Loading...
Home / സാഹിത്യം / പുതിയവ / നാടകങ്ങള്‍ / ഡാക്ടര്‍ക്കു കിട്ടിയ മിച്ചം
Author: സിവി രാമന്‍പിള്ള

സിവി രാമന്‍പിള്ള

ഡാക്ടര്‍ക്കു കിട്ടിയ മിച്ചം

പാത്രവിവരം (01)

 

-01-


പാത്രവിവരം


ഗോപാലൻനായർ - ഒരു വക്കീൽപ്രമാണി

പ്രഭാകരൻനായർ - ഗോപാലൻനായരുടെ മകൻ

ഡാക്ടർ കണ്ടുക്കുറുപ്പ് - പ്രഭാകരൻനായരുടെ സ്നേഹിതന്‍

ശ്രീകണ്ഠൻ - പ്രഭാകരൻനായരുടെ സ്നേഹിതന്‍

ശങ്കരൻകുട്ടി - പ്രഭാകരൻനായരുടെ സ്നേഹിതന്‍

കേശവൻതമ്പി- ഒരു ഗൃഹസ്ഥൻ

രാമശ്ശാർ- കേശവൻതമ്പിയുടെ ഭൂത്യൻ

അംബികക്കുട്ടി - കേശവൻതമ്പിയുടെ പുത്രി

അമ്മിണിക്കുട്ടി - കേശവൻതമ്പിയുടെ പുത്രി

ഒരു പണ്ടാരം

തിരുവനന്തപുരത്ത് ഒരു വിദ്യാത്ഥിസംഘത്തിന്റെ വാഷികസമ്മേളനത്തിൽ അഭിനയിക്കുവാൻ എഴുതിയത്.

 

രംഗം ഒന്ന് (02-05)

 

-02-


രംഗം ഒന്ന്


[കേശവൻതമ്പിയുടെ ഭവനത്തിലെ സൽക്കാരമുറി. ഡാക്ടർ കണ്ടുക്കുറുപ്പു പ്രവേശിക്കുന്നു.]

കണ്ടുക്കുറുപ്പു : പ്രണയം ചുമക്കുന്നവര്‍ക്കു് 'സൂര്യശ്ശീതകരായതെ' എന്നാണു് അവസ്ഥ. അബ്ബാ! (ഒരു കസേരയിൽ ഇരുന്നു കൈലേസാൽ വീശിക്കൊണ്ടു്) നമ്മുടെ സമഗ്രപ്രൗഢയുടെ ഭവനം. വല്ലീവലയിതമായ ചന്ദ്രകാന്തതളിമംപോലെ ശീതളമായിത്തോന്നുന്നു. അഭിലാഷത്തെ ബന്ധനത്തിലാക്കി, അതിവന്റെ ഹൃദയബന്ധത്തെ ഭേദിക്കുന്നു. എന്തുചെയ്യാം? ഇവിടത്തെ ദക്ഷപ്പെരുമാൾ ജാമാതാവായി ആഗ്രഹിക്കുന്നതു് ഏതു ചക്രവർത്തിയേയോ ദിക്‌പാലശ്രേഷ്ഠനേയോ? (ചുറ്റിനോക്കീട്ട്) സര്‍വവ്യാപി രാമശ്ശാരെപ്പോലും പുറത്തു കാണുന്നില്ല. കാളേജില്ലാത്ത ദിവസമാണെങ്കിലും അമ്മിണിക്കുട്ടിയും ഏതു് അബ്ധിക്കപ്പുറത്തോ അസ്തമിച്ചിരിക്കുന്നു. തക്കം അത്യനുകൂലം. എന്റെ പിതൃപരമ്പരകളെ! നിങ്ങൾക്കു സ്വര്‍ഗ്ഗം വേണമെങ്കിൽ എന്റെ ശ്രമത്തെ വിജയത്തിൽ കലാശിപ്പിക്കിൻ. അച്ഛനങ്ങത്തെ ദുശ്ശാഠ്യത്തെ ചികിത്സിക്കാൻ പുറപ്പെടുന്ന ഈ വൈദ്യന്റെ ചിന്താമണിപ്രയോഗം ചിന്താനുസാരം ഫലിക്കട്ടെ. തമ്പി അദ്ദേഹത്തിന്റെ ഗൃഹനിയമം മറ്റെങ്ങും കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത ഒരു അനര്‍ത്ഥനിരര്‍ത്ഥസ്മൃതി! മൂത്ത മകളായ ശകുന്തള ഗൃഹം ഭരിപ്പാനും ദുഷ്ഷന്താഗമനംവരെയ്ക്ക് കന്യാവല്ക്കലം ധരിപ്പാനും വിധിച്ചു. രണ്ടാം മകൾക്കൊരു കാമുകനുണ്ടായപ്പോൾ, അച്ഛന്മാർ തമ്മിൽ യമരാവണകലഹം ആരംഭിച്ചു. കന്യകാകാംക്ഷിയായ വെണ്ണത്താൻ പ്രഭാകരദേവൻ സ്വത്മാഗ്നിയിൽ ദഹ്യമാനനും ആകുന്നു. കാര്യങ്ങളെല്ലാം ഏവംവിധം 'വിവശായെ' എന്നു തിരിഞ്ഞപ്പോൾ, 'ഹതാശയൻ നമ്പർ 1' എന്നു കുറിക്കപ്പെട്ടത് ഇക്കണ്ട കണ്ടുപ്രഭുരേവ- അവനോ! കൃതാര്‍ത്ഥനാവാനുള്ള സിദ്ധാര്‍ത്ഥനല്ലേ? ഇതാ കണ്ടില്ലേ (അണിയറയിലോട്ടു നോക്കീട്ടു് ഗാനം) 'മത്സ്യം വലയിലണയുംപോലെ - വഹ്നിയിൽ പാറ്റകൾ വീഴുമ്പോലെ' ഈ വാനരനെ നരനാക്കാനുള്ള വാനോരമ്മ അരുണോദയത്തിലെ പ്രഥമകിരണത്തിന്റെ പ്രശാന്തഭാസ്സോടെ ക്ഷണംവിനാ പ്രവേശിക്കുന്നു. ഹേ! അന്തർവാസിയായ ഹൃദയകപേ! നീ ചലിച്ചു കൊള്ളുക- അല്ലയോ, ഭഗവൽപ്രതിമാംഗമായുള്ള മുഖമേ! ഭവാൻ നിസ്സംഗന്റെ അശ്മത്വം അവലംബിച്ചു് സംഭാഷണത്തിനു കിട്ടുന്ന അവസരത്തെ ദീർഘിപ്പിക്കുക -

(അംബികക്കുട്ടി പ്രവേശിക്കുന്നു.)

അംബികക്കുട്ടി: നട്ടുച്ചയ്ക്ക്, എന്തു യാത്രയാണിതു്? വല്ല നേർച്ചയുമാണോ? നല്ല ചന്ദ്രിക കണ്ട് സവാരിക്കിറങ്ങി.

കുണ്ടുക്കുറുപ്പു്: ഞങ്ങൾ വ്യാപാരത്താൽ കാലവൈരികളല്ലേ? വെള്ളിമലയൻ ആയിട്ടില്ലെങ്കിലും 'വെള്ളം ജടാന്തേ ബിഭ്രാണ' എന്നും അഹങ്കരിക്കാവുന്നവനു് സൂര്യമദ്ധ്യാഹ്നങ്ങൾ നാണെസ്റ്റല്ലേ?

അംബികക്കുട്ടി: അച്ഛൻ മുകളിൽ ഉറക്കമാണു്-

കുണ്ടുക്കുറുപ്പു്: അച്ഛനോ? അതാരാണു്? ഏറ്റവും പ്രിയപ്പെട്ട ഒരു സ്നേഹിതന്റെ ആവശ്യത്തെ മാത്രം ഞാനിപ്പോൾ അറിയുന്നു.

അംബികക്കുട്ടി : സ്നേഹിതചക്രം 'അഹമേവ' എന്ന പരിധിയിൽ അടങ്ങിയതല്ലേ?

കുണ്ടുക്കുറുപ്പു്: ഹെയ്. സ്വാത്ഥമാത്രന്മാർ എന്ന പരാക്രമശാലികൾ ഇല്ലെങ്കിൽ ലോകമെങ്ങ്? സ്നേഹവൈരബന്ധങ്ങൾ എവിടെ? വരിക വരിക. മന്മാത്രകമല്ലേ അവസ്ഥകൾ? അടുത്തുവരിക. ഒരു ബ്രഹ്മാണ്ഡരഹസ്യം പറഞ്ഞിട്ട് ഗതവാനാകട്ടെ.

അംബികക്കുട്ടി: വേണ്ടാ വേണ്ടാ. അകലെനിന്നും സംസാരിച്ചാൽ മതി. അവിടുത്തെ നിഘണ്ഡുവിൽ 'സ്വകാര്യം' എന്നതു 'പരപരിഹാസം' ആണു്.

-03-


കുണ്ടുക്കുറുപ്പ്: ഗൃഹജെയിലിൽ ബന്ധിക്കപ്പെടുന്ന തലകളിലെ വിശാലഗ്രഹങ്ങളെ അടുക്കളച്ചൂട് ആവിയാക്കിക്കളയും, ഞാൻ കൊണ്ടുവന്നിട്ടുള്ളതും കഴുത്തുപോകുന്ന ഒരു സാമ്രാജ്യരഹസ്യമാണ്. ആറു കര്‍ണ്ണങ്ങൾ പൂകേണ്ടാ എന്നു ചിന്തിച്ചു അടുത്തുവരാൻ യാചിച്ചതാണു്.

അംബികക്കുട്ടി: അമ്മിണിക്കുട്ടിയെ ഇങ്ങോട്ടയയ്ക്കാം . ഇവിടുത്തെ ആഖ്യായികത്തരികൾ അവൾക്കു രുചിക്കും.

കുണ്ടുക്കുറുപ്പു്: എന്റെ ഗൃഹരാജ്ഞീ ആ അപകടക്കക്ഷിയെ അയയ്ക്കയേക്കാൾ, ഒരു ഡണ്ഡോറാക്കാറനെ വരുത്തൂ.

അംബികക്കുട്ടി : എന്നാൽ രാമശ്ശാരെക്കൂടി വിളിച്ചേക്കാം.

കുണ്ടുക്കുറുപ്പു്: എന്നേ! രസഹന്ത്രിണീ! തിന്ത്രിണീ!

അംബികക്കുട്ടി: പട്ടപ്പേരുകൾ തരേണ്ട. അത്ര നിര്‍ബ്ബന്ധമാണെങ്കിൽ കൊണ്ടുവന്നിട്ടുള്ള അപകടകഥ ചുരുക്കത്തിൽ പറഞ്ഞുതീർത്തിട്ടു പിരിയുക.

കുണ്ടുക്കുറുപ്പു്: അങ്ങനെ കൊടിതാഴ്ത്തൂ. പരദോഷഗ്രഹണകാര്യത്തിലുള്ള സ്ത്രീകളുടെ മുഷികത്വം ഒരു വിശ്വവിശ്രതപരമാര്‍ത്ഥം.

(അംബികക്കുട്ടി പരിഭവിച്ചു പോകാൻ തുടങ്ങുന്നു.)

കൊടി താഴ്ത്തുകയല്ല. തോറ്റമ്പിമണ്ടുകയും ആയോ? ഡാക്ടർ വിദുരരുടെ വാക്യാവലി വിധിച്ചിട്ടില്ലാത്ത ഒരു ഭീരുത്വമാണതു്. പിന്നേ! ഒരു പ്രഭുവിന്റെ രണ്ടു മക്കളും സന്ന്യസിക്കണോ?

അംബികക്കുട്ടി: (തിരിഞ്ഞുനിന്നു്) സ്ഥിതികൾ അറിഞ്ഞുകൊണ്ടു്, എന്തു ചോദ്യമാണിതു്? അച്ഛൻ സിദ്ധാന്തി എങ്കിലും ശുദ്ധമനസ്കൻ! ഇവിടുന്നു ആലോചിക്കുന്ന കൃത്രിമപ്രയോഗം ഞാൻ അനുവദിച്ചു എന്നു വന്നുകൂടാ. ആ പുരികച്ചുളിപ്പു തന്നെ ഞാൻ കണ്ടുപിടിച്ചതു് ശരിയെന്നു സമ്മതിക്കുന്നു.

കുണ്ടുക്കുറുപ്പു : അങ്ങനെ ഗ്രഹിക്കൂ നമ്മുടെ മുഖഗ്രന്ഥത്തെ. ഇനി മറവും മറിവും വേണ്ടാ. കേൾക്കൂ പരമാര്‍ത്ഥം. നമ്മുടെ വൃത്തമേശക്കളരിയിലെ കുറുപ്പശ്ശന്മാർ പന്ത്രണ്ടും ഗൂഢസമിതികൂടി, എന്തോ പണിയാൻ യജ്ഞസൂത്രം ബന്ധിച്ചിരിക്കുന്നു.

അംബികക്കുട്ടി: എന്നാൽ ഹോത്രിപ്രധാനൻ അവിടുന്നുതന്നല്ലോ. ആർതർ 'വേഷം അണിഞ്ഞു' അച്ഛനെ അസഹ്യപ്പെടുത്തരുതു്. തൽക്കാലത്തെ വ്യവസായത്തിനു പ്രയോഗിക്കുന്ന ഒരു കാവ്യത്തിന്റെ ആതർ ആയി വന്നിരിക്കുകയാണെങ്കിൽ എല്ലാം കേട്ടു ഞാൻ രസിച്ചു-

കണ്ടുക്കുറുപ്പു്: നല്ലൊരു കൂടിയാട്ടം ഉണ്ടാകാൻപോകുന്നു. കഥ കൊണ്ടുപിടിക്കും-

-04-


(രാമശ്ശാർ പ്രവേശിക്കുന്നു.)

രാമശ്ശാർ: അയ്യോ കഥ എന്തോന്നാ ഏമാനേ? കണ്ണു കൊതിക്കുന്നു, നല്ല രാമനാട്ടമൊന്നു കാണാൻ. നിങ്ങൾ സന്ധ്യയ്ക്കുറങ്ങണ നാടകക്കക്ഷ്യക്കാരു തലയെടുത്തപ്പോൾ, ആട്ടക്കാരു പെട്ടിവച്ചു പോയി.

കുണ്ടുക്കുറുപ്പ്: എന്റെ മുസ്സേ! ഇങ്ങനെ ഞങ്ങളെ പഴിക്കരുതേ. പൊടിപൂരമായി ഒരു സുന്ദരീസ്വയംവരത്തിനു് ഏർപ്പാടുചെയ്യുന്നു. തനിക്കു ഘടോൽക്കചവേഷം-

രാമശ്ശാർ: (രണ്ടുപേരേയും നോക്കീട്ട്) ആങ് ഹാ! ഈ സ്വയമ്മരക്കളി അങ്ങത്തെക്കൊണ്ടു തുമിപ്പിക്കുമേ-

അംബികക്കുട്ടി: വേണ്ടാസനം പറയാണ്ടവിടേന്നു് പോകൂ.

രാമശ്ശാർ: കണ്ടോ ഏമാനേ, എടുത്തുവളർത്തി എല്ലൊടിഞ്ഞവരെ പൂയിക്കണ മാതിരി. ഈ മട്ടറിഞ്ഞുതന്നെ വിട്ടോടെ കിടക്കട്ടെ എന്നു വലിയങ്ങുന്നു പിടിക്കിണത്. എവന്റടുത്തു് ഇത്രയ്ക്കായാൽ ചേഴം ശിന്ത്യമല്ലേ?

കണ്ടുക്കുറുപ്പു്: എടോ ആ അപ്രമേയമായ ചിന്ത്യത്തിനെത്തന്നെയാണ് സരസലോകം സായൂജ്യമെന്നും സങ്കല്പിക്കുന്നതു്.

രാമശ്ശാർ: അതൊക്കെ എന്തോ? നിങ്ങളുടെ ഈ ശൃംഗാരിപ്പും മറ്റും ഛേ! ഛേ! കൊള്ളുന്ന വഴികളല്ല.

കണ്ടുക്കുറുപ്പു : (സ്വഗതം) റിമാർക്കു് കുറിക്കാ കൊണ്ടതു്.

രാമശ്ശാർ: ഒളിച്ചു പ്‍രാവാണ്ടു് ഈ നട്ടരി ഉച്ചയ്ക്ക് ഇവിടെ ആർക്കെന്തു പിടിച്ചിട്ടു വന്നൂന്നു പറയണം.

കുണ്ടുക്കുറുപ്പു്: (ആത്മഗതം) ഈ പിശാചിന്റെ കണ്ണിൽ മണ്ണിട്ടില്ലെങ്കിൽ എല്ലാം അപകടത്തിലാകും- (പ്രകാശം) എടോ ദാഹിച്ചു ദേഹി വരണ്ടു് ഇങ്ങു കേറി. ഒരു തണ്ണീർപ്പന്തലിന്റെ രക്ഷ ഇവിടെ കിട്ടുല്ലേ? എന്റെ രാമശ്ശാരിത്ര തേയിലയോ സംഭാരമോ മൂന്നാംപക്ഷം പച്ചവെള്ളമോ പ്രോക്ഷിച്ചു ഇവന്റെ ഉള്ളം തണുപ്പിക്കൂ.

രാമശ്ശാർ: (അംബികക്കുട്ടിയെ നോക്കി) കുഞ്ഞേ! ഓടിപ്പോയി ആ വലിയ വെള്ളിക്കിണ്ണത്തിലു്-

-05-


കണ്ടുക്കുറുപ്പു്: ഛേയി! ഈ ഗജഗാമിനികൾ തിരുവാതിര തുള്ളി സാരിയെടുത്തു വരുമ്പോഴേക്കു്, ഇവന്റെ സ്വർഗ്ഗാരോഹണം കഴിയും. താൻ വലലശ്ശാരു്. തന്റെ പേരുകാരന്റെ അമ്പുപോലെ അങ്ങോട്ടു പറന്നു്, ഞൊടിക്കിടയിൽ വല്ലതും കൊണ്ടരൂ. (രാമശ്ശാരെ അകത്തോട്ടു തള്ളിവിടുന്നു.)

രാമശ്ശാർ: (പോകുന്നതിനിടയിൽ തിരിഞ്ഞു) അതേയതേ, മനസ്സിലായി സൂസ്രം. കാവലിനു വേറെ പുള്ളിയുമുണ്ടെന്റെ പൊന്നുങ്കൊടിക്കിടാങ്ങളെ- (പോകുന്നു.)

കുണ്ടുക്കുറുപ്പു്: ഈ വികൃതിയിപ്പോൾ അമ്മിണിക്കുട്ടിയെ ഇങ്ങോട്ടയയ്ക്കും. ആ ചലപലാദിക്കഷായക്കാരി എത്തുമ്മുമ്പും കാര്യം നിർവഹിച്ചു നിർഗ്ഗമിച്ചോട്ടെ. ഇവിടെ ചില വിശേഷരംഗങ്ങൾ ഉണ്ടാകാൻപോകുന്നു. അവയെല്ലാം മംഗലപര്യവസായികൾ ആകുന്നതിനു്-

അംബികക്കുട്ടി: അച്ഛൻ അറിയാണ്ടുള്ള ഏര്‍പ്പാടിൽ ഞാനില്ല.

കുണ്ടുക്കുറുപ്പു്: സൊ സൊ ഭദ്രേ! ഭവതീടെ ഇഷ്ടവൽ ഭവനിത്യ സന്യാസിയായ നമുക്കെന്തു നഷ്ടം? എങ്കിലും ഭരതവാക്യംപോലെ, ഇതിരിക്കട്ടെ (ചേപ്പിൽനിന്നും ഒരു കടലാസ്സെടുത്തു കൊടുത്തിട്ടു്) ഇതാ ഇതാ ഈ നോട്ടിൽ പ്രോഗ്രാം എല്ലാം ചാർത്തീട്ടുണ്ട്. തൊട്ടു വാങ്ങൂ. ഹോ, ഇത് ഇംഗ്ലണ്ടല്ലാ, സമക്ഷം പ്രഭുപുത്രിയുടേതുമാണല്ലേ? ഹേ ദിവ്യശ്രീമതി, ഈവക പുണ്യാശ്രമചര്യകൾ പമ്പാസരസ്തടം അതിക്രമിച്ചു കടന്നു് 'രാമ ഹരേ ഹരേ' എന്നാ യി, നമ്മുടെ സന്താനപരമ്പരകൾ പ്രണയദശയിൽ പരസ്പരം ചെവിക്കുപിടിക്കുന്നതു നമ്മൾക്കുതന്നെ കാണാം. ക്ഷണം വാങ്ങൂ. അമ്മിണിഭ്രമരിക മുരണ്ടടുക്കുന്നു.

(അംബിക കടലാസു വാങ്ങുന്നു.)

ആ റൗക്കയ്ക്കിടയിലാക്കൂ. കണ്ടാൽ കഥച്ചരടു പൊട്ടി. ഞാനിതാ എക്സിറ്റ്. (ആകാശത്തിൽ ഒരു ചുംബനം ചെയ്തുകൊണ്ട് ഓടിത്തുടങ്ങുന്നു.)

അംബികക്കുട്ടി: അല്ലേ ദാഹിക്കുന്നില്ലെ?

കണ്ടുക്കുറുപ്പു്: (പോകുംവഴി) ഉഗ്രപര്‍ദ്ദീകമാരീ, പ്രദ്യുമ്നോ മീനകേതന-

(അമ്മിണിക്കുട്ടി പ്രവേശിക്കുന്നു.)

അമ്മിണിക്കുട്ടി: എന്തോന്നാ ജേഷ്ഠത്തീ ആ കടലാസിൽ?

അംബികക്കുട്ടി: (പരിഭ്രമിച്ച്) ഇതോ ഇതു-(ആത്മഗതം) നാശമായി ഉപദേശിച്ചതുപോലെ പതുക്കാത്തതു്. (പ്രകാശം) പിന്നെ-ഇതല്ലേ, മിസ്റ്റർ പ്രഭാകരൻകുട്ടീടെ ഒരു ലറ്റർ-

അമ്മിണിക്കുട്ടി: എന്നാൽ ഇങ്ങോട്ടു തരൂ -

 

രംഗം ഒന്ന് (06-08)

 

-06-


അംബികക്കുട്ടി: പ്രണയലേഖനമല്ല.

(അമ്മിണിക്കുട്ടി അംബികയെ തല്ലുന്നു.)

തല്ലേണ്ടാ. സങ്കടഹർജിയായി എഴുതീട്ടുള്ള ഒരു രഥബന്ധമാണു്-

അമ്മിണിക്കുട്ടി: എന്നാലും എനിക്കു കാണാമല്ലോ- (ജ്യേഷ്ഠത്തിയുടെ പക്കൽനിന്നും എഴുത്തു പിടിച്ചുപറിക്കാൻ ശ്രമിക്കുന്നു.)

കണ്ടുക്കുറുപ്പ്: (അകത്തോട്ടു തലനീട്ടി വിരൽ ഞൊടിച്ച്) ഇശ്! ഇശ്! ലഹളക്കുറ്റത്തിനു ജീവപര്യന്തം തടവുവരെയുള്ള ശിക്ഷയുണ്ടു്-

അമ്മിണിക്കുട്ടി: (ചിരിച്ച്) ഇപ്പോൾ മനസ്സിലായി. ഏതു പ്രഭാകരൻകുട്ടീടെ, എന്തു ശ്ലോകമെന്നും, സങ്കടമെന്നും - ഞാനിതാ പോകുന്നു- നിങ്ങടെ പാർട്ടും പാട്ടും നിർബാധമായി നടക്കട്ടെ- ഞാൻ കൂടീട്ടു് മിനക്കെടുത്തുന്നില്ലാ- രാമശ്ശാരും എന്നെ വൃഥാ നടത്തി. (പോകാൻ തിരിയുന്നു.)

കണ്ടുക്കുറുപ്പു്: അയ്യോ ഡാക്ടർ മൂത്ത ബാച്ചിലരാണേ- പരിഹാസം പാപകരവും-

അംബികക്കുട്ടി: അമ്മിണീ!

അമ്മിണിക്കുട്ടി: (തിരിഞ്ഞുനിന്നു്) ഹരിക്കുന്നതും ഗുണിക്കുന്നതും അച്ഛനറിയട്ടെ. അപ്പോൾ കാട്ടിത്തരാം.

കണ്ടുക്കുറുപ്പു്: ഓഹോ ആയിക്കൊളൂ- വികൃതിത്വത്തിന്റെ സങ്കലനത്താൽ ആ ചാരു കുസൃതിത്വത്തിനു വ്യപകലനം ഉണ്ടാകാതിരുന്നാൽ മതി.

അമ്മിണിക്കുട്ടി: വികൃതിയും പ്രകൃതിയും ഞാനല്ല. അതേ നില്ക്കുന്നു.

(അംബികയെ ചൂണ്ടിക്കാണിക്കുന്നു.)

അംബികക്കുട്ടി: തെറി പറയാൻ മാത്രമേ നീ അഭ്യസിച്ചിട്ടുളളൂ-

അമ്മിണിക്കുട്ടി: (ഡാക്ടരോട്) അത് അവിടേക്കുള്ള പ്രണയഭക്തി സംഭാവനയാണു്-

-07-


കുണ്ടുക്കുറുപ്പ്: (സ്വഗതം) ഇതിനു ശിക്ഷയായി ഗോഷ്ഠിപ്രദര്‍ശനം ഒന്നുകൂടി മൂപ്പിച്ചേക്കാം.

അംബികക്കുട്ടി: (ദേഷ്യത്തോടെ) നിന്റെ അധികപ്രസംഗം മൂത്തു പോകുന്നു അമ്മിണീ!

അമ്മിണിക്കുട്ടി: (ഗാനം) പണ്ടൊരു വീട്ടിൽ രണ്ടു- പൂച്ചകളൊത്തു കൂടി- തൊണ്ടനും പാപ്പീശിയും- ചൗര്യചാതുര്യത്തോടെ; ഉണ്ടക്കൺ നാലുമൃക്കെപ്പൂട്ടിപ്പാൽ നുകരുമ്പോൾ.

(തേയില മുതലായ സാമാനങ്ങളും കൊണ്ട് രാമശ്ശാർ പ്രവേശിക്കുന്നു ഡാക്ടരും അമ്മിണിക്കുട്ടിയും മറഞ്ഞുകളയുന്നു.)

രാമശ്ശാർ: പൊയ്ക്കളഞ്ഞോ, ആ വായ്പടയൻ? കളഞ്ഞു കിടക്കുന്നോ ഇതെല്ലാം? ഝാലവും കൊണ്ടു് ഇനിയിങ്ങു വരട്ടു്- തുള്ളിപ്പച്ച വെള്ളം തൊട്ടുതെറിക്കണമെങ്കിൽ- ങ്ഹു! കുഞ്ഞിനൊണ്ടല്ലോ- വലിയങ്ങുന്നറിയട്ടിതു്-

അംബികക്കുട്ടി: ആ ഡാക്ടര്‍ക്കു് തക്കവും തരവും ഇല്ലാത്തതിനു് ഞാനെന്തു പിഴച്ചു? കണ്ടോരുടെ തോന്ന്യാസങ്ങൾക്കു് എന്നെ കുറ്റക്കാരി ആക്കുന്നതു് ന്യായമോ? രാമശ്ശാരു് എന്തു പറഞ്ഞാലും അച്ഛൻ വിശ്വസിക്കും. പ്രിയമകൾ അമ്മിണി അച്ഛന്റെ കോപത്തിനു് മൂർച്ചകൂട്ടാൻ ചെകിട്ടത്തുചേര്‍ന്നു് എല്ലായ്പോഴും ഹാജരുമാണു്. എനിക്കുതന്നെ ആരും ആധാരവും ആശ്രയവുമില്ലാത്തതു്. (വ്യസനഭാവത്തിൽ നില്ക്കുന്നു.)

(രാമശ്ശാർ സാമാനങ്ങളെല്ലാം താഴത്തുവെച്ചു് വിനോദചേഷ്ടികൾ കാട്ടുന്നു.)

രാമശ്ശാർ: അല്ലേ, വീട്ടുകാരി കൊച്ചമ്മമാര്‍ക്കു് ലോവ്ഹ്യങ്ങളും മറ്റും വേണ്ടയോ? അല്ലാണ്ടിവിടെ എന്തു ചെയ്തൂന്നേ! ശേ ശ്ശേ! അതാണ്ടെ അമ്മിണിക്കുഞ്ഞു് അകത്തുകിടന്നു ഊഞ്ചോൽപാട്ടു പാടുന്നു. ചെന്നു കൂടിച്ചേർന്നു്-അഹഹ, കൊണ്ടുപിടിപ്പിൻ- നമുക്കും (ഗൗരവഭാവത്തിൽ) ഒന്നു പറഞ്ഞേക്കാം. ആരാവട്ടെ- നമുക്കു വിട്ടുകൂടാത്ത ചില ഇതൊക്കെയൊണ്ടു് - അതുകൊണ്ട്, എല്ലാം രാമശ്ശാരെക്കൂടി ഇരിക്കട്ടെ- വലിയങ്ങുന്നറിയേണ്ട-വരീൻ (സാമാനങ്ങൾ എടുത്തു്) ചേട്ടത്തിയും അനിയത്തിയുംകൂടി ഇതു കുടിച്ചു, അതിന്റെടയിൽ ഒക്കെ പറഞ്ഞു ശരിപ്പെട്ടോളിൻ- അമളി കൊണ്ടു ആ കട്ടെറുമ്പത്തിയെ ഇങ്ങു പറഞ്ഞയച്ചു- വരിൻ, വരിൻ-

(അംബികക്കുട്ടിയും രാമശ്ശാരും പോകുന്നു.)

(കർട്ടൻ)

 

രംഗം രണ്ടു് (08-10)

 

-08-


രംഗം രണ്ടു്


[കേശവൻതമ്പിയുടെ ബംഗ്ലാവിലെ വരാന്ത. പ്രാകൃതധ്വരവേഷത്തിൽ പ്രഭാകരൻനായർ ഒരാട്ടുകസാലയിൽ ഇരിക്കുന്നു.]

പ്രഭാകരൻനായർ: (സ്വഗതം) വെളിച്ചയാകുന്നു. ആൾ തിരിച്ചറിയാറായി എങ്കിലും, വേഷം സുമാർതന്നെ. ആ സകലകലാവല്ലഭൻ ഡാക്ടർ ചമയിച്ചതല്ലെ? തെറ്റിക്കയില്ല-വിഷമം! തട്ടിപ്പുകാരന്റെ വേഷം ആടി ഫലിപ്പിക്കാൻ വല്ലാത്ത ഒരു ഉൾക്കരുത്തു വേണം. ഇതാ നമ്മുടെ അകം കലങ്ങുന്നു. എന്തു ചെയ്യാം? വൈദ്യന്മാരുടെ കുറിപ്പിൽ കൂട്ടാനും കുറയ്ക്കാനും രോഗികൾക്കും അവകാശമില്ലല്ലൊ-അമ്മിണിക്കുട്ടിയെ കാണുമ്പോൾ ചിരി വരില്ലേ എന്നു സംശയമുണ്ടു് - അധികപ്രസംഗത്തിന്റെ അധിഷ്ഠാനഭാരതി നമ്മെ തുണയ്ക്കട്ടെ (എഴുന്നേറ്റു പുറകോട്ടുനോക്കി) അതാ വാതിൽ തുറന്നു ആരോ വന്നു തുടങ്ങി. അടിച്ചുവാരാനുള്ള പുറപ്പാടാണു്. ശബ്ദം മാറുന്ന ശ്രമം എല്ലാറ്റിലും വിഷമം! ആ വിശ്വ സ്റ്റേജ് മാനേജർ കുണ്ടുക്കുറുപ്പിനു ചക്കിമുതൽ ചക്രവർത്തിവരെ സ്വരങ്ങളിൽ സംസാരിപ്പാൻ സാധിക്കും. ഇവനിപ്പോൾ എന്തു കാട്ടും? ഗുണഗണേശാ! (സംഭ്രമത്തോടെ കസേരയിൽ വീണ്ടും ഇരുന്നു്, തൊഴുതു്) 'നമോസ്തു സൂത്രനിധയേ- വെറുതേ സൊല്ലകാരകഃ- ഗുരവേ കുണ്ടുരൂപായ' - ശ്ശോ! എല്ലാം കുഴങ്ങുന്നു- ആ കുറുപ്പിന്റെ ശീതളസുശാന്തമായ മായാമനസ്സാന്നിദ്ധ്യം നമുക്കു നാസ്തി. പുറപ്പെടേണ്ടതല്ലായിരുന്നു. എല്ലാം അച്ഛൻ ചുറ്റിച്ചതാണു്- ഒഃ ആരോ വന്നുകഴിഞ്ഞു- (പൊടുന്നനെ കണ്ണടച്ച് ഉറക്കം അഭിനയിക്കുന്നു.)

(രാമശ്ശാർ ചൂലും തൂവാലുമായി പ്രവേശിക്കുന്നു.)

രാമശ്ശാർ: കിഴക്കേപ്പുറത്തുകൂടിയാണു ലക്ഷ്മിയുടെ വരവു്, തിന്നാനും ഉറങ്ങാനും തൊള്ളാൻപറ ആളുണ്ടു്. വല്ല ചപ്പോ ചവറോ അടിച്ചുകളയാൻ പെലച്ചയ്ക്ക് എഴീക്കണമെങ്കിൽ അതിനും ഈ കിഴവനേയുള്ള! അമ്പമ്പോ കാലം! (തിരിഞ്ഞു പ്രഭാകരനെ നോക്കീട്ടു്) ആ ഇതാണ്ട, ഒരാള്, അങ്ങുന്നുകൊണ്ടാട, കേറി പടച്ചിരിക്കുന്നു! (സൂക്ഷിച്ചുനോക്കി) യോഹോ! ഇതൊരു ശീമവേഷമല്ലയോ? പിള്ളാച്ചനു് ഉറങ്ങാൻ കണ്ടൂട്ടസ്സലം കണ്ടിലോ? തൂത്തെറക്കൂട്ടാലൊ? വല്ല ഉദ്യോഗസ്സനെങ്കിൽ- വയ്യവയ്യ. ഇതിനുമുമ്പു കണ്ടിട്ടില്ല- (പിന്നേയും സൂക്ഷിച്ചുനോക്കി) ഇന്നലത്തെ ഉരുവിൽ ഇറക്കിയ പുത്തൻപുള്ളി (കുറച്ചുകൂടി സൂക്ഷിച്ചുനോക്കി) അമ്മേ! മണ്ടമുതൽ മുട്ടുവരെ മുക്കുറയിട്ട പാറുവലിക്കിണു്, ദൂരെ നിന്നോട്ടു്. അല്ലെങ്കിൽ വലിച്ചു മണ്ടയിൽ കേറ്റൂടും. സൊരസ്സായ്പിനു ചേക്കപിടിക്കാൻ കിട്ടിയ വഴിയമ്പലമിതോ (കുറച്ചടുത്തു) സാ-സാ-(പതുക്കെ കൈകൊട്ടി) സാ-സാ-സാരേ! (കുറച്ചു കൂടെ ഉറക്കെ കൈകൊട്ടി) സാരോ-അടടാ ഇതു വെറും ജപമോ ഒടുക്കത്തെ തവമോ? (വാരിയെല്ലിന്റെ നേര്‍ക്കു പതുക്കെ ഒന്നു തൊടുന്നു.)

(പ്രഭാകരൻനായർ ഞെട്ടൽ നടിച്ചു് കൈവീശി ഒരുവശത്തു് അടിക്കുന്നു.)

-09-


(ഒഴിഞ്ഞുകൊണ്ടു്) പെറ്റവരെ പുണ്യംകൊണ്ടു വായ്ക്കരിക്കു ചേഴിച്ചു. ചെന്നിക്കോറ്റൊ കൊണ്ടിരുന്നെങ്കിൽ, ഒന്നോടെ വാതുറന്നേനേ- അടവിലേ അടുക്കാവൂ- (സാവധാനത്തിൽ അടുത്തുചെന്ന് ഒന്നു പിടിച്ചു കുലുക്കി പുറകോട്ടു ചാടിക്കളയുന്നു.)

(പ്രഭാകരൻനായർ മുരിയിട്ട് ഉണര്‍ന്നു്, ഉറക്കുചടവു തീർത്ത്. കണ്ണുതുറിച്ച് രാമശ്ശാരെ നോക്കുന്നു. ആ ഓരോ നാട്യത്തിനും രാമശ്ശാരു് ആക്ഷേപനാട്യങ്ങൾ കാട്ടുന്നു. പ്രഭാകരൻനായർ ചാടി എഴുന്നേറ്റ് രാമശ്ശാരുടെ മുഖത്ത് മുഷ്ടിപ്രഹരം ഏല്പിപ്പാൻ ചുവടുവെയ്ക്കുന്നു.)

രാമശ്ശാർ : (ഒഴിഞ്ഞ്) ഗുൺമാഹാണിസാർ! (പ്രഹരശ്രമം) ചുമ്മാ തല്ലിക്കൊല്ലാൻ പെരുവഴിപ്പാമ്പല്ലാ- (പ്രഹരശ്രമം) ഏ-ഏ-ഇതെന്തരു കൂത്തു്? ഞാനും വച്ചു കുമയ്ക്കുമേ-അപ്പോ തൊരയും കരിയുമൊക്കെ -ഹോ! ശത്തു ! (ഒഴിഞ്ഞ്) ഇതെന്തെരു, ഹെവിടെക്കിടന്ന, ചെകിത്താൻ?

പ്രഭാകരൻനായർ: (വെളിപാടുശബ്ദത്തിൽ) സന്ധ്യാതോറും ഉറങ്ങിക്കളയുന്ന ബ്രഹ്മാണ്ഡമടിയനെ പിടിച്ചെഴിപ്പിച്ചു പ്രാചീനഗിരിയിൽ ഉദിപ്പിക്കാൻ-

രാമശ്ശാർ: (സംഭ്രമത്തോടെ നോക്കി ചിരിച്ചുകൊണ്ടു്) ഒലക്ക കൊണ്ടരട്ടോ സൊരയേ? മടക്കി ഒന്നു തലയിൽ കെട്ട്യാൽ, പിന്നെ വേഷക്കൊറയെങ്ങു്? ഹ്യേ!

(പ്രഭാകരൻനായർ പ്രഹരിപ്പാൻ ഒരുങ്ങി അടുക്കുന്നു.)

(നിലവിളിക്കുന്നു) അയ്യോ പൊന്നങ്ങുന്നേ! ഇതാ കൊല്ലണേ- ഒരു ഭ്രാന്തൻ അടിച്ചുകൊല്ലണേ-(ഓടിപ്പോകുന്നു.)

പ്രഭാകരൻനായർ : ഒന്നാംരംഗം റീഹഴ്‌സലിലും കേമമായി. സാധാരണയായിത്തന്നെ, അഭിനയം ചൊല്ലിയാട്ടത്തേക്കാൾ മെച്ചമാകും. എന്നാലും ഇനിയത്തെ രംഗം അതിവിഷമം | എന്റ ഡാക്ടർ ഗുരുനാഥാ! ഇക്കിഴവനിപ്പോൾ തമ്പി അമ്മാവനെ കൂട്ടിക്കൊണ്ടരും. അദ്ദേഹത്തിന്റെ മുമ്പിൽ, ഒപ്പമിരിപ്പാൻപോലും ധൈര്യപ്പെട്ടിട്ടില്ലാത്ത ഞാൻ, എന്തുചെയ്യും? ഇദ്ദേഹവും അച്ഛനും തമ്മിൽ ശണ്ഠകൂടിയതിന്റെ ശിക്ഷ ഇവനിതാ അനുഭവിക്കുന്നു. എന്തു കഷ്ടം ! പെണ്ണെക്കിട്ടാൻ പെരുക്കാലും പിടിക്കണം എന്നാണു വചനം തന്നെ. (പിന്നെയും കണ്ണടച്ചു കസാലയിൽ ഇരിക്കുന്നു.)

(കേശവൻതമ്പി പുറകിൽ രാമശ്ശാരുമായി പ്രവേശിക്കുന്നു.)

-10-


രാമശ്ശാർ: (പുറകോട്ടു പുറകോട്ടു വാങ്ങി) പൊന്നങ്ങുന്നേ! പൊന്നങ്ങുന്നേ അടുത്തോറ്റൊ ചെല്ലല്ലെ. ഈറ്റപ്പുലിപോലെ ചാടിക്കടിക്കും. മുള്ളുപോലെ പല്ലും കിരിച്ചോണ്ടു പച്ചയേ തിന്നും.

കേശവൻതമ്പി: മിണ്ടാതിരിക്കൂ. അയാൾ ഉറങ്ങുകയാണു്. സാധു! തല്ലാൻവന്നു എന്നും മറ്റും നീ സ്വപ്നംകണ്ടതാണ്.

രാമശ്ശാർ: ആ ക്നാവുതന്നെ പക്ഷേ, അങ്ങുന്നും കണ്ടേക്കും. അതുകൊണ്ടു കണ്ടും കരുതീം- (മുമ്പിൽ കടന്നു നില്ലാൻ നോക്കുന്നു.)

കേശവൻതമ്പി: മാറിനിൽക്കൂ. (പ്രഭാകരനോട്) ഏഹേ!

രാമശ്ശാർ: എന്റെ പൊന്നങ്ങുന്നേ! വങ്കാളിക്കള്ള ഉറക്കമെന്നേ -കണ്ടൂടയോ? അതാണ്ടെ ഇമ രണ്ടും പൊരുപൊരാ എളകുണു. (യുവാവിനെ പിടിച്ച കലുക്കീട്ടു മാറിക്കളയുന്നു )

(പ്രഭാകരൻനായർ ദീര്‍ഘശ്വാസം വിട്ടുണര്‍ന്നു്, എഴുന്നേറ്റ് കേശവൻതമ്പിയെ തൊഴുത് ഓച്ഛാനിച്ചുനിൽക്കുന്നു.)

കേശവൻതമ്പി: (ആത്മഗതം) ഇതു് സായ്പ് അല്ല. തൊഴുതല്ലേ നില്ക്കുന്നതു്? നായരുതന്നെ. പുത്തനിലും പുതുപുത്തൻ പുള്ളി ആഹാറ്റുകൂടി അണിഞ്ഞിരിക്കുന്ന മോടി കേമം. ശ്രീമയ്ക്കും മറ്റും പോയി വന്ന മിനുസം കാണുന്നില്ല. (പ്രകാശം) എവിടന്നാണു്? (പ്രഭാകരൻനായർ തലകുലുക്കുന്നു. )

രാമശ്ശാർ: അമ്പടോ മൊരടിച്ച മൊരങ്കള്ളൻ! ഹ്ങ്ങും നിന്നോണ്ടു. ശങ്കരനാരായണങ്കോവിലിലെ കാളപോലെ തലകുലുക്കിതു കണ്ടില്ലിയോ?

കേശവൻതമ്പി: ആരാണ്, എന്താ പോന്നതു്?

പ്രഭാകരൻനായർ: (ചാക്യാരുടെ നിലയും പ്രസംഗരീതിയും കൈക്കൊണ്ടു്) 'ആദൗ കര്‍മ്മപ്രസംഗാൽ'

(രാമശ്ശാർ വാപൊളിച്ചു നിൽക്കുന്നു.)

 

രംഗം രണ്ടു് (11-16)

 

-11-


കേശവൻതമ്പി: (ആശ്ചര്യസ്വരത്തിൽ) എന്ത്?

പ്രഭാകരൻനായർ: 'ആദൗ' (കണ്ഠം തെളിച്ചു) 'കാമപ്രസംഗാൽ'- അതേയേ:- ആദിയിങ്കൽ-

കേശവൻതമ്പി: ആരെന്നാണ് ചോദിച്ചതു്.

പ്രഭാകരൻനായർ: അതുതന്നെയാണു് ഉപന്യസിക്കുന്നതു്. 'ആദൗ കമ്മപ്രസംഗാൽ ജനിമൃതിവലയഃ'

(കേശവൻതമ്പി രാമരാരെ നോക്കുന്നു. രാമശ്ശാർ, യുവാവു് ഭ്രാന്തനാണെന്നു ആംഗ്യം കൊണ്ടു കാട്ടുന്നു.)

ആദൗ- അതായതു് പൂര്‍വകല്പത്തിന്റെ അവസാനത്തിലും, ആയുസ്സംഭൂതമായുള്ള ഇദാനീന്തന ബ്രഹ്മാകല്പകല്പത്തിന്റെ-

കേശവൻതമ്പി : (ആത്മഗതം) അതെ; സംശയമില്ല. ബുദ്ധി എന്തോ ഭേദിച്ചിട്ടുണ്ടു്. കടുംകൈ ഒന്നും പാടില്ലാ. കഷ്ടമാണ്! (പ്രകാശം) എന്താണു് പേരു്? വീടെവിടെ?

പ്രഭാകരൻനായർ : 'സംസാരാൻ സര്‍വസാരാൻ'- യഥാഘട്ടം ശ്രവിക്കാം. 'ആദൗ കര്‍മ്മപ്രസംഗാൽ കലയതികലുഷം മാതൃ-'

കേശവൻതമ്പി : അനര്‍ത്ഥമായി അതു ചൊല്ലിക്കഴിഞ്ഞില്ലേ?

രാമശ്ശാർ : യെവൻ വെളുപ്പാങ്കാലത്തു കള്ളിലോറ്റോ കളിച്ചോണ്ടു കളിപ്പാങ്കേറി നില്ക്കണന്നേ-

പ്രഭാകരൻനായർ: ഇതാ ഭീഷ്മ, അക്രൂര, ഉദ്ധവ, ഉശീനരാ എന്നു തുടങ്ങിയുള്ള മഹാനുഭാവവര്‍ഗ്ഗത്തിനും തൊടുകുറിയായുള്ളോവേ! മറ്റൊരാൾ സംസാരിക്കുമ്പോൾ, ഈ ഉണിക്കോപ്പടുവൃദ്ധന്റെ പ്ലവംഗപ്രവീണത്വം-(ആത്മഗതം) നാരായണാ സങ്കടം! ആ ഡാക്ടർ തുലഞ്ഞുപോകട്ടെ.

കേശവൻതമ്പി: രാമാ നീ മിണ്ടാതിരിക്കു്. (പ്രഭാകരനോടു്) പറയാം- ഇടയ്ക്കു തടയുന്നില്ല. ആരാണെന്നു കേൾക്കട്ടെ. ശ്ലോകങ്ങൾ കൂടാതെ കഴിക്കുക- ദയവുണ്ടായി.

പ്രഭാകരൻനായർ: ആദൗ. അതായതു് സകല ചരാചരങ്ങളും അണു മാത്രങ്ങളായി ആദിയും അന്തവുമില്ലാതുള്ള ബ്രഹ്മാണ്ഡവിസ്തൃതിയിൽ ചലിപ്പൂതുംചെയ്തിയങ്ങുന്ന അവസരത്തിൽ-

കേശവൻതമ്പി: (ഉറക്കെ സ്വഗതം) ആദ്യത്തെ പുറപ്പാടാണ് ഇതിലും ഭേദം.

-12-


പ്രഭാകരൻനായർ: ശരി! ഉത്തമതമശ്ശരി! ആ വഴിക്കുതന്നെ മടങ്ങിയേക്കാം. തടുക്കരുതു്. തടുത്താൽ എത്രയും ലേസായുള്ളതല്ലേ ജലം?- ആ അതിലോലവസ്തുവും പെരുകും- പെരുകിയാൽ പരക്കും. പരന്നാൽ കരകൾ ഭേദിച്ചു, കിട്ടുന്ന വഴിയേ പ്രവഹിക്കും. ഹാ! പ്രകൃതം വിട്ടുപോയി. ഇസ്! ഹൈ! (നെറ്റിയിൽ ചൂണ്ടു വിരൽ ഊന്നി) സ്വല്പം ക്ഷമിക്കണേ ഓര്‍ത്തുകൊള്ളട്ടെ (ചിന്ത നടിച്ചു) വന്നു! വന്നു! ശരിയേ, വന്നു! ആദൗ-

കേശവൻതമ്പി: (ഗൗരവസ്വരത്തിൽ) ഹേ എന്താണിതു്?

പ്രഭാകരൻനായർ: (ടി സ്വരത്തിൽ) എന്താണ്, ഏതു്?

കേശവൻതമ്പി: (ഹാസ്യമായി) ഭംഗിയായി -

പ്രഭാകരൻനായർ: (അലക്ഷ്യഭാവത്തിൽ) ഭംഗിയാക്കാൻ ആർ തുനിഞ്ഞു? ആദൗ―

കേശവൻതമ്പി: (ചെവി പൊത്തിക്കൊണ്ടു്) വേണ്ടാ വേണ്ടാ-

പ്രഭാകരൻനായർ: (വിരക്തഭാവത്തിൽ) വേണ്ടാ-

കേശവൻതമ്പി: (ഊര്‍ജ്ജിതസ്വരത്തിൽ) മനസ്സുണ്ടെങ്കിൽ ആരെന്നു പറയൂ.

പ്രഭാകരൻനായർ: (അക്ഷമനായി) അതല്ലേ ഞാൻ പറയുന്നതു്?

കേശവൻതമ്പി: (കോപത്തോടെ) ഏതു്?

പ്രഭാകരൻനായർ: (തുല്യനാട്യത്തിൽ) പറഞ്ഞില്ലെ?

കേശവൻതമ്പി: (ദേഷ്യനാട്യത്തിൽ) ഹെ-

പ്രഭാകരൻനായർ: (തുല്യസ്വരത്തിൽ) ഹൊ-

-13-


കേശവൻതമ്പി: (ക്ഷീണസ്വരത്തിൽ) നാശം!

പ്രഭാകരൻനായർ: (തുല്യസ്വരത്തിൽ) കഷ്ടം! (കാര്യവാദമായി) വാക്കൊന്നിനു തടസ്ഥം രണ്ടായാൽ, എങ്ങനെയാണു കഥാകഥനം നടക്കുന്നതു്?

കേശവൻതമ്പി: രാമാ, ആ മൂത്ത പെണ്ണിനെ ഇങ്ങോട്ടു വിളിക്കു്. എന്താ വേണ്ടതെന്നു് എനിക്കു രൂപമുണ്ടാകുന്നില്ല.

രാമശ്ശാർ: അരപ്രാന്തനെ മുഴുപ്രാന്തനാക്കാനാണോ കുഞ്ഞുങ്ങളെക്കൂടി വിളിക്കുന്നതു?

കേശവൻതമ്പി: പറഞ്ഞത് കേൾക്കു് നീ. ഈയാൾക്കു തരം നിങ്ങളാരുമല്ല- മനുഷ്യരുടെ ചില നിലഭേദങ്ങൾ നിന്നെപ്പോലുള്ളവര്‍ക്കു് മനസ്സിലാവുകയില്ല. പോ പോ- അവളെ വിളിക്കു്.

രാമശ്ശാർ: ഉത്തരവ് ! ഇയ്യാണ്ടെ പേമേളം കണ്ട് അങ്ങുന്നു വേദാന്തങ്ങളിൽ കേറുന്നു. അതുമിന്നുദിച്ച വേളഫലം- (പോകുന്നു.)

പ്രഭാകരൻനായർ: വ്യോമമണ്ഡലം വിമുക്താമ്ലമായി. വിശ്വഘടികാരങ്ങൾ ഉദയമുഹൂർത്തത്തെ ഉദീരണം ചെയ്യുന്നു.

കേശവൻതമ്പി: (ആത്മഗതം) ഈയാൾ ആലങ്കാരികനോ? ഒരു ആകട്ടെ, അംബികക്കുട്ടി വരട്ടെ.

പ്രഭാകരൻനായർ: ആ ധൂമകേതു വാലധി പൊലിഞ്ഞപ്പോൾ നമ്മുടെ പരമാര്‍ത്ഥകഥാപ്രസംഗത്തിനുണ്ടായിരുന്ന പ്രതിബന്ധവും തഥൈവ- ഇനിയെല്ലാം തിതിലസ്വരൂപൻ ആഖ്യാപനം ചെയ്തു ളയാം- ആദൗ കര്‍മ്മപ്രസംഗാൽ- അതാ, ആ നീരസാംബുദം കോപവൃഷ്ടിയുടെ പൂർവശകുനമാണു്. രംഗസ്ഥമഹത്തുക്കളുടെ അനുമോദനമാണു് നടന്മാരെ ചിത്രസേവനപ്രഭാവന്മാരാക്കേണ്ടതു്- ബ്രഹ്മാണ്ഡം ഒരു ബ്രഹ്മാണ്ഡരംഗം- അതിൽ- ആദൗകര്‍മ്മപ്രസംഗാൽ-

കേശവൻതമ്പി: അനര്‍ത്ഥമെന്റപ്പനേ, മതി നിറുത്തൂ-

പ്രഭാകരൻനായർ: 'അര്‍ത്ഥമനര്‍ത്ഥം' ആഹാ! ഇതു് ആർ അറിയുന്നു, ചിന്തിക്കുന്നു? ഈ മുദ്രയെ ആസ്പദമാക്കി അതിഗൗരവതരങ്ങളായ എത്ര ഉപന്യാസങ്ങൾ രചിക്കാം! (തിരിഞ്ഞുനോക്കി ഞെട്ടി ആത്മഗതം) ഇപ്പോൾ എല്ലാം തിരുതകടമായേക്കാം. ജ്യേഷ്ഠത്തിയുടെ വരവായി. ആ ഡാക്ടർ മന്തന്റെ വിപരീതസൃഷ്ടിയാണ് ഈ മഹാമനസ്വിനി. അങ്ങോട്ടു നോക്കിയാൽ ചിരിച്ചുപോയേക്കാം. ഇവർ ഈ കൃത്രിമപ്രഹസനത്തിലെ അര്‍ദ്ധസൂത്രധാരിണിയാണെന്നു് അദ്ദേഹം പറഞ്ഞു. എന്നുമാത്രമല്ല. സ്ത്രീകൾക്കു പ്രൗഢതയും തന്നിമിത്തം ദമശക്തിയും കൂടും. സാമുദായിക വെയ്പിനാൽ കുലീനകൾക്കു ചിരിച്ചുകൂടാത്തതും ആണു്. എല്ലാംകൊണ്ടും നമ്മുടെ ഗോഷ്ഠികൾ കണ്ടാലും, കഥാരഹസ്യം പുറത്തു വിടില്ല-

(അംബികക്കുട്ടിയും രാമശ്ശാരും പ്രവേശിക്കുന്നു.)

-14-


(അതിഗൗരവത്തോടെ അംബികക്കുട്ടിയെ നോക്കീട്ടു, കേശവൻ തമ്പിയോടു)

ഇദ്ദേഹമാണല്ലേ ഡോക്ടർ വൈദ്യരു്? മൂർച്ഛ, മദമൂർച്ഛ, മദാത്യയം, അവസ്മാരം എന്നിത്യാദിരോഗവര്‍ഗ്ഗങ്ങളെ ചികിത്സിക്കുന്ന കൃതാന്തൻ, അല്ലാ- ധന്വന്തരി. ആവിർഭാവത്തിൽത്തന്നെ നാം വിരിതവിഭ്രമരായിരിക്കുന്നു-

അംബികക്കുട്ടി : (ആത്മഗതം) എന്നെ ഏല്പിച്ച കുറിപ്പിൽ ചാർത്തിയിട്ടുള്ളതുപോലെതന്നെ പറ്റിച്ചിരിക്കുന്നു. വേഷം മാറ്റീരിക്കുന്ന സാമര്‍ത്ഥ്യം എത്ര അഭിനന്ദനീയം! ഈ അനുജക്കുരുന്നിനെ ഇവിടെ ബന്ധനത്തിലാക്കത്തക്കവണ്ണം എല്ലാം കലാശിപ്പിക്കാനാണു് എന്റെ പാർട്ട് - അച്ഛൻ പരമശുദ്ധൻ, ഉത്തമപ്രഭു, ദയാലു. ഈ വികൃതിക്കക്ഷിയെക്കണ്ടു് ഭ്രാന്തനെന്നു തീർച്ചയാക്കി, കുഴങ്ങുന്നു. ഞാൻ എന്തു ചെയ്യേണ്ടു? ഈ കൃത്രിമത്തിൽ പങ്കുകൊണ്ടാൽ- എയി! മടിച്ചുകൂടാ- അദ്ദേഹവും പ്രഭുവും പണ്ഡിതനും സമുദായത്തിൽ ഒരു നായകാംഗവും അല്ലേ? അവമാനത്തിലും വ്യസനത്തിലും സംഗതി അവസാനിപ്പിക്കയില്ലാ- അദ്ദേഹത്തെപ്പോലുള്ളവരെ ഏറെക്കുറെ വിശ്വസിക്കാം- അല്ലാ, പൂര്‍ണ്ണമായിത്തന്നെ വിശ്വസിക്കണം. (പ്രകാശം) അച്ഛൻ വിളിച്ചു എന്നു രാമശ്ശാർ പറഞ്ഞു. മടങ്ങിപ്പോയി, ഈയാളെ അയച്ചതിന്റെ ശേഷം വന്നാൽ പോരേ?

കേശവൻതമ്പി: (അബികക്കുട്ടിയെ രംഗത്തിന്റെ ഒരു ഭാഗത്തു മാറ്റി) കണ്ടില്ലെ ഈയാളെ? തലയെന്തോ സുഖക്കേടുണ്ട്. വാക്കുകൾ എന്നെ അക്ഷമനാക്കിയെങ്കിലും, ഒരു അകാരണസ്നേഹം എന്നെ ക്ഷീണചിത്തനാക്കുന്നു-

രാമശ്ശാർ: (ഇടയിൽക്കൂടി ചെവികൊടുത്തു്) അയാൾ മാനം നിരക്കെ ചന്ദ്രനെ കാണുമ്പോൾ, ഇങ്ങു സ്നേഹം പോലും! ഒരു മകളെ കൊടുപ്പാനും അടുത്തപടിയിൽ അന്‍പു തോന്നൂടും.

(കേശവൻതമ്പി രാമശ്ശാരെ പിടിച്ചു തള്ളുന്നു.)

തള്ളവോ ചവുട്ടുവോ ചെയ്താലും, ഇയാൾ ഇപ്പഴിവിടെ കള്ളൻ തുള്ളലൊന്നു മുടക്കുമെന്നും രാമൻ കച്ചീട്ടെഴുതിവയ്ക്കാം.

കേശവൻതമ്പി: ഛെ ഛെ! (അംബികക്കുട്ടിയോട്) സ്ത്രീകളുടെ വാക്കും ആർദ്രമായിരിക്കും- അമ്മു ചോദിക്കൂ ആരാണെന്നു്- ബുദ്ധിക്കു ശാന്തതവന്നു, ശരിയായ ഉത്തരം കിട്ടിയേക്കാം.

അംബികക്കുട്ടി: (പ്രഭാകരൻനായരോടു്) സ്വന്ത ആളാണോ എന്നറിവാനാണു ചോദിക്കുന്നതു്. എവിടുന്നു വരുന്നു?

പ്രഭാകരൻനായർ: (ആത്മഗതം) ജ്യേഷ്ഠത്തി അമ്മ ചോദ്യം തുടങ്ങിയാൽ മറുപടി എന്തു പറയണമെന്നു പഠിച്ചിട്ടില്ല. എങ്കിലും ഉത്തരം ഇതിനും 'മേല്പടി മേല്പടി' തന്നെ ആക്കിക്കളയാം (പ്രകാ ശം) ആദൗ കര്‍മ്മപ്രസംഗാൽ കലയതി കലുഷം മാതൃകക്ഷൗ

അംബികക്കുട്ടി: ഇത് വലിയ കര്‍മ്മപ്രവർഷം ആകുന്നു-

-15-


പ്രഭാകരൻനായർ: (സന്തോഷഭാവത്തിൽ) ഇപ്പോൾ ഒരു സഹൃദയിനിയെ പ്രശ്നാധികാരിണിയായി കിട്ടി. കാര്യവശാൽ ഇവിടെ അറിയേണ്ടതും ആരെന്നാണു്. മരുമക്കത്തായം, മക്കത്തായം, കൃസ്തീയദായം എന്നിത്യാദി നാനാദായങ്ങളിരിക്കെ, ഏതു ദായക്രമത്തെ അനുസരിച്ചാണു് മറുപടി വേണ്ടതെന്നു് - മുഷിയേണ്ടാ- പക്ഷേ, ഒന്നു കുഴങ്ങും. അതിനു ടിപ്പണിയും വ്യാഖ്യാനവും ഹാജരുണ്ടു- വലിയച്ഛൻ പ്രസവിച്ചു -

അംബികക്കുട്ടി: ആരും പ്രസവിച്ചു?

രാമശ്ശാർ: കാളയ്ക്കു മുണ്ടുകൊടുത്ത കസളീവനം.

കേശവൻതമ്പി: (അംബികക്കുട്ടിയോടു്) എന്തെങ്കിലും പറഞ്ഞു യാത്രയാക്കൂ. എനിക്കു കുറച്ചു അടിയന്ത്രജോലിയുണ്ടു്. ഇതു കാണാൻ തന്നെ രസമില്ല (പോകുന്നു.)

പ്രഭാകരൻനായർ: (ആശ്വസിച്ചു വീശിക്കൊണ്ടു്) ആ- വോ! ഈ കാളവിഡ്ഢികൂടി പോയി എങ്കിൽ, രംഗം ഇന്ദ്രസഭാതുല്യം പേശ ലമാകും.

രാമശ്ശാർ: കാളവിഡ്ഢി ഞാനല്ലാ. തനിക്കു വല്ലോരും-

(അംബികക്കുട്ടി വേഗത്തിൽ തടയുന്നു.)

പ്രഭാകരൻനായർ: പഠിക്കടോ കുഞ്ഞുങ്ങളെക്കണ്ടു്. സഭാവൃത്തി അഭ്യസിക്കൂ. എന്താണ് ഡാക്ടർ സുദതിക്കും അറിയേണ്ടതു്? അച്ഛൻ ആരെന്നല്ലേ ഒന്നാമതു്? വലിയപ്പൂപ്പന്റെ അച്ഛൻ-അദ്ദേഹത്തെ അദ്ദേഹത്തിന്റെ അനന്തിരവള്‍ പ്രസവിക്കുവാൻ ആലോചിച്ചു- കഷ്ടേ മറന്നു. എന്നിട്ടു്, അദ്ദേഹത്തിന്റെ അച്ഛൻ കാരണവർ ഭർത്താവില്ലേ? ആ യോഗ്യൻ കാരണവരുടെ ജ്യേഷ്ഠൻ രണ്ട് ആൺകുട്ടികളെ മാത്രം പ്രസവിച്ചതിൽ, നാലാമത്തവൾ- തിട്ടമായി ഗ്രഹിച്ചോളൂ- വംശവൃക്ഷം തഴച്ചുവരുന്നു, ശാഖകൾ വീശുന്നു- മുപ്പത്താറാം ശാഖ, ഏഴാം ചുള്ളിയിലെ, പതിനൊന്നാം കുസുമം ഒരു കന്യക. ശേഷിച്ച ഏക പ്രസവഷൾക്കവും-

(അംബികക്കുട്ടി രാമശ്ശാരെ നോക്കുന്നു.)

-16-


എന്താണു നോക്കുന്നതു്? ഒരാൾക്കും ആറും ഏഴും പെൺകുട്ടികൾ ഉണ്ടാവുക അച്ഛന്മാരെ വലപ്പിക്കുമെങ്കിലും സംഭാവ്യമല്ലേ?

അംബികക്കുട്ടി: ആണുങ്ങൾ പ്രസവിക്കുന്നത് ഈ പുറപ്പാടുപോലുള്ള ഒരു സംഗതി എന്നു മാത്രം ചിന്തിക്കുന്നു.

പ്രഭാകരൻനായർ: കഷ്ടം ! പുരാണങ്ങൾ വായിച്ചിട്ടില്ല- ഈയാളെ തല്ലിക്കൊന്നാൽ പുരാണസംഗ്രഹം ഗ്രഹിപ്പിച്ചുതരാം. ഡാക്ടർ സുദതി അത്ര കസാലയിന്മേൽ ഇരുന്നു വിശ്രമിച്ചാലും. വംശപരമ്പരശാഖയെ വിട്ടിടത്തുവച്ച് ഇവൻ പിടിച്ചുകൊള്ളട്ടെ. കിട്ടി- ജ്യേഷ്ഠൻ രാമൻകുട്ടി - അദ്ദേഹം ഒടുവിലത്തെ സന്താനം. അനുജൻ വേട്ടക്കാരൻ ഭദ്രകാളി! അമ്മാവൻ - അവർതമ്മിൽ അളിയന്മാരായപ്പോൾ വംശാവലിവലയത്തിലുള്ള നമ്മുടെ സ്ഥിതി സ്ഫുടമല്ലേ? ദാഹം തീർത്തു ശേഷം കേൾക്കണമെങ്കിൽ അങ്ങനെ- എവിടെ വിട്ടു? വന്നൂ കഥത്തുമ്പു്! അതുകൊണ്ടാണ് ഞാൻ ആദിതൊട്ട് സംഗതിവശാലും സന്ദർഭവശാലും ഉണ്ടായിട്ടുള്ള അവസ്ഥാഭേദങ്ങളെല്ലാം എണ്ണി എണ്ണി, യഥാപ്പടി, പാമരന്മാര്‍ക്കും സുഗ്രാഹ്യമാകുംവണ്ണം വര്‍ണ്ണിച്ചുതുടങ്ങിയത് . ആദൗ-

അംബികക്കുട്ടി: (ആത്മഗതം) ഞാൻ പിടിച്ചു ബന്ധനത്തിലാക്കിയതായി വരരുതെന്നും, അമ്മിണിയെക്കൊണ്ട് അതു പറ്റിക്കണമെന്നും ഒരു ശാസനം കൂടി പ്രോഗ്രാമിൽ ഉണ്ടു്. അങ്ങനെ നിവര്‍ത്തിച്ചേക്കാം. (പ്രകാശം) രാമശ്ശാരേ ! ഇങ്ങോട്ടു വരൂ; രണ്ടു വാക്കു പറയട്ടെ.

(രാമശ്ശാരും അംബികക്കുട്ടിയും അകത്തു പോകുന്നു.)

പ്രഭാകരൻനായർ: എന്തായിതു ? കുട്ടിജ്യേഷ്ഠത്തിക്കു കാര്യം മനസ്സിലായില്ലെന്നുവരുമോ? നമ്മെപ്പിടിച്ചു പുറത്താക്കുന്നതിനു കല്പന കൊടുക്കാൻ ആജ്ഞാപിക്കുന്നതിനോ രാമശ്ശാരെയുംകൊണ്ടു പോയിരിക്കുന്നതു്? ഡാക്ടരുടെ പ്രോഗ്രാമിൽ എന്തോ പിശകുണ്ടു്. അദ്ദേഹം ഇപ്പോൾ എത്തും . അതുവരെയ്ക്കും ഈ വരാന്തമുറിതന്നെ ശരണം. (ഒരുവശത്തേക്കു പോകുന്നു.)

(കർട്ടൻ)

 

രംഗം മൂന്നു് (17-20)

 

-17-


രംഗം മൂന്നു്


[രണ്ടാംരംഗത്തിലെ വരാന്ത, രാമശ്ശാർ പ്രവേശിച്ചു, ചുറ്റിനടക്കുന്നു.]

രാമശ്ശാർ: ആ പേത്തലയൻ പറന്നുപെയ്യു്. ഇപ്പോൾ അമ്മിണിക്കുഞ്ഞു് മാനം ഇടിച്ചു തലയിൽ കുമിക്കും. ഒളിച്ചുകളയാം. അല്ലാണ്ടിവിടെ പൊറുതിക്കു വഴിയില്ല. ഇത്തിരി തണുത്തിട്ടു് ചണ്ടയ്ക്കു വന്നാലും, എന്തോരപ്പീന്നു മലന്നൂടാം. (മറയുന്നു.)

(അമ്മിണിക്കുട്ടി പ്രവേശിക്കുന്നു.)

അമ്മിണിക്കുട്ടി: (ചുറ്റിനോക്കീട്ട്) ഇവിടെ ഭ്രാന്തനുമില്ല ബുദ്ധനുമില്ല. ചേച്ചിയും ചാരും കൂടി എന്നെ ഏപ്രിൽഫൂൾ ആക്കി. (ഉറക്കെ) ലോമശ്ശാരെ, അമ്പടോ മൂത്തതിന്മശ്ശാരേ! ഒളിച്ചിരിക്കൂ. തന്റെ വാസകൊളുത്തിനും വാജുനും കിഴി എന്റെ കൈയിലുണ്ടു്. കൂഹുഹോയി! ഒളിച്ചുകളിക്കാൻ പാതാളം തേടിക്കൊള്ളു. അല്ലെങ്കിൽ - (അകത്തു പോയി ഒരു വടിയുമായി മടങ്ങിവന്നു) തന്നെ ഇന്നും 'കത്തിരിക്കാ കിത്തിരിക്കാ, തിന്തതൊരു പാവികളെ, വാണിയഞ്ചെക്കിലേ പോട്ടു, ആട്ടച്ചൊന്നാരാം നൈനാർ' എന്നപോലെ, ഉരലിലിട്ട് അവൻ അവലാക്കുന്നുണ്ടു്. അമ്മച്ചേച്ചിയല്ലിതു -(വടി തോളിൽ ഏന്തിക്കൊണ്ടു ചുറ്റിനടക്കുന്നതിനിടയിൽ ഗാനം.) 'മൊണ്ടിരാമൻ പെണ്ണും കെട്ടി ആറു വരമ്പെ പോകുമ്പോൾ- ഞണ്ടും ഞവണീം കുരവയുമിട്ടു തൊണ്ടാന്മാക്കാരാര്‍പ്പുവിളിച്ചു.'

(രാമശ്ശാർ പുറത്തോട്ടു തലനീട്ടുന്നു.)

പിടികിട്ടിപ്പോയി കള്ളനെ! (രാമശ്ശാരെ വലിച്ചിഴച്ച് രംഗത്തു കൊണ്ടുവന്നു) ഇവിടെ വന്ന ഭ്രാന്തനെ വിഴുങ്ങിയ ആ കുടവഡ്ഡി ഇണ്ടു കൊണ്ടത്ര ചീന്തട്ടെ-

രാമശ്ശാർ : അയ്യോ കുഞ്ഞേ! ചീവൻ ഒഴക്കേ ഒള്ള-ഒരു കഴഞ്ചെങ്കിലും കാലനു വച്ചേക്കിനു -

അമ്മിണിക്കുട്ടി: (വടി ചൂണ്ടി) ആ തൊണ്ടക്കുഴൽ കാണട്ടെ ഈ കുന്തമങ്ങോട്ടിറക്കി, ചാക്യാരാട്ടക്കാറനെ ഛര്‍ദ്ദിപ്പിക്കട്ടെ-(രാമശ്ശാർ ഓരോ അംഗത്തിൽ വേദന നടിക്കുന്നു.) ഹംബഗ്കിളവാ! എന്നാൽ ഒന്നു കൊണ്ടിട്ടുതന്നെ. സന്ധികൾ തകർന്നുതന്നെ നോവട്ടെ-(വടി ഓങ്ങി) പ്രസംഗിക്കാറനെ ഹാജരാക്കുന്നോ?

രാമശ്ശാർ: ഇന്നാളത്തെ കറുത്തവാവെയും കൂടി കൊണ്ടരണ്ടിയോ? അയ്യ! അടികൊള്ളാണ്ടു വളര്‍ന്ന ചെല്ലക്കൊഴഞ്ചികൾ മൂക്കുമ്പഴത്തെ ചേലാണിതു്-

അമ്മിണിക്കുട്ടി: എന്നാൽ ഒന്നുരണ്ടു കൊണ്ടിട്ടു് ഒന്നു മര്യാദയ്ക്കു നടക്കാൻ പഠിക്കൂ-

(വടിയും ചുറ്റി രാമശ്ശാരെ വട്ടമടിക്കുന്നു.)

(പ്രഭാകരൻനായർ പ്രവേശിക്കുന്നു.)

-18-


രാമശ്ശാർ: ഇതാ ആ മൂതേവിത്താൻ ഇതാ തട്ടുമ്പുറത്തൂന്നും തൊഴിഞ്ഞൂട്ടു

അമ്മിണിക്കുട്ടി: (ആശ്ചര്യത്തോടെ നോക്കി) ഓഹോ! ഇതാരും? എന്തു വേഷം?

പ്രഭാകരൻനായർ: (ആത്മഗതം) ചടങ്ങെല്ലാം മറന്നു. ഇനി മനോധര്‍മ്മം തുണയ്ക്കു. (പ്രകാശം) ആഹാ മഹാത്ഭുതം! ആകാരം, വസ്ത്രത്തിൽ കനകദ്യുതി; സൗരഭ്യത്തിൽ നന്ദനപാരിജാതം . ത്രിദിവത്തിലേക്കുള്ള സുമാരാജിതസോപാനം ഇവനിതാ തരണം ചെയ്യുന്നു. ഇക്കാണുന്നതു് നന്ദനാരാമപ്രാന്തമോ? തലോടുന്നതു്, സ്വര്‍ഗ്ഗംഗാതടപവനനോ? എന്തായാലും ഒരു അപ്രമേയാനന്ദത്താൽ ഇവൻ ഹതോ വാമോഹിതോ വാ-ആഹാ- (തളർന്നഭാവത്തിൽ ചാഞ്ചാടുന്നു.)

രാമശ്ശാർ: എന്റെ പിള്ള കൊച്ചുങ്ങളെ കണ്ടു രാമനാട്ടം തുടങ്ങണല്ലോ.

അമ്മിണിക്കുട്ടി: (ആത്മഗതം) വേഷം മഹാ പ്രാകൃതം. ശബ്ദം മാറ്റീരിക്കുന്നു. സംഭാഷണരീതി കേവലം അഭിനയമാണു് -നമുക്കെന്തു ചേതം? അങ്ങോട്ടും കൊടുത്തേക്കാം. (പ്രകാശം) അങ്ങേ കണ്ടിട്ടു ഒരു ദിവ്യനാണെന്നു സംശയിക്കുന്നു. മാതലിയൊ മഹാബലിയോ?

പ്രഭാകരൻനായർ : ങ ഹഃ! ഇതെന്തു കഥ? ഇവൻ മാതുലിയും മാർബലിയും അല്ലിഷ്ടാ। ഇരിക്കൂ. ഭവനം ഇതാണല്ലേ? കണ്ടിട്ടെത്രനാളായി? 'ഇന്ധനത്തിനു പോയതും മഴകൊണ്ടു പാരമുഴന്നതും'-ഓര്‍ക്കുന്നില്ലേ? ആ പൊയ്പോയ പൊൻകാലങ്ങൾക്കു ചാത്തമൂട്ടാൻ നോം കടപ്പെട്ടവരല്ലേ?

രാമശ്ശാർ: ഇപ്പം മട്ടൊന്നു മാറിയോ ദൊരേ! (അമ്മിണിക്കുട്ടിയോടു്) എന്റെ കുഞ്ഞും കൂടി ഇവന്റടുത്ത് ഒപ്പം കളിപ്പാൻ നിന്നാൽ ഇവനിപ്പം ഇവിടെ കരണം മറിയും- വല്ല അപ്പൂപ്പനെയോ മറ്റൊ പെറ്റൂടുവയും ചെയ്യും.

പ്രഭാകരൻനായർ: (രാമശ്ശാരോടു്) ഭവതീടെ മുഖേന്ദുദര്‍ശനത്തിൽ ഇവന്റെ ബുദ്ധികേന്ദ്രം രഥചക്രപരിവർത്തനം തുടങ്ങുന്നു--

അമ്മിണിക്കുട്ടി: ചന്ദ്രകിരണമുനകൾക്കും അങ്ങനെ ഒരു ശക്തിയുണ്ടു്-

പ്രഭാകരൻനായർ : എസ്സെസ്സ്! അതീതകാലത്തെ മാകന്ദവാടിരംഗത്തിൽ, ഇളങ്കുയിൽ ഭാഗവതർ പാടി, നാം വസന്താഷ്ട്രപദി ആടി നടന്ന കാലത്തു് ആ ഇന്ദുദീപകരങ്ങൾ നമ്മെ തളർത്തിയ അനുഭവം ഇന്നും ഓര്‍ക്കുന്നതെന്തു ചിത്രം! (രാമശ്ശാരെ ചൂണ്ടിക്കാട്ടി) ഈ സരളഭാഷിണി പണ്ടു് ബ്രഹ്മസദസ്സിലെ 'ശർവരീശകുലഭൂഷാ' വായ നര്‍ത്തകിയായിരുന്നു.

-19-


അമ്മിണിക്കുട്ടി: (ആത്മഗതം) ഇതു ഭ്രാന്തല്ല-കേവലം നാട്യമാണു് (പ്രകാശം) എന്നാൽ അവിടുത്തെ ഹൃദയതോഷാവായ ഈ സുമുഖിയോടൊന്നിച്ചു ദിവത്തിലേക്കു മടങ്ങുകയല്ലേ ഭംഗി?

പ്രഭാകരൻനായർ: ഹേയ്! നമ്മുടെ ബാല്യകാലസഖാവെ കണ്ടിട്ടു ഒന്നിലോട്ടും മനസ്സു തിരിയുന്നില്ല. നമ്മുടെ അകക്കമ്പി ത്രസിച്ചു 'സുഖമേ സുദിനം' എന്ന ഗീതത്തെ സ്രവിപ്പിക്കുന്നു.

അമ്മിണിക്കുട്ടി: എന്താണ് ഈ പറയുന്നതു്? അങ്ങേ സഖാവും ഈ മോഹനയുവതിയല്ലാണ്ടു് ഇവിടെ ആരാണുള്ളതു്?

രാമശ്ശാർ: നിങ്ങൾ രണ്ടുപേരും മത്സരിച്ചു് ഇവനെ ആണും പെണ്ണും കെടുക്കരുതു്.

പ്രഭാകരൻനായർ: (രാമശ്ശാരോട്) ഹേ! ഹരിണാക്ഷി! മിണ്ടാതിരിക്കൂ. (അമ്മിണിക്കുട്ടിയോടു്) ഭവാൻ ഉത്തമസഖാവു് സ്മരിക്കുന്നു-

'അന്നു നാം പലരോടും പല കളി പഠിച്ചതും
അകലെപ്പോയ് ചിരിച്ചതും ഹരഹര മറന്നിതോ?'


ഇതാ ഈപരകോടികൾ മുപ്പത്തിമൂന്നും സാക്ഷി. ചതുര്‍വേദാക്ഷരം ദ്വാദശായുതവും സാക്ഷി. ഈ ദൂരതാഭാവം അല്ലെങ്കിൽ വിസ്മതിനാട്യം, കേവലം വ്യാജം.

(ശ്ലോകം)

'വ്യാജം രണ്ടുവിധം പ്രോക്തം ശ്വേതം മറ്റതു പച്ചയും
ശ്വേതം കളിയിലായീടാം പച്ച സവത്ര വര്‍ജ്ജയേൽ''-



-20-


ഇതു നാം പണ്ടു ചൊല്ലി രസിച്ചിട്ടുള്ള പ്രമാണമല്ലേ? ഇക്കാലത്തു ചുറ്റിലും നിന്നു പൊഴിയുന്ന വ്യാജങ്ങൾ തലമേൽ കുമിഞ്ഞു സത്യാസത്യഭേദം ജ്ഞാനത്തിലും അനുഭവത്തിലും നിന്നു് തിരസ്കൃതമായിരിക്കാം. ' 'ഗതാനുഗതികോ ലോകോ' എന്നല്ലേ നീതി? വരൂ- പണ്ടത്തെ കണക്കും പരിരംഭണം ചെയ്തു പരസ്പര സൗഹാദ്ദത്തെ പുനര്‍ജ്ജീവിപ്പിക്കൂ.

അമ്മിണിക്കുട്ടി: (ആത്മഗതം) പോയി ചേച്ചിയെ വിളിച്ചുകൊണ്ടു വരാം. എന്റെ മിടുക്കെല്ലാം സ്തംഭിക്കുന്നു. ഈ വിദ്വാൻ കടില ബുദ്ധിയാണു് . ആ പരിരംഭണപദപ്രയോഗത്തിനിടയിൽ ഇയാളുടെ ചുണ്ടുകൾ അര്‍ത്ഥവത്തായി ചലിച്ചു. സംഭാഷണം അവസാനിപ്പിച്ചില്ലെങ്കിൽ അടുത്ത അപേക്ഷ എന്തായിരിക്കുമോ? (പ്രകാശം) നിങ്ങൾ ഈ ദേവകന്യകയോടൊന്നിച്ചു് ഇവിടെ നൃത്തം ചെയ്തു രസിക്കുക. ഞാൻ രസംകൊല്ലിയായി ഇവിടെ നില്ക്കുന്നില്ല. (പോകാൻ തുടങ്ങുന്നു.)

പ്രഭാകരൻനായർ: (തടഞ്ഞുകൊണ്ടു്) ഇഷ്ടാ! പോകരുതു്. ഈ ദേവിയുടെ സൗന്ദര്യപ്രഭ കണ്ടു് എന്നോടൊന്നിച്ചു രസിച്ച്, പണ്ടേപ്പോലെ പല കൃതികളും ചമച്ച്, ഉല്ലാസക്കളിയാടാം. ഇതാ ഈ ദേവിയുടെ

'സുരുചിരതൻ യൗവനമാണ്ടു
കരുമിഴിയിണ ലോകമറിഞ്ഞു
ഉരസിജഗുരുമംഗലകുംഭം-'


നാലാം പാദം പൂർത്തിയാക്കാനുള്ള അവകാശം പണ്ടേപ്പോലെ നിങ്ങൾക്കുതന്നെയിരിക്കട്ടെ.

രാമശ്ശാർ: അല്ലേ മുമ്പിലത്തെ ആ സൗകര്‍മ്മപ്രസങ്കവും മറ്റും മറന്നു പോയോ?

അമ്മിണിക്കുട്ടി: നിങ്ങടെ സാഹിത്യഗതിയുടെ വിശേഷരീതിക്കു വല്ലവരും വല്ലതും സമ്മാനിച്ചേക്കാം. (വീണ്ടും പോകാൻ തുടങ്ങുന്നു.)

പ്രഭാകരൻനായർ: (ആത്മഗതം) സ്വരം തെറ്റി. ആരോഹം ഒന്നു മൂർച്ഛിച്ചുപോയി. രാമശ്ശാര്‍ക്കു മനസ്സിലാകാത്തതു ഭാഗ്യം. ഈ തടസ്സത്തെ എങ്ങനെ അവസാനിപ്പിക്കേണ്ടു? ആ ഡാക്ടർ മത്തൻ നശിച്ചുപോകട്ടെ! (പ്രകാശം) ആദൗ കര്‍മ്മപ്രസംഗാൽ.

 

രംഗം മൂന്നു് (21-24)

 

-21-


അമ്മിണിക്കുട്ടി: (തിരിഞ്ഞുനിന്നു്) ഇപ്പോൾ ശരി, ആ പ്രസംഗം നടക്കട്ടെ. കേൾക്കാം.

പ്രഭാകരൻനായർ: എന്നാൽ ഇരിക്കൂ. (ഒരു കസേര നീക്കിയിട്ട് ഇരുന്നു്) അത്ര ഭവാന്റെ വിധേയൻ എങ്ങോട്ടെന്നറിയാതെ കര്‍മ്മപ്രസംഗാൽ ഇങ്ങോട്ടേക്കു സഞ്ചാരൻ ആയി. തദ്വാരാ കര്‍മ്മപ്രസംഗാൽത്തന്നെ ഈ സന്ദർശനവും സംഗതമായി. ഇരിക്കൂ.

അമ്മിണിക്കുട്ടി: അങ്ങ് പോയിവരിക. അല്ലെങ്കിൽ ഈ രാമശ്ശാർ-

പ്രഭാകരൻനായർ: - ഹ- ഹ- ഹ. രാമശ്ശാരോ? ദേവിയും ദേവകിയുമൊക്കെ ഇക്ഷണനേരത്തിനിടയിൽ മറന്നതോർക്കുമ്പോൾ പണ്ട് ഒരിലയിലുണ്ടതും ഒരുമിച്ചു ഉറങ്ങിയതും ആകാശരേഖയായതു് ആശ്ചര്യമല്ല. (എഴുന്നേറ്റു്) കൈ തരൂ ഫ്രണ്ട് !

അമ്മിണിക്കുട്ടി: തൊടരുതു്.

രാമശ്ശാർ: ഇതെന്ത് ചാക്കുംപോക്കുമില്ലാത്ത ചെവിത്താൻ !

പ്രഭാകരൻനായർ: സ്നേഹിതാ, ഈ പടുവിഡ്ഢി മോര്‍ക്കാളൻനമ്പൂതിരിയോടു മിണ്ടാതിരിക്കാൻ പറക. നോം രാമലക്ഷ്മണന്മാരു്, വാസുദേവപാര്‍ത്ഥന്മാരു്. ആ ബന്ധം കൊണ്ടാടുമ്പോൾ ഈ ചപലജന്തു-

രാമശ്ശാർ: നോക്കൂ കൂവാ, തന്റെ പോരണങ്ങളും കൊണ്ടു വെളിയിലിറങ്ങൂ

പ്രഭാകരൻനായർ: ഇതു് സ്നേഹട്രീസൺ ആണു്. (വീണ്ടും ഇരുന്നു) തല്ലുക, കൊല്ലുക. പണ്ടു് സ്നേഹപ്രസ്രവത്തോടെ സ്പര്‍ശിച്ച കരാംബുജങ്ങൾ ഇന്നു് എന്തു് അര്‍പ്പിക്കുന്നുവോ അതു് ഇവനു് സായുജ്യപദവിയെ പ്രദാനം ചെയ്യും . ഇന്ദ്രൻ വരട്ടെ, ഇന്ദ്രവൈരികൾ സകലം വരട്ടെ, ഇവൻ ഇളകില്ലാ.

-22-


അമ്മിണിക്കുട്ടി: (ആത്മഗതം) പോയി ചേച്ചിയെ വിളിച്ചുകൊണ്ടു വരാം. (പ്രകാശം) കുറച്ച് ഇരിക്കണം. ഇതാ വന്നുകഴിഞ്ഞു.

രാമശ്ശാർ: ഇയ്യാണ്ടെ അടുത്തു സാമവേധ്യങ്ങളോ? കുഞ്ഞു പോവീൻ-

(അമ്മിണിക്കുട്ടി പോകുന്നു.)

പ്രഭാകരൻനായർ: (രാമശ്ശാരെ കണ്ണുരുട്ടി തുറിച്ചുനോക്കീട്ട്) എടോ നാൺപൂരി! എന്റെ കണ്മണി പറിച്ചതുപോലാക്കിയില്ലേ താൻ? എന്നാൽ താൻ ഇനി ചക്കരഉപ്പേരി ചവച്ചുകൂടാ. ഓരോന്നും എണ്ണി എണ്ണി പറിക്കട്ടെ. കൊണ്ടരൂ. (രാമശ്ശാരെ കടന്നുപിടിക്കുന്നു.)

രാമശ്ശാർ: വയസ്സും തരവും നോക്കിക്കൊണ്ടു്, ഇതെന്തൊരലമാറു്?

(പ്രഭാകരൻനായർ രാമശ്ശാരുടെ തലയ്ക്കുനേക്കും കൈ ഓങ്ങുന്നു.)

തല ഇരുമ്പും കല്ലുമല്ല-

(ഓങ്ങുന്നു.)

അയ്യോ! ഇതാ കൊല്ലുണോ- (ടി) ചങ്കുവേ-(ടി) പപ്പുവേ-(ടി) ഈച്ചോ-

-23-


പ്രഭാകരൻനായർ: (നിലകൊണ്ടു്) മിണ്ടരുതു്- ഉന്മാദസങ്കേതത്തിൽനിന്നു ചാടിപ്പോന്ന ഈ സോൽക്കണ്ഠവേഷം കണ്ടു വിറയ്ക്കൂ-

രാമശ്ശാർ : അതു കണ്ടപ്പോഴേ അറിഞ്ഞല്ലോ-കണ്ടു്, കണ്ണും തഴമ്പിച്ചു്-

പ്രഭാകരൻനായർ: (മുഴുത്ത ഭ്രാന്തന്റെ ഭാവം നടിച്ചു്) നാലുപേരെ കഴിഞ്ഞരാത്രി കാച്ചി കഥകഴിച്ചേച്ച് പോന്നു- 'ദുഷ്ടമതേ! രേ! രേ' ഇങ്ങനെ (വധിക്കുന്ന നാട്യം) ഹനിച്ചുപോന്നു-(രാമശ്ശാർ നടുങ്ങിനില്ക്കുന്നു.)

ഭീരോ! ഒന്നിന്റെ കണ്ഠം ഞെക്കി. ഒന്നിനെ ഇളം പനപോലെ ചീന്തി. ഒന്നിനെ കുടൽ വെട്ടി ചവിട്ടിപ്പൊളിച്ചു- പിന്നത്തേതിനെ ആഹാ-

(ഇതിനെല്ലാം രാമശ്ശാർ ഭയന്നു വിറയ്ക്കുന്നു.)

രാമശ്ശാർ: (ആത്മഗതം) ഈ ചവംതിന്നി മാടനെ പിടിച്ചു ബോലീസിത്തന്നെ അടയ്ക്കണം. ചത്തശവങ്ങള് പിള്ളേരൊന്നും വിളിയും കേക്കണില്ലാ-

(അമ്മിണിക്കുട്ടി വീണ്ടും പ്രവേശിക്കുന്നു.)

പ്രഭാകരൻനായർ: ഇതാ ഈ നമ്പൂരി ബ്രഹ്മരക്ഷസ്സ് നമ്മെ നിഗ്രഹിച്ചു ഊക്കഴിപ്പാൻ തുടങ്ങി. കുറുക്കി കാളനാക്കി കുടിച്ചുകളയാത്തതു് ഭാഗ്യം! ശൗര്യഗുണം ഇപ്പോഴും വിട്ടിട്ടില്ല. കണ്ടില്ലേ നിന്നു ഗദ ചുഴറ്റുന്നതു്? എന്റെ ജീവസഖാവു് തത്രപാർശ്വത്തിൽ നിമേഷമാത്രം ആസനസ്ഥൻ ആയാലും. ഇവൻ പണ്ടത്തെ നല്ലൊരു കഥ വിളമ്പാം-

(അമ്മിണിക്കുട്ടി രാമശ്ശാരെ വിളിച്ചു ദൂരെ കൊണ്ടുപോയി സംസാരിക്കുന്നു.)

-24-


(ആത്മഗതം) എന്താണാവോ ആലോചന? അകത്തേക്കോ, പുറത്തേക്കോ, രണ്ടിലൊന്നാണു്. പക്ഷേ, ഗുരുനാഥൻ ഡാക്ടരുടെ രംഗധൂളീകരണം കണ്ടിട്ടേ ഇവൻ നിഷ്ക്രാന്തനാകൂ.

രാമശ്ശാർ: (അടുത്തുചെന്നു്) കൊച്ചുസാറേ ഗോമളക്കൊടമേ!-ഒരു തുള്ളി കാപ്പി ഇത്തിരി തൊട്ടുതെറിക്കണോ? കുളിരും പനിയും ഒക്കേ, സൂ!

പ്രഭാകരൻനായർ: കാപ്പിയോ, കയറോ?

രാമശ്ശാർ: (ആത്മഗതം) അമ്പോ എല്ലാം നാട്യം ! കുഞ്ഞു പറയുമ്പോലെ ഇതിലെന്തോ കരുവുണ്ട്. ഒന്നും ഏത്തമിടീച്ചുതന്നെ വിടണം- (പ്രകാശം) പഞ്ചാരയും പാലുമല്ല, കരുപ്പട്ടിചേര്‍ത്ത ശുടുശുട കടുംകാപ്പി! വല്ലതും ഇത്ര കഴിച്ചോണ്ടു് വെയിലു താന്നു, വേറൊരു താവളം പിടിച്ചു, ഇതുപോലെ കൂത്താടാം- (ആത്മഗതം) അതിനിടയ്ക്കു ബോലീസ്സ് കൂട്ടിലും -

(പ്രഭാകരൻനായർ സമ്മതഭാവത്തിൽ കുനിഞ്ഞു് രാമശ്ശാരുടെ മുതുകിൽ തട്ടുന്നതിനു ഭാവിക്കുന്നു.)

വേണ്ട വേണ്ട. പക്ഷം കൊണ്ടാടിയതൊക്കെ മതി- (സന്ധികൾ ചലിപ്പിച്ചും തൊട്ടും നോക്കീട്ടു്) ങ്ഹിം! ഒരു കിഴിയോ പിഴിച്ചിലോ കഴിക്കണം- എന്നാലേ എല്ലൊക്കെ നിവരൂ. കാപ്പിയൊ കണ്ടവന്റെ കരളോ, തീയോ വേണമെങ്കിലു്, മുയ്ബേ നടക്കണം- (മൂക്കു തൊട്ടുനോക്കീട്ടു്) ഇത് അടര്‍ന്നുപോകാത്തതു ആരു ചെയ്ത സുഹൃദം കൊണ്ടോ? ഉം! മുയ്‌ബേ നടക്കണം. അകത്തോട്ടു - അകത്തോട്ടു - അങ്ങോട്ടുതന്നെ.

പ്രഭാകരൻനായർ: വരിക സ്നേഹിതാ, സൽക്കാരത്തിനു വന്ദനം. നിങ്ങളുടെ ഭവനം ഇവനു വൈകുണ്ഠമാണു്. അപ്പോൾ അതിഥിയാണല്ലേ മുമ്പിൽ നടക്കേണ്ടതു്? വെരിഗുഡ്! (നടക്കുന്നു.)

(മറ്റുള്ളവർ പിന്തുടരുന്നു.)

(കർട്ടൻ)

 

രംഗം നാലു് (25-29)

 

-25-


രംഗം നാലു്


(മുൻരംഗത്തിലെ വരാന്ത.]

ഡാക്ടർ: (പ്രവേശിച്ചു, സ്വഗതം) നമ്മുടെ പണി പറ്റുന്നു. ചങ്ങാതിയെ അന്തഃപുരം പൂകിച്ചു. അമ്പോ! ഈ ലോലമഞ്ജരിനാട്യക്കാരെ വിശ്വസിച്ചുകൂടാ. കണക്കിനും കോമാളിയാടിയിരിക്കും. തൊലി ഡബിൾ രജിസ്റ്റർചെയ്താലും നമ്മുടെ ഭരതശാസ്ത്രോപദേശങ്ങളെ അനുഷ്ഠിക്കുക അസാദ്ധ്യം. തമ്പിയങ്ങുന്നു് എന്തെടുക്കുന്നോ? ധനാശി എങ്ങനെ മുത്തായിക്കുന്നോ? മിസ്റ്റർ പ്രഭാകരൻ ഇതിനകത്തു കടന്നിട്ടുണ്ടെന്നറിഞ്ഞാൽ അച്ഛന്മാർ രണ്ടുപേരിൽ ആർ ആദ്യമായി സമരത്തീട്ടുരം ചാർത്തിത്തട്ടുന്നുവോ? ഈ അനര്‍ത്ഥത്തിനെല്ലാം കാരണം അവരുടെ പിണക്കം തന്നെയാണു്. അതിനെ ആരായുന്നവർ ഉഗ്രമൗനത്താൽ സമ്മാനിക്കപ്പെടുന്നു. രോഗമറിയാതെയുള്ള ചികിത്സ ത്രിദോഷങ്ങളെയും ഇളക്കും. ഇതാ രാമശ്ശാർ വാര്‍ത്താവഹനായി പുറപ്പെടുന്നു. കൈയിലിരിക്കുന്ന എഴുത്ത് ഇന്നത്തെ കഥാംഗമായിരിക്കണം. കൗശലത്തിൽ അതിനെ കൈക്കലാക്കാം- (ചിന്താമഗ്നന്‍ എന്നപോലെ കസേരയിൽ ഇരിക്കുന്നു.)

രാമശ്ശാർ: (പ്രവേശിച്ചു) ഇന്നലത്തെപ്പോലെ ഇന്നും എണചേരാൻ ആരേയും കിട്ടീല്ലാ. അതുകൊണ്ടിതാ പകലും നക്ഷത്രക്കാലെണ്ണുന്നു. വലിയങ്ങുന്നു മോളിലുണ്ടു്. ചെന്നു പറയട്ടോ?

ഡാക്ടർ: വേണ്ട- വേണ്ട-ദാമഗ്രന്ഥീ; സുഖക്കേടൊന്നുമില്ലല്ലോ?

രാമശ്ശാർ: ഡാഗ്ഗുധ്വരയിരിക്കുമ്പം ദീനങ്ങളെത്തിനോക്കുമോ?

ഡാക്ടർ: രാമശ്ശാരുടെ വാജുവോ?

രാമശ്ശാർ: അതങ്ങനെ പൊത്തിപ്പതുങ്ങിയിരിക്കുന്നു- എളിയവന്റെ ഹേമത്തിനും യമൻ തന്നെ വൈശ്യൻ.

ഡാക്ടർ: ആ വായു അങ്ങനെ ഇരിക്കട്ടെ. വേലയിൽ എളവുകിട്ടാൻ ആവശ്യപ്പെടുമ്പോൾ, എടുത്തു പ്രയോഗിക്കാം.

-26-


രാമശ്ശാർ: ഇതാണല്ലോ എന്റെ ഏമാന്റടുത്തു രാമശ്ശാർ കലമ്പുണതു്. എന്നാണു രാമൻ കള്ളക്കാള കിടന്നതു്?

ഡാക്ടർ: ദാഹിക്കണല്ലോ രാമശ്ശാരേ; വെള്ളദ്ദാഹമല്ല്യാ. ഒരൗൺസ് കാപ്പിദ്ദാഹവും, ഒരു സാസർ ബിസ്കറ്റ് ദാഹവും ആണു്.

രാമശ്ശാർ : അതു വരട്ടെ. എന്റെ ഭഗവതിയെക്കൊണ്ടും സത്യംചെയ്തു പോയ് തൊണ്ട നനയ്ക്കാൻ തണ്ണി തരൂല്ലെന്നു്. ഇന്നലത്തതിന്റെ വിലവച്ചാൽ -

ഡാക്ടർ: എടോ നിൽക്കൂ. തന്റെ പാവപ്പെട്ട ഡാക്ടർ പെണ്ണുകെട്ടാൻ പോണെടോ- പെൺ പെണ്ണെക്കെട്ടാൻ; ഒരു താരാധിനാഥമുഖിയെ. അതുകൊണ്ടു്, വേണ്ടതു തരാഞ്ഞാൽ തന്നോടു ചോദിപ്പാൻ ക്ഷണത്തിൽ ആളുണ്ടായി, കടക്കൺമുനകൊണ്ടും തന്റെ ധര്‍മ്മമില്ലാത്തടിയെ ശകലിച്ചുകളയും.

രാമശ്ശാർ: ആരാണു് ഏമാനേ! അത്രയൊരു കൊച്ചുമിടുക്കി?

ഡാക്ടർ: ആ പൂങ്കോട്ടയിലെ കുഞ്ഞുമ്മിണിക്കുട്ടി-

രാമശ്ശാർ: ഹോ! നിന്നടം പിളര്‍ന്നുപോണ പെനസ്സിരുട്ടി. അതിനു നല്ല ആളു ചേര്‍ന്നു്, മാസവും ആറായി. അങ്ങത്തേക്കൂടി പോയി രാമശ്ശാരലോ മുതപ്പന്തിയിലിരുന്നു മൂക്കും പിടിച്ചമക്കിയതു്.

-27-


ഡാക്ടർ: തെറ്റിപ്പോയെടോ, തെറ്റിപ്പോയി. ആശാനും അടവു പിണങ്ങും. പറഞ്ഞുകൂടാത്ത വലിയ അവസ്ഥയിലുള്ള ഒരിടത്തേയാണു്. തിരുമനസ്സിലേയും മുമ്പു നില്ക്കാൻ അവകാശമുണ്ട്. പെണ്ണു കണ്ടാൽ കുറ കറുച്ചുപ്പു്, അത്രേയുള്ള ദോഷം. വണ്ണവും പൊണ്ണവും തലയെടുപ്പും ഒക്കെ ഭംഗി! വയസ്സും 18, 20. നമ്മുടെ പ്രായത്തിനു ചേരും. പേരു പറഞ്ഞാൽ താൻതന്നെ വേൾക്കാൻ കൊതിച്ചുപോകും. പഞ്ചകല്യാണി.

രാമശ്ശാർ: അയ്യ! ഇരുന്നിളകുന്നൂ! സന്യസിച്ചു സന്യസിച്ചു മൂക്കിപ്പല്ലുവന്നിട്ടും പെണ്ണുകൊള്ളാൻ ചെന്നാൽ, ആ നഗരാപ്പിടി ആനയെത്തന്നെ കിട്ടും.

ഡാക്ടർ: തനിക്കതും കിട്ടൂല്ലാ. ഇങ്ങനെ കഴിക്കാമെടോ, നമുക്കു രണ്ടുപേര്‍ക്കും. പരമസുഖം! കണ്ടവന്റെ ചോറും നമ്മുടെ വയറും എടോ തന്റെ കൈയിലിരിക്കുന്ന കടലാസെന്തോന്നാണു്?

രാമശ്ശാർ: (പരിഭ്രമിച്ചു് ഒളിക്കാൻ തുടങ്ങീട്ടു്) അതു അതൊരു മൂളിപ്പാട്ട് - ഇല്ല, വഴിയിക്കിടന്നെടുത്തതു് - ഭസ്മം പൊതിയാന്‍ കൊള്ളാം.

ഡാക്ടർ: സ്നേഹം പൊതിയാനല്ലേ? ബഹുരസം, ഒന്നു പാടു രാമശ്ശാരേ! ഞാൻ ശ്രുതിയും താളവും ഒപ്പിക്കാം. (ശ്രുതിയും താളവും തെറ്റായി പിടിച്ചുതുടങ്ങുന്നു.)

(രാമശ്ശാർ കുഴങ്ങിനിൽക്കുന്നു.)

(രാമശ്ശാരെ സൂക്ഷിച്ചുനോക്കീട്ട്) എടോ ഹേ! തനിക്കെന്താ, പനീടെ ആരംഭമുണ്ടോ? ഇവിടങ്ങളിലൊക്കെയുണ്ടതു്. അതല്ലേ ചുറ്റിസ്സഞ്ചരിച്ചു ദാഹിച്ചതു്. തനിക്കും പറ്റി-കഷ്ടം! കഷ്ടം !

രാമശ്ശാർ : എനിക്കോ ഏമാനേ?

-28-


ഡാക്ടർ: തനിക്കുതന്നെ. ഡാക്ടക്കുള്ളതുപോലെ

രോഗങ്ങൾക്കും തന്നെ പേടിയുണ്ടോ? അതാ മുഖം പാളപോലെ വിളറി- നാക്കു നീട്ടു കുറച്ചുകൂടി - പോരാ - ശരി- (നാവു നോക്കീട്ട്) എടെടോ അമാന്തമായി; കൈകാണട്ടേ! പടക്കം പൊട്ടും പോലെ എത്ര ഡിഗ്രി ഡിഗ്രി ആയി നടുഞരമ്പ് തെറിക്കുന്നു. (നെഞ്ചത്തും മുതുകിലും രാമശ്ശാക്കു വേദനയുണ്ടാകുംവണ്ണം തൊട്ടി പരിശോധിക്കുന്നു.)

(രാമശ്ശാരുടെ വേദനനാട്യങ്ങൾ.)

എടോ ചങ്കു വെള്ളമായിപ്പോയി! എന്തൊഴുക്കു്! എന്റെ പരിചയത്തിൽ ഇങ്ങനെ കണ്ടിട്ടില്ല. റീം റീമായി ഒഴുകുന്നു. (വയറ്റിൽ കുത്തിനോക്കീട്ട്) അജീണ്ണം മുറുകി അരിഷ്ടപ്രായമായി. നാശം! നാശം!

രാമശ്ശാർ: (വിറയലോടെ) ഹോ! ഹൗ! ആവു ! ഹേമാനേ! എന്റെ പൊന്നേമാനേ! സമസ്സാവരാദം! ആരുമില്ലാ- വല്ല കൊതിനപ്പൊടിയോ എന്തു കഴുവെങ്കിലും ചൊട്ട കലക്കിത്തരണേ !

ഡാക്ടർ: എടോ, താൻ മുഴുവനെ ചത്തുപോകും. കൈവിട്ടുപോയി. (ചെവികൾക്കു പിടിച്ചു തല കുലുക്കീട്ടു്) ചെവിക്കു മേല്പോട്ടു തൊടാൻ പാടില്ലെടോ. തീ തീപോലെ പൊരിയുന്നു.

രാമശ്ശാർ: അയ്യോ! എങ്ങുമിനി തൊടുല്ലേ-ഒക്കെ ഇഞ്ചപോലെ ചതഞ്ഞുപോയി. മഹാപാപി! അവനെ കെട്ടി എടുക്കട്ടെ. അയ്യോ! എടത്തുവാക്കുതന്നെ ഇന്നെഴിച്ചതു്. ഹോ! വയറ്റിൽ പനി കേറുന്നേവോ-വോ!

ഡാക്ടർ: എടോ തനിക്കു പഞ്ചശരീയസ് അംബസഡോരിയസ് എന്ന നെഞ്ചുവീർപ്പാണു്. തുലഞ്ഞേനെ കഥ; ഞാൻ വന്നുചേര്‍ന്നില്ലെങ്കിൽ-

-29-


രാമശ്ശാർ: അയ്യോ! രക്ഷിതാവേ! എന്റെ ഒടയതേ, ആദ്യം ചാവണതും വീട്ടിലായെങ്കിലും ഒരാച്ചുണ്ട്. അങ്ങെത്തിച്ചാൽ ഏമാനു കോടി കോടി സൊര്‍ഗ്ഗമുണ്ടു്-

ഡാക്ടർ: വീട്ടിൽ എത്തേണ്ടയോടൊ? ആ കടലാസ് ദൂരത്തെറിയൂ-അതിൽ പനിവിഷമുണ്ടു കണ്ടില്ലേ, അതിൽനിന്നും സന്നി തലയിലോട്ട് കയറുന്നതു്? ഡാക്ടര്‍ക്കു കാണാം- അതാ നീല ആവിയായി.

(രാമശ്ശാർ കടലാസ്സിനെ ദൂരെ വലിച്ചെറിയുന്നു.)

(എഴുത്തെടുത്ത് മേൽവിലാസം നോക്കി സ്വഗതം) സൗഗ്യവതി ഭാര്‍ഗവി അമ്മയ്ക്ക്- അതു പോലീസ് ഇൻസ്പെക്ടർ അച്യുതമേനോന്റെ ഭാര്യ- കൈയ്യട അമ്മിണിക്കുട്ടിയുടേതു്. ഇൻസ്പെക്ടരെ വരുത്തി ചോദ്യം ചെയ്യിച്ച് ആരെന്നറിവാനുള്ള പണിയാണു്. ഇൻസ്പെക്ടർ വരുമ്മുമ്പേ കഥ ശുഭത്തിലായ്പോകും. അതു നമ്മുടെ ഓമന ജ്യേഷ്ഠാംബയ്ക്ക് അറിയാം. ഇന്നലെ ഞങ്ങളെ കളിയാക്കിയ അമ്മിണിക്കുസൃതി അല്പം പഠിക്കൂ - അല്പമൊന്നു തിണ്ടാടു- (പ്രകാശം) എടോ! ആരേയാണു്, താൻ മഹാപാപി എന്നു് ശപിച്ചതു്? -

രാമശ്ശാർ : അവയ്ച്ചും തൊവച്ചുമൊന്നുമല്ല. ഒരു ചട്ടക്കാരൻ കോമാളി ഇന്നു കാലത്തു കണിക്കുകേറി വന്നു. ഒരു വെങ്കലപ്രാന്തനേ-

ഡാക്ടർ: അയാളെ രാമശ്ശാർ കശാപ്പുചെയ്ത് മേശയൊരുക്കുന്നോ?

രാമശ്ശാർ: അയ്യോ! പനി ഏമാനേ! ചെന്നി പൊട്ടുന്നു അയ്യോ! ഇപ്പം ഉരുണ്ടുവീഴുമേ! കൊച്ചുകുഞ്ഞു് പറഞ്ഞു. അയാളെ പിടിച്ച് ആ മൂലമുറിയിൽ അടച്ചു- അടച്ചു- അഹ- ഹം- ഹൂ!

ഡാക്ടർ: (അത്യാപത്തുള്ള ഭാവത്തിൽ) എന്തു ചെയ്തെടോ കുംഭാണ്ഡാ? പനി കൊല്ലും മുമ്പെ തന്നെ സര്‍ക്കാരീന്നും തലകീഴായി തൂക്കിലിടും. എന്തു ചെയ്തു താൻ? മുട്ടെത്തൊട്ടു സത്യം പറയൂ -

രാമശ്ശാർ: ശനിപിടിച്ചപ്പോൾ പടലയോടെ (ആലോചിച്ചു) തൂക്കാൻ കുലവാസം ചെയ്തില്ലല്ലോ ഏമാനേ! യോ, യോ, യോ!

ഡാക്ടർ: ഇങ്ങോട്ടു കൊണ്ടരൂ തന്റെ ചെവി. (ചെവിക്കു പിടിച്ചടുപ്പിച്ചു മന്ത്രിക്കുന്നു.)

 

രംഗം നാലു് (30-33)

 

-30-


രാമശ്ശാർ: (ഉച്ചത്തിലും നിവർന്നുനിന്നും) ഥമ്പുരാനോ? ലവരു പറയുമ്പോലെ എന്റെ പടച്ചവനേ!

ഡാക്ടർ: (രണ്ടു കൈയും മുറുക്കി രാമശ്ശാരുടെ തലയിൽ ഇടിച്ചുകൊണ്ടു്) ശനിയാ! (മന്ത്രിക്കുന്ന സ്വരത്തിൽ ഊജ്ജിതമായി) അഞ്ചാം മുറ. അതുകൊണ്ടു്, പഞ്ചാമൃതം- മനസ്സിൽ ഇറങ്ങിയോ? വസന്തതിരുനാൾ- ആ പേരിനുതന്നെ തൊഴൂ. തൊട്ടുകളയരുതു കേട്ടോ? അമൃതേത്തിനും ഉപദ്രവിക്കരുതു്. (സ്വഗതം) വിശപ്പിന്റെ നഖമാന്തലും അല്പമൊന്നും ഏല്ക്കട്ടെ. (പ്രകാശം) അമ്മിണിക്കുട്ടിയെ കാണാൻ വേഷം മാറി എഴുന്നള്ളിയതാണു്. തമ്പി അങ്ങുന്നു എല്ലാം പറ്റീട്ടറിഞ്ഞാൽ മതി. സന്തോഷം തമ്പിക്കു നല്ല മരുന്നാണു്. കാണട്ടെ കൈ. (കൈനോക്കി) ഹെ! പനി 'ശറശറേ!' നന്നു് നന്നു്! ആളെന്താണു്, ഭേദമല്ലേ കണ്ടാൽ? രസിച്ചുവോ? മുഖത്തെ പ്ലാസ്തിരികളെ കണക്കാക്കേണ്ടാ.

രാമശ്ശാർ: പിടിച്ചെന്നോ? നാരായണ! സമസ്ഘൃതങ്ങളും സ്ലോഹങ്ങളും കേട്ടു മതിമയങ്ങിപ്പോയില്ലെയോ? എന്റെ മേലൊക്കെ ഇത്തിരിശ്ശ തൃക്കൈവിളയാട്ടം ചെയ്തേ- പനിയെല്ലാം പോയി പൊഴി കടന്നു. ഇനി, ആ പണിക്കാരപ്പണിക്കരങ്ങത്തെ മോനും കീനുമൊക്കെ കടിനീരിറക്കട്ടെ. പോട്ടെ, എന്റെ ഏമാനേ! നമ്മുക്കു തമ്പുരാന്മാരെന്നു പറയുമ്പം ഒള്ള ഒരിതു്, യാസ്ത്യാലുള്ളതല്യോ? അതുകൊണ്ടല്ലോ രാമശ്ശാര് തന്നറിയാണ്ടു് എല്ലാം ഷെമിച്ചൂട്ടതു്? (സംശയഭാവത്തിൽ) തമ്പിരാനെങ്കിൽ തലയിൽ ചട്ടി കമുത്തീരിക്കുണതോ?

ഡാക്ടർ: ഛെ പോടോ! ചട്ടി കണ്ട കണ്ണുകൾ ചത്ത മത്സ്യത്തിന്റെ കണ്ണുകൾ. ഹാറ്റല്ലേ അതു്? ചക്രവത്തിതിരുമനസ്സുകൊണ്ടും അണിയുന്ന മകുടം. വേഷം മാറാൻ ചാര്‍ത്തിയതാണു്.

രാമശ്ശാർ: എന്നാൽ ഒത്തു. അപ്പോ, ഏമാനൊന്നു് അകത്തുകേറി മുകം കാണിക്കണോ?

ഡാക്ടർ: ഞാനെന്തിനു കാണുന്നെടോ? അമ്മിണിക്കുട്ടിക്കു് ആഗ്രഹമുണ്ടെങ്കിൽ അവിടെ കൊണ്ടുചെന്നു നമസ്കരിപ്പിക്കൂ. നടപ്പങ്ങിനെയാണു്. വേണങ്കിൽ മാത്രം മതി. രാമശ്ശാരുടെ ജ്വരത്തിന്റെ സ്ഥിതിക്കു് അധികമൊന്നും സഞ്ചരിക്കാൻ പോകേണ്ടിന്നു്. വായു എന്നു പറഞ്ഞു, ആ മുറിയുടെ പടിക്കൽ ഇഷ്ടൻ ഗാട്ടുകിടന്നുകൊള്ളു. സന്ധ്യയായിട്ട് പുള്ളിയെ` പതുക്കെ ഉന്തിയരശാക്കൂ. പോകൂ.

രാമശ്ശാർ: ഏമാനേ! കൈലാസം കിട്ടിയപോലത്തെ സന്തോഴം.

-31-


ഡാക്ടർ: കാര്യം നടന്നിട്ടും സന്തോഷിക്കൂ.

രാമശ്ശാർ: ആ ഡീഭറക്കാൻകുട്ടിനായരും അച്ഛനും ഇളിച്ചു പുളിച്ചേരി കുടിക്കുമല്ലോ. ഇതെല്ലാം ഓര്‍ക്കുമ്പോൾ അവരുടെ മുഖത്തു കരിതേച്ചതാവൂല്ലോ? നമ്മുടെ കുഞ്ഞിന്റെ ബാഗ്യം ഏമാനേ! ഹ ഹ ഹ! ചിരിയും വരുണു. പണ്ടത്തെ ചങ്ങാതിപോലും ! അവിടത്തെ തൃക്കണ്ണിനു് രാമച്ചാരൊരു നമ്പൂരിത്തിരുമനസ്സും! എന്റാറേ കാട്ടിലപ്പാ, എല്ലാമൊത്തെങ്കിൽ ഒരു ഉരുളിച്ച ഇവന്റെ കണക്കും! (അല്പം ഇച്ഛാഭംഗം നടിച്ചു) പിന്നെയുമൊണ്ടല്ലോ ഏമാനെ, പട്ടും പരവട്ടവും ഇടുമ്പോൾ, സദ്യയും മേളവുമൊന്നും കാണൂലല്ലോ!

ഡാക്ടർ: സദ്യയും സദിരും വേണ്ടെടോ! പിന്നീടെന്നും നമുക്കു അടിക്കലമടക്കും വട്ടത്തട്ടവുമല്ലയോ? രാമശ്ശാർ അമ്മവക വിചാരിപ്പും-എവിടെ ചെല്ലുന്നു കഥകളെന്നും ചിന്തിക്കൂ. (കൈപിടിച്ചു കുലുക്കുന്നു.)

രാമശ്ശാർ: അ- അ- അയ്യോ! ഒ- ഒ! വെരളഞ്ചും വത്സനായി!

(ഡാക്ടർ കൈവിടുന്നു.)

വലിയങ്ങത്തോടു കലമ്പിയവരു് കലമിട്ടുടയ്ക്കട്ടെ.

ഡാക്ടർ: അങ്ങനെയിട്ടുടയ്ക്കട്ടെ. ഡിംഭരി പക്ഷേ, ടോ, ദമയന്തിയും നളനും ഭദ്രം! ചെവിക്കുചെവി അറിഞ്ഞുപോയ്ക്കൂടാത്ത കഥയാണു്, മൂപ്പരുപോലും. (എഴുത്തും എടുത്തുകൊണ്ടു പൊയ്ക്കളയുന്നു.)

രാമശ്ശാർ: (ആത്മഗതം) അപ്പോ- വിജാരിപ്പുകാരാവുമ്പോൾ കട്ടീം കവണീം തലയിക്കെട്ടും അങ്ങനെ കറികളും പിടിച്ചു, അയലോക്കക്കാരും കാണാൻ വരുമ്പം, ഈച്ചരപിള്ളവിജാരിപ്പു് പെയ്യാൽ പിന്നെ രാമൻപിള്ളവികാരിപ്പു ഹാ! ഹാ!

(ഞെളിഞ്ഞു കൈവീശി വിചാരിപ്പുകാരായി കാര്യം ഭരിക്കുന്ന നടയ്ക്കിടയിൽ, അമ്മിണിക്കുട്ടി പ്രവേശിക്കുന്നു.)

-32-


അമ്മിണിക്കുട്ടി: സുന്ദരബ്രാഹ്മണനാടുന്നോ താൻ?

രാമശ്ശാർ: (ആനന്ദവിവശനായി പല്ലു കിരിച്ചുകൊണ്ടു്) കുഞ്ഞു പാടും പോലെ- 'ഇന്ദിരാവധി സുന്ദരഭൂരുഷൻ- ഇന്നിഖ വന്നു വാണരുളീടുന്നു.' പറ്റൂടില്ലിയോ ഇപ്പോൾ ഒരു സൊയംഭരം!

അമ്മിണിക്കുട്ടി: തനിക്കാണോ സ്വയംപാകം?

രാമശ്ശാർ: ഓ! അകത്തു കുടുങ്ങിക്കിടക്കണ അനിയുത്ഥൻ ആരെന്നറിഞ്ഞോ? ഒഷവധം കഥ ആടാനാണ്, തെരശീല പിടിക്കുന്നു.

(അമ്മിണിക്കുട്ടി ദേഷ്യപ്പെട്ട് അടുക്കുന്നു.)

ഒന്നു മൊഹം കാണിക്കണോ?

അമ്മിണിക്കുട്ടി: കുറച്ചുമുമ്പ് താൻ മുതുകുക കാണിച്ചതുപോലെ ചെന്നിനി ചെകിടും കാണിക്കൂ

രാമശ്ശാർ: അങ്ങനെ എങ്കിൽ രാമശ്ശാരറിഞ്ഞത് ഈ പൂട്ടിലിരിക്കട്ടെ- (കൈകൊണ്ടു വാപൊത്തി നില്ക്കുന്നു.)

അമ്മിണിക്കുട്ടി: (ആത്മഗതം) എന്തോ ഇയ്യാൾ അറിഞ്ഞിരിക്കുന്നു. (കരുണയോടും പ്രകാശം) എന്റെ രാമമ്മയല്ലയോ? കിട്ടിയ നിധിയിൽ പങ്ക് എനിക്കും-

രാമശ്ശാർ: ആരുടെ രാമച്ചനുമല്ല, ഒന്നുമപ്പോ-

(വായിൽനിന്നും കൈപിടിച്ചു മാറ്റുന്നതിനു് അമ്മിണിക്കുട്ടി ശ്രമിക്കുന്നു.)

-33-


ഡാക്ടർ: (പ്രവേശിച്ചു) ഇതാ, ഇതാ, പല്ലുപറിപ്പിനു ലൈസൻസ് നമുക്കാണു്. (അമ്മിണിക്കുട്ടിയോടു്) കടന്നു കളയൂ അകത്തു്- ഇതാ പ്രഭാകരൻനായർ വരുന്നു-

അമ്മിണിക്കുട്ടി: വന്നാലെന്തു? വന്നപോലെ പോകും. വലിയ പേടി ആണെന്നു തോന്നുന്നു. ഇഷ്ടന്റെ കക്ഷിക്കാരനായി ശണ്ഠയ്ക്കു വരികയായിരിക്കാം-

ഡാക്ടർ: ഇഷ്ടത്തിക്കു വേണ്ടീട്ടെന്നാണു വൈദ്യന്റെ പക്ഷം. അവിടെ നിന്നു കാമുകനായ അഭിരാമനെ ഗന്ധമാല്യാദികൊണ്ടു സല്കരിക്കൂ-

അമ്മിണിക്കുട്ടി: വരുന്ന പാവങ്ങളെ ഫീസു കിട്ടാൻ മിരട്ടുന്നതു ഞാനല്ലാ

ഡാക്ടർ: ഹെ- ഹെ- ഞാൻ ഒന്നും പറഞ്ഞില്ലാ- ആ കസാലയിൽ ഇരുന്നു ദേഷ്യക്ഷീണം തീർത്തിട്ടു പ്രാണപ്രിയനെ സല്ക്കരിക്കൂ. നിങ്ങൾ തമ്മിലുള്ള പ്രണയസല്ലാപത്തിൽ ഞാൻ കടന്നുകൂടി സുഖക്കേടുണ്ടാക്കുന്നില്ലാ- പൊയ്ക്കളയാം.

(അമ്മിണിക്കുട്ടി പരിഭവിച്ചു അകത്തുപോകുന്നു.)

(രാമശ്ശാരോടു്) പുറകെ മണ്ടൂ, വല്ലേടത്തും ശിവനേന്നു പടുക്കൂ. അല്ലെങ്കിൽ ജ്വരം ആവർത്തിക്കും-

(രാമശ്ശാർ പലവട്ടം സലാംവെച്ചുകൊണ്ടു് അകത്തേക്ക് ഓടുന്നു.)

നന്നേ പുതച്ചു കിടക്കണം- (സ്വഗതം) പണിക്കരദ്ദേഹത്തിന്റെ പുത്രശോകാര്‍ത്തപ്പുറപ്പാട് കണ്ടാണു് ഞാൻ ഇങ്ങോട്ടും ഓടിക്കടന്നതു്. ശകനത്തിനു നില്ക്കേണ്ട. ലംബോദരസ്വാമിയായി ഇതിനകത്തെ കന്നിരാശിയിൽ അധിവസിച്ചു 'കല്യാൺ ഭക്താ' ന്നു എല്ലാം കലാശിപ്പിക്കാം. (പോകുന്നു.)

(കർട്ടൻ)

 

രംഗം അഞ്ചു് (34-38)

 

-34-


രംഗം അഞ്ചു്


[മുൻ രംഗസ്ഥലമായ വരാന്ത.]

കേശവൻതമ്പി: (പ്രവേശിച്ചു സ്വഗതം) പണിയുടെ ഞെരുക്കത്തിൽ എല്ലാം മറന്നിരിക്കുന്നു. കുട്ടിസായ്പിനെ രാമശ്ശാരും എന്തു ചെയ്തുവോ? അയാളെ കണ്ടപ്പോൾ, പ്രഭാകരൻകുട്ടീടെ ഓര്‍മ്മവന്നു. അമ്മിണിക്കുട്ടി കാണാത്തതു ഭാഗ്യമായി. അച്ഛന്റെ വൈശ്രവണഞെളിവല്ലെങ്കിൽ, മകൻ നല്ല യോഗ്യൻ. അമ്മിണി ഘനം വിടാതെ എന്നോടു കലഹിച്ചിരിക്കയാണു്. വേണ്ടാന്നു്! സ്ഥാനമാനക്കാര്‍ക്കു് ഇതിലെല്ലാം വിഷമം തന്നെ! നൂൽത്തോളന്മാരേ പാടൊള്ളു എന്ന ഗൃഹലായ് വലിയ രക്ഷ !

(ശ്രീകണ്ഠൻ പ്രവേശിക്കുന്നു.)

വരൂ, വരൂ, ഈയിട കാണ്മാനില്ല. പ്രഭാകരൻകുട്ടീടെ കക്ഷിക്കാരാണല്ലോ നിങ്ങളെല്ലാം. എന്നെ നിങ്ങൾ സ്നേഹക്കെട്ടിൽനിന്നും മുടക്കിയിരിക്കുകയായിരിക്കാം. എന്താ മുഖത്തു്, ഒരു അന്ധാളിപ്പിന്റെ ലക്ഷണം കാണുന്നതു്? വരൂ ഇരിക്കൂ, ഇരിക്കൂ, എന്തോ ക്ഷീണമുണ്ട്. കുറച്ചു റ്റീ കൊണ്ടുവരാൻ പറയട്ടെ?

ശ്രീകണ്ഠൻ: (കുറച്ചുകൂടി അന്ധാളിപ്പു നടിച്ചു്) ഗോപാലൻനായരദ്ദേഹത്തിന്റെ വീട്ടിൽ പോയിരുന്നു. അവിടെ വലിയ തിരക്കു - അദ്ദേഹം കിടന്നുരുണ്ടു് മുറവിളികൂട്ടുന്നു.

കേശവൻതമ്പി: കരയുന്നോ? അങ്ങേർ അകക്കട്ടിയുള്ളവനല്ലേ?

ശ്രീകണ്ഠൻ: പ്രഭാകരൻനായരെ കാണ്മാനില്ല.

കേശവൻതമ്പി: കാണ്മാനില്ലേ! ഛഃ ആ കുണ്ടുകൃഷ്ണന്റെ മാൻഷ്യനിൽ വല്ല നാവൽസും ഡിന്നേഴ്സുസും തിന്നുമദിച്ചു കിടക്കയായിരിക്കാം. നിങ്ങടെ ഒക്കെ സങ്കേതം അതാണല്ലോ! നിത്യം രണ്ടുനേരം അവിടത്തെ തേവരെ കൈതൊഴുതില്ലെങ്കിൽ നിങ്ങൾക്കെല്ലാം ഉദയാസ്തമനപ്പെൻഡുലം തകർന്നുപോകും. പുത്തൻകൂറ്റുകാരെ വട്ടം കറക്കാൻ ആ പുരോഹിതക്കൂറ്റൻ സൃഷ്ടിക്കപ്പെട്ടു.

-35-


ശ്രീകണ്ഠൻ: (ആത്മഗതം) ഇപ്പോൾ കറക്കുന്നതു് അവിടത്തേയാണു്; ഞങ്ങളെ അല്ലാ. (പ്രകാശം) ഞങ്ങളെ അദ്ദേഹം ജീവിതരണത്തിനു പരിശീലിപ്പിക്കുന്നു. മിസ്റ്റർ പ്രഭാകരൻ രണ്ടു നാളായി വീട്ടിൽ ചെന്നിട്ടില്ല.

കേശവൻതമ്പി: ആ കുണ്ടന്റെ കുണ്ടുവയറ്റിൽ കണ്ടുകിട്ടുമെന്നു ഞാൻ സത്യം ചെയ്യാം.

ശ്രീകണ്ഠൻ: എങ്കിലും, ഇതുവരെ ഇവിടെ അറിഞ്ഞില്ലല്ലോ! നഗരമെല്ലാം ഈ വർത്തമാനം പരന്നിരിക്കുന്നു. സ്നേഹം മുറിഞ്ഞപ്പോൾ അവരെക്കുറിച്ചുള്ള അന്വേഷണവും നിലച്ചായിരിക്കാം.

കേശവൻതമ്പി: നിങ്ങൾ കൊച്ചുയോഗ്യന്മാർ എന്തെല്ലാം കാട്ടുണൂന്നൊ? അതിനൊരു നിയമവും സീമയുമില്ല.

ശ്രീകണ്ഠൻ: എന്തു കാട്ടാം? ദൃഷ്ടാന്തങ്ങളായി കിട്ടുന്നതു മഹാനുഭാവന്മാരായ മൂത്തവരുടെ അകാരണശണ്ഠകൾ, കലഹങ്ങൾ...

കേശവൻതമ്പി: (ചിരിച്ചുകൊണ്ടു്) നിറുത്തു്. നിങ്ങളുടെ ഇളംകണ്ണുകൾ കാണാതെ പല ഗൗരവസംഗതികളും മനുഷ്യരുടെ സഹവാസങ്ങൾക്കിടയിൽ സംഭവിക്കാം-

(പണ്ടാരം പ്രവേശിക്കുന്നു.)

പണ്ടാരം : ശിവനേ പരം- ശുപ്രമണ്യം- ശിവകിടാഷ്ഷം.

(ഗാനം)

ചിത്തിരാർ പുത്തിരരേ, ശിവനേ ശിവായനമാങ്-
ശിവനേ നിനന്തവരും - ശിവൻകതയെ കേൾപ്പവരും
മാറ്റില്ലാച്ചെമ്പൊന്നും തോറ്റുമവർവാശലിലെ-
വേലായുധക്കടവുരെ ശിത്തം!



-36-


ശ്രീകണ്ഠൻ: മതിയെടൊ; നിറുത്തു.

പണ്ടാരം : പലവീട്ടുപ്പിച്ചെ! പരദേശി! കഷ്ടം പൊന്നങ്ങുന്നെ! (ഗാനം) 'വാണാലുക്കുടയവൻ വന്താൽ- വരമാട്ടേനെന്റാൽ വിടുവാനോ ശിത്തൻ-' ഹരാ, ഹരാ, തായ തന്തെ പൊന്നങ്ങുന്നേ!

കേശവൻതമ്പി: എന്തോന്നാ പണ്ടാരം? ഇത്ര വ്യസനത്തിനു സംഗതിയെന്ത്? ആരു മരിച്ചുപോയി?

പണ്ടാരം : നമശ്ശിവായ! നാരായണ! ആണ്ടവന്റെ മനം. എടുത്തോണ്ടാൽ തകര്‍പ്പനെന്തുചെയ്‍വാൻ? തായെന്തുചെയ്‍വാള്‍?

ശ്രീകണ്ഠൻ: എന്തോന്നെടോ? താൻ എന്തെടുത്തുകൊണ്ടുവന്നിരിക്കയാണു്? എടുക്കയും വയ്ക്കയും ചെയ്യുന്നവന്റെ പ്രസ്താവനയ്ക്ക് ഇപ്പോൾ ഇവിടെ സംബന്ധമെന്ത്?

പണ്ടാരം: വേലായുധക്കടവുൾ, ഹരഹരാ- (ഭസ്മം പൂശിക്കൊള്ളുന്നു.)

ശ്രീകണ്ഠൻ: കല്പാലക്കടവാകട്ടെടോ.

കേശവൻതമ്പി: ഹെ- ഹി- ഇതാണ് നിങ്ങളിൽ ലോകര്‍ക്കു രസിക്കാത്തതു്. സാധുവിന്റെ സങ്കടത്തിൽ എന്തോ ഉണ്ടു്.

പണ്ടാരം: കുഴന്തകളങ്ങത്തെ, കുഴന്തകൾ! കലിപിറന്ത കാലവും! പൊന്നങ്ങത്തെ! എളയ കൊച്ചമ്മേടെ തങ്കക്കുടച്ചീമാളൻ- (ദീര്‍ഘശ്വാസം വിടുന്നു.)

-37-


കേശവൻതമ്പി: (ആർത്തിയോടുകൂടി) ആ ശീമാളൻ-എന്താ പറയൂ. (ശ്രീകണ്ഠനോടു്) എന്റെ കുട്ടാ, ഒന്നും ഒളിക്കാതെ പറയൂ. നിങ്ങളും അറിഞ്ഞിട്ടുണ്ട്.

ശ്രീകണ്ഠൻ: അവിടുന്നും ഇത്ര പരിഭ്രമിക്കേണ്ടാ. ഈയാൾ പറയുന്നതു് ശുദ്ധ നാൺസെൻസ്!

പണ്ടാരം: 'ആണ്ടവനെ', 'നാണിച്ചീ' എന്നും മറ്റും ഉത്തരവാകരുതു്. ഉശിർ പോക്കിയ കർമം. (കരയുന്നു )

കേശവൻതമ്പി: (വ്യസനകുണ്ഠിതങ്ങളോടെ) എന്തോന്നാ നിങ്ങൾ രണ്ടുപേരും കൂടി എന്റെ മനസ്സിനെ ഇട്ട് ആടിക്കുന്നതു്? എന്താ ശ്രീകണ്ഠരെ? എന്തോന്നാണെടോ പണ്ടാരം?

പണ്ടാരം : എന്തു ബോധിപ്പിക്കുന്നു യജമാനേ? ആ കൊച്ചങ്ങുന്നു ഇപ്പഴത്തെ 'ഭിസ്നോക്കു ' ' കൊണ്ടു തന്നെത്താനെ ശുട്ടുകളഞ്ഞ മുരുകാ! വടിവേലവാ!

ശ്രീകണ്ഠൻ: വലിയ തോക്കുകൊണ്ടെന്നു കേട്ടില്ലല്ലോ. താൻ അപ്പുറത്തു ചെന്നു്, അരി വാങ്ങിക്കൊണ്ടുപോകൂ. (കേശവൻതമ്പിയോടു്) ആളുകളുടെ നാവുനീരു പിരളുമ്പോൾ വൃത്താന്തസ്വഭാവം ഒന്നു കുതിര്‍ന്നു പെരുകും. അല്ലാതെ അവിടുന്നു മറ്റൊന്നും വിചാരിക്കേണ്ടാ. ഈയാൾ പറഞ്ഞത് അസംബന്ധമാണു്.

പണ്ടാരം: പലടം കൊണ്ടു പിഴയ്ക്കുന്ന ആണ്ടി. പരമാസ്ത്രം ബോധിപ്പിച്ചു. (പോകുന്നു.)

കേശവൻതമ്പി: അസംബന്ധമെന്നു തള്ളിക്കളഞ്ഞുകൂടാ. ഇപ്പഴത്തെ കൊച്ചുങ്ങൾ എന്തും തോന്നിയതുപോലെ കാട്ടും.

ശ്രീകണ്ഠൻ: എന്തും കാട്ടുകയെന്നത് എല്ലാക്കാലത്തെ ചെറുപ്പത്തോടും ചേര്‍ന്ന ദോഷമാണു്.

(ഗോപാലൻനായരും ശങ്കരൻകുട്ടിയും പ്രവേശിക്കുന്നു.)

-38-


ഇതാ ഇപ്പോൾ എല്ലാ സംശയവും തീരും.

(കേശവൻതമ്പിയും ശ്രീകണ്ഠനും ഉപചാരഭാവങ്ങൾ കാണിക്കുന്നു.)

കേശവൻതമ്പി: (ആത്മഗതം) ഹോ! മുഖം കരിഞ്ഞുപോയി. പ്രഭാകരൻ പാവം, അവനു് എന്തോ ആപത്തു സംഭവിച്ചിട്ടുണ്ടു്. ഈ കഥ കേൾക്കുമ്പോൾ അമ്മിണി തീയിൽ ചാടും; എന്നെയും കൊല്ലും- ആരോടും ഒന്നും പറയാണ്ടു് ഈ വഴിയേതന്നെ വല്ലടത്തേക്കും കുറച്ചുകാലത്തേക്കു പുറപ്പെട്ടുപോയാൽ വേണ്ടൂല്ലാ.

ഗോപാലൻനായർ: (ആത്മഗതം) കൊലചെയ്തവനെപ്പോലെ നില്ക്കുന്നു! ഇദ്ദേഹത്തിന്റെ ധൂര്‍ത്ത്! ഇന്നിവൻ എല്ലാം പറഞ്ഞുതീര്‍ക്കും.

കേശവൻതമ്പി: (ആത്മഗതം) ധനംകൊണ്ടുമാത്രം ലോകസൗഖ്യം തികയൂല്ലെന്നു പുള്ളിക്കു് ആദ്യമായിട്ടെങ്കിലും ബോദ്ധ്യപ്പെട്ടു.

(ഇതിനിടയിൽ ശങ്കരൻകുട്ടിയും ശ്രീകണ്ഠനും കൈകൊടുത്തു് ഒരുഭാഗത്തേക്കു മാറിനിന്നു് കൃത്രിമക്കാരെന്നുള്ള നാട്യം ശുദ്ധമായി പ്രകാശിപ്പിക്കുന്നു.)

ശ്രീകണ്ഠൻ: ഇവർ ഇപ്പോൾ ഒരു മേഷയുദ്ധം തുടങ്ങും. കണ്ടില്ലേ രണ്ടുപേരും മുഖത്തോടുമുഖം നോക്കാതെ നില്ക്കുന്നതു്?

ശങ്കരൻകുട്ടി: നടക്കട്ടെ ഒരു പോരു്. കണ്ടു രസിപ്പാൻ ശ്രീ നാരദപര്‍വ്വതന്മാരായി നാം രണ്ടുപേരും ഇവിടെ കൂടീരിക്കുന്നില്ലേ? ഡാക്ടർ എവിടെ?

ശ്രീകണ്ഠൻ: ഇവിടെങ്ങാണ്ടിരുന്നു വളരുകയാണു്. കള്ളന്റെ അംബികാ ലവ് ആരും കണ്ടില്ലെന്നാണു്! നാമിവിടെ എന്തു വേഷം ആടണം?

 

രംഗം അഞ്ചു് (39-43)

 

-39-


ശങ്കരൻകുട്ടി: ആടേണ്ടതോ? കളവു പറഞ്ഞോളുക! സത്യത്തിന്മേൽ കളവു പറയുക. എന്നുവച്ചാൽ ലായറാകാൻ എണ്ണയിടുക!

ശ്രീകണ്ഠൻ: ക്ഷേത്രങ്ങളിലെ ശാന്തിവേലയ്ക്കല്ലയോ അതു നിർബന്ധയോഗ്യതയായി കല്പിച്ചിരിക്കുന്നതു്?

കോവൻതമ്പി: എന്താ നില്ക്കുന്നതു്? ഇരിക്കണം.

ഗോപാലൻനായർ : ആവാം, ആവാം, (കുറച്ചു ചുറ്റിനടന്നിട്ടു്) ഇനി ഇരുന്നിട്ടുതന്നെ ആവശ്യമില്ല. ദയയുണ്ടെങ്കിൽ എൻെറ മകനെ തരിക!

ശങ്കരൻകുട്ടി: അങ്ങനെ മർമ്മം നോക്കിത്തന്നെയാണു് ഒന്നാം കുത്തു്.

ശ്രീകണ്ഠൻ: സാരപ്പായിന്റിൽ ചാടിയതാണു ഹേ! നമ്മുടെ പണി ലഘുവാക്കി.

കേശവൻതമ്പി: മകനെ തരാൻ, എന്തോന്നാണു് യഥാര്‍ത്ഥത്തിൽ സംഭവിച്ചതു്? ഇവിടെ രണ്ടുവിധം വർത്തമാനം കേട്ടു.

ഗോപാലൻ നായർ: (തടഞ്ഞു് ഒട്ടൊരു നീരസഭാവത്തിൽ) രണ്ടല്ലാ; നാലും, നാല്പതു വിധത്തിലും കേൾക്കും. വലിയ സ്ഥാനക്കൊമ്പുകാര്‍ക്കു പല കറക്കങ്ങളും ഉണ്ടാകുന്നതു മനുഷ്യസ്വഭാവമാണു്- അങ്ങു് അങ്ങനെ പ്രവർത്തിക്കുമെന്നു് ഞാൻ സ്വപ്നേപി വിചാരിച്ചിരുന്നില്ലാ. രണ്ടുവിധം കേട്ടു എന്നുതന്നെ വയ്ക്കാം. അങ്ങനെ കേൾപ്പിച്ചതു മറ്റാരുമല്ലാ. ഇവിടുന്നുതന്നെ. പുറത്തു കൊണ്ടരിക, ഞാൻ ഒന്നു കണ്ടുകൊള്ളട്ടെ.

കേശവൻതമ്പി: (പരിഹാസമായി) ക്ഷമിക്കാം, എന്തു കല്പനയാണിതു്? നിങ്ങൾ കലഹിച്ചതോടുകൂടി, അയാടെ ഇങ്ങോട്ടുള്ള വരവു നിലച്ചു. കുട്ടികളെ വട്ടംകറക്കുന്ന മൂത്ത ബാച്ചിലർ കുണ്ടുക്കുറുപ്പിന്റെ വല്ല മാളത്തിലൊ, പൊത്തിലൊ അയാൾ കാണും. അല്ലാതെ എങ്ങും പോയിരിക്കയില്ലാ. പൊയ്ക്കളയുന്ന ആളുമല്ലാ.

(അമ്മിണിക്കുട്ടി പരിഭ്രമത്തോടെ പ്രവേശിക്കുന്നു. )

-40-


അമ്മിണിക്കുട്ടി: എന്തു കഷ്ടമാണീ കേൾക്കുന്നതു്? അച്ഛൻ അനങ്ങാതിവിടെ നില്ക്കുന്നോ? എന്തു കഷ്ടം ? ആ പണ്ടാരം ഇവിടെ ഒന്നും പറഞ്ഞില്ലയോ? ചെല്ലണമച്ഛാ!

ഗോപാലൻനായർ : കുഞ്ഞേ! ഞാനിവിടെ വന്നിട്ടുണ്ട്. വിശേഷിച്ചൊന്നുമില്ല- പരിഭ്രമിക്കേണ്ടാ. എന്നെ ഒന്നു മറിക്കാനായി അയാൾ എങ്ങോട്ടോ പോയിരിക്കുന്നു. അതുകൊണ്ടുള്ള തല്ക്കാലദുഃഖവും സ്ഥിരമായ അപമാനവും മാത്രമേ വിചാരിപ്പാനുള്ളു.

രാമശ്ശാർ: (വ്യസനത്തോടും പരിഭ്രമത്തോടും പ്രവേശിച്ചു) ഇന്നത്തെ കണികണ്ട ഭലം! കമുത്തിയ തൊപ്പി കണ്ടപ്പോഴേ എല്ലാം തൊലഞ്ഞു-(അമ്മിണിക്കുട്ടി വ്യസനിച്ചു നിൽക്കുന്നതു കണ്ടു്) ഏ? ഏ! കുഞ്ഞു കരയാനെന്തോന്നു്? ഈ അച്ഛനങ്ങുന്നുതന്നെ എല്ലാം വരുത്തിയതു് - അവര്‍ക്കില്ലാത്ത ചേതമോ നമുക്കു ?

കേശവൻതമ്പി: നിന്നെ ആരിങ്ങോട്ടു വിളിച്ചു? ഫോ! അകത്തേക്കു പോ- അഭിപ്രായങ്ങളും-

ഗോപാലൻ നായർ: അയാൾ അമ്മിണിക്കുട്ടിയെ ആശ്വസിപ്പിക്കാൻ വന്നതാണു്- കുഞ്ഞു വ്യസനിക്കേണ്ടാ ആത്മഹത്യചെയ്തെന്നോ മറ്റോ കേട്ടെങ്കിൽ അതു കളവാണു്. എന്നെ തോല്പിക്കാൻ എങ്ങാണ്ടോ പോയിരിക്കയാണ്. ഇവിടെ, പക്ഷേ കാണുമെന്നു വിചാരിച്ചു ഇങ്ങോട്ടു പോന്നു. ശുദ്ധഗതികൊണ്ടു് എന്തൊ ഒക്കെ സംശയിച്ചുപോയി-

രാമശ്ശാർ: ചുത്തഘെതിതന്നെ ചിലപ്പൊ എല്ലാം തകടമ്മറിക്കിണതു്!

ശ്രീകണ്ഠൻ: എന്തെടോ? മര്യാദകേടു സംസാരിക്കുന്നോ?

ശങ്കരൻകുട്ടി: മിണ്ടാതെ ഇരിക്കരുതേ തനിക്കു ? ശിഷ്യൻ കടന്നു യജമാനത്വം നടിച്ചാൽ, അതിന്റെ ഫലം കാണുന്നതുതന്നെന്നറിഞ്ഞുകൂടേ?

-41-


കേശവൻതമ്പി: രാമാ, നീ അകത്തുപോ. ഇവിടെ ഞങ്ങൾക്കു ചിലതു ഗൗരവമായി സംസാരിപ്പാനും നടത്താനുമുണ്ടു്. നിന്റെ വിഡ്ഡിത്തങ്ങൾ കാട്ടാനുള്ള അവസരം ഇതല്ലാ.

രാമശ്ശാർ: കുഞ്ഞു് അകത്തുപോരിൻ- പോയവരും പോയേച്ച് വര ട്ടു. എവർ തന്നു് ഒരു ദേവലോകവും നമുക്കു വേണ്ടാ. നാലുചക്രമുണ്ടെന്നുവെച്ചു ആരും മധിക്കരുത്! ആ പൊക്കണം പെയ്യാൽ (മേൽപ്പോട്ടു് ഊതുന്നു.)

ശ്രീകണ്ഠൻ: ഈയാൾ നിന്നു കശയുണ്ടാക്കുന്നതു കണ്ടില്ലേ?

രാമശ്ശാർ: മുലകുടി മാറാത്ത നിങ്ങളു് വല്ലേടത്തും ചെന്നു കഴിഞ്ചി കളിപ്പിൻ.

ശങ്കരൻകുട്ടി: ഛേ- എന്തൊന്നെടൊ? ഏറെപ്പറഞ്ഞാൽ-

(ശങ്കരൻകുട്ടിയോടു ശണ്ഠയ്ക്ക് രാമശ്ശാരും അരയിൽ മുണ്ടുകെട്ടി നീങ്ങുന്നു- മറ്റുള്ളവർ 'അരുതു്, ച്ഛേ, ച്ഛേ' എന്നും മറ്റും തടുക്കുന്നതിനിടയിൽ ഡാക്ടർ പ്രവേശിക്കുന്നു.)

ഡാക്ടർ: (രാമശ്ശാരോട്) എടോടോ! ഡബിൾകിളവാ! തന്റെ ജ്വരം മണിപൂരകത്തിൽ എത്തിക്കഴിഞ്ഞു. (കൈ പിടിച്ചുനീക്കിട്ടു്) തല ഇപ്പപ്പൊളിയും- അയ്യോ! എന്റെ ദശാവതാരങ്ങളെ! എന്ത് ഹിമവജ്ജ്വരം! ഇതാ, നിങ്ങളാരും ഈയാളെ തൊടരുത് -

(രാമശ്ശാരും ഡാക്ടരോടു് സ്വകാര്യം പറയാൻ ഭാവിക്കുന്നു.)

-42-


കടിക്കരുതെന്റെ ചെവിയിൽ. എന്നെക്കൂടി പനി പകര്‍ത്തി കിടപ്പിലാക്കരുതു്

രാമശ്ശാർ: (ഡാക്ടരോട് സ്വകാര്യമായി) പനിയൊക്കെ ലതു കേട്ടപ്പം പെയ്യില്ലയോ? തന്തോഴമല്ലിയോ പനിക്കു മരുന്തു്?

ഗോപാലൻനായർ: മിസ്റ്റർ കുറുപ്പേ! എന്തോന്നാണ് മന്ത്രിക്കുന്നതു്? കമ്പികളെല്ലാം അയച്ചുവോ?

ഡാക്ടർ: മന്ത്രിക്കുന്നത് അയാൾക്കു പനിയിൽ തോന്നുന്ന ചില പിച്ചുകളാണു്.

രാമശ്ശാർ: (ഡാക്ടരോടു്) മിടുക്കൻ! മിടുക്കൻ! കൊണ്ടുവച്ചുണ്ണട്ടെ- അങ്ങനെ ഒഴിയണം; ചുമ്മായോ ഢാക്കിട്ടൻ?

ഗോപാലൻനായർ: കമ്പികളെന്തായി?

ഡാക്ടർ: അയച്ചു മറുപടികളും വന്നു. അവിടെങ്ങും ചെന്നിട്ടില്ലത്രേ. ഒരിക്കലും ഞാനിത്ര കുഴങ്ങീട്ടില്ലാ. പ്രഭാകരൻകുട്ടീടെ കൈയിൽ ചരക്കിത്രയുണ്ടെന്ന് ആരറിഞ്ഞു?

ഗോപാലൻനായർ: (നെഞ്ചിലടിച്ചുകൊണ്ടു്) നാരായണാ! എന്റെ കട്ടൻ എവിടെപ്പോയോ?

കേശവൻതമ്പി: വലിയ കഷ്ടമായി കഥ!

-43-


അമ്മിണിക്കുട്ടി: അച്ഛൻ അന്വേഷിക്കണം. നിങ്ങൾ പിണങ്ങിയിരിക്കരുതു്.

ശ്രീകണ്ഠൻ: കേൾക്കൂ വാദം. ഇക്കണക്കൊന്നിനെ തേടിപ്പിടിക്കൂ ഹേ!

ശങ്കരൻകുട്ടി: താനും . പ്രഭാകർ റോഗ് എന്തു 'ലക്കി'!

രാമശ്ശാർ: (അമ്മിണിക്കുട്ടിയോടും, സ്വകാര്യമായി) പോയെങ്കിൽ നമുക്കെന്തെരെന്നേ? പോയതു നല്ലകാലമല്ലയോ? അതങ്ങനെ ഒഴിയാണ്ടു് ഇവിടെ ഇപ്പം നിന്നു പൊറുക്കണതെങ്ങനെ?

(അമ്മിണിക്കുട്ടി രാമശ്ശാരെ കൈകൊണ്ടു വിലക്കിനിറുത്തുന്നു.)

ഗോപാലൻനായർ: (കേശവൻതമ്പിയോടു്) നിങ്ങൾ അറിഞ്ഞിടത്തോളം സത്യം പറയണം. ഇവിടെ ചിലർ മന്ത്രിക്കുന്നു. പരമാര്‍ത്ഥം പറഞ്ഞു് എന്റെ മനസ്സിനെ ആശ്വസിപ്പിക്കുക.

കേശവൻതമ്പി: എന്തന്യായമാണ് ഈ അപേക്ഷ? കുറച്ചു നീരസമുണ്ടെന്നുവച്ച് അപമര്യാദ, വിശേഷിച്ചും കുട്ടികളെ സംബന്ധി ച്ച്, ഞാൻ പ്രവർത്തിക്കുമോ? പ്രഭാകരൻ എന്റെതുമല്ലേ?

ശ്രീകണ്ഠൻ: കേൾക്കൂ ഇവർ പരസ്പരം തല പൊളിക്കുമ്പോഴും ഉമ്മ കൊടുക്കും.

ശങ്കരൻകുട്ടി: തേങ്ങാ കൊടുക്കും ! നല്ല മരുമകന്മാർ പെരുവഴിയിൽ ചിന്തിക്കിടക്കുന്നില്ല-

കേശവൻതമ്പി: (ഡാക്ടരോട്) നിങ്ങളല്ലേ ഈവക കാര്യങ്ങളിൽ സമര്‍ത്ഥൻ?

(ശ്രീകണ്ഠൻ ഡാക്ടരെ കുത്തുന്നു- ശങ്കരൻകട്ടി രസിച്ചു ചാഞ്ചാടുന്നു.)

 

രംഗം അഞ്ചു് (44-48)

 

-44-


പ്രഭാകരൻകുട്ടിയെ കണ്ടുപിടിക്കാൻ വഴി കണ്ടുപിടിക്കൂ-ഗുണദോഷിക്കൂ -

ഡാക്ടർ: പോയി അഹങ്കാരം തീർത്തുവരട്ടെ. ഇത്ര തിടുക്കപ്പെടാനെന്താണുള്ളതു്?

ശ്രീകണ്ഠൻ: എന്താ പറയുന്നതു് ചങ്ങാതി? ദുഃഖിച്ചിരിക്കുന്ന ഗുരുജനങ്ങളോടാണോ കളിപറയുന്നതു്?

ശങ്കരൻകുട്ടി: മൂത്തുമുരങ്ങിച്ച 'ബാച്ചിലര്‍'ക്കുണ്ടോ ആർദ്രത? പ്രഭാകരൻ കള്ളൻ

ഡാക്ടർ: (ശങ്കരൻകുട്ടിയെ ഒന്നു തല്ലീട്ട്) സൊള്ളാ। മിണ്ടാതിരിക്കൂ. ഇവര്‍ക്കെന്താണ് വ്യസനിക്കാനുള്ളതു്? ഇദ്ദേഹത്തിനു വേണ്ട സ്വത്തുണ്ടു്. അദ്ദേഹത്തിന് പുത്രിയുണ്ട്.

ശ്രീകണ്ഠൻ: (ഡാക്ടരോടു്) ഒന്നല്ലാ, രണ്ടു്. ബഹുവചനം പ്രയോഗിക്കൂ. അല്ലെങ്കിൽ-

ഡാക്ടർ: (ശ്രീകണ്ഠനെ തല്ലീട്ടു്) ഇവറ്റയ്ക്കിവിടെ എന്താണു കാര്യം? ഞാൻ പറയുന്നതു് എല്ലാപേക്കും ഓരോ നഷ്ടങ്ങൾ ഓരോ കാലത്തുണ്ടാകും. ശേഷിച്ചതുവെച്ചു സുഖിക്കണം. സന്തുഷ്ടിയാണു മനുഷ്യര്‍ക്കു പ്രഥമഗുണം.

ശങ്കരൻകുട്ടി: നില്ക്കണേ. ഡാക്ടർ ഒരു സംഗതി കേട്ടില്ലായിരിക്കാം. ഇദ്ദേഹത്തിന്റെ സ്വത്തു ബാങ്കിൽ കിടന്നതും പാടേ പൊളിഞ്ഞു! അങ്ങനെ ഒരു കമ്പിയും ഇന്നു കുറച്ചുമുമ്പു കിട്ടി.

ഗോപാലൻനായർ: കൂനിൽ കരു പുറപ്പെട്ടപോലെ അതും പറ്റി. എല്ലാം പോട്ടെ - (ഒരു കസേരയിൽ വീഴുന്നു.)

ഡാക്ടർ: അതുപോട്ടെ രണ്ടു കേസുകൊണ്ടു്, അത്രയിലധികം നേടാൻ അവിടേക്കും ആയുസ്സ് ശേഷിക്കട്ടേ! അതുമതി-

കേശവൻതമ്പി: (ഇരുന്നു” ആത്മഗതം) കഷ്ടം ! മകനും ധനവും പോയി! ഇദ്ദേഹത്തോടും ഞാൻ ശണ്ഠകൂടേണ്ടതില്ലായിരുന്നു. (കരുണയോടുകൂടി ഗോപാലൻനായരോട്) ഞാൻ എന്താ വേണ്ടതു്? പറഞ്ഞാൽ എന്തു ചെയ്‍വാനും തയ്യാറുണ്ട്.

-45-


ഗോപാലൻനായർ: എന്നാൽ ഇക്കുഞ്ഞിനെ പ്രഭാകരൻകുട്ടിക്കു കൊടുക്കാൻ തയ്യാറാണെന്നും പത്രങ്ങളിൽ ഒന്നു പരസ്യം ചെയ്ക. അതു കണ്ടാൽ പ്രഭാകരൻ മടങ്ങി എത്തും.

അമ്മിണിക്കുട്ടി: കൊടുക്കുന്നതു പറയേണ്ട. അച്ഛനും അമ്മാവനും നിരന്നു എന്നു പ്രസിദ്ധപ്പെടുത്തിയാൽ മതി.

കേശവൻതമ്പി: അങ്ങനെയല്ലാ. നിന്നെത്തന്നെ ഇതാ കൊടുത്തു കഴിഞ്ഞു. പ്രസിദ്ധംചെയ്തുകൊള്ളട്ടെ. അഡ്‌വർട്ടൈസ് ചെയ്യട്ടെ. ഞങ്ങളുടെ ദുഃഖങ്ങളെ സർവ്വശക്തൻ തീക്കട്ടെ.

(അമ്മിണിക്കുട്ടി ലജ്ജിച്ചുനിൽക്കുന്നു. ശങ്കരൻകുട്ടിയും ശ്രീകണ്ഠനും ഡാക്ടരെ ഷേക് ഹാൻഡ് ചെയ്തു് സദ്യയുണ്ണാൻ തയ്യാറാകുന്നതിനു് ചില ആംഗ്യങ്ങൾ കാട്ടുന്നു. രാമശ്ശാവ് അതിപരിഭവത്തിൽ ഓരോരുത്തരേയും നോക്കുന്നു.)

ഡാക്ടർ: ഈ സദ്യഉണ്ണന്മാരു് വെറുതെ ഭ്രാന്തുപിടിക്കുന്നു. (കേശവൻതമ്പിയോടു) അവിടുത്തേക്കു മറ്റു പണിയില്ലേ? അമ്മിണിക്കുട്ടിക്കുവേണ്ടി മിസ്റ്റർ പ്രഭാകരൻ മടങ്ങിവരില്ലാ. ആ കക്ഷീടെ വക്കീൽ ഞാൻതന്നെയാണു്.

കേശവൻതമ്പി: ഡാക്ടക്കു് എന്തെല്ലാം തോന്നുന്നു?

ഗോപാലൻനായർ: കട്ടനെ ഗുണദോഷിച്ചു' ശരിയാക്കാനുള്ള ആൾ ഇങ്ങനെ പറഞ്ഞുകൊണ്ടാൽ എങ്ങനെയാണു്?

ഡാക്ടർ: എനിക്കു വിശേഷിച്ചൊന്നും തോന്നുന്നില്ലാ. പരമാര്‍ത്ഥങ്ങൾ കാണാൻ എനിക്കു കണ്ണു രണ്ടുണ്ട്. ഊഹശക്തി എന്റെ തൊഴിലിനിടയിൽ കുറച്ചൊന്നു് പുഷ്ടിയായിട്ടുമുണ്ടു്.

കേശവൻ തമ്പി: എന്തോന്നാ ഡാക്ടരേ ഈ മനശ്ശാസ്ത്ര റെവിലേഷൻസ്?

-46-


ഡാക്ടർ: എന്തോന്നാണോ? മറ്റുള്ളവർ കാട്ടുന്നതിനു കുറ്റമില്ല. ഇവൻ പറയുനതിനാണു കുറ്റം! എന്നാൽ കേൾക്കുക. അമ്മിണികുട്ടിക്കും ഇവിടെ വേറെ ആൾ ഏർപ്പെട്ടിട്ടുണ്ട്. കഥയുടെ പർവ്വങ്ങൾ പ്രഭാകരൻകുട്ടിയോളം ആരും തന്നെ സൂക്ഷ്മമായി അറിഞ്ഞിട്ടില്ല. എന്റെ യുവസ്നേഹിതൻ പുരുഷത്വമുള്ള വീരനാണു്.

അമ്മിണിക്കുട്ടി: (വ്യസനത്തോടും പരിഭ്രമത്തോടും) ഡാക്ടർ ചേട്ടൻ ഇങ്ങനെതന്നെ പറയും. തര്‍ക്കവുമില്ല; തരവുമില്ല. അച്ഛൻ അറിയാതെ ഇവിടെ എന്ത് ഏപ്പാടു്? ഇങ്ങനെ അപവാദം പറഞ്ഞാൽ എനിക്കും ചിലതറിയാം.

രാമശ്ശാർ: അപവാസവും ഒരഭവാസവുമങ്ങു വച്ചേക്കട്ടെ, ആളൊണ്ടങ്കിലൊണ്ടു്. ഒപ്പിച്ചേച്ച് മലര്‍ന്നുകളയുന്നതു കണ്ടിലോ? അമ്പോ നിക്കിന്നിടം താന്നുപോഹുമേ!

ഡാക്ടർ: ഇങ്ങനെ ഓരോരുത്തർ ശത്രുത്വം തുടങ്ങുമ്പോഴാണു് മറ്റുള്ളവർ നാടുവിട്ടോടിപ്പോകുന്നതു്. യജമാനന്മാരെ വഞ്ചിച്ച് ശിഷ്യന്മാർ വല്ലതും പ്രവത്തിച്ചിട്ടു് മറ്റുള്ളവരുടെമേൽ പഴി ചുമത്തുമ്പോൾ, ആളുകൾ രാജ്യം വിടും ; കടലിൽ തീ പിടിക്കും, മലകൾ പണ്ടേപ്പോലെ പറന്നു തുടങ്ങും- എന്തിനും ഞാൻ കഥ വിസ്തരിക്കുന്നു? 'ഉഷവധം' കഥ-

രാമശ്ശാർ: ഇതാണു് രണ്ടുതലയ്ക്കലും തീവെക്കണ കച്ചവടം -

ഡാക്ടർ: അതു തനിക്കേയുള്ളു. സാക്ഷി മൂത്തകട്ടിയുണ്ടു്. വിളിക്കട്ടേ ഇങ്ങോട്ടു. അടുത്ത മുറിയോളം വരട്ടെ. അപ്പോൾ വേണ്ട തെളിവുതരാം.

അംബികക്കുട്ടി: (അണിയറയ്ക്കുകത്തുനിന്നു്) ' 'ഞാൻ ഇവിടെ ഉണ്ടു്'

-47-


കേശവൻതമ്പി: ഡാക്ടർ ഇങ്ങനെ കളിപറയുന്നതുകൊണ്ടു് ഒന്നു തീര്‍ച്ചയായി. ഡാക്ടരറിയാതെ പ്രഭാകരൻ എങ്ങും പോയിട്ടില്ലാ.

ഡാക്ടർ: എൻറെ മുട്ടു രണ്ടാണെ, ഈ ബൂട്ട്സാണെ, രാമശ്ശാരു പറയുമ്പോലെ ഈ തലച്ചട്ടിയാണെ, ഇപ്പോൾ ദാഹിക്കുന്ന കാഫിയാണെ, രാമശ്ശാർ അറിയാത്ത കാര്യമൊന്നും ഞാൻ അറിഞ്ഞിട്ടില്ലേ. ഭൃത്യന്റെ ചെയ്കയ്ക്ക് യജമാനൻ ആണ് ഉത്തരവാദി. ശ്രീകണ്ഠരേ! നിയമം അങ്ങനെയല്ലേ?

ശങ്കരൻകുട്ടി: അക്കാംപ്സിസ്സിനും ! ശിക്ഷയുണ്ട്.

ശ്രീകണ്ഠൻ: ടാർട്സിൻ പ്രകാരമോ, പറവാനില്ല.

ഗോപാലൻനായർ : കളിക്കാനുള്ള സന്ദർഭം ഇതല്ല- മനസ്സു വേകുന്നു.

അമ്മിണിക്കുട്ടി: മരണങ്ങളും കഷ്ടതകളും കണ്ടു് ഡാക്ടറന്മാരുടെ മനസ്സു കല്ലിച്ചുപോകും.

ഡാക്ടർ: എന്താ പറയുന്നതു് മധുരികേ? ജ്യേഷ്ഠത്തി സാക്ഷിക്കൂട്ടിൽ കേറാൻ ഹാജരായി നില്ക്കുന്നു. നല്ലവണ്ണം ഓര്‍ത്തു പറയൂ. രാമശ്ശാരെ ഏൽപ്പിച്ച ലെറ്റർ ഡെഡ്‌ലെറ്റർ ആഫീസൂടെ ഇവന്റെ കൈയിലെത്തി.

രാമശ്ശാർ: കുഞ്ഞൊന്നും പറയേണ്ട. നമുക്കങ്ങഹത്തു പോവാം. കീറീം മുറിക്കീം ചെയ്യുന്നവര്‍ക്കുണ്ടോ മനുഷ്യക്കനിവു്!

ഡാക്ടർ: എടോ നിങ്ങടെ സ്വകാര്യങ്ങൾ നിങ്ങളോടിരിക്കട്ടെ. വേഗം ചെന്നു കിട്ടിയതിനെ വെച്ചുപൂട്ടി സൂക്ഷിച്ചുകൊള്ളിൻ.

രാമശ്ശാർ: എന്ത് ഇരുതലമൂലിത്തരം!

ശ്രീകണ്ഠൻ: (ഡാക്ടരോടു്) അടുത്ത കൈയ്ക്ക് ഇയാൾ ചാടിവീണു് തല്ലും

-48-


രാമശ്ശാർ: ചാടാതെ നില്പിൻ.

ഡാക്ടർ: (ശ്രീകണ്ഠനോടു്) ചാടിച്ചാടി നാഡിത്തറിപ്പു ഇരുന്നൂറായി. അരസെക്കൻഡുകൊണ്ടു് സ്വർഗ്ഗ . അല്ലാ രാമശ്ശാരാകകൊ ‌ണ്ടു നരകം.

രാമശ്ശാർ: ഏമാന്റെ മാതിരികളു് ശീമയ്ക്കേ കൊളളൂ.

ഡാക്ടർ: തന്റെ തലപോകാനുള്ള കാലം ആയടൊ. ആരെയാണു് ഇവിടെ താൻ പിടിച്ചു അടച്ചിരിക്കുന്നതു്? ഒന്നു ചിന്തിക്കൂ.

(അമ്മിണിക്കുട്ടി കേശവൻതമ്പിയുടെ കര്‍ണ്ണത്തിൽ മന്ത്രിക്കുന്നു.)

കേശവൻതമ്പി: (അംബികക്കുട്ടിയെ ലക്ഷ്യമാക്കി) അമ്മ !

അംബികക്കുട്ടി: (രംഗത്തേക്കു മുഖംകാട്ടി) എന്തു്?

കേശവൻതമ്പി: രാവിലെ ഒരു ഭ്രാന്തൻ, ഇവിടെ വന്നയാൾ പോയിട്ടില്ല ഇല്ലേ? രാമന്റെ അപകടത്തിൽ നീകൂടി ചേരുമെന്നും ഞാൻ വിചാരിച്ചിരുന്നില്ല. വലിയ പോരായ്മ ആയിപ്പോയി. മറ്റു സംഗതികൾക്കു നിവൃത്തിയുണ്ടു്. ഇവിടെ വന്നുപറ്റിയിരിക്കുന്നതു് പുറത്തറിയുമ്പോൾ എന്തു കുറച്ചിലാവും ? രാമ! നീ പോയി ക്ഷണം ഇങ്ങോട്ടു കൊണ്ടരിക. പ്രസിദ്ധമാകട്ടെ. എന്തും വരട്ടെ. ആരായാലെന്തോന്നു്? നിലവിട്ട് ആരും കളിക്കരുതല്ലൊ.

(രാമശ്ശാർ വൈമനസ്യത്തോടെ പോകുന്നു.)

 

രംഗം അഞ്ചു് (49-52)

 

-49-


അമ്മിണിക്കുട്ടി: അച്ഛനും അമ്മാവനും മാത്രം അങ്ങോട്ടു പോയി മുഖം കാണിക്കയാണു നല്ലതു്.

ശങ്കരൻകുട്ടിയും ശ്രീകണ്ഠനും: അല്ലല്ലാ! ഇതാരും വിചാരിക്കാത്ത ഒരു മൂന്നാം കഥയാണല്ലോ!

ഗോപാലൻനായർ: എന്തോന്നാണു കുഞ്ഞെ അക്കഥ?

അമ്മിണിക്കുട്ടി: ഒരു ഭ്രാന്തൻവേഷം ഇന്നിവിടെ വന്നു. രാമശ്ശാർ പിന്നീട് ചിലതൊക്കെ പറഞ്ഞു പരമാർത്ഥം ഇപ്പോൾ അറി യാം. ഇതാ വരുന്നു.

(രാമശ്ശാർ അകമ്പടിസേവിച്ച് പ്രഭാകരൻനായരെ രംഗത്തിൽ ഒരു മൂലയിൽ പ്രവേശിപ്പിക്കുന്നു.)

പ്രഭാകരൻനായർ: (അച്ഛനെ കാണാതെ) 'ആദൗ കമ്മപ്രസംഗാൽ

(ഡാക്ടർ അരുതെന്നു കൈ കാണിക്കുന്നു. ശങ്കരൻകുട്ടിയും ശ്രീകണ്ഠനും ചൊല്ലാൻ ഉത്സാഹിപ്പിച്ചു കൈകാട്ടുന്നു.)

(പ്രഭാകരൻനായർ പിന്നെയും തുടങ്ങുന്നു.) 'ഓരോരോ ജന്മജന്മാ അരമതിലുളവായുള്ള പുണ്യാതിരേകാൽ.'

(ഡാക്ടർ ശപിക്കുന്ന ഭാവം കാണിക്കുന്നു. ഡാക്ടരുടെ പുറകിൽ നിന്നുകൊണ്ട് മറ്റു രണ്ടുപേരും ഡാക്ടർ കാണിക്കുന്ന നാട്യം 'കഥ നടക്കട്ടെ' എന്നാണെന്നു കാണിക്കുന്നു. ഗോപാലൻനായർ ആശ്ചര്യപ്പെട്ട നിൽക്കുന്നു.)

പ്രഭാകരൻനായർ: അങ്ങനെയുള്ള കാലത്തു്, സർവചരാചരങ്ങളും സൂക്ഷ്മങ്ങളായ അണുശ്ശകലങ്ങളായി, അനന്തമായ ആകാശവിസ്തൃതിയിൽ ചലിപ്പൂതും ചെയ്ത് ഇയങ്ങുന്ന കാലത്തുങ്കൽ-

ഡാക്ടർ: ശനി ! (എന്നു പറഞ്ഞുകൊണ്ടു തൊപ്പിയും, മീശയും, പ്ലാസ്തിരികളും വലിച്ചെറിഞ്ഞു സാക്ഷാൽ പ്രഭാകരൻനായരെ കാട്ടുന്നു.)

-50-


ശങ്കരൻകുട്ടിയും ശ്രീകണ്ഠനും: ഓഹോ! ഇത് അത്ഭുതം . ഡാക്ടർ മജിഷ്യൻ അത്ഭുതവിളക്കിലെ മാന്ത്രികൻ തന്നെ.

ഗോപാലൻനായരും കേശവൻതമ്പിയും: കന്നന്മാരു്! യേശ്ശേ, ഇതു കടന്ന കൈയായിപ്പോയി.

(രാമശ്ശാർ വാപൊളിച്ച് ഉചിതമായ തോലി അഭിനയിക്കുന്നു.)

ശ്രീകണ്ഠനും ശങ്കരൻകുട്ടിയും: (പ്രഭാകരൻനായരുടെ കൈ പിടിച്ചു കുലുക്കിക്കൊണ്ടു്) എന്നേ കള്ളാ! ഞങ്ങളെ കഷായിപ്പിച്ച-

പ്രഭാകരൻനായർ: പോവിൻ. കള്ളദുരുപദേശികൾ!

ഗോപാലൻനായർ: ഇതെല്ലാം ഈ ഡാക്ടരുടെ കൃത്രിമമാണു്.

കേശവൻതമ്പി: ഇത്രയൊക്കെ ഉണ്ടെന്നു ഞാൻ വിചാരിച്ചിരുന്നില്ലാ. എന്നാൽ നമ്മുടെ കലഹം ഇതുകൊണ്ടു നീങ്ങിയതാണു് എല്ലാത്തിലും വലുതായ സന്തോഷം. അതുകൊണ്ടു് ഞാനും ഒന്നു കുട്ടിയാകട്ടെ. നമുക്കെല്ലാപേക്കും കൂടി ഡാക്ടർ ഒരു ഡിന്നർ വിരു ന്നു തരട്ടെ. അങ്ങനെയൊരു ശിക്ഷ ഞാൻ വിധിക്കുന്നു.

ഡാക്ടർ: ബാങ്കു പൊളിഞ്ഞതും, പണം പോയതും ഇതുപോലെയൊക്കെത്തന്നെയായിരിക്കാം. ശ്രീകണ്ഠൻകൂട്ടര്‍ക്കു പണി വേറെ വേണ്ടേ? അവൻ അയപ്പിച്ച കമ്പികൾ എന്തു ക്ലേശമുണ്ടാക്കി! ആ കുസൃതികൾക്കു ഡിന്നറും വിവാഹസദ്യയും കിട്ടുന്നു.

കേശവൻതമ്പി: ദിവസം നിശ്ചയിച്ചുകൊള്ളുക, സമ്മതിച്ചു.

-51-


അമ്മിണിക്കുട്ടി: ഞാൻ സമ്മതിക്കുന്നില്ലാ.

ഗോപാലൻനായർ: എന്റെ കുഞ്ഞു് ഇനിയും ഇവനെ ഭ്രാന്താട്ടരുതു.

അമ്മിണിക്കുട്ടി: (ഡാക്ടരെ കരെ നോക്കി) യോഗ്യൻ ! എനിക്കും അറിയാം ചിലതു പൊട്ടിക്കാൻ.

ഡാക്ടർ: ഓയെസ്. കുഞ്ഞേ! കട്ടിക്കാരത്തി! സംഗതികൾ ഒതുക്കാൻ വരട്ടെ. ഇവൻ ഇത്ര ലഘുവിൽ വിടുന്നവനല്ലാ. പ്രഭാകരവേഷം മുൻപോട്ടു നീങ്ങിനില്ക്കട്ടെ. മുൻപു പറഞ്ഞിട്ടില്ലേ ഹേ 'കട്ടികക്കാരനും വന്തുതൊന്റിനായ്' പുള്ളി! 'ജ്യേഷ്ഠനിരിക്കെ കുരുവംശത്തി' എന്നും മറ്റും? അതിന്റെ സാരം ജ്യേഷ്ഠത്തിക്കു കല്യാണം കഴിയാതിരിക്കുമ്പോൾ അനുജത്തിയെ താൻ വേൾക്കൂല്ലെന്നല്ലേ?

കേശവൻതമ്പി: എന്റെ ഡാക്ടരേ? ഇനിയും അനർത്ഥങ്ങൾ വലിച്ചിടാതിരിക്കുക. അമ്മുവിനു പിടിച്ച ഒരു ഭർത്താവു വരണ്ടേ? അവളുടെ ഇഷ്ടം പോലുള്ള ഒരു യോഗ്യൻ വരുമ്പോഴാകട്ടെ എന്നാണു ഞാൻ വച്ചിരിക്കുന്നതു്.

ഗോപാലൻനായർ: ഇതിപ്പോൾ നടക്കട്ടെ. അംബികക്കുട്ടിക്കു വേറെ തക്ക ആൾ ഉണ്ടാക്കാൻ ശ്രമിക്കാം.

ഡാക്ടർ: അതു നടപ്പില്ലാ, കക്ഷി ഹാജരുണ്ട്. സ്വയമായി വദിക്കട്ടെ.

കേശവൻതമ്പി: എന്താ അമ്മൂ?

അംബികക്കുട്ടി: അച്ഛന്റെ മനസ്സുപോലെ നടക്കട്ടെ. അമ്മിണിക്കുണ്ടാവുന്ന ഭാഗ്യവും സന്തോഷവും എനിക്കുവേണ്ടി മാറ്റിവയ്ക്കേണ്ട. എല്ലാപേര്‍ക്കും സമ്മതമുള്ള ആ വിവാഹം ഉടനെ നടക്കട്ടെ.

ഡാക്ടർ: അല്ലല്ലാ, കഥകൾ യാതൊന്നും ആരും കേട്ടിട്ടില്ലെന്നാണു തോന്നുന്നതു്. തടസ്ഥം ചെയ്യുന്ന കക്ഷി അംബികക്കുട്ടിയല്ലാ, പ്രഭാകരൻകുട്ടിയാണ്. അയാൾ ജ്യേഷ്ഠത്തിയുടെ വിവാഹം കഴിഞ്ഞേ പരിണയക്കാപ്പ് അണിയൂ. ആദൗ കര്‍മ്മപ്രസംഗമല്ലേ? ഒരു വരനെക്കൂടി കണ്ടുപിടിക്കണം. എന്നാൽ ഇപ്പോൾ ഒരു ഇരട്ടക്കല്യാണം നടക്കും. ഡാക്ടരല്ലേ! വീട്ടിന്നകത്തുവെച്ചു കളിപറയുന്നതുകൊണ്ടു കയര്‍ക്കരുത്. ഇതാ ഇവരു- കുട്ടന്മാർ നല്ല യോഗ്യന്മാരു് ആക്ഷേപിക്കുമെങ്കിലും, ചെലവു മിച്ചം ഇവരിൽ ഒരാൾക്കിരിക്കട്ടെ.

-52-


ശ്രീകണ്ഠനും ശങ്കരൻകുട്ടിയും: എന്നാൽ അഭിപ്രായകാരനുതന്നെയാകട്ടെ ആ മിച്ചം.

ഡാക്ടർ: എടോ, ഡാക്ടർ എന്തെല്ലാം വേണം? എന്നുമാത്രമല്ലാ. ഞാൻ പറഞ്ഞാൽ മാത്രം മതിയോ അതു്?

ഗോപാലൻനായർ: (ഡാക്ടരുടെ അടുത്തുചെന്നു്) എത്ര ഭംഗിയാകുമെന്നാൽ ! എന്തു സന്തോഷമാകും ഈയാളുകൾക്കു്!

(ഡാക്ടർ അംബികക്കട്ടിയെ ചൂണ്ടിക്കാണിക്കുന്നു. ഗോപാലൻനായർ അംബികക്കുട്ടിയെ നോക്കുന്നു. അംബികക്കുട്ടി ലജ്ജനടിച്ചു നിൽക്കുന്നു.)

വട്ടം കൂട്ടിക്കൊള്ളുക. ഡാക്ടർ നിശ്ചയിച്ച ഇരട്ടക്കല്യാണത്തിനു്.

രാമശ്ശാർ: ആര്‍ക്കുമാര്‍ക്കുമാണെന്തോ കല്യാണം?

ഗോപാലൻനായർ: അംബികക്കുട്ടിയെ ഡാക്ടരും അമ്മിണിക്കുട്ടിയെ പ്രഭാകരനും. എന്താ സമ്മതമില്ലെന്നുണ്ടോ? ഇന്നത്തെ സ്വല്പ പരിഭവങ്ങളെ മറന്നുകളയൂ.

ഡാക്ടർ: ഡാക്ടര്‍ക്കു കിട്ടിയ മിച്ചം ഇങ്ങനെയാണെടോ.

(രാമശ്ശാർ പൊട്ടിച്ചിരിച്ചു വീണ് കൈകാൽ എറിഞ്ഞു തുള്ളിച്ചാടുന്നു.)

എന്തെടാ, എന്തെടൊ?

രാമശ്ശാർ: ഝൊരം, തലയീന്നു് ഇരുന്നൂറു ടിക്കിരി- സന്തോഷം കൊണ്ടു് രീം- രീം-

(കർട്ടൻ സാവധാനത്തിൽ താണുതുടങ്ങുന്നു.)

ഡാക്ടർ: ഹൈ! ഹൈ! എണീക്കൂ. പനി മാറിനിൽക്കട്ടെ. (കേശവൻതമ്പി, ശങ്കരൻകുട്ടി, അംബികക്കുട്ടി, രാമശ്ശാർ, അമ്മിണിക്കുട്ടി, പ്രഭാകരൻനായർ, ശ്രീകണ്ഠൻ, ഗോപാലൻനായർ ഈ ക്രമത്തിനു നിർത്തിയിട്ടു്) അച്ഛന്മാർ ഇനി പിണങ്ങാതിരിക്കട്ടെ! വിവാഹസദ്യ കൊണ്ടുപിടിക്കട്ടെ! രണ്ടു മാന്യശ്രീമതികൾ ശൃംഖലിതകളായി ഭവിക്കട്ടെ. ഡാക്ടര്‍ക്കു കിട്ടിയ മിച്ചം മെച്ചതരം വിലസട്ടെ! അല്ലെങ്കിൽ-

എല്ലാവരും ചേർന്നു: ആദൗ കര്‍മ്മപ്രസംഗാൽ-ഹ ഹ ഹ!

(രംഗവാസികൾക്ക് അഭിവാദ്യം)

(കർട്ടൻ)