കഥാപാത്രങ്ങൾ (01-02)
ഒന്നാമങ്കം (03-05)
ഒന്നാമങ്കം
ബ്രഹ്മണേ നമഃ
കര്‍മ്മജ്ഞാനങ്ങൾ വേറിട്ടറിവതിനിരുകാ-
ണ്ഡങ്ങളായ്ത്തീര്‍ന്നു നന്നായ്
ധര്‍മ്മാധര്‍മ്മങ്ങളെല്ലാം തെളിവൊടു വിവരി-
ച്ചാശു മോഹത്തെ നീക്കി
സന്മാര്‍ഗ്ഗത്തിൽ ചരിപ്പിച്ചകമതിലതിസ-
ത്തായ ബോധം വളര്‍ത്തി
ബ്രഹ്മാനന്ദത്തെ നല്കും ശ്രുതി സപദി ഭവാ-
ന്മാര്‍ക്കു നല്കട്ടെ മോക്ഷം.
പരമാത്മാവിൻ കലയായ്
പരമാമൃതയായ ഭാഷ മമ നാവിൽ
വരുവാനാദിമകവിഗുരു-
ചരണസരോജം നമസ്കരിക്കുന്നേൻ.
(നാന്ദിയുടെ അവസാനത്തിൽ)
സൂത്രധാരൻ: വളരെ വിസ്തരിച്ചിട്ടാവശ്യമില്ല. ഇന്നു ഭഗവാനായ കാളപ്രിയനാഥന്റെ ഉത്സവത്തിങ്കൽ വന്നിരിക്കുന്ന മഹാജനങ്ങളോട് ഞാൻ അറിയിച്ചുകൊള്ളുന്നു: മാന്യന്മാരായ ഭവാന്മാരിങ്ങിനെ ധരിക്കേണ്ടതാകുന്നു-കാശ്യപഗോത്രത്തിൽ ജനിച്ചവനായി ശ്രീകണ്ഠനെന്നു വിശേഷനാമമുള്ളവനായി വ്യാകരണമീമാംസാശാസ്ത്രതത്വജ്ഞനായി ജാതുകര്‍ണ്ണീപുത്രനായി ഒരു മഹാകവിയുണ്ടായിരുന്നു.
കല്യൻ ബ്രാഹ്മണനാകുമക്കവിയെ വാ-
ഗ്ദേവീ സ്വയം വശ്യയാം
മല്ലാക്ഷീമണിയെന്നവണ്ണമനുവര്‍-
ത്തിച്ചീടിനാളാദരാൽ;
ചൊല്ലേറും രസമോടുമക്കവിവരൻ
നിര്‍മ്മിച്ചതാം നാടകം
നല്ലോരുത്തരമായ രാമചരിതം
സ്വല്പം നടിക്കുന്നു ഞാൻ.
(കേട്ടതായി നടിച്ചു്) അല്ലയോ മഹാജനങ്ങളേ! നിങ്ങൾ എന്താജ്ഞാപിക്കുന്നു? "ആ നാടകത്തെ മലയാള ഭാഷയിലാക്കീട്ടുണ്ടെന്നറിയുന്നു. അതായാൽ ഞങ്ങൾക്കധികം സന്തോഷമായിരിക്കും," എന്നോ?
ധീരൻ ശ്രീഭവഭൂതിതന്റെ കൃതിയിൽ സാരസ്യമാധുവാൿ-
സാരള്യാദികളെത്രമാത്രമതിനെ-
ബ്ഭാഷാന്തരം ചെയ്യുകിൽ
നേരേ ഭംഗിയിലാകുവാൻ വിഷമമാ-
ണെന്നോര്‍പ്പിനെന്നാലുമി-
ന്നേരം ഞാൻ ഭവദാജ്ഞമൂലമതിനെ-
ത്തന്നേ പ്രയോഗിച്ചിടാം.
(അണിയറയിലേക്കു നോക്കീട്ട്) ആര്യേ! വേഗത്തിലിങ്ങോട്ടു വരു
നടി: (പ്രവേശിച്ച്) ആര്യ! ഇതാ ഞാൻ. എന്തിനാണെന്നെ ബദ്ധപ്പെട്ടു വിളിച്ചതു്?
സൂത്രധാരൻ: ഭാഷാന്തരപ്പെടുത്തിയിട്ടുള്ള ഉത്തരരാമചരിതത്തെ അഭിനയിക്കേണമെന്നു് ഈ സാമാജികന്മാരാജ്ഞാപിക്കുന്നു.
നടി: ഈ നാടകത്തേയും ഭാഷാന്തരപ്പെടുത്തീട്ടുണ്ടോ?
സൂത്രധാരൻ: ഉണ്ടു്, ആ പുസ്തകം എനിക്കു കിട്ടീട്ടുമുണ്ടു്.
നടി: എന്നാലെന്തുകൊണ്ടാണു്, ആര്യൻ ഈ കഥ എന്നെക്കൂടി അറിയിക്കാതിരുന്നതു്?
സൂത്രധാരൻ: ആര്യേ! ഞാൻ പറയാം. ഒരു മഹാസഭയിൽവെച്ച് അഭിനയിക്കുന്നതിന്നുമുമ്പായി പുസ്തകത്തെസ്സംബന്ധിച്ചുള്ള യാതൊരു സംഗതിയും ആരേയും അറിയിച്ചുപോകരുതെന്നു് ആ കവി എന്നോടു പ്രത്യേകം ആവശ്യപ്പെട്ടിരിക്കുന്നു.
നടി: ആര്യ! ഇതിന്നുള്ള കാരണമെന്തായിരിക്കും?
സൂത്രധാരൻ: ആയ്യേ! കേട്ടാലും.
സീതാദേവിയെ രാക്ഷസേന്ദ്രനതുപോ—
ലിഗ്രന്ഥവും വ്യാജമാ-
യേതാനും ചിലരോടു ചേര്‍ന്നൊരു പുമാൻ
തൻകൈക്കലാക്കീടിനാൻ;
ഒന്നാമങ്കം (06-10)
നടി: ഇതുകൊണ്ടെന്താണ്, അതു് അന്യന്റേതാകുമോ?
സൂത്രധാരൻ: ഇങ്ങിനെ വിചാരിച്ചിട്ടല്ല.
പിന്നെത്തന്നുടെയാക്കുവാൻ പദമതിൽ
ചേര്‍ത്തീടിലോ നിന്ദ്യമാ-
യെന്നും സീതയെയെന്നപോലിതിനെയും
ശങ്കിക്കുമല്ലോ ജനം
എന്നു ഭയപ്പെട്ടിട്ടാണു്.
നടി: ശരിതന്നെ, അപവാദത്തെ എല്ലാവരും ഭയപ്പെടേണ്ടതാണല്ലോ. എന്നാൽ ഈ അപവാദത്തെ അത്ര ഭയപ്പെടേണമെന്നില്ല; എന്തുകൊണ്ടെന്നാൽ,
ജനമറിഞ്ഞിടുമിച്ചതിയെ ക്രമാൽ;
പുനരുരയ്ക്കയുമില്ലിഹ ദൂഷണം;
അനലശുദ്ധിവിശേഷമറിഞ്ഞവൻ
ജനകജയ്ക്കപവാദമുരയ്ക്കുമോ?
സൂത്രധാരൻ: ആര്യേ! ഭവതി പറഞ്ഞതു ശരിതന്നെ
നടി: ആര്യ! ഈ കവി ആരാണെന്നുകൂടി അറിഞ്ഞാൽ കൊള്ളാം.
സൂത്രധാരൻ: ആകട്ടെ, എന്നാൽ
'ചാ'ര'ത്തു' നിൽ'ക്കു' മു'ട്ടി'ക്കൊ-
ണ്ടാരെന്നോതാം രഹസ്യമായ്
'മ'റ'ന്നാ'ൽക്കൂ'ടി' നീ'യാർ'ക്കു-
മറിയിക്കൊല്ല മൽപ്രിയേ!
(എന്നു ചെവിയിൽ പറയുന്നു.)
നടി: (ചിരിച്ചു്) ആര്യ! ഭവാനിപ്പോൾ പറഞ്ഞ പദ്യത്തിൽ വിഷമപാദങ്ങളിലുള്ള വിഷമാക്ഷരങ്ങൾകൊണ്ടുതന്നെ ഈ പേർ സ്പഷ്ടമാകുന്നുണ്ടല്ലോ.
സൂത്രധാരൻ: (ആലോചിച്ചു് അത്ഭുതത്തോടുകൂടി) ഉള്ളതുതന്നെ. ആയ്യേ! ഈ സാമാജികന്മാരെ സന്തോഷി പ്പിക്കുവാനായിട്ട് ഭവതി അല്പം ഗാനം ചെയ്യു.
നടി: അങ്ങനെതന്നെ. (ഗാനം ചെയ്യുന്നു.)
അളിനിരകൾ മുഴക്കും സ്വാനമാം ഗാനമോടും
തെളുതെളെ വിലസും പൂമന്ദഹാസാഭയോടും
തളിർവിരലുകളാട്ടിക്കൊണ്ടു മന്ദം മരുത്താ-
ലിളകി ലതകളിപ്പോൾ നര്‍ത്തനം ചെയ്തിടുന്നു.
സൂത്രധാരൻ: ആര്യേ! ഗാനം വളരെ വിശേഷമായി. ഇനി ഭവതി വേഗത്തിൽ ചെന്നു സാമാജികന്മാരുടെ ആജ്ഞയെ നടന്മാരോടറിയിക്കുക.
നടി: കല്പനപോലെ. (പോയി)
സൂത്രധാരൻ: ഈ ഞാൻ നാടകപ്രയോഗത്തിന്നുവേണ്ടി ആ കാലത്തിൽ അയോദ്ധ്യയിലുള്ള ഒരാളായിട്ടു തീര്‍ന്നിരിക്കുന്നു. (നാലുഭാഗത്തും നോക്കിയിട്ട്) ഹേ! ഹേ! രാവണവംശത്തിനു നാശഹേതുവായും വിശിഷ്ടനായുമിരിക്കുന്ന രാമമഹാരാജാവിന്റെ ഈ അഭിഷേകസമയം, രാത്രിയും പകലും ഇടവിടാതെ ആനന്ദപ്രദങ്ങളായ മംഗളവാദ്യാദികളോടുകൂടിയിരുന്നുവല്ലൊ. ഇന്നെന്താണു് എല്ലായിടത്തും നടന്മാർ സ്വസ്ഥന്മാരായിരിക്കുന്നതു്?
നടൻ: (പ്രവേശിച്ചു്) ഭാവ! ലങ്കാസമരത്തിൽ ഉപകാരികളും മഹാത്മാക്കളുമായ വാനരന്മാരേയും രാക്ഷസന്മാരേയും ഈ അഭിഷേകമഹോത്സവത്തെ കൊണ്ടാടുവാനായി വന്നിരുന്നവരും നാനാദേശങ്ങൾക്കും പരിശുദ്ധിയുണ്ടാക്കുന്നവരുമായ ബ്രഹ്മര്‍ഷികളേയും രാജര്‍ഷികളേയും മഹാരാജാവു സല്ക്കരിച്ച് ഇവിടെനിന്നു സ്വഗൃഹങ്ങളിലേക്കയച്ചു. അവരെ ആരാധിക്കുവാനായിട്ടാകുന്നു ഇതുവരെ ഇവിടെ ഉത്സവം ഉണ്ടായിരുന്നതു്.
സൂത്രധാരൻ: അതിന്നു കാരണം വേറെയുമുണ്ടു്.
ജാമാതുരാശ്രമതിൽ ക്രതു കാണ്മതിന്നാ-
യാമോദമാന്നുടനരുന്ധതിതന്റെ പിമ്പേ,
ശ്രീമദ്വസിഷ്ഠരുടെ രക്ഷയിലായിദാനീം
രാമാംബമാരുമിവിടുന്നു ഗമിച്ചുവല്ലോ.
നടൻ: ഞാനന്യദിക്കുകാരനാകയാൽ ചോദിക്കുന്നതാകുന്നു, ഈ ജാമാതാവാരാണ് ?
സൂത്രധാരൻ:
ഒരു മകളുണ്ടായ് ദശരഥ-
നരപാലനു ശാന്തയെന്നു; പണ്ടവളെ
നരപതി ദത്തു കൊടുത്തൂ
തരസാ ശ്രീലോമപാദനൃപതിക്കായ്.
വിഭണ്ഡകപുത്രനായ ഋശ്യശൃംഗമുനി ആ കന്യകയെ വിവാഹംചെയ്തു. അദ്ദേഹം ഇപ്പോൾ പന്ത്രണ്ടു സംവത്സരംകൊണ്ടവസാനിക്കുന്നതായ ഒരു സത്രം ആരംഭിച്ചിരിക്കുന്നു. അതിനുവേണ്ടിയാകുന്നു പൂര്‍ണ്ണഗര്‍ഭമുള്ള സ്നുഷയായ ജാനകിയെക്കൂടിയും ഉപേക്ഷിച്ചിട്ടു ഗുരുജനങ്ങളവിടേക്കു പോയിരിക്കുന്നതു്. എന്നാൽ, ഈ കഥകൊണ്ടു നമുക്കെന്താണ്? വരൂ, രാജദ്വാരത്തിലേക്കുതന്നെ നോം സ്വജാത്യാചാരത്തെ അനുഷ്ഠിപ്പാനായി ചെല്ലുക.
നടൻ: എന്നാൽ മഹാരാജാവിനെ സേവിപ്പാനായി ദോഷം ലേശംപോലുമില്ലാത്ത സ്തോത്രരീതിയെ വിദ്വാനായ അങ്ങുന്ന് ആലോചിക്കൂ.
സൂത്രധാരൻ: മാരിഷ!
എന്തെന്നാലും മനമുദിക്കുന്നപോലെക്കഥിക്കാ-
മെന്തായാലും ജനമതിനുരയ്ക്കാതിരിക്കില്ല ദോഷം;
പൂന്തേൻവാണീ കവിത,യിതുകൾക്കുള്ള സാധുത്വമുള്ളിൽ
ചിന്തിപ്പാനായ് ത്തുനിയുമളവെല്ലാവരും ദുർജനങ്ങൾ.
നടൻ: 'അതിദുർജ്ജനങ്ങൾ' എന്നാണു പറയേണ്ടതു്. എന്തുകൊണ്ടെന്നാൽ,
ഓതുന്നു കഷ്ടമവനീശ്വരപത്നിയായ
സീതയ്ക്കപോലുമപവാദമഹോ ജനങ്ങൾ;
ഹേതു, ക്ഷപാചരഗൃഹത്തിൽ വസിച്ചതത്രേ;
ചെയ്തഗ്നിശുദ്ധിയതിലോ ബഹുസംശയം പോൽ.
സൂത്രധാരൻ: ഈ കിംവദന്തി ഇനി വല്ലവിധത്തിലും മഹാരാജാവിന്റെ സമീപത്തിലും ചെന്നേക്കുമോ? എന്നാൽ മഹാകഷ്ടമായിത്തീരും.
ഒന്നാമങ്കം (11-15)
നടൻ: സര്‍വ്വഥാ ദേവന്മാരും മഹഷികളും മംഗളമാക്കിത്തീര്‍ക്കും. (കുറെ നടന്നു് ) ഹേ! ഹേ! മഹാരാജാവിപ്പോൾ എവിടെ എഴുന്നള്ളിയിരിക്കുന്നു? (കേട്ടതായി നടിച്ചു്) ജനങ്ങളിങ്ങനെ പറയുന്നു:
ജാമാതാക്കളെയിത്രനാളുമനുമോ-
ദിപ്പിക്കുവാനിങ്ങു വ-
ന്നാമോദിച്ചു വസിച്ചിരുന്ന ജനകൻ
പോയീ സ്വദേശത്തിനായ് :
ആ മാൽകൊണ്ടു തളര്‍ന്ന ദേവിയെ വിനോ-
ദിപ്പിക്കുവാൻ തദ്ഗൃഹേ
ശ്രീമാൻ ഭൂപതി ചെന്നിടുന്നു തരസാ
ധര്‍മ്മാസനം വിട്ടിതാ.
(രണ്ടുപേരും പോയി.)
ഇങ്ങിനെ പ്രസ്താവന.
(അനന്തരം ഇരുന്നുകൊണ്ട് രാമനും സീതയും പ്രവേശിക്കുന്നു.)
രാമൻ: ദേവീ! ആശ്വസിക്കു, ആശ്വസിക്കു! ആ ഗുരുജനങ്ങളും നമ്മെ പിരിഞ്ഞിരിക്കുവാൻ ശക്തരാകുന്നില്ല.
എന്നാൽ സ്വതന്ത്രതയെയൊട്ടു കുറച്ചിടുന്നി-
തെന്നും വിടാതിഹ നടത്തിവരേണ്ട കൃത്യം;
എന്നല്ലുപേക്ഷയിലഘങ്ങൾ വരുന്നു; കൃത്യ-
മൊന്നല്ല സാഗ്നികഗൃഹസ്ഥനസംഖ്യമല്ലോ.
സീത: ആര്യപുത്ര! ഇതു ഞാനും അറിയുന്നുണ്ടു്. എന്നാലും ബന്ധുജനവിരഹങ്ങൾ സന്താപത്തെ ഉണ്ടാക്കുന്നവതന്നെയാകുന്നു.
രാമൻ: ഇതിങ്ങിനെതന്നെ. ഈ സംസാരഭാവങ്ങൾ ഹൃദയമര്‍മ്മങ്ങളെ ഛേദിക്കുന്നവയാണല്ലോ. അതുകൊണ്ടല്ലേ ബുദ്ധിമാന്മാർ ഇതുകളിൽ ജുഗുപ്സയോടുകൂടിയവരായിട്ട് സകല കാമങ്ങളേയും പരിത്യജിച്ചു വനത്തിൽ ചെന്നു വിശ്രമിക്കുന്നതു്?
ഒരു കഞ്ചുകി: (പ്രവേശിച്ചു) രാമഭദ്ര! ( എന്നു മുഴുവൻ പറയുന്നതിന്നുമുമ്പെ ശങ്കിച്ചുകൊണ്ടു്) മഹാരാജാവേ!
രാമൻ: (മന്ദഹാസത്തോടുകൂടി) ആര്യ! അച്ഛന്റെ പരിജനങ്ങൾ എന്നെക്കുറിച്ചുപചാരമായിട്ട് 'രാമഭദ്ര' എന്നു വിളിക്കുന്നതുതന്നെയാകുന്നു ഭംഗിയായിരിക്കുന്നതു്. അതിനാൽ ശീലിച്ചുവന്നപോലെതന്നെ വിളി ച്ചുകൊൾക.
കഞ്ചുകി: ദേവ! ഋശ്യശൃംഗാശ്രമത്തിൽനിന്നു് അഷ്ടാവക്രമുനി എഴുന്നെള്ളിയിരിക്കുന്നു.
സീത: ആര്യ! എന്തിനു താമസിപ്പിക്കുന്നു?
രാമൻ: വേഗം പ്രവേശിപ്പിക്കു.
(കഞ്ചുകി പോയി. അനന്തരം അഷ്ടാവക്രൻ പ്രവേശിക്കുന്നു.)
അഷ്ടാവക്രൻ: നിങ്ങൾക്കു ക്ഷേമം ഭവിക്കട്ടെ.
രാമൻ: ഭഗവൻ! ഞാൻ വന്ദിക്കുന്നു. ഇവിടെ ഇരിക്കാം.
സീത: ഭഗവൻ! അങ്ങേയ്ക്കു നമസ്കാരം. എന്റെ എല്ലാ ഗുരുജനങ്ങളും അവരുടെ ജാമാതാവും ആര്യയായ ശാന്തയും ക്ഷേമത്തോടുകൂടിത്തന്നെ ഇരിക്കുന്നില്ലേ?
രാമൻ: എന്റെ സോദരീഭർത്താവായ ഭഗവാൻ ഋശ്യശൃംഗമുനിയും ആര്യയായ ശാന്തയും നിർവ്വിഘ്നമായിത്തന്നെ സോമയാഗത്തെ അനുഷ്ഠിച്ചില്ലേ?
സീത: ഞങ്ങളെ സ്മരിക്കുന്നുണ്ടോ?
അഷ്ടാവക്രൻ: (ഇരുന്നിട്ട്) ഉവ്വ് ; ദേവീ, കുലഗുരുവായ ഭഗവാൻ വസിഷ്ഠമഹര്‍ഷി ഭവതിയോടിങ്ങിനെ പറയുന്നു:
"ക്ഷിതിഭഗവതി നിന്നെപ്പെറ്റു വത്സേ!; മഹാത്മാ
ക്ഷിതിപതി ജനകൻ നിൻ താതനോ ബ്രഹ്മതുല്യൻ;
അതിവിമലമഹോ നിൻ ഭര്‍ത്തൃവംശം നിനച്ചാ, -
ലതിനുടെ ഗുരു സൂര്യൻതാനുമീ ഞാനുമല്ലോ."
അതുകൊണ്ടു് ഇനി വേറെ എന്തൊരു ശുഭമാണു ഭവതിക്കു സിദ്ധിക്കേണ്ടതായി പ്രാത്ഥിപ്പാനുള്ളതു്? കേവലം വീരനായ പുത്രനുണ്ടാകട്ടെ.
രാമൻ: ഞങ്ങൾ അനുഗൃഹീതരായി.
ഫലമനുസരിച്ച വാക്യം
പല ലൗകികസജ്ജനങ്ങളും ചൊല്ലും;
വലിയ മഹര്‍ഷികൾ ചൊന്നാൽ
ഫലമാ വാക്കിന്റെ പിന്നിലോടിവരും.
അഷ്ടാവക്രൻ: ഭഗവതിയായ അരുന്ധതിയും കൗസല്യാദികളായ ദേവിമാരും ശാന്തയും, പിന്നെയും പിന്നെയും ഇങ്ങിനെ പറഞ്ഞയച്ചിരിക്കുന്നു: "ഗർഭകാലത്തിൽ സംഭവിക്കാവുന്ന വല്ല ആഗ്രഹവും വത്സയ്ക്കുണ്ടാകുന്നുവെങ്കിൽ, അതുടനേ സാധിപ്പിച്ചുകൊടുക്കേണ്ടതാണു് ."
രാമൻ: ഇവളാവശ്യപ്പെടുന്നതായാൽ സാധിപ്പിച്ചുകൊടുക്കാം.
അഷ്ടാവക്രൻ: ഭർത്തൃസഹോദരിയുടെ പതിയായ ഋശ്യശൃംഗമുനിയും ദേവിയോടു പറവാനായിട്ട് ഇങ്ങിനെ പറഞ്ഞയച്ചിരിക്കുന്നു: "വത്സേ! നീ പൂര്‍ണ്ണഗര്‍ഭയായിരിക്കുന്നകൊണ്ടാകുന്നൂ ഞാൻ നിന്നെ ഇങ്ങോട്ടു വരുത്താതിരുന്നതു്. നിന്റെ വിനോദത്തിന്നുവേണ്ടിത്തന്നെയാകുന്നൂ വത്സനായ രാമഭദ്രനേയും അവിടെ ഇരുത്തീട്ടുള്ളതു്. അതുകൊണ്ടു് ആയുഷ്മതിയായ നിന്നെ മടിയിൽ കളിക്കുന്ന പുത്രനോടുകൂടി ഞാൻ കണ്ടുകൊള്ളാം."
രാമൻ: (സന്തോഷലജ്ജാമന്ദഹാസങ്ങളോടുകൂടി) അങ്ങനെയാകട്ടെ. ഭഗവാൻ വസിഷ്ഠമഹര്‍ഷി എന്നോടു പറവാനായിട്ടൊന്നും കല്പിച്ചിട്ടില്ലേ?
അഷ്ടാവക്രൻ: ഉണ്ടു്, കേട്ടാലും:
ജാമാതാവു തുടര്‍ന്ന യാഗമതിനാൽ
ഞാനിങ്ങിരിക്കേണ്ടതായ്;
രാമാ! നീയൊരു ബാലകൻ, പുതിയതായ്
സിദ്ധിച്ചതാം രാജ്യവും;
ആമോദം പ്രജകൾക്കു നിത്യമുളവാ-
ക്കീടേണ,മക്കീര്‍ത്തിയാം
ശ്രീമത്താകിയ നിൻ കുലത്തിനു മഹാ-
സ്വത്തെന്നതോര്‍ത്തീടുക.
രാമൻ: ഭഗവാൻ വസിഷ്ഠമഹര്‍ഷി എങ്ങിനെ കല്പിക്കുന്നുവോ, അങ്ങനെ ചെയ്യാം.
ഒന്നാമങ്കം (16-20)
ജനമോദത്തിനുവേണ്ടി-
ക്കനിവു സുഖം സ്നേഹമോര്‍ക്കിലിതുമല്ല,
ജനകാത്മജയെപ്പോലും
മനമതിലഴലില്ലെനിക്കുപേക്ഷിപ്പാൻ.
സീത: ഇതുകൊണ്ടുതന്നെയാകുന്നു രഘുകുലരാജാക്കന്മാരിൽവെച്ചുത്തമനാണെന്നു് ആര്യപുത്രനെ ശ്ലാഘിക്കുന്നതു്.
രാമൻ: എടോ, ആരവിടെ? ഭഗവാൻ അഷ്ടാവക്രമുനിയെ വിശ്രമിപ്പിക്കട്ടെ.
അഷ്ടാവക്രൻ: (എഴുനീറ്റുകൊണ്ടു്) അയേ! കുമാരലക്ഷ്മണൻ വന്നിരിക്കുന്നു. (പോയി.)
ലക്ഷ്മണൻ: (പ്രവേശിച്ചു്) ആര്യൻ ജയിക്കുന്നു, ജയിക്കുന്നു. ആര്യേ, ആ ചിത്രകാരൻ നോം പറഞ്ഞുകൊടുത്ത പ്രകാരം ആയ്യന്റെ ചരിതത്തെ ഈ വീഥിയിൽ എഴുതിയിരിക്കുന്നു, അതിനെ ആര്യൻ ദർശിച്ചാലും!
രാമൻ: ബുദ്ധിക്ഷയം പൂണ്ടിരിക്കുന്ന ദേവിയെ വിനോദിപ്പിക്കുവാൻ വേണ്ടുന്ന ഉചിതപ്രവൃത്തികളെ വത്സനു നല്ലവണ്ണം അറിയാം. എന്നാൽ അതു് ഏതുവരെ എഴുതീട്ടുണ്ടു്?
ലക്ഷ്മണൻ: ആര്യയുടെ അഗ്നിപരിശുദ്ധിവരെ.
രാമൻ: കഷ്ടം! കഷ്ടം!
ജനകജ ജനനത്താൽത്തന്നെ സംശുദ്ധയല്ലോ,
പുനരിവളിൽ വിശുദ്ധിക്കെന്തിനാണന്യവസ്തു?
അനലനുമതുപോലത്തീർത്ഥവാരിക്കുമോർത്താ-
ലനഘതയെ വരുത്താനന്യവസ്തുക്കൾ വേണ്ട.
യാഗഭൂമിയിൽനിന്നു ജനിച്ച ഹേ ദേവി, പ്രസാദിക്കേണമേ! ഈ അപവാദം ഭവതിയുടെ ജീവിതകാലംവരെയ്ക്കും നിലനില്ക്കും.
എന്തും ചെയ്തു ജനങ്ങളിൽ കുലധന-
ന്മാരേകണം തൃപ്തിയെ-
ച്ചിന്തിച്ചങ്ങിനെ ഹന്ത ഞാനശുഭമാ-
മാ വാക്യമന്നോതിനേൻ;
കാന്തേ! നിന്നൊടു വേണ്ടതല്ലതു; ശിര-
സ്സിങ്കൽ ധരിക്കേണ്ടതാം
ഗന്ധം ചേർന്നൊരു നല്ല പുഷ്പമതിനെ-
ക്കാൽകൊണ്ടു മർദ്ദിച്ചു ഞാൻ.
സീത: പോകട്ടെ ആര്യപുത്ര, അതു പോകട്ടെ. നോമിപ്പോൾ അങ്ങയുടെ ചരിത്രത്തെ നോക്കുക. (എന്നു് എഴുനീറ്റു നടക്കുന്നു.)
ലക്ഷ്മണൻ: ഇതാകുന്നു ആ ചിത്രം.
സീത: (നോക്കീട്ടു്) ഇവരാരാണു്? ഉപരിഭാഗത്തിൽ തിങ്ങിനിന്നുകൊണ്ടു് ആര്യപുത്രനെ സ്തുതിക്കുകയാണെന്നു തോന്നുന്നു.
ലക്ഷ്മണൻ: ഇതുകൾ പ്രയോഗസംഹാരമന്ത്രങ്ങളുള്ള ജൃംഭകാസ്ത്രങ്ങളാകുന്നു. ഭഗവാൻ കൃശാശ്വനിൽനിന്നു വിശ്വാമിത്രമഹർഷിയെ പ്രാപിച്ചിരുന്ന ഇതുകളെ താടകാവധസമയത്തിൽ അനുഗ്രഹമായിട്ടാര്യന്നുപദേശിച്ചുകൊടുത്തു.
രാമൻ: ദേവി, ഈ ദിവ്യാസ്ത്രങ്ങളെ വന്ദിക്കു.
പുരാ കഠിനമാം തപസ്സിനെ വിരിഞ്ചി മുമ്പാകുമ-
പ്പുരാതനഗുരുക്കൾ ചെയ്തഖിലവേദരക്ഷാർത്ഥമായ്
ഒരായിരമതിൽപരം സമകൾചെന്നപിൻ കണ്ടിതി-
ശ്ശരാകൃതികളായ് തപോമയമതാം സ്വതേജസ്സിനെ.
സീത: ഇതുകളെ ഞാൻ നമസ്കരിക്കുന്നു.
രാമൻ: ഇപ്പോൾ സവ്വവിധത്തിലും ഇതുകൾ ഭവതിയുടെ സന്താനത്തെ പ്രാപിക്കും.
സീത: ഞാൻ അനുഗൃഹീതയായി.
ലക്ഷ്മണൻ: ഇതാകുന്നു മിഥിലാവൃത്താന്തം.
സീത: അഹോ! വിടരുന്ന പുതിയ നീലോല്പലംപോലെ ശ്യാമളമായും കോമളമായും സ്നിഗ്ദ്ധമായും മാംസളമായുമുള്ള ദേഹത്തിന്റെ സൗഭാഗ്യത്താൽ ആശ്ചര്യപ്പെട്ടു നിശ്ചലനായിരിക്കുന്ന അച്ഛനാൽ ദർശിക്കപ്പെടുന്ന സൗന്ദര്യശോഭയോടും ശിഖണ്ഡകങ്ങൾ കൊണ്ടു സുന്ദരമായിരിക്കുന്ന മുഖമണ്ഡലത്തോടും കൂടി ലീലയാൽ പരമേശ്വരചാപത്തെ ഭഞ്ജനം ചെയ്തിരിക്കുന്ന ആര്യപുത്രനെ എഴുതിയിരിക്കുന്നു.
ലക്ഷ്മണൻ: ആര്യേ! നോക്കു, നോക്കു.
നിൻ താതൻ ജനകനിതാ
സ്വന്തമുപാദ്ധ്യായനാം ശതാനന്ദനുമായ്
ബന്ധുക്കളെ മോദമോടു പൂജിക്കുന്നു.
രാമൻ: ഇതു കാണേണ്ടതുതന്നെ.
കൊടുക്കുമേ രാഘവമൈഥിലന്മാർ-
ക്കിടയെഴും ചാർച്ച സുഖത്തെയാർക്കും;
കൊടുത്തതും കൊണ്ടതുമന്നിതിങ്കൽ
മിടുക്കനാം കൗശികനേകനോർത്താൽ.
സീത: ആ സമയത്തിൽ വിവാഹദീക്ഷയോടുകൂടി ഗോദാനമംഗളകർമ്മത്തെ അനുഷ്ഠിച്ചിരിക്കുന്ന സഹോദരന്മാരായ നിങ്ങൾ നാലുപേരാണിതു്. അഹോ, ആ പ്രദേശത്തിലും ആ സമയത്തിലുംതന്നെയാണു് ഞാനിപ്പോൾ ഇരിക്കുന്നതെന്നു തോന്നുന്നു.
രാമൻ: അങ്ങിനെതന്നെ.
പരമൊരുടൽ വഹിച്ചുള്ളുത്സവംപോലെ മോദം
തരുമതിമൃദുവാം നിൻ കങ്കണം ചേർന്ന ഹസ്തം
തരുണി, മമ കരത്തിൽ ശ്രീ ശതാനന്ദനർപ്പി-
ച്ചൊരു സമയമതിപ്പൊഴെന്നു തോന്നുന്നു കാന്തേ
ലക്ഷ്മണൻ: ഇതു് ആര്യയാണ്; ഇതു് ആര്യയായ മാണ്ഡവിയാണു്; ഇതു വധുവായ ശ്രുതകീർത്തിയാണു്.
സീത: വത്സ, വേറെ ഒരു സ്ത്രീയുള്ളതാരാണ് ?
ലക്ഷ്മണൻ: (ലജ്ജയോടുകൂടി മന്ദഹാസം ചെയ്തു് ആത്മഗതം) അയേ, ആര്യ ഊർമ്മിളയെച്ചോദിക്കുന്നു. ഇരിക്കട്ടെ, മറ്റൊന്നിനെക്കാണിച്ചുകൊടുക്കാം. (പ്രകാശം) ആര്യേ! നോക്കു, ഇതു കാണേണ്ടതാണു്. ഇതാ ഭഗവാൻ പരശുരാമൻ.
സീത: (സംഭ്രമിച്ചുകൊണ്ടു്) ഞാൻ നടുങ്ങിപ്പോയി!
ഒന്നാമങ്കം (21-25)
രാമൻ: ഋഷേ! അങ്ങെയ്ക്കു നമസ്കാരം.
ലക്ഷ്മണൻ: ആര്യേ! നോക്കു ഇതാ ഇദ്ദേഹത്തിനെ. ആര്യൻ- (എന്നു പകുതി പറഞ്ഞപ്പോൾ)
രാമൻ: (നിഷേധിച്ചുകൊണ്ടു് ) വത്സ! ഇനിയും വളരെ കാണേണ്ടതുണ്ടു്, അങ്ങോട്ടു കാണിക്കു.
സീത: (സ്നേഹബഹുമാനത്തോടുകൂടി രാമനെ നോക്കിയിട്ട് ) ആര്യപുത്ര! ഈവിധമുള്ള വിനയമാഹാത്മ്യത്താൽ അങ്ങുന്നു നല്ലവണ്ണം ശോഭിക്കുന്നു.
ലക്ഷ്മണൻ: അയോദ്ധ്യയിൽ വന്നെത്തിയ നമ്മളാണിതു്.
രാമൻ: (കണ്ണീരോടുകൂടി) കഷ്ടം! ഇപ്പോഴും ഞാനോർക്കുന്നുണ്ടു്,
അന്നച്ഛനുണ്ടധികമോദമൊടാദരിപ്പാ-
നെന്നല്ല നാം പുതിയ പത്നികളോടുകൂടി
നന്നായ് സുഖിപ്പതിനു മോഹമൊടംബമാരും
നന്ദിക്കുമസ്സുദിവസങ്ങൾ കഴിഞ്ഞുവല്ലൊ.
അക്കാലത്തിൽ ശിശുവായിരിക്കുന്ന ഈ ജാനകിയും,
വീണിട്ടൊട്ടിടവിട്ടുമായിടകളിൽ
സ്വല്പം മുളച്ചും മിഴി-
ക്കാനന്ദത്തെ വളർത്ത ദന്തനിരയാൽ
ശോഭിച്ച വക്ത്രാബ്ജവും
താനേ ചേന്ന വിലാസഭംഗി മൃദുതാ
ലാവണ്യവും പൂണ്ടുകൊ-
ണ്ടാനന്ദാതിശയത്തെയെന്റെ തനുവി-
ന്നംഗങ്ങളാൽ നല്കിനാൾ.
ലക്ഷ്മണൻ: ഇതാ മന്ഥര.
രാമൻ: (ഒന്നും മിണ്ടാതെ കുറെ നടന്നിട്ടു്) ദേവി ജാനകി!
ശൃംഗിവേരപുരമായതിങ്കലു-
ള്ളിംഗുദീമരമിതാ മമ പ്രിയേ!
ഇങ്ങുവെച്ചു സഖിയാം ഗുഹൻ പുരാ
മംഗലാംഗിമണി! കണ്ടു നമ്മളെ.
ലക്ഷ്മണൻ: (ചിരിച്ചാത്മഗതം) അയേ! രണ്ടാമത്തെമ്മയുടെ വൃത്താന്തത്തെ ആര്യൻ വിട്ടുകളഞ്ഞു.
സീത: അഹോ! ഇതാകുന്നു ജടപിരിച്ച വൃത്താന്തം.
ലക്ഷ്മണൻ:
മനുകുലമതിൽ മുമ്പുണ്ടായ ഭൂപാലരെല്ലാം
തനയരിൽ നിജരാജ്യശ്രീയെയർപ്പിച്ചു പിന്നേ
വനമതിലതിപുണ്യം വാസമംഗീകരിച്ചാർ
വിനയമൊടതു ബാല്യേ ജ്യേഷ്ഠനംഗീകരിച്ചു.
സീത: ഇതാ നിമ്മലവും പുണ്യവുമായ ജലമുള്ള ഗംഗാ ഭഗവതി.
രാമൻ: ഭഗവതി രഘുകുലദേവതേ! ഭവതിക്കു നമസ്കാരം.
മുന്നം മദ്വംശ്യരാം ശ്രീസഗരതനയര-
ച്ഛന്റെ യജ്ഞാശ്വമാരാ-
ഞ്ഞൊന്നായ് ഭൂവെപ്പിളർന്നക്കുപിതകപിലകോ-
പാഗ്നിയാൽ ഭസ്മമായാർ;
തൻനാശത്തെഗ്ഗണിക്കാതതികഠിനതപം
ചെയ്തനേകാണ്ടുകാലം
നിന്നംഭസ്സാൽ ദിലീപാത്മജനവരെ നന-
ച്ചാക്കിനാൻ സ്വർഗ്ഗലോകേ.
അങ്ങിനെയുള്ള മാതാവായ ഭഗവതി സ്ന്‌നുഷയായ ഈ ജാനകിക്കു മംഗളംഭവിപ്പാനായി അരുന്ധതിയെന്നപോലെ എല്ലാസമയത്തിലും അനുഗ്രഹിക്കേണമേ!
ലക്ഷ്മണൻ: കാളിന്ദീതടത്തിൽക്കൂടി ചിത്രകൂടത്തിന്നു പോകുന്ന മാർഗ്ഗത്തിൽ നില്ക്കുന്നതും ഭരദ്വാജൻ പറഞ്ഞു തന്നതും ശ്യാമമെന്നു പേരുള്ളതുമായ വടവൃക്ഷമാണിതു്.
(രാമൻ ആഗ്രഹത്തോടുകൂടി നോക്കുന്നു.)
സീത: ഈ പ്രദേശത്തെ ആര്യപുത്രൻ സ്മരിക്കുന്നുണ്ടോ?
രാമൻ: അയി! ഞാനെങ്ങനെ മറക്കുന്നു?
ഒട്ടല്ലാതെ തളർന്നുലഞ്ഞു ഗമനം-
കൊണ്ടെങ്കിലും രമ്യമായ്
കെട്ടിച്ചേർത്തു പുണർന്നു മർദ്ദനസുഖം
പാരം ലഭിച്ചുള്ളതായ്
പൊട്ടിച്ചുള്ള വിസംകണക്കബലമാ-
മംഗത്തെയെല്ലാമെടു-
ത്തിട്ടെന്മാറതിലന്നുറങ്ങിയതു നീ-
യിദ്ദിക്കിൽവെച്ചല്ലയോ?
ലക്ഷ്മണൻ: വിന്ധ്യാടവീ പ്രദേശത്തിങ്കൽ നമ്മെത്തടുത്ത വിരാധനാണിതു്.
സീത: ഇതു നോക്കിയതു മതി. ആര്യപുത്രന്റെ കയ്യിലുണ്ടായിരുന്ന വിശറിയുടെ നിഴലിൽ നിന്നുകൊണ്ടു്, ഞാൻ ദക്ഷിണാരണ്യത്തിൽ പ്രവേശിക്കുവാനാരംഭിച്ചതിനെ നോക്കുക.
രാമൻ:
മുന്നം കണ്ട തപോവനസ്ഥലമിതാ,
വൈഖാനസന്മാരിതിൽ-
ത്തന്നേ പണ്ടു വസിച്ചു വൃക്ഷനിഴലിൽ-
ച്ചോലയ്ക്കു തീരത്തിലായ്
തന്നുള്ളിൽ ശമമാർന്നുകൊണ്ടതിഥിസൽ-
ക്കാരത്തിലുദ്യുക്തരായ്
വന്യാന്നങ്ങളൊരുക്കിവെച്ചൊരു ഗൃഹ-
സ്ഥന്മാരുമുണ്ടെന്നിതിൽ.
ലക്ഷ്മണൻ: നാലുഭാഗത്തും തിങ്ങിനില്ക്കുന്ന വൃക്ഷസമൂഹങ്ങളാൽ അലംകൃതമായും ശീതളമായും ശ്യാമളമായുമിരിക്കുന്ന അരണ്യത്തിൽക്കൂടി പ്രവഹിക്കുന്ന ഗോദാവരിയുടെ ഘോഷത്താൽ മുഴങ്ങുന്ന ഗുഹകളുള്ളതും എല്ലാ സമയത്തിലും വർഷിക്കുന്ന മേഘങ്ങളാൽ നീലവർണ്ണമായിത്തീർന്നതും ജനസ്ഥാനമദ്ധ്യത്തിലുള്ളതുമായ പ്രസ്രവണപർവ്വതമാണിതു്.
ഒന്നാമങ്കം (26-30)
രാമൻ:
അക്കാലം സുഖമോടുമഗ്ഗിരിയിൽ നാം
സൗമിത്രി ചെയ്യുന്ന നൽ-
സല്ക്കാരത്തെ വഹിച്ചുകൊണ്ടു ബഹുനാൾ
വാണുള്ളതോർക്കുന്നുവോ?
മൽക്കാന്തേ! മധുരാംബുചേർന്നൊഴുകുമ-
ഗോദാവരീസിന്ധുവും
തൽക്കൂലങ്ങളിൽ നാം കുളിച്ചതുമയേ!
മയ്ക്കണ്ണിയോർക്കുന്നുവോ?
എന്നു മാത്രമല്ല,
നാമോരോ ഭുജവല്ലികൊണ്ടു ദൃഢമാ-
യാലിംഗനം ചെയ്തതി-
പ്രേമത്തോടു കവിൾത്തടം കവിളതിൽ
ചേർത്തെത്രയും മന്ദമായ്
സാമോദം ക്രമമെന്നിയേ പലതുമ-
ന്നൊട്ടൊട്ടു ചൊല്ലും വിധൗ
യാമം പോയതറിഞ്ഞിടാത്തവിധമായ്-
ത്തന്നേ കഴിഞ്ഞൂ നിശാ.
സീത: അയ്യോ ആര്യപുത്രാ! അങ്ങേക്കാണ്മാനുള്ള യോഗം അവസാനിച്ചു.
രാമൻ: അയി വിരഹഭീരു, ചിത്രമാണിതു്.
സീത: എങ്ങനെയായാലും കൊള്ളാം, ദുര്‍ജ്ജനം ദുഃഖത്ത ഉണ്ടാക്കുന്നു.
രാമൻ: കഷ്ടം! ജനസ്ഥാനവൃത്താന്തം ഇപ്പോൾ നടക്കുന്ന പോലെ എനിക്കു തോന്നുന്നു.
ലക്ഷ്മണൻ:
കാണുന്നിക്കഥ ദുഷ്ടരാക്ഷസർ മഹാ-
വ്യാജേന പൊന്മാനിനെ-
ക്കാണിച്ചന്നുളവാക്കി വേണ്ടതതിൽ നാം
ചെയ്തും ശമിച്ചീല മാൽ;
ക്ഷീണിച്ചഗ്രജനന്നു കാട്ടിയ ജന-
സ്ഥാനത്തിലെച്ചേഷ്ടയാൽ
ക്ഷോണീധ്രങ്ങൾ കരഞ്ഞുപോയ് നുറുനുറു-
ങ്ങിപ്പോയഹോ വജ്രവും.
സീത: (കണ്ണീരോടുകൂടി) രഘുകുലത്തെ ആനന്ദിപ്പിക്കുന്ന ദേവ! ഞാൻ നിമിത്തമായിട്ടിത്രവളരെ അങ്ങുന്നു വ്യസനിച്ചുവല്ലോ.
ലക്ഷ്മണൻ: (അഭിപ്രായത്തോടുകൂടി രാമനെ നോക്കീട്ട്) ആര്യ ഇതെന്താണ്?
ഹാരം പൊട്ടിയുതിര്‍ന്ന മുത്തുകൾകണ-
ക്കശ്രുക്കൾ വീണിട്ടിതാ
പാരിൽച്ചിന്നിയൊലിച്ചിടുന്നു ഹൃദയം
തിങ്ങിക്കവിഞ്ഞിങ്ങിനെ
പോരുന്നല്ലലകത്തൊതുക്കുകിലുമീ
നാസാപുടം ചുണ്ടുമി—
ന്നേരം തെല്ലു ചലിച്ചിടുന്നിതതിനാ-
ലാര്‍ക്കും ഗ്രഹിക്കാം ക്ഷണം.
രാമൻ: വത്സ,
അക്കാലം പ്രിയയെപ്പിരിഞ്ഞഴൽ മഹ-
ത്തെന്നാകിലും ഞാനതെ-
ന്നുൾക്കാമ്പിങ്കലൊതുക്കിനേൻ പ്രതിവിധി-
ക്കുള്ളോരു മോഹത്തിനാൽ;
ഇക്കാലം പുനരുത്ഭവിക്കുമഴലോ
മര്‍മ്മവ്രണംപോലെയെ-
ന്നുൾക്കാമ്പാശു ദഹിക്കുമാറധികമാ-
യേകുന്നു താപത്തിനേ.
സീത: ഹാ കഷ്ടം കഷ്ടം! ഇപ്പോൾ ഏററവും വര്‍ദ്ധിച്ചിരിക്കുന്ന ഈ ഉദ്വേഗത്താൽ ഞാനും ആര്യപുത്രനെ പിരിഞ്ഞിരിക്കുന്നതുപോലെ എന്നെക്കാണുന്നു.
ലക്ഷ്മണൻ: (ആത്മഗതം) ഇരിക്കട്ടെ. മറ്റൊന്നിനെ കാണിച്ചുകൊടുക്കാം. (ചിത്രം നോക്കീട്ടു പ്രകാശം) അനേകായിരം സംവത്സരങ്ങൾക്കു മുമ്പേ ജനിച്ച അതിമഹാനും പക്ഷിശ്രേഷ്ഠനുമായ താതജടായുവിന്റെ ചരിത്രപരാക്രമങ്ങളുടെ ലക്ഷ്യമാണിതു്.
സീത: ഹാ! താത! പുത്രസ്നേഹത്തെ അങ്ങു നല്ലവണ്ണം പരിപാലിച്ചു.
രാമൻ: ഹാ! താത! കാശ്യപവംശത്തിൽ ജനിച്ച പക്ഷിശ്രേഷ്ഠ! അങ്ങയെപ്പോലുള്ള മഹാപരിശുദ്ധസജ്ജനം ഇനിയെവിടെ സംഭവിപ്പാൻ പോകുന്നു!
ലക്ഷ്മണൻ: ഇതാകുന്നു ജനസ്ഥാനത്തിന്റെ പശ്ചിമഭാഗത്തിൽ ദനുകബന്ധൻ വസിച്ചിരുന്ന ചിത്രകുഞ്ജവാനെന്ന ദണ്ഡകാരണ്യപ്രദേശം. ഇതാകുന്നു ഋശ്യമൂകപർവ്വതത്തിലുള്ള മതംഗമുനിയുടെ ആശ്രമപ്രദേശം. ഇതാകുന്നു ശ്രമണയെന്നു പേരായ സിദ്ധശബരി. ഇതാകുന്നു ആ പമ്പാസരസ്സ്.
സീത: ഇതാ ഇവിടെ ശോകാവേഗത്താൽ ധൈര്യവും കോപവും ക്ഷയിച്ചിരിക്കുന്ന ആയ്യപുത്രൻ നിലവിളിച്ചു കരഞ്ഞുകൊണ്ടിരിക്കുന്നതായി എഴുതിയിരിക്കുന്നുവല്ലോ.
രാമൻ: ദേവീ! ഈ പമ്പാസരസ്സ് വളരെ ഭംഗിയുള്ളതാകുന്നു.
അര്‍ണ്ണോജാക്ഷി! മദിച്ച ഹംസഗണമാ-
ട്ടീടുന്ന പക്ഷങ്ങളാൽ
വണ്ണംകൂടിയ തണ്ടുലഞ്ഞു വെളിയിൽ-
ക്കാണുംവിധം ഭംഗിയിൽ
അര്‍ണ്ണോജങ്ങളുമാമ്പലും നിറയുമി-പ
മ്പാപ്രദേശങ്ങളെ-
ക്കണ്ണീർ വീഴുമുടൻ നിറഞ്ഞിടുമതിൻ-
മദ്ധ്യത്തിലീക്ഷിച്ചു ഞാൻ.
ലക്ഷ്മണൻ: ഇതാ ആര്യനായ ഹനൂമാൻ.
സീത: വളരെക്കാലം പരോപദ്രവത്തെ അനുഭവിച്ചിരുന്ന ജീവലോകത്തിന്നാശ്വാസം നല്ലി അത്യന്തോപകാരം ചെയ്ത മഹാനുഭാവനായ ആ മാരുതിയാണിതു്.
രാമൻ:
അഹോ ഭാഗ്യമിതാ ധീരൻ
മഹാവീരൻ മരുൽസുതൻ,
ഊക്കിനാൽ നമ്മെയും ധന്യ-
രാക്കിനാൻ ഭുവനത്തെയും.
സീത: വത്സ! പുഷ്പിച്ചിട്ടുള്ള കദംബവൃക്ഷങ്ങളിൽ താണ്ഡവം ചെയ്യുന്ന മയിലുകളോടുകൂടിയ ഈ പര്‍വ്വതത്തിന്റെ പേരെന്താണ്? ഇതിലിതാ, ഒരു വൃക്ഷച്ചുവട്ടിൽ തേജസ്സമൃദ്ധിമാത്രം ശേഷിച്ചും വിളറിയും ദേഹകാന്തിയോടുകൂടിയും അല്പനേരം മൂർച്ഛയെ പ്രാപിച്ചുമിരിക്കുന്ന ആര്യപുത്രനെ വത്സൻ ഏറ്റവും രോദനംചെയ്തു താങ്ങിക്കൊണ്ടിരിക്കുന്നതായി എഴുതിയിരിക്കുന്നു.
ലക്ഷ്മണൻ:
പാരം നീർമരുതിന്റെ പൂമണമണ-
ഞ്ഞുള്ളോരിതാ മാല്യവാൻ,
ചാരുശ്രീനവനീലമേഘമതിലെ-
ശ്ശൃംഗങ്ങളിൽ തങ്ങുമേ.
രാമൻ:
പോരും പോരുമിതുണ്ണി! ഞാനിതിനിമേൽ
കാണ്മാനശക്തൻ, മഹാ-
ഘോരം ചേതസി ജാനകീവിരഹമാൽ
ചേരുന്നു രണ്ടാമതും.
ലക്ഷ്മണൻ: ഇവിടുന്നങ്ങോട്ട്, ആര്യന്റെയും അതിവിശിഷ്ടന്മാരായ വാനരന്മാരുടേയും രാക്ഷസന്മാരുടേയും അസംഖ്യങ്ങളായും ഒന്നിനെക്കാളൊന്നു ശ്രേഷ്ഠങ്ങളായുമുള്ള ആശ്ചര്യകര്‍മ്മങ്ങളാകുന്നു. ആര്യയോ, വളരെ ക്ഷീണിച്ചുമിരിക്കുന്നു. അതിനാൽ അല്പം വിശ്രമിക്കേണ്ടതാണെന്നു ഞാനറിയിച്ചുകൊള്ളുന്നു.
ഒന്നാമങ്കം (31-35)
സീത: ആര്യപുത്ര! ഈ ചിത്രദർശനംനിമിത്തം ആഗ്രഹം ജനിച്ചിട്ടുള്ള എനിക്കു് അല്പമായ ഒരപേക്ഷയുണ്ടു്.
രാമൻ: ആജ്ഞാപിക്കാമല്ലോ.
സീത: ഇനി ഒരിക്കൽക്കൂടി ചെന്നു് പ്രസന്നമായും ഗംഭീരമായും ഇരിക്കുന്ന വനപ്രദേശത്തിൽ കളിക്കുന്നതിനും പരിശുദ്ധമായും നിര്‍മ്മലമായുമിരിക്കുന്ന ഗംഗാജലത്തിൽ കുളിക്കുന്നതിനും ഞാനാഗ്രഹിക്കുന്നു.
രാമൻ: വത്സ, ലക്ഷ്മണ!
ലക്ഷ്മണൻ: ഇതാ ഞാൻ തയ്യാറായിരിക്കുന്നു.
രാമൻ: ഗർഭകാലത്തിൽ സംഭവിക്കാവുന്ന വല്ല ആഗ്രഹവും ഇവൾക്കുണ്ടായാൽ അതുടനെ സാധിപ്പിച്ചു കൊടുക്കേണ്ടതാണെന്നു് ഇപ്പോൾത്തന്നെ ഗുരുജനങ്ങൾ പറഞ്ഞയച്ചിരിക്കുന്നു. അതിനാൽ, ഇളക്കം കൂടാതെ സുഖമായി സഞ്ചരിക്കാവുന്നതായ ഒരു രഥത്തെ വരുത്തുക.
സീത: ആര്യപുത്ര! അങ്ങുന്നുകൂടി വരണം.
രാമൻ: അയി കഠിനഹൃദയേ, ഇതും പറയേണമെന്നുണ്ടോ?
സീത: എന്നാലെനിക്കു വളരെ സന്തോഷം.
ലക്ഷ്മണൻ: ആര്യൻ കല്പിക്കുന്നതുപോലെ ചെയ്യാം.
(പോയി.)
രാമൻ: പ്രിയേ! ഈ ജനലിന്റെ സമീപത്തിൽ അല്പനേരം ഇരിക്കുക.
സീത: അങ്ങനെയാകട്ടെ. ക്ഷീണത്താലുണ്ടാകുന്ന നിദ്ര എന്നെ ആകര്‍ഷിക്കുന്നുവല്ലൊ.
രാമൻ: എന്നാൽ ഗാഢമായി എന്റെമേൽ ചാരിക്കിടന്നുകൊൾക.
ഖേദത്രാസനിമിത്തമിപ്പൊഴുളവാം
സ്വേദാംബുവാൽ തിങ്കളിൻ
പാദംകൊണ്ടു കിനിഞ്ഞ ചന്ദ്രമണിചേര്-
ന്നുണ്ടായ ഹാരത്തിനെ
ഖേദിപ്പിച്ചിടുമിക്കരം പ്രിയതമേ!
വൈദേഹി,യെൻ ജീവനാ-
മോദം നൽകുവതിന്നുവേണ്ടിയുടനെൻ-
കണ്ഠത്തിലര്പ്പിക്കെടോ!
(അപ്രകാരം ചെയ്യിച്ചുകൊണ്ടാനന്ദത്തോടുകൂടി) പ്രിയേ! ഇതെന്താണ്?
ഹാഹാ! മേ നിശ്ചയിപ്പാൻ പണിയിതു സുഖമോ
ദുഃഖമോ നിദ്രതാനോ
മോഹംതാനോ മദം വാ സുമുഖി, വിഷമതിൻ
വ്യാപ്തിയോയെന്നുമിപ്പോൾ
ദേഹസ്പശങ്ങൾതോറും തരുണി, മമ വികാ-
രത്തിനാലിന്ദ്രിയൗഘം
മോഹിക്കുന്നു മനസ്സിൽ കളമൊഴി, തെളിവും
മൂടലും ചേര്‍ന്നിടുന്നൂ.
സീത: (മന്ദഹാസത്തോടുകൂടി) അങ്ങയെന്റെമേൽ സ്ഥിരമായ പ്രണയമുണ്ടു്. അല്ലാതെ വേറെയെന്താണു്?
രാമൻ:
പുത്തൻതേന്മൊഴി! നിന്റെയിസ്സുവചനം
വാടീടുമെൻ ജീവനാം
നൽത്താരിന്നു വികാസവും പ്രിയതമേ!
നൽകുന്നിതാനന്ദവും;
അത്യന്തം സകലേന്ദ്രിയത്തിനുമഹോ
മോഹം വളര്‍ക്കുന്നു മേ;
ചിത്തത്തിന്നു രസായനം പുനരിതെൻ
കര്‍ണ്ണത്തിനോര്‍ത്താൽ സുധാ.
സീത: പ്രിയംവദ! വരു ശയിക്കുക. (ശയനത്തിന്നായിട്ടു നാലുഭാഗത്തും നോക്കുന്നു.)
രാമൻ: പ്രിയേ! എന്താണന്വേഷിക്കുന്നതു്?
കരംപിടിച്ച നാൾമുതൽ ഗൃഹത്തിലും വനത്തിലും
വരാംഗി! ശൈശവത്തിലും തഥൈവ യൗവനത്തിലും
പരം നിനക്കുറങ്ങുവാൻ മൃദുപധാനമോര്‍ക്ക മ-
റ്റൊരംബുജാക്ഷിയെത്തൊടാത്ത രാമബാഹുവല്ലയോ?
സീത: (ഉറക്കം തൂങ്ങിക്കൊണ്ടു്) അതങ്ങിനെതന്നെ, ആര്യപുത്ര! അതങ്ങിനെതന്നെ. (ഉറങ്ങുന്നു. )
രാമൻ: പ്രിയഭാഷിണി മാറിൽക്കിടന്നുറങ്ങിപ്പോയോ? (നോക്കീട്ടു സ്നേഹത്തോടുകൂടി)
എന്നില്ലത്തിന്നു ലക്ഷ്മീ സ്വയമിവൾ നയന-
ങ്ങൾക്കു പീലൂഷധാരാ
തന്വംഗസ്പർശമോയെൻതനുവിനു ബഹുവാം
ചന്ദനച്ചാറുതന്നെ;
എന്നല്ലിക്കൈ ഗളത്തിന്നതിശിശിരമതാം
ചാരുഹാരം നമുക്കി-
ന്നൊന്നല്ലെല്ലാം പ്രിയംതാനിവളുടെ വിരഹം-
മാത്രമോര്‍ത്താലസഹ്യം.
(ഒരു പ്രതീഹാരി പ്രവേശിക്കുന്നു.)
പ്രതീഹാരി: ദേവ! വന്നിരിക്കുന്നു.
രാമൻ: അയേ, ആരു്?
പ്രതീഹാരി: തിരുമനസ്സിലെ ആസന്നപരിചാരകനായ ദുർമ്മുഖൻ.
രാമൻ: (ആത്മഗതം) ജനങ്ങൾ എന്നെക്കുറിച്ചെന്തു പറയുന്നു, എന്നറിവാനായിട്ടാണല്ലൊ അന്തഃപുരപരിചാരകനായ ആ ദുർമ്മുഖനെ അയച്ചിരുന്നതു്. (പ്രകാശം) വരട്ടെ.
(പ്രതീഹാരി പോകുന്നു. അനന്തരം ദുർമ്മുഖൻ പ്രവേശിക്കുന്നു.)
ദുർമ്മുഖൻ: (ആത്മഗതം) ഹാ കഷ്ടം, കഷ്ടം! ഈവിധം സീതാദേവിക്കു വന്നിട്ടുള്ള, സ്മരിക്കപോലും വയ്യാത്ത, ലോകാപവാദത്തെ ഞാനെങ്ങനെയാണു് മഹാരാജാവിനെ അറിയിക്കുന്നതു്? എന്തു ചെയ്യാം, ഭാഗ്യഹീനനായ എന്നെ ഇതിനാണല്ലൊ നിയോഗിച്ചതു്.
സീത: (സ്വപ്നത്തിൽ പറയുന്നു) ഹാ സൗമ്യ! ആര്യപുത്ര! അങ്ങിപ്പോളെവിടെയാണു്?
രാമൻ: ഓ! ചിത്രദര്‍ശനത്താൽ ഓര്‍മ്മവന്ന ആ വിരഹാവസ്ഥതന്നെയാകുന്നു ദേവിയെ സ്വപ്നത്തിലിങ്ങിനെ വ്യസനിപ്പിക്കുന്നതു്. (സ്നേഹത്തോടുകൂടി സീതയുടെ അംഗങ്ങളിൽ തടവിക്കൊണ്ടു്)
ഒന്നായും സൗഖ്യദുഃഖങ്ങളിലനുഗുണമാ-
യേതുകാലത്തുമുൾപ്പു-
വിന്നുള്ളാശ്വാസമായും, രസമതു ജരയാൽ
ഭേദിയാതുള്ളതായും,
പിന്നെക്കാലേന തീര്‍ന്നാ മറവുകളൊടുവിൽ
സ്നേഹ സത്തായു,മെന്നും
ഭിന്നിക്കാതുള്ള പത്നീപ്രണയമധിക-
പുണ്യത്തിനാലേ ലഭിക്കൂ.
ദുര്‍മ്മുഖൻ: (അടുത്തുചെന്നു്) മഹാരാജാവു് ജയിക്കുന്നു.
ഒന്നാമങ്കം (36-40)
രാമൻ: എന്താ കിട്ടിയതു്? പറയൂ.
ദുര്‍മ്മുഖൻ: "രാമമഹാരാജാവു് ഞങ്ങളെ ദശരഥമഹാരാജാവിനെ വിസ്മരിക്കത്തക്ക സ്ഥിതിയിലാക്കി" എന്നു് എല്ലാ ജനങ്ങളും ദേവനെ സ്തുതിക്കുന്നു.
രാമൻ: ഇതൊരു അതിസ്തുതിയാണു്. എനിക്കുള്ള ദോഷത്തെ പറയൂ; എന്നാലതിന്നു പ്രതിവിധി ചെയ്യാമല്ലോ.
ദുര്‍മ്മുഖൻ: (കരഞ്ഞുകൊണ്ടു്) മഹാരാജാവു കേട്ടാലും. (ചെവിയിൽ പറയുന്നു.)
രാമൻ: അഹഹ! വാക്കാകുന്ന വജ്രത്തിന്റെ പതനവേഗം അതിദുസ്സഹംതന്നെ. (മോഹിക്കുന്നു.)
ദുര്‍മ്മുഖൻ: ദേവാ, ആശ്വസിക്കണേ, ആശ്വസിക്കണേ!
രാമൻ: (ആശ്വസിച്ചു് )
അയ്യയ്യോ പ്രിയയന്യഗേഹമതിൽ വാ-
ണുണ്ടായ ദുഷ്പേരിനെ-
ത്തിയ്യിൽ കാട്ടിയൊരത്ഭുതക്രിയകളാൽ
തീര്‍ത്തീടിനാളെങ്കിലും,
പയ്യെപ്പിന്നെയുമെന്റെ ദുര്‍വിധിവശാൽ
പേപ്പട്ടി ഖാദിച്ചുടൻ
മെയ്യിൽ ചേര്‍ന്ന വിഷംകണക്കതു പര-
ന്നീടുന്നിതെല്ലാടവും.
അതുകൊണ്ടു് ഭാഗ്യഹീനനായ ഞാനെന്താണിവിടെ ചെയ്യേണ്ടതു്? (ആലോചിച്ചു വ്യസനത്തോടുകൂടി) വേറെ എന്താണ്?
എന്തെങ്കിലും ചെയ്തു മഹാജനങ്ങളിൽ
സംതൃപ്തി നല്കുന്നതു സജ്ജനവ്രതം;
എൻതാതനാത്മാവിനൊടെന്നെയും വെടി-
ഞ്ഞെന്തിന്നു പണ്ടീവ്രതമാചരിച്ചുതാൻ!
ഇപ്പോൾതന്നെ ഭഗവാൻ വസിഷ്ഠമഹര്‍ഷി കല്പിച്ചയച്ചുമിരിക്കുന്നു. എന്നു മാത്രമല്ല,
ഇതുവരെ രവിവംശം ശുദ്ധമായ് തന്നെ കാത്തൂ
ക്ഷിതിപതികൾ മഹാന്മാരായ മൽപൂര്‍വ്വരെല്ലാം;
അതിലൊരു മലിനത്വം ഞാൻ നിമിത്തം ഭവിച്ചാൽ
ക്ഷിതിയിലഹമധന്യൻ ഹന്ത! ഞാൻതന്നെ നിന്ദ്യൻ.
ഹാ ദേവി! ദേവയജനസംഭവേ! ഹാ സ്വജന്മാനുഗ്രഹപവിത്രിതവസുന്ധരേ! ഹാ ജനകവംശനന്ദിനി! ഹാ പാവകവസിഷ്ഠാരുന്ധതീപ്രശസ്തശീലശാലിനി! ഹാ രാമമയൈകജീവിതേ! ഹാ മഹാരണ്യവാസപ്രിയസഖി! ഹാ താതപ്രിയേ! ഹാ സ്തോകപ്രിയവാദിനി! ഇപ്രകാരമുള്ള ഭവതിക്കുകൂടി എങ്ങനെ ഈ വിധമുള്ള പരിണാമം സംഭവിച്ചു!
ജനങ്ങളിൽ ശുദ്ധി ഭവിച്ചു നിന്നാൽ,
ജനങ്ങൾ ചൊല്ലുന്നു നിനക്കു ദോഷം;
സനാഥരായ്ത്തീര്‍ന്നു ജനങ്ങൾ നിന്നാ-
ലനാഥയായ് നീ ബത മാഴ്‌കുമാറായ്.
(ദുര്‍മ്മുഖനെ നോക്കീട്ട്) ദുര്‍മ്മുഖ! ലക്ഷ്മണനോടു ചെന്നു പറയൂ. ഈ പുതിയ രാജാവായ രാമൻ കല്പിക്കുന്നു.
(ശേഷം ചെവിയിൽ പറയുന്നു.)
ദുര്‍മ്മുഖൻ: അഗ്നിപരിശുദ്ധയായും പവിത്രമായ രഘുകുലസന്താനത്തെ ഗർഭത്തിൽ വഹിച്ചുകൊണ്ടുമിരിക്കുന്ന ദേവിയെ ദുർജ്ജനങ്ങളുടെ വാക്കിനാൽ ഇപ്പോൾ തിരുമനസ്സുകൊണ്ടിത്ര വലുതായ കഷ്ടസ്ഥിതിയിലാക്കുന്നതെങ്ങിനെയാണു്?
രാമൻ: കഷ്ടം കഷ്ടം! ദുര്‍ജ്ജനങ്ങളാണു് ജനങ്ങൾ എന്നു എങ്ങിനെ പറയുന്നു?
മനുകുലമതിനോടില്ലാര്ക്കുമപ്രീതി, ദൈവാൽ
ജനമിതു പറവാനായ് ഹേതുവുണ്ടായിതാനും;
അനലനിലതിദൂരെച്ചെയ്തൊരാശ്ചര്യകര്‍മ്മം
മനമതിലിഹ നേരെന്നാരുതാൻ വിശ്വസിക്കും?
എന്നാൽ ചെല്ലു.
ദുര്‍മ്മുഖൻ: അയ്യോ ദേവി! (എന്നു പോയി.)
രാമൻ: ഹാ കഷ്ടം! ഞാൻ അതിബീഭത്സമായ കര്‍മ്മത്തെച്ചെയ്യുന്ന ഒരു ക്രൂരനായിട്ടു തീര്‍ന്നു. എന്തെന്നാൽ,
കഷ്ടിച്ചെട്ടു വയസ്സുതൊട്ടിതുവരെ-
ക്കൗതൂഹലത്താൽ വളര്‍-
ത്തിഷ്ടം പാരമുദിക്കയാൽ ഹൃദയമൊ-
ന്നായുള്ള മൽ കാന്തയെ
കഷ്ടം! സൗനികനാലയത്തിൽ വളരും
പെൺപക്ഷിയെപ്പോലെയീ
ദുഷ്ടൻ ഞാൻ കനിവെന്നിയേ കപടമായ്
കാലന്നു നല്കുന്നിതാ.
അതിനാൽ സ്പര്‍ശിപ്പാൻ യോഗ്യനല്ലാത്ത മഹാപാപിയായ ഞാൻ എന്തിനായിട്ടു ദേവിയെ ദൂഷ്യപ്പെടുത്തുന്നു?
(എന്നു സീതയുടെ ശിരസ്സിനെ പതുക്കെ പൊങ്ങിച്ചു കൈയിനെ വലിച്ചെടുത്തുകൊണ്ടു്)
വിടുക കഠിനകര്‍മ്മം കൊണ്ടു ചണ്ഡാളനാമെ-
ന്നുടലുടനയി മുഗ്ധേ! ക്രൂരനാരുണ്ടിവണ്ണം?
ചടുലമിഴി മനോജ്ഞേ! ചന്ദനഭ്രാന്തിമൂലം
കൊടിയവിഷമരത്തെത്തന്നെ നീയാശ്രയിച്ചു.
(എഴുനീറ്റു്) കഷ്ടം! കഷ്ടം! ജീവലോകം ഇപ്പോൾ വിപരീതമായിട്ടു തീര്‍ന്നു. ഇന്നവസാനിച്ചു, രാമൻ ജീവിച്ചിരുന്നിട്ടുള്ള പ്രയോജനം. ഇപ്പോൾ ജഗത്തു ശൂന്യമായ വനമായി, സംസാരവും നിസ്സാരമായി, ശരീരവും കാഷ്ഠപ്രായമായി. ഒരു ശരണവും കാണുന്നില്ലല്ലോ. എന്തു ചെയ്യട്ടെ, എന്താ നിവൃത്തി, എവിടെ പോകട്ടെ? അല്ലെങ്കിൽ,
ആതങ്കത്തെപ്പരമനുഭവിച്ചീടുവാൻതന്നെ ദൈവം
ചൈതന്യത്തെക്കഠിനമതിയായുള്ള രാമന്നു നല്കി,
ഖേദം നല്കുന്നിതു മമ ബലാൽ പ്രാണനോ മര്‍മ്മമെല്ലാം
ഭേദിപ്പിച്ചെൻഹൃദിനിഹിതമാംവജ്രകീലംകണക്കെ.
ഹാ! അംബേ അരുന്ധതി! ഹാ ഭഗവൻ വസിഷ്ഠമഹര്‍ഷേ! ഹാ! ഭഗവൻ വിശ്വാമിത്രമഹര്‍ഷേ! ഹാ ഭഗവൻ പാവക! ഹാ അംബേ ഭൂമിദേവി! ഹാ താത ജനക! ഹാ പിതാവേ! ഹാ അംബമാരേ! ഹാ പ്രിയ സഖ മഹാരാജസുഗ്രീവ! ഹാ സൗമ്യമാരുതേ! ഹാ അന്ത്യോപകാരംചെയ്ത ലങ്കാധിപതേ വിഭീഷണ! ഹാ സഖി ത്രിജടേ! നിങ്ങളെയെല്ലാം ഈ ദുഷ്ടനായ രാമൻ ദുഷിക്കുകയും അവമാനിക്കുകയും ചെയ്തു. അല്ലെങ്കിൽ അവരെയെല്ലാം ഇപ്പോൾ വിളിക്കുന്നതിനു ഞാനാരാണു്?
പാരിലവരതിമഹാന്മാർ,
ക്രൂരനായ് നന്ദികെട്ട ഞാനവരെ
പേരുപറഞ്ഞു വിളിച്ചാൽ
ചേരുമവര്‍ക്കും ധ്രുവം മഹാപാപം.
എന്തുകൊണ്ടെന്നാൽ,
മെല്ലെ സ്വപ്നഭയം നിമിത്തമിളകും
സമ്പൂര്ണ്ണഗര്ഭത്തിനാൽ
വല്ലാതിന്നു തളര്ന്നു മാറിലതിവി-
ശ്വാസാൽ കിടന്നിങ്ങിനെ
ഇല്ലത്തിന്നൊരു ശോഭയാം പ്രിയയുറ-
ങ്ങുമ്പോളുപേക്ഷിച്ചുടൻ
കൊല്ലും വമ്പുലികൾക്കു ഹന്ത ബലിയാ-
യേകുന്നിതീ നിദ്ദയൻ.
(സീതയുടെ പാദങ്ങളെ ശിരസ്സിൽവെച്ച് ) ദേവി! ദേവി! രാമന്റെ ശിരസ്സിൽ ഭവതിയുടെ പാദപത്മങ്ങൾക്കുള്ള അവസാനസ്പർശമാണിതു്. (എന്നു കരയുന്നു.)
ഒന്നാമങ്കം (41-42)
(അണിയറയിൽ )
രക്ഷിക്കണേ! രക്ഷിക്കണേ!
രാമൻ: ആരവിടെ, ഇതെന്താണെന്നന്വേഷിക്കട്ടെ.
(പിന്നെയും അണിയറയിൽ )
ഘോരതപസ്സൊട്ട യമുനാ-
തീരത്തിൽ വസിച്ചിടുന്ന മുനിസംഘം
ശരണംപ്രാപിക്കുന്നൂ
തരസാ ലവണന്റെ പീഡയാലങ്ങെ.
രാമൻ: ആ! ഇപ്പോഴും രാക്ഷസപീഡയോ? എന്നാൽ കുംഭീനസീപുത്രനായ ആ ദുഷ്ടനെ ഉന്മൂലനം ചെ യ്‍വാനായിട്ട് ശത്രുഘ്നനെ അയയ്ക്കുന്നുണ്ടു്. (അഞ്ചാറടി നടന്നു് പിന്നെ തിരിഞ്ഞിട്ട് ) അയ്യോ! ദേവി! ഈ സ്ഥിതിയിലായിട്ടോ ഭവതി പോകുന്നതു്? ഭഗവതി ഭൂമിദേവി,
ജനകനൃപതിവംശത്തിന്നുമിഖ്യാതിയേറും
മനുകുലമതിനും നീ ക്ഷേമസര്‍വ്വസ്വമായി
അനഘചരിതയാമിസ്സീതയെപ്പെറ്റുവല്ലോ
ജനകനുഴുത പുണ്യക്ഷേത്രമാം യാഗഭൂവിൽ.
അത്ര വിശിഷ്ടയായ പുത്രിയെ ഭവതി രക്ഷിച്ചു കൊൾക.
(പോയി.)
സീത: ഹാ സൗമ്യ! ആര്യപുത്ര! അങ്ങിപ്പോൾ എവിടെ
യാണു്? (വേഗത്തിലെഴുന്നേറ്റു്) ഹാ കഷ്ടം! കഷ്ടം! ദുഃസ്വപ്നംകൊണ്ടുണ്ടായ ഭയത്താൽ വഞ്ചിക്കപ്പെട്ടവളായിട്ട് ഞാൻ ആര്യപുത്രനെ വിളിച്ചു കരഞ്ഞുപോയി. (നോക്കീട്ട്) ഹാ കഷ്ടം! കഷ്ടം! ഉറങ്ങിക്കിടക്കുന്ന ഏകാകിനിയായ എന്നെ ഉപേക്ഷിച്ചു് ആര്യപുത്രൻ പോയിരിക്കുന്നുവോ? എന്താണിപ്പോഴിങ്ങനെ ചെയ്തതു്? ഇരിക്കട്ടെ, ഇനി അദ്ദേഹത്തിനെ കാണുമ്പോൾ, എന്റെ ആത്മാവു് എനിക്കു സ്വാധീനമാണെങ്കിൽ, ഞാൻ കോപിക്കും. പരിജനങ്ങളാരാണവിടെ?
ദുർമ്മുഖൻ: (പ്രവേശിച്ച്) ദേവി! കുമാരലക്ഷ്മണൻ തേരു തയ്യാറാക്കിയിരിക്കുന്നു; ദേവി ആരോഹണം ചെയ്യാം.
സീത: ഇതാ ഞാനാരോഹണം ചെയ്യാൻ വരുന്നു. (എഴുനേറ്റു്) എന്റെ ഗര്‍ഭഭാരം ചലിക്കുന്നതുപോലെ തോന്നുന്നു. അതുകൊണ്ടു പതുക്കെ ഗമിക്കതന്നെ.
ദുർമ്മുഖൻ: ദേവി ഇതിലേ ഇതിലേ.
സീത: തപോധനര്‍ന്മാക്കു നമസ്ക്കാരം! രഘുകുലദേവതകൾക്കും നമസ്ക്കാരം! ആയ്യപുത്രന്റെ പാദാംബുജങ്ങൾക്കും നമസ്ക്കാരം. സകല ഗുരുജനങ്ങൾക്കും നമസ്ക്കാരം.
(എല്ലാവരും പോയി.)
ചിത്രദർശനം എന്ന ഒന്നാമങ്കം സമാപ്തം
രണ്ടാമങ്കം (43-45)
രണ്ടാമങ്കം
(അണിയറയിൽ )
തപോധനയ്ക്കു സ്വാഗതം.
(വഴിപോക്കത്തിയായ താപസി പ്രവേശിച്ചു)
താപസി: അയേ! ഇതാ ഈ വനദേവത ഫലപുഷ്പപല്ലവാർഘ്യങ്ങൾകൊണ്ടു് എന്നെ ഉപചരിപ്പാൻ വരുന്നു.
വനദേവത: (പ്രവേശിച്ചു് അർഘ്യം ചൊരിഞ്ഞു്)
ഇന്നല്ലോ സുപ്രഭാതം മമ വനമതിൽ നി-
ങ്ങൾക്കു വാഴാം യഥേഷ്ടം;
നന്നെപ്പുണ്യങ്ങൾ ചെയ്തേ കഴിവുവരു മഹ-
ത്സംഗമത്തിന്നെവന്നും;
നന്നായുള്ളംബു വൃക്ഷത്തണൽ നിയമമതി-
ന്നൊത്ത പോലേ ഗ്രഹിക്കാ,-
മെന്നും കായോ കിഴങ്ങോ ഭവതിയിതു പരാ-
ധീനമെന്നോര്‍ത്തിടൊല്ലേ.
താപസി: എന്തു പറയട്ടേ?
നന്നായുള്ളോരിരിപ്പും വിനയമധുരമാ-
യുള്ള വാക്കും വിശിഷ്ടം-
തന്നേ, മംഗല്യയല്ലോ മതി, പരിചയമോ
ശ്ലാഘ്യമാം നാൾക്കുനാളിൽ,
എന്നല്ലെന്നും രസത്തിന്നൊരു കുറവു വരാ-
തന്യരാൽ വേദ്യമല്ലാ-
തെന്നും ശോഭിച്ചിടുന്നൂ കപടരഹിതമായ്
സച്ചരിത്രം പവിത്രം.
(രണ്ടുപേരും ഇരിക്കുന്നു.)
വനദേവത: ആര്യേ! ഞാൻ ഭവതിയെ ആരായിട്ടാണു മനസ്സിലാക്കേണ്ടതു് ?
താപസി: ഞാനാത്രേയിയാണു് .
വനദേവത: ആര്യേ ആത്രേയി! ഭവതി എവിടെനിന്നാണു വരുന്നതു്? എന്തിനായിട്ടാണു് ഈ ദണ്ഡകാരണ്യത്തിൽ പ്രവേശിച്ചതു്?
ആത്രേയി:
അക്കുംഭോദ്ഭവനാദിയായ വളരെ
ശ്രുത്യന്തസാരജ്ഞരി-
ന്നിക്കാട്ടിങ്കൽ വസിപ്പതുണ്ടവരിൽനി-
ന്നാമ്നായസാരങ്ങളെ
ഉൾക്കാമ്പിങ്കലറിഞ്ഞുകൊള്ളുവതിനായ്
വാല്മീകിപാർശ്വത്തിൽനി-
ന്നിക്കാണുന്ന വനാന്തരങ്ങളിൽ നട-
ന്നീടുന്നു ഞാനിങ്ങിനെ.
വനദേവത: മറ്റുള്ള മുനികൾകൂടിയും വേദാന്തസാരത്തെ ഗ്രഹിപ്പാനായിട്ടു പുരാണബ്രഹ്മവാദിയായ ആ വാല്മീകിമഹര്‍ഷിയെത്തന്നെയാണല്ലോ ആശ്രയിക്കുന്നതു്. പിന്നെന്തിനായിട്ടാണു് ഭവതി ഈ ദീർഘസഞ്ചാരപരിശ്രമത്തെ വഹിക്കുന്നതു്?
ആത്രേയി: അവിടെ പഠിക്കുന്നതിന്നു വലുതായ വിഘ്നമുണ്ടു്. അതിനാലാണ് ഈ ദീർഘസഞ്ചാരത്തെ അംഗീകരിച്ചതു്.
വനദേവത: എന്താണു വിഘ്നം?
ആത്രേയി: ഏതോ ഒരു ദേവത എല്ലാംകൊണ്ടും അത്ഭുതപ്പെടത്തക്കവരും മുലകുടിമാറിയ പ്രായത്തിലുള്ളവരുമായ രണ്ടു കുട്ടികളെ ഭഗവാനായ ആ വാല്മീകിയുടെ സമീപത്തിൽ കൊണ്ടുവന്നാക്കി. എന്നാൽ ആ കുട്ടികൾ ഋഷികളുടെ മാത്രമല്ല, സ്ഥാവരജംഗമങ്ങളായ സകല ഭൂതങ്ങളുടേയും അന്തഃകരണങ്ങളെ വശീകരിക്കുന്നു.
വനദേവത: അയി, അവരുടെ നാമധേയം എന്താണെന്നറിവുണ്ടോ?
ആത്രേയി: കുശനെന്നും ലവനെന്നുമുള്ള അവരുടെ നാമധേയത്തേയും പ്രഭാവത്തേയും ആ ദേവതതന്നെ പറയുകയുണ്ടായി.
വനദേവത: പ്രഭാവം എങ്ങനെയുള്ളതാണു്?
ആത്രേയി: അവര്‍ക്കു പ്രയോഗസംഹാരമന്ത്രങ്ങളുള്ള ജൃംഭകാസ്ത്രങ്ങൾ ജനനത്തിൽത്തന്നെ സിദ്ധിച്ചിട്ടുണ്ടത്രേ!
വനദേവത: അഹോ! ഇതത്യാശ്ചര്യംതന്നെ!
ആത്രേയി: ഭഗവാൻ വാല്മീകി വാസ്തവത്തിൽ ഉപമാതാവിന്റെ സ്ഥാനത്തെ വഹിച്ചു് ആ കുട്ടികളെ പോറ്റിവളര്‍ത്തി ചൂഡാകർമ്മം കഴിഞ്ഞതിന്നുശേഷം വേദമൊഴിച്ചു മറ്റുള്ള വിദ്യകളെയെല്ലാം സാവധാനമായി പഠിപ്പിച്ചു. അനന്തരം ഗര്‍ഭംമുതൽ പതിനൊന്നാമത്തെ വയസ്സിൽ ക്ഷത്രിയന്മാര്‍ക്കുള്ള വിധി പ്രകാരം ഉപനയിച്ചിട്ടു വേദത്തേയും പഠിപ്പിച്ചു. ഗ്രഹിപ്പാനും ധരിപ്പാനും അതിസാമര്‍ത്ഥ്യമുള്ള ആ കുട്ടികളോടൊപ്പം പഠിക്കുന്നതിന്നു് എന്നെപ്പോലുള്ളവര്‍ക്കു സാധിക്കുന്നതല്ല. എങ്ങനെയെന്നാൽ,
രണ്ടാമങ്കം (46-50)
തുല്യം ചൊല്ലിക്കൊടുക്കുന്നിതു ഗുരു ജഡനും
പ്രാജ്ഞനും വിദ്യയെത്താ-
നില്ലാതാക്കില്ലെവന്നും ഗ്രഹണപടുതയെ-
ത്താൻ കൊടുക്കാറുമില്ല;
തെല്ലും മൺകട്ട ബിംബത്തിനെ വിമലമണി-
യ്ക്കൊപ്പമായുൾഗ്രഹിക്കു—
ന്നില്ലവ്വണ്ണം ഫലംകൊണ്ടവരിരുവരുമാ-
യേറ്റവും ഭേദമുണ്ടാം.
വനദേവത: ഇതാണോ അദ്ധ്യയനത്തിനുള്ള വിഘ്നം?
ആത്രേയി: വേറെയും ഉണ്ടു്.
വനദേവത: അതെന്താണ്?
ആത്രേയി: ബ്രഹ്മര്‍ഷിയായ അദ്ദേഹം ഒരു ദിവസം മദ്ധ്യാഹ്നസമയത്തിൽ തമസാനദിയിൽ ചെന്നിരുന്നു. അപ്പോൾ അവിടെ ഇണയായി സഞ്ചരിക്കുന്ന രണ്ടു ക്രൗഞ്ചപക്ഷികളിൽ ഒന്നിനെ ഒരു വ്യാധൻ കൊല്ലുന്നതായി കണ്ടു. ഉടനെ അനുഷ്ടുപ് ഛന്ദസ്സിൽ ശ്ലോകരൂപമായി പരിണമിച്ച വാഗ്ദേവി അദ്ദേഹത്തിന്റെ മുഖത്തിങ്കൽനിന്നു പെട്ടെന്നു പുറപ്പെട്ടു:
"മാ നിഷാദ, പ്രതിഷ്ഠാം ത്വമഗമശ്ശാശ്വതീസ്സമാഃ
യൽ ക്രൗഞ്ചമിഥുനാദേകമവധീഃ കാമമോഹിതം"
എന്നു്.
വനദേവത: ആശ്ച്വര്യം! ഇതു വേദത്തിൽനിന്നു വ്യതിരിക്തമായ ഒരു നൂതനച്ഛന്ദസ്സിന്റെ അവതാരം തന്നെ.
ആത്രേയി: അപ്പോൾത്തന്നെ ശബ്ദബ്രഹ്മത്തിൽ പ്രബോധം സിദ്ധിച്ചിട്ടുള്ള ആ മഹർഷിയുടെ സമീപത്തിൽ സകലഭൂതസൃഷ്ടികർത്താവായ ഭഗവാൻ ബ്രഹ്മദേവൻ എഴുന്നെള്ളി "ഋഷേ, അങ്ങു ശബ്ദബ്രഹ്മത്തിങ്കൽ പ്രബുദ്ധനായിത്തീർന്നിരിക്കുന്നു. അതിനാൽ രാമചരിതത്തെ കഥിച്ചാലും. എല്ലാറ്റിലും തടവുകൂടാതെ പ്രവേശിക്കുന്ന ജ്ഞാനദൃഷ്ടി അങ്ങേയ്ക്കുണ്ടാകും. അങ്ങ് ആദ്യകവിയായി ഭവിക്കുന്നു." എന്നിങ്ങനെ അരുളിച്ചെയ്ത് അവിടെത്തന്നെ അന്തർദ്ധാനംചെയ്തു. അനന്തരം ഭഗവാൻ വാല്മീകി മനുഷ്യരിൽ ഒന്നാമതായി ശബ്ദബ്രഹ്മത്തിന്റെ അപ്രകാരമുള്ള പരിണാമമായ രാമായണമെന്ന ഇതിഹാസത്തെ നിര്‍മ്മിച്ചു.
വനദേവത: ആശ്ചര്യം! ലോകത്തിൽ അറിവിന്നുള്ള മാര്‍ഗ്ഗമായി.
ആത്രേയി: അതുകൊണ്ടുമാണ് വലുതായ വിഘ്നമുണ്ടെന്നു മുമ്പെ പറഞ്ഞതു്.
വനദേവത: ശരിതന്നെ.
ആത്രേയി: ഭദ്രേ! ഞാൻ വിശ്രമിച്ചുകഴിഞ്ഞു. ഇനി അഗസ്ത്യാശ്രമത്തിന്നു പോകാനുള്ള വഴിയേതാണെന്നു പറയൂ.
വനദേവത: ഇവിടെനിന്നു പഞ്ചവടിയിൽച്ചെന്നു് ഈ ഗോദാവരീതീരത്തിൽക്കൂടി പോയാൽ മതി.
ആത്രേയി: (കണ്ണീരോടുകൂടി) ഇതുതന്നെയോ തപോവനം? ഇതുതന്നെയോ പഞ്ചവടി? ഈ നദിയാണോ ഗോദാവരി? ഈ പര്‍വ്വതമാണോ പ്രസ്രവണം? ഭവതിതന്നെയോ ജനസ്ഥാനത്തിൽ വസിക്കുന്ന വാസന്തിയെന്ന വനദേവത?
വാസന്തി: ഇതെല്ലാമങ്ങിനെതന്നെ.
ആത്രേയി: വത്സേ ജാനകി,
ക്ഷോണീപുത്രി! തുടർച്ചയായ് കഥകൾ നീ
ചൊല്ലുന്നതിന്നൊക്കെയും
കാണുന്നു വിഷയങ്ങളായിഹ നദീ-
വൃക്ഷാദിബന്ധുക്കൾ തേ;
കാണുന്നേരമിവറ്റെ നാമമവശേ-
ഷിച്ചുള്ള നീയീവനേ
വാണീടുന്നു വരാംഗി, കണ്ണിനെതിരാ-
യെന്നിന്നു തോന്നുന്നു മേ.
വാസന്തി: (ഭയത്തോടുകൂടി ആത്മഗതം) എന്താണു് "നാമമവശേഷിച്ചുള്ള നീ"യെന്നു പറഞ്ഞതു്! (പ്രകാശം) ആര്യേ, സീതാദേവിക്കു് എന്തത്യാപത്താണു് ഭവിച്ചതു്?
ആത്രേയി: അത്യാപത്തു മാത്രമായിട്ടല്ല, അപവാദത്തോടു കൂടീട്ടുമാണു്. (എന്നു ചെവിയിൽ പറയുന്നു.)
വാസന്തി: അഹഹ! ദൈവത്തിന്റെ പ്രഹാരം ദാരുണം തന്നെ. (മോഹിക്കുന്നു.)
ആത്രേയി: ആശ്വസിക്കു, ആശ്വസിക്കു.
വാസന്തി: ( ആശ്വസിച്ചിട്ട്) ഹാ പ്രിയസഖി! ഹാ മഹാഭാഗേ! സര്‍വ്വഗുണങ്ങളോടുംകൂടി ദൈവം നിന്നെ സൃഷ്ടിച്ചതു് ഈ സ്ഥിതിയിലാക്കുവാനായിട്ടാണോ? രാമഭദ്ര! രാമഭദ്ര! അഥവാ, ഇനി അങ്ങെ വിളിച്ചിട്ടാവശ്യമില്ല. ആര്യേ ആത്രേയി, ആ കാട്ടിൽ കൊണ്ടു വന്നു പരിത്യജിച്ചിട്ടു ലക്ഷ്മണൻ തിരിച്ചുപോയ ശേഷം സീതാദേവിയുടെ സ്ഥിതിയെന്താണെന്നു വല്ല വര്‍ത്തമാനവുമുണ്ടോ?
ആത്രേയി: ഇല്ല, ഇല്ല.
വാസന്തി: ഹാ! കഷ്ടം കഷ്ടം! അരുന്ധതീവസിഷ്ഠന്മാർ പരിപാലിച്ചുകൊണ്ടു വരുന്ന രഘുകുലകുടുംബത്തിൽ അതിവൃദ്ധകളായ രാജ്ഞികൾ ജീവിച്ചുമിരിക്കെ, ഇതെങ്ങിനെ സംഭവിച്ചു?
ആത്രേയി: ആ ഗുരുജനങ്ങളെല്ലാം അപ്പോൾ ഋശ്യശൃംഗാശ്രമത്തിലായിരുന്നു. പന്ത്രണ്ടു സംവത്സരത്തോളമുണ്ടായിരുന്ന ആ സത്രം ഇപ്പോൾ ആവസാനിച്ചു. ഋശ്യശൃംഗൻ ആ ഗുരുജനങ്ങളെ സല്ക്കരിച്ചു യാത്രയാക്കുകയും ചെയ്തു. അനന്തരം ഭഗവതിയായ അരുന്ധതി “എന്റെ വത്സയില്ലാത്ത അയോദ്ധ്യയിലേക്കു ഞാൻ വരുന്നില്ലെന്നു പറഞ്ഞു. ആ അഭിപ്രായത്തെ രാമമാതാക്കളും അനുമോദിച്ചു. അപ്പോൾ അതിനെ അനുസരിച്ചു ഭഗവാൻ വസിഷ്ഠനും, "എന്നാൽ നോം വാല്മീകീതപോവനത്തിൽ ചെന്നു അവിടെ വസിക്കുക" എന്നരുളിച്ചെയ്തു.
വാസന്തി: പിന്നെ, ആ രാജാവിപ്പോൾ എന്തുചെയ്യുന്നു?
ആത്രേയി: ആ രാജാവു് അശ്വമേധയാഗം ആരംഭിച്ചിരിക്കുന്നു.
വാസന്തി: ഛീ! വിവാഹവും ചെയ്തുവോ?
ആത്രേയി: ശിവ ശിവ! കഷ്ടം കഷ്ടം!
വാസന്തി: എന്നാൽ യാഗത്തിൽ സഹധർമ്മചാരിണിയാരാണു്?
ആത്രേയി: സ്വര്‍ണ്ണംകൊണ്ടു നിമ്മിച്ചിട്ടുള്ള സീതാപ്രതിമ.
വാസന്തി: അഹോ അത്യാശ്ചര്യം!
ഉത്തമപുരുഷന്മാരുടെ
ചിത്തം വജ്രത്തിലും തുലോം കഠിനം,
നല്‍ത്താരിലും മൃദുതരം
സത്യസ്ഥിതി പാര്‍ക്കിലാക്കറിയാം!
ആത്രേയി: വാമദേവനാൽ സംസ്‌കരിക്കപ്പെട്ട യജ്ഞാശ്വത്തെ വിട്ടിരിക്കുന്നു. അതിനെ രക്ഷിപ്പാൻ വേണ്ടുന്നാളുകളേയും ശാസ്ത്രപ്രകാരം നിയമിച്ചിട്ടുണ്ടു്. അവര്‍ക്കെല്ലാം നാഥനായിട്ടു ദിവ്യാസ്ത്രസമ്പ്രദായം ലഭിച്ചിട്ടുള്ള ലക്ഷ്മണപുത്രനായ ചന്ദ്രകേതുവിനേയും ചതുരംഗബലത്തോടുകൂടി അയച്ചിരിക്കുന്നു.
രണ്ടാമങ്കം (51-55)
വാസന്തി: (സ്നേഹകൗതുകാശ്രുക്കളോടുകൂടി) കുമാരലക്ഷ്മണന്നും പുത്രനുണ്ടോ? ആവൂ അമ്മേ, ഞാൻ ജീവിച്ചു.
ആത്രേയി: ആയിടയിൽ ഒരു ബ്രാഹ്മണൻ തന്റെ മരിച്ച പുത്രനെ രാജദ്വാരത്തിൽ കൊണ്ടുവന്നു കിടത്തി മാറത്തടിച്ചുകൊണ്ടു് 'അന്യായം അന്യായ'മെന്നു ഘോഷിച്ചു. അനന്തരം രാജാവിന്റെ ദുഷ്പവൃത്തി കൊണ്ടല്ലാതെ പ്രജകൾക്കു്' അകാലമൃത്യു സംഭവിക്കുന്നതല്ലെന്നു കരുണാനിധിയായ രാമഭദ്രൻ തന്റെ ദോഷത്തെ ആലോചിച്ചുകൊണ്ടിരിക്കുമ്പോൾ, പെട്ടെന്നു് ഒരു അശരീരിണിയായ വാക്കുദ്ഭവിച്ചു.
ധരണിതലമതിങ്കൽ ഭൂപ ശംബൂകനെന്നു-
ള്ളൊരു വൃഷലകനിപ്പോൾ വൻതപം ചെയ്തിടുന്നു;
ത്വരിതമവനെ വെട്ടിക്കൊന്നു നീതന്നെ ധാത്രീ-
സുരതനയനെ ജീവിപ്പിക്ക ഹേ രാമചന്ദ്ര!
എന്നിങ്ങനെ കേട്ട ഉടനേ ഖഡ്‌ഗത്തെ എടുത്തുകൊണ്ടു പുഷ്പകവിമാനത്തിൽ കേറി ആ ജഗൽപതി ശൂദ്രതാപസനെ അന്വേഷിപ്പാനായി എല്ലാ ദിക്കുകളിലും വിദിക്കുകളിലും സഞ്ചരിച്ചുതുടങ്ങിയിരിക്കുന്നു.
വാസന്തി: ശംബൂകനെന്നു പേരായ ആ ശൂദ്രതാപസൻ ധൂമപാനം ചെയ്തുകൊണ്ടു് ഈ ജനസ്ഥാനത്തിൽത്തന്നെയാണല്ലോ തപസ്സു ചെയ്യുന്നതു്. എന്നാൽ രാമഭദ്രൻ ഇനിയൊരിക്കൽക്കൂടി ഈ വനത്തെ അലങ്കരിക്കും.
ആത്രേയി: ഭദ്രേ! ഞാനിപ്പോൾ പോകുന്നു.
വാസന്തി: ആര്യേ ആത്രേയി! അങ്ങനെയാകട്ടെ. നേരം ഉച്ചയായിത്തുടങ്ങി.
ചൂടേറ്റിട്ടൊട്ടുഞെട്ടറ്റലർനിരയെ മദി-
ച്ചാന ഗണ്ഡങ്ങൾ തേച്ചി—
ട്ടാടുമ്പോഴാശു ഗോദാവരിയിലിഹ പൊഴി-
ക്കുന്നു തീരദ്രുമങ്ങൾ;
കൂടേറി പ്രാവു പൂങ്കോഴികൾ കരയുമിവ-
റ്റിന്റെ തോലിൽ ചരിക്കും
കീടത്തെച്ചെന്നു കൊത്തുന്നിതു നിഴലിലിരു-
ന്നൂഴി മാന്തും ഖഗങ്ങൾ.
(രണ്ടുപേരും പോയി.)
വിഷ്കംഭം കഴിഞ്ഞു.
(അനന്തരം ദയയോടുകൂടി ഖഡ്‌ഗത്തെ ഉയത്തിപ്പിടിച്ചുകൊണ്ടു രാമൻ പ്രവേശിക്കുന്നു.)
രാമൻ:
രേ രേ ദക്ഷിണഹസ്ത! വിപ്രതനയൻ
ജീവിക്കുവാൻവേണ്ടി നീ
ഘോരം ഖഡ്ഗമയയ്ക്കു ശൂദ്രമുനിതൻ
നേരേ മടിക്കേണ്ടെടോ!
പാരം ഗര്‍ഭപരാര്‍ത്തയാം ക്ഷിതിജയെ-
ക്കൈവിട്ട കെങ്കേമനാ-
മീരാമന്റെയൊരംഗമാകിയ നിന-
ക്കെങ്ങുന്നു വന്നൂ കൃപാ?
(പ്രയാസപ്പെട്ടു വെട്ടീട്ട്) രാമന്റെ സ്ഥിതിക്കു തക്കതായ കൃത്യത്തെച്ചെയ്തു. ആ ബ്രാഹ്മണശിശു ജീവിക്കുമോ എന്തോ?
ദിവ്യപുരുഷൻ: (പ്രവേശിച്ചു്) ദേവൻ ജയിക്കുന്നു, ജയിക്കുന്നു!
ക്ഷിപ്രം കാലനിൽനിന്നുപോലുമഭയം
നല്കും ഭവാൻ ശിക്ഷചെ-
യ്തപ്പോഴശ്ശിശുവിന്നു ജീവനുമെനി-
ക്കുണ്ടായി ദിവ്യത്വവും,
ത്വത്പാദങ്ങൾ നമിച്ചിടുന്നു ശിരസാ
ശംബൂകനായുള്ള ഞാൻ;
ചൊല്പൊങ്ങും സുജനങ്ങളാൽ മരണമു-
ണ്ടായാലതും ക്ഷേമമാം.
രാമൻ: രണ്ടുകൊണ്ടും ഞാൻ സന്തോഷിക്കുന്നു. എന്നാലങ്ങു് അത്യുഗ്രമായി ചെയ്ത തപസ്സിന്റെ ഫലത്തെ അനുഭവിച്ചാലും.
ചിരാത്സമ്പാദിക്കുന്നൊരു ഗുരുതപഃപുണ്യഫലമായ്
സ്ഥിരാഹ്ലാദത്തോടും സകലവിധസമ്പത്തുകളൊടും
പരാനന്ദത്തോടും വിലസുമതിതേജോമയമതാം
വിരാട്ടിൻലോകേചെന്നനവധിദിനം വാഴ്കസുഖമായ്.
ശംബൂകൻ: നിന്തിരുവടിയുടെ പ്രസാദംകൊണ്ടു സിദ്ധിച്ചതാണു് ഈ മഹിമ, തപസ്സുകൊണ്ടല്ല. എന്നാൽ തപസ്സും വലുതായ ഉപകാരം ചെയ്തു, എന്തെന്നാൽ,
ആരാലും മൃഗ്യനായി ത്രിഭുവനപതിയായ്
രക്ഷിതാവാം ഭവാനി-
ന്നാരാഞ്ഞേവം കടന്നിട്ടനവധി വഴിയെ
ക്ഷുദ്രനായീടുമെന്റെ
ചാരത്തെത്തീ, തപസ്സിൻ ഫലമിതു പുനര-
ല്ലെങ്കിലിദ്ദണ്ഡകാഖ്യം
ഘോരാരണ്യം പ്രവേശിപ്പതിനിടവരുമോ
നാട്ടിൽനിന്നീവിധം തേ?
രാമൻ: എന്തു്! ഇതു ദണ്ഡകാരണ്യമാണോ? (എല്ലായിടത്തും നോക്കീട്ട്) ഓ- അതെ.
ക്ഷോണീധ്രം തീര്‍ത്ഥഗര്‍ത്താശ്രമനദികൾ കൊടും-
കാടുമുൾച്ചേര്‍ന്നു മുന്നിൽ-
ക്കാണുന്നൂ മുന്നമെന്നാൽ ചിരപരിചിതമാം
ദണ്ഡകാരണ്യഭാഗം;
ചേണാര്‍ന്നാശ്യാമമായിട്ടൊരു ദിശി വെളിവായ്
ഭീമമായ് മറ്റൊരേടം
വീണീടുന്നൂ മുഴങ്ങിഗ്ഗിരിനദികളുമി-
ക്കാട്ടിലോരോ സ്ഥലത്തിൽ.
ശംബൂകൻ: ഇതു ദണ്ഡകാരണ്യംതന്നെയാണ്. ഇവിടെ വസിക്കുമ്പോളല്ലേ നിന്തിരുവടിയാൽ,
ക്രൂരന്മാരാം രാക്ഷസ-
രീരേഴായിരവുമന്നു ദൂഷണനും
പോരിൽ ത്രിശിരസ്സും രണ-
ശൂരൻ ഖർനും ക്ഷണേന ഹതരായി.
അതുകൊണ്ടല്ലേ സിദ്ധക്ഷേത്രമായ ഈ ജനസ്ഥാനത്തിൽ എന്നെപ്പോലെയുള്ള ഭീരുജനങ്ങൾക്കുകൂടി നിർഭയമായിട്ടു സഞ്ചരിക്കുമാറായതു്!
രാമൻ: ഇവിടെ കേവലം ദണ്ഡകാരണ്യമല്ല, ജനസ്ഥാനവുമാണു്.
ശംബൂകൻ: അതെ, അതെ; സകല പ്രാണികൾക്കും ഭയത്താൽ രോമാഞ്ചത്തെ ജനിപ്പിക്കുന്നവയും മദിച്ചിരിക്കുന്ന ദുഷ്ടമൃഗസമൂഹങ്ങളാൽ സങ്കുലങ്ങളായ പര്‍വ്വതഗുഹകളുള്ളവയും ജനസ്ഥാനത്തോടു ചേര്‍ന്നു കിടക്കുന്നവയുമായ ഈ ദീർഘാരണ്യങ്ങൾ തെക്കെ ദിക്കിനെ വ്യാപിച്ചിരിക്കുന്നു. എങ്ങനെയെന്നാൽ,
കേൾക്കുന്നുണ്ടുഗ്രജന്തുദ്ധ്വനിയവിടെയന-
ങ്ങാതെ നിശ്ശബ്ദമാമി—
ദ്ദിക്കെല്ലാം സുപ്തസര്‍പ്പശ്വസിതവിഷമണ-
ഞ്ഞഗ്നി കത്തുന്നു തത്ര;
ഇക്കുണ്ടിൽ തെല്ലുമില്ലേ ജലലവ, മിവിടെ-
ദ്ദാഹമോടോന്തശേഷം
നക്കുന്നുണ്ടിപ്പെരുമ്പാമ്പിനുടെ തനു വിയര്‍-
ത്തുത്ഭവിച്ചുള്ള വെള്ളം.
രണ്ടാമങ്കം (56-61)
രാമൻ:
മുന്നിൽ കാണുന്നുണ്ടു ജനസ്ഥാനമിതിങ്കൽ-
ത്തന്നേ മുന്നം വാണു ഖരൻ തന്റെ ഗൃഹത്തിൽ;
അന്നുണ്ടായിട്ടുള്ള വിശേഷങ്ങളശേഷം
തോന്നീടുന്നുണ്ടിന്നു നടക്കുന്നവിധത്തിൽ.
(എല്ലാടത്തും നോക്കീട്ട്) സര്‍വ്വവിധത്തിലും വൈദേഹി രാമനിൽ പ്രിയമുള്ളവളായിത്തന്നെ ഇരുന്നു. ഇതുകൾ എത്ര മഹാഘോരാരണ്യങ്ങളാണു്? ഇതിൽപ്പരം ഭയങ്കരമായിട്ടെന്താണുള്ളതു്? (കണ്ണീരോടുകൂടി)
'എന്നും സുഖേന മദഗന്ധമണഞ്ഞ കാട്ടി-
ലെന്നാര്യപുത്രനൊരുമിച്ചു വസിച്ചിടാം ഞാൻ.'
എന്നോതിയന്നിഹ രമിച്ചു സുഖേന സീത, -
യെന്നിൽ പ്രിയാപ്രണയമാവിധമായിരുന്നു.
ഒരുവനുടനൊരാളിൽ സ്നേഹമായാലവന്നു-
ള്ളൊരു നിരുപമസൗഖ്യദ്രവ്യമായാളുതന്നെ,
അരികിൽ മരുവിയൊന്നും ചെയ്കയില്ലെങ്കിലുംതാൻ
മരുവുമൊരു സുഖത്താൽത്തന്നെ ദുഃഖത്തെ നീക്കും.
ശംബൂകൻ: എന്നാൽ അതിദുസ്സഹങ്ങളായ ഇതുകളെ നോക്കിയതു മതി. മദിച്ചുകൊണ്ടു കൂകുന്ന മയൂരങ്ങളുടെ കണ്ഠങ്ങൾകൊണ്ടു് മനോഹരകാന്തിയുള്ള പര്‍വ്വതങ്ങളാൽ വ്യാപിക്കപ്പെട്ടും ഇടതൂര്‍ന്നു നില്ക്കുന്ന നീലനിറമുള്ള മനോഹരവൃക്ഷസമൂഹങ്ങളാലലങ്കരിക്കപ്പെട്ടും സംഭ്രമിക്കാതെതന്നെ സഞ്ചരിക്കുന്ന പലവിധ മൃഗങ്ങളാൽ ശോഭിക്കപ്പെട്ടും പ്രശാന്തമായും ഗംഭീരമായും ഇരിക്കുന്ന ഈ മദ്ധ്യമാരണ്യത്തെ മഹാനുഭാവൻ ദര്‍ശിച്ചാലും:
വാനീരത്തിൽ മദിച്ചു പക്ഷികളിരി-
ക്കുമ്പോൾ കൊഴിഞ്ഞുള്ള നൽ-
സ്സൂനംകൊണ്ടു സുഗന്ധമാര്‍ന്നതിതണു-
പ്പുള്ളച്ഛവെള്ളത്തൊടും,
താനേ കായ്കൾ പഴുത്തു നീലനിറമാം
ജംബൂവനേ മുട്ടി വൻ-
ധ്വാനത്തോടൊഴുകുന്നു ചോലകളിതാ
നാനാവഴിക്കീ വനേ.
അത്രയുമല്ല,
പൊന്തുന്നു പൊത്തിൽ വാഴും കരടികൾ മദമാര്‍-
ന്നേറ്റമാസ്യാംബുലേശം
ചിന്തുംവണ്ണം മുഴക്കും ധ്വനിയെതിർനിനദം
കൊണ്ടു ദീർഘിച്ചു മേന്മേൽ
ഈന്തക്കൊമ്പാന പൊട്ടിച്ചിഹ വിതറിയതിൻ
പാലൊലിച്ചുത്ഭവിക്കും
ഗന്ധം വ്യാപിച്ചിടുന്നുണ്ടതിസുരഭിയതായ്
ശീതമായ് രൂക്ഷമായും.
ദന്തീന്ദ്രൻ ഗണ്ഡമൂക്കോടുരസി മദജലം
ചേര്‍ന്ന വൃക്ഷങ്ങളോടും
പാന്ഥന്മാരുള്ളിൽ വാഴും മൃദുപവനനിള-
ക്കുന്ന കുഞ്ജങ്ങളോടും
അന്തർമ്മോദാൽ കളിക്കും കിടി പകുതി ചവ-
ച്ചുള്ള മുത്തങ്ങ നീരിൻ
ഗന്ധത്തോടും വിളങ്ങും വനമിതു കുതുകം
നൽകയില്ലാര്‍ക്കുതന്നെ!
രാമൻ: (ബാഷ്പത്തെ ഒതുക്കിക്കൊണ്ടു് ) പുണ്യലോകത്തിൽനിന്നു വന്നിരിക്കുന്ന വിമാനത്തിൽ കേറിച്ചെന്നാലും. അങ്ങയ്ക്കു മാറ്റത്തിൽ ക്ഷേമം ഭവിക്കട്ടെ.
ശംബൂകൻ: എന്നാൽ ഞാനിപ്പോൾ പുരാണബ്രഹ്മവാദിയായ അഗസ്ത്യമഹര്‍ഷിയെ ചെന്നു വന്ദിച്ചിട്ടു ശാശ്വതമായ പുണ്യലോകത്തിന്നു ചെല്ലുന്നു.
(എന്നു പോയി.)
രാമൻ:
കണ്ടീടുന്നൊരു കാടിതോര്‍ക്കിലതുതാൻ
സന്ദേഹമില്ലേതുമേ,
പണ്ടിക്കാടതിലല്ലെ ഞങ്ങൾ വളരെ-
സ്സൽക്കാരസൗഖ്യങ്ങളെ
കൊണ്ടാടുന്ന ഗൃഹസ്ഥരായു,മധികം
ധര്മ്മത്തിലാസക്തിയുൾ—
ക്കൊണ്ടാരണ്യകരായുമേകസമയേ
മോദിച്ചു വാണൂ ചിരം?
അത്രയുമല്ല,
എങ്ങും കേകികൾ കൂകുമീ മലകളും
മാൻകൂട്ടമേറ്റം മദി-
ച്ചങ്ങിങ്ങോടിനടക്കുമീ വനവുമ-
ന്നീക്ഷിച്ചതത്രേ ദൃഢം;
എങ്ങും വഞ്ചുളവള്ളി നീലനിചുള-
ക്കൂട്ടങ്ങളും ഭംഗിയിൽ
തിങ്ങീട്ടുള്ള നദീതടങ്ങളിവയും
മുൻകണ്ടതാം നിര്‍ണ്ണയം.
വാരിദനിരപോലെയിതാ
ദൂരെ പ്രസ്രവണമെന്നു പേരായ
ഗിരി കാണുന്നൂ, ഗോദാ-
വരിയെന്ന സരിത്തതിന്നടുത്തല്ലോ.
പക്ഷിശ്രേഷ്ഠൻ ജടായുസ്സിതിനുടെ വലുതാ-
യുള്ള ശൃംഗത്തിൽ വാണാ -
നിക്ഷോണീധ്രച്ചുവട്ടിൽ സുഖമൊടുമുടജേ
ഞങ്ങളും വാണു മുന്നം;
വൃക്ഷത്തിൻകൊമ്പു ഗോദാവരിയുടെ സലിലേ
മുട്ടിയും ശ്യാമമായും
പക്ഷിക്കൂട്ടങ്ങൾ ശബ്ദിച്ചിവിടെയിടമുഴ-
ങ്ങുന്ന കാടെത്ര രമ്യം!
ഓ, ഇവിടെയാണല്ലോ ആ പഞ്ചവടി. അതിലല്ലേ, വളരെക്കാലം വസിച്ചതുകൊണ്ടു പലവിധങ്ങളായ സ്വച്ഛന്ദവിഹാരങ്ങളിൽ സാക്ഷികളായ പ്രദേശങ്ങളുള്ളതും, പ്രിയയുടെ പ്രിയസഖിയായ വാസന്തിയെന്ന വനദേവത വസിക്കുന്നതും? ഹാ! ഇതെന്തൊരാപത്താണു രാമനു വന്നുചേര്‍ന്നതു്?
കാലം തെല്ലു കഴിഞ്ഞു പിമ്പു പടരും
തീവ്രം വിഷംപോലെയും
കോലത്തിൽ ദ്രുതമായ്പൊടുന്നനെ തറ-
ച്ചീടും ശരംപോലെയും
മേലേ മുൻതൊലി മൂടി മര്‍മ്മണി പുനഃ
പൊട്ടും വ്രണംപോലെയും
മാലിപ്പോൾ പുതുതായിയേറെ വലുതാ-
യേകുന്നു താപത്തിനെ.
എന്നാലും, പൂര്‍വ്വബന്ധുക്കളായ ഈ പ്രദേശങ്ങളെ കാണുകതന്നെ. (നോക്കീട്ട്) അഹോ! ഭൂസ്ഥിതികൾ ഭേദപ്പെട്ടു കാണുന്നു. എങ്ങിനെ എന്നാൽ,
മുന്നം വൃക്ഷം നിറഞ്ഞുള്ളവിടെയതു കുറ-
ഞ്ഞും, കുറഞ്ഞുള്ള ഭാഗേ
നിന്നീടുന്നൂ നിറഞ്ഞും, പുഴകൾ പുളിനമാ-
യ്പണ്ടൊഴുക്കുള്ള ദിക്കിൽ,
അന്നെന്നോ പണ്ടു കണ്ടുള്ളൊരു വനമിതു തോ-
ന്നുന്നു മേ വേറെയൊന്നാ-
യെന്നാലിപ്പര്‍വ്വതത്തിൻസ്ഥിതികളതിതുതാ-
നെന്നുറപ്പിച്ചിടുന്നു.
കഷ്ടം! ഞാൻ ഇവിടെവച്ചുതന്നെ തിരിച്ചുപൊയ്ക്കുളയാമെന്നു വിചാരിക്കുന്നു. എങ്കിലും, പഞ്ചവടീസ്നേഹം എന്നെ ബലാല്ക്കാരേണ ആകര്‍ഷിക്കുന്നപോലെ തോന്നുന്നു. (വ്യസനത്തോടുകൂടി) ഈ പഞ്ചവടിയിലല്ലേ,
വാണൂ സീതയുമായ് സുഖേന ബഹുനാൾ
ഞാൻ, ഞങ്ങൾ പിൻപാലയേ
വാണപ്പോഴുമിതിങ്കലെക്കഥകളാ-
ലല്ലോ കഴിച്ചു ദിനം;
പ്രാണപ്രേയസിയെക്കളഞ്ഞഥ തനി—
ച്ചിപ്പാപി ചെന്നീ വനം
കാണുന്നെങ്ങിനെ, മാനിയാതെയിതിനെ-
പ്പോകുന്നതിന്നെങ്ങിനെ?
ശംബൂകൻ: (പ്രവേശിച്ചു്) ദേവൻ ജയിക്കുന്നു. ദേവ, നിന്തിരുവടി ഇവിടെ എഴുന്നള്ളീട്ടുണ്ടെന്നു് ഞാനറിയിച്ചപ്പോൾ ഭഗവാൻ അഗസ്ത്യമഹര്‍ഷി ഇങ്ങിനെ ഭവാനോടറിയിപ്പാൻ പറഞ്ഞയച്ചിരിക്കുന്നു: 'വിമാനത്തിൽനിന്നിറങ്ങുമ്പോൾ ചെയ്യേണ്ടതായ മംഗളകര്‍മ്മത്തിന്നു തയ്യാറായിട്ട് വാത്സല്യത്തോടുകൂടി ലോപാമുദ്രയും മഹർഷികളായ മറ്റുള്ളവരും അങ്ങയുടെ വരവിനെ കാത്തുനില്ക്കുന്നു. അതുകൊണ്ടു് ഇവിടെ ഞങ്ങളെ സന്തോഷിപ്പിച്ചാലും. അനന്തരം അതിവേഗമുള്ള വിമാനത്തിൽക്കൂടി സ്വദേശത്തിൽ ചെന്നു, അശ്വമേധത്തിന്നു തയ്യാറായിരിക്കയും ചെയ്യാമല്ലോ.'
രാമൻ: ഭഗവാൻ കല്പിക്കുന്നതുപോലെ ചെയ്യാം.
ശംബൂകൻ: എന്നാൽ മഹാരാജാവു വിമാനത്തെ ഇതിലെ തിരിക്കാം.
രാമൻ: ഭഗവതി പഞ്ചവടി, ഗുരുജനാജ്ഞയെ അനുഷ്ഠിപ്പാൻവേണ്ടി രാമൻ ചെയ്യുന്ന ഈ അതിക്രമത്തെ ക്ഷണനേരം ക്ഷമിക്കണേ!
ശംബൂകൻ: ദേവ! ദർശിച്ചാലും, ദർശിച്ചാലും.
ഇക്രൗഞ്ചാവതപര്‍വ്വതക്കുടിലിൽ വാ-
ഴുന്നോരു ഘകങ്ങൾതൻ
ഘൂല്ക്കാരധ്വനി കേട്ടു കീചകമതിൽ
കാകങ്ങൾ മൂകങ്ങളായ്;
പാര്‍ക്കുന്നു മയിലങ്ങുമിങ്ങുമിവിടെ-
ക്കൂകുന്ന കേകാരവം
കേൾക്കും പാമ്പുകൾ ജീര്ണ്ണചന്ദനതരു-
സ്കഡേ പരുങ്ങുന്നുതേ.
അത്രയുമല്ല,
ഇക്കാർമേഘങ്ങൾ തങ്ങിക്കൊടുമുടികളിരു-
ണ്ടിട്ടിതാ തെല്ലു തെക്കായ്
നില്ക്കുന്നൂ വീണു ഗോദാവരിദരിയിൽ മുഴ—
ങ്ങീടുമപ്പര്‍വ്വതങ്ങൾ;
ഊക്കോടും തമ്മിൽ മുട്ടിത്തിരനിര ചിതറി-
ക്കൊണ്ടു കൊണ്ടുള്ള താമി-
ദ്ദിക്കിൽ പുണ്യങ്ങളാമപ്പുഴകളുമതിഘോ-
ഷേണ ചേരുന്നു ഘോരം.
(എല്ലാവരും പോയി.)
പഞ്ചവടീപ്രവേശ'മെന്ന രണ്ടാമങ്കം സമാപ്തം
മൂന്നാമങ്കം (62-65)
മൂന്നാമങ്കം
[അനന്തരം തമസ, മുരള എന്ന രണ്ടു നടികൾ പ്രവേശിക്കുന്നു.]
തമസ: സഖി മുരളേ, നീയെന്താണ് സംഭ്രമിച്ചവളെന്നപോലെയിരിക്കുന്നതു്?
മുരള: ഭഗവതി തമസേ! ഭഗവാൻ അഗസ്ത്യന്റെ ധര്‍മ്മപത്നിയായ ലോപാമുദ്ര നദീശ്രേഷ്ഠയായ ഗോദാവരിയോടു പറവാനായിട്ട് എന്നെ അയച്ചിരിക്കുന്നു. എങ്ങിനെയെന്നാൽ "ഭഗവതി, ഗോദാവരി! ഭവതിക്കറിയാമല്ലോ, പത്നിയെ ത്യജിച്ചതല്ല രാമഭദ്രന്നു്,
ഉരുഗാംഭീര്യംകൊണ്ടഴൽ
പുറമേ കാട്ടാതകത്തൊതുക്കുകയാൽ
ഒരു പുടപാകംപോലെ-
പ്പരിതാപം ഹൃദി നിറഞ്ഞിരിക്കുന്നു.
ഇഷ്ടജനത്തിന്നു് ആവിധമെല്ലാം സംഭവിച്ച കഷ്ടം നിമിത്തമുണ്ടായതും ഇടവിടാതെ മേല്ക്കുമേൽ വര്‍ദ്ധിച്ചു വരുന്നതുമായ ദീർഘവ്യസനത്താൽ ഇപ്പോളേറ്റവും ക്ഷീണിച്ചിരിക്കുന്നു, രാമഭദ്രൻ. അവനെ കണ്ടിട്ട് എന്റെ മനസ്സു വല്ലാതെ നടുങ്ങിപ്പോയി. ഇപ്പോൾ രാമഭദ്രൻ ഇവിടെനിന്നു മടങ്ങിപ്പോകുന്ന വഴിക്കു പഞ്ചവടീവനത്തിൽ പ്രിയതമയുമായുള്ള സഹവാസത്തിന്റെയും സ്വച്ഛന്ദവിഹാരങ്ങളുടേയും സാക്ഷികളായ പ്രദേശങ്ങളെ ചെന്നു കാണും, നിശ്ചയംതന്നെ. അവയെ കാണുമ്പോൾ പ്രകൃത്യാ ധീരനാണെങ്കിലും രാമഭദ്രന്നു ഈവിധമുള്ള അവസ്ഥയിൽ ദുര്‍ന്നിവാരമായി പ്രസരിക്കുന്ന ശോകത്തിന്റെ സംക്ഷോഭവേഗത്താൽ അടിക്കടി മോഹാലസ്യത്തിന്നു കാരണങ്ങൾ സംഭവിച്ചേക്കാം. അതുകൊണ്ടു് ഭവതി അതിൽ നല്ല ഓര്‍മ്മയോടുകൂടിയിരിക്കണേ!
പാരം നീരകണങ്ങൾ ചേര്‍ന്നു വളരെ-
ശ്ശീതങ്ങളായ് താമര-
ത്താരിന്നല്ലിയിലുള്ള നന്മണമണി-
ഞ്ഞുള്ളോരു വായുക്കളെ
സ്വൈരം നീ തിരകൊണ്ടിളക്കി മൃദുവായ്
രാമന്നു മോഹം വരു-
ന്നേരത്തൊക്കെയയച്ചു ജീവനു സുഖം
നല്കേണ"മെന്നിങ്ങിനെ.
തമസ: ഇതു സ്നേഹത്തിന്റെ അവസ്ഥയ്ക്കുചിതമായ ദാക്ഷിണ്യംതന്നെ. എന്നാൽ രാമഭദ്രനെ ആശ്വസി പ്പിക്കുവാനുള്ള ഉപായം പ്രധാനമായിട്ടുള്ളതുതന്നെ ഇന്നു സമീപത്തിലുണ്ടു്.
മുരള: അതെങ്ങനെ?
തമസ: കേട്ടാലും; പണ്ടു ലക്ഷ്മണൻ സീതാദേവിയെ പരിത്യജിച്ചിട്ടു വാല്മീകിതപോവനസമീപത്തിൽ നിന്നു പോയപ്പോൾ അവൾ പ്രസവവേദന ആരംഭിച്ചിട്ടുള്ള തന്റെ ദേഹത്തെ മഹത്തായ ദുഃഖാവേഗം ഹേതുവായിട്ടു ഗംഗാപ്രവാഹത്തിങ്കൽ നിക്ഷേപിച്ചു. അപ്പോൾത്തന്നെ അവിടെവെച്ചു രണ്ടു കുട്ടികളെ പ്രസവിക്കയും ചെയ്തു. ഉടനെ ഭൂമിദേവിയും ഗംഗാഭഗവതിയും വന്നാദരിച്ചു സീതാദേവിയെ രസാതലത്തിലേക്കു കൂട്ടിക്കൊണ്ടുപോയി. അനന്തരം മുലകുടി മാറിയതിന്റെ ശേഷം ആ കുട്ടികളെ വാല്മീകിമഹർഷിയുടെ അടുക്കൽ ഗംഗാഭഗവതി താൻതന്നെ കൊണ്ടു വന്നേൽപ്പിച്ചുകൊടുത്തു.
മുരള: (വിസ്മയത്തോടുകൂടി)
ഇത്തരമുള്ള ജനത്തി-
ന്നെത്തുന്ന വിപത്തുമത്ഭുതംതന്നെ!
ഒത്തു തുണപ്പാനതിൽ വ-
ന്നെത്തുന്നുണ്ടേവമുള്ള മാന്യജനം.
തമസ: ഇപ്പോൾ ഈ ശംബൂകവൃത്താന്തം ഹേതുവായിട്ടു രാമഭദ്രൻ ജനസ്ഥാനത്തിലേക്കു വരുമെന്നു സരയുവിന്റെ മുഖത്തിൽനിന്നു കേട്ടിട്ട് ഭഗവതിയായ ഭാഗീരഥി, ഭഗവതിയായ ലോപാമുദ്ര സ്നേഹംനിമിത്തം എങ്ങിനെ ശങ്കിച്ചുവോ അങ്ങിനെ ശങ്കിച്ചു്, സീതാദേവിയോടുകൂടി എന്തോ ഒരു ഗൃഹകൃത്യവ്യാജേന ഗോദാവരിയെ കാണ്മാൻ വന്നിരിക്കുന്നു.
മുരള: രാജധാനിയിലിരിക്കുമ്പോൾ പ്രജകൾക്കഭ്യുദയം വരുത്തുന്നതായ പല കാര്യങ്ങളിലും പ്രവേശിക്കുന്നതാകകൊണ്ടു് രാമഭദ്രന്റെ ചിത്തവിക്ഷേപങ്ങൾക്കതിരുണ്ടായേക്കാം. ഇപ്പോൾ വേറെ ഒരു കാര്യത്തിലും പ്രവേശിക്കാതെ വ്യസനം മാത്രം സഹായമായി തീര്‍ന്നിട്ടുള്ള അദ്ദേഹത്തിന്നു പഞ്ചവടീപ്രദേശം വലുതായ അനര്‍ത്ഥമായിത്തീരുമെന്നുള്ള ഗംഗാഭഗവതിയുടെ ആലോചന വളരെ നന്നായിരിക്കുന്നു. എന്നാലിപ്പോൾ സീതാദേവി രാമഭദ്രനെ എങ്ങിനെ ആശ്വസിപ്പിക്കും?
തമസ: ഭഗവതിയായ ഗംഗ പറയുകയുണ്ടായി: "ദേവയജനസംഭവേ ജാനകീ! ആയുഷ്മാന്മാരായ കുശലവന്മാരുടെ പന്ത്രണ്ടാംവയസ്സു തികയുന്ന ഇന്ന് ആ സംഖ്യയെ അറിയിക്കുന്നതായ മംഗളഗ്രന്ഥിബന്ധനം ചെയ്യേണ്ടതാണല്ലോ. അതുകൊണ്ടു് നിന്റെ ശ്വശുരകുലത്തിൽ ഇതുവരെ ജനിച്ചിട്ടുള്ള രാജർഷികളുടെ ആദിഗുരുവായും പാപാപഹനായും ഇരിക്കുന്ന ഭഗവാൻ ആദിത്യനെ നീ സ്വഹസ്തങ്ങൾകൊണ്ടുതന്നെ പുഷ്പങ്ങളറുത്തു പൂജിക്കണം. ഭൂമിയിൽ സഞ്ചരിക്കുന്ന നിന്നെ എന്റെ പ്രഭാവത്താൽ വനദേവതകൾക്കുപോലും കാണ്മാൻ കഴിയുകയില്ല; പിന്നെ മനുഷ്യരുടെ കഥ പറവാനുണ്ടോ" എന്നു്. പിന്നെ എന്നോടും ഭഗവതി കല്പിച്ചു, "തമസേ, വധുവായും വത്സയായുമുള്ള ജാനകിക്കു നിന്റെമേൽ വളരെ സ്നേഹമാണല്ലോ. അതുകൊണ്ടു് നീതന്നെ അവൾക്കു സഹായമായിട്ടു കൂടെ പോകണം" എന്നു്. ആ കല്പന അനുഷ്ഠിപ്പാനായിട്ടു ഞാനിപ്പോൾ പോകുന്നു.
മുരള: ഞാനും ഈ വൃത്താന്തത്തെ ഭഗവതിയായ ലോപാമുദ്രയോടു ചെന്നറിയിക്കട്ടെ. രാമഭദ്രനും വന്നുതുടങ്ങിയെന്നു തോന്നുന്നു.
തമസ: ഇതാ ജാനകി ഗോദാവരീഹൃദത്തിൽനിന്നു പുറപ്പെട്ടു്,
പാരം വിളര്‍ത്തബലമാം കവിൾകൊണ്ടുമാഭ-
ചേരും മുഖേ ചിതറിവീണ കചങ്ങളോടും
പോരുന്നു കാട്ടിലുടൽപൂണ്ട വിയോഗമാലോ
സ്ത്രീരൂപിയാം വ്യസനമോ ഇവളെന്നുതോന്നും.
മുരള: ഇവളല്ലെ ആ ജാനകി?
ബന്ധമറ്റ നവപല്ലവത്തിനുസമം ത-
ളര്‍ന്നു വിളറീടുമി-
ബ്ബന്ധുരാംഗിയുടെ മേനി ഹൃൽകുസുമശോഷി—
യായ വിരഹാഗ്നിയാൽ
ഹന്ത ഹന്ത! ബഹുകാലമായുരുകിടുന്നു
കൈതയുടെയുള്ളിലായ്
ചന്തമോടു വിലസും ദളം കഠിനതാപ-
മേറ്റു തളരും വിധം.
(ചുറ്റിനടന്നു രണ്ടുപേരും പോയി.)
വിഷ്കംഭം കഴിഞ്ഞു.
മൂന്നാമങ്കം (66-70)
(അണിയറയിൽ )
അഹോ! പ്രമാദം, പ്രമാദം!
(അനന്തരം വ്യസനത്തോടും ഉൽക്കണ്ഠയോടുംകൂടി കേൾക്കുന്ന നാട്യത്തിൽ പുവറുത്തുകൊണ്ടു് സീത പ്രവേശിക്കുന്നു.)
സീത: അഹോ! എന്റെ പ്രിയസഖിയായ വാസന്തിയുടെ വാക്കാണെന്നു തോന്നുന്നു.
(പിന്നെയും അണിയറയിൽ )
മുമ്പേതാനക്കിടാവെ സ്വകരകലിതമാം
സല്ലകീപല്ലവത്തെ-
ത്തുമ്പിക്കൈയാട്ടിയെത്തുന്നളവവനിജതാ-
നേകി നന്നായ് വളര്‍ത്തി
സീത: അവനെന്താണ്?
(പിന്നെയും അണിയറയിൽ )
അംഭസ്സിൽ കാന്തയോടും കുതുകമൊടു കളി-
ക്കുന്നനേരം മദത്താൽ
വമ്പൻ കുംഭീന്ദ്രനന്യൻ ദ്രുതമവനെയെതിര്‍-
ക്കുന്നു വന്നെത്തി മുന്നിൽ.
സീത: (സംഭ്രമത്തോടുകൂടി അഞ്ചാറടി നടന്നിട്ട് ) ആര്യപുത്ര! രക്ഷിക്കണേ, എന്റെ ആ മകനെ രക്ഷിക്കണേ! (ഓര്‍മ്മനടിച്ചു വ്യസനത്തോടുകൂടി) ഹാ! കഷ്ടം കഷ്ടം! വളരെക്കാലം പരിചയിച്ചിട്ടുള്ള ആ അക്ഷരങ്ങൾ തന്നെ പഞ്ചവടീദർശനത്താൽ പിന്നേയും ഭാഗ്യഹീനയായ എന്റെ നാവിൽനിന്നു പുറപ്പെട്ടു പോകുന്നു. ഹാ! ആര്യപുത്ര! (മോഹിക്കുന്നു.)
തമസ: (പ്രവേശിച്ച് ) വത്സേ! ആശ്വസിക്കു, ആശ്വസിക്കു. വിമാനരാജാവേ, ഇവിടെത്തന്നെ നില്ക്കു. (അണിയറയിൽ )
സീത: (ആശ്വസിച്ചു ഭയത്തോടും ഉല്ലാസത്തോടുംകൂടി) ജലസമ്പൂര്‍ണ്ണമായ മേഘത്തിന്റെ ഗര്‍ജ്ജിതംപോലെ ഗംഭീരമായും മാംസളമായും ഇരിക്കുന്ന ഈ ശബ്ദം എവിടെനിന്നാണു് കേൾക്കുന്നതു്? ഇതു് എന്റെ കര്‍ണ്ണരന്ധ്രങ്ങളിൽ പ്രവേശിച്ചു, ഭാഗ്യഹീനയാണെങ്കിലും എന്നെ വേഗത്തിലാശ്വസിപ്പിക്കുന്നു.
തമസ: (സ്നേഹകൗതുകങ്ങളോടുകൂടി) അയി വത്സ!
എങ്ങോനിന്നസ്ഫുടമാ-
യിങ്ങിനെ കേൾക്കുന്ന നിസ്വനത്താൽ നീ
തിങ്ങിന കൊതിപൂണ്ടിളകിയ
തെങ്ങിനെയിടിയാൽ മയൂരിയതുപോലെ?
സീത: ഭഗവതി എന്താണ് അസ്ഫുടമെന്നു പറയുന്നതു് ? ആര്യപുത്രനാണിങ്ങിനെ പറഞ്ഞതെന്നു സ്വരസംയോഗംകൊണ്ട് നല്ലവണ്ണം ഞാനറിയുന്നുണ്ടു്.
തമസ: തപസ്സുചെയ്യുന്ന ശംബൂകനെ ശിക്ഷിപ്പാനായിട്ടു് ഇക്ഷ്വാകുവംശജാതനായ ആ രാജാവു ജനസ്ഥാനത്തിലെത്തീട്ടുണ്ടെന്നു കേൾക്കുന്നു.
സീത: ഭാഗ്യത്താൽ ആ രാജാവു രാജധര്‍മ്മാനുഷ്ഠാനത്തിൽ ന്യൂനത വരുത്തുന്നില്ലല്ലൊ.
(അണിയറയിൽ )
മരക്കൂട്ടം മാനെന്നിവ സഖികളായ്ത്തീര്‍ന്നു സുഖമാ-
യിരുന്നേനേതിങ്കൽ പ്രിയതമയുമായ് പണ്ടുബഹുനാൾ
പരന്നെങ്ങും ഗോദാവരിയരികിലുള്ളോരു ഗിരിതൻ
ഝരം മേന്മേൽ വീഴും ഗുഹ വിലസുമത്താഴ്‍വരയിതാ.
സീത: (നോക്കിയിട്ട്.) ഹാ! ഹാ! ഇദ്ദേഹം പ്രഭാതകാലത്തിലുള്ള ചന്ദ്രമണ്ഡലംപോലെ വിളറിയും ക്ഷീണിച്ചും ദുര്‍ബ്ബലമായുമിരിക്കുന്ന ആകൃതിയോടുകൂടിയിരിക്കുന്നുവല്ലോ. സൗമ്യമായും ഗംഭീരമായുമിരിക്കുന്ന അനുഭവത്താൽ മാത്രമാണു് ആ ആര്യപുത്രൻതന്നെ എന്നു ഞാനറിഞ്ഞതു്. ഭഗവതി തമസേ, എന്നെ താങ്ങിക്കൊൾക. (തമസയെ ആലിംഗനംചെയ്തു മോഹിക്കുന്നു.)
തമസ: (താങ്ങിക്കൊണ്ടു്) വത്സേ, ആശ്വസിക്കു, ആശ്വസിക്കൂ.
(അണിയറയിൽ )
ഈ പഞ്ചവടീദര്‍ശനത്താൽ,
എന്നുള്ളൊതുങ്ങിമരുവുന്നൊരു ശോകവഹ്നി
നന്നായ് ജ്വലിക്കുവതിനായ് ത്തുടരുന്നിതിപ്പോൾ;
എന്നല്ലതിന്റെ ഘനമാം പുകപോലെ മോഹ-
മൊന്നായി മുമ്പുടനെയെന്നെ മറച്ചിടുന്നു.
ഹാ! പ്രിയേ ജാനകി!
തമസ: (ആത്മഗതം) ഇതുതന്നെയാണു് ആ ഗുരുജനങ്ങളും ശങ്കിച്ചതു്.
സീത: (ആശ്വസിച്ചു്) അയ്യോ ഇതെന്താണു്?
(പിന്നെയും അണിയറയിൽ)
ഹാ ദണ്ഡകാരണ്യവാസപ്രിയസഖി! ഹാ ദേവി വിദേഹരാജപുത്രി!
സീത: അയ്യോ കഷ്ടം കഷ്ടം! ഭാഗ്യഹീനയായ എന്നെ വിളിച്ചു കരഞ്ഞുകൊണ്ടും നീലോല്പലങ്ങൾപോലെയിരിക്കുന്ന നേത്രങ്ങളെ അടച്ചുകൊണ്ടും ആര്യപുത്രൻ മോഹിച്ചുവല്ലൊ. അയ്യോ! ഈ ദുസ്സഹമായ ശോകാവേഗത്താൽ നിഞ്ചേഷ്ടനായി അവശനായിട്ടു ഭൂമിയിൽ വീണുകിടക്കുന്നു. ഭഗവതി തമസേ! രക്ഷിക്കണേ, രക്ഷിക്കണേ! ആര്യപുത്രനെ ആശ്വസിപ്പിക്കണേ!
(തമസയുടെ കാല്ക്കൽ വീഴുന്നു.)
തമസ: (എഴുന്നേല്പിച്ചു്)
ചെന്നിജ്ജഗപതിയെയാശു സമാശ്വസിപ്പി-
ക്കെന്നാത്മജേ, ഭവതിതന്നെ വിശുദ്ധശീലേ!
നന്നായ് സുഖേന തടവുന്നൊരു നിൻകരത്താൽ-
ത്തന്നേ വരൂ രഘുകുമാരൻ ബോധമുള്ളിൽ.
സീത: വരുന്നതു വരട്ടെ, ഭഗവതി കല്പിക്കുന്നതുപോലെ ചെയ്യാം.
(സംഭ്രമത്തോടുകൂടി പോയി.)
മൂന്നാമങ്കം (71-75)
(അനന്തരം ഭൂമിയിൽ കിടന്നുകൊണ്ടും, കണ്ണീർപൊഴിക്കുന്ന സീതയാൽ സ്പര്‍ശിക്കപ്പെട്ടുകൊണ്ടും, ആഹ്ലാദാശ്വാസങ്ങളോടുകൂടി രാമൻ പ്രവേശിക്കുന്നു.)
സീത: (അല്പം സന്തോഷത്തോടുകൂടി ആത്മഗതം) ത്രൈലോക്യനാഥന്റെ ജീവൻ പിന്നെയും തിരിച്ചുവന്നു എന്നു തോന്നുന്നു.
രാമൻ: അഹോ ഇതെന്തൊരാശ്ചര്യം!
വീണീടും ഹരിചന്ദനത്തളിരതിൻ
നീരോ കശക്കിപ്പിഴി-
ഞ്ഞേണാങ്കന്റെ കരങ്ങളെ ദ്രുതമൊഴി—
ച്ചീടുന്ന നൽദ്ധാരയോ
വേവും ജീവമനസ്സുകൾക്കു പരമാ-
നന്ദത്തെ നല്കി ദ്രുതം
ജീവിപ്പിക്കുമൊരൗഷതീരസമതോ
മാറത്തു ചേരുന്നു മേ!
ചേതസ്സിന്നു സുഖേന മൂർച്ഛയെ വളര്‍-
ത്താശ്വാസമേകുന്നതാ-
മേതൽസ്പര്‍ശനമോര്‍ക്കിൽ ഞാൻ പരിചയി-
ച്ചിട്ടുള്ളതത്രേ പുരാ;
ഖേദംകൊണ്ടുളവായ മൂർച്ഛയെയുടൻ
ദൂരെക്കളഞ്ഞീവിധം
സ്‌ഫീതാനന്ദഭരത്തിനാലിതു വളര്‍-
ത്തീടുന്നു ജാഡ്യത്തിനെ.
സീത: (ഭയത്തോടും വ്യസനത്തോടുംകൂടി കുറെ പിൻവാങ്ങീട്ടു്) ഇതുതന്നെയും ഇപ്പോഴത്തെ സ്ഥിതിക്കു വളരെ അധികമായി.
രാമൻ: (ഇരുന്നിട്ടു്) വത്സലയായ സീതാദേവിയാൽ ഞാൻ അനുഗൃഹീതനായിരിക്കുമോ?
സീത: ഹാ! കഷ്ടം കഷ്ടം! ആര്യപുത്രൻ എന്തിനായിട്ടാണു് എന്നെ അന്വേഷിക്കുന്നതു്?
രാമൻ: ഇരിക്കട്ടെ, നോക്കാം.
സീത: ഭഗവതി തമസേ, നോം കുറെ മാറിനില്ക്കുക. എന്നെ കണ്ടുവെങ്കിൽ അനുവാദം കൂടാതെ അടുത്തു ചെന്നതിന്നു എന്റെനേരെ അധികമായിട്ടു മഹാരാജാവു കോപിക്കും.
തമസ: അയി വത്സേ, ഗംഗാഭഗവതിയുടെ വരപ്രഭാവത്താൽ വനദേവതകൾക്കുകൂടി നിന്നെ കാണ്മാൻ കഴികയില്ലല്ലോ.
സീത: ശരിതന്നെ.
രാമൻ: പ്രിയേ ജാനകി!
സീത: (കോപത്തോടും ഗൽഗദത്തോടുംകൂടി) ആര്യപുത്ര! ഇപ്പോഴത്തെ സ്ഥിതിക്കു് ഈ വാക്കു് അനുചിതമല്ലെ? (കണ്ണീരോടുകൂടി) അല്ലെങ്കിൽ ജന്മാന്തരമെങ്കിലും സാധിക്കാമെന്നു വിചാരിപ്പാൻ പാടില്ലാത്ത വിധത്തിൽ ദുർലഭദര്‍ശനയായി ഭാഗ്യഹീനയായ എന്നെത്തന്നെ ഉദ്ദേശിച്ചു വാത്സല്യത്തോടുകൂടി ഇങ്ങിനെ വിളിക്കുന്നവനായിരിക്കുന്ന ആര്യപുത്രന്റെ നേരെ കഠിനചിത്തയായ ഞാനെന്തിനായിട്ടിങ്ങിനെ നിര്‍ദ്ദയയായിരിക്കുന്നു? ഇദ്ദേഹത്തിന്റെ ഹൃദയം എനിക്കറിയാം; ഇദ്ദേഹത്തിന്നു് എന്റെ ഹൃദയവും അറിയാം.
രാമൻ: (എല്ലായിടത്തും നോക്കിയിട്ട് ബുദ്ധിക്ഷയത്തോ ടുകൂടി) ഹാ കഷ്ടം! ഇവിടെ ആരുമില്ല.
സീത: ഭഗവതി തമസേ, ഇദ്ദേഹം എന്നെ അകാരണമായിട്ടാണു ത്യജിച്ചതു് . എങ്കിലും ഈവിധത്തിലിദ്ദേഹത്തിനെ ദർശിച്ചതുകൊണ്ടു് എന്റെ ഹൃദയം ഇപ്പോൾ ഏതു സ്ഥിതിയിലിരിക്കുന്നു എന്നു് എനിക്കു തന്നെ അറിഞ്ഞുകൂടാ.
തമസ: എനിക്കറിയാം, വത്സേ, എനിക്കറിയാം.
നൈരാശ്യത്താലുദാസീനതയൊടുമഥ തൻ
കാന്തതാപാൽ തപിച്ചും
പാരം ദീർഘിച്ചതാമീ വിരഹമതിലുടൻ
ചേർച്ചയാൽ സ്തബ്ധമായും
സാരം പ്രേമം നിനച്ചിട്ടുരുകിയുമതിസൗ-
ജന്യമൂലം തെളിഞ്ഞും
ഘോരം തൽകൃത്യമോത്തൊട്ടരിശമൊടുമിരി-
യ്ക്കുന്നു നിൻചിത്തമിപ്പോൾ.
രാമൻ: ദേവി,
ദേഹംപൂണ്ടൊരു നിൻപ്രസാദമതുതാ-
നെന്നിങ്ങു തോന്നുംവിധം
സ്നേഹംകൊണ്ടു നനഞ്ഞു ശീതളമതാ-
യുള്ളോരു നിൻ സ്പർശനം.
ഹാ ഹാ! നന്ദിനി! നല്കിടുന്നു പരമാ-
നന്ദത്തെയിപ്പോഴുമെൻ-
ദേഹാത്മാക്കളിലേറ്റവും പുനരയേ
നീയെങ്ങു ഹാ പ്രേയസി
സീത: അഗാധമായ സ്നേഹാധിക്യത്തെ കാണിക്കുന്നവയും ആനന്ദത്തെ ജനിപ്പിക്കുന്നവയുമായുമുള്ള ആര്യപു ത്രന്റെ ഈ വിലാപങ്ങളെ ഞാൻ കേട്ടു. ഇവയിലുള്ള വിശ്വാസത്താൽ അകാരണമായി പരിത്യജിച്ചതു കൊണ്ടു് നിന്ദ്യമായിത്തീന്നതാണെങ്കിലും എൻറ ജന്മലാഭത്തെ ഞാൻ ബഹുമാനിക്കുന്നു.
രാമൻ: അഥവാ, പ്രിയതമയുടെ സങ്കല്പത്തിങ്കലുള്ള അ ഭ്യാസസാമ്യംകൊണ്ടു രാമന്നുണ്ടായ ഭ്രമമാണിതു്, നിശ്ചയം.
(അണിയറയിൽ )
പ്രമാദം, പ്രമാദം.
മുമ്പേതാനക്കിടാവെ സ്വകരകലിതമാം
സല്ലകീപല്ലവത്തെ-
ത്തുമ്പിക്കയ്യാട്ടിയെത്തുന്നളവവനിജതാ-
നേകി നന്നായ് വളര്‍ത്തി,
രാമൻ: (സ്നേഹത്തോടും ഔത്സുക്യത്തോടുംകൂടി) ആ വത്സന്നെന്താണ്?
(പിന്നേയും അണിയറയിൽ )
അംഭസ്സിൽ കാന്തയോടും കുതുകമൊടു കളി-
ക്കുന്ന നേരം മദത്താൽ
വമ്പൻ കുംഭീന്ദ്രനന്യൻ ദ്രുതമവനെയെതിര്‍-
ക്കുന്നു വന്നെത്തി മുന്നിൽ.
സീത: അവനെ രക്ഷിപ്പാനിപ്പോളാരാണുള്ളതു് ?
രാമൻ: പിടിയോടുകൂടി കളിക്കുന്ന എന്റെ പ്രിയയുടെ പുത്രനെ എതിര്‍ക്കുന്ന ആ ദുഷ്ടനെവിടെ? (എഴുനേല്ക്കുന്നു.)
വാസന്തി: (സംഭ്രമത്തോടുകൂടി പ്രവേശിച്ച്) രഘുനന്ദനനോ?
സീത: എന്റെ പ്രിയസഖിയായ വാസന്തിയോ?
വാസന്തി: ദേവൻ ജയിക്കുന്നു, ജയിക്കുന്നു.
രാമൻ: (നോക്കീട്ടു് ) ദേവിയുടെ പ്രിയസഖിയായ വാസന്തിയോ?
വാസന്തി: ദേവ! വേഗം വരു, വേഗം വരു. ഇവിടെനിന്നു ജടായുഗിരിയുടെ തെക്കുഭാഗത്തുള്ള സീതാതീര്‍ത്ഥത്തിൽക്കൂടി ഗോദാവരിയിലിറങ്ങി ദേവിയുടെ ആ പുത്രനെ ദേവൻ ദർശിച്ചാലും!
സീത: ഹാ, താത ജടായോ! അങ്ങുന്നില്ലായ്കയാൽ ഈ ജനസ്ഥാനം ശൂന്യമായിരിക്കുന്നു.
രാമൻ: ഹഹഹ! ഈ കഥാപ്രസംഗങ്ങൾ ഹൃദയമര്‍മ്മങ്ങളെ ഛേദിക്കുന്നവയാണല്ലോ.
വാസന്തി: ദേവ! ഇതിലെ, ഇതിലെ.
മൂന്നാമങ്കം (76-80)
സീത: ഭഗവതി, വനദേവതകൾകൂടി എന്നെ കാണുകയില്ലെന്നു പറഞ്ഞതു സത്യംതന്നെ.
തമസ: അയി വത്സേ! മറ്റെല്ലാ ദേവതകളുടെ പ്രഭാവത്തെക്കാളും ഗംഗാദേവിയുടെ പ്രഭാവം ഉൽകൃഷ്ടമായിട്ടുള്ളതാകുന്നു. പിന്നെന്തിനു ശങ്കിക്കുന്നു?
സീത: എന്നാൽ നമ്മളും പിന്നാലെ ചെല്ലുക. (നടക്കുന്നു.)
രാമൻ: (നടന്നിട്ട്) ഭഗവതി ഗോദാവരി, ഭവതിക്കു നമസ്കാരം!
വാസന്തി: (നോക്കീട്ട്) ദേവ! ദേവ! കാന്താസഹിതനായും വിജയിയായുമുള്ള ദേവിയുടെ വത്സനെ ദർശിച്ചു സന്തോഷിച്ചാലും.
രാമൻ: ആയുഷ്‌മാൻ ജയിക്കട്ടെ.
സീത: അഹോ ഇവൻ ഈ സ്ഥിതിയിലായോ?
രാമൻ: ദേവി, ഭാഗ്യത്താൽ ഭവതി വര്‍ദ്ധിക്കുന്നു.
മുന്നം ബാലമൃണാളചാരുതരമാം
കൊമ്പുള്ളൊരേതാന,യെൻ-
കന്നൽക്കണ്ണി,യെടുക്കുമോ ചെവിയിൽ നീ
ചാര്‍ത്തുന്ന നൽപ്പല്ലവം
ഇന്നീ മത്തഗജങ്ങളെ ദ്രുതമെതി-
ത്തോടിക്കുമാ നിന്മകൻ-
തന്നിൽ ചേര്‍ന്നിതു യൗവനത്തിലുളവാ-
കേണ്ടും ഗുണം സര്‍വ്വവും.
സീത: കാണ്മാൻ ഭംഗിയുള്ള ഈ പിടിയോടു പിരിയാതെതന്നെ ഇവൻ ദീർഘായുസ്സായിരിക്കട്ടെ.
രാമൻ: സഖി വാസന്തി, നോക്കു നോക്കു. കാന്തയെ അനുരഞ്ജിപ്പിക്കുവാനുള്ള ചാതുര്യവും വത്സന്നു വശമായിട്ടുണ്ടു്.
നേരംപോക്കായ് പുഴക്കിബ്ബിസകബളമുടൻ
നൽകിയും പത്മഗന്ധം
ചേരും വെള്ളത്തെ വായിൽ പ്രണയമൊടഥ താ-
നേകിയും പാകമായി
നീരിൻ നൽത്തുള്ളി മിന്നും നിജകരമതിനാൽ
സേകവും ചെയ്തു നാളം
നേരേ നീണ്ടുള്ള നൽത്താമരയില കുടയാ-
യിട്ടു പിന്നെപ്പിടിച്ചാൻ.
സീത: ഭഗവതി തമസേ, ഇവനിപ്പോളീ സ്ഥിതിയിലായിരിക്കുന്നു. എന്നാൽ ഇത്രയും കാലംകൊണ്ടു് ആ കുശലവന്മാരേതു സ്ഥിതിയിലായി എന്നു ഞാൻ അറിയുന്നില്ലല്ലൊ.
തമസ: ഇവനെങ്ങിനെയോ അതുപോലെത്തന്നെ അവരും.
സീത: ഇങ്ങിനെ ഒരു ഭാഗ്യഹീനയായല്ലോ ഞാൻ. നിരന്തരമായിട്ട് ആര്യപുത്രവിരഹം മാത്രമല്ല, പുത്രവിരഹവും കൂടി അനുഭവിക്കേണ്ടിവരുന്നുവല്ലൊ.
തമസ: ഇങ്ങിനെയായിരിക്കാം ദൈവകല്പിതം.
സീത: ഞാൻ പ്രസവിച്ചതുകൊണ്ടു പ്രയോജനമെന്താണു്! അല്പം ഇടവിട്ടും ധവളങ്ങളായും മനോഹരങ്ങളായുമിരിക്കുന്ന ദന്തമുകുളങ്ങൾകൊണ്ടും ശോഭിച്ചിരിക്കുന്ന ഗണ്ഡങ്ങൾകൊണ്ടും കൂടെക്കൂടെ മൃദുസ്വരമായി പുറപ്പെടുന്ന മനോഹരമന്ദഹാസങ്ങൾകൊണ്ടും ബന്ധിച്ചിരിക്കുന്ന ശിഖണ്ഡങ്ങൾകൊണ്ടും സുന്ദരമായും നിര്‍മ്മലമായുമിരിക്കുന്ന എന്റെ ആ പുത്രമുഖകമലത്തെ ആര്യപുത്രൻ ചുംബിക്കുന്നതിന്നു സംഗതി വന്നില്ലല്ലൊ.
തമസ: ദേവതാപ്രസാദത്താൽ ഇനി അതിന്നും സംഗതി വരട്ടെ.
സീത: ഭഗവതി തമസേ! ഇങ്ങനെ പുത്രന്മാരുടെ ഓര്‍മ്മ വന്നതുകൊണ്ടു ചുരത്തി വീർത്തിരിക്കുന്ന മുലകളുള്ള ഞാൻ അവരുടെ അച്ഛന്റെ സമീപത്തിൽ വസിക്കുന്നതിനാൽ ഈ ഒരു ക്ഷണനേരം സംസാരിണിയായി ത്തീർന്നിരിക്കുന്നു.
തമസ: എന്തു പറയട്ടെ, അപത്യമെന്നതു സ്നേഹത്തിന്റെ പരമാവധിയാണെന്നു മാത്രമല്ല, മാതാപിതാക്കന്മാര്‍ക്കു് അന്യോന്യമുള്ള ഒരു ദൃഢബന്ധവുമാണല്ലൊ.
പാരം ദമ്പതിമാര്‍ക്കക-
താരിലതിസ്നേഹമുത്ഭവിക്കുമ്പോൾ,
ചേരുമൊരാനന്ദംതാൻ
തീരുന്നിതപത്യമെന്ന ബന്ധനമായ്.
വാസന്തി: ദേവ! ഇങ്ങോട്ടും നോക്കു.
പുത്തൻപീലികൾ നല്ല ഭംഗിയിൽ വിടര്‍-
ത്തിക്കൊണ്ടു നന്നായ് മുള-
ച്ചൊത്തീടും ശിഖ ചേര്‍ന്നു രത്നമകുടം
പോലേ പ്രകാശിച്ചഹോ
നൃത്തംചെയ്തു മദിച്ചു തന്റെ പിടയോ-
ടൊത്തിക്കടമ്പിന്റെമേൽ
പൃത്ഥ്വീപുത്രി വളര്‍ത്തിയോരു മയിൽ കൂ-
കീടുന്നു മോദിച്ചിതാ.
സീത: (കൗതുകാസ്രങ്ങളോടുകൂടി) അതുതന്നെ ഇതു്, അതുതന്നെ ഇതു്
രാമൻ: സന്തോഷിച്ചാലും, വത്സ! സന്തോഷിച്ചാലും.
സീത: അങ്ങനെയാകട്ടെ.
രാമൻ:
വട്ടം ചുറ്റുമ്പൊളൊപ്പം പുടമതിനകമേ
വൃത്തമായ് ചുറ്റുമക്ഷി-
യൊട്ടൊട്ടാട്ടുന്ന ചില്ലീലതയുടെ കളിയാൽ
ഭംഗി മേന്മേൽ വളര്‍ത്തി
കൊട്ടും കൈത്താളമൊപ്പിച്ചവനിമകൾ കളി-
പ്പിക്കുമാ നിന്നെയിപ്പോ—
ളൊട്ടല്ലാതിഷ്ടമുള്ളെൻ മനമതിൽ മകനെ-
പ്പോലെ ഞാനോര്‍ത്തിടുന്നേൻ.
കഷ്ടം! തിര്യക്കുകൾകൂടി പരിചയത്തെ അനുസരിക്കുന്നുണ്ട്.
പുതിയ കുസുമമോരോന്നുള്ളതാമിക്കടമ്പെൻ-
മതിമുഖി ജലമേകിപ്പണ്ടു രക്ഷിച്ചതത്രേ;
സീത: (നോക്കീട്ടു കണ്ണീരോടുകൂടി) ആര്യപുത്രൻ ഇതിനെ നല്ലവണ്ണം അറിഞ്ഞു.
രാമൻ:
അതിനെ മയിലിതോര്‍ക്കുന്നുണ്ടു തൻബന്ധുവില്പോ-
ലിതിലതിപരിതോഷംപൂണ്ടിരിക്കുന്നുവല്ലോ.
വാസന്തി: എന്നാൽ, ദേവൻ ഇവിടെ കുറെ ഇരിക്കുകതന്നെ.
നന്ദിച്ചിക്കദളീവനത്തിനിടയിൽ
ഭൂപുത്രിയോടും ഭവാ-
നൊന്നിച്ചന്നു ശയിച്ചിരുന്ന ശിലയി-
ക്കാണുന്നതല്ലോ വിഭോ!
അന്നിക്കല്ലിലിരുന്നു ജാനകി മൃഗ-
ങ്ങൾക്കായനേകം ദിനം
നന്നായ് പുല്ലു കൊടുത്തതോര്‍ത്തവ വിടു-
ന്നില്ലിന്നുമിദ്ദിക്കിനെ.
രാമൻ: ഇതു കാണുന്നതിന്നു ഞാൻ ശക്തനല്ല. (എന്നു കരഞ്ഞുംകൊണ്ടു മറ്റൊരേടത്തിരിക്കുന്നു.)
സീത: സഖി വാസന്തി, നീയെന്താണീച്ചെയ്തതു്? ഇതിനെ ആര്യപുത്രനും എനിക്കും കാണിച്ചുതരികയോ? അയ്യോ കഷ്ടം! അയ്യോ കഷ്ടം! ആ ആര്യപുത്രൻ തന്നെ ഇദ്ദേഹം, ആ പഞ്ചവടീവനവും ഇതുതന്നെ, പ്രിയസഖിയായ ആ വാസന്തിയും ഇവൾ തന്നെ പല വിധത്തിലുള്ള ക്രീഡകളിൽ സാക്ഷികളായിരുന്ന ആ ഗോദാവരീവനപ്രദേശങ്ങളും ഇവതന്നെ, പുത്രതുല്യങ്ങളായ ആ മൃഗപക്ഷിവൃക്ഷങ്ങളും ഇവതന്നെ. അന്നുണ്ടായിരുന്നവൾതന്നെയാണു് ഈ ഞാനും. ഇതുകളെയെല്ലാം ഞാൻ കണ്ടുകൊണ്ടുതന്നെ ഇരിക്കുന്നുണ്ടെങ്കിലും, ഭാഗ്യഹീനയായ എനിക്കു് ഇതൊന്നും ഇല്ലാത്തതുപോലെത്തന്നെ! ഈവിധമാണല്ലോ ജീവലോകത്തിന്റ ദശാപരിണാമം!
മൂന്നാമങ്കം (81-85)
വാസന്തി: സഖി സീതേ, നീ കാണുന്നില്ലേ രാമന്റെ അവസ്ഥയെ?
സ്വൈരം കാണാം നിനക്കെങ്കിലുമെവനധികം
ഭംഗിചേര്‍ന്നുല്പലശ്രീ
ചേരുന്നംഗങ്ങളാൽ നിൻമിഴികളിൽ നവമാ-
യെന്നുമാനന്ദമേകി
ആ രാമൻ ശോകമൂലം വിളറി വിവശനായ്
ഹന്ത പാരം ചടച്ചാൻ
നേരേ സൂക്ഷിക്കിലാരെന്നൊരുവിധമറിയാ-
മെങ്കിലും ദൃൿപ്രിയൻ താൻ.
സീത: കാണുന്നുണ്ടു സഖീ, ഞാൻ കാണുന്നുണ്ടു്.
തമസ: പ്രിയനെ കണ്ടുകൊണ്ടുതന്നെ ഇരിക്കാറാകട്ടെ.
സീത: ഹാ ദൈവമേ! ഇദ്ദേഹം എന്നെപ്പിരിഞ്ഞും ഞാൻ ഇദ്ദേഹത്തിനെപ്പിരിഞ്ഞും ഇങ്ങിനെ ഇരിക്കുമെന്നു സ്വപ്നത്തിൽപ്പോലും ആരെങ്കിലും വിചാരിച്ചിരുന്നുവോ? അതിനാൽ വത്സലനായ ആര്യപുത്രനെ അന്യജന്മത്തിൽ കാണുന്നപോലെ ഒഴുകുന്ന കണ്ണുനീരുകളുടെ ഇടയിലായിട്ടു കുറച്ചുനേരമെങ്കിലും ഞാൻ കാണട്ടെ. (എന്നു തൃഷ്ണയോടുകൂടി നോക്കുന്നു.)
തമസ: (സ്നേഹാശ്രുക്കളോടുകൂടി ആലിംഗനം ചെയ്തിട്ട്)
ആനന്ദവ്യസനങ്ങൾമൂലമുളവാ-
മശ്രുക്കൾ വാര്‍ത്തും സദാ
തേനോലും മൊഴി തൃഷ്ണകൊണ്ടു വലുതായ്
നീണ്ടും വെളുത്തും സുതേ,
താനേ സ്നേഹരസം പൊഴിച്ചുമൊരു പാൽ-
ത്തോടെന്നു തോന്നുംവിധം
നൂനം സുന്ദരമായ നിൻ മിഴി നന—
ച്ചീടുന്നു നിൻ കാന്തനെ.
വാസന്തി:
ചിന്നും തേനുള്ള വൃക്ഷം ഫലമലർനിരകൊ-
ണ്ടർഘ്യമേകട്ടെ നന്നാ,-
യുന്നിദ്രാംഭോരുഹത്തിൻ മണമൊടു വനവാ-
യുക്കൾ വീശട്ടെ മന്ദം,
ഒന്നിച്ചിപ്പക്ഷിവൃന്ദം പ്രമദമൊടിഹ കൂ-
കട്ടെ കണ്ഠങ്ങൾ പൊക്കീ,-
ട്ടിന്നിശ്രീരാമദേവൻ പുനരപി വിപിനേ
വന്നിരിക്കുന്നു താനേ.
രാമൻ: വരു, സഖി വാസന്തീ! ഇവിടെ ഇരിക്കാമല്ലോ.
വാസന്തി: (ഇരുന്നിട്ടു കണ്ണീരോടുകൂടി) മഹാരാജാവേ! കുമാരലക്ഷ്മണന്നു കുശലമല്ലേ?
രാമൻ: (കേൾക്കാത്തവിധത്തിൽ)
മല്ലാക്ഷീമണിയേതു പക്ഷിമൃഗവൃ-
ക്ഷങ്ങൾക്കു നീവാരവും
പുല്ലും വെള്ളവുമന്നു തൻ മൃദുകരംകൊ-
ണ്ടേകി രക്ഷിച്ചുവോ,
വല്ലാത്തോരു വികാരമുള്ളിലവയെ-
ക്കാണുന്നനേരത്തിതാ
കല്ലുംകൂടിയുടഞ്ഞുപോംവിധമുദി-
ക്കുന്നു ദ്രവംപോലെ മേ.
വാസന്തി: മഹാരാജാവേ! ഞാൻ ചോദിക്കുന്നതു കേട്ടില്ലേ? കുമാരലക്ഷ്മണന്നു കുശലമല്ലേ?
രാമൻ: (ആത്മഗതം) അയേ, എന്നെ മഹാരാജാവേ എന്നു സ്നേഹശൂന്യമായി വിളിക്കുന്നു. ലക്ഷ്മണനെക്കുറിച്ചു മാത്രം ബാഷ്പങ്ങളാൽ തൊണ്ടയിടറിക്കൊണ്ടു കുശലം ചോദിക്കുന്നു. അതുകൊണ്ടു് ഇവൾ സീതാവൃത്താന്തത്തെ അറിഞ്ഞിട്ടുണ്ടെന്നു ഞാൻ വിചാരിക്കുന്നു. (പ്രകാശം ) അതേ, കുമാരന്നു കുശലംതന്നെ. (എന്നു കരയുന്നു.)
വാസന്തി: അയി ദേവ! എന്തുകൊണ്ടാണു ഭവാൻ ഇത്ര ദാരുണനായിട്ടു തീരുന്നതു് ?
സീത: സഖി വാസന്തി! നീയെന്താണിങ്ങിനെ പറയുന്നതു്? എല്ലാവക്കും, എന്റെ പ്രിയസഖിക്കു വിശേഷിച്ചും, ആര്യപുത്രനോടു പ്രിയമായി സംസാരിപ്പാനല്ലേ തോന്നൂ?
വാസന്തി:
"നിലാവെൻ കണ്ണിന്നു നീതാൻ മമ തനുവിനു നീ
നല്ല പീയൂഷമാമെൻ
ജീവൻ നീതാൻ ദ്വിതീയം മമ ഹൃദയമതാ-
കുന്നു നീ സുന്ദരാംഗി!”
ഏവം നീയിഷ്ടവാക്യം പലതുമനുസരി-
ച്ചോതിയൊന്നിച്ചുവാണാ-
പാവത്തെത്തന്നെ, കഷ്ടം ശിവശിവയിനി ഞാ-
നെന്തിനോതുന്നു ശേഷം?
(എന്നു മൂർച്ഛിക്കുന്നു.)
രാമൻ: വാക്യം നിറുത്തിയതും മോഹിച്ചതും വേണ്ടേടത്തുതന്നെയാണു്. സഖി! ആശ്വസിക്കു, ആശ്വസിക്കു.
വാസന്തി: ( ആശ്വസിച്ചിട്ടു്) ദേവ! അങ്ങെന്തുകൊണ്ടാണിങ്ങിനെ അന്യായമായി പ്രവത്തിച്ചതു്?
സീത: സഖി വാസന്തി, മതിയാക്കു മതിയാക്കു.
രാമൻ: ജനങ്ങൾ സമ്മതിക്കുന്നില്ല, അതുകൊണ്ടുതന്നെ.
വാസന്തി: അതിന്നു കാരണമെന്തു്?
രാമൻ: അതെന്തോ അവര്‍ക്കുതന്നെയേ അറിഞ്ഞുകൂടു.
തമസ: അവരെ ശകാരിച്ചതു് ഉചിതമായി.
വാസന്തി:
അതികഠിന! യശസ്സിന്നല്ലയോ മോഹമങ്ങെ-
ക്കിതിലുമധികമായിട്ടെന്തു ദുഷ്‌കീർത്തിയുള്ളു?
സ്ഥിതിയവളുടെയെന്തായ്ത്തീര്‍ന്നു ഹാഹന്ത! കാട്ടിൽ
ക്ഷിതിരമണ! ഭവാനെന്തോര്‍ത്തിടുന്നൂ കഥിക്ക.
സീത: സഖി വാസന്തി! നീതന്നെയാണു കഠിനയും ദാരുണയുമായിരിക്കുന്നതു്. ഇങ്ങിനെ ഓരോന്നൊക്കെ പറഞ്ഞുകൊണ്ടു് നീ ആര്യപുത്രനെ തപിപ്പിക്കുന്നുവല്ലോ.
മൂന്നാമങ്കം (86-90)
തമസഃ പ്രണയവും ദുഃഖവുമാണു് ഇങ്ങിനെ പറയിക്കുന്നതു്
രാമൻ; സഖി! ഇതിലെന്താണു വിചാരിപ്പാനുള്ളതു്?
പേടിച്ചുള്ളിളമാൻമിഴിക്കു സമമായ്
നേത്രങ്ങളേറ്റം ചലി-
ച്ചാടും ഗര്‍ഭഭരത്തിനാലൊരടിവെ-
പ്പാൻ കൂടി വയ്യാതെയായ്
ആടൽപ്പെട്ടൊരു കാന്തതന്നുടെ വിസം
പോലെത്തളര്‍ന്നേറ്റവും
വാടീടും മൃദുമേനിയെപ്പുലികുലം
ഭക്ഷിച്ചിരിക്കും ദൃഢം.
സീത: ആര്യപുത്ര! ഞാനിതാ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടു്.
രാമൻ: അയ്യോ പ്രിയേ ജാനകി! ഭവതി എവിടെയാണു്?
സീത: അയ്യോ! കഷ്ടം കഷ്ടം! ആര്യപുത്രൻകൂടി നിലവിളിച്ചു കരയുന്നുവല്ലോ.
തമസ: വത്സേ! ഇങ്ങിനെ ചെയ്യുന്നതിപ്പോൾ ആവശ്യം തന്നെ. ദുഃഖിച്ചിട്ടുള്ളവർ ആ ദുഃഖശമനത്തിന്നു വേണ്ടതു ചെയ്യേണമല്ലോ. എന്തെന്നാൽ,
കരകൾ കവിയുമാറായ് വെള്ളമേന്തും കുളത്തി-
ന്നൊരുവഴി പരിരക്ഷയ്ക്കാവു വെക്കുന്നതല്ലോ.
തെരുതെരെയഴൽ തിങ്ങും മാനസത്തിന്നുറക്കെ-
ക്കരയുകിലതുതന്നേ തെല്ലൊരാശ്വാസഹേതു.
വിശേഷിച്ചും, രാമഭദ്രന്നു സംസാരം പലവിധത്തിലുള്ള കഷ്ടങ്ങളോടുകൂടിയതായിരിക്കുന്നു.
നന്നായ് ശുഷ്ക്കാന്തിയോടും ക്ഷിതിതലമവനം
ചെയ്യണം, പത്നിമൂലം
വന്നിട്ടുള്ളല്ലലുൾപ്പൂവിനെ വെയിൽ കുസുമം
പോലെ വാട്ടുന്നു കഷ്ടം,
പിന്നെത്താനായ് ത്യജിച്ചിട്ടൊരു തരമതുമി-
ല്ലാശ്വസിപ്പാൻ കരഞ്ഞി,—
ട്ടിന്നെന്നാലും കരഞ്ഞീയഴലതു കുറയു-
ന്നാകിലോ ലാഭമത്രേ.
രാമൻ: അഹോ! കഷ്ടം കഷ്ടം!
മോഹിക്കുന്നൂ തളര്‍ന്നുള്ളടലുടനെ വിടു-
ന്നില്ല ചൈതന്യ,മന്തര്‍-
ദ്ദാഹത്താൽ വെന്തിടുന്നൂ തനു പുനരതു നീ-
റായിടുന്നില്ലതാനും,
ഹാ ഹാ പൊട്ടുന്നു! ചിത്തം വളരുമഴലിനാൽ
വേർപെടുന്നില്ല രണ്ടായ്,
ദേഹേ മര്‍മ്മം പിളക്കുന്നിതു വിധി,യിനിയും
വേർപെടുന്നില്ല ജീവൻ.
സീത: ഇതിങ്ങിനെതന്നെ.
രാമൻ: അല്ലയോ നഗരത്തിലും നാട്ടിലും വസിക്കുന്ന മാന്യജനങ്ങളേ!
ഇല്ലത്തിൽ പ്രിയ വാഴ്‌കയെന്നതു ഭവാ-
ന്മാര്‍ക്കിഷ്ടമല്ലായ്മയാൽ
പുല്ലായിട്ടു കളഞ്ഞു ശൂന്യവിപിനേ
പശ്ചാത്തപിച്ചില്ല ഞാൻ!
വല്ലാതുള്ളുരുകുന്നു മുൻപരിചയി-
ച്ചോരോന്നുമീക്ഷിക്കയാൽ
തെല്ലിപ്പോൾ കരയുന്നു ഞാനഗതിയാ-
യെങ്കൽ പ്രസാദിക്കുവിൻ.
തമസ: ശോകസമുദ്രത്തിന്റെ ആപൂരണം അതിഗംഭീരംതന്നെ.
വാസന്തി: ദേവി! കാര്യം കഴിഞ്ഞുപോയില്ലേ? ഇനി ധൈര്യത്തെ അവലംബിക്കുക.
രാമൻ: സഖി! എന്താണിത്ര പറവാനുള്ളതു ധൈര്യമെന്നു്?
പാരിങ്കൽനിന്നു മമ വല്ലഭ വേർപിരിഞ്ഞി-
ട്ടീരാറുവത്സരമിതാ തികയുന്നിതിപ്പോൾ;
പാരം നശിച്ചവിധമായ് പ്രിയതന്റെ പേരു,-
മീ രാമദേഹമതിലിപ്പൊഴുമില്ലെ ജീവൻ?
സീത: ആര്യപുത്രന്റെ ഈ വാക്കുകൾകൊണ്ടു ഞാൻ മോഹിച്ചുപോകുന്നു.
തമസ: വത്സേ! അതങ്ങിനെതന്നെ.
പ്രേമാർദ്രമായ് വ്യസനദാരുണമായുമുള്ള
രാമന്റെ വാക്കിതതിയായ് പ്രിയമല്ല വത്സേ!
തേനിൽ കലര്‍ന്ന വിഷധാരയതെന്നപോലെ
നൂനം തവ ശ്രുതിയിൽ വന്നതു വീണിടുന്നു.
രാമൻ: സഖി വാസന്തി!
ഉരഗവിഷമെന്നംഗേ കേറുംവിധത്തിലു,മുജ്ജ്വലി-
ച്ചൊരു കണ വിലങ്ങായെന്നുള്ളിൽത്തറച്ചവിധത്തിലും,
പെരുകിവരുമിദ്ദുഃഖം മര്‍മ്മം പിളക്കുകിലും ബലാൽ
പരമിതു സഹിച്ചില്ലേ ഞാനീക്ഷണംവരെ മാനസേ?
സീത: ഭാഗ്യഹീനയായ ഞാൻ പിന്നേയും ഇങ്ങിനെ ആര്യപുത്രനെ വ്യസനിപ്പിക്കുന്നവളായിട്ടു തീരുന്നുവല്ലോ.
രാമൻ: ഞാനിങ്ങിനെ ഇളക്കം വരാത്തവിധത്തിൽ മനസ്സിനെ ഉറപ്പായി സ്തംഭിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ടെങ്കിലും, പണ്ടു പരിചയിച്ചിട്ടുള്ള പലവിധങ്ങളായ പ്രിയവസ്തുക്കളെ ദർശിച്ചതുകൊണ്ടിപ്പോൾ എന്റെ ദുഃഖം ഇതാ വല്ലാതെ വർദ്ധിച്ചു പൊങ്ങിവരുന്നു. എങ്ങിനെയെന്നാൽ,
തള്ളിത്തിങ്ങിക്കലങ്ങിപ്പെരുകുമഴലിനെ-
ത്തെല്ലൊതുക്കുന്നതിന്നാ-
യുള്ളത്തിൽ തൽക്ഷണം ഞാൻ പലവിധമിഹ ചെ-
യ്യുന്ന യത്നത്തെയെല്ലാം
വെള്ളത്തിൻ വേഗമേറും ഗതി മണലണയെ-
ത്തട്ടിനീക്കുന്നപോലെ-
ത്തള്ളിത്തള്ളിപ്പരക്കുന്നിതു ബത വലുതാ-
യുള്ള ചേതോവികാരം.
സീത: തടുക്കുവാൻ പാടില്ലാത്തവിധത്തിൽ ദാരുണമായി ഇളകിമറിഞ്ഞുവരുന്ന ആയ്യപുത്രന്റെ ഈ ദുഃഖത്താൽ സ്വന്തദുഃഖം നിറഞ്ഞിരിക്കുന്ന എന്റെ ഹൃദയം വല്ലാതെ ഇളകിയിരിക്കുന്നു.
വാസന്തി: (ആത്മഗതം) കഷ്ടം! ഇദ്ദേഹം വലുതായ ആപത്തിലകപ്പെട്ടിരിക്കുന്നു. അതിനാലിപ്പോൾ ഇദ്ദേഹത്തിന്റെ മനസ്സിനെ മറ്റൊന്നിൽ പ്രവേശിപ്പിച്ചേക്കാം. (പ്രകാശം) ദേവ! പണ്ടു വളരെക്കാലം പരിചയിച്ചിട്ടുള്ള ഈ ജനസ്ഥാനപ്രദേശങ്ങളെ ദർശിച്ചു് ആത്മാവിനെ ആനന്ദിപ്പിച്ചാലും.
രാമൻ: അങ്ങിനെയാകട്ടെ. (എന്നു് എഴുന്നേററു ചുറ്റി നടക്കുന്നു.)
മൂന്നാമങ്കം (91-95)
സീത: വിനോദിപ്പിക്കുവാനുള്ള പ്രിയസഖിയുടെ ഉപായങ്ങൾ ദുഃഖത്തെ വർദ്ധിപ്പിക്കുന്നവയായിട്ടുതന്നെ തീരുമെന്നാണു് ഞാൻ വിചാരിക്കുന്നതു്.
വാസന്തി: ദേവ! ദേവ!
അന്നങ്ങിക്കുഞ്ജമദ്ധ്യേ പ്രിയയുടെ വരവും
നോക്കിവാണൂ, കളിയ്ക്കു-
ന്നന്നത്തെക്കണ്ടു ഗോദാവരിയിലവൾ വിളം-
ബിച്ചുപോയല്പനേരം,
പിന്നെപ്പോരുംവിധൗ തേ വിരസതയുളവാ—
യ് വന്നുവോയെന്നു ശങ്കി-
ച്ചൊന്നഞ്ചിപ്പത്മമൊട്ടിൻ വടിവിലവൾ കരം
കൂപ്പിനാൾ ഭംഗിയോടും.
സീത: സഖി വാസന്തി! നീ മഹാകഠിനതന്നെ. ഹൃദയമര്‍മ്മത്തിൽ തറച്ചിരിക്കുന്ന അസ്ത്രത്തെ നീയിങ്ങിനെ പിടിച്ചിളക്കീട്ടു്, ഭാഗ്യഹീനയായ എന്നേയും ആര്യപുത്രനേയും പിന്നേയും പിന്നേയും തപിപ്പിക്കുന്നുവല്ലൊ.
രാമൻ: കോപനേ! ജാനകീ! ഭവതിയെ അങ്ങുമിങ്ങുമെല്ലാം കാണുന്നുണ്ടെന്നു തോന്നുന്നു. ഭവതിക്കെന്റെമേൽ ദയ തോന്നുന്നില്ലല്ലോ.
അയ്യയ്യോ പിളരുന്നു ദേവി! ഹൃദയം,
കത്തുന്നു ചിത്തം സദാ,
മെയ്യിൽ സന്ധികൾ വേർപെടുന്നു, ഭുവനം
തോന്നുന്നു മേ ശൂന്യമായ്,
എന്നാത്മാവു മയങ്ങി മങ്ങിയിരുളിൽ
താഴുന്നു മേ മൂർച്ഛയാ—
ലിന്നെല്ലാം മറയുന്നു; ഭാഗ്യരഹിതൻ
ഞാനെന്തു ചെയ്യേണ്ടു ഹാ!
(മൂർച്ഛിക്കുന്നു.)
സീത: അയ്യോ! കഷ്ടം കഷ്ടം! പിന്നേയും മോഹിച്ചു, ആര്യപുത്രന്‍.
വാസന്തി: ദേവ! ആശ്വസിക്കു ആശ്വസിക്കു.
സീത: ഹാ! ആയ്യപുത്ര! സകല ജീവലോകമംഗളങ്ങൾക്കും ആധാരമായിരിക്കുന്ന അങ്ങയുടെ ജന്മലാഭത്തിന്നു് ഭാഗ്യഹീനയായ ഞാൻനിമിത്തമായിട്ടല്ലേ, കൂടെക്കൂടെ ജീവനുണ്ടോ ഇല്ലയോ എന്നു സംശയിക്കത്തക്കവണ്ണം ഭയങ്കരമായ ദശാപരിണാമം ഭവിക്കുന്നതു്? അതിനാൽ, അയ്യോ, ഞാൻ ഹതയായി! (മൂർച്ഛിക്കുന്നു.)
തമസ: വത്സേ, ആശ്വസിക്കു ആശ്വസിക്കു! ഇനിയും രാമഭദ്രനെ ജീവിപ്പിക്കുവാനുള്ള ഉപായം നിന്റെ കരസ്പർശംതന്നെയാണല്ലോ.
വാസന്തി: ഇദ്ദേഹം ഇപ്പോഴും ഉച്ഛ്വസിക്കുന്നില്ലല്ലോ. ഹാ പ്രിയസഖി സീതേ, നീയെവിടെയാണു്? നിന്റെ പ്രാണനാഥനെ ആശ്വസിപ്പിച്ചാലും.
(സീത ആശ്വസിച്ചിട്ട് സംഭ്രമത്തോടുകൂടി അടുത്തുചെന്നു രാമന്റെ ഹൃദയത്തിലും നെറ്റിയിലും സ്പർശിക്കുന്നു.)
വാസന്തി: ഭാഗ്യത്താൽ രാമഭദ്രൻ വീണ്ടും ചൈതന്യത്തെ പ്രാപിച്ചു.
രാമൻ:
പുറത്തുമുടനുള്ളിലും മമ ശരീരധാതുക്കളിൽ
പുരട്ടുമമൃതെന്നപോലഹഹ തോന്നുമിസ്പർശനം
വരുത്തി മമ ജീവനെസ്സപദി പിന്നെയും മൂർച്ഛയെ-
പ്പെരുത്തൊരു സുഖേന മറ്റൊവിധത്തിൽ നല്ലകുന്നു മേ.
(ആനന്ദത്താൽ കണ്ണടച്ചുകൊണ്ടു്) സഖി വാസന്തി, ഭവതി ഭാഗ്യവശാൻ വര്‍ദ്ധിക്കുന്നു.
വാസന്തി: ദേവ! അതെങ്ങിനെ?
രാമൻ: സഖി! മറ്റെന്താണു്, ജാനകി പിന്നേയും വന്നിരിക്കുന്നു.
വാസന്തി: അയി ദേവ! രാമഭദ്ര! അവളെവിടെ?
രാമൻ: (സ്പശസുഖത്തെ നടിച്ചു്) നോക്കു, ഇതാ മുമ്പിൽത്തന്നെ ഉണ്ടല്ലോ.
വാസന്തി: ദേവ! മര്‍മ്മങ്ങളെ ഛേദിക്കുന്നവയും ഭയങ്കരങ്ങളുമായ ഈ നിരര്‍ത്ഥകവാക്കുകൾകൊണ്ടു പ്രിയസഖി ദുഃഖത്താൽതന്നെ ദഹിച്ചിരിക്കുന്ന ഭാഗ്യഹീനയായ എന്നെ പിന്നേയും എന്തിനായിട്ടിങ്ങിനെ ദഹിപ്പിക്കുന്നു!
സീത: ഞാൻ അകന്നുപോയേക്കാമെന്നു വിചാരിക്കുന്നു. എന്നാൽ, എന്റെ കൈയ് ചിരപ്രണയത്താൽ സൗമ്യമായും ശീതളമായും ദീർഘകാലമായനുഭവിച്ചുവരുന്ന ദാരുണസന്താപത്തെക്കൂടി ക്ഷണത്തിൽ നശിപ്പിക്കുന്നതായുമിരിക്കുന്ന ഈ ആര്യപുത്രസ്പര്‍ശംകൊണ്ടു വജ്രലേപത്താൽ ഘടിപ്പിച്ചിട്ടുള്ളതെന്നപോലെ വിയര്‍ത്തും അവശമായും ഏറ്റവും ജഡമായും വിറയ്ക്കുന്നു.
രാമൻ: സഖി, എന്താണു് "നിരത്ഥകവാക്കുകൾ" എന്നു പറയുന്നതു്?
മുന്നം കാപ്പോടുകൂടിപ്പരിണയസമയ-
ത്തേതു കൈ ഞാൻ പിടിച്ചേ–
നന്നെല്ലാമേതുകൈകൊണ്ടമൃതശിശിരമാം
സ്പർശസൗഖ്യം ലഭിച്ചേൻ,
സീത: അങ്ങിപ്പോഴും ആ വിധത്തിൽത്തന്നെ ഇരിക്കുന്നു.
രാമൻ:
ഇന്നക്കൈതന്നെ നൂനം മൃദുതരലവലീ-
പല്ലവംപോലെ രമ്യം
നന്നായ് പ്രാലേയവര്‍ഷോപലശിശിരമിതാ
മൽകരേ ലബ്ധമായി.
(എന്നു പിടിക്കുന്നു.)
സീത: ഹാ! കഷ്ടം കഷ്ടം! ആര്യപുത്രസ്പര്‍ശത്താൽ മോഹിച്ചിരിക്കുന്ന എനിക്കു പ്രമാദം സംഭവിച്ചുവല്ലൊ.
രാമൻ: സഖി വാസന്തി! ആനന്ദംകൊണ്ടിന്ദ്രിയങ്ങൾ തളർന്നിട്ടുള്ള ഞാൻ സന്തോഷാതിശയത്താൽ പരവശനായിത്തീർന്നിരിക്കുന്നു. അതുകൊണ്ടു് ഭവതി ഇവളെ പിടിച്ചുകൊൾക.
വാസന്തി: കഷ്ടം! ചിത്തഭ്രമംതന്നെ.
(സീത സംഭ്രമത്തോടുകൂടി കൈവിടുവിച്ച് അകന്നു പോകുന്നു.)
രാമൻ: ഛേ കഷ്ടം! പ്രമാദം! ഛേ, കഷ്ടം പ്രമാദം!
ഇളകി വിയര്‍ത്തതിജഡമായ്
തളിരൊത്തൊരു ജാനകീകരം സഹസാ
ഇളകി വിയര്‍ത്തതിജഡമായ്
തളരുന്നെൻകൈയിൽനിന്നു പൊയ്പോയി.
സീത: അയ്യോ! കഷ്ടം കഷ്ടം! ഇദ്ദേഹത്തിന്റെ ദൃഷ്ടികൾ അസ്ഥിരങ്ങളായും നിഷ്പന്ദങ്ങളായും വിഷയഗ്രഹണശക്തിയില്ലാതെ പരിഭ്രമിക്കുന്നു. ഇപ്പോഴും ഇദ്ദേഹം ആത്മാവിനെ സ്വസ്ഥാനത്തിലാക്കി ഉറപ്പിക്കുന്നില്ലല്ലോ.
തമസ: (സ്നേഹമന്ദഹാസകൗതുകങ്ങളോടുകൂടി നോക്കീട്ട്)
മൂന്നാമങ്കം (96-100)
എൻപുത്രിയ്ക്കധുനാ പ്രിയന്റെ തനുവെ
സ്പർശിച്ച സൗഖ്യത്തിനാൽ
കമ്പിച്ചൊട്ടു വിയര്‍ത്ത മേനിയിലിതാ
രോമാഞ്ചവും ജാതമായ്;
മുമ്പിൽ പെയ്തൊരു വൃഷ്ടിയേറ്റു കലികാ-
സമ്പൂര്‍ണ്ണമായ് കാറ്റിനാൽ
കമ്പിക്കുന്ന കടമ്പുപോലിവൾ വിള-
ങ്ങീടുന്നുതേ സാമ്പ്രതം.
സീത: (ആത്മഗതം) അഹോ! അവശമായിരിക്കുന്ന എന്റെ ഈ ആത്മാവുനിമിത്തം ഭഗവതിയായ തമസ എന്നെ ലജ്ജിപ്പിക്കുന്നു. "നിന്നെ ഇങ്ങിനെ പരിത്യജിക്കുക, നീ ഇദ്ദേഹത്തിനെ കണ്ടിട്ടിങ്ങിനെ ആഹ്ലാദിക്കുക, രണ്ടും നല്ല ചേർച്ചയുണ്ടു്" എന്നു ഭഗവതി വിചാരിക്കയില്ലേ?
രാമൻ: (നാലുഭാഗത്തും നോക്കീട്ട്) ഒരേടത്തുമില്ലതന്നെ. വൈദേഹി! ഭവതി നിര്‍ദ്ദയയാണോ?
സീത: ഞാൻ സത്യമായിട്ടും നിര്‍ദ്ദയതന്നെ. അങ്ങയെ ഈ സ്ഥിതിയിലായിട്ടു കണ്ടുംകൊണ്ടു ഞാൻ പ്രാണനെ ധരിക്കുന്നുണ്ടല്ലോ.
രാമൻ: ദേവി! ഭവതി എവിടെയാണു്? പ്രസാദിക്കണേ! ഈ സ്ഥിതിയിലുള്ള എന്നെ പരിത്യജിക്കുന്നതു ഭവതിക്കുചിതമല്ല.
സീത: ആര്യപുത്ര! ഇതു വിപരീതംപോലെയാണല്ലോ എനിക്കു തോന്നുന്നതു്.
വാസന്തി: ദേവ! പ്രസാദിക്കണേ പ്രസാദിക്കണേ! സ്വാഭാവികമായുള്ള അസാധാരണധൈര്യംകൊണ്ടു്, അളവറ്റ വിരഹതാപത്താൽ തളര്‍ന്നിരിക്കുന്ന ആത്മാവിനെ ഉറപ്പിക്കുക. എന്റെ പ്രിയസഖിയായ സീത ഇവിടെ എവിടെ ഉണ്ടാകുന്നു?
രാമൻ: ഇല്ലെന്നു സ്പഷ്ടംതന്നെ. അല്ലെങ്കിൽ വാസന്തിയെങ്കിലും എങ്ങിനെ അവളെ കാണാതിരിക്കും? എന്നാലിതു സ്വപ്നമായിരിക്കുമോ? ഞാൻ ഉറങ്ങീട്ടുണ്ടായിരുന്നില്ലല്ലോ. അഥവാ രാമന്നുറക്കം എവിടെ? സര്‍വ്വഥാ പലപ്പോഴുമുള്ള സങ്കല്പത്താൽ നിര്‍മ്മിക്കപ്പെട്ട ആ ഭ്രമംതന്നെയാകുന്നു കൂടെക്കൂടെ എന്നെയിങ്ങിനെ വഞ്ചിക്കുന്നതു്.
സീത: ദാരുണയായ ഞാൻതന്നെയാണു് ആര്യപുത്രനെ വഞ്ചിച്ചതു്.
വാസന്തി: ദേവ! ഇതാ ഇവിടെ,
കാൺക ജടായുവുടച്ചൊരിരുമ്പുരഥത്തെയു-
മസ്ഥികൾ മാത്രമതായ്
പങ്‍ക്തിമുഖന്റെ പിശാചമുഖങ്ങളതായ
ഖരങ്ങൾ കിടപ്പവയും
പക്ഷമറുത്തരി വീഴ്ത്തി ജടായുവെ മിന്നൽ
വഹിച്ചൊരു കാർമുകിൽപോ-
ലക്ഷിതിനന്ദിനിതന്നെയെടുത്തിവിടന്നു
കുതിച്ചു നഭസ്സിലഹോ.
സീത: (ഭയപ്പെട്ടുകൊണ്ടു്) ഹാ ആര്യപുത്രാ! താതനെ കൊല്ലുന്നു, എന്നെയും അപഹരിക്കുന്നു, രക്ഷിക്കണേ രക്ഷിക്കണേ!
രാമൻ: (വേഗത്തിൽ എഴുനേററു്) എടാ പാപി! താത പ്രാണനേയും സീതയേയും അപഹരിക്കുന്ന ദുരാത്മാവേ, നീ എവിടെ പോകുന്നു?
വാസന്തി: രാക്ഷസവംശത്തെ നശിപ്പിച്ച ഹേ ദേവ! ഇപ്പോഴും രാക്ഷസൻ അങ്ങയുടെ കോപത്തിനു വിഷയമാണോ?
സീത: അഹോ കഷ്ടം! ഞാൻ ചിത്തഭ്രമമുള്ളവളായിട്ടു തീര്‍ന്നു.
രാമൻ: ഇപ്പോൾ ഞാനിങ്ങിനെ പറഞ്ഞതു കേവലം നിരത്ഥകവാക്യംതന്നെ.
വീരന്മാരൊത്തു പോർചെയ്തവിരതമധികം
വിസ്മയം നല്കിയും പ-
ണ്ടോരോ മാര്‍ഗ്ഗങ്ങളോത്തും രിപുവധമതിരാ-
യുള്ള സീതാവിയോഗം
നേരംപോക്കായ് സഹിച്ചേനൊരുവിധ,മതിരി-
ല്ലാത്തതാമീ വിയോഗം
ഘോരം മിണ്ടാതിരുന്നിട്ടിതുപൊഴുതു സഹി-
ക്കുന്നതിന്നെങ്ങിനേ ഞാൻ?
സീത: "അതിരില്ലാത്തതു്" എന്നുള്ളതുകൊണ്ടു ഭാഗ്യഹീനയായ ഞാൻ ഹതയായി. (എന്നു കരയുന്നു.)
രാമൻ: ഹാ കഷ്ടം!
ഇന്നസ്സുഗ്രീവസഖ്യം കപികളുടെ ബലം
ജാംബവദ്ബുദ്ധിയെന്നീ
മൂന്നും പറ്റില്ല, ചെല്ലുന്നതിനു ബത മരുൽ-
സൂനുവും ശക്തനല്ല,
നന്നായ് മാര്‍ഗ്ഗത്തെ നിര്‍മ്മിപ്പതിനു നളനുമാ-
ളല്ല, സൗമിത്രിബാണം
ചെന്നേല്ക്കി,ല്ലേവമുള്ളേതൊരു ദിശി മരുവീ-
ടുന്നു നീ പ്രാണനാഥേ!
സീത: ഈ വാക്കിനാൽ എനിക്കു് ആ പൂര്‍വ്വവിരഹത്തിൽ ബഹുമാനം തോന്നുന്നു.
രാമൻ: സഖി വാസന്തി! സുഹൃത്തുക്കൾക്കു് ഇപ്പോൾ രാമന്റെ ദര്‍ശനം കേവലം വ്യസനകരമായ് തന്നെയിരിക്കും. ഞാനെത്രനേരം ഭവതിയെ ഇങ്ങിനെ കരയിക്കാം? അതിനാൽ പോകുന്നതിനായി എനിക്കനുവാദം തരൂ.
സീത: (ഉദ്വേഗത്തോടുകൂടി തമസയെ ആലിംഗനം ചെയ്തിട്ട് ) ഭഗവതി തമസേ, ആര്യപുത്രൻ ഇപ്പോൾ പോകുമല്ലോ.
തമസ: വത്സേ, ആശ്വസിക്കു ആശ്വസിക്കു. ആയുഷ്മാന്മാരായ കുശലവന്മാരുടെ വര്‍ഷഗ്രന്ഥിമംഗളത്തിന്നായിട്ടു ഗംഗാദേവിയുടെ സമീപത്തിൽ നമുക്കും പോകേണ്ടതാണല്ലോ.
സീത: ഭഗവതി പ്രസാദിക്കണേ! ദുർല്ലഭദർശനനായിരിക്കുന്ന ആര്യപുത്രനെ ക്ഷണനേരംകൂടി ഞാൻ കണ്ടു കൊള്ളട്ടെ.
രാമൻ: ഞാനിപ്പോൾ അശ്വമേധത്തിന്നുവേണ്ടി ഒരു ധര്‍മ്മപത്നിയെ ഉണ്ടാക്കിയിട്ടുണ്ടു് —
സീത: (ഉദ്വേഗത്തോടുകൂടി) ആയ്യപുത്ര, അതാരാണു്?
രാമൻ: സ്വണ്ണംകൊണ്ടു സീതയുടെ ആകൃതിയിലായിട്ട്.
സീത: (ദീർഘശ്വാസത്തോടും കണ്ണീരോടുംകൂടി) ഇപ്പോൾ അങ്ങുതന്നെയാണു് ആര്യപുത്രൻ. അഹോ! പരിത്യജിച്ചതിനാലുള്ള ലജ്ജയേയും വ്യസനത്തേയും ആര്യപുത്രനിപ്പോൾ എന്റെ ഹൃദയത്തിൽനിന്നു എടുത്തുകളഞ്ഞു.
രാമൻ: അതിനെയെങ്കിലും കണ്ടുകൊണ്ടു ബാഷ്പധാരയാൽ നനഞ്ഞിട്ടുള്ള എന്റെ കണ്ണിനെ ആനന്ദിപ്പിക്കട്ടെ.
സീത: ആ പ്രതിമതന്നെ ധന്യ, അത് ആര്യപുത്രന്റെ ബഹുമാനത്തിന്നു പാത്രമായും, ആര്യപുത്രനെ വിനോദിപ്പിച്ചുകൊണ്ടു ജീവലോകത്തിന്റെ ആശാനിബന്ധനമായും തീർന്നുവല്ലോ.
മൂന്നാമങ്കം (101-102)
തമസ: (മന്ദഹാസസ്നേഹാശ്രുക്കളോടുകൂടി ആലിംഗനം ചെയ്തിട്ട്) അയി വത്സേ, ഇപ്രകാരം നിന്നെത്തന്നെയാണു നീ സ്തുതിക്കുന്നതു്.
സീത: (ലജ്ജയോടുകൂടി മുഖം താഴ്ത്തീട്ട്, ആത്മഗതം) ഭഗവതിയുടെ പരിഹാസത്തിന്നു പാത്രമായി ഞാൻ.
വാസന്തി: ഇങ്ങിനെ നമുക്കു തമ്മിൽ കാണ്മാൻ സംഗതി വന്നതു് വലുതായ അനുഗ്രഹം തന്നെ. എന്നാൽ പോകുന്നതിനെക്കുറിച്ചു കാഴ്ചഹാനി വരാത്തവിധത്തിൽ പ്രവത്തിച്ചാലും.
സീത: ഇപ്പോൾ വാസന്തി എനിക്കു പ്രതികൂലമായിത്തീര്‍ന്നു.
തമസ: വരു വത്സേ, നമുക്കും പോവുക.
സീത: (കഷ്ടത്തോടുകൂടി) അങ്ങിനെത്തന്നെ, വരാം.
തമസ: നീയെങ്ങിനെയാണു വരുന്നതു്? എന്തെന്നാൽ,
കാണാനുള്ളതിവാഞ്ഛകൊണ്ടു വലുതായ്
ദീർഘിച്ചുതൻ കാന്തനിൽ
കോണം ചെന്നു തറച്ചവണ്ണമധുനാ
തോന്നുന്ന നിൻ കണ്ണിനെ
പ്രാണങ്കൽ കൊതിവിട്ടു മര്‍മ്മമുടയും—
വണ്ണം പണിപ്പെട്ടു നീ
ക്ഷോണീപുത്രി, വലിച്ചെടുപ്പതവസാ-
നിക്കുന്നതില്ലേതുമേ.
സീത: ഉൽകൃഷ്ടപുണ്യത്താൽ ദര്‍ശിപ്പാൻ സംഗതി വന്ന ആര്യപുത്രന്റെ പാദാംബുജങ്ങൾക്കു നമസ്ക്കാരം, നമസ്ക്കാരം! (എന്നു മൂർച്ഛിക്കുന്നു.)
തമസ: വത്സേ, ആശ്വസിക്കു ആശ്വസിക്കു.
സീത: (ആശ്വസിച്ച്) മേഘത്തിന്റെ ഇടയിൽക്കൂടി പൂര്‍ണ്ണചന്ദ്രനെ എത്രനേരം കാണ്മാൻ സാധിക്കും?
തമസ: കാര്യകാരണഭാവവൈചിത്ര്യം ആശ്ചര്യംതന്നെ!
കരുണമൊരുരസംതാൻ ഹേതുഭേദേന നാനാ-
പരിണതിയെ വഹിച്ചീടുന്നുതേ മാറിമാറി;
തിര നുര ചുഴിയെന്നീ രൂപഭേദങ്ങൾ കാണായ്–
വരികിലുമവയെല്ലാം വെള്ളമത്രേ നിനച്ചാൽ.
രാമൻ: വിമാനരാജാവേ, ഇവിടെ ഇവിടെ.
(എല്ലാവരും എഴുനേല്ക്കുന്നു.)
(തമസ സീതയോടും വാസന്തി രാമനോടുമായിട്ടു്)
എന്നെപ്പോലെ വസിച്ചിടുന്നവരുമാ-
യൊന്നിച്ചു ഭൂദേവിയും
പിന്നെഗ്ഗംഗയുമാദ്യനായകവിയായ്–
ത്തീര്‍ന്നോരു വാല്മീകിയും
എന്നല്ലെന്നുമരുന്ധതീസഹിതനാം
ധന്യൻ വസിഷ്ഠര്‍ഷിയും
തന്നീടട്ടെയനുഗ്രഹം തവ സദാ
വന്നീടുവാൻ മംഗളം.
(എല്ലാവരും പോയി.)
'ഛായ' എന്ന മൂന്നാമങ്കം കഴിഞ്ഞു
നാലാമങ്കം (103-105)
നാലാമങ്കം
[അനന്തരം രണ്ടു താപസകുമാരന്മാർ പ്രവേശിക്കുന്നു.]
ഒരുത്തൻ: സൗധാതകേ! ഇന്നു വളരെ അതിഥിജനങ്ങൾ വന്നിട്ടുള്ളതിനാൽ വിശേഷമായ വട്ടംകൂട്ടുന്നതുകൊണ്ടു ഭഗവാൻ വാല്മീകിമഹര്‍ഷിയുടെ ആശ്രമപദത്തിന്നുള്ള രമണീയത നോക്കു! എന്തെന്നാൽ,
ചെറ്റുഷ്ണമായ്മധുരമായുള്ള വാര്‍ത്ത വരിനെൽ -
ക്കഞ്ഞി തൃപ്തിയൊടുടൻ
പെറ്റുള്ള തൻപ്രിയ കുടിച്ചിട്ടു പിമ്പിഹ കുടി-
ക്കുന്നിതാശ്രമമൃഗം
ചോറ്റിൽക്കലര്‍ന്ന നറുനെയ്യിൻമണത്തൊടു പര-
ക്കുന്നിതെങ്ങുമധുനാ
തെറ്റെന്നു ചീരബദരിക്കായ്കൾചേര്‍ത്തിഹ പചി-
ക്കുന്ന ഗന്ധവുമഹോ!
സൗധാതകി: അനദ്ധ്യായത്തിന്നു കാരണഭൂതന്മാരായ്തീര്‍ന്നിരിക്കുന്ന ആ വെള്ളത്താടിക്കാര്‍ക്കു് സ്വാഗതം ഭവിക്കട്ടെ.
ഒന്നാമത്തവൻ: (ചിരിച്ചു്) എടോ, സൗധാതകേ! തനിക്കു ഗുരുക്കളിൽ ബഹുമാനത്തിനുള്ള കാരണം വളരെ വിശേഷമായിരിക്കുന്നു.
സൗധാതകി: എടോ ദാണ്ഡായന! വലുതായ വൃദ്ധസമൂഹത്തിന്റെ നാഥനായിട്ടിന്നു വന്ന ആ അതിഥിയുടെ പേരെന്താണ്?
ദാണ്ഡായനൻ: ഛീ എന്തു്, പരിഹസിക്കുന്നു! അരുന്ധതിയുടെകൂടെ ദശരഥമഹാരാജാവിന്റെ ധമ്മപത്നികളേയും കൂട്ടിക്കൊണ്ടു് ഋശ്യശൃംഗാശ്രമത്തിൽനിന്നു വന്നിരിക്കുന്ന ഭഗവാൻ വസിഷ്ഠനല്ലേ അദ്ദേഹം? താനെന്താണിങ്ങിനെ തുമ്പില്ലാതെ പറയുന്നതു്?
സൗധാതകി: ഏ, വസിഷ്ഠനോ?
ദാണ്ഡായനൻ: അതേ.
സൗധാതകി: എന്നാൽ ഞാൻ വിചാരിച്ചിരുന്നതു് ഇതൊരു വ്യാഘ്രമോ വൃകമോ എന്നായിരുന്നു.
ദാണ്ഡായനൻ: ഛീ, എന്താണു പറഞ്ഞതു്?
സൗധാതകി: അദ്ദേഹം വന്ന ഉടനെത്തന്നെ പാവപ്പെട്ട ആ പശുക്കിടാവു ഹിംസിക്കപ്പെട്ടു.
ദാണ്ഡായനൻ: മാംസത്തോടുകൂടി വേണം മധുപര്‍ക്കമെന്നുള്ള ആമ്നയവാക്യത്തെ ബഹുമാനിക്കുന്ന ഗൃഹസ്ഥന്മാർ ശ്രോത്രിയനായ് വരുന്ന അതിഥിക്കുവേണ്ടി ഒരു പശുക്കിടാവിനേയോ, ഒരു കാളയേയോ, ഒരു വലിയ അജത്തിനേയോ ഹിംസിക്കുന്നു. ധമ്മശാസ്ത്രജ്ഞന്മാർ വിധിച്ചിട്ടുള്ളതും ഇപ്രകാരമാണല്ലോ.
സൗധാതകി: എടോ! താൻ തോറ്റുപോയി.
ദാണ്ഡായനൻ: അതെങ്ങിനെ?
സൗധാതകി: മഹാമാന്യനായ വസിഷ്ഠമഹഷി എഴുന്നള്ളിയപ്പോൾ പശുക്കിടാവിനെ കൊന്നു. എന്നാൽ ഇന്നുതന്നെ വന്നിരുന്ന രാജർഷിയായ ജനകന്നു ഭഗവാൻ വാല്മീകിമഹഷി തൈരും തേനുംകൊണ്ടു മാത്രമാണല്ലൊ മധുപവക്കം നല്ലിയതു്. പശുക്കിടാവിനെ പിന്നെ കൊല്ലാതെ വിട്ടുകളകയും ചെയ്തു.
ദാണ്ഡായനൻ: മാംസം ഉപേക്ഷിക്കാത്തവര്‍ക്കാകുന്നു ഇങ്ങിനെ മഹർഷികൾ വിധിച്ചിട്ടുള്ളതു്. എന്നാൽ തത്ര ഭവാൻ ജനകൻ മാംസം ഉപേക്ഷിച്ച ആളാണു്.
സൗധാതകി: അതിന്നു കാരണമെന്തു്?
ദാണ്ഡായനൻ: അദ്ദേഹം സീതാദേവിക്കാവിധം സംഭവിച്ച ദൈവദുര്‍വ്വിപാകത്തെ കേട്ടിട്ട് അന്നുതന്നെ വൈഖാനസനായിത്തീർന്നു, ആ സ്ഥിതിയിൽത്തന്നെ ചന്ദ്രദ്വീപതപോവനത്തിൽ വളരെക്കാലമായി തപസ്സുചെയ്തുകൊണ്ടുവരുന്നു.
സൗധാതകി: എന്നാലെന്തിനായിവിടെ വന്നിരിക്കുന്നു?
ദാണ്ഡായനൻ: പണ്ടതന്നെ പ്രിയസുഹൃത്തായിട്ടുള്ള വാല്മീകിമഹർഷിയെ ദർശിക്കുവാനായിട്ടാണു്.
നാലാമങ്കം (106-110)
സൗധാതകി: ഇദ്ദേഹത്തിന്റെ സംബന്ധിനികളും ഇദ്ദേഹവുമായിട്ടു തമ്മിൽ കാണുകയുണ്ടായോ?
ദാണ്ഡായനൻ: കൗസല്യാദേവി താന്തന്നെ ചെന്നു വിദേഹാധിപനെ കാണേണ്ടതാണു് എന്നുവെച്ചു ഭഗവാൻ വസിഷ്ഠൻ ഇപ്പോൾതന്നെയാണു് ഭഗവതിയ യ അരുന്ധതിയെ കൗസല്യാദേവിയുടെ സമീപത്തിൽ അയച്ചതു്.
സൗധാതകി: വൃദ്ധന്മാരായ ഇവരെല്ലാം ഒന്നിച്ചുകൂടുന്നതു പോലെ നമ്മളും മറ്റുള്ള കുട്ടികളോടുചേര്‍ന്നു കളിച്ചും കൊണ്ടു് ഈ അനദ്ധ്യായമഹോത്സവത്തെ കൊണ്ടാടുക.
(രണ്ടാളും ചുറ്റിനടക്കുന്നു.)
ദാണ്ഡായനൻ: ബ്രഹ്മജ്ഞനായി പുരാതന രാജർഷിയായ ആ ജനകൻ ഭഗവാന്മാരായ വാല്മീകിവസിഷ്ഠന്മാരെ ചെന്നു വന്ദിച്ചിട്ട് ഇപ്പോഴിതാ ആശ്രമത്തിന്നു പുറത്തുള്ള ഒരു വൃക്ഷമൂലത്തിലിരിക്കുന്നു.
നിത്യം സ്വപുത്രിയെ നിനച്ചുളവായ ശോക-
മത്യന്തതാപമകതാരിൽ വളര്‍ക്കയാലേ
പൃത്ഥ്വീശനിജ്ജനകനഗ്നിയകത്തെരിഞ്ഞു
കത്തും ശമീതരുവിനോടെതിരായിടുന്നു.
(രണ്ടാളും പോയി.)
വിഷ്ഠംഭം കഴിഞ്ഞു.
(അനന്തരം ജനകൻ പ്രവേശിക്കുന്നു.)
ജനകൻ:
എൻപുത്രിക്കാവിധം വന്നൊരു ദുരിതമഹോ!
ദുസ്സഹംതന്നെ, ചിത്തം
വൻപുണ്ണാക്കിത്തപിപ്പിച്ചിടുമതിനെ നിന-
ച്ചുത്ഭവിച്ചുള്ള ശോകം
പണ്ടുണ്ടായുള്ളതെന്നാകിലുമതു പുതുതായ്
മൂർച്ചയുള്ളീർച്ചവാളാൽ
രണ്ടായ് മര്‍മ്മം പിളര്‍ക്കുന്നതിനു സദൃശമാ-
യിന്നുമേകുന്നു താപം.
കഷ്ടം! കഷ്ടം! ഈവിധം ദുസ്സഹമായ വ്യസനംകൊണ്ടും വാർദ്ധക്യംകൊണ്ടും പരാകസാന്തപനാദികളായ തപസ്സുകൾകൊണ്ടും രക്തമാംസാദികളെല്ലാം ഉണങ്ങി ഒന്നിന്നും ഉപയോഗമില്ലാതിരിക്കുന്ന എന്റെ ഈ കെട്ട ശരീരം ഇപ്പോഴും വീണുപോകുന്നില്ലല്ലൊ. ആത്മഹത്യചെയ്യുന്നവർ സൂര്യപ്രകാശമില്ലാത്ത അന്ധതാമിസ്രമെന്ന ആ ഘോരനരകം അനുഭവിക്കേണ്ടി വരുമെന്നാണല്ലൊ ഋഷികളും പറയുന്നതു്. എല്ലാ സമയത്തിലും വിചാരിച്ചു വിചാരിച്ചു മനസ്സിൽനിന്നു വേർപെടാതെ പുതിയതെന്നപോലെ ദാരുണമായിത്തീർന്നിരിക്കുന്ന എന്റെ ഈ ദുഃഖാവേഗം ഇപ്പോഴും ശിമിക്കുന്നില്ലല്ലോ. അയി, ദേവയജനസംഭവേ, ദേവി സീതേ, കഷ്ടം! ലജ്ജയാൽ സ്വച്ഛന്ദമായ് വിലപിക്കുവാൻകൂടി പാടില്ലാത്തവിധത്തിലിങ്ങിനെ ഒരു ദശാപരിണാമം നിനക്കു ഭവിച്ചുവല്ലൊ. ഹാ ഹാ! പുത്രി,
ചിരിക്കും മദ്ധ്യത്തിൽ കരയുമതിനേതും നിയമമി-
ല്ലുരയ്ക്കും തെറ്റിക്കൊണ്ടമൃതസമമസ്പഷ്ടമൊഴിയെ
സ്ഫുരിച്ചല്പം കാണാം ചില ചെറിയ പല്ലിങ്ങിനെ ലസി-
ച്ചിരിക്കും ബാലേനിൻമുഖകമലമോര്‍ക്കുന്നിതതു ഞാൻ.
ഭഗവതി ഭൂമിദേവി, സത്യമായിട്ടും ഭവതി മഹാ കഠിനതന്നെ.
എന്നും ഗംഗ വസിഷ്ഠപത്നി മുനിമാ-
രെന്നല്ല നീയഗ്നിയും
നന്നായ് വത്സ വിശുദ്ധയെന്നറിയുമാ
വംശാദ്യനാം സൂര്യനും;
മുന്നം വിദ്യയെ വാക്കുപോലവളെ നീ
പെറ്റിട്ടവൾക്കാവിധം
വന്നിട്ടുള്ളതിദുഃഖമെങ്ങിനെ മഹാ-
ക്രൂരേ! സഹിക്കുന്നു നീ?
(അണിയറയിൽ )
ഭഗവതിയും മഹാരാജ്ഞിയും ഇതിലേ എഴുന്നെള്ളാം.
ജനകൻ: (നോക്കീട്ട് ) അയേ! ഗൃഷ്ടി കാണിക്കുന്ന വഴിയിൽക്കൂടി ഇതാ ഭഗവതിയായ അരുന്ധതി വരുന്നു. (എഴുന്നേറ്റു്) ആരേയാണു് പിന്നെ മഹാരാജ്ഞിയെന്നു പറഞ്ഞതു്. (നോക്കീട്ട് ) ഹാ! ദശരഥമഹാരാജാവിന്റെ പത്നിയും എന്റെ പ്രിയസഖിയുമായുള്ള കൗസല്യയോ? കഷ്ടം! ആ കൗസല്യതന്നെയാണിവൾ എന്നു ആരു വിശ്വസിക്കും?
പ്രേയാൻ പംക്തിരഥന്റെ മന്ദിരമതിൽ
ശ്രീപോലെ വാണാളിവൾ;
ശ്രീയായ് ത്തന്നെ വിളങ്ങി,യെന്തിനുപമാ-
വാക്കൊന്നു ചേര്‍ക്കുന്നു ഞാൻ?
ആയിത്തന്വി ഭവിച്ചു ദുര്‍വ്വിധിവശാൽ
ദുഃഖേന വേറേവിധം
കായം തീര്‍ത്തൊരു ജന്തുപോ,ലഹഹ! വ-
ല്ലാതുള്ള കാലസ്ഥിതി.
കഷ്ടമായ ഈ കാലവിപര്യയം ഒന്നു വേറെതന്നെ.
പാരം പ്രമോദമുടൽപൂണ്ട മഹോത്സവംപോ-
ലാരന്നു നല്കി മമ, സാമ്പ്രതമജ്ജനംതാൻ
നേരേ വരുന്നതതിദുസ്സഹമായ് ഭവിച്ചു,
ക്ഷാരത്തിനെപ്പുതിയ പുണ്ണതിൽ വെച്ചപോലെ.
(അനന്തരം അരുന്ധതിയും കൗസല്യയും കഞ്ചുകിയും പ്രവേശിക്കുന്നു.)
അരുന്ധതി: ഭവതി താന്തന്നെ ചെന്നു വിദേഹാധിപനെ കാണേണ്ടതാണെന്നു ഞാൻ പറഞ്ഞില്ലേ? അതു നിങ്ങളുടെ കുലഗുരുവിന്റെ കല്പനയാണു്. അതുകൊണ്ടുതന്നെയാണു് എന്നെ അയച്ചിട്ടുള്ളതും. പിന്നെന്താണു് കൂടെക്കൂടെ ഇത്രവളരെ മടിക്കുന്നതു്?
കഞ്ചുകി: ദേവി, ധൈര്യത്താൽ ആത്മാവിനെ ഉറപ്പിച്ചാലും. ഭഗവാനായ വസിഷ്ഠന്റെ കല്പന അനുഷ്ഠിക്കേണ്ടതാണെന്നു ഞാൻ അറിയിച്ചുകൊള്ളുന്നു.
കൗസല്യ: ഇങ്ങിനെയുള്ള കാലത്തിൽ മിഥിലാധിപനെക്കാണേണ്ടിവന്നുവല്ലോ. ഇതു വിചാരിക്കുമ്പോൾ എല്ലാ ദുഃഖങ്ങളും ഒന്നിച്ചുതന്നെ പൊങ്ങിവരുന്നു. മൂലബന്ധനം വേർപെട്ടിരിക്കുന്ന ഹൃദയത്തെ യഥാ സ്ഥിതിയിലാക്കുന്നതിനു് എനിക്കു ശക്തിയും ഉണ്ടാകുന്നില്ല.
അരുന്ധതി: അതങ്ങിനെതന്നെ,
സൽബന്ധുവെപ്പിരിയുകിൽ പരമാര്‍ക്കുമല്ല-
ലുല്പന്നമായിടവിടാതൊഴുകീടുമുള്ളിൽ;
ഉൾപ്രേമമുള്ളവരടുക്കുകിലാശു വർദ്ധി-
ച്ചപ്പോഴഹോ പല വഴിക്കതൊലിച്ചു ചാടും.
കൗസല്യ: വത്സയായ വധുവിന്റെ സ്ഥിതി ഇങ്ങിനെയായിരിക്കുമ്പോൾ ഞാനെങ്ങിനെയാണു് ആ രാജര്‍ഷിയുടെ മുഖം നോക്കുന്നതു്?
നാലാമങ്കം (111-115)
അരുന്ധതി:
മതിമാൻ നിങ്ങൾക്കുള്ളൊരു
മാന്യപ്രിയബന്ധുവായ ജനകനിതാ
ആ യാജ്ഞവല്ക്ക്യമുനിയോ-
ടാമ്നായാര്‍ത്ഥങ്ങളെ ഗ്രഹിച്ച മഹാൻ.
കൗസല്യ: ഇദ്ദേഹം മഹാരാജാവിന്റെ ഹൃദയാനന്ദനനും വത്സയായ വധുവിന്റെ പിതാവും ആയ ആ രാജര്‍ഷി തന്നെ. ഹാ! കഷ്ടം കഷ്ടം! സന്തോഷകരങ്ങളായ വസ്തുക്കളൊന്നുമില്ലാത്ത ഇപ്പോഴാണല്ലൊ ഇദ്ദേഹത്തിന്റെ ദർശനം സംഭവിച്ചതു്. ഹാ ദൈവമേ! അതൊന്നും എനിക്കിപ്പോഴില്ലാതെയായല്ലൊ.
ജനകൻ: (അടുത്തുചെന്നു് ) ഭഗവതി അരുന്ധതി, വിദേഹകുലത്തിൽ ജനിച്ച സീരദ്ധ്വജനായ ഞാൻ അഭിവാദ്യംചെയ്യുന്നു.
ധന്യൻ പൂജ്യരിൽവെച്ചു പൂജ്യനമലാ-
ത്മാവെങ്കിലും നിൻപ്രിയൻ
നിന്നാൽത്തന്നെ വിശുദ്ധനെന്നു കരുതി-
ക്കൊള്ളുന്നിതാത്മാവിനെ;
എന്നും ലോകശുഭപ്രദേ! നിഖിലരും
വന്ദിക്കുമീ നിൻപദം
വന്ദിക്കുന്നു ശിരസ്സിനാലുടനുഷഃ-
കാലത്തിനെപ്പോലെ ഞാൻ.
അരുന്ധതി: പരബ്രഹ്മതേജസ്സ് അങ്ങയ്ക്കു പ്രകാശിക്കട്ടെ; രജോഗുണത്തിങ്കൽനിന്നു വേർപെട്ടു പ്രകാശിക്കുന്ന ആ ദേവൻ അങ്ങെ രക്ഷിക്കുകയും ചെയ്യട്ടെ.
ജനകൻ: ആര്യേ ഗൃഷ്ടേ, ഈ പ്രജാപാലന്റെ മാതാവിന്നു കുശലമല്ലേ?
കഞ്ചുകി: (ആത്മഗതം) ഞങ്ങളെയെല്ലാം അതികഠിനമായി ശകാരിച്ചു. (പ്രകാശം) രാജര്‍ഷേ! ഈ വ്യസനം കൊണ്ടുതന്നെ വളരെക്കാലമായിട്ടു രാമഭദ്രന്റെ മുഖചന്ദ്രദർശനംകൂടി ഉപേക്ഷിച്ചും അതിദുഃഖിതയായുമിരിക്കുന്ന ദേവിയെ അങ്ങുന്നു് ഇനിയും ഇങ്ങിനെ ദുഃഖിപ്പിക്കുന്നത് ഉചിതമാണോ? രാമഭദ്രന്റെ എന്തോ ഒരു മഹത്തായ കഷ്ടകാലംകൊണ്ടു് അല്പബുദ്ധികളായ ജനങ്ങൾ കുത്സിതമായ കിംവദന്തിയെ എല്ലായിടത്തും പരത്തി. അഗ്നിപരിശുദ്ധിയെ വിശ്വസിക്കുന്നതുമില്ല. അതിനാൽ ഈ കഠിനകൃത്യം ചെയ്തുപോയതാണു്.
ജനകൻ: ആ നമ്മുടെ പുത്രിയെ ശുദ്ധീകരിപ്പാൻ ഈ അഗ്നിയെന്നു പറയുന്നവനാരു്? കഷ്ടം! ജനങ്ങളിങ്ങിനെ പറയുന്നതു രാമനാൽ അവമാനിക്കപ്പെട്ട നമ്മെ പിന്നെയും അവമാനിക്കുകയാണു്.
അരുന്ധതി: (ദീർഘശ്വാസം വിട്ട്) അതങ്ങിനെതന്നെയാണു്- വത്സയെക്കുറിച്ചു പറയുമ്പോൾ അഗ്നി, അഗ്നി എന്നുള്ളക്ഷരങ്ങൾ വളരെ നിസ്സാരങ്ങൾതന്നെ. 'സീത' എന്നുമാത്രം പറഞ്ഞാൽ മതിയാകുന്നതാണു്. ഹാ വത്സേ!
ബാലാ നീ മമ ശിഷ്യയെന്നിവയിരി-
ക്കട്ടേ, മനശ്ശുദ്ധികൊ-
ണ്ടാലോചിക്കിലെനിക്കു ഭക്തി വളരെ-
ത്തോന്നുന്നു നിങ്കൽ സ്വയം;
ബാലാ നീയൊരു നാരിയെങ്കിലുമഹോ
ലോകൈകവന്ദ്യാ; ഗുണം
മൂലംതാൻ ഗുണികൾക്കു പൂജ്യത വയോ-
ലിംഗങ്ങൾകൊണ്ടല്ലെടോ.
കൗസല്യ: അയ്യോ! വേദനകൾ വല്ലാതെ പൊങ്ങി വരുന്നു. (മൂർച്ഛിക്കുന്നു.)
ജനകൻ: ഹാ കഷ്ടം! ഇതെന്താണ്?
അരുന്ധതി: രാജര്‍ഷേ! വേറെയെന്താണ്?
അന്നത്തെസ്സുഖമശ്ശിശുക്കളതുമ-
ല്ലക്കാലമാ ഭൂപനും
വന്നുൾക്കാമ്പിലുദിച്ചു ബന്ധുവരനാ-
യുള്ളങ്ങയെക്കാൺകയാൽ
ഇന്നീ ഘോരവിപത്തിൽ നിൻസഖിയഹോ!
മോഹിച്ചു വീണീടിനാൾ
നന്നെക്കോമളമല്ലയോ പുതിയ പൂ
പോലെസ്സതീമാനസം?
ജനകൻ: കഷ്ടം! സര്‍വ്വവിധത്തിലും ഞാൻ മഹാക്രൂരനായിട്ടു തീർന്നിരിക്കുന്നു. പ്രിയസുഹൃത്തിന്റെ പ്രിയപത്നിയെ വളരെക്കാലം കഴിഞ്ഞിട്ടിങ്ങിനെ കാണ്മാൻ സംഗതി വന്നപ്പോൾക്കൂടിയും സ്നേഹത്തോടുകൂടിയല്ലല്ലോ ഞാൻ കാണുന്നതു്.
നന്നായുള്ളൊരു ബന്ധു മൽപ്രിയസുഹൃ—
ത്തെൻ മാനസം രൂപിയാ-
മെന്നാനന്ദമശേഷജീവിതഫലം
മദ്ദേഹവും ജീവനും
എന്നല്ലായതിലും തുലോം പ്രിയനുമായ്
തീര്‍ന്നില്ലയോ മാന്യനാം
മന്നൻ പംക്തിരഥൻ നിനയ്ക്കുകിലെനി-
ക്കെന്തായ് ഭവിച്ചില്ലഹോ!
കഷ്ടം! ഇവൾതന്നെയല്ലേ ആ കൗസല്യ?
അന്നിത്തന്വംഗിയാൾക്കും രഹസി കണവനും
ശണ്ഠയുണ്ടാം ചിലപ്പോ—
ഴെന്നാൽ പ്രത്യേകമായിട്ടിരുവരുടെ ശകാ-
രത്തിനും പാത്രമാം ഞാൻ;
പിന്നെക്കോപപ്രസാദാദികളുടെ നില ഞാൻ
നിശ്ചയിക്കുന്നപോലെ-
ത്തന്നേ, ചിന്തിപ്പതെന്തിന്നവ മമ ഹൃദയം
ഹന്ത! വേവിച്ചിടുന്നു.
അരുന്ധതി: ഹാ കഷ്ടം! ഇവളുടെ ഹൃദയം വളരെനേരമായിട്ടു ശ്വാസം വിടാതെ നിശ്ചലമായിരിക്കുന്നുവല്ലോ.
ജനകൻ: ഹാ പ്രിയസഖീ!
(കമണ്ഡലുവിൽനിന്നു വെള്ളമെടുത്തു തളിക്കുന്നു.)
കഞ്ചുകി:
മുമ്പിൽ തൻപ്രിയബന്ധുപോലെ വളരെ-
സ്സൗഖ്യങ്ങളൊന്നിച്ചു ത-
ന്നമ്പേറുന്നനുകൂലഭാവമധികം
കാണിച്ചു ധാതാവുതാൻ!
പിമ്പെല്ലാമൊരു ഹേതുവെന്നിയെ മഹാ-
ക്രൗര്യേണ തട്ടിക്കള-
ഞ്ഞമ്പമ്പാ! വിപരീതനായഴൽ വളര്‍-
ത്തീടുന്നു ലോകര്‍ക്കഹോ!
കൗസല്യ: (ബോധം ലഭിച്ചിട്ടു്) ഹാ! വത്സേ ജാനകി, നീയെവിടെയാണു്? വിവാഹകാലത്തിലുള്ള സംസ്കാരത്താലുണ്ടായ ശോഭയാലേറ്റവും അലംകൃതമായും പ്രകാശിക്കുന്ന നിര്‍മ്മലമന്ദഹാസത്താൽ മനോഹരമായുമിരിക്കുന്ന നിന്റെ മുഖകമലത്തെ ഞാനിപ്പോഴും സ്മരിക്കുന്നു. മകളേ, ഉദിച്ചുവരുന്ന ചന്ദ്രകിരണങ്ങൾപോലെ മനോഹരങ്ങളായ നിന്റെ അംഗങ്ങളാൽ ഇനി ഒരിക്കൽക്കൂടി എന്റെ ഉത്സംഗത്തെ അലങ്കരിക്കു. “എനിക്കു മുമ്പെ രഘുകുലത്തിൽ ജനിച്ച മഹാന്മാര്‍ക്കെല്ലാം ഇവൾ വധുവാണ്, എന്നാൽ ജനകനായിട്ടുള്ള വേഴ്ചവഴിക്കു് എനിക്കിവൾ പുത്രിതന്നെ" എന്നിങ്ങിനെ എല്ലായ്പോഴും മഹാരാജാവു പറഞ്ഞിരുന്നു.
കഞ്ചുകി: ദേവി പറയുന്നതു ശരിയാണു്.
നാലാമങ്കം (116-120)
ക്ഷിതിപാലനു മക്കളഞ്ചുപേരു-
ള്ളതിലേറ്റം പ്രിയനായി രാമഭദ്രൻ;
അതുപോലെ വധുക്കൾ നാലിലും ഭൂ-
സുതയേറ്റം പ്രിയയായി ശാന്തപോലെ.
ജനകൻ: ഹാ! പ്രിയസഖ മഹാരാജ ദശരഥ! ഇങ്ങിനെ സര്‍വ്വവിധത്തിലും എന്റെ ഹൃദയത്തെ പ്രാപിച്ചിരിക്കുന്ന അങ്ങെ ഞാനെങ്ങിനെ മറക്കുന്നു!
നന്നായ് പൂജിപ്പതല്ലോ പതിവിഹ വരബ-
ന്ധുക്കളെച്ചാര്‍ച്ചയിങ്കൽ
കന്യാമാതാ പിതാവെന്നിവരതിനെതിരാ-
യങ്ങു പൂജിക്കുമെന്നെ;
ആയങ്ങെക്കൊണ്ടുപോയീ ഹതവിധി,യതുപോ-
ലാശു സംബന്ധവിത്തും.
പോയല്ലോ, പാപി ഞാനിബ്ഭവനരകമതിൽ-
ത്തന്നെ വാഴുന്നു കഷ്ടം!
കൗസല്യ: വത്സേ ജാനകി, ഞാനെന്തു ചെയ്യേണ്ടു! വജ്രലേപംകൊണ്ടു ദൃഢമായി ഘടിപ്പിച്ചപോലെ ഉറപ്പുള്ള എന്റെ ഈ ഹതജീവൻ ഭാഗ്യഹീനയായ എന്നെ വിട്ടുപോകുന്നില്ലല്ലൊ.
അരുന്ധതി: ആശ്വസിക്കു രാജപുത്രി, എപ്പോഴും ഇങ്ങിനെ കരഞ്ഞുകൂടാ. എന്നു മാത്രമല്ല, അന്ന് ഋശ്യശൃംഗാശ്രമത്തിൽവെച്ചു നിങ്ങളുടെ കുലഗുരു അവസാനം ശുഭമായിട്ടു ഭവിക്കുമെന്ന് അരുളിച്ചെയ്തതോര്‍ക്കുന്നില്ലെ? ആ കാലവും സമീപിച്ചുപോയി.
കൗസല്യ: ഭഗവതി, ആ മനോരഥം കടന്നുപോയില്ലേ?
അരുന്ധതി: രാജപുത്രി, എന്നാൽ ഭവതി അതു വെറുതെ പറഞ്ഞതാണെന്നു വിചാരിക്കുന്നുവോ? സുക്ഷത്രിയേ, ഭവതി അതിനെ മറിച്ചു വിചാരിക്കേണ്ട; അതങ്ങിനെതന്നെ സംഭവിക്കാതിരിക്കയില്ല.
ഒന്നും നീ സതി സംശയിക്കരുതെടോ
സൽബ്രഹ്മതേജസ്സിനാൽ
തന്നുള്ളിൽ തെളിവേറ്റമുള്ള മുനിമാർ
ചൊല്ലുന്ന വാക്യങ്ങളിൽ,
എന്നും മംഗലയായ ലക്ഷ്മിയവരോ-
തീടുന്ന വാക്കിങ്കലു—
ണ്ടെന്നല്ലൊന്നുമുരയ്ക്കയില്ലവർ ഫലി-
ക്കാതുള്ള വാക്യങ്ങളെ.
(അണിയറയിൽ കോലാഹലം--എല്ലാവരും ചെവികൊടുത്തു കേൾക്കുന്നു.)
ജനകൻ: ഇന്നു ശിഷ്ടാനദ്ധ്യായമാകയാൽ യഥേഷ്ടമായി കളിക്കുന്ന കുട്ടികളുടെ കോലാഹലമാണിതു്.
കൗസല്യ: ബാല്യത്തിൽത്തന്നെയാകുന്നു സൗഖ്യം സുലഭമായിട്ടുള്ളതു്. (നോക്കീട്ട്) അഹോ! ഇവരുടെ മദ്ധ്യത്തിലുള്ള ഈ കുട്ടി ഏതാണു് ? ഇവൻ രാമഭദ്രന്റെ കൗമാരകാന്തിയോടു തുല്യമായിരിക്കുന്ന കാന്തികൊണ്ടു ശോഭിതങ്ങളായും സുഘടിതങ്ങളായും മനോഹരങ്ങളായും മൃദുളങ്ങളായുമുള്ള അംഗങ്ങൾകൊണ്ടു നമ്മുടെ നേത്രങ്ങളെ ആനന്ദിപ്പിക്കുന്നുവല്ലൊ.
അരുന്ധതി: (സന്തോഷത്തോടും ഉൽക്കണ്ഠയോടുംകൂടി, ആത്മഗതം ) ഇതുതന്നെയാണു് ഭാഗീരഥി ഗോപ്യമായി പറഞ്ഞ കര്‍ണ്ണാമൃതമായ ആ വർത്തമാനം. എന്നാൽ ആയുഷ്മാന്മാരായ കുശലവന്മാരിലാരാണിവനെന്നു മനസ്സിലായില്ല.
ജനകൻ:
വര്‍ണ്ണംകൊണ്ടുല്പലത്തിൽ ദളമൊടു സദൃശൻ
കാകപക്ഷാഭിരാമൻ
പുണ്യശ്രീകൊണ്ടഹോ തൻസഖികളിലഴകേ-
കുന്ന നൽ കോമളാംഗൻ
തിണ്ണം മേ രാമഭദ്രൻ പുനരപി ശിശുവാ-
യ്തീര്‍ന്നതോയെന്നുതോന്നും-
വണ്ണം കാണുന്നനേരം മിഴികളിലമൃതാ-
യ്തീര്‍ന്നിതാരിക്കുമാരൻ?
കഞ്ചുകി: ഈ ബാലകൻ ക്ഷത്രിയബ്രഹ്മചാരിയാണെന്നു തോന്നുന്നു.
ജനകൻ: അങ്ങിനെതന്നെ. എന്തെന്നാൽ,
അമ്പിൻനൽക്കങ്കപത്രം കുടുമയിലുരസു—
ന്നാവനാഴിദ്വയത്താൽ
പിൻഭാഗം രമ്യമേറ്റം ഭസിതലവമുര-
സ്സിങ്കൽ മാനിന്റെ തോലും
കാണുന്നൂ നല്ല മൂര്‍വ്വച്ചരടരയിലതി-
ന്നുള്ളിൽ മാഞ്ജിഷ്ഠവസ്ത്രം
പാണിദ്വന്ദ്വത്തിലാലിൻ നെടിയൊരു വടിയു-
ണ്ടക്ഷമാല്യം ധനുസ്സും.
ഭഗവതി അരുന്ധതി, ഈ കുട്ടി ഏതെന്നാണു് ഇവിടേക്കു തോന്നുന്നതു്?
അരുന്ധതി: ഞങ്ങളും ഇപ്പോൾത്തന്നെയാണിവിടെ വന്നതു്.
ജനകൻ: ആര്യ ഗൃഷ്ടേ! എനിക്കതറിവാൻ വളരെ കൗതുകമുണ്ടു്. അതിനാൽ ഭഗവാനായ വാല്മീകിയോടുതന്നെ ചെന്നു ചോദിക്കു. "ചില വൃദ്ധന്മാരിതാ നിന്നെക്കാണാനാഗ്രഹിച്ചുകൊണ്ടിരിക്കുന്നു" എന്നു കുട്ടിയോടും പറയു.
കഞ്ചുകി: കല്പനപോലെ. (എന്നു പോയി.)
കൗസല്യ: അങ്ങെന്തു പറയുന്നു? "ഞാനിങ്ങിനെ പറഞ്ഞു, ഇപ്പോൾ വരും" എന്നോ?
അരുന്ധതി: ഇപ്രകാരമുള്ള സൃഷ്ടിവിശേഷത്തിന്നു സൗശീല്യമില്ലാതിരിക്കുമോ?
കൗസല്യ: (നോക്കീട്ട് ) ഗൃഷ്ടിയുടെ വാക്കു വിനയത്തോടു കൂടി കേട്ട ഉടനെ ഋഷികുമാരന്മാരെ വിട്ട് ഇതാ ആ വത്സനിങ്ങോട്ടു വരുന്നു.
ജനകൻ: (നല്ലവണ്ണം നോക്കീട്ട്) അഹോ! ഇതെന്തൊരാഞ്ചര്യം!
ലീലാലോലത താഴ്മയെന്നിവ കലര്‍-
ന്നുൽകൃഷ്ടമാഹാത്മ്യമി—
ബാലന്നുണ്ടു, സമര്‍ത്ഥരായതറിയും
സാധിക്കയില്ലന്യരാൽ;
മൂലത്തോട്ട വലിച്ചിടുന്നിതിളകാ-
തുള്ളെന്റെ ചിത്തത്തയി-
ബ്ബാലപ്രീതി,യിരുമ്പിനെ ദ്രുതമയ-
സ്കാന്തം കണക്കിക്ഷണം.
ലവൻ: (പ്രവേശിച്ച് ആത്മഗതം) പൂജ്യന്മാരാണെങ്കി ലും ഇവരെ നാമധേയവും താരതമ്യവും കുലവും അറിയാതെ ഞാനെങ്ങിനെയാണു സ്വേച്ഛയായിട്ട് അഭിവാദ്യം ചെയ്യേണ്ടതു്? (ആലോചിച്ചു് ) ഇപ്രകാരമായാൽ വിരോധമില്ലെന്നു വൃദ്ധന്മാർ പറഞ്ഞു കേട്ടിട്ടുണ്ടു്. (വിനയത്തോടുകൂടി അടുത്തുചെന്നു്) ഇതു ലവന്റെ ശരിസ്സുകൊണ്ടു നിങ്ങൾക്കുള്ള നമസ്ക്കാരപരമ്പരയാണ്.
നാലാമങ്കം (121-125)
അരുന്ധതിയും ജനകനും: ഉണ്ണിക്കു ദീർഘായുസ്സും മംഗളവും ഭവിക്കട്ടെ.
കൗസല്യ: പുത്ര, ദീർഘായുഷ്മാനായി ഭവിക്ക.
അരുന്ധതി: ഉണ്ണി, വരു. (ലവനെ മടിയിൽവെച്ച് ആത്മഗതം) ഭാഗ്യത്താൽ എന്റെ ഉത്സംഗം മാത്രമല്ല, വളരെക്കാലമായിട്ടുള്ള മനോരഥവും സമ്പൂര്‍ണ്ണമായി.
കൗസല്യ: പുത്ര, ഇങ്ങോട്ടു വരൂ. (മടിയിലിരുത്തീട്ട്) അല്പം വിടർന്നിരിക്കുന്ന നീലോല്പലംപോലെ ശ്യാമളമായും ഉജ്ജ്വലമായുമിരിക്കുന്ന ദേഹബന്ധംകൊണ്ടു മാത്രമല്ല, താമരയല്ലി തിന്നുള്ള അരയന്നത്തിന്റെ കണ്ഠത്തിൽനിന്നു മനോഹരമായി പുറപ്പെടുന്ന ദീർഘനിനാദത്തോടു സദൃശമായിരിക്കുന്ന സ്വരംകൊണ്ടും ഇവൻ രാമഭദ്രനെ അനുകരിക്കുന്നു. വിരിഞ്ഞ താമരപ്പൂവിന്റെ അന്തർഭാഗംപോലെ മനോഹരമായിരിക്കുന്ന ഈ ശരീരസ്പർശവും അതുപോലെതന്നെയിരിക്കുന്നു. വത്സ! നിന്റെ മുഖചന്ദ്രനെ ഞാനൊന്നു നോക്കട്ടെ. (താടി പിടിച്ചു പൊക്കിനോക്കീട്ട് കണ്ണീരോടും അഭിപ്രായത്തോടുംകൂടി) രാജര്‍ഷേ! അങ്ങുന്നു കാണുന്നില്ലേ, സൂക്ഷിച്ചുനോക്കുമ്പോൾ ഇവന്റെ മുഖം വത്സയായ വധുവിന്റെ മുഖചന്ദ്രനോടും തുല്യമായിട്ടുതന്നെ കാണുന്നു.
ജനകൻ: കാണുന്നുണ്ടു്, സഖി! ഞാൻ കാണുന്നുണ്ടു്.
കൗസല്യ: അഹോ ഭ്രാന്തുപിടിച്ചപോലെ എന്റെ മനസ്സ് എന്തെല്ലാമോ വിചാരിച്ചു വളരെ അസംബന്ധം പറയുന്നു.
ജനകൻ: (നോക്കീട്ടു്)
കാണുന്നൂ മകളും രഘൂദ്വഹനുമി-
ബ്ബാലങ്കലൊന്നിച്ചിതാ
വാണീടുന്നതുപോലെ നൂനമതുതാ-
നാകാരവും ശോഭയും,
ഓതും വാക്കതുതന്നെ, താഴ്‌മയതുതാൻ
പുണ്യാനുഭാവാദിയും,
ചേതസ്സെന്തിളകീട്ടഹോ പല വഴി-
യ്ക്കോടുന്നു ഹാ ദൈവമേ!
കൗസല്യ: ഉണ്ണീ! നിന്റെ അമ്മയുണ്ടോ? അച്ഛനെ ഓര്‍മ്മയുണ്ടോ?
ലവൻ: ഇല്ല, ഇല്ല.
കൗസല്യ: എന്നാൽ നീ ആരുടെയാണു്?
ലവൻ: ഭഗവാനായ വാല്മീകിയുടെ.
കൗസല്യ: മകനേ, മുഴുവനും പറയു.
ലവൻ: എനിക്കിത്രമാത്രമേ അറിവുള്ളു.
(അണിയറയിൽ)
ഹേ ഹേ സൈന്യങ്ങളേ! നിങ്ങളിൽ ഓരോരുത്തനും ആശ്രമത്തിന്റെ സമീപത്തിലെങ്ങും പോകരുതെന്നു കുമാരനായ ചന്ദ്രകേതു ആജ്ഞാപിക്കുന്നു.
അരുന്ധതിയും ജനകനും: അഹോ! യജ്ഞാശ്വത്തെ രക്ഷിപ്പാനായിട്ടു വന്നിരിക്കുന്ന ചന്ദ്രകേതുവിനെ ഇന്നു കാണ്മാൻ സംഗതിവരുമല്ലൊ. അതിനാൽ ഇതൊരു സുദിനംതന്നെ.
കൗസല്യ: വത്സലക്ഷ്മണന്റെ പുത്രൻ ആജ്ഞാപിക്കുന്നു എന്നു അമൃതബിന്ദുക്കൾപോലെ മധുരങ്ങളായ അക്ഷരങ്ങൾ കേൾക്കുന്നു.
ലവൻ: ആര്യ! ഈ ചന്ദ്രകേതു എന്നതാരാണു്?
ജനകൻ: ദശരഥപുത്രന്മാരായ രാമലക്ഷ്മണന്മാരെ നീയറിയുമോ?
ലവൻ: അവർതന്നെയല്ലേ രാമായണകഥാപുരുഷന്മാർ?
ജനകൻ: അതേ.
ലവൻ: പിന്നെ ഞാനെങ്ങിനെ അവരെ അറിയാതിരിക്കുന്നു?
ജനകൻ: ആ ലക്ഷ്മണന്റെ പുത്രനാണു് ഈ ചന്ദ്രകേതു.
ലവൻ: ഊര്‍മ്മിളയുടെ പുത്രൻ, എന്നാൽ രാജർഷിയായ ജനകന്റെ പുത്രിയുടെ പുത്രൻ.
അരുന്ധതി: ( ചിരിച്ച്) ഉണ്ണി കഥയിലുള്ള പരിചയത്തെ പ്രത്യക്ഷപ്പെടുത്തി.
ജനകൻ: ( ആലോചിച്ചിട്ട്) ഉണ്ണി കഥയിൽ അത്ര സമര്‍ത്ഥനാണെങ്കിൽ ഞാനൊന്നു ചോദിക്കാം, ഉത്തരം പറയു. ആ ദശരഥപുത്രന്മാര്‍ക്കു് ഏതേതു ഭാര്യമാരിൽ എത്രയെത്ര പുത്രന്മാരാണുണ്ടായിട്ടുള്ളത്, അവരുടെ നാമധേയങ്ങളെന്തു്?
ലവൻ: കഥയിലെ ഈ ഭാഗം ഞങ്ങളാകട്ടെ അന്യന്മാരാകട്ടെ കേട്ടിട്ടുതന്നെയില്ല.
ജനകൻ: കവി ഉണ്ടാക്കീട്ടുതന്നെയില്ലെന്നുണ്ടോ?
ലവൻ: ഉണ്ടാക്കീട്ടുണ്ടു്, എന്നാലതു വെളിപ്പെടുത്തീട്ടില്ല. അതിലെത്തന്നെ ഒരു ഭാഗത്തെ വളരെ രസത്തോടു കൂടി അഭിനയിക്കത്തക്കവണ്ണം വേറെ ഒരു പ്രബന്ധമായിട്ടും ഉണ്ടാക്കീട്ടുണ്ടു്. അതിനെ ഭഗവാൻ വാല്മീകി മഹര്‍ഷി സ്വഹസ്തങ്ങൾകൊണ്ടുതന്നെ എഴുതിനൃത്തഗീതവാദ്യശാസ്ത്രകര്‍ത്താവായ ഭരതമുനിക്കയച്ചിരിക്കുന്നു.
ജനകൻ: എന്തിനായിട്ട്?
ലവൻ: ഭഗവാനായ ആ ഭരതമുനി അപ്സരസ്ത്രീകളെക്കൊണ്ടു് അഭിനയിപ്പിക്കുമെന്നുവെച്ചാണത്രെ.
ജനകൻ: ഇതെല്ലാം എനിക്കു കൗതുകത്തെ ജനിപ്പിക്കുന്നു.
ലവൻ: എന്നുമാത്രമല്ല, ആ പ്രബന്ധത്തിൽ ഭഗവാനായ വാല്മീകിമഹര്‍ഷിക്കു വളരെ ആദരമാണു്. അദ്ദേഹം ആ പുസ്തകത്തെ ചില ശിഷ്യന്മാരുടെ കൈയിൽ കൊടുത്തിട്ടാണു് ഭരതാശ്രമത്തിലേക്കയച്ചിട്ടുള്ളതു്. അപായമൊന്നും വരാതിരിക്കുവാനായിട്ടു് അവരുടെ കൂടെ ചാപപാണിയായിട്ടു് എന്റെ ഭ്രാതാവിനേയും അയച്ചിട്ടുണ്ടു്.
കൗസല്യ: ഉണ്ണിക്കു ഭ്രാതാവും ഉണ്ടോ?
ലവൻ: ഉണ്ടു്, ആ ആര്യന്നു കുശനെന്നാണു പേരു്.
കൗസല്യ: ജ്യേഷ്ഠനെന്നര്‍ത്ഥമായി.
ലവൻ: അങ്ങിനെതന്നെ. പ്രസവക്രമംകൊണ്ടു് അദ്ദേഹം ജ്യേഷ്ഠനാണത്രെ.
ജനകൻ: ആയുഷ്മാന്മാരായ നിങ്ങൾ ഇരട്ടപെറ്റുണ്ടായവരാണോ?
ലവൻ: അതെ.
ജനകൻ: ഉണ്ണി പറയൂ. വെളിപ്പെടുത്തീട്ടുള്ള കഥയുടെ അവസാനം എന്താണു്?
ലവൻ: പൗരന്മാരുണ്ടാക്കിത്തീർത്ത അപവാദംകൊണ്ടു വല്ലാതെ വ്യസനിച്ച രാജാവിനാൽ ഉപേക്ഷിക്കപ്പെട്ടും പ്രസവവേദന സമീപിച്ചുമിരിക്കുന്ന ദേവയജനസംഭവയായ സീതാദേവിയെ ഏകാകിനിയായിട്ടു കാട്ടിൽ പരിത്യജിച്ചു ലക്ഷ്മണൻ തിരിച്ചുവന്നു എന്നാണു്.
നാലാമങ്കം (126-131)
കൗസല്യ: ഹാ! വത്സേ, മുഗ്ദ്ധചന്ദ്രമുഖീ, ഏകാകിനിയായ നിന്റെ പുഷ്പം പോലെ കോമളമായ ശരീരത്തിന്നു ദൈവദുര്‍വിലാസംകൊണ്ടു് ഇപ്പോഴുണ്ടായിട്ടുള്ള പരിണാമമെന്താണ്?
ജനകൻ: ഹാ! ഹാ! വത്സേ,
അന്നൊന്നാമതു ഘോരമാം പരിഭവം
പ്രാപിച്ചു നീ തപ്തയായ്
പിന്നീടാ പ്രസവത്തിലുള്ളൊരു മഹാ-
ദുഃഖത്തിനാലാര്‍ത്തയായ്
മുന്നിൽ ചെമ്പുലി സിംഹമെന്നിവയണ-
ഞ്ഞീടും വിധൗ ഭീതയാ-
യെന്നെത്തന്നെ വിളിച്ചുകൊണ്ടുടനുടൻ
രോദിച്ചിരിക്കും ദൃഢം.
ലവൻ: (അരുന്ധതിയോട്ട്) ആര്യേ! ഇവരാരാണു്?
അരുന്ധതി: ഇവർ കൗസല്യയാണു്, ഇദ്ദേഹം ജനകനാണു്.
(ലവൻ ബഹുമാനസ്നേഹകൗതുകങ്ങളോടുകൂടി നോക്കുന്നു.)
ജനകൻ: അഹോ! ദുർബുദ്ധികളായ പൗരന്മാരുടെ ദുര്‍മ്മര്യാദ! അഹോ! രാമരാജാവിന്റെ സാഹസപ്രവൃത്തി!
ഉൾക്കാമ്പിൽ ഘോരവജ്രപ്രഹരസദൃശമീ
ദുഃഖമോര്‍ത്തോര്‍ത്തുദിക്കും
മൽക്രോധാഗ്നിക്കിതത്രേ സമയമെരിയുവാൻ
ചാപശാപങ്ങൾകൊണ്ടും;
കൗസല്യ: (പേടിച്ചു വിറച്ചുകൊണ്ടു്) ഭഗവതി, രക്ഷിക്കണേ രക്ഷിക്കണേ! കോപിച്ചിരിക്കുന്ന രാജര്‍ഷിയെ പ്രസാദിപ്പിക്കണേ!
ലവൻ:
പ്രായേണ മാനികൾമനസ്സവമാനലേശം
പ്രാപിക്കിലിങ്ങിനെ ഭവിപ്പതു സമ്പ്രദായം;
അരുന്ധതി:
പാരിന്നധീശ, തറ നന്ദനനല്ലെ രാമൻ,
പാവങ്ങൾ പൗരരവരും പരിപാല്യരല്ലേ?
ജനകൻ:
ആ രണ്ടും ഞാൻ ക്ഷമിച്ചേൻ രഘുവരനി,ലവൻ
മൽസുതൻ തന്നെയല്ലോ;
പൗരന്മാരിൽ ദ്വിജസ്ത്രീവികലശിശുമഹാ-
വൃദ്ധരൊട്ടല്ലതാനും.
ചിലകുട്ടികൾ: സംഭ്രമത്തോടുകൂടി പ്രവേശിച്ച് ) കുമാര! കുതിര, കുതിര, എന്നു് ഒരു ജന്തു നാട്ടിലുണ്ടെന്നു കേൾക്കുന്നില്ലേ? ഇപ്പോഴിതിനെ ഞങ്ങൾ പ്രത്യക്ഷമായിട്ടു കണ്ടു.
ലവൻ: കുതിരയെക്കുറിച്ചു യാഗവിധിയിൽ പശുപാഠപ്രകരണത്തിലും യുദ്ധവിധിയിലും പറഞ്ഞിട്ടുണ്ടല്ലോ. ഇതു് എങ്ങിനെയിരിക്കുന്നു, പറയുവിൻ.
കുട്ടികൾ: കേൾക്കു,
പിന്നിൽ തൂങ്ങുന്ന വാലുണ്ടതിവലതതിനെ-
സ്സര്‍വ്വനേരത്തുമാട്ടും,
നന്നെദ്ദീർഘം കഴത്തെന്നറി, കതിനു കുള-
മ്പെണ്ണിയാൽ നാലുതന്നെ,
തിന്നുന്നു പുല്ലിനെത്താൻ, പുനരതു കളയും
വിഷു മാങ്ങയ്ക്കു തുല്യം,
ചൊന്നാലാവില്ല, ദൂരത്തടവിയിലതു പോ-
കുന്നു നാം പോക, വാ വാ.
(എന്നു് അടുത്തുചെന്നു് കൈകളേയും തോലിനേയും പിടിച്ചുവലിക്കുന്നു.)
ലവൻ: (കൗതുകോപരോധവിനയങ്ങളോടുകൂടി) ആര്യന്മാരേ, നോക്കുവിൻ നോക്കുവിൻ! ഇവരിതാ എന്നെ പ്പിടിച്ചുകൊണ്ടു പോകുന്നു. (എന്നു വേഗത്തിൽ നടക്കുന്നു.)
അരുന്ധതിയും ജനകനും: ഉണ്ണീ, ആഗ്രഹത്തെ സാധിച്ചുകൊൾക.
കൗസല്യ: ഭഗവതി, ഞാനിവനെക്കാണാതെ ജീവിച്ചിരിക്കുമെന്നു തോന്നുന്നില്ല. അതുകൊണ്ടു് കുറെ അങ്ങോട്ടു ചെന്നു പോകുന്ന ആയുഷ്മാനെ കാണുക.
അരുന്ധതി: വേഗത്തിൽ ദൂരത്തെത്തിയ ആ വെറിയനെ എങ്ങിനെ കാണ്മാൻ സാധിക്കും!
കഞ്ചുകി: (പ്രവേശിച്ച്) "അറിയേണ്ട കാലമായാൽ അതു നിങ്ങൾതന്നെ അറിയും" എന്നാണു് ഭഗവാൻ വാല്മീകിമഹർഷി അരുളിച്ചെയ്തതു്.
ജനകൻ: ഇതെന്തോ അതിഗംഭീരമായ ഒരു സംഗതിയായിട്ടു സംഭവിക്കും. ഭഗവതി അരുന്ധതി, സഖി കൗസല്യേ, ആര്യ ഗൃഷ്ടേ, നോംതന്നെ ചെന്നു ഭഗവാനായ വാല്മീകിയെ കാണുക.
(വൃദ്ധന്മാരെല്ലാം പോയി.)
കുട്ടികൾ: കുമാരി ആ ആശ്ചര്യത്തെ കണ്ടാലും!
ലവൻ: ഞാൻ കണ്ടു, ഇതു് അശ്വമേധത്തിനുള്ള കുതിര തന്നെയാണെന്ന് അറികയും ചെയ്തു.
കുട്ടികൾ: അതെങ്ങിനെ അറിഞ്ഞു?
ലവൻ: എടോ വിഡ്ഡികളേ! നിങ്ങളും അശ്വമേധപ്രകരണം പഠിച്ചിട്ടുണ്ടല്ലോ. നൂറു കവചധാരികളും നൂറു ദണ്ഡധാരികളും നൂറു തൂണീരധാരികളും രക്ഷകന്മാരായിരിക്കേണമെന്നു് അതിൽ പറഞ്ഞിട്ടുള്ളതോര്‍ക്കുന്നില്ലേ? ഈ സൈന്യങ്ങളും ആ സംഖ്യയോടു യോജിച്ചാണല്ലോ കാണപ്പെടുന്നത്. ഞാൻ പറഞ്ഞതിൽ വിശ്വാസമില്ലെങ്കിൽ ചെന്നു ചോദിച്ചുകൊൾവിൻ.
കുട്ടികൾ: ഹേ ഹേ! ആളുകളാൽ ചുറ്റപ്പെട്ടിങ്ങിനെ സഞ്ചരിക്കുന്ന ഈ കുതിര എന്തിനുള്ളതാണു്?
ലവൻ: (ആഗ്രഹത്തോടുകൂടി ആത്മഗതം) അഹോ അശ്വമേധമെന്നതു്, വിശ്വവിജയികളായ ക്ഷത്രിയന്മാരുടെ ഊജ്ജസ്വലമായിട്ടുള്ളതും സകല ക്ഷത്രിയന്മാര്‍ക്കും പരിഭവത്തെ നൽകുന്നതും ആയ ഉൽകര്‍ഷത്ത ഉരച്ചുനോക്കുവാനുള്ള ഒരു നികഷമാണു്.
(അണിയറയിൽ )
ഈയശ്വമേഴു ഭുവനത്തിലുമേകവീര-
നായുള്ള പംക്തിമുഖവംശവിനാശകന്റെ
സ്വീയം ജയക്കൊടിയതാണഥവാ സ്വവീര്യം
ഭൂയഃ പരത്തുവതിനുള്ള പരസ്യമത്രേ.
ലവൻ: (വ്യഥയോടുകൂടിയവനെന്നപോലെ) അഹോ! കോപാഗ്നിയെ ജ്വലിപ്പിക്കുന്ന അക്ഷരങ്ങൾ!
കുട്ടികൾ: എന്തു പറയട്ടെ, കുമാരൻ ബുദ്ധിമാൻ തന്നെ.
ലവൻ: എടോ എടോ, ഭൂമിയിൽ ക്ഷത്രിയന്മാരില്ലാതെയായോ? എന്താണ് നിങ്ങളിത്ര ഘോഷിക്കുന്നതു്?
(അണിയറയിൽ )
അരേ! മഹാരാജാവിനെതിരായി ക്ഷത്രിയന്മാരെവിടെ?
ലവൻ: ഛീ, കഥയില്ലാത്തവരേ!
ലോകത്തിലാ നൃപതി താനൊരു വീരനെങ്കി-
ലാകട്ടെ ഭീഷണിയിതെന്തിനു കൂസുമോ ഞാൻ?
ഹാ കഷ്ടമെന്തിനു വൃഥാ പറയുന്നു, ചെന്ന
വേഗത്തിലക്കൊടിയെയിങ്ങു ഹരിച്ചിടുന്നേൻ.
എടോ കുമാരന്മാരേ! കല്ലെടുത്തെറിഞ്ഞു് ഈ കുതിരയെ ഇങ്ങോട്ടു തിരിക്കുവിൻ. സാധുവായ ഇതു നമ്മുടെ മാൻകൂട്ടത്തിൽ ചേര്‍ന്നു സഞ്ചരിച്ചുകൊള്ളട്ടെ.
ഒരു പുരുഷൻ: (ക്രോധത്തോടും ഗര്‍വ്വോടുംകൂടി പ്രവേശിച്ച് ) ഛീ! എന്തു ചാപല്യം കാണിക്കുന്നു? നീയെന്താണു പറഞ്ഞതു്? നിര്‍ദ്ദയന്മാരും ക്ഷമയില്ലാത്തവരുമാകുന്നു സൈനികന്മാർ! ഗര്‍വ്വത്തോടുകൂടിയുള്ള വാക്കു ഒരു ശിശുവിന്റെയായിരുന്നാലും അവർ സഹിക്കയില്ല. ചാപപാണിയായിരിക്കുന്ന രാജകുമാരൻ ചന്ദ്രകേതു സൗമ്യങ്ങളായ അരണ്യപൂർവ്വഭാഗങ്ങളെ കൗതുകത്തോടുകൂടി ദര്‍ശിച്ചും കൊണ്ടു വരുന്നുണ്ടു്. അദ്ദേഹം ഇവിടെ എത്തുന്നതിന്നു മുമ്പെ ഈ വൃക്ഷങ്ങളുടെ ഇടയിൽക്കൂടി വേഗത്തിലോടിക്കൊൾവിൻ.
കുട്ടികൾ: കുമാര! നമുക്കീക്കുതിര വേണ്ട. കുമാരന്റെ നേരെ ശസ്ത്രങ്ങളിളക്കിക്കൊണ്ടു സൈനികന്മാർ കലശൽ കൂട്ടുന്നു. ആശ്രമപദം കുറെ ദൂരത്തിലുമാണു് . അതുകൊണ്ടു വരു, നമുക്കു മാഞ്ചാട്ടമായിട്ട് ഇവിടെ നിന്ന് ഓടിക്കളയാം.
ലവൻ: (ചിരിച്ചുകൊണ്ടു്) ശസ്ത്രങ്ങളിളക്കിയാലെന്താണു്? (വില്ലിൽ ഞാണു കെട്ടിക്കൊണ്ടു് )
ഒട്ടേറെഘോരമാകും ഘറഘറരവമോ-
ടഗ്രഭാഗങ്ങൾ ചുറ്റി—
ക്കെട്ടീട്ടാടുന്ന ഞാണാൽ നടുവുടനെ വള-
ഞ്ഞീടുമിച്ചാപദണ്ഡം
ഒട്ടുക്കൊന്നായ് ഗ്രസിപ്പാനലറി രസനയെ-
ദ്ദംഷ്ട്ര മുട്ടുന്ന മട്ടിൽ-
പ്പെട്ടെന്നാട്ടിപ്പിളര്‍ക്കും വികടയമമുഖ-
ത്തോട്ട നേരായിടട്ടെ.
(എല്ലാവരും ഉചിതം പോലെ ചുറ്റിനടന്നു പോയി.)
'കൗസല്യാജനകയോഗം' എന്ന നാലാമങ്കം കഴിഞ്ഞു
അഞ്ചാമങ്കം (132-135)
അഞ്ചാമങ്കം
(അണിയറയിൽ)
ഭോ ഭോ സൈനികന്മാരേ! നമുക്കാശ്രയം ലഭിച്ചു.
ധീരൻ സാരഥിയാം സുമന്ത്രനുടനോ-
ടിക്കുന്ന വാഹങ്ങളാൽ
പാരം വേഗമിയന്ന തേരതിലിരു-
ന്നുത്സാഹമുൾക്കൊണ്ടിതാ
പാരിൽ ചക്രമിടാഞ്ഞുടൻ കൊടിമരം
സ്വല്പം ചലിച്ചീടവേ
പോരുന്നുണ്ടിഹ ചന്ദ്രകേതു പടയിൽ-
പ്പാലിക്കുവാൻ നമ്മളെ.
(അനന്തരം സാരഥിയായ സുമന്ത്രനോടുകൂടി രഥാരൂഢനായും അത്ഭുതസന്തോഷസംഭ്രമത്തോടുകൂടിയും ചന്ദ്രകേതു പ്രവേശിക്കുന്നു.)
ചന്ദ്രകേതു: ആര്യ സുമന്ത്ര, ദര്‍ശിച്ചാലും!
ഓടിച്ചാടിത്തിമര്‍ത്തും പടയുടെ നടുവിൽ
പഞ്ചചൂടാഗ്രമൊട്ടൊ-
ട്ടാടിക്കൊണ്ടൊട്ടു കോപിച്ചരുണനിറമിയ-
ന്നുള്ള വക്ത്രാഭയോടും
കോടിശ്ശബ്ദിച്ചു വില്ലിൻതലകളണയുമാ-
റമ്പു മേന്മേൽ ചൊരിഞ്ഞും
മൂടുന്നൂ നാലുപാടും മമ ഭടരെ മിടു-
ക്കേറുമീ വീരബാലൻ.
ആശ്ചര്യം, ആശ്ചര്യം!
കണ്ടാൽ സൂര്യകുലേ ജനിച്ച ശിശുവോ-
യെന്നുള്ള സന്ദേഹമി-
ന്നുണ്ടാക്കും മുനിബാലനേഷ തനിയേ
കുംഭീന്ദ്രകുംഭങ്ങളിൽ
ടണ്ടാങ്കാരഭയങ്കരദ്ധ്വനി വളര്‍-
ത്തത്യുഗ്രബാണങ്ങളെ-
ക്കൊണ്ടെൻ സൈന്യശരീരസന്ധികൾ പിളര്‍-
ന്നേകുന്നു മേ കൗതുകം.
സുമന്ത്രൻ: ആയുഷ്മൻ,
മുന്നിൽ ദേവകൾ ദൈത്യരെന്നിവരടു-
ക്കാതുള്ള വീര്യത്തിനാൽ
നിന്നെപ്പോലെ വിളങ്ങിടുന്ന ശിശുവാ-
മീ വീരനെക്കാൺകയാൽ
മുന്നം കൗശികയാഗരക്ഷയിലര-
ക്കന്മാരെ മര്‍ദ്ദിക്കുവാൻ
മിന്നും ചാപമെടുത്ത രാമനെ മന-
ക്കാമ്പിൽ സ്മരിക്കുന്നു ഞാൻ.
ചന്ദ്രകേതു: ഈ കുട്ടിയെ എതിര്‍ക്കുവാന്‍ വളരെപ്പേർകൂടി പുറപ്പെട്ടിരിക്കുന്നു എന്നുള്ളതുകൊണ്ടു് എന്റെ മനസ്സു ലജ്ജിക്കുന്നു.
പോരിന്നുത്സാഹമോടെൻ പടകൾ കരമതിൽ
ഘോരശസ്ത്രങ്ങൾ മിന്നി-
ച്ചാരാവത്താൽ മുഴങ്ങും കനകമണികളാ-
ടുന്ന തേർക്കൂട്ടമോടും
മാരിയ്ക്കൊപ്പം മദത്തെച്ചൊരിയുമൊരു കരി-
ക്കാറുമായാശു ചെന്നി-
ട്ടാരും സാഹായ്യമില്ലാത്തൊരു ശിശുവെ വള-
ഞ്ഞീടിനാരെത്ര കഷ്ടം!
സുമന്ത്രൻ: വത്സ, ഇവരെല്ലാം ഒന്നിച്ചുകൂടീട്ടുതന്നെ ഇവന്നെന്താണു്? പിന്നെ ഒറ്റയ്ക്കായാലോ!
ചന്ദ്രകേതു: ആര്യ, വേഗത്തിലോടിക്കുക. ഇവൻ നമ്മുടെ അശ്രിതജനങ്ങളെ വല്ലാതെ മദ്ദിച്ചുതുടങ്ങിയിരിക്കുന്നുവല്ലൊ. എങ്ങിനെയെന്നാൽ,
പേടിച്ചദ്രിഗുഹാന്തരത്തിലലറും
കുംഭീന്ദ്രകര്‍ണ്ണങ്ങളെ-
ക്കൂടിദ്ദുന്ദുഭിഘോഷമിശ്രഗുണനാ-
ദത്താൽ തകര്‍ത്തിശ്ശിശു
ഓട്ടം ഘോരകബന്ധമുണ്ഡനിരയെ-
ത്തൃപ്താന്തകൻ തൻറെ വാ-
യാടുമ്പോളുതിരുംവിധം ദ്രുതമറു-
ത്തിപ്പോരിൽ വീഴ്ത്തുന്നിതാ.
സുമന്ത്രൻ: (ആത്മഗതം) ഇങ്ങിനെയുള്ളവനോടുകൂടി ദ്വന്ദ്വയുദ്ധം ചെയ്യുന്നതിന്നു വത്സ ചന്ദ്രകേതുവിനെ ഞാനെങ്ങിനെ അനുവദിക്കേണ്ടു? (ആലോചിച്ച്) അഥവാ, ഇക്ഷ്വാകുഗൃഹത്തിൽ വളന്ന വൃദ്ധനല്ലേ ഞാൻ? യുദ്ധം നേരിടുകയും ചെയ്തു. ഇനി വേറെയെന്താണു ഗതി!
ചന്ദ്രകേതു: (വിസ്മയലജ്ജാസംഭ്രമങ്ങളോടുകൂടി) ഛീ! എന്റെ സൈന്യങ്ങൾ നാലുഭാഗത്തും പിന്തിരിഞ്ഞോടിപ്പോയി.
സുമന്ത്രൻ: (രഥവേഗത്തെ നടിച്ചു് ) വത്സ, ആ വീരനിതാ സംസാരിച്ചാൽ കേൾക്കത്തക്ക സമീപത്തിലായി.
ചന്ദ്രകേതു: (ഓര്‍മ്മകേടു നടിച്ചു്) ആര്യ, ഇദ്ദേഹത്തിന്റെ പേരെന്തെന്നാണ് ആഖ്യായകന്മാർ പറഞ്ഞതു്?
സുമന്ത്രൻ: വത്സ, ലവനെന്നാണു്.
ചന്ദ്രകേതു:
വീരാഗ്രേസര, ഹേ ലവ,
പോരാടുന്നെന്തു ഹന്ത ഭടരോടായ്?
പോരിനു ഞാനുണ്ടിവിടെ-
പ്പോരിക തേജസ്സു തേജസി ശമിക്കും.
സുമന്ത്രൻ: കുമാരാ! നോക്കു നോക്കു,
പെട്ടെന്നുണ്ണി വിളിക്കയാൽ തവ ഭട-
ക്കൂട്ടത്തെ മർദ്ദിപ്പതും
വിട്ടിട്ടൊട്ടു ഗളം തിരിച്ചുടനിതാ
നോക്കുന്നു വീരാർഭകൻ
കുട്ടിക്കേസരി കുംഭികുംഭപടലം
ഗര്‍വ്വേണ താഡിച്ചുടൻ-
പൊട്ടിക്കുന്നളവംബരത്തിലിടികേ-
ട്ടൊന്നങ്ങുനോക്കുംവിധം.
(അനന്തരം ഗർവ്വത്തോടുകൂടി വേഗത്തിൽ നടന്നുകൊണ്ടും ലവൻ പ്രവേശിക്കുന്നു.)
ലവൻ: നല്ലതു രാജപുത്ര, നല്ലതു്! സത്യമായിട്ടും അങ്ങ് ഇക്ഷ്വാകുവംശത്തിൽ ജനിച്ച ആൾതന്നെ. അതിനാലിതാ ഞാൻ വന്നിരിക്കുന്നു.
(അണിയറയിൽ വലിയ കോലാഹലം)
അഞ്ചാമങ്കം (136-140)
ലവൻ: ( ആവേഗത്തോടുകൂടി തിരിഞ്ഞുനോക്കിയിട്ടു്) ഇപ്പോൾത്തന്നെ തോറ്റോടിയ സേനാപതികൾ പിന്നേയും ഗര്‍വ്വത്താൽ തിരിച്ചുവന്നു യുദ്ധത്തിന്നായിട്ട് എന്റെ പിന്നിലടുക്കുന്നുവോ? ഛീ, എന്തൊരു കഥയില്ലാത്തവരാണിവർ
പാരെല്ലാടം നടുങ്ങുംപടി പടകൾ മുഴ—
ക്കീടുമിഘോരഘോഷം
പാരാതെൻ ക്രോധതീവ്രജ്വലനശിഖകളാൽ
നഷ്ടമാകട്ടെയിപ്പോൾ,
പാരം ശൈലങ്ങൾ മുട്ടീട്ടിളകിയ ബഡവാ-
വഹ്നിയാൽ കല്പകാലേ
ഘോരം കാറ്റേറ്റു കീഴ്മേൽ മറിയുമുദധിതൻ
വാരിപൂരങ്ങൾപോലെ.
(എന്നു് ഓടിനടക്കുന്നു.)
ചന്ദ്രകേതു: ഹേ ഹേ, കുമാര!
അത്യാശ്ചര്യത്തെ നല്കും തവ ഗുണമതിനാൽ
പ്രീതി വർദ്ധിക്കമൂലം
സത്യം നീയെൻ സഖാവായ് പ്രിയസഖ, മമ സര്‍-
വ്വസ്വവും നിന്റെയല്ലൊ
ഇത്ഥം നീയെന്തിനായ് നിൻപടയൊടു കലഹി-
ക്കുന്നു? നിൻ വീര്യഗര്‍വ്വം
പ്രത്യക്ഷത്തിൽ പരീക്ഷിപ്പതിനു നികഷമാ-
യുണ്ടിതാ ചന്ദ്രകേതു.
ലവൻ: (സന്തോഷത്തോടും സംഭ്രമത്തോടും തിരിഞ്ഞിട്ട്) അഹോ! മഹാനുഭാവനായ സൂര്യകുലകുമാരന്റെ വീരവാദപ്രയോഗം പ്രസന്നമായും കഠിനമായുമിരിക്കുന്നു. അതിനാൽ ഇവർ പോകട്ടെ. ഇദ്ദേഹത്തിനെത്തന്നെ ഒന്നു സമ്മാനിക്കാം.
(പിന്നേയും അണിയറയിൽ കോലാഹലം)
ലവൻ: (ക്രോധത്തോടും വെറുപ്പോടുംകൂടി) ആഃ കൂടെക്കൂടെ ഇവർ വീരസംവാദം ചെയ്യുന്നതിന്നു വിഘ്നമുണ്ടാക്കിക്കൊണ്ടു് എന്നെ ചീത്തയാക്കുന്നു. (അവരുടെ നേരെ ചെല്ലുന്നു.)
ചന്ദ്രകേതു: ആര്യ, നോക്കു് ! ഇതു കാണേണ്ടതാണു്.
സ്വൈരം ചാപമെടുത്തു ഭംഗിയിലഹ-
ങ്കാരത്തിനാൽ നോക്കിയെൻ
നേരിട്ടും ഭടരാര്‍ത്തു പിന്നിലണയു-
ന്നേരത്തിലങ്ങോട്ടുമായ്
പാരാതോടിനടക്കുമിശ്ശിശു ശുനാ-
സീരന്റെ വില്ലുള്ളതായ്
ഘോരക്കാറ്റതിലങ്ങുമിങ്ങുമിളകും
കാറോട്ട നേരാകുമേ.
സുമന്ത്രൻ: കുമാരൻതന്നെയേ അവനെക്കാണുന്നതി ശക്തനാകുന്നുള്ളു; ഞാൻ വിസ്മയംകൊണ്ടു കേവലം പരവശനായിത്തീര്‍ന്നിരിക്കുന്നു.
ചന്ദ്രകേതു: ഹേ ഹേ രാജാക്കന്മാരേ,
മാറിൽ ചര്‍മ്മോത്തരീയം വിലസിന മൃദുമെ-
യ്യോടുമേകാകിയായി-
പ്പാരിൽ പാദാതിയാമിശ്ശിശുവിനൊടെതിരായ്
സംഖ്യയില്ലാത്ത നിങ്ങൾ
ചേരും താരുണ്യമോടും കരിതുരഗരഥാ-
രൂഢരായ് ചട്ടയിട്ടും
പോരിന്നായ് ചെന്നതോര്‍ത്താൽ ബഹുകുറവു ഭവാ-
ന്മാര്‍ക്കുമെന്നല്ലെനിക്കും.
ലവൻ: (ക്ഷോഭത്തോടുകൂടി) ഏ, എന്റെമേലിത്ര ദയയുണ്ടോ? (ആലോചിച്ചിട്ട്) ഇരിക്കട്ടെ, കാലതാമസം വരാതിരിപ്പാനായിട്ട് ഈ സൈന്യങ്ങളെ ഇപ്പോൾ ജൃംഭകാസ്ത്രംകൊണ്ടു സ്തംഭിപ്പിക്കാം. (എന്നു ധ്യാനം നടിക്കുന്നു.)
സുമന്ത്രൻ: ഇതെന്താണ്, അകാരണമായിട്ടു നമ്മുടെ സൈന്യങ്ങളുടെ കോലാഹലം ശമിക്കുന്നതു്?
ലവൻ: ഇനി ഈ ഒരുമ്പെട്ടവന്റെ സാമര്‍ത്ഥ്യം എത്രയുണ്ടെന്നു നോക്കട്ടെ.
സുമന്ത്രൻ: (സംഭ്രമത്തോടുകൂടി) ഉണ്ണി, ഈ കുമാരൻ ജൃംഭകാസ്ത്രത്തെ മന്ത്രമൂലം പ്രയോഗിച്ചു എന്നെനിക്കു തോന്നുന്നു.
ചന്ദ്രകേതു: ഇതിലെന്തു സംശയം?
ഒന്നായ്ച്ചേര്‍ന്നുള്ള മിന്നൽപ്രഭയുമിരുളുമൊ-
ത്തുഗ്രതേജസ്സമൂഹം
തന്നേ ചീമ്പിത്തുറക്കും മിഴികളിലഴലേ-
കുന്നു നോക്കുന്നനേരം;
എന്നല്ലെൻസൈന്യമെല്ലാമിതുപൊഴുതിളകാ-
തത്ര ചിത്രങ്ങൾപോലെ-
ത്തന്നേ നില്ക്കുന്നു പാര്‍ത്താൽ നിയതമിതു മഹാ-
ജൃംഭകാസ്ത്രപ്രഭാവം.
ആശ്ചര്യമാശ്ചര്യം!
തിങ്ങിപ്പാതാളമദ്ധ്യേ നിറയുമിരുളിനും
തപ്തമായ് ദീപ്തി മേന്മേൽ
പൊങ്ങീടും പിച്ചളയ്ക്കും സദൃശനിറമിയ-
ന്നീടുമിജ്ജൃംഭകാസ്ത്രം
തിങ്ങുന്നു ഘോരഘോരപ്രളയപവനനേ-
റ്റാശു പൊട്ടിത്തെറിക്കും
മിന്നല്ക്കാർ ചേര്‍ന്ന വിന്ധ്യക്കൊടുമുടിനിരപോ—
ലന്തരീക്ഷത്തിലെങ്ങും.
സുമന്ത്രൻ: എന്നാൽ ഇവന്നു ജൃംഭകാസ്ത്രങ്ങൾ സിദ്ധിച്ചിട്ടുള്ളതാരിൽനിന്നായിരിക്കാം?
ചന്ദ്രകേതു: ഭഗവാൻ വാല്മീകിയിൽനിന്നാണെന്നു ഞാൻ വിചാരിക്കുന്നു.
സുമന്ത്രൻ: അദ്ദേഹത്തിന്നു് അസ്ത്രങ്ങളിൽ പരിചയമില്ല; ജൃംഭകാസ്ത്രങ്ങളിൽ വിശേഷിച്ചും. എന്തുകൊണ്ടെന്നാൽ,
മുന്നമിവയെക്കൃശാശ്വൻ
തന്നേ സൃഷ്ടിച്ചു കൗശികന്നേകി,
പിന്നെയിവയാവഴിക്കായ് വന്നു
വസിക്കുന്നു രാമഭദ്രങ്കൽ.
ചന്ദ്രകേതു: സത്വഗുണത്താലേറ്റവും വര്‍ദ്ധിച്ചിരിക്കുന്ന തത്വപ്രകാശമുള്ളവരും മന്ത്രജ്ഞന്മാരുമായ മറ്റു യോഗ്യന്മാര്‍ക്കും സ്വയമായിട്ടിതു ലഭിച്ചേക്കാം.
സുമന്ത്രൻ: ഉണ്ണീ. ജാഗ്രതയോടുകൂടിയിരിക്കു; ആ വീരനിതാ വന്നുപോയി.
കുമാരന്മാർ: (അന്യോന്യം) അഹോ കുമാരൻ പ്രിയദര്‍ശനൻതന്നെ. (സ്നേഹാനുരാഗങ്ങളോടുകൂടി നോക്കീട്ട്)
മുന്നം ജന്മാന്തരത്തിൽ ദൃഢപരിചയമു-
ണ്ടായതോ, സൽഗുണത്താൽ
തോന്നീടും പ്രീതിയോ, കണ്ടളവുടനെയുദി—
ച്ചുള്ളൊരാസക്തിതാനോ,
ഇന്നേതും ദൈവഗത്യാ മമ പുനരറിവി-
ല്ലാത്ത സംബന്ധമോ,യെൻ
മുന്നിൽക്കണ്ടോരുനേരത്തിവനെ മമ മന-
സ്സോര്‍മ്മവെക്കുന്നിതെന്തോ.
സുമന്ത്രൻ: ഒരാൾക്കു മറ്റൊരാളിൽ രസമയിയായ പ്രീതിയുണ്ടാക്കുന്നതു പ്രായേണ ലോകസ്വഭാവമാണു്. ഇതിനെയാകുന്നു ലൗകികന്മാർ താരാമൈത്രകമെന്നും ചക്ഷുരാഗമെന്നും പറയുന്നതു്. ഇതു ഹേതുകൂടാതെ ഉണ്ടാകുന്നതും ഇന്നവിധമെന്നു നിശ്ചയിപ്പാൻ പാടില്ലാത്തതുമായ ഒരു പ്രണയമെന്നു വിചാരിച്ചുവരുന്നു.
നിഷ്ക്കാരണം സ്നേഹമഹോ ഭവിച്ചാൽ
നില്ക്കില്ലെതിര്‍ത്തൊന്നുമതിന്നുനേരേ;
ഉൾക്കാമ്പിൽ മര്‍മ്മങ്ങളെയാശു ചേര്‍ത്തു
കോര്‍ക്കുന്നിതാ പ്രേമമതായ തന്തു.
കുമാരന്മാർ: (അന്യോന്യം ഉദ്ദേശിച്ചു്)
മിന്നും നിര്‍മ്മലരത്നമൊത്ത മൃദുവാ-
മിബ്ബാലകൻ തന്റെ മെയ് -
തന്നിൽ ഘോരശരങ്ങളെങ്ങിനെ മടി-
ച്ചീടാതയയ്ക്കേണ്ടു ഞാൻ?
മുന്നിൽക്കണ്ടളവിക്കുമാരനെ മുദാ
ചെന്നൊന്നു പുല്കീടുവാ-
നെന്നുൾച്ചേര്‍ന്നൊരു വാഞ്ചകൊണ്ടു
പുളകം തിങ്ങുന്നിതംഗങ്ങളിൽ
എന്തുചെയ്യാം?
പാരം ഗര്‍വ്വിച്ചിരിക്കുന്നിവനൊടു ഗതിയെ-
ന്തസ്ത്രമല്ലാതെ,യിന്നീ-
വീരൻ നേരിട്ടയയ്ക്കാത്തൊരു ശരമതിനാൽ
പിന്നെയെന്തുള്ളു കാര്യം?
പോരിന്നായസ്ത്രമേന്തീട്ടിനിയൊഴിയുകിലി-
ബ്ബാലനെന്തോതുമെന്നെ?
ക്രൂരം വീരസ്വഭാവം നിയതമതു തടു-
ക്കുന്നു വേഴ്ചക്രമത്തെ.
സുമന്ത്രൻ: (ലവനെ നോക്കീട്ടു കണ്ണീരോടുകൂടി ആത്മഗതം) മനസ്സേ! നീയെന്താണു വേറെ വിധത്തിൽ ശങ്കിക്കുന്നതു്?
അഞ്ചാമങ്കം (141-145)
നിന്നാഗ്രഹത്തിന്നുടെ വിത്തിനെത്താൻ
മുന്നേ നശിപ്പിച്ചുകളഞ്ഞു ദൈവം;
മുന്നം നശിപ്പിച്ചൊരു വള്ളിയിങ്കൽ
പിന്നെ പ്രസൂനം കഥമുദ്ഭവിക്കും?
ചന്ദ്രകേതു: ആര്യസുമന്ത്ര! ഞാൻ തേരിൽനിന്നിറങ്ങുന്നു.
സുമന്ത്രൻ: എന്തു കാരണത്താൽ?
ചന്ദ്രകേതു: അങ്ങിനെ ചെയ്താൽ ഈ വീരപുരുഷനെ ബഹുമാനിച്ചപോലെയായി. എന്നു മാത്രമല്ല, ആര്യക്ഷത്രിയധര്‍മ്മത്തെ പരിപാലിച്ചപോലെയുമായല്ലൊ. രഥികൾ പാദചാരികളോടെതിര്‍ക്കുന്നതു ന്യായമല്ലെന്നാണല്ലൊ ശാസ്ത്രജ്ഞന്മാർ പറയുന്നതും.
സുമന്ത്രൻ: (ആത്മഗതം) കഷ്ടം! ഞാൻ വല്ലാത്ത ദുർഘടത്തിലകപ്പെട്ടു.
ന്യായത്തിനൊത്തൊരു നടപ്പിനെ വേണ്ടയെന്നാ-
യീയുള്ളവൻ പറവതെങ്ങിനെ കഷ്ടമിപ്പോൾ?
വയ്യാത്തതായൊരതിസാഹസമായ കാര്യം
ചെയ്യുന്നതിന്നു പുനരെങ്ങിനെ സമ്മതിക്കാം?
ചന്ദ്രകേതു: പൂജ്യന്മാരായ അച്ഛന്മാരുംകൂടി ധര്‍മ്മത്തിൽ സംശയം വരുമ്പോൾ പിതാമഹന്റെ പ്രിയസഖനായ ആര്യനോടാണല്ലോ ചോദിക്കുന്നതു്. പിന്നെന്താണു് ആര്യനിത്ര ആലോചിക്കുന്നതു്?
സുമന്ത്രൻ: അല്ലയോ ആയുഷ്മൻ, ധര്‍മ്മത്തിന്നു യോജിച്ചു തന്നെയാണു് നീയഭിപ്രായപ്പെട്ടതു്.
ഇതു വത്സ! യുദ്ധമതിലുള്ള നീതിതാ,-
നിതുതന്നെ ശാശ്വതമതായ ധർമ്മവും,
ഇതുതന്നെ സൂയ്യകുലജാതരാകവേ
പതിവായ് നടത്തിയൊരു വീരധര്‍മ്മവും.
ചന്ദ്രകേതു: ആര്യന്റെ വാക്കു് ഉചിതമായിട്ടുള്ളതുതന്നെ.
ഇതിഹാസപുരാണങ്ങളു-
മതിസത്തായുള്ള ധര്‍മ്മശാസ്ത്രമതും
സൂര്യകുലത്തിൻ സ്ഥിതികളു-
മാര്യന്നല്ലാതെ മറ്റെവന്നറിയാം?
സുമന്ത്രൻ: (സ്നേഹത്തോടുകൂടി ആലിംഗനംചെയ്തിട്ടു്)
വിണ്ണോർനായകനെജ്ജയിച്ചവനെയും
കൊന്നോരു നിൻതാതനാ-
മുണ്ണിക്കെത്ര ചെറുപ്പമിപ്പൊഴുമഹോ
തൽസൂനുവാം വത്സനും
തിണ്ണം ക്ഷത്രിയവീരധര്‍മ്മമതനു
ഷ്ഠിക്കുന്നുവെന്നാകിലീ-
വണ്ണം സുര്യകുലം പ്രതിഷ്ഠയെയഹോ!
പ്രാപിച്ചു ഭാഗ്യത്തിനാൽ.
ചന്ദ്രകേതു: (വ്യസനത്തോടുകൂടി)
“പ്രതിഷ്ഠയെന്നിയേ രഘൂത്തമൻ ഭവിക്കയാലിനി
പ്രതിഷ്ഠയെന്തു ഹന്ത! നാം ജനിച്ച വംശമായതിൽ?"
ഇതി സ്മരിച്ചു മൽപിതാക്കളായ മറ്റു മൂന്നുപേ-
രതിപ്രയാസമോടു ഹന്ത വാണിടുന്നു ഖിന്നരായ്.
സുമന്ത്രൻ: അഹഹ! ചന്ദ്രകേതുവിൻറെ ഈ വാക്കുകൾ ഹൃദയമര്‍മ്മങ്ങളെ ഛേദിക്കുന്നു.
ലവൻ: ആശ്ചര്യം! രസം ഇടകലര്‍ന്നിരിക്കുന്നു.
നൂനം ചന്ദ്രോദയത്തിൽ കുമുദിനിയതുപോ-
ലിന്നിവൻതന്നെ വീക്ഷി
ച്ചാനന്ദിക്കുന്നു നേത്രം; പുനരിഹ കരമോ
പോരിനുള്ളാഗ്രഹത്താൽ
താനേ തിങ്ങിത്തിളച്ചീടിന കൊടിയ മദം
പൂണ്ടു ഝംകാരഘോര-
ദ്ധ്വാനം വര്‍ദ്ധിച്ച ഞാണുള്ളൊരു നെടിയ ധനു—
സ്സിങ്കലിഷ്ടപ്പെടുന്നു.
ചന്ദ്രകേതു: (ഇറങ്ങുന്നതായി നടിച്ച്) ആര്യ, സൂര്യകുലത്തിൽ ജനിച്ച ചന്ദ്രകേതു നമസ്കരിക്കുന്നു.
സുമന്ത്രൻ:
കാകുൽസ്ഥനുള്ളവിധമൂര്‍ജ്ജിതമായ് പവിത്ര-
മാകും മഹസ്സജിതമായിവരട്ടെ നിങ്കൽ;
ലോകാവനത്തിനു വരാഹമതായ ദേവ-
നേകട്ടെ വത്സനു രണേ കുശലത്തെ മേന്മേൽ.
എന്നു മാത്രമല്ല,
നിന്നെ ത്വൽകുലനാഥനായ രവി പാ-
ലിക്കട്ടെ യുദ്ധാങ്കണേ,
നന്ദിക്കട്ടെ ഭവാങ്കൽ നിൻ കുലഗുരു
ശ്രീമാൻ വസിഷ്ഠര്‍ഷിയും,
വഹ്നീന്ദ്രാനിലവിഷ്ണുതാർക്ഷ്യബലവും
ചേരട്ടെ നിങ്കൽ സ്വയം,
തന്നീടും തവ രാമലക്ഷ്മണധനുര്‍-
ജ്ജ്യാഘോഷമന്ത്രം ജയം.
ലവൻ: കുമാര, രഥത്തിലിരുന്നാൽത്തന്നെയാണു് അങ്ങയ്ക്കു വളരെ ശോഭയുണ്ടാകുന്നതു്. ഇത്രയധികം ആദരിക്കേണമെന്നില്ല.
ചന്ദ്രകേതു: എന്നാൽ മഹാനുഭാവനായ അങ്ങും മറ്റൊരു രഥത്തെ അലങ്കരിക്കു.
ലവൻ: ആര്യ, രാജകുമാരനെ തിരിയേ രഥത്തിൽ കേറ്റുക.
സുമന്ത്രൻ: ചന്ദ്രകേതു പറഞ്ഞതിനെ ഉണ്ണിയും അനുസരിക്കു.
ലവൻ: ഈ സ്വന്തം ഉപകരണങ്ങളിലെനിക്കെന്താണു് വിചാരിപ്പാനുള്ളതു്? എന്നാൽ കാട്ടിലിരിക്കുന്ന ഞങ്ങൾ രഥത്തിൽ കേറി നടക്കുന്നതിനു ശീലിച്ചിട്ടുള്ളവരല്ല.
സുമന്ത്രൻ: ഉണ്ണി, ഗര്‍വ്വത്തിന്നും മര്യാദയ്ക്കും ഉചിതമായിട്ടു സംസാരിപ്പാൻ നിനക്കു നല്ലവണ്ണം അറിയാം. ഇങ്ങിനെയുള്ള നിന്നെ ഇക്ഷ്വാകുവംശജാതനായ രാമഭദ്രൻ കണ്ടുവെങ്കിൽ അദ്ദേഹത്തിന്റെ ഹൃദയം സ്നേഹം കൊണ്ടലിഞ്ഞുപോകും.
ലവൻ: ആര്യ! ആ രാജഷി സുജനമാണെന്നു ഞാൻ കേട്ടിട്ടുണ്ടു്. (ലജ്ജയോടുകൂടി)
ഏവം യാഗം മുടക്കുന്നൊരു പരിഷയിലുൾ-
പ്പെട്ടൊരാളല്ല ഞാനും,
ഭൂവിങ്കൽ പൂജ്യനാമക്ഷിതിപതിയെയെവ-
ന്തന്നെ മാനിക്കയില്ല?
എന്നാലശ്വത്തെ രക്ഷിപ്പവരിഹ സകല-
ക്ഷത്രിയന്മാരെയും ചേര്‍-
ത്തൊന്നാക്ഷേപിച്ചവാക്കെൻ ഹൃദയമതിൽ വികാ-
രത്തെയുണ്ടാക്കിയല്പം.
ചന്ദ്രകേതു: (മന്ദഹാസത്തോടുകൂടി) അച്ഛന്റെ പ്രതാപോല്ക്കർഷത്തിൽക്കൂടിയും അങ്ങയ്ക്ക് അമർഷമോ?
അഞ്ചാമങ്കം (146-149)
ലവൻ: അമര്‍ഷമുണ്ടോ ഇല്ലയോ, അതിരിക്കട്ടെ. ഞാനിതൊന്നു ചോദിച്ചുകൊള്ളുന്നു. രാജാവായ ആ രഘുപതി ശാന്തനാണെന്നാണു് കേട്ടിട്ടുള്ളതു്. അദ്ദേഹം ഗര്‍വ്വിക്കുന്നാളല്ല. അദ്ദേഹത്തിന്റെ പ്രജകളിലും ഗര്‍വ്വമുണ്ടാകയില്ല. പിന്നെന്താണു് അദ്ദേഹത്തിൻറെ ഭടന്മാർ രാക്ഷസവാക്കിനെ പറയുന്നതു്?
ചൊല്ലും മുനീന്ദ്രരിഹ രാക്ഷസവാക്യമെന്നു
വല്ലാത്ത ദൃപ്തകിതവോക്തിയെ രണ്ടിനേയും
എല്ലാ വിരോധവുമിതിങ്കൽ മുളച്ചിടുന്നു
കില്ലില്ല വിത്തുമിതുതാനശുഭത്തിനെല്ലാം.
ഈ കാരണത്താലാകുന്നു ഇതിനെ നിന്ദിക്കുന്നതു്; എന്നാൽ ഇതിനു വിപരീതമായിട്ടുള്ളതിനെ സ്തുതിക്കുകയും ചെയ്യുന്നു.
ധീരന്മാരിഹ സത്യവും പ്രിയവുമാ-
യുള്ളോരു വാക്യത്തിനെ-
പ്പാരിൽ ധേനുവിതെന്നു ചൊല്ലു, മിതിനാ-
ലുണ്ടാം ശുഭം സര്‍വ്വവും;
ചേരും നല്ലൊരു കീര്‍ത്തി,യിഷ്ടമഖിലം
സിദ്ധിക്കുമെന്നല്ലുടൻ
ദൂരത്തോടുമമംഗലം ദുരിതവും
താനേ നശിക്കും ദ്രുതം.
സുമന്ത്രൻ: പരിശുദ്ധസ്വഭാവനായ ഈ വാല്മീകിശിഷ്യൻ ഋഷികളിൽനിന്നു സിദ്ധിച്ച സംസ്ക്കാരത്തിന്നനുരൂപമായിട്ടു സംസാരിക്കുന്നു.
ലവൻ: അല്ലയോ ചന്ദ്രകേതോ, പിന്നെ അങ്ങെന്താണു് ചോദിച്ചതു്, "അച്ഛന്റെ പ്രതാപോൽക്കർഷത്തിൽ ക്കൂടിയും അങ്ങയ്ക്ക് അമര്‍ഷമോ" എന്നോ? എന്നാൽ ഞാൻ ചോദിക്കുന്നു: ക്ഷാത്രധര്‍മ്മങ്ങൾ ഇന്നിന്നവര്‍ക്കേ ഉണ്ടാകാവൂ എന്നു നിയമിക്കപ്പെട്ടിട്ടുണ്ടോ?
സുമന്ത്രൻ: ഇക്ഷ്വാകുവംശജാതനായ ആ മഹാരാജാവിനെ നീ അറികയില്ല; അതിനാലാണ് ഇങ്ങിനെ പറയുന്നതു്. അതുകൊണ്ടു് അതിപ്രസംഗം മതിയാക്കു.
ഓര്‍ത്തീടിലുണ്ണി യുധി സൈന്യവിമർദ്ദനത്താ-
ലോജസ്വിയെന്നു വെളിവായറിയിച്ചു സത്യം;
ആ ജാമദഗ്ന്യനെ ജയിച്ച മഹാങ്കലേവ-
മാക്ഷേപവാക്യമുരചെയ്‍വതിനർഹനല്ല.
ലവൻ: (ചിരിച്ചുംകൊണ്ടു്) ആര്യ! ജാമദഗ്ന്യനെക്കൂടി ജയിച്ചാളാണു് ആ രാജാവു് എന്നു് എന്താണിത്ര ഘോഷിക്കുന്നതു്?
പൊയ്യല്ലൂക്കിഹ വാക്കിലന്തണജന-
ങ്ങൾക്കെന്നതെങ്ങും ശ്രുതം,
കയ്യിന്നുള്ളൊരു വീര്യമോ കരുതിയാ-
ലാ ക്ഷത്രിയന്മാര്‍ക്കുതാൻ;
കയ്യിൽ ശസ്ത്രമെടുത്തൊരന്തണനതാ-
മാ ജാമദഗ്ന്യൻ രണം
ചെയ്യാതന്നു ശമിച്ചു, മാനമിതിനാ ലാ-
ക്ഷത്രിയന്നെന്തഹോ!
ചന്ദ്രകേതു: (ക്ഷോഭത്തോടുകൂടി) ആര്യ ആര്യ, ഉത്തരോത്തരമായി സംസാരിച്ചതു മതി.
എങ്ങുന്നോ പുതുതായിറങ്ങിയ മഹാ-
ഗംഭീരനാണിപ്പുമാ,-
നിന്നോര്ക്കമ്മുനി ജാമദഗ്ന്യനുമഹോ
നിസ്സാരനാകുന്നുപോൽ!
തിങ്ങും മംഗലമേകിയേഴു ഭുവന-
ങ്ങൾക്കും ഭയംതീർത്തുകൊ-
ണ്ടെങ്ങും വിങ്ങിയ താതപുണ്യചരിതം
കേട്ടിട്ടുമില്ലിപ്പുമാൻ.
ലവൻ: രഘുപതിയുടെ ചരിതത്തേയും മാഹാത്മ്യത്തേയും ആരുതന്നെ അറികയില്ല. എന്നാലും കുറച്ചൊന്നു പറവാനുണ്ടു് - അല്ലെങ്കിൽ വേണ്ട.
നന്നല്ല വൃദ്ധചരിതത്തിന്റെ വിചാരമതു
വര്‍ണ്ണിപ്പതെന്തിനു വൃഥാ?
സുന്ദന്റെ ഭാര്യയെ ഹനിച്ചിട്ടുമാ നൃപതി
സൽകീർത്തിയുള്ളൊരു മഹാൻ!
എന്നല്ല പണ്ടു ഖരയുദ്ധത്തിൽ മൂന്നടികൾ
പിൻവെച്ചതും, ചതുരനായ്
ചെന്നന്നു ബാലിയെ വധിച്ചോരു കൗശലവു-
മാര്‍ക്കും ജഗത്തിലറിയാം.
ചന്ദ്രകേതു: ആഃ! താതാപവാദംകൊണ്ടു മര്യാദയെ ലംഘിച്ചവനേ, വല്ലാതെ ഗര്‍വ്വിക്കുന്നുവോ?
ലവൻ: അയേ, എന്റെ നേരെത്തന്നെ പുരികം വളച്ചു നോക്കുന്നുവോ?
സുമന്ത്രൻ: രണ്ടുപേക്കും കോപം ജ്വലിച്ചുപോയി; എന്തെന്നാൽ,
പെട്ടെന്നാകൂതകമ്പം കുടുമകളെയിള-
ക്കുന്നു, രക്താൽപ്പലത്തോ-
ടൊട്ടൗപമ്യം വഹിച്ചീടിന മിഴികൾ ചുവ-
ക്കുന്നു താനേ ക്ഷണത്തിൽ;
തെറ്റെന്നാടുന്ന ചില്ലീലതയുടെ കളികൊ-
ണ്ടങ്കമുള്ളിന്ദുവിന്നും
ചുറ്റിബ്ഭൃംഗം പറക്കും സരസിജമതിനും
തുല്യമായ്തീര്‍ന്നു വക്ത്രം.
ലവൻ: കുമാര, എന്നാൽ വരൂ, യുദ്ധത്തിന്നു യോഗ്യമായ സ്ഥലത്തേക്കു ചെല്ലുക.
(എന്നും എല്ലാവരും പോയി.)
'കുമാരവിക്രമം' എന്ന അഞ്ചാമങ്കം കഴിഞ്ഞു
ആറാമങ്കം (150-155)
ആറാമങ്കം
[അനന്തരം വിമാനത്തിലിരുന്നുകൊണ്ട് വിദ്യാധരദമ്പതികൾ പ്രവേശിക്കുന്നു.]
വിദ്യാധരൻ: അഹോ! അകാരണമായി പ്രചണ്ഡകലഹത്തിന്നൊരുമ്പെട്ട്, ക്ഷാത്രലക്ഷ്മിയെ പ്രകാശിപ്പിക്കുന്ന ഈ സൂര്യകുലകുമാരന്മാരുടെ വിക്രാന്തചരിതങ്ങൾ ദേവാസുരന്മാരെക്കൂടിയും അത്ഭുതത്താൽ വിമൂഢന്മാരാക്കിത്തീര്‍ക്കുന്നു. നോക്കു. എന്തെന്നാൽ പ്രിയേ! നോക്കു
ആടും കാഞ്ചനകിങ്കിണീഝണഝണൽ-
ക്കാരങ്ങൾ ചേരുംവിധം
കോടിജ്യാകടുഘോഷമാര്‍ന്ന നെടുതാം
ചാപം വലിച്ചേറ്റവും
ചൂഡാഗ്രങ്ങൾ വിറയ്ക്കുമാറിവരുടൻ
ബാണം ചൊരിഞ്ഞേവരും
പേടിക്കുംവിധമാടുമീ രണമഹോ
മൂക്കുന്നുതേ മേല്ക്കുമേൽ.
വമ്പിച്ച പോരിലിഹ മംഗളമാശു രണ്ടു
ഡിംഭര്ക്കുമൊപ്പമുളവാകുവതിന്നുവേണ്ടി
ഗംഭീരമായിടിയൊടൊത്തിഹ ധുംധുമെന്നു
ജൃംഭിച്ചിതുമ്പർപുരദുന്ദുഭിഘോരഘോഷം.
അതുകൊണ്ടു് ഇടവിടാതെ വിരിഞ്ഞും മനോഹരങ്ങളായുമുള്ള സ്വര്‍ണ്ണപത്മങ്ങളുടെ സമൂഹങ്ങളിടകലർന്നു ഭംഗിയുള്ളതും കല്പവൃക്ഷങ്ങളുടെ പുതിയ പൂമൊട്ടുകളുടെ പൂന്തേൻകൊണ്ടു സൗരഭ്യമുള്ളതുമായ പുഷ്പവര്‍ഷം ഈ വീരന്മാരിൽ പതിക്കട്ടെ.
വിദ്യാധരി: അഹോ! ഇതെന്താണു്, പെട്ടെന്നു മിന്നൽ പ്പിണരുകൾകൊണ്ടു നിറഞ്ഞപോലെ ആകാശം ക്ഷണത്തിൽ മഞ്ഞനിറമായി തീര്‍ന്നിരിക്കുന്നതു്?
വിദ്യാധരൻ: ഇതെന്താണിപ്പോൾ?
ത്വഷ്ടാവുതന്റെ തിരിയുന്നൊരു യന്ത്രമദ്ധ്യേ
പെട്ടാശു ചുറ്റുമരുണപ്രഭയൊത്ത കാന്ത്യാ
ചുട്ടീടുവാൻ ഝടിതി വിഷ്ടപമഷ്ടമൂർത്തി
പെട്ടെന്നു തൻനിടിലദൃഷ്ടി തുറന്നിരിക്കാം.
(ആലോചിച്ചു്) ഓ, മനസ്സിലായി. വത്സനായ ചന്ദ്രകേതു ആഗ്നേയാസ്ത്രത്തെ പ്രയോഗിച്ചു. അതിൻറ അഗ്നിശിഖാസമൂഹങ്ങൾ ചിതറുന്നതാണിതു്. ഇപ്പോൾ,
കരിഞ്ഞ കേതുചാമരങ്ങളോടുകൂടിയാശു പിൻ-
തിരിഞ്ഞുപോയിതാ വിമാനമണ്ഡലങ്ങളാകവേ
എരിഞ്ഞു തീ ധ്വജത്തിലുള്ള കൂറകൾക്കു കുങ്കുമം
ചൊരിഞ്ഞവണ്ണമുള്ള ഭംഗിനല്കിടുന്നു തൽക്ഷണം.
ആശ്ചര്യം! ചിതറുന്ന വജ്രഖണ്ഡങ്ങൾപോലെ ഭയങ്കരങ്ങളായ വലിയ തീപ്പൊരികളെ പൊട്ടിത്തെറിപ്പിച്ചുകൊണ്ടും ഇടതിങ്ങി ഉയരുന്ന ജ്വാലാമാലകളാൽ നക്കിക്കൊണ്ടും ഭയങ്കരമായി അഗ്നിഭഗവാൻ വ്യാപിച്ചുതുടങ്ങി. ഇദ്ദേഹത്തിന്റെ ചൂട്ട് എല്ലായിടത്തും കഠിനമായിരിക്കുന്നു. അതിനാൽ എന്റെ ദേഹംകൊണ്ടു പ്രിയയെ മറച്ചു വേഗത്തിൽ ദൂരത്തു പൊയ്കളയാം. (അങ്ങിനെ ചെയ്യുന്നു.)
വിദ്യാധരി: ഭാഗ്യത്താൽ നിര്‍മ്മലമായ മുത്തുസരംപോലെ ശീതളമായും മനോഹരമായും ദേഹത്തിലെല്ലാം വ്യാപിച്ചുമിരിക്കുന്ന നാഥന്റെ ഈ ശരീരസ്പർശംകൊണ്ടുണ്ടായ ആനന്ദത്താൽ അല്പം കണ്ണടഞ്ഞിട്ടുള്ള എന്റെ ചൂടൊക്കെ നശിച്ചുപോയി.
വിദ്യാധരൻ: ആയി, ഞാനെന്താണിതിൽ ചെയ്തതു്? അല്ലെങ്കിൽ,
ഒരുവനുടനൊരാളിൽ സ്നേഹമായാലവന്നു-
ള്ളൊരു നിരുപമസൗഖ്യദ്രവ്യമായാളുതന്നെ;
അരികിൽ മരുവിയൊന്നും ചെയ്കയില്ലെങ്കിലും താൻ
മരുവുമൊരു സുഖത്താൽതന്നെ ദുഃഖത്തെ നീക്കും.
വിദ്യാധരി: ഇതാ ഇടതിങ്ങി ഇളകിമറിയുന്ന മിന്നൽക്കൊടികളുടെ വിലാസംകൊണ്ടു് അലംകൃതങ്ങളായും മദിച്ചുമിരിക്കുന്ന മയിലുകളുടെ കണ്ഠങ്ങൾപോലെ ശ്യാമളങ്ങളായുമിരിക്കുന്ന മേഘങ്ങൾ ആകാശത്തിലെങ്ങും വ്യാപിക്കുന്നു.
വിദ്യാധരൻ: അയേ, കുമാരലവൻ പ്രയോഗിച്ച വരുണാസ്ത്രത്തിന്റെ പ്രഭാവമാണിതു്. ഇതാ, ഇടവിടാതെ വീഴുന്ന വാരിധാരാസമൂഹങ്ങൾകൊണ്ടു് ആഗ്നേയാസ്ത്രം ശമിച്ചുപോയി.
വിദ്യാധരി: എനിക്കു വളരെ സന്തോഷമായി.
വിദ്യാധരൻ: അധികമായാലേതും ദോഷകരംതന്നെ. എന്തെന്നാൽ, വലിയ കൊടുങ്കാറ്റുകൊണ്ടു് ഇളകി അതിഗംഭീരമായി ഘോഷിക്കുന്ന മേഘങ്ങൾ നിമിത്തം വർദ്ധിച്ചിരിക്കുന്ന കൂരിരുട്ടുകൊണ്ടു നിബിഡമായി ബന്ധിക്കപ്പെട്ടിരിക്കുന്ന പ്രാണിജാലം ലോകത്തെയെല്ലാം ഒന്നിച്ചു ഭക്ഷിപ്പാനായി തുറന്നിരിക്കുന്ന ഭയങ്കരമായ സംഹാരരുദ്രന്റെ കണ്ഠത്തിനുള്ളിലകപ്പെട്ടുഴലുന്നപോലെയും, പ്രളയകാലത്തിൽ യോഗനിദ്രകൊണ്ടു സകലദ്വാരങ്ങളേയും ബന്ധിച്ച മഹാവിഷ്ണുവിന്റെ ഉദരത്തിലകപ്പെട്ടപോലെയും വല്ലാതെ വിറയ്ക്കുന്നു. നല്ലതു്, വത്സ ചന്ദ്രകേതോ, നല്ലതു് . വായവ്യാസ്ത്രത്തെ വേണ്ട ദിക്കിൽത്തന്നെയാണു പ്രയോഗിച്ചതു്.
പെരുകിയ വായുവിനാൽ ചെ-
ന്നൊരുദിക്കിലുടൻ ലയിച്ചു മേഘനിര,
പരതത്ത്വജ്ഞാനത്താൽ
പരമാത്മാവിൽ പ്രപഞ്ചമതുപോലെ.
വിദ്യാധരി: നാഥ, ഇദ്ദേഹം ആരാണു്? സംഭ്രമത്തോടുകൂടി പൊങ്ങിച്ച കൈകൊണ്ടു് ഉത്തരീയത്തിന്റെ ഒരു തലയെ ഇളക്കിക്കൊണ്ടും ദൂരത്തിൽനിന്നുതന്നെ മധുരവചനങ്ങളാൽ യുദ്ധവ്യാപാരത്തെ പ്രതിഷേധിച്ചുകൊണ്ടും ഈ കുമാരന്മാരുടെ മദ്ധ്യത്തിൽ വിമാനത്തെ ഇറക്കുന്നു.
വിദ്യാധരൻ: (കണ്ടിട്ട്) ഇദ്ദേഹം ശംബൂകനെ സംഹരിച്ചു തിരിച്ചുവരുന്ന രഘുപതിയാണു്.
ചാരുത്വം കലരും മഹാപുരുഷവാ-
ക്കാകർണ്യ തദ്ഗൗരവാൽ
ഘോരം പോരുടനേ വെടിഞ്ഞഥ മഹാ-
ധീരൻ ലവൻ ശാന്തനായ്
വീരൻ ലക്ഷ്മണനന്ദനൻ വിനതനാ-
യ്തീര്‍ന്നീടിനാൻ സാമ്പ്രതം,
സ്വൈരം നന്ദനസംഗമേന നൃപനു-
ണ്ടാകട്ടെ സന്മംഗളം.
എന്നാൽ നാം ഇവിടന്നു പോവുക.
(രണ്ടുപേരും പോയി.)
വിഷ്കംഭം കഴിഞ്ഞു.
(അനന്തരം രാമനും ലവനും വിനീതനായ ചന്ദ്രകേതുവും പ്രവേശിക്കുന്നു.)
രാമൻ: ( വിമാനത്തിൽനിന്നിറങ്ങിക്കൊണ്ടു്)
മനുവിനുടെ കുലത്തിൽ ചന്ദ്രനാം ചന്ദ്രകേതോ,
തനയ, വരിക വേഗം പുല്ക നീ ഗാഢമെന്നെ
ഘനഹിമമതുപോലെശ്ശീതമാം നിന്റെ മെയ്യാ-
ലനിശമെരിയുമെന്നുൾച്ചൂടു മാറട്ടെ വത്സ!
(എഴുനേല്പിച്ചു് സ്നേഹത്തോടും കണ്ണീരോടും കൂടി ആലിംഗനം ചെയ്തിട്ടു്) ദിവ്യാസ്ത്രങ്ങളാൽ അലംകൃതമൂര്‍ത്തിയായ ഉണ്ണിക്കു കുശലമല്ലേ?
ചന്ദ്രകേതു: അത്യത്ഭുതക്രിയനും പ്രിയദര്‍ശനനുമായ ലവന്റെ ലാഭാഭ്യദയംകൊണ്ടു കുശലംതന്നെ. അതിനാൽ, എന്നെപ്പോലെയോ എന്നെക്കാൾ വിശേഷമായിട്ടോ, പ്രശസ്തനായ ഈ മഹാവീരനെ പ്രസന്നമായ കണ്ണുകൊണ്ടു് അച്ഛൻ ദർശിക്കേണ്ടതാണെന്ന് ഞാനറിയിച്ചുകൊള്ളുന്നു.
രാമൻ: (ലവനെ നോക്കീട്ടു് ) ഭാഗ്യത്താലുണ്ണിയുടെ സ്നേഹിതൻ അതിഗംഭീരാകൃതിയായിരിക്കുന്നു. ഇവൻ,
ഇത്രിലോകപരിരക്ഷ ചെയ്യുവതിനസ്ത്ര-
വേദമുടൽപൂണ്ടതോ,
ക്ഷാത്രധര്‍മ്മമുടൽപൂണ്ടു് വേദപരിരക്ഷ-
ണത്തിനു തുനിഞ്ഞതോ,
ഒത്തുചേർന്ന സുഗുണൗഘമോ, നിഖിലപാട-
വങ്ങളുടെ പുഞ്ജമോ,
ഗാത്രമീ ഭുവനപുണ്യവസ്തുനിവഹം
വഹിച്ചിഹ വസിപ്പതോ?
ലവൻ: അഹോ! പുണ്യങ്ങളായ അനുഭാവദർശനങ്ങളോടുകൂടിയ ഈ മഹാപുരുഷൻ,
അതിഭക്തിസ്നേഹങ്ങളു-
മാശ്വാസവുമാശ്രയിക്കുമാലയമോ
അത്യുൽകൃഷ്ടം ധര്‍മ്മമൊ-
രാകാരം പൂണ്ടതോ പ്രസന്നമതായ്?
ആശ്ചര്യം!
കണ്ടപ്പോഴിപ്പുമാനെക്കലഹരുചി ശമി-
ക്കുന്നി, തഗ്ഗര്‍വ്വമെങ്ങോ
മണ്ടുന്നു, മാനസത്തിൽ സുഖമയരസവും
താഴ്മയും ചേര്‍ന്നിടുന്നൂ,
ഉണ്ടായീടുന്നിതെന്തോ പരവശതയെനി-
ക്കോര്‍ക്കിലോ ഗൂഢമായി-
ട്ടുണ്ടാം തീര്‍ത്ഥങ്ങളിൽപ്പോലൊരു മഹിമ മഹാ-
ന്മാരിലും തീര്‍ത്ഥമായി.
രാമൻ: ഇതെന്താണു്? ഒരുമിച്ചുതന്നെ ദുഃഖത്തെ നശിപ്പിക്കുകയും എന്തോ ഒരു കാരണത്താലാത്മാവിനെ സ്നേഹിപ്പിക്കുകയും ചെയ്യുന്നു. അഥവാ സ്നേഹം നിമിത്തത്തെ അവലംബിച്ചേ ഉണ്ടാകൂ എന്നുള്ളതു പ്രമാണിക്കത്തക്കതല്ല. എന്തെന്നാൽ,
ആറാമങ്കം (156-160)
ഏതോ ഹേതു മനസ്സിലുള്ളതു ഘടി-
പ്പിക്കുന്നു വസ്തുക്കളെ,
പ്രീതിക്കാശ്രയമാകയില്ല വെളിയിൽ
കാണുന്ന ധര്‍മ്മാദികൾ;
ശീതാംശൂദയമാകിലാശു കിനിയു-
ന്നില്ലേ ശശാങ്കോപലം,
പ്രാതഃ സൂരനുദിക്കിലാശു വിടരു-
ന്നില്ലേ സരോജങ്ങളും?
ലവൻ: ചന്ദ്രകേതോ, ഇദ്ദേഹം ആരാണു്?
ചന്ദ്രകേതു: പ്രിയവയസ്യ, താതപാദനല്ലേ?
ലവൻ: എന്നാൽ ധര്‍മ്മപ്രകാരം എനിക്കും അങ്ങനെതന്നെ. എന്തുകൊണ്ടെന്നാൽ, അങ്ങെന്നെ പ്രിയവയസ്യനായിട്ടു വിചാരിക്കുന്നുവല്ലോ. എന്നാൽ, നിങ്ങൾക്കിപ്രകാരം വിളിക്കേണ്ടവരായിട്ടു നാലുപേരുണ്ടല്ലോ രാമായണകഥാപുരുഷന്മാർ. അവരിൽവെച്ച് ഇദ്ദേഹം ആരാണു്?
ചന്ദ്രകേതു: ജ്യേഷ്ഠതാതപാദന്തന്നെയെന്നറിഞ്ഞാലും.
ലവൻ: (ഉല്ലാസത്തോടുകൂടി) രഘുനാഥനോ? ഭാഗ്യത്താൽ ഈ ദേവനെ കാണ്മാൻ സംഗതിവന്നതുകൊണ്ടു് ഇതൊരു സുദിനംതന്നെ. (വിനയകൗതുകങ്ങളോടുകൂടി നോക്കീട്ട്) താത, വാല്മീകിശിഷ്യനായ ലവൻ നമസ്കരിക്കുന്നു.
രാമൻ: ആയുഷ്മൻ, വരു വരു. (സ്നേഹത്തോടുകൂടി ആലിംഗനംചെയ്തിട്ട്) ഉണ്ണി, അതിവിനയം മതി മതി. അനേകം പ്രാവശ്യം ഗാഢമായിട്ടെന്നെ ആലിംഗനം ചെയ്യു.
സ്വൈരം വിടര്‍ന്നു നളിനോദരപത്രമൊത്ത
ചാരുത്വമാർദ്ദവമിയന്ന തവാംഗസംഗം
ചോരുന്ന ചന്ദ്രയുതചന്ദനധാരപോലെ
പാരം സുഖാതിശയമിങ്ങുളവാക്കിടുന്നു.
ലവൻ: (ആത്മഗതം) ഇദ്ദേഹത്തിന്നു കാരണം കൂടാതെതന്നെ എന്നെക്കുറിച്ചീവിധം സ്നേഹമുണ്ടായിരിക്കുന്നു. എന്നാൽ മൂഢനായ ഞാനോ, ആയുധസ്വീകാരത്തോളം സംഭവിച്ച ദുര്യോഗത്താൽ ഇദ്ദേഹത്തിനെത്തന്നെയാണു് ദ്രോഹിച്ചതു്. (പ്രകാശം) താതപാദൻ ലവന്റെ ഇപ്പോഴത്തെ അറിവില്ലായ്മ ക്ഷമിക്കണേ!
രാമൻ: വത്സൻ എന്തപരാധം ചെയ്തു?
ചന്ദ്രകേതു: അശ്വരക്ഷകന്മാർ അച്ഛന്റെ പ്രതാപോൽകര്‍ഷത്തെ പ്രകാശിപ്പിച്ചതു കേട്ടിട്ട് ഇദ്ദേഹം വീരസ്വഭാവത്തെക്കാണിച്ചു.
രാമൻ: ഇതു ക്ഷത്രിയന്നലങ്കാരമല്ലേ?
അന്യന്മാക്കുള്ള തേജഃപ്രസരമതു സഹി—
ക്കില്ല തേജസ്വി നൂനം,
തന്നേ സിദ്ധിച്ചതല്ലാതവനുടനുളവാ-
ക്കുന്നതല്ലിസ്വഭാവം;
നന്നായ് സൂര്യൻ ജ്വലിക്കുന്നളവു നികൃതമാ-
യെന്നപോലെന്തുകൊണ്ടാ-
ണന്യൂനം സൂര്യകാന്തോപലമുടനെ വമി-
ക്കുന്നു തേജോഭരത്തെ?
ചന്ദ്രകേതു: താത, ഈ വീരന്നു് അമര്‍ഷവും ഒരലങ്കാരമായിരിക്കുന്നു. അത്രമാത്രമല്ല, പ്രിയസ്നേഹിതൻ പ്രയോഗിച്ച ജൃംഭകാസ്ത്രംകൊണ്ടു് എല്ലാടത്തും സൈന്യങ്ങൾ സ്തംഭിച്ചുപോയി.
രാമൻ: (നോക്കീട്ട്) ഉണ്ണി ലവാ, അസ്ത്രങ്ങളെ സംഹരിക്കു. ചന്ദ്രകേതോ, നീയും ചെന്നു ഒന്നും പ്രവർത്തിപ്പാൻ കഴിയാതെ ലജ്ജിച്ചുനില്ക്കുന്ന സൈന്യങ്ങളെ സമാധാനപ്പെടുത്തു.
ലവൻ: താതന്റെ കല്പനപോലെ. (എന്നു ധ്യാനം നടി ക്കുന്നു.)
ചന്ദ്രകേതു: അച്ഛന്റെ കല്പനപോലെ. (പോയി.)
ലവൻ: അസ്ത്രം പ്രശാന്തമായി.
രാമൻ: വത്സ! പ്രയോഗിക്കാനും സംഹരിപ്പാനും മന്ത്രങ്ങളുള്ള ഈ അസ്ത്രങ്ങൾ ഗുരൂപദേശംവഴിയായി സിദ്ധിക്കേണ്ടവയാണു്.
പുരാ കഠിനമാം തപസ്സിനെ വിരിഞ്ചിമുമ്പാകുമ-
പ്പുരാതനഗുരുക്കൾ ചെയ്തഖിലവേദരക്ഷാര്‍ത്ഥമായ്
ഒരായിരമതില്പരം സമകൾ ചെന്നപിൻ കണ്ടിതി-
ശ്ശരാകൃതികളായ് തപോമയമതാം സ്വതേജസ്സിനെ.
അനന്തരം ഈ ദിവ്യാസ്ത്രമന്ത്രത്തെ ഭഗവാൻ കൃശാശ്വൻ ആയിരത്തിലധികം സംവത്സരം ശിഷ്യനായിരുന്ന ഭഗവാൻ വിശ്വാമിത്രന്നുപദേശിച്ചു; അദ്ദേഹം എനിക്കും. ഇങ്ങിനെയാണു് ഇതു വന്നിട്ടുള്ള ക്രമം. കുമാരനു പിന്നെ ഏതു പാരമ്പര്യമനുസരിച്ചാണു ലഭിച്ചതു് എന്നറിഞ്ഞാൽ കൊള്ളാം.
ലവൻ: ഞങ്ങൾക്കു് ഈ അസ്ത്രങ്ങൾ സ്വതസ്സിദ്ധങ്ങളാണു്.
രാമൻ: (വിചാരിച്ച്) അത്യുൽക്കൃഷ്ടമായ പുണ്യപരിപാകംകൊണ്ടുണ്ടായ എന്തോ ഒരു മഹിമയായിരിക്കാം. 'ഞങ്ങൾക്കു്" എന്നു പറഞ്ഞതിന്റെ സാരമെന്താണു്?
ലവൻ: ഇരട്ടപെറ്റുണ്ടായ ഭ്രാതാക്കളാണു ഞങ്ങൾ.
രാമൻ: എന്നാൽ ആ ഉണ്ണി എവിടെ?
(അണിയറയിൽ )
ഹേ ദാണ്ഡായന ദാണ്ഡായന!
ആയുഷ്മാൻ ലവനുണ്ണി ചെയ്‍വിതു രണം
ഭൂപന്റെ സൈന്യങ്ങളോ-
ടായിട്ടോ പറയുന്നതെന്തുടനതേ-
യെന്നോ ഭവാൻ സ്നേഹിത!
എന്നാലിന്നധിരാജശബ്ദമഖിലം
ചെന്നസ്തമിക്കും ദ്രുതം,
മിന്നും ക്ഷത്രിയശസ്ത്രവഹ്നികളുമി
ന്നൊന്നായ് ശമിച്ചീടുമേ.
രാമൻ:
ആരാണിശ്ശിശുവിന്ദ്രനീലമണിയൊ-
ത്തംഗപ്രഭാപൂര്‍ണ്ണനായ്
സ്വൈരം തൻധ്വനികൊണ്ടുതന്നെ പുളകം
നല്കുന്നു മേ മേനിയിൽ;
പാരം നീലനിറം കലർന്ന നവമാം
ധാരാധരം ധീരമാ-
മാരാവേണ കടമ്പിലാശു മുകുള—
ക്കൂട്ടത്തെ നല്കും വിധം?
ലവൻ: ഇദ്ദേഹമാകുന്നു ആര്യനായ കുശൻ; ഭരതാശ്രമത്തിൽനിന്നു തിരിച്ചുവരികയാണു്.
രാമൻ: (കൗതുകത്തോടുകൂടി) ഉണ്ണി, ആയുഷ്മാനായ അവനെ ഇങ്ങോട്ടുതന്നെ വിളിക്കു.
ലവൻ: അങ്ങിനെതന്നെ. (എന്നു് ചുറ്റിനടക്കുന്നു.)
(അനന്തരം കുശൻ പ്രവേശിക്കുന്നു.)
കുശൻ: ( അത്ഭുതസന്തോഷധൈര്യങ്ങളോടുകൂടി വില്ലിനെ ആസ്ഫാലനം ചെയ്തുകൊണ്ടു്)
ആറാമങ്കം (161-165)
വൃത്രാരാതിക്കുപോലും പടയിലഭയസ-
മ്മാനമെപ്പോഴുമേകി-
ദ്ദൃപ്തന്മാരെദ്ദഹിപ്പിപ്പതിനുടനെരിയും
ക്ഷാത്രതേജോഗ്നിയോടും
വര്‍ദ്ധിക്കും മിത്രഗോത്രോത്ഭവനൃപരെ രണ-
ത്തിന്നു കിട്ടീടിലിന്നെൻ
കത്തും ഘോരാസ്ത്രദീപ്തിച്ഛട തടവിയ ഞാ-
ണുള്ള വില്ലിന്റെ ഭാഗ്യം.
(ബദ്ധപ്പെട്ടു നടക്കുന്നു.)
രാമൻ: ഈ ക്ഷത്രിയക്കുട്ടിയിൽ മഹത്തായ ഒരു പൗരുഷം കാണപ്പെടുന്നു.
നോട്ടം പുല്ലായ് ഗണിക്കുന്നിതു സകലജഗൽ-
സത്വസാരത്തെ നൂനം,
ധാർഷ്ട്യംപൂണ്ടിട്ടുറപ്പുള്ളൊരു ഗതി ധരയെ-
ത്താഴ്ത്തുമോയെന്നു തോന്നും,
കുട്ടിക്കാലത്തുപോലും ഗിരിയൊടു സമമാം
ഗൗരവത്തോടുകൂടി—
പ്പെട്ടെന്നിങ്ങോട്ടു പോരുന്നൊരു ശിശുവിവനാ
വീരമോ ഗർവ്വതാനോ?
ലവൻ: (അടുത്തുചെന്നു്) ആര്യൻ ജയിക്കുന്നു.
കുശൻ: ആയുഷ്‌മൻ, എന്താണു യുദ്ധം യുദ്ധമെന്ന ഒരു വര്‍ത്തമാനം കേട്ടതു്?
ലവൻ: കുറച്ചുണ്ടായി. അതത്ര സാരമില്ല. ആര്യൻ ഈ മഹത്തായ ഗര്‍വത്തെ വിട്ട് ഇവിടെ വിനയത്തോടു കൂടി വര്‍ത്തിക്കേണ്ടതാണു്.
കുശൻ: എന്തിനായിട്ട്?
ലവൻ: മഹാരാജാവായ രഘുപതി ഇവിടെ എഴുന്നള്ളീട്ടുണ്ടു്. അദ്ദേഹം നമ്മെക്കുറിച്ചു സ്നേഹിക്കുന്നു. ആര്യനെ അടുത്തു കാണാനാഗ്രഹിക്കുകയും ചെയ്യുന്നു.
കുശൻ: (ആലോചിച്ച്) വര്‍ണ്ണാശ്രമധ്യപരിപാലകനായ ആ രാമായണകഥാനായകനോ?
ലവൻ: അതേ.
കുശൻ: ആ മഹാത്മാവിന്റെ പുണ്യദർശനം ആഗ്രഹിക്കത്തക്കതുതന്നെ. എന്നാൽ നോം ഏതുവിധത്തിലുള്ള മര്യാദയെ അനുസരിച്ചാണു് അദ്ദേഹത്തിനെ ചെന്നു കാണേണ്ടതെന്നു ഞാനറിയുന്നില്ല.
ലവൻ: അച്ഛനെ ഏതു പ്രകാരമോ, ഉപചാരംകൊണ്ടു് അപ്രകാരംതന്നെ.
കുശൻ: എടോ, അതെങ്ങിനെ?
ലവൻ: സുജനാഗ്രഗണ്യനായ ഊര്‍മ്മിളാപുത്രൻ ചന്ദ്രകേതു പ്രിയവയസ്യനെന്ന നിലയിൽ എന്നെ അനുവര്‍ത്തിക്കുന്നു. അതുകൊണ്ടു് അദ്ദേഹത്തിന്റെ സംബന്ധവഴിയായി ഈ രാജര്‍ഷി നമുക്കും ധര്‍മ്മതാതൻ തന്നെയാണല്ലോ.
കുശൻ: ഇപ്പോൾ ക്ഷത്രിയന്റെ നേരിട്ടും വിനയത്തോടു കൂടിയിരിക്കേണ്ടതായി.
ലവൻ: അനുഭാവഗാംഭീര്യാകൃതികൾകൊണ്ടു് ഊഹിക്കാവുന്ന പലവിധ ലോകോത്തരചരിതാതിശയങ്ങളുള്ള ആ മഹാപുരുഷനെ ആര്യൻ ദര്‍ശിച്ചാലും.
കുശൻ: (നോക്കീട്ട്)
വളരെ പ്രസന്നരൂപം
വലിയ വിശുദ്ധപ്രഭാവമത്യാശ്ചര്യം
വന്ദ്യൻ രാമായണകവി
വാദേവിയെ വേണ്ട ദിക്കിലുപയോഗിച്ചു.
(അടുത്തുചെന്നിട്ട്) താത, വാല്മീകിശിഷ്യനായ കുശൻ നമസ്കരിക്കുന്നു.
രാമൻ: ആയുഷ്മൻ, വരു വരു.
വാരി നിറഞ്ഞുള്ള നവ-
ക്കാറിനു സമകാന്തിയുള്ള നിൻ കായം
സ്വൈരം പുൽകുവതിന്നായ്
പാരം പ്രീത്യാ കൊതിച്ചിടുന്നേൻ ഞാൻ.
(ആലിംഗനംചെയ്ത് ആത്മഗതം) ഈ ബാലകനെന്റ പുത്രനായിരിക്കുമോ?
തിങ്ങിദ്ദേഹത്തിൽനിന്നിട്ടിഹ പല വഴിയായ്
ചോര്‍ന്ന വാത്സല്യമോ, ന-
ല്ലംഗം കയ്ക്കൊണ്ടിവണ്ണം വെളിയിലിഹ വസി-
ക്കുന്ന ചൈതന്യമോ മേ?
തുംഗാനന്ദാൽ ദ്രവിച്ചുള്ളൊരു മമ ഹൃദയം-
കൊണ്ടു സൃഷ്ടിച്ചതോ, ത-
ന്നംഗസ്പര്‍ശങ്ങളാലെന്നുടലിലമൃതൊഴി-
ക്കുന്നുവോയിക്കുമാരൻ?
ലവൻ: താത, വെയിലിന്റെ ചൂട്ട ദുസ്സഹമായിരിക്കുന്നു. അതുകൊണ്ടു് ഇവിടെ സാലവൃക്ഷത്തണലിൽ കുറച്ചു നേരം താതനെഴുന്നള്ളിയിരുന്നാലും!
രാമൻ: ഉണ്ണിയുടെ ഇഷ്ടംപോലെ.
(എല്ലാവരും ചുറ്റിനടന്നിരിക്കുന്നു.)
രാമൻ: (ആത്മഗതം)
ഇതെന്തൊരു മഹാത്ഭുതം? വിനയമോടുതാനെങ്കിലും
ഗതിസ്ഥിതിയിരിപ്പുതൊട്ടൊരു സമസ്തഭാവങ്ങളും
ദ്രുതം കുശനുമോര്‍ക്കിലീ ലവനുമുണ്ടു സാമ്രാജ്യമെ-
ന്നതിസ്ഫുടമതായെനിക്കറിവു തന്നിടുന്നുണ്ടഹോ!
ഉന്നിദ്രാബ് ജമതിന്നു നല്ല മധുവിൻ
ബിന്ദുക്കളാൽ പോലെയും
മിന്നും നല്ല മണിക്കു ചാരുകിരണ-
ക്കൂട്ടങ്ങളാൽ പോലെയും
ചിന്നും കൗതുകകാന്തിയുള്ള തനുവി-
ന്നേറ്റം സ്വതസ്സിദ്ധമാം
സൗന്ദര്യപ്രഭയാൽ വിശിഷ്ടമൊരല -
ങ്കാരം ഭവിക്കുന്നുതേ.
ഇവരിൽ രഘുകുലകുമാരന്മാക്കുള്ള ഛായയും ധാരാളമായി കാണുന്നു.
താരുണ്യം ചേര്‍ന്ന പാരാവതഗളസദൃശ-
ശ്യാമളം ചാരുഗാത്രം,
നേരേ നന്നായ് നിരപ്പുള്ളവയവമെരുതിൻ
സ്കന്ധമൊത്തംസയുഗ്മം,
പാരം ശാന്തസ്വഭാവത്തൊടു മൃഗപതി നോ-
ക്കുന്നപോലൊട്ടനക്കം
ചേരാതുള്ളോരു നോട്ടം, ഘനമധുരമൃദം-
ഗദ്ധ്വനിക്കൊത്ത ശബ്ദം.
(സൂക്ഷിച്ചുനോക്കീട്ട്) അയേ! ഇവരുടെ ആകൃതി എന്റെ ആകൃതിക്കൊത്തിരിക്കുന്നു. എന്നുമാത്രമല്ല,
ആറാമങ്കം (166-170)
ക്ഷോണീനന്ദിനിതന്റെയും സ്ഫുടതരം
സാദൃശ്യമിബ്ബാലരിൽ
കാണുന്നുണ്ടതു നല്ലവണ്ണമറിയാം
സൂക്ഷിച്ചു നോക്കീടുകിൽ;
ചേണാര്‍ന്നുള്ളൊരു നൂതനാംബുജസമ—
ശ്രീചേര്‍ന്നു ശോഭിക്കുമെൻ
പ്രാണപ്രേയസിതന്റെ വക്ത്രമധുനാ
തോന്നുന്നു കാണുംവിധം.
മുത്തുപോലെ ദരദന്തകാന്തി വിളയാടു-
മോഷ്ഠദളമുദ്രയി-
ന്നോര്‍ത്തുകാൺകിലതുതന്നെ, നൂനമതുതന്നെ-
യിശ്രവണപാശവും,
നേത്രയുഗ്മമിതു രക്തനീലനിറമൊത്തു
ചേര്‍ന്നൊരു വിധത്തിലാ,-
ണിത്രതന്നെയൊരു ഭേദമെങ്കിലുമിതിന്റെ
ഭംഗിയതുതാനഹോ!
വാല്മീകി വസിക്കുന്ന ആ കാടുതന്നെയാണിതു്. ഇവിടെയാണല്ലോ പണ്ടു ദേവിയെ പരിത്യജിച്ചതു്. ഇവരുടെ ആകൃതിയും ദേഹവും ഇങ്ങിനെ ഇരിക്കുകയും ചെയ്യുന്നു. എന്നു മാത്രമല്ല, ജൃംഭകാസ്ത്രങ്ങൾ ഇവക്കു സ്വയമായി പ്രകാശിച്ചുമിരിക്കുന്നു. ഇതിലല്പം ആലോചിപ്പാനുണ്ടു്. പണ്ടു ചിത്രദർശനസമയത്തിൽ പ്രസംഗവശാൽ ഞാൻ അസ്ത്രങ്ങളെ അനുവദിച്ചിട്ടുണ്ടായിരുന്നതു് ഒരുസമയം സഫലമായിത്തീർന്നിരിക്കാം. ഈ അസ്ത്രങ്ങൾ പാരമ്പര്യവഴിക്കല്ലാതെ പൂര്‍വ്വന്മാക്കുപോലും സിദ്ധിച്ചിട്ടുള്ളതായി ഞാൻ കേട്ടിട്ടുപോലുമില്ല. ഹൃദയത്തിനുള്ള ഈ സുഖാതിശയമോ, പല വിചാരങ്ങൾകൊണ്ടും ഇളകിമറിയുന്ന എന്റെ ആത്മാവിനെ വിശ്വസിപ്പിക്കുകയും ചെയ്യുന്നു. ദേവിയുടെ ഗര്‍ഭഭാരം രണ്ടായി പിരിഞ്ഞിട്ടുണ്ടായിരുന്നതു പ്രായേണ ഞാനറികയും ചെയ്തിട്ടുണ്ടു്. (കണ്ണീരോടുകൂടി)
പണ്ടുണ്ടായുള്ള രാഗം പരിചയമതിനാൽ
പൂര്‍ണ്ണമായിട്ടുമന്യൻ
കണ്ടെത്താത്തസ്ഥലത്തും ജഡത സഹജമാ
ലജ്ജയാൽ കണ്ണിലെന്നും
ഉണ്ടായീടുന്ന മൽ പ്രേയസിയുടെ ജഠരം
തപ്പി ഞാൻ മുമ്പറിഞ്ഞേൻ
രണ്ടായിട്ടുള്ള ഗര്‍ഭസ്ഥിതി പുനരവളും
തെല്ലുനാൾ ചെന്നറിഞ്ഞാൾ.
(കരഞ്ഞിട്ട്) എന്നാൽ ഏതെങ്കിലും ഒരു ഉപായവഴിക്കു് ഇവരോടു ചോദിച്ചെങ്കിലോ?
ലവൻ: താത! ഇതെന്താണു്,
ഭുവനമംഗളമായ ഭവന്മുഖം
നയനതോയകണങ്ങൾ നിറഞ്ഞഹോ!
തുഹിനബിന്ദുഗണങ്ങൾ നിറഞ്ഞിടും
നളിനഭംഗി വഹിപ്പതു സാമ്പ്രതം?
കുശൻ: അയി വത്സ.
സീതാദേവ്യാ വിനാ ശ്രീരഘുവരനു മഹാ-
ദുഃഖമല്ലാതെ പാര്‍ത്താ-
ലേതുള്ളൂ, തോന്നുമത്രേ പ്രിയയുടെ വിരഹേ
നാടു വൻകാടുപോലേ;
താദൃക്കാ സ്നേഹബന്ധം, വിരഹമതതിരി-
ല്ലാത്തതാ,ണിപ്രകാരം
ചോദിക്കുന്നെന്തു രാമായണകഥയറിയാ-
തുള്ളൊരാൾപോലെയുണ്ണി!
രാമൻ: (ആത്മഗതം) ഇവരുടെ വാക്കുകൾ എന്റെ വിചാരമാര്‍ഗ്ഗത്തെക്കടന്നു നില്ക്കുന്നു. അതുകൊണ്ടു് ഇനി ചോദിച്ചിട്ടു ഫലമില്ല. ദഗ്ദ്ധഹൃദയമേ, നീയെന്താണു് അകാരണമായിട്ടു് സ്നേഹംകൊണ്ടു ചഞ്ചലമായിരിക്കുന്ന ഒരു വികാരത്തെ വഹിക്കുന്നതു്? ശോകാവേഗത്തെ ഹൃദയത്തിലൊതുക്കുവാൻ കഴിയായ്കയാൽ ഞാൻ ഇപ്രകാരം ശിശുക്കൾക്കുംകൂടി ദയ തോന്നത്തക്ക സ്ഥിതിയിലായല്ലൊ. ഇരിക്കട്ടെ, ഇതിനെ മറച്ചുകളയാം. (പ്രകാശം) വത്സന്മാരേ, ഭഗവാൻ വാല്മീകിയുടെ സരസ്വതീവിലാസമായിട്ടും സൂര്യവംശത്തിന്റെ ചരിതവണ്ണനമായിട്ടും ഉള്ള രാമായണമെന്ന ഒരു പ്രബന്ധമുണ്ടെന്നു കേൾക്കുന്നുവല്ലോ. അതി ലുള്ള കൗതുകംകൊണ്ടു് എവിടെയെങ്കിലും അല്പം കേൾക്കുന്നതിനു ഞാനാഗ്രഹിക്കുന്നു.
കുശൻ: ആ ഗ്രന്ഥം ഞങ്ങൾ മുഴുവനും വായിച്ചുകഴിഞ്ഞിട്ടില്ല. ബാലചരിതം അവസാനിക്കുന്ന അദ്ധ്യായത്തിലെ രണ്ടു ശ്ലോകങ്ങൾ ഇപ്പോൾ ഓര്‍മ്മയുണ്ടു്.
രാമൻ: ഉണ്ണി ചൊല്ലു.
കുശൻ:
“പ്രകൃത്യൈവ പ്രിയാ സീതാ രാമസ്യാസീന്മഹാത്മനഃ
പ്രിയഭാവസ്സ തു തയാ സ്വഗുണൈരേവ വര്‍ദ്ധിതഃ
തഥൈവരാമസ്സീതായാഃ പ്രാണേഭോപി പ്രിയോഽഭവൽ
ഹൃദയം ത്വേവ ജാനാതി പ്രീതിയോഗം പരസ്പരം."
പ്രേമം സ്വയമായ് തന്നേ
ശ്രീമാൻ രാമന്നുദിച്ചു ജാനകിയിൽ
ഭൂമകളതിനെത്തൻ ഗുണ-
സാമര്‍ത്ഥ്യംകൊണ്ടുതന്നെ വലുതാക്കി.
രാമനിലാത്മാവേക്കാൾ
പ്രേമമുദിച്ചു തഥൈവ സീതയ്ക്കും
പ്രീതി പരസ്പരമുള്ളതു
ചേതസ്സിനു മാത്രമേ ഗ്രഹിക്കാവൂ.
രാമൻ: കഷ്ടം! അതിഭയങ്കരമാകുംവണ്ണം ഹൃദയമര്‍മ്മങ്ങൾ വല്ലാതെ പിളര്‍ന്നുപോകുന്നു. ഹാ! ദേവി, അന്നത്തെ പ്രീതിയോഗം ഇങ്ങിനെ തന്നെയായിരുന്നുവല്ലൊ. അഹോ! അഹേതുകമായിട്ടുള്ള അവസ്ഥാവ്യത്യാസത്താൽ വിപരീതസ്വഭാവങ്ങളായിട്ടു വ്യസനത്തിലായവസാനിക്കുന്ന ഈ സംസാരവൃത്താന്തങ്ങൾ എന്നെ തപിപ്പിക്കുന്നു.
അന്നത്തെസ്സൗഖ്യദുഃഖങ്ങളിലിരുമന-
സ്സിന്റെ യോജിപ്പു,മേറ്റം
നന്നായ് വിശ്വാസമൂലം പെരുകിയ കുതുകാ-
നന്ദമാര്‍ന്നുള്ളിരുപ്പും,
അന്യോന്യപ്രീതിയത്നങ്ങളുമെവിടെ? മഹാ-
കഷ്ടമീവണ്ണമായി-
ട്ടിന്നും വേർപെട്ടുപോകാതഹഹ! ഹൃദി ചലി—
ക്കുന്നിതിപ്പാപി ജീവൻ.
അഹോ കഷ്ടം!
തിരക്കിക്കൊണ്ടന്നെൻ പ്രിയതമയി-
ലൊന്നിച്ചുടനുദി-
ച്ചിരിക്കുന്നോരോരോ സുഗുണനി-
രയാൽ ചാരുതരമായ്
സ്മരിപ്പാൻ വയ്യാതുള്ളൊരു സമ-
യമേതെങ്കിലതുതാൻ
സ്‌ഫുരിപ്പിച്ചു കഷ്ടം ഹൃദയമ-
തിലിബ്ബാലവചനം.
നന്നായ് വേരൂന്നി മാറത്തഥ ചിലദിവസം
കൊണ്ടഹോ തെല്ലുതെല്ലായ്
മന്ദം മന്ദം മുളച്ചെൻ പ്രിയയുടെ മുല തെ-
ല്ലന്നു വിസ്തീര്‍ണ്ണമായി
ഒന്നായ് പ്രായാഭിലാഷപ്രണയമിവ കലര്‍-
ന്നന്നു കാമാഗ്നി ചിത്തം
തന്നിൽ സമ്പൂര്‍ണ്ണമായും പ്രിയയുടെ തനുവിൽ
സന്നമായും വിളങ്ങി.
കുശൻ: ഗംഗാതീരത്തിലുള്ള ചിത്രകൂടവനത്തിൽ ക്രീഡിക്കുമ്പോൾ രഘുപതി സീതാദേവിയോടു പറഞ്ഞ ശ്ലോകമാണിതു്:
"ത്വദര്‍ത്ഥമിവ വിന്യസ്തശ്ശിലാപട്ടോയമഗ്രതഃ
യസ്യായമഭിതഃ പുഷ്പൈഃ പ്രവൃഷ്ട ഇവ കേസരഃ"
സുമനിരകളെ നന്നായ്ക്കേസരം വാരി വര്‍ഷി-
ച്ചമിതസുഷമയോടും മുന്നിലായ് വെച്ചപോലേ
സമതയൊടു വിളങ്ങും നല്ലൊരിക്കല്ലു കണ്ടാൽ
സുമുഖി, തവ ശയിപ്പാനുള്ളതാണെന്നു തോന്നും.
രാമൻ: (ലജ്ജാസ്മിതസ്നേഹവ്യസനങ്ങളോടുകൂടി) കഥയില്ലാത്തവരാണല്ലോ കുട്ടികൾ. കാട്ടിൽ വസിക്കുന്നവരായാൽ പിന്നെ പറയാനുണ്ടോ? ഹാ ദേവി, ആ കാലത്തുള്ള വിശ്വാസാദികളിൽ സാക്ഷിയായ ആ പ്രദേശത്തെ സ്മരിക്കുന്നുണ്ടോ? ഹാ, കഷ്ടം! കഷ്ടം!
നന്നായ് ഗംഗയിൽനിന്നു മന്ദമണയും
കാറ്റേറ്റു നീലാളകം
ചിന്നുമ്പോൾ പ്രഭ തെല്ലുതെല്ലു മറയും
ഫാലേന്ദുവാൽ കാന്തമായ്
കര്‍ണ്ണത്തിന്നൊരു ഭൂഷയില്ല കവിളിൽ
കാശ്മീരമില്ലെങ്കിലും
കണ്ണിന്നുത്സവമായ് വിളര്‍ത്തു വിലസും
നിൻ വക്ത്രമോര്‍ക്കുന്നു ഞാൻ.
(സ്തംഭിച്ചപോലെയിരുന്നു വ്യസനത്തോടുകൂടി) അഹോ ആശ്ചര്യം!
ആറാമങ്കം (171-173)
പാരം ചിന്തിച്ചു ചിന്തിച്ചൊരുവിധമുളവായ്
മുന്നിലുണ്ടെന്നു തോന്നു-
ന്നേരത്താശ്വാസമല്പം പ്രിയജനമുളവാ-
ക്കുന്നു വേർപാടിലും താൻ;
നേരേ കണ്ടോരു രൂപം മറയുകിലുലകം
ജീര്‍ണ്ണമാം കാടതാകും;
നീറുന്നുണ്ടെന്നു തോന്നും ഹൃദയമുടനുമി-
ത്തീയിൽ വെന്തെന്നപോലെ.
(അണിയറയിൽ )
ശ്രീരാമാംബകളൊത്തരുന്ധതിയുമാ
വാല്മീകി വൈദേഹനാ-
മാ രാജര്‍ഷി വസിഷ്ഠനും ശിശുരണം
കേട്ടേറ്റവും ഭീതരായ്
ദൂരത്താശ്രമമാകയാൽ ത്വരിതചി-
ത്തന്മാരതെന്നാകിലും
പോരുന്നൂ ജരയുള്ള മേനി വളരെ
ക്ഷീണിച്ചിതാ മന്ദമായ് .
രാമൻ: ഭഗവാന്മാരായ അരുന്ധതീവസിഷ്ഠന്മാരും അംബമാരും ജനകനും ഇവിടെത്തന്നെയോ? കഷ്ടം! ഇവരെ എങ്ങിനെയാണു് ഞാൻ കാണുന്നതു്! (വ്യസനത്തോടുകൂടി നോക്കീട്ട് ) അഹഹ! താതജനകനുംകൂടി ഇവിടെ വന്നിട്ടുള്ളതിനാൽ ഭാഗ്യഹീനനായ ഞാൻ വജ്രംകൊണ്ടു താഡിതനായി.
ശ്ലാഘ്യം സംബന്ധമെന്നോര്‍ത്തതിമുദമിയലും
ശ്രീവസിഷ്ഠാദ്യരോടും
മക്കൾക്കുള്ളാ വിവാഹോത്സവകുതുകികളാം
താതയോസ്സംഗതത്തെ
ഇക്കണ്ണാൽ കണ്ട ഞാനിപ്പിതൃസഖമുഖമി-
ക്കഷ്ടകാലത്തു കണ്ടും
ദുഃഖാൽ പൊട്ടിത്തെറിച്ചില്ലുടലുട, നഥവാ
രാമനാലെന്തശക്യം!
(അണിയറയിൽ )
കഷ്ടം! കഷ്ടം!
നന്നായുള്ളനുഭാവമൊന്നു തനുവിൽ
ശേഷിച്ചുകൊണ്ടീവിധം
നന്നെ ക്ഷീണിതനാം രഘുപ്രവരനെ-
ക്കണ്ടിട്ടു പെട്ടെന്നഹോ
നിന്നൊന്നാദിയിലമ്പരന്നു ജനകൻ
പിന്നെ ഗ്രഹിപ്പിക്കയാ-
ലൊന്നായ് വന്നഴൽകൊണ്ടു മോഹമുടനേ
പ്രാപിച്ചു രാമാംബമാർ.
രാമൻ: ഹാ, താത ജനക! ഹാ, അംബമാരേ!
ജനകരഘുകുലത്തിൻ ക്ഷേമസര്‍വ്വസ്വമായി-
ട്ടനുപമഗുണമെല്ലാം ചേര്‍ന്നൊരാ വസ്തുവിങ്കൽ
കനിവൊരു ലവമില്ലാതുള്ളൊരിപ്പാപിതന്നോ-
ടനുചിതമിനി നിങ്ങൾക്കുള്ള കാരുണ്യപൂരം.
ഇവരെ ചെന്നു കാണുകതന്നെ. ( എന്ന് എഴുനേല്ക്കുന്നു.)
കുശലവന്മാർ: താതൻ ഇതിലേ ഇതിലേ.
(വ്യസനത്തോടുകൂടി ചുറ്റിനടന്നു എല്ലാവരും പോയി.)
'കുമാരപ്രത്യഭിജ്ഞാന'മെന്ന ആറാമങ്കം കഴിഞ്ഞു
ആറാമങ്കം (174-178)
ഏഴാമങ്കം
[അനന്തരം ലക്ഷ്മണൻ പ്രവേശിക്കുന്നു.)
ലക്ഷ്മണൻ: ഭോ ഭോ! ഭഗവാൻ വാല്മീകിമഹർഷി ഞങ്ങളോടുകൂടി നാട്ടിലും നഗരത്തിലും വസിക്കുന്ന ബ്രാഹ്മണക്ഷത്രിയസമേതന്മാരായ ജനങ്ങളെ ക്ഷണിച്ചും, ദേവാസുരതിര്യഗുരഗനായകന്മാരോടുകൂടി നിഖിലങ്ങളായ സ്ഥാവരജംഗമഭൂതസമൂഹങ്ങളെ തന്റെ പ്രഭാവം കൊണ്ടും, ഇവിടെ വരുത്തിയിരിക്കുന്നു. ആര്യൻ എന്നോടിങ്ങിനെ കല്പിച്ചുമിരിക്കുന്നു: “വത്സ ലക്ഷ്മണ, ഭഗവാൻ വാല്മീകി തന്റെ കൃതിയെ അപ്സരസ്ത്രീകളെക്കൊണ്ടു് അഭിനയിപ്പിക്കുന്നതു കാണ്മാനായിട്ടു നമ്മെ ക്ഷണിച്ചിരിക്കുന്നു. അതിനാൽ ഗംഗാതീരത്തിലുള്ള രംഗസ്ഥാനത്തിങ്കൽ ചെന്നു സാമാജികന്മാരെ യഥാക്രമം ഇരുത്തേണ്ടതാണു്" എന്ന്. അതിനാൽ ഞാനിപ്പോൾ മർത്ത്യാമർത്ത്യങ്ങളായ സകലഭൂതസമൂഹങ്ങളേയും ഉചിതങ്ങളായ സ്ഥാനങ്ങളിലിരുത്തുകയും ചെയ്തു.
എന്നും നിവാസമിഹ രാജപദാശ്രമത്തി-
ലെന്നാലുമേവമതികഷ്ടമുനിവ്രതത്തെ
നന്നായ് വഹിച്ചിടുമൊരാര്യനിതാ വരുന്നി-
തൊന്നാമനാം കവിയിലുള്ളൊരു ഗൗരവത്താൽ.
രാമൻ: (പ്രവേശിച്ചിട്ടു്)വത്സ ലക്ഷ്മണ, നാടകം കാണ്മാനുള്ളവരെല്ലാം ഇരുന്നുവോ?
ലക്ഷ്മണൻ: ഉവ്വ്.
രാമൻ: എന്നാൽ, വത്സന്മാരായ ഈ കുശലവന്മാരേയും ചന്ദ്രകേതുവിനെപ്പോലെ മാന്യസ്ഥാനത്തിലിരുത്തേണ്ടതാണു്.
ലക്ഷ്മണൻ: ആര്യന്നു് ഇവരിലുള്ള വാത്സല്യത്തെ അറിഞ്ഞു ഞാനങ്ങിനെതന്നെ ചെയ്തിട്ടുണ്ടു്. ഇതാണു് വിരിച്ചിട്ടുള്ള രാജാസനം. ഇതിലാര്യനിരുന്നാലും.
(രാമൻ ഇരിക്കുന്നു. എല്ലാവരും ഇരിക്കുന്നു.)
രാമൻ: എന്നാൽ ആരംഭിച്ചുകൊള്ളട്ടെ.
സൂത്രധാരൻ: ( പ്രവേശിച്ചിട്ട്) ഭോ ഭോ! ഭൂതാര്‍ത്ഥവാദിയായ ഭഗവാൻ വാല്മീകി സ്ഥാവരജംഗമാത്മകമായ ജഗത്തിനോടാജ്ഞാപിക്കുന്നു: "നോം ദിവ്യചക്ഷുസ്സു കൊണ്ടറിഞ്ഞിട്ട് കരുണാത്ഭുതരസങ്ങളുള്ള പരിശുദ്ധമായ ഒരു രൂപകം നിര്‍മ്മിച്ചിട്ടുണ്ടു്. കാര്യഗൗരവമുള്ളതുകൊണ്ടു് അതിലെല്ലാവരും ശ്രദ്ധവെക്കേണ്ടതാണു്" എന്നു്.
രാമൻ: ഇതു പറയപ്പെട്ടിട്ടുണ്ടു്: "ധർമ്മങ്ങളെ പ്രത്യക്ഷമായിട്ടറിഞ്ഞിട്ടുള്ളവരാകുന്നു ഋഷികൾ. ഭഗവാന്മാരായ അവരുടെ അമൃതസാരങ്ങളായും സത്വഗുണപ്രധാനങ്ങളായുമുള്ള പ്രജ്ഞാനങ്ങൾ പ്രവേശിക്കുന്നതിൽ വല്ല ദിക്കിലും തടസ്ഥമുണ്ടായേക്കുമോ എന്നു ശങ്കിപ്പാനിടയില്ല" എന്ന് .
(അണിയറയിൽ)
ഹാ ആര്യപുത്ര, ഹാ കുമാരലക്ഷ്മണ, ഏകാകിനിയായും ഭാഗ്യഹീനയായും അശരണയായും അരണ്യത്തിൽ പ്രസവവേദന ആരംഭിച്ചുമിരിക്കുന്ന എന്നെ ദുഷ്ടമൃഗങ്ങൾ ഭക്ഷിപ്പാനാഗ്രഹിക്കുന്നു. അതുകൊണ്ടു് ഭാഗ്യഹീനയായ ആ ഞാനിപ്പോൾ ഗംഗയിൽ ദേഹത്ത ത്യജിക്കുന്നു.
ലക്ഷ്മണൻ: (ആത്മഗതം) കഷ്ടം! ഇതെന്തോ വേറെ ഒന്നാണു്.
സൂത്രധാരൻ:
ഭൂപാലനാക്കൊടിയ കാട്ടിലുടൻ വെടിഞ്ഞ
ഭൂപുത്രിയാം രഘുകുലേശ്വരധര്‍മ്മപത്നി
ആപന്നയായ് പ്രസവവേദനചേര്‍ന്നുദിച്ച
താപം നിമിത്തമുടൽ ഗംഗയിലിട്ടിടുന്നു.
(എന്നു പോയി.)
രാമൻ: ഹാ! ദേവി! ലക്ഷ്മണ, രക്ഷിക്കു.
ലക്ഷ്മണൻ: ആര്യ, നാടകമാണിതു്.
രാമൻ: ഹാ! ദേവി ദണ്ഡകാരണ്യവാസപ്രിയസഖി, രാമൻ നിമിത്തമല്ലേ ഈ കഷ്ടാവസ്ഥ ഭവതിക്കു വന്നതു്!
ലക്ഷ്മണൻ: ആര്യ, പ്രബന്ധാര്‍ത്ഥത്തെ ദര്‍ശിച്ചാലും!
രാമൻ: വജ്രഹൃദയനായ ഞാൻ ഇതാ സജ്ജനായിരിക്കുന്നു.
(അനന്തരം ഓരോ കുട്ടികളെ മടിയിൽ വെച്ചിട്ടുള്ള ഗംഗാഭൂമികളാൽ താങ്ങപ്പെട്ടുകൊണ്ടു സീതാദേവി പ്രവേശിക്കുന്നു.)
രാമൻ: വത്സ ലക്ഷ്മണ, എന്തെന്നറിവാൻ പാടില്ലാത്തതും അകാരണമായി സംഭവിച്ചതുമായ ഒരു കൂരിരുട്ടിൽ ഞാൻ പ്രവേശിക്കുന്നപോലെ തോന്നുന്നു. എന്നെത്താങ്ങിക്കൊൾക.
ഗംഗ:
സമാശ്വസിക്കാശു ശുഭേ! ധരാസുതേ;
സമസ്തഭാഗ്യങ്ങളുമൊത്തുചേര്‍ന്നുതേ;
ത്വമംബുവിൽ പെറ്റിതു രാഘവാന്വയം
സമുദ്ധരിക്കുന്നൊരു ദാരകദ്വയം.
സീത: (ആശ്വസിച്ചിട്ട്) ഭാഗ്യത്താൽ രണ്ടു പുത്രന്മാരെ ഞാൻ പ്രസവിച്ചു. അയ്യോ ആര്യപുത്ര! (മൂർച്ഛിക്കുന്നു.)
ലക്ഷ്മണൻ: (പാദങ്ങളിൽ വീണിട്ട്) ആര്യ ആര്യ, നോം ഭാഗ്യത്താൽ വര്‍ദ്ധിക്കുന്നു. രഘുവംശത്തിന്നു മംഗളങ്ങളായ അങ്കുരങ്ങളുണ്ടായി. (നോക്കീട്ട്) ഹാ ഹാ! ഇളകിവരുന്ന കണ്ണീരുകളുടെ പ്രവാഹത്താൽ പരവശനായിട്ടു് ആര്യൻ മോഹിച്ചുപോയിരിക്കുന്നു. (എന്നു വീശുന്നു.)
ഭൂമി: വത്സേ! ആശ്വസിക്കു, ആശ്വസിക്കു.
സീത: (ആശ്വസിച്ചിട്ട്) ഭഗവതി, നിങ്ങളാരാണു്? ഇവരാരാണു്?
ഭൂമി: ഇവർ നിൻെറ ശ്വശുരകുലദേവതയായ ഭഗവതി ഭാഗീരഥിയാണു്.
സീത: ഭഗവതി, നിങ്ങൾക്കു നമസ്കാരം.
ഗംഗ: ചാരിത്രത്തിന്നുചിതമായ കല്യാണസമ്പത്തുണ്ടാകട്ടെ.
ലക്ഷ്മണൻ: ഞങ്ങൾ അനുഗൃഹീതരായി.
ഗംഗ: ഇവരാണു നിന്റെ മാതാവായ ഭൂമിദേവി.
സീത: ഹാ അമ്മേ, ഈ സ്ഥിതിയിലായിട്ടോ എന്നെക്കാണ്മാൻ സംഗതിവന്നതു്!
ഭൂമി: വരു വത്സേ, വരു മകളേ, (എന്നു് സീതയെ ആലിംഗനംചെയ്തു മൂർച്ഛിക്കുന്നു.)
ലക്ഷ്മണൻ: (സന്തോഷത്തോടുകൂടി) ഭാഗ്യത്താൽ ഭൂമിദേവിയാലും ഗംഗാദേവിയാലും ആര്യ അനുഗൃഹീതയായി.
രാമൻ: (നോക്കീട്ട്) ഇതു് ഏറ്റവും വ്യസനകരമായിട്ടിരിക്കുന്നുവല്ലോ. എല്ലാം ഭരിക്കുന്ന ഭൂമിദേവികൂടി വ്യസനിക്കുന്നു എന്നുള്ളതുകൊണ്ടു് പുത്രസ്നേഹം മറ്റെല്ലാ സ്നേഹങ്ങളേക്കാളും ശ്രേഷ്ഠമായ്ത്തീര്‍ന്നു. അഥവാ, ഈ സംസാരതന്തു സർവ്വസാധാരണമായിട്ടുള്ളതും സ്നേഹത്താൽ ബന്ധിക്കപ്പെട്ടിട്ടുള്ളതും ഛേദിച്ചു കളയുവാൻ പാടില്ലാത്തവിധത്തിൽ സര്‍വ്വപ്രാണികളുടെയും ഉള്ളിൽ കിടക്കുന്നതുമാണല്ലൊ.
ഗംഗ: വത്സേ ജാനകി, ദേവി ഭൂതധാത്രി, ആശ്വസിപ്പിൻ, ആശ്വസിപ്പിൻ.
ഭൂമി: (ആശ്വസിച്ചു്) ദേവി, സീതയെ പ്രസവിച്ചിട്ടു ഞാനെങ്ങിനെ ആശ്വസിക്കുന്നു?
അന്നാ രാക്ഷസമദ്ധ്യവാസമുളവായ്
പുത്രിക്കു രണ്ടാമതാ-
യിന്നീ ത്യാഗകഠോരദുഃഖവുമഹോ!
കഷ്ടം സഹിക്കാവതോ?
ഗംഗ:
നന്നായോര്‍ക്ക വസുന്ധരേ, വിധിവശാൽ
കര്‍മ്മാനുരൂപങ്ങളായ്
വന്നീടുന്ന ഫലങ്ങളെത്തടയുവാൻ
പാരിങ്കലാരാളഹോ!
ഭൂമി: ഭാഗീരഥി, ഭവതി പറഞ്ഞതു ശരിതന്നെ. എന്നാൽ രാമഭദ്രനിങ്ങിനെ ചെയ്തതു നന്നായോ?
ആറാമങ്കം (179-183)
ചെറിയ വയസിതന്നേ ചെയ്ത പാണിഗ്രഹത്തി-
ന്നരിമ ജനകനീ ഞാനഗ്നി ചിത്താനുവൃത്തി
പരഗതിയെ വരുത്തീടുന്ന സന്താനലാഭം
പരമവനിവയൊന്നും തന്നെയോര്‍ത്തീലയല്ലോ.
സീത: എനിക്കു് ആയ്യപുത്രന്റെ ഓര്‍മ്മയുണ്ടാക്കി.
ഭൂമി: ഛീ! ആരാണു് നിനക്കാര്യപുത്രൻ?
സീത: (ലജ്ജയോടും കണ്ണീരോടുംകൂടി) അമ്മ എങ്ങിനെ പറയുന്നുവോ അങ്ങിനെതന്നെ.
രാമൻ: അമ്മേ ഭൂമിദേവി, ഞാനിങ്ങിനെയുള്ളവൻതന്നെ.
ഗംഗ: ഭഗവതി വസുന്ധരേ, ഭവതി സംസാരത്തിന്റെ ശരീരമാണല്ലോ; പിന്നെന്താണു് ഒന്നും അറിഞ്ഞുകൂടാത്തവളെന്നപോലെ ജാമാതാവിന്റെ നേരെ കോപിക്കുന്നതു്?
ഘോരം പാരിൽ പരന്നൂ പെരുകിയൊരയശ—
സ്സഗ്നിസംശുദ്ധിയേറ്റം
ദൂരത്തായുള്ള ലങ്കാപുരമതി,ലതിലി-
ങ്ങാര്‍ക്കു വിശ്വാസമുണ്ടാം?
പാരം ദുസ്സാധ്യമായുള്ള ഖിലജനസമാ-
രാധനംതന്നെയല്ലോ
സാരം ശ്രീരാഘവന്മാര്‍ക്കൊരു കുലധനമാ-
ക്കുട്ടി മറ്റെന്തു ചെയ്യും?
ലക്ഷ്മണൻ: സര്‍വ്വപ്രാണികളുടേയും അന്തഃകരണവൃത്തികളെ നല്ലവണ്ണം അറിയുന്നവരാണല്ലൊ ദേവതകൾ, ഗംഗ വിശേഷിച്ചും. അതുകൊണ്ടു ഭവതിക്കിതാ നമസ്കാരം.
രാമൻ: അംബേ, ഭഗീരഥകുടുംബത്തിൽ ഇടവിടാതെ ഭവതിക്കുള്ള പ്രസാദത്തെ ഭവതി ഇപ്പോഴും അനുവര്‍ത്തിച്ചു.
ഭൂമി: ദേവി, ഭവതിയുടെ സ്വന്തമായ ഭഗീരഥകുലത്തിൽ ജനിച്ചവരോടു ഞാനെന്നും പ്രസന്നയായ്ത്തന്നെ ഇരിക്കുന്നു. എന്നാൽ സഹിപ്പാൻ വയ്യാത്തവിധത്തിൽ സംഭവിച്ച ശോകാവേഗത്തിലിങ്ങിനെ പറഞ്ഞുപോയതാണു്. പിന്നെ രാമഭദ്രന്നു സീതയിലുള്ള സ്നേഹവും ഞാനറിയാതിരിക്കുന്നില്ല.
തനുജയെ മമ വത്സൻ ദൈവഗത്യാ വെടിഞ്ഞി-
ട്ടനിശമഴൽനിമിത്തം മാനസം വെന്തുനീറി
അനുപമനിജധൈര്യം കൊണ്ടു ജീവിച്ചിടുന്നൂ
ജനതതിയതിമാത്രം ചെയ്ത പുണ്യങ്ങൾകൊണ്ടും.
രാമൻ: ഗുരുജനങ്ങൾ പുത്രന്മാരിൽ കരുണയുള്ളവരാണല്ലോ.
സീത: (കരഞ്ഞു തൊഴുതുകൊണ്ടു് ) അമ്മേ, അമ്മയുടെ അംഗങ്ങളിൽ എന്നെ ലയിപ്പിക്കണേ!
രാമൻ: ഇതല്ലാതെ വേറെ എന്തു പറയും?
ഗംഗ: ശിവശിവ! കഷ്ടം കഷ്ടം! ആയിരം സംവത്സരം ലയിക്കാതെതന്നെ ഭവിക്കു.
ഭൂമി: മകളേ, നിന്റെ പുത്രന്മാരെ രക്ഷിക്കേണ്ടേ?
സീത: ഞാൻ അനാഥയാണല്ലൊ.
രാമൻ: ഹൃദയമേ, നീ വജ്രമയംതന്നെ.
ഗംഗ: നാഥനുള്ള നീ എങ്ങിനെ അനാഥയാകുന്നു?
സീത: ഞാനെങ്ങിനെയാണു് നാഥനുള്ളവളാകുന്നതു്?
ഗംഗയും ഭൂമിയും:
അഖിലജഗന്മംഗളമാ-
മാത്മാവിനെ നിന്ദചെയ്‍വതെന്തിനു നീ?
അതിനുടെ സംഗത്താലി-
ന്നത്യന്തവിശുദ്ധിചേര്‍ന്നു ഞങ്ങൾക്കും.
ലക്ഷ്മണൻ: ആര്യ, കേട്ടുവോ?
രാമൻ: ജനങ്ങൾ കേൾക്കട്ടെ.
(അണിയറയിൽ കോലഹലം)
രാമൻ: എന്തോ അത്യത്ഭുതമായ ഒന്നാണു്.
സീത: എന്താണിങ്ങിനെ ആകാശം ജ്വലിക്കുന്നതു്?
ഗംഗയും ഭൂമിയും: മനസ്സിലായി.
മുന്നം കൃശാശ്വൻ കുശികാത്മജന്നും
പിന്നെക്കനിഞ്ഞമുനി രാഘവന്നും
നന്നായ് ഗ്രഹിപ്പിച്ചൊരു ജൃംഭകങ്ങൾ
തന്നേ സ്ഫുരിക്കുന്നിതു മൂര്‍ത്തിയോടും.
(അണിയറയിൽ)
അവനിതനയയാകും ദേവി സീതേ, നമസ്തേ!
ഭവതിയൊടതിമോദാൽ ചിത്രസന്ദര്‍ശനത്തിൽ
ഭുവനപതി മഹാത്മാ രാഘവൻ ചൊന്നവണ്ണം
തവ തനയരെ വന്നിന്നാശ്രയിക്കുന്നു ഞങ്ങൾ.
സീത: ഭാഗ്യത്താലസ്ത്രദേവതകൾ പ്രകാശിക്കുന്നു.
ലക്ഷ്മണൻ: അന്നു് ആര്യൻ പറയുകയുണ്ടായി: “ഇപ്പോൾ സര്‍വ്വവിധത്തിലും ഇതുകൾ ഭവതിയുടെ സന്താനത്തെ പ്രാപിക്കും" എന്നു് .
ഗംഗയും ഭൂമിയും:
ഇത്ഥം നിങ്ങൾ പരിഗ്രഹിച്ചതയി ദി-
വ്യാസ്ത്രങ്ങളേ, ഞങ്ങളിൽ
പ്രത്യേകിച്ചുളവാക്കി ധന്യത നമ-
സ്കാരങ്ങൾ നിങ്ങൾക്കിതാ!
അത്യന്തം കൃപയോടുമുണ്ണികൾ നിന-
ച്ചീടുന്നനേരത്തു വ-
ന്നെത്തീടേണമടുക്കലെന്നുമുളവാം
നിങ്ങൾക്കു സന്മംഗളം.
രാമൻ:
തെരുതെരെയിളകിയുമിപ്പോൾ
പരമാനന്ദാത്ഭുതങ്ങളിടചേര്‍ന്നും
വരുമൊരു കരുണരസത്തിൻ
തിരനിര വല്ലാത്തവസ്ഥ നല്കുന്നു.
ഗംഗയും ഭൂമിയും: വത്സേ, നിന്റെ പുത്രന്മാരിപ്പോൾ രാമഭദ്രനോടു തുല്യന്മാരായിത്തീര്‍ന്നു എന്ന് അറിഞ്ഞാലും.
ആറാമങ്കം (184-187)
സീത: ഭഗവതിമാരേ, ഇവക്കു ക്ഷത്രിയോചിതമായ സംസ്കാരം ചെയ്‍വാനാരാണുള്ളതു്?
രാമൻ:
ധന്യൻ വസിഷ്ഠമുനിതാൻ പരിരക്ഷചെയ്തു-
വന്നീടുമീ രഘുകുലത്തെ വളര്‍ത്ത സീത
തന്നാത്മജര്‍ക്കുമിഹ സംസ്കൃതിചെയ്‍വതിന്നാ-
രെന്നുൾത്തടത്തിലറിയാതുഴലുന്നു കഷ്ടം!
ഗംഗയും ഭൂമിയും: മകളേ! നിനക്കെന്തിനാണീ വിചാരം? മുലകുടിമാറിയാൽ പിന്നെ ഈ ഉണ്ണികളെ ഭഗവാൻ വാല്മീകിയുടെ പക്കൽ ഞങ്ങൾ ഏല്പിക്കാം. അദ്ദേഹം തന്നെ ഇവര്‍ക്കു വേണ്ടുന്ന ക്ഷത്രിയോചിതസംസ്കാരങ്ങളെ ചെയ്തുകൊള്ളും.
മനുവംശത്തിൽ വസിഷ്ഠൻ
ജനകകുലത്തിൽ തഥാ ശതാനന്ദൻ
എങ്ങിനെ ഗുരുവാണെന്നാ-
ലങ്ങിനെ വാല്മീകി രണ്ടിലും ഗുരുതാൻ.
രാമൻ: ഭഗവതിമാരുടെ ആലോചന വളരെ നന്നായി
ലക്ഷ്മണൻ: ആര്യ, സത്യമായിട്ടു ഞാനറിയിക്കുന്നു, അതാതു ലക്ഷണങ്ങൾകൊണ്ടു് ഈ കുട്ടികളാണു് കുശലവന്മാരെന്നു ഞാനൂഹിക്കുന്നു.
ഈ രണ്ടു ബാലരുമഹോ ബഹുവീരരോര്‍ത്താ-
ലീരാറു ചേര്‍ന്ന വയസാ ബഹുകോമളന്മാർ
ജന്മത്തിലേ സ്വയമിവര്‍ക്കു ലഭിച്ചിതസ്ത്രം
വാല്മീകിതാനുപനയാദിയിവര്‍ക്കു ചെയ്തു.
രാമൻ: ഈ കാരണങ്ങളാൽത്തന്നെ ഞാനും ചഞ്ചലചിത്തനായിട്ടു വിമൂഢനായിത്തീര്‍ന്നിരിക്കുന്നു.
ഭൂമി: വരു വത്സേ, രസാതലത്തെ പരിശുദ്ധമാക്കു.
രാമൻ: അയ്യോ പ്രിയേ, ഭവതി ലോകാന്തരത്തെ പ്രാപിച്ചുപോയോ?
സീത: അമ്മേ, അങ്ങയുടെ അംഗങ്ങളിൽ എന്നെ ലയിപ്പിച്ചാലും. സംസാരത്തിന്നറെ ഇപ്രകാരമുള്ള അവസ്ഥാന്തരത്തെ അനുഭവിക്കാൻ ഞാൻ ശക്തയാകുന്നില്ല.
രാമൻ: ഇനി എന്താണാവോ സംഭവിക്കുന്നതു്?
ഭൂമി: പുത്രന്മാരുടെ മുലകുടിമാറുന്നതുവരെ എന്റെ നിയോഗപ്രകാരം നീ ആത്മാവിനെ രക്ഷിക്കു. പിന്നെ നിന്റെ ഇഷ്ടപ്രകാരമാവാം.
ഗംഗ: അങ്ങിനെതന്നെ.
(എന്നു ഗംഗയും ഭൂമിയും സീതയും പോയി.)
രാമൻ: ദേവിക്കു വിലയംതന്നെ ഭവിച്ചിരിക്കുമോ? അയ്യോ ദേവി, ദണ്ഡകാരണ്യവാസപ്രിയസഖി, അയ്യോ ചാരിത്രദേവതേ. ഭവതി ലോകാന്തരത്തേക്കു പുറപ്പെട്ടുവല്ലൊ.
(എന്നു മൂർച്ഛിക്കുന്നു.)
ലക്ഷ്മണൻ: ഭഗവൻ വാല്മീകേ, രക്ഷിക്കണേ രക്ഷിക്കണേ! ഇതാണോ അങ്ങയുടെ നാടകത്തിന്റെ പ്രയോജനം?
(അണിയറയിൽ)
രംഗസാമാനങ്ങളെല്ലാം മാറ്റിവെയ്ക്കട്ടെ. അല്ലയോ ചരാചരങ്ങളോടുകൂടിയ മര്‍ത്ത്യാമര്‍ത്ത്യന്മാരായ പ്രാണികളേ, ഭഗവാൻ വാല്മീകിമഹര്‍ഷിയുടെ ആജ്ഞയാലുണ്ടാകുന്നതും അത്യത്ഭുതവും പവിത്രവുമായ വൃത്താന്തത്തെ കണ്ടാലും.
ലക്ഷ്മണൻ: (നോക്കീട്ട്)
ഗംഗാംഭസ്സും മഥനമതിനാലെന്നപോലേ കലങ്ങി-
പ്പൊങ്ങീടുന്നു സുരമുനികളും തിങ്ങിയാകാശദേശ
ഗംഗാപൃഥ്വീഭഗവതികളോടൊത്തുകൊണ്ടാര്യ മന്ദം
പൊങ്ങീടുന്നു സലിലമതിൽനിന്നെന്തൊരാശ്ചര്യമോര്‍ത്താൽ!
(പിന്നെയും അണിയറയിൽ )
മന്ദാകിനീമഹികളാണിഹ ഞങ്ങളെന്നു
ധന്യേ, ധരിക്കണമരുന്ധതി, ലോകവന്ദ്യേ,
നിന്നന്തികത്തിലധുനാ ഭുവനൈകപൂതാ
നന്നായിതാ വധു സമർപ്പിതയായി സീതാ.
ലക്ഷ്മണൻ: ഭാഗ്യത്താൽ- ആശ്ചര്യമാശ്ചര്യം- ആര്യ, കണ്ടാലും കണ്ടാലും- കഷ്ടം! ആയ്യനിപ്പോഴും ശ്വാസം വിടുന്നില്ലല്ലൊ.
(അനന്തരം അരുന്ധതിയും സീതയും പ്രവേശിക്കുന്നു.)
അരുന്ധതി:
അയി വത്സേ, നീ ലജ്ജാ-
മയമാം ശീലം വെടിഞ്ഞു ചെന്നുടനേ
പ്രിയമാം കയ്യാൽ തടവി
സ്വയമെൻ വത്സന്നു നല്കുകാശ്വാസം.
സീത: (സംഭ്രമത്തോടുകൂടി സ്പർശിച്ചുംകൊണ്ടു്) ആര്യ പുത്രൻ ആശ്വസിച്ചാലും.
രാമൻ: (ആശ്വസിച്ച് ആനന്ദത്തോടുകൂടി) അഹോ! ഇതെന്താണ്? (നോക്കീട്ട് സന്തോഷാത്ഭുതങ്ങളോടുകൂടി) ദേവിയോ? (ലജ്ജാമന്ദഹാസങ്ങളോടുകൂടി) അംബയായ അരുന്ധതിയും ഋശ്യശൃംഗശാന്താസഹിതന്മാരായ എല്ലാ ഗുരുജനങ്ങളും സന്തോഷിക്കുന്നു.
ആറാമങ്കം (188-193)
അരുന്ധതി: വത്സ, ഇതു ഭഗീരഥകുലദേവതയായും പ്രസന്നയായുമുള്ള ഗംഗാഭഗവതിയാണു്.
(അണിയറയിൽ )
ജഗൽപതേ രാമഭദ്ര, ചിത്രദർശനസമയത്തിൽ എന്നെ ഉദ്ദേശിച്ചു പറഞ്ഞിട്ടുള്ളതോര്‍ക്കുന്നില്ലേ? എങ്ങിനെയെന്നാൽ, "അങ്ങിനെയുള്ള മാതാവായ ഭവതി സനുഷയായ ഈ ജാനകിക്കു മംഗളം ഭവിപ്പാനായി അരുന്ധതിയെന്നപോലെ എല്ലാ സമയത്തിലും അനുഗ്രഹിക്കേണമേ" എന്ന്. ഞാനാക്കടം വീട്ടിയിരിക്കുന്നു.
അരുന്ധതി: വത്സാ, ഇതു വത്സൻ ശ്വശ്രുവായ ഭഗവതി ഭൂമിദേവിയാണു്.
(അണിയറയിൽ )
പണ്ടു വത്സയെ പരിത്യജിക്കുമ്പോൾ ആയുഷ്മാൻ എന്നോടു പറകയുണ്ടായില്ലേ? എങ്ങിനെയെന്നാൽ, "അത്ര വിശിഷ്ടയായ പുത്രിയെ ഭവതി രക്ഷിച്ചു കൊൾക" എന്നു്. അതുകൊണ്ടു ഞാനിപ്പോൾ പ്രഭുവും വത്സലനുമായ ആയുഷ്മാൻ പറഞ്ഞതിനെ അനുഷ്ഠിച്ചു കഴിഞ്ഞിരിക്കുന്നു.
രാമൻ: ഈ മഹാപരാധിയായ ഞാൻ ഭഗവതിമാരുടെ ദയയ്ക്കു പാത്രമായോ? നിങ്ങളെ നമസ്കരിക്കുന്നു.
അരുന്ധതി: അല്ലയോ പൗരജാനപദന്മാരേ! ഗംഗാഭഗവതിയാലും ഭൂമിദേവിയാലും പ്രശംസിക്കപ്പെട്ടുകൊണ്ടു് അരുന്ധതിയായ എന്റെ കൈയിൽ സമര്‍പ്പിക്കപ്പെട്ടവളായും പണ്ടേതന്നെ അഗ്നിഭഗവാനാൽ നിര്‍ണ്ണയിക്കപ്പെട്ട പുണ്യചാരിത്രശുദ്ധിയുള്ളവളായും ബ്രഹ്മാദിദേവന്മാരാൽ സ്തുതിക്കപ്പെട്ടവളായും ദേവയജനത്തിങ്കൽനിന്നു സംഭവിച്ചവളായും സൂര്യവംശത്തിലെ വധുവായും ഉള്ള സീതാദേവിയെ സ്വീകരിക്കാമോ എന്നുള്ള കാര്യത്തിൽ നിങ്ങൾ എങ്ങിനെയാണു് വിചാരിക്കുന്നതു്?
ലക്ഷ്മണൻ: ആര്യയായ അരുന്ധതിയാൽ ഇപ്രകാരം അധിക്ഷേപിക്കപ്പെട്ട പ്രജകളും സകല പ്രാണിവര്‍ഗ്ഗങ്ങളും ആര്യയെ നമസ്കരിക്കുന്നു. ലോകപാലന്മാരും സപ്തര്‍ഷികളും പുഷ്പവൃഷ്ടികൊണ്ടു സംഭാവനം ചെയ്യുന്നു.
അരുന്ധതി: ജഗൽപതേ രാമഭദ്ര,
ക്രതുവിൽ പൂതയതായ് പൊൻ-
പ്രതിമയതിൻ പ്രകൃതിയായ നിൻപ്രിയയെ
ക്ഷിതിവരധര്‍മ്മംപോലേ
ദ്രുതമുപയോഗിക്ക ധര്‍മ്മചാരിണിയായ്.
സീത: (ആത്മഗതം) സീതാദുഃഖത്തെ കളയുവാൻ ആര്യപുത്രന്നു നല്ലവണ്ണമറിയാം.
രാമൻ: ഭഗവതി കല്പിക്കുന്നപോലെ.
ലക്ഷ്മണൻ: ഞാൻ കൃതാത്ഥനായി.
സീത: ഞാൻ ജീവിച്ചു.
ലക്ഷ്മണൻ: ആയ്യേ, നിർലജ്ജനായ ഈ ലക്ഷ്മണൻ നമസ്കരിക്കുന്നു.
സീത: വത്സ, ഈവിധം ജ്യേഷ്ഠഭക്തിയോടുകൂടിത്തന്നെ വളരെക്കാലം ജീവിച്ചിരുന്നാലും!
അരുന്ധതി: ഭഗവൻ വാല്മീകേ, സീതാഗര്‍ഭത്തിൽ സംഭവിച്ച രാമഭദ്രപുത്രന്മാരായ ഈ കുശലവന്മാരെ ഇങ്ങോട്ടു കൂട്ടിക്കൊണ്ടുവരികതന്നെ.
(പോയി.)
രാമലക്ഷ്മണന്മാർ: (നോക്കീട്ട്) അതങ്ങിനെതന്നെ.
സീത: (ബാഷ്പാകുലയായിട്ട് ) എവിടെയാണു് എന്റെ ആ പുത്രന്മാർ?
(അനന്തരം വല്മീകിയും കുശലവന്മാരും പ്രവേശിക്കുന്നു.)
വാല്മീകി: വത്സന്മാരായ കുശലവന്മാരേ, ഈ രഘുപതി നിങ്ങളുടെ അച്ഛനാണു്. ലക്ഷ്മണൻ ഇളയച്ഛനാണു്. സീതാദേവി അമ്മയാണു്. രാജർഷിയായ ഈ ജനകൻ മാതാമഹനാണു് .
സീത: (സന്തോഷവ്യസനാത്ഭുതങ്ങളോടുകൂടി നോക്കീട്ട്) അച്ഛനോ?
കുശലവന്മാർ: ഹാ താത, ഹാ അമ്മേ, ഹാ മാതാമഹ!
രാമലക്ഷ്മണന്മാർ: (സന്തോഷത്തോടുകൂടി ആലിംഗനം ചെയ്തിട്ടു്) ഉണ്ണികളേ, പുണ്യത്താൽ നിങ്ങളെ ലഭിച്ചു.
സീത: ഉണ്ണി കുശ, ഉണ്ണി ലവ, വരു വരു ജന്മം മാറിയ അമ്മയെ വളരെനേരം ആലിംഗനം ചെയ്‍വിൻ.
കുശലവന്മാർ: (ആലിംഗനം ചെയ്തിട്ടു്) ഞങ്ങൾ കൃതാര്‍ത്ഥന്മാരായി.
സീത: ഭഗവൻ, ഞാൻ നമസ്കരിക്കുന്നു.
വാല്മീകി: വത്സേ, ഈ വിധത്തിലായിട്ടുതന്നെ വളരെക്കാലം ജീവിച്ചാലും.
സീത: അഹോ അച്ഛൻ, കുലഗുരു, ആര്യജനം, ഭർത്താവോടുകൂടി ശാന്താദേവി, ലക്ഷ്മണനോടുകൂടി സുപ്രസന്നനായ ആര്യപുത്രൻ, കുശലവന്മാർ ഇവരെ എല്ലാം ഒരുമിച്ചു കാണുന്നു. അതിനാൽ ആനന്ദം കൊണ്ടു ഞാൻ പരിപൂര്‍ണ്ണയായി.
(അണിയറയിൽ കോലാഹലം)
വാല്മീകി: (എഴുന്നേററു നോക്കീട്ട്) ലവണനെ സംഹരിച്ചു മഥുരേശ്വരനായ ശത്രുഘ്നൻ വന്നിരിക്കുന്നു.
ലക്ഷ്മണൻ: മംഗളങ്ങൾ ഒന്നോടൊന്നു സംബന്ധിച്ചു വരുന്നവയാണല്ലൊ.
രാമൻ: ഇതെല്ലാം ഞാനനുഭവിക്കുന്നുണ്ടെങ്കിലും എനിക്കൊന്നിലും വിശ്വാസമുണ്ടാകുന്നില്ല.
വാല്മീകി: രാമഭദ്ര, പറയൂ, ഇനി ഞാനെന്തൊരു പ്രിയത്തെയാണു വത്സന്നുപകരിക്കേണ്ടതു്?
രാമൻ: ഇതിൽപരമായിട്ടും പ്രിയമുണ്ടോ? എങ്കിലും ഇതുംകൂടി ഉണ്ടാകട്ടെ!
(ഭരതവാക്യം)
ലോകേ പാപമകറ്റിയാശു സുകൃതം
നല്കേണമേ മേല്ക്കുമേൽ
ഗംഗാഭൂമികളെന്നവണ്ണമനിശം
മംഗല്യയാമിക്കഥ
കൂടേണം ബുധമാനസത്തിനതിയാ-
യാടേണ്ടമട്ടാകിലും
വാക്കാം ബ്രഹ്മമറിഞ്ഞൊരാദികവിതൻ
വാക്കാമിതിൽ കൗതുകം.
അത്രയുമല്ല,
ക്ഷേമം നല്ലന്ന വര്‍ണ്ണാശ്രമവിധി നിലനി-
ല്ക്കേണമാചന്ദ്രതാരം,
പ്രേമത്തോടും നൃപന്മാർ പ്രജകളുടെ ഹിതം
പോലെ രക്ഷിച്ചിടേണം,
ക്ഷാമംകൂടാതെ വേണ്ടുംവിധമിഹ മഴയും
പെയ്യണം, ലോകരെല്ലാ-
മാമോദം പൂണ്ടസൂയാകലഹരുചികൾ വി-
ട്ടൊത്തു വാണീടവേണം.
(എന്ന് എല്ലാവരും പോയി.)
'സമ്മേളന'മെന്ന ഏഴാമങ്കം കഴിഞ്ഞു
ഉത്തരരാമചരിതം ഭാഷാനാടകം സമ്പൂര്‍ണ്ണം