Loading...
Home / സാഹിത്യം / പുതിയവ / നാടകങ്ങള്‍ / ബട്ളർ പപ്പൻ
Author: സിവി രാമന്‍പിള്ള

സിവി രാമന്‍പിള്ള

ബട്ളർ പപ്പൻ

പാത്രവിവരം (01)

 

-01-


പാത്രവിവരം


ഗോവിന്ദൻതമ്പി - ധനം ധൂർത്തടിച്ചു നശിച്ച ഒരു മാടമ്പി
രായിരപ്പണിക്കർ - പ്രായോഗികമതിയായ ഒരു പ്രഭു
ശങ്കരപ്പിള്ള - ഗോവിന്ദൻതമ്പിയുടെ സ്യാലൻ. നായികയുടെ അച്ഛൻ
ധനഹർ - തിരുവനന്തപുരം ബാറിലെ ഒരു അഭിഭാഷകപ്രധാനി
കൊച്ചുകൃഷ്ണപിള്ള - ഗോവിന്ദൻതമ്പിയുടെ പുത്രൻ. ദുർമ്മാഗ്ഗിയായ യുവാവ്
രമാചന്ദ്രൻ - രായിരപ്പണിക്കരുടെ പുത്രൻ. നായകൻ. സന്നതെടുക്കാൻ ഉദ്യമിക്കുന്ന ബാരിസ്റ്റർ
പപ്പു - ഗോവിന്ദൻതമ്പിയുടെ ഭൃത്യൻ
ഈച്ചരൻ - കൊച്ചുകൃഷ്ണപിള്ളയുടെ സന്തതസഹചാരി
ലക്ഷ്മിപ്പിള്ള - ഗോവിന്ദൻതമ്പിയുടെ കളത്രം
സരസ്വതി - ശങ്കരപ്പിള്ളയുടെ പുത്രി. അഭ്യസ്തവിദ്യയായ യുവതി. നായിക
വാല്യക്കാർ, അഭ്യസ്തവിദ്യരായ വഴിപോക്കർ, കാൺസ്റ്റബിൾ മുതലായവർ

 

രംഗം ഒന്നു് (02-05)

 

-02-


രംഗം ഒന്നു


[ഗോവിന്ദൻതമ്പിയുടെ താമസസ്ഥലം . ആഡംബരവേഷത്തിൽ, ഭസ്മവും രുദ്രാക്ഷമാലകളും ധരിച്ച് ഈസിച്ചെയറിൽ ഗോവിന്ദൻതമ്പി ഇരുന്നു ജപിക്കുന്നു.]

ഗോവിന്ദൻതമ്പി: 'ഹരേ! പങ്കജാക്ഷ ! ശൗരേ ! വിരൂപാക്ഷ സ്ത്രീലോചന മഹേശ്വരാ!'(കോളാമ്പിയിൽ തുപ്പിയിട്ടു്) ഇനി ചാവുകയാണു നല്ലത്. മാനംമുട്ടെ സ്ഥാനവും വലിയ സംബന്ധങ്ങളും എങ്ങനെ പുലർത്തുമോ ഈ പഞ്ചക്കാലത്തു്! അനന്തിരവരു വെറുത്തു. മകൻ പഠിച്ചു പൊന്നുകെട്ടി കഴുവിനു മുതുകു നീട്ടുണു. അരക്കാശിനിടം കൊള്ളാത്ത- നാരായണ, നാരായണ, നാരായണ! (കിഴക്കോട്ടു നോക്കീട്ടു്) തൊലഞ്ഞ മാടൻമാരെ ഒരു വഴിക്കയച്ചാൽ - രണ്ടു പറ്റുതിന്നുംമുമ്പു് തൊട്ടുതെറിക്കാഞ്ഞാൽ ദാക്തരന്മാരുടെ ഉപദേശം തെറ്റൂലോ? 'നാരായണ ഗോവിന്ദ മുരാരേ ഹരിശംഭോ!' ശവം! വഴിയിൽവച്ച് പൊട്ടിച്ചു മോന്തിക്കൊണ്ടുവരുന്നോ എന്തോ? കൈയിക്കിടന്ന മോതിരം പണയം വെച്ചു ഇന്നത്തേടം കഴിയുന്നു. അതിനിടയ്ക്ക് അവൻ പങ്കെടുത്തോണ്ടാ-തൊലിഞ്ഞു പോട്ടെ. 'ജാനകീമനോഹരാംഗസർവരത്നശോഭിതം' (മൂക്കു പിടിച്ചുകൊണ്ടു്) ഛ്ചാഃ ഇതെന്തൊരു കഷ്ടപ്പാടു്! ഏതാണ്ടോ ഉള്ളതു് ചട്ടിയിലും, പിടിച്ചു. (ഒരുവശത്തോട്ടു നോക്കി) എടീ അവലക്ഷ്മിപ്പിള്ളേ ! നിന്റെ കണക്കു്. ഇതും പുകച്ചു കളയാതെ. (മുന്നോട്ടു നോക്കി) ഓ: ഏഴരാണ്ടൻ നീങ്ങുന്നു. ആ കാലൻ പപ്പുവിന്റെ വരവായി. (കോപം നടിച്ച്) ശനിയന്മാരു്! മെനക്കേടില്ലാത്ത കൂട്ടം! തെങ്കടി പുളിയടി എന്നു തേരാപ്പാരാ നടക്കുന്നു. 'രാമകൃഷ്ണവാസുദേവാ!' മോക്ഷമെങ്കിലും കിട്ടട്ടെ! വയസ്സുകാലവും. 'രാമകൃഷ്ണവാസുദേവ! ഭക്തമുക്തിദായകം' (ചാടി എഴുന്നേറ്റ്) ഇതാ വന്നു (നെഞ്ചത്തു തടവി സന്തുഷ്ടഭാവത്തിൽ) വാ അപ്പനേ! ഇങ്ങു നേരേ വാ! ഇങ്ങാരും ഇല്ല. (മുന്നാട്ടു കടന്നതു് രണ്ടു പേരെന്നും തിരിഞ്ഞുപോകുന്നു എന്നും കണ്ടു പിന്നെയും കുപിതനായി) പന്ത്രണ്ടാം ശനിക്കു പിന്നെ! ആ കൊച്ചുകിട്ടുവും അവന്റെ മന്ത്രിയും. ഇങ്ങോട്ടുനോക്കു!

(കൊച്ചുകൃഷ്ണപിള്ളയും ഈച്ചരനും പ്രവേശിക്കുന്നു.)

എവിടെ, എന്തു നേദിക്കാൻ പോയിരുന്നു നീ? ഒന്നിനും കൊള്ളാത്തവന്മാർ! അടുപ്പുംകിടെ കിടന്നു കെട്ടപേരെങ്കിലും വരുത്താതെ ജന്മം എടുപ്പിക്കണ്ടയോ? ഈ ദൊരുവേഷം കെട്ടി കഴുത്തിക്കൊലമാലയും തൂക്കി ആരെ മൂടാനെഴുന്നള്ളിയിരുന്നെടാ നീ?

-03-


കൊച്ചുകൃഷ്ണപിള്ള : ഇതെന്തോന്നച്ഛാ! വിശക്കുന്നെങ്കിൽ വിളമ്പിച്ചുണ്ണണം. ഞാൻ ക്ലബ്ബിൽ പോയിരുന്നു.

ഗോവിന്ദൻതമ്പി: നീ കെളമ്പാൻ തന്നെ കാലമായി. എന്തോന്നുവച്ചു നിൻറെ പന്തടിയും മോടിയും. സഫക്കൊണ്ടാട്ടവും നീ നടത്തുമെടാ? ഹ..! ഹിപ്പം മുഖത്തുനോക്കി മൂധേവി കള്ളം പറയുന്നു. നീ ആ സരസൂനെ തേവിടിയാടാനല്ലേടാ പോയിരുന്നതു്?

കൊച്ചുകൃഷ്ണപിള്ള: അച്ഛാ! അച്ഛന്റെ അനന്തരവൾ, ശരിതന്നെ. പക്ഷേ, മര്യാദകേടായി കൊച്ചുങ്ങളെക്കുറിച്ചു സംസാരിക്കരുതു്.

ഗോവിന്ദൻതമ്പി: ച്ഛീ! നീയോടാ എനിക്കു നീതിസാരങ്ങളു ചൊല്ലിത്തരുന്നതു്? (ചാടി അടിക്കാൻ കൈയോങ്ങുന്നു.)

(കൊച്ചുകൃഷ്ണപിള്ള ഒഴിയുന്നു. ഗോവിന്ദൻതമ്പി വീഴുന്നു. ഈച്ചരൻ തടുത്തെഴുന്നേല്പിക്കുന്നു.)

ഈച്ചരൻ: അങ്ങുന്നേ 'പുത്രോ രക്ഷതി വാദ്ധക്യേ' എന്നാണു്. അതുകൊണ്ടു് അങ്ങുന്നു വയസ്സു ചെന്നു് ഇരിപ്പിലാകുമ്പം മകനല്ലേ കാര്യം പഠിപ്പിച്ചുതരണം ?

ഗോവിന്ദൻതമ്പി: (എഴുന്നേറ്റ കാലു തടവിക്കൊണ്ടു മകനോടു്) എടാ ! ഈ പുഷ്പരൻ കലിയുടെ കൂട്ട് നിനക്കു കൊള്ളകില്ലായെന്നു ഞാനെന്നേ പറയുന്നു. ഇവനാണു് നിന്റെ പഠിത്തം തെറ്റിച്ചതു്. നിനക്കു് ഈശ്വരനെങ്കിൽ അങ്ങു വെളിയിൽ നിറുത്തിക്കൊള്ളണം. ഇവിടെക്കേറ്റിക്കൂടാ. (മുന്നോട്ടു നോക്കി) ഭോ! ഭോ! അങ്ങു കൊണ്ടുപോ.

(പപ്പു കക്ഷത്തിൽ മുണ്ടിനിടയിൽ കുപ്പിയും പൊന്തിച്ചു എത്തിനോക്കുന്നു. തമ്പി, 'അങ്ങു നില്ലെ'ന്നു കൈകാണിക്കുന്നു.)

-04-


(അണിയറയിൽനിന്നു 'വിളമ്പട്ടോ' എന്നു ലക്ഷ്മിപ്പിള്ള ചോദിക്കുന്നു.)

ഇതെന്തു ശനിയന്മാരു്! തള്ളയപ്പുറത്തും പിള്ള ഇപ്പുറത്തും. (പപ്പുവിനോടു്) പോടാ അവിടുന്നു. ഒരു തൊണ്ടാമ്പിറക്കി അവൻറ പുറകിലും. ഭോയിൻ, ടോയിൻ, രണ്ടു നാമമോ മറ്റോ വായുവടക്കാൻ പടിച്ചതു ജപിച്ചോണ്ടു് രണ്ടു പറ്റുതിന്നാൻ വിടാണ്ടു കേറി നിക്കുന്ന കണ്ടിലോ? ഭോ! ഭോ!

ഈച്ചരൻ: എടേ പപ്പു! അങ്ങുന്നിനു കാലു തേച്ചുകഴുകാൻ വെള്ളമോ മറ്റോ കൊണ്ടുവെയ്ക്കെടാ. ആ കക്ഷത്തിലെ പൊയില ചാലയിന്നോ പാളയത്തീന്നോ? നല്ല എരിയുള്ളതാണോ? (പപ്പു പിൻവലിഞ്ഞുകളയുന്നു.)

ഗോവിന്ദൻതമ്പി: നോക്കു് ഇവിടെക്കേറി വിചാരിപ്പാടാൻ നിക്കാണ്ടു നിന്റെ പാട്ടിനു പോയില്ലെങ്കിൽ, എടാ! തന്തയ്ക്കുപിറക്കാത്തവനേ!

ഈച്ചരൻ: അങ്ങുന്നേ ! എത്ര അച്ചനെ ഇവൻ കണ്ടിരിക്കുന്നു! ചുമ്മാ പൂരായങ്ങളെ വിളിച്ചു ശകാരിക്കരുത്. അങ്ങത്തെക്കൂടിയും സേവിച്ചിട്ടുണ്ടു്. പണ്ടെന്തോ ഗുണദോഷങ്ങളും ചൊല്ലിത്തന്നിട്ടുണ്ടു്. അതൊക്കെ ഇപ്പം ഓർമ്മിക്കുമെന്നു് അങ്ങത്തേക്കത്ര ഉറപ്പും വേണ്ട. കാലം-

ഗോവിന്ദൻതമ്പി: അതേതേ; നിന്റെ അപ്പാപ്പന്മാരുടെ കാലം തന്നെ. തള്ളയും പിള്ളയും ആണും പെണ്ണും തറയും മുറയുംകെട്ട കാലം! ഭോ! നിന്റെ കൂറ്റാനേയും കൊണ്ടു കടക്കു മറയത്തു്. (കോപം.)

(ഈച്ചരനും കൊച്ചുകൃഷ്ണപിള്ളയും പോകുന്നു. പപ്പു പ്രവേശിക്കുന്നു.)

-05-


എടാ! ചൊടലമാടാ! പല്ലിളിക്കിണോ നിന്നു്? ഭൂഃ ആ പാളയത്തിപ്പോയേച്ചുവരാൻ ദിവസം മൂന്നോടാ? മുപ്പിരിക്കൊണ്ട മരനായേ!

പപ്പു: എന്നാപ്പിന്നെ അങ്ങത്തേയ്ക്കാ യൂബിലിഹാളിലോ മറ്റോ വന്നൂടാരുന്നോ? അവിടെവച്ചു മംഗളപത്രം പോലെ അങ്ങു തന്നൂടാമായിരുന്നെല്ലോ. എവരൊക്കെ നിന്നിട്ടല്യോ ഞാൻ-

ഗോവിന്ദൻതമ്പി: ചീ! അവരു നിന്നിട്ടും വന്നിട്ടും യുഗം മൂന്നായോ? ഇങ്ങു കൊണ്ടാ, കൊണ്ടാ. (വിസ്സിക്കുപ്പി വാങ്ങിച്ചു നോക്കീട്ടു്) എടാ, ഇതിന്റെ ഈയവട്ടം എവിടെടാ? ഈ അടപ്പു തള്ളി നില്ക്കുന്നതെന്തു്?

പപ്പു : അയ്യോ! അങ്ങുന്നേ ഇപ്പം യുദ്ധക്കുപ്പിയേ ഉള്ളുപോലും.

ഗോവിന്ദൻതമ്പി: (കുലുക്കി വിളക്കത്തു നോക്കിയിട്ടു്) എടാ, ഇതിൽ ഒരു വൈരമണി പൊടിക്കുന്നില്ല. ച്ഛൂ! നീ എല്ലാം ഏമ്പിക്കൊണ്ടു ആ കൊച്ചാറ്റിലെ വെള്ളമോമറ്റോ ഇതിലോട്ടു തിരിച്ചുവിട്ടു.

പപ്പു: അതല്ലങ്ങന്നേ ! നേരു പറയാം. ഇങ്ങോട്ടു വരുമ്പം മുണ്ടയത്തു ഒരു പൊടിപൂരം .

ഗോവിന്ദൻതമ്പി: ആ പേക്കൂട്ടത്തിന്റെ വർത്തമാനം ആർക്കു കേൾക്കണമെടാ?

പപ്പു: ആ സരസുക്കുഞ്ഞിനെക്കാണാൻ ചില ശീമവക്കീലന്മാരും മറ്റും അങ്ങോട്ടു കേറി. അങ്ങത്തെ പപ്പുവല്യോ? ഇങ്ങു വന്നാ കേൾക്കുമ്പോൾ ശരിക്കു ശരിയെല്ലാം പറയേണ്ടയോ? ഞാനും പുറകേ കേറി.

 

രംഗം ഒന്നു് (06-10)

 

-06-


ഗോവിന്ദൻതമ്പി: എടാ ! ചട്ടയോ മൊട്ടയോ?

പപ്പു: ഇപ്പം എല്ലാം അതുതന്നല്ലോ അങ്ങുന്നേ. അങ്ങോട്ടു ചെന്നപ്പം തന്നെ അങ്ങുന്നേ, ഇതു കൈയിൽ ഇരിക്കുന്നതിന്റെ മണം കൊണ്ടു അങ്ങുന്നു ചെല്ലുന്നൂന്നു വിചാരിച്ച് എല്ലാരും ചാടി എഴുന്നോപ്പം കണ്ടതും പപ്പുവിനെ മാത്രം. നമ്മുടെ കൊച്ചങ്ങുന്നും അവിടെങ്ങാണ്ടൊണ്ടാരുന്നു. പിടച്ചു ചാടിഓടിപ്പോരുന്നതു ഞാൻ കണ്ടു.

ഗോവിന്ദൻതമ്പി: കഴുവുങ്ങടെ കഥ ദൂരെക്കള. (മദ്യം കുടിക്കുന്നു.).

പപ്പു: അതല്ലങ്ങുന്നേ! അങ്ങത്തെ അടുത്ത് ഉത്തരവാവാണ്ടു് അവരു കേറി പെണ്ണുകാണുന്നതും മറ്റും കണ്ടിലോ?

ഗോവിന്ദൻതമ്പി: (കുറച്ചു കുടിച്ചു ചുമച്ചു) പഠിപ്പിച്ചേക്കാമെടാ, പഠിപ്പിച്ചേക്കാം. (കുപ്പിക്കകത്തു വിരലിട്ടു തൊട്ടുതെറിച്ചിട്ടു്) മറന്നുപോയെടാ മറന്നുപോയി. അവരു വച്ചുവാഴുന്നതു ഞാൻ കാണിച്ചേക്കാം. അങ്ങു ചെന്നു തൊടണ്ടാന്നു് അടങ്ങിയിരുന്നപ്പം (പിന്നെയും കുറച്ചു കുടിച്ചിട്ടു്) എടാ, ഇതു കൊച്ചാറും മറ്റുമല്ല. നീ ഏതു മടവാക്കുഴിയിലെ വെള്ളം കൊണ്ടു നിറച്ചോ? ശനിയാ! അപ്പഴേടാ, ആ ശീമക്കാരെ ഇങ്ങു വന്നാപ്പിടിച്ചു ഉന്തിയരശു്-മനസ്‍ലായോ? ഈ കൊച്ചുകിട്ടുവിന്റെ കൂത്താട്ടമെല്ലാം അപ്പോ വെറുമനേയോടാ?

പപ്പു: അങ്ങുന്നേ! പണമല്ലാണ്ടിപ്പം അരശാരു്?

ഗോവിന്ദൻതമ്പി: അതുതന്നെടാ. ആരാശ്ശാരും, കീരാശ്ശാരും, കൊല്ലിക്കുന്നതും വെല്ലിക്കുന്നതും ഭഗവതിയും സിദ്ധരൂപവും എല്ലാം അതുതന്നെ.

(ശങ്കരപ്പിള്ള പ്രവേശിക്കുന്നു.)

-07-


ശങ്കരപ്പിള്ള: (സൂക്ഷിച്ചു നോക്കീട്ടു്) നല്ലനേരത്തിനുതന്നെ വന്നതു്. വേറൊരു ശങ്കരപ്പിള്ള ഇവിടെ കളം തകർത്തുപോയി. നമ്മുടെ അരങ്ങിനു സ്ഥലം കിട്ടുകില്ല. (മുമ്പോട്ടു നീങ്ങി തൊഴുന്നു.)

ഗോവിന്ദൻതമ്പി: ശംഭോ മഹാദേവ! ശംഭോ മഹാദേവ! ശംഭോ സദാശിവാ! എടാ, ഇപ്പം വിശന്നു നട്ടംതിരിയുന്നതിനിടയ്ക്കു നീ അവിടെശ്ശീമക്കാർക്കൊക്കെ മേശേം കൊടുത്തേച്ചു് എന്തരോ മോന്തിക്കൊണ്ടു മാനംമര്യാദയിൽ ഇരിക്കുന്നവനെ അലമാറടിക്കാൻ വന്നിരിക്കുന്നോടാ? (കറങ്ങി) കുലംകെടുക്കണമട്ടലോടാ ! നീ- ഛും ഹും !

ലക്ഷ്മിപ്പിള്ള: (പ്രവേശിച്ചു എല്ലാരേയും നോക്കീട്ടു ശങ്കരപ്പിള്ളയോടു) കൊച്ചുകിട്ടു ചാവടിയിൽ ഉണ്ടു്. അങ്ങോട്ടു ചെല്ലണം. (ഭർത്താവിനോടു്) ഉണ്ണാൻ എഴുനേക്കണം; വരണം.

ഗോവിന്ദൻതമ്പി: (കറങ്ങി) ഊണെന്തെടീ! ഉറക്കമെന്തെടീ! ജനിമൃതിസംസാഴസാഗഴത്തി സനി- ഗമ- പഥനി- സ്യാന്നു നാം പാല്പായസം കുറുക്കുമ്പോൾ പഞ്ചപാണ്ഡവരെന്തു്, നൂറുപേരെന്ത്?

(ശങ്കരപ്പിള്ള പോവാൻ തുടങ്ങുന്നു. )

എടാ ! നീ വന്നുകേറി നമ്മെ അസഭ്യങ്ങളും പഴഞ്ഞു് അടീം പിടീം കൂട്ടീട്ടു കെമ്പാനോ ഭാവം? (കേറി പിടിക്കുന്നു.)

ശങ്കരപ്പിള്ള: ചേട്ടാ! ഞാനൊരു വീട്ടുകാര്യം പറയാനാണു വന്നതു്.

പപ്പു: എഃ, തക്കോം തരോം കണ്ടല്ലാണ്ടു വീട്ടുകാര്യങ്ങളു വന്നു ഭോദിപ്പിക്കാറുണ്ടോ?

-08-


(ലക്ഷ്മിപ്പിള്ള ഗോവിന്ദൻതമ്പിയുടെ കൈയ്ക്കു പിടിക്കുന്നു.)

ഗോവിന്ദൻതമ്പി: എല്ലാരും കൂടി കൊലവാതകങ്ങളോ സ്വർഗ്ഗം ജയങ്ങളോ ചെയ്യും. ആഴാട്ടിനെഴുന്നെള്ളിയിരിക്കുമ്പം അമ്പാഴിപ്പുഴത്തെ കൊടി കോന്നൻതമ്പിയുടെ ശെപ്പടി ഇല്ലെങ്കിൽ ഡമ്മാനം അടിച്ചുപോവൂല്യോ? (ഈസിച്ചെയറിൽ വീഴുന്നു.)

(കൊച്ചുകൃഷ്ണപിള്ളയും ഈച്ചരനും വീണ്ടും പ്രവേശിക്കുന്നു. തമ്പി കൂർക്കം വലിച്ചുതുടങ്ങുന്നു.)

ശങ്കരപ്പിള്ള: സരസ്വതിയെക്കുറിച്ചു ഒരു കാര്യം പറയാനാണു ഞാൻ വന്നതു്.

ഈച്ചരൻ: ഒരുകാര്യോം അവിടുന്നു പറയേണ്ടതില്ലല്ലോ. അതൊക്കെ വല്യങ്ങുന്നു തീർച്ചയാക്കേണ്ടതല്ലേ?

ശങ്കരപ്പിള്ള: അതാണല്ലോ ഞാൻ ഇങ്ങോട്ടു വന്നതു്!

ലക്ഷ്മിപ്പിള്ള: അതേ അതെ, നിങ്ങൾ ഈ ചെറുക്കനേയും ചീത്തയാക്കീട്ട് എന്തോ ഒക്കെ ആലോചിക്കുന്നു. കുറച്ചൊക്കെ കഷ്ടകാലം തന്നെങ്കിലും നിങ്ങളത്ര ചവുട്ടിത്തേക്കാറായിട്ടില്ല.

ഗോവിന്ദൻതമ്പി: (ഉണർന്നു്) ചവുട്ടിത്തിരുമ്മി ഗുസ്തിക്കും ഗിസ്തിക്കും ഒക്കെപ്പടിച്ചാ-

-09-


കൊച്ചുകൃഷ്ണപിള്ള: അവിടുന്നു പോണം . അച്ഛനു സുഖമില്ല. ശ്രീപത്മനാഭനാണെ അച്ഛന്റെ അനുമതിയില്ലാതെ സരസൂന്റെ സംഗതിയിൽ എന്തെങ്കിലും നടത്തിയെങ്കിൽ ചീത്തയുണ്ടാകുമേ.

ശങ്കരപ്പിള്ള: ചീത്തയുടെ വരവു ഞാൻ സുക്ഷിച്ചു തടഞ്ഞുകൊള്ളാം. എന്റെ കുഞ്ഞു ഇടയ്ക്കു ചാടാണ്ടിരുന്നാൽ മതി.

ഈച്ചരൻ: അതല്ലങ്ങുന്നേ ! മുതലും ആളും ആരുടേതെന്നു വിചാരിച്ചുകൊണ്ടു് അധികാരം നടത്തണം. അല്ലാഞ്ഞാൽ അവമാനപ്പെട്ടു. കുഴിയിൽ ചാടിപ്പോകും.

ശങ്കരപ്പിള്ള: അധികപ്രസംഗീ!

ഈച്ചരൻ: ഞാനല്ല.

കൊച്ചുകൃഷ്ണപിള്ള: (ഈച്ചരനോടു്) ഛഃ സംസാരിക്കാതെ മിണ്ടാതിരിക്കരുതേ?

ഈച്ചരൻ: സംസാരിക്കാണ്ടിരുന്നാൽ വയറുപിഴയ്ക്കണ്ടേ അങ്ങുന്നേ! ചേക്കപിടിച്ചടം ചുക്കിപ്പോകുമ്പോൾ ചേർന്നവൻ കരുതണ്ടയോ? അതുകൊണ്ടിങ്ങേരു്-

ലക്ഷ്മിപ്പിള്ള: ഛേ! ഇതൊന്നും ഇവിടെവച്ചല്ല.

-10-


കൊച്ചുകൃഷ്ണപിള്ള: അമ്മ മിണ്ടാതിരിക്കണം.

പപ്പു: ഉറങ്ങുന്ന അങ്ങത്തെ ഇട്ടു നിങ്ങളുടെ ചണ്ടകൊണ്ടു വാട്ടാതിൻ.

(പപ്പു ഈച്ചരനെ പിടിക്കുന്നു. ഈച്ചരൻ ശങ്കരപ്പിള്ളയുടെ ഇളിക്കു പിടിച്ചു ശരണം തേടുന്നു. കൊച്ചുകൃഷ്ണപിള്ള വിടുവിക്കാൻ നോക്കുന്നു. ലക്ഷ്മിപ്പിള്ള കൈകുടയുന്നു.)

ഗോവിന്ദൻതമ്പി: (ഉണർന്നു്) അതു കൊള്ളാമടാ അടവുകോലാഹലം

'നഴിയായിങ്ങനെ ജനിച്ചു ഭൂമിയിൽ
നഴകവാഴിതി നടുവിൽ ഞാൻ
ടിയാറും കടന്നവിടെ ചെല്ലുമ്പോൾ
സുരസൊർഗ്ഗം കേറdറം തകതയ്യത്തോം.'


(കർട്ടൻ)

 

രംഗം രണ്ടു് (11-15)

 

-11-


രംഗം രണ്ടു്


[മുണ്ടത്തു ഭവനം. ശങ്കരപ്പിള്ളയും സരസ്വതിയും.]

സരസ്വതി: അതൊന്നും പറയേണ്ടച്ഛാ! അമ്മാവനെ എല്ലാവരുംകൂടി കൊപ്പത്തിലാക്കി. ഇങ്ങു വിളിച്ചു പാർപ്പിച്ചാൽ വല്ലതും വേണമെങ്കിൽ രാത്രിയിൽ കൊടുത്തേക്കണം.

ശങ്കരപ്പിള്ള: നിന്റെ അമ്മായി എന്ന ആനച്ചങ്ങല വിടുത്താൻ ആളാരു്? കൈമുതല് അൻപതിനായിരത്തോളമുണ്ടായിരുന്നതു് നാറവെള്ളത്തിലും ആർക്കുമില്ലാതേയും കളഞ്ഞില്യോ?

സരസ്വതി: കിണറോ മറ്റോ പാഞ്ഞുപോയതാണെങ്കിൽ നികത്താം. അവിടെ പറ്റിപ്പോയിട്ടുള്ള കേടുപാടിനു് ഇനി മനസ്സെങ്കിൽ അച്ഛൻ അൻപതിനായിരംകൂടി കൊടുക്കണം.

ശങ്കരപ്പിള്ള: ഒന്നും ഇല്ലാഞ്ഞിട്ടിന്നലെ അടികൊള്ളാൻ തുടങ്ങി. അവമാനം പേടിച്ചു ഞാൻ ഓടിപ്പോന്നു. എല്ലാം ഒന്നുപോലത്തെ കൂട്ടം. ഇനി അനുവാദവും ഒന്നും ചോദിക്കുന്നില്ല.

സരസ്വതി: അല്ലെങ്കിൽത്തന്നെ എന്തിനനുവാദം?

ശങ്കരപ്പിള്ള: എന്തിനനുവാദമെന്നോ? ആ കൊച്ചുകിട്ടുപിള്ള ഇവിടെ അധികം വന്നുതുടങ്ങിയിരിക്കുന്നു. ഞാൻ പറഞ്ഞേക്കാം.

സരസ്വതി: അച്ഛൻ ഒന്നും പറയണ്ട. അവനോന്റെ കാര്യം അവനോനറിയാം.

-12-


ശങ്കരപ്പിള്ള: ഇപ്പഴത്തെ ആലോചന നിനക്കു സമ്മതംതന്നല്ലോ?

സരസ്വതി: ആലോചിച്ചവർക്കു സമ്മതമെങ്കിൽ അവരുടെ ഇഷ്ടം പോലെ.

ശങ്കരപ്പിള്ള: എന്നെക്കൊണ്ടു കുണ്ടിൽ ചാടിക്കാനാണോ? നിന്റെ അമ്മാവിയും മറ്റും തന്നെ കാര്യം മനസ്സിലാക്കി. ആ കൊച്ചുകിട്ടുപിള്ളയ്ക്കെത്താത്ത ദിക്കിൽ നീ ഇനി പോകണം.

സരസ്വതി: ഇതാ പപ്പു വരുന്നച്ഛാ! ഞാൻ കാലത്തെ എന്റെ പാപങ്ങൾ വായിച്ചുകൊള്ളട്ടെ. (ശങ്കരപ്പിള്ളയും സരസ്വതിയും പോകുന്നു.)

പപ്പു: (പ്രവേശിച്ച്) അയ്യാ ! പപ്പുവിന്റെ കണി കൊളളൂല്ലന്നായിരിക്കും; രണ്ടുപേരും ഒളിച്ചുകളഞ്ഞു. ഇന്നലെ ആ മഹാപാപി കൊച്ചങ്ങുന്നു പിടിച്ചുപറിച്ചു മുക്കാൽക്കുപ്പിയും അടിച്ചോണ്ടു്, ആ അമ്പിട്ടൻ അരത്തന്റെ ഷാപ്പീന്നു് ഉള്ള നാറവെള്ളം കൊണ്ടു കുറവു നികത്തി. അതിനോ അടി! ഉള്ളതു പറഞ്ഞെങ്കിൽ മണ്ടയും പോക്കു്. വല്ലടത്തും പോയി പിഴയ്ക്കണം. ഇവിടെയിങ്ങു സംബന്ധക്കോളു മുറുക്കം . പുത്തൻ അങ്ങുന്നന്മാരു വല്ലോരും വന്നു ചേർന്നെങ്കിൽ ഒരു പുത്തൻ അടവിൽ അങ്ങു വിഴുന്നൂടാമായിരുന്നു. അതിനും ഈ കൊച്ചമ്മെ പുഷിച്ചു് 'പ്രസാദപ്രസാദ' എന്നു വരുത്തണം.

(നെറ്റിയിൽ ഭസുവും തൊട്ടു കാവിനിറത്തിലുള്ള ഒരു പട്ടും പുതച്ചു മിണ്ടാതെ ഒരു കസേരയിൽ ഇരുന്നു സരസ്വതി നാമജപം നടത്തുന്നു.)

പപ്പു: അയ്യടാ! ഇതെന്തൊരു ചെമ്മച്ചനി? നേരം വെളുത്തു ഒഴക്ക പഴിഞ്ഞിത്തെളി കുടിപ്പാനുള്ളതിനും അരാരാ ശിവശവാന്നല്യോ തുടങ്ങിയിരിക്കണതു്. ഒരു പെരമ്പും ചൊരക്കുടുക്കേം മാത്രം കൂടി വേണം.

സരസ്വതി: ക്വയിററ് റൈറ്റ്!

-13-


പപ്പു: ഈയാണ്ടത്തെ കൊയിത്തൊക്കെ സസേമിരാന്നു തന്നെ. കൊച്ചുകൊച്ചമ്മമാരു വരത്തിനും ഉയിരോടെ സ്വർഗ്ഗത്തു പോവാനും തുടങ്ങിയോ? പണ്ടൊക്കെ തൊണ്ണൂറും ചെന്നു്, കാട്ടിപ്പോയി കിഴങ്ങും തിന്നു് പച്ചവെള്ളവും കുടിച്ചു വാന്തിഭേദിയിൽ കേറി സ്വർഗ്ഗം ചേരും. ഇപ്പപ്പിന്നെ നല്ല കൊമരിരുപ്പിലും ഇതെന്തരു്?

സരസ്വതി: ഹരി ! ഹരി! ശംഭോ!

ഇന്ദീവരേണ നയനം മുഖമംബുജേന
കുന്ദേനദന്തമധരം നവപല്ലവേണ
ഹരേ ! ഏവം വിശ്വബ്രഹ്മായണം ഹാ!


പപ്പു: അപ്പോപ്പിന്നെ ഇന്നലെ ഇവിടാരോ ഒക്കെ വന്നതോ? ഞാൻ ചെന്നു് അങ്ങത്തെ അടുത്തു അടിച്ചു പൊട്ടിച്ചു- ജാതകംകൊട എന്നു്. ഒന്നുമില്ലാണ്ടുപോയാൽ പപ്പുവിനു് നിലയെവിടുന്നേ?

സരസ്വതി: അടിച്ചുപൊട്ടിച്ചോ? നീ എന്തടിച്ചുപൊട്ടിച്ചു?

പപ്പു: കൊച്ചമ്മ, കൊച്ചുകൊച്ചമ്മ പപ്പുവിനും ഒരു വിശേഷം- അനുഗ്രഹം എന്നു വെച്ചുകൊള്ളണം. പണ്ടു ബ്രഹ്മാവിനു സ്ത്രീപുരുഷന്മാരെക്കൊല്ലാൻ കഴുത്തീന്നു ചക്രങ്ങളു ചാടീല്യോ? വേണ്ടപ്പോ പൂരായങ്ങളു ബുംബുംബുമാന്നു് പൊട്ടിത്തിളച്ചുവരുരും കൊച്ചമ്മാ ! അതൊരു വിലാസം തന്നല്യോ? വലിയങ്ങത്തെ വയറുനോവിനും കിസ്പെൻഷ്യൽശാലയീന്നു് ഒരുകുപ്പി മരുന്നു കൊണ്ടുവന്നു. ഇവിടത്തെ ചെങ്ങാത്തക്കാരൻ കൊച്ചങ്ങുന്നു പിടിച്ചുപറിച്ചു് അത്രയും മോന്തി. എന്തോ നവ്വാതികഷായോം അടച്ചോണ്ടങ്ങു ചെന്നപ്പോൾ അവിടെയങ്ങു വല്യ ഗോഡും പോലീസും. ഇവിടെയിങ്ങു ജാതകംകൊടാന്നു പറഞ്ഞു പപ്പു നിന്നോണ്ടു. വഴിയെ പെയ്യേയുള്ളുവെങ്കിലും തക്കടത്തു് തക്കപ്പോ തക്കത് ചൊല്ലിക്കൊണ്ടില്ലങ്കി കൊച്ചമ്മ കേട്ടിട്ടില്ലേ പാട്ട്.

'കാലം കലിയുഗമല്യോ
കോലം പലതുണ്ടു കാണാൻ
മേലാ പൊറുപ്പാനൊരേടത്തു മൊട്ടും'



-14-


പിന്നത്തെ എന്തരോ? കൊച്ചമ്മേ! കൊച്ചമ്മ കേറിത്തപസ്തിനും മറ്റും വേഷം കെട്ടുട്ടാ നാടുപെലരുന്ന എങ്ങനേന്നേ?

സരസ്വതി: പപ്പുപിള്ളേ! ഭവസാഗരം എന്നു കേട്ടിട്ടുണ്ടോ?

പപ്പു: ഏഃ വള്ളത്തിക്കേറുമ്പം ഒക്കെ കേട്ടിട്ടിവ്യോ?

കാനകനീലി കാളിത്തണ്ടാത്തി!
താവരമുണ്ടോ തക്കീമടി ഈ.


സരസ്വതി: ഛേ! അതാണോ ഭവസാഗരം, നാം കാണുന്ന ഈ പ്രപഞ്ചം-

പപ്പു: ഈ കള്ളപ്രപഞ്ചത്തിന്റെ വേദാന്തങ്ങളു് പപ്പുവിനു കേൾക്കണ്ട. ഇന്നലെ ഇവിടെ ആരോ ചിലരു വന്നല്ലോ-അതെന്തരിനെന്നു്?

സരസ്വതി: പോടോ! തന്റടുത്തു പറഞ്ഞാൽ താൻ എല്ലാടത്തും ഉടനെ കൊണ്ടോടും. അച്ഛൻ എന്നെ കൊല്ലാനും വരും.

'സമസ്തകല്യാണഗുണാംബുരാശി-
സ്സീതാമുഖാംഭോരുഹചഞ്ചലീകോ.'



-15-


ഞാൻ നാമം ജപിച്ചുകൊള്ളട്ടേ, താൻ പോവൂ. എനിക്കും ആരും വേണ്ട. താൻ കേട്ടിട്ടിലോ വല്യയോഗികളെന്നു്. അതിലൊന്നാവാനാണു എന്റെ ഭാവം.

പപ്പു: തപസ്തിനും ഒരു കൈയാളൊക്കെ വേണ്ട്യോ. അതു പപ്പുവായിക്കൊള്ളാം. പിന്നെക്കൊണ്ടോടുന്നകാര്യം! അതില്ലെങ്കിൽ ലോഗം എങ്ങനെ കൊച്ചമ്മാ പുലരുന്നതു്? നാരദൻ, നാരദൻ, ശ്രീനാരദകവിവരായ; നാരദൻ വല്യകവിയായി. എന്നിട്ടദ്ദേഹത്തിനു് ഇങ്ങനെ നേദ്യങ്ങളുകൊണ്ടു ചൊരിഞ്ഞൂന്നല്യോ! അപ്പൊപ്പിന്നെ കൊച്ചമ്മ തപസ്തിയും പപ്പു കൈയാളുമായാൽ വരുല്യോ നേദ്യങ്ങളു്? എങ്കിലും ഇന്നലത്തേതിത്തിരി കേട്ടേച്ചു പോയെങ്കിൽ പപ്പുവിനൊരാച്ചായി.

സരസ്വതി: എടോ! ഒരു ധ്വര പള്ളിക്കൂടത്തിൽ വന്നിരുന്നു. അയാളുടെ ആളുകൾ ഇന്നലെ ജാതകം വാങ്ങാൻ-

പപ്പു : എന്തരു്! എന്തരു കൊച്ചമ്മാ! ജാതകം വാങ്ങിക്കാൻ ധൊരയോ?

സരസ്വതി: അതേടൊ, ശീമധ്വര, നല്ല വെള്ളക്കാരൻ. പത്തായിരം രൂപാ ശമ്പളം. നമുക്കിപ്പോൾ എവിടെച്ചെന്നെങ്കിലും പൊറുക്കണമെന്നല്ലാതെ-

പപ്പു: അപ്പക്കൊച്ചമ്മാ, ജാതിയും കുലവുമോ?

സരസ്വതി: ജാതിയേതെടോ! 'ജാതീ ചെമ്പകവല്ലികാ' എന്നൊക്കേ ഉള്ള. താൻ ആരുടെ അടുത്തും പറയരുതു്.

പപ്പു: ഞാനോ? കൊച്ചമ്മ തപസ്തിനിരിക്കുമ്പം ഞാൻ വല്ലോരുടേമടുത്തു കിണ്ണാരിക്കാനോ? അപ്പോക്കൊച്ചമ്മ ശീമയിപ്പോയാലു്?

സരസ്വതി: അതു് തീര്‍ച്ചയാകട്ടെടോ! എനിക്കൊരു ചായ്പും വേണ്ട മാളികേം വേണ്ടാ. 'കദാവാരണാസ്യാമവതടി വിവരം' - അങ്ങനെ പാര്‍ത്താൽ മതി.

പപ്പു: അപ്പൊപ്പിന്നെ ഈ പള്ളിയിലെ പുസ്തകങ്ങളു് മുമ്പേ വച്ചിരിക്കുന്നതോ?

 

രംഗം രണ്ടു് (16-20)

 

-16-


സരസ്വതി: അതൊക്കെ നമുക്കു പഞ്ചാഗ്നിയിടണ്ടയോ?

പപ്പു: അപ്പോദ്ദൊരകേറി മീശേം മുറുക്കി നിന്നോണ്ടാലോ?

സരസ്വതി: തപസ്സു വേണ്ടെന്നുവയ്ക്കും .

പപ്പു: എന്റെ പൊന്നു കൊച്ചമ്മാ ! അപ്പം ബട്ടുള്ളേരു വേലയ്ക്കു് -

സരസ്വതി: താൻതന്നെ. ഓടിപ്പോവൂ, ഓടിപ്പോവൂ. അമ്മാവൻ അന്വേഷിക്കും ഇതാ അവിടത്തെ ചേട്ടൻ വരുന്നു.

(പപ്പു ഓടുന്നു. കൊച്ചുകൃഷ്ണപിള്ള പ്രവേശിക്കുന്നു. പപ്പു അയാളെ തടഞ്ഞു നിര്‍ത്തുന്നു.)

പപ്പു: (തടഞ്ഞുനിറുത്തി) അങ്ങുന്നേ, അങ്ങോട്ടു കേറണ്ടാ. ദൊരയാണു് ഇന്നലെ ജാതകം മേടിച്ചതു്. ശമ്പളം ആയിരം . നമുക്കു് അതിനൊന്നും ഗതിയില്ല.

കൊച്ചുകൃഷ്ണപിള്ള: ച്ഛീ പോടാ! (തള്ളുന്നു).

പപ്പു: ഇതാ പപ്പുബട്ടളേരെ (പോകുന്നു.)

-17-


സരസ്വതി: (കാവിവസ്ത്രവും ഭസ്മവും കളഞ്ഞു് പഠിപ്പുജാഗ്രതയോടുകൂടിയിരിക്കുന്നു.) 'ആക്‍ഷൻസ്, സെൻസേഷൻസ് ആൻഡ് സ്റ്റേറ്റ്സ് ഓഫ് ഫീലിങ്‌സ്.'

കൊച്ചുകൃഷ്ണപിള്ള: എന്റെ സരസൂ!

സരസ്വതി: 'ഒക്കറിംഗ് ടുഗതർ ഓര്‍ ഇൻ ക്ലോസ്സ് സക്സഷൻ' —

കൊച്ചുകൃഷ്ണപിള്ള: വലിയ നയജ്ഞയായോ? ഞാൻ എടുത്തു കളിപ്പിച്ചുകൊണ്ടു നടന്ന കുട്ടിയല്യോ!

സരസ്വതി: 'ടെൻഡ് ടു ഗ്രോ ടുഗതർ ഓർ കൊഹീയർ ഇൻ സച്ച് ഏ വേ.

കൊച്ചുകൃഷ്ണപിള്ള: ഇതാണിപ്പോഴത്തെ പേ. (പുസ്തകം പിടിച്ചുപറിച്ചു ദൂരത്തുവയ്ക്കുന്നു.)

സരസ്വതി: ഇതു നല്ല മര്യാദതന്നെ. ഒരുത്തിയുടെ അന്തര്‍ഗ്ഗതമറിയാതെ ഒരു പുരുഷൻ പ്രവർത്തിച്ചുകൂടെന്നു ചേട്ടൻ പഠിച്ചിട്ടില്ല.

കൊച്ചുകൃഷ്ണപിള്ള: മര്യാദയ്ക്ക് അവിടുന്നു പ്രഫസർ ആകേണ്ടാ. അച്ഛന്റെ ഉപേക്ഷകൊണ്ടു് നിങ്ങൾ കുറച്ചു ഞെളിയുന്നു കണ്ടവനെല്ലാം ജാതകം ജാതകമെന്നു പറഞ്ഞു് ഇങ്ങോട്ടു കേറുന്നതു മറ്റാരും അറിഞ്ഞിട്ടില്ലെന്നു നിങ്ങളാരും ശങ്കിക്കേണ്ട. അച്ഛന്റെ ആണത്തവും പാടേ പൊഴിഞ്ഞുപോയിട്ടില്ല. അദ്ദേഹത്തിന്റെ വൈഷ്ണവത്വം ശിവത്വമാവുമ്പം ഈ മുണ്ടയബ്രഹ്മാണ്ഡം ഭസ്മമാണു്. മനസ്സിലാക്കിക്കൊള്ളിൻ ഇന്നലെ ജാതകത്തിനു വന്നതു് ആരെന്നു പപ്പൻ പറഞ്ഞു.

സരസ്വതി: ഒരു ധ്വര എന്നലോ അവൻ പറഞ്ഞതു്?

കൊച്ചുകൃഷ്ണപിള്ള: ആഹാ! അത്രവരെയായോ അപ്പോൾ? അപ്പോൾ അച്ഛൻ വരാത്തതു നന്നായി. അവനോന്റെ ജാതി, സ്വജനം എന്നുള്ളതൊക്കെ അപ്പോൾ പുല്ലെന്നോ?

സരസ്വതി: ഇതൊക്കെ എന്റെ അടുത്തെന്തിനു ചോദിക്കുന്നു?

-18-


കൊച്ചുകൃഷ്ണപിള്ള: എന്നാൽപ്പിന്നെ എന്റെ അപേക്ഷയൊരു മറുപടി തീർച്ചയായി പറയുക. ഞാൻ ഒന്നു പറഞ്ഞേക്കാം. വല്ലവനും ഇതിനകത്തു കേറുന്നെങ്കിൽ ധ്വരയാകട്ടെ തിരയാകട്ടെ, പിന്നത്തെ പൂരം കണ്ടറിയാം. ധ്വരശ്ശാണിയായിക്കളയാമെന്നായിരിക്കും മോഹം.

സരസ്വതി: ലോകത്തു കാറ്റും കുടിച്ചുകൊണ്ടു നടക്കുന്നവർ കോട്ടും പാപ്പാസ്സും കഴുത്തേലയും കെട്ടുമ്പോൾ ഞങ്ങൾക്കു ധ്വരശാണിമാരായിക്കൂടാത്തതെന്തു്?

കൊച്ചുകൃഷ്ണപിള്ള: അതേതേ. നിങ്ങൾ കാറ്റുകടിക്കുകയല്ല, നേടിക്കുമിച്ചു. വീട്ടിൽ കാലൂന്നാൻ തറയില്ല. ഈ പൊണ്ണബ്ഭാവങ്ങൾ ഒരുത്തനു് അടിമപ്പെടുന്നതുവരെ.

സരസ്വതി: എല്ലാവരും അടിമപ്പെടുകതന്നെ. ഒരു വര്‍ഗ്ഗവും സ്വാതന്ത്ര്യക്കാരെന്നു നടിക്കേണ്ട. ചുറ്റുപാടു ലോകം നാം കാണുന്നതല്ലേ?

(ശങ്കരപ്പിള്ള പ്രവേശിക്കുന്നു.)

ശങ്കരപ്പിള്ള: സരസ്വതീ! ആ സായൂനെ ഒന്നു ഞാൻ കണ്ടേച്ചു വരാം . (തിരിഞ്ഞുനോക്കി കൊച്ചുകൃഷ്ണപിള്ളയെ കണ്ടു്) നീ എപ്പോൾ വന്നു?

കൊച്ചുകൃഷ്ണപിള്ള: ഇപ്പത്തന്നെ. ഏതു സായിപ്പിനെക്കാണുന്നു? ഇതൊന്നും നമുക്കു കൊള്ളൂല്ല. ഈ കുഞ്ഞുങ്ങൾ ഏതു കാടുകയറാനും തയാർ. സ്നേഹം കൊണ്ടു അമ്മാവൻ എല്ലാത്തിനും വഴിപ്പെടരുതു്. കാലക്ഷേപത്തിനു ബുദ്ധിമുട്ടില്ല. അവസ്ഥയിൽ കഴിയാം. പിന്നെ ഒരു പെണ്ണിനെ ബലികഴിക്കുന്നതു കുറച്ചിലാണു്!

ശങ്കരപ്പിള്ള: പെണ്ണിനെ ബലികഴിക്കുകയോ? നീ കാലത്തെ എവിടുന്നുവരുന്നു?

കൊച്ചുകൃഷ്ണപിള്ള: വല്ല കോടനീരാഴിയിലും നിന്നുതന്നെ എന്നു വച്ചുകൊള്ളണം.

-19-


ശങ്കരപ്പിള്ള: അതേ. ഇന്നലെ കണ്ട കാഴ്ചയ്ക്ക് അങ്ങനേയും വന്നേക്കാം. ഞങ്ങളുടെ പാടു ഞങ്ങൾക്കു്. നിങ്ങളുടെ വഴി നിങ്ങൾക്കു്. അങ്ങനെ കഴിയട്ടെ അപ്പനെ!

കൊച്ചുകൃഷ്ണപിള്ള: കോടും ചട്ടവും അതു സമ്മതിക്കേണ്ടയോ?

സരസ്വതി: നിങ്ങളെന്തിനു ഗണ്ഠകൂടുന്നു? എന്തോ പറഞ്ഞു കാര്യം ഒന്നും അറിയാതെയും സാദ്ധ്യം ഏതെന്നു് ഒരു നിശ്ചയവും കൂടാതെയും രണ്ടുപേരും ഇടഞ്ഞു് അനര്‍ത്ഥങ്ങൾ ഉണ്ടാക്കേണ്ട. അച്ഛൻ പോയിവരണം.

കൊച്ചുകൃഷ്ണപിള്ള: അപ്പോൾ എന്റെ അപേക്ഷ?

സരസ്വതി: അച്ഛൻ പോകുന്നതും ചേട്ടൻറ അപേക്ഷയുമായി എന്തു സംബന്ധം?

കൊച്ചുകൃഷ്ണപിള്ള: അപ്പറഞ്ഞ പ്രവൃത്തിയോടുള്ള സംബന്ധംതന്നെ.

സരസ്വതി: ചേട്ടന്റെ കാര്യത്തിനും അമ്മാവന്റടുത്തു പറഞ്ഞു തീരുമാനമുണ്ടാക്കണം.

(പപ്പു പ്രവേശിക്കുന്നു.)

പപ്പു: വലിയങ്ങുന്നു വരുന്നു. നിങ്ങളു ചുമ്മാ ചീറിക്കൊടഞ്ഞു ചള്ളുവെട്ടാതിൻ!

-20-


(ശങ്കരപ്പിള്ള പപ്പുവിനെ പ്രഹരിക്കുവാൻ കൈയോങ്ങുന്നു.)

ചോറു തരുന്നവര്‍ക്കല്ലാണ്ടു് അതിനൊന്നിനും അധികാരമില്ല. പിന്നെ ബട്ടുളേരുദ്യോഗം പപ്പൻ രാജിവച്ചിട്ടും മറ്റുമില്ല. ഉണ്ടോ കൊച്ചുകൊച്ചമ്മാ? അങ്ങുന്നിങ്ങനെ പോയി ദൊരയെ കണ്ടേച്ചു വന്നൂടണം. പപ്പൻ വല്യങ്ങത്തെ അങ്ങനെ കൊണ്ടുവന്നു ശറുക്കു വയ്ക്കാം.

കൊച്ചുകൃഷ്ണപിള്ള : എടാ! ഉണ്ണിണ ചോറ്റിൽ മണ്ണിടുന്ന പരമവഞ്ചക! നീ അപ്പോൾ-

പപ്പു: ഞാനപ്പോ കൊച്ചമ്മേടെ തപസ്തിനു കൈയാളു്.

(കേക്കണം അങ്ങോട്ടു്. ശങ്കരപ്പിള്ളയെ പിടിച്ചുകൊണ്ടു പോകുന്നു.)

കൊച്ചുകൃഷ്ണപിള്ള: (പ്രണയവാനായിട്ടു മുട്ടുകുത്തി) സരസൂ! ഇവനെ അപ്പോൾ കാലനായി വിടാൻ ഹൃദയകാഠിന്യം വരരുത്. ഇവനറെ പഠിപ്പും നിലയുമെല്ലാം സരസു എന്നുള്ള ഒരേ ചിന്തകൊണ്ടു നഷ്ടമായി. ഈ ആലംബം കിട്ടാഞ്ഞാൽ ഇവൻ ഗതികെട്ടവനായിപ്പോകും. സായവെന്തു്? ശീമക്കാരെന്തു്? അങ്ങോട്ടു ദാസ്യം അനുഷ്ഠിപ്പാൻ തയാറുള്ള പ്രണയവാനെയാണു് ഭര്‍ത്താവായി കിട്ടേണ്ടതു്. സരസു ഇവനു ഭൂമിയും സ്വര്‍ഗ്ഗവും, സൗഭാഗ്യവും, സമ്പത്തും, സുഖവും, മോക്ഷവും ആണു്. രക്ഷിച്ചില്ലെങ്കിൽ ഇതാ ഇവിടെ തലയറഞ്ഞു് ഞാൻ ചാകാൻ തയ്യാർ ആണു്. ജന്മഹേതുവായ അച്ഛന്റെ ഭവനം തന്നെ ഇവന്റെ ശ്മശാനമായിത്തീരട്ടേ.

സരസ്വതി: ചേട്ടാ ! ഇതെന്തു നിലകേടു്? പുരുഷത്വം കൈക്കൊള്ളണം. ചേട്ടനു് ഞാൻ സ്വര്‍ഗ്ഗം, മോക്ഷം, സൗഭാഗ്യം എന്നു ചില തോന്നലുകൾ ഉള്ളതുപോലെ ഒന്നും എന്റെ മനസ്സിൽ സ്ഫുടപ്പെട്ടില്ല. എനിക്കു വിദ്യാഭ്യാസമല്ലാതെ ഇപ്പോൾ ജീവിതശ്രമം ഒന്നുമില്ല. എന്നെ ക്ലേശിപ്പിക്കരുത്. ഇതാ അമ്മാവൻ-(ഗോവിന്ദൻതമ്പി പ്രവേശിക്കുന്നു.)

ഗോവിന്ദൻതമ്പി: എടാ ചെറുക്കാ! ഇതെന്തു സുഖക്കേടെന്നേ?

(കർട്ടൻ)

 

രംഗം മൂന്നു് (21-24)

 

-21-


രംഗം മൂന്നു്


[നെടുംകോയിക്കൽവീടു് . രായിരപ്പണിക്കരും മകൻ രമാചന്ദ്രനും പ്രവേശിക്കുന്നു.]

രായിരപ്പണിക്കർ: കുട്ടാ, എന്റെ ഇഷ്ടം അനുസരിച്ചുതന്നെ നീ നടക്കണം.

രമാചന്ദ്രൻ: അച്ഛന്റെ ഇഷ്ടം അനുസരിച്ചു് ഒരു അറനിറയെ പരീക്ഷകൾ ജയിച്ചു. ഡിപ്ലോമാകൊണ്ടുതന്നെ ഒരു വലിയ ഗ്രന്ഥം കുത്തിക്കെട്ടാൻ നേടീട്ടുണ്ടു്. ഇനിയെങ്കിലും എന്റെ ഒരിഷ്ടം സാധിച്ചുതന്നുകൂടേ?

രായിരപ്പണിക്കർ : ജീവാവസാനംവരെ എന്റെ ഹിതമനുസരിച്ചു നടക്കുന്നതാണു് ഗുരുത്വം. നിനക്കു ഞാനും എനിക്കു നീയും എന്നു ദൈവം ശേഷിപ്പിച്ചിരിക്കുന്നതിൽ എന്തോ ഭഗവന്മതത്തിന്റെ രഹസ്യമുണ്ടു്. ഇന്നുതന്നെ ഭാണ്ഡം മുറുക്കുക. അതിശുഭദിവസം. സന്ധ്യയ്ക്കുമുമ്പു് ബോട്ടിറക്കിയേക്കാം. തിരുവനന്തപുരത്തേക്കു തിരിക്കുക. വക്കീൽപ്പണിയിൽ നീ മുന്നിട്ടുനിന്നില്ലെങ്കിൽ അതിന്റെ മാനക്ഷയവും മനോവേദനയും ഞാൻ സഹിച്ചുകൊള്ളാം. ഒരു ക്ഷേത്രത്തിനാകട്ടെ ധർമ്മത്തിനാകട്ടെ വിദ്യാലയത്തിനാകട്ടെ ഒറ്റ ചില്ലിക്കാശുപോലും ഒഴിക്കാതെ എത്രലക്ഷമുണ്ടെന്നു കണ്ടുവല്ലോ. അത്രയും നിനക്കെന്നും വിൽ എഴുതിവച്ചിരിക്കുന്നതു നീ കണ്ടില്ലേ? അനുഗ്രഹത്തോടുകൂടി പോവുക.

രമാചന്ദ്രൻ: എന്തു കഷ്ടമാണച്ഛാ! ഒന്നോ രണ്ടോ ആള് മൂക്കും ചാണ്ടി ഭൂസ്വർഗ്ഗഭേദബോധം കൂടാതെ ഇരിക്കുക. എന്നിട്ടു മറ്റുള്ളവൻ അവരുടെ പീഠം ചുമക്കുന്ന ആൽത്തറയ്ക്കുതാഴത്തുനിന്നു് ആരും കാണാപ്പൊളികൾ കണ്ഠക്ഷോഭം ചെയ്യണം. എന്റെ മനോഗതിക്കും ആ കച്ചവടം രുചിക്കുന്നില്ല. നിയമങ്ങളെന്നു പറയുന്നത് ബ്രഹ്മാവു സൃഷ്ടിച്ചതായാലും കേവലം വഞ്ചനസ്മൃതികൾ. ആ വലിയേടത്തെ ഉലഹന്നാൻമാപ്പിള ആയിരം ഏക്കർ തെളിഞ്ഞ പുതുവൽ ലക്ഷം രൂപായ്ക്ക് ഇങ്ങോട്ടു വിട്ടുതരാമെന്നു പറയുന്നു. ഒരു ലക്ഷം കൂടി കൈയിൽ ഏല്പിക്കുക. എത്രയോ ജനങ്ങൾക്കും ഉപകാരമായിത്തീരും. പത്താം കൊല്ലത്തിൽ സകലചെലവും കഴിച്ചു പത്തു ലക്ഷത്തിൽപ്പരം ഇങ്ങോട്ടേൽപ്പിക്കാം.

-22-


രായിരപ്പണിക്കർ: പോ പോ, നിന്റെ സ്വപ്നങ്ങളൊന്നും എനിക്കു കേൾക്കേണ്ട. രണ്ടുലക്ഷം ഉണ്ടാക്കാനുള്ള അരിഷ്ടത നീ അറിഞ്ഞിട്ടില്ല. അമ്പതിനായിരത്തോളവും നിനക്കായി ഇതുവരെ ചെലവായിട്ടുണ്ടു്.

രമാചന്ദ്രൻ: നിറഞ്ഞു കിടക്കുന്ന ബാറിൽ ഞാൻ ചെന്നാൽ ഉന്തിത്തള്ളി മുന്നോട്ടുവരാൻ എത്രകൊല്ലം ചെല്ലുമെന്നോ! ആരുടെയെല്ലാം പ്രീതിക്കായി മൂക്കിൽ വിരൽ തള്ളണം ! കോർട്ടിലെ ശിപായിപോലും അച്ഛന്റെ ലക്ഷത്തിനുമുകളിലുള്ള യജമാനനായി നടിക്കും. 'ഉത്തരവാകുന്നു' എന്നു് ജഡ്മിമാരുടെ ആജ്ഞാവാഹകനായി വന്നുപറഞ്ഞിട്ടു നടകൊള്ളുന്ന അവന്റെ വാലായിട്ടു നമ്മുടെ മഹാകലാബിരുദസ്സഞ്ചികളും പേറി പാഞ്ഞെത്തണം. എന്തെല്ലാം അപ്രശംസകളും കുഭർത്സനങ്ങളും തൊണ്ണഞെക്കി നെഞ്ചു പിളർപ്പിച്ചു വിഴുങ്ങേണ്ടിവരുമെന്നോ?

രായിരപ്പണിക്കർ: തോട്ടക്കൃഷിക്കിറങ്ങിയാൽ ഹരിശ്ചന്ദ്രന്മാരോടുകൂടി നടമാടി ആകാശത്തിൽനിന്നും പാരിജാതം വർഷിപ്പിക്കാം, എന്നായിരിക്കാം നിന്റെ ഭ്രമം. ആ കൂത്തനാവും കൊണ്ടു ജഡ്മിമാരോടു വക്കാണത്തിനുതന്നെ നീ പുറപ്പെടണം.

രമാചന്ദ്രൻ: ഇങ്ങനെ നിബന്ധിക്കരുതച്ഛാ! മനുഷ്യരുടെ അഭിരുചികൾ അനുസരിച്ചു ജീവിതവ്യാപാരങ്ങൾ തുടർന്നില്ലെങ്കിൽ തോൽവി നിശ്ചയമാണു്. നാം ഈ പ്രമാണം ഗ്രഹിക്കാതെ നശിച്ചുപോകുന്നു.

രായിരപ്പണിക്കർ: എന്നാൽ ജയത്തിനുള്ള വഴി അവനവന്റെ ശ്രമം കൊണ്ടുതന്നെ സാദ്ധ്യമാവട്ടെ. ഇതുവരെ ഞാൻ സഹായിച്ചു. ഇനി സ്വാശ്രയം കൊണ്ടുള്ള സ്വർഗ്ഗവിജയമാകട്ടെ.

രമാചന്ദ്രൻ: ധർമ്മമായിട്ടാണോ അച്ഛൻ സഹായിച്ചതു്?

രായിരപ്പണിക്കർ: അല്ല. കർത്തവ്യമായിട്ടു്.

രമാചന്ദ്രൻ: ഇനി അപ്പോൾ-

-23-


രായിരപ്പണിക്കർ: നീ വിദ്യാസമ്പന്നൻ ആകകൊണ്ടും എല്ലായിടത്തും ജയിക്കേണ്ടവനല്ലയോ? ജനങ്ങളുടെ പൂജ പുറകേ എത്തും. ഞാനോ? നിധിസൂക്ഷിക്കുന്ന കുരുട്ടു ഭൂതത്താൻ. നിന്റെ അമ്മയെ സ്മരിച്ച് അധികം പറയുന്നില്ല.

രമാചന്ദ്രൻ: അച്ഛന്റെ ഗുണപൂരത്തെസ്മരിച്ചു ഞാനും വാദിക്കുന്നില്ല. പുരുഷപ്രയത്നം എന്തു ഫലത്തെ ഉണ്ടാക്കുമെന്നു് ഞാൻ പോയി നോക്കട്ടെ.

രായിരപ്പണിക്കർ : എങ്ങോട്ടാണു യാത്രയെന്നു ഞാനും കൂടി കേൾക്കട്ടെ. നിന്റെ ഈ വീരയാത്രയിൽ വരണം സംഭവിക്കുന്ന ഒരു ശകനം ഞാൻ കാണുന്നു. അല്ലാതെ പരമാഭിമാനിയായ നീ ഒരു കാര്യത്തിലും ഒരു ചുവടു മുന്നോട്ടു വയ്ക്കുകയില്ല. ഒരു കാപ്പിക്കു രൂപാ കാൽ, ഒരു നല്ല ഊണിനു രൂപാ അര എന്നിങ്ങനെ കാലം. കടം കിട്ടണമെങ്കിൽ നിനക്കു പക്ഷേ, ആവശ്യപ്പെടുന്നതു് കിട്ടിയേക്കാം. പ്രോനോട്ടു് ഒന്നിറക്കേണ്ടിവരും. നിലത്തുനോക്കി മാത്രം നടന്നാൽ അബദ്ധം പക്ഷേ, കുറഞ്ഞിരിക്കും.

രമാചന്ദ്രൻ: ഞാൻ സ്വവർധൂതിലകങ്ങളോടുചേർന്നു് ദേശസഞ്ചാരം പോലും ചെയ്തിട്ടുണ്ടു്.

രായിരപ്പണിക്കർ: ശരി, ശരി. എന്നുവരികിലും വല്ല മൃദുമേനിയിലും ചെന്നു മുട്ടരുതു.

രമാചന്ദ്രൻ: എത്ര സൂര്യപടക്കൈക്കാരികൾക്കു ഞാൻ കൈ കൊടുത്തിട്ടുണ്ടു്. അച്ഛൻ ഇങ്ങനെ എന്നെ കളിയാക്കി അയയ്ക്കരുതു്.

-24-


രായിരപ്പണിക്കർ: ഐ! അങ്ങനെയല്ല; തന്നോടു ശണ്ഠകൂടി പിരിയാൻ ഞാനാളല്ല. താൻ എനിക്കു വിധിക്കുന്ന ഏകാകിത്വത്ത സഹർഷം പുലർത്തിക്കൊള്ളാമെന്നുള്ള ഗൗരവത്തെ ഞാൻ പ്രകടിപ്പിക്കയാണു്.

രമാചന്ദ്രൻ: അച്ഛനു് എന്നോടു ദേഷ്യമില്ലല്ലോ!

രായിരപ്പണിക്കർ: ഹൈ! അതും അതിന്റെ വിപരീതവും രണ്ടുമില്ല. താൻ പോയി കൊടിനേടുക. എന്റെ വക കണ്ടവൻ കൊണ്ടു പോകട്ടെ. (പോകുന്നു.)

രമാചന്ദ്രൻ: ഇതു ചില നോവലുകളിലും ഡ്റാമാകളിലും വായിച്ചിട്ടുള്ളതുപോലെ കലാശിച്ചുകൂടിയിരിക്കുന്നു. വിൽപോക്കെന്നാണു് ഒടുവിൽ സൂചിപ്പിച്ചതു്. അച്ഛന്റെ ഈ ശാഠ്യത്തിനു നമ്മുടെ വീര്യവുമൊന്നു കാട്ടണം. പഠിപ്പിനു തന്നതിൽ ഏതാനും നമ്മുടെ കൈയിലും ബാക്കിയുണ്ടു്. രണ്ടുലക്ഷം മുതലെന്നുവച്ച് ഒരു കമ്പനി തുടങ്ങിക്കളയാം. നെടുങ്കോയിക്കലെ പേരുകേൾക്കുമ്പോൾ ഓഹരിക്കാർ തെരുതെരെ പാഞ്ഞെത്തും. ഒരു വിദഗ്ദ്ധൻ മാനേജരെക്കൂടി തല്ക്കാലത്തേക്കു വരുത്തിക്കളയാം അച്ഛന്റെ വാശിക്കു്. ഷ്യൂ ! പക്ഷേ, ഈ ശാന്തഭാവക്കാരെ പേടിക്കണം. നിർദ്ധനത്വം പുരുഷത്വത്തിന്റെ മാറ്ററിവാനുള്ള ഒരകല്ല്- പുത്തൻരീതിയിൽ, ഇംഗ്ലണ്ടിലെ മട്ടിൽ അഡ്‌വർട്ടൈസ് ചെയ്യുമ്പോൾ ഒന്നാം പന്തി വരിക്കാരായി ലേഡീസ്‌ തന്നെ എത്തും. അഹഹ! അച്ഛൻ സാധു. ലോകം കണ്ടിട്ടില്ല. ഉറച്ച ജാമ്യം ലാഭകരമായ നിക്ഷേപം! വിദഗ്ദ്ധഭരണം! സ്വദേശീയപരിശ്രമം! ഭദ്രതരസമ്പാദ്യം. സത്യാസ്തിവാരത്താലുള്ള ഫലപ്രളയം എന്നെല്ലാം നോക്കണം. (ചിന്തിച്ചിട്ടു്) ഇതൊന്നും പോരാ. നല്ല ഒന്നാംതരം മിരട്ടൻ നോട്ടീസു പകർത്തി ഗംഭീരമണിപ്രവാളത്തിൽ തർജ്ജമ ചെയ്യിച്ചേക്കാം. പോട്ടെ, അതിനു ഫീസ് പിച്ചക്കാരൻ കാവ്യക്കാരനും രൂപാ 100-പണമിറക്കണം; എന്നാലേ പല പണിയും പരിഷ്കാരത്തിൽ വരൂ. നാട്ടുകാർ പഠിക്കട്ടെ. നാം കൊടുക്കും പാഠം! ഓ, ജാളി-ജാളി-ജാളി- (എന്നു പാടിക്കൊണ്ടുപോകുന്നു.)

(കർട്ടൻ)

 

രംഗം നാലു് (25-30)

 

-25-


രംഗം നാലു്


[മുണ്ടയത്തുഭവനം. മുൻതളത്തിൽ സരസ്വതി ഇരിക്കുന്നു.]

സരസ്വതി: ശനിയും ഞായറും സൃഷ്ടിച്ചവർ രണ്ടുതുള്ളി എണ്ണ തൊട്ടുവയ്പിനുകൂടി അവകാശികളായി വാഴട്ടെ! അല്ലെങ്കിൽ പള്ളിക്കൂടക്കാരുടെ കുറുക്കൊടിഞ്ഞുപോകുമായിരുന്നു. ഉദയസൂര്യന്റെ ആദ്യരശ്മികളോടു് സൗന്ദര്യത്തെ ഉപമിച്ചിരിക്കുന്ന കവിക്കും തുല്യസ്ഥാനം ലഭിക്കട്ടെ! ഹാ! ലോകം പ്രശാന്തം ! ജീവിതപ്രകരത്തിന്റെ മർമ്മരധ്വനി മുഴങ്ങിത്തുടങ്ങുന്നതേയുള്ള. എന്തേ! ഹേ! മനോഹരലോകമേ! നിന്റെ ദുഷ്കൗശലം ചിന്തിക്കുമ്പോൾ എല്ലാ മര്യാദപാഠങ്ങളും മറന്നു പൊട്ടിച്ചിരിച്ചുപോകുന്നു. അച്ഛനെക്കാണ്മാൻ ഒരു സായ്പു വന്നു, ഒരു കസേരയും കൊടുത്തു. ഞാൻ ബംഗാൾസമുദ്രഗവര്‍ണ്ണരുടെ, അമേരിക്കാപ്രസിഡന്റിന്റെ, ആകാശവിമാനസേനാനായകന്റെറെ ഭാര്യയുമായി. വിളയട്ടെ, ആ വര്‍ത്തമാനം. അതു പഴുക്കുമ്പോൾ ചീഞ്ഞളിഞ്ഞു വക്താക്കളുടെ നാവിനെത്തന്നെ നാറിക്കും. ഇതാ വരുന്നു ഒരെഴുത്തു്. എൻറ സഹോദരിമാരാരോ എന്നെക്കാൾ മുമ്പിൽ ഉണർന്നിരിക്കുന്നു. (വാല്യക്കാരൻ എഴുത്തു കൊണ്ടുവരുന്നു.)

സരസ്വതി: ആര്‍ക്കെടോ! അതു്?

വാല്യക്കാരൻ: കൊച്ചമ്മയ്ക്കുതന്നെ.

സരസ്വതി: കൊണ്ടരു, കൊണ്ടരു. തന്റെ ശ്വാസം മുട്ടൽ കണ്ടിട്ടു തന്നെ അതു് അടിയന്തിരക്കത്താണെന്നു തെളിയുന്നു. താൻ ആണുങ്ങളുടെ ഹംസം എങ്കിൽ ഇതാ മേൽവിലാസം എഴുതിയിട്ടില്ലാത്തതുകൊണ്ടു തിരിച്ചു കൊണ്ടുപോയി ആ നളങ്കൽത്തന്നെ പുനസ്സമര്‍പ്പണം നടത്തിയേക്കൂ.

-26-


വാല്യക്കാരൻ: അല്ല. എക്സർസൈസ് ഇൻസ്പെക്ടർ അങ്ങത്തെ മകള്‍

സരസ്വതി: ശരി, ശരി; എന്നാൽ രസം കാണും. (എഴുത്തു പൊട്ടിച്ചു വായിക്കുന്നു.)

പ്രിയസഹോദരി!

നിങ്ങൾക്കും ഒരു സായുവിനെ വരനായിക്കിട്ടുന്നു എന്നു കേൾക്കുന്നതിൽ ഞാൻ സന്തോഷത്തോടെ പങ്കുകൊണ്ടുകൊള്ളുന്നു. സായുവിന്റെ പേരു് എന്തെന്നറിഞ്ഞുകൂടെങ്കിലും മംഗളാശംസ അഡ്വാൻസായി ഞാൻ സമർപ്പിച്ചുകൊള്ളട്ടെ! ഒരു നല്ല സദ്യ കിട്ടുവാനുള്ള തക്കം നഷ്ടമാകുന്നെങ്കിലും വല്ല ഡിന്നറും നടക്കുന്നെങ്കിൽ ഒളിച്ചായാലും ഞാനും എത്തിക്കൊള്ളാം. വീഞ്ഞും കേക്കും മാത്രമായാലും വിരോധമില്ല. വീണ്ടും നിങ്ങളുടെ ഭാഗ്യഭാഗിത്വത്തിനുള്ള മഹാര്‍ത്ഥനയെ ഉച്ചരിച്ചുകൊണ്ടും മറുപടിക്കു കാത്തിരിക്കുന്ന,

സഹോദരി ഭാനുമതി.

നില്ക്കു ഹേ! മറുപടിയുണ്ട്. (എഴുതുന്നു. എഴുതിത്തീർന്നു വായിക്കുന്നു.)

-27-


നിങ്ങളുടെ ദൂതൻ കൊണ്ടുവന്ന ലേഖനം വായിച്ച് ഞാൻ കൃതാര്‍ത്ഥയായി. എന്റെ ഭാഗ്യത്തിൽ ഓഹരിയല്ല മുഴുവനും അങ്ങോട്ടു തന്നെ തന്നുകൊൾവാൻ ഞാൻ തയ്യാർ ആണു്. സായ്പിന്റെ പേരു 'ലോഡ് സ്കാൻഡൽ' അഥവാ പരദൂഷണപ്രഭു എന്നാണു്. വിവാഹത്തിനു സമ്മതമെങ്കിൽ അന്നേദിവസം നമുക്കു സഹഭോജനം ചെയ്തു രസിക്കാം. എന്നു സംഖ്യയറ്റ വന്ദനപൂർവ്വം,

സഹോദരി സരസ്വതിഅമ്മതങ്കച്ചി.

(ലക്കോട്ടിലിട്ടു വാല്യക്കാരനു കൊടുക്കുന്നു.) എടോടോ! സല്യൂട്ടു ചെയ്തേച്ചു പോവു.

(ആജ്ഞാനുസാരം ചെയ്യ് ഭൃത്യൻ പോകുന്നു.)

സരസ്വതി: ഈ വഷളത്വമെല്ലാം പരത്തുന്നത് ആ കൊച്ചുകിട്ടുച്ചേട്ടനാണു്. നമ്മുടെ കവിവരൻ ശ്രീനാരദനും വല്ലാത്തൊരു പങ്കു് ഇതിലുണ്ടു്. അതാ, ആ ശനിയൻ ദീര്‍ഘായുഷ്മാനാണ്. പേരു പറഞ്ഞപ്പോൾ കുരങ്ങു ചാടി ഇതാ എത്തുന്നു.

(പപ്പു പ്രവേശിച്ചു സലാങ്ങൾ വയ്ക്കുന്നു.)

കാണാറില്ല മിസ്റ്റർ പപ്പുപിള്ളേ! താൻ ഒന്നും ശ്രമിക്കാൻ വരാത്തതിൽ എനിക്കു വല്യ മനഃക്ലേശമുണ്ട്. എടോ, പള്ളിയിൽ വച്ചുതന്നെ പുടവകൊട എന്നച്ഛൻ സമ്മതിച്ചുകഴിഞ്ഞു. കര്‍ങ്ങൾ മാത്രം നമ്മുടെ മട്ടിൽ.

പപ്പു: സദ്യയോ മതാമ്മക്കൊച്ചമ്മേ !

സരസ്വതി: അതും ആ പള്ളിപ്പറമ്പിൽത്തന്നെ.

-28-


പപ്പു: അയ്യോ! അവിടെ ശവങ്ങളെ അടക്കീട്ടിലോ?

സരസ്വതി: എടോ, എറച്ചി ലാഭമായി. താൻ ഒരെഴുത്തും കൊണ്ടു സായ്പിന്റടുത്തു പോയേച്ചുവരണം.

പപ്പു: (ഞെളിഞ്ഞു സന്തോഷം കൊണ്ടു തൊണ്ട് ഇടറി) അപ്പോൾ കൊച്ചമ്മാ, ഞാൻ അന്നേ പറഞ്ഞിലോ ഈ തപസ്സൊക്കെ കള്ളമാണെന്നു്. പപ്പനറിയാം, കൊച്ചുമിടുക്കികളുടെ കോളുകളു്. കൊള്ളാം; ഇപ്പോൾ കേപ്പാനാരു? കാര്യമെടുപ്പാനാരു്? പോവാൻ പറയണമെന്നു്! ദൊരസായ്പ് അന്നും ഇങ്ങോട്ടു കേറുന്നതു ഞാൻ കണ്ടേ. അതല്യോ ബട്ട്ളേരുവേല എനിക്കു് എന്നു് അന്നുതന്നെ പെട്ടീഷൻവച്ചൂട്ടതു്. കുറച്ചില്ല കൊച്ചമ്മ. എന്തിനു വിടുന്നു? അങ്ങ് വല്യകൊട്ടാരംവരെ അറിയട്ടേ എന്നുവച്ചു പപ്പൻബട്ളർ അങ്ങു തമുക്കടിച്ചു പരത്തൂട്ടു. ആരാണെന്നു കേട്ടോരുടെ അടുത്തെല്ലാം മേസ്തർ സരസ്വതിത്തങ്കച്ചിദ്ദൊരയുടെ എന്നു പച്ചപ്പരമാര്‍ത്തത്തിനേയും വിളമ്പൂട്ടു കൊണ്ടുകറങ്ങുന്നൂ കൊച്ചമ്മ തിരുവനന്തപുരം . അസൂയക്കാരല്യോ കഴുവുങ്ങള് . വച്ചു കുടിനീരു് ഇറക്കട്ടെ. പപ്പനിപ്പം ആരേം പേടീംമറ്റുമില്ല. ശീമേലെങ്കിൽ ശീമേൽ. ലങ്കേലെങ്കിൽ ലങ്കേൽ. ബോട്ടുളേരോ മേട്ടിയോ പാപ്പാതുചുമപ്പനോ എന്തെങ്കിലും ആവാം. ഈ വലിയങ്ങത്തെ വീട്ടിലെ ഊറ്റവെള്ളം കുടിച്ചു ഇതേ എന്റെ വയറെല്ലാം ഊത്തളിച്ചുപോയി. അവിടത്തെ ആ മുതുക്കിക്കൊച്ചമ്മേടെ അമ്പണങ്ങളുകൊണ്ടു മുതുകും തഴമ്പിച്ചുപോയി. ആണുങ്ങളല്യോ കൊച്ചമ്മ ! ഇത്തിരിഒക്കെ നാണങ്ങളും മറ്റും ഉണ്ടു്.

സരസ്വതി: എടോ ! ബട്ളർവേഷത്തിലുള്ള ഉടുപ്പു കരുതീട്ടില്ലേടോ താൻ?

പപ്പു: അതിങ്ങനെ ഒന്നു ചുറ്റീച്ചുവന്നൂട്ടാ, ഹൈഗോടു് കിടക്കുന്നു, ഹജ്ജുഗോടു് കിടക്കുന്നൂ. അവിടത്തെ വിയെയുടെ ഒന്നിന്റെ കൂടെ ഒരുദിവസം നിന്നാ- അടിച്ചോണ്ടുപോന്നൂടുല്യോ പപ്പൻ. ഗോട്ടോ ജയംപോസോ।

സരസ്വതി: എന്നാൽ അതൊക്കെ വേഗം കരുതിക്കൊള്ളു. അമ്മാവിയുടെ ദൂഷ്യം മാത്രം പറഞ്ഞോണ്ടു നടക്കരുതു്. ഉള്ള വെള്ളവും വറ്റിപ്പോകും-

(ഗോവിന്ദൻതമ്പിയും ലക്ഷ്മിപ്പിള്ളയും പ്രവേശിക്കുന്നു.)

ലക്ഷ്മിപ്പിള്ള: എടാ! കരുത്തം കെട്ട മാപാവി! ഞാൻ മുതുക്കിയോടാ? നിനക്കു എന്റെ വാക്കുകൾ അമ്പണങ്ങളോ?

-29-


പപ്പു: അയ്യോ! പരാപരനേ ! ഞാൻ മലരമ്പുകളെന്നല്യോ പറഞ്ഞു? ഏതോ പാട്ടിലുമുണ്ട്. പിന്നെ അതിന്റെ അര്‍ത്ഥം ചീത്തയാവണമെങ്കി അതു് എഴുതിയവരെ കുറ്റം പറയണം. പപ്പനോ പിഴച്ചതു്?

ഗോവിന്ദൻതമ്പി: എടാ! ഇങ്ങു നീങ്ങ്. എന്റെ അവിടത്തെ ചോറു നിനക്കു ഊറ്റിവെള്ളം -ഇല്ലേടാ !

പപ്പു: അങ്ങത്തെ ചെവിക്കെങ്കിലും വമ്പില്ലെന്നു് പപ്പൻ വിചാരിച്ചിരുന്നു. അവിടത്തെ പറ്റു കവളം പിടിച്ചു എവനും ഊറ്റം കേറിപ്പോയീന്നു പറഞ്ഞു് ഇതാ ഈ വയറും കാമ്പിച്ചില്യോന്നു കേക്കണം.

ഗോവിന്ദൻതമ്പി: ഭോ! ഭോ! ജന്തുപെണ്ണേ! നിന്റെ അച്ഛൻ എന്തോന്നിനാണു ഭാവിച്ചിരിക്കുന്നതു്?

പപ്പു: എന്തോന്നങ്ങുന്നേ ! അന്നു രാത്രി അദ്യം വന്നത് എന്തിനെന്നോ? അങ്ങുന്നപ്പോ-

ലക്ഷ്മിപ്പിള്ള: നോക്കു പപ്പു! മര്യാദയ്ക്കിരുന്നില്ലെങ്കിൽ-

ഗോവിന്ദൻതമ്പി: എന്തോന്നെടാ ! അയാളെന്തോ ജാതകം കൊടയുടെ കാര്യം പറവാനല്യോ വന്നതു്?

-30-


പപ്പു: (പിറകോട്ടൊന്നു മാറി സംഗതി എല്ലാം മറിച്ചുകളയണമെന്നുള്ള നാട്യത്തിൽ) നാരായണ! നാരായണ' അങ്ങുന്നു ജപിച്ചോണ്ടിരുന്നപ്പം നമ്മുടെ കൊച്ചൻപിള്ളവൈദ്യന്റെ ഗുളിക കാൽത്തുടം ഞാൻ കൊണ്ടുതന്നപ്പോ ഞാൻ പറഞ്ഞു: 'കല്യാണമൃതം' എന്നു്. അപ്പോ അങ്ങിന്നു നേരംപോക്കിനു് 'എവിടെടാ' എന്നു ചോദിച്ചു. ഇപ്പം കെട്ടും പുട്ടും ഇല്ലല്ലോ! അതുകൊണ്ടു 'ജാതകം കൊടുക്കുമ്പം അങ്ങുന്നറിയും' എന്നു ഞാൻ പറഞ്ഞു. അല്ലാണ്ടിതെന്തു കഷ്ടം പിടിച്ച കളിവട്ടം?

ലക്ഷ്മിപ്പിള്ള: (ആത്മഗതം) ഇവന്റടുത്തിപ്പോൾ ചൂന്നു ചോദ്യം ചെയ്‍വാൻ തുടങ്ങിയാൽ ഇവൻ അവിടത്തെ രഹസ്യങ്ങൾ പൊട്ടിച്ചൂടും; അതു വേണ്ട. (പ്രകാശം) എടാ! ഈ നാടൊട്ടുക്കു പറയുന്ന വർത്തമാനത്തിനു നീ എന്തു പറയുന്നു? അമ്പതുതവണ അവിടെ നീതന്നെ വന്നു പറഞ്ഞിട്ടുണ്ടല്ലോ!

പപ്പു: (തല ചൊറിഞ്ഞു പുരികം ചുളിച്ചു) എന്തരു വർത്തമാനം കൊച്ചമ്മാ!

ഗോവിന്ദൻതമ്പി: എന്തരു വർത്തമാനമെന്നോ? അപ്പോപ്പോ ലക്ഷ്മിക്കുട്ടി എന്റടുത്തു പറയാറുണ്ടു്; ഇവളെ ഒരു സായ്പ് കല്യാണം കഴിക്കാൻ പോണൂന്നു്. അറിയാത്തടം ഇനി ഏതാടാ?

പപ്പു: ഇതു 'നന്നാപ്പൊറുത്തെന്റെ മോളിങ്ങുപോരട്ടെ' എന്നു പറഞ്ഞതുപോലെ അല്യോ ഇരിക്കുന്നു? 'കൊടുങ്ങല്ലൂർത്തുറയിൽ പതിനെട്ടുകപ്പൽ പാറ്റയിറങ്ങിയപ്പോൾ പാൽപ്പായസക്കടലിൽ പട നിരന്നു' എന്നു പറഞ്ഞതുപോലെ ഏതോ ഒരു ദൊര ഒരു മദാമ്മേ കെട്ടാൻ പോണേന് ഇങ്ങനെയൊക്കെ മറിക്കിണ ആളുകളു പൊറുക്കണടത്തു പഞ്ചം വന്നതോ കുറ്റം? അങ്ങു പടയേറിയതോ കുറ്റം? ഉണക്കും വര്‍ഷവും കണക്കറ്റുപോകുന്നതും ഇതു കൊണ്ടല്യോ?

ഈച്ചരൻ: (പ്രവേശിച്ചു) അങ്ങുന്നേ! കൊച്ചുകിട്ടുപിള്ള പറഞ്ഞയച്ചു, സായുവിന്റെ അവിടെ ഇപ്പോഴും ഈ കുഞ്ഞിന്റെ അച്ഛൻ എത്തിയിരിക്കുന്നു.

ഗോവിന്ദൻതമ്പി: (കോപിച്ച്) ഏതു സായ്പ് സരസൂ! അതു്? നേരു പറ, അല്ലെങ്കിൽ മണ്ണുതീറ്റിയേക്കുന്നുണ്ടു്

 

രംഗം നാലു് (31-34)

 

-31-


സരസ്വതി: ഒരു സായിപ്പു് ഇവിടെ ഒരിക്കൽ വന്നിരുന്നു. അച്ഛന്റെ ഒരു വസ്തു കണ്ടു. അതു വാങ്ങണമെന്നും അയാൾക്കാഗ്രഹമുണ്ടു്.

ഗോവിന്ദൻതമ്പി: ലക്ഷ്മിക്കുട്ടീ! നമുക്കിറങ്ങാം. ഈച്ചരപിള്ള! നടക്കൂ. നടക്കൂ, നടക്കൂ. പഞ്ഞിക്കകത്തു തീക്കട്ടയെ പൊതിഞ്ഞു കെട്ടിയാ അതവിടെ ഇരിക്കുമോ? പടര്‍ന്നെരിയും. ആ ചങ്കരപ്പിള്ളയെന്നു പറഞ്ഞവനിപ്പം എന്റെമുമ്പേ വന്നെങ്കിൽ അവനെ പഠിപ്പിച്ചുവിട്ടുകൂടുമായിരുന്നു. കാര്യക്കാരങ്ങുന്നമ്മാരു പണിയിച്ച ഈ വീട്ടിൽ ഉലകുടപെരുമാക്കന്മാരു തൃക്കാലമച്ചിട്ടുണ്ടു്. അങ്ങനെയുള്ളടത്തോ ആ ചമ്പുതിന്നി ഹൂണനെക്കൊണ്ടെന്നുകേറ്റിയതു്? പോ, പോ, നീയും നിന്റെ തള്ളയും എല്ലാം. ഛേ! പടിയടച്ചു പിണ്ഡംവച്ചു വീടു പുണ്യാഹം കഴിക്കണം.

പപ്പു: എന്തരിനങ്ങുന്നേ! ദൊരേത്തന്നെ കിട്ടി എന്നുവയ്ക്കണം. (ഒറ്റ കണ്ണടച്ചു അടുത്തു നീങ്ങി സ്വകാര്യസ്വരത്തില്‍) നമുക്കും ചില ലാഭങ്ങളില്യോന്നു്. ഇവൻ വെളക്കുവെക്കുമ്പോഴേക്കു വള്ളക്കട വെങ്കേ, പാളയമെങ്കേ, പയണ്ടിനു വിലയെന്തു്, ശീമയെങ്ങനെ, നാടനെങ്ങനെ? എന്നൊന്നും അന്വേഷിക്കണ്ട.

(ഗോവിന്ദൻതമ്പി പപ്പുവിനെ സ്നേഹപൂർവ്വം പ്രഹരിക്കുന്നു. പപ്പൻ രസിച്ചു തുള്ളുന്നു.)

ഈച്ചരൻ: അങ്ങുന്നേ! കാര്യം വിട്ടു കളിക്കരുതു്. എല്ലാം പറയുന്നതു പൂരായം എന്നു വയ്ക്കാം (ആത്മഗതം) ഇവിടം കിട്ടിയില്ലെങ്കിൽ ആ കൊച്ചുകിട്ടുപിള്ള ഇരപ്പോടെടുത്തുപോകും. നമുക്കു കറക്കാൻ മുതലു കാണൂല്ല. (പ്രകാശം) ഈ കുഞ്ഞിനു കൊച്ചുകിട്ടുപിള്ള മൂന്നാംനാളോ എന്നു കേക്കണം. ഇതിന്റെ നിലകേടും മുറയും തറയും മറപ്പും കൊണ്ടല്യോ ഈ പേർ എല്ലാം കേൾക്കുന്നതു്?

ഗോവിന്ദൻതമ്പി: എടാ! ആ ചങ്കരനെന്നുപറയുന്ന കുരുത്തം കെട്ടവനെ കണ്ടെങ്കിൽ ഞാൻ എല്ലാം ഈ നിമിഷത്തിൻ ചട്ടം ചെയ്തൂടുല്യോ? ഇവൾ-

-32-


ലക്ഷ്മിപ്പിള്ള: കൊച്ചിനെ എന്തിനു ശകാരിക്കുന്നു? അയാളെ വഴിമാര്‍ഗ്ഗം പഠിപ്പിക്കണം. ഇതിന്റെ തള്ളയും അങ്ങു് ഉറുപ്പനിൽ മൂഴികനെപ്പോലെ എങ്ങാണ്ടോ കിടന്നു ചങ്കരപ്പിള്ളേടെ കൂത്തിനു ചൊക്കനാടുന്നു.

ഈച്ചരൻ: അതൊക്കെ എന്തിനാലോചിക്കുന്നു? പിടാകക്കാരെ രണ്ടുപേരെ വരുത്തി, കൊച്ചുകിട്ടുപിള്ളയ്ക്കു ജാതകം കൊടുത്തൂടണം.

ഗോവിന്ദൻതമ്പി : പെണ്ണിന്റെ തന്ത വരട്ടടാ ! നീ കേറി ചുമ്മാകിടക്കുന്ന നമ്മെ കൊടുംപിരി കൊള്ളിക്കാതെ. നാലുപേരെ വെട്ടത്തിറങ്ങി നമുക്കു നടക്കണം. ഒരുത്തൻ വന്നുചേര്‍ന്നു കൊച്ചങ്ങളുമായാൽ അവനെ പുറന്തിണ്ണക്കാരനാക്കിത്തള്ളുന്നതു നിന്നെപ്പോലത്തേവനേ ചേരൂ.

ഈച്ചരൻ: (ആത്മഗതം) അയ്യ ! ഈ ചാറയാനും ഇങ്ങേരെ ലക്ഷ്മിക്കുറ്റിയും, കണ്ണീരു കുടിക്കുന്നതു് ഇവൻ കണ്ടില്ലെങ്കിൽ അന്ന് ഈ ഉള്ളംകൈയീന്നു മീശ പന്ത്രണ്ടു പിഴുതേയ്ക്കാം. (പ്രകാശം) ശുമ്മായാണോ, സ്ഥാനങ്ങളും മാനങ്ങളും വച്ചിരിക്കുന്നേ?

ഗോവിന്ദൻതമ്പി: അതേടാ; പൊന്നുതമ്പുരാക്കന്മാരും ആളും കുലവും അറിഞ്ഞു ചെമ്പുപട്ടയത്തിൽ നീട്ടു തന്നിട്ടുള്ളതു്. ആ പൂട്ടുപുരയിൽ ഇരിപ്പുണ്ടു. ഞാൻ ഒരുത്തൻ കലയിൽ പേടു്. ഛേ! പോവാൻ പറ. ആ ചങ്കരപ്പിള്ള വന്നെങ്കിൽ ഇപ്പോൾ രണ്ടാലൊന്നെന്നൊതുക്കീട്ടു മേൽ കാര്യം.

-33-


ശങ്കരപ്പിള്ള: (പ്രവേശിച്ചു് ആത്മഗതം) ഇതാ പടയ്ക്കു വന്നിരിക്കയാണു്. ദുഷ്പ്രവാദം കേട്ടു വെളിച്ചപ്പെട്ടിട്ടുണ്ടു്. രാത്രിയിലോ മറ്റോ ചാടി പുറപ്പെടാത്തതു ഭാഗ്യം. ആട്ടെ, പറ്റിച്ചേക്കാം. (താണു ഭക്തിപൂർവം തൊഴുതിട്ടു പപ്പുവിനോട്) അവിടെ നോക്കിക്കൊണ്ടു നില്ക്കാതെ ആ അറപ്പുരയീന്നു് ഒരു കസേര എടുത്ത് ഇറയത്തിടു്. അക്കനിങ്ങു വെളിയിൽ നിന്നുകളഞ്ഞതെന്തു്? കുഞ്ഞേ അമ്മായിയെ വിളിച്ചു് അമ്മേടെ അടുത്തു കൊണ്ടുപോയി ആക്കി തട്ടം എടുത്തുവച്ചുകൊടുക്കു്.

ലക്ഷ്മിപ്പിള്ള: വേണ്ട ശങ്കരപ്പിള്ള! പോവാൻ തുടങ്ങുകയാണു, ഇവിടുത്തെ വട്ടങ്ങൾ കേട്ടിട്ടു്-

ഗോവിന്ദൻതമ്പി: (ആത്മഗതം) എന്തായാലും നമ്മുടെ മച്ചമ്പിയല്ല്യോ അവൻ? നമ്മെക്കണ്ടു മര്യാദകളും മറ്റും പഠിച്ചിട്ടുണ്ടു്. ഛീ! ഛീ വല്ലതും പറയണെങ്കിൽ അതു ചെവിക്കു ചെവി അറിയാണ്ടുവേണം. (പ്രകാശം) കസേരയും മറ്റം വേണ്ടാ ചങ്കരപ്പിള്ള! ചിലതൊക്കെ കേട്ടത് എന്താണെന്നു ചോദിച്ചേക്കാമെന്നുവച്ച് ഇങ്ങോട്ടു വന്നു. കൊച്ചുകിട്ടുവിന്റെ കാര്യം ഒന്നു പറയാം. എവളു് ഒരുത്തന്റെകൂടെ പൊറുക്കാനുള്ള പ്രായത്തിലായല്ലോ. അതൊക്കെ നല്ലനേരംകണ്ടു പറയാം.

ഈച്ചരൻ: (ആത്മഗതം) മൂപ്പീന്നു താഴുണ കണ്ടില്യോ? നാംതന്നെ പൊട്ടിച്ചേക്കാം. ആവശ്യക്കാരനു് ഔചിത്യം വേണ്ടല്ലോ. (പ്രകാശം) കേട്ടോ ശങ്കരപ്പിള്ളഅങ്ങുന്നേ ! വല്യങ്ങുന്നു വിചാരിക്കുന്നതു കൊച്ചുകിട്ടുപിള്ളയെക്കൊണ്ടു ഈ കുഞ്ഞിനെ സംബന്ധം ചെയ്യിച്ചേക്കാമെന്നാണു്.

ശങ്കരപ്പിള്ള: ചേട്ടന്റെ മകനായി; മരുമകളായി. അതിനു ചന്തയിലെ കന്നാലിവാണിഭത്തിലെന്നപോലെ താൻ ഒരു തരകനെന്തിനെടോ?

ഗോവിന്ദൻതമ്പി: എടാ ഈച്ചരപിള്ളേ! നിന്റെ പൂച്ചരാണ്ടങ്ങൾ ആ കൊച്ചുകിട്ടുവിന്റടുത്തു ചെലുത്തിക്കോ. ഇവിടെ എടുക്കാതെ.

ശങ്കരപ്പിള്ള: പെണ്ണു നാലക്ഷരം പഠിച്ചിട്ടുണ്ട്.

-34-


ഗോവിന്ദൻതമ്പി: അക്കഥ ഒന്നും പറയാതിരിക്കൂ. ആ അടവു കൊണ്ടരാതെടെ. എവടെ പഠിപ്പും അവന്റെ പഠിപ്പില്ലായ്മയും ഒന്നുപോലെ. അവൻ എന്തോ തെന്തനംവഴിക്കു നടക്കുന്നെങ്കിലും പേരു നാറ്റിച്ചതാരെടോ?

ശങ്കരപ്പിള്ള: നാലക്ഷരം പഠിച്ചു എന്നുവച്ചാൽ അതുകൊണ്ടു അമ്മാവന്റെ സ്ഥാനവും മഹിമയും അറിഞ്ഞു മര്യാദയ്ക്കു നടക്കാനും അനുസരിക്കാനും അവൾക്കറിയാം എന്നുള്ള അര്‍ത്ഥത്തിലാണു ബോധിപ്പിച്ചതു്.

ഗോവിന്ദൻതമ്പി: അതു ശരി; അതു ശരി. അതല്യോ, പഠിപ്പിക്കട്ടെ; ഇനിയും പഠിപ്പിക്കട്ടെ എന്നു നാം വിട്ടിരിക്കുന്നതു്?

ഈച്ചരൻ: ധൊര കൊണ്ടുപോട്ടെന്നും...

ഗോവിന്ദൻതമ്പി: ഛേ! എന്തുപറഞ്ഞെടാ! ധൊരയോ, നിന്റ തന്ത; ഇറങ്ങു വെളിയിൽ. നീയും കൂട്ടരും ആണു് എന്തരോ തമുക്കടിച്ചു വിളംബരപ്പെടുത്തണത്. അതൊക്കെ ഒരു ചരതത്തിൽ അടക്കാൻ നാം നോക്കുമ്പോൾ... ഹിറങ്ങു വെളിയിൽ... എടാ! പപ്പു!

(പപ്പു നീങ്ങുന്നു. തമ്പി നീങ്ങുന്നു. ശങ്കരപ്പിള്ളയും ലക്ഷ്മിപ്പിള്ളയും തടസ്സം പിടിക്കുന്നു.)

(കർട്ടൻ)

 

രംഗം അഞ്ചു് (35-40)

 

-35-


രംഗം അഞ്ചു്


[മുണ്ടയത്തുഭവനത്തിന്റെ മുൻവശമുള്ള നിരത്ത്. യൂറോപ്യൻവേഷത്തിൽ രമാചന്ദ്രൻ പ്രവേശിക്കുന്നു.]

രമാചന്ദ്രൻ: അച്ഛന്റെ ശാപം എന്നെ പിന്തുടരുന്നു എന്നു തോന്നുന്നു. കോട്ടയം, ആലപ്പുഴ, കൊല്ലം എന്നീ സ്ഥലങ്ങളിൽ കമ്പനിക്കു വേണ്ട ഏപ്പാടുകൾ ചെയ്തു. വഴിക്കുവച്ചു നമ്മുടെ ബാഗു നോക്കിയപ്പോൾ കാണ്മാനില്ല. മടങ്ങിപ്പോകുവാൻ ഒരു പൈസയും കൈയിലും ഇല്ല. അച്ഛൻ പറഞ്ഞതുപോലുള്ള അഭിമാനംകൊണ്ടു് ഒരിടത്തും കേറുവാനും പരമാർത്ഥം പറയുവാനും തോന്നുന്നി ല്ല. ഇതാ ഈ കാണുന്ന ഭവനം മുണ്ടയത്തുവീടു് എന്നല്ലേ ഇപ്പോൾ പറഞ്ഞുകേട്ടതു്. ഇവിടെ അച്ഛന്റെ കാരണവർ പേഷ്കാർ ആയിരുന്നപ്പോൾ താമസിച്ചിട്ടുണ്ടു്. ഉണ്ടിട്ടു ദിവസം രണ്ടായി, തല കറങ്ങിവരുന്നു. കുളിയും ആഹാരവും ഇല്ലാഞ്ഞാൽ മനുഷ്യൻ മൃതപ്രായം (ഭവനപ്പടി കടന്നു തളത്തിലെ വരാന്തയിൽ കയറുന്നു.)

സരസ്വതി: (പ്രവേശിച്ചു ആത്മഗതം) ഗ്രഹപ്പിഴയായി. ഇതാ ഒരു ചെറുപ്പക്കാരൻ സായ്‌പ്‌തന്നെ ഇങ്ങോട്ടു കേറുന്നു. അമ്മാവൻ തലയിൽ തീകോരി ഇടാൻ വന്നിട്ട് എന്തോ തല്ക്കാലം ഒന്നടങ്ങിപ്പോയിരിക്കയാണു്. ഈ വർത്തമാനം ഇപ്പോൾ ആരെങ്കി ലും അവിടെ കൊണ്ടുപോയി കൊള്ളിക്കും. അല്ലേ! ഇയ്യാൾ കൂസൽകൂടാതെ ഇനി ഇപ്പോൾ അടുക്കളയിലും കേറും . ഭ്രാന്തനാശുപത്രീന്നു ചാടിപ്പോന്നതോ എന്തോ? രണ്ടുമൂന്നു ദിവസമായി ശിവരാത്രി ഉപവാസം കിടന്നു വരുന്നതുപോലെ. സ്വരൂപം പ്രാകൃതം. മുഖത്തു നല്ല അഭിരാമത. പ്രഭുത്വവും ഉണ്ട്. പഠിപ്പും ഉണ്ടായിരുന്നിരിക്കാം . വരവിലും നിലയിലും ഒരു പരിഷ്കാരതേജസ്സുണ്ടു്. ചുണ്ടു വിറയ്ക്കുന്നു. കണ്ണിമകൾ ത്രസിച്ചടയുന്നു.

രമാചന്ദ്രൻ: (ആത്മഗതം) ഭഗവാനേ! അകം കത്തി ജ്വാലകൾ മേല്പോട്ടു കയറുന്നു. നാവു കീഴ്പോട്ടമർന്നുപോകുന്നു. ലോകം കറങ്ങിത്തുടങ്ങിയിരിക്കുന്നു. ഈ സാധുക്കുട്ടിയുടെ മുമ്പിൽവച്ചു എനിക്കു വല്ല അപകടവും പറ്റിയേക്കാം. ഇംഗ്ലണ്ടുസുന്ദരികൾ! ഹാ! പൊടിയും പശയും അഭ്രതേജസ്സും കൊണ്ടു് - ചിന്തകൾ- ചിന്തകൾ-തുടരാൻ ശക്തിയില്ലാതെ ബുദ്ധി മന്ദിക്കുന്നു. (പ്രകാശം) ഇത്രവെള്ളം കിട്ടിയെങ്കിൽ തല്ക്കാലാപത്തു" (ഉറക്കെ) വെള്ളം! (വീഴാൻ തുടങ്ങുന്നു.)

സരസ്വതി: (ആത്മഗതം) കഷ്ടം! ഏതോ നല്ല അച്ഛനമ്മമാരുടെ സന്താനമാണിത്. അതു സംശയം ഇല്ല എന്നു് അന്തർഭൂതം പറയുന്നു അമ്മയെ വിളിക്കട്ടെയോ? ച്ഛേ! അവർ അന്യജാതിയെന്നു ശഠിച്ചു പുറത്താക്കിക്കളയും. അച്ഛൻ ഇവിടെ ഇല്ലല്ലോ. അയ്യോ! കഷ്ടം! ഇതാ മുഖം രക്തശൂന്യമാകുന്നു. ചുണ്ടും കരുവാളിക്കുന്നു. (അസ്തവിവേകിനിയായി മുന്നോട്ടു നീങ്ങുന്നു.)

-36-


രമാചന്ദ്രൻ: അച്ഛാ! ക്ഷമിക്കണേ-ക്ഷമിക്കണേ-ഞാ- ഞാ-

(രമാചന്ദ്രൻ വീഴുന്നു. സരസ്വതി താങ്ങി സംഭ്രമത്തോടുകൂടി ചുറ്റും നോക്കുന്നു.)

സരസ്വതി: (യുവാവെ ഹസ്താവരണം ചെയ്തിട്ടു്) എനിക്കു താങ്ങാനും അങ്ങോട്ടു നീക്കിക്കിടത്താനും ശക്തിയില്ല. വല്ലവരും കണ്ടാൽ എന്തുപറയും? വരുന്നതു വരട്ടെ. ഈശ്വരനല്ലേ എല്ലാത്തിനും സാക്ഷി. (തളപ്പടിയിൽ ഒരുവിധം നീക്കിക്കിടത്തി ചില പുസ്തകങ്ങൾ എടുത്തു തലയണയാക്കുന്നു. രംഗത്തിൽനിന്നും മറഞ്ഞു കിണ്ടിയിൽ വെള്ളവുമായി മടങ്ങിയെത്തി) ഈ കേസിലെ ഫസ്റ്റ് എയ്ഡ് ഇതുതന്നെയല്ലേ? (മുഖത്തു കുറച്ചു വെള്ളം തളിച്ചു പല്ലു വിടുത്തി വെള്ളം കൊടുക്കുന്നു.)

രമാചന്ദ്രൻ: ആ! വിശ്വംഭരാ ! കുറച്ചുകൂടി.

(പിന്നെയും വെള്ളം കൊടുക്കുന്നു.)

(പല ദീർഘശ്വാസങ്ങളോടെ ഉണർന്നിരുന്നു) ഇതു് സ്വർഗ്ഗമോ മായാവികളുടെ മണ്ഡലമോ!

സരസ്വതി: രണ്ടുമല്ല. മനുഷ്യരുടെ കഷ്ടതരംഗമായുള്ള ഭൂമിതന്നെയാണു്.

രമാചന്ദ്രൻ: ഹാ! തേജസ്വിനീ! ഈ സ്വർഗ്ഗത്തിലെ അമൃതപൂരിതമായുള്ള വായുശ്വസനം എനിക്കും ലഭ്യമായിരിക്കുന്ന ഭൂവാസനിർവൃതിയുടെ തെളിവായിരിക്കുമ്പോൾ എന്താണിങ്ങനെ വ്യാജം കൊണ്ടെന്നെ വഞ്ചിക്കാൻ തുടങ്ങുന്നതു്?

-37-


സരസ്വതി: (ആത്മഗതം) ഇയാൾ ബോധക്ഷയത്തിൽത്തന്നെ ഇരി ക്കുന്നുവോ അതോ ഇങ്ങോട്ടു പ്രണയം കൊണ്ടാടാൻ മര്യാദകേടു അനുഷ്ഠിക്കുന്നുവോ? എന്തായാലും ആതിഥ്യം നാം ശരിയായി അനുവർത്തിക്കുക. (പ്രകാശം) അല്ല, ശ്രീപത്മനാഭസങ്കേതത്തിലെ മുണ്ടയത്തുഭവനമാണു്.

രമാചന്ദ്രൻ: അങ്ങനെ പറയൂ. സാക്ഷാൽ വൈകുണ്ഠത്തിലേക്കാണു എന്റെ ഭൂവാസകാലത്തിലെ സൽകൃത്യം എന്നെ എത്തിച്ചിരിക്കുന്നതു്. അവിടുത്തെ മഹാലക്ഷ്മിതന്നെ വിഷ്ണുസായൂജ്യം ചേർന്നിരിക്കുന്ന എന്നെ രക്ഷിക്കുന്നു.

സരസ്വതി: എന്തു്? നിങ്ങൾ ക്രിസ്ത്യാനിയല്ലേ? പിന്നെന്താണു നിങ്ങളുടെ രൂപകങ്ങളെല്ലാം ഹിന്ദുപുരാണകഥാസംബന്ധങ്ങളായി പുറപ്പെടുന്നതു്?

രമാചന്ദ്രൻ: ദേവീ! സ്വർഗ്ഗം ഒന്നേയുള്ളൂ. അതിനും അധിഷ്ഠാനശക്തിയും ഒന്നത്രേ. ആ ദിവ്യശക്തിയുടെ കളേബരതേജസ്സുകൊണ്ടു് ഇവന്റെ ഹൃദയം ഭാസ്വത്തായി, ശീതളമായിരിക്കുന്നു. പൈദാഹാദിക്ഷീണങ്ങളും ജരാനരാമൃത്യുവും ഇവനു നിവർത്തിതമായിരിക്കുന്നു. ഞാൻ പാദം തലോടി അഭിവാദ്യം ചെയ്തുകൊള്ളട്ടെ

സരസ്വതി: (ആത്മഗതം) ഇദ്ദേഹം പ്രണയവാദം തന്നെയാണു തുടങ്ങിയിരിക്കുന്നതു്. ച്ഛേ! ഇനി അടുത്തു നില്ക്കുന്നതു് ഉചിതമല്ല. അമ്മയെ വിളിച്ചേക്കാം. ഇദ്ദേഹത്തെ പുറത്താക്കാനുള്ള വൈഭവം എനിക്കില്ല. എന്തോ ഞാൻ അറിയാതെ കൃപയും ആദരവും തോന്നിപ്പോകുന്നു. ബഹുജനപ്രവാദം ദൈവവചസ്സ് എന്നുള്ള നീതിയനുസരിച്ചു് എന്റെ ഹൃദയം ജാത്യാനുരക്തതയിൽനിന്നു ഖണ്ഡിക്കപ്പെട്ടിരിക്കുന്നുവോ?

(പപ്പൻ പ്രവേശിക്കുന്നു.)

-38-


പപ്പു: ഹേ ! ഹേ്! അതുകൊള്ളാം; അതുകൊള്ളാം. പകലേതന്നെ പോക്കും വരവും തുടങ്ങി. ഇതു ശീമദ്ദൊരയും മറ്റുമല്ല. പിടിച്ചങ്ങു മാനമായിട്ടല്യോ ഇരുത്തീരിക്കുന്നു! കൊച്ചുകൊച്ചമ്മ വീശുണോ തടവുണോ? കാര്യം കോളല്ല. ഇംഗ്ലീഷുപഠിപ്പുകൊണ്ടു് ഇങ്ങനെഒക്കെത്തന്നെ വരുമായിരിക്കാം. എങ്ങനേം ആട്ടെ ദൊരയ്ക്കു മിസ്സിയേയും മിസ്സിയമ്മയ്ക്കു ദൊരയേയും-ഹ! ഹ! സഹിച്ചുകൂടാത്ത പ്രണയം . രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും രണ്ടു കണ്ണുകൊണ്ടും ചന്തം കുടിക്കുന്നു. ഇപ്പോ നാം ഇവിടെ നില്ക്കുണ്ടാ. ഗുഡ്മാണി യുവർ ഹാണർ (സലാംവച്ചു പോകുന്നു.)

രമാചന്ദ്രൻ: ദേവീ! ബോധക്ഷയം തീർന്നുവെങ്കിലും ഒരു ചോടു നടക്കാൻ ശക്തിയില്ല. ഞാൻ ഇവിടെ വല്ലെടത്തും തന്നെ കുറച്ചുനേരം കിടന്നുകൊള്ളട്ടെ.

സരസ്വതി: (ആത്മഗതം) പപ്പു തന്നെ വന്നു കണ്ടേച്ചുപോയി. അതിൽനിന്നിനി എന്തെല്ലാം കഥ പൊട്ടിത്തെറിക്കുന്നോ? ഈ സാധുവിനെ ഇവിടെ കിടത്തിയാൽ തീർച്ചയായും അച്ഛൻകൂടി ശണ്ഠകൂടിയേക്കും ഘട്ടം അങ്ങനത്തേതാണു്. എങ്കിലും ഈശ്വരനല്ലേ സാക്ഷി! നമ്മുടെ ധർമ്മം നാം നിർവ്വഹിക്കണം. ഇദ്ദേഹം വിശന്നിരിക്കയാണു്. എന്തു ജാതിയാകട്ടെ എന്തു മതമാകട്ടെ. (അകത്തോട്ടു പോകുന്നു.)

രമാചന്ദ്രൻ: ഭഗവാനേ! ഞാൻ എന്തു വമ്പാണു് അച്ഛന്റടുത്തു പറഞ്ഞതു്. ദേവരംഭകളോടിടഞ്ഞിട്ടുണ്ടു്, കുസുമമൃദുലമായ ഹസ്തങ്ങൾ പിടിച്ചു കുലുക്കിയിട്ടുണ്ടു് എന്നെല്ലാം പ്രസംഗിച്ച പുരുഷത്വം ഇപ്പോൾ എങ്ങോട്ടു പോയോ? എന്റെ ഹൃദയം പ്രണയമകരന്ദത്തെ വഹിക്കാൻ ഒരുക്കപ്പെട്ട ഒരു പാത്രം പോലെ, അല്ലെങ്കിൽ ആഹാരത്തിനു കൊതിക്കുന്ന ക്ഷുധാർത്തന്റെ സ്ഥിതിയിലാണു്. എന്തായാലും ഈ മഹതിയുടെ മുമ്പിൽ എന്റെ ക്ഷീണത്തിന്റെ അത്യുഗ്രരൂപത്തെ ഞാൻ പ്രകാശിപ്പിച്ചുകഴിഞ്ഞു. ഇവിടെ നിന്നും വല്ല അഭയവും നേടിക്കൊണ്ടുതന്നെ പോകണം. ഇവർ അ കത്തോട്ടു പോയിരിക്കുന്നതു് എന്തിനാണാവോ? പരമാർത്ഥം പറഞ്ഞേക്കാം. ദാമ്പത്യപ്രാരബ്ധത്തിൽ ബദ്ധയായിട്ടില്ലെന്നാണു ലക്ഷണങ്ങൾകൊണ്ടു തോന്നുന്നതു്. വല്ല അംഗീകൃതകാമുകനുമുണ്ടെങ്കിൽ നാം ഇപ്പോൾ പരമാർത്ഥം പറഞ്ഞാലും ഇളിഭ്യനായേക്കും.

സരസ്വതി: (സ്വല്പം പലഹാരവും ചായയുമായി പ്രവേശിച്ച് കൊടുത്തിട്ടു്) അത്യധികം വിശപ്പാണെന്നു പറഞ്ഞല്ലോ. ആ സ്ഥിതിക്കു സ്വല്പമേ ആദ്യം കഴിക്കാവല്ലോ. ഇതാ ഇതു കഴിച്ചിട്ടു യാത്രയാവുക.

-39-


ഈച്ചരൻ: (പ്രവേശിച്ചു ആശ്ചര്യം നടിച്ച് ആത്മഗതം) അപ്പോൾ ആ പപ്പു പറഞ്ഞതു ശരിതന്നെ. ഇതു യൂറോപ്യൻസായിപ്പ് അല്ലല്ലോ. അഞ്ചുതെങ്ങിലെയോ തങ്കശ്ശേരിയിലെയോ വകയാണു്. എന്തായാലും ആളുകൾക്കുണ്ടോ തെറ്റുന്നു? നോക്കണേ കാപ്പിയായി, വിരുന്നായി. ഞാൻ കൊച്ചുകിട്ടുപിള്ളയ്ക്ക് ആളയച്ചിട്ടുണ്ട്. ഇപ്പോൾ കാണാം ഇവിടെ ഒരു പൊടിപൂരം. (മുന്നോട്ടുവന്നു) സലാം ധ്വരേ!

രമാചന്ദ്രൻ: സലാം ഇഷ്ടാ! ഞാൻ വല്ലാത്ത ഒരു അപകടത്തിൽ അകപ്പെട്ടുപോയി. കുറച്ചു് ആഹാരം വാങ്ങി കഴിപ്പാൻ ഇങ്ങോട്ടു കേറി, ബോധം കെട്ടുപോയി.

ഈച്ചരൻ: അതേ; അങ്ങോട്ടും ഇങ്ങോട്ടും ഉള്ള ബോധക്കേടും എല്ലാവരും കേട്ടതുതന്നെ. ഇപ്പോഴും അത് നല്ലവണ്ണം കണ്ണിലും മൂക്കിലും കളിയാടുന്നു.

സരസ്വതി: ഏ ഈശ്വരപിള്ളേ! പിന്നെ, വല്ലതും മനസ്സിൽ കരുതി വല്ലതും സൃഷ്ടിച്ചു വെറുതെ ശണ്ഠകൾ പിണയ്ക്കരുതു്.

ഈച്ചരൻ: ഇല്ല കൊച്ചമ്മേ!

രമാചന്ദ്രൻ: ഞാൻ യാചകനായി ഇങ്ങോട്ടു കേറിയതാണു്. കേവലം ദേശാന്തരിയുടെ നിരാശ്രയത്വത്തിന്റെ നിലയിൽ.

-40-


ഈച്ചരൻ: സായിപ്പിന്റെ ചേപ്പിൽ ഒരേടു കിടപ്പുണ്ടോ? പുണ്യകാവേരീതീരത്തിങ്കൽ കാഞ്ചീപുരം പട്ടണത്തിൽ ബ്രഹ്മശ്രീ ആര്യനാരായണസ്വാമിദീക്ഷിതർക്കു് അമ്പത്താറു മക്കളുണ്ടായി; എങ്കിലും എല്ലാത്തിന്റെയും കാതു നാലും കണ്ണ മൂന്നും പൊട്ടായിത്തീർന്നു എല്ലാം ഊമയാകകൊണ്ടു് ഓരോ സന്താനവും ഓരോ വഴിക്കായി ലോകത്തിൽ സഞ്ചരിച്ചും പൂർവജന്മകൃതം പാപം എന്നൊക്കെ ഒരേടും.

രമാചന്ദ്രൻ: എടോ! ഞാൻ ആ വകക്കാരനല്ല.

ഈച്ചരൻ: ഇങ്ങേരു വലിയ വടക്കൻമട്ടിലല്യോ ഭാഷ ചപ്പുന്നു. ശങ്കരപ്പിള്ള അങ്ങുന്നു് വസ്തുവിക്രയത്തിനു തക്ക ആളെത്തന്നെ കണ്ടുപിടിച്ചോണ്ടു.

സരസ്വതി: (രമാചന്ദ്രനോടു്) ദയവുചെയ്ത് ഇനി യാത്രയാവുക. വല്ലതും സഹായം കൂടി വേണമെങ്കിൽ പറയുക.

രമാചന്ദ്രൻ: ഞാൻ ഇപ്പോൾ പോയിവരാം . ഈ പാത്രങ്ങൾ-

സരസ്വതി: ഞാൻ ശുദ്ധിചെയ്യിച്ചോളാം. (രമാചന്ദ്രൻ പോകുവാൻ തുടങ്ങുന്നു. ഈച്ചരപിള്ള തടുത്തുനിന്നു.)

രമാചന്ദ്രൻ: എന്താഹേ! ഒരു മാന്യഭവനത്തിൽ അനുഷ്ഠിക്കേണ്ട ചടങ്ങാണോ ഇതു്?

ഈച്ചരൻ: അങ്ങനെയുള്ള മാന്യഭവനത്തെ ഇങ്ങേക്കു കളങ്കപ്പെടുത്താമെങ്കിൽ മറ്റുള്ളോനും അതിനെ തടസ്സം ചെയ്യാം. സ്വല്പം നില്ക്കുക. ചിലർകൂടി വരാനുണ്ടു്.

 

രംഗം അഞ്ചു് (41-45)

 

-41-


സരസ്വതി: ആ പപ്പു വന്നതാണു് അനകണ്ടുപിടിച്ചോണ്ടുത്ഥമായതു്. ഇനി ഇപ്പോൾ ആരെയെല്ലാം ഇങ്ങോട്ടെഴുന്നള്ളിക്കുന്നോ?

(രമാചന്ദ്രൻ മുന്നോട്ടു നീങ്ങുന്നു.)

ഈച്ചരൻ: തന്റെ ദൈവത്താണെ നീങ്ങരുതു്. ഈ കച്ചവടം ഇന്നു ഒതുങ്ങണം.

സരസ്വതി: ഈശ്വരപിള്ള! വഴിമാറിക്കൊടുക്കൂ. ഇതിനകത്തു ആരു വരുന്നു, പോകുന്നു എന്നന്വേഷിക്കാൻ തനിക്കെന്തധികാരമെടോ?

ഈച്ചരൻ: ജാതിയുടെ നില രക്ഷിക്കാൻ എനിക്കധികാരമുണ്ടു്. ഉടമസ്ഥൻ വരുന്നവരെ ഞാനതു ചെലുത്തും.

രമാചന്ദ്രൻ: എന്തു ജാതി ഹേ! അമേരിക്ക, ആഫ്രിക്കാ, ജപ്പാൻ മുതലായി ഭൂലോകത്തിന്റെ നാനാഭാഗത്തും നിങ്ങളുടെ ആളുകൾ സഞ്ചരിച്ചിട്ടു് എന്തു ഭ്രഷ്ട് നിങ്ങൾ കല്പിക്കുന്നു?

ഈച്ചരൻ: നമ്പൂരിപ്പാടുതിരുമനസ്സിലെ അടുത്തു മറുപടി ഉണത്തിക്കാൻതക്ക ആളിതാ വരുന്നു.

(കൊച്ചുകൃഷ്ണപിള്ള പ്രവേശിക്കുന്നു.)

കൊച്ചുകൃഷ്ണപിള്ള: എന്തോന്നാ ഈച്ചരപിള്ളേ! ഇതു്?

-42-


ഈച്ചരൻ: എന്തോന്നെന്നോ? കള്ളനേയും തൊണ്ടിയേയും ഇതാ പിടിച്ചപിടിക്കു ഹാജരാക്കുന്നു. വരുത്തണം വല്യങ്ങത്തെ; ഇന്നാൾ അങ്ങുമിങ്ങും തൊടാണ്ടും മഴമഴങ്ങസ്യ എന്നു പോയില്യോ. ഇപ്പോൾ- ദൊര-ദൊര-ലക്ഷപ്രഭു, കോടീശ്വരൻ, ആയിരം ശമ്പളക്കാരൻ എന്നൊക്കെ പറഞ്ഞത്, ഇയ്യാളാണു്. അല്ലേ ഏതു കാശിയിൽ കൊണ്ടുചെന്ന് അലക്കിയാൽ നമുക്കൊക്കെ പറ്റുന്ന പേരുനാറ്റം തീരും?

കൊച്ചുകൃഷ്ണപിള്ള: ഏ! സായിപ്പേ!

സരസ്വതി: ചേട്ടാ! ഈശ്വരപിള്ളേടെ തൊഴിൽ ചേട്ടനു ചേരൂല്ല.

കൊച്ചുകൃഷ്ണപിള്ള: ഇത്തൊഴിൽ സരസൂനു ചേരുമെങ്കിൽ ഞങ്ങൾക്കു് ആണുങ്ങളുടെ തൊഴിൽ എന്തും ചേരും . ഈച്ചരപിള്ളേ! ആ വണ്ടിപ്പുരയിൽനിന്നും ഒരു കയറെടുത്ത് ഈയാളെ പിടിച്ചുകെട്ടിവച്ചിട്ട് അച്ഛനെ വിളിച്ചോണ്ടുവരൂ.

രമാചന്ദ്രൻ: ഏ! പിള്ളേ! ഈ ചണ്ഡപ്രഭാവങ്ങൾ അങ്ങുവെച്ചേക്കുക. എൻറെ കൈയ്ക്ക് കയറാണെങ്കിൽ തന്റെ കാൽക്കു് ഇരുമ്പുതണ്ടയാണു്.

കൊച്ചുകൃഷ്ണപിള്ള : ഓടൂകൂവാ ഈച്ചരപിള്ളേ! അച്ഛനെക്കൊണ്ടുവരൂ. ഇവൻ പൊട്ടിത്തെറിക്കുന്നതു കേട്ടാൽ വെളിച്ചപ്പാടോ ആരാച്ചാരോ ആണെന്നു തോന്നും.

(ഈച്ചരൻ ഓടുന്നു.)

രമാചന്ദ്രൻ: ഓട്ടത്തിൽ ഞാൻ അയാളോടും ഒരു പന്തയം വയ്ക്കട്ടെ.

-43-


കൊച്ചുകൃഷ്ണപിള്ള: അനങ്ങിയാൽ ! ഖബർദാർ. എടാ! പെണ്ണുങ്ങളുടെ കണ്ണിൽ മായപ്പൊടി ഇടാൻ താൻ കന്നക്കോലും കൊണ്ടു നടക്കുകല്ലേ. എങ്ങാനു കിടന്ന പീറച്ചട്ട; എങ്ങാണ്ടുന്നോ ഇപ്പോഴത്തെ എഴുത്തുകാരുടെ തങ്കപ്പുച്ചുഭാഷയും പഠിച്ചും ഒരു മേനിമുഖവും വച്ചു കെട്ടിക്കൊണ്ടു അയാൾ നടക്കുന്നു. ബീ.എ.യ്ക്ക് പഠിക്കുമ്പോ കൊച്ചിങ്ങനെയാണെങ്കി ജയിക്കുമ്പോൾപ്പിന്നെ-

രമാചന്ദ്രൻ: അത്ഭുതമല്ല. വിദ്യാഭ്യാസപരിഷ്കാരത്തിന്റെ സംസ്കാര മഹിമതന്നെയാണ് ഞാൻ ഇവിടെ കണ്ടതു്. (സരസ്വതിയോടു്) മൈ കോണ്ടക്ററ് മസ്റ്റ് ഡിസ്ട്രസ് യു, ഡിയറസ്റ്റ് !

സരസ്വതി: (ലജ്ജിച്ചു മുഖം ഒന്നു പാതി തിരിച്ചിട്ടു്) 'പ്ലീസ് ഡു നോട്ട് മെയ്ക്ക് കൺഫ്യൂഷൻ വോഴ്‌സ് കൺഫൗണ്ടഡ്. യു ഡു നോട്ട് നൊ ദ മെസ്സ് യു ആർ ക്രിയേറ്റിംഗ്'.

കൊച്ചുകൃഷ്ണപിള്ള: എടാ, ഈ ശനിയന്മാരു പറയുണതും മനസ്സിലാകുന്നില്ലല്ലോ!

സരസ്വതി: 'യു ആർ എ ക്രിസ്ത്യൻ, ആൻഡ് ഈഫ് യു ഹാവ് എനി റിഗാർഡ് ഫോർ വുമൻസ് ഹോണർ പ്ലീസ് ക്ലിയർ ഔട്ട് ഇൻസ്റ്റന്റ് ലി.'

രമാചന്ദ്രൻ: (ആത്മഗതം) ആ ഹൃദയപ്രകാരം അനന്യാധീനമെന്നു വെളിപ്പെട്ടു. പക്ഷേ, ഈ ആജ്ഞ അലംഘനീയം. സന്ദർഭങ്ങൾ ഇവൻ അറിയുന്നില്ല. എങ്കിലും, പോയിസ്സമുചിതസന്നാഹനായി വന്നേക്കാം. (നടക്കുന്നു.)

(കൊച്ചുകൃഷ്ണപിള്ള തടുക്കുവാൻ നോക്കുന്നു.)

-44-


രമാചന്ദ്രൻ: തൊടരുതു.

ഗോവിന്ദൻതമ്പി: (പ്രവേശിച്ചു്) എന്തോന്നെടാ കൊച്ചുകിട്ടൂ! കെടുത്തുകളഞ്ഞോ?

(രമാചന്ദ്രനും കൊച്ചുകൃഷ്ണപിള്ളയും മുൻപിൻ ഓടുന്നു.)

ഗോവിന്ദൻതമ്പി: ആ, പെണ്ണേ! ഇനി നിന്റെയും നിന്റെ അച്ഛന്റയും വാഴ്ച ഇവിടെ ഇപ്പോൾ അറണം. അറുപത്തൊൻപതും കഴിഞ്ഞു് ഈ കുറച്ചിൽ കാണാനോ ഞാൻ ചേഷിച്ചതു്? ആ ചോറുതിന്നുന്ന പപ്പനുകൂടെയും ഇതു കണ്ടു് ഓക്കാനം വരുന്നില്യോ! ഈച്ചരപിള്ള എവിടെ കൂവ്വാ?

ഈച്ചരൻ: (പ്രവേശിച്ചു) ഇവിടുണ്ടേ!

ഗോവിന്ദൻതമ്പി: വിളിക്കു ആ വേലുച്ചട്ടമ്പിയെ. കൊച്ചുകിട്ടുവിന്റെ ജാതകംകൊടയും പുടവകൊടയും ഇപ്പോൾ നിശ്ചയിക്കണം

ശങ്കരപ്പിള്ള: (പ്രവേശിച്ചു) എന്തോന്നു ചേട്ടാ, എന്തു്? ഈ വെളിയിൽ നടയിൽ നിന്നോണ്ടല്ല, കുടുംബം നിലനില്ക്കാനുള്ള ഏര്‍പ്പാടു ചെയ്യുന്നതു്. വിവാഹം കളിക്കാര്യമല്ലെന്നു് ആറു ശാസ്ത്രങ്ങളും അറിയാവുന്ന ചേട്ടൻ തന്നല്ലേ പറഞ്ഞിട്ടുള്ളതു്? വരണം, വരണം. (അകത്തേക്കു രണ്ടുപേരും പോകുന്നു.)

ഈച്ചരൻ: ഈ കന്നൻ അയാൾ കരുതിയ കടവിൽ കൊണ്ടടുപ്പിക്കും. നാം തോറ്റേക്കാം.

(കൊച്ചുകൃഷ്ണപിള്ള ഇളിഭ്യനായി തിരിച്ചുവരുന്നു.)

-45-


എന്തു കൊച്ചങ്ങുന്നേ?

കൊച്ചുകൃഷ്ണപിള്ള: മന്തെടോ മന്തു്. അവൻ കുതിരപ്പന്തായം പടിച്ച പിച്ചക്കാരൻ. നാലു രാജ്യവും നടന്നു തഴമ്പിച്ചവൻ. ഞാൻ തന്റെ ഗുണദോഷം കേട്ടു ഉള്ള കടങ്ങളും വാങ്ങി വെളിയിലിറങ്ങിയാൽ മുന്നോട്ടു വിടണ്ടേ?

ഈച്ചരൻ: ഇപ്പോൾ ഈ ദേഷ്യം?

കൊച്ചുകൃഷ്ണപിള്ള: എടാ, നടയിൽ ഇറങ്ങിയപ്പോൾ ആ രുദ്രൻ പോറ്റി ഒരു മുന്തിയിലു്, ലവിടുത്തെ പണിക്കരെ അവൻ കോട്ടകത്തു സേവിച്ചിട്ടു വരുന്നു. അവൻ മറ്റേ മുന്തിയിൽ; അവൻ അങ്ങ് ആകാശത്തുമെത്തി. ഓടി കാലുകഴയ്ക്കാതെ അവിതപറഞ്ഞു് ഇവന്റെ നാക്കു കഴച്ചു. പോടോ, പോ.

പപ്പു: (സ്വകാര്യമായി) കൊച്ചങ്ങുന്നേ! സായ്പു് കരുവുള്ളവനാണു്. നമുക്കെന്തരെന്നു്! അയാളു കൊണ്ടുപോട്ടെ. ബട്ളരെന്നു് എനിക്കുടമ്പടിയുമുണ്ടു്. അങ്ങത്തെ കാര്യങ്ങളൊക്കെ എവൻ ഭദ്രമാക്കിക്കൊള്ളാം.

കൊച്ചുകൃഷ്ണപിള്ള: വരൂ ഈച്ചരപിള്ളേ ! പപ്പു പറയുന്നതിൽ മര്‍മ്മങ്ങളുണ്ടു്; പോകാം.

പപ്പു: അങ്ങുന്നേ! സായിപ്പിനെ ഇന്നു വയ്യിട്ടു് ഒരു മേശവിരുന്നിനു വിളിച്ചൂടണം. എല്ലാം നാം ചേർന്നു് നടത്തീന്നങ്ങിരിക്കട്ടെ.

കൊച്ചുകൃഷ്ണപിള്ള: നിന്നെ ആക്കണം വല്ലടത്തേം കൗൺസിലരായി. ബാ! ബാ! (ഈച്ചരപിള്ള, പപ്പു ഇവരെ പിടിച്ചുകൊണ്ടു. വലിയ വമ്പിച്ച നട നടക്കുന്നു.)

(കർട്ടൻ)

 

രംഗം ആറു് (46-50)

 

-46-


രംഗം ആറു്


[രാജവീഥി. സവാരിക്കിറങ്ങുന്ന വക്കീൽ ധനഹറും രമാചന്ദ്രനും വഴിയിൽ വച്ചു കണ്ടുമുട്ടുന്നു.]

രമാചന്ദ്രൻ: ഗുഡീവനിംഗ് സർ!

ധനഹർ: (ഉപചാരം സ്വീകരിച്ചുള്ള തലകുലുക്കലോടെ) എസ്, എസ്! ഗുഡീവനിംഗ്!

രമാചന്ദ്രൻ: ഇവിടത്തെ ലീഡിംഗ് വക്കീൽ മിസ്റ്റർ ധനഹർ ആണെന്നു കേട്ടു് ഇങ്ങോട്ടടുത്തതാണു്.

ധനഹർ: നന്നു്, നന്നു്! മനോഹരസന്ധ്യ, പ്രശാന്തപവനൻ! കണ്ടില്യോ പരിഷ്കാരലക്ഷ്യം. മഹിളാജനങ്ങളും സവാരിക്കിറങ്ങിയിരിക്കുന്നു. ഏ, വേഗത്തിൽ നമ്മുടെ രാജ്യം ഇംഗ്ലണ്ടായിപ്പോകും.

രമാചന്ദ്രൻ: ആ രാജ്യം കണ്ടിട്ടുള്ളവനാണു ഞാൻ.

ധനഹർ: (ആത്മഗതം) ഊരിലെപ്പഞ്ഞം ഉണ്ണിയെക്കണ്ടാലുമറിയാം. (പ്രകാശം) അതുവരെ നടന്നാണോ പോയതു്? ക്ഷീണം കണ്ടിട്ടു് അങ്ങനെ തോന്നുന്നു.

-47-


രമാചന്ദ്രൻ: ക്ഷീണമുണ്ട്. ഞാൻ ആഫീസിലോ താമസസ്ഥലത്തോ വന്നു കാണാൻ ഉദ്ദേശിച്ചിരിക്കയായിരുന്നു.

ധനഹർ: (ആത്മഗതം) തെണ്ടിയാണു്. വഴിയിൽവച്ചു കണ്ടതു ലാഭമായി. (പ്രകാശം) എന്താ ശീമയിൽ പോയിട്ട് ആദായമാർഗ്ഗം ഒന്നും കിട്ടിയില്ലേ?

രമാചന്ദ്രൻ: ഈ നാട്ടുകാരൻ ഒരാൾ ഇംഗ്ലണ്ടിൽ പോയി അവിടത്തെ നിയമപണ്ഡിതന്മാർക്കും അത്ഭുതമുണ്ടാക്കുമാറു് പരീക്ഷകൾ ജയി ച്ചുപോന്നതു് അവിടുന്നു കേട്ടിരിക്കുമല്ലോ.

ധനഹർ: ആ ഭാഗ്യവാൻ ഇവിടെ എത്തുമ്പോൾ ഞങ്ങൾ സ്വാഗതയോഗംകൂടി അദ്ദേഹത്തെ സല്ക്കരിക്കാൻ നിശ്ചയിച്ചിട്ടുണ്ടു്.

രമാചന്ദ്രൻ: അദ്ദേഹം വക്കീൽപ്പണിയിൽ പ്രവേശിക്കുന്നില്ലത്രേ. ഒരു കമ്പനി ആരംഭിക്കാൻ ശ്രമിക്കുന്നു.

ധനഹർ: അതേതേ. ചില പത്രങ്ങളിൽ കണ്ടു. ഇങ്ങോട്ടു വരട്ടെ. ആയിരമോ പതിനായിരമോ പങ്കു് ഞാൻ എടുക്കുവാൻ തയ്യാറുണ്ടു്. ആ പേരുതന്നെ വിജയചിഹ്നമല്ലേ? അദ്ദേഹത്തിന്റെ അച്ഛൻ മഹാധീമാൻ അനുവദിച്ചിട്ടായിരിക്കും അതിലേക്കിറങ്ങിയിരിക്കുന്നതു്. നാലുനാൾകൊണ്ടു രണ്ടുലക്ഷം പിരിയില്ലേ? ഞങ്ങൾ ഇവിടത്തെ ബാർയോഗം കൂടി ഒന്നുപാതി ഇങ്ങോട്ടേൾക്കാൻ നിശ്ചയിച്ചിരിക്കയാണ്.

രമാചന്ദ്രൻ: (ലജ്ജയോടു്) നിങ്ങളുടെ ഈ വിഭുത്വവും സമുദായസ്നേഹവും എന്റെ ക്ഷീണത്തിനെല്ലാം നല്ല വിശല്യകരണിയായി ഉപയോഗപ്പെടുന്നു. തല്ക്കാലം ഞാൻ ഒരു അപകടത്തിൽ കഴങ്ങി നിങ്ങളുടെ കൈത്താങ്ങൽ കിട്ടാൻ അപേക്ഷിക്കുകയാണു്.

ധനഹർ: എന്റെ കൈത്താങ്ങലോ? ആഫീസിൽ വരൂ നാളെ.

-48-


രമാചന്ദ്രൻ: ഞാൻതന്നെയാണ് രമാചന്ദ്രൻ.

ധനഹർ: (പൊട്ടിച്ചിരിച്ചിട്ട്) ദേവേന്ദ്രനല്ലല്ലോ, ഏ? എന്താ, റെയിൽവേയിൽ ഉണ്ടായിരുന്ന ഡ്രൈവർപണി പൊയ്പോയോ? എന്റെ ചട്ടസ്സാറേ! പൊട്ടൻ തട്ടിക്കാൻ കണ്ട ആൾ തെറ്റിപ്പോയി. എന്നാൽ അവിടത്തെ കാർഡ് ഒന്നു കാണട്ടെ.

രമാചന്ദ്രൻ: അതെല്ലാം റയിൽവേയിൽവച്ചു കളഞ്ഞുപോയി.

ധനഹർ: അതേ. അതുതന്നെയായിരുന്നു വ്യാപാരകേന്ദ്രം. അപ്പോൾ എന്റെ ദർശനത്തിനു പരമാർത്ഥം കാണാൻ ശക്തിയുണ്ട്.

രമാചന്ദ്രൻ: മിസ്റ്റർ ധനഹർ ! നിങ്ങളെ ഞാൻ വഞ്ചിക്കാൻ നോക്കുന്നൂ എന്നു വിചാരിക്കരുതു്. ഞാൻ ഒരു പഠിപ്പുള്ളവനെന്നും എഴുതി നിങ്ങളെ ബോധ്യപ്പെടുത്താം. നിയമത്തിൽ എന്തെങ്കിലും ചോദിച്ചോളു. രമാചന്ദ്രൻതന്നെ ഞാൻ എന്നു തെളിയിക്കാം. ഞാൻ സ്വാശ്രയശക്തിതന്നെ പ്രധാനമെന്നു ചിന്തിച്ചുപോന്നതു വലിയ അബദ്ധം ആയി.

ധനഹർ: ഏ! ഇക്കഥ ഒന്നും പറയേണ്ട മിസ്റ്റർ. രമാചന്ദ്രൻ ആണെങ്കിൽ നിങ്ങൾ പ്രാസ്പക്ടസ്സംകൊണ്ടു വീട്ടിലോ ആഫീസിലോ വന്നേക്കുക. ആ സ്വാശ്രയവൃത്തി എന്നു പറഞ്ഞതു്- അപ്പോൾ അച്ഛന്റെ സഹായം കൂടാതെ പുറപ്പെട്ടിരിക്കുകയാണോ?

രമാചന്ദ്രൻ: ഞാൻ അനുഷ്ഠിക്കേണ്ട ജീവിതവ്യാപാരത്തെക്കുറിച്ചു ഞങ്ങൾ ഭിന്നാഭിപ്രായക്കാരായി.

ധനഹർ: എന്നാൽ സ്വാഭിപ്രായം നടക്കട്ടെ. (വേഗം നടക്കുന്നു.)

-49-


(രമാചന്ദ്രൻ കൂടെ എത്തുന്നു.)

എടോ! സൊള്ളാൻ കൂടാതെ തിരിഞ്ഞു നടകൊള്ളു.

രമാചന്ദ്രൻ: എന്തു മിസ്റ്റർ ധനഹർ ! നിങ്ങൾക്കും ആളെക്കണ്ട് ഒന്ന നമിക്കാൻ ശക്തിയില്ലെന്നു വന്നുവോ?

ധനഹർ: ഏയ്, സൊല്ലക്കാരാ, സവാരിക്കിറങ്ങിയപ്പോൾ ഞാൻ കാശു കൊണ്ടുവന്നില്ല. വേഷവിശേഷം വ്യാഖ്യാനിക്കാൻ കുറച്ചു പരിചയം എനിക്കുമുണ്ടു്.

രമാചന്ദ്രൻ: കൊല്ലത്തു് ഒരു സ്നേഹിതനും ഒരു കമ്പി നിങ്ങളുടെ ചെലവിൽ അയയ്ക്കുക. അദ്ദേഹം നാളെ രാവിലേക്കും ഇവിടെ എത്തും. പിന്നീടു് എന്നെ ആട്ടിപ്പുറത്താക്കിക്കൊള്ളുക.

ധനഹർ: ഇന്നത്തേതു കഴിഞ്ഞിട്ടല്ലേ നാളത്തേത് അന്വേഷിക്കുക. മിസ്റ്റർ രമാചന്ദ്രനുവേണ്ടി കമ്പി അയയ്ക്കേണ്ട കാര്യം എനിക്കു വന്നിട്ടില്ല. നടക്കൂ ഹേ, നടക്കൂ. അല്ലെങ്കിൽ പുറകോട്ടു മാറൂ.

(പപ്പു പ്രവേശിച്ച് ധനഹരനെ തൊഴുന്നു.)

പപ്പു: ഇപ്പോ അങ്ങത്തെ അടുത്തുകൂടിയോ ഈ ദൊര, ആയിരംരൂ പാ ശമ്പളക്കാരനങ്ങുന്നേ. കേട്ടിലോ അങ്ങുന്നേ, മുണ്ടയത്തു സരസുക്കുട്ടിയമ്മേടെ സമ്മന്തം ! അതിങ്ങേരാണു്.

രമാചന്ദ്രൻ: (പപ്പുവിനോടു്) ഞാൻ ഇന്നു കണ്ട കട്ടിയാണോ സരസുക്കുട്ടി?

പപ്പു: അതേ, അതേ. 'അങ്ങനേ! ഞാൻ അങ്ങു പോവതെങ്ങനെ?' എന്നാടിയിലോ. അതുതന്നെ കുട്ടി; ശങ്കരപ്പിള്ളയങ്ങത്തെ മകളേ!

-50-


ധനഹർ: എടാ, ഈ ബ്ലാക്ക് ഗാർഡ് ആണ് ആ വീട്ടുകാക്കു് ആ ദുഷ്പേരെങ്കിലും വരുത്തിയത്. ദൂരെ മാറിനടക്കൂ ഹംബഗ്, ബെഗർ, സ്കൗണ്ഡ്രൽ!

രമാചന്ദ്രൻ: ഇതാ, പരമാര്‍ത്ഥം അറിയാതെ ശകാരിക്കരുതു്!

ധനഹർ: ദൂരത്തു വാങ്ങി നടന്നില്ലെങ്കിൽ ഞാൻ- എടോ കോൺസ്റ്റബിൾ! എന്തു ഭേഷജം ! നിന്റെ പേരെന്തെടോ?

പപ്പു: പപ്പുള്ളാന്നു . മുണ്ടയത്തെ തമ്പി അങ്ങത്തെക്കൂടി പാര്‍ക്കുന്നു.

ധനഹർ: അതേതേ. നീ പോയി പറഞ്ഞേക്കു് ഞാൻ അങ്ങോട്ടു വരുന്നൂന്ന്. ശ്വോ, ശ്യോ എന്തെല്ലാം അനര്‍ത്ഥങ്ങൾ- ഇവന്റെ മുഖം നന്നു ഏതാണ്ടൊരു മിരട്ടും പിരട്ടും ഉണ്ട്. അതല്ലെ ഈ പെണ്ണുങ്ങളെ കുഴിയിൽ ചാടിക്കുന്നതു്.

രമാചന്ദ്രൻ: ഹേ വക്കീൽ കേസരി! നിങ്ങൾ വലിയ വിദ്യാസുംഭമെന്നു നടിക്കുന്നു. നിങ്ങളുടെ അന്തർമ്മഹത്വം മഹാതുച്ഛം! നാലു ചക്രം ചെലവാകുമെന്നു പേടിച്ചല്ലേ നിങ്ങൾ എന്നെ ഓടിക്കുന്നതു്? നിങ്ങൾ ഇന്നും ആ വീട്ടിൽ പോകുന്നെന്നല്ലേ പറഞ്ഞതു്. എന്റെ ഈ നിസ്സഹായസ്ഥിതിയിൽ അവിടത്തെ മഹതി കാട്ടിയ കൃപ വിസ്മയനീയം ! നമ്മുടെ സ്ത്രീലോകത്തിനും വിദ്യാപരിഷ്കൃതി ഉണ്ടാകുമ്പോൾ നിങ്ങൾ തലതാഴ്ത്തി അവര്‍ക്കു ദാസ്യപ്പെടേണ്ടിവരും.

ധനഹർ: (കൈ ആട്ടിയിട്ട്) എടോ ! തനിക്കു- കുറച്ചു കിഴക്കുവടക്കു ചെന്നാൽ ഒരു മഹാരാജാലയം ഉണ്ടു് - പാര്‍ക്കാൻ- ഭരിക്കാൻ - അവിടെ ഒരു എൽ. എം. എസ്. ഉണ്ടു്. രാജാക്കന്മാരു്, കോടീശ്വരന്മാരു്, സ്വര്‍ഗ്ഗസുഖം അനുഭവിക്കുന്നവർ എന്നിങ്ങനെ പല കൂട്ടരേയും അവിടെക്കാണാം. രമാചന്ദ്രൻ എന്ന പേരു മാറ്റിയിട്ട് ഉമാഭാസ്കരൻ എന്നോ മറ്റോ ഇട്ടു അങ്ങുചെന്നു് രജിസ്റ്റരിൽ നമ്പർ ചാര്‍ത്തിക്കുക.

(വഴിയിൽ കുറെ യുവരസികന്മാർ രമാചന്ദ്രനെ കണ്ട് മന്ത്രിച്ചുകൊണ്ടു പോകുന്നു.)

 

രംഗം ആറു് (51-54)

 

-51-


ഒന്നാം യുവാവു: ഹേ! മിസ്റ്റർ രമാചന്ദ്രൻ എം. ഏ. എൽ എൽ. ഡി. ഡി. സി. എൽ. ബാർ അറ്റ്ലാ. റ്റെക്.

രണ്ടാം യുവാവു് : ഓ മിസ്റ്റർ ഭീമചന്ദ്രചാറ്റർജി, നിയമപണ്ഡിത ബഹദൂർജി, ആറട്ടർ ബഹദൂർജി!

മൂന്നാം യുവാവും: രണ്ടുലക്ഷം മുതൽ മുടക്കി, തിരുവിതാംകൂറിലെ ജിഹാംഗീർ റ്റി. റ്റാറ്റായായ, ഐശ്വര്യം ഹിമവൽകരിക്കാൻ പോകുന്ന ബാറൻ റാസ് ചൈൽഡ്!

ഒന്നാം യുവാവു്: സർ, നിങ്ങടെ അത്താഴപ്പട്ടിണി പാസ്പോര്‍ട്ട് കൈയിലില്ലേ? യു വിൽ ബി ഓഫ് ടു ജപ്പാൻ വിത്തിൻ?

രണ്ടാം യുവാവു് : എടോ! അതു" അയാളുടെ വയറ്റിനകത്ത് ദീപയഷ്ടിയായി കത്തിജ്വലിക്കുകയാണു്.

ഒന്നാം യുവാവു്: അയാളുടെ കോപരൗദ്രം നിങ്ങളെ ദഹിപ്പിക്കും. വിശപ്പുകൊണ്ടു പക്ഷേ, അയാൾ നിങ്ങളെ തിന്നുംകളഞ്ഞേക്കാം.

പപ്പു: ഇങ്ങനെ ഒന്നും പറയരുതു്. അദ്യം മുണ്ടയത്തെ കൊച്ചുകൊച്ചമ്മയെ കെട്ടാൻ പോണ സായിപ്പാണു്. ശമ്പളം രൂപാ ആയിരം. നമ്മുടെ കിട്ടുപിള്ള അങ്ങുന്നു അങ്ങോട്ടു വിളിച്ചോണ്ടു ചെല്ലാൻ പറഞ്ഞിട്ടു് ഞാൻ വന്നിരിക്കയാണു്.

ഒന്നാം യുവാവു്: എന്നാൽ മിസ്റ്റർ രമാചന്ദർ അങ്ങോട്ടു ചെല്ലൂ. കിട്ടുപിള്ളച്ചട്ടമ്പിയുടെ ആശ്രമത്തിൽ വേണ്ടതും കിട്ടും. അവിടെ തെങ്ങും കാമധേനു തുലാവര്‍ഷമാണു്.

-52-


രമാചന്ദ്രൻ: എന്റെ സ്നേഹിതന്മാരെ, നിങ്ങൾ പഠിപ്പുള്ളവരാണെന്നു തോന്നുന്നു. ഒരു നിരാശ്രയന്റെ നേര്‍ക്കു് അനുഷ്ഠിക്കേണ്ട ധര്‍മ്മം എന്തെന്നു നിങ്ങൾ അറിഞ്ഞിരിക്കേണ്ടതാണു്.

രണ്ടാം യുവാവ്: എന്നാൽ അതു പറയുവെടോ! താൻ ഡാക്ടർ രമാചന്ദ്രൻ എന്ന സമ്പൂജ്യനാമവും വഹിച്ച് അത്താഴപ്പട്ടിണിക്കാരനായി കൈയും നീട്ടി നടന്നാൽ ഞങ്ങൾ തന്നെ പൂജിക്കുന്നതു മണ്ണുകൊണ്ടായാൽ അതു ധര്‍മ്മലംഘനമാണോ? യുദ്ധം കൊണ്ടു മറ്റും ദാരിദ്ര്യം പെരുകി ആളുകൾ പല വേഷവും കെട്ടുമ്പോൾ ഒരു കോട്ടും ട്രൗസറും ഇട്ടു നടക്കുന്നവനെ ധ്വര എന്നു പൂജിക്കണമെന്നു്!

രമാചന്ദ്രൻ: ആട്ടെ, ഞാൻ മിസ്റ്റർ ധനഹരനോട് ഒരു രൂപായുടെ സഹായമേ ചോദിച്ചൊള്ളു. നിങ്ങൾ ആരെങ്കിലും അതു ചെലവിട്ടു് ഒരു കമ്പി അയയ്ക്കുക. മറുപടിവരെ എന്നെ ബന്തവസ്സിൽ വയ്ക്കുക. ആത്മാഭിമാനത്തെക്കരുതി ഞാൻ ഇത്രവളരെക്കുഴങ്ങി.

ഒന്നാം യുവാവു്: എടോ! പപ്പുപിള്ളേ! ഇയ്യാളെപ്പിടിച്ചു ആ പത്മതീര്‍ത്ഥത്തിൽക്കൊണ്ടു് ഒരു ശാശ്വതക്കുളി കഴിപ്പിക്കൂ. അനാഥപ്രേതമായി കഥ അങ്ങനെ അവസാനിക്കട്ടെ.

പപ്പു: അയ്യോ! അങ്ങനെയൊന്നും പറയരുതേ. മുണ്ടയത്തെ സരസുകുഞ്ഞുമിസ്സിത്തങ്കച്ചിയെ കെട്ടാൻ പോണവനാണു്. കള്ളമല്ല. തിരുവാണപ്പടിയാണെ സത്യം.

(ഓരോരുത്തൻ ഉന്തിത്തള്ളിഷേയ്ക്ക് ഹാൻഡ് കൊടുത്തു് 'ഓ! കൺഗ്രാചുലേഷൻസ്. ഗിവ് അസ് എ ഡിന്നർ, പ്ലീസ് റൈട്, മി ആള്‍സൊ' എന്നു പറയുന്നു. തൊപ്പി എടുക്കുക, ലേസെടുക്കുക മുതലായതു ചെയ്യുന്നു.)

രമാചന്ദ്രൻ: ഭഗവാനേ! പരിഷ്കാരം മുത്താൽ ഇത്ര കഷ്ടമോ? (യുവാക്കന്മാർ പോകുന്നു.)

പപ്പു: ദൊരസ്സാറെ കൊച്ചുകിട്ടുപിള്ള അങ്ങുന്നു പറഞ്ഞയച്ചു.

രമാചന്ദ്രൻ: ആരെടോ അതു്?

-53-


പപ്പു: ഇന്നവിടെ കണ്ടിലോ ആ കൊച്ചുകൊച്ചമ്മേടെ മൊറഭര്‍ത്താവു്.

രമാചന്ദ്രൻ: എന്തായാലും അയാൾ എന്നെ എന്തിനന്വേഷിക്കുന്നു? എന്റെ വഴി അയാളുടേതല്ല.

പപ്പു: രണ്ടുപേരുടെ വഴിയും നല്ലതുമല്ല. പോട്ടെ, നാമൊക്കെ ഇനി ഒന്നായി കഴിയേണ്ടവരല്യോ എന്നും -

രമാചന്ദ്രൻ: എടോ! ആളും പരമാര്‍ത്ഥവും അറിയാതെ കേറി സംസാരിക്കരുതു്.

പപ്പു: ആ കൊച്ചമ്മേ വേണ്ടാന്നു് ഈ കൈയിൽ അടിച്ചു സത്യം ചെയ്യണം. പപ്പൻ നടന്നേക്കാം.

രമാചന്ദ്രൻ: (ആത്മഗതം) ഇവൻ എന്നെ വല്ലാതെ കുഴക്കുന്നു. ആ മഹതിയുടെ സ്മൃതിയും ധ്യാനവും ഇവനു ബഹുഭോജ്യങ്ങളുടെ അല്ല അമൃതത്തിന്റെ ശക്തിതന്നെ തരുന്നു. വക്കീൽപ്പണിയും വേണ്ട, വ്യവസായശ്രമവും വേണ്ട. അവരോടുചേന്നു അച്ഛന്റെ പാദ ശുശ്രുചെയ്ത ജന്മം നിവർത്തിക്കാം. അച്ഛനു നിര്‍ബ്ബന്ധമാണെങ്കിൽ ഒരായിരം സന്നതുവാങ്ങി ഒരു മൂലയിൽ കുമിച്ചേക്കുകയും ചെയ്യാം. ഈ സ്ഥിതിയിൽ ഇവൻ ആവശ്യപ്പെടുന്ന സത്യം ചെയ്യുന്നതെങ്ങനെ? (പ്രകാശം) ഹേ! തന്റെ മുമ്പിൽ സത്യം ചെയ്യാൻ തനിക്കെന്നോടു തുല്യതവേണ്ടേ?

പപ്പു: എന്റെ ദൊരെ ! കൊച്ചുകൊച്ചമ്മ എന്നെ ദൊരയുടെ ബട്ളരാക്കാമെന്നു കണ്ട ഇടയ്ക്ക് പേശിയിട്ടുണ്ടു്. പിന്നെ എന്റടുത്തല്ലാണ്ട് എങ്ങു സത്യം ചെയ്യുന്നതു്?

രമാചന്ദ്രൻ: എടോ ഞാൻ ഇന്നാദ്യമായിട്ടു അവിടെ കേറിയതേയുള്ള. ധ്വരയുമല്ല.

-54-


പപ്പു: ആ പെരട്ടെല്ലാം അങ്ങുവച്ചേക്കണം മാസ്തർ ; പപ്പൻ ഫസ്ത് ക്ലാസ് കരിഗുക്കു്. ആൻ ടേബിൾവച്ചൊരുക്കൽ ട്രസ്സ് കിസ്റ്റകർ പോട്ടു ടംബ്ലർ വിസ്കി, ബാറ്റിൽ വെരി മോടി സാർ. ട്രൈ സാർ ട്രൈ!

രമാചന്ദ്രൻ: ഇതെന്തൊരു ഗോഷ്ഠിയെടോ! താൻ ഏതെങ്കിലും സായിപ്പേ സേവിച്ചുകൊള്ളൂ. ഇതാണു് ഒരു സായിപ്പു അവിടെ വിവാഹം ചെയ്യാൻ നിശ്ചയിച്ചിരിക്കുന്നൂ എന്നും ഇവരെല്ലാം പറയുന്നതു്.

പപ്പു: എന്റെ സാർ ! ഇങ്ങനെ മായപ്പൊടി ഇട്ടു വഞ്ചിക്കരുതു്. എനിക്കു സായിപ്പിന്റെ വേദം അറിയാൻ വയ്യ. എങ്കിലും ഞങ്ങളുടെ ഇടയിൽ 'ദേഹമായതും നീയേ, ദേഹിയായതും നീയേ, ബ്രഹ്മമായതും നീയേ, ബ്രഹ്മിയായതും നീയേ' എന്നു പറയും പോലെ സകലതും സാർ സായ്പു്.

രമാചന്ദ്രൻ: നടക്കൂ. ഞാൻ അങ്ങോട്ടു തന്നെ വരാം. ഇതു് അറബിക്കഥയിലും മറ്റും വര്‍ണ്ണിച്ചിട്ടുള്ളതുപോലെ ഒരു ആഭിചാരബദ്ധമായ നഗരം എന്നപോലെ എനിക്കു തോന്നുന്നു. തിരിയുന്ന ഭാഗത്തെല്ലാം ജളത്വം, ഭ്രാന്തു്! കൃപയും പ്രഭുത്വവും, ദാതൃത്വവും, ഭൂതദയയും എങ്ങും കാണുന്നില്ല. കടക്കുന്നിടത്തെല്ലാം കടക്കൊള്ളി ഓങ്ങൽ കൊണ്ടും സല്ക്കാരം . ഇതു് ലോകത്തിൽ വഞ്ചന മൂർച്ഛിച്ചിരിക്കുന്നതിന്റെ ലക്ഷ്യം തന്നെയാണു്. പരസ്പരവിശ്വാസം അസ്തമിച്ചു പോയിരിക്കുന്നു. ചക്രമുള്ളവനും അധികാരമുള്ളവനും മാത്രം വി ജയിക്കാം. മറ്റുള്ളവർ വാനപ്രസ്ഥരാകണം.

പപ്പു: സായ്പേ! ഈ പ്രസംഗമെല്ലാം കൊച്ചുകിട്ടുപിള്ളയങ്ങത്തെ ഒന്നു കേൾപ്പിക്കണം. ഇതു് തമിൾ പാട്ടുകളിലും,

'ഏതെന്തനത്തനനാനതെനത്തെന്ന
തെന്തനാന്നാ തെന്നാനാ'


എന്നു തന്താവട്ടംപിടിച്ചു് പാട്ടിൽ പ്രസംഗിക്കാൻ പപ്പുവിനറിയാം. വരണം, അതും കേൾപ്പിക്കാം.

(കർട്ടൻ)

 

രംഗം ഏഴു് (55-59)

 

-55-


രംഗം ഏഴു്


(കൊച്ചുകൃഷ്ണപിള്ളയുടെ വിഹാരശാല. കൊച്ചുകൃഷ്ണപിള്ളയും ഈച്ചരനും പ്രവേശിക്കുന്നു.]

ഈച്ചരൻ: (ആത്മഗതം) ഇയ്യാടെ തന്തയേയും തള്ളയേയും കുഴിച്ചു മൂടാൻ എനിക്കു മനസ്സുണ്ട്. എങ്കിലും നമ്മുടെ ചരടിൽ പമ്പരം കറങ്ങുന്ന ഇയ്യാളെ വിചാരിച്ചു് അവരോടുള്ള ക്ഷാത്രം അമർത്തേണ്ടിയിരിക്കുന്നു. ഇയ്യാൾതന്നെ സരസ്വതിത്തങ്കച്ചിയെ വേൾക്കണം എന്നിട്ടു ആ ശങ്കരപ്പിള്ളയെ പുറത്താക്കി അവിടത്തെ ഭരണം ഇയ്യാൾ ഏൾക്കണം. അവിടുത്തെ അരമനസുഖം ഇയ്യാൾ ആണ്ടുകൊള്ളട്ടെ. വസ്തുവിന്റെ ഭരണമെല്ലാം നമ്മുടെ അധീനത്തിലാകും. എല്ലാക്കൂട്ടവും പട്ടിണിക്കും, നാം ആദായത്തിനു നീട്ടു പിടിച്ചും. ഈ കൊച്ചങ്ങുന്നു ഭാര്യയുമായി കൊടുക്കൽ വാങ്ങൽ തുടങ്ങും. ഈശ്വരപിള്ള വല്ല മഠപ്പേരും എടുത്ത് പൊലിക്കടക്കാരനാകും.

കൊച്ചുകൃഷ്ണപിള്ള: എന്തെടോ, താൻ മൗനം ദീക്ഷിച്ചു വലിയ കൊഠൂരമുഖനായിരിക്കുന്നതു്? നിരന്നു സാപ്പാടിനുള്ള സാമാനങ്ങൾ- എന്നുവച്ചാൽ അവൻ അയാളെക്കൊണ്ടുവരുമെന്നു് നിശ്ചയമുണ്ടെങ്കിൽ-

ഈച്ചരൻ: കൊണ്ടരും, കൊണ്ടരുമെന്നു് സംശയമോ? അവൻ എരതോണ്ടി നടക്കുകയല്യോ? ശങ്കരപ്പിള്ള അങ്ങത്തെക്കണ്ണിൽ മണ്ണിട്ട് അവിടത്തെത്താവളം-

കൊച്ചുകൃഷ്ണപിള്ള: അപ്പോൾ അവൻ വന്നാൽ? -

ഈച്ചരൻ: നിറച്ചു കൊടുക്കണം. എന്നിട്ട് അവിടെക്കൊണ്ടുചെന്നു് വല്യങ്ങത്തെക്കയ്യിൽ പിടിച്ചപിടിയെ കൊടുക്കണം. തുലാമാസത്തിൽ എന്റെ പൊന്നുംകുടത്തു കൊച്ചങ്ങത്തെ പിടവിട എന്നു് ഇതാ ഞാൻ കച്ചീട്ടെഴുതിവയ്ക്കാം.

കൊച്ചുകൃഷ്ണപിള്ള: എന്നാൽ എല്ലാം വേഗം ഒരുക്കൂ . അച്ഛൻ ഉറങ്ങിപ്പോയാൽ ഇന്നു പിന്നെ ഒന്നും നടവാ.

-56-


ഈച്ചരൻ: ചുമ്മാതിരിക്കണം കൊച്ചുസാറേ! വലിയങ്ങുന്നു കൊടുമ്പിരിക്കൊണ്ടിരിക്കുമ്പം വേണം അവിടെക്കൊണ്ടു ചാണ്ടാൻ. എന്നാൽപ്പിന്നെ കാര്യം പട്ടും കത്രിയും പോലെ 'ശ്രേ'ന്നറ്റിരിക്കും.

കൊച്ചുകൃഷ്ണപിള്ള : എന്നാൽ വേഗം ആകട്ടെ. എങ്ങനെ എങ്കിലും അയാളുടെ ഉടുപ്പിൽ ഇത്ര ഒഴിച്ചൂടണം കേട്ടോ. നമുക്കു ചവയ്ക്കാൻ ഈരുള്ളി കരുവാപ്പട്ട ഒക്കെ ഒരുക്കിയോ?

ഈച്ചരൻ: ഉണ്ടെന്റെപിള്ളേ ! ഉണ്ടു്. ഈച്ചരൻ പനിനീരിനുപകരം ഈച്ചരക്കു തളിച്ചും അങ്ങനെ കൊമ്പിച്ച സർവീസ് നേടീട്ടുള്ളവനാണു്.

കൊച്ചുകൃഷ്ണപിള്ള : എന്നാൽ ആ കസേരയിൽ മലർന്നുകിടക്കാതെ ഒരുക്കൂ. പപ്പനെ വെളിയിലോട്ടു ചറുക്കുവച്ചൂടണം.

ഈച്ചരൻ: അടവൊന്നും ഈ ആശാനു പറഞ്ഞുതരണ്ടാ. ഫ്ളോട്ടെല്ലാം അടുക്കിനടുക്കിനു് ഇവന്റെ കല്പനാശക്തി സുമാറാക്കീട്ടുണ്ടു്. (ഒരുഭാഗത്തുനിന്നു പലഹാരങ്ങളും, കുപ്പികൾ, തംബ്ളേറുകൾ ഇവയും മേശപ്പുറത്തു തയ്യാറാക്കുന്നതിനിടയിൽ ഒരുകുപ്പി രുചിനോക്കുന്നു.)

കൊച്ചുകൃഷ്ണപിള്ള: ശേ! ശപ്പാ! ഹടുക്കളക്കാരന്റെ അവകാശം ഒടുവിലല്ലേ? (കപ്പി പിടിച്ചുവാങ്ങിക്കുടിക്കുന്നു.)

ഈച്ചരൻ: കൊച്ചങ്ങുന്നേ! ഓമനപ്പൊന്നങ്ങുന്നേ! പത്തപ്പം ചുട്ടപ്പം ഞാനപ്പം രണ്ടപ്പം എന്നും മറ്റും കേട്ടിട്ടിലോ? അതുകൊണ്ടു (കപ്പിവാങ്ങി രണ്ടുതവണ കുടിക്കുന്നു.)

കൊച്ചുകൃഷ്ണപിള്ള: എടാ നീരാഴി! ഇതെങ്ങുചെന്നു പെരുകുന്നു? പന്തയത്തിൽ തോൽക്കാൻ ഞാൻ ധയ്യാറല്ല. എന്നാൽ ഇന്നാ പിടിച്ചോ (കുടിക്കുന്നു.)

ഈച്ചരൻ: അയ്യോ! മഹാപാപി അങ്ങുന്നേ ! കുപ്പി ഒന്നൊഴിച്ചല്ലോ? ഇനി മൂന്നുപേര്‍ക്കൊന്നെന്ന തീരാക്കണക്കിലല്ലോ ശേഷിക്കുന്നതു്?

കൊച്ചുകൃഷ്ണപിള്ള : അവന്റെ മേത്തു തളിച്ചാൽമാത്രം മതിയോ കൂവേ! കഴിയുമെങ്കിൽ ബൂട്ടീസും കാൽസായിയും ഒക്കെ ഊരണം. കഞ്ചാവിരുപ്പില്യോ? അതക്കിണ്ണത്തിൽ ഒന്നു കലക്കൂടണം. അപ്പോ ബാണക്കുറ്റിപോലെ അവൻ ആകാശം ഗമിക്കും.

-57-


ഈച്ചരൻ: അപ്പോൾ ലോകങ്ങളെല്ലാം അല്ലല്ല, രാശികളെല്ലാം പൊരുത്തംചേര്‍ന്നു് അങ്ങുന്നേ വിവാഹംചെയ്യുമ്പോൾ മുണ്ടുവാങ്ങുന്നതു പട്ടക്കരയും, സാരിയും സ്രാപുളയും ഒഗ്ഗെമോതിരോം. ഒക്കെ അണിയുന്നതു തംഗജ്ജിയോ ഈച്ചരപിള്ളണ്ണനോ?

കൊച്ചുകൃഷ്ണപിള്ള: എന്റെ തങ്കക്കുടമേ! നീയല്ലാണ്ട് എനിക്കച്ഛനാരെടാ, അമ്മയാരെടാ? കേട്ടിട്ടിലോ 'വിദ്യുജ്ജിഹ്വനൊഴിക്കലാഴ്മശയനേ ഴാത്രൗ വഴാഞ്ഞെതഴയ ക്ഴദ്ധ്വാ ശുപ്പണശാകപാലവുമഡച്ചമ്പോടു വാഴും വിധൗ'

ഈച്ചരൻ: (തത്തിപ്പിടഞ്ഞു്) ബന്നുപോയി. ശട്ടയേം ശീലും മട്ടു ഹൾ. മേത്തരംഴ്‌ശിമ. (ഒരുവശത്തോട്ടു നോക്കി) ഗുഡ്നൈറ്റു ദൊഴേ! ഇന്നുതന്നെ ഞങ്ങടെ യജ്ഞങ്ങൾ സബലമായി വഴണം. സഴസുതിദേവീഡെ നായഴായി ഞങ്ങടെ എല്ലാം വിഴിഞ്ചരായി ഴഷഷിക്കണം.

(രമാചന്ദ്രനും പപ്പനും പ്രവേശിക്കുന്നു.)

കൊച്ചുകൃഷ്ണപിള്ള: (എഴുന്നേറ്റു ചാഞ്ചാടി) ശാർ! യൂ ഡൂയിംഗ് ഗുഡ് ഹെൽത്ത്? കം, സാർ ! മലയാഴം പേശു നാടൻ. ഗുട്ട് സിഡൗൺ.

രമാചന്ദ്രൻ: ഞാൻ ധ്വരയും മറ്റുമല്ല. നിങ്ങൾ എന്തിനാണ് എന്നെ ഇങ്ങോട്ടു വരുത്തിയതു്?

പപ്പു: (ആത്മഗതം) ഗ്രഹപ്പിഴയായി. ഇവരുരണ്ടും കൊടുംസവാരി യിൽ കേറി അങ്ങനെ മെച്ചത്തിൽ വിട്ടിരിക്കുന്നു. ഈ പാവത്തിനെ ആ കൊച്ചുകൊച്ചമ്മെക്കരുതിക്കുരുതിചെയ്തേച്ചാൽ പോലീസുകാരെ കൊന്ത്രാണ്ഡത്തിൽ ഞാനും പെട്ടുപോം. ദൊരേടെ ബട്ളർ എന്നു നമുക്കു പേരും വീണുപോയി. ദൊര ഇങ്ങെങ്ങാനും വച്ച് കാടുമറഞ്ഞു മലന്നു പെയ്യാൽ ജെയിൽപട്ടാളത്തിൽ ഇവൻ ജീവപര്യന്തക്കമനാപ്സരായിപ്പോവും.

ഈച്ചരൻ: (രമാചന്ദ്രനെ പിടിച്ചിരുത്തി പലഹാരങ്ങൾ നീക്കിവച്ചു പപ്പുവിനെ ദൂരത്തുനീക്കിയിട്ടു) പപ്പുപിള്ളേ! തന്നെ വല്യങ്ങുന്നു ഉടനെ അങ്ങു ഷെല്ലാൻ എന്തഴോ ഒക്കെ പഴഞ്ഞേച്ചു പോയി. നീയങ്ങ് ശഴ്ന്നു എഴുന്നളളൂട്. നോഗ്ഗ് ഞങ്ങളും ഇത്തിഴികഴിഞ്ഞു ഇയ്യാളെ ഊട്ടിച്ചു് അങ്ങു മുണ്ടേത്തേക്കു മണ്ടും. അങ്ങത്തേയും കൊണ്ടു നീ അങ്ങെത്തണം. നോക്കു, ആദ്യം സ്വഴ്‌ഗവും പാതാളവും കാണുംപടിക്കു്, തപ്പരവിപിടിക്കുംപടി മരുന്നൂട്ടി കൈത്താണ്ടി ബേണം അവിടെ വരാൻ. അല്ലെങ്കിൽ നിനക്കു ബട്ളർഗുന്തം !

പപ്പു: (ആത്മഗതം) ആഹാ! ഇവനെ അങ്ങുന്തിയരശ്ശാക്കാനാ ഭാവം. അങ്ങുന്നു് ഇന്നു തുള്ളി തൊട്ടുതെറിക്കാതെ കുപ്പിയെക്കൂടിയും ഒടച്ചു ചവച്ചിരിക്കും . കൊച്ചമ്മേ ദൊര കൊണ്ടുപോണം. ഇവർ എന്തോ പൊടിക്കൈക്കു് നിക്കുവാണ്. (പ്രകാശം) ദൊരേ! സലാം. ഈ ഏഴയെ കാപ്പാത്തുകൊള്ളണം. ഇവിടെ ഇവർ മഹാപ്രഭുക്കൾ, അന്നദാനകുറുന്തടികൾ, അതാ പിഞ്ഞാണങ്ങളിൽ കാണുന്നതു മുച്ചൂടും തട്ടി, തുള്ളി ധര്‍മ്മക്കഞ്ഞീം മോന്തിക്കളയണം. ഗുണ്ഡൈസ്, ഗുണ്ഡൈസ് (സലാംവച്ചു പോകുന്നു.)

-58-


(ഈച്ചരൻ മുഖം കഴുകുന്നു.)

രമാചന്ദ്രൻ: എനിക്കിതൊന്നും വേണ്ട, ഇത്ര ചോറും സംഭാരവും കിട്ടിയെങ്കിൽ സുഖമായിക്കഴിക്കാം.

കൊച്ചുകൃഷ്ണപിള്ള: ഇതാ ഇരിക്കുന്നു. അമ്മേടെ നെഞ്ചീന്നും കിട്ടാത്ത പാലും, തൈരും, മോരും സംഭാരവും . ശോറുതന്നെയിതു്. ശോറെന്തു്, പലാരമെന്ത്? പലാരമെന്ത്, ശോറെന്തു്? എല്ലാം 'തുക്ഷിയിലെല്ലോ നിറയുന്നതന്നവും', എന്നല്ലേ കവിവാക്യം.

ഈച്ചരൻ: മിശ്റ്റരേ എസ്‌ക്ക്വേറേ തട്ടണമെന്നേ. കേട്ടിട്ടില്യോ ഏതാണ്ടു ശക്രത്തിനുകിട്ടുമ്പം ശോറു നായ്ഗോ വേണം എന്നു് കേട്ടിട്ടില്യോ!

കൊച്ചുകൃഷ്ണപിള്ള: ഉത്തമം മാംസാശനം എന്നും വിദുരവാക്യം. പേയങ്ങളിൽ സുരാപാനം പാനം അറിഞ്ഞു പറഞ്ഞ മഹഷികൾ മൂഢന്മാരെന്നു നാം വരുദ്ദരുതു്. മാടുതിന്നാത്തവൻ നാടുഭരിക്കുന്നതെങ്ങനെ? പടവെട്ടുന്നതെങ്ങനെ? (തിന്നുന്നു, കുടിക്കുന്നു.)

(രമാചന്ദ്രൻ എഴുനേല്ക്കുന്നു.)

രമാചന്ദ്രൻ: തിരുവനന്തപുരത്തു് ഈവിധമുള്ള രംഗങ്ങൾ ഉണ്ടെന്നു ഞാൻ അറിഞ്ഞിരുന്നില്ല. നിങ്ങള്‍ മുണ്ടയത്തു കാരണവരുടെ മകൻ, നിങ്ങൾ അദ്ദേഹത്തിന്റെ ഇഷ്ടൻ. അന്തസ്സുള്ള ജനങ്ങളെന്നു വിചാരിച്ചു ഞാൻ പോന്നു. ഇതു കണ്ടിട്ടുതന്നെ എന്റെ വിശപ്പു ശമിച്ചു. ഞാൻ പോയിവരാം.

ഈച്ചരൻ: എടെ ! കിറ്റുച്ചറ്റമ്പി! ഇവന്റെ മേന്മ കണ്ടില്യോ മേന്മ? ഒരുതുള്ളി മോന്താൻ ആണല്ലാദ്ദവനോ ശീമദ്ദൊര! നിന്റെ തലച്ചട്ടിയോ ലഷ്ഷണങ്ങളോ !

-59-


കൊച്ചുകൃഷ്ണപിള്ള: എടാ, കാലുവച്ച് അവനെ അവിടെ പിടിച്ചിട്ടിട്ടു് എടുത്തു എല്ലാം വാരി വായ്ക്കരിക്കിടു്, ആ കുപ്പിയെടുത്തു അവന്റെ മണ്ടക്കൊടോം ഒട. ചരിക്കെടാ ആ വിളഗ്ഗിലെ മണ്ണെണ്ണ അവന്റെ മേത്ത്. വയ്യെടാ കൊള്ളിയും വൈ. അവന്റെ കൊള്ളിക്കും കൊടത്തിനും ഓഹരിക്കാർ അണ്ണന്തമ്പിമച്ചമ്പിമാരും നാം തന്നെ.

(രണ്ടു പേരും സാഹസങ്ങൾക്കു കൈമുറുക്കിയും മറ്റും അടുക്കുന്നതിൽ കാലുറയാതെ വിഷമിക്കുന്നു.)

രമാചന്ദ്രൻ: ചങ്ങാതികളെ! നിങ്ങൾക്കു് ഈ പുറമേകാണുന്ന അവയവങ്ങൾ പോലെതന്നെ ബുദ്ധിയും അസ്വാധീനമായിരിക്കുന്നു. അതിക്രമങ്ങൾക്കു വട്ടം കൂട്ടണ്ടാ. മണ്ണെണ്ണവിളക്ക് നിങ്ങടെമേൽത്തന്നെ ചരിഞ്ഞു പൊട്ടിത്തെറിച്ചു തീയും പിടിച്ചേക്കാം. അതിനൊന്നിനും ഞാൻ സാക്ഷിയാകുന്നില്ല. (പോകുന്നു.)

(ഈച്ചരനും കൊച്ചുകൃഷ്ണപിള്ളയും മുന്നോട്ടുചാടി രമാചന്ദ്രനെ പിടികൂടുന്നതു തങ്ങളിലാകുന്നു. കൊച്ചുകൃഷ്ണപിള്ള മുകളിൽ വീഴുന്നു.)

കൊച്ചുകൃഷ്ണപിള്ള: എടാ ദൊഴേ, നീ, ബ്ഴാമ്മണനോ നമ്പൂരിയോ എങ്കി ഇന്നാ പിടി (മർദ്ദിക്കുന്നു) ബ്ഴാമ്മണനും ഞെങ്ങള് ആവാതന്മാരുമെങ്കി നിന്റെ അമ്മയ്ക്കു നീ ഉതവാതെ പോട്ടെ (മദ്ദനം).

ഈച്ചരൻ: കൊല്ലരുത്. അവൻ തപ്പിപ്പിഴച്ചു. ചെവിട്ടിലിട്ടു മര്‍ദ്ദിക്കരുതു (പരവശതകാട്ടുന്നു.)

കൊച്ചുകൃഷ്ണപിള്ള: എടാ ! ശനിയാ! എന്റെ പൊന്നമ്മച്ചീ, നീ യോടാ ശാവാൻ തുടങ്ങണതു്? കെട്ടിപ്പിടിച്ചോ.

(രണ്ടുപേരും കൂടി പരിരംഭണം ചെയ്ത് ഉരുളുന്നു.)

പപ്പു: (തിരിച്ചെത്തി) അടിച്ചാംബാദർ, പപ്പുവിന്റെ എട്ടരയോ ഗം. (പലഹാരം ശാപ്പിടുന്നു )

(കർട്ടൻ)

 

രംഗം എട്ടു് (60-64)

 

-60-


രംഗം എട്ടു്


[രാത്രി. നിലവിളക്കു് എരിയുന്നു. മുണ്ടയത്തുഭവനം. സരസ്വതി പ്രവേശിക്കുന്നു.]

സരസ്വതി: അവസ്ഥാഭേദങ്ങൾ എന്ത് അത്ഭുതതരം ! ആരു്, ജാതിയെന്തു്, എന്നു് ഒന്നും അറിഞ്ഞുകൂടാത്ത ആളിന്റെ പിറകേ എന്റെ ഹൃദയം എന്നെ ഉപേക്ഷിച്ചു യാത്രയായിരിക്കുന്നു. 'ഡിയറസ്റ്റ്' എന്നുള്ള സംബോധനയ്ക്ക് ആ വിദ്വാനും എങ്ങനെ ധൈര്യം വന്നു എന്താണിങ്ങനെ വരുവാനും എനിക്കു തോന്നാനും, പരസ്പരം ഒരു സ്നേഹം ഉണ്ടാവാനും സംഗതി! വിധികൃത്യം! അല്ലാതെ എന്തു പറയുന്നു.

(അകത്തുനിന്നു) സരസ്വതീ!

ഓ; അമ്മ വിളിക്കയാണു്, അങ്ങോട്ടു ചെല്ലാം. (പോകുന്നു.)

(ശങ്കരപ്പിള്ള പ്രവേശിക്കുന്നു.)

ശങ്കരപ്പിള്ള: സരസ്വതി ഇവിടെ ഉണ്ടെന്നാണു വിചാരിച്ചത്. കുറച്ചു ദിവസം അവൾ കാളേജിൽ പോവേണ്ടെന്നു ഗുണദോഷിപ്പാനാണു ഞാൻ വന്നത്. പരസ്പരാദരം, വിശ്വാസം, കലാഭിമാനം, ജാതിസ്നേഹം എല്ലാം നശിക്കുന്നു. നാഥനില്ലാത്ത വഗ്ഗങ്ങൾക്കു ഇങ്ങനെതന്നെ. ആചാര്യനില്ലാ. നേതാവില്ല. ഓ, രാവിലെ ഇവിടെ കളം തകർത്തവൻ രണ്ടാമതും വരുന്നു. ഇതു സൊല്ലയായി. സത്യത്തിൽ ആപത്തു് പിടികൂടിയവനെയും കള്ളവേഷക്കാരനെയും തിരിച്ചറിയുവാൻ പാടില്ല. ഇത് സായ്പും, കായ്പുമല്ല. നമ്മുടെവക തന്നെയെന്നു തോന്നുന്നു. ഇതാ വെളിച്ചത്തു വന്നപ്പോൾ കാതു കുത്തിയിരിക്കുന്ന പാടുപോലും കാണ്മാനുണ്ടു്.

(രമാചന്ദ്രൻ പ്രവേശിക്കുന്നു.)

-61-


എന്താ ഹേ! കൂനിൽ കുരുവും പുറപ്പെട്ടപോലെ നിങ്ങൾ വരുന്നതു്? ഈ സ്ഥലം നിങ്ങൾക്കും ഒരു സത്രമോ?

രമാചന്ദ്രൻ: അതല്ല. അവകാശബന്ധം പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുന്നില്ല. കൊല്ലം കഴിഞ്ഞപ്പോൾ കേരളം അവസാനിച്ചു എന്നും എനിക്കു തോന്നിപ്പോകുന്നു. ഇവിടം ദാനത്തിന്റെ മൂലസങ്കേതമെന്നു ഞാൻ കേട്ടിക്കുന്നു. അത്യുദാരന്മാരായ പ്രഭുവർഗ്ഗം ഇവിടം അധിവസിച്ചിരുന്നു. ഇപ്പോൾ കരിന്തറവിസ്തൃതികളിലെ ക്ഷാമാകാരങ്ങളുടെ കാറ്റേറ്റോ ദുഷ്പരിഷ്കാരത്തിന്റെ ഗതിവൈകല്യത്താലോ ഭൂതദയ നശിച്ചു സ്വാർത്ഥം മനുഷ്യമൂർത്തികളുടെ ഓരോ അണുവിലും സജീവം പ്രവത്തിക്കുന്നു.

ശങ്കരപ്പിള്ള: അതൊക്കെ തള്ളു ഹേ! നിങ്ങൾക്കു് എന്തുവേണം? നിങ്ങളുടെ ജാതിയും തൊഴിലുമൊന്നും ഞങ്ങൾക്കറിയേണ്ട ആവശ്യമില്ല. എന്താ വേണ്ടതെന്നു പറഞ്ഞു മാറിക്കളയൂ.

സരസ്വതി: (പ്രവേശിച്ച്) അച്ഛാ! ആരതു്? (രമാചന്ദ്രനെ നോക്കി) ഓഹോ! അച്ഛാ! ഇദ്ദേഹം നല്ല ഇംഗ്ലീഷുപഠിപ്പുള്ള ആളാണു്. എന്തോ ദുരാപത്തു സംഭവിച്ചിട്ടുണ്ടു്. കരുണയോടു അതെന്തെന്നു ചോദിച്ചയയ്ക്കുക.

രമാചന്ദ്രൻ: ഈശ്വരാ! അവിടത്തെ ചൈതന്യം ഒരു സത്വത്തിലെങ്കിലും കാണുന്നതു് ആശ്വാസജനകം തന്നെ.

സരസ്വതി: അങ്ങനെ തോന്നുന്നില്ല. ദാരിദ്ര്യം മൂർച്ഛിച്ചു കള്ളവേഷക്കാർ പെരുകിയിരിക്കുന്നു. അതുകൊണ്ടു് എല്ലാപേർക്കും സംശയമുണ്ടു്.

ശങ്കരപ്പിള്ള : നിങ്ങളിപ്പോൾ നഗരസ്ഥിതിയെക്കുറിച്ച് ഒരു ഹിയറിംഗ് നടത്തേണ്ടതില്ല. എന്തു വേണമെന്നു പറഞ്ഞിട്ടു തന്റെ പാട്ടിനു പോകൂ.

രമാചന്ദ്രൻ : എന്തായാലും ഒരു ഗൃഹസ്ഥനാണല്ലോ ആവശ്യമെന്തെന്നു ചോദിക്കുന്നതു്. വിസ്തരിച്ചു ധരിപ്പിച്ചേക്കാം . ഒന്നു മേൽ കഴുകാൻ സൗകര്യം; ഇതൊന്നു മാറിക്കളയാൻ ഒരു ഉടുപ്പുമുണ്ട്; അത്താഴത്തിനും ഇവിടുള്ളതിൽ ഓഹരി, ഒരു കമ്പി അയയ്ക്കുന്നതിനു് ഒരു രൂപായും.

-62-


ശങ്കരപ്പിള്ള: കിടക്കാൻ ഒരറയും, ഒരു സപ്രമഞ്ചക്കട്ടിലും, ധൂളിമെത്തയും ഒക്കെ വേണ്ടെ?

രമാചന്ദ്രൻ: അതൊന്നും വേണ്ട, ഞാൻ കപ്പലിന്റെ മേൽത്തട്ടിലും കിടന്നു നല്ലോണം ഉറങ്ങീട്ടുണ്ട്.

സരസ്വതി: അച്ഛാ! ആവശ്യപ്പെടുന്നതു കൊടുക്കണം. നമുക്കൊരു നഷ്ടവും വരാനില്ല.

ശങ്കരപ്പിള്ള: അതേതേ, പേരു നാറുന്നതോ?

സരസ്വതി: എത്രപേർക്കു ഭ്രാന്തുപിടിച്ചിരിക്കുന്നു. അവരെ ഒക്കെ ചികിത്സിക്കാൻ അച്ഛൻ പുറപ്പെടുന്നോ?

(ധനഹർ പ്രവേശിക്കുന്നു.)

ശങ്കരപ്പിള്ള: (കസേര നീക്കിയിട്ടു) വരണം- വരണം - വരണം!

ധനഹർ: ഹ! ഹ! എന്തേ കേമാ! ഇവിടെ എത്തിക്കഴിഞ്ഞോ? ശങ്കരപ്പിള്ളച്ചേട്ടാ ! ഇയ്യാൾ വലിയ നിയമസഞ്ചികയാണു്. ഞങ്ങളടെ എല്ലാം വ്യാപാരം ഏടുകെട്ടിക്കാൻ പക്ഷേ, ചാടിപ്പുറപ്പെട്ടേക്കാം. എന്തോന്നാ ഈ കേൾക്കുന്നതെല്ലാം?

-63-


സരസ്വതി: എന്തോന്നാ അമ്മാവാ ചോദിക്കുന്നതു്? ഞാൻ ഇവിടെ പറഞ്ഞേ ഉള്ളു. നാടോടെ വെറും ഭ്രാന്തുപിടിച്ചിരിക്കുന്നു എന്നു്.

ധനഹർ: വരട്ടെ, വരട്ടെ; ആ ചെറുനാവുകൊണ്ടു തോല്പിക്കാൻ വരട്ടെ. ആളുകൾക്കു കൂട്ടത്തോടെ ഭ്രാന്തുപിടിക്കുക അസംഭാവ്യം. ഇവിടെ എന്തോ അപകടം കാട്ടിയിട്ടുണ്ട്. ഇതാ ഈ കുപ്പായക്കാരൻ ഈ സുഭദ്രയുടെ വിവാഹത്തിനു കാപ്പുകെട്ടി പ്രച്ഛന്നവേഷനായി നടക്കുന്ന അഅവരെ ഒക്കെജ്ജുനൻ.

രമാചന്ദ്രൻ: എന്ത് മിസ്റ്റർ ധനഹർ! അര്‍ജ്ജുനനു സുഭദ്ര ചേര്‍ന്നില്ലേ? ഭഗവാൻ ശ്രീകൃഷ്ണൻതന്നെ അതിനും അനുകൂലിച്ചതുപോലെ നിങ്ങൾ പ്രബുദ്ധന്മാർ അന്തന്നേത്രം കൊണ്ടു സത്യങ്ങൾ ഗ്രഹിച്ചു അനുഗ്രഹിക്കേണ്ടേ?

ശങ്കരപ്പിള്ള: ഏ, ഇവിടെവച്ചല്ല ഈ അധികപ്രസംഗങ്ങൾ.

സരസ്വതി: അമ്മാവാ! അതിനുത്തരം പറയണം. ഭാമാദേവിയോടു കൂടിയിരിക്കുന്ന ശ്രീകൃഷ്ണൻ 'അത്യര്‍ത്ഥം ചിരിപ്പതിനെന്തു കാരണം നാഥാ!' എന്നു ചോദിച്ചതിനു സത്യമായുള്ള വാര്‍ത്ത ഭഗവാനരുൾ ചെയ്തു.

രമാചന്ദ്രൻ: അതു ഭഗവൽപ്രേരിതമായുള്ള ഒരു വാദമാണു്.

ധനഹർ: ചേട്ടാ! വല്ലതും കൊടുത്തു യാത്രയാക്കണം. ഇവിടെ വ്യാപരിക്കുന്ന ഗന്ധം ചേട്ടൻ സൂക്ഷിച്ചില്ലേ? നിങ്ങൾ മൂക്കില്ലാത്ത വരാണോ? കള്ളിന്റെ മണം തല തകര്‍ക്കുംപടി വീശുന്നു.

ശങ്കരപ്പിള്ള: (മണംപിടിച്ചിട്ടു്) എന്റെ കുട്ടാ! ഇതു കഷ്ടം തന്നെ. പ്രായവും, രൂപവും, ഭാവവും അഭിനന്ദനീയം. എങ്കിലും വ്യാപാരം നീചമെന്നാണു തോന്നുന്നതു്.

-64-


രമാചന്ദ്രൻ: നിങ്ങളുടെ ആളുകൾതന്നെ എന്നെ കുഴിയിൽച്ചാടിക്കാൻ നോക്കി. ഞാൻ രക്ഷപ്പെട്ട് അഭയത്തിനായി ഇങ്ങോട്ടു കേറിയതാണു്. അതിനു കാരണം സത്യം പറഞ്ഞേക്കാം. ഈ ശ്രീമതിയോടും എനിക്കു തോന്നുന്ന അനശ്വരാദരം തന്നെ.

ധനഹർ: ഹ്! ഹ്! അത്ര നേരെ പറഞ്ഞുതുടങ്ങി. ഇറങ്ങു പുറത്തു. ചേട്ടാ ഇവനും കഞ്ഞിത്തെളി തൊട്ടുതെറിക്കരുതു്. അനശ്വരാദരം പോലും ! എടോ! വല്ല റയിൽവേയിലോ പോയി പണിയെടുത്താൽ ദിവസം ഒരുരൂപാ കിട്ടില്ലേ? ചെറുപ്പം! തൂൺപോലിരിക്കുന്നു. എന്നിട്ടും തെണ്ടിനടപ്പാൻ നാണമാവുന്നില്ലേ! ഒരു ഗവണർസൂട്ടും ഇതൊക്കെ താൻ മോഷ്ടിച്ചതല്ലേ? ചേട്ടാ ! ഇവനെ നമുക്കിപ്പോൾ പോലീസിൽ ഏല്പിക്കണം. രണ്ടുകൊള്ളുമ്പോൾ നേരെല്ലാം പുറത്താവും.

(ഗോവിന്ദൻതമ്പിയും ഭാര്യ ലക്ഷ്മിപ്പിള്ളയും പപ്പനും പ്രവേശിക്കുന്നു.)

ലക്ഷ്മിപ്പിള്ള: (ആത്മഗതം) ഇതാ ശനിയൻ ! ഇങ്ങേര്‍ക്കു് അനന്തിരവരെന്നുള്ള ഇഴുവലി വിട്ടിട്ടില്ല. ഇവിടത്തെ ഒരു ചക്രം തൊടാൻ പറയുമ്പം തൂങ്ങിച്ചാവാൻ നില്ക്കും. ദൊരമരുമോൻ വന്നിരിക്കുന്നൂന്നു കേട്ടപ്പം വാതംപിടിച്ചു പടുത്തടിയിൽ കിടക്കുന്ന ആള് കൊച്ചുപിള്ളേരെപ്പോലെയലോ ഓടിപ്പോന്നതു്! (എല്ലാവരും എഴുന്നേറ്റു തമ്പിയെ ഇരുത്തുന്നു.)

ഗോവിന്ദൻതമ്പി: വക്കീൽസാറും ഉണ്ടോ ഇവിടെ? മദ്യക്കേസെന്തോ ഇവിടെ ഉണ്ടാവുട്ടോ? എടേ! ചങ്കരപ്പിള്ളേ! ഇതുതന്നെയോ നിന്റെ ദൊര!

ധനഹർ: എടാ പപ്പാ, വെളിയിൽ കാൺസ്റ്റബിൾ നിൽപ്പുണ്ട്. ഒന്നിങ്ങോട്ടു വിളിച്ചേക്കു്.

സരസ്വതി: വേണ്ടമ്മാവാ! അതു വലിയ അപമാനവും ആപത്തുമായേക്കാം.

രമാചന്ദ്രൻ: മിണ്ടാതിരിക്കൂ. പലതരം കാൺസ്റ്റബിൾമാരെയും ഞാൻ കണ്ടിട്ടുണ്ട്. സ്കാട്ട്ലൻഡ്‍യാഡിൻറെ- കേട്ടോ മിസ്റ്റർ ധനഹർ- പ്രമാണിയോട് എന്റെ അഭ്യാസകാലത്തു ഞാൻ ഗാഢമായി സഹവസിച്ചിട്ടുണ്ടു്.

 

രംഗം എട്ടു് (65-68)

 

-65-


ധനഹർ: ചക്രവർത്തി ഇങ്ങേക്കു ചോറും വിളമ്പിത്തന്നിട്ടില്ലേ? ഛേ! പിരട്ടൻ, മിരട്ടൻ, ഉരുട്ടൻ, ചെല്ലു പപ്പുപിള്ളേ ! അല്ലെങ്കിൽ താനാരെന്നു തെളിയിക്കൂ.

(പപ്പൻ പോകുന്നു. കൊച്ചുകൃഷ്ണപിള്ളയും ഈച്ചരനും പ്രവേശിക്കുന്നു.)

കൊച്ചുകൃഷ്ണപിള്ള: (ഇടറി) അച്ചാ! കൊന്നുകളഞ്ഞു അച്ചാ ഇയ്യാള് !

ഈച്ചരൻ: (കരഞ്ഞു്) പൊന്നുടയതേ! നോക്കണേ കണ്ണും ചിന്നീം ഒക്കെ ഇടിച്ചുപൊടിച്ചുകളഞ്ഞു. അയാൾ വിരുന്നൊരുക്കി ഞങ്ങളെ വിളിച്ചുകൊണ്ടുപോയി ഒരു പേയാട്ടം തുടങ്ങി. സോഡാ ലമനേടെന്നു തന്നതെല്ലാം കഞ്ചാരസവും കള്ളും ചാരായവും. എല്ലാം ഈ കൊച്ചുകിട്ടുപിള്ളയങ്ങുന്നിനു കിട്ടാതിരിപ്പാൻ.

കൊച്ചുകൃഷ്ണപിള്ള: (കരഞ്ഞു്) അച്ഛാ! കൊന്നുകളയുമായിരുന്നു. എന്തോ ആയുസ്സറാത്തതിനാൽ രക്ഷപ്പെട്ടു. ഇതാ എന്റെ മുണ്ടും എല്ലാം നോക്കണം. പിടിച്ചുതള്ളിയിട്ടു് തലയ്ക്കു വെളിവും കെടുത്തുകളഞ്ഞു.

ധനഹർ: എടൊ! ദൊരഗ്ഗോസ്സായി! തെണ്ടീ, എന്തുപറയുന്നു നീയിപ്പോൾ! നീ വലിയ ഗുസ്തിക്കാരനോ? പറ, പറ. എന്തുപറയുന്നു?

രമാചന്ദ്രൻ: കോടതിയിൽവച്ചു ചോദിക്കുമ്പോൾ ഉത്തരം പറഞ്ഞു കൊള്ളാം. ഇവിടെ നാം രണ്ടുപേരും സമം തന്നെയാണു്.

ധനഹർ: നീ പിച്ചക്കാരൻ, കുടിയൻ, മുടിയൻ, പിത്തലാട്ടക്കാരൻ, അടിപിടിക്കാരൻ എന്നു ചില വ്യത്യാസങ്ങൾ മാത്രം. നിനക്കിന്നു കുളിയും ഊണും തീർച്ചയായും സ്റ്റേഷനിൽ. അല്ലെങ്കിൽ ഞാൻ ധനഹർ അല്ല.

-66-


കൊച്ചുകൃഷ്ണപിള്ള: (കരഞ്ഞു്) അച്ഛാ, ഇവനെ രണ്ടുദിവസമെങ്കിലും ജയിലിൽ ആക്കിക്കണം.

ഈച്ചരൻ: പോരാ, പോരാ; ഒരുഡസൻകൊണ്ട് മുതുകു് കുളംകൂടി ആക്കണം.

സരസ്വതി: അല്ലേ! ആളുകൾക്കു ഭിക്ഷയ്ക്കുകൂടിയും നടന്നുകൂടെന്നായോ അന്തസ്സുള്ളവരുടെ ബുദ്ധിശൂന്യതകൊണ്ടു്?

ലക്ഷ്മിപ്പിള്ള: എന്റെ അപ്പിതന്നെ ഈ കൊറച്ചിലും കുശാണ്ടവും വരുത്തിവച്ചതു്- ഇനീ കേറി അവനുവേണ്ടി വക്കാലത്തുപിടിക്കുന്നു ! എന്നാപ്പിന്നെ അവന്റെകൂടി എറങ്ങിപ്പോവൂടിൻ. ഞാൻ എന്നേ പറഞ്ഞു എവനെക്കൊണ്ടൊരു തുണീം കൊടുപ്പിച്ചു പഠിപ്പും നിറുത്തി അവനോന്റെ പണ്ടത്തെ തിഥിക്കു പൊറുത്തുകളയണം എന്നു്. അതിനൊക്കെ ഈ ചങ്കരപ്പിള്ള മൊടക്കിടാവു പോലെ ചെറുക്കുക.

(പപ്പനും കാൺസ്റ്റബിളും പ്രവേശിക്കുന്നു.)

ധനഹർ: ആരുമാരും ഒന്നും ശണ്ഠകൂടേണ്ട - എല്ലാത്തിനും ഇതാ നിവൃത്തിവരുന്നു. എടെ, കാൺസ്റ്റബിൾ, ഇയ്യാളെ നിങ്ങളുടെ സ്റ്റേഷനിൽ കൊണ്ടുപോവൂ.

രമാചന്ദ്രൻ: ഹേ! കാൺസ്റ്റബിൾ! എന്തുകുറ്റത്തിനെന്നു ചോദിക്കൂ. വല്ലവര്‍ക്കും അന്യായം ഉണ്ടെങ്കിൽ ബോധിപ്പിക്കണം. ഞാനിതാ മര്യാദയ്ക്ക് എന്റെ നിലയ്ക്കു നിൽക്കുന്നു.

കാൺസ്റ്റബിൾ: ഛട്ടു്, പേശരുത് . കുറ്റങ്ങളും മറ്റും ഞങ്ങൾ ഉണ്ടാക്കുന്നതല്ലാതെ എന്തോന്നെടാ കൂവ്വേ ! നടക്കൂ. ഷോഡറാം എന്നു്.

രമാചന്ദ്രൻ: അല്ലാ, നിയമരക്ഷകന്മാരും ഇത്രത്തോളം കാടുകയറിയോ? ഇതാ തമ്പി അങ്ങുന്നേ! ശങ്കരപ്പിള്ള അമ്മാവനും കേൾക്കുക. ഈ ശ്രീമതി സാക്ഷിയായാൽ കൊള്ളാം. ഞാൻ ഇവിടന്നു ഒരു ചോടു നീങ്ങാൻ ഭാവിക്കുന്നില്ല. കാൺസ്റ്റബിൾ എന്റെ ദേഹത്തു തൊടുന്നെങ്കിൽ ഒന്നാം പ്രതി അഹങ്കാരത്താൽ അപമര്യാദയുള്ള ഒരക്രമത്തിനും അയാളെ പ്രേരിപ്പിക്കുന്ന ഈ വക്കീലാണു്.

ധനഹർ: അഹങ്കാരീ! തന്റെ ദ! തന്നോടെന്തു പറയുന്നെടോ! ആണുങ്ങളും അവസ്ഥയുള്ളവരും അല്ലാഞ്ഞാൽ ഇങ്ങനെ തെണ്ടിത്തിരിഞ്ഞു പോലീസുലാക്കപ്പുകളിൽ ഉറങ്ങേണ്ടിവരും. തന്റെ വ്യവഹാരത്തിനുത്തരം പറവാൻ ഞാൻ ആ തന്നെ. അഞ്ചോ പത്തോ ഫയിൻകൊടുക്കുകെന്നു പറഞ്ഞാൽത്തന്നെ പുല്ലാണു്.

രമാചന്ദ്രൻ: അതിലൊന്നിലും നിൽക്കാൻ ഞാൻ വിടില്ല, വാശി മറ്റുള്ളോര്‍ക്കും തോന്നും!

ധനഹർ: എടാ ! നിന്റെ അച്ഛനു് ഈ വാശി തോന്നിയിരുന്നെങ്കിൽ-

-67-


(രായിരപ്പണിക്കരും പരിവാരങ്ങളും പ്രവേശിക്കുന്നു. )

രായിരപ്പണിക്കർ : ശരിയാണ് ധനഹരപിള്ളേ! നിങ്ങൾക്കുള്ള പ്രസിദ്ധി വെറുതേ കിട്ടീട്ടുള്ളതല്ല. എന്റെ മകന്റെ ശബ്ദം എനിക്കു നല്ലോണം അറിയാം. പതിവായുള്ള എന്റെ താമസസ്ഥലവും ഇതാണു്. ദൈവഗത്യാ അവൻ ഇങ്ങോട്ടുതന്നെ പോന്നു. എന്റെ ഗുണദോഷം കേൾക്കാത്തതിനും അവനു നിങ്ങൾ കൊടുത്ത ഈ ശാസന തക്ക ശിക്ഷയായി-

ഗോവിന്ദൻതമ്പി: അല്ലേ! ഇതാരു്! പണിക്കരദ്ദേഹമോ?

(എല്ലാവരും താണു തൊഴുന്നു.)

രായിരപ്പണിക്കർ : (രമാചന്ദ്രനെ പിടിച്ചു മുന്നോട്ടു നീക്കി ധനഹരന്റെ അടുത്തു നിറുത്തി) ഇതാ ഏറ്റുകൊള്ളുക. നാളെത്തന്നെ ഒരു സന്നതു വാങ്ങിപ്പിച്ചു് ഇവനെ നിങ്ങളെല്ലാവരും കൂടി മേൽനോട്ടം ചെയ്യുക. അല്ലാതെ കമ്പിനിക്കും കിമ്പിനിക്കും ഒന്നും പോകണ്ട. (ഗോവിന്ദൻതമ്പിയെ പിടിച്ചിരുത്തുന്നു.) ചേട്ടാ! എത്രനാളായി കണ്ടിട്ടു്? ശങ്കരപ്പിള്ളേ! വേഗം ഊണു തയാറാക്കിക്കൂ-

ധനഹർ: (വിനയവാനായി) നിങ്ങൾ മിസ്റ്റർ രമാചന്ദ്രൻ തന്നെ, അല്ലേ?

രമാചന്ദ്രൻ: അല്ലെന്നല്ലേ ചേട്ടന്റെ വിധി? പിന്നെ അദ്ദേഹം എന്തോ പറയുന്നു. അദ്ദേഹം ഏല്ക്കുന്നെങ്കിൽ അദ്ദേഹത്തിന്റെ മകൻ ഞാൻതന്നെയാണു്. വിദ്യാലയങ്ങളിൽ എല്ലാം എന്റ പേരു രമാചന്ദ്രൻ എന്നുതന്നെയായിരുന്നു.

രായിരപ്പണിക്കർ: ശബ്ദമുണ്ടാക്കരുതു്. ഇവിടെ ഒരു വിശേഷസാന്നിദ്ധ്യം കൂടി ഞാൻ കാണുന്നു. പണ്ടെങ്ങാണ്ടു കീച്ചൻ മാച്ചൻ പാടിക്കൊണ്ടു ഈ മുറ്റങ്ങളിൽ തലനിറയെ മണ്ണുമാക്കി കരണം കുത്തിമറിയുന്ന ഒരു കൊച്ചു കമ്പക്കൂത്താടിയെ ഞാൻ കണ്ടിരുന്നു. ആ പുള്ളിതന്നെ വികസിച്ചു് എന്റെ ഈ മരുമകളായിത്തീർന്നിരിക്കുന്നു എന്നു തോന്നുന്നു. (എഴുന്നേറ്റു് സരസ്വതിയെപ്പിടിച്ചു നീക്കി അടുത്തുനിറുത്തിക്കൊണ്ടു്) എന്താ! കുട്ടന്റെ മുഖം നന്നോ? അല്ലെന്നു പറഞ്ഞാൽ അച്ഛനായ ഞാൻ കലഹിക്കും; കേട്ടോ സ്വഭാവത്തിനു ഞാൻ ഉത്തരവാദിയല്ല. നിങ്ങടെ ഇംഗ്ലീഷ് വിദ്യാഭ്യാസം തന്നെ, അതു തിരുവഷളു്. കേട്ടില്ലേ, ധനഹരനെ പ്രോസിക്യൂട്ടുചെയ്യുമെന്നു ശണ്ഠകൂടിയതു്. വല്ലാത്ത വാശിക്കാരനാണു്. അച്ഛന്റെ നാലുകാശു തുലച്ചെങ്കിലും അവൻ നമ്മുടെ വക്കീൽസിംഹത്തെ ഒന്നു വട്ടംകറക്കുമായിരുന്നു. കുട്ടാ നിന്നോടു ഞാൻ പറഞ്ഞില്ലേ, നിലത്തുനോക്കി നടന്നുകൊള്ളണം.

-68-


രമാചന്ദ്രൻ: ഞാൻ ഒന്നുരണ്ടുദിവസം പട്ടിണികിടന്നു. ബോധം കെട്ടു ഇവിടെയെത്തി. വീഴുമെന്നറിവാൻ അച്ഛനെപ്പോലെ ദീഘദര്‍ശനം ഉണ്ടായിരുന്നില്ല.

ഗോവിന്ദൻതമ്പി : അമ്മാവന്മാരും ഒക്കെ ഇതൊന്നും കേൾക്കേണ്ട. ഞാൻ അറപ്പുരയിലോട്ടു പോട്ടെ. (പോകുന്നു.)

രായിരപ്പണിക്കർ: നിൽക്കണം ചേട്ടാ! വേണ്ടത്തക്ക ആളുകൾ ഒക്കെ ഹാജരുണ്ടല്ലോ. ഇവനും ഈ കുട്ടിക്കും സമ്മതമെങ്കിൽ-നിങ്ങൾക്കെല്ലാം മനസ്സെങ്കിൽ-കഷ്ടാവസ്ഥയിൽ കൂട്ടിമുട്ടിയ കൂട്ടരും സൗഭാഗ്യത്തോടുകൂടി ജീവിതസുഖം ബഹുദശാബ്ദം അനുഭവിക്കട്ടെ.

ധനഹർ: എന്റെ ദശനന്യൂനതയ്ക്കു ക്ഷമായാചനം ചെയ്തുകൊണ്ടു് ഒരു ജ്യേഷ്ഠന്റെ നിലയിൽ സർവ്വാശിസ്സുകളും സംശുദ്ധഹൃദയത്തോടെ ഞാനും നല്കുന്നു.

(കൊച്ചുകൃഷ്ണപിള്ള മുഖം താഴ്ത്തി ഈച്ചരനേയും കാൺസ്റ്റബിളിനേയും വി ളിച്ചുകൊണ്ടുപോകാൻ തുടങ്ങുന്നു.)

പപ്പു: പപ്പൻ ബട്ളേർ അപ്പം?

കൊച്ചുകൃഷ്ണപിള്ളയും ഈച്ചരനും: അടുപ്പിലെടാ, അടുപ്പിൽ

പപ്പു: ച്ഛേ! പോവിൻ. ശീമദ്ദൊര, ചട്ടദ്ദൊര, ഒടുക്കം പറ്റിയതു ശീമക്കാരൻ. അതുകൊണ്ടു് പപ്പൻബട്ടുളേരക്കും വേണ്ടപടി-അങ്ങനെ ചാഞ്ഞു്, ഇങ്ങനെ ചാഞ്ഞു് കെട്ടുപുട്ടെന്നോ വിജാരിപ്പെന്നോ വരും.

രായിരപ്പണിക്കർ: എന്തായാലും ആ പൊന്നുതിരുമേനി സർവൈശ്വര്യത്തോടും, സർവ്വഭാഗ്യങ്ങളോടും ഓരോ തിരുവയസ്സും ജനലക്ഷങ്ങളുടെ ഐകകണ്ഠ്യമായുള്ള ഹൃദയപ്രാര്‍ത്ഥനകളോടും ആശിസ്സുകളോടും തികച്ചു് ശ്രീപത്മനാഭൻ എന്നപോലെതന്നെ കൃപാവര്‍ഷവും ധര്‍മ്മനയവിതരണവും കൊണ്ടു പ്രജാലക്ഷങ്ങളെ പരിപാലിച്ചു വിജയിക്കുമാറാകട്ടെ!

(കർട്ടൻ)