Loading...
Home / സാഹിത്യം / പുതിയവ / നാടകങ്ങള്‍ / പാപി ചെല്ലണടം പാതാളം
Author: സിവി രാമന്‍പിള്ള

സിവി രാമന്‍പിള്ള

പാപി ചെല്ലണടം പാതാളം

പാത്രവിവരം (01)

 

പാത്രവിവരം


വാഗ്ഭടൻപിള്ള - ബാരിസ്റ്റർ അറ്റ്ലാ

ശങ്കരപ്പിള്ള ബി. എ., ബി. എൽ.- ടിയാരുടെ അനുജൻ

കോമൻമേനവൻ- കൊല്ലത്തു വ്യവഹരിക്കുന്ന ഒരു ഹൈക്കോർട്ടുവക്കീൽ

ഉലസൽക്കുറുപ്പു- നിർഭാഗ്യവാനായ ഒരു യുവാവു്

കേശവശ്ശാർ- കോന്ത്രപ്പിള്ളിത്തറവാട്ടിലെ കാരണവർ

കുഞ്ഞപ്പൻ- ടിയാരുടെ ഭൃത്യൻ

കുഞ്ഞുലക്ഷ്മി അമ്മ- കേശവശ്ശാരുടെ ഭാര്യ

കമലാക്ഷി- ടിയാരുടെ അനന്തിരവൾ

കുഞ്ഞിക്കുട്ടി-ടിയാരുടെ മകൾ

വക്കീൽ ഗുമസ്തൻ, ചുമട്ടുകാരൻ, മഹമ്മദീയയാചകൻ, വൃദ്ധയാചകി, ഭൃത്യന്മാർ, വഴിയാത്രക്കാർ, കരക്കാർ

1094-ാമാണ്ടു കന്നിമാസം 25-ാം തീയതി (1918 ഒക്ടോബർ 11) ശ്രീമൂലം തിരുനാൾ പൊന്നുതമ്പുരാൻ തിരുമനസ്സിലെ അറുപത്തിയൊന്നാം തിരുനാൾ മഹോത്സവം സംബന്ധിച്ച് തിരുവനന്തപുരം ജൂബിലി ടൗൺഹാളിൽവെച്ച് അഭിനയിക്കുന്നതിനായി 'നാഷനൽ ക്ലബ്ബു' കാരുടെ അപേക്ഷപ്രകാരം എഴുതിയതു്.

 

രംഗം ഒന്നു് (02-05)

 

-02-


രംഗം ഒന്നു്


[ബാരിസ്റ്റർ വാഗ്ഭടൻപിള്ളയുടെ ആഫീസ്. ഉലസൽക്കുറുപ്പ് പ്രാകൃതവേഷത്തിലും ചിന്താവിവശനായും പ്രവേശിക്കുന്നു.]

ഉലസൽക്കുറുപ്പ്: (സ്വഗതം) ഈശ്വരൻ നീതിമാൻപോലും ! എന്നു പറയുന്നതു് എന്തബദ്ധം! എത്ര തോടുചാടികൾ വാ തുറന്നു നില്കെ നക്ഷത്രങ്ങൾ തകര്‍ന്നു വജ്രപ്പൊടികളായി വീണു് അവരെ വൈശ്രവണന്മാർ ആക്കിയിരിക്കുന്നു! പുസ്തകങ്ങളെ പരിരംഭണം ചെയ്തു കഴിച്ച എത്ര കുംഭകര്‍ണ്ണന്മാർ രാജ്യകുംഭാണ്ഡന്മാരായി കുംഭോദരങ്ങളും തൂക്കി മറ്റുള്ളവരുടെ കുമ്പകളിൽ തീപിടിക്കുമാറു നടമാടുന്നു! - എന്താ? ഇവനു കണ്ണില്ലേ, മുക്കില്ലേ, കാലില്ലേ? ഓരോ ക്ലാസ്സിലും എത്ര കൊല്ലം നിരങ്ങി, എത്ര സംവത്സരം മുട്ടിത്തകര്‍ത്തിട്ടു മെട്രിക്കുലേഷൻ വാതൽ പൊളിച്ചു അകത്തോട്ടൊന്നു വഴുതിവീണു! വീരൻ, പരിശ്രമി, അക്ഷീണബുദ്ധി എന്നൊന്നുമല്ലെന്ന് എന്നെ പഴിപ്പാനുണ്ടോ? ലാക്സാസ്സുകാര്‍ക്കു് ഇവനൊരു സർട്ടിഫിക്കേറ്റു തന്നു വിടുവാൻ പ്രസാദം തോന്നുന്നില്ലെങ്കിൽ, യോഗ്യത അറിവാനുള്ള ഇന്ദ്രിയം അവര്‍ക്കില്ലെന്നു ലോകം വിധിക്കട്ടേ. എന്റെ കലാപ്രകാശം തട്ടുമ്പോൾ ഉദ്യോഗകുമുദങ്ങൾ കൂമ്പിപ്പോകുന്നതു പണ്ടത്തെ മഹാകവികൾ ഉൽപ്രേക്ഷിച്ചിട്ടുള്ളതുപോലുള്ള ഒരു സംഭവവിശേഷമാണു്. ഇവ്വാറിരിക്കുന്ന അവസ്ഥകളെല്ലാറ്റാലും, നാം നഃ വ്യാപാരനായി, സ്വാതന്ത്ര്യപരിപൂര്‍ണ്ണനായി, വിവിക്തോദരനായി, ജീവിതതരണം നിര്‍വഹിച്ച്, ഇന്നിതാ ഇവിടെയും പ്രവിഷ്ടനായിരിക്കുന്നു. ഇപ്പഴത്തേ നാടകരീത്യാ നമ്മുടെ അവസ്ഥയെ വര്‍ണ്ണിക്കുന്നതിനും കല്പനാധോരണിയാൽ നാം ശക്തൻതന്നെ.

ഉദിച്ച സൂര്യൻ ഉയരുന്നതിൻമുൻ-
പുരിപ്പഴം കഞ്ഞി കിടയ്പതിന്നായ്
ഇരന്നനേരത്തു പ്രിയാംബപോലും
കരത്തിലേന്തി തവിയാം ഹലത്തേ.


അത്ര മാത്രമല്ലാ- ഏയ് സമയം പോകുന്നു. ഉദ്ദിഷ്ടകാര്യം സാധിച്ചിട്ടു അനന്തരകവനങ്ങളും സാഹിത്യകുശലതയും-ബാരിസ്റ്റരദ്ദേഹം വിവാഹപ്പന്തലിലെ സദ്യപ്പന്തിയിലേക്കുള്ള തിക്കിഞെരുക്കിനെ ദുസ്സഹമാക്കാൻ പുറപ്പെട്ടിരിക്കുന്നു. മുഹൂർത്തവും ഊണും കഴിഞ്ഞു വരുന്നതിനിടയിൽ അദ്ദേഹത്തിനായി വരുന്ന നസറുകൾ അദ്ദേഹത്തിന്റെ വൈസ്രായിസ്ഥാനം വഹിക്കുവാൻ ആലോചിക്കുന്ന നമുക്കാകട്ടെ. വല്ല പൂര്‍വപുണ്യഫലവും ആകാശത്തോട്ടുയര്‍ന്നു നമ്മുടെ ബൃഹസ്പതിയാകുന്ന ഭാഗ്യപുടത്തെ ഒന്നു തേച്ചു തുടച്ചു തെളിയിച്ചാൽ, അന്നു വേണമെങ്കിൽ ഇന്നും അപഹൃതമാകുന്ന സംഭാവനകളെ പലിശകൂട്ടി മടക്കിക്കൊടുത്തുകൊള്ളാം-ആഹ്ഹാ! ആഖ്യായികാകർത്താക്കന്മാര്‍ക്കും കിട്ടിവരാത്ത മനോധർമ്മങ്ങൾ ഇതാ നമ്മുടെ ബുദ്ധിയാകുന്ന ഹരിദ്വാരത്തിൽ നിന്നു ഗംഗാപ്രവാഹതുല്യം ഊറിപ്പൊങ്ങുന്നു. എന്തും ഐശ്വര്യവിഭൂതികൾ 'ഏക്ക്, ദോ, തീൻ, ഛാർ' എന്നു് അന്തമില്ലാതെ മനക്കണ്ണിന്റെ മുന്നിൽ അണിയിടുന്നു! കളവ്, ഇന്ദ്രജാലം, മാന്ത്രികപടുത്വം എന്നിതുകൾ ലോകത്തിൽ വിജയിക്കുന്നു. പ്രപഞ്ചമേ ഈ കലാവിശേഷങ്ങളുടെ പ്രകടനത്തിനും പ്രദര്‍ശനത്തിനും ഉള്ള രംഗം. വിജയപരിണാമം എന്തു കാപട്യത്തേയും, നീചത്വത്തേയും നിർല്ലജ്ജത്വത്തേയും നീതീകരിക്കും; കനകപ്പൂച്ചുകൊണ്ടു ഭാസ്വത്താകും. അതിനാൽ രണ്ടെന്നുള്ള പക്ഷം ഈ സന്ദര്‍ഭത്തിൽ വര്‍ജ്ജ്യം. അല്പനേരത്തേക്കും ശ്രീമാൻ വാഗ്ഭടൻപിള്ളയാകുന്ന ധനഗ്രാഹി പാത്രത്തിന്റെ രംഗപ്രകടനസൗഭാഗ്യം നാം തന്നെ ആസ്വദിച്ചുനോക്കട്ടെ! ഗുമസ്തന്മാർ എന്ന മശകമക്കുണസംഘക്കാർ നമ്മുടെ ഭരതകലാപ്രയോഗത്തെ വിഘാതപ്പെടുത്തിയാലോ? (അല്പനേരം ചിന്തയും നിശ്ചയം ചെയ്യുന്ന ചേഷ്ടയും അഭിനയിച്ചിട്ടു് അണിയറയിലേക്കു നോക്കി) ആ കഴുകന്മാരുടെ പേർ എന്തോ? ഒക്കുന്നെങ്കിൽ ഒക്കട്ടെ. അച്ചടിഗ്രന്ഥങ്ങളിലും ശുദ്ധിപത്രം ചേര്‍ക്കാറുണ്ടല്ലോ. (ഊക്കെ) ഡോ! ഹേ! നാനുപില്ലേ! -നാനുപില്ലൈ!-

-03-


(അണിയറയിൽനിന്നു്) ആരതു്? നാണുപിള്ളയും മറ്റും വന്നിട്ടില്ല. ഇപ്പഴത്തെ ശനിയൻ പനിപിടിച്ചു കിടപ്പാണു്. ഞാൻ കൃഷ്ണപിള്ള മാത്രമേ വന്നിട്ടുള്ള.

ഉലസൽക്കുറുപ്പു : എന്നാൽ കൃഷ്ണപിള്ളസ്സാർ തന്നെ ഇങ്ങോട്ടു പുറപ്പെടുക. മിസ്റ്റർ ബാരിസ്റ്റരുടെ ഒരു സന്ദേശത്തെ ധരിപ്പിച്ചിട്ടു പോയ്ക്കൊള്ളട്ടെ.

കൃഷ്ണപിള്ള: (പ്രവേശിച്ചു കുറുപ്പിനെ ആപാദമസ്തകം നോക്കിയിട്ടു മര്യാദയോടെ) ആരാണാവോ?

ഉലസൽക്കുറുപ്പു : നാടുനീങ്ങിപ്പോയ നളമഹാരാജാവെന്നോ, അവിടുത്തെ തിരുസഹജൻ പുഷ്പരകുമാരനെന്നോ വച്ചുകൊള്ളു. തനിക്കു അതെല്ലാം അറിഞ്ഞിട്ടു കാര്യമെന്തു്? വണ്ടിയിൽ ഓടിച്ചുപോകുമ്പോൾ വക്കീലദ്ദേഹം വഴിയിൽവച്ചു നമ്മേക്കണ്ടു. വണ്ടി നിറുത്തി തന്നോടു് ഒരു കാര്യം പറയുവാൻ അപേക്ഷിച്ചിട്ട് 'ഛൽ' എന്നു് അദ്ദേഹം വണ്ടി പായിച്ചു നീങ്ങി. അതിന്മണ്ണം നാം ഏറ്റിരിക്കുന്ന സംഗതിയെ തന്റെ തലയിൽക്കയറ്റിയിട്ടു നാമും പറന്നു പൊയ്ക്കൊള്ളട്ടെ. വല്ല വേഴ്ചയിലും കൊണ്ടുചേര്‍പ്പാൻ ആലോചിക്കുന്നെങ്കിൽ അതിനു നമുക്കു പൊരുളും കോപ്പും നഹി നഹിയെടോ നഹി നഹി.

കൃഷ്ണപിള്ള: (ചിരിച്ച്) യജമാനന്റെ ഉത്തരവെന്താണു്?

ഉലസൽക്കുറുപ്പു്: അടിയന്തിരവീടുവരെ താൻ ചെല്ലണമെന്നു്. എന്തൊ ഒരു അടിയന്തിര ആർഡർ തരുവാനുണ്ടെന്നു പറഞ്ഞു. (പോകാൻ തുടങ്ങുന്നു.)

കൃഷ്ണപിള്ള: നില്ക്കണേ ഹേ!

ഉലസൽക്കുറുപ്പു്: ച്ഛ! 'ഹേ! ഹീ' എന്നും മറ്റും ആട്ടാൻ നോം കന്നുകാലിയാണോടൊ? കക്ഷികളോടെടുക്കുന്ന തന്റെ ദുര്യോധനത്വം ഇങ്ങോട്ടു കൊണ്ടരണ്ട. ഇതു വേറൊരു പള്ളിയിൽ പഠിച്ച പുള്ളിയാണു്.

-04-


കൃഷ്ണപിള്ള: അതു മനസ്സിലായി. പക്ഷേ, ഏറ്റ പണി പരിപൂർത്തി ആക്കുന്നതു് ഒരു മര്യാദയാണല്ലോ. ഗ്രഹപ്പിഴകൊണ്ടു മറ്റു ഗുമസ്തന്മാർ ആരും ഇവിടെ ഇല്ല. ദയചെയ്തു ഞാൻ വരുന്നവരേയ്ക്കു്-

ഉലസൽക്കുറുപ്പു്: എടോ! വല്ലടത്തേയും ഗാട്ടു കയറണമെങ്കിൽ തൻറെ ഉത്തമാര്‍ദ്ധത്തെ വിളിച്ചു വരുത്തൂ.

കൃഷ്ണപിള്ള: (വിനയാദരപൂർവ്വം) അതല്ല സാറേ! ഇതാ കസേര; ഇന്നലെ വന്ന പത്രങ്ങൾ. രസകരമായ ന്യൂസുകൾ ഉണ്ടു്. മനുഷ്യർ പരസ്പരം സഹായിക്കേണ്ടവരല്ലേ?

ഉലസൽക്കുറുപ്പു : എടോ! താനും കൊമ്പച്ചക്കുറുപ്പന്മാരുടെ പ്രമാണശൂലങ്ങൾ എടുത്തു ചാണ്ടരുത്. 'പരസ്പരസഹായം' എന്ന വേദവാക്യം എത്ര വയറുകളുടെ നോവ് ആറ്റുന്നു എന്നു സ്മരിക്കൂ. വീണുപോകാതെ സൂക്ഷിച്ചുകൊൾക. മുതുകിന്മേൽ പടുത്തുപോയാൽ പിന്നെ തന്റെ പ്രമാണത്തിന്റെ മുനകൊള്ളുന്നതു് മൂദ്ധാവിലു്. അതുകൊണ്ടച്ചുടൂ. (കസേരയിൽ പൊടുന്നനവേ ഇരുന്നു വര്‍ത്തമാനപ്പത്രം എടുത്തിട്ടു്) എന്നാൽ അവിടെ ചത്തു നില്ക്കാതെ കെട്ടി എടുത്തിട്ടു വേഗം മടങ്ങിവരൂ. നാശം ! ആരും സഹായമില്ലാത്ത ഇവൻ എല്ലാവര്‍ക്കും വേണം. ഇങ്ങനെയുണ്ടോ ഒരു ലോകനീതി?

കൃഷ്ണപിള്ള: എന്റെ സാർ ക്ഷമിക്കണേ. ഇതാ വന്നേച്ചു. ആ 'വിദ്യുല്ലതികാ' പേപ്പറിൽ ചിരിച്ചു ചാകുംവണ്ണം ഉള്ള ഒരു ലേഖനം 'നിരക്ഷരകുക്ഷി' എന്നൊരു വിദ്വാൻ ചാര്‍ത്തിയിട്ടുണ്ടു്. അതു വായിച്ചു ചിരിച്ചു, ചാകാതെ കണ്ടു മടങ്ങി വരുമ്പോഴും ജീവനോടുകൂടി ഇരിക്കണേ. (പോകുന്നു.)

ഉലസൽക്കുറുപ്പു്: (എഴുന്നേററു") ഈ വേഷത്തിലിരുന്നാൽ നസറും നിവേദ്യവും ഉപഹാരവും കൊണ്ടരുന്നവൻ അതുംകൊണ്ടു് ഉപസംഹരിച്ചുകളയും. അതിനാൽ 'മറ്റൊരു വേഷം മാച്ചാനെ' എന്ന പൊടിക്കൈതന്നെ ഇവിടെ പ്രയുക്തം . (ഒരു വശത്തോട്ടു നോക്കി) ഇഷ്ടദേവതയെ പ്രാര്‍ത്ഥിക്കാതെ കാൽവച്ചാൽ ചടങ്ങ തെറ്റും. അതുകൊണ്ടു് ഇതിരിക്കട്ടെ.

കുടിലത്വമിദം പുണ്യം
ഭക്തിതോ യ ഭജേര്‍ന്നരഃ
വിമുക്ത ക്ഷല്പിപാസാദീൻ
ഭദ്രപീഠം സ ഗച്ഛതി.


-05-


(അടുത്ത മുറിയിലോട്ടു കടന്നു വാഗ്ഭടൻപിള്ളയുടെ ഉടുപ്പുകൾ ധരിച്ചുകൊണ്ടു വീണ്ടും പ്രവേശിക്കുന്നു) ഇപ്പോൾ ഈ യുവലോതിമിംഗശൻ മേസ്തർ ഉലസൽക്കുറുപ്പു് മിസ്റ്റർ വാഗ്ഭടൻപിള്ള തന്നേ എന്നു് ഏതു നാസാരന്ധ്രക്കാരനും ശ്വസിക്കും ; രണ്ടു കണ്ണുകാരനും ദര്‍ശിക്കും; പങ്കശിരസ്കനും വിശ്വസിക്കും; ഫലംകൊണ്ടു് നോം ആശ്വസിക്കും. ഇനി ഉജാറായി, ലായറായി, കരാറുകൾ പേശാൻ ബറാബർ ഊര്‍ജ്ജസ്വലനായി, ആസനസ്ഥനാകണം. എന്തുകൊണ്ടെന്നാൽ ഇതാ ഒരു ജാംബവാൻ കാരണോരും അദ്ദേഹത്തിന്റെ ശിഷ്യനും ഇങ്ങോട്ടുതന്നെ വരുന്നു. ലോകം നാടകരംഗമെന്നതു് എത്ര സൂക്ഷ്മം! കാപട്യത്തിനു ക്രിയാശക്തി നല്കുന്നതായ ഒരു ഗൂഢശക്തിയും ലോകാധികാരമണ്ഡലത്തിൽ അര്‍ദ്ധാസനം വഹിക്കുന്നു എന്നും ഈ സയ്യോഗം തെളിയിക്കുന്നു. (വാഗ്ഭടൻപിള്ളയുടെ കസേരയിൽ ഇരുന്നു ഒരു കടലാസെടുത്തു വായിക്കുന്നു.)

(വൃദ്ധൻ കേശവശ്ശാരും ശിഷ്യൻ കുഞ്ഞേപ്പനും പ്രവേശിക്കുന്നു.)

കുഞ്ഞപ്പൻ: നോക്കണേ മൂപ്പീന്നേ! ചുമ്മായാണോ! ജീമയിലും മറ്റും പോയാൽ ഒരു യോദിസ്സ് വേറെതന്നെ. നോക്കണം, ആ അയവെട്ടുന്നതു് സൂത്രമണിയുടെ ലതും ആടുംപോലെ കവാത്തുമുറ ഒപ്പിച്ചല്യോ?

കേശവശ്ശാർ: (പതുക്കെ) ചിലയ്ക്കാണ്ടിരിയെടാ മൂത്ത ചോവാ! നല്ല വഹസ്സുള്ളവരെക്കണ്ടു കണ്ണുവയ്ക്കാതെ മൂധേവീ!

കുഞ്ഞപ്പൻ: ചകാരിക്കുന്നതു കൊള്ളാം. അങ്ങു കേൾക്കരുതു്. ചെ രിച്ചുവച്ചു നമ്മുടെ മാടപ്പോത്തിനെപ്പോലെ നോക്കുന്ന കണ്ടില്യോ. ഉള്ളം കിടുങ്ങുന്നു.

ഉലസൽക്കുറുപ്പ്: (കൈ കൈ കാട്ടി) ആഫീസ്, ആഫീസ്.

കുഞ്ഞപ്പൻ: (അങ്ങോട്ടെത്തിനോക്കി) അവ്‌ടാരുമില്ല. അവ്ടാരുമില്ല; അടിച്ചുതളിച്ചപോലെ ഇരിക്കുന്നു പൊന്നങ്ങുന്നേ!

ഉലസൽക്കുറുപ്പു്: ഓ! ശരി! ശരി! അപ്പോൾ - നിങ്ങൾ എന്തിനു വന്നു? (കടലാസിൽ നോക്കി) നൈന്റിഫോർ-ടി. എൽ. ആർ-ഫൈവ് ഹൺഡ്ര് ആൻഡ് ലെവന്റീൻ. മെസ്സേർസ് മെക്കാളേ വെഴ്സസസ് വാറൺഹേസ്റ്റിംഗ്‌സ്.

 

രംഗം ഒന്നു് (06-09)

 

-06-


കേശവശ്ശാർ: കൊല്ലത്തു് കോമുംമേനൻ അങ്ങത്തെ ഒരെഴുത്തു്.

കുഞ്ഞപ്പൻ: കുന്നത്തൂർ ശൂരനാട്ടു കോന്ത്രപ്പിള്ളിലെ മൂപ്പിന്നും-എന്നു വച്ചാലു് വലിയാൻ. എളമീന്നായിരിക്കുമ്പം തന്നെ കോടും കച്ചേരിക്കുമൊക്കെ-

കേശവശ്ശാർ: ഛേ! മിണ്ടാതിരിയെടാ, എടയ്ക്കു ശാടി എന്തൊരു നെഗളിപ്പാണിതു്? തൊഴുതു നിക്കേണ്ടടത്തു നിഷേധം കേറി മൂത്താലു്-

ഉലസൽക്കുറുപ്പു്: ഓ! അയാൾ അജ്ഞൻ. ക്ഷമിക്കണം കാർണോരേ! (ആത്മഗതം) ഇവർ തമ്മിത്തല്ല വട്ടം തുടങ്ങിയാൽ നമ്മുടെ കാര്യത്തിൽ നേരം വെളുപ്പിക്കും. (പ്രകാശം) എന്താ! മിസ്റ്റർ മേന്റെ എഴുത്തിങ്ങു കൊണ്ടരിക.

(കേശവശ്ശാർ ഒരെഴുത്തും കേസുകെട്ടും മടിശ്ശീലയും മേശപ്പുറത്തു വയ്ക്കുന്നു.)

ഉലസൽക്കുറുപ്പു്: (മടിശ്ശീലനോക്കി, എഴുത്തു പൊട്ടിച്ചു വായിക്കുന്നു) ഏസ്-മിസ്റ്റർ കോമുമേനോൻ നമുക്കുറ്റ ബന്ധു-ശരി, തറവാട്ടുഛിദ്രം കൊണ്ടുള്ള വഴക്കു്. ഏയ്! ജഡ്ജി, നിയമോദ്യാനത്തിന്റെ കാറ്റുപോലും ഏറ്റിട്ടില്ലാത്ത കാട്ടുപോത്തൻ. പോകാൻ പറയണം കാർണോരേ! ഹൈക്കോര്‍ട്ട് ന്യായദീപം-അതിന്റെ മുകളിൽ ഈ ജഡ്ജ്മെന്റു കാട്ടിത്തീര്‍ന്നാൽ അപ്പോൾ ഭസ്മം. (കൃപയോടു്) അമ്മാവൻ പേടിക്കേണ്ട.

(കുഞ്ഞപ്പൻ വിജയഭാവത്തിൽ മുപ്പീന്നിനെ കുത്തുന്നു. കേശവശ്ശാർ ആസ്വാതന്ത്ര്യത്തിനു കയര്‍ക്കുന്നു.)

കുഞ്ഞപ്പൻ: നോക്കണം. ജീമേപ്പോയാലെന്തു ? ജീമറാണയുടെ അടുത്തു പടിച്ചാലെന്തു്? കൊലത്തിന്റെ മൈമ തേഞ്ഞും മാഞ്ഞും പോവൂല്ല. ഇപ്പം എല്ലാം ദൊരവേഷമായിപ്പോയി.

ഉലസൽക്കുറുപ്പ്: എടോ! നിന്റെ പേരെന്ത്? സമര്‍ത്ഥൻ. നീ അമ്മാവന്റെ അവസ്ഥയ്ക്കു ചേര്‍ന്ന ശിഷ്യൻ.

-07-


കുഞ്ഞപ്പൻ: ഓ! കൊച്ചയ്യപ്പൻ! കൊച്ചിലേ കോന്ത്രപ്പിള്ളിയിടെ അടുത്തു പെറന്നു, അവ്ടം കൊണ്ടും പെലരുന്നവൻ തന്നെ. 'ധനശീലങ്ങത്ത'മ്മാരടെ മടത്തിലുമ്മറ്റും ചെമടുകളും മറ്റും കൊണ്ടു പോവേം വരുവേംചെയ്ത് ആണുങ്ങളേം അങ്ങത്തമ്മാരേം കണ്ടു് ഉമ്മിണിശ്ശ തഴക്കോം മറ്റുമൊണ്ടു്. മടിശ്ശീല 'ഉമ്മിണി' എന്നു വക്കണ്ടാ. അകത്തു പവനാ. പണ്ടുള്ളോരടെ നേട്ടത്തിൽ കൈ വച്ചതാന്നേ.

ഉലസൽക്കുറുപ്പു : തറവാടുകളുടെ ഗതി മേല്പോട്ടല്ലല്ലോ. മുപ്പീന്നിന്റെ താമസം എവിടെയാണു്?

കേശവശ്ശാർ: അശ്ശോ! അനുവാസം കിട്ടാത്ത താമസം. അനന്തരോളൊരു കൊച്ചു - ഗോപാലപിള്ള ജെരസ്സാവിന്റെ മോള് -അതിനെ വിളിച്ചോണ്ടുപോവാൻ അയൽവക്കത്തുള്ള ഒരു കൊച്ചൻ തന്നെ എതിര്‍പ്പെട്ടിരിക്കുന്നു. നാലു പേര്‍ക്കു ചോറും കൊടുത്തു്, ഒക്കെ മാട്ടി ഒതുക്കാൻ നേരത്തെ, അങ്ങു ചെന്നങ്കിലേ ഒക്കൂ.

കുഞ്ഞപ്പൻ: (തൊഴുതും കൊണ്ടു്) അതൊരു മഹാകട്ഠം പിടിച്ച കാര്യം പൊന്നങ്ങുന്നേ! എളിയോരു ഗൊണധോഷിച്ചാൽ വല്യോരു കേക്കണ്ടായോ? ആ കൊച്ചു ഇവ്‌ട സമാധിച്ചു്, ദൊരശാണിപ്പടിപ്പും മറ്റും വിരുതു നേടീട്ടൊണ്ടു്. അതിന്റടുത്തു ചേര്‍ക്കാൻ ഒരു കാട്ടുമൊരടനെ-

കേശവശ്ശാർ: (ദേഷ്യത്തോടെ) ഛ! എരപ്പാളി! ഊട്ടി ഉടുപ്പിച്ചുകൊണ്ടു നടക്കുന്നേനു കൂലിയോടാ ഇതു്? ഈയുള്ളോന്റെ വടക്കേപ്പുറത്തെ കാര്യങ്ങൾ കേപ്പാനോ അങ്ങുന്നമ്മാരിരിക്കുന്നതു്? നിന്റെ ഈ 'ധരവഴി' കേടിനു കണ്ടോ, കൊല്ലത്തിനു വടക്കോട്ടൊന്നു കടക്കട്ടെ. അപ്പം കാണിച്ചുതരാം കോന്ത്രപ്പിള്ളി കൊച്ചുകേയോന്റെ ജൊണ.

ഉലസൽക്കുറുപ്പു : (ആത്മഗതം) പവൻ വിളമ്പുന്ന കാർണോരു്; ഇവിടെപ്പഠിച്ച അനന്തിരവൾ. ഗോപാലപിള്ള ശിരസ്താരദ്ദേഹത്തിന്റെ മകൾ. ആഹ്‌! ഒരു പൊന്മാളിക ഉയര്‍ന്നു് അതിന്റെ കനകവാതലുകൾ ഇതാ തുറന്നുകാണുന്നു. ഉലസല്ക്കുറുപ്പു വിലസൽ പ്രഭാവനാകുന്നു. (പ്രകാശം) കാർണോരേ ! വേഗം പോയി കുഞ്ഞിന്റെ വിവാഹം നടത്തുക. പുത്തൻ നിയമവും മറ്റും വന്നിട്ടുണ്ടെന്നു് അറിയാമല്ലോ. ഞാൻ താമസിപ്പിക്കുന്നില്ല. കുട്ടിയുടെ പേർ എന്താണു്?

-08-


കേശവശ്ശാർ: ഇട്ടതു് ഉമ്മിണീന്നു. തന്ത പുതുമോശലിൽ തമലയോ എന്തു ചമ്മലയോ ആക്കി.

ഉലസൽക്കുറുപ്പു : (ചാടി എഴുനേറ്റുനിന്നിട്ട്) ഓ! ഇവിടെ ഈയിട പഠിച്ചിരുന്ന കമലാക്ഷിക്കുട്ടിഅമ്മയോ? ആ കുഞ്ഞിനെ ഒരു കാമദേവനോ വൈശ്രവണനോ കൊണ്ടുപോകേണ്ടതല്ലേ? എന്താ അമ്മാവാ ഇതു്? പോണം പോണം, പോണം, പോണം- ഹായ്! ഇഷ്ടം പോലെ ചെയ്യണം. പക്ഷേ, കാരണവന്മാർ ദുരധികാരം പ്രയോഗിച്ചു ബാലികകളെ ദുരദിഷ്ടത്തിനു വിധിച്ചുകളയരുതു്.

കുഞ്ഞപ്പൻ: (കേശവശ്ശാരെ നുള്ളി ചെവിയിൽ) മറ്റതൊക്കെ ഒന്നു താളത്തിലിടണം. ഇവടെ ഇച്ചിരി ഭരീക്ഷിപ്പാനൊണ്ടു്. നമ്മള കണ്ടിട്ടില്യോ, ആണും പെണ്ണും പഠിക്കുന്ന എഴുത്തുപള്ളികളു്. എത്തും എതിരുമല്യോ?

കേശവശ്ശാർ: ഛേ! ചെവുത്തകെട്ട ചവമേ! ആണുങ്ങളുടെ തത്വം വിട്ടാൽ പിന്നവിടെക്കെടന്നു പൊറുക്കണ്ടയോടാ? കോമാളിത്തരങ്ങള്‍-

ഉലസൽക്കുറുപ്പ്: : കേട്ടോ അമ്മാവാ! ചെറിയ കോടടപ്പു വരുന്നു. ഒരു വാരിയായി അങ്ങോട്ടു വന്നു നാട്ടുംപുറങ്ങൾ ഒന്നു കാണുവാൻ വലിയ കൗതുകമുണ്ടു്.

കുഞ്ഞപ്പൻ: (സന്തോഷിച്ചു്) വേണം, വേണം അങ്ങുന്നേ! കാണാനുള്ള ഭൂദേശം ആന്നതു്. ഭേഷ്കാരങ്ങുന്നമ്മാരും മറ്റും വന്നാലും അവ്ടത്തെ മടത്തിലാ-

കേശവശ്ശാർ: (കുഞ്ഞേപ്പനെ തള്ളി മാറ്റി) കോന്ത്രപ്പിള്ളിക്കാരു് ഒരുവെധം മാനം മര്യാധയായിക്കഴിയുന്നകൊണ്ടു് അങ്ങുന്നമ്മാരു വരുന്നു എന്നല്ലാണ്ടു്-

കുഞ്ഞപ്പൻ: കുഞ്ഞിനേം കാണാമങ്ങുന്നേ!

(കേശവശ്ശാർ കുഞ്ഞപ്പനെ അടിക്കുന്നു.)

-09-


കുഞ്ഞപ്പൻ: എന്നാലങ്ങ് അറയിലിട്ടു പൂട്ടിക്കൊള്ളണം. നല്ലകാലം വരുന്നെങ്കി, വരട്ടേന്നു വയ്ക്കാണ്ടു്-

കേശവശ്ശാർ: കൊച്ചൊരു അസുരവിത്തങ്ങുന്നേ! കാട്ടിക്കെടന്നു കന്നാലിക്കാര്‍ക്കു് വെച്ചു വെളമ്പി മര്യാധ പഠിച്ചു ഹവംകാരങ്ങളു് ക്ഷമി ക്കണം. അയിത്തുങ്ങക്കു പാവാട വേണം, കഴുക്കോലുവേണം, സാരി വേണം, കുമ്മ വേണം, കൂന്താലിക്കാരു തോണ്ടിയാ അതൊക്കെ നേണുവരുമോ അങ്ങുന്നേ !

ഉലസൽക്കുറുപ്പു : (ആത്മഗതം) ഇവരോടു സംസാരിച്ചു നിന്നുപോയാൽ കാര്യം അമാന്തത്തിലാകും . ഇതിൽ, മുന്നൂറെന്നല്ലേ പറഞ്ഞതു്? അതു തല്ക്കാലം കടമായെടുക്കാം. (പ്രകാശം) അമ്മാവാ! എനിക്കു വേറെ ചില കേസ്സുകൾ ഉണ്ടു്. കോമൻമേനവനു് ഇന്നത്തെ അഞ്ചലിൽ മറുപടി അയച്ചുകൊള്ളാം. ശേഷം ഫീസു വിചാരണയ്ക്കു വരുമ്പോൾ-കേട്ടോ?

കേശവശ്ശാർ: അതിനെന്തു ലസലങ്ങുന്നേ?

ഉലസൽക്കുറുപ്പ്: (ഞെട്ടി, ആത്മഗതം) വെറുതേ ഞെട്ടി. എന്നല്ലാ അനന്തിരവ ഉലസദ്വാമാംഗം ചേരുന്നതുമായിരിക്കും. (പ്രകാശം) എന്നാൽ സര്‍ക്കീട്ടിൽ കാണാം.

(കേശവശ്ശാർ തൊഴുതു നടക്കുന്നു.)

കുഞ്ഞപ്പൻ: പൊന്നങ്ങുന്നേ ! ഞങ്ങൾ ഒക്കെ ഒരുക്കിക്കൊണ്ടിരിക്കും. (പെൺകുട്ടി നല്ലതു് എന്നും ആംഗ്യം) എന്നുവച്ചാൽ പൊരി- പൊടി- തീപ്പൊരി.

(ഉലസൽക്കുറുപ്പ്, കൈവശപ്പെട്ടു എന്നുള്ള ആനന്ദത്തിന്റെ പ്രകടനം .)

(കുഞ്ഞപ്പൻ തൊഴുതു പോകുന്നു.)

ഉലസൽക്കുറുപ്പ്: കേസ്സുകെട്ട് അപ്പുറത്തു കിടക്കട്ടെ. (വലിച്ചെറിയുന്നു) പവൻസഞ്ചി ഈ കീശയിൽ മറയട്ടെ. വക്കീലും ഗുമസ്തനും മടങ്ങിവന്നു മാറത്തടിച്ച് എഴവുകൊണ്ടാടട്ടേ. ഇനി അടുത്തപോലുള്ള കരണീയം ആ കമലഭദ്രാഹരണമാകുന്ന യത്നം തന്നെ. എന്തു്? നാമും ഒരു തറവാട്ടുകാരനല്ലേ? പരിണയകര്‍മ്മം കഴിഞ്ഞാൽ വാസുദേവവാഗ്ഭടൻ ഇങ്ങും, പൗണ്ഡ്രകവാഗ്ഭടൻ അങ്ങും. അങ്ങനെ രണ്ടു പേരും വിജയിക്കും. ഓഹോ! വണ്ടിയോ മറ്റോ വരുന്നു. (അമ്പരന്നു ചുറ്റും നോക്കി) രക്ഷയ്ക്ക് ഇപ്പോൾ ഉപയുക്തമാകുന്ന രാജപാത ഈ ജനലുതന്നെയാണു്. 'ഇദം അസ്മൽ ഭാഗവതഗ്രന്ഥs വിജയവിദ്യാപ്രയോഗാരംഭകഥാപ്രസംഗേ പ്രഥമോദ്ധ്യായ സമാപ്തഹഃ.' ശുഭം. (ചുളവും ഇട്ടുd, താളം തുള്ളി ജനലുചാടിക്കടന്നുപോകുന്നു.)

(കർട്ടൻ)

 

രംഗം രണ്ടു് (10-14)

 

-10-


രംഗം രണ്ടു്


[വാഗ്ഭടൻപിള്ളയുടെ ആഫീസ്]

വാഗ്ഭടൻപിള്ള: (തന്റെ ആഫീസിനകത്തു നടന്നുകൊണ്ടു്) ആ ഗുമസ്തന്മാരുടെ സെക്‌ഷൻ ഒരു അങ്ങാടിക്കു തുല്യം ശബ്ദംകൊണ്ടു മുഴങ്ങുന്നു. ഈ ഘോഷം ഇല്ലാഞ്ഞിട്ടും ആ കൃഷ്ണപിള്ള ഇന്നലെ അങ്ങോട്ടു പോന്നു. നമുക്കും ഇന്നലെ അങ്ങോട്ടു കടക്കുന്നതിനു തരപ്പെട്ടില്ല. ആരാണാവോ അയാളെ അങ്ങോട്ടു പുറപ്പെടീച്ചതു്? എന്തോ അപകടത്തിന്റെ ഗന്ധം അല്പാല്പം ശ്വസിക്കാറാകുന്നു. ഏഃ സ്നേഹിതന്മാർ ആരോ നമ്മെ കളിയാക്കാൻ തുടങ്ങുന്നതാണു്. ഓ! ഇന്നലത്തെ സദ്യ-സസ്യവര്‍ഗ്ഗത്തിന്റെ വിവിധത്വങ്ങൾ, പരിവര്‍ത്തനഗതികൾ, പരിണാമാവസ്ഥകൾ എന്നിവയുടെ വിശേഷവൈചിത്ര്യങ്ങൾക്കു് ഒരു സാധനപാഠംതന്നെ ആയിരുന്നു. സസ്യശാസ്ത്രത്തിനു് നല്ലൊരു പാഠശാല ഈ സദ്യാരംഗങ്ങൾ തന്നെ. ആ മാപ്പള്ളിഭരിപ്പുകാരനെ തരുശാസ്ത്രപ്രഫസ്സരായി ശുപാര്‍ശചെയ്‍വാൻ വല്ല മേലദ്ധ്യക്ഷനും പക്ഷപാതം തോന്നിയേക്കാം. സകലതും സംഭവ്യമായിരിക്കുന്ന അവസരമല്ലേ ഈ കബന്ധനൃത്തകാലം! (മേശയുടെ അടുത്തു ചെന്നു സൂക്ഷിച്ചു നോക്കീട്ടു്) ഇതിൽ ഒരു കുറിപ്പു കിടക്കുന്നു. എന്താ ഇതു്? (ഉറക്കെ) ।

(കൃഷ്ണപിള്ള പ്രവേശിക്കുന്നു.)

(കടലാസു കൊടുത്തിട്ടു്) വായിക്കൂ അതു്.

കൃഷ്ണപിള്ള: (നോക്കി പുഞ്ചിരിയോടെ) ഞാൻ എഴുതിയതല്ല.

-11-


വാഗ്ഭടൻപിള്ള: നെഞ്ചിന്മേൽ നീന്തുന്ന നമ്മുടെ ലാ റിപ്പോർട്ട് തൊണ്ണൂറ്റിനാലാം വാല്യത്തിൽ എത്തിക്കഴിഞ്ഞു എന്നെഴുതിയ വികടൻ ആരെടാ? ഈ ഭ്രാന്തും മറ്റും സ്വപ്നത്തിൽ കുറിക്കാൻ തല തിരിഞ്ഞുപോയ ജ്വരക്കാരൻ ആരാണ്? നാശം! ആരെങ്കിലും ആകട്ടെ. ഇതാ മേശയുടെ ഡ്രായറും വലിച്ചു തുറന്നിട്ടിരിക്കുന്നു. (സൂക്ഷിച്ചു നോക്കി) അല്ലാ, ഭംഗിയായി ! ഇതിൽ കുറെ രൂപ കിടന്നതും അപ്പാടേ പറന്നുപോയിരിക്കുന്നു. സംശയം ഇല്ലെടോ; ഇന്നലത്തെ ആൾ ഇവിടത്തെ ഊരാണ്മക്കാരനായി. ആരെയാ താൻ ഇവിടെ ആക്കിയിട്ടു പോന്നതു്?

കൃഷ്ണപിള്ള: സൂക്ഷ്മത്തിൽ ആരെന്നു നിശ്ചയമില്ല. കണ്ടു നല്ല തഴക്കമുണ്ടു്. ഇംഗ്ലീഷ് പഠിച്ചിട്ടുള്ള ആളാണു്.

വാഗ്ഭടൻപിള്ള : പോട്ടേ, പോട്ടെ. ആറേഴു രൂപയേ ഉളളൂ. ആ കുറിപ്പു ചാർത്തിയ ആൾതന്നേ ആണ് മോഷ്ടാവു്. വയ്യുന്നേരം ക്ലബ്ബിൽ വച്ചു എല്ലാം വെളിപ്പെടുത്താം. ആ ഉടുപ്പുകൾ ഇങ്ങോട്ടടുക്കൂ.

കൃഷ്ണപിള്ള: (അകത്തോട്ടു കടന്നു ആശ്ചര്യസ്വരത്തിൽ) എന്റെജമാനേ!

(മുഷിഞ്ഞ മുണ്ടും, വല്യ പുതപ്പും, നെടുവടിയും ആയി ഒരു മഹമ്മദീയഭിക്ഷ പ്രവേശിച്ച് വടിയൂന്നി ഇരിപ്പാകുന്നു.)

വാഗ്ഭടൻപിള്ള: അപ്പുറത്തു ഗുമസ്തന്മാരുടെ മുറിയിലേക്കു പോകൂ. ഇവിടെ വഴിമുടക്കി ശകുനത്തിനും ഇരിക്കേണ്ട.

(യാചകൻ ദീനസ്വരങ്ങളും ആകാശത്തോട്ടുി കൈകൾ പൊക്കിയും, വയറ്റിൽത്തടവിയും ആംഗ്യങ്ങൾ കാണിക്കുന്നു.)

നാശം ! അപ്പുറത്തു പോവാൻ പറഞ്ഞില്ലേ? കൃഷ്ണാ! ഇവനു വല്ലതും കൊടുത്തേക്കണം.

-12-


യാചകൻ: ബയ് - ഒ-യ- ഒ. (ദീർഘമായും ഇടകൾ മുറിഞ്ഞും ഉള്ള വിലാപസ്വരങ്ങൾ)

കൃഷ്ണപിള്ള: (അകത്തുനിന്നും പരിഭ്രമസ്വരത്തിൽ) കോട്ട് ഇവിടെ കാണുന്നില്ല യജമാന്നേ!

(യാചകൻ നെഞ്ചത്തടിച്ചും ആഹാരത്തിനു വല്ലതും കിട്ടണമേ എന്നു ആംഗ്യം)

(അകത്തു നിന്നു) ഇന്നലെ ഇവിടെ കാവലു നിറുത്തിയവൻ നശിച്ചുപോട്ടെ !

(യാചകൻ വീണ്ടും ദീര്‍ഘമായ അപേക്ഷാസ്വരങ്ങൾ.)

(അകത്തുനിന്നു) പോലീസുകാരെ തെര്യപ്പെടുത്തണം.

വാഗ്ഭടൻപിള്ള: (രണ്ടു ചെവിയും പൊത്തി) നാശമായി! അപ്പുറത്തും ഇപ്പുറത്തും കശ! പോയതെല്ലാം പോകട്ടെടോ. എന്തു ദുർദ്ദിവസങ്ങളാണിതു്? ഇതാ പോരെങ്കിൽ മുന്നാമതൊരു ശനി! (ഒരു വൃദ്ധയാചകി 'നാരാജുനാ, നാരാജുനാ' എന്നു കണ്ഠം ഇടറി, തല വിറപ്പിച്ച് ജപിച്ചുകൊണ്ടു പ്രവേശിക്കുന്നു.)

വൃദ്ധയാചകി: (ശബ്ദം ഇടറി) പൊന്നെയമാനേ! രഷ്ഷിക്കണേ. തിരിയിണടമെല്ലാം പട്ടിണി. ഒള്ളവരുക്കൊണ്ടു് ഇല്ലാത്തവരു് കടവറ്റി, ചത്തു ചത്ത് ഒടുങ്ങുണേ.

കൃഷ്ണപിള്ള: (പുറത്തോട്ടു വന്നു്) ഇതെന്തു വഴിമുടക്കിപ്പിണികൾ പോലെ വന്നിരിക്കുന്നതു്? പോവിൻ പോവിൻ! ഈങ്!

-13-


(യാചകൻ വൃദ്ധയെ നോക്കി ഹാസ്യമായി ചില ഉൽഘോഷണങ്ങളും അനന്തരം പോകുവാൻ കൈകാട്ടുന്നതും.)

വൃദ്ധയാചകി: (ശാന്തയായി) പൊന്നങ്ങുന്നേ ! പിന്നെ ഒണ്ടല്ലോ, ഈ ഈച്ചരനാമം ചൊല്ലിയാലേ -

കൃഷ്ണപിള്ള: ശീ ശീ! ഈച്ചരനാമവും കൊണ്ടു് അവിടുന്നു പോവാൻ പറഞ്ഞാൽ-

വാഗ്ഭടൻപിള്ള: (കൃപയോടും ശ്രദ്ധയോടും) ഈച്ചരനാമം ചൊല്ലിയാൽ-എന്തോന്നാ നിങ്ങടെ ചോദ്യം?

വൃദ്ധയാചകി: (തെളിഞ്ഞു ഗുരുനാഥനോടു പ്രശ്നം ചെയ്യുന്ന ഭാവത്തിൽ) അയ്യോ പൊന്നൊടയതേ ! ഈച്ചരനാമം ചൊല്ലിക്കൊണ്ടു നടന്നാലേ, മീൻ വേണ്ടാന്നു വന്നൂടുമോ?

(അണിയറയിൽ)

താന്താനൊഴിഞ്ഞുള്ള ലോകമെല്ലാം
താന്തരായന്തമടിഞ്ഞുപോകും
ചിന്തിച്ചിദം നേടിൻ സമ്പത്തു മെന്മേല-
നന്തശായി നിദ്ര കൊണ്ടീടട്ടേ.


വാഗ്ഭടൻപിള്ള: ഉപദ്രവമായി! അനുജൻ ശങ്കരൻകുട്ടീടെ വരവാണു്. ഇവിടുത്തേ കശ ഇനി മഹാദുസ്സഹമാകും.

-14-


(ഒഴിഞ്ഞ ഭാഗം രംഗസ്ഥലത്ത് ശങ്കരപ്പിള്ള പ്രവേശിക്കുന്നു.)

ശങ്കരപ്പിള്ള: ഏഹേ ! നാൺപിള്ളെ! കൃഷ്ണപിള്ളൈ ! മിസ്റ്റർ എന്തെങ്കിലും പിള്ളൈ!

(കൃഷ്ണപിള്ള ആ ഭാഗം രംഗത്തിലോട്ട് പ്രവേശിക്കുന്നു.)

ഷേക്ക് ഹാൻഡ് കൃഷ്ണപിള്ളൈ.

കൃഷ്ണപിള്ള: വേണ്ടായേ. ഇന്നാളൊന്നു കഴിച്ചതിനു പത്തു ദിവസം വച്ചനത്തി.

ശങ്കരപ്പിള്ള: എടോ, താൻ മധുരികശരീരൻ ആയതു് എന്റെ അപരാധമാണോ? പുരുഷന്മാർ അയഃശിലാദികായന്മാരായിരിക്കണ്ടേ? ഭാഷ ഹിന്ദുസ്ഥാന്യാദി ശബ്ദങ്ങൾകൊണ്ടു് എങ്ങനെ പുഷ്ടമാകുന്നോ, അതുപോലെ-അതു കളയൂ. ബ്രദർസാഹേബ് എവിടെ ബൈഠോ ചെയ്യുന്നു?

കൃഷ്ണപിള്ള: രാമനാമം ജപിച്ചാൽ ഉള്ള ഫലത്തേക്കുറിച്ചു ഒരു ഭിക്ഷക്കാരി ചോദ്യം ഇട്ട് അതാ ഇരുന്നു വിഷമിക്കുന്നു.

ശങ്കരപ്പിള്ള: ആ ചോദ്യക്കടലാസു് നമ്മുടെ കൈയിലാ വീഴേണ്ടതു. (വാഗ്ഭടൻപിള്ള ഇരിക്കുന്ന ഭാഗം രംഗത്തോട്ടു പ്രവേശി ച്ചു വന്ദനം ചെയ്തുകൊണ്ടു്. യാചകിയോടു്) ഹേ കുബ്ജാദേവീ! നിങ്ങൾക്കു് കാര്യജ്ഞാനം ഇല്ലേ? ഈ ബക്കീൽസിംഹങ്ങൾ ആത്മശാസ്ത്രരഹസ്യങ്ങൾ ഏതു ദേശത്ത്, ഏതു യുഗത്തിൽ, ഏതു ഗ്രന്ഥക്കടലാസിന്റെ ഇടയിൽ കണ്ടു? പ്രശ്നം നമ്മുടെ മുമ്പിൽ സമര്‍പ്പിക്കൂ. ഉത്തരം:-

'മത്സ്യം വലയിലണയും പോലെ
വഹ്നിയിൽ പാറകൾ വീഴും പോലെ'

 

രംഗം രണ്ടു് (15-18)

 

-15-


എന്നും മറ്റും എന്തു ഫിലോസഫി പണ്ടുള്ളവർ എഴുതി നാം അറിഞ്ഞിരിക്കുന്നു!

(യാചകൻ ആകാംക്ഷയോടുകൂടി ആംഗ്യവും ദീനസ്വരങ്ങളും .)

ശങ്കരപ്പിള്ള: അല്ലാ, അംബരീഷചരിതവും ഇവിടെ ഹാജരുണ്ടോ?

വാഗ്ഭടൻപിള്ള: (കൃഷ്ണപിള്ളയോടു്) ഹേ! ഇവര്‍ക്കു വല്ലതും കൊടുത്തു പോകാൻ പറയൂ.

ശങ്കരപ്പിള്ള: വരട്ടേ ജ്യേഷ്ഠാ! കാലക്ഷേപമാര്‍ഗ്ഗം ഞാൻ നല്ലതായി ഒന്നു ഇന്നു കണ്ടുപിടിച്ചു. അത് ഈ സാധുക്കൾകൂടി കേട്ടുകൊണ്ടു പോകട്ടെ. കൊലപാതകം, നരഹത്യ, ദേഹോപദ്രവം ഒന്നും ആകാത്ത ഒരു നിഗ്രഹകൗശലം !

വാഗ്ഭടൻപിള്ള : തനിക്കു പണി വേറൊന്നും ഇല്ലെങ്കിൽ ഈയുള്ളവരെ മെനക്കെടുത്തുന്നതിനു സാവകാശം കണ്ടുവരൂ.

ശങ്കരപ്പിള്ള: അയ്യോ ജ്യേഷ്ഠാ! ഞങ്ങൾ മാസശ്ശമ്പളക്കാര്‍ക്കു് ഒഴിവുകൾ ഉണ്ടായേ ഭാഗ്യം തെളിയു. വല്ല ജര്‍മ്മൻ യുദ്ധകൗശലങ്ങളും ലായ്ക്ക് അധീനമാകാതെ കണ്ടുപിടിച്ചാൽ ഞങ്ങൾക്കു് എന്തു് ഉപകാരമാകും എന്നോ! അങ്ങനെ ഒന്നാണു് ഇന്നു കണ്ടുപിടിച്ചതു്. ജ്യേഷ്ഠന്റെ ആത്മനാജ്യേഷ്ഠൻ മധുസ്വേദൻപിള്ളയും മിസ്റ്റർ വീണാധരൻപിള്ളയും സവാരി ചെയ്യിരുന്നു. നിർഭാഗ്യവശാൽ പുറകേ ഞാനും എത്തി. എങ്ങനെ എന്നറിഞ്ഞില്ല, മിസ്റ്റർ സ്വേദൻപിള്ള ശ്വേതഭസ്മം പോലെ കണ്ണിമച്ചു തുറക്കുന്നതിനിടയിൽ ഭൂമിയിൽ പതിച്ചു. വീണാധരൻപിള്ള വിദ്യത്ഖഡ്ഗം പ്ര യോഗിച്ചുചെയ്ത നരഹത്യയ്ക്കു് ഇവൻ സാക്ഷി ആയിപ്പോയി എന്നു ഭയന്നു്, എന്തു്? എന്നും ഓടിച്ചെന്നു ചോദ്യം ചെയ്തപ്പോൾ ''മറ്റൊന്നുമില്ല. തന്റെ ജ്യേഷ്ടനെ ഹൈക്കോർട്ടുജഡ്ജി ആക്കി എന്നും ഒരു മനോധര്‍മ്മപ്രയോഗം ചെയ്തപ്പോൾ,

'ഉറക്കെ വാവിട്ടൊന്നലറി, വന്മരം
മുറിച്ചു ഭൂമിയിൽ ചരിച്ചതുപോലെ'


-16-


ഇതാ വീണിരിക്കുന്നു'' എന്നും വീണാധരൻപിള്ള 'താദൃശം തങ്ങളിൽ സ്നേഹം' എന്നും ആത്മനാ വിചിന്തനം ചെയ്തും, നവമായ ആ വധസമ്പ്രദായം പഠിച്ചും ഞാനും ഇങ്ങോട്ടു പോന്നു - എന്താ മുത്തശ്ശീ ചോദ്യം?

വൃദ്ധയാചകി: (യാചകനെ സൂക്ഷിച്ചുനോക്കി) അല്ലേ ഇതാരു്? ഉതുമാൻ മൊതലാളിയല്യോ? എപ്പം മൊതൽ കൂവാ താൻ ഊമേം പൊട്ടനും ഒക്കെ ആയതു്?

കൃഷ്ണപിള്ള: മിണ്ടാതിരിക്കരുതോ?

ശങ്കരപ്പിള്ള: ശരിയായ ഉപദേശം. നോക്കിൻ ആഫീസ് വാസ്തവങ്ങൾ, വ്യാപാരവാസ്തവങ്ങൾ എന്നിവ ശയ്യാഗൃഹസംഭവങ്ങൾ പോലെ പരമരഹസ്യങ്ങളായിരിക്കണം.

വൃദ്ധയാചകി: ഇയാൾ ചക്കാലക്കടയിലെ ഉതുമാൻ മേത്തരു്. ആ തുന്നത്തുണിക്കിടയിലു് കുന്നക്കോലൊണ്ടു്.

മഹമ്മദീയയാചകൻ: (എഴുനേററു്) യശമാനിക്കു് എരപ്പപ്പിച്ച ഉസുമാനിക്കു നായിക്കു വേണം. ഈ തോയക്കാരി വീവി പുളുത്ത ശക്രം ഒണ്ടാക്കി അടുപ്പുംകെടെ പൊതച്ചു പോട്ട ആളേപ്പിടുംകാൻ നടക്കുമ്പോ-

ശങ്കരപ്പിള്ള: തന്റെ വായ് ഫാസ്ഫറസ്സും തുറന്നും കൊണ്ടു്, ആയുധം വച്ച്, അടുപ്പുംകടെ പടുത്തുകളയൂ.

കൃഷ്ണപിള്ള: (യാചകക്കു ചക്രം കൊടുത്തിട്ടു്) നടക്കുവെടോ. (യാചകൻ പോകുന്നു.)

-17-


വാഗ്ഭടൻപിള്ള : ശങ്കരൻകുട്ടീ! ഇതാ ഈ പ്രാമിസ്സറിനോട്ടു വായിക്കൂ. കൈപ്പടക്കാരൻ ആരാണെന്നറിയാമോ? (നോട്ടു നീട്ടുന്നു.)

ശങ്കരപ്പിള്ള: (വാങ്ങിച്ചു വായിക്കുന്നു) 'നാളതു താംകളുടെ പക്കൽ നിന്നും അംഗീകരിച്ച ബ്രിട്ടീഷ് രൂപാ മുന്നൂറ്റി ഏഴും, തിരികെ ആവശ്യപ്പെടുകയില്ലെന്നുള്ള പരിപൂർണ്ണവിശ്വാസത്തിന്മേൽ, താംകൾക്കോ വരുതിക്കോ ആവശ്യപ്പെടുമ്പോൾ തന്നുകൊള്ളാം'. മനസ്സാക്ഷിയുടെ സാക്ഷ്യത്തോടെ ഇതിനാൽ വാഗ്ദത്തം ചെയ്തു കൊള്ളുന്നു' ഹ! ഹ! വിദഗ്ദ്ധം ! പ്രമാണം എഴുത്തിൽ താൻ ഒരു ഗുരുനാഥൻതന്നെ ഞാൻ ആളെ ഓരോ അക്ഷരത്തിലും ഫോട്ടോഗ്രാഫ് ചെയ്തുകാണുന്നു.

വാഗ്ഭടൻപിള്ള: ആട്ടേ അത് അവിടെ വയ്ക്കു. ഇതാ വേറൊരു എഴുത്തു്. അതും ഒന്നു വായിക്കൂ.

ശങ്കരപ്പിള്ള: (നിരപരാധിത്വം നടിച്ചു വാങ്ങി വായിക്കുന്നു.)

'ശ്രീ

'ഹേ! വാഗ്ഭ-'

വാഗ്ഭടൻപിള്ള : എന്താ- എന്താ--ഇടറുന്നതു്?

ശങ്കരപ്പിള്ള : പെണ്ണുങ്ങളുടെ കൈയക്ഷരമായി മാറ്റി എഴുതിയിരിക്കുന്നതുകൊണ്ടു വായിക്കുവാൻ വിഷമം. (വായിക്കുന്നു.)

"ഹേ വാഗ്ഭടനായ പ്രബുദ്ധപ്രഭോ! ഭവാന്റെ നാമം ജീവരക്ഷാമറകളെ സ്മരിപ്പിക്കുന്നു. തൽക്കാരണാൽ അവിടുത്തേ സുമനോഹരാകാരത്തിലും മനസ്സുധര്‍മ്മാവിലും സാക്ഷാൽ കമലാസനത്വം സ്ഥിതിചെയ്യുന്നു. എന്നാൽ ഭവാന്റെ ഈ ആരാധകിയായ സരോജിനി രോഗിണീഭാവത്തെ കൈക്കൊണ്ടുമാണ്ടിരിക്കുന്ന ആതുരാവസ്ഥയിൽ അവിടുത്തെ ഭിഷഗ്വൈദൂഷ്യത്തിന്റെ സമഗ്രാന്തങ്ങളായുള്ള അംഗുലീമൃണാളങ്ങളെക്കൊണ്ടു് ഇവളുടെ-' ചേട്ടാ ! അവൾ ആഭാസത്തി ആണു്.

വാഗ്ഭടൻപിള്ള: വരട്ടെ, ലിംഗഭേദം നിശ്ചയം ചെയ്‍വാൻ.

ശങ്കരപ്പിള്ള: അതേ. ലായറന്മാർ എല്ലാത്തിലും കളവും കുസൃതിത്വവും കാണും. (വായിക്കുന്നു.)

'- ഇവളുടെ സജ്വരമായ ഹസ്തതലത്തെ ശീതളീഭവിപ്പിക്കുന്നതിനു കരുണ ഉണ്ടായാൽ, അവിടുത്തേക്കും സഹസ്രം ഗന്ധർവ്വവിമാനങ്ങൾ ലബ്ധമാകുന്ന ആനന്ദാനുഭോഗം സമ്പ്രാപ്തമാകുന്നതാണു്.

-18-


എന്നും ഏവംവിധേന-'

(വാഗ്ഭടൻപിള്ള എഴുന്നേറ്റ് ശങ്കരപ്പിള്ളയുടെ ചെവിക്കു പിടിക്കുന്നു.)

ശങ്കരപ്പിള്ള: അയ്യോ! ഉദയവേളകളിൽ ജീവൻ കര്‍ണ്ണദലങ്ങളിലാണേ. സൗജന്യം നോക്കി പരിഗ്രഹിച്ചാൽ-

വാഗ്ഭടൻ പിള്ള: ഫൂ വികൃതി! നിന്റെ സാഹിതീസാമത്ഥ്യം പരീക്ഷിപ്പാൻ വേറൊരു പാത്രം നീ കണ്ടില്ലേ?

ശങ്കരപ്പിള്ള:ഹൃദയകുഗ്മളം എങ്ങോട്ടു ചാഞ്ഞുവോ അങ്ങോട്ടുതന്നെ തിരിഞ്ഞു് മകരന്ദബിന്ദുക്കളെ വര്‍ഷിച്ചു -

വാഗ്ഭടൻപിള്ള: (കൈവിട്ടിട്ടു്) ഇത്ര തിടുക്കം ആണെങ്കിൽ താൻ തന്നെ പരിഗ്രഹിക്കു.

ശങ്കരപ്പിള്ള: ജ്യേഷ്ഠാ!

ജ്യേഷ്ഠൻ സന്യാസിവേഷനിഷ്ഠനായ് വാഴുംകാലം
കഷ്ടം ധര്‍മ്മത്തിൻവിധി കനിഷ്ടൻ തിണ്ടാടവേണം.


വാഗ്ഭടൻപിള്ള: അതൊന്നും താൻ ചിന്തിക്കേണ്ട. ഇഷ്ടം വല്ലവഴിക്കും ചാഞ്ഞിട്ടുണ്ടെങ്കിൽ അതു ഞാൻ നിർവ്വഹിച്ചുതരാമെന്നിതാ വാഗ്ദത്തം ചെയ്യുന്നു.

ശങ്കരപ്പിള്ള: വരട്ടെ ചേട്ടാ. ആദ്യമായി ഈ വാഗ്ദത്തപത്രക്കാരന്റെ മദ്ദനക്രിയ നിവർത്തിക്കട്ടെ. ഇതാ അതിനു നടന്നുകഴിഞ്ഞു. ജയി ച്ചുവരുമ്പോൾ ഹസ്തശൃംഖല തന്നുകൊള്ളുക. (പോകുന്നു.)

വാഗ്ഭടൻപിള്ള: ഇവൻ ആരെ, എന്തു്, കുടുക്കിലാക്കി എങ്ങനെ കൊല്ലുന്നോ! ഇവന്റെ ഉന്മേഷത്തിന്റെ വിജൃംഭണത്തിനു നല്ലൊരു സൂത്രധാരിണിയുടെ നിയന്ത്രണം ഉണ്ടാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. എന്നാൽ എന്നേത്തുടര്‍ന്നല്ലാതെ ഇവൻ ഒരു ബന്ധത്തിൽ ഏര്‍പ്പെടുന്നതല്ല. ഞാനോ ദാമ്പത്യജീവിതം യഥാസുഖം നിവർത്തിക്കുവാനായി ധനസമ്പാദനത്തെ മാത്രം നോക്കിക്കഴിഞ്ഞു. കമലാക്ഷി അവളുടെ അച്ഛന്റെ മരണശേഷം എങ്ങനെ കഴിയുന്നു എന്നുള്ളത് അന്വേഷിപ്പാനേ പോയിട്ടില്ല. ഇനിയും ഉപേക്ഷക്കാരനായി പാര്‍ത്താൽ അനുജന്റെ സംരംഭകത്വം വലിയ തകൃതിയിലായി വല്ല തകരാറും സംഭവിപ്പിക്കും. അതുകൊണ്ടു കോന്ത്രപ്പിള്ളിയിലേക്കും ഒന്നു പോവുകതന്നെ. യദൃശ്ചാകാരകനായ ഭാഗ്യമൂര്‍ത്തിതന്നെ നമ്മുടെ സര്‍വാഭീഷ്ട്രങ്ങളേയും നിറവേറ്റി അനുഗ്രഹിക്കുമാറാകട്ടെ!

(കർട്ടൻ)

 

രംഗം മൂന്നു് (19-22)

 

-19-


രംഗം മൂന്നു്


[കൊല്ലം മോട്ടാർബോട്ടുകടവു്. വാഗ്ഭടൻപിള്ളയുടെ ഫുൾഡ്രസ്സ് വേഷത്തിൽ ഉലസൽക്കുറുപ്പും സഞ്ചാരസാമാനങ്ങൾ ചുമന്നു ഭൃത്യന്റെ വേഷത്തിൽ ശങ്കരപ്പിള്ളയും പ്രവേശിക്കുന്നു.]

ഉലസൽക്കുറുപ്പു്: എടാ ശങ്കരാ ! ഡാം ഷാംകർ! ഇങ്ങോട്ടു നോക്കു -

ശങ്കരപ്പിള്ള: രണ്ടു കണ്ണും വച്ചുകൊണ്ടല്ലയോ നോക്കുണു. അതിനു പിന്നെ വിശേഷിച്ചും ഉത്തരവെന്തരു്?

ഉലസൽക്കുറുപ്പു്: ഛെ! അധികപ്രസംഗി!

ശങ്കരപ്പിള്ള: അതു് വായ്പടവെട്ടി, കണ്ടവരുടെ കണ്ണിൽ മണ്ണിടുന്നവരുടെ കച്ചവടമല്യോ?

ഉലസൽക്കുറുപ്പു : നിന്നെ കൂട്ടുപിടിച്ചതു ബലിയ അനര്‍ത്ഥമായി.

ശങ്കരപ്പിള്ള: അല്ലല്ല സാർ. 'അര്‍ത്ഥംപെരുക്കുമഴകേറുമതീവഭാഗ്യം' ആ വനമേനകയെ വരിച്ചു് സാക്ഷാൽ വിശ്വാമിത്രനാകുമ്പോൾ ശങ്കരനും ഒരു ത്രിശങ്കുസ്വര്‍ഗ്ഗം കിട്ടുമെന്നു് ആശിക്കുന്നു-ദേഷ്യപ്പെടരുതങ്ങുന്നേ. ഒരു വണ്ടിയിൽ കെട്ടാൻ ജോഡിചേരുന്ന തരക്കാറാകുമ്പോൾ ഇത്തിരിയൊക്കെ ചള്ളുവെട്ടി ചെള്ള കടിച്ചു് - തല്ലരുതു; കവിതമട്ടുകൾ വിട്ടുകളയാം. പറഞ്ഞതിന്റെ സാരം ഒരു തരക്കാർ ആകുമ്പോൾ കളി പറഞ്ഞുപോകുമെന്നാണു്.

ഉലസൽക്കുറുപ്പു്: വല്ലതും കിട്ടിയും പോകും.

ശങ്കരപ്പിള്ള: അതു നമ്പൂരശ്ശൻ കല്പിത്തപടി 'അന്നറിയാം അസ്സലു്'.

ഉലസൽക്കുറുപ്പു്: എടാ, നിന്റെ തിരുവനന്തപുരഗുണം അലക്കിയാലും മാറൂല്ലാ.

-20-


ശങ്കരപ്പിള്ള: 'മാറുമോ ജീവിതമുള്ള കാലം?' ശ്രീപത്മനാഭൻമുതൽ ഈ സങ്കേതൻവരെ ഉള്ള സൃഷ്ടികളിൽ ആ ഗുണം, 'രവീ ഭാസന്തു ഭാസുരാ' എന്നു ഭാസുന്നു.

ഉലസൽക്കുറുപ്പു്: നീ നല്ലകാലും വച്ചല്ല ഇറങ്ങിയിരിക്കുന്നതു്. നിന്നെക്കൂടാതെ ഞാൻ പൊയ്ക്കൊള്ളാം.

ശങ്കരപ്പിള്ള: സാറെ കള്ളനു കുന്നക്കോൽ തുണ. അല്ലാതെ പഞ്ചപാത്രവും ഉദ്ധരണിച്ചുമല്ലാ.

(ഉലസൽക്കുറുപ്പും പരിഭവിച്ചു നടന്നുകളയുന്നു.)

(വിനയഭാവത്തിൽ പുറകെ എത്തി) അങ്ങെത്തുമ്പോൾഉള്ള രസം വിചാരിച്ചു തലയ്ക്കൊരു മത്ത് അങ്ങുന്നേ. ഇനിയെല്ലാം പട്ടാളക്കവാത്തിന്റെ കല്പനകൾ പോലെ ഉത്തരവാകണം. ശങ്കേതൻ 'റെഡി റെഡി' എന്നും അനുജ്ഞകളെല്ലാം ശിരസാ വഹിക്കും. ഈ കായലിൽ ചാടാനെങ്കിൽ അതിനും- (ചാടാനുള്ള ഭാവം കാണിക്കുന്നു.)

ഉലസൽക്കുറുപ്പു്: നിന്റെ നാക്കിനെ അകത്തോട്ടു താഴ്ത്തിക്കൊണ്ടാൽ മുന്നോട്ടു കാലുവയ്ക്കാമെന്നുണ്ടു്.

ശങ്കരപ്പിള്ള: അയ്യയ്യോ! കിടയ്ക്കാൻ പോണ പഞ്ചസാരയും പാൽപ്പായസപ്പൊടിയും ഒന്നു നക്കാനെങ്കിലും അതു ശേഷിക്കട്ടെ. ഇനി പേശുന്നെങ്കിൽ (ചെകിടു കാണിച്ചിട്ടു്) ഇതാ ചെകിടിന്റെ കടംതല. വച്ചു താക്കൂടണം - ചെമ്പടയോ അടന്തയൊ?

ഉലസൽക്കുറുപ്പു: ആ പുകവണ്ടിയിലെന്നപോലെ, ബോട്ടിലുംവച്ചു സൊള്ളാൻ തുടങ്ങിയാൽ കാര്യം കഷണിച്ചുപോകും.

(ശങ്കരൻ വാപൊത്തിക്കൊള്ളുന്നു.)

-21-


പറയുന്ന ജോലികൾ കേൾക്കമാത്രം ചെയ്താൽ മതി.

(ശങ്കരൻ ദേഹം കുലുക്കി സമ്മതിക്കുന്നു. ഉലസൽക്കുറുപ്പ് മുന്നോട്ടു നട ക്കുന്നു.)

ശങ്കരപ്പിള്ള: (പൂർവസ്ഥലത്തു നിന്നുകൊണ്ടു്) കൂടി ചെല്ലാൻ ഉത്തരവുണ്ടായില്ല. ഉത്തരവൊ അക്ഷരം പ്രതി അനുസരണീയം. അതുവ്വാൽ, നമ്മാൽ കരണീയം ഏവമേവ. (സാമാനങ്ങൾ നിലത്തു വച്ചിട്ടു ഇരിപ്പാകുന്നു.)

(വക്കീൽ കോമൻമേനോൻ പ്രവേശിച്ച് ശങ്കരന്റെ അടുത്തു ചെല്ലുന്നു.)

കോമൻമേനവൻ: ആരാടാ ആ പോയതു്? - അല്ലേ! - എന്താ, മിണ്ടൂല്ലന്നു വല്ല വ്രതവും കൈക്കൊണ്ടിട്ടുണ്ടോ?

ശങ്കരപ്പിള്ള: (പതുക്കെ) മിണ്ടിയാൽ ചെവുടു ചെണ്ടപ്പുറമായ്പോകും.

കോമൻമേനവൻ: ചെണ്ടപ്പുറമോ?

ശങ്കരപ്പിള്ള: ഓ-ചെണ്ടപ്പുറം തന്നെ. കേട്ടിട്ടിലോ? ഈ പച്ചച്ചതപ്പുറത്തു ഒരു കേളി താക്കൂട്ടാൽ, അവിടം ചെങ്കടലോ ചെങ്കളഭക്കൂട്ടോ ആയിപ്പോകും . അതിനുടമ്പെട്ടുപോയി. അങ്ങത്തെ കണിശം വലിയ പട്ടാണിക്കണിശം നിന്നടം അറിയാണ്ടു മൂക്കു പിഴുതു കളയും.

കോമൻമേനവൻ: എജമാനനേക്കാൾ കേമൻ നീയാണ്. കരാർ ലംഘിച്ചുകൂടാ. എങ്കിലും നിന്റെ പേരറിവാൻ സൃഷ്ടിരഹസ്യത്തെ എന്നപോലെ കൗതുകം, പടിക്കുപടി, മൂർച്ഛിച്ചുവരുന്നു.

ശങ്കരപ്പിള്ള: പേരും പട്ടങ്ങളും പൊട്ടിക്കരുതെന്നു കട്ടായമായ ഗട്ടം. എങ്കിലും 'ശങ്കരൻ കിങ്കരൻ കാടികാച്ചിക്കലം കാക്ക കൊത്തീ മുറം തീപിടിച്ചു' എന്നു നാടോടെയുള്ള പാട്ടു്. ആ കാവ്യത്തുണ്ടിന്റെ അടിയിൽ ഇവന്റെ പേർ ഉപ്പഴത്തേ ഇംബ്ളൂഷ് പിടിച്ചു പടുക്കണു.

-22-


കോമൻമേനവൻ: നീ സരസശിരോമണി. നമുക്കു വളരെപ്പിടിച്ചു. നിന്നെപ്പോലുള്ളവരാണു ലോകത്തെ പ്രകാശിപ്പിക്കുന്നതു്. നിന്റെ ജ്യോതിസ് ഒരു കുടയുടെ രക്ഷപോലും ആവശ്യപ്പെടിയിക്കില്ല.

ശങ്കരപ്പിള്ള: ഹ! ഹ! ഹ! അതല്ലയൊ പറഞ്ഞതു്. അങ്ങോട്ടു നോക്കണം. ബാരിസ്റ്റർ അങ്ങുന്നു തിരിഞ്ഞു നെറ്റിക്കു കീഴുള്ള ഇരട്ടച്ചന്ദ്രഹാസം ഇളക്കുന്നു (സ്വകാര്യസ്വരത്തിൽ) ഓടിക്കളയണം അങ്ങുന്നെ അല്ലെങ്കിൽ- ഒന്നും പറയാൻ ഞാനാളല്ല.

കോമൻമേനവൻ: (ആശ്ചര്യഭാവത്തിൽ) ബാരിസ്റ്റരോ? ഏതു ബാരിസ്റ്റർ?

ശങ്കരപ്പിള്ള: ഹല്ലേ! സതീ, ദമയന്തി, ഒക്കെ രണ്ടുണ്ടോ അങ്ങുന്നേ? 'ശ്രീമദനന്തപുരത്തിൽ വാഴും സ്വാമി ശ്രീ പത്മനാഭൻ പാദയുഗ്മം' എന്ന കുമ്മി കേട്ടിട്ടില്ലയൊ? വഞ്ചിവാസവപുരമെ? വിസ്തരിച്ചു വ്യാഖ്യാനിപ്പാൻ തരമില്ല. അതാ ഒന്നാമത്തെ പണമരിച്ചുവാരുന്ന ബാരിസ്റ്റർ എന്നു രത്നച്ചുരുക്കത്തിൽ സൂചിപ്പിച്ചേക്കാം.

കോമൻമേനവൻ: (വീണ്ടും അത്യാശ്ചര്യഭാവത്തോടു്) ആരു ഇപ്പോൾ പണമരിച്ചുവാരുന്ന ബാരീസ്റ്റർ? മിസ്റ്റർ വാഗ്ഭടൻപിള്ള അല്ലയോ?

ശങ്കരപ്പിള്ള: (എണീറ്റു നിന്നു" ഉറക്കെ) വയറ്റിപ്പാടിനു നടക്കുന്ന പാവങ്ങളെ തല്ലിക്കയും കൊല്ലിക്കയും ചെയ്യരുതു്.

ഉലസൽക്കുറുപ്പു്: (ദൂരത്തുനിന്നു്) ഏ സിൻകർ!

ശങ്കരപ്പിള്ള: കേട്ടില്ലയൊ ശീമസ്വരം ! ഇവരൊക്കെയാണു സ്ത്രീമാരെന്നു പറയുന്നവരു്. ഈ ശ്രീമാന്മാരു ശീമയിൽ പോയി കാൽകിണ്ടി ഇംഗ്ലീഷ് വെള്ളം കൊപ്ളിച്ചേച്ചു വരുമ്പോൾ നാക്കു ഇത്തിരീശ്ശ കൊഞ്ഞിച്ചുപോകും.

ഉലസൽക്കുറുപ്പു : ഇങ്ങിറ്റു ബരൂ ശങ്കർ.

 

രംഗം മൂന്നു് (23-25)

 

-23-


(ശങ്കരൻ സാമാനങ്ങൾ എടുക്കാതെ ഉലസൽക്കുറുപ്പിന്റെ അടുത്തു എത്തുന്നു.) അയ്ഫൂൾ ! ആസ്! എന്റ് കൊന്റ് സാമാനങ്ങൾ കൊന്റ് ഫന്നില്ലാ?

ശങ്കരപ്പിള്ള: ഉത്തരവാകാണ്ടു് കൊണ്ടുവന്നാൽ പിഴയാവൂല്ലയൊ? ഒരു 'ലുലു' വച്ചാൽ അതു ലുലായിരിക്കണം. അല്ലെങ്കിൽ 'ഇക്കണ്ട വിശ്വം ഇന്ദ്രാദിദേവകളും അര്‍ക്കേന്ദുതാരഗണം'-(എല്ലാം മറിഞ്ഞു കുഴഞ്ഞു പോകുന്നു എന്ന ആംഗ്യം)

ഉലസൽക്കുറപ്പു : ബേണ്ട, ബേണ്ട. അഭിപ്രായങ്ങൾ കടന്നുപോകന്നു. പോയി 'സ്യാമൻസ്' എടുത്തു കൊണ്ടു ബാ.

(ശങ്കരൻ തിരിച്ചോടിച്ചെന്നു് സാമാനങ്ങൾ എടുക്കുന്നു.)

കോമൻമേനവൻ: എങ്ങോട്ടെടൊ സായുവിന്റെ യാത്ര?

ശങ്കരപ്പിള്ള: കോന്ത്രക്കുഴി എന്നു കേട്ടിട്ടില്ലയൊ?

കോമൻമേനവൻ : എടാ കോന്ത്രക്കാരാ, നിങ്ങളുടെ യാത്ര അങ്ങോട്ടു തന്നെയെന്നു സ്പഷ്ടം.

ശങ്കരപ്പിള്ള: ബോധിച്ചില്ലെങ്കിൽ കോന്ത്രപ്പള്ളി എന്നു വച്ചുകൊള്ളണം. വക്കീലും ബാരിസ്റ്റരും ആകാഞ്ഞാൽ നാലു കാര്യങ്ങളും നല്ലിടങ്ങളും എങ്ങനെ അറിയുമെന്നേ! അങ്ങോട്ടു ചെന്നാൽ പരിചയപ്പെടാമെന്നേ! 'ലായി ല്ലാ ഇല്ലല്ലാ' എന്നും ചെന്നാൽ അദ്ദേഹത്തിനു പിടിക്കയില്ല, വലിയ കൊമ്പിച്ച കൊമ്പനാനത്തലവൻ, ഐരാവത ലായർ. (സാമാനവും കൊണ്ടു പോകുന്നു)

കോമൻമേനവൻ: (സ്വഗതം) ഞാനും ഒരു വക്കീലാണെന്നും ഇവൻ അറിഞ്ഞിട്ടില്ല. ഇവരുടെ യാത്ര എന്തോ ചതിവും ഉദ്ദേശിച്ചാണു്. മറ്റേയാൾ ബാരിസ്റ്റർ മിസ്റ്റർ വാഗ്ഭടൻപിള്ളയാണു പോൽ. എന്നാൽ ഞാൻ നൂർജിഹാനായ ലോകദീപമാണു്. ഇവർ പോകുന്നതു കോന്ത്രപ്പള്ളിയിലേക്കായിരിക്കാം. നമ്മുടെ ഇന്നത്തെ യാത്ര വേണ്ടെന്നു വയ്ക്കാം. മിസ്റ്റർ വാഗ്ഭടൻപിള്ളയെ വരുത്തിയോ ചെന്നു കണ്ടോ അനന്തരകൃത്യങ്ങൾ തീര്‍ച്ചയാക്കാം. (പോകുന്നു.)

-24-


ഉലസൽക്കുറുപ്പു് : എന്തോന്നാ കൂവാ അയാളുടെ ചോദ്യങ്ങളും മറ്റും?

ശങ്കരപ്പിള്ള: ആ! ഒരു പത്രാധിപരുപോലും . പോവുകയും വരികയും ചെയ്യുന്നവരുടെ ലിസ്റ്റ് കുറിപ്പാൻ വന്നു എന്നു പറഞ്ഞു. ചേപ്പിൽ കിടക്കുന്നതു ബീഡിക്കെട്ടും കൈയിൽ ഇരിക്കുന്നതു് ഒരു പഴംപഞ്ചാംഗത്തിന്റെ ചീന്തും . ഒ! സാർ-അല്ലാ- അങ്ങുന്നെ! അയാൾ നമ്മെ കുറിക്കട്ടെ, കുറയ്ക്കട്ടെ. നാം ഭാഗ്യത്തിൽ പൊകും. ആ മനോമോഹിനിയെ ഹരിക്കും.

ഉലസൽക്കുറുപ്പു : അയാളുടെ ചോദ്യങ്ങൾക്കു നിന്റെ വികടസരസ്വതി എന്തരുളിച്ചെയ്തു?

ശങ്കരപ്പിള്ള: ഹരുളുമോ അങ്ങുന്നേ! പല്ലു കെടക്കണതു ചെവിട്ടിനകത്തല്യോ? ആ കൊച്ചുങ്ങൾ അവിടുന്നു ഇളകിപ്പോയാൽ ഉപ്പേരി പൊടിപ്പാൻ ഉരളിന്റേയും ഉലക്കയുടേയും കൂട്ടു പിടിക്കണ്ട്യോ?

ഉലസൽക്കുറുപ്പു : മിടുക്കൻ! എല്ലാം ശരി ആയാൽ കണക്കിനുള്ള സമ്മാനം ഉണ്ടു്. അങ്ങനെ കിട്ടുന്നതുംകൊണ്ടു വല്ല ലാട്ടറിയിലും ഇറക്കി നിനക്കും ഒരു നൽവഴി നേടാം.

ശങ്കരപ്പിള്ള : പ്രസംഗിച്ചുകൂടന്നലോ ശട്ടം? അല്ലെങ്കിൽ ആ ഭായിന്റപ്പറ്റി ശങ്കരൻ ഉപന്യസിച്ചുതുടങ്ങിയാൽ ഇന്നോ നാളെയോ അല്ല, ഒരു യുഗം കൊണ്ടു തീരുമോ? ഭൂമി വിസ്തീര്‍ണ്ണപൃത്ഥി! അ തിൽ ചരാചരസമസ്ഥം ലക്ഷോപിലക്ഷമായുള്ള ഭിന്നഗതികൾ ജനസംഖ്യ, ചത്തതെത്തിനെയോ എത്തിനെത്തിനെയോ? മുഹൃത്തം പ്രതി പെറ്റു പെരുകുന്നതു് എത്തിനെയൊ? സ്വഭാവങ്ങളോ ഇമച്ചു തുറക്കുന്നതിനിടയിൽ 'ഝലം ഝലപദം' എന്നു ക്ഷണച്ചുവടുവച്ചു മാറുന്നു - ആളുകൾ പെരുകുന്നങ്ങുന്നേ!

(ചിലർ ബോട്ടിലേക്കു കടന്നുപോകുന്നു)

ച്ഛേ! എരപ്പാളികളേ! റയിൽസഞ്ചിയിൽ കെടക്കണതു രൂപാ, അല്ല പവനാണ്. പൊട്ടിച്ചു വെളിയിൽ ചാടിച്ചൂട്ടാൽ ബാരിസ്റ്റരങ്ങുന്നു നിങ്ങളെ അപ്പാപ്പന്മാരേ 'ബ്രാസിക്കൂട്ടി'ൽ കേറ്റിക്കളയും. (കൈകടിച്ചു്) അയ്യയ്യോ! നിങ്ങൾ കേട്ടില്ലെന്നു വച്ചോളിൻ. ആരെന്നും മറ്റും മിണ്ടരുതെന്നാണുത്തരവു്.

(ഉലസൽക്കുറുപ്പ് മുഷിഞ്ഞു നടന്നുകളയുന്നു.)

ഒരു യാത്രക്കാരൻ: ഇദ്ദേഹം ബാരിസ്റ്റർ ആണോ?

-25-


ശങ്കരപ്പിള്ള: (നിവർന്നുനിന്നും) പിന്നെയൊ? നിങ്ങൾ എവിടേന്നു വരുന്ന കാട്ടുമനുഷ്യരു്? അദ്ദേഹത്തിന്റെ തലഎടുപ്പു കണ്ടില്യോ! അതാ നോക്കിൻ . കഴുത്തിൽ കൊടി ഏറിയിരിക്കുന്ന വട്ടം തന്നെ എന്തു കേമം! ഉടുപ്പിന്റെ ചേപ്പിലുള്ള വവ്വാൽച്ചിറകു ശീമയിൽ നിന്നല്ലാണ്ട് എവിടേന്നിറങ്ങും?

വേറൊരു യാത്രക്കാരൻ : വാഗ്ഭടൻപിള്ള ബാരിസ്റ്റർ എന്നു പറയുന്നതു് ഇദ്ദേഹം ആണൊ?

ശങ്കരപ്പിള്ള: ആണെങ്കിൽ ആണു്. പെണ്ണെങ്കിൽ പെണ്ണ്. നിങ്ങളുടെ ഇഷ്ടം പോലെ അമ്പോ വില്ലോ എന്തെങ്കിലും ഇട്ടവൻ ആക്കിക്കൊള്ളിൻ.

ഒന്നാം യാത്രക്കാരൻ: എടാ! കന്നംതിരിവുകൾ പറയാതെ ചോദിച്ചതിനും ഉത്തരം പറയൂ.

ശങ്കരപ്പിള്ള: കേസുകൾ ഉണ്ടെങ്കിൽ ഇങ്ങു കൊണ്ടുവരിൻ. ഇല്ലങ്കിൽ നിങ്ങളുടെ പാട്ടിനു പോവിൻ. അദ്ദേഹം ഇപ്പോൾ കോന്ത്രപ്പള്ളിയിൽ പോണു എന്നു നിങ്ങൾക്കു് അറിഞ്ഞിട്ട് എന്തു കാര്യം? നി ങ്ങളാണോ അവിടത്തെ കേയച്ചാരു്? അങ്ങേരക്കു് ഒരു പഠിച്ച അനന്തരോളുണ്ടെങ്കിൽ ബാരിസ്റ്റർ അദ്ദേഹം കൊണ്ടുപോട്ടെ. എദ്ദേഹം കൊണ്ടുപോട്ടെ. അതൊക്കെ അന്വേഷിപ്പാൻ എനിക്കെന്തു കാര്യം, നിങ്ങൾക്കെന്തു കാര്യം, മാളോര്‍ക്കെന്തു കാര്യം?

ഒന്നാം യാത്രക്കാരൻ: ഓഹോ! അവിടുത്തേ മുണ്ടുകൊടയ്ക്കു പോവുകയാണോ?

ശങ്കരപ്പിള്ള: കൊടയ്ക്കൊ? കൂടിവന്നു സഭ അലങ്കരിപ്പിൻ. അപ്പോൾ കൊടുക്കുന്നതാരു്, കൊള്ളുന്നതാരു് എന്നു കണ്ണുകൾക്കു് ആനന്ദമുണ്ടാംപടിക്കു കണ്ടുപോരാം. (ഉപദ്രവിക്കപ്പെട്ടതുപോലെ ഉറക്കെ സങ്കടസ്വരത്തിൽ) ഏ! എന്നേ ഇട്ടു വെറുതെ അലമാറടിക്കാതിൻ. നിങ്ങൾ തീവെട്ടിക്കൊള്ളയല്യോ തൊടങ്ങണതു്! വഴിയേ ആര്‍ക്കും പൊക്കൂടാന്നു് ഈ കൊല്ലത്തു് ഒരു ലാ വന്നൂട്ടോ? അദ്ദേഹം വക്കീലോ ജഡ്ജിയോ എന്തെങ്കിലും ആകട്ടേ. അതുകൊണ്ടു നിങ്ങൾക്കു ചേതമെന്ത്, ലാഭമെന്ത്? എനിക്കൊന്നും അറിഞ്ഞു കൂടെന്നു ഞാൻ പറയുമ്പോൾ!- (അണിയറയിൽ) ശാം കേർ!

ശങ്കരപ്പിള്ള: കേട്ടുകൊള്ളിൻ. അതാണു ശീമപ്പാട്ടിലെ ആഹരരാഗം. (ഉറക്കെ) ഉത്തരവേ! ഇവരെന്നേം ഇട്ടു ഞെക്കിപ്പിഴിഞ്ഞു! കൊന്നിട്ടും ഞാൻ ഒന്നും പറഞ്ഞില്ലേ.

(കർട്ടൻ)

 

രംഗം നാലു് (26-30)

 

-26-


രംഗം നാലു്


(കോയപ്പള്ളിവീട്ടിലേക്കുള്ള വഴി. മുമ്പിൽ ഒരു ചുമട്ടുകാരൻ യാത്രാസാമാനങ്ങളും വഹിച്ചു നടക്കുന്നു. പുറകേ ധ്വരവേഷത്തിൽ ഉലസൽക്കുറുപ്പും, ഷർട്ടും നല്ല വസ്ത്രങ്ങളും ധരിച്ച് ശങ്കരനും ഒപ്പത്തിനൊപ്പം പ്രവേശിക്കുന്നു.]

ഉലസൽക്കുറുപ്പു്: (നിലകൊണ്ടു്) എടൊ ശങ്കരപ്പിള്ള! താനിപ്പോൾ ശിഷ്യൻ പോയി സ്വാമികൾതന്നെ ആയിരിക്കയാണു്. ഈ സമഭാവനയുടെ താല്പര്യമെന്ത്?

ശങ്കരപ്പിള്ള: അവിടത്തെ മനസ്സിന്റെ നീളം വീതി ഒന്നളന്നു്, 'ഇനി എങ്ങനെ വേണ്ടുവതെന്റെ കൊശ്ശങ്കരൊസിസ്സൈ,' എന്ന ഒരു ഗ്രാമർ കുറിപ്പാനാണു്.

ഉലക്കുറുപ്പ് : ഞാൻ അരിഷ്ടിച്ചു കൊണ്ടുവന്നിട്ടുള്ള മുണ്ടുകൾ താൻ അപഹരിച്ചുകളഞ്ഞിരിക്കുന്നതോ? രണ്ടു ദിവസം താമസിക്കേണ്ടിവന്നാൽ ഞാനെന്തുചെയ്യും?

ശങ്കരപ്പിള്ള: ഈ ശങ്കരന്റെ മാസ്റ്റർ ഒന്നുകൊണ്ടും പേടിക്കേണ്ട. 'ശങ്കരസ്യ ചരിതകഥാമൃതം' എന്നല്ലേ പ്രാര്‍ത്ഥനതന്നെ? അതുകൊണ്ടു്, ആ മുമ്പിൽ പോകുന്ന സഞ്ചികൾ പാണ്ഡവന്മാർക്കു സൂര്യൻ കൊടുത്ത പാത്രത്തേക്കാൾ 'വിളമ്പിടും വേണ്ടതുമപ്പുറങ്ങളും'-

ഉലസൽക്കുറുപ്പു്: അതെ. വഴിയിൽനിന്നു പിടികൂടിയാൽ ഇങ്ങനത്തെ ശിഷ്യന്മാരെത്തന്നെ കിട്ടും. വേണ്ടതും അപ്പുറവും വിളമ്പുന്നതു് ആ സഞ്ചികളല്ല; നിന്റെ വികടസരസ്വതിയാണു്.

ശങ്കരപ്പിള്ള: എന്റങ്ങുന്നേ! കമലാദേവിയെ വരിക്കാൻ പോകുമ്പോൾ ആ കുസുമാസനക്കാരന്റെ പ്രണയിനിയെ ഇങ്ങനെ അപഹസിക്കരുത്. പിന്നെയും, സംഹാരി ശങ്കരൻ മുക്കണ്ണനെങ്കിൽ ഈ സഹകാരി ശങ്കരൻ സര്‍വാംഗം നീണ്ട കണ്ണനാണു്.

ഉലസൽക്കുറുപ്പു : വേണ്ടെടൊ. ഈ വലിയ ഭാഷയൊന്നും എനിക്കു കേൾക്കേണ്ട, ഞാൻ ആ വീട്ടിൽ പ്രവേശിച്ചിട്ടു തന്റെ എഴുന്നള്ളത്തുണ്ടായാ മതി.

ശങ്കരപ്പിള്ള: ഉത്തരവു്- (തുള്ളൽപ്പാട്ട്)

-27-


'സകലം സമ്മതം സാറേ. രഭസമങ്ങു പുക്കാലും - സരസിജമിഴിയാളെ സരസം വേട്ടുകൊണ്ടാലും' - എങ്കിലും 'ഒരുത്തനായിട്ടും ഒരുവഴി പോകരുതു്' എന്നു് ഒരു വാക്യമുണ്ട്.

ഉലസൽക്കുറുപ്പു്: ച്ഛെ മുഠാൾ! നിന്റെ പാട്ടും പഴഞ്ചൊല്ലും കെട്ടി ആ പുഴയിൽ താഴ്ത്തു്.

ശങ്കരപ്പിള്ള: എന്നാൽ കൺകതകുകളും അടച്ചു, ഇതാ ശങ്കരൻ വെറും പ്രതിമയായി നില്ക്കുന്നു.

(ഉലസൽക്കുറുപ്പും കോപനാട്യത്തോടെ പോകുന്നു.)

(സ്വഗതം) ഈ പാവം അവിടെച്ചെന്നു വല്ല സമ്മാനവും വാങ്ങിക്കും. കഷ്ടം ! നല്ല അച്ഛന്മാര്‍ക്കും ഇങ്ങനത്തെ പേക്കൂട്ടം മക്കളുണ്ടാകുന്നല്ലോ! ഇയാൾ കമലാക്ഷിഅമ്മയെ വേൾക്കാൻ പുറപ്പെട്ടിരിക്കതന്നെയാണ്. ജ്യേഷ്ഠനും ഇന്നുതന്നെ എഴുതി അയച്ചേയ്ക്കാം. വരുന്നതുവരെ നമ്മുടെ തകടം മറിപ്പുകൊണ്ടു കാര്യങ്ങൾ ഒരു പ്രഹസനത്തിന്റെ സമ്പ്രദായത്തിൽ ദീർഘിപ്പിക്കാം. (ഒരു വശത്തോട്ടു നോക്കി) ഇതാ ഒരു പടിവാതിൽ. ഒരു വനലക്ഷ്മിയുടെ ഹൃദയസ്തംഭകമായുള്ള പ്രവേശവും ഉണ്ടാകുന്നു. കമലാക്ഷിഅമ്മ അല്ലാത്തതു ഭാഗ്യം. നാഗരീകപ്പകിട്ടു ഈ കാണുന്ന നിസര്‍ഗ്ഗസൗകുമാര്യത്തെ ഇവനു ദുസ്സഹമായുള്ള വിധത്തിൽ രാജസമാക്കുന്നില്ല.

(കുഞ്ഞിക്കുട്ടി പടിവാതിൽ കടന്നു വഴിയിലോട്ടു ചാടി, ശങ്കരപ്പിള്ളയെ കണ്ടു ഭയന്നും ലജ്ജിച്ചും പുറംതിരിഞ്ഞു നിൽക്കുന്നു.)

(പ്രകാശം) കുലഗിരിതടം പോലുള്ള രംഗം. കാഞ്ചനശലാകയുടെ കാന്തി തന്നെ ഇവന്റെ കണ്ണുകളെ അഞ്ചിക്കുന്നു. എങ്കിലും, മദനതരളതകൊണ്ടു് ഈ പ്രേക്ഷകൻ ഉന്മാദവാനായിപ്പോകുന്നവനല്ല.

കുഞ്ഞിക്കുട്ടി: ഞാൻ അങ്ങേലോട്ടു പോട്ടെ.

-28-


ശങ്കരപ്പിള്ള: എന്നാൽ ചക്കിനുവച്ചതു കൊക്കിനുകൊണ്ടു എന്നു പക്ഷേ, പറ്റിയേക്കാം. അങ്ങോട്ടു നീങ്ങിയാൽ കണ്ടുമുട്ടിയേക്കാവുന്ന 'നാഗരികാംഗനാരസികനെ'ക്കാൾ ഭേദം ഇവനാണു്.

കുഞ്ഞിക്കുട്ടി: അങ്ങോട്ടു പോയിരിക്കുന്നതു് ആരെങ്കിലുമാകട്ടെ. വഴി ഇച്ചിരി ഒന്നു മാറി നില്ക്കണേ.

ശങ്കരപ്പിള്ള: അതു നല്ല ഉപദേശമല്ല. നേർവഴി വിടുന്നതിനു ഗുണദോഷിപ്പാൻ-

(കുഞ്ഞിക്കുട്ടി മടങ്ങി പടിവാതിൽ കയറാൻ തിരിയുന്നു.)

പൊയ്ക്കളയരുതു്. ആകാശം ഇരുണ്ടുപോകും . ലോകോത്സവങ്ങൾ മുടങ്ങും. പ്രപഞ്ചത്തിനു മുടന്തുപിടിക്കും. ഇങ്ങനെയുള്ള കഷ്ടങ്ങൾക്കു കാരകിയാകാൻ തയ്യാറെങ്കിൽ ആദ്യമായി ഇവനെ ശപിച്ചു ഭസ്മമാക്കിക്കളയുക.

കുഞ്ഞിക്കുട്ടി: (തിരിഞ്ഞുനിന്നു്) തുണ്ടിലെ കുഞ്ഞപ്പൻനായർ പറഞ്ഞു, വരുമെന്നു. പക്ഷേ, അതു കുറച്ചു കഴിഞ്ഞിട്ടുണ്ടാകുമെന്നാണു് അച്ഛൻ പറഞ്ഞത്. കമലാക്ഷിച്ചേച്ചി സന്തോഷിച്ചിരിക്കയാണു്. വേഗം ചെല്ലണം. മുമ്പിൽ പോയിരിക്കുന്നതാരു്?

ശങ്കരപ്പിള്ള: (ആത്മഗതം) ഈ കുട്ടി എന്നെ ജ്യേഷ്ഠനാണെന്നു വിചാരിക്കുന്നു. കേശവശ്ശാരദ്ദേഹത്തിന്റെ മകളാണു്. കുഞ്ഞപ്പൻ ആരു്? ജ്യേഷ്ഠൻ വരുമെന്നു് എങ്ങനെയറിഞ്ഞു? അതു് എന്തെങ്കിലുമാകട്ടെ. (പ്രകാശം) കുഞ്ഞേ! ആദ്യമായി ഈ ചാരുതരശരീരക്കാരി ഉമയോ രമയോ മമദയിതയാകാൻ വല്ലയേയോ എന്നു പറയണം. വഴിപോക്കരെ സൂര്യഭഗവാൻ ഈ മുഖകമലം കണ്ടു ശീതകിരണനായിരിക്കുന്നു. ലങ്കാമർദ്ദനക്കാരനായ ശ്രീ ഹനുമാരുടെ അച്ഛൻ ആ അളകകേസരങ്ങൾക്കിടയിൽ ബന്ധനസ്ഥനായപ്പോൾ കോമളശിശുവായി മൃദുവിഹാരം മാത്രം ആചരിക്കുന്നു. ചുറ്റുമുള്ള വൃക്ഷങ്ങളിലെ പക്ഷിവൃന്ദങ്ങൾ പുരിയക്കൊടികൾ കൊണ്ടു് ഉച്ചരിക്കാൻ ഒരുങ്ങുന്ന കോപോക്തികളെ ഉപസംഹരിക്കുക എന്നുകൂടി പ്രാര്‍ത്ഥിക്കുന്നു-

കുഞ്ഞിക്കുട്ടി: എനിക്കു വയ്യ ! ഞാൻ പോകുന്നു. ഇതൊക്കെ കമലാക്ഷിച്ചേച്ചീടെ അടുത്തുകൊണ്ടുചെന്നാൽ - (കുഴങ്ങി) കൂടി വന്നിട്ടുള്ളതാരു്?

-29-


ശങ്കരപ്പിള്ള: അദ്ദേഹം (ഗാനം) 'ആരെന്നറിയണ്ടാ കേളൊരു മാനവൻ'-

കുഞ്ഞിക്കുട്ടി: (ഈർഷ്യയോടെ) നടക്കണ - കോന്ത്രപ്പിള്ളി വീടു അങ്ങോട്ടു തിരിയുന്നതുതന്നെ. ഇതു ഞങ്ങൾക്കും അച്ഛൻ തന്നതാണു്. ഈ പാട്ടും മറ്റും കേട്ടാൽ കമലാക്ഷിച്ചേച്ചി സമ്മാനം തരും.

ശങ്കരപ്പിള്ള: അങ്ങനെ ധൈര്യം സമാര്‍ജ്ജിക്കൂ. ആട്ടെ! കൂടിവന്നിട്ടുള്ളതാർ, വന്നിട്ടില്ലാത്തതാർ, എന്നും മറ്റും മറ്റും ഉള്ള കാര്യങ്ങ ളിൽ ചില സത്യങ്ങൾ പറയാം . ഒരു ചെറുകളിക്കു കൂട്ടുകൂടുന്നോ?

കുഞ്ഞിക്കുട്ടി: ഞാനില്ല. എന്നെ ഇങ്ങനെ കളിയാക്കരുതു്. ഞാൻ ചേച്ചീടടുത്തു പറഞ്ഞുകൊടുക്കും.

ശങ്കരപ്പിള്ള: ഹയ്യോ ഇതാ ഇതാ! അനര്‍ത്ഥങ്ങൾ വരുത്തിവയ്ക്കരുതു്. വരുത്തിയാൽ വൻകടൽ ഇങ്ങോട്ടു കയറും-

കുഞ്ഞിക്കുട്ടി: അതു കടന്നിട്ടുള്ള വലിയവരോടു ചേര്‍ന്നു കളിക്കാൻ ഞാൻ തരമല്ല.

ശങ്കരപ്പിള്ള: ചേച്ചി എന്നു പറയുന്ന കമലാക്ഷിക്കുട്ടിയെ ഒന്നു കളിയാക്കാൻ താല്പര്യമുണ്ടു്. അതിൽ ചേരാത്ത കക്ഷി എന്തനുജത്തിയാണു്, എന്തിഷ്ടത്തിയാണു്? മോശം, മഹാമോശം!

കുഞ്ഞിക്കുട്ടി: എനിക്കു വല്ലതും കൊള്ളുമ്പോൾ നോവുന്നതു മറ്റുള്ളവര്‍ക്കല്ലല്ലോ. അതുമല്ലാതെ, വല്ല രണ്ടു പാഠവും പാട്ടും കമലാക്ഷിച്ചേച്ചി ചൊല്ലിത്തരുന്നതു് ഇല്ലാണ്ടുമാകും-

ശങ്കരപ്പിള്ള: പിന്നേ! വനങ്ങളിലെ കാമസുരഭികൾക്കു് ഗാനമെന്തു ? ലാസ്യമെന്തു്? കമലാക്ഷിക്കുട്ടിഅമ്മ അനന്തശായിനഗരത്തെ വിരാജമാനമാക്കേണ്ടവൾ. ആ വിദുഷി ആടട്ടെ, പാടട്ടെ, ദുന്ദുഭി താക്കട്ടേ. എൻ്റെ കുഞ്ഞു് ഒരു ചെറുകാര്യക്കാരണിയായി, ഭർത്തൃകാര്യമാണ്ടു്, ഗൃഹൈശ്വര്യം വര്‍ദ്ധിപ്പിച്ച്, സന്താനനിരയെ ശ്രൂഷിച്ചു, അങ്ങനെ കഴിയണം. ഞാനും അങ്ങോട്ടു ചെല്ലട്ടെ. വിശ്വാസം തോന്നുന്നെങ്കിൽ എന്റെ പക്ഷക്കാരിയായിക്കൊൾക. എന്തായാലും പറഞ്ഞതും ഗ്രഹിച്ചതും ഒന്നും പുറത്തു വിടാൻ പോകേണ്ട. (പോകാൻ തുടങ്ങീട്ടു തിരിഞ്ഞുനിന്നു് ആത്മഗതം) ഉദ്ദേശിക്കാത്ത ഒരു ബീജം ഹൃദയത്തിൽ മുളച്ചുകഴിഞ്ഞു. ചേട്ടൻ നക്ഷത്രമണ്ഡലത്തോളം പണം കുമിച്ചിട്ട് വിവാഹിക്കട്ടെ. ഈ അനുജൻ തിരുവനന്തപുരത്തേക്കു മടങ്ങുന്നതു് ഈ വനസരോജത്തേയും അണിഞ്ഞു് (പ്രകാശം) കുഞ്ഞേ! വേഷം മാറ്റങ്ങൾ കണ്ടു വല്ലതും തെറ്റിദ്ധരിച്ചു കാര്യസിദ്ധികൾക്കു വിഘാതമുണ്ടാക്കരുതു്. പരിണാമം ശുഭമാകാൻ ശങ്കരനു് ശക്തി എന്നപോലെ പ്രവൃത്തിക്കു-

-30-


കുഞ്ഞിക്കുട്ടി: അതാ കമലാക്ഷിച്ചേച്ചി വരുന്നു. ഓടിക്കളയണം.

(ശങ്കരപ്പിള്ള വേഗത്തിൽ നിഷ്ക്രമിക്കുന്നു.)

എന്നേ മിടുക്കാ! കമലാക്ഷിച്ചേച്ചി വരുന്നു എന്നു കളിയായി ഭീഷണി പറഞ്ഞപ്പോൾ ഓടിക്കളയുന്നു. വാഗ്ഭടൻപിള്ളദ്ദേഹം തന്നെ. അതാണു് എന്റടുത്ത് ഈ സ്വാതന്ത്ര്യം കാട്ടിയതു്. എങ്കിലും ഇപ്പോൾ നടിച്ച ഭാവങ്ങടെ അര്‍ത്ഥമെന്തു്? ചേച്ചിയെ കാണുമ്പോൾ അങ്ങോട്ടടിമപ്പെടും. ഞാൻ ഈ കാട്ടിൽ വല്ല അടുപ്പും ഊതിക്കിടക്കും.

(കമലാക്ഷി പ്രവേശിച്ച് കുഞ്ഞിക്കുട്ടിയുടെ കണ്ണുപൊത്തുന്നു.)

കുഞ്ഞിക്കുട്ടി: ഇതെന്തു കളിയാണു ചേച്ചി! ചുമ്മാ ഉപദ്രവിക്കരുതു്.

കമലാക്ഷി: വഴിയെ പോകുന്നവരോടു സംസാരിച്ച കുറ്റക്കാരിയെ ജയിൽക്കൂട്ടിലാക്കട്ടെ. (മുഖത്തു സൂക്ഷിച്ചു നോക്കീട്ടു്) ഹേ! ഇതു കുഞ്ഞിക്കുട്ടിയോ, ദേവേന്ദ്രഭൂതനായ നളനെ കണ്ട രാജകന്യക ദമയന്തിയോ? ങേ? വരട്ടെ. വരട്ടെ. അനംഗവിലാസമഹിമ കണ്ടാൽ എനിക്കും കുറേശെ മനസ്സിലാകും. (തോഴീഭാവം അഭിനയിച്ചു) പുമയശയ്യ ഒരുക്കട്ടേ, നൽത്താമരയിലയാലൗഷ്യം പോക്കട്ടെ!

കുഞ്ഞിക്കുട്ടി: അങ്ങോട്ടു ചെന്നു,

'നാഥാ നിന്നെക്കാണാഞ്ഞു
ദീനാ ഞാൻ പലവഴി
ഏതാകിലെന്തു ഗതി?'


എന്നു കരഞ്ഞു, ആനന്ദബാഷ്പം ഒഴുകിച്ചു സല്ക്കരിക്കുകയാണു് നല്ലതു്.

 

രംഗം നാലു് (31-33)

 

-31-


കമലാക്ഷി: ഇന്നു് ഭൂലോകം ഒന്നു കീഴ്മേൽ മറിഞ്ഞുതീര്‍ന്നതുപോലെ ഇരിക്കുന്നല്ലോ. സന്യാസിനി, പശുസ്വഭാവിനി, മര്യാദരാമത്തി ആയുള്ള കുഞ്ഞിക്കുട്ടിക്കുഞ്ഞു് പടവെട്ടാൻ കോപ്പിട്ടു വല്യ തുറുപ്പുശിപായിയേപ്പോലെ മീശയും മുറുക്കിയല്ലയോ നില്ക്കുന്നു!

കുഞ്ഞിക്കുട്ടി: ചില പുസ്തകങ്ങൾ വായിച്ചിട്ടുണ്ടെന്നുവച്ചു വല്ലതും പറഞ്ഞേക്കാമെന്നുതന്നേ!

കമലാക്ഷി: മകൾ മര്യാദക്കാരിതന്നെ എന്നിപ്പോൾ അമ്മാവിയോടു പറഞ്ഞേക്കാ. ആഹാ! മുറ്റത്തുവച്ചു ഞാൻ കേട്ടു,

'ആരെടോ നീ നിന്റെ
പേരെന്തു ചൊല്ലുക
ആരുടേ തേരിതെടോ?'


എന്നും മറ്റും കല്ലുണ്ടം പോലെ അന്വേഷിച്ചതു്. ഇപ്പോളിതാ കേശിനി പോയി ദുഷ്ഷന്തനേക്കണ്ടു പ്രേമഭരിതയായിത്തീര്‍ന്ന ശകുന്തളയേപ്പോലെ കണ്ണും ദേഹവും മനസ്സും അടഞ്ഞു് വാടിത്തളർന്നു നില്ക്കുന്നു. ചതിക്കാൻ നോക്കേണ്ട. നമ്മുടെ പ്രായം ഞാൻ മറക്കുന്നില്ല കുഞ്ഞിക്കുട്ടീ. ഈ തരക്കാരെല്ലാംതന്നെ തക്കത്തിനുള്ള ഒരു ഭർത്താവു കിട്ടാൻ വഴി കണ്ടാൽ ആ മഹേന്ദ്രയുഗ്മംകൊണ്ടു് ഒരു കാമലേഖനമെങ്കിലും ചാര്‍ത്തി അയച്ചുപോകും. അതെല്ലാം ക്ഷമിക്കാം. വഴിയേ പോകുന്ന വല്ലവനേയും നിഴല്ക്കുത്തിപ്പിടികൂടുന്നതു്, നാട്ടുമ്പുറത്തുകാര്‍ക്കുണ്ടല്ലോ-

കുഞ്ഞിക്കുട്ടി: അതു് തലസ്ഥാനങ്ങളിൽ പഠിച്ചവര്‍ക്കേ ആകാവൂ. എങ്കിൽ അങ്ങനെ ഇരിക്കട്ടെ.

കമലാക്ഷി: അപ്പോൾ കുറ്റസമ്മതം കിട്ടാൻ ഞെരുക്കം ഒന്നും വേണ്ടി വന്നില്ല. ഇനി, കൈതൊഴുത ദേവന്റെ തിരുനാമാക്ഷരങ്ങൾ ഒന്നു നാവാൽ നിരത്തിക്കേൾക്കട്ടെ.

കുഞ്ഞിക്കുട്ടി: ചേച്ചീടെ ഇടത്തുകണ്ണു തുടിക്കുന്നില്ലേ?

കമലാക്ഷി: ഇല്ല. വലത്തുകൈ ചൊറിയുന്നു; ചിലര്‍ക്കു ചിലതു സമ്മാനിക്കാൻ.

-32-


കുഞ്ഞിക്കുട്ടി: വാങ്ങാനുള്ള ആൾ അങ്ങോട്ടു പോയിട്ടുണ്ടു്. കുറച്ചു പൂവും പറിച്ചുകൊണ്ടു ചെല്ലണം. അല്ലേ, നിന്നു ചുവക്കുന്നതെന്തിനു്?

കമലാക്ഷി: (ലജ്ജയോടെ) വാങ്ങാനുള്ള ആളോ? നീ ഇത്ര അധികപ്രസംഗി ആയല്ലോ!

കുഞ്ഞിക്കുട്ടി: എന്റെ അധികപ്രസംഗമോ? അതു ചുമടുചുമടായി ചേച്ചീടെ തലയിലിറക്കാൻ വീട്ടിലോട്ടു പോയിട്ടുണ്ട്. അച്ഛനോടു പറഞ്ഞതുപോലെ കോടടയ്ക്കുന്നതുവരെ താമസിക്കാൻ ക്ഷമയുണ്ടായില്ല. അച്ഛൻ പാവം മലയിൽ പോയിരിക്കുന്നു. സല്ക്കാരങ്ങൾ ശരിയാകണമെങ്കിൽ ചേച്ചിതന്നെ ചെന്നു ഭരിക്കണം. മിതിരാപ്പള്ളി ചേട്ടന്റെ വായിൽ മണ്ണായി. എങ്കിലും, അദ്ദേഹത്തിന്റെ കൈനീട്ടൽ നന്നായിപ്പൊലിച്ചു. ഏതു ശീമയിൽ പോയാലെന്തു്? ചേച്ചീടെ കണ്ണുടക്കിയ മത്സ്യം കടലുകടന്നും ഇക്കര വന്നിരിക്കുന്നതു വാരിസ്ത്യർ വാഗ്ഭട-

കമലാക്ഷി: എന്റടുത്തു കളിക്കാതെ. (കുഞ്ഞിക്കുട്ടിയെ അടിക്കുന്നു.)

കുഞ്ഞിക്കുട്ടി: അല്ലേ! ഭാര്യമാര്‍ക്കു ഭർത്താക്കന്മാരുടെ പേരു പറഞ്ഞു കൂടെന്നല്ലാതെ, എനിക്കും ആ ചേട്ടന്റെ പേരു പറഞ്ഞുകൂടയോ?

കമലാക്ഷി: (കുഞ്ഞിക്കുട്ടിയെ തലോടി) എന്റെ കുഞ്ഞിക്കുട്ടി അല്ലയോ? ഞാൻ ഇങ്ങനെ ചുറ്റി വടക്കേ കെട്ടിൽക്കൂടി അകത്തേ കെട്ടിൽ വരാം. എന്റെ പൊന്നമ്മിണി അല്ലയോ? അങ്ങോട്ടു ചെന്നും, അമ്മായിയോടു പറഞ്ഞു് ഹ്-ഹ്-ഹ്.

കുഞ്ഞിക്കുട്ടി: ഞാൻ അധികപ്രസംഗി! കാട്ടുപശു! ഇംഗ്ലീഷു പഠിച്ച കുമാരികളുടെ ചടങ്ങ് ഞാൻ കണ്ടതോ കേട്ടതോ?

കമലാക്ഷി: നോക്കും, അമ്മാവനില്ലാത്തപ്പോൾ എല്ലാരും ചേർന്നു എല്ലാം ഭംഗി ആക്കേണ്ടയോ?

കുഞ്ഞിക്കുട്ടി: (ആത്മഗതം) എന്തോ ആൾമാറാട്ടക്കളിക്കു നിശ്ചയിച്ചിട്ടുണ്ടെന്നു പറഞ്ഞേക്കയോ? അദ്ദേഹം ആഗ്രഹിക്കുന്ന കളിയെ ഞാനെന്തിനു മുടക്കുന്നു? എന്റെനേര്‍ക്കു് അഭിനയിച്ചതും കളിയിലെ ഒരംശമായിരിക്കാം . (പ്രകാശം) മനസ്സാണു് ചേച്ചീ രമിക്കേണ്ടതു്. പറന്നെത്തുന്ന പക്ഷിക്കു തണൽ കൊടുക്കുക. 'ആളേറെ പോകുന്നതെക്കാൾ താൻ ഒട്ടെങ്കിലും' എന്ന ചൊല്ലു് ശുഭം.

-33-


കമലാക്ഷി: ഇദ്ദേഹം ഇത്ര വേഗം ചാടിവന്നതെന്തിനു്?

കുഞ്ഞിക്കുട്ടി: എന്തു ചുമടെടുത്തിട്ടാണ് ചേച്ചി ഇപ്പോൾ ഇവിടെ നിന്നും വിയര്‍ത്തു തളരുന്നതു്?

കമലാക്ഷി : ഛേ! നിശ്ചയിച്ച പുടവകൊട നടക്കേണ്ടതായിരുന്നു.

കുഞ്ഞിക്കുട്ടി: എന്നാലിപ്പോൾ കോന്ത്രപ്പള്ളിയിൽ പുലയായിരിക്കുമായിരുന്നു.

കമലാക്ഷി: ശീമയിൽനിന്നു മടങ്ങിവന്നിട്ടു് സംവത്സരം രണ്ടു കഴിഞ്ഞില്ലയോ?

കുഞ്ഞിക്കുട്ടി: പിന്നല്ലിയോ? എങ്കിലും ഒന്നിൽ പിഴച്ചാൽ മൂന്നിലാകുന്നതു ശുഭം.

കമലാക്ഷി: (സ്നേഹത്തോടെ) നമുക്കങ്ങോട്ടു പോകാം. (കുഞ്ഞിക്കുട്ടിയെ ആലിംഗനം ചെയ്തു പിടിക്കുന്നു.)

കുഞ്ഞിക്കുട്ടി: ഇതു ഞാനാണ്. നളനെക്കണ്ടു ക്ഷീണിച്ച ദമയന്തി എന്നു് എന്നെ പരിഹസിച്ച വീരത്തി ഇതാണോ?

കമലാക്ഷി: ഇപ്പോൾ വെളിപ്പെട്ടു. എന്റെ കുഞ്ഞിക്കുട്ടീ, നീ എനിക്കു ജീവനാണ്. ഈശ്വരൻ സാക്ഷിയായി പറയുന്നു. നിന്റെ സുഖത്തിനും ഐശ്വര്യത്തിനും ഞാൻ തടസ്സക്കാരിയായിത്തീരൂല്ല. നീ പോയി സല്ക്കരിക്കു്.

കുഞ്ഞിക്കുട്ടി: പിന്നെ ഞാനിരിക്കണോ ചേച്ചീ? ഇതെന്തു് ആജ്ഞയാണു് എനിക്കു തരുന്നതു്? അദ്ദേഹം ചേച്ചിയെ കാണാൻ വന്നിരിക്കുന്നു. ഇടയ്ക്കു ചാടാൻ എനിക്കെന്തവകാശം? അച്ഛനില്ലാത്ത സ്ഥിതിക്കു് അമ്മ സല്ക്കരിക്കട്ടെ. ക്രമങ്ങൾ ചേച്ചി പറഞ്ഞുകൊടുക്കണം. നമുക്കു പടിഞ്ഞാപ്പുറേകൂടി അങ്ങു ചെല്ലാം. ഈ കുഴപ്പമെന്തിനു? (രണ്ടുപേരും പോകുന്നു.)

(കർട്ടൻ)

 

രംഗം അഞ്ചു് (34-37)

 

-34-


രംഗം അഞ്ചു്


(കോത്രപ്പള്ളിഭവനത്തിന്റെ മുൻതളം. രണ്ടു ഭൃത്യന്മാർ പ്രവേശിക്കുന്നു.]

ഒന്നാമൻ: കൂഹോഹീ! കോന്തീ!

രണ്ടാമൻ: എടാ നാറാണോ, കുരുകുരുത്തംകെട്ട കള്ളുമോന്തി!

ഒന്നാമൻ: കോന്തീ നിന്റെ കൊട്ടിലും തീ പിടിച്ചുപോകുന്നേ.

(ലക്ഷ്മിഅമ്മ പ്രവേശിക്കുന്നു.)

ലക്ഷ്മിഅമ്മ : എന്തുവാടാ കാലന്മാരേ ! ഇവിടെക്കിടന്നീ തകര്‍ക്കുന്നേ? അങ്ങെ കെട്ടിലുള്ളവരെങ്കിലും ചെവി അടച്ചിരിക്കട്ടെ. പറമ്പിലും, പാടത്തിലും പെരുമാറും പോലെ ഇവിടെ കിടന്നു കൊണ്ടു് ഈ കൂര്‍ക്കുവിളി?

ഒന്നാമൻ: രണ്ടുകെട്ടു് ഉണക്കവിറകു കിട്ടീല്ലെങ്കിൽ അടുക്കളേലെ രാമച്ചാരു കൊല്ലുമെ. നിങ്ങക്കെന്താ അകത്തേ കെട്ടി കാരണോത്തി ചമഞ്ഞിരുന്നാ മതി. മൂപ്പിലു വരുമ്പം കൊമയ്ക്കുന്നതു ഞങ്ങളെയാ.

രണ്ടാമൻ: അയ്യോന്നെ! കേട്ടില്ലെ! ആ അടുക്കളേലേ പാപ്പി തേങ്ങാ, തേങ്ങാന്നും തിരുമാംവിളിക്കുന്നത്. പടവടൻ എടുത്തു കൊടുത്തിട്ടു് മുഞ്ഞിക്കെറിഞ്ഞേച്ചു-

ലക്ഷ്മിഅമ്മ: കമലാക്ഷി പറഞ്ഞതു കേട്ടിലോ? അങ്ങല്ലാം ഒരു ചട്ടവട്ടപ്പടി ഒക്കെ മിണ്ടാണ്ടാ കാര്യങ്ങൾ നടത്തുന്നതു്. ഇവിടേം ഒരൊരുക്കോം കുശാലും വേണ്ടായോടാ?

-35-


ഒന്നാമൻ: ഓ, ചലമ്പാണ്ടിരിക്കാൻ പറയണെ. അവരുടെ ചട്ട വട്ടങ്ങളു്. കണ്ടവൻ കേറി തലയ്ക്കു നിരങ്ങുമ്പോൾ മ്ളാശ്ശെന്നു പട്ടുകിടക്കുന്ന യോഗ്യരുടെ വയ്മ്പു് ഒന്നും പറയണ്ടാ. (കുഞ്ഞിക്കുട്ടി പ്രവേശിക്കുന്നു.)

കുഞ്ഞിക്കുട്ടി: അമ്മേ ശര്‍ക്കര വേണമ്പോലും. ആ പപ്പടക്കെട്ടും എവിടെ ഇരിക്കുന്നു? പാലു കുറച്ചു പിരിഞ്ഞുപോയോന്നു സംശയം.

ലക്ഷ്മിഅമ്മ: പോടി, നിന്റെ തൊലിയുരിയാണ്ടു സൂക്ഷിച്ചൊ. എല്ലാം കൂടി ഒരുത്തിയെയിട്ടു വാട്ടിപ്പിഴിഞ്ഞാൽ -

കുഞ്ഞിക്കുട്ടി: അമ്മേ, പതുക്കെ, പതുക്കെ, അവർ കേട്ടാൽ നമ്മക്കുറിച്ച് എന്തു വിചാരിക്കും?

ലക്ഷ്മിഅമ്മ: പോടി, നീ കാര്യസ്ഥിനടിച്ചു നടക്കാണ്ടു്. നിനക്കു. വല്ല കോന്തനും വന്നിട്ടൊണ്ടോ? അങ്ങേപ്പോയി അവിടെക്കിട. ഇന്നലെ അവർ വന്നപ്പോമുതൽ അവളും ആളൊന്നു മാറി. പേറും പെറപ്പും ഉള്ളവരെപ്പോലെ അല്ലയൊ നാഢ്യങ്ങള്?

കുഞ്ഞിക്കുട്ടി: മിണ്ടാതിരിക്കിൻ അമ്മേ- കമലാക്ഷിച്ചേച്ചി കേട്ടാൽ എന്തു വിചാരിക്കും?

ലക്ഷ്മിഅമ്മ: ഒലക്കയാ വിചാരിക്കുന്നതു്? എവരിപ്പം ഗുണദോഷിച്ചു മറ്റുള്ളവർ പഠിക്കണ്ടാ. (പോകുന്നു.)

ഒന്നാം ഭൃത്യൻ: ഇവരാരാ കുഞ്ഞേ? അങ്ങുന്നാരാ- ശിഷ്യനാരാ?

രണ്ടാമൻ: നമുക്കെന്താടാ? രാജകാര്യം അളിഞ്ചക്കണ്ണിക്കു കേട്ടിട്ടു പുണ്യമെന്തു്?

-36-


കുഞ്ഞിക്കുട്ടി: നോക്കിൻ- നിങ്ങളും അനാവശ്യങ്ങളിലൊന്നും തലയിടരുതു. അച്ഛൻ വന്നിട്ട് എന്ത് എന്തെന്നെല്ലാം അറിയാം. ആ നമ്പരുകാര്യം സംബന്ധിച്ചു വന്നവരായിരിക്കാം?

ഭൂത്യന്മാർ: (കള്ളച്ചിരിയോടെ) ഒരു നമ്പരേ ഇപ്പം ബയലാവുമെ. രണ്ടാം നമ്പരു് കാടോടെ, മലയോടെതന്നെ. (പോകുന്നു.)

കുഞ്ഞിക്കുട്ടി: (സ്വഗതം) ഇങ്ങനെ ആണു് മനുഷ്യരു് കാര്യങ്ങൾ ഗ്രഹിക്കുന്നതു്. കമലാക്ഷിച്ചേച്ചിയും, എന്തൊ, കാര്യങ്ങൾ തെറ്റിദ്ധരിച്ചു കുഴങ്ങുന്നു. മുൻപിൽ എത്തിയ ആളെ കണ്ടു. ഞാൻ കണ്ട ബാരിസ്റ്റരദ്ദേഹം എന്തൊ, ചുറ്റിപ്പതുങ്ങിയേ നടക്കുന്നു. അദ്ദേഹത്തെ ചേച്ചി കണ്ടില്ലാ. ആ കന്നനു് ഇങ്ങോട്ടാണു് പിടുത്തമെന്നു പച്ചയിൽത്തന്നെ പറഞ്ഞുകളയുന്നു. ഈ അമ്മയെപ്പോലെ നിലവിട്ടു പ്രവത്തിക്കാൻ ഞാൻ ആളല്ലാ. പ്രമാണി ആയി ബാരിസ്റ്റർ ചമഞ്ഞു വന്നിരിക്കുന്ന ആള് എന്തോ വേഷംതന്നെയാണു്. (ഒരു വശത്തോട്ടു നോക്കിയിട്ടു്) അവിടെ പതുങ്ങി നില്ക്കുന്നതാരു്?

(അകത്തുനിന്നു) ശങ്കരനാണേ!

കുഞ്ഞിക്കുട്ടി: (അങ്ങോട്ടും ഇങ്ങോട്ടും നോക്കിയിട്ട്) സാധുക്കളുടെ കൂട്ടത്തിൽ കളം കിട്ടിയാൽ നിങ്ങൾ അടവും അറുപത്തിനാലും ചവിട്ടുമേ. ഇതെന്തു മര്യാദ!

ശങ്കരപ്പിള്ള: (മുൻപോട്ടു നീങ്ങി) അയ്യോ, കുഞ്ഞേ! ശങ്കരൻ അവിവേകങ്ങളെല്ലാം ക്ഷമിച്ചുകളയണെ. ബാരിസ്റ്റരങ്ങുന്നു വക്കാലത്തു തന്നതുകൊണ്ടു് അദ്ദേഹത്തിനുവേണ്ടി വാദിച്ചതാണെ. വിധിനടത്തി കിട്ടിക്കഴിയുമ്പോൾ മോക്ഷമാവും. പ്രതികക്ഷി എതൃ വക്കീലോടു ദേഷ്യപ്പെടരുതു്. ഞങ്ങളെന്തു സമചിത്തന്മാരു്! കൈയിൽ വീഴുന്ന തൂക്കമനുസരിച്ചും അകമെയ്യും പ്രവർത്തിക്കും. എല്ലാം ക്ഷമിച്ചു കല്യാണം വരുമാറു് അനുഗ്രഹിക്കണം.

കുഞ്ഞിക്കുട്ടി: നിങ്ങടെ സന്യാസിത്വം കേമം. വക്കീലും വൽക്കലവും ഒരിക്കലും ചേരൂല്ല. നിങ്ങളിങ്ങനെ നാടാമ്പ്രതി കല്യാണം തേടി നടന്നാൽ-

ശങ്കരപ്പിള്ള: അയ്യയ്യൊ! ബാരിസ്റ്റരങ്ങുന്നു ഏകപത്നീവ്രതത്തിനു കാപ്പു കെട്ടി കുളിച്ചു കുറിപിടിച്ചിരിക്കുന്നവനാണു്. അദ്ദേഹം കണ്ടില്ലെ സഞ്ചാരം കൂടി ഉപേക്ഷിച്ചു് അന്തർജ്ജനമായി അകത്തു വാഴുന്നതു്?

കുഞ്ഞിക്കുട്ടി: ചേച്ചി കണ്ണു കുരുടി അല്ലാ. മറ്റുള്ളവരുടെ ബുദ്ധി കേമമെന്നു് വെറുതെ ഭൂമിക്കണ്ട.

-37-


ശങ്കരപ്പിള്ള: ആ നോട്ടീസു താമസിച്ചുപോയി. ഇവന്റെ ബുദ്ധി എന്നു പറയുന്ന കുരങ്ങൻ ഇന്നലെത്തന്നെ ഭ്രമിക്കുക കഴിഞ്ഞു. പിന്നെ, കുരുടി അല്ലാന്നു പറഞ്ഞില്ലെ? അതു പരമമായ പരമാര്‍ത്ഥം. നാത്തൂന്മാർ കടക്കണ്ണുകൊണ്ടുമാത്രം തന്നെയും പരഹൃദയക്കവര്‍ച്ച ചെയ്‍വാ‍ൻ വിരുതത്തികൾ.

കുഞ്ഞിക്കുട്ടി: (തലയാട്ടി പരിഭവസ്വരത്തിൽ) എനിക്കു മുഷിയുന്നു. ഇങ്ങനെ സംസാരിക്കുന്ന ആളാണൊ 'ശങ്കരൻ!' അവിടന്നു ഇവിടെ നില്ക്കണം. ഞാൻ ചേച്ചിയെ വിളിക്കാം.

ശങ്കരപ്പിള്ള: അകത്തു കിടക്കുന്ന ആൾ ഭയങ്കരനാണു്. ചേച്ചിയെ അങ്ങോട്ടയയ്ക്കാണ്ടു് ഇങ്ങോട്ടു വിളിച്ചാൽ ശങ്കരൻ തല്ലുകൊണ്ടു പോവും. എങ്കിലും ഇതേ! ഒരു ചെറിയ കരാറു ചെയ്യാമെങ്കിൽ ചേച്ചിയെ വിളിക്കാൻ സമ്മതിക്കാം.

കുഞ്ഞിക്കുട്ടി: പശു വാലുയർത്തുന്നത് എന്തിനെന്നെങ്കിലും നാട്ടുംപുറത്തുകാക്കും അറിയാം. അതുകൊണ്ടു കരാറു് എന്തെന്നു പറയാന്‍ കഷ്ടപ്പെടേണ്ട.

ശങ്കരപ്പിള്ള: 'ഇണക്കാമെന്നോര്‍ത്തങ്ങിതമൊടു പിടിച്ചോരളവിലേ-കനക്കും ശോകം പൂണ്ടവനഥ രുരോദാദികരുണാ' ഇങ്ങനെ ആണു് അരയന്നവര്‍ഗ്ഗക്കാരുടെ സ്വഭാവം . അതിങ്ങു വകവയ്ക്കാ? ഭാവമില്ല; 'വാഗ്ഭ' എന്നു മാത്രം ഞാൻ പറഞ്ഞുകഴിഞ്ഞപ്പോൾ ഒരു മുഖകുമുദം വികസിച്ചു് പ്രണയമകരന്ദം പൊഴിച്ചു. നാടകക്കാർ പറയുമ്പോലെ ആ ഹൃദയപ്രതിജ്ഞയെ വചസ്വീകാരത്താൽ സ്ഥിരീകരിക്കുക. അപ്പോൾ വാഗ്ഭടകമലാക്ഷീപരിണയവും യഥാക്രമം നിര്‍വഹിതമാവും.

കുഞ്ഞിക്കുട്ടി: അകത്തു പള്ളികൊള്ളുന്ന ഋഷി ഇവിടെ ആര്‍ക്കും വേണ്ടാ. പൊന്നുവളകളുമിട്ട് പെണ്ണുങ്ങളെപ്പോലെ തലയും വളര്‍ത്തി നാടകക്കമ്പനിക്കാരെന്നും പറഞ്ഞു് ചില കോമാളികൾ ഇവിടെ വന്നിരുന്നു. അതുപോലത്തവർ വല്ലതും വാങ്ങിക്കാണ്ടു പോകാഞ്ഞാൽ ഭാഗ്യം.

ശങ്കരപ്പിള്ള: അല്ലേ! അദ്ദേഹം ഇതിനിടയിൽത്തന്നെ ഒരു പത്തായം നിറച്ചു. എങ്കിലും ശരി! ഈ പറമ്പുകളും പാടങ്ങളുമുള്ളവര്‍ക്കു് അദ്ദേഹത്തെയും അവമാനിക്കാം. ഒരുക്കങ്ങൾ അര്‍ദ്ധചന്ദ്രക്കലാപ്രയോഗത്തിനാണെങ്കിൽ ഞങ്ങൾ ഇപ്പോഴേ അസ്തമിച്ചുകൊള്ളാം.

 

രംഗം അഞ്ചു് (38-41)

 

-38-


കുഞ്ഞിക്കുട്ടി: എന്തായാലും അച്ഛൻ വരട്ടെ.

ശങ്കരപ്പിള്ള: അപ്പോൾ ശങ്കരൻ സ്വീകാര്യനെന്നും ഒരു ഹൃദയക്കോണിൽ ചാര്‍ത്തിക്കഴിഞ്ഞോ?

കുഞ്ഞിക്കുട്ടി: ഞാനിവിടെ തനിച്ചാകുമെന്നു ലക്ഷണം പറയാം- ചേച്ചിയെ പതുക്കെ ഒന്നു് ഇങ്ങോട്ടു വിളിക്കട്ടെ?

ശങ്കരപ്പിള്ള: അവിടെങ്ങാനും പിച്ചാത്തി ഉണ്ടെങ്കിൽ അതെടുത്തു വിളിക്കാൻ ഉപയോഗപ്പെടുത്തേണ്ട മുരളിയിൽ ഒന്നു താക്കിക്കളയൂ.

കുഞ്ഞിക്കുട്ടി: (ചിരിച്ചുകൊണ്ടു തിരിഞ്ഞു്) ചേ-

(അകത്തുനിന്നു)-യെ ശാങ്കര്‍!

കുഞ്ഞിക്കുട്ടി: അതാ ഇംഗ്ലീഷിൽ വിളിക്കുന്നു. ഇങ്ങനെ ഗോഷ്ടി പഠിപ്പിച്ചിരിക്കുന്നല്ലൊ.

ശങ്കരപ്പിള്ള: (ഉറക്കെ) വരുന്നെ. (കുഞ്ഞിക്കുട്ടിയോടു്) ഇംഗ്ലീഷിൽ വിളിക്കുന്നു എന്നു കണ്ടുപിടിക്കാൻ പഠിച്ച വാദ്ധ്യാരിണികളെ ഗവര്‍മെന്റും മറ്റു ചിലരും ആവശ്യപ്പെടുന്നു.

കുഞ്ഞിക്കുട്ടി: ചടങ്ങുകൾക്കു വിഘ്നം വരുത്താണ്ടു് അങ്ങോട്ടു ചെല്ലണം.

-39-


ശങ്കരപ്പിള്ള: ചേച്ചിയെ അങ്ങോട്ടു വിടരുതു.

കുഞ്ഞിക്കുട്ടി: ഇല്ലാ. തിരിച്ചുവന്നിട്ടു വിളിക്കാം.

ശങ്കരപ്പിള്ള: സ്വയംകൃതാനര്‍ത്ഥത്തിനു കാപ്പു കെട്ടാൻ മനസ്സെങ്കിൽ ആരും തടുക്കുന്നില്ലാ.

('ശാങ്കർ' എന്നു വിളിച്ചുകൊണ്ട് ഉലസൽക്കുറുപ്പു പ്രവേശിക്കുന്നു. കുഞ്ഞിക്കുട്ടി പൊയ്കളയുന്നു.)

ഉലസൽക്കുറുപ്പു്: ആരെടാ ഇവിടെനിന്നു പോയതു്?

ശങ്കരപ്പിള്ള: അല്ലെ, ഉറക്കംതൂങ്ങാണ്ടു മൂളിപ്പാട്ടും പാടിക്കൂടാന്നൊരു- കേശവച്ചാരങ്ങത്തെ ഭാര്യ- ആ കൊച്ചമ്മയും ആരെയൊ ഇവിടെ ശപിച്ചുകൊണ്ടു നടക്കുന്ന കണ്ടു. ഓ ! കൊച്ചുമതാമ്മസ്സാറും അങ്ങ് അറപ്പുരയിലോട്ടു്-

ഉലസൽക്കുറുപ്പു: നീതന്നെ എന്തോ തകക്കുകയായിരുന്നില്ലേ?

ശങ്കരപ്പിള്ള: അങ്ങത്തെ ഗന്ധംപിടിപ്പു കേമം തന്നെ. (രഹസ്യനാട്യത്തിൽ) കമലാക്ഷിക്കുഞ്ഞു് എന്റെയടുത്തു കയര്‍ക്കുകയായിരുന്നേ. അങ്ങുന്നു് അങ്ങു മൂലയിൽ പടുക്കുന്നതിനും മുതുവിലേള്‍ക്കുന്നതു ശിഷ്യൻ.

ഉലസൽക്കുറുപ്പു : എടാ, നീ വലിയ തെമ്മാടി. തരംകിട്ടിയപ്പോൾ വന്ന കാര്യം പറഞ്ഞൊതുക്കിക്കൂടായിരുന്നോ?

-40-


ശങ്കരപ്പിള്ള: അല്ലെ ഇതു നല്ല കളിതന്നെ. ഉത്തരവില്ലാണ്ടു ഹംസിച്ചാൽ അതു പിഴയാകും. അവസരം കളഞ്ഞതിനും ഇപ്പോഴിതാ തലവീശലു്. ആ രതി ഒരു വശത്തും, പൂവമ്പൻ മറുവശത്തു്. ഇങ്ങനെ ഇവൻ മദ്ദളമായാൽ കഥ മോശം. ക്ഷമിക്കണം അങ്ങുന്നേ! മുപ്പീന്നു വന്നാൽ ഝൽത്തിയിൽ രുഗ്മിണിയേയുംകൊണ്ടു് അങ്ങത്തേക്കു തേരു കേറാം. നിങ്ങൾക്കൊക്കെ ദിവസവുംവേണ്ടാ മുഹൂർത്തവും വേണ്ടാ. കല്യാണം കെട്ടാൻ നമ്മുടെ ഇടയിലും കത്ത ങ്ങളും മൗലൂസുകളുമുണ്ടു്. അവരു വല്ല മുക്കുവായൊ കുര്‍വാനയോ ചൊല്ലി കൈപിടിപ്പിച്ചാൽ അവര്‍ക്കു് പത്തു പണം ധർമ്മവും അങ്ങത്തേക്കു് ഒരു ധര്‍മ്മപത്തിനിയും കിട്ടും. ആ കെട്ടു പിന്നെ അഴിപ്പാനാരു്?

ഉലസൽക്കുറുപ്പു : എന്റെ ശങ്കരപ്പിള്ളേ! ആ കമലാക്ഷി എന്നു പറയുന്ന സത്വത്തെ ഒന്നു കാണാൻ തക്കം ഉണ്ടാക്കിത്തന്നാൽ ഇരട്ടി പ്രസന്റുണ്ട്.

ശങ്കരപ്പിള്ള: അങ്ങത്തെ കൗശലാക്ഷികൾ ഒന്നു തുറന്നാൽ എന്തു സ ധിക്കയില്ല? (പരിഭ്രമം നടിച്ച്) അയ്യോ! പതുക്കെ അങ്ങുന്നേ. മറ്റേക്കൊച്ചു ഇവിടെ കേട്ടോണ്ടു നിക്കുന്നു അതു് വല്യ വിളഞ്ഞ പുള്ളി. 'ബാരി-' എന്നു കേട്ടപ്പോൾ പന്ത്രണ്ടുതട ഭാര്യ ആകാൻ മിണുമിണാന്നു വാടപിടിച്ചുകൊണ്ടു ചുറ്റിപ്പറ്റി നടക്കുണു. ഇനി ഉള്ളതു പറയാമെല്ലോ. അതിന്റടുത്ത് അങ്ങത്തേക്കു വേണ്ടി തിരുക്കുവയ്ക്കയായിരുന്നു. അപ്പഴേക്ക് അങ്ങുന്നു വന്നു രംഗത്തു ചാടൂട്ടാൽ ചങ്കരനെന്തു പറയും?

ഉലസൽക്കുറുപ്പ്: എടാ, നന്ദനോദ്യാനഫൂൾ! ഒരു കണ്മുനവെട്ടുകൊണ്ടു എന്നേ പറത്തിക്കളഞ്ഞൂടായിരുന്നോ?

ശങ്കരപ്പിള്ള: കോപിക്കരുതങ്ങുന്നേ! (ഇടക്കണ്ണിട്ട്) അങ്ങോട്ടു നോക്കണം. ആ കൃമ്മീരവധത്തിലെ മോഹിനിയും പാഞ്ചാലിയും പോലെ രണ്ടുപേരും നില്ക്കുന്നു. മറ്റേ ഇളം കുരുന്നത്തി ആ ധൊരശാണിയേ ചറുക്കു ചറുക്കു വച്ചുകൊണ്ടു വന്നിരിക്കയാണു്. എന്തായാലും അവസ്ഥയുള്ളവരലോ അങ്ങുന്നേ ! പണവും പഠിപ്പും പിന്നെ പൊല്ലാത്ത പേരും ഉള്ളവരുടെ മുമ്പിൽക്കേറി ചാട്ടടുമോ? എത്തിനോക്കി, ഒളിച്ചുകളിച്ചു, മൂക്കിന്റെ മുന, ഒരു കഷണം കണ്ണ്, ഇത്തിരി തൊണ്ടിപ്പഴപ്രഭ, ഒരു മുല്ലപ്പൂംമുന, അങ്ങനെ ഒക്കെ കാണിച്ചുകഴിഞ്ഞു് മൂപ്പീന്നു വരുമ്പോൾ എല്ലാം ചൊല്ലി പറഞ്ഞുതീരുന്ന സമയം- ഞാൻ ഇന്നാൾ പറഞ്ഞില്യോ ലൂലു കള. അയഞ്ഞൂടുമ്പോൾ. അപ്പപ്പിന്നെ കാണുകേം, കേക്കേം-ചുമ്മാതെ നിക്കണം അങ്ങുന്നേ. പിന്നെ ഒക്കെ ഇതാ (ഞൊടിക്കുന്നു.)

-41-


ഉലസൽക്കുറുപ്പു : എടേ നീ ബോട്ടുകടവിൽ വച്ചു പറ്റിച്ചതു ഞാൻ മറന്നിട്ടില്ല. ഇനിയും വല്ലതും കഷായിപ്പിച്ചാൽ ഉണ്ടല്ലോ! കൂടിവാ. കണ്ടും കരുതിയും വേണം പ്രവത്തിക്കാൻ. (പിടിച്ചിഴച്ചു കൊണ്ടുപോകുന്നു.)

(കമലാക്ഷിയും കുഞ്ഞിക്കുട്ടിയും പ്രവേശിക്കുന്നു.)

കുഞ്ഞിക്കുട്ടി: എന്താ ചേച്ചീ ഈ നീരസഭാവം?

കമലാക്ഷി: ഞാൻ മനുഷ്യരെ കണ്ടിട്ടുള്ളവളാണു്. നിന്നെപ്പോലെ രണ്ടുപേരെ കണ്ടപ്പോൾ ഞാൻ ഓണം കൊണ്ടാടിപ്പോകുന്നവളല്ല.

കുഞ്ഞിക്കുട്ടി: അതല്ല. പ്രേമവീര്‍പ്പോടെ വരുന്നവരെ മുഖം വീർപ്പിച്ചു ഓടിക്കണമെന്നു വല്ല പുസ്തകത്തിലും പറഞ്ഞിട്ടുണ്ടോ?

കമലാക്ഷി: ഫോ ഭ്രാന്തീ!

കുഞ്ഞിക്കുട്ടി: ഇതെന്തും അന്യായം? അച്ഛൻ നിശ്ചയിക്കുന്ന ഏർപ്പാടുകൾ എല്ലാം കാഞ്ഞവെള്ളത്തിൽ ആകുന്നതു ഭംഗിയോ? നിങ്ങൾ തമ്മിൽ ഇന്നും ആദ്യമായി കാണുന്നതല്ലല്ലോ. വരണം, ഞാൻ അവിടെ കൂട്ടിക്കൊണ്ടു ലോഹ്യം പറയിക്കാം. (കമലാക്ഷിയെ പിടികൂടുന്നു.)

കമലാക്ഷി: വിടുവിടു്. വന്നിരിക്കുന്നതും ആരോ കള്ളപ്പുള്ളിയാണു്. പടിഞ്ഞാറേക്കെട്ടിൽ ഇരിക്കുന്നതു ബാരിസ്റ്റർ അദ്ദേഹം അല്ല. ശിഷ്യൻ പുള്ളി എന്റെ മുമ്പിൽ വരുന്നു. ഇല്ല. നീ വര്‍ണ്ണിക്കുന്ന ആൾ കുറച്ച് ഇളപ്പം ആണെന്നും തോന്നുന്നു. അതുകൊണ്ടു ഇതിൽ എന്തോ കൃത്രിമമുണ്ടു്.

കുഞ്ഞിക്കുട്ടി: ഇളപ്പവും അല്ല, ഒന്നും അല്ല. രണ്ടുപേരും അങ്ങോട്ടു പോയിട്ടുണ്ട്. നമുക്കും അങ്ങോട്ടു ചെല്ലാം. അപ്പോൾ പരമാർത്ഥം എല്ലാം വെളിപ്പെടും.

കമലാക്ഷി: അമ്മാവൻ വന്നിട്ടേ വെളിപ്പെടേണ്ടു. നീ കുഞ്ഞുകളിക്കാൻ ഒരുങ്ങുന്നെങ്കിൽ അങ്ങോട്ടു ചെന്നു് തോന്നിയ ഭ്രാന്തു് ആടിക്കൊളളൂ. (പരിഭവിച്ചു പോകുന്നു.)

കുഞ്ഞിക്കുട്ടി: (സ്വഗതം) ചേച്ചിയും താളം ഒന്നു മാറിപ്പിടിക്കുന്നു. അദ്ദേഹത്തിന്റ ചുവടും എന്തോ അവതാളത്തിൽത്തന്നെ. ചേച്ചിയെ കാണാൻവന്നിട്ടും എന്നെ കണ്ടപ്പോൾ മനസ്സു മാറിപ്പോയെങ്കിൽ അദ്ദേഹത്തിന്റെ ഇഷ്ടത്തിനു വഴങ്ങുന്നതു ന്യായം ആകുമോ? എന്നല്ല, മേലിലേക്കു ശുഭവും ആയിരിക്കുമോ? അസ്ഥിരബുദ്ധികളായ പുരുഷന്മാർ കുലനാശങ്ങൾ പോലും വരുത്തുന്നു എന്നു ഞാൻ കേട്ടിട്ടുണ്ട്. അതുകൊണ്ടു - ഛേ! ഞാൻ അബദ്ധത്തിൽ ചാടുകയില്ല. എങ്കിലും അദ്ദേഹത്തിന്റെ മുഖവും വാക്കും ഒരു സംശയവും ഉണ്ടാക്കുന്നില്ല. എന്നല്ല നല്ല സ്ഥിരബുദ്ധി, അതിരറ്റ കൃപ ഒക്കെ ഉള്ള ആളാണെന്നു തോന്നിക്കുന്നു. പക്ഷേ, കാര്യസ്ഥൻ ആയിട്ടും കളി വിട്ടിട്ടില്ലായിരിക്കാം. എന്തെങ്കിലും ആകട്ടെ. അച്ഛൻ വരട്ടെ (പോകുന്നു.)

(കർട്ടൻ)

 

രംഗം ആറു് (42-45)

 

-42-


രംഗം ആറു്


കേശവശ്ശാർ: ഇദ്യമിപ്പോൾ ഗോടടയ്ക്കും മുമ്പു് ഇങ്ങു ചാടി വീണതു് ആര്‍ക്കു പേറുനോവാറ്റാനാണു്? ആ മാതിരപ്പിള്ളീലെ നരിന്തന്റെ വാശിയും വൈരങ്ങളും ഇത്തിരി ഒന്നും അടങ്ങീട്ട് വന്നെങ്കിൽ, ഒന്നുമില്ലെങ്കിൽ രണ്ടുനേരം നേരെ ചോറെങ്കിലും കൊടുത്തയയ്ക്കാമായിരുന്നു. ഛീ നീ എന്തോന്നെടാ മുമ്പി നിന്നോണ്ടു മാച്ചാൻ തുള്ളിച്ചിരിക്കുന്നതു്? പറയെടാ ഇദ്ദ്യമിപ്പോൾ കേറിപ്പള്ളിക്കെടപ്പു കെടക്കുന്നതെന്തോന്നിനു്? കൂടിവന്ന ആ കോരൻ തുള്ളി എങ്ങോട്ടു പോയി? (ലക്ഷ്മിഅമ്മയോടു്) നോക്കിനു് ആ പെണ്ണു കമലാക്ഷി മണവറപ്പുരയും പൂട്ടിക്കൊണ്ടു കിടന്നാലു്, അക്കെടപ്പെന്നും കെടക്കേണ്ടിവരുമെന്നു പറഞ്ഞേച്ചാട്ടെ. ഹ്ം! വന്നിരിക്കുന്നതും കളിക്കുഞ്ഞൊ? അദ്ദ്യത്തിന്റെ ആഭീസുതന്നെ പുത്തൻകച്ചേരിപോലക്കൊള്ള ഒരു വല്യാട്ടാരം.

കുഞ്ഞപ്പൻ: പിന്നെയോ? ഗോഷ്‌മാന്മാരും മറ്റും എത്രാന്നൊ? ലൈറ്റന്മാരു്! ഗൊമസ്ഥന്മാരും ! അവിടെ എന്തൊരു തൃമാകലശങ്ങള് !

കുഞ്ഞിക്കുട്ടി: അച്ഛാ! എന്തായാലും ഞാൻ ഒന്നു പറയാം-

കേശവശ്ശാർ: നീ ഒന്നുമിപ്പം പെറുകേം, പെറിക്ക്യേം വേണ്ട. രണ്ടു കൊള്ളാൻ തരം നോക്കാതെ, പാട്ടിന്നു പൊയ്ക്കൊ-

കുഞ്ഞിക്കുട്ടി: കമലാക്ഷിച്ചേച്ചി-

കേശവശ്ശാർ: (കയര്‍ത്തു്) എവളേം പിടിച്ചു് ആ വടക്കെ കൊച്ചറയിലിട്ടടയെടാ കുഞ്ഞേപ്പാ!- എടത്തും വലത്തും എല്ലാംകൂടി ഒരു കോന്തനെ ഇട്ടു ലോട്ടടിച്ചാൽ - (കുഞ്ഞിക്കുട്ടിയെ പിടിച്ചു അകത്തേക്കു തള്ളാൻ നോക്കുന്നു.)

കഞ്ഞുലക്ഷ്മിഅമ്മ : അല്ലെ ഇതെന്തൊരു പാടാന്നാ? അനന്തരവടെ അനുതാണക്കേടിനു മക്കളേയൊ പിണ്ണാക്കാട്ടുന്നതു്?

-43-


കുഞ്ഞപ്പൻ: എന്തോ പൊടിമന്ത്രങ്ങളും തന്ത്രങ്ങളും ഒക്കെ നമ്മുടെ കുഞ്ഞിന്റെ കൈയിലുമുണ്ട്. അതാ മറ്റേക്കൊച്ചിനെ ശിണുങ്ങിച്ചു കെടപ്പിലാക്കിയതു്.

കുഞ്ഞുലക്ഷ്മിഅമ്മ: എന്തോന്നാടാ? കുഞ്ഞുങ്ങളെക്കൊണ്ടു് വെറും ഖ്യാതികൾ പറഞ്ഞുണ്ടാക്കിയാൽ- നോക്കു്. (കുഞ്ഞുക്കുട്ടിയെ കേശവശ്ശാർ അകത്തോട്ടു തള്ളി അയയ്ക്കുന്നു.)

കേശവശ്ശാർ: ഈ കോന്ത്രപ്പിള്ളിയിലെ മൂപ്പൻ ജൊണകെട്ടു, വാക്കിനും പിടിപ്പില്ലാണ്ടു വന്നു എന്നുവന്നാൽ ച്ഛേ! - അതെന്തു പോരായ്മ! ആദ്യം പിടിച്ച പിടിയാൽ കൊണ്ടു പോട്ടെ പെണ്ണിനെ. കോന്നനമ്മാവന്റെ കാലത്തു് അവടെ തള്ളയെ കൊമാരപിള്ള ജെരസ്രാവിനു കൊടുത്തില്ലയോ? അപ്പോലെ, നമ്മുടെ കാലത്തു അയാടെ എണങ്ങൊ ചൊണങ്ങൊ ഈ വാരിസ്തർ മഹളേയും കൊണ്ടു പോട്ടെ. നാലുകാശെങ്കിലും, വീട്ടിൽ വന്നുചേരും. അതു കാര്യം ചെറുതോ ചില്ലറയോ?

കുഞ്ഞപ്പൻ: (ചിരിച്ച്) ഹ്! ഹ്! നാലു കാശോ? അരിച്ചുവാരിക്കുമിക്കയല്യൊ ചെയ്യുന്നു! കാര്യം പറ്റിയാൽ പിന്നത്തേടം ഇതോ? ഏതൊരു ഭൂതരു് അയ്യടച്ചാന്നും ഏവിപ്പോകൂല്ല?

കേശവശ്ശാർ: നിങ്ങളിവിടെ നിക്കിൻ. ഞാൻ ചെന്നു, ഒണത്തി, ജുക്തിപ്പടി വേണ്ടതു പറഞ്ഞൊപ്പിച്ചു, അമളിയും അക്കിടിയും ഒന്നും കൂടാണ്ടു എല്ലാം ഒതുക്കി, നാലടത്തു പറഞ്ഞു്, ഇന്നുതന്നെ-ദിവസമൊണ്ടെന്നല്യോടാ കണിയാരു പറഞ്ഞതു്? (പോകുന്നു.)

(കുഞ്ഞപ്പൻ കുറച്ചു ചിന്തയോടെ നിന്നു പുളഞ്ഞ്, രസിച്ചു ചിരി അമര്‍ത്തുന്നു.)

കുഞ്ഞുലക്ഷ്മിഅമ്മ : എന്തുവാടാ നീ കോലം തുള്ളി പൂപ്പട വാരുന്നതു്?

കുഞ്ഞപ്പൻ: അടവേ ഒന്നു പറ്റിച്ചോണ്ടാൽ എന്തെന്നൊരു നിനവു്. മൂപ്പീന്നു വല്യമൂപ്പിന്നു്. തലേം മറ്റും മറ്റേറൃക്കൊച്ചിനേ വന്നിട്ടൊള്ളോ? നമ്മടേതു തിർച്ചിനാപ്പള്ളീന്നോ മറ്റൊ കപ്പലിൽ ഇറങ്ങിയതോ?

കുഞ്ഞുലക്ഷ്മിഅമ്മ: ഛേ! മിണ്ടാതിരി. നമുക്കു് ഈ കാട്ടിലെങ്ങാനും പൊറുക്കാനേ വിധിയൊള്ളൂ.

-44-


കുഞ്ഞപ്പൻ: മനുഷേര്‍ക്കു മണോം ഗൊണോം, തക്കോം തരോം, അറിഞ്ഞുകൂടാഞ്ഞാൽ മറ്റൊള്ളോരെന്തുചെയ്യുമെന്നേ! വയ്യിട്ടു ലഭ്യം കേറി, അങ്ങു തിരുവന്തരംമട്ടിനു മുണ്ടുകൊടുപ്പാൻ പലഹയിമ്മേലിരിക്കുമ്പം കുഞ്ഞുട്ടിക്കൊച്ചും തൊഴുതു മേടിച്ചാൽ ഇരുട്ടി വെളുക്കില്ലെന്നൊ? മഞ്ചാടി എടയ്ക്കു മറ്റതിലും മാറ്റു കൊറഞ്ഞ കൊച്ചാന്നൊ?

കുഞ്ഞുലക്ഷ്മിഅമ്മ: പോടാ തലമറന്നെണ്ണ തേയ്ക്കാണ്ടു്!

കുഞ്ഞപ്പൻ: അങ്ങു ചെന്നു അടുപ്പുംകെട എങ്ങാനും ചേട്ടത്തി ഇരിക്കണം. ഞാനിപ്പം മൂപ്പീന്നിനെ പൊടീം ധളോം വച്ചു വെളക്കുന്ന കണ്ടാട്ടെ. (പതുക്കെ) ഇതാ വരുന്നു, ഇതാ വരുന്നു.

(ഉലസൽക്കുറുപ്പും കേശവശാരും പ്രവേശിക്കുന്നു.)

ഉലസൽക്കുറുപ്പും: ഇന്നുതന്നെ പോണം. ഓ! ഈ നാട്ടുംപുറത്തെപ്പാര്‍പു് ഉന്മേഷത്തെ എല്ലാം മഥനം ചെയ്യുന്നു. പകൽ കുംഭകര്‍ണ്ണത്വം നാം കണ്ടിട്ടുള്ളതല്ല. ഇവർ നമ്മുടെ അമ്മ ആകാൻ പോകുന്നവരാണു് അല്ലെ?

കേശവശ്ശാർ : അവര്‍ക്കും ഒരു കൊച്ചുണ്ട്. അവിടുന്നുതന്നെ അതിനും എന്തെങ്കിലും ഒരു വഴി ഒണ്ടാക്കണം. അവളും കമലാക്ഷീം കൂടി അടിച്ചും പിടിച്ചും ഇപ്പം വല്യ കെട്ടുപാടും വൈമുഖ്യത്തിലും ആയിപ്പോയി. എണപിരിച്ചാൽ ഏക്കം പിടിച്ചുപോകും-

ഉലസൽക്കുറുപ്പു്: ശ്യെ! ശ്യെ! മേൽ അതെല്ലാം നാംതന്നെ കോൺട്രൈവും ചെയ്യും. മുപ്പിൽ കൂസണ്ടാ. ട്രിവാൻഡ്രത്തു കെടപ്പൊണ്ടു കൊച്ചുജയന്തന്മാർ. ഇന്ദ്രഷീറ്റ്സ്, അനുയുദ്ധന്മാർ, കീചകൂസ്, എം. എസ്., ഡീ. എസ്‌സിസ് - ശോ! ആ ബറ്റാലിയൻസ്? എല്ലാം നമുക്കും അപ്രന്റീസുകൾ. അപ്പോൾ കമലാക്ഷിക്കുട്ടിക്കു ജ്യേഷ്ഠത്തികൾ അനുജത്തികൾ ഇല്ല, ഇല്ലേ?

കേശവശ്ശാർ: അവൾ പെറ്റു കുടുംബം തഴയ്ക്കണം. അതലോ പെണ്ണ് ഉച്ചിയിൽ കേറി നിരങ്ങുന്നതു്.

-45-


ഉലസൽക്കുറുപ്പു : (ആത്മഗതം) സുമാർ. ഈ ലാപാസ്സറന്മാർ നമുക്കിതാ നല്ലൊരു സൂര്യപടപാപ്പാസു തന്നിരിക്കുന്നു. ഭാര്യയുടെ സ്വത്തു ഭർത്താവിനടങ്ങുന്ന വ്യവസ്ഥ തഴച്ചുവരട്ടെ. (പ്രകാശം) ഡോ, ലുക്കു് ഹീയർ കുഞ്ഞെഫ്! ആ ഷാംകേർ എങ്ങു്? യാത്രയ്ക്കു ഝടുതി ആയി. ഒരു പൊളിഞ്ഞ കമ്പനിക്കേസ് വരുന്നു. എരഫാളികൾ ഫൈവ് തൗസൻഡ് പറഞ്ഞുപോയിരിക്കുന്നു. ആ കേസു് നോക്കാൻ സാബകാശം വേണം. മിസ്സിസ്സ് കമലാക്ഷിക്കുറുപ്പു് ഇന്നുതന്നെ കൂടിപ്പോരട്ടെ. കാർണോർ അടങ്ങിയിരിക്കുക, അന്ധാളിക്കേണ്ട. (കുഞ്ഞുലക്ഷ്മിഅമ്മയോട്) അമ്മേ! ഞാൻ നിങ്ങടെ എല്ലാം ഒരു ഉത്തമബന്ധു, ഉപകാരി.

കുഞ്ഞുലക്ഷ്മിഅമ്മ: എന്റെ മകൻ അതു പറയണോ?

കുഞ്ഞപ്പൻ: കോന്ത്രപ്പിള്ളിച്ചേന്നവരു് കെട്ടുപോയവരും ഒണ്ടെങ്കിലും തറവാടു മേമ്മേലേ വരൂ. എളേടത്തുതമ്പുരാമ്മാരു വാണകാലത്തേ അങ്കം, ചുങ്കം, ഏഴകോഴ ആണ്ട മാണ്ട്, ഇവറ്റയാണ്ട മാടമ്പികളാ.

കേശവശ്ശാർ : അതൊക്കെ എന്തിനാടാ പഴംഗെരന്ഥങ്ങളും മാറ്റലുകളും എടുത്തു പൊരുളുപറയുന്നതു്? നീ ആ കടവരെ ഒന്നും ഓടിയേച്ചു വാ. ഞാൻ വേണ്ട നാലടത്ത് എല്ലാം പറഞ്ഞ് ഇതാ വന്നേച്ചു.

ഉലസൽക്കുറുപ്പ് : പൊടിപൂരത്തിനൊന്നിനും നില്ക്കരുതു് അമ്മാവാ! ഇല്ലാത്ത കൂട്ടരേ കൊട്ടിഘോഷിക്കേണ്ടു. നാമൊക്കെ ഒരു വിധം നിത്യാഡംബരക്കാരല്ലേ? ശീഘ്രസ്യ ശുഭം എന്നതുകൊണ്ടു്, ഇന്നുതന്നെ - (പോകുന്നു.)

കുഞ്ഞുലക്ഷ്മിഅമ്മ: അല്ലേ! കമലാക്ഷി ഇതറിയുമ്പം കാര്യങ്ങൾ എതത്തിനു പോവൂല്ലാ. പതോം പരുവോം നോക്കാണ്ടു കണ്ടെത്തിലെറങ്ങിയാ പത്തായം ചേരുന്നതു ചണ്ട്. ഒരുങ്ങുന്നതു വല്യ കോന്ത്രത്തിനാന്നേ.

കേശവശ്ശാർ: ച്ഛേ! പോടീ. തോന്ന്യാസം പറഞ്ഞാൽ എതത്തിനു വല്ലോം കിട്ടും

കുഞ്ഞപ്പൻ: വരട്ടെ മൂപ്പീന്നെ! ഈ കൈവെപ്പും കാലുവെപ്പും ഒന്നും കോളല്ല. അടിച്ചും പിടിച്ചും ഒരു പെണ്ണുകൊടുപ്പൊണ്ടോ? ഇങ്ങേതു അങ്ങേതും കുഞ്ഞേപ്പനും ഒന്നുപോലെ ഏകാന്തം. ഇവിടേം ചെളിക്കണം അവിടേം ചെളിക്കണം. ഇതു മൂപ്പീന്നു പെറന്നടമെങ്കി അതു മൂപ്പീന്നു ചേര്‍ന്നെടം.

 

രംഗം ആറു് (46-49)

 

-46-


കേശവശ്ശാർ : അതിനെന്താടാ! കണ്ണും പട്ടല്ലല്ലോ ഞാൻ ഇരുന്നിട്ടൊള്ളതു്. നീ ഈ സാമങ്ങളും ശാസ്ത്രങ്ങളും പറഞ്ഞിരുന്നാ ഇന്നു രണ്ടു പറ്റു തിന്നുന്നത് നാളെ കോഴികൂവുമ്പം ആയിപ്പോവും.

കുഞ്ഞപ്പൻ: മൂപ്പീന്നു് എവിടം കൊണ്ടാ വര്‍ത്തമാനങ്ങൾ കേൾക്കുന്നതു്? കമലാക്ഷിക്കൊച്ചിനു് ആരും വരും. ഇപ്പം പടുത്തിരിക്കുന്നെങ്കി പിടിക്കുന്നില്ലാന്നല്യോ അതിന്റെ പൊരുളു്? (പതുക്കെ) കൊണ്ടുപോട്ടെന്നേ അവനോനു പെറന്നതിനെ.

കേശവശ്ശാർ: (ഭാര്യയെ നോക്കി) എടീ! അവ്വഴിക്കോ അമരം എടുത്തിരിക്കുന്നതു്? അക്കടവടുക്കാൻ തൊഴയണ്ടാ. എരപ്പാളിത്തരം അങ്ങ് അവനോന്റെ അമ്മാവമ്മാരുടെ വീട്ടിലു്. ആ മിനുമിനുക്കിപ്പെണ്ണിനെ ഇങ്ങു വിളിക്കു്. വിളിക്കവളേ.

(കുഞ്ഞുലക്ഷ്മിഅമ്മ പോകുന്നു.)

എടാ। ഊട്ടി പന്തിരുക്കോലാക്കിയപ്പൊ. തോളിലിരുന്നോണ്ടു ശെവിതിന്നാറായോടാ നീ?

കുഞ്ഞപ്പൻ: മുപ്പീന്നേ! ഈ അലപലാതിയും അടീം പിടീം കോന്ത്രപ്പിള്ളി ഫവനത്തിന്നു ചേരൂല്ലെന്നു വച്ച് പറഞ്ഞു. 'കേയച്ചാര് ' എന്നുവെച്ചാ, അങ്ങു നിമിഷം കച്ചേരിയിലും കേട്ടിട്ടുള്ള പേരാ. മുന്നം മുന്നമായി ചേഴക്കാരീം കാർണോരും കുത്തിക്കൊലയ്ക്കും കുശാണ്ടത്തിനും നിക്കുന്നൂന്നു് ഒരു കേളികേപ്പിച്ചാ ച്ഛേ! കൊറച്ചിലു്! (കമലാക്ഷിയും കുഞ്ഞുലക്ഷ്മിഅമ്മയും വരുന്നു.)

കേശവശ്ശാർ: എന്തെടീ പെണ്ണേ? നിന്നെ ആരു വിളിക്കാൻ പറഞ്ഞു? മോന്തേം വീര്‍പ്പിച്ചോണ്ടു നടക്കുന്ന കണ്ടില്യോ? മാതിരാപ്പിള്ളിച്ചെറുക്കൻ വന്നപ്പം അന്നു കെനട്ടിലെന്നു്. നെനക്കിനി പഷ്ണി കെടക്കുന്നിടത്തു്?

കമലാക്ഷി: വന്നിരിക്കുന്നതു് ആരോ ഒരുത്തനാണു്. (കേശവശ്ശാർ പൊട്ടിച്ചിരിക്കുന്നു.)

കുഞ്ഞപ്പൻ: (പൊട്ടിച്ചിരിച്ചു്) ഹശ്യോ! ഇതപ്പം പകലോ, എന്റപ്പിച്ചോ രാത്രിയോ ഞാൻ കുഞ്ഞേപ്പനോ പടിഞ്ഞാറ്റേലേ ഒറ്റക്കണ്ണി കുഞ്ഞിടിക്കാളിയോ?

-47-


കേശവശ്ശാർ: എടാ മിണ്ടാണ്ടിരി. അവക്കു പ്രാന്താ.

കമലാക്ഷി: എനിക്കില്ല.

(കേശവശ്ശാർ കമലാക്ഷിയെ അടിക്കാൻ ചാടിവീഴുന്നു. കഞ്ഞിക്കുട്ടി അകത്തുനിന്നും പ്രവേശിച്ചു തടയുന്നു.)

അമ്മാവനെ അല്ലല്ലോ ഞാൻ പറയുന്നതു്. വന്നിട്ടുള്ളോരെ ആണു്. കുഞ്ഞിക്കുട്ടിയോടു ചോദിക്കണം.

കേശവശ്ശാർ: അവൾക്കോ അദ്യത്തിന്റെ വെച്ചും പുട്ടും വിചാരിപ്പും? നിലത്തുന്നു എണീക്കും മുമ്പും പിള്ളാരടെ മൂപ്പും മൊറകളും!

കുഞ്ഞപ്പൻ: അതെന്താ മൂപ്പീന്നേ! ഒള്ളതു മുഴുവൻ പറയാണ്ടു്. കുഞ്ഞപ്പനലോ കാര്യം പേശി എല്ലാം ഒറപ്പിച്ചത്.

കേശവശ്ശാർ: എന്നാൽ അതിനൊള്ള മുടുവു് തനിക്കുതന്നെ ഇരിക്കട്ടെടാ കൂവേ!

കുഞ്ഞിക്കുട്ടി: ചേച്ചി പറയുന്നതു കേൾക്കണം അച്ഛാ.

-48-


കുഞ്ഞുലക്ഷ്മിഅമ്മ : വെശന്നും പിത്തമിളകിയിരിക്കുന്നെങ്കി, ഇച്ചിരവല്ലോം കഴിച്ചോണ്ടു കാര്യവിചാരണയ്ക്കു നിന്നാ വേണ്ടത്തില്ല.

കമലാക്ഷി: കുഞ്ഞിക്കുട്ടിയെ വിളിച്ചു് -

കേശവശ്ശാർ: അടാടാടാ! ആരു പറയുന്നതെല്ലാം ഞാൻ കേൾക്കണം ! ഇവൻ പറഞ്ഞാ കേക്കാൻ മാത്രം ആരും ഇല്ലാ. ചേച്ചിയും ആച്ചിയും, ഈ കിഴട്ടു പേപ്പേച്ചിയും- ച്ഛേ! എല്ലാച്ചൂലും അകത്തു പോവിൻ, എവന്റെ വഴി എവനു്. തറവാടും മണ്ണാംകട്ടയും ! പൊല്ലാത്ത ശേഷക്കാരാകുമ്പമാ, കാർണോമ്മാരു തോന്ന്യാസികളാകുന്നതു്. അവടക്കേറി കിളിച്ചോണ്ടു നിന്നാലൊണ്ടല്ലോ. എടെടാ അവ്ടേന്നു് ഒരു കവളമ്മടലു്.

(സ്ത്രീകൾ പോകുന്നു.)

എല്ലാം ഒരുക്കിക്കോടാ. നീ പറഞ്ഞപോലെങ്കി, അങ്ങനെ. പണ്ടു കണ്ടതു പഴകിപ്പോയിരിക്കാം. ഇപ്പക്കണ്ടതു കണ്ണിനെണങ്ങിയെങ്കി അങ്ങനെ. അല്ലാണ്ടെങ്കി ഇദ്യത്തിനെന്നുവെച്ച് ദമയന്ത്രിമാരെ ധൃട്ഠിച്ചിരിക്കുന്നോ?

കുഞ്ഞപ്പൻ: കുറിവീണതു് കുഞ്ഞിക്കുട്ടിക്കുഞ്ഞിനും. ഇങ്കിരീസ്സില്ലെങ്കി അവ്ടെക്കൊണ്ടുചെന്നെല്ലാം മിനുസിപ്പിച്ചോളും. നടന്നു പോയാ കയ്യിപ്പെട്ടതു് ചട്ടിയിലു്.

കേശവശ്ശാർ: വാടാ നമുക്കും ആ മടത്തിച്ചെന്നിരുന്നും വട്ടമെല്ലാം ശാത്തിക്കളയാം. (ശങ്കരപ്പിള്ള പ്രവേശിക്കുന്നു.)

ശങ്കരപ്പിള്ള: ശങ്കരൻകൂടി-

കേശവശ്ശാർ: (അക്ഷമനായി) നശിച്ചുപോവാൻ ഇതു കേറീ-

-49-


കുഞ്ഞപ്പൻ: ഇതു് ഇതുവരെ എവിടെത്തൊലഞ്ഞേച്ചു ശകുനം മൊടക്കാൻ ചാടിവന്നൂ?

ശങ്കരപ്പിള്ള: അയ്യോ! വല്യ നന്മ വരുത്താനല്യോ ശങ്കരൻ പ്രദക്ഷിണം വയ്ക്കുന്നതു്!

കേശവശ്ശാർ: ച്ഛേ! നീ നന്മവരുത്തി ഞങ്ങളിന്നി പൊലരുകയോ? എരപ്ഫാളീ-

കുഞ്ഞിക്കുട്ടി: (രംഗത്തോട്ടു പ്രവേശിച്ചു) സ്ഥിതി മുഴുവൻ അറിയാണ്ടു വല്ലതും പറയരുതച്ഛാ!

കേശവശ്ശാർ: എടാ കുഞ്ഞേപ്പാ! തടിമാടാ ! ആ പറഞ്ഞ കവളമ്മട ലെവ്ടേടാ? എവളുടെ പൊറം കൊളമാക്കട്ടേ. എല്ലാംകൂടിക്കെടന്നു പേമേളം പിടിപ്പിക്കുന്നതു് കണ്ടിലോ? ഒരുത്തിയുടെ കണ്ണിനു് എജമാനേപ്പിടിക്കുന്നില്ലാ. മറ്റേയാള് ജിഷ്യനുവേണ്ടിക്കേറി ഈരങ്കി വിളിക്കുന്നു.

ശങ്കരപ്പിള്ള: എല്ലാം അങ്ങത്തേ മനം പോലല്ലാണ്ടു് ഉദിക്കുമോ അസ്തമിക്കുമോ? ഈ കുഞ്ഞിനും ആദ്യം ആൾ ഏര്‍പ്പെടട്ടേ.

കേശവശ്ശാർ: (ആശ്ചര്യനാട്യത്തിൽ) അപ്പോ നീ എന്തെല്ലാം കേട്ടു കളഞ്ഞടാ?

ശങ്കരപ്പിള്ള: അങ്ങുന്നെന്തു ബുദ്ധിമാൻ ഭാഗ്യവാൻ! ചേരുംപടി ചേര്‍ന്നു എല്ലാം ഇഷ്ടപ്പടി നടന്നു് അവനോൻ പൊണ്ടാട്ടി അവനോനുക്കു് എന്നു കൊണ്ടു പോട്ടേ.

കുഞ്ഞപ്പൻ: ഹ് ഹാ! ഹാ! ഹാ! അങ്ങനെ പറയൂ പിള്ളേ!

കേശവശ്ശാർ: ഹ് ഹാ! അതുതന്നല്ലോ ഞാനും വ്യസമ്മതിക്കുന്നതു്. നടക്കട്ടെ, നടക്കട്ടെ. വിധിച്ചപടി നടക്കട്ടെ.

ശങ്കരപ്പിള്ള: അങ്ങനെ വിധിച്ചാൽ തക്ക സമയത്തു് അരങ്ങു തികയാൻ വേഷങ്ങൾ എത്തിക്കൊള്ളം.

(കർട്ടൻ)

 

രംഗം ഏഴു് (50-55)

 

-50-


രംഗം ഏഴു്


[കോന്ത്രപ്പള്ളി തെക്കേ ഭവനം. കമലാക്ഷിയും കുഞ്ഞിക്കുട്ടിയും പ്രവേശിക്കുന്നു.]

കമലാക്ഷി: കുഞ്ഞിക്കുട്ടി എല്ലാം അറിഞ്ഞിട്ടുണ്ടു്. ഇനിയത്തേ കാലത്തു തലയണ തല ഉണ്ടുതുടങ്ങും. മനുഷ്യരുടെ പരിഷ്കാരം തിരിയുന്നതു് അങ്ങനെയാണു്. അങ്ങതിലേ തകൃതി കേമം. അതാ എരിശ്ശേരിയുടെ വറമണം, അല്ലാ വറളിമണമോ- ചുരുക്കിപ്പറയാം. ഇരുട്ടും മുമ്പ് ഞാൻ വല്ലടത്തും പോയ്ക്കളയും.

കുഞ്ഞിക്കുട്ടി: ഞാനും കൂടിപ്പോരാം. അവിടെ അച്ഛനും എന്തോ കൃത്രിമത്തിനു ഭാവം ഉണ്ടു്. എന്തെന്നും എനിക്കും സൂക്ഷ്മമായി അറിഞ്ഞുകൂടാ. പക്ഷേ, ഒന്നു നടിച്ചിട്ടു പെട്ടെന്നു മനോഭാവം മാറുന്നതു് സദ്വൃത്തി ആണോ?

കമലാക്ഷി: സദ്വൃത്തിയും മറ്റും ഞാൻ അറിയും . അവനോന്റെ മുതുകിൽ അമ്പു കൊള്ളുമ്പോൾ സഹനവീര്യം അറിയാം. ഇന്നു മല പൊട്ടിത്തെറിക്കും വണ്ണം ഒരു മുണ്ടുകൊടയ്ക്ക് അമ്മാവൻ ഒരുക്കുന്നതു വിചാരിക്കുമ്പോൾ- നോക്കു്, നീയാകട്ടേ, ഞാൻ ആകട്ടേ എന്താ എരുത്തിൽപ്പശുക്കൾ എന്നോ? ഞാൻ ഒന്നു പിടയാൻ തന്നെ ആണു ഭാവം.

കുഞ്ഞിക്കുട്ടി: ഇഷ്ടത്തിനൊത്ത ആൾ മുമ്പിൽ വരുമ്പോൾ ഈ ഭാവം എല്ലാം മാറും. നമുക്കു് ഇടംവലം ഇരുന്നും തെക്കൻമട്ടിനുള്ള സദ്യയിൽ പങ്കും കൊള്ളാം.

കമലാക്ഷി: ഹേ! പങ്ക് എന്നാക്കേണ്ടാ. മുമ്പിൽ വരുന്ന വലിയ വിഭവവും നിനക്കുതന്നെ ആയിരിക്കട്ടെ.

കുഞ്ഞിക്കുട്ടി: ദ്രോഹം പറയരുത്. എനിക്കു വേണ്ട. അദ്ദേഹം എന്റെ അടുത്തു കളികാട്ടുകയാണു്.

കമലാക്ഷി: മറ്റൊരുത്തീടെ അടുത്തു കളിക്കുന്ന ആൾ എനിക്കും പോ, പോ, നിന്നെയും വിശ്വസിച്ചുകൂടാ. എന്റെ മുമ്പിൽ വരാത്ത ആ ശങ്കരപ്പിള്ളനളൻ ഈ ദമയന്തിക്കുതന്നെ ഇരിക്കട്ടെ. (ദേഷ്യപ്പെട്ടു പോകുന്നു.)

കുഞ്ഞിക്കുട്ടി: ഇതെന്തു കഷ്ടമായി! ഞാൻ എന്തു പിഴച്ചു? (ചുററി നടന്നിട്ടു്) അവിടത്തെ കോലാഹലങ്ങൾ കഴിഞ്ഞിട്ടേ ഞാൻ വടക്കതിലോട്ടുള്ള. ബാരിസ്റ്റർ അദ്ദേഹവും അച്ഛനും ഒന്നിച്ചിരുന്നാണു മഠത്തിൽവച്ച് കാര്യങ്ങൾ തീർച്ച ആക്കിയതു്. അദ്ദേഹം അനാവശ്യക്കളി ആണ് എന്നോടു തുടങ്ങിയതു്. അങ്ങതിൽ പാചകം മഹാകലാപം, ഇങ്ങതിൽ ഒരു കലഹകലാപം. ഇതൊന്നും അറിയാത്തപോലെ,

-51-


'ദിനകരനണയുന്നു- നിശാകരനുയരുന്നു
മണമത്രേ വിതറുന്നു മലയജനും,
അലർശരനിതാ വന്നു- ശരനിര പൊഴിക്കുന്നു- '


ശങ്കരപ്പിള്ള: (പ്രവേശിച്ചു ആരെയും കാണുന്നില്ലാത്ത ഭാവം നടിച്ചു ആകാശത്തു നോക്കി) അലമാറു തുടങ്ങുമ്പോൾ കലഹിക്കല്ലേ.

കുഞ്ഞിക്കുട്ടി: (തിരിഞ്ഞുനോക്കി) അയ്യ ! പാട്ടു കേട്ടു് മരങ്ങൾ ആനന്ദത്താൽ തല ചായ്ച്ചുപോകുന്നു.

ശങ്കരപ്പിള്ള: അല്ലല്ലാ. ആധുനികതിലോത്തമയുടെ സൃഷ്ടിക്കായി സംഭരിച്ചു സംയോജിക്കപ്പെട്ട സാരള്യസാരസര്‍വസ്വങ്ങളുടെ സമഗ്രതയ്ക്ക് ഇംഗ്ലീഷുരീതിയിൽ അഭിവാദ്യം ചെയ്യുകയാണു്.

കുഞ്ഞിക്കുട്ടി: എവിടെപ്പതുങ്ങിനിന്നിരുന്നു? ഇനി എങ്കിലും അങ്ങോട്ടു നേരെ ചെന്നു പണ്ടത്തേ പരിചയം പുതുക്കിക്കൊള്ളണം. ചേച്ചി ദേഷ്യപ്പെട്ടു പോയതു കണ്ടില്ലേ?

ശങ്കരപ്പിള്ള: അയ്യോ! കമലാദേവിയോടു ശങ്കരഭഗവാനെന്താണു ബന്ധം? ഇവൻമുതലായ ഉപദേവന്മാരാൽ സേവ്യമാനനായിട്ടും പ്രസാദവാനാകാത്ത പ്രപഞ്ചാത്മകന്റെ പ്രാണപ്രണയിനി അല്ലേ ആ ദേവി? അടുത്തുകൂടാത്ത ഒരു സന്നിധാനം ആണതു്. നമുക്കു ഭൂവാഴ്ചയും അതിനു ചേര്‍ന്നുള്ള വേഴ്ചയും മതി.

കുഞ്ഞിക്കുട്ടി: ഇങ്ങനെ കളിച്ചാൽ കാര്യം വല്ലാതെ കലാശിക്കും. അച്ഛന്റെ മന്ത്രിസ്ഥാനത്തു് എന്ത് ഉപദേശിച്ചു തീര്‍ച്ചയാക്കി? നേരെ മുമ്പോട്ടുചെന്നു ചേച്ചിയേയും കൊണ്ടു് ഇന്നു പോവുകയാണു മര്യാദ.

ശങ്കരപ്പിള്ള : ഇന്നു് ആ ചേച്ചിയാരെ ആരും കൊണ്ടുപോകത്തില്ല. ശങ്കരൻ ആരുടേയും മന്ത്രിയുമല്ല. അദ്ദേഹത്തിന്റെ കാര്യങ്ങളിൽ രാജാവും അദ്ദേഹംതന്നെ. മനസ്സെങ്കിൽ, സമ്മതമെങ്കിൽ, ഇണങ്ങുമെങ്കിൽ, രാജ്ഞീസ്ഥാനം കൈയേറ്റുകൊള്ളൂ. പക്ഷങ്ങൾ വിടുര്‍ത്തി പറന്നുകളയാം.

കുഞ്ഞിക്കുട്ടി: ഇതെന്തു ഗോഷ്ടിയാണു് - ശങ്കരൻ ശങ്കരൻ എന്നു പറഞ്ഞുകൊണ്ടു നടക്കുന്നതു്?

-52-


ശങ്കരപ്പിള്ള: ഈ ഗിരികന്യകയ്ക്ക് തപോനിഷ്ഠൻ ശങ്കരോഹം. ഇത്യേവം ബ്രഹ്മകല്പിതം-പിന്നെ എന്താണു 'ശങ്കരൻ, ശങ്കരൻ' എന്നു പറയുന്നതിൽ വിഷ്ടിഗണ്ഡാന്തം, ഗുളികകൾ?

കുഞ്ഞിക്കുട്ടി: ('അതൊന്നും നടപ്പില്ല' എന്നുള്ള നാട്യത്തിൽ തല കുലുക്കിക്കൊണ്ടു്) കാട്ടിൽക്കിടക്കുന്നവൾ എന്നുവച്ച് ഏറെപ്പരിഹസിക്കരുതു്. ബാരിസ്റ്റർ ചേട്ടൻ വന്നിട്ടുണ്ടെന്നുവെച്ചാണു് ഞാൻ ഇതുവരെ കൂടിച്ചേര്‍ന്നു കളിച്ചതു്. ഇനി ഞാൻ എല്ലാം പുറത്തു പറയും.

ശങ്കരപ്പിള്ള: ബാരിസ്റ്റർ ചേട്ടനോ? അമ്പ! ഈ ശങ്കരൻ കടലിന്റെ മുട്ടോളം നനയുന്ന വെള്ളം എങ്കിലും കടന്നിട്ടില്ല. പിന്നേയും, അദ്ദേഹം ഈ കൂട്ടത്തിൽ ഒന്നും കക്ഷിയുമല്ല.

കുഞ്ഞിക്കുട്ടി: (പരിഭവത്തോടെ) ഹാ കഷ്ടം! നിന്നടത്തുനിന്നും ഒരിക്കൽ പറഞ്ഞതു മാറിപ്പറയുന്നതു കണ്ടില്ലേ? വാഗ്ഭടൻപിള്ളച്ചേട്ടൻ ആണെന്നലോ ആ തോട്ടിൽവെച്ചു പറഞ്ഞതു്?

ശങ്കരപ്പിള്ള: (ആകാശത്തു നോക്കി) എൻെറ ഗംഗാദേവീ! കേൾക്കണേ ഈ സങ്കല്പവിധങ്ങൾ. (തിരിഞ്ഞു കുഞ്ഞിക്കുട്ടിയോടു്) എന്റെ പ്രിയ വനകുസുമീ! പണ്ടു ഭൂസ്വര്‍ഗ്ഗപാതാളങ്ങളെ ഒരടി ആക്കി അളന്ന ആ പാദത്താണെ സത്യം. ഈ ശങ്കരൻ ഒരു തിരുമുഖം പോലും ഇല്ലാത്ത ശംഖമാണ്ടിയാണു്. 'വാഗ്ഭടൻപിള്ള അദ്ദേഹത്തിന്റെ നിദേശകരൻ' എന്നു പയുവാൻ തുടങ്ങിയ മാത്രയിൽ, കുഞ്ഞു് എന്റെ മാറത്തു വീണു; ഹൃദയത്തെ സാമാന്യ വചസ്സിൽ ചോരണം ചെയ്തയും ചെയ്തു.

കുഞ്ഞിക്കുട്ടി: (അതിയായ ഈഷ്യയോടെ) അശ്ശശ്ശോ! ഇതെന്തു കള്ളങ്ങൾ! എന്നാൽ ചേച്ചിയുടെ മുമ്പിൽച്ചെന്നുകൂടാത്തതെന്തു്? വരണം, എന്റെകൂടി വരണം. ഇങ്ങനെ പോകാം. ഈ ആൾമാറാട്ടത്തക്കിടികൾ ആര്‍ക്കുചേരും?

ശങ്കരപ്പിള്ള: അയ്യോ! ചേച്ചിയുടെ മുമ്പിൽമാത്രം എന്നെ കൊണ്ടു പോവല്ലേ. ഇംഗ്ലീഷിൽ ശിക്ഷിച്ചേക്കും. നാം പാവങ്ങൾ അനുഭവിക്കേണ്ടതായും വരും.

കുഞ്ഞിക്കുട്ടി: (പൊട്ടിച്ചിരിച്ചു) അതാ! അതാ! അങ്ങനെ നേർ പുറത്തു വരട്ടെ. ഞാൻ ഇപ്പോൾ പിടിച്ചു ചേച്ചിയുടെ അടുത്തു കൊണ്ടുപോകും. ബാരിസ്റ്റർചേട്ടൻ അല്ലപോലും . വരണം. (മുമ്പോട്ടു നീങ്ങി കൈയ്ക്കു പിടിക്കുവാൻ ഭാവിക്കുന്നു.)

(കുഞ്ഞപ്പൻ പ്രവേശിക്കുന്നു.)

-53-


കുഞ്ഞപ്പൻ: അല്ലേ! ഹതു കൊള്ളാം കളി! ഈ മട്ട് അങ്ങു മൂപ്പീന്നറിഞ്ഞാൽ വീട്ടിനു തീവെയ്ക്കുമേ എല്ലാം ഗൊണദോഷിച്ചേച്ചു വന്നു, ഫ്! കൊച്ചുങ്ങളേക്കേറി കൊനട്ഠുന്നതും തറവാടന്മാര്‍ക്കു ജ്യോതിച്ചതല്ല. ഹാ! എന്റെ പിള്ളണ്ണന്റെ മോന്തതന്നെ പറേന്നല്ലോ ആലോജിച്ച ചൂത് എല്ലാം വെളീവിട്ടെന്നു്. അതിലോ കൊച്ചു കേറി വളയിടാനുമ്മറ്റും പിടികൂടുന്നതു്.

കുഞ്ഞിക്കുട്ടി: ഫോവൂ അവിടുന്നു! കാര്യസ്ഥൻ ഭാവിച്ച് മരമണ്ടത്തരം പറയാണ്ടു്.

ശങ്കരപ്പിള്ള: എടോ തന്റെ ചെങ്ങാതി ശങ്കരപ്പിള്ള അത്ര വിഡ്ഢി അല്ല. വാഗ്ഭടൻപിള്ള അങ്ങുന്നു എന്തു പരീക്ഷകൾ ജയിച്ചിട്ടുണ്ടു്, എന്തു സമ്പാദിച്ചിട്ടുണ്ടു് എന്നുള്ള മര്‍മ്മകാര്യങ്ങൾ കുഞ്ഞെന്നോടു ചോദിച്ചു. അതിന്റെ ഉത്തരങ്ങളും പറഞ്ഞു.

കുഞ്ഞപ്പൻ: അമ്പെടാ! കുഞ്ഞെലി ആയാലും നെല്ലു കൊറിക്കും. എങ്കിലും തന്റെ തിരുവന്തരത്തേ തരവഴികൾ ഇവിടെ എടുത്താൽ എല്ലെമ്പത്താറും നുറുനുറെന്നു് -

ശങ്കരപ്പിള്ള: ശബ്-എന്തു പറയുന്നു? പശ്യ സഖേ! വിശ്വാസധാതുപോൽ അത്രേ ക്ഷീരാദിസപ്തസാഗരവും പ്രളയംവിനാ സുസ്ഥിതിക്കൊൾവൂ.

കുഞ്ഞപ്പൻ: എന്തു പറഞ്ഞു കൂവാ? ഒന്നുകൂടി കേക്കട്ടേ (കുഞ്ഞിക്കുട്ടിയോടു) കുഞ്ഞു പോവിൻ. എവൻ ഈ പുരപ്പാട്ടും കൊണ്ടു പെരുവഴി കവരാൻ നടക്കുന്ന ഏതോ ചട്ടമ്പി.

ശങ്കരപ്പിള്ള: താൻ ആണു് കുരുത്തക്കേടു പ്രവർത്തിക്കാൻ വിരുതും കെട്ടി നടക്കുന്നതു്.

കുഞ്ഞിക്കുട്ടി: നിങ്ങടെ കളി കാണാൻ ആളു ഞാൻ അല്ല. വേണ്ടാത്ത ശണ്ഠ ഉണ്ടാക്കാതു്. ഞാൻ അച്ഛന്റെ അടുത്തു ചെന്നു പറയും. (പോകാൻ തുടങ്ങുന്നു.)

കുഞ്ഞപ്പൻ: പോയില്ലെങ്കിത്തന്നെ വിടുമെന്നോ? താൻ അങ്ങു നീങ്ങി നിക്കു കൂവ! വാരീസ്തരങ്ങുന്നു പലഹയിലിരിക്കുമ്പം ഈ കൊച്ചു പടുത്തോണ്ടാലും എടുത്തുകൊണ്ടു് മുമ്പിൽ ശാണ്ടൂല്യോ കുഞ്ഞപ്പൻ?

ശങ്കരപ്പിള്ള: കലഹിച്ചുപോകേണ്ടാ. 'എന്റെ പൊന്നു കനകവജ്രമണി, ധവളസ്വര്‍ണ്ണചെന്താമരകുഞ്ഞപ്പശ്ശാരേ!' എന്നു വിളിച്ചു്, ഈ പഞ്ചസാരച്ചുമട് എടുക്കുന്ന ഭാരം ഇവനെ ഏൽപ്പിക്കൂ, എന്നു അപേക്ഷിക്കുന്നു. എടോ സമ്മാനമായി, ഒരു കൊത്തിനുള്ള മുതൽ കയ്ക്കാണം നേദിക്കാം.

-54-


കുഞ്ഞപ്പൻ: തരും, തരുമേ! ഏതു് മുന്തി അറുത്താണെന്തോ? കരുവാടു ചുട്ടടിച്ച പട്ടിയേപ്പോലെ ചുറ്റിനടക്കുന്നതു് -ആ പെറക്കിത്തരങ്ങൾ ഒന്നും ഇങ്ങു വടക്കോട്ടെടുക്കണ്ടാ. കണ്ടോണ്ടാട്ടെ. ഈ നിമിഷം പുറത്തു്. നോക്കിക്കോ. അല്ലെങ്കിൽ കഞ്ഞപ്പനു ഇട്ട പേർ നായ്ക്ക്.

ശങ്കരപ്പിള്ള: എടോടോടോ! കിതയ്ക്കാണ്ടു് സപ്തസ്വരക്രമത്തിൽ കുരയ്ക്കുക്കൂ.

(കുഞ്ഞപ്പൻ ദേഷ്യപ്പെട്ട് അടിക്കുവാൻ മുന്നോട്ടു ചാടുന്നു. ശങ്കരപ്പിള്ള മുഷ്ടിചുരുട്ടി തടയുന്നു.)

കുഞ്ഞിക്കുട്ടി: ശ്ശേ ശ്ശേ! അക്രമം പ്രവർത്തിക്കരുത്. ഞാൻ ഇപ്പോൾ അച്ഛനെ വിളിക്കും. (പോകുന്നു.)

കുഞ്ഞപ്പൻ: അയ്യോ! ഇതാ ഇടിച്ചു കരളു ചീന്തി കൊലവാസം ചെയ്യുന്നേ! വരുവിനോ!

ശങ്കരപ്പിള്ള: എന്തെടൊ? എന്തെടൊ? എവിടെ മുട്ടി? തെങ്ങും മാവും നില്ക്കുന്നതു നോക്കീട്ടല്ലേ ഓടാനും തിരിയാനും തുടങ്ങേണ്ടതു്?

(കേശവശ്ശാരും മറ്റു് ഏതാനും ചിലരും എത്തുന്നു.)

കേശവശ്ശാർ: എന്തോന്നാടാ ഈ ആർഭാടങ്ങളു്?

കുഞ്ഞപ്പൻ: (കരഞ്ഞു്) ഇന്നെല്ലാം ഉലശലങ്ങുന്നേ, കൊലവാസം ! കുഞ്ഞപ്പനു പണ്ടേതന്നെ പീനധമോ, മണ്ടപ്പരുവോ-അയ്യോ അടിച്ചു്, ഇടിച്ചു് പൊടിച്ചു് തവിടാക്കിയേ.

('മര്യാദകേടു്', 'കഷ്ടം', 'അക്രമം' എന്നു മറ്റുള്ളവർ കയര്‍ക്കുന്നു.)

-55-


കേശവശ്ശാർ: (കോപത്തോടെ) അത്ര മേൽപ്പുറം ചാടാറായോ? ഇപ്പോൾ കണ്ടിട്ടാകട്ടെ. ആഹാ! അദ്യത്തിന്റെ ചെരിപ്പിപ്പം നിന്റെ ചെകിട്ടിലു്. അല്ലെങ്കി-ച്ഛേ, ഇങ്ങോട്ടു ചെമടും എടുത്തു വന്നവൻ വീട്ടിക്കേറിയപ്പം മുതൽ ദേശത്തിനും അധികാരം വന്നു പോയോ? ഒരു നല്ല നിഷ്ക്രിയയ്ക്കു തൊടങ്ങുമ്പം അവൻ മുക്കറുത്തു ശകുനം ഉണ്ടാക്കുന്നതു കണ്ടില്യോ? ആ മാതരാപ്പള്ളി കേട്ടാൽ എന്തു പറയും ! പോക്കണക്കേടും! ച്ഛി!

കുഞ്ഞപ്പൻ: ഹൂഹൂ! എവരേ കോളും കാട്ടി, വിളിച്ചോണ്ടു വന്നു് ഗൊണവും ധോഷിച്ചേനു് കൂലി കഴുത്തറപ്പോ?

കേശവശ്ശാർ: പോടാ അങ്ങേൽ ചെന്നു് ഇത്ര വെളിച്ചെണ്ണയോ മറ്റോ പെരട്ടി-ആ കേളമ്പീടെ അടുത്തു പറ, ഒന്നു തിരുമ്മിത്തരാൻ. നിങ്ങളൊക്കെ വരീൻ. ഉള്ള നേരം കൊണ്ടെങ്കിലും ഒരു മോശൽ പിടിപ്പിക്കാം.

ശങ്കരപ്പിള്ള: ഇന്നെല്ലാം വെറും ഊട്ടു. പുടകൊടയുണ്ടെങ്കിൽ വരണമാല ധരിക്കുന്നതും വരാംഗനാരത്നത്തെ ഹരിക്കുന്നതും ഈ സോമാഭിരാമൻ. (പോകുന്നു.)

കേശവശ്ശാർ: ഹടീ! തറുതലക്കാരാ ! തരവഴികെട്ട തൊന്തറവുകാരാ. ഇതാരടെ സംസ്സാനമെടാ? (കയര്‍ത്തുകൊണ്ടു് അടിക്കുവാൻ പുറകേ ഓടുന്നു)

('അയ്യയ്യോ! അരുതു മൂപ്പിലേ', 'അടങ്ങണം കേട്ടോ', 'കാര്യസ്ഥന്മാര്‍ക്കും ചേന്നതല്ലാ' എന്നും മറ്റും പറഞ്ഞുകൊണ്ട് മറ്റുള്ളവരും പോകുന്നു.)

(കർട്ടൻ)

 

രംഗം എട്ടു് (56-60)

 

-56-


രംഗം എട്ടു്


[കോന്ദ്രപ്പിള്ളിയിലെ പടിഞ്ഞാറെ തളം. ഉലസൽക്കുറുപ്പു് വിവാഹത്തിനായൊരുങ്ങുന്നു. ശങ്കരപ്പിള്ള സഹായിക്കുന്നു.)

ഉലസൽക്കുറുപ്പു്: അയ്യോ ശങ്കേർ, പ്രിയശങ്കേർ ! എല്ലാം മനസ് പോലെ കലാശ്! ഹാ ഷാങ്കേർ, ബെള്ളിമലയൻ തന്നെ നീ. നിന്റെ പേർതന്നെ പണം പെറും- കാമസുരഭിയെ പ്രസവി ക്കും. കോന്ത്രപ്പിള്ളി ഏലേലം എന്നും സദ്യവട്ടംകൊണ്ടു പൊടി പൊടിയുന്നു. ആശ്വാസ് ശങ്കർ! ഹോ! ആനന്ദകർ !

ശങ്കരപ്പിള്ള: ഓ മാസ്റ്റർ ! ബുധലോകഭാസ്റ്റർ! മഹേന്ദ്രജ്യോതിസ്കർ ! (ഗാനം) 'ഏലയേലോ ഗോട്ടുലേലം-' അങ്ങനെ പിടിപിടീന്നു വിജയക്കാറ്റു കൊണ്ടുപിടിക്കുന്നു. മാസ്റ്റർ ഇന്നിവനെ വിശ്വസിച്ചു തദാനീം, കേയശ്ശാർ മൂപ്പീന്നിനെ ശൻകരൻ കണക്കെ നട മടക്കിച്ചു. രാത്രിയോ രാവിലേയോ യാത്ര?

ഉലസല്‍ക്കുറുപ്പു്: ഇപ്പോൾ നീ ആ കണ്ണാടി നേരെ പിടിക്കു്. ഈ തിലകം ചാർത്തി - (പൊട്ടുതൊടുന്നു.)

ശങ്കരപ്പിള്ള: ഹയ്യ! സൂര്യവൃത്തം തന്നെ. ആ തൊപ്പിക്കിരീടംകൂടി വച്ചു മുറുക്കുമ്പോൾ, എന്റെ മാസ്റ്റർ സപ്രകാശി, സുപ്രമോദി, അപ്രമേയവിഭവൻ ആയി ഭവിക്കും.

ഉലസൽക്കുറുപ്പു്: നോക്കു ശങ്കർ-നിന്റെ നാടേതു്, പരമാർത്ഥമെന്തു്? ഇനിയെങ്കിലും നാം നിന്നെ പൂര്‍ണ്ണമായി വിശ്വസിക്കട്ടെ.

ശങ്കരപ്പിള്ള: ശങ്കരനെന്തു പരമാർത്ഥം? സ്ഥിതി? ഞാൻ ഞാനെ, പെരുമ്പടപ്പൻ പെരുമ്പടപ്പനെ, മലവാരൻ മലവാരനെ, അങ്ങോട്ടുമിങ്ങോട്ടും കടിച്ചിഴുത്തു നരമേധം ചെയ്കിന്റ കാലത്തു്, ശ്വാസമെന്തു്, വിശ്വാസമെന്തു്, ആശ്വാസമാര്‍ക്കു്? മൂക്കറിയാണ്ടല്ലയോ ചെവി ചെവിയെത്തിന്നുകളയുന്നു.

-57-


ഉലസൽക്കുറുപ്പു്: പോ, പോ, നമുക്കിവിടം ഒഴിച്ചുകൊടുക്കാം. അവർ വിവാഹത്തിനൊരുക്കട്ടെ. വഴിക്കു കിട്ടിയതെങ്കിലും, ഈ കാളകൂടഭോക്താ നമുക്കു വലിയ ഗിരിസന്നിഭസമ്പത്കർ.

ശങ്കരപ്പിള്ള: മിണ്ടരുതങ്ങുന്നേ, ആ തൊപ്പി എള്ളളവുകൂടി മക്കം നോക്കി ചായട്ടേ; മുഖചന്ദ്രൻ പൗര്‍ണ്ണിമയോടടുക്കട്ടെ; പുരികക്കൊടി ഒന്നും ലലാടചന്ദ്രക്കല താങ്ങി ഉയരട്ടെ; ഏകലോചനം ശൃംഗാരരസകണം പൊഴിക്കട്ടെ. അഃ അഃ പെരുത്തു പോയി! പച്ചക്കാമത്വം വർജ്യം- ശരി, ഭേഷ്, ഒത്തു ! ഇനി പല്ലിൻമുന നിര ചെറ്റുചെറ്റു ചുണ്ടിന്മേൽ തിരനോക്കു് തുടങ്ങട്ടെ. സഭാസ്! ഒരു കൈ ചേപ്പിനകം പൂകി വിക്രീഡിക്കട്ടെ. നെഞ്ചു കീശയീന്നു് കൈലേസ് കുറച്ചുകൂടി പൊന്തട്ടെ. ഹാ! ഇപ്പോൾ, കാമനും, വിധിയും, രതിയും ഹരിയും ഹതപ്രാണന്മാർ. ദാ, ദാ, ദേ, നോക്കണം. കമലാക്ഷിക്കൊച്ചമ്മേടെ ഒരു കഞ്ജലോചനമല്ലേ ആ കാണുന്നതു്? ഈ സൗന്ദര്യപ്രഥമൻ തൊട്ടുനക്കുവാൻ എത്തിനോക്കുകയാണ്. കടന്നുകളയണം ഈ വഴിയേ! വിവാഹസമയത്തും വയറുവീര്‍ക്കെ സാപ്പിട്ടുകൊള്ളട്ടെ. (ഉലസൽക്കുറുപ്പിനെ പിടിച്ചുതള്ളി അയയ്ക്കുന്നു. അയാൾ ദൂരത്തായി എന്നു നിശ്ചയം വരുത്തി, തിരിഞ്ഞുനിന്നു്) ഇനി ഇക്കളത്തിൽ, പണ്ടത്തെ പറയൻ പറഞ്ഞതുപോലെ ഞാനുമിത്തിരി തുള്ളിക്കോട്ടെ.

(തുള്ളൽപ്പാട്ടു്)

വെളുവെളെ വിലസും നെറ്റിത്തടമതി-
ലൊളിവാര്‍ന്നുള്ളൊരു ഗോപിക്കുറിയും;
അതിനൊരു മകുടം കുങ്കുമതിലകം
അതിശയപരിധി തകർത്തീടുന്നു.
പനിമതിനിരപോൽ ചെറുപൊട്ടുകളും
ബഹുതരമുദ്രകളായ് ഭാസുന്നു.
കണ്ണാടിപ്രഭ തോറ്റമ്പീടും


(കുഞ്ഞിക്കുട്ടി പ്രവേശിക്കുന്നു.)

-58-


കുഞ്ഞിക്കുട്ടി: ഇതെന്തൊരു നൃത്തമാണു്? ഉന്മേഷം തിളച്ചാൽ-

ശങ്കരപ്പിള്ള: എസ്, ശരി! 'ഏറ്റം വന്നാലിത്ര വരാമോ കാറ്റും മഴയും കാണ്മാനില്ലാ.' എന്ന ചോദ്യം ഏറ്റവും റെലവന്റു-സംബന്ധമുള്ളതു്. എന്നാലും ഹേ ചിന്ന ശ്രീമതി ! ഓരോരുത്തന്റെ ഭ്രാന്തു് താനേ ഇളകുന്നതല്ല. മറ്റുള്ളവർ പിടിപ്പിക്കയാണു്. വാഗ്ഭടൻപിള്ള അദ്ദേഹത്തിന്റെ വേഷപ്രഭ കണ്ടപ്പോൾ, ശങ്കരശിരസ്ഥയായ ഗംഗ സരസ്വതീപ്രവാഹമായി ഇതാ വാര്‍ന്നു പോകുന്നു.

(വീണ്ടും ഗാനം)

കണ്ണാടിപ്രഭ തോറ്റമ്പീടും
ഗണ്ഡങ്ങൾക്കൊരു വര്‍ണ്ണം കൂട്ടും
കര്‍ണ്ണാഭരണമതാം കല്ക്കണ്ട-
ക്കണ്ടം രണ്ടും പോനാൽ കിടയാ.
ചായില്യത്തിനു വില വലുതായി
ചാലക്കടയിലതില്ലാതായി
ചാരുത ചുണ്ടിനു ചേര്‍ക്കാനായതു
ചാലേ കുത്തകയിങ്ങേരേറ്റു.


(മട്ടുമാറി)

ഇങ്ങനെയുള്ളൊരു രസികശിരോമണി-

-59-


കുഞ്ഞിക്കുട്ടി: ഇവിടെ നിന്നിങ്ങനെ തുള്ളാതെ അദ്ദേഹത്തിന്റെ പുറകെ പോയാൽ ഞങ്ങൾക്കും ഉപകാരമായി.

ശങ്കരപ്പിള്ള: ശങ്കരൻ സര്‍വഥാ നിങ്ങൾക്കു വിധേയൻ. ആജ്ഞയെ ശിരോരോമം ഓരോന്നാലും സകലത്താലും വഹിക്കുന്നു. (പോകുന്നു.)

കുഞ്ഞിക്കുട്ടി: (മറുവശത്തോട്ടു നോക്കി) വഴി തെളിഞ്ഞു ചേച്ചീ. വരണം. (കമലാക്ഷി പ്രവേശിക്കുന്നു.)

കമലാക്ഷി: പോയിത്തുലഞ്ഞതു ഭാഗ്യം! എന്റെ കുഞ്ഞിക്കുട്ടീ! മറ്റേയാൾ പെരും കള്ളൻ, ഇതു വെറും ഭ്രാന്തൻ. നമുക്കും ഇങ്ങനെ ഈ പടിഞ്ഞാറെ വാതലിൽക്കൂടി കടന്നുകളയാം. അല്ലെങ്കിൽ അടിമക്കാലം ആവർത്തിക്കും.

കുഞ്ഞിക്കുട്ടി: എന്തായാലും അടിയേല്പിനു വേണ്ട മുതുക് എനിക്കുണ്ടല്ലോ. നിർബന്ധമെങ്കിൽ നടക്കണം. പക്ഷേ, മാതിരപ്പിള്ളി കടന്നുവേണം പോകേണ്ടതു്.

കമലാക്ഷി: ഏതു പള്ളിയും ഞാൻ ഇപ്പോൾ കടക്കാൻ തയാർ തന്നെ. ഇന്നത്തെ പുടവകൊട ഈ തൂണിനായിരിക്കട്ടെ. കുഞ്ഞിക്കുട്ടിയേയും പിടിച്ചുകൊണ്ടു പോകുന്നു.)

(കേശവാരും കുഞ്ഞേപ്പനും ഏതാനും കരക്കാരും പ്രവേശിക്കുന്നു.)

കേശവശ്ശാർ: എല്ലാം വെക്കം ഒരുക്കിപ്പോട്ടെ. ഈ കോന്ത്രം മഴിഞ്ഞെങ്കിൽ കോന്ത്രപ്പിള്ളിക്കു പൈശൂന്യം പിടിച്ചു. എന്താടാ നോക്കിക്കൊണ്ടു നിക്കുന്നെ? തിരുവനന്തപുരത്തെ മട്ടിനെല്ലാം നടക്കട്ടെ. ആ പലക എടുത്തിട്ടു്- ഒരു-

കരക്കാരൻ: എവിടെയാന്നാ?

-60-


കേശവശ്ശാർ: എന്റെ നെടുമ്പിടലീല് -

കരക്കാരൻ: അവടെയൊക്കെയിപ്പം കൊട്ടും വാദ്യങ്ങളും മന്ത്രക്കാസ്സീന്റെ വെടിക്കെട്ടുമലോ?

കുഞ്ഞപ്പൻ: ഓ! ഇങ്ങേരിവിടെക്കിടന്നും എലിവാണം ചീറൂ.

കേശവശ്ശാർ: എടാ, അവിടെ കുഞ്ഞുവിരളിൽ കിടക്കുന്ന ആ മോതിരം ഇങ്ങു മേടിച്ചാട്ടെ. മോതിരം കൈമാറണ്ടയോ? അതിനു്. നല്ല വഹുപ്പായി രണ്ടു വിളക്കും വെച്ചു്- പിള്ളേരെങ്ങാണ്ടോ കാടു മേയുകയാ-അവറ്റയിലും ആ ഇളയ പെണ്ണേ പിടിച്ചു ഒന്നു വൗസ്സാക്കിനിർത്താൻ പറ.

കുഞ്ഞപ്പൻ: മൂപ്പീന്നുതന്നെ ചെന്നാട്ടെ. മറ്റുള്ളോൻ മൂക്കു പൊളിഞ്ഞു ഭീനസവും പിടിച്ചു നടക്കുമ്പം അതിന്റെ കൊമകൂടി കിട്ടുന്നതു് പഴുതല്ല.

(കുഞ്ഞുലക്ഷ്മിഅമ്മ ഒരുവശത്തു പ്രവേശിക്കുന്നു.)

കുഞ്ഞുലക്ഷ്മി അമ്മ: ഇതാ ഇങ്ങോട്ടൊന്നു വരണേ

കേശവശ്ശാർ : എന്തുവാടീ നീയും ഊരാളിതുള്ളിപ്പാൻ കേറിവന്നിരിക്കുന്നോ? നിന്റെ ആ കുഞ്ഞ്യേട്ടയെ വല്ലതും ഒന്നുടുപ്പിച്ചും, കെട്ടിയും, തൊടുവിച്ചും നിറുത്തിയാട്ടെ. ഫോ ഇവിടെ വന്നു വെലങ്ങച്ചാടാണ്ടു്!

കരക്കാരൻ: മൂപ്പീന്നേ! അദ്യത്തിനെ കാണുന്നില്ലല്ലോ. നേരേ ചോദിച്ചെല്ലാം ഒരുക്കുവല്യോ നല്ലതു്?

വേറൊരാൾ: അദ്യേമില്ലെങ്കിൽ കൂടിയുള്ളവനേ വിളിച്ചേ കൊച്ചാട്ടാ.

 

രംഗം എട്ടു് (61-65)

 

-61-


കുഞ്ഞപ്പൻ: ഒരവന്റെ എണങ്ങും ഇവിടെ വേണ്ടായേ .

കരക്കാരൻ: എണങ്ങു കൂടിയതും കൊണ്ടതും നീതന്നെല്ലോടാ?

കുഞ്ഞപ്പൻ: എരപ്പാളിത്തരം പറഞ്ഞാൽ ഏണൊടിച്ചു -

കുഞ്ഞുലക്ഷ്മിഅമ്മ: ച്ഛേ! മിണ്ടാതിരിയെടാ. ഒരു അകര്‍മ്മത്തിനു തുടങ്ങുമ്പമാന്നോ-

കുഞ്ഞപ്പൻ: ചേട്ടത്തി കൂവാണ്ട് അങ്ങ് അകത്തുപോയ കൊച്ചിനെ പിടിച്ചോണ്ടു വന്നാട്ടെ.

കേശവശ്ശാർ: എന്നാൽ നീ വാരിസ്തരത്തേയും ഇങ്ങു വിളിച്ചാട്ടേ. (കുഞ്ഞുലക്ഷ്മിഅമ്മയും കുഞ്ഞപ്പനും പോകുന്നു.)

കേശവശ്ശാർ: അയ്യോടാ, തിന്നാൻ വന്ന കാലന്മാരേ ! ആ കണിയാരെങ്ങു്? മൂത്തടത്തെ ആശാനെയും ഇങ്ങു വിളിച്ചാട്ടേ. പനത്തടത്തിൽ ഉണ്ണിത്താനേമാനേയും.

കുഞ്ഞുലക്ഷ്മിഅമ്മ: (പരിഭ്രമത്തോടെ പ്രവേശിച്ചു്) എന്റെ ജന്മച്ഛനിക്കു് പെണ്ണിനെ ഇവിടെങ്ങും കാണുന്നില്ലല്ലോ. (കേശവശാരോടു്) അവിടെ നിന്നോണ്ടു് ഒന്നൊറക്കെ വിളിച്ചാട്ടേ.

കേശവശ്ശാർ: നീതന്നെ അവിടെ നിന്നൊന്നു് കുരവയിട്ടേ.

-62-


കുഞ്ഞുലക്ഷ്മി: (ആര്‍ത്തസ്വരത്തിൽ) പെണ്ണെങ്ങാണ്ടോ പോയി, പോയി ചാടിച്ച് അങ്ങനെ ആ സൊല്ല ഒഴിയട്ടെ. (വ്യസനചേഷ്ടകൾ.)

കുഞ്ഞപ്പൻ: (പ്രവേശിച്ചു") എന്തർഭൂതമാന്നായിതു്! വാരിസ്രങ്ങുന്നു് ആകാന്‍ പോയിട്ടു്, തേടി, തേടി കുറക്കു ഞെരിഞ്ഞേ. ഇരുട്ടു മിഴുങ്ങിയായിരിക്കാം.

കേശവശ്ശാർ: (ദേഷ്യത്തോടെ) എടീ പെണ്ണേ. കമലാക്ഷീ (പത ക്കെ) ഈ പിണച്ചതെല്ലാം അവളാണു്. (ഉറക്കെ) കമലാക്ഷീ (കോപിച്ചു) ആ ഹാ, ഹാ! പുള്ളാരിപ്പോൾ കണ്ടാട്ടെ!

കുഞ്ഞുലക്ഷ്മിഅമ്മ: അവരിവിടെങ്ങുമില്ലേ!

കേശവശ്ശാർ: എടാ കുഞ്ഞേപ്പാ! ഈ എക്ഷിയേം പിടിച്ചു ആ തെക്കെവശത്തു കൊണ്ടു തള്ളു്. പിള്ളേരു് ഇവന്റടുത്തു കളിക്കാറായോ? എന്നാൽ ഒന്നു കണ്ടിട്ടാട്ടെ പൊളിക്കെടാ വാരി, പൊറുക്കുന്ന കാണട്ടെ. അല്ലെങ്കിൽ തീവയ്ക്ക്, തീയ് രണ്ടെടവും ചാമ്പലാകട്ടെ. (ആജ്ഞ നടത്താനെന്നപോലെ കേശവശ്ശാർതന്നെ കോപിച്ചു മുന്നോട്ടു നടക്കുന്നു.)

ഒരു കരക്കാരൻ: മേലാ, മേലാ, മൂപ്പീന്നേ ച്ഛേ ഇതെല്ലാം ആകാത്ത കാര്യങ്ങൾ.

രണ്ടാംകരക്കാരൻ : പോരായ്മ, പോരായ്മ - ച്ഛേ അടങ്ങണം! വീടു നിരത്താനും, കരിപ്പാനും കാര്യമെന്തു ?

കുഞ്ഞുലക്ഷ്മിഅമ്മ: രണ്ടു ശനിയന്മാർ ഇതിനകത്തു കാലുവച്ചപ്പോൾ ഇവിടംവെമ്പ്രാം കോട്ടം പിടിച്ചു.

ഒരു കരക്കാരൻ: കുഞ്ഞുങ്ങളിവിടെങ്ങാണ്ടുണ്ടു്.

കുഞ്ഞപ്പൻ: ആ കൊച്ചിക്കാകൾ തന്നേയാ ഈ തൊന്തറവെല്ലാം വരുത്തിയതു്.

-63-


കേശവശ്ശാർ: വേണ്ടാടാ, ഇവിടെ പെണ്ണും വേണ്ടാ, പിഞ്ചും വേണ്ടാ വാരിസ്തരും, കീരിസ്തരും, അവരുടെ കോപ്പും, കൊല്ലാരങ്ങളും-ച്ഛീ! ഖനപണം ചൊരിഞ്ഞാലെന്തു്? നക്കിക്കുടിപ്പാൻ വകയുള്ളപ്പോൾ; ആ നായ്ക്കളെ ഫാൻപറ!

(വാഗ്ഭടൻപിള്ളയും, കോമൻമേനോനും ഒരുവശത്തുനിന്നു പ്രവേശിക്കുന്നു. മറുവശത്തുനിന്നു കുഞ്ഞിക്കുട്ടിയും കമലാക്ഷിയും പ്രവേശിക്കുന്നു.)

കേശവശ്ശാർ: (കോമൻമേനോനോടു്) അയ്യ! നല്ല മട്ടുകൾ ! എന്തൊരു എന്തൊരുത്തന്മാരുടെ അടുത്താണു കേസും തന്നു് എന്നെ അയച്ചതു്? നമ്പരും വേണ്ടാ, നാരായവേരും വേണ്ടാ. നശിച്ചുപോന്ന കൊച്ചുങ്ങളെ കൂട്ടത്തിൽ കിടന്നു് നായ്ക്കോലം കെട്ടാൻ ഈ കോന്ത്രപ്പിള്ളിക്കാരൻ ആളല്ല. പോട്ടെ- പോയ പണം പോക്കടിച്ചു പോട്ടെ. വന്നോരും പോട്ടെ, പിള്ളേരും പോട്ടെ. ഇവിടെന്നിപ്പക്കേറിവന്നതെങ്ങോട്ടു പോവാൻ?

കോമൻമേനവൻ: എന്താ മൂപ്പിലെ, ഈ മുറുകിക്കലാശങ്ങൾ? അപ്പുറത്തു ഊട്ടാനും, ഇപ്പുറത്തു തലതട്ടാനും ഉള്ള വട്ടങ്ങടെ സാരമെന്തു്?

കമലാക്ഷി: (കുഞ്ഞിക്കുട്ടിയോടു്) നോക്കു, എന്റെ കുഞ്ഞുക്കുട്ടീ! അമ്മാവന്റെ അടുക്കൽ പറ. അല്ലെങ്കിൽ ചീത്തവല്ലതുമുണ്ടാകും.

കേശവശ്ശാർ: (കോമൻമേനോനോടു്) ഇതാ പറഞ്ഞേക്കാം. കേശവശ്ശാരു ഗണം തിരിഞ്ഞിരിക്കുമ്പം നിങ്ങടെ ലാവുകളുംകൊണ്ടു് ഇങ്ങു വരെണ്ടാ. അടങ്ങിഒതുങ്ങിക്കിടക്കുന്നവരെ പേപിടിപ്പി ക്കാനല്ലയോ, ഈ ചട്ടം പടിച്ച ചട്ടമ്പിള്ളമാരു്?

കോമൻമേനവൻ: എന്റെ മൂപ്പിലെ! ഇതാ വാഗ്ഭടൻപിള്ളയദ്ദേഹം നിങ്ങളെ കാണാൻ വന്നിരിക്കുന്നു. നല്ലവാക്കുകൊണ്ടു അദ്ദേഹത്തെ സല്ക്കരിക്കൂ.

-64-


കേശവശ്ശാർ: (കുഞ്ഞേപ്പനെ വലിച്ചിഴച്ചു മുമ്പോട്ടു നീക്കീട്ട്) എടാ! ചെയിത്താൻതുള്ളാണ്ടു് ചെവിത്തയൊണ്ടെങ്കിൽ പറ. നീ കണ്ട വാരിസ്തരല്ലാണ്ടു്, ഇതാരെടാ? അവിടെ കണ്ടതും ഇവിടെ ഭയനംകിടന്നതും പിന്നെയാരാ? വിളിച്ചോണ്ടു വാ, എവിടുന്നെങ്കിലും തിരക്കിപ്പിടിച്ചു അദ്ദേഹത്തിനെത്തന്നെ കൊണ്ടുവാ. തരത്തിനുതരം പടവെട്ടി, ഒക്കെയൊതുങ്ങട്ടെ.

കുഞ്ഞിക്കുട്ടി: അച്ഛാ! ബാരിസ്തരദ്ദേഹം ഈ വന്നിരിക്കുന്നതാണു്. മറ്റേതു് കള്ളവേഷമാണെന്നും, ചേച്ചി ആദ്യമേ പറഞ്ഞില്ലയോ?

(കേശവശ്ശാർ ചാടി കുഞ്ഞിക്കുട്ടിയുടെ കണ്ഠത്തിനുപിടിച്ചു ഞെക്കാൻ തുടങ്ങുന്നു. വാഗ്ഭടൻപിള്ള മുമ്പോട്ടുകടന്നു് കൈയ്ക്കുപിടിച്ചു തടയുന്നു.)

വാഗ്ഭടൻപിള്ള: ഇതെന്ത്? എന്തു ഭ്രാന്തുകൾ, അക്രമങ്ങൾ? കാരണവരേ! ക്ഷമിച്ചുകേൾക്കുക.

കോമൻമേനവൻ: ആ കുഞ്ഞിനെ നോവിച്ചതിനു പകരം വീട്ടാൻ ആൾ ഇവിടെയുണ്ട്.

കുഞ്ഞപ്പൻ: അതിനലോ ഒരുക്കുന്നതു്. കുഞ്ഞേപ്പൻ ഭുദ്ദിയും മറ്റും കെട്ട കാട്ടുമാടനല്ല. കമലാക്ഷിക്കൊച്ചു എടങ്കേടെടുത്തു നിന്നപ്പോൾ, എന്നാൽ പിന്നെ കുഞ്ഞിക്കുട്ടിക്കുഞ്ഞിനെന്നു് ഇവൻ തന്നെ കൊണ്ടൊപ്പിച്ചു.

കോമൻമേനവൻ: തന്റെ സാമര്‍ത്ഥ്യം സാമര്‍ത്ഥ്യം തന്നെടോ! ഈ രണ്ടു കള്ളപ്പുള്ളികളേയും വഴിയിൽ വച്ചു കണ്ടു ഞങ്ങൾ പിടിച്ചു കൊണ്ടുവന്നില്ലെങ്കിൽ ഇടപാട് ഇതൊന്നുമല്ലായിരുന്നേനെ.

കേശവശ്ശാർ: എന്തോന്നു് എന്തോന്നു്? അങ്ങുന്നേ നിന്നു വെളിപാടുകൊള്ളുന്നതു്? മറ്റൊള്ളോരു് വെറും മരമണ്ടക്കൂട്ടമെന്നോ? (മുന്നോട്ടു നോക്കി) അല്ലെ, വേഷങ്ങളിനിയും വരുന്നോ? ഈ വരുന്നതാരു്?

-65-


(ശങ്കരപ്പിള്ള പരിഷ്കൃതരീതിയിലുള്ള വസ്ത്രങ്ങൾ ധരിച്ചു പ്രവേശിക്കുന്നു. കമലാക്ഷി കുഞ്ഞിക്കുട്ടിയെ നുള്ളുന്നു.)

കുഞ്ഞിക്കുട്ടി: ചുമ്മാതിരിക്കണെ ചേച്ചീ!

കമലാക്ഷി: അമ്മാവനിപ്പോൾ ഇളിക്കും. ആ കൊച്ചു കൊതിയൻ അതാ നിന്നു പല്ല കാട്ടി രസിക്കുന്നു.

കുഞ്ഞിക്കുട്ടി: അല്ലല്ല, അങ്ങേ വശത്തു നിൽക്കുന്ന വലിയ കൊതിയനാണു്.

കമലാക്ഷി: ആ എളം കൊരങ്ങനും ഈ കൊരങ്ങത്തി നന്നായിചേരും

കുഞ്ഞിക്കുട്ടി: മറ്റെ സുഗ്രീവനു് ഈ താരാദേവിയും. ദൈവം ചിലപ്പോൾ ഇണചേരാൻ ഉദ്ദേശിച്ചുതന്നെ ചിലരെ സൃഷ്ടിക്കാറുണ്ടു്.

കേശവശ്ശാരും ഭാര്യയും കുഞ്ഞേപ്പനും : (ശങ്കരപ്പിള്ളയെ നോക്കി) അല്ലെ! ഇതെന്തു കളി? ഈ മറിമായങ്ങൾ എവിടുന്നു വിളയുന്നു?

കേശവശ്ശാർ: (കോമൻമേനോനോടു്) എന്റെ വക്കീലങ്ങുന്നേ! ഇവനെപ്പിടിച്ചു ആരീ വേഷം കെട്ടിച്ചു?

 

രംഗം എട്ടു് (66-68)

 

-66-


കോമൻമേനവൻ: ഞാൻ ജില്ലാക്കോർട്ടിൽ കിടക്കുന്ന താണതരം വക്കീലു്. വലിയ ബാരിസ്റ്റരന്മാരു്, ബി. ഏ. ബി. എല്ലുകള് അവരെ ഭരിപ്പാനുള്ള കുട്ടികൾ അതേ നില്ക്കുന്നു. അവരോടു ചോദിക്കൂ. ഇവിടെ എന്തെല്ലാം രംഗപ്രകടനങ്ങൾ ഉണ്ടായി, കുരങ്ങത്തങ്ങൾ നടന്നു എന്നൊന്നും എനിക്കു രൂപമില്ല (വാഗ്ഭടൻ പിള്ളയെ ചൂണ്ടിക്കാട്ടി) ഇദ്ദേഹവും ആ മാതിരിപ്പിള്ളിപ്പിള്ളയും ഞാനും കൂടി ഇങ്ങോട്ടു വരുമ്പോൾ, ഓടിപ്പോകുന്ന രണ്ടു കുട്ടികളെ കണ്ടുമുട്ടി. നിശ്ചയിച്ച പുടവകൊട ഊര്‍ദ്ധ്വമാകുമല്ലോ എന്നു വിചാരിച്ച്, ഞങ്ങൾ അവരേയും കൊണ്ടു് ഇങ്ങോട്ടുപോന്നു. ഈ നില്ക്കുന്നതു് ശ്രീമാൻ വാഗ്ഭടൻപിള്ള ബാരിസ്റ്റരദ്ദേഹംതന്നെ ഹേ. (ശങ്കരപ്പിള്ളയെ ചൂണ്ടിക്കാട്ടി) ഇതു് അദ്ദേഹത്തിന്റെ അനുജൻ ബി. എ. ബി. എൽ. ശങ്കുരപ്പിള്ള എന്ന ലോകവികൃതി!

കേശവശ്ശാർ: ഹാ ഹാ! ഇതു നല്ല നേരംപോക്കുതന്നെ. വക്കീലദ്യവും, എന്തോ ചില കച്ചവടങ്ങളും കൊണ്ടുവന്നിരിക്കുന്നു, ഇല്യോ?

കുഞ്ഞപ്പൻ: അയ്യയ്യ! എഴുത്തും തന്നു്, ഞങ്ങൾ കൊടുത്തു് അപ്പപ്പറഞ്ഞൊത്തേന്മണ്ണം ആദ്യേം ഗോടടയ്ക്കുമുമ്പുതന്നെ ഇങ്ങ് എന്നേ വന്നിരിക്കുമ്പം, വേറൊരു വാരിസ്സരങ്ങുന്നിനെ അവധരിപ്പിച്ചാൽ-

കേശവശ്ശാർ: (കരക്കാരോടു്) അവിടെ ചത്തുനിക്കാണ്ടു് അദ്യത്തിനെത്തന്നെ ഇങ്ങു കൊണ്ടരിനെടാ. കിഴക്കേത്തറയിലെങ്ങാണ്ടു, കാറ്റുകൊള്ളാൻ പോയിട്ടുണ്ടു്. (ശങ്കരപ്പിള്ളയെ നോക്കി) ഈ കുരുകുരുത്തം കെട്ട കൊലപാതകക്കാരനെക്കൂടി-

കുഞ്ഞിക്കുട്ടി: അച്ഛാ, അച്ഛാ, ഇതെന്തു കളി? ഇപ്പോൾ വന്നിരിക്കുന്നതുതന്നെയാണ്, ബാരിസ്റ്റർ ചേട്ടനെന്നു പറഞ്ഞിലോ?

കേശവശ്ശാർ: (കുഞ്ഞേപ്പനോടു്) ഇയിത്തുങ്ങളെ പിടിച്ചു ആ എരുത്തിലിൽ അടയ്ക്ക്. വച്ചതും, ഒരുങ്ങുന്നതും എല്ലാം എടുത്തു് ആ പൊട്ടക്കുളത്തിൽ ചാണ്ടു്.

വാഗ്ഭടൻപിള്ള: ശങ്കരൻകുട്ടിയുടെ യജമാനനായി വന്ന ആളേ വിളിച്ചു കണ്ടിട്ടു് അതെല്ലാം ആവാം (ശങ്കരപ്പിള്ളയോടു) കൊച്ചുകുറുപ്പിനെ ഞാൻ വിളിക്കുന്നു എന്നു ചെന്നു പറയൂ.

കുഞ്ഞിക്കുട്ടി: (അപവാര്യ) അമ്മേ, അമ്മേ! ബാരിസ്റ്റർ ചേട്ടൻ സംസാരിച്ചുതുടങ്ങിയപ്പോൾ ചേച്ചി എവിടെ?

(കമലാക്ഷി കുഞ്ഞിക്കുട്ടിയുടെ മുതുകിൽ ഇടിക്കുന്നു.)

ഇതാ നോക്കിയേ, തട്ടു പൊളിഞ്ഞെന്റെ മുതുകിൽ വീഴുന്നു.

-67-


വാഗ്ഭടൻപിള്ള: (ശങ്കരപ്പിള്ളയോട്) നിനക്കു നല്ല ഇരുമ്പുകടിഞ്ഞാൺ തന്നെ വീണിരിക്കുന്നു. ഇങ്ങനെയൊന്നു പറ്റാഞ്ഞാൽ, നീയ്-

ശങ്കരപ്പിള്ള: ആ ഇരുമ്പിനെ കനകമാക്കിയ വിദഗ്ദ്ധയാണു ചേട്ടനു്. അങ്ങനെ ഭാഗ്യവ്യത്യാസങ്ങൾ.

കോമൻമേനവൻ: നിങ്ങൾക്കും രണ്ടുപേര്‍ക്കും ചേർന്നപടി കിട്ടി. കൊച്ചുകുറുപ്പെവിടെ?

(ഉലസൽക്കുറുപ്പു പ്രവേശിക്കുന്നു.)

ഉലസൽക്കുറുപ്പു: അയാൾ ഇതാ രണ്ടു കാലിന്മേൽ ഉറച്ചുനില്ക്കുന്നു. 'പാപി ചെല്ലണടം പാതാളം' അതും ദൈവഗതി.

വാഗ്ഭടൻപിള്ള: (ആത്മഗതം) കഥയൊന്നു് നൂതനമായി സൃഷ്ടിക്കു തന്നെ. അതിനേ തരമുള്ളൂ. (പ്രകാശം ) കാർണോരെ ! കൊച്ചുകുറുപ്പിനെ ഞാൻ ഇങ്ങോട്ട് കമലാക്ഷിക്കുട്ടിയെ ഒന്നു പരീക്ഷിക്കാൻ അയച്ചതായിരുന്നു. കൂട്ടിനും ഈ അനുജനേയും നിയോഗിച്ചു. അവർ രണ്ടുപേരും ചേർന്നു നിങ്ങളെ നല്ലപോലെ കഷായിപ്പിച്ചെന്നു തോന്നുന്നു.

ഉലസൽക്കുറുപ്പു: (ആത്മഗതം) ഇദ്ദേഹം മഹാനുഭാവൻ ! എന്റെ പോക്രിത്തരങ്ങളെ വഴിയേ പൊതിഞ്ഞുകെട്ടി ഒളിച്ചുകൊള്ളുന്നു. സജ്ജനസഹവാസത്തിനു തന്നെ അഭ്യസിക്കണം. അച്ഛനമ്മമാരുടെ മനഃക്ലേശമാണ് എന്നെ ഈ അപമാനത്തിലെല്ലാം ചാടിച്ചതു്. അവരേക്കരുതീട്ടാണു് ഇദ്ദേഹം എന്നെത്താങ്ങുന്നതു്. എങ്കിലും ഈ ശങ്കരൻകുട്ടി എന്നെ പറ്റിച്ചെല്ലോ- കണ്ടിട്ടു ഞാൻ ആളറിയാഞ്ഞതു് ആശ്ചര്യമല്ലാ. എത്രയോ കൊല്ലം മദ്രാസിൽ താമസിച്ചു! ഇങ്ങു മടങ്ങിവന്നതിനുശേഷം ഞാൻ അധികം കണ്ടിട്ടില്ല. പറ്റിയതു പറ്റി. (പ്രകാശം) എന്റെ വേഷംകെട്ടൽ ഇതോടെ തീര്‍ന്നു - കാർണോരെ! വാഗ്ഭടൻപിള്ളജ്യേഷ്ഠനെ സൽക്കരിക്കുക. അദ്ദേഹം ഒരു വിവാഹത്തിനു പോയിരുന്നപ്പോൾ ഞാൻ കേസ് ഏറ്റതാണ്. പിന്നീടത്തെ കാര്യങ്ങൾ ചെറുപ്പം കൊണ്ടുള്ള കളി-

-68-


കോമൻമേനവൻ: എന്തായാലും എല്ലാം മംഗളമായി പരിണമിക്കുന്നു. (വാഗ്ഭടൻപിള്ളയോടു്) മേലിൽ വേണ്ടതു് എങ്ങനെയെന്നു നിങ്ങൾതന്നെ ആജ്ഞാപിക്കുക.

വാഗ്ഭടൻപിള്ള: ഇന്നും ഉണ്ടു പിരിയുക. ശുഭദിവസം നിശ്ചയിച്ചു് ഞങ്ങള്‍ കമലാക്ഷിയേയും കുഞ്ഞിക്കുട്ടിയേയും കൊണ്ടു പൊയ്ക്കൊള്ളാം.

കേശവശ്ശാർ: (ആത്മഗതം) ഈ കാട്ടുമുതലപ്പെണ്ണിനെയുമോ? നമുക്കപ്പം അധികാരങ്ങളൊന്നുമില്ലെന്നോ വന്നിരിക്കുന്നതു്?

ശങ്കരപ്പിള്ള: അങ്ങനെയല്ലാ. ഞാൻ ഇന്നുതന്നെ കൊണ്ടുപൊയ്ക്കൊള്ളാൻ ആളാണ്. കുഞ്ഞിക്കുട്ടി അതേ, തലകൊണ്ടും 'എസ്' ചായ്ക്കുന്നു. ചേട്ടനും കമലാക്ഷിഅമ്മയും പ്രണയദീക്ഷ കഴിഞ്ഞിട്ട് അത്യാഡംബരത്തോടെ വിവാഹം ആഘോഷിക്കുക.

ഉലസൽക്കുറുപ്പു്: ഈ സംഘടനയ്ക്കു കാരണഭൂതനായ എന്റെ ജീവിതഗതിയെ ഭാഗ്യദയിലോട്ട് ആരോഹിപ്പിക്കുവാനുള്ള പുരോഹിതനായിട്ടും അദ്ദേഹം ഭവിക്കട്ടേ!

കുഞ്ഞപ്പൻ: ഹാ ഹാ! കുഞ്ഞപ്പൻ കൈകടത്തിയാൽ വലിച്ചെടുക്കുന്നതൊക്കെ കനകനിഥി, ഹ, ഹ, ഹ! എന്തു ചേട്ടത്തീ അങ്ങനെയല്യോ? ഓണമെന്നേ പെരുന്തിരുവോണം!

കേശവശ്ശാർ: ഓ! നമ്മുടെ മൂപ്പും കാര്യായ്മയും പുല്ലായി എങ്കിലും, എല്ലാം കോന്ത്രപ്പള്ളിക്കാരണവന്മാരടെ പുണ്യാഹംതന്നെ. നല്ലൊരു പൊന്നു രാജര്‍ഷിയുടെ തിരുവാഴ്ചക്കാലവുമല്ല്യോ?

(എല്ലാവരും ചേന്ന് വഞ്ചീശമംഗളം.)

(കർട്ടൻ)