പാത്രവിവരം (01)
രംഗം ഒന്നു് (02-05)
രംഗം ഒന്നു
[മധുര-കൊഴുന്തുവേലുസത്രം- മലയാളികൾക്കുള്ള ഭാഗം. കണ്ടുവും കണ്ടനും പ്രവേശിക്കുന്നു.]
കുണ്ടു: എടേ കണ്ടാ, കിണ്ടാ! ഞണ്ടുപിടിപ്പാ! കണ്ടോ വരവു്! എല്ലാം, പ്രെസൻറ് ആറംസ് ആയി നില്ല്. പൈസാ എടുത്തു ചൊരിയുന്ന മഴ വരുന്നു. അകത്തെ ഇടിയും ആരവാരവും കേട്ടില്ലയോ? പെൺപട കൂടിയോ, പിന്നെ മീൻകട !
കണ്ടൻ: കണ്ടശ്ശാരിന്നും കുണ്ടുകിണറ്റിലോ? ആണും പെണ്ണും എല്ലാം ജായിണ്ടായി ലോകവണ്ടിയെ പരിഷ്കാരഗിരിമൂര്‍ദ്ധാവിലേക്കു ഉന്തിക്കയറ്റുന്നതു കാണുന്നില്ലേ?
കുണ്ടു: എടോ! ഏടുകെട്ടു സർട്ടിഫിക്കറ്റുകാരാ! ഇതൊക്കെ ഭസ്മമാക്കി കുറിയും പിടിച്ചോണ്ടോ ആ ജമിന്ദാരുടെ മണിബാക്സിനെ വിഴുങ്ങിക്കളഞ്ഞതു്?
കണ്ടൻ: ഛേ! പാമരശിഖാമണേ! പല്ലിൻറെ ലിസ്റ്റൊന്നു തിട്ടപ്പെടുത്തീട്ട് മാന്യന്മാരെ പരിഹസിക്കു്.
കുണ്ടു: (ശാന്തസ്വരത്തിൽ) ക്ഷമിക്കു ചങ്ങാതി ! ജമിന്ദാരുടെ കണ്ണിൽ ചുണ്ണാമ്പെഴുതിയപ്പോൾ മോക്ഷം കിട്ടാൻ അദ്ദേഹം പണ്ഡിറ്റൂനും ഒരു സര്‍വാണി തന്നു.
കണ്ടൻ: മണ്ടുശിരോമണി! പ്രസണ്ടും കാഴ്ചയും സര്‍വാണിയും പെരിയ പെരിയ എജമാൻഗൾക്കു്, അങ്ങത്തെമാര്‍ക്കു പതിഞ്ഞതു്! ഈ മശകമക്കുണത്തിനും പൂജ ഏതെടാ, നിവേദ്യമേതെടാ?
കുണ്ടു: ടേ! സന്മാഗ്ഗിശ്ശിങ്കം ! മണിബാക്സ് കളഞ്ഞുകിട്ടി എന്നു പൊരുളാക്കിക്കൊള്ളാം. അരുളുകൾക്കു്, അര്‍ത്ഥവും മറ്റും നാം കൊടുക്കണം, വയ്ക്കണം. അല്ലാതെ വാക്കെന്തെടാ, വചനമെന്തെടാ?
കണ്ടൻ: പദാവലിയും പതഞ്ജലിയും നമ്മുടെ പാഠ്യഗ്രന്ഥങ്ങളല്ലാ. മണിബാക്സും ഉള്ളടക്കവും 'മണ്ടന്തി പാന്ഥനിവഹാഃ' എന്നു കേട്ടിട്ടില്ലയോ? അങ്ങനെ ഉയര്‍ന്നു്, ആകാശത്തിൽ വട്ടം കറങ്ങി, നമ്മുടെ കീശയായ സ്വര്‍ഗ്ഗം ചേര്‍ന്നു. ആട്ടടേ ഇനിയെല്ലാം ജായിണ്ട് -
കുണ്ടു: അയ്യോടാ കുരുടാ ചെകിടാ! പുങ്കാരപ്പള്ളീലെ മൂത്ത കുരുക്കളല്ലയോ വന്നിരിക്കുന്നതു്? ലാഭം നോക്കി പിടിച്ച ജടുക്കാ മൊണ്ടിക്കുതിര പൂട്ടിയതു്. അതു മീനാക്ഷിഅമ്മൻ സന്നിധിയിൽ മുട്ടുകുത്തി ഒന്നു തൊഴുതപ്പോൾ മൂപ്പീന്നിന്റെ കാലിലൊന്നു് പണയപ്പാട്ടിൽ മകളും തള്ളയും, തങ്കവും മങ്കയും, എല്ലാംകൂടി ഒരു പട്ടാളം തുടങ്ങി നെഞ്ചിലും മണ്ടയിലും മടലടി-
മുതലിയാർ: (അണിയറയിൽ) അടേ കുണ്ടു! കണ്ടനെങ്കേടാ?
(പാളത്താറും അംക്രാക്കും വലിയ തലക്കെട്ടും മീശയുമായി മുതലിയാർ പ്രവേശിക്കുന്നു.)
മുതലിയാർ: എന്നടാ -പയകൾ തൂങ്കറതാ? പിറഭൂഝനംഗൾ വരു കിറതു-പശങ്കൾ എങ്കെയും പടുക്കിറതാ.
കുണ്ടു: എജമാനെ, എജമാനെ.
മുതലിയാർ: (കുണ്ടുവിനോടു്) അടേ ജൽത്തി പോ. വെണ്ണീ, ചുടു കാപ്പി അല്ലാം പോടു. മിളിച്ചീണ്ടു പാര്‍ക്കറുതെന്നെടാ? കണ്ടപ്പിള്ളയാൾ ജലത്തീലെ ഭൈരപ്പ ഡാക്ടർഅയ്യാവെ കൂട്ടീണ്ടുവാ. കാൽ പോനാൻ, കൈ പോനാൻ-എന്ന അലമാറങ്കേ! (ആത്മഗതം) മുതലാളരും വന്തിരിക്കാർ. സുന്ദരേശ്വരിഅമ്മാൾ കാപ്പാത്തട്ടും. (പ്രകാശം) വന്തിടു്! വന്തിടു്. (കുണ്ടുവേയും പിടിച്ചു കൊണ്ടു പോകുന്നു.)
കണ്ടൻ: (സ്വഗതം) നാശമായി! ഈ പൊള്ളത്തലയനും ഭ്രാന്തോ? ഈ ഇരുട്ടത്തു ഞാൻ എവിടെ, എന്തിനു പോകുന്നു? ഡാക്ടരെ കൊണ്ടെന്നാൽ പടി ആരു കൊടുക്കും? മൂപ്പീന്നിന്റെ കാലൊടിഞ്ഞതിനു് എന്റെ കാലും തകരണമെന്നോ? (ഒരു റാന്തലും തീപ്പെട്ടിയും നോക്കിയെടുത്തു്) നാശമായി! അങ്ങേരു്, ഭാര്യയുടെ കാരണവൻ ചാകാൻ കിടന്നപ്പോൾ അങ്ങേരെ പേര്‍ക്കു് മരണപത്രം എഴുതിച്ചുകൊണ്ട ഇറുക്കനാണു്. എന്തെങ്കിലുമാകട്ടെ. വൈരപ്പൻ ഡാക്ടർ പീസിനുവേണ്ടി മുതലിയാരുടെ മൂക്കിൽ പായുന്നതു കാണാം. (പോകാൻ തീക്കുറ്റി ഉരയ്ക്കുന്നു.) തൊട്ടാൽ ഒടിയും. (പിന്നെയും ഉരയ്ക്കുന്നു) കിഴക്കരുടെ വ്യവസായപരിഷ്കാരമാണിതു്. ജപ്പാൻ സമ്പ്രദായം! ഇതിനെക്കാളും കപ്പാൻ നടക്കരുതോ? തുലഞ്ഞ യുദ്ധം വന്ന് എല്ലാം മൂടി-
(വേലപ്പൻപിള്ള പ്രവേശിക്കുന്നു.)
വേലപ്പൻപിള്ള: ഭഗവാനെ! ഇവിടെ കള്ളരുണ്ടെന്നു പുറത്തുതന്നെ എഴുതിപ്പതിച്ചിരിക്കുന്നു. നമ്മുടെ കൈയിലോ? കാളവിറ്റ മുതൽ പതിനാറു്, ആകെ മുതൽ അത്രയും എന്നു്. ഇതുകൊണ്ടു റംഗൂണിൽ എത്തുകയും വേണം. ഈ സത്രത്തിലോ? -ഒരു നേരത്തെ ഊണിനും അണ ആട്ട് ! എട്ടു്. കാര്യങ്ങളോ-എല്ലാം മദ്രാസ് പിത്തലാട്ടത്തിന്റെ ഇളന്തല. എങ്കിലും കാശിറക്കാണ്ടു്, വയറ്റിനും കൊടുത്തു്, നമ്മുടെ പതിനാറും രക്ഷിപ്പാനുള്ള വഴികൾ നാം കണ്ടെങ്കിലും പഠിച്ചിട്ടില്ലയോ?
കണ്ടൻ: (തിരിഞ്ഞു്) എടാ കുരുത്തം കെട്ടവനെ! മുതലിയാരെ കയ്യീന്നു വഴുതി ഇങ്ങു വന്നോ? തണ്ണിയും കാപ്പിയും ഒക്കെ, എന്തെടാ നളപാകമൊ? (സൂക്ഷിച്ചുനോക്കീട്ട്) അല്ലാ ഇതാരു കുണ്ടുവല്ലയോ? എവിടീന്നു? ഒന്നാംക്ലാസ് ജെൻറിൽമാൻസ്, ലേഡീസ്സമ്മാര്‍ക്കു് അല്ലാണ്ട് മറ്റാര്‍ക്കും ഈ മുറിയിൽ കടന്നുകൂടാ. ഇറങ്ങണമിറങ്ങണം. ഈ പാപ്പർവേഷത്തിനു് ഇവിടെ ഇടമില്ല. ആ റയിൽ സഞ്ചിയുടെ മൂട്ടയെല്ലാം ഇവിടെ പൊഴിച്ചിട്ടാൽ ഞങ്ങൾക്കു പ്രായച്ഛിത്തമുണ്ടു്. ഉം! നടക്കണം. ഞാൻ വൈരപ്പയ്യാവൈദ്യവൈരത്തെ കൊണ്ടുവരാൻ പോകുന്നു.
വേലപ്പൻപിള്ള: കൊച്ചുസാറേ! വേണമെങ്കിൽ റാന്തൽ ഞാൻ ഏന്തിക്കൊള്ളാം. തന്നെക്കണ്ടിട്ടും ഒരു പ്രഭുവെന്നു തോന്നുന്നു. നായർ നായരെ ഓടിക്കുന്നതു കാലത്തോടുചേർന്ന നയമോ? കേട്ടോടോ, അനുജാ! നാലുകാശും കൈയിലുണ്ട്. കള്ളരൊണ്ടെന്നു ഇവിടെ നോട്ടീസും കണ്ടു. പത്തഞ്ഞുറും മറ്റും പൊയ്പോയാൽ, നമ്മുടെ കട അവിടെക്കിട എന്നാകും.
കണ്ടൻ: (ആത്മഗതം) പത്തഞ്ഞൂറോ ! പുള്ളിയപ്പോൾ ചില്ലറക്കാരനല്ല. സഞ്ചിക്കകത്തുള്ള ബിംബത്തെ ഒന്നു കാണണം. അതിനു ശിവരാത്രി ഇതുതന്നെ. പ്രയത്നം തന്നെ വിജയചാപം. (പ്രാധാന്യം നടിച്ചു പ്രകാശം) ഈ പാണ്ടിദേശം വലിയ തിരുട്ടുദേശം. സൂക്ഷിക്കണം ചേട്ടാ. എന്തായാലും, നമ്മുടെ പിറവിത്തറ ഒന്നു; ജാതിച്ചോര ഒന്നു്; ആചാരലാക്കൾ ഒന്നു്; അതിനാൽ കണ്ടന്റെ സഹോധരസ്സാര്‍വീസ് ഇതാ താങ്കൾക്കു സ്വാധീനം.
വേലപ്പൻപിള്ള: സന്തോഷം ! സന്തോഷം ! പ്രഭുത്വം കണ്ടാൽ സന്തോഷിച്ചുപോകും . മര്യാദ, ഉദാരശീലം, വിടുർന്ന കൈ-ഇതുകൾ നമ്മുടെ വര്‍ഗ്ഗദോഷങ്ങൾ. അതുകൾ താങ്കളിൽ ടി. ഐ. സി. ക്കാരുടെ വീട്ടുമുദ്രകൾ എന്നപോലെ തെളിവേ കാണുന്നു. ഇവൻ നിരാഹാരൻ. എന്നാൽ ഉറക്കം ത്യജിക്കാനുള്ള സിദ്ധിയിൽ എത്തീട്ടില്ല. 'ഗാ'കാരം പോലെ ഒന്നു ചുരണ്ടുകിടപ്പാൻ ഒരു മൂല കിട്ടിയെങ്കിൽ വലിയ അനുഗ്രഹമായി.
കണ്ടൻ: മൂലയോ! നല്ല വിലാസം പെരുത്ത ശാല തരാം . ഇവിടെ ഇത്തിരി ഉക്കാരണം. നാലുനിമിഷത്തിൽ ഡാക്ടറേയും കൊണ്ടു വന്നേക്കാം. മുതലിഅയ്യാ വരുന്നെങ്കിൽ ജന്റിൽമാൻസാണെന്നു ഭാവിക്കണം. ധൈര്യമേ ശെപ്‌പൂടണം (പോകും വഴി തിരിഞ്ഞ്) റയിൽബാഗ് ഭദ്രം ! തിരുടരുണ്ടു്. (പോകുന്നു).
വേലപ്പൻപിള്ള: (സ്വഗതം) എടാ ഗുണ്ഡോദരാ! നമ്മുടെ സഞ്ചിയും പതിനാറും നമ്മോടുതന്നെ ഇരിക്കും. നിന്റെ ഉപദേശത്തിനു സലാം! നിന്റെ ഇന്നത്തെ അത്താഴം ഉണ്ണുന്നത് ആരെന്നു് ആദ്യം കണ്ടുകളയാം. (റെയിൽസഞ്ചി തുറന്നും ഒരു മടിശീല എടുത്തു ഉടുവസ്ത്രത്തിനിടയിൽ പതുക്കി സഞ്ചി കുലുക്കീട്ട്) ഈ പീറസഞ്ചിയും പഴന്തുണിയും അവൻ എടുത്തുകൊള്ളട്ടെ. പറഞ്ഞുതന്ന പാഠത്തിന്മണ്ണം ജൻറിൽമാൻ നടിച്ച് സത്രം ഭരിച്ചില്ലെങ്കിൽ ഇവൻ ആണല്ലാ. പുടവകൊട ഊണന്മാരുടെ ഇടയിൽ പഠിച്ച ഞാൻ തോൽക്കയോ? ഓ ! ഇതാ വരുന്നു ! ഗ്രഹപ്പിഴ -
(വസുമേനവൻ പ്രവേശിക്കുന്നു.)
വസുമേനവൻ: അല്ലല്ലാ, ഇതാരും വേലപ്പൻപിള്ളയോ? ഭാഗ്യമായി കണ്ടുകിട്ടിയതു്. എങ്ങോട്ടേക്കാ ഹേ?
വേലപ്പൻപിള്ള : എന്തുപറയുന്നങ്ങുന്നേ? നനഞ്ഞു കുതിർന്നു നാറുന്ന അരി ഉണ്ടു്. വയറ് അതിനു ശീലിച്ചുപോയി. എന്നാൽ ശേഷം കാലം അതുണ്ടാകുന്ന സ്ഥലത്തുതന്നെ കഴിച്ചേച്ചാൽ ഉന്തും തള്ളം ചിലപ്പോൾ വെറുംവയറും ആയി കഴിയുന്നതുകൂടാതെ ജന്മമെടുക്കാമെന്നുവെച്ചു, ഉള്ളതെല്ലാം അരിച്ചുപറക്കി വിറ്റും ദേശാടകനായി തിരിച്ചിരിക്കയാണു്.
വസുമേനവൻ: എന്റെ വേലപ്പരേ! ജന്മദേശത്തെ ദ്വേഷിക്കുന്നതു ഒരുവക അല്പബുദ്ധിത്വം, നീചത്വം! വ്യസനിക്കൂ, കോപിക്കൂ, ശണ്ഠകൂട്ടൂ. കലഹിച്ചു പിരിഞ്ഞു ശപിക്കരുതു്. അതു നിൽക്കട്ടേ. നമ്മെ ഇത്തിരി ഒന്നു സഹായിക്കൂ.
വേലപ്പൻപിള്ള: ഈ അല്പപ്രാണി അവിടുത്തെ ഗജകേസരീത്വത്തെ സഹായിക്കുകയോ? പണ്ടത്തെ 'സിംഹവും എലിയും' എന്ന പഴങ്കഥയെ ശരിയെന്നാക്കാൻ ഏറ്റിരിക്കുന്നോ?
വസുമേനവൻ: അതല്ലെടോ. ആ പുങ്കരാപ്പള്ളിയിലെ മൂപ്പീന്നും ഈ സത്രത്തിലേക്കും ജട്ക്കായിൽ വരുംവഴി കുതിര വീണു് മുപ്പീന്നിനും കാലെന്തോ തിറമ്പുകയോ മറ്റോ ചെയ്തു. മകൾ ഗോമതികുട്ടിക്കു ഭാഗ്യം കൊണ്ടൊന്നും പറ്റീട്ടില്ല. താൻ ദയവുചെയ്ത് അദ്ദേഹത്തിന്റെ സാമാനങ്ങൾ ഒതുക്കുവാനും മറ്റും വേഗം ചെന്നു ചേര്‍ന്നുകൊള്ളു. മൂപ്പിലദ്ദേഹത്തോട് സത്രത്തിലെ ആളാണെന്നു പറഞ്ഞു കൊള്ളണം. സേവ നല്ലോണം മുറുകീട്ടു- കേൾക്കൂ- രാമേശ്വരത്തേക്കെന്ന നാട്യത്തിലാണു തിരിച്ചിട്ടുള്ളതു്. വേറേ വല്ല ഉദ്ദേശ്യവുമുണ്ടോ എന്നറിഞ്ഞു പറഞ്ഞാൽ, പിടിപ്പതു പ്രസന്റ് തരാം. റംഗൂണിലല്ലാ ശീമയ്ക്കുപോലും അയയ്ക്കാൻ ഞാൻ തയ്യാറുണ്ടു്. സത്രം വേലക്കാരോടു മൂപ്പിലെ ആളെന്നു ഭാവിച്ചു കൊള്ളു. അവർ പാട്ടിലാകുമെന്നു ഞാൻ ഏറ്റു. വേണമെങ്കിൽ കരാർ പറഞ്ഞോളു. എത്ര മുതൽ മുടക്കാനും തയ്യാറാണു്.
രംഗം ഒന്നു് (06-07)
വേലപ്പൻപിള്ള: അവിടുന്നു വിചാരിച്ചാൽ എന്നെ ഇന്നും ആകാശവിമാനം കയറ്റി അമരപുരിയിലെത്തിപ്പാനും സാധിക്കും. ഈ പ്രബന്ധത്തിലെ ഗായിക ഗോമതിക്കുട്ടിഅമ്മതന്നെയോ എന്നു ഉത്തരവാവുക കൂടി ചെയ്താൽ, ഇവന്റെ സാരഥികൈയ്ക്ക് പാലാഴിമഥനച്ചൊടിയുണ്ടാകും.
വസുമേനവൻ: താൻ ദീര്‍ഘാക്ഷനെടോ, സഹൃദയനെടോ, സാമുദ്രികാശാസ്ത്രജ്ഞനെപ്പോലെ സൂക്ഷ്മം മനസ്സിലാക്കിക്കളഞ്ഞല്ലോ. (കുറെ രൂപാ കൊടുക്കുന്നു.) മൂപ്പർ തകര്‍ക്കുന്നു എന്നു തോന്നുന്നു. അതാ, അകത്തെങ്ങാണ്ടു് വലിയ ലഹള കേൾക്കുന്നു, നിലവിളി കൂട്ടുന്നു. എടോ, ആ സാധുവേ വിഷമിപ്പിക്കാതെ എല്ലാം ഭരിച്ചു ഗ്രഹിച്ചുവരൂ. ചെല്ലു ചെല്ലു. റെയിൽബായ്‌ഗ് ഇങ്ങു തന്നേക്കു.
(വേലപ്പൻപിള്ള റെയിൽ സഞ്ചി കൊടുത്തിട്ടു പോകുന്നു.)
നാശം ! ഇതു ചുമക്കാൻ കഴികയില്ല. നമുക്കു മുറി ഏതാണ്? കഴിയുന്നതും ദൂരത്തായാൽ വേണ്ടില്ല.
കുണ്ടു: (പ്രവേശിച്ചു) വരണം സാർ, വരണം സാർ. ഏതു ക്ലാസ്? എന്നുവച്ചാൽ, സസ്യക്ലാസ്സോ, മാംസക്ലാസ്സോ? ബഹൂത്തച്ഛാ ഹോട്ടൽ സാർ! ബ്രാന്റി, വിസ്കി, വീഞ്ഞു്, ജിൻ, ഷാമ്പൈൻ എന്തുവേണമെന്നുവച്ചാൽ പൈപ്പുവാട്ടർപോലെ സർ! മുതലിയാർമാസ്റ്റർ ഒന്നാം ക്ലാസ്സ് മാനേജർ. മാസപ്പടി രൂപാ 700. ചുമ്മായോ? ആർഗാഡ്നഭാവും കൗൺസേൽ മെമ്പര്‍ന്മാര്‍രു്, എല്ലാവര്‍ക്കും താവളം, ഇതുതന്നെ സാർ. മൂന്നുതരം ദുട്ടുകാര്‍ക്കു് മൂന്നുനില. ഒന്നിന്മുകളിലൊന്നു്, എന്നിങ്ങനെ നമ്പർ വൺ, ടു, ത്രീന്നു കൊണ്ടുപിടി!
വസുമേനവൻ : തന്റെ പേരെന്തെടോ?
കുണ്ടു: വളരെ ചുരുങ്ങിയതു സാർ. ആരോ അറിയാഞ്ഞിട്ടുപോയി. സാരമില്ല.-വെറും കുണ്ടു, സാർ, കുണ്ടു. എന്നുവച്ചാൽ-അതിന്റെ രാമരു് സാറു തന്നെ പറയണം.
വസുമേനവൻ: ഞാൻ അത്ര പണ്ഡിതനല്ല. ഞങ്ങളുടെ ദിക്കിൽ ഒരു 'ഗുണ്ടുമേനോൻ' പേഷ്കാരുണ്ടായിരുന്നു എന്നറിയാം. ആ പേരാണു തന്റേതു്. ചില്ലറയല്ല ഇന്നു വന്നവർ. ഏതു റാങ്കിൽ പാര്‍ക്കുന്നു?
കുണ്ടു: താഴത്തെ നില സാർ. വലിയഅങ്ങുന്നു മുപ്പരെ കാൽ മുറിഞ്ഞു മൂന്നായിപ്പോയി. ഭാരിച്ച ചക്രക്കാരൻ. അതുകൊണ്ടു വമ്പിച്ച പിടിത്തം. നാലാം നിലയുണ്ടെങ്കിൽ അതും മതി എന്നു കുലവിളി കൂപ്പിടുന്നു. മകൾ കരയുന്നു സാർ, കരയുന്നു. കണ്ടൂന്റെ മനവും ഉരുകിപ്പോയി! പിള്ളേരും അച്ചിമാരും വലിയകൂട്ടം, ബഹളം സാർ പൊടിപൊടിച്ച ഡർബാർ എഴുന്നള്ളത്തു്. കെട്ടെത്ര, ഭാണ്ഡമെത്ര? പടിഞ്ഞാറെവരിമുറിയത്രയും അവര്‍ക്കു്. ഗ്ലാസ്സറ്റ് -ഫാത്തുറൂം, ദരസ്സുമുറി, എല്ലാം സൗകര്യത്തിനു് തസ്കരക്കുറുപ്പങ്ങുന്നു ആഡർ കൊടുത്തിട്ടുണ്ടു്, ദിനം രൂപാ എഴുപത്തഞ്ചു്. ഡാക്കിട്ടനും, അവിടെ കൊട്ടുപടിയും ഉളിയും എടുത്തുകൊണ്ടു് എത്തീരിക്കുന്നു.
വസുമേനവൻ: നില്ക്ക്-തെക്കേ വരിയിലുള്ള ഈ മുറി നമുക്കു്. അതിൽ താൻ പറഞ്ഞ അനുബന്ധമെല്ലാമുണ്ടല്ലോ. പ്രത്യേകം ശുശ്രൂഷയ്ക്ക് ഒരാൾ വേണമെന്നു മുതലിയാരോടു പറയൂ.
കുണ്ടു: (ആത്മഗതം) ഉം ! വെറും 'മുതലി' പോലും ! എന്തോ ചരക്കൊള്ള പുള്ളിയാണു്! കണ്ടനെ വിട്ടേക്കാം ഇവിടെ, അല്ലാതെ, നാം ഇവിടെ തഴയ്ക്കൂല്ല. മറ്റടത്തു മേയാൻ പച്ച കൂടും. (പ്രകാശം) ഉത്തരവു്. ഉത്തരവു്. നല്ല മുറി, ഒന്നാം ക്ലാസ്സു മുറി! എല്ലാം ബഹുഷുചി.
വസുമേനവൻ: എന്നാൽ പോയി വെയിറ്റരെ അയയ്ക്കു. സഞ്ചി എടുത്ത് അടുത്ത മുറിയിലാക്കു. പോർട്ടർ കൊണ്ടുവന്ന എന്റെ സാമാനങ്ങളും അങ്ങോട്ടു മാറ്റിയേക്കു്. മുറിയിലേക്കു വഴി കാണിക്കു്.
കണ്ടു: (ഒരു വശത്തുനോക്കി നാടകക്കാരന്റെ അഭിനയത്തോടെ മന്ദസ്വരത്തിൽ) തോഴരേ ഇതിലേ, ഇതിലേ.
(കുണ്ടു വഴികാണിക്കുന്നു. വസുമേനവൻ പുറകേ പോകുന്നു.)
(കർട്ടൻ)
രംഗം രണ്ടു് (08-10)
രംഗം രണ്ടു്
(വസുമേനവൻ അയാളുടെ മുറിയിൽ പ്രവേശിക്കുന്നു.]
വസുമേനവൻ: സൂര്യൻ ലോകസേവനം തുടങ്ങി. എന്നിട്ടും നമ്മുടെ വെയിറ്റർ ഉദിക്കുന്നില്ല. തെരുവുകളിൽ ആളുകൾ തെരുതെരെ ഓരോ പണിക്കായി ഓടുന്നു. ലോകത്തിലെ യന്ത്രശക്തികളിൽ വെച്ചു, ഊക്കേറുന്നതു് ഉദരാര്‍ത്തിക്കുതന്നെ. നമ്മുടെ 'ണ്ട'നിൽ ആ തീ കെട്ടുപോയിരിക്കാം. അവനെ വിളിച്ചുകളയാമെന്നുവച്ചാൽ പേരും രൂപമില്ല. എങ്കിലും ഇങ്ങനെ ആകാം. ഒരു 'ണ്ട' ഉണ്ടതിലു്- ണ്ടോ!
(കണ്ടൻ പ്രവേശിക്കുന്നു.)
എവിടെ ആയിരുന്നെടോ? നിങ്ങടെ സത്രത്തിൽ സൂര്യോദയം മദ്ധ്യാഹ്നത്തിലോ?
കണ്ടൻ: അല്ലല്ലാ. ആദ്യത്തെ അന്നത്തിനു മുമ്പുതന്നെ എല്ലാം വരുന്നു. ഛായ, ഡെൽഹി, ഉപ്‌മാ. വാകൊണ്ടുള്ള ഭജി, ഇവയെല്ലാം തട്ടം തട്ടമായി വരുന്നു. മുഖം കഴുകണം. അതാ മുതലിയാരയ്യാവുടെ ആകാശവാണികൾ സത്രം ഭരിക്കുന്നതു കേൾക്കുന്നില്ലയോ?
വസുമേനവൻ: നീ ഈ മുറിക്ക് ഏർപ്പെട്ട വെയിറ്റർതന്നെയല്ലേ?
കണ്ടൻ: ആം സാർ ! അങ്കേ, മേര്‍ക്കുകെട്ടിലെ ഒരു പെരിയവർ വന്തിരിക്കാർ. തെറ്റി തെറ്റി. അതല്ലങ്ങുന്നേ കയ്പെട്ടിയെ കട്ടിലിന്റടിയിലാക്കി ഒരുവശത്തു ചുവരും, മൂന്നുവശത്താള്. വേണമെങ്കിൽ തൊരങ്കം വയ്ക്കണം. അങ്ങനെ മുതൽ സൂക്ഷിക്കുന്ന ആളും ഉണ്ടല്ലോന്നാണു്. കാലൊടിഞ്ഞു വച്ചുകെട്ടീരിക്കുന്നെങ്കിലും, കൊമ്പും താഴ്ത്തി വാലും ചുഴറ്റിയാണു നില. ഉത്തരവെജമാനനെ. മുതലിയാരെജമാന്റെ ഉത്തരവു്- ഇവിടത്തെ ഉത്തരവെല്ലാം കേട്ടു തൂങ്കിയൂടാമൽ വെയിറ്റ് ചെയ്യു എന്നു്.
വസുമേനവൻ: നല്ലതു്! ചെണ്ട, മണ്ട, തൊണ്ട എന്നെന്തോ ഒരു പേരുകാരനില്ലേ ഇവിടെ? അവനെ ഇങ്ങോട്ടയയ്ക്ക് നിന്നെക്കണ്ടിട്ടും ഒരു യജമാനനെപ്പോലെ ഇരിക്കുന്നു.
കണ്ടൻ: ഹ്! ആ 'ണ്ട'യൊക്കെ ഞാൻതന്നെ. പരപ്പൻ കണ്ടൻ എന്നും ഇരട്ടപ്പേരു്. ഇനി ഒരുത്തനുണ്ടു്. ണ്ട, ണ്ടാ, ണ്ടി ണ്ടീ, ണ്ടു എന്നും വലിയ 'ഉശത്തി' പന്തിക്കാരൻ. അതാവിതു്, 'കുണ്ടു.'
വസുമേനവൻ : അത്ര പൊങ്ങിയവൻ നമുക്കു വേണ്ട. നീ മതി. കണ്ടൻ എന്ന പേരു ശുഭം. ഒന്നും 'കണ്ടില്ലാ' എന്ന പേരു മാത്രം കേൾപ്പിക്കരുതു്.
കണ്ടൻ: (ആശ്ചര്യം നടിച്ച്) പരമാനന്ദക്കടവുളേ! അങ്ങനെയുള്ള എച്ചിപ്രാക്ടീസിനു കണ്ടൻ സന്നതു പിടിച്ചിട്ടില്ല. (മുതലിയാർ പ്രവേശിക്കുന്നു.)
മുതലിയാർ: വന്ദനമയ്യാ! (കണ്ടനോടു്) ബ്രേക്ബസ്റ്റ് വല്ലതും കൊണ്ടുവന്തിടു്. പോ. (കണ്ടൻ പോകുന്നു.)
(വസുമേനോനോട് അടുത്തുനീങ്ങി സ്വകാര്യമായി) ഇങ്കെ ഇരിക്കെറതെന്നത്ത് സാർ? അങ്കെ ഉശയ്ക്കുപോഹലാമെ. ഇങ്കിരുന്താൽ ഇന്ത തെണ്ടൻ വെയിറ്റേഷ്സുകളെല്ലാം അലമാർപണ്ണിക്കൊണ്ടിരിപ്പാകെ.
വസുമേനവൻ: വേണ്ട മുതലിയാർ ! കാര്യമെല്ലാം ഒതുങ്ങീട്ടു വേഗം തിരുവനന്തപുരത്തേക്കു മടങ്ങണം. ഇങ്ങോട്ടു പരിചയമുണ്ടെന്നു നടിക്കരുതു്.
മുതലിയാർ: വേഷം പോട്ടു നടനങ്ക; ആക്റ്റിംഗ് ശെയ്യറതുക്കും മുതലിയാരും കട്ടിക്കാരൻ. എല്ലാത്തുക്കും മുതലാളർ ആർഡർ കൊടുത്തിരിക്കിറാങ്കോ. അവർ മനം എങ്കളുക്കെല്ലാം തിരുവാചകം സാർ. താങ്കളിഷ്ടവും അപ്പടിയേ.
വസുമേനവൻ: വളരെ വളരെ വളരെ സലാം. വേലപ്പൻ എന്നൊരുത്തൻ. അവിടെങ്ങാനുണ്ടു്. അയാളെ ഒന്നിങ്ങോട്ടയച്ചേക്കണം. കഥ മുഴുവൻ അയാൾക്കും വിട്ടുകൊടുക്കരുതു്.
മുതലിയാർ: വെരിഗുഡ് സാർ ! അന്ത വേലപ്പൻ പെരിയ തിരുടൻ പോലിരുക്കു്.
വസുമേനവൻ: നിങ്ങടെ കണ്ടൻ കുണ്ടു വകയിൽനിന്നു വളരെ ഭേദം. ഇങ്ങോട്ടയയ്ക്കു.
മുതലിയാർ: അനുപ്പപേൻ സാർ ! (പോകുന്നു.)
(ഉദയഭക്ഷണത്തിനുള്ള സാധനങ്ങളുമായി കണ്ടൻ പ്രവേശിക്കുന്നു.)
വസുമേനവൻ: ഇതെന്തനര്‍ത്ഥമെടോ! രാത്രി ശാപ്പിട്ടതെല്ലാം വയറ്റിൽ കല്ലിച്ചു കിടക്കുന്നു. മൂത്ത മൂരിയുടെ തുകലു ദഹിപ്പാൻ വല്ല യന്ത്രവുമുണ്ടെങ്കിൽ മിഴുങ്ങിക്കൊള്ളാം. കൊണ്ടരൂ.
കണ്ടൻ: സാർ! ഇതു ദേവലോകത്തെ പൂക്കളെക്കാൾ മൃദുലതയും സൗരഭ്യവും കൂടിയതും. ഉച്ചിയിൽ ചൂടിയാലും പശി തീരും. അവസാനകാലത്തു് 'രുദ്രലോകം പ്രയാന്തി' എന്ന സ്ഥലവുമുണ്ടു്. നോക്കണ്ടങ്ങുന്നേ, തുറിച്ചു നോക്കണ്ടങ്ങുന്നേ. ഏഴാം ക്ലാസ്സിൽ സർട്ടിഫിക്കറ്റു കിട്ടി തിണ്ടാടുന്ന ഭാഷക്കുശവനാണു ഞാൻ.
വസുമേനവൻ: കൊണ്ടുപോകൂ. എടോ ! ആ കാപ്പി മാത്രം മതി. ഇവിടെ അതും പച്ചരിത്തവിടിട്ടുള്ള ഒരു ഭാണ്ഡക്കഷായമാണു്. അതിനും വലിയ പീസ്സ്. ചെന്നാൽ വയറ്റിനൊരു ചുമട്, പിന്നീടു് വൈദ്യനു ചെലവു്.
കണ്ടൻ: വൈദ്യൻ കൊടുക്കുന്നെങ്കിൽ വൈരപ്പര്‍ക്കു കൊടുക്കണം. കെട്ടിനകത്ത് ഒരു സേതുബന്ധനം നടക്കുന്നു.
വസുമേനവൻ: സേതുബന്ധനമോ?
കണ്ടൻ: സേതുബന്ധനം . അതേ സേതുബന്ധനം തന്നെ. ഇടതുകാൽ രണ്ടായി തുണ്ടിച്ചുപോയതുകൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും ചോരയ്ക്കു ഗതാഗതം ചെയ്‍വാൻ വാരിയും വരിച്ചിലും കൊണ്ടു് ഒരു ചിറ കെട്ടുന്നു.
വസുമേനവൻ: കഷ്ടം കഷ്ടം ! അപ്പോൾ അദ്ദേഹത്തിന്റെ കാലു മുറിഞ്ഞുതന്നെ പോയോ?
രംഗം രണ്ടു് (11-14)
കണ്ടൻ: ക്രാസ്സുചെയ്ത് സത്യം പറയിക്കരുതങ്ങുന്നേ! നേരുകൾ വെളിപ്പെട്ടാൽ ഇക്കാലത്തെ എന്തെന്തെല്ലാം ഇരുളുകൾ നീങ്ങിപ്പോകും ! അങ്ങനെ വന്നാൽ ബാംബേപ്പനികളും പഞ്ഞത്തിന്റെ കഷ്ടതകളും പമ്പകടന്നു രാജ്യം സത്യലോകമാകും. അതു പാടില്ല എന്നാണു് കാലത്തിനുടയവനായ കലിചക്രവര്‍ത്തിയുടെ കല്പന. അങ്ങുന്നു കാപ്പി കുടിച്ചെങ്കിൽ-
വസുമേനവൻ: ശിഷ്ടം തനിക്കു തട്ടാം അല്ലേ?
കണ്ടൻ: അയ്യയ്യയ്യോ! അങ്ങനെ ഒന്നും മിണ്ടരുതങ്ങുന്നേ ! മുതലിയാരെയജമാൻ കേട്ടാൽ ഇവന്റെ തല വീശിക്കളയും . ഇവിടത്തെ ഒന്നാമത്തെ റൂള്, കളവാണ്ടപ്പിടാതു്, കക്കപ്പിടാതു്, എന്നാണു്.
(വസുമേനവൻ ഒരു രൂപായെടുത്തു സമ്മാനമായി നീട്ടുന്നു.)
അയ്യോ സാർ! അതും ഇഞ്ചംഗ്ഷൻ ആജ്ഞയാൽ നിരോധിക്കപ്പെട്ടതു്. കൈക്കാണത്തിനു് ശിക്ഷ ഉടൻ ബഹിഷ്ക്കരണവും കീഴ്ക്കടശമ്പളത്തിന്റെ നശീകരണവും ആണു്.
വസുമേനവൻ : എടോ ഇതു സമ്മാനമാണു് -പ്രസണ്ട് - ശുഷ്കാന്തി കണ്ടു് സന്തോഷിച്ചുള്ള സംഭാവന കാര്യശ്രദ്ധയ്ക്ക് തൈക്ഷണ്യം കൂടണമെങ്കിൽ ഇക്കാലത്ത് നാണയത്തിന്റെ ഉരവു തട്ടണം. വലിയ വലിയ കാര്യങ്ങൾക്കും മഹാദേവന്മാർ പ്രസാദിക്കണമെങ്കിൽ, പണമിട്ടു ധൂപപാത്രത്തെ പോഷിപ്പിക്കണം.
കണ്ടൻ: (സമ്മാനം വാങ്ങിക്കൊണ്ടു്) ഇക്കാലത്തെ ഹനുമാനും ഗരുഡനും എല്ലാം ഇതുതന്നെ. യുദ്ധങ്ങളുണ്ടാക്കുന്നതും ഈ ചെറുവട്ടങ്ങൾതന്നെ. എല്ലാം ചുരണ്ടിനോക്കിയാൽ ലോകസമാധാനം, ജാതീയസംയോജനം എന്നതിന്റെ അടിയിലെല്ലാം കാണുന്നതു്, 'എനിക്കിട്ടൂട്', 'നമുക്കിട്ടൂടു്' എന്നുള്ള പിടിമത്സരം തന്നെ. (മുൻപോട്ടു നോക്കീട്ട്) ഇതാ വേലപ്പൻപിള്ളച്ചേട്ടൻ വരുന്നു.
വസുമേനവൻ: എന്നാൽ നീ പൊയ്ക്കോ. പാത്രങ്ങൾ പിന്നീടു മാറ്റി ക്കൊള്ളാം.
(കണ്ടൻ പോകുന്നു. വേലപ്പൻപിള്ള പ്രവേശിക്കുന്നു.)
വസുമേനവൻ: വരുടോ. ഓടി വരുടോ. താൻ ഉദിക്കാഞ്ഞിട്ട് പകലും ഇരുട്ടിപ്പോകുന്നു. കണ്ടന്റെ പ്രസംഗം താൻ കേട്ടില്ലല്ലോ? പള്ളിക്കൂടങ്ങളിൽ പഠിപ്പിച്ചു് വിദ്യാര്‍ത്ഥികളെ തോല്പിച്ച്, തൊഴിലിനു വഴി കരുതാതെ അവരെ പരക്കെ ഇരതേടാൻ വിടുന്ന ഭരണാധികാരികൾ കണ്ടന്റെ അഭിപ്രായഗതികൊണ്ടുള്ള ആപത്തിന്റെ രൂപമെന്തെന്നറിയുന്നില്ല. എന്തായെടോ തന്റെ പരിശ്രമം?
വേലപ്പൻപിള്ള: അര്‍ത്ഥം രണ്ടുവിധം ദൃശ്യം. അതിൽ സ്വാര്‍ത്ഥം ഒന്നാമതെങ്കിൽ ഇവന്റെ പരിശ്രമം ഇനി ഭാര്യയോടു ചേര്‍ന്നുള്ള പാര്‍പ്പിനു വേണ്ടതായ ഒരു ഗൃഹത്തിന്റെ സമ്പാദനത്തിലോട്ടു മാത്രം തിരിയേണ്ടതായിരിക്കുന്നു.
വസുമേനവൻ: എടോ നിങ്ങളിങ്ങനെ ഭാഷാവര്‍ഷം കൊണ്ടു മറ്റുള്ളവരുടെ ശ്വാസം മുട്ടിച്ചാൽ ലോകകാര്യങ്ങൾ അപകടത്തിൽ കലാശിക്കും.
വേലപ്പൻപിള്ള: ഇല്ലെജമാനനേ! എല്ലാം സുഘടനയിൽ കലാശിക്കും. ആ കമനീയാംഗി എന്തു കാന്താരിമുളകെന്നാൽ- വജ്രസൂചി എജമാനനേ! വജ്രസൂചി. കോടേങ്കികൾ പറയുംപോലെ മിണു മിണുത്ത മൈലാമണിച്ചി!
വസുമേനവൻ: ഛേ! വീണത്വം പറയാതിരിക്കു. ഞാൻ ഇവിടെ വന്നിട്ടുണ്ടെന്നറിയിച്ചുവോ?
വേലപ്പൻപിള്ള: എന്റെജമാനേ, മനുഷ്യർ ചത്തു നടക്കയല്ല. ചങ്കും കരളും തെളിയെ വഴികാട്ടി, വ്യാപരിക്കയാണു്. ആ കെട്ടിലെ മുഴുപ്രപഞ്ചത്തിനിടയിൽ അങ്ങോട്ടെങ്ങും നടക്കാൻ വയ്യാ. ഒരു ത്രികാലവീക്ഷക്കാരൻ അവിടെ ചുറ്റി സകലം പൊടിപറത്തി ഭരിക്കുന്നു. രാത്രി മുഴുവൻ കാത്തു നടന്നു. വെളുത്തിട്ടും കാത്തുനിന്നു. യജമാനനു കിട്ടാൻ പോകുന്ന മാമനാരു്, എന്റെ ശിവനെ! വെട്ടിയ കോട്ടമുതൽ തോവാളവരെ ഗോപുരം തുറന്ന വിശാലകണ്ഠൻ. ഗോകര്‍ണ്ണം മുതൽ കന്യാകുമാരിവരെയുള്ള സമുദ്രത്തകര്‍പ്പു് ഒന്നെടം പാടെ കേൾക്കണമെങ്കിൽ അവിടെച്ചെല്ലണം. എങ്കിലും ഒന്നു കണ്ണുകാണിച്ചപ്പോൾ- എന്തായാലും, കല കലതന്നെ. യജമാനന്റെ ദൂതനല്ലയോ? ഇവിടത്തെ കല ഇവനേയും, ശോഭായമാനനാക്കുകയാൽ, ആ പൂന്തുകിലുകാരി, പുഞ്ചിരിപ്പുതുമലരും തൂകി, പൂവമ്പഴക്കുഴമ്പും തുളുമ്പിച്ചു്, ഇങ്ങോട്ടടുത്തപ്പോൾ, കണ്ണാലല്ല മൂക്കാലും ഞാൻ കണ്ടുപോയി.
(വസുമേനോൻ തല്ലാൻ കൈ ഓങ്ങുന്നു.)
കൊല്ലരുതെന്റെ യജമാനനെ. അവൾ പ്രലപിച്ച് പ്രാണമാത്രയായി ജടാധാരികളേയും പീഡിപ്പിക്കും.
വസുമേനവൻ: ച്ഛെ! അധികപ്രസംഗി! വകതിരിവുകെട്ട മുഢാ! 'അവൾ' എന്നു പറയുന്നതാരെക്കുറിച്ചാണു്?
വേലപ്പൻപിള്ള: യജമാനനേ ക്ഷമിക്കണം, രണ്ടിനും കണ്ണുവെച്ചിട്ടുണ്ടെങ്കിൽ വേലപ്പൻ കണ്ട ഒന്നിനേയും അങ്ങോട്ടുവിട്ടു് രാജിവെച്ചു. കറുപ്പെജമാനനേ, പാഞ്ചാലിക്കറുപ്പ്! അല്ലെങ്കിൽ സ്വര്‍വധൂകദംബത്തിൽ, അവൾ കനകകിസലയം തന്നെ ആയിരിക്കുമായിരുന്നു. പൊന്നെജമാനനേ! പ്രണയം കൊണ്ടാടിയില്ലെങ്കിൽ, കൊച്ചുപെണ്ണുങ്ങളോടു് എന്തു നടക്കും; ഒന്നു ദീര്‍ഘശ്വാസം വിട്ടു്, ഒരു തോലി നടിച്ചു് ഒന്നു ലജ്ജിച്ചു്, ഒന്നു തളർന്നു്, ഒന്നു നെഞ്ചത്തടിച്ചു പ്രാര്‍ത്ഥനാകടാക്ഷം പൊഴിച്ചു് ചാഞ്ചാടി നിലകൊണ്ടാൽ, ഏതു ലോകാഭിരാമരാമന്റെ സീതക്കുട്ടിയും, 'മന്ദാക്രാന്താമദനതരളാ'ന്നു പാദാന്തരാശിയിലോട്ടു സംക്രമിച്ചുവീണു പണിയുമെജമാനനേ!
വസുമേനവൻ: ആഭാസൻ! ഒരു അവസ്ഥയുള്ള കുട്ടിയോടു സാമാന്യവര്‍ത്തമാനം ഗ്രഹിപ്പിപ്പാൻ അയച്ചപ്പോൾ ആ സാധുവിന്റെ മുമ്പിൽ മര്യാദകെട്ടു. വിടനാടി ഇല്ലേ! ഛേ പോവൂ! റംഗൂണിലോ സിംഹപുരിയിലോ പോയിത്തുലയൂ.
വേലപ്പൻപിള്ള: ഇങ്ങനെ ഉത്തരവാകുന്നതാണു മര്യാദകേടു. ഈ പ്രണയക്കാരു് തലച്ചോറിനെ വീട്ടിൽവച്ചേച്ചു നടക്കുമെന്നു ഇന്നേ അറിഞ്ഞുള്ളു. ആ കുഞ്ഞിന്റെയടുത്തും ഇവൻ ചെന്നു മെക്കിട്ടു കേറി, വല്ലതും പറകയെന്നതു് അലോഹ്യം. ഇതു കരുതി, അടുത്തു നിന്നിരുന്ന സൈരന്ധ്രിയെ മെല്ലെ കണ്ണടക്കി കാമസൂത്രത്താൽ പുറത്തേക്കിഴുത്തു്, ക്ഷീണങ്ങൾ പ്രകടിപ്പിച്ചു, അനുകമ്പ ഉദിപ്പിച്ചു്, കുശലങ്ങൾ ചോദിച്ചു. യജമാനനേ! പ്രണയം നടിക്കാഞ്ഞാൽ അമ്മടുമൊഴി ഉരിയാടുമോ? അതുകൊണ്ടു്, മുൻപറഞ്ഞവണ്ണമെല്ലാം ഭ്രമരവേഷം ആടിപ്പോയി. യജമാനന്റെ മഹിളാമണിയായ വീരഭാമയാൾ ആ നന്താവനം- അതാ കാണുന്നില്ലേ-ആ കുസുമവനമൊന്നു സന്ദര്‍ശിപ്പാൻ പോകുന്നു. മനസ്സെങ്കിൽ അതിനെ കുസുമശരാസ്ഥാനമാക്കിക്കൊള്ളുക. വേലപ്പനു് ഇവന്റെ കുട്ടിപ്പെണ്ണ ശരണം.
വസുമേനവൻ: എടോ, എനിക്കൊന്നും മനസ്സിലാകുന്നില്ല. താനെന്തെല്ലാം അനര്‍ത്ഥം പിണച്ചു എന്നു് അലങ്കാരത്തിലും ഭരതസ്മൃതിയിലും ചാടാതെ പറയൂ.
വേലപ്പൻപിള്ള: ഒന്നും മനസ്സിലാകേണ്ടെജമാനനേ! കണ്ണുമടച്ചുകൊണ്ടു കിഴക്കോട്ടിറങ്ങി നടന്നുകൊള്ളുക. അൻപതു ദണ്ഡു് തെക്കോട്ട് എണ്ണിക്കഴിയുമ്പോൾ നന്താവനപ്പടിയായി. അകത്തോട്ടു കടന്നിട്ടു്, യജമാനൻ 'കാറ്റേ! നല്ല കാറ്റേ! നല്ല നേർമണിക്കാറ്റേ! നീയുണ്ടോ കണ്ടു എന്റെ അൻപുറ്റ പൊന്നു മങ്കയെ' എന്നു പാടിക്കൊണ്ടു നടക്കണം. അപ്പോൾ സഹവര്‍ത്തിനിയായി കാണുന്ന ദാസിയെ, വല്ല ചന്ദ്രിക എന്നോ, കാറ്റെന്നോ കണക്കാക്കിക്കൊണ്ടാൽ മതി. കഥ വ്യക്തമായില്ലേ യജമാനനേ?
വസുമേനവൻ: മതി. മതി ഭംഗിയായി! മൂപ്പരെ അടുത്തുകൂടിയോ?
വേലപ്പൻപിള്ള: പിന്നെയോ? കാലു മുന്നായി മുറിഞ്ഞു എന്നല്ലേ വേലപ്പൻ കൊണ്ടുവെച്ചിരിക്കുന്നതു്. ഇനി വീടു കാണണമെങ്കിൽ ഇവൻ കൃപതന്നെ ശരണമെന്നും ഉറപ്പിച്ചു. വിരുതനായ ഭൈരവഡാക്ടരേയും ചേപ്പിലാക്കി, പീസുരൂപാ ഇരുനൂറ്റി അൻപതു എന്നു രംഗപുഷ്ടിക്കായി ഉടമ്പടിയും പറഞ്ഞൊതുക്കി. യജമാനന്റെ ശുക്രനും വ്യാഴനും ഈ വിശേഷമുഹൂര്‍ത്തേ വിദഗ്ദബന്ധുസംയോഗേ, ഒന്നുപോലെ തെളിയുന്നു. സൺലൈറ്റ് സോപ്പിട്ടു മിനുക്കിയാലും, ഇത്ര ധളധളായമായി തെളിയല്ലെന്നു പന്തയം!
വസുമേനവൻ: ഇങ്ങോട്ടു വന്നതെന്തിനെന്ന മര്‍മ്മം അറിഞ്ഞില്ലല്ലോ. താൻ വിക്രമാദിത്യൻകഥ വായിച്ചിട്ടില്ലെ? ശത്രുവിന്റെ ജീവമര്‍മ്മം ഗ്രഹിക്കുന്നത് പ്രബുദ്ധയോദ്ധന്റെ കൃത്യം.
വേലപ്പൻപിള്ള: അയ്യോ! സത്രം മാനേജർ മുസലിയജമാൻ പറയുന്നതുപോലെ 'അല്ലാം മുള്ളെ മുള്ളെ' യജമാനനെ! പയ്യെത്തിന്നാൽ പനയും തിന്നാം. നടക്കണം. സുരഭിലങ്ങളായ തരുവല്ലികളാൽ മണ്ഡിതമായുള്ള ആ പുഷ്പവാടിയിലോട്ടു കടക്കണം. സുരുചിരതനുവല്ലിയായ അവിടത്തെ പ്രേയസിയെ കണ്ടുവരിക. അത്തവ്വിടയിൽ മൂപ്പരുടെ മുക്കെപ്പിഴിഞ്ഞു് ഉള്ളിലുള്ള പരമാര്‍ത്ഥച്ചാറെല്ലാം പുറത്താക്കിക്കൊള്ളാം.
വസുമേനവൻ: അദ്ദേഹത്തിന്റെ കാലിന്റെ പരമാര്‍ത്ഥസ്ഥിതിയെന്താണെടോ?
വേലപ്പൻപിള്ള: കാലോ! അതു വലിയ കഷ്ടം ! തിന്നുംകൊണ്ടു് ഒരേ ഇരിപ്പിൽ ഇരുന്നിരുന്നു്, ഒരു ഉരളോളം വീർത്തിട്ടുണ്ടു്. എങ്ങാണ്ടോ തെല്ലു തിറമ്പീട്ടില്ലേ എന്നുള്ള സംശയക്കാറിന്റെ ലാഞ്ചനയും ഉണ്ടു്. പക്ഷേ, കാലു കെട്ടാനെന്നു പറഞ്ഞു് ഒരു കുത്തു 1703-ാം നമ്പർ മൽമൽ മേടിപ്പിച്ചു. ആ ഇറുക്കന്റെ കൈയിൽനിന്നു അങ്ങനെ എറിക്കണം. പണം ഒരിടത്തു തന്നെ കെട്ടിയാൽ അതു ദുഷിച്ചു്, വല്ലാത്ത ചേറായി, വിഷവായുവിളകി, ലോകം നശിച്ചുപോകും.
(അണിയറയിൽ) വേലപ്പൻപിള്ളായ്! വേലപ്പൻപിള്ളായ്!
യജമാനനേ! ആ കുണ്ടുവാണു് വിളിക്കുന്നതു്. അവൻ നല്ല മണി മണി മണി മണിച്ചെക്കൻ.
(പിന്നെയും അണിയറയിൽ) വേലപ്പൻപിള്ളയവാൾ !
കൊണ്ടരട്ടേടോ കൊണ്ടരട്ടേ? (ഓടിപ്പോകുന്നു.)
വസുമേനവൻ: അതാ-അതാ-ആ നന്താവനത്തിലേക്കു നമ്മുടെ ഗോമതിക്കുട്ടി തിരിച്ചിരിക്കുന്നു. അതുകൊണ്ടാണു് ആ 'ണ്ടു' വേലപ്പനെ വിളിച്ചതു്. (സൂക്ഷിച്ചു മുന്നോട്ടു നോക്കിയിട്ട്) എന്താ പരദേശത്തു വന്നപ്പോൾ പൊക്കം ഒന്നു കൂടിയോ? നടയും ഒന്നു മാറിയോ? എങ്കിലും അങ്ങോട്ടു ചെല്ലുകതന്നെ. (പോകുന്നു.)
(കർട്ടൻ)
രംഗം മൂന്നു് (15-20)
രംഗം മൂന്നു്
[മധുര-ഒരു നന്താവനം. കുട്ടിപ്പെണ്ണ് ചെടികളേയും പൂക്കളേയും നോക്കിനിന്നു രസിക്കുന്നു.]
കുട്ടിപ്പെണ്ണ്: ഇങ്ങു പോന്നപ്പോ ഇത്തിരി ആശ്വാസമുണ്ടു്. ആ സത്രത്തിലെ ആരവാരം, അമ്പടോ! അങ്ങുമിങ്ങുമുള്ള ചലിപ്പക്കൂട്ടമെല്ലാം എന്തരോ ഒക്കെ പേരുകളും പറഞ്ഞു, സാറും അയ്യാവും ശാമീന്നും വിളിച്ചോണ്ട് എല്ലാം തിരിച്ചു മറിച്ചു വിരവുന്നു. ഇവിടെനിന്നു പോയിപ്പെഴച്ചെങ്കി മതി. ഇന്നലെ രാത്രി വെറും ഏകാദശി. തൊട്ടതെല്ലാം വയമ്പും വെളുത്തുള്ളിയും. (ചുറ്റിനോക്കിയിട്ട്) എന്തൊരു പൂക്കള് ! ഇതൊരു മോടിതന്നെ. നമ്മുടെ അങ്ങ് ഈ പൂപ്രളയം കാണാൻ കിട്ടൂല്ല. കൊച്ചമ്മ പൂപ്പടപ്പിൽ കേറി സന്തോഷം വന്നപ്പോൾ, അതാ തുമ്പിപിടിച്ചു കളിക്കണു്. പിള്ളരെപ്പോലെ വിരണ്ടോടുന്നു. പാലും നെയ്യും എമ്പാടും; എങ്കിലും പൊല്ലാത്ത ദിക്കു്. തുമ്മണമെങ്കിൽ കാശു കൊടുക്കണം. (തിരിഞ്ഞു നോക്കീട്ട്) ഓ ! ഇതാ ആരോ വരുണു. (സൂക്ഷിച്ചുനോക്കീട്ട്) തൊന്തറവായി. ലങ്ങേരു പറഞ്ഞ പുള്ളിയാണ്, അല്ലേ? ഇതു വസുമേനങ്ങുന്നല്ലയോ? ആഹാ! ഇങ്ങുമെത്തിയോ? ഇതാണ് പെരാണങ്ങൾ പാടുന്ന കാമദേവന്റെ കുണ്ടാമണ്ടികള്. ഇവിടെ പക്ഷേ, കാണുന്നതു് ഒരു കടന്തലിലെ- അതിന്റെ തോടുകൊണ്ടു പിടയ്ക്കട്ടെ. കാണാൻ രസമുണ്ടു്.
(വസുമേനവൻ പ്രവേശിക്കുന്നു.)
വസുമേനവൻ: (ചുറ്റിനോക്കീട്ട്) ടീ! അല്ലാ! ഇതു നീയോ! നിന്റെ മിശ്ശി എങ്ങ്!
കുട്ടിപ്പെണ്ണ്: (ദേഷ്യത്തോടെ) എനിക്കില്ല മീശയും മേശയും.
വസുമേനവൻ: നിന്റെ മിസ്- സ്ട്രസ്, യജമാനത്തി, കൊച്ചമ്മ, ഗോമതിക്കുട്ടി എങ്ങ്, എന്നാണു ചോദിച്ചതു്.
കുട്ടിപ്പെണ്ണു്: വലിയങ്ങത്തെ മട്ടും തരവും അറിയാണ്ടു് ഇങ്ങു കേറിച്ചാടരുതു്. പൊല്ലാപ്പു വരുത്തിയാൽ ചവുട്ടുകൊള്ളണതു് അധികാരങ്ങളില്ലാത്ത ഞങ്ങളാണു്. അതുമല്ലാണ്ടു്, ഞങ്ങളെ ഇതിനകത്തു വിട്ടിരിക്കുന്നത് ചക്രം കൊടുത്തിട്ടാണു്. ഞങ്ങൾ കണ്ടേച്ചു പോയിറ്റു വേണമെങ്കിൽ-
വസുമേനവൻ: ചക്രം കൊടുത്തിട്ടോ! ആര്‍ക്കു്?
കുട്ടിപ്പെണ്ണ്: സത്രത്തിലെ കൊച്ചുമാനേശര്‍ക്കു്. കുണ്ടുനായര്‍ക്കു്. ഇങ്ങു കേറി കാണണമെങ്കിൽ ഭീസുണ്ടെന്ന് അവർ പറഞ്ഞു.
വസുമേനവൻ: കൊച്ചു മാനേജരോ? അതാരാടീ?
കുട്ടിപ്പെണ്ണ്: നമ്മുടെ അങ്ങൊള്ള ഒരുത്തൻ ഇവിടെവന്നു രണ്ടാം മുതലി ഉദ്യോഗം വാഴുണു. വലിയങ്ങത്തെ കാലിൽ വച്ചുകെട്ടുവയും മറ്റും ചെയ്യുന്നതു് അങ്ങേരാണു്. (ലജ്ജയോടെ) ഒരു നല്ല മാനം മര്യാദയൊള്ള -എന്തരോ- ഉ്- ഹിം- അങ്ങു ചെല്ലണമങ്ങുന്നേ-ആ ചെടികളുടെ ഇടയിലു്-
വസുമേനവൻ: (ആത്മഗതം) എടോ വേലപ്പരേ, സമര്‍ത്ഥാ! തന്റെ ദാരിദ്ര്യം ദുര്‍വഹമാക്കാൻ ഭാരം ഒന്നുകൂടി ആയി.
(അണിയറയിൽ) ആരാടീ അതു്?
കുട്ടിപ്പെണ്ണു്: കൊച്ചമ്മയെ ഇതാ അന്വേഷിക്കണാ.
(കാര്‍ത്തിക്കുട്ടി പ്രവേശിക്കുന്നു.)
വസുമേനവൻ: (നോക്കീട്ട്, ആത്മഗതം) എന്താ ഇതു്? കണ്ടിട്ടു ചിരിച്ചുതുടങ്ങിയിരിക്കുന്നു. എന്തായാലും സരസത്തിയാണു സംസാരിക്കാൻ ധൈര്യപ്പെടാം. പരിഷ്കാരത്തിന്റെ തേജസ്സ് മുഖത്തുണ്ടു്. ഒരു ഇരുപതോ ഇരുപത്തിനാലോ തണ്ടുവച്ചു മുറുക്കീട്ടുണ്ടെന്നും തോന്നുന്നു.
കാര്‍ത്തിക്കുട്ടി: (മുൻപോട്ടുവന്നു) ഞങ്ങൾ നന്താവനം കാണുക ആയിരുന്നു. ഇതു സാക്ഷാൽ നന്ദനം തന്നെ. ഇങ്ങനെ ഉള്ള ഉദ്യാനങ്ങൾക്കു നന്ദന്റെ പേരും എങ്ങനെ വന്നു? അറിയാമെങ്കിൽ പറഞ്ഞുതരണം.
വസുമേനവൻ: നന്ദന്റെ ചരിത്രം പോലും എന്തോ ഒരു നിഴലുപോലെ മാത്രമേ ഞാൻ ഗ്രഹിച്ചിട്ടുള്ളു. പഞ്ചതന്ത്രത്തിലല്ല- മറ്റേ ആ സൂത്രത്തിലെ മുടിഞ്ഞ രാജാവു്. അദ്ദേഹം ഇങ്ങനെയുള്ള പുഷ്പപുരി ഭരിച്ചു എന്നു തോന്നുന്നു. അല്ലാതെയും ചിലരുടെ സാന്നിദ്ധ്യം ഇതിനെ നന്ദനവനം ആക്കുന്നു എന്നും ഞാൻ കാണുന്നു.
കാര്‍ത്തിക്കുട്ടി: കുട്ടിപ്പെണ്ണിനെ പ്രശംസിപ്പാൻ ഇതാ രണ്ടാമതും ഒരാളു വന്നു. നിന്റെ സൗന്ദര്യം അദ്ദേഹത്തിനു സന്തോഷം നല്കുന്നു പോലും. ആദ്യം വേലപ്പൻപിള്ള, ഇപ്പോൾ ഇദ്ദേഹം. ഭാഗ്യം തന്നെടീ, ഭാഗ്യം!
കുട്ടിപ്പെണ്ണു: ഇതെന്തു കൊച്ചമ്മ ? അദ്ദേഹം നന്ദനിച്ചത് എന്നെക്കുറിച്ചല്ല. എന്റെ നിറവും വേഷങ്ങളും നോക്കണം.
വസുമേനവൻ: നോക്കു നോക്കു്. നീ പരിഭൂമിക്കേണ്ട. സ്വാമിനിക്കു ചേര്‍ന്ന ദാസിതന്നെ നീ. പഞ്ചാലിക്കറുപ്പു ; കാമദേവന്റെ ഞാണു കറുപ്പു്; പുരുഷഗർവ്വത്തെ വട്ടംകറക്കാൻ നിങ്ങളെ ശക്തരാക്കുന്ന മണികളും കറുപ്പു്. അതുകൊണ്ടു കറുപ്പെന്നുവെച്ചു നീ തല താഴ്ത്തേണ്ടാ, ബ്രഹ്മാപ്പുപ്പനോടു പരിഭവിക്കേണ്ട.
കാര്‍ത്തിക്കുട്ടി: എന്നാൽ ഞാൻ സത്രത്തിലേക്കു മടങ്ങിയേക്കാം. ഈ ആരാമത്തിൽ ഉണ്ടാകുന്ന നിങ്ങളുടെ സല്ലാപത്തെ വിഘ്നപ്പെടുത്തുന്നതു മഹാപാപമാണു്.
വസുമേനവൻ: (ലജ്ജിച്ച്) നിൽക്കണെ എനിക്കും ആളു തെറ്റിപ്പോയി. ഇവിടെ കാണുമെന്നു വിചാരിച്ചതും അവിടത്തെയല്ല.
കാര്‍ത്തിക്കുട്ടി: അതറിഞ്ഞുതന്നെ ഞാൻ പറയുന്നതു്. കാമദേവാരാധനത്തിൽ ആറു കണ്ണുകൾ സംയോജിച്ചുകൂടാ. ഇവൾ ഇവിടെ നിൽക്കട്ടെ. ഞാൻ പൊയ്ക്കൊള്ളാം.
വസുമേനവൻ: ഇവിടുന്നു ചേന്നൻപിള്ളദ്ദേഹത്തിന്റെ-?
കാര്‍ത്തിക്കുട്ടി: ഇവിടെനിന്നും അദ്ദേഹം കിടക്കുന്നിടത്തെത്താൻ പത്തു മുന്നൂറു ജാതിയടിയുണ്ട്. ഉറക്കെ സംസാരിച്ചാലും അങ്ങ കേക്കൂല്ല. ഇതു നല്ല ഏകാന്തസ്ഥലം. പുഷ്പങ്ങളാൽ അലംകൃതം -പരിമളപ്രസൃതം-
വസുമേനവൻ: അവിടുന്നു പിരിഞ്ഞാൽ പിന്നെ അലങ്കാരമേത്! പരിമളമേതു്! പക്ഷേ, ചേന്നൻപിള്ളദ്ദേഹത്തിനും എന്താകുമെന്നാണു ഞാൻ ചോദിച്ചതു്.
കാര്‍ത്തിക്കുട്ടി: ഞാനോ? അവിടുത്ത പാിപ്പു കിട്ടീട്ടില്ലാത്ത ഒരു നാടൻ ഭർത്താവിന്റെ ഭാര്യ.
വസുമേനവൻ: അദ്ദേഹത്തോടു ഞാൻ സഹതപിക്കുന്നു.
കാര്‍ത്തിക്കുട്ടി: കുട്ടീ, നീ പൊയ്ക്കൊൾക. ഇദ്ദേഹം കൊല്ലാതെ കൊല്ലുന്ന ശസ്ത്രങ്ങളയയ്ക്കും. നിനക്കും വേലപ്പൻപിള്ളയാണ് ഇതിൽ ഭേദം. (വസുമേനവനോടു്) അവിടുന്നു്?
വസുമേനവൻ: ഇപ്പോൾ ഇവിടെ നില്ക്കുന്ന പരാജിതൻ തന്നെ.
കാത്തിക്കുട്ടി: അല്ലല്ലാ! കളവു പറയരുത്. നില്ക്കുകയല്ലാ, അമ്പരന്നു പറക്കുകയാണെന്നു ഞാൻ സത്യം ചെയ്യാം. ശീമയിൽ പോയി വലിയ വലിയ പരീക്ഷകളും മറ്റും ജയിച്ചു വരുന്നവരു്, നേരു പറയണം-ഇതൊരുദ്യാനം. പൂക്കളണിഞ്ഞു നില്ക്കുന്നു. ഉദയവേള. സൂര്യരശ്മി അതിശാന്തം. പല വര്‍ണ്ണങ്ങളിലുള്ള സഞ്ചാരി കളുടെ വസ്ത്രങ്ങൾ ചുറ്റുമുള്ള കാഴ്ചയെ ദര്‍ശനീയമാക്കുന്നു. അവസ്ഥകളിൽ, ഇഷ്ടമുള്ള കുസുമത്തെ തിരിഞ്ഞു ഭ്രമണം ചെയ്തു പോകുന്നതു് കാമദേവക്കാളേജിലെ വിജയാര്‍ത്ഥികളുടെ ധര്‍മ്മമത്രേ! ആ ഇമ താഴുന്നതിലും, ചെകിടു ചലിക്കുന്നതിലും, അപ്രകാരമേവ എന്നുള്ള സമ്മതം സ്ഫുരിക്കുന്നു.
വസുമേനവൻ: (ചിരിച്ചു്) ഇത്രയും മനസ്സിലാക്കി എന്നോടു കളി പറയാൻ മുതിരുന്ന ആൾ ആരെന്നു സംശയിപ്പാനില്ല. ആഹാ! ചേരുമ്പടി ചേര്‍ന്നതിന്റെ ഒരു ഉൽകൃഷ്ടദൃഷ്ടാന്തം നിങ്ങളുടെ വിവാഹം തന്നെ.
കാര്‍ത്തിക്കുട്ടി: (സംഭ്രമം നടിച്ചു) ഓടിക്കളയണേ-വലിയ ദേഷ്യക്കാരനാണു വരുന്നതു്. എനിക്കു മറ്റുള്ളവരോടു സംസാരിക്കാനും മറ്റും അവകാശം തന്നിട്ടില്ല. ഓടിക്കളയണേ. ഓടിക്കളയണേ. അല്ലെങ്കിൽ വധംവരെ സംഭവിച്ചേക്കും.
(വസുമേനവൻ ഒരുവശത്തേക്കു നീങ്ങി നോക്കുന്നു.)
(അണിയറയിൽ) എടോ കള്ളാ! തല്ലുകൊള്ളീ! ഇതാ വരുന്ന മുഷ്ടിപ്രഹരത്തെ തടുത്തുകൊള്ളു. പെണ്ണുങ്ങടെ മുമ്പിൽനിന്നു 'പാഹിമാം' കരഞ്ഞു, വട്ടം ചവിട്ടുന്ന ശീമപ്പാപ്പാസുകാരാ!
(ഭാസ്കരക്കുറുപ്പു പ്രവേശിക്കുന്നു.)
ഭാസ്കരക്കുറുപ്പു്: വീരന്മാരായ കളരിക്കുറുപ്പന്മാര്‍ക്കു് ചേരുംവണ്ണം നാം ക്ഷമിക്കുന്നെടോ-എങ്കിലും, ആരാന്റെ ഭാര്യയോടു -
വസുമേനവൻ: (തിരിഞ്ഞു നോക്കി പുഞ്ചിരിയോടെ) ആരാന്റെ ഭാര്യയോ? ഇന്നാന്റെ ഭാര്യയെന്നു മുഖത്തച്ചടിച്ചിരിക്കുന്നു. വരൂ ഹേ വരൂ. തന്റെ തല്ലും എല്ലു ഞെരിപ്പും ഞാൻ അറിഞ്ഞിട്ടുള്ളതു തന്നെ. രണ്ടുമൂന്നു കൊല്ലം അങ്ങ് ഇംഗ്ലണ്ടിൽ കിടന്നതിനിടയിൽ താൻ ഇവിടെ പിണച്ച കഥകളുടെ സൂക്ഷ്മമൊന്നും ഞാൻ അറിഞ്ഞില്ല. എന്തായാലും ഭാര്യയെ പുതിയമട്ടിലുള്ള നര്‍ത്തക വിദ്യ അഭ്യസിപ്പിച്ച നട്ടുവൻ കേമൻതന്നെ.
ഭാസ്കരക്കുറുപ്പു്: സര്‍വകലാശാലകളെ മിഴുങ്ങീട്ടുള്ള പൊണ്ണഗ്ഗണേശാ! ഹൊ ഹോ-വിട്ടുപോയി. നിങ്ങളെ പരിചയപ്പെടുത്തില്ല. നമ്മെ കൃതകൃത്യദാസാഢ്യശിരോമണിയാക്കി ഭരിക്കുന്ന കാര്‍ത്ത്യായനിപ്പിള്ള ഇതു്. (ഭാര്യയോടു്) പഠിപ്പുകാലത്ത് മല്ലുപിടിച്ച് അങ്ങോട്ടുമിങ്ങോട്ടും വച്ചുതാങ്ങീട്ടുള്ള ഡാക്ടർ വസുമേൻ എം. ഏ. മറ്റടം; എൽ. എൽ. ഡി. മറിച്ചിടം; ബാരിസ്റ്റർ അറ്റംലാ, അകത്തെ ക്ഷേത്രം-
(വസുമേനവൻ ഇംഗ്ലീഷുരീതിയിൽ കൈനീട്ടുന്നു.)
(തടഞ്ഞു്) അത്ര ആയില്ല. കഴിഞ്ഞ കഥയ്ക്കുതന്നെ വെച്ചിട്ടുണ്ടു്. നിങ്ങടെ ഈ കച്ചവടം എനിക്കു രസിച്ചില്ല. തല്ലിപ്പോകാത്തതു പലനാളായി ഇന്നു് ആദ്യം കണ്ടതുകൊണ്ടു്. നമ്മുടെ ശീലാവതിക്കുള്ള പ്രായശ്ചിത്തം ഞാൻ അകമേ വിധിച്ചുപോയി. തന്നെ തല്ലിപ്പൊടിച്ചു നാസാചൂര്‍ണ്ണമാക്കുകയോ ഉച്ചസൂപ്പാക്കുകയോ ഏതാ സമ്മതം? പറയൂ.
വസുമേനവൻ : ഹേ ഭാസ്ത്രരരാക്ഷസാ! കോപം ശമിപ്പിക്കു. നാസാഭരണമോ നെറ്റിക്കുറിയോ ആക്കിക്കൊള്ളു. മിസ്സസ് ഭാസ്കരി നിരപരാധിനി. ഞാൻ ബലാല്ക്കാരേണ തടഞ്ഞുനിറുത്തിയതാണു്. താൻ കൊല്ലുമെന്നും ഇവനു പ്രാരംഭനോട്ടീസ് തരികയും ചെയ്തു.
ഭാസ്കരക്കുറുപ്പു : ക്ഷമിക്കയില്ല, ക്ഷമിക്കയില്ല. നിങ്ങൾ പരസ്പരം ശൃംഗാരശ്ലോകം ചൊല്ലി നമ്മെ വഞ്ചിച്ചിട്ടുണ്ട്.
വസുമേനവൻ: ഇഷ്ടാ, സത്യം. ഞാൻ മിണ്ടീട്ടില്ല. മിസ്സസ് കുറുപ്പു 'നീലാളിപാളികൾ സുമാളികളോടിടഞ്ഞു' എന്നെല്ലാം ചൊല്ലി ഈ ബ്രഹ്മചാരിയുടെ മാനസഭാഗീരഥിയെ ഗ്രാഹപൂര്‍ണ്ണമായ കരിയാറാക്കിത്തീർത്തു.
കാര്‍ത്തിക്കുട്ടി: അയ്യോ വിശ്വസിക്കരുതേ! ഇദ്ദേഹം ബ്രഹ്മചാരിയല്ല. എപ്പോൾ ഒരു സ്ത്രീക്കു് ഒരാൾ സ്വദേഹത്തെ ദത്തം ചെയ്തുവോ അപ്പോൾ മുതൽ അദ്ദേഹം ബ്രഹ്മചാരിത്വം നഷ്ടപ്പെട്ട അനംഗദാസനായി എന്നാണു മറ്റുള്ളവർ മനസ്സിലാക്കിയിരിക്കുന്നത്.
ഭാസ്കരക്കുറുപ്പു്: അതു സംശയമില്ല എന്നു സാക്ഷാൽ ബ്രഹ്മാവുതന്നെ പറഞ്ഞും ഞാൻ കേട്ടിട്ടുണ്ട്. അപ്പോൾ നമ്മുടെ പ്രിയപ്രേയസിക്കും ലബ്ധമായിരിക്കുന്ന രഹസ്യം കൂടി പുറത്തേക്കു വിട്ടേക്കു. ഇദ്ദേഹത്തെ ദാസനാക്കീരിക്കുന്ന ചണ്ഡികാദേവി ആരാണോ?
കാര്‍ത്തിക്കുട്ടി: (കുട്ടിപ്പെണ്ണിനെ ചൂണ്ടിക്കാട്ടിക്കൊണ്ടു്) ഞാനൊന്നും അറിഞ്ഞില്ലേ ഭഗവാനേ. ഇവർ തമ്മിൽ ഇവിടെനിന്നു സല്ലപി ക്കുന്നതിനിടയിൽ പൂവെന്നോ, ചേതസ്സെന്നോ, ഹരമെന്നോ ചിലതെല്ലാം ചില സ്തോഭവിശേഷങ്ങളോടെ പറയുന്നതു കേട്ടു.
ഭാസ്കരക്കുറുപ്പ്: ഏഹേ! മേൻ ! എന്നാൽ 'ശുഭസ്യ ശീഘ്രം' എന്നല്ലേ? സുന്ദരേശ്വരന്റെയും ദേവി മീനാക്ഷിയുടേയും പ്രതിഷ്ഠാ ഗേഹങ്ങളിലെ സ്വര്‍ണ്ണസ്തൂപികകൾ, ഗോപുരങ്ങളിലെ വിഗ്രഹ കോടികൾ ഇവയെല്ലാം അനുഗ്രഹിച്ചു വീക്ഷിക്കെ, സ്വയംവരകര്‍മ്മം നടക്കട്ടെ. (കുട്ടിയോടു്) നീങ്ങെടീ ഇങ്ങോട്ടു്.
കുട്ടിപ്പെണ്ണ്: ഇതെന്തോരു കൂത്തു്? ഞാനിപ്പോൾ പോയി പറഞ്ഞുകൊടുക്കും. (പോകാൻ തുടങ്ങുന്നു.)
കാര്‍ത്തിക്കുട്ടി: നോക്കു, മണ്ടത്തീ! ഞാൻ നല്ല ഗുണദോഷം തരാം. ഗോമതിയുടെ അടുത്തുചെന്നു അബദ്ധം വല്ലതും പറഞ്ഞാൽ കിട്ടുന്നതും മുതുകും തലയും നോവിക്കും.
കുട്ടിപ്പെണ്ണു്: എന്നാൽപ്പിന്നെ എന്നെ എന്തിനു കൂഴാക്കുന്നു?
വസുമേനവൻ: നോക്കു സൈരന്ധ്രീ! ഗോമതിക്കുട്ടിയെ എന്തു പറഞ്ഞെങ്കിലും ഇവിടെ എത്തിക്കാമെങ്കിൽ ഈ ആരാമം കാണാൻ കൊടുത്ത കൈക്കൂലി നിനക്കും.
(കട്ടിപ്പെണ്ണ് തലകുലുക്കിക്കൊണ്ടു പോകുന്നു.)
ഭാസ്കരക്കുറുപ്പു്: മിസ്റ്റർ വസുമേൻ! നിങ്ങൾക്കു ഗോമതിയെ പ്രത്യക്ഷമാക്കണമെങ്കിൽ, ഉത്തരഇൻഡ്യയിൽ ചെല്ലുക. അല്ലാണ്ടു ഇവിടത്തെ ഗോമതി നിങ്ങൾക്കു ഗോപിയാണു്. കടലുകടന്നു്, തൊട്ടുതിന്നു്, ജാതിയും കളഞ്ഞു വന്നിരിക്കുന്ന ആൾ പുങ്കരാപ്പള്ളിയിൽ കടന്നു് അശുദ്ധമാക്കിയാൽ, പുണ്യാഹച്ചെലവിനു നിങ്ങൾ ഉത്തരം പറഞ്ഞുപോകും. ഗോമതി ജയിലിലാണു്. ജെയിലർ പഠിപ്പിൽ അലസേശ്വരനായ മിസ്റ്റർ ഭാസ്കരക്കുറുപ്പും ആണു്. നിങ്ങൾക്കു വല്ലതും അങ്ങോട്ടും ധരിപ്പിക്കാൻ ഒരു മേഘം വേണമെങ്കിൽ ഇതാ നമ്മുടെ മേഘമകടിതയായ പ്രിയയുണ്ടു്. മിടുമിടുക്കത്തിയാണു്. അവരെ ശരണം പ്രാപിച്ചുകൊള്ളു. ഗോമതിയുടെ അമ്മയുടെ ജ്യേഷ്ഠത്തിയുടെ മകൾ; നമുക്കു പകരം ഇന്റർമീഡിയേറ്റ് ജയിച്ചവർ. ഒരു പത്തായിരംവണ്ടി ഭസ്മവും പൂശി, വലിയ നമ്പൂരിപ്പാടു നടിച്ചു്, അമരേശവും സിദ്ധരൂപവും ജപിച്ചു ചെല്ലുന്നവര്‍ക്കല്ലാതെ നടതുറക്കുകയില്ലെന്നു ഭവനമടക്കി ഭരിക്കുന്ന മൂപ്പർ ഖണ്ഡിച്ചു സത്യം ചെയ്തുപോയി.
വസുമേനവൻ: എന്നാൽ, ഈ രാമേശ്വരയാത്രയുടെ ഉദ്ദേശ്യം എന്തെന്നെങ്കിലും പറയൂ.
ഭാസ്കരക്കുറുപ്പു്: ആകാശത്തു തിളങ്ങുന്ന എന്റെ പേരുകാരനിൽ എത്ര നീരാവിക്കണം ഉണ്ടെന്നു പറയൂ. അതു വിഷമമാണെങ്കിൽ, ചേന്നമ്പിള്ളമ്മാവന്റെ ഉള്ളറിയുന്നതു വിഷവിഷമം.
വസുമേനവൻ : അക്കാര്യം വേലപ്പൻ പറ്റിക്കും.
കാര്‍ത്തിക്കുട്ടി: വേലപ്പനോ? മനസ്സിലായി. കുട്ടിപ്പെണ്ണിന്റെ സ്മരൻ. അതു സാധിച്ചാൽ, വലിയ മിടുക്കു്.
ഭാസ്സരക്കുറുപ്പു്: നമുക്കെല്ലാം മൂപ്പരുടെ നേര്‍ക്ക് ഒരു കാൺസ്പിറസി ആയിക്കളയാം. നടന്നോളൂ. ഞാൻ നിങ്ങടെ മുറിയിൽ വന്നു, വേണ്ടതറിഞ്ഞു്, എല്ലാം സ്റ്റേജ് മാനേജുചെയ്തുകൊള്ളാം . നിങ്ങടെ ശൃംഗാരശ്ലോകങ്ങൾക്കു മാപ്പുകിട്ടണമെങ്കിൽ, വസുഗോമതികൾ ഭാര്യാഭര്‍ത്താക്കന്മാരാകണം. അല്ലെങ്കിൽ, അല്ലെങ്കിൽ- ശിക്ഷാനിയമത്തിന്റെ വകുപ്പുകൾ നോക്കീട്ടും പറയാം. (എല്ലാവരും പിരിയുന്നു.)
(കർട്ടൻ)
രംഗം നാലു് (21-25)
രംഗം നാലു്
[സത്രത്തിൽ താഴത്തെ നില-പടിഞ്ഞാറെക്കെട്ട്. ചേന്നൻപിള്ള പുതച്ചു്, കാലിൽ വച്ചുകെട്ടി, കട്ടിലിൽ കിടക്കുന്നു. വേലപ്പൻപിള്ള അടിക്കടി ശുശ്രൂഷകൾ ചെയ്തുകൊണ്ട് അടുത്തുനിൽക്കുന്നു.]
ചേന്നൻപിള്ള: അയ്യോ പിള്ളേ! താൻതന്നെ നമുക്കു് അമ്മയും അക്കാളും ഭാര്യയും. സ്വന്ത ആളുകളെക്കൊണ്ടു തിന്നൊതുങ്ങി ആടാനേ ഉപകാരമുള്ളു. ആ മകൾ കുഞ്ഞു്, അങ്ങനെ പുസ്തകവും വിടർത്തി, മൂളിപ്പാട്ടിനു താളവും ചവുട്ടി, ആരെയോ കിനാവും കണ്ടു ആലോലനട നടക്കുന്നു. കണ്ടുകൊള്ളു. (ശുശ്രൂഷ) അയ്യയ്യ ! (ഉറക്കെ) എടീ ഗോമതീ!
(ഗോമതി സാമാന്യവേഷത്തിൽ പ്രവേശിക്കുന്നു.)
എടീ! നിന്റെ പഠിപ്പു്, എന്തു പഠിപ്പ്! മറുശീമയിലും മറ്റും വന്നിരിക്കുമ്പോൾ, ഇവന്റെ മാനം കെടുക്കയോ! അച്ഛനെന്നും കിച്ഛനെന്നും ഉള്ള കൂറേ നിന്നിൽ തൊട്ടുതെറിച്ചിട്ടില്ല. ആകാശം പൂത്തു ചൊരിയുന്നതുപോലെ നീ നോക്കിക്കൊണ്ടു നില്ക്കുന്നതിന്റെ സാരമെന്തു്? നിന്റെ തള്ളയോ ചെമ്പുപട്ടയം പിടിച്ച തങ്കച്ചി! നീയും അങ്ങ്, വെട്ടത്തു വരാണ്ടിരുന്നാൽ ഈ പന്നിയാനു തുള്ളി വെള്ളം ഇറച്ചു നാക്കു നനയ്ക്കുന്നതാരു്?
വേലപ്പൻപിള്ള: (ആത്മഗതം) ഗ്രഹപ്പിഴയായി. ഈ കട്ടിയെ ഞാനിതുവരെ കണ്ടില്ല. മറ്റൊന്നിനെയാണു നന്താവനത്തിലോട്ടു തള്ളിവിട്ടതു്. ഈ രണ്ടിൽ ഏതാണോ വസുമേൻ അദ്ദേഹത്തിന്റെ രതി? ആ കുട്ടിപ്പെണ്ണ്, കള്ളജന്തു, പരമാർത്ഥമൊന്നും വിടുന്നില്ല. പോട്ടേ, പോട്ടേ. ഉരുണ്ടുവീഴുന്നതും ഒരു അടവാക്കാൻ നമുക്കു മിടുക്കുണ്ടു്. പക്ഷേ, ഈ ജാംബവാനങ്ങത്തോടു കഥയെന്തോ? അമ്പേ! ആ നരച്ച താടിയും, വപ്പുമുറുക്കിയുള്ള ചവപ്പും, നെടുന്തടിപോലുള്ള വെറുങ്കിടപ്പും, പേപുലമ്പലും, ശാപങ്ങളും എല്ലാം വൻചതിയന്റെ ലക്ഷണങ്ങളാണു്. എന്താണാവോ ഇപ്പോൾ മകളെ പുറത്തു ചാടിച്ചത്! (പ്രകാശം) കുഞ്ഞിനെ കുറ്റം പറഞ്ഞു വ്യസനിപ്പിക്കരുതങ്ങുന്നേ. അതു വീട്ടിനകത്തെ സഞ്ചാരത്തിനു വേണ്ട രീതിയിലെല്ലാം ഒരുങ്ങീട്ടുണ്ടല്ലോ.
ചേന്നൻപിള്ള: ച്ഛേ പോവൂ, കൊച്ചു വിചാരിപ്പുകാറേ! അയ്യോടോ ആഹു! ഈ കാലിന്റെ ചങ്കെടോ ചങ്ക്.
(വേലപ്പൻപിള്ള വെച്ചുകെട്ടാത്ത കാലിനെ തടവുന്നു.)
എന്റെ പൊട്ടാ! കുരുടാ! അതല്ലടോ! മറ്റേക്കാലും! അതിന്റെ കരള് ! വണ്ടിക്കാരൻ മഹാപാപി കശാപ്പുചെയ്തു കളഞ്ഞു. കഴഞ്ചു മേനിക്കു അറഞ്ഞുകളഞ്ഞു. എല്ലാം തുന്നിപ്പോയെടോ, തുന്നിപ്പോയി! ആമ്മോ! (ശുശ്രൂഷ)
ഗോമതിക്കുട്ടി: അച്ഛാ! ചോരയൊന്നും വന്നില്ലല്ലോ. എങ്ങാണ്ടോ ഇത്തിരി തെറമ്പീട്ടുണ്ടു്. അത്രേയുള്ളു
(ചേന്നൻപിള്ള 'ച്ഛീ!' എന്നും ആട്ടിക്കൊണ്ടു മകളെ അടിക്കാൻ കൈ ഓങ്ങുന്നു.)
വേലപ്പൻപിള്ള: യജമാനനേ! മൂന്നായി തുണ്ടിച്ചുപോയ കാലാണു്. (ശുശ്രൂഷ) വെച്ചുകെട്ടിയതെല്ലാം ഇളക്കരുതു്. (കെട്ടുകൾ നോക്കി ശരിയാക്കി) ഡാക്ടർ തൂങ്ങിച്ചാകാൻ വരും. എന്നല്ലാ-പീസു രൂപാ ഇരുനൂറ്റി അൻപതാണു - ഒന്നും രണ്ടും പത്തുമല്ല.
ചേന്നൻപിള്ള: (ചീറ്റമായി) എന്നാരു പറഞ്ഞെടാ? ഞാൻ പറഞ്ഞോ, എന്റെ നാക്കു പറഞ്ഞോ? ചത്തു കിടന്നപ്പോൾ എന്തുടമ്പടിപ്പേച്ചെടോ? ഇരുനൂറ്റൻപതു-ഹ! മീനാക്ഷിഅമ്മേടെ ഭണ്ഡാരം മുറിക്കാൻ പറ. ചാക്കു ചാക്കായി കിട്ടും. ഭൈരപ്പൻ ഡാക്ടരെ 'ഭാ'യ്ക്കും 'ഢാ'യ്ക്കും ചേന്നൻകുഞ്ഞു് ആടിപ്പോവുല്ല. ഇരുനൂറ്റൻപതുപോലും അതെവിടെ കിടക്കുന്നെടോ? ചത്താൽ കൊടുക്കുമോ? ഒണ്ടാക്കുന്നവനേ അതിന്റെ അരിപ്പമറിയാവൂ-- ഇരുനൂറു്! ഇരുനൂറു്! (തളന്നു കിടക്കുന്നു.) (ശുശ്രൂഷ)
ഗോമതിക്കുട്ടി: അച്ഛാ! എല്ലിനു് ഉടവു തട്ടീട്ടുണ്ടെങ്കിൽ ഇങ്ങനെ ദേഹവും മനസ്സും ഇളക്കുന്നതു് എന്തക്രമം?
ചേന്നൻപിള്ള : ഫാ! 'ഉടവു തട്ടീട്ടുണ്ടെങ്കിലു്' 'അക്രമം' ആ! തോന്നും തോന്നും! വളത്തിയതിനു കൂലിതരണ്ടയോ? ഇനി നീ അച്ഛന്റെ തലയിൽ കൊലപാതകവും ചുമത്തും. (വേലപ്പനോടു്) എല്ലാം ഈ നരുന്തിനെക്കൊണ്ടു്, ശനിപിടിച്ചുവരുന്നതു്. അല്ലെങ്കിൽ, രാമേശ്വരമേതു്, കോമേശ്വരമേത്?
ഗോമതിക്കുട്ടി: (അപവാര്യയായി) അച്ഛാ അച്ഛാ! ആരാനോടും ഇതൊക്കെ പറയാറുണ്ടോ?
ചേന്നൻപിള്ള: ആരാനുമില്ലെങ്കിൽ ഈയുള്ളവൻ വെള്ളം കുടിച്ചു ചാവുമോ? നിങ്ങളൊക്കെ അന്തർജ്ജനങ്ങള്, വലിയ പട്ഠാണിശ്ശികളു്! വെളിയിലെങ്ങും കണ്ടുകൂടാ. ഉരഞ്ഞുപോകും കണ്ടവന്റെ ധരിമ്മം കൊണ്ടും പിഴയ്ക്കുന്നതും നിങ്ങൾക്കു സങ്കടമെന്നോ? തൊട്ടും തൊടക്കിയും, കണ്ട ദ്വീപിലും ദ്വീപാന്തരത്തിലും പോയി, കന്നും കഴുതയും തിന്നിട്ടു്, വന്ന പിള്ളരുടെ പുറകേ നിങ്ങൾക്കു് അടിച്ചുകൊണ്ടു നടക്കാം. (ഗാഢശുശ്രൂഷ) അല്ലെങ്കിൽ അതു പറയുന്നില്ല. എങ്കിലും, നിങ്ങൾ പുതുമോസലുകാരു് പഠിപ്പിച്ചു ചേന്നൻ പഠിക്കേണ്ട. ചേന്നന്റെ നുകം നിങ്ങടെ കഴുത്തിനെ അമർത്തി ചുമപ്പിക്കുമ്പോൾ, അന്നറിവിൻ ഇവനോ നിങ്ങളോ ആശാനെന്നു്.
വേലപ്പൻപിള്ള: (ആത്മഗതം) അതാ പുറത്തുചാടി. ശീമയിൽ പോയതു വസുമേൻ അദ്ദേഹമാണു്. ഇദ്ദേഹം എന്തോ ഒരു കപടം ആലോചിക്കുന്നുമുണ്ടു്.
ഗോമതിക്കുട്ടി: ഭാഗ്യമുള്ളവർ പോയി പഠിച്ചു പരീക്ഷകളും മറ്റും ജയിച്ചുവരുന്നതു നമുക്കൊക്കെ ശ്രേയസ്സല്ലയോ? അച്ഛൻ ഞങ്ങളെപ്പോലും പഠിപ്പിച്ചില്ലല്ലോ. പിന്നെ ആണുങ്ങളുടെ പഠിപ്പിൽ പരിഭവം എന്തിനു്?
ചേന്നൻപിള്ള: പഠിച്ചാലോ? വഴിതിരിഞ്ഞുപോയീന്നു പറ. പോ പോ. നിന്റടുത്തു പത്രികയും മെമ്മോറാണ്ഡവും ബോധിപ്പിക്കാൻ കാലം വരുമ്പോൾ, അതും ചെയ്തുകൊള്ളാം. ഇപ്പോൾ സുപ്രീംകോടു ചേന്നൻതന്നെ. അവനെ ഞാൻ കണ്ടിട്ടില്ല. എന്റെ മുമ്പിൽ വന്നുംകൂടാ. അവന്റെ തന്ത നമ്മുടെ കൈയിൽനിന്നും ഇരുന്നൂറുപറക്കണ്ടം ഒഴിപ്പിച്ചെടുത്തുകൊണ്ടതു് അവന്റെ എവിടം തരിച്ചിട്ടു? ഛ്! ആ അഹങ്കാരീടെ മകൻ-അവന്റെ പണം ഇവനു പുല്ലു്! അവന്റെ മകൻ ഇവനു പട്ടി! നിനക്കു തക്ക ആള് ഇന്നല്ലെങ്കിൽ നാളെ വരും. അവനും ജയിച്ചിട്ടുണ്ടു് ചില പരീക്ഷകൾ. ആണറബിൾ കോദണ്ഡമുതലിയാരുടെ അടുത്തു് ഇപ്പോൾ അപ്രന്റീസും ഓംറൂളും പഠിക്കുന്നു. നിന്റെ ഭാസുരനോ ഭാസ്വാനോ? അവനും അവന്റെ അച്ഛനും ആകാശം താങ്ങി കടലിലടിയട്ടെ. നീ ഇങ്ങു കിടന്നു നക്ഷത്രക്കാൽ എണ്ണ്.
(ഗോമതിക്കുട്ടി പരിഭവിച്ചു പോകുന്നു.)
വേലപ്പൻപിള്ള: മഹാളയപക്ഷത്തിലെ അമാവാസി മറ്റന്നാളാണെജമാനനേ! അന്നത്തെ തീർത്ഥസ്നാനത്തിനു രാമേശ്വരത്തെത്തിയാൽ വലിയ പുണ്യമാണു്.
ചേന്നൻപിള്ള: എടോ, അങ്ങനെ കരുതിക്കൊണ്ടു പുറപ്പെട്ടെങ്കിൽ, അങ്ങു പോകണം. മനസ്സല്ലേ പ്രധാനം. അങ്ങനെ ഒന്നു സങ്കല്പിച്ചിട്ടില്ല. ദിക്കു കാണാം, ഒരു കാര്യവും കാണാം, എന്നുവച്ചിങ്ങോട്ടു വന്നതാണു്. മക്കൾ താന്തോന്നികളാകുമ്പോൾ, അച്ഛന്മാരെന്തുചെയ്യും? എടോ ! ഇങ്ങടുത്തു വരൂ. അടുത്ത ഒരു തീവണ്ടിയിൽ ഒരു രാമൻകുട്ടിമേനോൻ മദ്രാസിൽനിന്നും എത്തും. അയാൾ വണ്ടിയിൽനിന്നിറങ്ങിയാൽ ആരോടും സംസാരിപ്പാൻ വിടാതെ നേരേ ഇങ്ങോട്ടു കൊണ്ടുവന്നേക്കണം. ഇത്രയും സാധിക്കാമോ? ഞാൻ കണ്ടിട്ടില്ല. നല്ല ഇല്ലക്കാരനാണു്. പഴയ വീട്ടുകാരു്. വല്ല ആവശ്യവുമുണ്ടായാൽ വരാൻ വേണ്ട ആൾശേഖരമുണ്ട്. വസുമേൻ എന്നവൻ ശുദ്ധ ചട്ടക്കാരൻ. ഒറ്റയ്ക്കൊരുത്തൻ. അവന്റെ അച്ഛൻ ഒരു തലനാരുകീറിനായരുമുണ്ടു്. അവരിക്കു ലക്ഷമിരിക്കട്ടേ, കോടിയിരിക്കട്ടേ. ഇന്നലെ പെയ്ത മഴയ്ക്ക് ഇന്നു കുരുത്ത തകര. അവർ വീട്ടുകാരോ മറ്റോ ആണോ? നാലു കാശെങ്ങനെയോ കവര്‍ന്നു, അതു പെരുകിപ്പെരുകിയെങ്കിൽ, വച്ചോണ്ടിരിക്കട്ടേ. മകനെ ശീമയിൽ അയച്ചെങ്കിൽ, അവിടെനിന്നും ഒരു തൊപ്പിക്കാരിച്ചിയെ കൊണ്ടുപോരട്ടേ- ഇതാ, അവിടെ അറിഞ്ഞതൊന്നും മിണ്ടിപ്പോകരുതു പുറത്തു്. ഇനിയും അടുത്തുവരൂ. ഈ ഗോമതി വല്ല എഴുത്തും തപാലിൽ അയയ്ക്കുന്നുണ്ടോ, അവൾക്കു വല്ലതും വരുന്നുണ്ടോ എന്നും നോക്കിക്കൊള്ളണം. ഇപ്പഴത്തെ പഠിപ്പിൽ അതൊക്കെ നടക്കും. രാമൻകുട്ടിമേനോന്റെ കാര്യം നല്ലവണ്ണം ഓമ്മിച്ചുകൊളളൂ.
വേലപ്പൻപിള്ള: (ആത്മഗതം) അറിയേണ്ടതെല്ലാം അറിഞ്ഞു. പ്രസന്റു ചേപ്പിലായി. (പ്രകാശം) ഉത്തരവു്. ഒരക്ഷരത്തിന്റെ കുനിയിപ്പുപോലും പുറത്തു പോകൂല്ല. എല്ലാം വേലപ്പനല്ലയോ-കണക്കിനു കൊള്ളിച്ചു്, ശുഭത്തിൽ എത്തിക്കും. എങ്കിലും യജമാനേ! രാമൻകുട്ടിമേനോൻ ബി. ഏ. ബി. എൽ. മാത്രമല്ലേ ?
ചേന്നൻപിള്ള: എടോടോ! സാധു! ഒരു സർവകലാശാലയ്ക്കും കൊടുപ്പാൻ അവകാശം ഇല്ലാത്ത, കഴിയാത്ത, സ്ഥാനം അയാൾക്കുണ്ടു. കുലമഹത്വം നെടുംകുപ്പായങ്ങൾ വഴിയും പുറസ്സഞ്ചിവഴിയും കിട്ടൂല്ല. അതാണു രാമൻകുട്ടി മേനോന്റെ പിടിപാടു്- വിലപാടു്.
വേലപ്പൻപിള്ള: അയ്യയ്യോ! കുലമഹിമ-എത്ര വീടു് അതുകൊണ്ടു പുലരുന്നു? ഉണ്ണാനില്ലെങ്കിലെന്തെജമാനനേ? പണം കിട്ടിയതിനുശേഷമുള്ള ആ കുചേലന്റെ അവസ്ഥയെത്തന്നെ ആരു ഗണിക്കുന്നു? അതിനു മുമ്പിലത്തെ ' ' 'ഒഴക്കുചോർകൊണ്ടൊരു വാസരാന്തം കഴിക്കുമഞ്ചാറു ജനങ്ങളിപ്പോൾ' എന്ന അവസ്ഥയാണു് നമ്മെക്കൊണ്ടു കുചേലൻ കുചേലൻ എന്നു ജപിപ്പിക്കുന്നതു്.
ചേന്നൻപിള്ള: ഹ! ഹ! സൂക്ഷ്മം- ശരി! താൻ നാലു തത്വം അറിഞ്ഞവൻ ! ഈ സത്രത്തിലെ ജോലിക്കു വന്നുകിടക്കുന്നതെന്തു കഷ്ടം ! ഇങ്ങു മുമ്പിൽ- അടുത്തു നീങ്ങിനില്ക്കു. കൈപ്പെട്ടി ഇങ്ങോട്ടു നീക്കൂ- ഇപ്പോൾ തരണം തനിക്കൊരു സമ്മാനം. പറയൂ. മോതിരമായിട്ടു വേണോ പണമായിട്ടോ?
വേലപ്പൻനായർ: ഉള്ളന്തെളിവു പോലങ്ങുന്നേ- ഇന്നതു തരണം എന്നും എളിയാരു ബോധിപ്പിക്കാറുണ്ടോ?
ചേന്നൻപിള്ള: ശരി ശരി, രൂപാതന്നെ ആക്കിക്കളയാം. (ആലോചിച്ചിട്ടു്) വലിയ തുകയ്ക്കുള്ള ബാങ്കുനോട്ടല്ലേ ഉള്ളു- മാറണം മാറണം- (വേദന നടിച്ചു്) അയ്യോടോ! എല്ലും എല്ലുംകൂടി ഉരഞ്ഞു് എന്തൊരു വേദന! ചത്തുപോകുമെടോ- ചത്തുപോകും!
വേലപ്പൻപിള്ള: (കൃപയും സഹതാപവും നടിച്ചു ആകാശത്തു നോക്കി കോപഭാവത്തിൽ) ഇത്ര ദയാലുവായ യജമാനും ഈ ആപത്തു വന്നല്ലോ!
ചേന്നൻപിള്ള: (ആത്മഗതം) ഇവൻ കരിങ്കള്ളനാണു്. ചേന്നനെക്കൊണ്ടു ഏത്തമിടീക്കാൻ നോക്കുന്നു. (പ്രകാശം) മാനത്തുള്ളവനു നമ്മുടെ കഷ്ടതയോ വലിയ കാര്യം! നോക്കൂ. ഞരമ്പുകൾ അഷ്ടകലാശം തുടങ്ങുന്നു. വലിയ വേദനയെടോ. ആ ഡാക്ടരെ ഒന്നു വരുത്തിയാലും വേണ്ടൂല്ല -
വേലപ്പൻപിള്ള: ഓരോ വരവിനും പീസ് ഇരുപത്തഞ്ചു രൂപയാണു് യജമാനനേ. അത്യാവശ്യമെങ്കിൽ വേലപ്പൻ അഴിച്ചുനോക്കാം. (കൈ നീട്ടുന്നു.)
ചേന്നൻപിള്ള: വേണ്ടെടോ വേണ്ടെടോ. തൊട്ടാൽ ഇക്ഷണം പ്രാണൻപോവും. പോവു പോവൂ. പ്രെസണ്ടെല്ലാം പിന്നീടു്. പോവൂ പോവൂ. ഒന്നു തലയടക്കി ഉറങ്ങട്ടെ. മറ്റെല്ലാം പിന്നീടു്. പോവൂ, ഇവിടാരും വേണ്ട.
രംഗം നാലു് (26-28)
വേലപ്പൻപിള്ള: (ആത്മഗതം) പ്രെസൻറിന്റെ കാര്യം വിചാരിച്ചു മൂപ്പരു ചാകാൻ തുടങ്ങുകയാണു്. ഇങ്ങുനിന്നും ഒന്നും വേണ്ടായേ വേണ്ട. (പോകുന്നു.)
ചേന്നൻപിള്ള: ആ വാതൽ ഒന്നു വലിച്ചു ചാരിക്കൊള്ളു. (ഉറക്കെ) പുകവണ്ടി സ്റ്റേഷനിൽ പോകണം കേട്ടോ. രാമാ-
(അണിയറയിൽനിന്നു്)
വേലപ്പൻപിള്ള: ഓർമ്മയുണ്ട്. അതെല്ലാം ശരിയായി വരും.
ചേന്നൻപിള്ള: ചക്രത്തിൽ പെരുങ്കൊതി, നഖത്തിനിടയിൽ കള്ളം, അകത്തൊരു ഞെളിവും എല്ലാം ഉണ്ടെങ്കിലും സമർത്ഥനാണു്. രാമൻകുട്ടിമേനോൻ വന്നെങ്കിൽ കാര്യമെല്ലാം നടത്തീട്ടു ഈ വേഷം അഴിക്കാം. അക്കൊച്ചൻ ഗുരുത്വമുള്ളവനാണു് . അയാളും അമ്മാവന്റെ കല്പന മറുത്തു നടക്കൂല്ല. അവൻ വന്നെങ്കിൽ, രാമേശ്വരത്തിനുദ്ദേശിച്ചിരിക്കുന്ന പണം മദ്രാസിലേക്കു ചെലവാക്കാം . അപ്പോൾ അവനും അവളും ഒന്നു പരിചയിച്ചു പഴകും. അക്കഥ മറ്റവൻ കേൾക്കുമ്പോൾ, മനസ്സുകൊണ്ടു സലാം പറഞ്ഞു മറ്റൊരു പെൺതോട്ടം തേടിക്കൊള്ളം. പുങ്കരാപ്പള്ളിയിൽ ചേര്‍ന്നു് കുലമഹത്വം കൊണ്ടാടിക്കളയാമെന്നാണു് ആ കുമാരൻനായരുടെ നോക്കു്. ആ കൊട്ടിനും ആടിപ്പോകുന്ന കണിയാരല്ല ചേന്നൻ.
(ഭാസ്കരക്കുറുപ്പു പ്രവേശിക്കുന്നു.)
ഭാസ്കരക്കുറുപ്പു്: ഡാക്ടർ വലിയ മിടുക്കൻ. ചോരയും നീരും വരാതെ വച്ചുകെട്ടിയതു വലിയ മിടുക്കു്. അമ്മാവനും ഇന്നു വേദന അധികമില്ലല്ലോ. വാവിന്റന്നുതന്നെ രാമേശ്വരത്തെത്തിക്കൂടേ?
ചേന്നൻപിള്ള : ഡാക്ടർ എന്തു കണ്ടു ! മറ്റുള്ളവർ എന്തു കണ്ടു! എല്ലാം ഈശ്വരന്റെ മനോഭാവം അനുകൂലം. അമാവാസീം കിമാവാസീം ഒക്കെ കൊണ്ടക്കരിക്കു്. നമുക്കു് തോന്നുമ്പോൾ തിരിക്കും. ഒന്നു പറഞ്ഞേക്കാം. താനായി, ഭാര്യയായി. പട്ടണം ചുറ്റിക്കാണണമെങ്കിൽ അനുജത്തിയേയും കൂടി കൊണ്ടുപൊയ്ക്കൊള്ളു. ഇങ്ങു വന്നു കടിഞ്ഞാണു പിടിച്ചു രഥം വിടാൻ നോക്കണ്ടാ.
ഭാസ്കരക്കുറുപ്പു്: ഗോമതിയെ കാഴ്ചകാട്ടാൻ ഞാനാളല്ല. അതുമല്ല, അവളുടെയും ഇവിടുന്നു കിടക്കുന്നേയും സ്ഥിതിക്കും ഇവിടെ ഒരു കാവൽപ്പണി വഹിക്കേണ്ട ആവശ്യമുണ്ടു്. വല്ലവരും കേറി വന്നു വല്ലവനുമാണെന്നു പറഞ്ഞു് അമ്മാവനെ പറ്റിക്കരുതെന്നുവച്ചു് എങ്ങും പോകാതിരിക്കയാണു്.
ചേന്നൻപിള്ള: അതെന്തോന്നെടോ? എനിക്കു കണ്ണില്ലേ, ബോധമില്ലേ, പകൽ സൂര്യനും രാത്രി വിളക്കുമില്ലേ? മുറിഞ്ഞതും ഒടിഞ്ഞതും വെച്ചുകെട്ടീരിക്കുന്നതും കാലുമാത്രവുമല്ലയോ?
ഭാസ്കരക്കുറുപ്പു്: അതല്ലമ്മാവാ! ഇവിടങ്ങളിലെല്ലാം വലിയ തട്ടിപ്പും പിത്തലാട്ടവുമുള്ള ദിക്കുകളാണു്. (ആത്മഗതം) മൂപ്പരുടെ അന്തര്‍ഗ്ഗതം പതുങ്ങിയിരുന്നു കേട്ടുകഴിഞ്ഞു. ആ വസുമേൻ ഉശിരില്ലാത്തവനാണു്. പടുത്തുകളയുന്നെങ്കിൽ കാര്യമെല്ലാം തോല്ക്കും. എങ്കിലും ഒന്നു താക്കോൽ കൊടുത്തു മുറുക്കിയേക്കാം. ഇന്നു രാമൻകുട്ടിയേക്കാൾ പതിന്മടങ്ങു യോഗ്യത വസുമേനോനു കൂടും. ഗോമതിക്കുട്ടിയുടെ ഇംഗിതം രാമൻകുട്ടിയുടെ ത്രാസിനെ ആകാശംവരെ പൊക്കിക്കളകയും ചെയ്യും. (പ്രകാശം) ചിലരു ഗവര്‍ണ്ണരാണെന്നും വലിയ യാജ്ഞവൽക്യരാണെന്നും ഒക്കെ പറഞ്ഞു വരും. അമ്മാവൻ തന്നെ കേട്ടിട്ടില്ലയോ, സർ മാണിഭദ്രനായ്ക്കൻ എന്നും പറഞ്ഞു്, നമ്മുടെ ദിക്കിൽനിന്നും ഒരുത്തൻ പണം തട്ടിച്ചു കൊണ്ടുപോയതു്? പിന്നെയും ആ വസുമേൻ ശീമയിൽ പോയി എന്തെല്ലാം വേഷങ്ങളും കളവുകളും പഠിച്ചിട്ടുണ്ടെന്നാര്‍ക്കറിയാം!
ചേന്നൻപിള്ള: അവൻ എന്ത് ഇന്ദ്രജാലമെങ്കിലും പഠിച്ചിരിക്കട്ടെ. വയസ്സേ, വയസ്സ് - എത്രവരും അവനു്?
ഭാസ്കരക്കുറുപ്പു്: ഞങ്ങടെയൊക്കെ പ്രായം തന്നെ. ഞാൻ അയാളുമൊന്നിച്ചു ആദ്യത്തെ പല ക്ലാസ്സിലും പഠിച്ചിരുന്നു. വല്യ വികൃതിയാണു്. കുറേശ്ശ വിക്കുമുണ്ടു്. (ആത്മഗതം) സാധു രാമൻകുട്ടിമേനോനാണു് വല്ലപ്പോഴും ഒന്നിടറി സംസാരിച്ചുപോകുന്നതു്. (പ്രകാശം) അതെല്ലാം നല്ലവണ്ണം പൊതിഞ്ഞു സൂക്ഷിച്ചുകൊള്ളും. ശബ്ദം തന്നെ സായിപ്പന്മാരുടെ ഒരു മുറട്ടു സ്വരമാണു്. (ആത്മഗതം) ഇതും പാവം രാമൻകുട്ടിയുടെ ലക്ഷണമാണു്. (പ്രകാശം) പക്ഷേ, നിറവും അല്പമൊരു സൗന്ദര്യവും വസുമേനു കുറയും. കൂടും - ഛേ! അതൊന്നും കണ്ണിനും അത്ര തെളിഞ്ഞു തോന്നൂല്ല. ആകപ്പാടെ അമ്മാവൻ നല്ലവണ്ണം സൂക്ഷിച്ചുകൊള്ളണം. വല്ലവരും കേറിവന്നു രാമൻകുട്ടിമേനാണെന്നു പറഞ്ഞു് വല്ലതും സമ്മതിച്ചു തട്ടിച്ചു കൊണ്ടുപോയി എന്നു വരരുത് . രണ്ടു വിരൽ ഇങ്ങനെ ഉയര്‍ത്തി സലാം വയ്ക്കുകയും അയാടെ ഒരു മര്യാദകേടാണു്. അതു കാണുമ്പോൾ അമ്മാവന്റെതുപോലുള്ള ദേഷ്യം എനിക്കും വരാറുണ്ട്.
ചേന്നൻപിള്ള: അതേടോ. നിങ്ങൾ എല്ലാരും തന്നെ, ഒരു വിരലും
ഒരു മുറിവിരലും കൊണ്ടു തൊഴുന്നവരാണു്. എന്റപ്പൻ കാര്‍ത്തീടടുത്തു പോയി അടങ്ങിയൊതുങ്ങിയിരിക്കു. ഉറങ്ങിയാൽ കാലിലെ വേഗത്തിൽ സന്ധിക്കും എന്നു ഡാക്ടർ പറഞ്ഞിട്ടുണ്ടു്.
(ഭാസ്കരക്കുറുപ്പു് പോകാൻ ഭാവിക്കുന്നു.)
വിളിച്ചാൽ ഉടനെ വരണം കേട്ടോ.
ഭാസ്കരക്കുറുപ്പു്: ആവാം.
ചേന്നൻപിള്ള: ആ പിള്ളരെ കാഴ്ചകൾ കാണ്മാൻ ഇറങ്ങുന്നതിനു വിടരുത്. പിത്തിലാട്ടദ്ദിക്കെന്നല്ലയോ പറഞ്ഞതു്?
ഭാസ്കരക്കുറുപ്പു: അവരും എപ്പോഴും കിടന്നുറക്കമാണെന്നു തോന്നുന്നു. അമ്മാവന്റെ സ്ഥിതികൊണ്ടു് അവക്കു വലിയ ആധി.
ചേന്നൻപിള്ള: ആ ഗോമതിയെ ആവശ്യപ്പെട്ടാൽ ഉടനെ കൊണ്ടു വന്നേക്കണം. മുണ്ടുകൊടകൾക്കേ, അതിനു പെണ്ണേ പിടിച്ചു തള്ളിവിടൂല്ലയോ- അതുപോലെ കൊണ്ടുവന്നേക്കണം. തൊടാനും മറ്റും മടിക്കേണ്ട. ചേട്ടനാണു്, തൊട്ടുകൂടാ എന്നൊന്നും വിചാരിക്കേണ്ട. നമ്മുടെ അനുമതിയിന്മേൽ കൊങ്ങായ്ക്കു പിടിച്ചു പിടിച്ചപിടിയോടെ ഇങ്ങു കൊണ്ടുവന്നേക്കണം. അവളെ ഒന്നു പതം വരുത്താനുണ്ടു്.
ഭാസ്കരക്കുറുപ്പു : അതു വേണം, വേണം. സ്വാതന്ത്ര്യം മുഴുത്തു്, അതിരു കവിഞ്ഞു, കാട്ടിൽ കയറിക്കൂടാ.
ചേന്നൻപിള്ള: അങ്ങനെ പറയൂ. എന്നാൽ നടക്കൂ നടക്കൂ. (തിരിഞ്ഞുകിടന്നും ഉടൻ കൂക്കം തുടങ്ങുന്നു.)
(ഭാസ്കരക്കുറുപ്പും ശബ്ദം കൂടാതെ ചിരിച്ചു ചാഞ്ചാടിപ്പോകുന്നു.)
(കർട്ടൻ)
രംഗം അഞ്ചു് (29-34)
രംഗം അഞ്ചു്
[സത്രത്തിൽ വസുമേനവന്റെ മുറി. വസുമേനവൻ പ്രവേശിക്കുന്നു.]
വസുമേനവൻ: ഭാസ്കരക്കുറുപ്പിന്റെ ഉപദേശമനുസരിച്ചു നടക്കാൻ പുതിയൊരു വിദ്യാലയത്തിൽ പഠിക്കണം. രാമൻകുട്ടിമേനോൻ വന്നു ഗോമതിയെ കാണുന്നെങ്കിൽ കാണട്ടെ. എനിക്കൊരു നഷ്ടവും വരാനില്ല. അവൾ സ്ഥിരപ്രതിജ്ഞ എന്ന ധർമ്മത്തിന്റെ പ്രത്യക്ഷദേവിയാണു്. ചേന്നൻപിള്ള അദ്ദേഹത്തെ വഞ്ചിക്കാൻ പുറപ്പെട്ടാൽ അതും നമ്മുടെ നേര്‍ക്കൊരു കുറ്റമായിത്തീരും.
(വേലപ്പൻപിള്ള പ്രവേശിക്കുന്നു.)
വേലപ്പൻപിള്ള: ഞാൻ സ്റ്റേഷൻവരെ പോകട്ടെ. വണ്ടി വരാറായി.
വസുമേനവൻ: എടോ നിങ്ങളെല്ലാംകൂടി കാരണപ്പാട്ടിനെ ഊശിയാക്കരുതു്. ഭാസ്കരക്കുറുപ്പു മഹാവികൃതി. അയാൾ പാലംകടന്നിരിക്കുന്നു. അതുകൊണ്ട് അയാൾക്കു 'കൂരായണാ' എന്നു പറ യാം. ഞാൻ 'നാരായണാ' എന്നു ജപിക്കേണ്ട പടിയിൽ ശേഷിക്കയാണു്. വേഗം പോയി രാമൻകുട്ടിമേനോനെ എതിരേല്ക്കു.
(കണ്ടു പ്രവേശിക്കുന്നു.)
കണ്ടു: ചേട്ടാ ചേട്ടാ ഓടിവരണേ, അതാ ബിസ്സിൽ കേൾക്കുന്നു. ഞാൻ ചുമന്നുകൊള്ളാം.
വേലപ്പൻപിള്ള: നീ ഇതിനകത്തു കടന്നു ഈ യജമാനനെ അസ്വൈരപ്പെടുത്തിയാൽ ഞാൻ മുതലിയാരോടു റിപ്പോർട്ടുചെയ്യും.
കണ്ടൻ: (പ്രവേശിച്ചു) ശരിയായ ചട്ടം. ഇറങ്ങെടാ പുറത്തു്. അവനവൻ പെണ്ടാട്ടി- അധികാരസ്ഥലം - കൃഷിപ്പാടു് അവനവനു്. അല്ലാണ്ടു് കൈയേറ്റത്തിനു നടന്നാൽ കഴുത്തിറുകും. പോ-(വേലപ്പൻപിള്ളയോടു്) ഇവൻ കണ്ണിരിക്കെ മൂക്കു തിന്നുന്ന കാട്ടുറുമ്പു്. ചേട്ടാ, ഞാൻ കൂടി വന്നു സാമാനം ചുമക്കട്ടോ?
കുണ്ടു: എന്നാൽ വരുന്നയാള് ഉടുത്തവകപോലും കൂടാതെ ഹരഹരാ ന്നും പോകേണ്ടിവരും.
കണ്ടൻ: നോക്കെടാ, കൂടിനടന്നോണ്ടു കുതികാൽ വെട്ടിയാൽ--
കുണ്ടു: ഇക്കാലത്തു വെല്ലുന്ന വിദ്യ അതാണ്. അവനോനു വല്ല പട്ടയവും കിട്ടണമെങ്കിൽ മറ്റുള്ളവനെ മണ്ണു തീറ്റണം. അതിനു തരം നോക്കി ഒപ്പിക്കാഞ്ഞാൽ പട്ടിണി!
കണ്ടൻ: ഇങ്ങേർ വലിയ പ്രൊഫസ്സറായി. ജയപദ്ധതികൾക്കുള്ള നോട്ടുകൾ ചാണ്ടുന്നല്ലോ.
വേലപ്പൻപിള്ള: രണ്ടുപേരും യോഗ്യരും. ത്രാസിൽ ഒന്നുപോലെ തൂങ്ങും.
വസുമേനവൻ: കണ്ടശ്ശാരെ! തന്റെ ഇങ്ങോട്ടുള്ള പ്രവേശനവും ഈ സത്രത്തിലെ ചട്ടങ്ങൾക്കു വിരുദ്ധമാണു്.
കുണ്ടു: പണം ഒരിടത്തു കുമിഞ്ഞുകൂടാ അങ്ങുന്നേ. സമവീതം എല്ലാരും നേടിക്കൊള്ളട്ടെ.
കണ്ടൻ: അങ്ങുന്നേ, ഇവൻ അറുശീമ. ഇവിടെ ഞാൻ വെയിറ്റുചെയ്യുമ്പോൾ ഇവനിവിടെ അധികാരമെന്തെന്നുപിടിച്ചുകൊള്ളണം.
വേലപ്പൻപിള്ള: ഓഹോ! സ്റ്റേഷനിൽ രണ്ടാംബിസിൽ കേൾക്കുന്നു. (രണ്ടുപേരേയും പിടിച്ചുകൊണ്ടു പോകുന്നു.)
വസുമേനവൻ: സത്രത്തിന്റെ വാതിൽക്കൽ കള്ളന്മാരെ സൂക്ഷിക്കണമെന്നു നോട്ട്സ്. ഇവിടെയോ, വേലിതന്നെ വിളവുതിന്നുന്നു. വന്നുകൂടീട്ടുള്ള വേലപ്പൻ കതിരുമേയുന്ന കോവിൽക്കാള. ഭാസ്കരക്കുറുപ്പു പുത്തൻകൂറുവകയിലെ ചാണക്യൻ. മൂപ്പീന്നു സുദര്‍ശനം ഊതി ആറ്റി വിഴുങ്ങിക്കളയുന്ന വങ്കാളനാരായണൻ. ഇങ്ങനെ മായം കൊണ്ടു് ലോകം പുലർച്ചയായി, അസ്തമിച്ചു, പരിവര്‍ത്തനം ചെയ്തു്, പ്രപഞ്ചമെന്ന ഘടനയെ പുലർത്തുന്നു.
(ഒരുവശത്തുനിന്നു്) ഏഹേ! പ്രണയസ്സന്യാസീ! കമനഗോസായീ!
വസുമേനവൻ: ആ ഭാസ്കരക്കുറുപ്പു് പണിയൊന്നുമില്ലാഞ്ഞു്, എന്നെ ഉപദ്രവിക്കാൻ എത്തുകയാണു്. അടുത്തപോലെ എന്തുപദേശം തന്നു് എന്തു നിഷ്ഠയ്ക്കു നിയുക്തനാക്കുന്നോ? (ഒരുവശത്തുനിന്നും വീണ്ടും) പറന്നുവന്നില്ലെങ്കിൽ പേരുപറഞ്ഞു്, ഞാൻ വിളിക്കും. അപ്പോൾ കഥച്ചരടു പൊട്ടി താൻ കരഞ്ഞുപോകുമേ.
വസുമേനവൻ: കുരുത്തം കെട്ടവൻ! നമ്മുടെ പേരുപറഞ്ഞു നിലവിളിച്ചാൽ ചേന്നൻപിള്ളദ്ദേഹം കേൾക്കും . കാര്യങ്ങൾ കുഴങ്ങുകയും ചെയ്യും. അങ്ങോട്ടു ചെന്നുകളയാം.
(ആ വശത്തോട്ടു പോകുന്നു.) (മറുവശത്തുനിന്നും കാത്തിക്കുട്ടിയും ഗോമതിക്കുട്ടിയും പ്രവേശിക്കുന്നു.)
കാര്‍ത്തിക്കുട്ടി: (മുറിയുടെ വെറുഞ്ചുവരു കാട്ടി) നോക്കൂ ഗോമതീ ഞാൻ പറഞ്ഞ പടമെല്ലാം എത്ര വിശേഷം! ചുറ്റിനോക്കൂ. എന്തു വിവിധത്വം, വൈചിത്ര്യം ! ഇതു കാണാതെ ആ മൂലയിൽ കിടന്നുറങ്ങിയാൽ ജന്മം നിഷ്ഫലമല്ലയോ?
ഗോമതിക്കുട്ടി: (ചുറ്റി നോക്കീട്ടു്) എന്തു പടം അക്കാ? ഞാൻ ഇവിടെ ഒരു പടവും കാണുന്നില്ല. ആരോ താമസിക്കുന്ന മുറിയല്ലയോ? ഇതാ കിടക്കുന്നു ഉടുപ്പുകൾ, ജോടു്, വടി, വർത്തമാനക്കടലാസുകള് -
കാര്‍ത്തിക്കുട്ടി: (ഗോമതിയുടെ ഗണ്ഡത്തിൽ പിടിച്ചു കണ്ണുകളിൽ നോക്കീട്ടു്) എന്റെ കുട്ടീടെ കണ്ണിൽ എന്തോ ദീനം തന്നെ. പടങ്ങൾ ഒന്നും കാണുന്നില്ലയോ? വല്ലാത്ത തിമിരവ്യാധി പിടി കൂടിപ്പോയി!
ഗോമതിക്കുട്ടി: കാണുന്നു കാണുന്നു. പടമല്ല. പരോപദ്രവം നിറഞ്ഞ ഒരു പ്രതിമയെ കാണുന്നു. ചേട്ടന്റെടുത്തു ഞാൻ പറഞ്ഞുകൊടുക്കാം.
കാര്‍ത്തിക്കുട്ടി: പറയരുതേ, പറയരുതേ! (ചിരിക്കുന്നു) അദ്ദേഹത്തിന്റെ സൂത്രത്തിരിപ്പനുസരിച്ചാണ് ഗോമതിയെ ഞാൻ ഇങ്ങോട്ടു കൊണ്ടുവന്നതു്. എന്തോ ഒരു ആലോചനയുണ്ടു്. ചെറിയച്ഛന്റെ കാലു്-
ഗോമതിക്കുട്ടി: മിണ്ടാതിരിക്കണം ചേട്ടത്തി. നിങ്ങളെല്ലാം കൂടി അച്ഛനെ ഭ്രാന്തുപിടിപ്പിക്കുന്നു. അച്ഛനും ഒരു സുഖക്കേടുമില്ല. എല്ലാവരും കൂടി പശുവെ പട്ടിയാക്കുകയാണു്.
കാര്‍ത്തിക്കുട്ടി: പട്ടിയാകട്ടെ, പശുവാകട്ടെ. ഈ പടങ്ങളെ രണ്ടു കണ്ണും വിടുര്‍ത്തിത്തുറന്നു നോക്കു. ആ നേത്രരാജീവങ്ങൾ ഇനിയും ആഗതമാകട്ടെ. ഇതു ലണ്ടൻ നഗരം. അതിനപ്പുറം കേംബ്രിഡ്ജിലെ മഹാകലാശാല. അടുത്തപോലെ കാണുന്നു ആക്സ്ഫോർഡിലെ, എന്തു വിദ്യാലയം ഗോമതി? വരുന്ന എഴുത്തുകളിലെ തലച്ചാര്‍ത്തായി വയ്ക്കുന്ന മന്ദിരപ്പേരെന്തു ?
ഗോമതിക്കുട്ടി: തലച്ചാര്‍ത്തല്ലാ, തലച്ചുറ്റലാണ് അക്കനെ ഇട്ടു വട്ടം കറക്കുന്നതു്. പോയിക്കിടന്നുറങ്ങണം. വെറുതെ ആരാന്റെയും മുറിയിൽ കൊണ്ടുവന്നു നിറുത്തി, പരാതിക്കിടവരുത്തരുത്. അവരു് ആ മുതലിയാരോടു പറയുന്നെങ്കിൽ എന്തൊരു ചീത്തയാണു്?
കാര്‍ത്തിക്കുട്ടി: തന്റേടം ഏറെക്കൂടിപ്പോകുന്നതാണു ചീത്ത. അതാണു് ഇവിടെ വരുന്നതിനിടയാക്കിയതു്. (മുന്നോട്ടു നോക്കീട്ടു പൊയ്ക്കളയുന്നു.)
(മറുവശത്തുനിന്നും വസുമേനവൻ പ്രവേശിക്കുന്നു.)
വസുമേനവൻ: ആ കുരുത്തം കെട്ടവൻ വന്നു നിലവിളിച്ചു, ഞാൻ ചെന്നപ്പോൾ, അയാളെ പൊടി കാണ്മാനില്ലാ. പൊയ്ക്കളഞ്ഞു. അങ്ങോട്ടു തിരിച്ചു ചെല്ലട്ടെ പകരം വീട്ടിയേക്കുന്നുണ്ടു്. കാലമല്ലേ കിടക്കുന്നതു്? (തിരിഞ്ഞുനോക്കി) അല്ലല്ലാ-ഗോമതിക്കുട്ടിയോ! ഇവിടെ എങ്ങനെ എത്തി?
ഗോമതിക്കുട്ടി: അല്ലേ! പിന്നേ! -എവിടെന്നും ഇവിടെ വന്നു ചാടി? അച്ഛനറിഞ്ഞാൽ കൊന്നുകളയും. ഞാനിതാ പോകുന്നു. (പോകാൻ തുടങ്ങുന്നു.)
വസുമേനവൻ: ഹെയ്! എന്നെ മര്യാദയ്ക്കു യാത്രയാക്കീട്ടു പോവൂ.
ഗോമതിക്കുട്ടി: ഇതെന്തു കഥ? യാത്രയാക്കാൻ, ഇത് അവിടുത്തെ മുറിയല്ലയോ? (പോകാൻ തുടങ്ങുന്നു.)
(മുതലിയാർ പ്രവേശിച്ചു വഴിമുടക്കുന്നു.)
മുതലിയാർ: എന്നമ്മ! എന്നമ്മ? എന്ന പൂക്കാറിങ്കേ?
ഗോമതിക്കുട്ടി: ഒന്നുമില്ല, ഒന്നുമില്ല. ഞങ്ങൾ ഒരു ദിക്കുകാരാണ്. കണ്ടു സംസാരിച്ചിട്ടു് ഞാൻ പോകുന്നു.
മുതലിയാർ: എ പെരിയയ്യാ, നമ്മ വ്യാപാരത്തെ മുടിച്ചുപ്പോടാതുങ്കോ. അമ്മാളുടെ തോപ്പനാർ പെരിയ പ്രഭു - ജമിന്ദാർ
വസുമേനവൻ: നീങ്ങിനിൽക്കൂ ഹേ. അമ്മാൾ അന്തപ്പക്കം പോകട്ടും.
മുതലിയാർ: പോകട്ടുമയ്യാ പോകട്ടും, വരട്ടും, ഉക്കാരട്ടും. തടയെന്ന? കാമനാർ ഉല്ലാസം നടക്കട്ടും. ഹോട്ടൽപേരിലെ കരിതേച്ചു വിടാതുങ്കൾ. (തിരിഞ്ഞു് ഗോമതിക്കുട്ടി പ്രവേശിച്ച വാതൽ അടച്ചു പോകുന്നു.)
വസുമേനവൻ: നിവൃത്തിയില്ലാത്തതിനു് അടങ്ങിക്കൊള്ളൂ. ഇതെല്ലാം ഭാസ്കരക്കുറുപ്പിന്റെ കൃത്രിമമാണു്. എന്നെ വെളിയിലാക്കീട്ടു ഗോമതിക്കുട്ടിയെ ഇതിനകത്തു പ്രവേശിപ്പിച്ചു. ഈ വിഡ്ഢി മുതലിയെ ഇങ്ങോട്ടയച്ചതും അയാളാണു്.
ഗോമതിക്കുട്ടി: ഭംഗി ഒന്നും പറയേണ്ട! ഇവിടുന്നു് അപേക്ഷിച്ചു. ചേട്ടൻ നടത്തി; അത്രേയുള്ള എന്നും എനിക്കു നിശ്ചയമുണ്ടു്. ഇപ്പോൾ ഇവിടെ എന്തിനു വന്നു?
വസുമേനവൻ: ബ്രിട്ടീഷ് സാമ്രാജ്യത്തിൽ സഞ്ചാരസ്വാതന്ത്ര്യം ഇല്ലെന്നുള്ള കാലം വന്നുകൂടിയോ? എന്റെ മഹാരാജ്ഞിക്കു് ഒരു രാജ്യവും കിരീടവും കിട്ടുമ്പോൾ അങ്ങനെ ഒരു ചട്ടം നടപ്പാക്കിക്കൊള്ളണം. അതുവരെ ആ ക്രൂരാധികാരനോട്ടത്തിൽ ആരും ദഹിച്ചുപോകൂല്ല. എന്തിനു വന്നെന്നുള്ള ചോദ്യത്തിനുത്തരം പറഞ്ഞേ തീരൂ എങ്കിൽ, എന്റെ ഗോമതിക്കുട്ടി എങ്ങോട്ടു തിരിച്ചു എന്ന് ആദ്യം കേൾക്കട്ടെ.
ഗോമതിക്കുട്ടി: ഞാൻ അച്ഛനോടൊന്നിച്ചു വന്നു.
വസുമേനവൻ: ഞാൻ ഗോമതിക്കുട്ടിയെ തുടർന്നു് പുറകേ പോകുന്നു.
ഗോമതിക്കുട്ടി: (ദേഷ്യത്തോടെ) ഞങ്ങളും രാമേശ്വരത്തു പോകയാണു്.
വസുമേനവൻ: ഞാനും അങ്ങോട്ടുതന്നേന്നു വെയ്ക്കുക. ആരു തടയുന്നു?
ഗോമതിക്കുട്ടി: ഇവിടേയ്ക്ക് എന്നെക്കുറിച്ച് കുറച്ചെങ്കിലും താല്പര്യമുണ്ടെങ്കിൽ, ഇപ്പോൾത്തന്നെ ഈ സ്ഥലം വിട്ടു പോകണം. അവിടുത്തേക്കു് ഇങ്ങനെ സംശയം തോന്നാൻ സംഗതിയെന്ത്?
രംഗം അഞ്ചു് (35-37)
വസുമേനവൻ: സംശയമൊന്നുമുണ്ടായിട്ടല്ല, സംയമന ശക്തി ചലിച്ചുപോയി. സാവകാശം കാണുകയും ചെയ്തു. ദേഹം പോകുന്നെടത്തു നിഴലും എന്ന ന്യായം പിടിച്ചു, തുടര്‍ന്നുപോയി. ആ സ്ഥിതിക്കു് ഇവിടെ താമസിച്ചു്, ഇങ്ങോട്ടെഴുന്നള്ളിക്കുന്ന രാമദേവനെ ഞാനും കണ്ടു തൊഴുതുകൊണ്ടു് പൊയ്ക്കൊള്ളാം.
ഗോമതിക്കുട്ടി: രാമദേവനോ! ഇങ്ങോട്ട് എഴുന്നള്ളുകയോ? രാമേശ്വരത്തു പോകുമെന്നേ തോന്നുന്നില്ല.
വസുമേനവൻ : ഒരു രാമൻകുട്ടിമേനോൻ ഇവിടെ വരുന്നുണ്ടു്. അയാളുടെ രംഗപ്രകടനം ഒന്നു കണ്ടിട്ടു പൊയ്ക്കൊള്ളാം.
ഗോമതിക്കുട്ടി: ഹെയ്! വല്ലാത്ത, കടുമത്സരം തികഞ്ഞ ഈര്‍ഷ്യയാണിതു്?
(കണ്ടൻ ഓടി അകത്തു പ്രവേശിച്ചു പെട്ടെന്നു നില്ക്കുന്നു.)
കണ്ടൻ: ഇല്ലില്ല. ഞാൻ വന്നില്ല. ഞാൻ കണ്ടുമില്ല. (തിരിഞ്ഞു നിന്നുകൊണ്ടു്) രാമൻമേനോനങ്ങുന്നു വന്നും ഒരു മുറിയുമെടുത്തു്! വേലപ്പൻപിള്ള കാര്യസ്ഥനായി ശുശ്രൂഷിക്കുന്നു.
ഗോമതിക്കുട്ടി: എല്ലാവരും കൂടി അനര്‍ത്ഥം വരുത്തിക്കൂട്ടുകയാണു്. ഇവിടുന്നുകൂടി ഇവിടെ ഉണ്ടെന്നറിയുമ്പോൾ അച്ഛൻ എന്തു വിചാരിക്കും? കൃത്രിമം ഉണ്ടാക്കുന്നതെല്ലാം ചേട്ടനായിരിക്കാം. എന്നാലും, വീഴ്ച ഇവിടത്തെ തലയും കൂടിത്തന്നെ ചുമക്കും. അതു കൊണ്ടു അതാ വണ്ടി പോകുന്ന ഒന്നാം മണി കേട്ടു. ജട്ക്കായും അടുത്തുകിട്ടും ഉടൻതന്നെ തീവണ്ടിയിൽ വഴക്കൊന്നും കൂടാതെ കഴിക്കാം. കേറിക്കൊണ്ടാൽ,
വസുമേനവൻ: എടോ കണ്ടപ്പിള്ള-നീ അങ്ങോട്ടു പുറത്തു നീങ്ങി നില്ക്കു്. ഞാൻ ഇവരോടു ചിലതു പറഞ്ഞുകൊള്ളട്ടെ.
കണ്ടൻ: ഞാൻ പോയാൽ കിളി പറന്നുകളയും, പൊന്നങ്ങുന്നേ ! ഭാസ്കരക്കുറുപ്പെജമാന്റെ കൗശലമൊന്നും പറ്റാതെവന്നാൽ മോശം! ഈ കൊച്ചമ്മയെ അവിടെ വിളിക്കും. അപ്പോൾ ചെല്ലാതിരിപ്പാൻ എന്നെയും ഗാട്ടിട്ടിരിക്കുന്നു എന്നതാണു ഈശ്വരസത്യം.
ഗോമതിക്കുട്ടി : കാര്യങ്ങൾ എന്തു ചീത്തയായി അവസാനിക്കുന്നു? നിങ്ങൾക്കാര്‍ക്കും തന്നെ ഇതിന്റെ ഗുരുലഘുത്വം മനസ്സിലാകന്നില്ല.
വസുമേനവൻ: ഞാൻ പൊയ്ക്കൊള്ളാം കുഞ്ഞേ! എന്നാൽ, കൃപയോടുള്ള ഒരു വാക്കെങ്കിലും കേൾക്കാൻ ഇടവരുത്താത്ത ചേട്ടൻ, കരുത്തംകെട്ട ആ ഭാസ്കരക്കുറുപ്പു—
(ഭാസ്കരക്കുറുപ്പു പ്രവേശിക്കുന്നു.)
ഭാസ്കരക്കുറുപ്പു്: നാക്കുമടക്കൂ, ഒതുക്കൂ, അല്ലെങ്കിൽ തന്റെ ധിക്കാരസ്വരത്തിനും വാക്കിനും 'ഹേകാന്ത'ത്തടവുതന്നെ നമ്മുടെ അനുജത്തിയെക്കൊണ്ടു വിധിപ്പിക്കും. മറ്റുള്ളവർ അതിനെത്തടഞ്ഞു്, ഇതിനെക്കെട്ടി, അതു ശട്ടം ചെയ്ത് പലതും തകർത്തു് കാര്യഗ്ഗജത്തെ കൊപ്പക്കൂട്ടിൽ കുടുക്കുമ്പോൾ, പൊയ്ക്കൊള്ളാം പോലും! തന്റെ ഹൃദയത്തിലെ നന്ദി നാവിൽക്കടക്കുമ്പോൾ നിന്ദയായി വഴിയുന്നതു്, ഇംഗ്ലൻഡിൽപ്പോയ ആളാകയാൽ, 'ഇ' കാരം മുമ്പാകട്ടെ എന്നു വെയ്ക്കുകകൊണ്ടായിരിക്കാം.
വസുമേനവൻ : എനിക്കും ഈ ശപ്പിളി കേൾക്കേണ്ടാ. ഇതേ, വല്ലടത്തും പൊയ്ക്കൊള്ളാം-
ഭാസ്കരക്കുറുപ്പു : (കോപഭാവത്തിൽ) പോവുകയോ! ഈ സംഭവത്തിന്റെ കുറച്ചിൽ ഇവനും ഉണ്ട്. നാലാണുങ്ങളുടെ കൂട്ടത്തിൽ നടക്കേണ്ടവനാണു ഞാനും, നിങ്ങൾ പ്രണയം കൊണ്ടാടി, ഈ മാന്യകന്യകയെ ഈയിടെ വരുത്തീട്ടു - ആഹാ! ഇത്ര തികഞ്ഞുപോയെങ്കിൽ-നില്ക്കു നില്ക്കു- മറ്റുള്ളര്‍വക്കു് എല്ലാത്തിനും ഒരതിരുണ്ടു്. എന്തെടോ കണ്ടശ്ശാരേ?
കണ്ടൻ: (തിരിഞ്ഞു്) ഉത്തരവു്. ഒണ്ടെന്നുമാത്രമോ? മാനത്തിലില്ലെങ്കിൽ, എന്തിനുതന്നെ മനവേലി?
ഭാസ്കരക്കുറുപ്പു്: ഇതു് അദ്ദേഹത്തിനു തിരിച്ചുകൊടുത്തിട്ടുള്ള മുറിയല്ലേ?
കണ്ടൻ: ഉത്തരവു്. അല്ലാതെ ഒരു ജീവപ്രാണിയെ ഇങ്ങോട്ടു കേറ്റരുതെന്നു് മുതലിയാരെജമാന്റെ കട്ടായമായ ഉത്തരവുണ്ട്.
ഭാസ്കരക്കുറുപ്പു്: ഇവിടത്തെ വെയിറ്റർ ആരു്? (ഗോമതിയെ ചൂണ്ടിക്കാട്ടി) ഇവരെ ഇങ്ങോട്ടു വിട്ടതിനു് ഉത്തരവാദിയാരു്?
കണ്ടൻ: (ഭയവിറയൽ നടിച്ചു്) ഒരു ലറ്റർ ഈ യജമാനൻ തന്നു. അതു കൊണ്ടുക്കൊടുത്തേച്ച് ഇങ്ങോട്ടു വന്നപ്പോൾ, എന്റെകൂടെ ഈ കൊച്ചമ്മകൂടെ വന്നു. നീ പുറത്തേക്കു പോ എന്നും അങ്ങുന്നു്. സത്രം ചട്ടത്തിനു വിരോധം എന്നു ഞാൻ. ചോറു് ഈ സത്രം കൊണ്ടല്ലയോ? അതുകൊണ്ടു്. അപ്പോൾ, 'ഢ്യാം! ഫൂ!' എന്നു വിളിച്ചുകൊണ്ടു്, ബുട്ടീസിട്ടു തല്ലാനും ചവിട്ടാനും അങ്ങത്തെ വട്ടം. പ്രാണനും കൊണ്ടു് ഓടാൻ തിരിഞ്ഞപ്പോൾ, യജമാനനും വന്നെത്തി. ഒരു കാര്യത്തിനു് യജമാനൻതന്നെ സാക്ഷിയാണല്ലോ. യജമാനൻ വന്നപ്പോൾ എന്റെ മുഖം പുറത്തേക്കല്ലായിരുന്നോ?
ഭാസ്കരക്കുറുപ്പു്: സംശയമോ! പുറത്തോട്ട്, പ്രാണഭീതിയോടെ ഓടാൻതന്നെ.
ഗോമതിക്കുട്ടി: ഭഗവാനേ! ഇതെന്തു മനോധമ്മങ്ങൾ !
കുണ്ടു: (ഓടിയെത്തി ശ്വാസം മുട്ടി ഭാസ്കരക്കുറുപ്പോടു്) വേലപ്പൻപിള്ള പറഞ്ഞു- അവിടെ കടിയിട്ടുതുടങ്ങി എന്നും, ഇങ്ങു വന്നു പറവാൻ.
ഭാസ്കരക്കുറുപ്പു്: ക്ഷമിക്കു സ്നേഹിതാ. അനിയത്തീ! ഇങ്ങനെ കത്തിജ്വലിക്കരുതു്. സ്വാത്മാഗ്നിയിൽ ദഹിച്ചുപോകും. എല്ലാം മംഗളമായി കലാശിക്കുന്നു. അതിനിടയിൽ ഈ സാധു,വെ ശീമകണ്ട നിയമക്കുശലനെ, അങ്ങേ അറ്റത്തെ സീമകടക്കുമ്പാടി യാത്രയാക്കിക്കളയരുതു്.
(കണ്ടൻ ആംഗ്യം കാട്ടി, അവനും കണ്ടുവും കടന്നുകളയുന്നു.)
ഇരിക്കു വസുമേൻ ! അനിയത്തീ! മുതലിയാർ ആ വാതിൽ തഴുതിടുന്ന ശബ്ദം കേൾപ്പിച്ചതേയുള്ള; ഇട്ടിട്ടില്ല. മനസ്സങ്ങനെയെങ്കിൽ എന്റമ്മാൾ പൊയ്ക്കാള്ളു. മറ്റുവിധമാണു സന്തോഷമെങ്കിൽ, ഞാൻ ഇതാ ധാവതി.
വസുമേനവൻ: എല്ലാവക്കും ഇരിക്കാം. ആദ്യമായി എന്തോന്നാ കോളെന്നു വിസ്തരിച്ചു പറയൂ.
ഭാസ്കരക്കുറുപ്പു്: അങ്ങനെ! അനിയത്തിയെ കിട്ടണമെങ്കിൽ മര്യാദയ്ക്കു ജ്യേഷ്ഠയെ കുമ്പിട്ടും ഓച്ചാനിച്ചു്, അവിടെ നില്ക്കു. (ഇരുന്നുകൊണ്ടു്) ഗോമതിക്കുട്ടിയും അങ്ങോട്ടു നീങ്ങി മുഖം പൊത്തി പ്രേമവതി ആടൂ.
(കാർത്തിക്കുട്ടി ഓടി പ്രവേശിച്ചു, ഭാസ്കരക്കുറുപ്പിനെ പിടിച്ചു കുലുക്കീട്ട്)
കാർത്തിക്കുട്ടി: പറ്റി പറ്റി! അവിടെ കൊണ്ടുപിടിച്ചു മുറുകിയിരിക്കുന്നു. പതുങ്ങിനിന്നു്, ഒരിടത്തും കിട്ടാത്ത രസം അനുഭവിക്കണമെങ്കിൽ വരിൻ, ഓടി വരിൻ. (തിരിഞ്ഞു നടക്കുന്നു.)
(എല്ലാവരും പോകുന്നു.)
(കർട്ടൻ)
രംഗം ആറു് (38-41)
രംഗം ആറു്
(സത്രം. ചേന്നൻപിള്ളയുടെ മുറി. ചേന്നൻപിള്ള കിടക്കുന്നു. ഭാസ്കരക്കുറുപ്പു രോഗിയുടെ സൂക്ഷിപ്പുകാരനായി ചുറ്റിനടക്കുന്നു.]
ചേന്നൻപിള്ള: കൊച്ചപ്പാ!
ഭാസ്കരക്കുറുപ്പു്: ഇപ്പോൾ അമ്മാവനു് വളരെ സുഖമുണ്ടെന്നു തോന്നുന്നു.
ചേന്നൻപിള്ള: എല്ലാം ഭരദേവതകളുടെ അനുഗ്രഹമപ്പാ. പിള്ളരെ പിടിച്ചുകെട്ടി അതിനകത്തിട്ടേക്കണേ. രണ്ടിലും നിന്റെ അവളാണു് വലിയ സാരഥി. മറ്റവൾക്കു ചില ഒതുക്കങ്ങളും താറുമാറുമുണ്ട്. ചില ശാഠ്യങ്ങൾ നിലയുറപ്പിക്കുമെന്നേയുള്ള. താൻ അവിടെക്കിടന്നു എന്തോ വിളിക്കുന്നതു കേട്ടതെന്തോന്നു്?
ഭാസ്കരക്കുറുപ്പ്: വിളിച്ചതോ? ഇത്ര ചുക്കുവെള്ളത്തിനായി ആ പോറ്റിയെ വിളിച്ചു.
ചേന്നൻപിള്ള: ഛേ! അല്ലല്ലാ. നിന്റെ അസഭ്യക്കെട്ട് അഴിക്കയായിരുന്നു. തോന്നിയതു പറയുന്നത് പുരുഷത്വമെന്നു് നിങ്ങടെ പഠിപ്പു്. തെറി പറഞ്ഞു പറഞ്ഞു്, അതു വായ്പാഠമായിപ്പോയി! അതാ ഒരു വണ്ടി വന്നു നിന്നു. ആരെന്നു നോക്കു്. അല്ലെങ്കിൽ വേണ്ട. നീ അകത്തു പോ. വിളിക്കുമ്പോൾ വരണം, കേട്ടോ.
ഭാസ്കരക്കുറുപ്പു്: (സ്വഗതം) രാമൻകുട്ടിവേഷത്തിന്റെ പുറപ്പാടായി. ഇനി കളിയൊന്നു കൊഴുക്കും. ( പോകുന്നു.)
ചേന്നൻപിള്ള: (ആത്മഗതം) വന്നെന്നു തോന്നുന്നു. കാര്യം സമ്മതിച്ചുകൊണ്ടെങ്കിൽ അവസ്ഥയായി. എങ്കിലും നോക്കട്ടേ- ആ കുരുകുരുത്തം കെട്ട വസു ഗോമതിയെ കൊണ്ടുപോയാൽ, നമ്മുടെ ഇരുന്നൂറുപറക്കണ്ടവും അവൾക്കുതന്നെ കിട്ടും . അങ്ങനെ ഒരു കോളുള്ളതു ഞാൻ ഇതുവരെ കരുതിയില്ല. ഒറ്റിഅര്‍ത്ഥമിങ്ങായി. വസ്തുകൂടി നമ്മുടെ ആൾക്കു കിട്ടുന്നത് എളിയ കാര്യമോ? അവളും എന്തോന്നൊക്കെ കരുതിക്കൊണ്ടുതന്നെയാണു വാശിപിടിക്കുന്നതു്. നമ്മുടെ കുരുന്നല്ലയോ? തഴയെത്തഴയ്ക്കെ മൊതൽ അടക്കാനും സൂക്ഷിപ്പാനുമുള്ള കാതൽ ഉറയ്ക്കും - (തിരിഞ്ഞുനോക്കി പ്രകാശം) എന്തെടോ, വന്നോ?
വേലപ്പൻപിള്ള: (പ്രവേശിച്ചു്) വരാതെ എവിടെപ്പോണങ്ങുന്നേ? എല്ലാം ഇങ്ങു വന്നറണം. ശര്‍ക്കരക്കുടം ഇരിക്കുമ്പോൾ, ഉറുമ്പുകൾ മറ്റു വല്ലടവും തേടുമോ? വണ്ടിയിൽനിന്നിറങ്ങിയതിന്റെശേഷം- നാരായണാ!- ഗോമതീന്നോ ഭൂപതീന്നോ ജപിച്ചുതന്നെ പോന്നു. കുഞ്ഞിന്റെ പേരെനിക്കു രൂപമില്ലാത്തതുകൊണ്ടു് ആ പ്രേമക്കാരന്റെ മനസ്സ് ഊഹിച്ചുമാത്രം അറിഞ്ഞു രസിച്ചു. (ആത്മഗതം) ഇനി പരമാർത്ഥം ഒന്നു മറിച്ചു പറയട്ടെ, എന്നാലേ നമ്മുടെ സൂത്രധാരന്റെ തിരിപ്പു ഫലിക്കയുള്ളു (പ്രകാശം) എന്തുപടി ആളുകളു് യജമാനനേ തിരുവനന്തപുരത്തുനിന്നു ! വടക്കൻവണ്ടിയും വന്നെത്തി. അതിൽനിന്നു വിശേഷിച്ചൊരു ഭൂതരും ഇങ്ങോട്ടിറങ്ങിയില്ല.
ചേന്നൻപിള്ള : (ആത്മഗതം) ഉം | തിരുവനന്തപുരത്തു നിന്നോ വരവു്? അടടാ ഗന്ധര്‍വജാലക്കാരാ! ഇങ്ങുവാ. വന്ന പടി അങ്ങോട്ടും പോക്കിയില്ലെങ്കിൽ ഈ മധുരേ മണ്ണടിയിലു്! നിലമെന്തു്. മുതലെന്ത്? ഒരിടീലെ ഇളനീർകൊണ്ടു് അതു നികരും. ഛൈ! മുഖത്തു കരിതേപ്പാൻ വരുന്നവനെ വിട്ടയപ്പാനോ? (പ്രകാശം) എവിടേടോ? ഇങ്ങു വരാത്തതെന്ത്?
വേലപ്പൻപിള്ള: ഒരുങ്ങുന്നെജമാനനേ. ഇതാ വരുന്നു. (പോകുന്നു.)
(രാമൻകുട്ടിമേനോൻ പ്രവേശിച്ചു രണ്ടു വിരൽകൊണ്ട് അഭിവാദ്യം ചെയ്യുന്നു.)
ചേന്നൻപിള്ള : (ആത്മഗതം) ഗണപതിക്കു കറിക്കുന്നതേ കരുത്തക്കേടു്! തരവും തരക്കേടും അറിഞ്ഞുകൂടാത്ത പൊട്ടിത്തെറിച്ച വകക്കാരു്! ഒന്നു തൊഴുതാൽ ഇവന്റെ കടകം കടന്നുപോകുമോ? ഈ വസു വാസുവിനെ ഒന്നു തുല്ലു പറയിച്ചയയ്ക്കണം. (പ്രകാശം) വരു വരു. എപ്പോൾ തിരിച്ചു അവിടെനിന്നു്?
രാമൻകുട്ടിമേനോൻ: ഇ-ഹിന്നലെ വൈകുന്നേരത്തെ വണ്ടിക്കു പോന്നു. അപ്പോഴും ഒരു കമ്പി കിട്ടി, ഇവിടെ- ഝടുതിയിൽ എത്തണമെന്നു്.
ചേന്നൻപിള്ള: (ആത്മഗതം) എടാ വസുക്കുട്ടാ! നിന്റെ വിക്കും തക്കിടിയുമൊന്നുപോലെ. എഴുമ്പുരുന്നു വണ്ടികേറിയാൽ തെക്കു നിന്നാണോ വരുന്നതു്? (പ്രകാശം) അതേയതേ, ഒരു കാര്യം ആലോചിച്ചു ഞാൻ തീര്‍ച്ചയാക്കീട്ടുണ്ട്. ഇപ്പോൾ പുകവണ്ടികളും സ്റ്റീംബോട്ടുകളും വന്ന കാലമാകയാൽ, അങ്ങോട്ടും ഇങ്ങോട്ടും കാണുന്നതിനു പറന്നെത്താൻ സൗകര്യം കൂടും. എന്റെ അച്ഛന്റെ വീടു വടക്കപ്പനേ വടക്കു്, അതുകൊണ്ടു്, കട്ടിക്കാലത്തു കളിച്ചും പഠിച്ചും ഒന്നിച്ചു നടന്നിരുന്നവരോട് ഒരു പുതിയ കെട്ടുപാടുകൊണ്ടുകൂടി പഴയ ബന്ധമുറപ്പിക്കണമെന്നൊരാലോചന.
രാമൻകുട്ടിമേനോൻ : അ-ഹ-ഹമ്മാവന്മാരുടെ അന്തർഗ്ഗതം എനിക്കു മനസ്സിലായി. നിങ്ങടെ ഭവനത്തോടുള്ള ചാര്‍ച്ച എനിക്കു സമ്മതം. സന്തോഷം തന്നെ. സരയൂമ്മേടെ ഹിതമേ- അ-അ-അറിവാനുള്ളു.
ചേന്നൻപിള്ള: (ആത്മഗതം) അവൻ പെണ്ണിന്റെ പേരുപോലും അറിഞ്ഞുകൂടാത്ത പുതുപ്പള്ളി നടിക്കുന്നതു കണ്ടില്ലയോ? ജോട്ടാലടികൊണ്ടുംകൊണ്ടു പോകാനാണ് നീ തുടങ്ങുന്നതു്. സരയൂഅമ്മയോ? കരമനഅമ്മ ആകാതെ സൂക്ഷിച്ചോ. (പ്രകാശം) സരയൂ എന്നല്ല പേരും. ഗോമതി ഗോമതി എന്നു് . പരിഷ്കാരം പിടിച്ചു അമ്മശശ്രീമതി അങ്ങനെ പേരിട്ടു.
രാമൻകുട്ടിമേനോൻ: ക- ഹ-ഹ-ഷ്ടം ! തെ-ഥറ്റിപ്പോയി. ഗംഗയുടെ ഒരു പോഷകനദി ആണെന്നും ഓർത്തിരുന്നു. ഗോമതിക്കുട്ടിയെ ഞാൻ ഒരിക്കൽ തിരുവനന്തപുരത്തു വന്നപ്പോൾ കണ്ടിട്ടുണ്ടു്. അ-ഹ-ഹച്ഛന്റെ മകളാണല്ലോ. കണ്ണിനു നല്ലവണ്ണം ഇണങ്ങി. ഇപ്പോൾത്തന്നെ വക്കീൽപ്പണിയിൽ പ്രവേശിക്കുന്നുണ്ടു്. അപ്പൊഴേക്കു്, ബംഗ്ലാ ഭരിപ്പാൻ ഒരാളെ കൊണ്ടുപൊയ്ക്കൊള്ളുന്നതിനു് ഒരുക്കം തന്നെയാണ്.
കുണ്ടു: (പ്രവേശിച്ചു) യജമാനന്റെ തകരപ്പെട്ടി കാണ്മാനില്ല.
രാമൻകുട്ടിമേനോൻ: പോലീസിൽ അറിയിക്കൂ. പോകു പോകൂ.
ചേന്നൻപിള്ള: മുതലിയാരോടു പറഞ്ഞിട്ട് പോലീസിന്റെ അടുത്തു പോ. എന്തായാലും ഇവിടെ കടന്നു്, ഉപദ്രവിക്കരുത്. (ആത്മഗതം) ഈ ശീമക്കാരന്റെ വിക്കും ധ്വരപ്പേച്ചും കൂടി പതുക്കിക്കൊള്ളാൻ കരുത്തില്ല. ഹഃ! സംസാരിച്ചിട്ടുതന്നെ കാളച്ചാണകം നാറുന്നു ! ഇവറ്റയ്ക്കു വല്ല കുപ്പായക്കാരിയുമാണു ചേരുന്നതു്. നായർ കുലത്തിൽ പെണ്ണു കിട്ടൂല്ല. മേച്ഛൻ ! (പ്രകാശം) ബംഗ്ലാവു ഭരിക്കണം, അതിനു കരുത്തുള്ള ഒരുവളും വേണം. നല്ല ധ്വരക്രമത്തിനു് മേശകീശ ഒരുക്കാൻ പഠിച്ചവളായിരിക്കണം. അവനോൻ പരിചയിച്ചതു വിട്ടൂടല്ലോ-എന്താ?
രാമൻമേനോൻ: അ-ഹ- ഹങ്ങനെയൊന്നും വേണ്ടാ. ന- നമുക്കു ന-ന-നമുക്കു നാടൻമട്ട് വളരെ സന്തോഷമാണ്. വീടുവിട്ടു ദേശസഞ്ചാരം ചെയ്യുമ്പോൾ, അതതുസ്ഥലത്തെ സൗകര്യങ്ങൾ അനുസരിച്ചുപോകും. അതു പരിചയമായും നിയമമെന്നും കണക്കു കൂട്ടാനില്ല. അമ്മാവന്റെ കാല്ക്കു്, എന്തോ ഒരു മുറിവു പറ്റിയെ-യെ-എന്നു കേട്ടല്ലോ?
ചേന്നൻപിള്ള: (ആത്മഗതം) അമ്മെ ! കാര്‍ക്കോടകന്റെ വേഷം കെട്ടി നിവർന്നിരുന്നാടുമ്പോൾ, കണ്ടടത്തുനിന്നു കിട്ടുന്നതും ഒക്കെയും തിന്നുമെന്നും ഒരു നേരെങ്കിലും പറഞ്ഞേ. ഇവിടെ വേണ്ട. തൊലഞ്ഞുപോട്ടെ. അവൻ ഇരുന്നൂറുപറക്കണ്ടവും അവൻ ഭരണിസ് സൂപ്പാക്കി കുടിക്കട്ടേ. ഇവിടെ വേണ്ട. തൊലഞ്ഞു പുല്ലു കുത്തിപ്പോട്ടെ. (പ്രകാശം) കാലിലോ? കാലിൽ ഒരു മണ്ണാങ്കട്ടയുമില്ല. എന്റെ കുട്ടന്റെ അച്ഛനെജമാൻ തേടിയ ഇരുന്നൂറുപറക്കണ്ടവും, പനിയും കുരുവും പിടിക്കാതെ കിടക്കുന്നോ?
രാമൻകുട്ടിമേനോൻ: (ആത്മഗതം) ചിലര്‍ക്കു് അവരുടെ രോഗത്തെക്കുറിച്ചു ചോദിക്ക വലിയ സങ്കടമാണു്. ഇദ്ദേഹവും അക്കൂട്ട ത്തിൽത്തന്നെ എന്നു തോന്നുന്നു. അതുകൊണ്ടു വിഷയം മാറ്റുന്നു. ബന്ധുത്വം മുറുകുംമുമ്പു് ചോദിക്കേണ്ടതല്ലായിരുന്നു. (പ്രകാശം) ക്ഷ-ഹ-ഹമിക്കണേ! ചെറുപ്പംകൊണ്ടു ചോദിച്ചുപോയി. ആകപ്പാടെ അപകടമൊന്നുമില്ലെന്നു ക-ഹണ്ടിട്ടുതന്നെ അറിയാം. അച്ഛൻ ഒരു പണച്ചാര്‍ത്തു റദ്ദാക്കിച്ചു എന്നു കേട്ടു.
ചേന്നൻപിള്ള: (ആത്മഗതം) അതുതന്നെ. അതാ നേരു നേരെ പുറത്തുചാടി. ഇത്രയൊന്നു സേവിപ്പിച്ചു വിടണം. (പ്രകാശം) നി ങ്ങളൊക്കെ പുസ്തകങ്ങൾ പഠിച്ചിട്ടുണ്ടെങ്കിൽ, ചേന്നനും ചില ഗ്രന്ഥങ്ങളും ശാസ്ത്രങ്ങളും കണ്ടിട്ടുണ്ടു്. പിന്നെയും ഒരു ഗുണം കൂടി നമുക്കു കിട്ടീട്ടുണ്ടു്. എന്റപ്പൻ ദിവസം ഒന്നു് എന്നു പറഞ്ഞുകേട്ടിട്ടില്ലയോ? ഇന്നുദിച്ചു നാളെ ഉദിക്കുന്നതുവരെയുള്ള കാലം. അതു കണ്ണുംതുറന്നു നടക്കുന്നവര്‍ക്കു് നിങ്ങടെ കശപിശ പറയുന്ന പുസ്തകത്തേക്കാൾ അധികം പഠിപ്പു തരുന്ന ഒരു ഏടാണു്. അങ്ങനെയുള്ള ഓരോ ഏട്, 365-ം 366-ം അടങ്ങിയ ഗ്രന്ഥം അറുപത്തിനാലു ചേന്നൻ ഹൃദിസ്ഥമാക്കീട്ടുണ്ട്. ഇങ്ങോട്ടൊന്നും കൊണ്ടരേണ്ട. ഞങ്ങടെ കാലത്തു ചിലരു മാത്രം വയറ്റിപ്പിഴപ്പുദ്ദേശിച്ചു നിങ്ങടെ പഠിപ്പിനും പുറപ്പെട്ടു. എന്നുവെച്ച് ശേഷിച്ചവരു മരമണ്ടരാണെന്നും മറ്റും പുച്ഛിച്ചു തള്ളിക്കളയരുത്. നിങ്ങളെ ഇരുപത്തിമൂന്നിനും ഇരുപത്തിനാലിനും ഇടയ്ക്ക് എന്തു കണ്ടു, എന്തു കൊടുത്തു, എന്തു ചുമന്നു, എന്തു താങ്ങി? കണ്ടവൻറെ തേട്ടമുണ്ടെന്നു വച്ച് ഏറെപ്പുളച്ചാൽ കുറുക്കിലെ നട്ടെല്ല് കുരുങ്ങിപ്പോകും.
രംഗം ആറു് (42-46)
രാമൻകുട്ടിമേനോൻ: (വിഷമിച്ചു്) ഞാൻ ക്ഷ-ക്ഷ-ക്ഷമ അപേക്ഷിച്ചുവല്ലോ. അച്ഛനെപ്പോലെതന്നെ അവിടത്തേയും ബ-ബ-ബഹുമാനിക്കുന്നു. നിങ്ങളൊക്കെ ഞങ്ങൾക്കു ഗുരുജനങ്ങളാണു്. നൂറ്റിലു് ഹൊ-ഹൊന്നോ രണ്ടോ കുരുത്തം കെട്ടവക ഉണ്ടായിരിക്കാം. അതിനു് വര്‍ഗ്ഗമടക്കി കുറ്റം പറയരുതു.
കണ്ടു: (പ്രവേശിച്ച്) ഉച്ചത്തപാൽ-
ചേന്നൻപിള്ള: (അക്ഷമനായി) കൊണ്ടെടുപ്പിലിടു്.
കുണ്ടു: ബാങ്കുനോട്ടെങ്കിലോ? വലിയ കൂടുമുണ്ടു്.
ചേന്നൻപിള്ള: ഇവിടെക്കൊണ്ടത്തള്ളു് ശനിയാ! ഇങ്ങ്-ഈ കട്ടിലിന്റെ തലയ്ക്കൽ സൂക്ഷിച്ചുവെക്കു് - അതുതന്നെ ഇനിപ്പോ. പോ-ഇടയ്ക്കു കേറിച്ചാടുന്ന തവളക്കൂട്ടം !
(കുണ്ടു പോകുന്നു.)
കൊച്ചുമേനോൻ വെറുവയറോടല്ലയോ പ്രസംഗിക്കുന്നതു്?
രാമൻകുട്ടിമേനോൻ: ഊണു തയ്യാറായിവരുന്നതേയുള്ള. സത്രത്തിലെ വട്ടം എനിക്കത്ര പി-പി-പിടിക്കില്ല.
ചേന്നൻപിള്ള: (ആത്മഗതം) അതുതന്നെയതാ! ഇയാൾക്കിപ്പോൾ വല്ല പട്ടിയോ പൂച്ചയോ കരിച്ചുകിട്ടണം. നിറത്തിന്റെ കാര്യ ത്തിൽ കൊച്ചപ്പൻ എന്തു പറഞ്ഞു? എന്തെങ്കിലുമാകട്ടെ. ഇവൻ ഇത്രത്തോളം ജാലം നമ്മുടെ അടുത്തുമെടുക്കുമ്പോൾ, ആ ഗോമതിയേയും മറ്റും വിട്ടേക്കുമോ? (പ്രകാശം) കേട്ടോ കൊച്ചുമേനോൻ ഇരുമ്പെത്തിന്നുന്ന കുതിര മനുഷ്യരെ വിട്ടേക്കയില്ല എന്നൊരു പഴഞ്ചൊല്ലുണ്ടു്. അതുകൊണ്ടു്, പോയി വല്ലതും വയറ്റിനു കൊടുത്തുകൊണ്ടു്, അടുത്ത വണ്ടിയിൽ കേറിക്കൊണ്ടാൽ, നേരത്തെ കാലത്തെ അവനോന്റെ എടത്തു ചെന്നുചേരാം. ഇങ്ങോട്ടു കയറിയതു സന്തോഷമായി.
രാമൻകുട്ടിമേനോൻ: ഹു-ഹു-ഹൂണിനു് തി-തി-തിടുക്കമില്ല. വൈകുന്നേരത്തേയോ നാളത്തേയോ വണ്ടിയിൽ പോയാൽ മതി. അങ്ങുനിന്നുള്ള എഴുത്ത് ഇങ്ങോട്ടു വന്നു്, ഇവിടുത്തെ കുട്ടിയേയും ഒന്നു കണ്ടു്, സ-സന്തോഷമാണെങ്കിൽ ഒരു കരാർ പറഞ്ഞിട്ടു പൊയ്ക്കൊള്ളാം. അതല്ലേ സു-സു-സുഖം?
ചേന്നൻപിള്ള: കേട്ടോ, സുഖവും സന്തോഷവും ഒന്നും നോക്കാനില്ല. എല്ലാം നമ്മുടെ ഇഷ്ടപ്രകാരം നടക്കും. അതിനു മറ്റാരും ലാവും റൂർസുകളും മിടയേണ്ട. എഴുത്തെന്നു പറഞ്ഞതെന്തോന്നു്? ഇങ്ങൊന്നും വരേണ്ട. അങ്ങു വച്ചോണ്ടിരുന്നാൽ മതി.
രാമൻകുട്ടിമേനോൻ: (ആത്മഗതം) ഇദ്ദേഹം പിരണ്ടുവീണു, കാലിനു് എന്തോ കണക്കിനു് പറ്റീട്ടുണ്ട്. അതുകൊണ്ടു ദേഷ്യം മുന്നിട്ടു നില്ക്കയാണു്. ഈ സന്ദർഭത്തിൽ ഒരു മംഗളകർമ്മത്തിനു് അടിയിടുകയോ എന്തെങ്കിലും ഒരു നടപടി നടത്താൻ നോക്കുകയോ ചെയ്യുന്നതു ജളതയാണ്. (പ്രകാശം) ഞാനും ഒന്നുരണ്ടുദിവസം ഇവിടെ താമസിക്കാം. ക-കാലും ന-ന-നല്ല സുഖമായിട്ടു വേണ്ട കാര്യത്തെപ്പറ്റി സംസാരിച്ചു പിരിഞ്ഞുകൊള്ളാം. അവിടുത്തെ ദേഷ്യപ്പെടുത്തി എന്നു് അമ്മാവനോ അച്ഛനോ കേൾക്കയാണെങ്കിൽ, എന്നെ തല്ലിക്കൊല്ലും.
ചേന്നൻപിള്ള: (ദേഷ്യത്തോടെ ആത്മഗതം) ഇതു കേൾക്കുമ്പോഴാണു് എനിക്കു ദേഷ്യം വരുന്നതു്. ഇവനു ഏതമ്മാവൻ? അച്ഛൻ വിക്രമാദിത്യൻ ഉണ്ടെന്നു വന്നേക്കാം. അല്ലാതെ കിമ്മാവനേതു—ഉണ്ടെങ്കിൽ, ഒറ്റയാക്കേണ്ട; ഒരു പട്ടാളം അമ്മാവനാകട്ടെ. (ദേഷ്യത്തോടെ നോക്കി പ്രകാശം) നാലു ചക്രമുള്ളവനെന്നുവച്ചു മറ്റുള്ളവന്റെ തലയിൽക്കേറി നിരങ്ങിക്കളയാമെന്നോ?
രാമൻകുട്ടിമേനോൻ: (എഴുന്നേറ്റു് അതിവിനയത്തോടെ) ഞാൻ പോയി വരാം. വടക്കേപ്പന്തിയിലെ ഒരറയാണു് എനിക്കു കിട്ടീട്ടുള്ളത്. സാവകാശത്തിൽ-
ചേന്നൻപിള്ള: നോക്കു നോക്കു! മേനോൻതന്നെ കീനോൻതന്നെ! പരീക്ഷകളും ജയിച്ചിട്ടുണ്ടു്! എന്നുവെച്ച് മറ്റുള്ളവർ മിരണ്ടുപോകുമെന്നു ഭ്രാന്തുപിടിക്കേണ്ട. താൻ ഇനി ഇങ്ങോട്ടു വരേണ്ട. കാണണമെന്നു നമുക്കും ആഗ്രഹമേ ഇല്ല. പിള്ളർ പറയുന്ന കാളപ്പോട്ടിലോ (Oxford) ലോ ഏതു തോട്ടിലോ പോയിച്ചാടു്.
രാമൻകുട്ടിമേനോൻ: വ-വ-വരുത്തീട്ടും ഇങ്ങനെ അവമാനിക്കരുതു്.
ചേന്നൻപിള്ള: വരുത്തീട്ടോ! എടാ നടക്കുമ്പോൾ തല തെറിച്ചു പോകുന്ന കള്ളം പൊട്ടിക്കാതെ. വല്ലതും കേറി മറ്റുള്ളവൻ കാണുകയും കേൾക്കുകയും ചെയ്യാത്തതു പറഞ്ഞുകൊണ്ടാൽ, തലയിൽ-തലയിൽ ഇടി വീഴും . ഇറങ്ങിറങ്ങു്. വെളിയിൽ. അവമാനമോ? ഉന്തിത്തള്ളിക്കേറി ഇങ്ങു വന്നേച്ച്, അവമാനം പോലും ! എന്റെ മുമ്പിൽ വരരുതെന്നു് ഞാൻ പറഞ്ഞയച്ചിട്ടുണ്ടു്. എന്നിട്ടും കെട്ടിക്കേറി വന്നിരിക്കുന്നു ! രണ്ടു വിരൽകൊണ്ടു സലാം, ഇംഗ്ലീഷു്പേച്ച്, ബാരിസ്റ്റരുടെ പ്രസംഗം ! കുടിച്ച വെള്ളത്തിൽ വിശ്വസിച്ചുകൂടാത്ത പരിഷകളു്!
രാമൻകുട്ടിമേനോൻ: ഇവിടുന്നു് എന്തോ തല്ക്കാലത്തെ ദേഷ്യം കൊണ്ടു് തെറ്റിദ്ധരിച്ചു സംസാരിക്കയാണു്.
ചേന്നൻപിള്ള: (ചാടി എഴുന്നേല്ക്കാൻ ഭാവിച്ചിട്ട് ദീനസ്വര ത്തിൽ) സാമദ്രോഹി കാലുമൊടിച്ചേ! മഹാപാപി ജീവനെടുപ്പിക്കുന്നേ! ആരവിടെ! ആ മുതലിയാരെ വിളിക്കട്ടേ. മുതലിയാരെ വിളിക്കട്ടേ- ഇവിടെ ഒരു ജന്തുവും കാണുന്നില്ല! ഭഗവാനെ! ഇവനെ അടിച്ചുവാരി അങ്ങു ദൂരെക്കളയാൻ, ആരെടീ-ഗോമതീ, കാര്‍ത്തീ, കാര്‍ത്തീ! നശിച്ചുപോവിൻ - കൊച്ചപ്പാ! ചപ്പനല്ലാ ചവിറൻ കേൾക്കുണു! എടോ വേലപ്പൻപിള്ളേ!
(വേലപ്പൻപിള്ള അണിയറയുടെ ഒരുവശത്തു നിന്ന് രാമൻകുട്ടിമേനോനോട് ഓടിക്കളയാൻ ആംഗ്യം കാണിക്കുന്നു.)
രാമൻകുട്ടിമേനോൻ: ഇതാ, ഹാ-ഹാ-ഹാരേയും വിളിക്കേണ്ട. കാലു മുറിഞ്ഞിരിക്കുമ്പോൾ വിളിച്ചു സാഹസപ്പെട്ടു. പനിവന്നാൽപ്പിന്നെ ഭേദമാക്കുക പ—പ്പു-പു്- പ്രയാസമാണു്!
ചേന്നൻപിള്ള: നി-നി- നിന്റെ നിന്റെ തോപ്പന്റെ കാലൊടിയുമ്പോൾ ഇതൊക്കെ ഗുണദോഷിക്കു. ഇവിടെ ഡാക്ടരാകേണ്ട. നട്ടുച്ചയ്ക്കു കേറിവന്നു - എടാ കൊച്ചപ്പാ!
രാമൻകുട്ടിമേനോൻ: ഞ- ഞ-ഞാൻ പൊയ്ക്കൊള്ളാമെന്നു പറഞ്ഞല്ലൊ. അവിടന്നു് അനങ്ങാതെ കിടന്നുകൊണ്ടാൽ മതി.
(മൂപ്പീന്നു ചാടിയെഴുനേറ്റു് ഞൊണ്ടിഞൊണ്ടി രാമൻമേനോനെ പിടിച്ചു പുറത്താക്കാൻ അടുക്കുന്നു.)
വേലപ്പൻപിള്ള: (പ്രവേശിച്ചു മുപ്പീന്നിനെ താങ്ങിക്കൊണ്ടു്) അയ്യോ യജമാനനേ ഡാക്ടർ ഭൈരപ്പൻ ഇനിയും ഇരുന്നൂറ്റൻപതു ചോദിക്കും.
ചേന്നൻപിള്ള: (തന്റെ കട്ടിലിലേക്കു താങ്ങി നീക്കപ്പെടുന്നതിനിടയിൽ) ഇരുന്നൂറ്റൻപതല്ല രണ്ടായിരത്തഞ്ഞൂറു പോകട്ടെ! ഇവന്റെ, ഈ വിക്കന്റെ വായ്ക്കരിക്കു്! അവൻ നിന്നു കാമനാടുന്നതു കണ്ടില്ലയോ? ചക്കരക്കണ്ടമെറിഞ്ഞിട്ടു് പട്ടിയെ വാലാട്ടിച്ചുകളയാമെന്നാണവന്റെ ഭാവം. എടാ ചക്കരയല്ലാ, കരുവാടുതലയും കൊണ്ടുവാ. അതെറിഞ്ഞുകൊടുത്താൽ നിനക്കു വാലാട്ടാൻ കിട്ടുന്ന കൊടിച്ചിയെ ഞാൻ കാണിച്ചുതരാം. (ഉറക്കെ) അവിടെ നില്ക്കരുതെന്നു പറഞ്ഞില്ലയോ? (വേലപ്പൻപിള്ളയെ തള്ളിക്കൊണ്ടു്) വിടടോ! ജെയിലിൽ കിടന്നാലും ശരി, ഇവിടെക്കിടന്നാലും ശരി! ഇവന്റെ നടുമണ്ട പൊളിച്ചിട്ടു മേൽക്കാര്യം! (മുന്നോട്ടു പായുന്നു.)
(വേലപ്പൻപിള്ള അടിക്കടി തടുക്കുന്നു.)
വേലപ്പൻപിള്ള: അരുതെജമാനെ ! അരുതരുതു് ! അവനോന്റെ ദേഹസുഖം സൂക്ഷിക്കണം.
രാമൻകുട്ടിമേനോൻ: മ-മ--മനസ്സിലായി, ഇപ്പോൾ യോഗ്യതകളു്. തറവാടാൽത്തന്നെ ഈ ചേഷ്ടയുണ്ടെങ്കിൽ ഇവൻ രക്ഷപ്പെട്ടു.
ചേന്നൻപിള്ള: (കുതിച്ചു മുൻപോട്ടു ചാടുന്നു.)
(രാമൻകുട്ടിമേനോൻ നീങ്ങിക്കളയുന്നു.)
എന്തു പറഞ്ഞെടാ തെമ്മാടി! പോക്കിരി! വടുകന്റെ എച്ചിലു നക്കി! ഏറെത്തെറിച്ചാൽ നിന്റെ മറവന്റെ മാടം കൂടി ഇളക്കിക്കളയുന്നുണ്ടു്. പിള്ളരുകേറി-വിളിക്കട്ടെ അതിനകത്തുന്നു് ആ ലക്ഷ്മിച്ചിയെ. ആണുങ്ങൾക്കു തൊടാൻ കൊള്ളാത്ത മുലകുടി മാറാത്ത പിള്ളരു് മുഖത്തുനോക്കി- ആ-ഫ!-(നിലകൊണ്ടു കിതയ്ക്കുന്നു.)
രാമൻകുട്ടിമേനോൻ: ഹ-ഹ-ഹമ്മാവാ! ഇങ്ങോട്ടു വന്നതിൽ അധികം നഷ്ടമില്ല നല്ലൊരു കാഴ്ച കണ്ണിനു കിട്ടി. പഴയവരുടെ പഴമപരിചയം. അറുപത്തിനാലുവര്‍ഷത്തെ ഗ്രന്ഥം പഠിച്ചതു്, അവിടത്തെ മര്യാദക്രമം ഇതുകൾ കണ്ടുപഠിക്കയും ചെയ്തു.
(ചേന്നൻപിള്ള പിന്നേയും എടുത്തുചാടുന്നു. വേലപ്പൻപിള്ള തടുത്തു പിടിക്കുന്നു. വലിയ കലശൽ. രാമൻകുട്ടിമേനോൻ ചിരിച്ചുകൊണ്ടു പോകുന്നു. ഭാസ്കരക്കുറുപ്പും കാര്‍ത്തിക്കുട്ടിയും പ്രവേശിക്കുന്നു.)
കാര്‍ത്തിക്കുട്ടി: എന്തോന്നു ചെറിയച്ഛാ ഇതു്?
ചേന്നൻപിള്ള: (ഉച്ചത്തിൽ) എന്തോന്നെന്നോ! മാനം ഇടിഞ്ഞു നിന്റെ മറ്റവന്റെ തലയിൽ വീഴുന്നു.
ഭാസ്കരക്കുറുപ്പു: ഡാക്ടർ ഭൈരപ്പൻ സാമാന്യനല്ല. അയാൾക്കു പത്തോ നൂറോ കൂട്ടിക്കൊടുത്താലും തരക്കേടില്ല. അമ്മാവനും എഴുന്നേൽക്കാറായല്ലോ!
ചേന്നൻപിള്ള: എടാ തൂണുപോലെ അവിടെനിന്നു ചലമ്പാതെ അങ്ങോട്ടു പോയില്ലയോ- ആ കോമാളിയെ ഇങ്ങു പിടി. അവന്റെ എല്ലുഞെരിച്ച്, പല്ല് എണ്ണിയെണ്ണി പറിച്ചുവിടട്ടെ! അവൻ ശീമയിൽ പോയി, തൊട്ടുതിന്നു്, നമ്മെക്കൂടി മുടിപ്പാൻ വന്നുകേറി! വേഷവും കെട്ടി, പേരുംമാറി - അവൻ ഇരിക്കുന്നെടത്തിനി ദീവെട്ടിക്കൊള്ളയും കൂട്ടക്കൊലയും ഉണ്ടാവൂല്ലയോ?
വേലപ്പൻ പിള്ള: (മൂപ്പീന്നിനെ പിടിച്ചു കിടത്തീട്ട്) അയ്യോ! കുരുത്തം കെട്ടവർ വന്നുകേറി, കാലിൽ നീരു വരുന്നോ, ജ്വരം കൊള്ളുന്നോ? എന്തു വരുന്നു എന്നു് ഈശ്വരനുതന്നെ അറിയാം.
ഭാസ്കരക്കുറുപ്പു്: (ആത്മഗതം) അയാളൊന്നുകൂടി വന്നാൽ, അമ്മാവന്റെ കാല് നല്ല സുഖമാവും . (പ്രകാശം) അധികം ദേഷ്യപ്പെടാനില്ലമ്മാവാ. ഒന്നു് ആൺതത്വം കാട്ടാനെങ്കിലും അയാൾ സാധിപ്പിച്ചല്ലോ!
(ചേന്നൻപിള്ള ചാടിയെഴുനേറ്റ് വടിയുമായി ഒറ്റക്കാലാൽ കുതിച്ചു മുടന്തിമുടന്തി പലതും പുലമ്പിക്കൊണ്ടു് എല്ലാവരേയും അടിച്ചു നിലവിളിപ്പിച്ചു വട്ടമിടീക്കുന്നു.)
(കർട്ടൻ)
രംഗം ഏഴ് (47-50)
രംഗം ഏഴ്
[ആരാമം. ഒരുഭാഗത്ത് കട്ടിപ്പെണ്ണും മറ്റൊരുഭാഗത്ത് വേലപ്പൻപിള്ളയും പ്രവേശിക്കുന്നു.]
കുട്ടിപ്പെണ്ണ്: കൊച്ചമ്മയ്ക്കു രണ്ടു പൂ പറിച്ചുകൊണ്ടു ചെല്ലാൻ വന്നപ്പോൾ, ഇതാ ലങ്ങേരും കൊമരനാടാൻ എത്തീരിക്കുന്നു. വേഗം പൊയ്ക്കളയാം.
വേലപ്പൻപിള്ള: വസുമേൻ യജമാനൻ പലടത്തും വസ്തുവുള്ള ആളാണു്. ഒരിടത്തെ ഏജന്റുസ്ഥാനം കിട്ടിയേച്ചാൽ റംഗൂണിൽ പോകേണ്ട. മനുഷ്യർ സന്തോഷകാലത്തു മറ്റുള്ളവരെയും സന്തോഷിപ്പിക്കും. അതുകൊണ്ടു്, ഈ തരത്തിൽ പിടികൂടിക്കൊണ്ടാൽ അദ്ദേഹം പക്ഷേ, നമ്മേയും താങ്ങിക്കൊള്ളു (തിരിഞ്ഞുനോക്കി) ഇതാ ഇവിടെ നമ്മുടെ കട്ടിക്കുഞ്ഞും എത്തീട്ടുണ്ടു്. അങ്ങോട്ടു പ്രണയദാസനായി ചെല്ലാത്തതുകൊണ്ടു നമ്മെ അവളിപ്പോൾ നിഷിദ്ധലിംഗപദമോ അവ്യയമോ ആക്കിയിരിക്കും. എന്റെ പെൺകുലമേ! നിങ്ങൾ പങ്കജാക്ഷികളെങ്കിൽ, ഹൃദയങ്ങളിലോട്ടു നീര്‍ക്കുളി ഇടുന്നവരെ മുള്ളും നാരും നിറഞ്ഞ തണ്ടുകളിൽ കുടുക്കി കൊല്ലുന്ന വകക്കാരുമാണു്. ഇവളിതാ, കറുത്തവാവുപോലെ, കാളരാത്രിപോലെ, മഴമേഘം ചൂഴ്ന്ന മലന്തലപോലെ, കരണ്ടും ഇരുണ്ടും ഉറഞ്ഞുതറഞ്ഞും നിൽക്കുന്നു. അല്ലാ! കേകാവലീവൃത്തം ചവുട്ടി നടക്കൊൾവാൻ തുടങ്ങുന്നു. പാലോലുംമൊഴി ആയി അവിടെ ചിന്നിപ്പോകുന്ന ഭംഗി ഒന്നു കണ്ടുകളയാം. (മുന്നോട്ടുനീങ്ങി അവളോട്) പൊയ്കളയരുതേ എന്റെ ജീവസൂത്രപ്പൊരുളേ!
കട്ടിപ്പെണ്ണു്: സന്ധ്യയാകുന്നു. അങ്ങുന്നിരിക്കുന്നേടത്തെ വിളക്കിൽ വയ്ക്കുന്നതിനു രണ്ടു പൂ കൊണ്ടുപോവാൻ വന്നതല്യോ?
വേലപ്പൻപിള്ള: എന്റെ കുട്ടിക്കുഞ്ഞു നിൽക്കുന്നിടത്തു സന്ധ്യയേതു്, ഇരുട്ടേതു്? എല്ലാപ്പോഴും തൂനിലാവു്. എന്റെ മനോഹരി, സംസാരം സംസാരം എന്നു വ്യവഹരിക്കപ്പെടുന്ന കാര്യത്തിന്റെ സാരം എന്തെന്നറിയുന്നോ?
കുട്ടിപ്പെണ്ണ്: ഇങ്ങേരെ അടുത്തിപ്പം സംസാരിച്ചു കൊഴവാൻ ഞാനാളല്ല.
വേലപ്പൻപിള്ള: അതല്ലാ, അതൊരു നിലയും കരയും കിടയാസ്സമുദ്രം! ഇവന്റെ ജ്യാഗ്രഫിയിൽ, ബംഗാൾസമുദ്രം താണ്ടിച്ചെല്ലുമ്പോൾ സംസാരപാരാവാരത്തിന്റെ മദ്ധ്യം കാണാം. ആ സമുദ്രത്തിരയടിയിൽ മുങ്ങിച്ചത്തുപോകാതെ ഇവനെ രക്ഷിപ്പാൻ കൂടിപ്പോരുന്നോ ഹേ! പുതുപ്പൂപ്പുഞ്ചിരിക്കാരി?
കുട്ടിപ്പെണ്ണു്: ചാടിച്ചാകാൻ പോകുന്നവര്‍ക്കും ഒരു കൂട്ടുവേണോ?
വേലപ്പൻപിള്ള: അല്ലെ, ഭാസ്കരക്കുറുപ്പെജമാൻ ഒറ്റ അല്ലല്ലോ!
(കാർത്തിക്കുട്ടി പ്രവേശിക്കുന്നു.)
കാർത്തിക്കുട്ടി: എടീ എടീ ഭ്രാന്തീ! നക്ഷത്രം എണ്ണാൻ, ഒന്നും ഉദിച്ചു തുടങ്ങീല്ല. ആകാശം ചുമക്കുന്നതേ ഉള്ളു. നോക്കു്-പക്ഷികൾ കൂടുകൾ തേടി പറന്നുതുടങ്ങീട്ടില്ല. പട്ടണത്തിന്റെ മുഴക്കം നല്ല ജീവസ്സോടെതന്നെ കേൾക്കുന്നു. റോഡുവിളക്കുകളും കണ്ണിമച്ചു നഗരക്കമ്മറ്റികൾ വെറുമനെ എന്നു കാട്ടുന്ന വേളയായില്ല. പൂക്കൾ ഇതാ വിടര്‍ന്നുവരുന്നതേയുള്ളു. പകലേ പണികൾ ഒതുക്കി, വിളക്കുവച്ച ഉടനെ നിനക്കു് ഉറങ്ങണമെങ്കിൽ, അതിനായി സൂര്യഭഗവാൻ നേരത്തേ കാലത്തെ തേരോടിച്ചു അക്കരെ പൂകിക്കൊളളൂല്ല. എല്ലാത്തിനും ഒരു ചട്ടമുണ്ടു്. അതുകൊണ്ടു്, കണ്ണും പകലുമുള്ളപ്പോൾ ഒരു പുരുഷനെ കിട്ടുന്നെങ്കിൽ ഭാഗ്യമെന്നു സന്തോഷിക്കു്. (വേലപ്പൻപിള്ളയോടു്) ഒരു പെണ്ണിനൊരാണു്, ഒരു ആണിനൊരു പെണ്ണു, എന്നല്ലയോ വേലപ്പൻപിള്ളേ? (കട്ടിപ്പെണ്ണിനോടു്) നോക്കു, ഈ മിടുക്കന്റെ സംസാരസ്ഥാനം നിനക്കിരിക്കട്ടെ എന്നു ഞാൻ വരം തരുന്നു- അല്ലെങ്കിൽ വോട്ടുചെയ്യുന്നു.
('ഞാനും' എന്നു പറഞ്ഞുകൊണ്ടു് ഭാസ്കരക്കുറുപ്പു പ്രവേശിക്കുന്നു.)
ഭാസ്കരക്കുറുപ്പു്: നമ്മുടെ സംസാരം സംസാരബന്ധത്തെ ഘടിപ്പിപ്പാൻ ഇത്ര സംസാരവിദഗ്ദ്ധയാണെന്നു ഞാൻ അറിഞ്ഞിരുന്നില്ല. ഒരു ഷാപ്പു് -അഥവാ ഒരു ആഫീസ്. 'വിവാഹനിർവ്വാഹകാലയം' - ഇട്ടു ഉടമസ്ഥയും, കാര്യനിര്‍വാഹിനിയും, ഏക ഏജൻറും, മിസ്സസ് കാര്‍ത്ത്യായനിപ്പിള്ള ഭാസ്കരക്കുറുപ്പു് എന്ന ഒരു പലകയും എഴുതിവയ്ക്കു. ഫലം പിടിച്ചുപറിയും, ഏഷണികൂട്ടലും തമ്മിത്തല്ലും . അപ്പോൾ സമാപ്തി.
കാര്‍ത്തിക്കുട്ടി: പലക എഴുതിവച്ചു കച്ചവടം നടത്തുന്നവരുടെ യോഗ്യത കണ്ടല്ലയോ ഞങ്ങൾ പഠിക്കേണ്ടതു്? നിങ്ങൾ ഒരു പലകയിലിരുന്നു പഠിച്ചിട്ടും, ഇന്നു് ആ രാമൻകുട്ടിമേനോൻ-എന്തു അന്തസ്സുള്ള കൊച്ചുപ്രഭു-അദ്ദേഹത്തെ തല്ലുകൊള്ളിക്കാൻ നോക്കിയില്ലയോ?
ഭാസ്കരക്കുറുപ്പു്: ചുട്ടിന്റെ രണ്ടു തലയ്ക്കലും തീകത്തിക്കുന്ന ഈ മട്ടു ഉണ്ണായിഅദ്ദേഹം പറഞ്ഞ 'തരുണീനാം മനസ്സിൽ മേവും കുടിലങ്ങ'ളിൽ ഒന്നാണു്. മറിച്ചാണു പക്ഷമെങ്കിൽ ഇക്ഷണം അതു പറ്റിച്ചേക്കാം. ഓഹോ കാലദേവീ! നീ ദേവത്വം കൈവിട്ടുകളഞ്ഞു. അതിനാൽ മഹിളാലോകവും പുരുഷനെ തുടര്‍ന്നു പുറത്തെല്ലാം വിശാലനയം, അകമേ കുടുസ്സായ കുടിലത്വം എന്നിങ്ങനെ ദ്വിമുഖത്വം അനുഷ്ഠിക്കുന്നു. ഈ ജാതി ആലോചനക്കാരോടു കൂടിയാൽ, മുട്ടും മുതുകെല്ലും മൂര്‍ദ്ധാവും തകർന്നുപോകും. വരൂ വേലപ്പൻപിള്ളേ! ഈ മനോഹരസന്ധ്യാരംഭത്തിൽ കുലഗിരികൾ നാമജപത്തിൽ കണ്ണടച്ചിരിക്കേ, രാമൻകുട്ടിമേനോൻ ഗോമതിക്കുട്ടിയെ വരിച്ചും ഹരിച്ചും തിരിക്കട്ടെ.
(വസുമേനവൻ പ്രവേശിക്കുന്നു.)
വസുമേനവൻ: ഹേ! ഇതാ ഈ പണ്ടത്തെ കൈനോക്കീട്ടു് ആ സ്വയംവരം നിവര്‍ത്തിക്കാൻ എഴുന്നെള്ളു.
വേലപ്പൻപിള്ള: (ഭാസ്കരക്കുറുപ്പിനോടു്) ഞാനില്ലെജമാനനെ. ആ കുണ്ടു കൊണ്ടുക്കൊടുത്ത നെടുംകവറു് എഴുത്തു് അകത്തുള്ള കടലാസിനെ വീണ്ടും വീണ്ടും വായിച്ചപ്പോൾ വലിയ യജമാന്റെ സ്വരം പൊങ്ങിത്താണു്, അപ്പടിയെ ഉറക്കവുമാണു്. ഇങ്ങനെയുള്ള മോഹനാസ്ത്രക്കാരുടെ നേര്‍ക്കു് പടയാളിയാവാൻ ഞാനാളല്ല.
ഭാസ്കരക്കുറുപ്പ്: (വസുമേനോനോടു്) തന്റെ ഉള്ളം കൈ ഇങ്ങു കൊണ്ടരൂ. ഞാൻ പിടിച്ചുകലുക്കീട്ടുള്ളതാണ്. ഈ ഭാസ്ക്രീദേവിയെ അതുകൾ ചേര്‍ത്തൊന്നു് കുമ്പിട്ടു് അനുഗ്രഹത്തേയും ആനുകൂല്യത്തേയും പ്രാര്‍ത്ഥിക്കൂ.
വസുമേനവൻ: താൻ സമ്മതിക്കാഞ്ഞല്ലേ ഹേ! കണ്ട ക്ഷണത്തിൽ കൈകൊടുത്തു, കൈമടക്കിലാക്കി, ഒരാട്ടവുമാടാൻ പഠിച്ചുവന്നിരിക്കുന്നവനല്ലേ ഞാൻ?
ഭാസ്കരക്കുറുപ്പ്: എന്തു നാൺസൻസ് പറയുന്നു ഹേ! അങ്ങനെയെങ്കിൽ നമ്മുടെ പര്യമ്പുറത്തു താൻ അടുത്തുകൂടാ.
വസുമേനവൻ: ഇപ്പറയുന്നതും നിങ്ങൾ പ്രവർത്തിക്കാൻ തുടങ്ങിയതും പെരുത്തു പെരുത്തു സെൻസാണെന്ന് തോന്നും. കേൾക്കു ചേട്ടാ, നിങ്ങൾ ഗോമതിക്കുട്ടിയെ ആ രാമൻകുട്ടിമേനോനോടു അയയ്ക്കാമെങ്കിൽ, എന്റെ ഉള്ളങ്കയ്യിൽനിന്നും ഒരു രോമമല്ല, മീശ പിഴുതു തരാമെന്നു ഞാൻ വാതുപറയുന്നു. (രാമൻകുട്ടിമേനോൻ പ്രവേശിക്കുന്നു.)
രാമൻകുട്ടിമേനോൻ: എന്തോന്നാ കൂ-കൂട്ടരേ എന്റെ പേരിനെ ഇട്ടു നിങ്ങൾ വൃഥാ പന്തടിക്കുന്നതു്? കഥ ഇങ്ങനെയെല്ലാമാണെന്നു ഞാൻ അറിഞ്ഞിരുന്നെങ്കിൽ ഈ ഗ്രഹപ്പിഴയിൽവന്നു ചാടൂല്ലായിരുന്നു.
വസുമേനവൻ: കണ്ടതു വലിയ സന്തോഷം! മത്സരമുണ്ടെന്നു് ഒട്ടും സംശയിക്കരുതു്. കഥ മുഴുവൻ മനസ്സിലായി.
രാമൻകുട്ടിമേനോൻ: ആയി ആയി! -നിങ്ങൾക്കും പ്രിയയ്ക്കും ദീര്‍ഘകാലസൗഭാഗ്യം ആശംസിക്കുന്നു.
ഭാസ്കരക്കുറുപ്പു്: (വിരൽ കുടഞ്ഞു്) ഛെ, രസംകൊല്ലികൾ! ഒരു പെണ്ണെക്കൊതിച്ചു", രണ്ടു തൂണന്മാർ ഇടഞ്ഞിട്ടു്, തങ്ങളിൽ കണ്ടപ്പോൾ എണങ്ങു കൊണ്ടാടുന്നതു കണ്ടില്ലയോ? ഓരോ മരം പറിച്ചു അങ്ങോട്ടും ഇങ്ങോട്ടും തല്ലി തലപൊളിക്കാണ്ടു്! കഷ്ടാൽ കഷ്ടതമം! എന്താ മിസ്സസ് കുറുപ്പു മിണ്ടാത്തതു്? വീരയോധന്മാരുടെ കാലം ശ്മശാനം പ്രാപിച്ചുപോയി. ഈ അരസികക്കാമ്പന്മാരു്, മൃണാളനാളന്മാരു്, പണപ്പലകക്കാരു്, ഈ തുച്ഛധര്‍മ്മന്മാരുടെ കാലം സമാഗതമായിപ്പോയി. ഹമ്മേ! ലോകത്തിന്റെ മഹിമാനജ്യോതിസ്സ് അസ്തമിച്ചും അപൗരുഷതിമിരം എങ്ങും വ്യാപരിച്ചുകൂടി.
രംഗം ഏഴ് (51-54)
കാര്‍ത്തിക്കുട്ടി: (പിന്നോക്കം മാറീട്ട്) എനിക്കൊന്നും അറിഞ്ഞുകൂടാ. ചെറിയച്ഛനെ എല്ലാരുംകൂടി ഇട്ടു വട്ടംകറക്കുന്നതും ഇവരെ തമ്മിൽ ശണ്ഠപിടിപ്പിക്കുന്നതും ഇനിയെങ്കിലും നിറുത്തണം.
ഭാസ്കരക്കുറുപ്പും: ഒരു നായർ മഹതിയുടെ അഭിപ്രായമാണിത്. ആരുമറിയാതെ നമ്മുടെ കുഞ്ഞിനെ തട്ടിച്ചുകൊണ്ടുപോകാൻ വന്ന ശത്രുവെ, രാമനല്ലാ രാവണമേനോനാകട്ടെ- ആ ഒളിയമ്പനു കന്യകാദാനം ചെയ്‍വാൻ ഒരുങ്ങിയ ചേദിരാജാവിനെ -ഈ ഘടോല്കചൻ ഇപ്പോൾ സംഹരിച്ചേക്കുന്നുണ്ടു്.
വസുമേനവൻ: വരൂ രാമൻകുട്ടിമേന്നേ, ഈയാളുടെ ഭ്രാന്തു കേൾക്കാൻ നില്ക്കേണ്ട. അയാൾക്കു ഭാര്യയുടെ ശകാരം അടിക്കടി കേൾക്കുക സംഗീതമാണു്, അമൃതാണ്. അതു രഹസ്യമായി നടക്കട്ടെ. നാം ശ്രോതാക്കളാകേണ്ട- വരൂ, ഈ ഉദ്യാനത്തിൽ ചുറ്റിനടക്കാം. അതിനിടയിൽ ചില വിശേഷരഹസ്യങ്ങൾകൂടി അറിയിക്കാം.
രാമൻകുട്ടിമേനോൻ: അതെല്ലാം ഭാസ്കർതന്നെ പറഞ്ഞുകഴിഞ്ഞു. എന്റെ മുറിയിൽ വന്നു് ഇതുവരെ തന്റേയും സാധു ഗോമതിഅമ്മയുടേയും പ്രണയ വൈവശ്യങ്ങൾ അഭിനയിക്കയായിരുന്നു.
ഭാസ്കരക്കുറുപ്പു്: എടോ വസുമേൻ! തനിക്കും ഒരു കഴഞ്ചെങ്കിലും ആണത്വമുണ്ടെങ്കിൽ അതാ അപ്പറഞ്ഞതിനെങ്കിലും ഒന്നു കൊടുക്കു. തന്റെ പ്രണയിനി അയാളുടെ 'സാധു ഗോമതിഅമ്മ' പോലും! എടോ കൈകൊണ്ടു മാത്രമല്ല ചെകിടത്തു് അടിക്കുന്നതു്. വാക്കിലും കിട്ടും. വ്യല്പത്തിയില്ലാത്ത ശീമയാടികളായാൽ മറ്റുള്ളവരെന്തു ചെയ്യും? അഗസ്ത്യർ ശ്രീരാമനോടു പറഞ്ഞതു് ഓര്‍ക്കുന്നുണ്ടോ? 'സാധുക്കളാകുന്നതു സമചിത്തന്മാരല്ലൊ?' എന്നാണു്. ഭാര്യമാരുടെ സമചിത്തത ഭര്‍ത്താക്കന്മാരെ ഭാന്തുപിടിപ്പിക്കുമെന്നാണ് ഞാൻ കണ്ടിട്ടുള്ളതു്. അല്ല ഗോമതിഅമ്മയുടെ പ്രണയധാര നിങ്ങൾ രണ്ടുപേരും വീതിച്ചുകൊള്ളാനാണു ഭാവമെങ്കിൽ ഇവനു് രണ്ടുപേരും ഒപ്പം ബന്ധുക്കള്‍ - ശണ്ഠയില്ല - ആയുധം വെച്ചു.
രാമൻകുട്ടിമേനോൻ: ശെ- ശെ! -എ-എ-എന്തു്-
ഭാസ്കരക്കുറുപ്പ്: അല്ലെടോ-ബീ-സി- ഡീന്നാണു 'എ' കഴിഞ്ഞു്-
വസുമേനവൻ: ആഭാസൻ! ഗോമതിക്കുട്ടി കേൾക്കുകയാണെങ്കിൽ തന്റെ തലയിലെ ഒരു രോമം അവിടെ നിൽക്കൂല്ലെടോ.
(ഒരു ലഹള കേൾക്കുന്നു.)
വസുമേനവൻ: അതെന്തോന്നെടോ വേലപ്പൻപിള്ളേ?
ഭാസ്കരക്കുറുപ്പു്: പുകവണ്ടി ഇരുമ്പുപാത തെറ്റി നിങ്ങളെ കൊണ്ടു പോകാൻ വരുന്നതായിരിക്കാം.
(കുണ്ടുവും കണ്ടനും കൂടി പിടികൂടി പുറകേ മുതലിയാരുമായി പ്രവേശിക്കുന്നു.)
കുണ്ടു: (വ്യസനത്തോടെ) ഇതെന്തു പിടിച്ചുപറിരാജ്യം! കണ്ടെടുത്തു വന്നു കിടന്നോണ്ടു്, ഉണക്കച്ചോറു തിന്നപ്പോൾ അവന്റെ എല്ലിനിടയിൽ കേറിക്കുത്തി, കുത്തിക്കൊല്ലാൻ വരുന്നു.
കണ്ടൻ: (കരഞ്ഞുകൊണ്ടു്) കാലമാടൻ വച്ചു് ഇതാ എൻെറ മുതുകിൽ ഇടിച്ചു, ഇഞ്ചപ്പതയാക്കിക്കളഞ്ഞു. മുതലിയാർ അയ്യാവു സാക്ഷി.
കുണ്ടു: (കരഞ്ഞുകൊണ്ടു്) ഓടാ ഓടാ! എന്റെ മണ്ടയെല്ലാം ദോശയ്ക്കാട്ടിക്കളഞ്ഞതിനു സാക്ഷി ഈശ്വരൻ. മഹാപാപി പട്ടാപ്പകലേ മോട്ടിച്ചേച്ചു്-
മുതലിയാർ: ഛട്ട് ചട്ട് ! പേശാതുങ്കോ. തിരുട്ടുപ്പയകൾ സത്രത്തിലെ ശേവുകൾ കളവാണ്ടറുത് എന്ന മോശം, നമ്മൾ ഘനം കെട്ടു പോമാട്ടാതാ? യേ, കോലപ്പാമേനോൻ- അന്നു്- പിള്ളയവാൾ? അങ്കെ പോയി, സ്റ്റേഷനിലെ ജൽത്തി പോയി, കാൺസ്റ്റബിളെ അഴത്തുവാരുകൾ.
കുണ്ടു: (കരഞ്ഞുകൊണ്ടു്) ഇനി അക്കാലന്മാരുടെ ഇടികൊള്ളണമെന്നായിരിക്കും. അവനോന്റെ വീട്ടിൽ കിടന്നു പിഴപ്പുമുട്ടിയല്ലയോ കണ്ടെടുത്തു വിഴുപ്പേറ്റാൻ വന്നതു്. ഇനിയിപ്പം മാനവും കെട്ടു് ഈ കാക്കക്കൊറവന്റെ അടിയും ഇടിയും കൊണ്ടു ചാവാൻ-(കരയുന്നു.)
കണ്ടൻ: അതേടാ, അതേടാ. ചുമ്മാ കണ്ടവരുടെ മുതലു മോട്ടിച്ച് വല്ലടത്തും കുഴിച്ചുമൂടാൻ നടന്നാൽ അതു കണ്ടുപിടിച്ചവനോ കാക്കക്കുറവൻ?
കുണ്ടു: ഛീ നീയല്ലയോടാ (വസുമേനോനെ ചൂണ്ടിക്കാട്ടി) ഈയങ്ങത്തെ വെയിറ്റർ? നീയല്ലേ കാവൽ നിന്നതു്?
മുതലിയാർ: ആമെടാ ആം. അതുക്കെന്നെ? ഇന്ത ബെഡ്‌മാഷെ അല്ലാം നമ്പറതു് എപ്പടി? ഇങ്കേ വേയിറ്റർസ് കണ്ടൻ.
കുണ്ടു: അങ്ങനെ ഉത്തരവാകണം. ഞാൻ അങ്ങു മാളികയിലും. പിന്നെ ഈ കടലാസ് ഞാനെങ്ങനെ എടുക്കും ? ഇതാരുടേതു്?
കണ്ടൻ: അതിനെ നീയല്ലയോ സാമദ്രോഹി ഇവിടെക്കൊണ്ടു കുഴിച്ചുവയ്ക്കാൻ വന്നതു്?
വസുമേനവൻ: അതു നീ എങ്ങനെ അറിഞ്ഞു?
കണ്ടൻ: ഇവനാണ് ജമിന്ദാരുടെ മണിബാഗ് മോഷ്ടിച്ചത്.
കുണ്ടു: വസുമേൻ യജമാൻ പ്രമാണം മോട്ടിച്ചു.
മുതലിയാർ: അഡേഡേ! റൊമ്പപ്പേശണ്ടാം. ജായിൻറ് സ്റ്റാക്ക്സ് വ്യാപാരത്തിലെ ഒന്നുടെ ഷേയർ എത്തിനെ, അവനുടെ ഷേയർ എത്തിനൈ? പോങ്കോ പോങ്കോ, ഘനവാങ്കൾ വന്ത് ഇന്തക്കേസ് ഹീയർ നോ നോ യൂസ് സാറുങ്കൾ! പോങ്കോട! സ്റ്റേഷൻ, സ്റ്റേഷൻ! (പോകുന്നു.)
രാമൻകുട്ടി മേനോൻ: ആ കടലാസ്സെന്താണോ? ഈ മുതലിയാർ ആ മോഷണത്തിൽ ഉള്ളാണു്!
ഭാസ്കരക്കുറുപ്പു : (വസുമേനോനോടു്) ഹെ! കള്ളസ്സന്യാസി! തന്റെ വെയിറ്റർ എന്തു മോഷ്ടിച്ചു? അല്ലെങ്കിൽ താൻ എന്തു മോഷ്ടിച്ചു?
വേലപ്പൻപിള്ള: എന്തായാലും അതു വലിയങ്ങത്തേ അടുത്തു് അഞ്ചു മിന്നിറ്റിനകം എത്തും.
ഭാസ്കരക്കുറുപ്പു: (വേലപ്പനോടു സ്വകാര്യമായി സംസാരിച്ചിട്ടു്) എന്നേ രസികാ ! അമ്മാവന്റെ ഇനിയത്തെ അഭിപ്രായഗതി (ഉച്ചത്തിൽ) ഹഹഹ! അയ്യോ! ഞാൻ നിലവിളിച്ചു ചാടി ആടിപ്പോകും കാര്‍ത്തിക്കുഞ്ഞേ! വേലപ്പരെ പിടിച്ചോ! നമ്മുടെ പ്രിയ എങ്ങു? ഇവൻ ചിരിച്ചു തലതകർന്നു സ്വഗ്ഗം ചേരും.
രാമൻകുട്ടിമേനോൻ: എ-എന്താ ഇത്രയിളക്കം?
വസുമേനവൻ: സത്രത്തിലോട്ടു പോകാം. അല്ലാതെ ഈ ഇളകിയാട്ടം നിലയ്ക്കൂല്ല. (പോകാൻ തിരിയുന്നു )
ഭാസ്കരക്കുറുപ്പ്: ആ കള്ളനെ പിടിച്ചുകൊള്ളണെ. പിടിച്ചുകൊള്ളണെ. മറവത്തക്കിടിക്കാരനെ!
കാത്തിക്കുട്ടി: എന്തിളക്കമിതു്!
രാമൻകുട്ടിമേനോൻ: എ-എ- എന്താ ഭാസ്കരക്കുറുപ്പേ?
(വമേനവൻ കുണ്ടുവിന്റെ കൈയിൽനിന്നും ഒരു കവർ പിടിച്ചുപറിച്ചു കൊണ്ട് ഓടുന്നു. പുറകെ പിടികൂടാൻ ഭാസ്കരക്കുറുപ്പു പായുന്നു. മറ്റുള്ളവർ തുടര്‍ന്നു പോകുന്നു.)
(കർട്ടൻ)
രംഗം എട്ട് (55-59)
രംഗം എട്ട്
[സത്രം. ചേന്നൻപിള്ളയുടെ മുറി. അയാൾ വടിയുമായി നിലത്തു മുട്ടുകുത്തി ഇഴഞ്ഞ് കട്ടിലിന്റെ അടിയിലും മറ്റും പരിശോധിക്കുന്നു.]
ചേന്നൻപിള്ള: ഇതെന്തു ചെപ്പടിവിദ്യ! രുഗ്മാംഗദന്റെ പൂങ്കാവനത്തിലെ പൂക്കൾ പോലെ അല്ലയോ ഓരോന്നു കാണാതെ പോകുന്നതു്? അരനാഴിക കണ്ണടച്ചു കിടന്നു. അതിനിടയിൽ ഏതു കഴുകനോ അക്കടലാസ്സിനെ ഭസ്മം പൊതിയാൻ റാഞ്ചിക്കൊണ്ടു പോയി. (എഴുനേററുനിന്നു നിവര്‍ന്നിട്ടു, കട്ടിലിൽ ഇരുന്നു) ആ മുതലിയാർ പാതാളം തോണ്ടി. അവൻ ഉത്തരം പറയണം. അല്ലെങ്കിൽ പോട്ടെ. മനസ്സില്ലാതെ തന്നതു ചീന്തിപ്പോയി. ഇന്നത്തെ തപാലിൽ വന്ന രജിസ്റ്റർ പ്രമാണം ഇരുട്ടുമ്മുമ്പു പറന്നുകളഞ്ഞതും നശിച്ചുപോകട്ടെ എന്നുവച്ച് അയച്ചുതന്നതുകൊണ്ടല്ലയോ? അങ്ങോട്ടൊഴിപ്പിച്ച ഇരുന്നൂറുപറക്കണ്ടവും തീറെഴുതി നമ്മുടെ പേര്‍ക്കു്- അര്‍ത്ഥം ശുളുവും -നാല്പതിനായിരം പണം. ആരും കണ്ണടച്ചോണ്ടു അതിൽ മൂവിരട്ടി പണയത്തിനു തരും. എന്നു മാത്രമോ! പൊരുൾച്ചെലവുസംഖ്യ ആ വസു ആവശ്യപ്പെടുമ്പോൾ കൊടുത്താൽ മതി എന്നൊരു വ്യവസ്ഥയുമുണ്ട്. അതിന്റെ ലാക്കോളു് ഏതു കുരുടനും ഏതിരുട്ടിൽപ്പോലും കാണാം. എടാ വസുക്കുട്ടീ! നിന്റെ അച്ഛൻ ആ കുമാരൻനായരും ആളുകളെ നക്കിക്കൊല്ലുമെടാ. മകനു പെണ്ണുകിട്ടാൻ നാല്പതിനായിരം എന്നു ലേലം! ഭേഷടാ ഭേഷ്! വലിച്ചെറിഞ്ഞിരിക്കുന്നതു കണ്ടില്ലെ? -കൊടുത്തുകളയാം. ആ കൊച്ചൻ തന്നെ കൊണ്ടുപോകട്ടെ. എന്തായാലും പെണ്ണിനെ ഒരു കുരങ്ങന്റെ വാലിൽ തൊങ്ങിക്കണം. ആ രണ്ടു വിരലുകാരൻ വിക്കൻ കൊണ്ടുപോട്ടെ എന്നു മൂവായിരം തട പറഞ്ഞേക്കാം. ആ ഗോമതിയും തള്ളയും അവരുടെ പറ്റം മുഴുവനും തന്നെ, വെട്ടുകത്തിയും എടുത്തുകൊണ്ടു നില്ക്കുന്നതിനും ഒരമര്‍ച്ചയും അതോടെ വരട്ടെ. (കുറച്ചു ചിന്തിച്ചിട്ടു്) ആ വസു കോണസ്സലാങ്ങാരൻ വന്നപ്പോൾ അവനെ പിണക്കി അയയ്ക്കുയും ചെയ്ത അല്ലല്ലെ!-പിന്നെ- ലാവു ലായല്ലയോ? അതിന്റെ കുത്തു തിളങ്ങുന്ന മുന ചൂണ്ടിക്കാട്ടുന്നതെന്തു? ഹാ! - പ്രമാണം കയ്യിൽ ഇല്ലാതെ കരാറു നിറവേറ്റി എന്നെങ്ങനെ വാദിക്കും? വസ്തുവിൽ പ്രവേശിക്കുന്നതെങ്ങനെ? 'ചങ്കരൻ ചിങ്കരൻ ചേനനടു'മ്പടി തോണ്ടിനോക്കുമ്പോൾ കുന്തക്കാലെന്നുവന്നാൽ- (തിരിഞ്ഞുനോക്കി) അതാരു?
(മുതലിയാർ പ്രവേശിക്കുന്നു.)
മുതലിയാർ: റൊമ്പ സന്ദോശമാച്ചയ്യ- എഴുന്തിരുക്കറതേ-ആഹാ! ഭൈറപ്പാഡാക്ടർ-
ചേന്നൻപിള്ള: അക്കുറവനും തനിക്കും 'സന്ദോശ'ത്തിനു കുറവെന്തു? തന്റെ സത്രത്തിലോട്ടു തിരിഞ്ഞപ്പോൾ തുടങ്ങി നമുക്കു കണ്ടകശ്ശനി. ഇവിടെ ചവുട്ടിയപ്പോൾ മുതൽ നാക്കിൽ ഗുളികൻ. ഭാഗ്യസ്ഥാനത്തു നഷ്ടാധിപൻ! അതും ഇതും പോയതെല്ലാം ക്ഷമിക്കാം പ്രമാണത്തിനു താൻതന്നെ ഉത്തരം പറയണം,
മുതലിയാർ: എന്നയ്യാ, എന്തപ്പിറമാണമയ്യാ?
ചേന്നൻപിള്ള: എന്ന കിന്ന എന്നു ചോദിച്ചുകൊണ്ടു നില്ക്കും. ഇതെളുപ്പപ്പെട്ട കാര്യമല്ല ഹേ! കാലിൽ തളയാണു്. വട്ടത്തള-ഇരുമ്പിൽ ഇരട്ടത്തണ്ട. കേട്ടോ ഹേ!
മുതലിയാർ: എന്നയ്യാ! ആടുമാടെ ഓടിക്കറപടി നമ്മെ ഹയി ഒയി എന്റു തിട്ടറതു! താങ്കൾ പരിമാണം താങ്കളോടുതാനിരിക്കലാം. കാലുക്കെപ്പടി ഇരുക്കയ്യാ? പെയിൻസ് ജാസ്തിയാ-
ചേന്നൻപിള്ള: താനിപ്പോൾ തായും പൊണ്ടാട്ടിയുമാകേണ്ട. എന്റെ പ്രമാണം കൊണ്ടുവരൂ- അതിനുത്തരം പറയൂ. തൻെറ സുനാമണിക്കാർ എല്ലാം കള്ളക്കൂട്ടം! കുണ്ടനും കണ്ടവനും മലപതുക്കന്മാരു് അസിസ്റ്റാൻറു വേലേന്തി ഭൂമിപിളര്‍പ്പൻ! തന്നെ കണ്ടിട്ടു അറുപത്തിനാൽക്കോൽചുറ്റുണ്ടെങ്കിലും, ത്രിഭുവനം പൊടിഡപ്പി കൊണ്ടളന്നുകളയുന്ന വാമനമൂർത്തി എന്നു തോന്നുന്നു.
മുതലിയാർ: (ആത്മഗതം) നമ്മെ മൊതലാളർ ജയിക്കിറാങ്കോ? അവർ മോഴയിലെ ഭുത്തി കുടിയിരിക്കും. പിറമാണത്തെ അനുപ്പി അപ്പടിയേ ഡീഭറാഗ് കാണവില്ലെ. കണ്ടുപ്പയലെ അനുപ്പിസാപ്പാക്കിപ്പുട്ടാംഗം (പ്രകാശം) എന്നയ്യാ വേലപ്പർ യാരസിസ്റ്റാന്റ്? നമതല്ലൈ. താങ്കളുടെ വിശാരിപ്പാക, ഇങ്കെ പെരുമാറകിറതു. നമ്മ അസിസ്റ്റന്റു്? ഹും !
ചേന്നൻപിള്ള: എന്നാൽ കള്ളനവൻതന്നെ. കൊണ്ടുവരു, അവനെ ഇപ്പോൾ വയ്പിക്കണം കാലിൽ ചങ്ങല. പുടകൊട ഊണനെപ്പോലെ അവൻ ഉന്തിക്കേറി. ശ്രമക്കാരൻ, പന്തിഭരിപ്പൻ, വിശറിക്കാറൻ-എല്ലാവേഷവും ആടീട്ടു മോഷണവുമോ? ഡാക്ടരെ വിളിക്കുന്നു-വെച്ചുകെട്ടുന്നു - വീശുന്നു- തടവുന്നു-പിരട്ടൻ പിരട്ടൻ! കൊടുമ്പിരട്ടൻ ! പിടിച്ചുകെട്ടും ആ അറുവലയാനെ.
മുതലിയാർ: നമ്മൾക്കെന്ന അത്താറിറ്റി സാർ? താങ്കൾ ജയിലിലെ അനുപ്പുങ്കൽ.
ചേന്നൻപിള്ള: (ദേഷ്യപ്പെട്ടെഴുനേററ്) ഇതെന്തു തന്തയില്ലാത്ത മട്ടെടോ? സത്രം തന്റേതു്. ശേവുകക്കാർ തന്റെതു്! മോട്ടിച്ചവനെ പിടിക്കാൻ അത്തയും അക്കാളും ഏതുപോലും ! കണ്ട സ്ഥിതിക്കു്, അടുത്തപോലെ താൻ കഴുത്തറപ്പിക്കും! അപ്പോഴും 'എന്ന സാർ!' എന്നു കൈമലര്‍ത്തിക്കളഞ്ഞാൽ തന്നെ ആണുങ്ങൾ വിട്ടേക്കുമോടോ? (പെട്ടെന്നു ലജ്ജ നടിച്ചും ഇരുന്നു കളയുന്നു.)
(വസുമേനവൻ പ്രവേശിച്ചു തൊഴുന്നു.)
(ആത്മഗതം) ഇതു രാമൻകുട്ടി - എന്തു മര്യാദ? എന്തു കുലതേജസ്സ് ! എന്റെ രാമൻകുട്ടിതന്നെ. ഈ കുഞ്ഞുംകൂടി എന്നെ വിഷമിപ്പിക്കാൻ ഇപ്പോൾ ഇവിടെ എത്തിയല്ലോ! (പ്രകാശം) ഇരിക്കിൻ അപ്പനെ, ഇരിക്കിൻ നന്നായ് ക്ഷീണിച്ചിരിക്കും. മുതലിയാരെ! വിശപ്പിനും ദാഹത്തിനും വല്ലതും വേഗം കൊണ്ടരാൻ പറയൂ -നമ്മുടെ കണക്കിൽ.
വസുമേനവൻ: സന്ധ്യ കഴിയട്ടെ. അവിടുത്തേക്കു സുഖമായിരിക്കുന്നതു കണ്ട് വലിയ സന്തോഷം!
ചേന്നൻപിള്ള: (ആത്മഗതം) മറ്റേ മേച്ഛന്റെ ഞൊട്ടിസ്സലാമും തവളത്തൊണ്ടയും കൊണ്ടു് തൊലഞ്ഞപ്പോഴേ ഗുണം പിടിച്ചു! ഇംഗ്ലീഷ് പഠിച്ചു എന്നുവച്ചു നാടും മൂടും മറക്കണമെന്നില്ല. ഇതാ, ഉടൻ കറന്ന പാലുപോലെ എന്തു വെണ്മ, എന്തു ശുദ്ധി, പ്രകാശം ! ഇയ്യാളെ കിട്ടാൻ ആ ഗോമതിത്തേളു തൂശിമേൽ തപസ്സുചെയ്യണം. (പ്രകാശം) ഇരിപ്പിൻ അപ്പനേ! മറ്റതെല്ലാം ഇരുട്ടുകാലത്തെ മട്ടു.
(വസുമേനവൻ ഇരിക്കുന്നു.)
(ദീഘനിശ്വാസത്തോടെ) കേട്ടോ കൊച്ചുമേനവൻ | നാം നീക്കുപോക്കില്ലാത്ത ഒരു കുരുങ്കടുക്കിൽ അകപ്പെട്ടിരിക്കുന്നു. ഇന്നു ഉച്ചയ്ക്കുമുമ്പായി വന്നിരുന്നെങ്കിൽ- (മുതലിയാരോടു്) താനെന്തിനെടോ അവിടെ മലപോലെ നില്ക്കുന്നതു? പോകൂ! ഞങ്ങൾക്കു ചില സ്വകാര്യങ്ങൾ പറവാനുണ്ടു്.
മുതലിയാർ: നാൻ പോനാലും അതു രഹസ്യമായിരിക്കാതയ്യ. വേറൊരുവർ ഇതോ വന്തുട്ടാർ-
(രാമൻകുട്ടിമേനോൻ പ്രവേശിക്കുന്നു.)
ചേന്നൻപിള്ള: (ആത്മഗതം) ശനികേറി കഴുവേറ്റുക എന്നു പറയുന്നതും ഇതാണ്! ഇതിനു പോയി പാതാളം പാഞ്ഞുകൂടായിരുന്നോ? കാലല്ല, തല പൊളിഞ്ഞു എന്നു പറഞ്ഞുകൊണ്ടാലോ?
രാമൻകുട്ടിമേനോൻ : ഞാൻ യാത്രപറവാൻ വ-വ-വന്നതാണു്.
ചേന്നൻപിള്ള: എന്നാൽ ചെല്ലാം. കച്ചവടങ്ങളോ മുടങ്ങേണ്ടാ, വിളിക്കാണ്ടു ചെന്നാൽ ഉണ്ണാതെ പോകാം, എന്നു കേട്ടിട്ടിലോ കുഞ്ഞു്? പോയിവരിൻ-പിന്നെക്കാണാം.
(രാമൻകുട്ടിമേനോൻ പോകാൻ തിരിയുന്നു. ഭാസ്കരക്കുറുപ്പു പ്രവേശിച്ച് ഒരു കടലാസ് ചേന്നൻപിള്ളയുടെ കൈയിൽ കൊടുക്കുന്നു.)
(എഴുത്തു വാങ്ങിച്ചു നോക്കീട്ട്) ഹ ഹ ഹ ഹ! നിൽപ്പിൻ നിൽപ്പിൻ. ഒരു സ്വൈരക്കേടു വരുമ്പോൾ, നാക്കും ബുദ്ധിയും കാട്ടിൽക്കേറിപ്പോവും. എന്തു പറഞ്ഞു ഞാൻ? എന്റപ്പൻ; ഇക്കാട്ടിലെട്ടി പറഞ്ഞതൊന്നും വകവെയ്ക്കരുതു്. ഒരു അകം തളർച്ചകൊണ്ടു എന്തോ അന്ധാളിപ്പുണ്ടായി. അതു നീങ്ങി (വസുമേനോനോട്) എന്നാൽ പിന്നെ കാണാം. സന്ധ്യകഴിഞ്ഞു- (മുതലിയാരോടു്) കൂടിച്ചെന്നു വല്ലതും തീറ്റിച്ച്, ബീലും കൈയോടെ കൊടുക്കൂ.
ഭാസ്കരക്കുറുപ്പു്: നമ്മുടെ മേനവൻ അമ്മാവനെക്കണ്ടു് ഒരു കാര്യം പറവാൻ വന്നതാണു്.
ചേന്നൻപിള്ള: അതല്ലോ മറ്റുള്ളവർ പോട്ടേന്നു ഞാൻ പറയുന്നതു്? നീ എവിടംകൊണ്ടു് എന്തു മനസ്സിലാക്കുന്നു? വലിച്ചെറിഞ്ഞതു വായിൽവന്നു വീഴുമ്പോൾ, എടാ അതിന്റെ പേരും ദൈവസങ്കല്പം എന്നാണു്. (വസുമേനോനോടു്) എന്നാൽ ചെന്നേച്ചു വരുവിൻ.
മുതലിയാർ: (വസുമേനോനോടു്) വാംഗോ സാർ, വാംഗോ! ഒരു പെണ്ണു കിടയ്ക്കു ഇവളവു വരുത്തമാ? മാരാശർ പോച്ചൊല്ലുകൾ.
ചേന്നൻപിള്ള: നോക്കൂടോ-ആളും തരവും അറിയാതെ സംസാരിച്ചാൽ അനുഭവം കൊണ്ടറിയും.
രാമൻകുട്ടിമേനോൻ: നി--നി- നിങ്ങൾ ശണ്ഠകൂടേണ്ട, എല്ലാം ഞാൻ പറഞ്ഞു ശ- ശ- ശരിയാക്കാം. (കുണ്ടു പ്രവേശിക്കുന്നു.)
കുണ്ടു: എന്റെ പൊന്നുമുതലാളി! ആ കടലാസു ഞാൻ ഉത്തരവനുസരിച്ചു തട്ടിച്ചതല്ലയോ? (ഭാസ്കരക്കുറുപ്പിനെ ചൂണ്ടിക്കാണിച്ചിട്ടു്) ആ നിക്കുന്ന കൊച്ചങ്ങുന്നു മുകളിൽച്ചെന്നു് അവിടെ വിളിച്ചു പറഞ്ഞിട്ടാണു് ഞാൻ കടലാസും എടുത്തുകൊണ്ടു പോയതു്. കണ്ടൻ വന്നു ചുമ്മാ കണ്ടുപിടിച്ചതിനു് ഇവനെന്തു കുറ്റം?
മുതലിയാർ: ശത്തം ശത്തം ! പെരിയവർസഭയിലെ കട്ടിയക്കാരനാടുറതാ? പോ പോ കളുദൈ! (കണ്ടൻ പ്രവേശിക്കുന്നു.)
കണ്ടൻ: എന്നാപ്പിന്നെ ഞാനെന്തു പിഴച്ചു! കുണ്ടൂന്റെ കൈയിൽ ഒരു കടലാസു കണ്ടു അതിനെ പിടിച്ചുപറിക്കാൻ (വസുമേനോനെ ചുണ്ടിക്കാട്ടി) എൻെറ മാസ്റ്റർ ആർഡർ കൊടുത്തു.
ചേന്നൻപിള്ള: അടടാ! ഇതെന്തനര്‍ത്ഥമായി! എല്ലാ അലമാറും ഇങ്ങു കേറിവരുന്നതു് - ഒന്നിനെ പോകാൻ പറയുമ്പോൾ രണ്ടു കേറി വരുന്നു! കാലൊടിഞ്ഞു കിടപ്പാണെന്നും മറ്റും ആരും ഞെളിയണ്ട. നിങ്ങടെ തരങ്ങളറിവാൻ ഒരു കൗശലം എടുത്തു എന്നേയുള്ള. (വച്ചുകെട്ടും പുതപ്പും എടുത്തു കളഞ്ഞിട്ട് എഴുന്നേറ്റ്) എടോ മുതലിയാരെ! കണക്കിനുള്ള വാടക തന്നിട്ടാണു താൻ ഈ മുറി നമുക്കു വിട്ടുതന്നിരിക്കുന്നതു്. കണ്ടവർ വന്നും ഉപദ്രവിച്ചാൽ, സത്രത്തിന്റെ ഉടമസ്ഥരോടും ഞാൻ റിപ്പോർട്ടു ചെയ്യും.
(ചേന്നൻപിള്ളയുടെ കൈയിൽ വേലപ്പൻപിള്ള ഒരു കടലാസ് കൊണ്ടു കൊടുക്കുന്നു.)
വേലപ്പൻപിള്ള: ഒടിഞ്ഞ കാലു് ഇത്രവേഗം ഭേദമാക്കിയതിനു് ഇരട്ടി പീസാണെങ്കിലും, ഇരുനൂറ്റൻപതിനേ ഡാക്ടർ ബില്ലെഴുതീട്ടുള്ളു. അതു വലിയ ലാഭം എജമാനനെ! വേലപ്പനെക്കൂടി വിചാരിച്ചുകൊള്ളണം.
ചേന്നൻപിള്ള: ഒടിഞ്ഞതു നിന്റെ ഏതു തേവാങ്കിന്റെ കാലെടോ? ഛീ പിത്തലാട്ടക്കാരാ! നീ എവിടത്തെ ചങ്കുമാങ്ങി? കാലൊടിഞ്ഞോ? ഏതു ഉത്രത്തിൽകാലു് (വടി എടുത്തു്) മുമ്പിൽനിന്നു വികടസരസ്വതി വിളങ്ങിയാൽ ഒടിയുന്നതും ഇക്കോലാണു്, നിൻറെ കടുമ്പിടലിയിൽ.
ഭാസ്കരക്കുറുപ്പു്: അമ്മാവാ! സാഹസമരുതു്! ഇതു നമ്മുടെ ദിക്കല്ല-
രംഗം എട്ട് (60-64)
ചേന്നൻപിള്ള: സാഹസമോടാ? ഇരുനൂറ്റിഅൻപതുപോലും ! തിരുനീറോ, അതു്, വെള്ളത്തിൽ കുഴച്ചുപൂശൂടാൻ? പോവിൻ ! പോവിൻ! (വസുമേനോനോട്) താനും (രാമൻകുട്ടിയോടു്) തന്റെ അച്ഛനയച്ച ഈ പ്രമാണത്തിന്റെ കാര്യം കുറച്ചു പറവാനുണ്ടു്. അതുകൊണ്ടു സ്വല്പമിരിക്കു. ഗോമതീ! അയ്യെടീ ഘോമധീ!
മുതലിയാർ: കലിയാണം വരപ്പോകിറതു്- മീനാക്ഷി അമ്മാൾ സന്നിധാനം കടാക്ഷിക്കട്ടും.
ചേന്നൻപിള്ള: തന്റെ കടാക്ഷം! തന്റെ വിളഞ്ഞ ചുങ്കിലികളെയും എഴുന്നെള്ളിച്ചുകൊണ്ടു ആകാശം ചേരൂ.
(ഗോമതിയും കാര്‍ത്തിക്കുട്ടിയും പ്രവേശിക്കുന്നു.)
നോക്കു ഗോമതീ! ശണ്ഠയ്ക്കും വയ്യാവേലിക്കും ഞാൻ ക്ഷീണിച്ചു പോയി. (രാമൻകുട്ടിയെ കാട്ടി) ഇതാ നിന്റെ പരീക്ഷപ്പത്തായം . പത്തുപേരു കാൺകെ നടത്താനും ഊട്ടാനും ഉള്ളത് അങ്ങു ചെന്നിട്ടു ചട്ടംകെട്ടാം. (വസുമേനോനോട്) എന്തുചെയ്യാം രാമൻകുട്ടി? കൃഷ്ണസ്വാമിയേ, ദൂതിലെ- അതുപോലെ ഒരു കോന്ത്രാക്കുടുക്കിൽ ഉൾപ്പെട്ട ഒരു കരാറു പേശിപ്പോയി. അത് അലസി എന്നു വരുത്തിക്കൂടാ. നമുക്കടുത്തതല്ലാ. ആണോ?
രാമൻകുട്ടിമേനോൻ: ഒ-ഒ-ഹൊരിക്കലുമല്ലാ. ഞാനും നടന്ന കരാറിനെക്കുറിച്ചു് ആത്മനാ സന്തോഷിക്കുന്നു. രണ്ടുനാഴിക കഴിഞ്ഞു ഒരു വണ്ടിയുണ്ടു്. അതിൽ ഒരു സീറ്റെടുത്തു് മദ്രാസിലേക്കു മടങ്ങിക്കൊള്ളാം.
ചേന്നൻപിള്ള: (രാമൻകുട്ടിമേനോനോട്) നോക്കു നോക്കു്! താൻ മടങ്ങാനും ഒടിയാനും എന്തോന്നു്? ഏറെക്കിഴക്കു പോയാൽ ഇവിടങ്ങളിൽ മലയല്ലാ, കടല്. (സ്വഗതം) മറ്റുള്ളവൻ താഴ്ന്നപ്പോൾ അങ്ങേരു് എലവിൻകൊമ്പിൽ എഴുന്നെള്ളുന്നു!
ഭാസ്കരക്കുറുപ്പു്: അമ്മാവാ! (ശരിയായി ചൂണ്ടിക്കാട്ടി) അതു രാമൻകുട്ടിമേനോനാണു്- അതുകൊണ്ടു് മദ്രാസിലേക്കു മടങ്ങുന്നു.
ചേന്നൻപിള്ള: നീ -നിന്റെ ഭരദേവതയെന്നുമിരിക്കട്ടെ. എന്റെ കണ്ണു മിഴുമിഴാന്നിരിക്കുന്നതു നോക്കു്.
ഭാസ്കരക്കുറുപ്പു്: (വസുമേനവനെ ചൂണ്ടിക്കാട്ടി) ഈ ഇരിക്കുന്നതു -
ചേന്നൻപിള്ള: അവിടെ മരിക്കുന്നതു് നിന്റെ അമ്മുമ്മ അല്ലെങ്കിൽ അവരുടെ തള്ള. തികച്ചിൽ മൂക്കുമ്പോൾ ഒട്ടടമെന്നു എന്തിനു വയ്ക്കുന്നു?
രാമൻകുട്ടിമേനോൻ: ഞ- ഞ- ഞാൻ തന്നെ. (വസുമേനോനെ ചൂണ്ടിക്കാട്ടി) ഇദ്ദേഹം ആദ്യത്തെ അപേക്ഷക്കാരനെന്നു ഞാൻ അറിഞ്ഞില്ല. നടക്കുന്നവിധം എനിക്കും വലിയ സന്തോഷം. ഞ- ഞങ്ങളെല്ലാം സഹോദരബന്ധത്തിലുള്ള സ്നേഹിതന്മാരാണു്.
ചേന്നൻപിള്ള: ഇതൊക്കെ ഈ കുണ്ടൻ കിണ്ടന്റടുത്തു പറവിൻ. ആദ്യം വന്നതു് താനല്ലെങ്കിൽ ആരന്റപ്പനേ! ഭ്രാന്തുപിടിക്കുന്നതു് കണ്ടില്ലയോ? (മുതലിയാർ ചിരിക്കയാൽ) തന്റെ കരിക്കട്ട പല്ല് ഇവിടെ ആര്‍ക്കും കാണേണ്ട. കൊണ്ടു മറയത്തു പോവൂ. (വസുമേനവനോടു്) താനാരുകൂവേ? ഉടയതമ്പുരാനോ, കരുമ്പാവളപ്പിലെ പെരിയകണ്ടയോ?
വസുമേനവൻ: ഞാൻ ആരെന്നു ഗോമതിക്കുട്ടി പറയട്ടേ. ആദ്യത്തേയും എല്ലാ കാലത്തേയും അപേക്ഷക്കാരൻ.
ചേന്നൻപിള്ള: കുമാരൻനായരുടെ കുരുപ്പാണെങ്കിൽ വിക്കും വിരലു കോങ്കോണിപ്പും ലയാൾക്കായതെങ്ങനെ?
രാമൻകുട്ടിമേനോൻ : വാക്കിടറുന്നതും എനിക്കുതന്നെ-
ചേന്നൻപിള്ള: അതല്ലയോ ഞാൻ പറയുന്നതു്-താനിരിക്കു, മറ്റെല്ലാവരും അവരവരുടെ വഴിക്കു പോകട്ടെ എന്നു - (വടി ചുഴറ്റുന്നു.)
(കുമാരൻനായർ പ്രവേശിക്കുന്നു.)
കുമാരൻനായർ: അരുതരുതങ്ങുന്നേ-
ചേന്നൻപിള്ള: (ആശ്ചര്യത്തോടെ വിരമിച്ചു ആത്മഗതം) ആഹ! 'അങ്ങുന്നു!' അങ്ങനെ താഴെടാ പലവക കൺട്രാക്ടരെ! (പ്രകാശം) വരണം, വരണം. മകന്റെകൂടി വന്നതായിരിക്കാം?
കുമാരൻനായർ: അല്ലാ-പിന്നത്തെ വണ്ടിയിൽ വന്നു. അവൻ ചാടിപ്പോകുന്നതു കണ്ടു, ഞാനും പുറകേ വന്നു.
ചേന്നൻപിള്ള: (ആത്മഗതം) ലജ്ജയില്ലാണ്ട് ചാടിക്കേറി വന്നി രിക്കുന്നു! (പ്രകാശം) തൻ്റെ മകൻ മേസ്തരും ഇതിലാരാണു്? ഈ മുതലിയോ ആ കുണ്ടുപ്രഭുവോ?
കുമാരൻനായർ: അല്ലാ. അവർ രണ്ടുപേരും എൻറെ ശമ്പളക്കാരും. ഈ സത്രത്തിലെ ഒന്നുപാതി ഉടമസ്ഥത എനിക്കാണു്.
ചേന്നൻപിള്ള: എന്തോന്നു്! ഈ സത്രത്തിലെ ഒന്നുപാതി ഉടഞ്ഞ കുടമോ?
കുമാരൻനായർ: ഈ സ്ഥാപനത്തിൽ മുടക്കീട്ടുള്ള പണത്തിൽ ഒന്നു പാതി എന്റേതാണു്.
ചേന്നൻപിള്ള: ആഹാ!-അതിന്റെ നളിതന്നെയതാ ശമ്പളക്കാരിലും കാണുന്നതു്! ചുമ്മായല്ലാ ചങ്കുപുളയ്പ്പുകളു്. (പ്രമാണം തിരിച്ചുകൊടുത്തിട്ട്) ഇതാ ഇതു് തനിക്കുതന്നെ ഇരിക്കട്ടെ. അല്ലെങ്കിൽ ഇപ്പോൾ താൻ ഇങ്ങോട്ടെത്തിയതുപോലെ, ചത്താലും തന്റെ ഉയിരും അതിനെ ചുറ്റിസ്സഞ്ചരിച്ച്, വസ്തു അനുഭവിക്കുന്നവര്‍ക്കു വിനകൾ വരുത്തും. ഞങ്ങൾക്കു വയ്യാ, മന്ത്രവാദങ്ങളും മറ്റും കഴിപ്പിക്കാൻ.
കുമാരൻനായർ: (പ്രമാണം വാങ്ങി ഗോമതിക്കുട്ടിയുടെ കൈയിൽ കൊടുത്തിട്ടു) കുഞ്ഞേ! ഇതു വാങ്ങി വാണു്, കോടിയാക്കണം. സര്‍വ്വമംഗളവും നിന്നെ അനുഗ്രഹിക്കട്ടെ.
ചേന്നൻപിള്ള: പെണ്ണേ, പെണ്ണേ, അതു കടലാസു കീറിയോ നനഞ്ഞോ പോകും. ഇങ്ങു തന്നേയ്ക്ക്. നിനക്കും അതുവച്ചു സൂക്ഷിക്കാനും മറ്റും അറിഞ്ഞുകൂടാ. നിങ്ങൾ കോടിയോ കോടികോടിയോ കാക്കക്കോടിയോ ഉണ്ടാക്കിൻ. ഹ ഹ ഹ! അപ്പോൾ പിന്നെ ഇങ്ങേരോ ഇങ്ങേരോ ഇപ്പെണ്ണിനുവേണ്ടി പതിയിരുന്നവൻ? (കുമാരൻനായരെ പിടിച്ചിരുത്തി) ഹ ഹ ഹ! കാര്യങ്ങൾ എങ്ങനെ തിരിയുന്നു?
കുമാരൻനായർ: കൊച്ചപ്പൻ രാമൻകുട്ടിമേനോനെ വര്‍ണ്ണിച്ചതിൽ എന്തോ തെറ്റുകയോ ചെയ്തു. ഇതു രാമൻകുട്ടി, ഇതു ഗോമതിക്കുട്ടീടെ-
ചേന്നൻപിള്ള: കേട്ടോ വാസു. എന്തായാലും രാമേശ്വരത്തു് ഇപ്പിള്ളരേയും വലിച്ചിഴച്ചുകൊണ്ടു പോകണ്ട. എന്തോന്നു കൊച്ചപ്പാ, നീ എന്തു പറയുന്നു? രാമൻകുട്ടീ! താനും നമ്മുടെ കുഞ്ഞു്. നിങ്ങളെല്ലാം ഒന്നു്. ഇനിയത്തെക്കാലം പിള്ളരു പിടിച്ച തലയേ പൊങ്ങൂ . (വസുമേനോനേയും ഗോമതിയേയും അകലത്തു വിളിച്ചു) കൊച്ചുങ്ങളേ! ചേന്നനെ കളിപ്പിച്ചതെല്ലാം ഇരിക്കട്ടെ. നിങ്ങൾ ഓണം കൊണ്ടാടാൻ ചുറ്റിക്കൂടുന്ന ഉണ്ണന്തമ്പിമാര്‍ക്കു് കാപ്പിയും കീപ്പിയും കൊടുത്തും എല്ലാം കളഞ്ഞുകുളിച്ചു കരഞ്ഞുപോകരുതേ. മുന്തികൾ ഇറുക്കിക്കെട്ടിക്കൊള്ളണം. എന്നാലു് ഏതു കൊമ്പനും നടമടക്കി കുമ്പിടും.
വേലപ്പൻപിള്ള: ഞാൻ ഇനി എങ്ങോട്ടു്?
കുമാരൻനായർ: വസുവോട? -
വേലപ്പൻപിള്ള: ലവളോ?
കുമാരൻനായർ: അതു സംബന്ധിച്ച് നിങ്ങൾ ഉടമ്പടി കഴിഞ്ഞല്ലോ-
ഭാസ്കരക്കുറുപ്പും രാമൻകുട്ടിമേനോനും: അതിനു ഞങ്ങൾ സാക്ഷി. കുട്ടിപ്പെണ്ണിനു നല്ലകാലം വരുന്നു.
കാര്‍ത്തിക്കുട്ടി: അയാൾക്കു നല്ലകാലം വരുത്തിക്കൊടുക്കാൻ അനുജൻ ഏറ്റ കാര്യത്തിനു ഞാൻ സാക്ഷി.
മുതലിയാർ: ആമാ സാർ ! എല്ലാത്തുക്കും നാനും സാക്ഷി. ഭഗവാൻ കടാക്ഷത്താൽ മുച്ചൂടും മംഗളമാച്ചു്. യജമാനനുടെ കാൽ എപ്പടി ശരിയാകവന്തിട്ടതോ, അപ്പടിയേ അല്ലാം പസന്താകമുത്തായിക്കിറതു്.
ചേന്നൻപിള്ള: അപ്പോൾ പിന്നെ അടുത്ത നടപടി എന്തെന്നു ആരെങ്കിലും പറവിൻ. കൊച്ചപ്പൻ കല്ലുപ്പുള്ളയാരെപ്പോലെ നില്ക്കുന്നല്ലോ!
വസുമേനവൻ: ശ്രീമൂലം തിരുനാൾ പൊന്നുതിരുമേനിയുടെ അറുപത്തിരണ്ടാം തിരുവയസ്സ് ഈ 15-ാം തീയതി തികയുന്നു. ആ മഹോത്സവാവസരത്തിൽ സര്‍വാനുഗ്രഹദായകമായുള്ള അവിടത്തെ തിരുമേനി കണ്ടു തൊഴുതു് ആനന്ദിപ്പാൻ, നാം വേഗത്തിൽ തിരുവനന്തപുരത്തേക്കു തിരിക്കുകയാണു ശുഭം.
കാർത്തിക്കുട്ടി: അന്നു തിരുമനസ്സിലേക്കു ദീഘായുസ്സു പ്രാത്ഥിച്ചു നാഷണൽ ക്ലബ്ബുകാർ അഭിനയിക്കുന്ന നാടകം കാണ്മാൻ എത്തി, ആ സഭക്കാരുടെ വഞ്ചീശമംഗളപ്രാര്‍ത്ഥനയിൽ നമുക്കും ചേര്‍ന്നു പാടാം. ഇങ്ങനെ 'വഞ്ചിഭൂമിപതേ ചിരം'
(കർട്ടൻ)