുമല്ലാതെ ഒന്നും ഇതിനു പ്രതിഫലമായി നിന്നിൽനിന്നു ആഗ്രഹിക്കുന്നില്ല. ഇത്രവലിയ ഉപകാരത്തിനു് ഇതു എത്രയോ നിസ്സാരമായ പ്രതിഫലം! രാജാവിനു പ്രജകൾ ഏതുപ്രകാരം കടപ്പെട്ടിരിക്കുന്നുവോ അപ്രകാരംതന്നെയാണ് സ്ത്രീ അവളുടെ ഭർത്താവിനു് ഇരിക്കേണ്ടതു്. അവൾ അഹങ്കരിച്ച് അദ്ദേഹത്തിന്റെ ഹിതത്തെ അനുസരിക്കാത്തപക്ഷം അവളും നിന്ദ്യനായ ഒരു രാജദ്രോഹിയും തമ്മിൽ എന്താണു ഭേദം? സ്ത്രീകൾ ഇത്ര കഥയില്ലാത്തവരായിത്തീരുന്നതിനെക്കുറിച്ചു വിചാരിച്ചിട്ട് എനിക്കു വളരെ ലജ്ജ തോന്നുന്നു. സമാധാനത്തിനായി നമസ്കരിച്ചു് അപേക്ഷിക്കേണ്ട ദിക്കിൽ യുദ്ധത്തിനു കോപ്പിടുക, അല്ലെങ്കിൽ കീഴ്‌വഴങ്ങി വരുതികേട്ടു ഭക്തിയോടുകൂടി സേവിക്കേണ്ട ദിക്കിൽ അധികാരവും ശക്തിയും ആഗ്രഹിക്ക. നമ്മുടെ ശരീരങ്ങൾ മാർദ്ദവത്തോടുകൂടിയും ദുർബ്ബലമായും ഇരിക്കുന്നതു് എന്തുകൊണ്ടാണു്? അദ്ധ്വാനം ചെയ്യാനും കഷ്ടപ്പെടാനും നമ്മെക്കൊണ്ടു പ്രയാസമല്ലേ? നമ്മുടെ ഈ അവസ്ഥകൾ നമ്മുടെ മനസ്സോടും യോജിപ്പായി ഇരിക്കേണ്ടതല്ലേ? അതുകൊണ്ടു്, അല്ലയോ ഒന്നിനും കൊള്ളരുതാത്ത പുഴുക്കളേ, നിങ്ങളുടെ അഹങ്കാരത്തെ ഒഴിക്കിൻ! എന്റെ മനസ്സും ഇതുപോലെ തന്നെ അഹങ്കാരമുള്ളതായിരുന്നു. യുക്തി നിങ്ങളേക്കാൾ എനിക്കു് കൂടുതലുമായിരുന്നു. വാക്കിനു വാക്കും നോക്കിനു നോക്കും പ്രയോഗിക്കാൻ എനിക്കു ലേശവും മടുപ്പുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ എനിക്കു പരമാര്‍ത്ഥം മനസ്സിലായി. നമ്മുടെ അസ്ത്രങ്ങൾ വൈക്കോൽത്തുരുമ്പുകൾക്കു സമമാണു്. നമ്മുടെ ബലം ബലഹീനതയാണു്. ഈ ബലഹീനതയ്ക്ക് ഒരു സാമ്യവുമില്ല. നമ്മുടെ വാസ്തവത്തിൽ വളരെ അധികമായിട്ടാണു നമ്മെക്കുറിച്ചു നാം വിചാരിക്കുന്നതു്. ആകയാല്‍ നിന്റെ അഹങ്കാരമെല്ലാം അടക്കി നിന്റെ കൈ നിന്റെ ഭർത്താവിന്റെ പാദത്തിന്റെ കീഴിൽ വെക്ക. ഈ കൃത്യത്തെ നിര്‍വ്വഹിക്കാൻ അവിടത്തേക്കു് ഇഷ്ടമുണ്ടെങ്കിൽ, എന്റെ കൈ തയാറായരിക്കുന്നു. അത് അവിടത്തേക്കു സൗഖ്യത്തെ കൊടുക്കട്ടെ!

-106-


പാര്‍ത്ഥ:- ഭേഷ്! വളരെ നന്നായി. നല്ലൊരു മല്ലി. വരു മല്ലി എനിക്കൊരു ചുംബനം തരൂ.

ലോക:- എത്ര വന്നാലും നൂറു പവനേയുള്ളല്ലൊ, തന്നേക്കാം.

വിഘ്:- ഇതൊരു നല്ല പ്രസംഗമാണു്, കുട്ടികൾ കുരുത്തം കെട്ടവരായി തുടങ്ങുമ്പോൾ കേൾപ്പിക്കാൻ.

ലോക:- എങ്കിലും സ്ത്രീകൾ അധികപ്രസംഗം തുടങ്ങുമ്പോൾ ഈ പ്രസംഗം അത്ര സുഖകരമല്ല.

പാര്‍ത്ഥ:- വരു മല്ലി. നമുക്കു നമ്മുടെ മുറിയിലേക്കു പോകാം. കല്യാണം കഴിച്ചാലും കാശു കിട്ടുന്നതാണു് കാര്യം എന്നു പടിച്ചോളിൻ!

(പാർത്ഥസാരഥി, അരശമല്ലി ഇവർ പോകുന്നു)

ഹൃദ്യ:- പൊയ്ക്കോളു. ഇത്ര പിഴച്ച ഒരു കലഹിനിയെ ദമനം ചെയ്യാൻ മറ്റാര്‍ക്കും കഴിയുന്നതല്ല.

ലോക:- എങ്കിലും ഇങ്ങിനെ ദമനം ചെയ്തതു് ആശ്ചര്യങ്ങളിൽ ഒന്നുതന്നെ.

(എല്ലാവരും പോയി)

ഉൽപന്ന പ്രണയാകുലം മനുജരിൽ
ദാമ്പത്യമെന്നൊന്നിനെ-
ക്കല്പിച്ചാനതിനാലവര്‍ക്കു നിറയ-
ട്ടൈശ്വര്യമെന്നീശ്വരൻ;
അല്പം കെൽപു മനസ്സിൽ വേണ്ടതുളവാ-
യീടായ്‍കയാൽ മാത്രമി-
ക്കല്പദ്രുപ്പഴമെത്രപേര്‍ക്കതി കടും-
കയ്പായിരിപ്പൂ ഭുവി!


ശുഭം