പാത്രവിവരം (01)
രംഗം ഒന്ന് (02-06)
രംഗം ഒന്ന്
[മാധവൻപിള്ളയുടെ ഗൃഹം. പങ്കജാക്ഷി പെൻസിൽകൊണ്ട് എഴുതിക്കൊണ്ടിരിക്കുന്നു. ഭദ്ര ഒരു മാസിക വായിക്കുന്നു.ഭദ്ര: ചേച്ചീ, 'വൈസ്രായി' എന്നയാൾ ആരു ?
പങ്കജാക്ഷി: ചക്രവത്തിതിരുമനസ്സിലെ പ്രതിപുരുഷനായി ഇൻഡ്യയെ ഭരിക്കുന്ന ഉദ്യോഗസ്ഥൻ.
ഭദ്ര: (കുറച്ചു കഴിഞ്ഞു) മെസ്സീനാപട്ടണം എവിടെ?
പങ്കജാക്ഷി: സിസിലിയിൽ.
ഭദ്ര: അതെവിടെ?
പങ്കജാക്ഷി: ഉപദ്രവിക്കാതിരിക്കൂ.
ഭദ്ര: ചേച്ചി ചിത്രം എഴുതുകയല്ലേ? പിന്നെന്താണു പറഞ്ഞുതന്നാൽ?
പങ്കജാക്ഷി : ചിത്രമെഴുത്തുകൊണ്ടു് നിനക്കെന്താണുപദ്രവം?
ഭദ്ര: (വേഗത്തിൽ എഴുനേറ്റു ചിത്രത്തിൽ നോക്കീട്ട്) എനിക്കു മനസ്സിലായി ആരുടെ പടമെന്നു. എഴുതണം, എഴുതണം-ഇനിയും വഴിയിൽ വീഴാനുള്ള വിദ്യ സമ്പാദിച്ചുവയ്ക്കണം.
പങ്കജാക്ഷി: (കുററം സമ്മതിച്ചുള്ള ലജ്ജാവിനയങ്ങളോടെ) 'സി സിലി' യൂറോപ്പുഖണ്ഡത്തിൽ ഇററലി രാജ്യത്തിൻറെ അടുത്തുള്ള ഒരു ദ്വീപാണ്.
ഭദ്ര: അങ്ങനെ പറഞ്ഞുതരണം. ചേച്ചീ അന്നു പിടിച്ചെണീപ്പിച്ച ആ സുന്ദരന്റെ പടമല്ലേ ഇത്?
പങ്കജാക്ഷി: നോക്കൂ ഭദ്ര! മിണ്ടാതിരുന്നില്ലെങ്കിൽ ഉണ്ടല്ലോ-ഞാൻ അച്ഛനോടു വിളിച്ചുപറയും.
ഭദ്ര: വിളിച്ചു പറയണം, കാണട്ടെ ഞാനല്ലല്ലോ വഴിയിൽ കാണുന്നവരുടെ അടുത്തു മമതയ്ക്കു നില്ക്കുന്നതു്. എന്നെ പുറകിലിട്ടേച്ചു ദിവസേന 'പിടി പിടി' എന്നു നടന്നുകളയുന്നതെനിക്കും ഓമ്മയുണ്ടു്.
(പങ്കജാക്ഷി ഭദ്രയെ ഒന്നടിക്കുന്നു.)
(പങ്കജാക്ഷിക്കു മൂന്നാലുകൊടുത്തിട്ടു്) ഇതാ, ചേച്ചി എന്നെ അടിക്കുന്നേ!
(നിലവിളി കേട്ടു ഝടിതിയിൽ മാധവൻപിള്ളയും ലക്ഷ്മി അമ്മയും കിട്ടുപ്പണിക്കരാശാനും പ്രവേശിക്കുന്നു. )
പങ്കജാക്ഷി: (അതിനിടയിൽ) ചേച്ചിയെ പക്ഷമല്ലെ ഭദ്രയ്ക്ക്? (എന്നു ഭദ്രയെ കെട്ടിച്ചേർത്തുകൊണ്ട് എണീറ്റു നില്ക്കുന്നു.)
മാധവൻപിള്ള: എന്തോന്നാ ഭദ്രേ, കേസ്സ്?
ലക്ഷ്മിഅമ്മ: അവൾക്കു കേസ്സിനു വല്ലതും വേണോ? മൂക്കിനടുക്കെക്കൂടി ഒരീച്ച പറന്നാലും മതി.
ആശാൻ: കുട്ടികൾക്കു് എളുപ്പം കൊടുത്തുകൂടാ. സേവിച്ചുതന്നെ വളരണം. ചൂരൽക്കഷായം
ഭദ്ര: (ആശാനെ ദേഷ്യത്തോടു നോക്കിക്കൊണ്ടു്) ചേച്ചിയും ഞാനും കളിച്ചു അച്ഛാ. (ആശാനോടു്) ആശാന്റെ കഷായം ആശാൻ സേവിച്ചു വളര്‍ന്നില്ല; ഇല്ലേ ആശാനേ?
മാധവൻപിള്ള: ഭദ്രേ! നാക്കിനെ നല്ലവണ്ണം ഭരിക്കണമെന്നു ഞാൻ പപ്പോഴും പറഞ്ഞിട്ടില്ലേ? ഇവിടെ ഉണ്ടായ വലിയ നിലവിളി നിന്റെയോ, പങ്കജത്തിൻറയോ?
ഭദ്ര: (മാധവൻപിള്ളയോടണഞ്ഞു്) അച്ഛാ-ഞങ്ങടെ കൂട്ടത്തിലുള്ള ഒരു കുട്ടി ഇടങ്ങഴി പുളിംകുരു ക്ലാസ്സിൽ കൊണ്ടുവന്നു. എന്നിട്ടു, വാദ്ധ്യാർ വലിയ ശണ്ഠകൂട്ടി എല്ലാം വലിച്ചെറിയിച്ചു.
മാധവൻപിള്ള: (ആത്മഗതം) പങ്കജത്തിൻമേലാണു് വീഴ്ചയെന്നും, അനുജത്തി അതിനെ മറയ്ക്കുന്നു എന്നുമാണു തോന്നുന്നതു്. (പ്രകാശം) നീ അതിൽ എത്ര പെറുക്കി 'അകംകാണാഭരണി'യിൽ ആക്കി
ലക്ഷ്മിഅമ്മ: ഇവിടെ കിടന്നു 'വലിയകോട്ട തുറന്ന' കേസ് പോയോ?
ആശാൻ: 'ബാലാനാം രോദനം ബലം.' എന്നാൽ ചിലപ്പോൾ, "രോദനാല്‍ കാമമാപ്നോതി.'
മാധവൻപിള്ള: (ഭാര്യയോടു മിണ്ടരുതെന്നു കണ്ണു കാണിച്ചിട്ടു, കസേരയിൽ ഇരുന്നു ഭദ്രയെ അടുത്തു ചേർത്തുകൊണ്ടു്) ആശാനും ഇരിക്കണം.
(ആശാൻ ഇരിക്കുന്നു.)
പങ്കജം, നീ എന്താണ് ഈയ്യിട കുറേശ്ശേ പഠിത്തത്തിൽ മടിച്ചു വരുന്നതു്? നിന്റെ ഉത്സാഹശീലവും മങ്ങിക്കാണുന്നു. ദേഹവും ചടയ്ക്കുന്നു. എന്താ- വല്ലതും സുഖക്കേടുണ്ടോ?
പങ്കജാക്ഷി: സുഖക്കേടൊന്നുമില്ല. വേനലിന്റെ കാഠിന്യം കൊണ്ടു ക്ഷീണമുണ്ടായിരിക്കാം.
ആശാൻ: അതൊന്നുമല്ലാ. മൂത്ത കുഞ്ഞു്, അപ്പഴപ്പോൾ അവിടവിടെ ചെന്നു മിണ്ടാതെ നിന്നുപോകുന്നു. അങ്ങനെ നില്ക്കുമ്പോൾ സ്വപ്നത്തിൽനിന്നും ഉണര്‍ന്നതുപോലെയും, വല്ലോരും കണ്ടോ എന്നു ശങ്കിച്ചപോലെയും പെട്ടെന്നും അങ്ങോട്ടുമിങ്ങോട്ടും നോക്കിപ്പോകുന്നു. ഭക്ഷണത്തിലും രുചി കാണുന്നില്ലാ. മനസ്സിൽ എന്തോ ചിന്ത കടന്നുകൂടിയിട്ടുണ്ടെന്നാണു ഞാൻ വിചാരിക്കുന്നതു്. 'ഊണിന്നാസ്ഥ കുറഞ്ഞു, നിദ്ര നിശയിങ്കൽപ്പോലുമില്ലാതെയായ്.' ശേഷം ചിന്ത്യമാണു കുഞ്ഞേ.
ലക്ഷ്മിഅമ്മ: ആശാൻ പറഞ്ഞതു ശരിയാണു. എല്ലാം കണ്ടു്, ഈയ്യിടെ ഞങ്ങൾക്കു വളരെ ക്ലേശമുണ്ടു്.
ആശാൻ: കുഞ്ഞു പരമാർത്ഥം പറയണം. 'നഹി സത്യാൽ പരോ ധര്‍മ്മഃ - ധര്‍മ്മോജയതി മാധവ.'
ഭദ്ര: ചേച്ചിക്കു വിശക്കുന്നില്ലയോ? നമുക്കും ഉണ്ണാൻ പോകാം.
ലക്ഷ്മിഅമ്മ: ഇവരിപ്പോൾ ചേച്ചിയെ മേയ്ക്കുണ്ട. അവിടത്തേക്കു വിശന്നുതുടങ്ങിയെങ്കിൽ പോയി ഉണ്ണണം.
(ഭദ്ര ലക്ഷ്മിഅമ്മയ്ക്കു പതുക്കെ ഒരു നുള്ളുകൊടുത്ത്, സസ്സനി - സസ്സനി എന്നു പാടിച്ചാടിപ്പോകുന്നു.)
നീ കുറ്റക്കാരിയെപ്പോലെ മിണ്ടാതെ നില്ക്കുന്നതെന്തു്, പങ്കജം?
ആശാൻ: ആളുകൾ വിചാരണകൂടാതെ കുറ്റം ഏൾക്കുന്നതായാൽ പേനക്കോടും, ശട്ടങ്ങളും, ഗോട്ടുകളും, നിര്‍മ്മാണസഭകളും വേണോ? കുഞ്ഞിന്റെ കൈ കാണട്ടെ. (നാഡി നോക്കീട്ട്) 'സ്തംഭനപ്പവനേ ജ്വരഃ'. ഈ ജ്വരം അത്യാപൽക്കരമാണു്. വിശ്വഗുണാദര്‍ശനോ മറ്റോ 'ചരകശുശ്രുതം' എന്ന ഗ്രന്ഥത്തിൽ ഇതിന്റെ ലക്ഷണവും ശാന്തിമാർഗ്ഗവും വ്യക്തമായി പറഞ്ഞിട്ടുണ്ട്. 'വ്യക്തം വിശ്വഗുണാദര്‍ശം-വിധത്തെ വേങ്കടാധ്വരീ' എന്നു്, വേയ്നാമ്പു്, കടമ്പിൻകാതൽ, വരിയരി ആദിയായ ഒരു കഷായമുണ്ടു്. ഗ്രന്ഥത്തിൽ നോക്കി അതു തയ്യാറാക്കിക്കളയാം.
രംഗം ഒന്ന് (07-11)
ലക്ഷ്മി അമ്മ: അങ്ങനെ വല്ലതും വഴി നോക്കണം.
മാധവൻപിള്ള: പങ്കജാക്ഷീ! നീ ഈയാണ്ടത്തെ പരീക്ഷ ജയിക്കണം. ഒന്നിലും മാതാപിതാക്കന്മാരെ വഞ്ചിക്കരുതു്. ബാല്യത്തിലെ പരിചയാഭ്യസനങ്ങൾ അത്രെ സ്വഭാവത്തിനുള്ള അഷ്ടബന്ധം. അതിനു വല്ല പാകദോഷവും പറ്റിയാൽ ബിംബത്തിനും ഉറപ്പുണ്ടാകയില്ലാ. ഈ പ്രമാണം ഈ സന്ദർഭത്തിൽ നിന്നെ സ്മരിപ്പിക്കുന്നതിന്റെ ഔചിത്യം നിനക്കുതന്നെ അനുമാനിക്കാം. അതിനാൽ ന്യായമായ ഇച്ഛ വല്ലതും ഉണ്ടെങ്കിൽ ധൈര്യത്തോടു പറഞ്ഞുകൊള്ളു. നമ്മുടെ സ്ഥിതിക്കും ഒരുവിധം ചേരുന്നതാണങ്കിൽ, ഞങ്ങടെ ഹിതം ഏതുവിധമായിരുന്നാലും നിന്റെ ഇഷ്ടത്തെ സാധിച്ചു തരുന്നുണ്ടു്. ഇതിനെ നല്ലവണ്ണം ഓര്‍മ്മിച്ചുകൊണ്ടു എന്നോടോ, അമ്മയോടോ നിന്റെ താൽപര്യം എന്തെന്നു സൗകര്യം പോലെ പറയണം. ഇപ്പോൾ പോയി ഊണു കഴിക്കൂ.
(പങ്കജം പോകുന്നു.)
എന്റെ മനോഭാവം പോലെ വരുമോ എന്നു് എനിക്കിപ്പോള്‍ സംശയം തോന്നുന്നു. ഗോവിന്ദൻകുട്ടിമേനോൻ ഈ കഴിഞ്ഞ ബി. എൽ. പരീക്ഷ ജയിച്ചിട്ടുണ്ട്. ആ പരീക്ഷ ജയിക്കട്ടേ എന്നാണു വിക്രമമേനോൻ പറഞ്ഞിട്ടുള്ളതു്.
ലക്ഷ്മിഅമ്മ: വിക്രമമേനോന്റെ വാക്കിനെ വെള്ളത്തിൽ എഴുതിക്കൊണ്ടാൽ മതി. എല്ലാരും ഇവിടത്തെപ്പോലെ സത്യസന്ധന്മാരാണോ? ഏതാണ്ടൊരു കാലത്ത്, അദ്ദേഹം കളിയായിപ്പറഞ്ഞ വാക്കിനെ അത്ര മുറുകെ പിടിക്കാറുണ്ടോ?
ആശാൻ: രുഗ്മിണിയെ ശിശുപാലനു നിശ്ചയിച്ചു. കൊണ്ടുപോയതു സാക്ഷാൽ ഹരി.
മാധവൻപിള്ള: വിക്രമമേനോൻ സ്ഥിരപ്രതിജ്ഞനാണ്. സ്ഥിരപ്രതിജ്ഞത്വമാകുന്നു പുരുഷലക്ഷണം. അതു് മനുഷ്യനു് ആത്മാവുപോലെയും ശരീരത്തിനു സ്നായുസഞ്ചയംപോലെയും ആകുന്നു. അതിന്റെ മാഹാത്മ്യത്തിനു മഹാബലിയുടെ ദൃഷ്ടാന്തം നോക്കിയാൽ മതി. സത്യനിഷ്ഠയാൽ ഒരു അസുരനായ അദ്ദേഹം ഏഴു ചിരഞ്ജീവികളിൽ ആദ്യനായി. ഈ സ്ഥിരപ്രതിജ്ഞത ഇത്ര ശ്രേഷ്ഠമായ ഒരു ധര്‍മ്മമാണെങ്കിലും നമ്മുടെ ഇടയിലുള്ള ഗംഭീരന്മാരായ ചില പ്രമാണികൾ പോലും അതിനെ ചിലപ്പോൾ നിസ്സാരമായി ഗണിക്കയും ചിലപ്പോൾ തീരെ വിസ്മരിച്ചുകളകയും ചെയ്യുന്നു. ഈ ശോചനീയമായ അവസ്ഥയുമായുള്ള നിത്യപരിചയമായിരിക്കാം നിന്റെ ഈ അഭിപ്രായത്തിന്റെ അടിസ്ഥാനം. എന്നാൽ വിക്രമമേനോൻ ഈ സാധാരണ നിയമത്തിനു് ഒരു വ്യത്യസ്തമാണു്. അദ്ദേഹം അഗൗരവമായ ഒരു വാഗ്ദത്തം ചെയ്കയില്ല.
ആശാൻ: മട്ടും മാതിരിയും കണ്ടാൽ ഒരു കമ്പക്കാറനെന്നേ തോന്നൂ. എങ്കിലും ആൾ നല്ല കനകമാണ്. അതെനിക്കുമറിയാം.
ലക്ഷ്മിഅമ്മ: എന്നാൽ അദ്ദേഹത്തിന്റെ മകൾ ഇവിടെ പഠിക്കാൻ വന്നിട്ടുണ്ടെന്നു കേൾക്കുന്നല്ലൊ. ആ കുട്ടിയെ നമ്മുടെ അടുക്കൽ അയയ്ക്കേണ്ടതല്ലായിരുന്നോ? ഒന്നുമില്ലെങ്കിൽ ഇവിടത്തെ മേൽനോട്ടം ഉണ്ടായിരിക്കാൻ ഒരു എഴുത്തു് അയയ്ക്കുമായിരുന്നില്ലയോ? ഇവളെ ഇനി ഇങ്ങനെ വച്ചുകൊണ്ടിരുന്നുകൂടാ.
ആശാൻ: ''സംപ്രാപ്തേ യൗവനേ കാലേ'' എന്നാണല്ലോ. ''പ്രായം തികഞ്ഞാൽ പതിയൊടു ചേര്‍ക്കാഞ്ഞാൽ'' എന്നുമുണ്ടു കൊച്ചമ്മെ-കുഞ്ഞിന്റെ ജനനം തിരുവോണം നക്ഷത്രത്തിലല്ലേ? അതുകൊണ്ടു ഗുരു അഷ്ടമത്തിലാണ്. കന്നിയിലേക്കു പകര്‍ന്നേ വിവാഹയോഗം ഉണ്ടാവൂ.
മാധവൻപിള്ള: കാലവും കര്‍മ്മവും ഒക്കുമ്പോൾ ആരെങ്കിലും വരും.
ലക്ഷ്മിഅമ്മ: ഇപ്പോൾത്തന്നെ അതു വന്നുപോയിട്ടുണ്ട്. അവമാനം വല്ലതും ഉണ്ടാകുമ്മുമ്പെ ഖണ്ഡിച്ചു അവളോടു ചോദിക്കരുതൊ, എന്തെല്ലാമാണെന്നു്? ഈ പരിഷ്കാരധര്‍മ്മമുറകളെല്ലാം കൊച്ചു കുട്ടികളോടെടുത്താൽ അവർ തലമറന്നെണ്ണതേച്ചുകളയും.
മാധവൻപിള്ള: അവമാനം വരും മുമ്പേയോ? ഞാനല്ലെ പുറത്തിറങ്ങി സമുദായത്തിൽ സഞ്ചരിക്കേണ്ടയാൾ. നീ ഇതിനകത്തു കുത്തിയിരുന്നാൽ മതിയല്ലോ. അവമാനം ആദ്യമായി എനിക്കല്ലേ? അതു വരുമ്പോൾ ഞാൻ സഹിച്ചുകൊള്ളാം. ഛേ! ഇങ്ങനെ ഈ കുട്ടികളുടെ സംഗതിയിൽ നീ പറയരുതു്.
(ഭദ്ര അകത്തുനിന്നും 'അമ്മേ' എന്നു വിളിക്കുന്നു.)
ലക്ഷ്മിഅമ്മ: ഇന്നു കണികണ്ടതാരെയോ. എഴിച്ചതു് ഇടതുവശം തിരിഞ്ഞാണു്. ആ 'ചീവീട്' കിടന്നു വിളിക്കുന്നതു കേട്ടില്ലയോ?
മാധവൻപിള്ള: എന്തോന്നാ ഭദ്രേ?
ഭദ്ര: (അകത്തുനിന്നും) ഇതാ ചേച്ചി ഇവിടെ-
മാധവൻപിള്ള: അടിക്കുന്നോ പിന്നെയും?
ലക്ഷ്മിഅമ്മ: ഉം ! കടിക്കുന്നു ! കടിച്ചാൽ വിടുന്നവൾതന്നെ കൊച്ചു മകള് !
ഭദ്ര: (പ്രവേശിച്ചു, മാധവൻപിള്ളയുടെ അടുത്തുചെന്നു ചെവിയിൽ സ്വകാര്യമായി) ചേച്ചി ഉണ്ണാൻ വരാതെ അവിടെ നിന്നു കരയുന്നു.
മാധവൻപിള്ള: നീ പോയി ആശ്വസിപ്പിക്കും.
ഭദ്ര: ഞാൻ അടുത്തുചെല്ലുമ്പോൾ എന്നെ നുള്ളുകയും, മാന്തുകയുമൊക്കെ ചെയ്യുന്നു.
ലക്ഷ്മിഅമ്മ: ഈ നാരദസ്വഭാവം എവിടുന്നു പകര്‍ന്നോ ഭഗവാനെ! ഇതിനു്?
മാധവൻപിള്ള: (ഹാസ്യമായി) അവളെ ഗഭം ധരിച്ചിരുന്ന കാലത്തു നാരദീയപുരാണം വായിപ്പിച്ചുവല്ലോ. അതുകൊണ്ടായിരിക്കാം. (കാര്യമായി) അവൾ ഏഷണിക്കാരത്തി അല്ല. ഒരു ഉത്തമധര്‍മ്മത്തെയാണ് അവൾ പ്രദര്‍ശിപ്പിക്കുന്നതു്. ജ്യേഷ്ഠത്തിയെ സമാധാനപ്പെടുത്തുന്നതിനും അവളെ അടുപ്പിക്കാഞ്ഞതുകൊണ്ടിട്ടു്, മറ്റവളുടെ ദുഃഖശാന്തിക്കു നമ്മുടെ സഹായത്തെ ഇവൾ അപേക്ഷിക്കയാണു ചെയ്യുന്നത്. അങ്ങനെ അല്ലേ ഭദ്രേ?
ഭദ്ര: അച്ഛാ! ചേച്ചി കരയുന്നതെന്തിനു? അച്ഛൻ പറഞ്ഞതിൽ വല്ല ശകാരവുമുണ്ടോ?
ലക്ഷ്മിഅമ്മ: മൂപ്പും മുറയുംകൊണ്ടു് അവിടുന്നു പോണം.
ആശാൻ: കുട്ടികൾ നേരത്തെ കാലത്തെ ഉണ്ടുറങ്ങണ്ടേ?
മാധവൻപിള്ള: ഭദ്രേ! നിന്റെ ചേച്ചിക്കും എന്തോ മനസ്താപമുണ്ട്. അതു് എന്തെന്നു കണ്ടുപിടിപ്പാൻ നീ സഹായിക്കണം.
ഭദ്ര: ചേച്ചി പറഞ്ഞാൽ ഞാൻ പറയാം.
ലക്ഷ്മിഅമ്മ: ഫോ-പെണ്ണെ അവിടുന്നു. കളിക്കുന്നോ? അവൾ പറഞ്ഞാൽപ്പിന്നെ നീ പറയണോ?
ഭദ്ര: അമ്മ നല്ല വാദ്ധ്യാരുതന്നെ! ഞങ്ങൾ എല്ലായ്പോഴും പരസ്പരം സ്നേഹത്തോടിരിക്കണമെന്നല്ലയോ ഞങ്ങളെ പഠിപ്പിക്കേണ്ടതു്?
മാധവൻപിള്ള: (ആത്മഗതം) ഇവൾക്കെല്ലാം അറിയാം. പങ്കജത്തോടു ചോദിച്ചാൽ പക്ഷേ, പറയും. ഇവൾ പുള്ളി കട്ടിയാണു്. എന്താണു സംഗതി എന്നും അന്വേഷിക്കേണ്ട ഘട്ടം വന്നിരിക്കുന്നൂ എന്നു് ഇവളുടെ വാക്കുകളിൽനിന്നും സ്പഷ്ടമാകുന്നു. (പ്രകാശം) ഭദ്രേ! നീ അകത്തു പോയി വിളമ്പിക്കു. ഞങ്ങൾ ഇതാ വന്നു.
ഭദ്ര: എനിക്കും ഉറക്കം വരുന്നു. ഞാൻ ഈ ഈസിചെയറിൽ കിടന്നുറങ്ങാം. അച്ഛൻ ഉണ്ണാൻ പോകുമ്പോൾ എന്നെയും വിളിക്കണം. (എന്നു പറഞ്ഞു ഈസിചെയറിൽ കിടക്കുന്നു.)
മാധവൻപിള്ള: എനിക്കും അമ്മയോടു ചില കാര്യങ്ങൾ പറവാനുണ്ടു്. ഭദ്ര അകത്തു പോകൂ.
(ഭദ്ര എണീറ്റ് ഉറക്കം വന്ന നാട്യം കാണിച്ചുകൊണ്ടു പോകുന്നു.)
പങ്കജത്തെ ഉടനെതന്നെ ആരെക്കൊണ്ടെങ്കിലും വിവാഹം ചെയ്യിക്കണമെന്നു് എനിക്കും തോന്നുന്നു. (എന്നും എഴുന്നീല്ക്കുന്നു. പോകുംവഴി പങ്കജാക്ഷി എഴുതിക്കൊണ്ടിരുന്ന പടത്തെ കാണുന്നു. അതിനെ എടുത്തു സൂക്ഷിച്ചു നോക്കിക്കൊണ്ടു്) ലക്ഷ്മീ! ഇവിടെ വരൂ. ഇതിനെ നോക്കൂ. വിക്രമമേനോൻ ബി. ഏ.യ്ക്കു പഠിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ആകൃതി ഇതുതന്നെ ആയിരുന്നു. ഇതിൽ തലമുടി കുറച്ചു നീട്ടീട്ടുണ്ടു്. അത്രേഉള്ളു ഭേദം. ഇതു പങ്കജം എഴുതിയതുതന്നെ ആയിരിക്കുമോ? അങ്ങനെയാണെങ്കിൽ അത്യാശ്ചര്യം തന്നെ. എന്തു പറയുന്നു. ലക്ഷ്മീ? എന്താ ആശാൻ? നോക്കണം.
ആശാൻ: സംഗത്യാ ചിന്തിതാസ്യാൽ-(കുറച്ചുകൂടി സൂക്ഷിച്ചു നോക്കീട്ട്) ഇനി, ഒരു ദിവസം നിശ്ചയിക്കതന്നെ വേണം, ചിത്രലേഖ എന്നും പുനർന്നാമകരണം ചെയ്‍വാൻ-ഹെ! എന്തു രസമായി കൊണ്ടൊപ്പിച്ചിരിക്കുന്നു. "ചിത്രേ കാണും നവകുവലയശ്യാമമാമസ്യഗാത്രം''... ശരീ കൊച്ചമ്മ -കഥ എന്തോ പറ്റീട്ടുണ്ടു്.
ലക്ഷ്മിഅമ്മ: ദൈവവിധി ആര്‍ക്കറിയാം. ഇതു പങ്കജം വരച്ചതുതന്നെയാണു്. നാലഞ്ചു ദിവസമായി അവൾക്കു പണി ഇതുതന്നെ.
മാധവൻപിള്ള: ഹേയ്! നമ്മുടെ ആഗ്രഹം കൊണ്ടു് ഈ സാമ്യം തോന്നുന്നതാണ്. അകത്തു പോകാം. അല്ലെങ്കിൽ ഭദ്ര ഉണ്ണാതെ ഉറങ്ങിക്കളയും.
(എല്ലാവരും പോകുന്നു.)
(കർട്ടൻ)
രംഗം രണ്ടു് (12-16)
രംഗം രണ്ടു്
(മാധവൻപിള്ളയുടെ ഗൃഹത്തിന്റെ മുൻഭാഗം. പാച്ചൻ അടിച്ചുവാരുന്ന സ്ഥിതിയിൽ പ്രവേശിക്കുന്നു.]
പാച്ചൻ: അമ്പോ! പെണ്ണുങ്ങടെ നാക്കിന്റെ മുന-മറുപുറം പൊത്തുപോയി. കൊച്ചമ്മപോലും! ഇവരും ഞാനും ഇവിടെ ഭേദം എന്തു്? മക്കത്തായം ആയിട്ടില്ലെന്നും ഓർമ്മിക്കാതെ കേറി ശകാരിച്ചുട്ടതു കണ്ടില്ല്യേ? ഒരു ക്നാവിനുകൂടി കാലത്ത് ഇത്തിരി കണ്ണടച്ചുപോയി. ഇതുതന്നെ കുറ്റം. അതിനു വായിപ്പടച്ചതെല്ലാം പറഞ്ഞുകളഞ്ഞു. ഹു്! ഇവരിത്ര ചാടാനെന്തു്? ഞാൻ ചെറുക്കനെങ്കിൽ അവർ മൂത്ത ചെറുക്കി. എനിക്കിനിയും ആണെപ്പോലെ നാടത്തു പൂവാം. അവര്‍ക്കൊ? കെട്ടിയിട്ടടിച്ചാക്കൂടീം ഒരു പട്ടിപോലും ഏൾക്കൂല്ലാ- എല്ലാം ഷെമിച്ചുകളയാമെന്നുവച്ചാലു്- ഇപ്പം ഒരു ആയാനും വന്നു കൂടീട്ടുണ്ടു്. അയാൾ ആയാന്റെ ആയാനാണു്. അയാളവര്‍ക്കു കണ്ണിലുണ്ണി. ഞാൻ കഴുവുക്കേറ്റ കോമട്ടി! വേലചെയ്ത് എന്റെ കൈ ഒക്കെ തഴമ്പിച്ചു. അയാൾക്കു മിനുമിനുക്കി ചപ്പാന്തവും പറഞ്ഞു നടന്നാ മതി. ഇനി ഇവിടെ നിന്നാല് 'ആറിയ കഞ്ഞി പഴങ്കഞ്ഞി' കുറച്ചിലു വല്ലതും വരും. ആയാനും ഞാനും 'അരവും അരവും ചേര്‍ന്നാ കിന്നരം' പോലെ വരും . ഭാക്കരമേനവൻ അങ്ങത്തക്കു ഒരു ചെറുക്കൻ വേണമെന്നു കേട്ടു. അവിടെപ്പോയി ഇനി ഒരു കൈ നോക്കാം. അല്ലാതെന്തു ചെയ്യണതു് . അവിടെപ്പഷെ എല്ലാം ദൊരമട്ടാണു പോലും. തഞ്ചിയിക്കേറി, വട്ടക്കെട്ടും നടുക്കെട്ടും ഒക്കയായിറ്റു നിയ്ക്കണം. 'ഒതരനിമിത്തം വെഹുതരവേഷം.' ഒരുച്ചാൺ വയറു പെഴക്കിണ്ടയോന്നേ ! ഓ! ഇതാ വന്നൂട്ടു ഒരു വണ്ടി. ഇതാരെ വരവു്? അയ്യം പടച്ച! ഇതാണ്ട് ഒരു കെട്ടുപട്ടു് പൊയ്ക്കാലിക്കേറി സരിഗപ്പമ എന്നു വരുണു. അല്ലല്ല- ഒരു പട്ടുചാവട്ട പാവാടയിക്കേറി ശവാരി ചെയ്തു പടിക്കണതാണ്, തിത്തക. തിത്തക എന്നു ! ഛേ! അതുമല്ലാ, (സൂക്ഷിച്ചുനോക്കി കൈ കുടഞ്ഞുംകൊണ്ടു്) ഇതു ഒരു ലക്ഷണീയപട്ടാളക്കാറനല്ല്യൊ? അയ്യോ, അതും അല്ലാ എന്റമ്മെ, കുഞ്ഞിക്കുട്ടി കൊച്ചമ്മ -(വിരൽ കടിച്ചു കുടഞ്ഞും കൊണ്ടു്) പുത്തൻമട്ടിനു് പഞ്ചാമൃതം കൊച്ചമ്മ, അല്ലല്ല-പഞ്ചാമൃതമേനോൻ-ഗ്വാ ഗ്വാ ആണുംപെണ്ണും കെട്ട കോലം!
(മര്യാദ നടിച്ചു നില്ക്കുന്നു.)
(പഞ്ചാമൃതം പ്രവേശിക്കുന്നു.)
(സൂക്ഷിച്ചു നോക്കീട്ട്) അയ്യോ കൊച്ചമ്മേടെ ആയിസ്സ്. മനം പോലെ മംഗല്യം എന്നല്ലിയോ പഴഞ്ചൊല്ല്. വിചാരിച്ചപ്പം മന്ത്രമൂര്‍ത്തിയെപ്പോലെ അല്യോ പ്രത്യഷ്യം ആവൂട്ടതു്. കൊച്ചമ്മ നൂറ്റാണ്ടും ചെന്നു പെറ്റുപെരുവി പിന്നയും നൂറ്റാണ്ടിരിക്കും, തിട്ടം.
പഞ്ചാമൃതം: പാച്ചൻ ഇന്നു പ്രസാദിച്ചിരിക്കുന്നതെന്താടാ? നിറയെ സാപ്പിട്ടു ഇല്ലേ? പങ്കജാക്ഷി അമ്മ അറ്റ് ഹോം തന്നല്ലെ?
പാച്ചൻ: കൊച്ചുകൊച്ചമ്മയ്ക്ക് എന്തോന്നോ ഒക്കെ തന്നെ. പക്കേ ഓമം തുടങ്ങില്ല. മന്ത്രവാസങ്ങളും മറ്റും ആലോജിച്ചിട്ടുണ്ടു്.
പഞ്ചാമൃതം: വിഡ്ഢി! അകത്തുണ്ടോ, സ്വസ്ഥയായിരിക്കുന്നൊ, എന്നാണു് ചോദിച്ചതു്.
പാച്ചൻ: കൊച്ചമ്മെ കണ്ടിട്ടൊ, കാലത്തെ വെയിലുകൊണ്ടിട്ടൊ, എന്തൊ ഒരു അങ്കലാപ്പു വന്നു. തെറ്റിപ്പോയി കൊച്ചമ്മാ-ഷെമിക്കണം. പങ്കജാഷിക്കൊച്ചമ്മ അകത്തൊണ്ടു്.
പഞ്ചാമൃതം: (ഒരു കാർഡു നീട്ടിക്കൊണ്ടു്) ഇതിനെ കൊണ്ടു കൊടുക്കു്.
പാച്ചൻ: (കാർഡിനെ വാങ്ങി തിരിച്ചും മറിച്ചും നോക്കിക്കൊണ്ടു്) ഈ ഞറുക്കു് എന്തിനു കൊച്ചമ്മ? വന്നിരിക്കുന്നു എന്നു ഞാൻ പോയി പറഞ്ഞാ പോരയോ?
പഞ്ചാമൃതം: ഛട്ട് ! അതു മര്യാദയല്ലാ. യോഗ്യരെക്കാണാൻ പോകുമ്പോൾ ഇങ്ങനെ ഒന്നു മുൻകൂട്ടി അകത്തയയ്ക്കണം.
പാച്ചൻ: ഇപ്പം മനസ്സിലായി. ദൊര ഏര്‍പ്പാടു്. അതിനും ഒരു ഇതൊക്കെ ഒണ്ടു്. വേസ്-വേസ് - ബെരി ഗുട്ട് (കാർഡു കൊണ്ടു പോകുന്നു.)
പഞ്ചാമൃതം: പരിഷ്കാരവിമുഖന്മാരോടു ശീലിച്ചാൽ ഇങ്ങനെതന്നെ. പേഷ്കാർസ്ഥാനം കൊണ്ടു മാനേർസ് വരില്ല. ഇങ്ങനെ യുള്ള ആളുകൾ ഉള്ളപ്പോൾ ഈ സമുദായം മൃഗാവസ്ഥയിൽത്തന്നെയിരിക്കും. എനിക്കു് ഈ മുണ്ടും കച്ചമുണ്ടും പോട്ടുള്ള യോഗ്യരെ കാണുമ്പോൾ ശരീരം ആസകലം വിറയ്ക്കും . ശുദ്ധ പഴഞ്ചോറ്റു പത്താഴങ്ങളു! ഇത്തലമുറ ഒടുങ്ങണം. എന്നാലെ നായർവര്‍ഗ്ഗത്തിനു ശുഭോദയം വരൂ- സ്ത്രീപുരുഷന്മാർ തോളോടുതോൾ ഉരുമ്മി സഹവസിക്കാൻ ഉള്ള ശുദ്ധമനസ്കരായി എന്നു തീരുന്നുവോ അന്നേ സമുദായം പരിഷ്കാരപദ്ധതിയിൽ പ്രവേശിക്കയുള്ളൂ. ഇക്കൂട്ടരുണ്ടോ അതിന്നും അനുവദിക്കുന്നു? പങ്കജാക്ഷി വന്നുതുടങ്ങി. ഇതാ ഈ കുട്ടിയെത്തന്നെ വളർത്തുന്നതു കണ്ടില്ലെ! ഹയി! മോശം! മോശം!
(പങ്കജാക്ഷിയും പാച്ചനും പ്രവേശിക്കുന്നു)
ഗുഡ്മാർണിങ്ങ് പങ്കി- എന്തായിതു്? മറുപടിഗുഡ്‌മാർണിങ്ങ് പറയൂ. നല്ല എറ്റിക്കെറ്റ് പരിശീലിക്കണ്ടെ?
പങ്കജാക്ഷി: അകത്തു പോകാം. അമ്മ അറിഞ്ഞു വന്നിട്ടുണ്ടെന്നു. കണ്ടു കുറച്ചു സംസാരിക്കാം. വരണം.
പഞ്ചാമൃതം: അതിന്നു ടൈം ഇല്ലാ കശപിശ സംസാരിച്ചു ടൈം ദുര്‍വ്യയം ചെയ്തുകൂടാ. സമയത്തിന്റെ വിലയെക്കുറിച്ചു നമുക്കു ചിന്തയില്ല. ഞാൻ പങ്കജാക്ഷിയെ ക്ഷണിക്കാനാണു വന്നതു്. അതു കഴിച്ചു പൊയ്ക്കൊള്ളട്ടെ. പലടത്തും ഇനിയും പോകാനുണ്ടു്. ഞാൻ ഇന്നയ്ക്കു നാലാം ദിവസം ഒരു പാർട്ടി വെക്കുന്നു. പങ്കജം വരണം, കേട്ടോ. മടിച്ചുകളയരുത്. ഈ പുരുഷന്മാരെ നമുക്കൊന്നു പഠിപ്പിക്കണം. അവര്‍ക്കേ ഉല്ലാസങ്ങൾ പാടൊള്ള എന്നാണു വെയ്പ്. നാമം തുടങ്ങുക-ഭൂമി സമുദ്രത്തിൽ താണുകളയുമോ എന്നു നോക്കാം.
പാച്ചൻ: (ആത്മഗതം) പാട്ടി ആണും പെണ്ണും കെട്ടതായോ? ഇങ്കിരീസിൽ നകുംസം ആയിപ്പോമായിരിക്കും.
പങ്കജാക്ഷി: അമ്മയോടു ജ്യേഷ്ഠത്തിതന്നെ ഒന്നു പറഞ്ഞാൽ എന്നെ അയയ്ക്കും. അല്ലെങ്കിൽ സംശയമുണ്ടു്. അതുകൊണ്ട് അകത്തു പോകാം.
പഞ്ചാമൃതം: മകൾതന്നേ കുറച്ചു സ്വാതന്ത്ര്യം കാണിക്കൂ. പരീക്ഷകൾ ജയിച്ചിട്ടും ഇങ്ങനെ പരുങ്ങുകെ? ശേയ് ! പറയൂ അമ്മയോടു്- ഞാൻ ക്ഷണിച്ചു എന്നു്. അയയ്ക്കും . അയച്ചില്ലെങ്കിൽ ശകലം ഇൻഡിപ്പെൻഡൻസ് കാണിക്കൂ. അകത്തുപോയാൽ അമ്മേക്കൂടി ക്ഷണിക്കണം. മൂത്തവരൊക്കെ വരികയാണെങ്കിൽ നമ്മുടെ ഉത്സാഹത്തിനു ഭംഗമുണ്ടാകും. പങ്കി വന്നേക്കൂ-അതുമതി. ഗുഡ്ബൈ. (ബലേന കൈപിടിച്ചു കുലുക്കീട്ടു പോകുന്നു.)
പങ്കജാക്ഷി: പാച്ചാ, താൻകൂടി വണ്ടിവരയ്ക്കു പോകൂ.
പാച്ചൻ: ഇതാരു കൊച്ചമ്മാ - ലങ്കാലഷ്മിയൊ?
പങ്കജാക്ഷി: തന്റെ നാക്കിൽ മര്യാദകേടേ ഉദിക്കൂ.
പാച്ചൻ: അയ്യോ, ഞാൻ സുതിക്കയലൊ ചെയ്തതു്. (കിട്ടുപ്പണിക്കരാശാൻ പ്രവേശിക്കുന്നു.)
ആശാൻ: ആ പാല്പായസക്കുഞ്ഞമ്മ, അഥവാ പഞ്ചാമൃതക്കുഞ്ഞമ്മ പൊയ്പോയൊ? 'ഉന്നമ്രാതാമ്രകേശൈര്‍ന്നഭസി ഘനഘടാഘട്ടയന്തീനദന്തീ' എന്നല്ലെ പുറപ്പാട്. വട്ടമുടികൂടിയുണ്ടെങ്കിൽ പിഷാരടിച്ചേട്ടന്റെ കൃത്യവേഷം തന്നെ. കുഞ്ഞു ഈ കോലം കെട്ടൊന്നിനും കച്ചകെട്ടരുതു കേട്ടോ. വേശ്യത്തനങ്ങളു്!
പാച്ചൻ: ആശാൻ പിഴച്ചാൽ ഏത്തമില്ലാ. അതാണിക്കാലത്തെ ഞ്യായം.
ആശാൻ: എടാ കണ്ടകശ്ശനി! നീചഗ്രഹരാശി! നിന്റെ വാക്കിൽ അശുഭന്മാർ വക്രം ചെയ്തുനിൾക്കുന്നോടാ?
പാച്ചൻ: അവരവിടെ ഇരുന്നു കിക്കിറിയിടുണായാനെ.
ആശാൻ: എടാ ഒപ്പത്തിനു കേറി സംസാരിക്കുന്നൊ? നീ കുറച്ചു പഠിക്കാനുണ്ടു്. കിക്കിറി, ച്ഛി പോക്രി!
പങ്കജാക്ഷി: (ആത്മഗതം) രണ്ടുപേരും പഠിക്കാനുണ്ടു് (എന്നു പോകുന്നു.)
പാച്ചൻ: പടിക്കാനുണ്ടെങ്കിൽ പടിപ്പിക്കാൻ വരണം. ആയാനല്യൊ. ദഷ്ഷിണക്കു ചക്ക.
ആശാൻ: എന്താടാ, ചോറുകേറി എല്ലിനിടയിൽ കുത്തുന്നൊ? നിന്നെപ്പോലുള്ളവര്‍ക്കാണു ''മദ്ദനം ഗുണവർദ്ധനം'' എന്നു വിധിച്ചിട്ടുള്ളതു്.
പാച്ചൻ: ആയാൻ നല്ലനേരം നോക്കിയലൊ ഇന്നു വെളിയിൽ വന്നതു്? ഗുളികൻ കേറി വക്രമിച്ചോണ്ടായിരിക്കും ഇന്നു് -
ആശാൻ: എടാ എച്ചിലുപിറക്കിപ്പെട്ടി! ഏറെക്കുരയ്ക്കുണ്ട്.
പാച്ചൻ: ചാടണ്ടാ- ആയാനെ. ദുഷ്കരന്റെ കാളപോലെ തുള്ളണ്ടാ. ഗുഡ് മാഹാണിസ്സലാം.
ആശാൻ: ഇത്ര മൂത്തുപോയൊ നീ-ഇക്ഷണം നീ പുറത്തു്. അല്ലെങ്കിൽ അമ്മവയറ്റിൽ പിറന്നവനല്ല ഞാൻ (കോപിച്ച് പോകുന്നു.)
പാച്ചൻ: ഇനിയിവിടെ പിഴച്ചു! മോങ്ങാനിരിക്കുന്ന നായടെ തലയിൽ തേങ്ങ വീഴുന്നപോലെ ഒത്തു ഇതു്-പാച്ചനിതാ കമ്പി നീട്ടി. (അല്പം നടന്നു നിന്നിട്ടു്) ഈ മാസത്തെ ശമ്പളമോ? അതു മാസം പുറന്നു വാങ്ങിച്ചുകൊള്ളാം. (പിന്നെയും കുറെ നടന്നുനിന്നിട്ടു്) ഹൊ കോന്ത്രം ! ഒരു നര്‍ക്കും കൊണ്ടു പോണമല്ലൊ-അതിനൊ? പഞ്ചാമൃതം കൊച്ചമ്മ കൊണ്ടെന്നതു് എന്റെ കൈയിൽ ഇരിക്കണു. (ആലോചിച്ചിട്ട്) അതവിടെ കൊണ്ടുപൊക്കൂടാ. അതു കൈയിൽ ഇരിക്കട്ടെ. ഇവിടെ അങ്ങത്തെ മേയേടെ മോളിൽ എമ്പാടും കിടപ്പുണ്ട്. ഒന്നും എടുത്തൊള്ളാം- (ആലോചിച്ചിട്ടു്) ഉണ്ടോണ്ടേ പോവാവു. തക്കംനോക്കി വേണം പോവാൻ. (നിന്നിട്ടു്) ഏതു കാലു മുമ്പോട്ടു വൈക്കണം? വലത്തുകാല് -'ഹനുമാനംഗനാപുത്ര വായുസൂനോ മഹാഫലഃ ലക്ഷണപ്രാണനാഥായ സീതാദുഃഖവിനാശഘ.' പൂച്ചസന്ന്യാസികൾക്കും പെരട്ടന്മാര്‍ക്കുമെ ഇക്കാലത്തു പെഴപ്പൊള്ളു. പാച്ചൻകൂട്ടുകാര്‍ക്കു കുന്തം. പെഴച്ചകാലം. കൊട്ണം പിടിച്ച്, പാവങ്ങളെല്ലാം കരിപറന്നു പോമേ, ഭഹവാനെ! മൂര്‍ത്തത്തിനു കാലു വൈക്കണതു് ഇപ്പം തന്നെ. (പോകുന്നു.)
(കർട്ടൻ)
രംഗം മൂന്നു് (17-20)
രംഗം മൂന്നു്
(ഒരു രാജവീഥി കിട്ടുപ്പണിക്കരാശാൻ തലയിൽ മുണ്ടിട്ടു വേഷപ്രച്ഛന്നനായി പ്രവേശിക്കുന്നു.]
ആശാൻ: അങ്ങുന്നന്മാരും കാര്യം കാണാൻ കഴുതക്കാലും പിടിക്കും. ഇന്നു രാവിലെ അങ്ങത്തേ വാക്കെല്ലാം പഞ്ചസാരക്കുഴമ്പായിരുന്നു. നമ്മോടുള്ള ഭാഷണം സാധാരണേന ചുരുക്കമാണെങ്കിലും ഇന്നു രാവിലെ ആശാനെ വിളിച്ചതിന്റെ അരുമ മടിയിൽ വച്ചു പേരിട്ടതും അദ്ദേഹംതന്നെയൊ എന്നു തോന്നിപ്പിക്കും. അമ്പൊ ! കന്നന്‍! മകൾ, ആ പൂഞ്ചോലച്ചന്ദ്രികയ്ക്ക്, ഏതോ മദനക്കുഴമ്പനുമായി, എന്തോ ഇടപാടു പറ്റീട്ടുണ്ടു്. മൂപ്പരതറിയാതെ കഷായത്തിലായിരിക്കുന്നു. ' 'പുറകെ പോയി നമ്മുടെ മകളെ ബാധിച്ചിരിക്കുന്ന പഞ്ചബാണൻ ആരെന്നറിഞ്ഞോണ്ടുബരൂ'' എന്നും പറഞ്ഞു നമ്മെ വിട്ടിരിക്കുന്നു. ഈ രാമബാണം എല്ലാം തുരന്നു കണ്ടുപിടിച്ച്, എല്ലാത്തിനും ഒരു സുമാർ വരുത്തിക്കളയും. അതാ, പങ്കജാക്ഷി അമ്മയുടെ പുറകെ ഒരു ബില് ഹണൻ എത്തിയിരിക്കുന്നു. അതാ പങ്കജാക്ഷി അമ്മ തിരിഞ്ഞുനിന്നും ചിരിക്കുന്നു. ഇതാണൊ മര്യാദയായി വളര്‍ന്നതിന്റെ ഫലം കുഞ്ഞേ! കുഞ്ഞുങ്ങൾതന്നെ സ്വയംബരം ഉണ്ടാക്കിക്കളയുന്നതു കണ്ടില്ലെ? ചുമ്മാതാണോ ചക്രത്തിനു് ഉരി അരി വില്ക്കുന്നതു്. മരുമക്കത്തായ കമ്മട്ടത്തിലെ റസിഡണ്ടും ആമിയന്മാരും ഇതിനൊക്കെ ഒരു പൈസൽ ഉണ്ടാക്കേണ്ടതായിരുന്നു. കണ്ടില്ലെ! ആ പൂഞ്ചോലക്കുഞ്ഞുരാമൻ കാറ്റത്തു വല്ലിപോലെ നിന്നുല്ലസിക്കുന്നതു്? ഈ കമനനാണ് നമ്മുടെ ഉഷയുടെ അനിരുദ്ധൻ. പങ്കജം പള്ളിക്കൂടത്തിൽ കയറി. ഇനി നമുക്കും ആ മുല്ലവിശിഖന്റെ അടുത്തെത്താം.
(കേശവപിള്ള പ്രവേശിക്കുന്നു.)
ബി. എ. വകയായിരിക്കാം. മുള്ളൻപന്നിയെപ്പോലെയാണ അക്കൂട്ടം. അടുത്താലും മുറുകെപ്പിടിച്ചാലും മുള്ള തറയ്ക്കും. എങ്കിലും പഴങ്കൈയല്ലെ? (അടുത്തു ചെന്നിട്ടു്) അനുജാ- 'കൊതിച്ചു വാ പൊളിച്ചെന്നാൽ-പതിക്കാ മാമ്പഴം സഖേ.'
കേശവപിള്ള: (ചിരിച്ചുകൊണ്ടു്) ആരാണവിടന്നും, അവധൂതന്മാരെപ്പോലെ ഇനാമായി ഓരോ ലോകതത്വങ്ങൾ ഉപദേശിപ്പാൻ പുറപ്പെട്ടിരിക്കുന്നതു്?
ആശാൻ: 'കല്ലോലചില്ലിമടവാർകുലമൗലിയാളേക്കല്യാണമല്ല വഴിയിൽ തടയുന്നതോര്‍ത്താൽ.' കടയിൽ ഇരിക്കുന്ന പഞ്ചസാര ചക്രം എണ്ണി രൊക്കം കൊടുത്താലേ തിന്നാൻ കിട്ടൂ! 'അര്‍ഹനല്ലാത്തവൻ പട്ടുകിട്ടുവാൻ നീട്ടുകിൽ കരം. വെട്ടുതാൻ കിട്ടുമെ, തിട്ടം-ചട്ടമാണിതു പൃഥ്വിയിൽ.
കേശവപിള്ള: (ആത്മഗതം) ഈ വര്‍ഗ്ഗക്കാർ ഉണ്ടെന്നു കേട്ടിട്ടേ ഉള്ളു. ഇപ്പോൾ ദർശനപരിചയം കിട്ടിയിരിക്കുന്നു. രണ്ടിഷ്ടന്മാരെക്കൂടി കിട്ടിയെങ്കിൽ ഇയാളെ കളിയാക്കാൻ രസമുണ്ടു്. ഹംസപദവിയാണിദ്ദേഹം വഹിക്കുന്നതെന്നു സംശയമില്ല. ദമയന്തി ആരോ? (പ്രകാശം) അഭിപ്രായം ബഹു യുക്തിയുക്തമായിട്ടുള്ളതുതന്നെ. നിങ്ങളെ കണ്ടതിൽ എനിക്കു വലിയ സന്തോഷം.
ആശാൻ: (ആത്മഗതം) ഈ യുവാവ് നല്ല രസികക്കൂമ്പാണു. പങ്കജംഅമ്മ രതിക്കു കാമനെപ്പോലെ ചേരും. ഈയാൾ തന്നെ നാം തേടുന്ന അനിരുദ്ധൻ. ഈ അനിരുദ്ധനേയും ഉഷയേയും കൂടി ഒന്നോടെ അങ്ങത്തമുമ്പിൽ ആക്കണം. പിന്നെ നാംതന്നെ ആ വീട്ടിലേക്കു വിശ്വാസിയായ വിചാരിപ്പുകാർ. (കൈവീശി നടന്നുകൊണ്ടു്) അതിനും അങ്ങുന്നു അനുവദിച്ചിട്ടില്ല. അത്രത്തോളം ചെയ്യാൻ നമുക്കധികാരമുണ്ടോ എന്നാണ് ബായിൻറ് വരുന്നതു്. അതിനു സമാധാനമുണ്ടു്.
''പൂവകാര്യവിരോധേന-യോബഹൂനീഹസാധയേൽ
സ്വകാര്യേണ ച സംയുക്ത-സ്സൈവദൂതഃപ്രശസ്യതെ.''
(പ്രകാശം) എന്റെ ഓമന അനുജാ-ആ പോയ തരളാപാംഗി ആരാണെന്നറിയാമൊ?
കേശവപിള്ള: പെൻഷൻ ദിവാൻപേഷ്കാർ മാധവൻപിള്ള അവർകളുടെ മകൾ- എനിക്കു നല്ല പരിചയമാണു്.
ആശാൻ: (പാടുന്നു) . 'തീര്‍ന്നു സന്ദേഹമെല്ലാം-എൻതോഴിമാരെ-തീർന്നു സന്ദേഹമെല്ലാം ' -അനുജാ-ആ കട്ടിയുടെ മനസ്സിനെ നിങ്ങൾ കവര്‍ന്നും അതിനു സുഖമില്ലാതാക്കിയതും നിങ്ങളുടെ സോമസമാനമായ ആകൃതിക്കും ശീലഗുണങ്ങൾക്കും ചേന്നുതല്ലല്ലോ.
കേശവപിള്ള: (ആത്മഗതം) എന്റെ ബീജപ്രായമുള്ള ആഗ്രഹം മുളച്ചു്, പുഷ്പിച്ചു്, ഇപ്പോൾത്തന്നെ സഫലമാകുമെന്നു തോന്നുന്നു. എന്റെ സ്നേഹത്തിനും ഇവളിൽനിന്നു പ്രത്യനുരാഗമാണ് ഉള്ളതു. ഇദ്ദേഹം ആ വീട്ടുകാരുടെ ദുതനാണു്. പേഷ്കാതല്ലല്ലോ.ക്കും ഭാര്യയ്ക്കും നമ്മെ കിട്ടിയാൽ സന്തോഷമായിരിക്കും. ഈ തിരനോട്ടത്തിന്റെ സാരം അതാണു്. അതിലേക്കു വശപ്പെട്ടുകളയാം. (പ്രകാശം) ഈ കുട്ടിയുടെ ഹൃദയത്തെ ആരെങ്കിലും കവർന്നെങ്കിൽ അവൻ ധൂത്താഗ്രേസരനാണു്.
ആശാൻ: കവന്നു എന്നോ? നാരായണ നാരായണ! അച്യുതാനന്ത ഗോവിന്ദ!
ക്രൂരനാം മാരന്റെ കൂരമ്പുകൾകൊണ്ടു
പാരം വിവശയായ് തീർന്നിതു കന്യകാ-
കാമനും സോമനും യാമിനീകാലവും
മന്ദവാതം നല്ല കുന്ദപരിമളം
എന്നിവ സന്നാഹമൊന്നുചേരുംവിധൌ-
ഖിന്നയായ്തീരുന്നു സുന്ദരീരത്നവും.
ഇങ്ങനെ ഒരു 'രോഗം' അല്ലെങ്കിൽ 'ബാധ' ആണു പീഡിപ്പിക്കുന്നത്. അതുകൊണ്ടു : 'എവൻമൂലമിപ്പങ്കജാക്ഷിക്കു ചേതോഭവൻ ദുസ്സഹം പാരമേകുന്നു' എന്നറിവാൻ പുറപ്പെട്ടിരിക്കുന്ന കളഹംസമാണു ഞാൻ. നിങ്ങൾ ഏതു ക്ലാസ്സിൽ പഠിക്കുന്നു?
കേശവപിള്ള: ബി. എൽ. പരീക്ഷയ്ക്കു പഠിക്കയാണു്.
ആശാൻ: (ആത്മഗതം) ഒ. പണിക്കരാശാൻ പൊങ്ങുന്നു! (പ്രകാശം) അതും ജയിച്ചും എല്ലെല്ലൊഡിയും ജയിക്കട്ടെ. അങ്ങേ അടുത്തു നേരെ എല്ലാം പറഞ്ഞുകളയാമിനി. ഈ പങ്കജം കുഞ്ഞിനു കുറച്ചുദിവസമായി, സ്വല്പമല്ലാ, വലിയ സുഖക്കേടു-അതു നാടകങ്ങളിൽ ശകുന്തളയ്ക്കും മറ്റും കാണുന്നില്ലെ? അതുപോലെയാണു്. അതുകൊണ്ടു പേഷ്കാരങ്ങത്തേക്കും, കൊച്ചമ്മയ്ക്കും, വലിയ സന്താപം. പങ്കജം കുഞ്ഞിനോടു ചോദിച്ചിട്ടു് പരമാര്‍ത്ഥം പറയുന്നില്ല. അതറിവാനായി ബുദ്ധിമാൻ വലിയങ്ങുന്നു് എന്നെ നിയോഗിച്ചിരിക്കുന്നു. പള്ളിക്കൂടത്തിലേക്കുള്ള വഴിയിൽ കിട്ടും തേടുന്ന വള്ളി, എന്നുവച്ച് പുറപ്പെട്ടു; ഇതാ അങ്ങ് കാലിൽ തടഞ്ഞു. ഇനി 'യത്നമേതദര്‍ത്ഥംനൃപ' എന്നു പറഞ്ഞപോലെ അവനോൻെറ സാമര്‍ത്ഥ്യത്തിൽ ഇരിക്കുന്നു.
കേശവപിള്ള: ഞാൻ പേഷ്കാരങ്ങത്തെ വന്നു കാണട്ടേ?
ആശാൻ: എന്നാൽ കാര്യമെല്ലാം മോശം. ഇനി എല്ലാം എന്റെ സൂത്രധാരത്വത്തിൽ രംഗം രംഗമായി നടക്കണം. ഈ ആശാൻ കൂടീട്ടാണെങ്കിൽ, ചടങ്ങ് ഗുരുമുഖശാസനം അനുസരിച്ചുതന്നെ ഇരിക്കണം.
കേശവപിള്ള: ഞങ്ങടെ രണ്ടു വീട്ടുകാറരുടേയും സ്ഥിതിക്കും അങ്ങനെ ഒന്നും പാടില്ലല്ലൊ ആശാനെ.
ആശാൻ : വീട്ടുകാറെ സ്ഥിതിയൊക്കെ ഞാനറിയും. ഇതാ-പറയുമ്പോലെ കേൾക്കണം. ഇതെല്ലാം വല്യങ്ങത്തെ സമ്മതത്തോടു കൂടിയാണു്. തിരുവാലുംമൂല ഭഗവതിയാണെ സത്യം! അവിടെ ഇതെല്ലാവർക്കും സന്തോഷമായിരിക്കും. അങ്ങുന്നു വയ്യിട്ട് ഏഴുമണിക്ക് അവിടെ വന്നേക്കണം. (പോകാൻ തുടങ്ങീട്ടു തിരിഞ്ഞു നിന്നു്) കറ അറ ഇല്ലക്കാറരേ! അവിടെ പിടിക്കു- അതു പറഞ്ഞേക്കാം മുൻകൂട്ടി. (പോകുന്നു.)
കേശവപിള്ള: (ആത്മഗതം) ഇയ്യാൾ എന്നെ വട്ടത്തിലാക്കി. ഞങ്ങൾ രണ്ടു വീട്ടുകാറരും പഴേ ബന്ധുക്കളാണു്. പങ്കജാക്ഷിക്കു എന്നെ ഒരുവിധം കാര്യമാണെന്നും തോന്നുന്നു. നമ്മുടെ മനസ്സ പലടത്തും വ്യാപരിക്കയുമാണു്. എല്ലാം വിധിമതം അല്ലേ-
ആശാൻ: (തിരികെ വന്ന്) അങ്ങുന്നേ, പങ്കജാക്ഷി അമ്മ കാവ്യവും മറ്റും വായിച്ചിട്ടുണ്ടു്. അതുകൊണ്ട് ബഹുധാടിയിൽ, ഗീർവ്വാണത്തിൽ, സംസാരിക്കണം. രാവണൻ കൈലാസോദ്ധരണം ചെയ്തതുപോലെ അങ്ങേ ധോരണിയായ പ്രസംഗം കൊണ്ടു പങ്കജാക്ഷി അമ്മയെ ഇളക്കി ചേര്‍പ്പിലാക്കണം. അവിടത്തെ ആദ്യനാട്യങ്ങളൊന്നും അങ്ങ് വിശ്വസിക്കരുതു്. 'സകലം കല്യാണമിനി സകലം കല്യാണം.' (പോകുന്നു).
കേശവപിള്ള: പെണ്ണിനെ സംബന്ധം ചെയ്യിക്കാൻ അവര്‍ക്കു ധിറുതിയാണു്. അതാണു് ഈ മുട്ടുപിടി. ഈ തടിവിടനെ അവര്‍ക്ക് എവിടന്നു കിട്ടിയോ? (കുറച്ചു നടന്നു) 'മാനവപ്രകൃതങ്ങൾ സന്ദര്‍ഭോല്പാദകങ്ങളാണ്' എന്നുള്ള തത്വം എത്രയും സൂക്ഷ്മം ! ഇതുവരെ പങ്കജാക്ഷിയെ ഞാൻ സഹോദരീഭാവത്തിലാണ് സ്നേഹിച്ചിരുന്നതു്. ഈ വൃദ്ധഹംസപ്രേഷണം കൊണ്ട് അവർ ഇപ്പോളെന്റെ പ്രേമഭാജനമായി തീര്‍ന്നിരിക്കുന്നു. അവളോടുണ്ടായിരുന്ന സംഭാഷണസ്വാതന്ത്ര്യം ഇതാ വിനഷ്ടമായിരിക്കുന്നു. ഈ വനപ്രേമാവേശം അവളോടുണ്ടാവാനുള്ള സന്ദര്‍ശനപദത്തിൽനിന്നെന്നെ പരാചീനനാക്കുന്നു. 'പരുങ്ങനു പെണ്ണു കുന്തം' എന്നാരോ പറഞ്ഞുകേട്ടിട്ടുണ്ടു്. അതിനാൽ നമ്മുടെ ധൈര്യമെല്ലാം സഞ്ചയിച്ചുവേണം പുറപ്പെടാൻ. (പിന്നെയും കുറെ നടന്നിട്ടു്) ഈ ആശാന്റെ വകക്കാർ സമുദായത്തിനു വലിയ ഉപകാരികളാണ്. 'പ്രേമതാമരക്കന്ദം' ഇക്കാലങ്ങളിൽ സമർപ്പിക്കുന്നത് ഇവരാണു, കന്ദർപ്പനല്ല. എനിക്കയാളെക്കുറിച്ചു വലുതായ വെറുപ്പാണു തോന്നുന്നതു്. സംഗതി വരട്ടെ. അപ്പോൾ ഈയാളെ നല്ല വഴിയിൽ ആക്കിയേക്കാം.
(കർട്ടൻ)
രംഗം നാലു് (21-26)
രംഗം നാലു്
[മാധവൻപിള്ളയുടെ ഗൃഹം. പങ്കജാക്ഷിയുടെ മുറി.]
പങ്കജാക്ഷി: അച്ഛൻ എന്ത് ഉത്തമഗുണവാനാണ്! എന്റെ ഇംഗിതത്തെ എത്ര ദയയോടുകൂടി സാധിച്ചുതരുന്നു. സ്ത്രീകൾ ഗോപനം ചെയ്തുപോകുന്ന സംഗതികളെക്കുറിച്ചു ചോദ്യം ചെയ്യാതെ കാര്യം നിവർത്തിക്കുന്നുവല്ലോ? ആശാൻ കേമനാണു-നന്ദിയുള്ള സമര്‍ത്ഥനാണു്. അച്ഛന്റെ ആജ്ഞയും, പൂര്‍ണ്ണഅനുമതിയും, ഉണ്ടെന്നാണല്ലൊ പറഞ്ഞതു്. അദ്ദേഹം വരട്ടെ ഞാൻ കളവായി ലജ്ജയും മറ്റും നടിക്കൂല്ലാ. എന്റെ മനസ്സ് ഇഷ്ടലബ്ധികൊണ്ടു സന്തോഷിക്കുന്നു. കാവ്യനാടകാദികളിൽ ഉള്ള നായികമാരുടെ ചേഷ്ടാവര്‍ണ്ണനകളെ ഞാൻ വായിച്ചു മനസാ ഹസിച്ചിട്ടുണ്ട്. അതെന്തു അതെന്തുകഷ്ടം ! അന്യദുഃഖങ്ങളിൽ ഇനി ഞാൻ അനുകമ്പ കാണിക്കും.
(കിട്ടുപ്പണിക്കരാശാൻ പ്രവേശിക്കുന്നു.)
ആശാൻ: ''വിജയനന്റെ മാനസം വികസിതമായ് വന്നു- രവിമണ്ഡലം കണ്ട നളിനം പോലെ'' എന്ന കണക്കിനു പങ്കജാക്ഷിക്കുഞ്ഞിന്റെ മുഖം അങ്ങനെ വിരിഞ്ഞു പ്രകാശിക്കുന്നു. ഈയിടെ ഉണ്ടായിരുന്ന മൂടിക്കെട്ടൽ എല്ലാം മാറി മുഖമാകുന്ന നഭോമണ്ഡലം നവശൃംഗാരമന്ദഹാസപ്രചുരിമകൊണ്ടു ഭാസ്വത്തായിരിക്കുന്നു. ഇങ്ങനെതന്നെ ആ ലളിതമദനൻ കാണേണ്ടതു് - വന്നിട്ടുണ്ടു്. വരാൻ പറയട്ടേ?
പങ്കജാക്ഷി : (ആത്മഗതം) ആശാന്റെ വണ്ണനകൾ ശൃംഗാരത്തിനു ചേരും. ആത്മാക്കളുടെ സംഘടനമാകുന്ന പരിശുദ്ധ പ്രണയവിഷയത്തിൽ പ്രയോഗിക്കപ്പെടുമ്പോൾ അതിനൊരു നീചത്വം സംഭവിച്ചുപോകുന്നു. എന്റെ ബുദ്ധിക്ക് എനിക്കിപ്പോൾ നേർവഴി കാട്ടിത്തരാൻ ശക്തിയില്ല. ഛേ! സ്ത്രീകൾക്കും പ്രാഭവം വേണ്ടയോ? (പ്രകാശം) അച്ഛന്റെ അനുമതിയുണ്ടെന്നുള്ളത് സത്യം തന്നല്ലെ ആശാനെ?
ആശാൻ: സംശയമൊ? അല്ലെ, ഞാൻ ഉണ്ണുന്നതു് ചോറല്ലെ?
പങ്കജാക്ഷി: ആശാൻകൂടി വരണം, കേട്ടോ?
ആശാൻ: അല്ലാ? ഒരു നട്ടുവൻകൂടി വേണമെന്നോ? എന്നിട്ട്, മൃദംഗം, ഫിഡ്ഡിള, കൈമണി-
പങ്കജാക്ഷി: എന്നാൽ ഭദ്രയെ വിളിച്ചുകൊള്ളട്ടെ?
ആശാൻ: അതിനേക്കാൾ ഒരു മുരശുകാറനെ വരുത്തുകയാണു നല്ലതു്. അതൊന്നും വേണ്ട-തനിച്ചു കണ്ടാൽ മതി-ഏകാകിനിയായിട്ടുള്ള സന്ദര്‍ശനത്തിനു മധുരത കൂടും . ദേഹം സംഹരിച്ചുകളകയില്ല. (പോകുന്നു.)
പങ്കജാക്ഷി: എന്റെ പാടവങ്ങൾ അസ്തമിക്കുന്നു. ഇങ്ങനെ കാണാൻ അനുവദിക്കുന്നതും മര്യാദലംഘിച്ചുള്ള സ്വാതന്ത്ര്യമാണെന്നും അദ്ദേഹം വിചാരിച്ചുവെങ്കിലൊ? ഇതാ വരുന്നു. ഇനി അതൊന്നും ആലോചിക്കാനുള്ള സന്ദർഭമല്ല.
(പാരവശ്യസംഭ്രമത്തോടെ നില്കെ കേശവപിള്ള പ്രവേശിക്കുന്നു.)
(ആത്മഗതം) ഇതു പത്മനാഭക്കുറുപ്പു തഹശീൽദാരദ്ദേഹത്തിന്റെ മകനാണല്ലോ. ഇദ്ദേഹം ഈ ഘട്ടത്തിൽ ഇവിടെ വരാൻ സംഗതി എന്തു്? അച്ഛനെ കാണാനായിരിക്കാം. (പ്രകാശം) ഇന്നു രാവിലെ കണ്ടപ്പോൾ ഇങ്ങോട്ടു വരുന്ന കാര്യം പറഞ്ഞില്ലല്ലോ. തിരുവനന്തപുരത്തു ഞങ്ങൾ വന്നതിനെ ശേഷം ഇതുവരെ ഇങ്ങോട്ടു വരാഞ്ഞതിനെക്കുറിച്ചും അമ്മ പരിഭവിച്ചിരിക്കയാണു്. അങ്ങോട്ടു ചെല്ലണം. കണക്കിനു സമ്മാനം കിട്ടും. അച്ഛനും, അമ്മയും മാളികയിൽ ഉണ്ട്.
കേശവപിള്ള : (ആത്മഗതം) ഇവളുടെ മനസ്സാന്നിദ്ധ്യം കണ്ടില്ലേ? ആദ്യനാട്യം കേമം തന്നെ. തന്റെ അഭിനിവേശങ്ങളെ എങ്ങനെ മറച്ചിരിക്കുന്നു ! ഇതു നല്ല പ്രണയപാരവശ്യം തന്നെ. ഇവളുടെ മുഖപ്രസാദം എന്നെ സവിശേഷമായി സൽക്കരിക്കുന്നു. എങ്കിലും സ്വാഭിപ്രായത്തെ ലൗകികവചനങ്ങളാകുന്ന യവനികകൊണ്ടു മറച്ചിരിക്കുന്നു. ഇവളുടെ സാമ്യം ആശ്ചര്യം തന്നെ! (പ്രകാശം) അച്ഛനമ്മമാരിൽനിന്നും ഒരു സമ്മാനം കിട്ടുവാനുള്ള ആകാംക്ഷ തന്നെയാണു എന്നെ ഇവിടെ ഇപ്പോൾ സന്നിഹിതനാക്കിയിരിക്കുന്നതു്. അവർ രണ്ടുപേരുടേയും അനന്തജന്മാർജ്ജിതസുകൃതഫലത്തെ കണ്ടപ്പോൾ പാദങ്ങൾ നിഞ്ചേഷ്ടങ്ങളായി ഭവിച്ചു.
പങ്കജാക്ഷി: സരസവാക്കുകൾ നല്ലവണ്ണം അഭ്യസിച്ചുകഴിഞ്ഞു. ചൊല്ലിയാടുന്നതിനു വേറെ കളരി കിട്ടുന്നില്ലേ?
കേശവപിള്ള: അരങ്ങേറ്റം ഇഷ്ടദേവതയുടെ സന്നിധിയിൽ വേണമെന്നുണ്ടല്ലോ.
പങ്കജാക്ഷി: ശരിയാണ്. എന്നാലതു നടക്കട്ടെ. ഗുരുദക്ഷിണ കഴിഞ്ഞുവേണം. ആ ദേഹത്തെ കാണുന്നില്ലല്ലോ?
കേശവപിള്ള: രണ്ടും പങ്കജം തന്നെയാണു്.
പങ്കജാക്ഷി: എന്നാൽ നിവേദ്യത്തിനും ദക്ഷിണയ്ക്കും എനിക്കവകാശമുണ്ടല്ലോ.
കേശവപിള്ള: അത്രയ്ക്കു മാത്രമല്ല എന്റെ സർവ്വസ്വത്തിനും പങ്കജത്തിനു് അവകാശമുണ്ടു്. ചുരുക്കിപ്പറഞ്ഞേക്കാം. പങ്കജത്തിൻറെ അന്തരംഗം എല്ലാം ആശാൻ എന്നോടു പറഞ്ഞു. വിധിവിലാസത്തിന്റെ മഹിമകൊണ്ടു നാം പരസ്പരപ്രേമഭാജനങ്ങളായിത്തീര്‍ന്നു. നമ്മുടെ സൃഷ്ടിയുടെ ഉദ്ദേശംതന്നെ നമ്മുടെ ദാമ്പത്യമല്ലേ എന്നു ശങ്ക തോന്നിപ്പോകുന്നു. ഈ സ്ഥിതിയിൽ ഇനി അന്യഥാത്വം നടിക്കുന്നതു നൈസര്‍ഗ്ഗികനീതിക്കും അനുചിതമാണു്.
പങ്കജാക്ഷി: (ആത്മഗതം) എടാ നാശമേ! ഇതെന്തര്‍ത്ഥമാണു്? എന്നോട് ഈ പല്ലു് പൊടിയുന്ന പദങ്ങളുടെ പ്രയോഗമാണു പ്രകൃതവിരുദ്ധമായിട്ടുള്ളതു്. ആശാനും ആൾ തെറ്റിപ്പോയി. ഇതിന്റെ പരിണാമം അച്ഛനു വ്യസനവും ആശാനു ജാള്യവും ഉണ്ടാക്കും. (പ്രകാശം) ആശാനും അടവു പിണങ്ങിയതാണ്, അതുകൊണ്ടു നിങ്ങടെ ചോടും തെറ്റാതെ ഞാൻ സ്വല്പം ഗുരുസ്ഥാനം വഹിച്ചു ഗുണദോഷിച്ചേക്കാം. ഇവിടെ വന്ന സ്ഥിതിക്കും അച്ഛനെ ഉടനെ കാണുകയാണു ഉത്തമം.
കേശവപിള്ള: (ആത്മഗതം) ''അബലമാരതിചപലമാർ'' എന്നുള്ളതും ഒരു അഭിജ്ഞവചനം തന്നെയാണു്. മുഴുവൻ പദവും ഇവിടെ ആടണമെന്നായിരിക്കാം ഇവളുടെ അഭിലാഷം. ഈ സാധനം വേണ്ടെന്നു വെച്ചാലോ? ഇവളുടെ നവയൗവനവിലാസവും പ്രൗഢിയും കണ്ടിട്ട് അഹങ്കാരശമനം ചെയ്യാൻ ഒരു ഗർവ്വ് എന്നറെ മനസ്സിൽ ഉദിക്കുന്നു. അതുകൊണ്ടു പിന്തിരിഞ്ഞുകൂടാ. (പ്രകാശം) ഹേ! പങ്കജാക്ഷി! അതിഥിയായി സൽക്കരിച്ചു തിരസ്കരിക്കപ്പെട്ട ദുർവ്വാസസ്സിന്റെ കോപം പ്രസിദ്ധ പുരാണകഥയാണല്ലോ.
പങ്കജാക്ഷി: അതിന്റെ പരിണാമവും പ്രസിദ്ധമല്ലേ?
കേശവപിള്ള: (ആത്മഗതം) ഉപമ അബദ്ധമായി (പ്രകാശം) ഈ സന്ദര്‍ശനത്തിനു സംഗതിയായതും എന്തു സംഗതികളാലാണെന്നും ആശാനിൽനിന്നു നാം രണ്ടുപേരും ഒരുപോലെ ധരിച്ചിട്ടുണ്ട്. എന്നാൽ പങ്കജാക്ഷിക്കും എന്നോടുള്ള പ്രേമം ആശാന്റെ കൃത്രിമകഥയെന്നു ഇപ്പോൾ പങ്കജാക്ഷി ഭാവിക്കുന്നു. പ്രേമമില്ലെന്നുള്ള നാട്യം ഈ ഭാഗത്തില്ല. എന്റെ ഹൃദയം പങ്കജാക്ഷിക്കും അധീനമാണു്. ചിരദാമ്പത്യാകാംക്ഷയോടാണു് ഞാൻ വന്നിട്ടുള്ളതു്. എന്റെ ഹൃദയത്തെ വൃഥാ വ്യാമോഹിപ്പിച്ചു, ഇച്ഛാഭംഗമാകുന്ന മഴുവിനാൽ ഛേദിക്കരുതു്. എന്റെ പ്രായത്തേയും സ്ഥിതിയേയും പങ്കജാക്ഷി ബുദ്ധികൊണ്ടു നല്ലതിന്മണ്ണം പരിഗണനം ചെയ്തിട്ടു്, എന്റെ ഭാവിയെ തിമിരനിബിഡമാക്കിച്ചെയ്യാതെ എന്നെ രക്ഷിക്കണം. 'ദ്വേധാവിജയലക്ഷ്മി ഹസ്തഗതം' എന്ന നിശ്ചയത്തോടുകൂടി വന്ന എന്നെ ഗൗരവഭാവനകളെക്കൊണ്ടു കബളിപ്പിച്ചു യാത്രയാക്കുന്നതായാൽ ആ മാനഹാനി ഞാൻ എങ്ങനെ സഹിക്കും?
പങ്കജാക്ഷി: (ആത്മഗതം) ഇതു ധർമ്മസങ്കടമായി. ഈ സാധുവിന്റെ പ്രസംഗത്തിൽ പ്രഥമഭാഗം എൻ ഹൃദയത്തെ വളരെ ചലിപ്പിച്ചു. അവസാനഭാഗം എന്നെ ആശ്വസിപ്പിക്കുന്നു. ഇദ്ദേഹത്തിനു വിവാഹപ്രായം വന്നിട്ടില്ല. എന്നെക്കുറിച്ചുള്ള സ്നേഹം പ്രേമത്തിന്റെ വ്യാജരൂപത്തിൽ ഇദ്ദേഹത്തിനെ ഭൂമിപ്പിക്കുന്നു എന്നേ ഉളളൂ. പാവത്തിന്റെ സ്ഥിതി കണ്ടിട്ടു് എനിക്കു വളരെ അനുകമ്പ തോന്നുന്നു. (പ്രകാശം) അവമാനത്തെ ഒട്ടും ഭയപ്പെടേണ്ട-നാം പഴയ ബന്ധുക്കളാണല്ലോ. നിങ്ങൾക്കു് ഇവിടെ വന്നു പോകുന്നതിനു ധാരാളം അവകാശം ഉണ്ടു്. വഴിയിൽ വച്ചുതന്നെ നിങ്ങളോടും ഞാൻ സ്വാതന്ത്ര്യമായി സംസാരിക്കാറുണ്ടല്ലോ. സഹോദരസഹോദരീബന്ധം നാം തമ്മിൽ ഇനിമേലും ബഹുദൃഢമായിരിക്കും.
കേശവപിള്ള: പങ്കജാക്ഷി എന്നെ ഇങ്ങനെ വഞ്ചിക്കുന്നോ? ഗദ്യപാഠങ്ങൾ വായിക്കും പോലെ പ്രേമശൂന്യങ്ങളായുള്ള ഉപദേശങ്ങളെക്കൊണ്ടു എന്നെ ഭോഷനാക്കുന്നു! അനുകൂലമായ ഉത്തരം തന്നല്ലാതെ ഞാൻ ഇവിടന്നു പോകയില്ല. ശ്രീരാമനും സീതയും എങ്ങനെയോ അതുപോലെ നാം യോജിക്കും എന്നും മറ്റുമുള്ള മനോജ്ഞ മനോരാജ്യങ്ങളോടുകൂടിയാണ് ഞാൻ വന്നതു്.
പങ്കജാക്ഷി: ഇങ്ങനെ മര്‍ക്കടമുഷ്ടിവാദം ചെയ്യരുത്. എന്റെ സ്നേഹം നിങ്ങളിൽ സ്ഥിരമായിരിക്കും. അതിലധികം ഒന്നും ദത്തം ചെയ്‍വാൻ എനിക്കു സാധിക്കുന്നതല്ല. എന്തായിതു്? കരയാൻ തുടങ്ങുന്നോ? ച്ഛേ! ഗോഷ്ടി ഒന്നും കാണിക്കരുതു നിങ്ങൾ വലിയ സ്ഥാനങ്ങളിൽ പ്രവേശിപ്പാനുള്ള ഒരാളല്ലേ !
കേശവപിള്ള: (ലജ്ജയോടും വ്യസനത്തോടും) ഇത് ഒരു പേഷ്ക്കാരുടെ പുത്രി എന്നുള്ള ഗർവ്വല്ലയോ? എൻറെ അവമാനം എന്റെ അച്ഛനും അമ്മയ്ക്കും എത്ര വ്യസനത്തെ ഉണ്ടാക്കും? ബലവാന്മാരായ നിങ്ങൾ കേവലം വിദ്യാർത്ഥിയായ എന്നെ വരുത്തി-ഇങ്ങനെ-നിങ്ങടെ വീട്ടിനകത്തുവെച്ചു - (എന്നു കരയുന്നു).
പങ്കജാക്ഷി: ഇതെന്തു കഷ്ടമായ വാക്കുകളാണു ! ഛേ വ്യസനിക്കരുതു്. എൻെറ വാക്കുകൾ കടുത്തുപോയെങ്കിൽ ക്ഷമിക്കണം. കരഞ്ഞാൽ വല്ലോരും കേട്ടിട്ട് ഇവിടെ എത്തും. വലിയ ചീത്തയാകും.
കേശവപിള്ള : (കരഞ്ഞുകൊണ്ടു്) എത്തട്ടേ. ഇതിലധികം ചീത്ത വരാനെന്തുണ്ടു്? എല്ലാരും അറിയട്ടേ... (അണിയറയിൽ) വേഗം വരണം അച്ഛാ. (ഭദ്ര പ്രവേശിക്കുന്നു)
ഭദ്ര: ചേച്ചി ഇതാ! അച്ഛനെ കാണാൻ വന്ന ഒരാളെ എന്തെല്ലാമൊക്കെ പറഞ്ഞു കരയിച്ചു. ചേച്ചിക്കിപ്പോൾ വേറെ ജോലി ഒന്നും ഇല്ല! (കേശവപിള്ളയുടെ അടുത്തുചെന്നു്) വീരനായി നില്ക്കണം. ഇതാ അച്ഛൻ വരുന്നു. (മാധവൻപിള്ള പ്രവേശിക്കുന്നു.)
മാധവൻപിള്ള: അല്ലാ! ഇതാരു കേശവൻകുട്ടിയോ? (ആംഗ്യംകൊണ്ടു പങ്കജാക്ഷിയോടു പൊയ്ക്കൊള്ളാൻ ആജ്ഞാപിക്കുന്നു.)
(പങ്കജാക്ഷി പോകുന്നു.)
വരൂ. മുകളിൽ പോയി സംസാരിക്കാം. (ഭദ്രയോടു്) ഭദ്ര വരണ്ട. പങ്കജത്തിന്റെ അടുത്തു പോകൂ.
കേശവപിള്ള: (ആത്മഗതം) ഈ ഭദ്ര കൊച്ചുകള്ളി എന്റെ മനസ്സിനെ ഉന്മേഷിപ്പിക്കുന്നു. മൂത്തവൾ ഭദ്രകാളി. പെട്ടുപോയെങ്കിൽ നരകമായിരുന്നേനെ. രക്ഷപ്പെട്ടതു് എന്തോ പുണ്യഫലം.
(മാധവൻപിള്ളയും കേശവപിള്ളയും പോകുന്നു.)
ഭദ്ര: ഞാൻ ഇന്നലെ പഠിച്ച ശ്ലോകം ഒന്നു ചൊല്ലീട്ടേ പോകൂ.
''ബാണാസുരന്റെ മകളങ്ങുഷയെന്നു പേരാം
ഏണാങ്കബിംബമുഖി കന്യകയന്നൊരുന്നാൾ
കണ്ടാൾ കിനാവിലനിരുദ്ധനെ ദൈവഗത്യാ
വണ്ടാരണിക്കുഴലി പിന്നെയുണര്‍ന്നു കോൾ.''
" "ഇവിടെക്കേണതു കിനിരുദ്ധൻ! '' (എന്നും ആവർത്തിച്ചു പാടിക്കൊണ്ടു പോകുന്നു.)
(കർട്ടൻ)
രംഗം അഞ്ചു് (27-30)
രംഗം അഞ്ചു്
[ഭാസ്കരമേനോൻ ഗൃഹത്തിൽ ഒരു മുറി. സാമാനങ്ങൾ കൂട്ടിയിരിക്കുന്നു. പഞ്ചാമൃതം ഒരു ചാരുകസേരയിൽ കിടക്കുന്നു. ഭാസ്കരമേനോൻ ഉത്സാഹത്തോടുകൂടി അടുത്തു നില്ക്കുന്നു.]
പഞ്ചാമൃതം: ഇന്നത്തെ പാർട്ടിയെക്കുറിച്ചു ഞാൻ ഒരു ശ്ലോകം ഉണ്ടാക്കിത്തുടങ്ങിയിരിക്കുന്നു. കേൾക്കൂ ഡീയർ. സജഷ്ഷൻസുണ്ടെങ്കിൽ തരൂ. 'കൊല്ലും നല്ലൊരു മല്ലനേർമിഴിയിണക്കല്ലോലനല്ലുത്സവെ-'
ഭാസ്കരമേനോൻ: കേമം! ഓ, കെങ്കേമം ! കുഞ്ഞിക്കുട്ടി ഒന്നാംക്ലാസ് കവിയായിപ്പോയി. അസ്സൽ കവിത. വടക്കത്തെ ആ ഇക്കാവമ്മ സലാം വൈക്കണം. തങ്കച്ചി ഇന്ദ്രസന്നിധിയിൽ ഇന്നു തലകുലുക്കട്ടെ- ' 'കല്ലോലനല്ല'' എന്നുവച്ചാൽ എന്തോന്നാണു്?
പഞ്ചാമൃതം: മുഴുവനാകട്ടെ. പിന്നെ അന്വയവും ഭാവവുമൊക്കെ പറഞ്ഞുതരാം.
ഭാസ്കരമേനോൻ: കുഞ്ഞിക്കുട്ടി ശ്ലോകമുണ്ടാക്കിക്കൊള്ളൂ. ഞാനൊരു പദമുണ്ടാക്കാം. ശ്ലോകം എളുപ്പമാണു്.
പഞ്ചാമൃതം: പദവും ശ്ലോകവും എല്ലാംകൂടി ആയാൽ ലേഡീസിനു മുഷിയും. മധുരമധികമായാൽ ചെടിക്കും.
ഭാസ്കരമേനോൻ: എന്നാൽ പാട്ടുമതി. കുഞ്ഞിക്കുട്ടിക്കുമാത്രം പ്രസിദ്ധി കിട്ടിയാൽ പോരാ. കുഞ്ഞിക്കുട്ടി, ഇംഗ്ലീഷുകാരത്തി, പഞ്ചാമൃതം, കവി എന്ന പടികൾ കടക്കും പോലെ ഞാനും അരത്തൻപിള്ള, ഭാസ്കരമേനോൻ, കവി എന്നിങ്ങനെ മേല്ക്കുമേൽ പരിഷ്ക്കരിച്ചു പ്രസിദ്ധി സമ്പാദിക്കയല്ലേ വേണ്ടതു്? ഇതിൽ മറ്റുള്ളവരുടെ ഇഷ്ടാനിഷ്ടങ്ങളെ നോക്കാൻ ഭാവമില്ല. എന്റെ കവനം അതിമിനുസമായിരിക്കും. ഗൂഢാര്‍ത്ഥങ്ങളും അഗാധകല്പനയും മധുരപ്രയോഗങ്ങളും തിങ്ങിവിങ്ങി പരിപൂര്‍ണ്ണമായിരിക്കും. എന്നെക്കൂടി പാര്‍ട്ടിയിൽ ചേര്‍ക്കയാണെങ്കിൽ ഞാൻതന്നെ അതു പാടി ഫലിപ്പിക്കാം. അഹങ്കരിച്ചു മുന്നിട്ടുനിന്നാൽ അഭിമാനികൾ വണങ്ങും. അതുകൊണ്ടു കുഞ്ഞിക്കുട്ടിയുടെ സദസ്യരിൽനിന്നും ആക്ഷേപമുണ്ടാകുമെന്നു ഭയപ്പെടേണ്ട. എന്റെ കവനചാതുര്യത്തിനു കുഞ്ഞിക്കുട്ടി സാക്ഷി. നമ്മുടെ റവന്യൂകമ്മിഷണർ മാധവൻകുട്ടി, ആൾ രസികൻ; സരസാഗ്രേസരൻ-; പാട്ടു കേട്ടിട്ട് പന്ത്രണ്ടു പ്രാവശ്യം 'ആംകോർ' വിളിച്ചു- അദ്ദേഹത്തിന്റെ ഭാര്യ ലീലാലളിതാംബിക ബലേ ബലേന്നാര്‍ത്തു- ചിരിച്ചു ശംഖും കടലും എല്ലാം പൊട്ടി. പാട്ടിങ്ങനെയായിരുന്നു- ബസ്! ബസ്! കുത്തിച്ചെത്തി പണിചെയ്തുണ്ടാക്കിയതല്ല -വാസനകൊണ്ടു് റീം റീമായി, താനെ ഒഴുകിവന്നൂ കുഞ്ഞിക്കുട്ടി! (പാടുന്നു) 'എന്തെടി ബാലെ-ചന്തമുള്ള മുഖീ, എന്റൂടിക്കേറിയിങ്ങനെ ശണ്ഠ്യാട്ടം തുടങ്ങുന്നു... എന്തെടി ബാലെ! അന്തിയുമണയുന്നു - ചന്തിരനുയരുന്നു -ചിന്തുണില്യൊ മകരം ശീതം ശീതമായി... എന്തെടി ബാലെ!'
പഞ്ചാമൃതം: എന്തു മനോധർമ്മം ഡീയർ! അയ്യോ ഡീയർ! (എന്നു ഭാസ്കരമേനോനെ പഞ്ചാമൃതം ആലിംഗനം ചെയ്ത് ചെകിട്ടത്തു തട്ടി സന്തോഷിപ്പിച്ചിട്ടു്) കുറച്ചു കഴിഞ്ഞാൽ എന്റെ മേൻ രണ്ടാം കാളിദാസൻ ആകും.
ഭാസ്കരമേനോൻ: സറി മദുവര്‍ശീ! അതു കൊണ്ടു് എന്നെക്കൂടെ പാര്‍ട്ടിയിൽ ചേര്‍ക്കു- പലേ തരത്തിലും ഛായയിലും ഉള്ള സ്വഭാവങ്ങളോടു പരിചയം വന്നാലെ കവിയുടെ പേനയ്ക്കു മൃദുലമായ ഓട്ടമുണ്ടാകൂ-വേണമെങ്കിൽ അരുണനെപ്പോലെ സ്ത്രീവേഷം ചമഞ്ഞു കളയാം.
പഞ്ചാമൃതം: (പുഞ്ചിരിയോടുകൂടി ഭാസ്സരമേനോൻ മീശയിൽ പിടിച്ചുകൊണ്ടു്) ഇതിനെ എന്തുചെയ്യും?
ഭാസ്സരമേനോൻ: അതിനെ പഞ്ചാമൃതത്തിന്റെ മുഖത്തേക്കു സ്ഥലം മാറ്റിക്കളയൂ. അങ്ങനെ ചെയ്താൽ, പരിഷ്കാരത്തിന്റെ പരമകാഷ്ഠപ്രാപ്തി ആകുമല്ലോ.
പഞ്ചാമൃതം: അസംബന്ധം പറയാതിരിക്കു മേൻ.
ഭാസ്കരമേനോൻ: കുഞ്ഞിക്കുട്ടിയെ കിട്ടിയപ്പോൾ ആ ക്രിയ നടന്നു പോയി. ഇനി എങ്ങനെയാണ് അതിനെ റദ്ദു ചെയ്യുന്നതു്?
പഞ്ചാമൃതം: എനിക്കിതൊന്നും കേൾക്കണ്ടാ. കാര്യം നടക്കാൻ സമ്മതിക്കാതെ കളിക്കുനിന്നാൽ ഞാനിതാ പോണു. (പോകാൻ ഭാവിക്കുന്നു.)
ഭാസ്കരമേനോൻ: (തടുത്തിട്ടു) 'പരിഭവമരുതേപാഴിൽ പരഭൂതമൊഴിമാർ ജലത്തിനുത്തംസെ-''
പഞ്ചാമൃതം: (തിരിഞ്ഞു നിന്നു് പരിഭവിക്കുന്നു) വൃഥാ സമയം കളഞ്ഞു മുഷിപ്പിക്കുന്നല്ലോ! ലേഡീസ് ഇപ്പോൾ വന്നുതുടങ്ങും. ഇവിടം ഒരു 'ഹെൽ' പോലെ കിടക്കുന്നു. ഞാൻ ഉടുത്തു തയാറായിട്ടുമില്ല! കാളിയുടെ വിദ്യ ഒന്നും അടുക്കളയിൽ നടന്നിട്ടുമില്ല! എനിക്കു മനസ്സിലായി മിസ്റ്റർ, നിങ്ങടെ നാട്യങ്ങൾ. നിങ്ങളും മറ്റു ചിലരെപ്പോലെ ഞങ്ങടെ സമുൽഗതിക്കു ശത്രുവാണു്. പക്ഷേ, ഒന്നുണ്ടു് -അക്കാലമൊക്കെ പോയ്പോയെന്നും ഓർമ്മിക്കണം.
ഭാസ്കരമേനോൻ: സറി മന്മഞ്ജുളകോകിലേ! (തുള്ളപ്പാട്ടിന്റെ മട്ടിൽ) ഓ! സറി! 'അക്കാലമൊക്കെയും പൊയ്പോയി നമ്മുടെ-മയ്ക്കണ്ണിമാരിതാ മക്കത്തു പോകുന്നു,' എന്നു വഴിയിൽ പിള്ളേരും പാടുന്നു.
പഞ്ചാമൃതം: മക്കത്തും ശീമയ്ക്കും പോകാനുള്ള അവകാശം നിങ്ങൾക്കു തന്നെ ആചന്ദ്രതാരം ഇരിക്കട്ടെ. ഞങ്ങൾക്കടുക്കള മതി. ബോയ്!
(കാളി പ്രവേശിക്കുന്നു.)
നമുക്കു പാർട്ടി നാലുകെട്ടിലായാൽമതി. കാളി പോയി ക്ഷണം ആ സ്ഥലം ഒക്കെ അടിച്ചുവാരൂ.
ഭാസ്കരമേനോൻ: ഹൈ നമ്മുടെ ഹരിണാക്ഷീ! അതു പാടില്ല. പാർട്ടി ഇബിടെത്തന്നെ. നമ്മുടെ മേനകകൾ ചന്ദ്രകാന്തതളിമങ്ങളിൽ നര്‍മ്മോല്ലാസവിശേഷങ്ങൾ തുടരേണ്ടവർ ഈ ഹാളിനെ അവർ അലങ്കരിക്കുന്നതായാൽ (തുള്ളൽ മട്ട്) 'പതിനാറാം വയസ്സിലെ കളിയെന്തു് ചിരിയെന്തു്. അവ പാഞ്ഞുമറഞ്ഞു പോയ്, അതു കഷ്ടം ഹരശംഭോ!,' അതുകൊണ്ടു ഞാൻതന്നെ ഈ സ്ഥലം ഒരുക്കിക്കളയാം . കാളീ! ഈ സോഫായുടെ ആ തല പിടിക്കു.
(കാളിയും ഭാസ്കരമേനോനുമായി എടുക്കുന്നു. വാല്യക്കാരൻ പ്രവേശിച്ചു ഒരു കാർഡ് ഭാസ്കരമേനോന്റെ കൈയിൽ കൊടുക്കുന്നു.)
ഭാസ്കരമേനോൻ: (വായിക്കുന്നു) ടി. ക്യൂ. റാംബസ് കാപ്ററൻ, ഐ. ഏ.
കാളി: ഇതു 'അയ്യേ' തന്നെ. അയാൾക്കും ഈ മൂര്‍ത്തത്തിലേ കേറി നേതിക്കാവൂ. സമയമില്ലെന്നു പറഞ്ഞൂട്ടാലൊ ഏമാനേ?
ഭാസ്കരമേനോൻ: ഓ, പാടില്ലാ നമ്മുടെ വിശേഷാൽ സുമന്ത്രിണീ! പട്ടാളം സായ്പാണു്. മൂക്കു ചെത്തിക്കളയും. എല്ലാരും കൂടി എന്നെ വേഗം ഡ്രെസ്സ് ചെയ്യിൻ.
(ഭാസ്കരമേനോനെ ഉടുപ്പ് ഇടിക്കുന്നു. ഒടുവിൽ പഞ്ചാമൃതവും കാളിയും അകത്തുപോകുന്നു.)
(വാല്യക്കാരനോടു്) വരാൻ പറ.
വാല്യക്കാരൻ: ഉ- ഉ- ഉ- ഹുടുപ്പും മറ്റും ഇ-ഇ-ഇ-ഹിട്ടത...
ഭാസ്കരമേനോൻ: യെടാ മരമണ്ടാ ! പറഞ്ഞതു കേൾക്കണോ, അഭിപ്രായങ്ങൾ പറയാൻ നിക്കണൊ? പോയി വരാൻ പറ. (വാല്യക്കാരൻ പോകുന്നു.)
കാളി: (തല അകത്തോട്ടു നീട്ടീട്ട്) ഏമാനേ! സായ്പിനെ വേഗം ചറുക്കു വയ്ക്കണം. നേരം ഉച്ചതിരിഞ്ഞുപോയി. (തല പിൻവലിക്കുന്നു),
ഭാസ്കരമേനോൻ: (കോപിച്ച്) ഈ അപസ്മാരത്തിന്റെ തല പൊളിച്ചേക്കുന്നുണ്ടു!
കാളി: (അകത്തു പ്രവേശിച്ചു) എന്തര് ഉത്തരവായത്?
രംഗം അഞ്ചു് (31-33)
(ഭാസ്കരമേനോൻ കാളിയെ പിടിച്ചു പുറത്തേക്കു തള്ളുന്നു. മറുവശത്തുനിന്നും കാൽശബ്ദം കേട്ടിട്ടു മുമ്പോട്ടു നീങ്ങി 'ഗുഡ്മാർണിംഗ്' എന്നു പറയാൻ തുടങ്ങി, ആളെ കണ്ടിട്ടു നിറുത്തുന്നു പാച്ചൻ പ്രവേശിക്കുന്നു).
ഭാസ്കരമേനോൻ: ('കണ്ടകശ്ശനി പ്രവേശിക്കുന്നു' എന്ന മട്ടിൽ) ഇവൻ ഇപ്പോൾ എവിടന്നു ചാടിവീണു? ഫൊ പുറത്ത്.
പാച്ചൻ: (ആത്മഗതം) ദൊരമട്ടിനു കാലുവച്ചു വരാത്തതുകൊണ്ടു പിടിച്ചില്ലായിരിക്കാം. പോയേച്ചു ഡീഫറാക്കായിട്ടു വരാം. (പോകുന്നു.)
(ഭാസ്കരമേനോൻ മണി അടിക്കുന്നു. വാല്യക്കാരൻ പ്രവേശിക്കുന്നു).
കാളി: (അകത്തോട്ടു തല നീട്ടീട്ട്) ഉന്തിയരശ്ശായൊ ഏമാനേ! മിശ്യമ്മേ വരാൻ പറയട്ടൊ?
ഭാസ്കരമേനോൻ: ഹഡീ അറുകുലപ്പേച്ചീ!
(കാളി തല പിൻവലിക്കുന്നു.)
(വാല്യക്കാരനോടു്) എന്താടാ ഇതു? വന്നാളെ വരാൻ പറ
വാല്യക്കാരൻ: ഞ―ഞ- ഞാൻ ബ് ബ് ബ് ബോധി-
(ഭാസ്കരമേനോൻ ദേഷ്യപ്പെട്ടു വാല്യക്കാരനെ പിടിച്ചു പുറത്താക്കുന്നു. അല്പം കഴിഞ്ഞു് പാച്ചൻ സായ്പയിന്റെ അഭിനയങ്ങളോടുകൂടി പ്രവേശിക്കുന്നു.)
ഭാസ്കരമേനോൻ : ബാംബേയിലെ പ്ലേഗ്‌പോലെ നീ എന്തോന്നെടാ, വീണ്ടും വീണ്ടും ആവിർഭവിക്കുന്നതു്? നിന്റെ വെടികേൾപ്പാൻ സമയമില്ല. പോയി വാ―! ലെഫ്റ്റ്ടെൺ ഡബ്‍ബിൾ മാർച്ച്.
പാച്ചൻ: ഇതെന്തോന്നങ്ങുന്നേ! ചെപ്പടിക്കാരന്റെ പന്തുപോലെ പോച്ചൊന്നാൽ പോണം വരച്ചൊന്നാൻ വരണം എന്നും എന്നെ കവാത്ത് പടിപ്പിക്കണതു്?
കാളി: (അകത്തോട്ടു തല നീട്ടീട്ടു്) പാച്ചാ! പങ്കജാക്ഷിക്കുഞ്ഞിന്റെ പെടവട എന്നെടാ?
ഭാസ്സരമേനോൻ: അയ്യോടീ നരകത്തിലെ വാൻകോഴീ! (പാച്ചനോടു്) വന്ന സായ്പു് എവിടെയിരിക്കുന്നെടാ?
പാച്ചൻ: സായ്പും ശീമറാണിയും ആരും വന്നിട്ടില്ലങ്ങുന്നേ!
ഭാസ്കരമേനോൻ: വിഡ്ഢീ, വിദൂഷകാ! കടക്ക് പുറത്ത്-
പാച്ചൻ: (ആത്മഗതം) പാമ്പായാലും പഴയതു നല്ലതു്. ഇവിടം പാച്ചനു മൂന്നാന്നാളു്. (തൊഴുതുകൊണ്ടു പോകുന്നു).
കാളി: അവിടത്തെ പെടവടക്കാര്യം വല്ലതും പറയാനായിരിക്കും അവൻ വന്നതു്.
പഞ്ചാമൃതം: (പ്രവേശിച്ച്) പുടവകൊട ആര്‍ക്കാണു്?
കാളി: പങ്കജാക്ഷിക്കുഞ്ഞിനു- യ്യേ! മിസ്സ്യമ്മ അതു കേട്ടില്ലയൊ? അല്ലേ-എല്ലാടത്തും ചെവിയും കൊണ്ടല്ലയോ പോണത്? 'അങ്ങാടിയിൽ രഹസ്യം അരുമനപരസ്യം' പോലെ ഇരിക്കുന്നതു് മിസ്യമ്മ കേട്ടില്ലെങ്കിൽ അതിശയം തന്നെ.
ഭാസ്കരമേനോൻ: ബറാബർ ഭേഷ്! ഇന്നത്തെ സമ്മേളനം പട്ടാസായി നടക്കണം. കുഞ്ഞിക്കുട്ടീ-! പങ്കജാക്ഷിഅമ്മയ്ക്കു മൂന്നു ചീയഴ്സ് ഒടുവിൽ- ഈ നമ്മുടെ ഒരു ഹൃദയോദ്ഗളിതമായ കുരവയും കണ്ടുകൊള്ളു.
പഞ്ചാമൃതം: ഭര്‍ത്താവാരാണാവൊ?
കാളി: അതും ഒരു വീയെതന്നെ- മുടിഞ്ഞ കൂട്ടം മുടുക്കിനു മൂവായിരമൊണ്ടിപ്പോൾ. കണ്ടെടത്തു കാപ്പിയും കുടിച്ചു വിരുന്തുമുണ്ടു വെറുങ്കയ്യുംവീശി നടക്കുന്നതാ.
ഭാസ്കരമേനോൻ: (ചിരിച്ചിട്ടു്) ജയിച്ചവര്‍ക്കും കിട്ടിയവര്‍ക്കും ബി. ഏ. കനകം-അല്ലാത്തവക്കു 'ഛീ വേണ്ടാ പുളിക്കും' എന്നപോലെ-എങ്കിലും, കാളി ഒരു ബലിയ തത്വഗ്രാഹിതന്നെ.
പഞ്ചാമൃതം: മിനക്കെട്ട വര്‍ത്തമാനം കൊണ്ടു സമയം കളയണ്ടാ. നമുക്കിവിടം സുമാറാക്കാം, എന്റെ ഹൃദയഗന്ധര്‍വ്വാ.
ഭാസ്കരമേനോൻ: ശരി - ശരി - (ചാരുകസേരയിൽ കിടക്കുന്നു).
പഞ്ചാമൃതം: ഇവിടെ അനന്തശയനം കൊണ്ടൂടാ
ഭാസ്കരമേനോൻ: ഇത്ര സുഖം എടുത്തോട്ടേ നമ്മുടെ ശശാങ്കുപ്രതിമാംഗീ!
പഞ്ചാമൃതം: പിന്നെ! കാളി! കസേരയുടെ ആ തല പിടിക്കു്.
(കാളിയും പഞ്ചാതവും കളിയായിട്ടു ഭാസ്കരമേനോനെ കസേരയോടുകൂടി എടുത്തുകൊണ്ടു പോകുന്നതിനിടയിൽ ഭാസ്കരമേനോൻ പാടുന്നു.)
ഭാസ്കരമേനോൻ: ''രാജകന്യകയായാലും പൂര്‍വജന്മം പുനഃപുനഃ''
(കർട്ടൻ)
രംഗം ആറു് (34-37)
രംഗം ആറു്
[ഒരു പെരുവഴി. മുമ്പിൽ മീനാക്ഷിയും പുറകിൽ ആശാനും പ്രവേശിക്കുന്നു.]
ആശാൻ: (ആത്മഗതം) ആളെ ഇപ്പോൾ കിട്ടി. ഭാഗ്യാധിപൻ കര്‍മ്മത്തിൽ പകർന്നു. ആ ബി. എ.ക്കുഞ്ഞാറാണനെ കണ്ടതു കണ്ടകശ്ശനിയിലാണു്. അങ്ങുന്നും കൊച്ചമ്മയും നമ്മോട് ഇപ്പോൾ മിണ്ടുന്നില്ല. 'വീണവനു വീഴ്ച തലയ്ക്കു മേൽ.' ആ പാച്ചൻ അധികപ്രസംഗിപോലും. നമ്മോടു തെറികൾ പറയുന്നു. 'നാഥൻ വെടിഞ്ഞാൽ നായും വെറുക്കും.' എന്നാൽ ഇനി എല്ലാത്തിനും ഒരുപശാന്തിയുണ്ടാകും. പങ്കജംകുഞ്ഞു് എഴുതിയതു നിസ്തര്‍ക്കമായി ഇദ്ദേഹത്തിvdറെ ഛായയാണു്. ബഹുസുന്ദരൻ ! പിൻകാഴ്ചയ്ക്കു സ്ത്രീയാണെന്നു ശങ്കിച്ചുപോകും. ആൾ ഇതുതന്നെ. അല്ലെന്നു വരണമെങ്കിൽ ആദിത്യൻ രണ്ടുണ്ടാകണം. ഇദ്ദേഹം ഈ വീട്ടിൽ കേറാൻ ഭാവിക്കുന്നു. (മീനാക്ഷിയുടെ പുറകിൽ ചെന്നു ചുമയ്ക്കുന്നു.)
മീനാക്ഷി: (തിരിഞ്ഞുനിന്നു്) എന്താ വല്ലതും പറയാനുണ്ടോ?
ആശാൻ: (ആത്മഗതം) ഇദ്ദേഹത്തോടു് ഇപ്പോൾ പ്രകടമായി ഒന്നും പറഞ്ഞുകൂടാ. (പ്രകാശം) കണ്ടപ്പോൾ പരിചയമുണ്ടായാൽക്കൊള്ളാമെന്നു തോന്നി. കാഴ്ചമാത്രത്തിൽ സ്നേഹം ഉണ്ടാകുന്നതും അനുഭവാശ്ചര്യങ്ങളിൽ ഒന്നാണല്ലൊ.
മീനാക്ഷി: (പ്രച്ഛന്നമായി) മുഖസ്തുതി ചെയ്‍വാൻ നിങ്ങൾ സമർത്ഥനെന്നറിഞ്ഞു. ഇനി ആരെന്നുള്ള വസ്തുത പറയൂ.
ആശാൻ: (ആത്മഗതം) സ്വയം പ്രകാശിക്കുന്ന ഒരു വിദ്വാനെന്നു തന്നെ ഇദ്ദേഹത്തെ ധരിപ്പിക്കാം. അവനവന്റെ യോഗ്യത അവനവൻതന്നെ വണ്ണിക്കണം. 'ശ്രീഹര്‍ഷൊ നിപുണഃ കവി:' എന്നും മറ്റും കവിഗംഭീരന്മാരും ആത്മപ്രശംസ ചെയ്തിട്ടില്ലെ? കലിയുഗധനുർവേദത്തിൽ അതു ബ്രഹ്മാസ്ത്രമാണു്. (പ്രകാശം) പേരു്, കിട്ടുപ്പണിക്കരാശാൻ അസാരം വായിച്ചിട്ടുണ്ടു്. ജ്യോത്സ്യം, വൈദ്യം, ലക്ഷണശാസ്ത്രം മുതലായി ചിലതുകൂടി ഉദരപൂരണത്തിനായി വശമാക്കീട്ടുണ്ട്.
മീനാക്ഷി: എല്ലാംകൂടി ആണെങ്കിൽ കാലക്ഷേപം തറവാട്ടുസ്വത്തു കൊണ്ടുതന്നെ ആയിരിക്കും- അല്ലേ?
ആശാ : (ആത്മഗതം) ഇയാൾ കന്നനാണു്. പക്ഷേ, കേശവപിള്ളയുടെ വര്‍ഗ്ഗക്കാരനുമായിരിക്കാം- തീച്ചപ്പെടുത്തിക്കളയാം. (പ്ര കാശം) ഇപ്പോൾ രണ്ടുകൂട്ടര്‍ക്കാണു് സമുദായത്തിൽ പ്രാധാന്യം-ഒന്നാമതും ഞങ്ങൾക്കും, രണ്ടാമതു് ബി. ഏ. വര്‍ഗ്ഗത്തിനും. അവിടുന്നു ഈ കഥ അറിയാത്തതും ആശ്ചര്യമായിരിക്കുന്നു.
മീനാക്ഷി: എനിക്കു ബി. ഏ.ക്കാരുടെ പദവി കിട്ടുന്നതിനു ഭാഗ്യം വന്നില്ല. ആ സംഘക്കാരും നിങ്ങളും തമ്മിൽ ജീവിതമത്സരം ഉണ്ടു -വാക്കുകളിൽനിന്നും അതു വെളിപ്പെടുന്നു.
ആശാൻ: (ആത്മഗതം) ഇദ്ദേഹം ബി. ഏ. അല്ല. അതുകൊണ്ടു എന്തും പറയാം. (പ്രകാശം) ബി. ഏ. എന്നെഴുതിയാൽ അക്ഷര ക്രമത്തിനും മുപ്പതു് എന്നു സംഖ്യ വരും, അതിനെ പന്ത്രണ്ടുകൊണ്ടു ഹരിച്ചാൽ ശിഷ്ടം ആറു്. അതായത് ഷഡ്ഗവ്യം.-അതി നാൽ ബി. ഏ. ആകാതിരിക്കുക ശുഭം.
മീനാക്ഷി: മുപ്പതിനെ മുപ്പതുകൊണ്ടുതന്നെ ഹരിച്ചാൽ ഫലം 'ഒന്നു', ഉത്തമന്മാരെന്നോ, ശിഷ്ടം 'പൂജ്യം', പൂജ്യന്മാരെന്നോ വ്യാഖ്യാനിക്കുന്നതിൽ വല്ല യുക്തിഭംഗവും ഉണ്ടോ? ബി. എ. എന്നീ രണ്ടക്ഷരങ്ങൾ 'ബുധേഷു-അഗ്രേസരഃ' എന്നുള്ള രണ്ടു പദങ്ങളുടേയും സൂചകാക്ഷരങ്ങളായും എടുക്കാം-നമ്മുടെ രണ്ടു പേരുടേയും പാഠശാലാവ്യത്യാസം കൊണ്ടായിരിക്കാം അർത്ഥധാരണയിൽ ഈ ഭേദം വന്നത്.
ആശാൻ: അവിടുന്നു" മഹായുക്തിമാൻ; എന്നുമാത്രമല്ലാ ഞങ്ങളുടെ വക്കീൽ കുട്ടിസിംഹങ്ങളെ കൊടികുത്തിക്കുന്ന വാഗ്മിയുമാണു്. അവിടത്തെ മുഖത്തു കാണുന്ന അളകത്തിന്റെ ലക്ഷണഫലം ''വാഗ്മീ ദുർബലജാനുരക്ഷയധനുശ്ശുരാംഗനാ വല്ലഭഃ' എന്നാണു്. ആ കൈ ഒന്നു കണ്ടാൽ ചില ലക്ഷണങ്ങൾ കൂടി ഞാൻ പറയാം.
മീനാക്ഷി: കരപരിചയം നമ്മിൽ വേണ്ട, മുഖം നോക്കിത്തന്നെ എല്ലാം പറഞ്ഞുകൊൾക. പ്രധാനം മുഖമല്ലേ?
ആശാൻ: സംശയമോ? ''മുഖമർദ്ധം ശരീരസ്യ സര്‍വം വാ മുഖമു ച്യതെ' എന്നുണ്ടു്. അവിടത്തെ മുഖംനോക്കി പറവാൻ അത്ര പ്രയാസമൊന്നുമില്ല. എല്ലാം സ്പഷ്ടം. 'ലൊമശഃഭൂ കുടീയസ്യ സ നരഃ പ്രഥിവീപതിഃ ഗീതവാദ്യാദി സന്തോഷീ-നിത്യം കാമാതുരോ ഭവേൽ.''
മീനാക്ഷി: നിങ്ങൾ, നടക്കുന്ന ഒരു ഗ്രന്ഥശാലപോലെ ഇരിക്കുന്നല്ലോ.
ആശാൻ: അവിടത്തെ മുഖമാണു ഒരു ഗ്രന്ഥസമുച്ചയം. നാടകസന്ദേശഭാണാദിഗ്രന്ഥങ്ങളുടെ സകല രസസാരങ്ങളും അതിൽ സ്ഫുരിക്കുന്നു. യുവാക്കളായാൽ രസികന്മാരായിത്തന്നെ ഇരിക്കണം. രസജ്ഞനല്ലാത്തവൻ 'സാക്ഷാൽ പശുഃ പുച്ഛവിഷാണശൂന്യഃ' രസങ്ങളിൽ രാജരസം അതിന്റെ രമണീയത്വം വാചാമഗോചരം. ഈ രസത്തെ പതിനെട്ടുമുതൽ ഇരുപത്തഞ്ചു വയസ്സുവരെയുള്ള പ്രായവാന്മാരാണു് പ്രധാനമായി ആരാധിക്കുന്നതു്. അക്കാലങ്ങളിലാണല്ലോ കാമിനീകാമുകപരിചയാരംഭങ്ങൾ, പ്രേമസന്ദേശങ്ങൾ, രഹസ്സല്ലാപങ്ങൾ ഇത്യാദികളായ പല്ലവോദങ്ങൾ ഹൃദയതരുവിങ്കൽ അങ്കരിച്ചു പ്രകാശിക്കുന്നതു്.
മീനാക്ഷി: (ആത്മഗതം) ഇയ്യാൾ ഇനി കാമശാസ്ത്രത്തിൽ പ്രവേശിക്കും-അതിനു മുമ്പിൽ യാത്രയാക്കണം. (പ്രകാശം) നിങ്ങൾ വെയിലിൽ നിന്നു തളരുന്നല്ലോ? വലിയ ചൂടായിരിക്കുന്നു.
ആശാൻ: അങ്ങനെ വരാനേ തരമൊള്ള 'തയോമ്മര്‍ദ്ധ്യ ഗതോഭാനു-സ്സമുദ്രമപി ശോഷയേൽ.' എന്നാൽ കാമനെപ്പോലെതന്നെ ശോഷകനല്ലതാനും . അദ്ദേഹമാണു സാക്ഷാൽ തപനൻ. ഇതാ, 'ആശയംതന്നിലന്യസംഗമം ആശയില്ലവൾക്കംബുജാക്ഷാ'; പിന്നെ 'നീയവളെ വെടികിലോ ജീവനെ അവൾ വെടിയും' ഈ പദങ്ങളിൽ എന്തനുഭവരസമാണുദിക്കുന്നതു്? ഭസ്മീകരിക്കുന്ന മന്മഥതാപമല്ലയോ? അതുപോട്ടെ, ഇങ്ങനെ ഒരു സന്ദേശത്തെ പരമാര്‍ത്ഥമായ അവിടുത്തെ അടുത്തു ഒരാൾ കൊണ്ടരികയാണെ ങ്കിൽ അവിടുത്തെ ഹൃദയം സ്ഖലിച്ചുപോകില്ലേ? ഇല്ലെന്നു ധൈര്യപ്പെടുന്നോ?
മീനാക്ഷി: (ഉറക്കെ) കണ്ടശ്ശാരെ! (കണ്ടശ്ശാർ പ്രവേശിക്കുന്നു.)
ഈയാൾ ചെയ്യുന്ന ചോദ്യത്തിനു മറുപടി കൊടുക്കൂ. (അകത്തു പോകുന്നു.)
കണ്ടശ്ശാർ: താനാരാടോ?
ആശാൻ: മഞ്ഞരേത്ത് ചേന്നപ്പണിക്കർ കിട്ടുപ്പണിക്കരാശാൻ-നീ എന്തിനാണു് 'കരികളും കിരികളും മഹിഷങ്ങൾ ജംബുകങ്ങൾ' എന്നു വട്ടംചവുട്ടി പുറപ്പെട്ടിരിക്കുന്നതു്?
കണ്ടശ്ശാർ: 'നീയോ?' അവസ്മാരമെ ! നീ എന്താ ഇവിടെ കാട്ടിയതു്? നിന്നോടു് ആരു പറഞ്ഞു ഈ പടിക്കൽ വരാൻ?
ആശാൻ: ഹെ, കണ്ടസ്സാരെ! വലലസ്സാറെ! വിരാടനഗരി അല്ല ഇതു്! ധരിച്ചോളു. ചട്ടുകം ചുഴറ്റി, കലാശക്കാൽ പൊക്കണ്ട. അടുക്കളക്കുട്ടന്റെ ചാട്ടം കിണറ്റുവക്കോളം!
കണ്ടശ്ശാർ: അല്ലാ, നിന്റെ ചെകിട്ടത്തോളമാണു്. (ആശാനെ പ്രഹരിച്ചു, അകത്തു പോകുന്നു.)
പാച്ചൻ: (പ്രവേശിച്ച്) ആയാനെ ഇപ്പോൾ 'മര്‍ദ്ധനം ഗുണവര്‍ദ്ദനം'. അയ്യ! ആണെങ്കിൽ മറ്റേ ചെവിടുകൂടി കാണിച്ചുകൊടുക്കൂല്ലായിരുന്നോ?
ആശാൻ: എടാ, എടാ, ധൂമകേതു! ഏറെ കളിച്ചാലുണ്ടല്ലോ! (അടിക്കാൻ തുടങ്ങുന്നു.)
പാച്ചൻ: ഉം! എന്നെ അടിച്ചാലക്കൊണ്ടു കാണാം പിന്നെ-
ആശാൻ: എന്തോന്നാടാ കാണാനുള്ളതു്?
പാച്ചൻ: 'എൻറയമ്മച്ചിയേ' എന്നു ഞാൻ വിളിച്ചൂടും.
(ആശാൻ പാച്ചനെ അടിക്കാൻ വട്ടത്തിൽ ഓടിക്കുന്നു.)
(ദൂരത്തു വാങ്ങിനിന്നു) ആയാനെ! അവിടെ നിക്കല്ലെ. ആ വീട്ടുകാരു മനുക്ഷ്യോരെ പിടിച്ചു പച്ചയോടെ സൂപ്പിടണവരാണു്. (എന്നു പറഞ്ഞു” ഓടിക്കളയുന്നു.)
ആശാൻ: കൈയിൽ കിട്ടട്ടെ- ചതച്ചു കഷായമിട്ടേക്കാം. (പോകുന്നു )
(കർട്ടൻ)
രംഗം ഏഴു് (38-41)
രംഗം ഏഴു്
[മാധവൻപിള്ളയുടെ ഗൃഹം. മാധവൻപിള്ള ഇരിക്കുന്നു. ആശാൻ അടുത്തു നില്ക്കുന്നു. പാച്ചൻ വാതിലിൽക്കൂടി ഒളിച്ചുനോക്കി നില്ക്കുന്നു.]
ആശാൻ: ഒരിക്കലും പാടില്ല. അയാൾ ശുദ്ധപുരീഷഗര്‍ത്തം ! രണ്ടു മണിക്കൂറുനേരം ഞങ്ങൾ സംസാരിച്ചുകൊണ്ടിരുന്നു. അതിനിടയിൽ ഒരു സദ്വചനം പുറത്തു വരണ്ടേ? കഷ്ടം ! ഇംഗ്ലീഷ് വിദ്യാഭ്യാസം ഇങ്ങനെ ആയല്ലോ! ആളു കണ്ടാൽ അതികോമളൻ, സ്വര്‍ണ്ണസൂചി എന്നുവച്ചു കണ്ണിൽ ഇടാറുണ്ടോ? വഷളൻ! നാടോടി അമ്മായിശ്ലോകങ്ങൾ കൂട്ടിച്ചേർത്ത ഒരു പുസ്തകം. മഹാപെൺകൊതിയൻ! അങ്ങുന്നു കണ്ടുവെങ്കിൽ മുഖത്തു തുപ്പുമായിരുന്നു. നരകം ! മഹാനരകം ! പക്ഷേ, വല്ലതും വശീകരംകൂടി ഉണ്ടായിരിക്കും-അതാണു പങ്കജമ്മ കണ്ടു ഭൂമിച്ചുപോയതു്. നമുക്കും ഒരു സുദര്‍ശനഹോമം കഴിച്ചുകളയാം.
മാധവൻപിള്ള: അതിനെക്കുറിച്ചു അധികം വിസ്തരിക്കണ്ട. പങ്കജത്തിനു കഥ മനസ്സിലാകുമ്പോൾ എല്ലാം ശരിയായി വരും. നിങ്ങളാരും ഒന്നും മിണ്ടണ്ട-ഈ വിഷയത്തിൽ പ്രവേശിക്കയുമരുതു്. ഞാൻ എല്ലാം നടത്തിക്കൊള്ളാം.
ആശാൻ : ആ ചിത്രത്തിനെ ഉടനെ നശിപ്പിക്കണം. ഇവിടെ ഒരു അസത്തുണ്ടല്ലോ, പാച്ചൻ-
പാച്ചൻ: എന്താ- (എന്നു വിളികേട്ടുകൊണ്ടു പ്രവേശിക്കുന്നു. )
ആശാൻ: ഇതാ ഇവൻതന്നെ നിന്നെ ആരു വിളിച്ചു? 'വഷളാ' എന്ന വിളിക്കു വിളികേൾപ്പാൻ കച്ചകെട്ടി നടക്കുന്നോടാ?
മാധവൻപിള്ള: (ചിരിച്ചുകൊണ്ടു്) അവൻ ഇങ്ങനെ ചിലപ്പോൾ സ്വപ്നത്തിൽ വിളികേട്ടു വരാറുണ്ട്. നീ പൊയ്ക്കോ.
പാച്ചൻ: (ആത്മഗതം) സൊപ്പനവും മറ്റും അല്ല. ആയാന്റെ കരും കള്ളം കെട്ടുപൊട്ടിച്ചൂടട്ടൊ എന്നു് അകത്തു വന്നതാണു്. ഇപ്പം വേണ്ട- (പോകുന്നു.)
ആശാൻ: ഇവൻ മഹാകള്ളനാണു്. പറഞ്ഞ ആളോടു വല്യ സഖ്യം ആണെന്നു തോന്നുന്നു. അതിനെ തടുക്കണം. അല്ലെങ്കിൽ മാനഹാനി വന്നേക്കും.
(പാച്ചൻ വീണ്ടും പ്രവേശിക്കുന്നു.)
പാച്ചൻ: കിഷ്ണമേനോൻ അങ്ങുന്നു വരുന്നു.
മാധവൻപിള്ള: വരട്ടെ-
(പാച്ചൻ പോകുന്നു. കൃഷ്ണമേനോൻ പ്രവേശിക്കുന്നു. മാധവൻപിള്ള എണീറ്റു് ഉപചാരം ചെയ്തു കൃഷ്ണമേനോനെ ഇരുത്തുന്നു.)
കൃഷ്ണമേനോൻ: ഹോം ശങ്കര! (എന്നിരിക്കുന്നു. ഡെപ്പി തുറന്നു മൂക്കിൽ പൊടി ഇടുന്നു.) ഇശ്ശി നാളായി കണ്ടിട്ടു്- വല്യ വേനലു്! മകളുടെ വിവാഹം തീര്‍ച്ചയായി-ഇല്ലേ? വിവാഹബന്ധങ്ങൾ സ്വർഗ്ഗത്തു ഘടിക്കപ്പെടുന്നു. അതുകൊണ്ടു വളരെ സൂക്ഷിച്ചു നടത്തണം. വാത്സ്യായനൻ എന്തു പറയുന്നു? -കീറാമുട്ടി! ശ്ലോകം മറന്നുപോയി. ഹാ-ഹാ-ഹാ! അടുത്തൂണുകൊണ്ടു ചെലവിനു കഷ്ടിയുണ്ടല്ലേ? നല്ലകാലമൊക്കെ പോയ്പോയി. ഹാ-ഹ-ഹ! അതു പോട്ടെ ഇന്നത്തെ കഥ കേട്ടില്ലേ? ആ ഭാസ്കരമേനോന്റെ അവിടെ ഒരു പാര്‍ട്ടിയുണ്ടുപോലും- ഈ ചലപലാദികളെന്തെല്ലാറ്റിനുമാണു ഭാവം? - ഏയിം! വീട്ടുകാറെ പാര്‍ട്ടിക്കും അയയ്ക്കുന്നുണ്ടോ?
മാധവൻപിള്ള: എന്റൻജാ- എന്തെല്ലാം പറഞ്ഞുകഴിഞ്ഞു! എന്തെല്ലാത്തിനും ഞാൻ മറുപടി പറയും?
കൃഷ്ണമേനോൻ: ഹ-ഹ-ഹ!-ഒടുവിലത്തെ ചോദ്യത്തിനു് ഉത്തരം പറയൂ -അതു മതി. ഇതാ തന്ത്രമെടുക്കരുതു്.
മാധവൻപിള്ള: ഭാര്യയെ ക്ഷണിച്ചിട്ടില്ല. പങ്കജത്തെ മാത്രം ക്ഷണിച്ചിട്ടുണ്ടു്. അവളെ അയയ്ക്കണോ വേണ്ടയോ എന്നു സംശയത്തിൽ ഇരിക്കുന്നു.
കൃഷ്ണമേനോൻ: എല്ലാം ബിസ്സ്! ഗോഷ്ഠി! ഒരിക്കലും നാം ചേര്‍ന്നു കൂടാ.
മാധവൻപിള്ള: സ്ത്രീകളും നാം ചെയ്യുന്നതുപോലെ നടത്തിക്കൊള്ളട്ടെ-അതുകൊണ്ടു നമുക്കും എന്തു ദോഷമാണു വരാനുള്ളതു്?
കൃഷ്ണമേനോൻ: എന്റുസ്സീ! സമുദായമിളകി വിദ്യുദ്വേഗത്തിൽ പാഞ്ഞുപോകുമ്പോൾ നിങ്ങളെപ്പോലെയുള്ളവർ തടയിട്ടുകൊള്ളണം. അല്ലെങ്കിൽ പൊളിഞ്ഞു- പൊളിഞ്ഞു. ഈ പെണ്ണുങ്ങള്, മീശക്കാറു്, ശീമക്കാറു്- എല്ലാംകൂടി മഹാ നാശക്കാരു- എന്താ-നമ്മുടെ സാമൂഹ്യസ്ഥിതി ഇങ്ങനെ ആയാൽ എങ്ങനെ നില്ക്കും?
മാധവൻപിള്ള: എന്ത്! ഇത്ര ശുദ്ധഗതിയൊ? ഈ സമുദായം എന്നു പറയപ്പെടുന്നതു് നിങ്ങൾ വിചാരിക്കുന്നതുപോലെ ക്ഷണമാത്രയിൽ നശിച്ചുപോകുന്നതല്ല. ലോകം ബഹുകേമമായി പരിഷ്കൃതമായി വരികയാണു്. നിങ്ങൾ കാണുന്ന നാശക്കാരെല്ലാം ക്ഷേമകാരന്മാരെന്നാണു് ഞാൻ വിചാരിക്കുന്നതു്. മീശക്കാർ, ശീമക്കാർ എന്നു ഹസിക്കാനെന്താണുള്ളതു്? അവർ മറ്റുള്ളവരെക്കാൾ വിശേഷവിധിയായി എന്തു ചെയ്തിട്ടുണ്ടു്? ആഢ്യരെന്നു നടിക്കുന്ന ചിലർ എന്തെല്ലാം ആവർത്തിച്ചിരിക്കുന്നു! അതിനും എത്ര ഗംഭീരന്മാരായ സാക്ഷികളുണ്ടു് ! എന്നിട്ടും വല്ല തകരാറും ആരെങ്കിലും ഉണ്ടാക്കിയോ? ഇല്ല- എന്തുകൊണ്ടെന്നറിഞ്ഞുകൂടേ? അടുക്കളപ്രൗഢികൾ അരങ്ങത്തു പുറപ്പെടുവിക്കാൻ ഭയമുണ്ട്. പണ്ടത്തെപ്പോലെ മുഖത്തുള്ള ചുട്ടിയിൽ എത്ര മുനയുണ്ടു് എന്നു് എണ്ണുന്ന ആളുകൾ അല്ലാ ഇപ്പോഴത്തെ രംഗവാസികൾ. ദളവാപരമ്പര പുറകോട്ടു പന്ത്രണ്ടുതന്നെ എണ്ണാമെങ്കിലും, അരങ്ങത്തു പ്രയോഗിക്കുന്നതു് രംഗയോഗ്യമായിത്തന്നെ ഇരിക്കണം. അല്ലെങ്കിൽ നടന്റെ കഥ കഴിഞ്ഞു. മഹത്തായ സാധനപാഠങ്ങളെ നാം അനുകരിക്കുമ്പോൾ, ഓരോ ഭർത്സനങ്ങളെക്കൊണ്ടു ശ്രേയസ്സരമായ ഉദ്യമങ്ങളെ ഛേദിക്കുന്നതും അന്ധത്വത്തിന്റെ ജൃംഭണമെന്നു ലോകം വിധിച്ചേക്കും.
കൃഷ്ണമേനോൻ: (പൊട്ടിച്ചിരിച്ചു പൊടിയും ഇട്ടു്) അതതാ ചാടി, പണ്ടത്തെ വെടിമരുന്നത്വം. (പൊട്ടിച്ചിരിക്കുന്നു.) എന്റെ ശേഷകാറൻ ആ അപ്പുണ്ണിയെ ഞാൻ ശീമയ്ക്ക് അയയ്ക്കാൻ നിശ്ചയിച്ചിട്ടുണ്ടു്. ക്ഷണത്തിൽ അയയ്ക്കും . ആയിരം ഉറുപ്പിക വരവുണ്ടെങ്കിലും ഒരു പൈസാ ശേഷിക്കുന്നില്ലാ. ഖജാൻജി അമ്മുക്കുട്ടിയാണു്. ഉറുപ്പിക ആയിരവും മാസാന്ത്യത്തിൽ, ഫു! എങ്ങോട്ടാണാവോ അന്തര്‍ദ്ധാനം? ആഡിറ്റിനു ഭാവിച്ചാൽ അടികലശലുണ്ടാകും. (പൊട്ടിച്ചിരിക്കുന്നു.) നടക്കട്ടെ അങ്ങനെ-അവൾക്കില്ലേ കുട്ടി കൾ മൂന്നാലു്? - ഈ പെണ്ണുങ്ങളുടെ കാര്യത്തിൽ എനിക്കു സിദ്ധാന്തമാണു്. അവരും പണമുണ്ടാക്കട്ടെ - പിന്നീടാകട്ടെ ഈ ആഘോഷങ്ങൾ. ഇപ്പോൾ പണമുണ്ടാക്കാൻ നാം, ചിലവു ചെ യ്യിക്കാൻ അവർ-വാദം ശരിയല്ലേ?
ആശാൻ: പെണ്ണുങ്ങളുടെ കോലംതുള്ളലു തുടങ്ങിയപ്പോഴേ കലിലക്ഷണങ്ങൾ തികഞ്ഞൊളളൂ- 'വാസോന്നപാനശയനവ്യവായസ്നാന ഭൂഷണൈഃ ഹീനാഃ പിശാചസന്ദര്‍ശാ ഭവിഷ്യന്തി കലൗ പ്രജാഃ''
കൃഷ്ണമേനോൻ: കേൾക്കുക, കേൾക്കുക! പരിഷ്കാരങ്ങളെല്ലാം പടിക്കുപടിയായേ സാധിച്ചുകൂടു. നാം ആഗ്രഹിക്കേണ്ടതു പരിഷ്കാരമാണു്, പരിവർത്തനമല്ലാ. നമ്മുടെ ആ പ്രഭുവേ-പേർ ഓര്‍ക്കുന്നില്ലാ. പണ്ടൊരിക്കൽ അദ്ദേഹം എനിക്കും എഴുതി അയച്ചിരുന്നു. എന്തു സന്ദർഭത്തിലെന്നും ഇപ്പോൾ ഓര്‍ക്കുന്നില്ല. സാരം ഇതാണു-അതും മറന്നു നാശം ! പെൺപരിഷ്കാരവേലിയേറ്റം നമ്മെ വെള്ളം കുടിപ്പിക്കും.
മാധവൻപിള്ള: നമ്മുടെ സ്ത്രീകൾക്കും ഒരു നല്ല നേത്രിയുണ്ടായാൽ അവരുടെ ശ്രമങ്ങൾ ഭംഗിയായി നടക്കും. അതുകൊണ്ടു്, സ്ത്രീകളുടെ ആരംഭങ്ങളെ നാം യഥായോഗ്യം സഹായിക്കണമെന്നാണു എന്റെ അഭിപ്രായം. ഭാസ്കരമേനോൻറെ വീട്ടിൽ നടക്കുന്ന യോഗത്തിനു മകളെ അയയ്ക്കണോ എന്നു ഞാൻ തീർച്ചയാക്കീട്ടില്ല.
കൃഷ്ണമേനോൻ: ഞാൻ പറഞ്ഞില്ലേ? എന്റെ വിദുരാ, ചാണക്യാ, എന്നോടെടുക്കണ്ട ഈ പിട്ടും പകിട്ടും-ഞാനറിയില്ലേ നിങ്ങളെ? ഹ-ഹ-ഹ! എന്താ ആശാൻ, സൗഖ്യം തന്നല്ലേ?
ആശാൻ: തന്നെ. പന്ത്രണ്ടു വയസ്സിലൊ മറ്റൊ കണ്ടതിൽപ്പിന്നെ ഇന്നാണു അടുത്തു കാണുന്നതു
''ജീവത്സ താതപാദേഷു, നൂതനേ ദാരസംഗ്രഹേ
മാതൃഭിശ്ചിന്ത്യമാനാനാം തേഹിനോദിവസ്വാഗതാഃ''
കൃഷ്ണമേനോൻ: (കണ്ണടച്ചു ഭക്തിരസം കാണിച്ചു തലകുലുക്കി പൊടിയെടുത്തു മൂക്കിലിട്ടു്) രാമസീതാഭിരാമ ! ജയ നാരായണ! (ഘടികാരം എടുത്തു നോക്കുന്നു) മണി മൂന്നായിപ്പോയി. പിന്നെ, ഈ പെണ്ണുങ്ങളെ ഒരു നിലയ്ക്കു നിറുത്താതിരുന്നാലനര്‍ത്ഥമില്ലേ?
മാധവൻപിള്ള: കടന്നൽക്കൂട്ടിൽ കല്ലെറിയാനുള്ള പ്രായം എനിക്കു പൊയ്പോയി.
കൃഷ്ണമേനോൻ: കരടകാ! കരടകാ! (പൊട്ടിച്ചിരിച്ചു മാധവൻപിള്ളയ്ക്കു കൈകൊടുത്തു് എണീറ്റു തുള്ളിച്ചിരിച്ചുകൊണ്ടും, മാധവൻപിള്ളയും ആശാനും അനുയാത്രയായും പോകുന്നു.)
(കർട്ടൻ)
രംഗം എട്ടു് (42-46)
രംഗം എട്ടു്
[ഭാസ്കരമേനോൻറെ ഗൃഹം. സ്ത്രീകളുടെ സമ്മേളനത്തിന്നായി ഒരുക്കിയിരിക്കുന്നു. പഞ്ചാമൃതവും, സ്ത്രീവേഷത്തിൽ ഭാസ്കരമേനവനും പ്രവേശിക്കുന്നു.]
ഭാസ്കരമേനോൻ: ഹാ! മനോഹരം ! ഇപ്പോൾ നാം പാഞ്ചാലി സിംഹികമാരു്! ഞാൻ നിബ്ബന്ധിച്ചില്ലെങ്കിൽ എന്റെ ഈ വേഷം കാണാൻ ഓമനയ്ക്കു സംഗതിയാകുമോ? ഒന്നു തോന്നുന്നു. ആ ബ്രഹ്മാവിനു കാഴ്ചക്കുറവു വന്നുപോയി. അക്കിഴവനു സാധനവ്യത്യാസങ്ങൾ വരുന്നു. അല്ലെങ്കിൽ, ഞാൻ സ്ത്രീയും പഞ്ചാമൃതം പുരുഷനും ആയി ജനിക്കുമായിരുന്നു.
പഞ്ചാമൃതം: ഫലത്തിൽ അങ്ങനെതന്നല്ലേ? പിന്നെന്താ ബ്രഹ്മാവിനെ കുററം പറവാനുള്ളതു്?
ഭാസ്കരമേനോൻ: (ആത്മഗതം) എന്റെ കൂട്ടുകാര്‍ക്കെല്ലാം സമ്മാനം ഇങ്ങനെതന്നെ. (പ്രകാശം) ഓ കുഞ്ഞിക്കുട്ടിയുടെ അഭിപ്രായം എന്തു സരളവികലമായിരിക്കുന്നു- 'ഉള്ളതു പറഞ്ഞാൽ ഉറിയും ചിരിക്കും.' കുഞ്ഞിക്കുട്ടിയുടെ അഭിപ്രായം രത്നകോശം ! അതിനാൽ 'തഥാസ്തു' എന്നു ഞാനും പറയുന്നു. തൽഫലമാവിതു. ഇന്നത്തെ പാർട്ടിയിൽ അതിഥി നമ്പർ 1 ഈ ലേഡി ഭാസ്കർ ആണു്. ഘോഷാലേഡി, അതിനാൽ മൂടുപടം.
പഞ്ചാമൃതം: ഈ ഗോഷ്ഠിക്കു് അനുവദിച്ചതു് എനിക്കും അനര്‍ത്ഥമായി.
ഭാസ്കരമേനോൻ: ഞാൻ ഗർഭിണി! ഹൗ! സൂക്ഷിച്ചുകൊള്ളു. അതു കൊണ്ടും ഇഷ്ടപ്രാപ്തിക്കു് അനുവദിക്കൂ. അല്ലാഞ്ഞാൽ 'അര്‍ഭകന്മാര്‍ക്കുമേറെ കുറ്റങ്ങളുണ്ടായവരും.'
പഞ്ചാമൃതം : ശഠിക്കേണ്ട-ഈ ജന്മം അതു ഞാൻ അനുവദിക്കില്ല-(ഭാസ്കരമേനവനെ തള്ളി അകത്തേക്കും അയയ്ക്കുന്നു.)
ഭാസ്കരമേനോൻ: (പാടി ചുവടുവെയ്ക്കുന്നു.) 'അലര്‍ശരനിതാ വന്നു- ശരനിര പൊഴിക്കുന്നു- അഹമുണ്ടൊ വിരമിപ്പു സരസിജാക്ഷി- അരമരമുരയുന്നു രസമതുമുയരുന്നു - കരുമന തുടരൊലാ സ്മരശരാക്ഷീ!'
(കൃഷ്ണമേനോൻ പ്രവേശിക്കുന്നു. ഭാസ്കരമേനവൻ മുഖം തിരിച്ചു നില്ക്കുന്നു.)
കൃഷ്ണമേനോൻ: അ, ഹ- ഹ, ഹ നല്ല സന്ദര്‍ഭത്തിൽ ഞാൻ വന്നു. കേൾക്കട്ടെ! എന്താ തിരുവാതിരക്കളിയിൽ ഇത്ര അഭ്യാസമുള്ളവർ തിരുവനന്തപുരത്തുണ്ടോ? ശീമയിലെ പ്രഭ്വിമാർ ആടുന്നതു ഞാൻ കണ്ടിട്ടുണ്ടു്- അതസ്തമിച്ചു. (പൊടിയിടുന്നു.) ഭാസ്കരമേനവൻ എവിടത്തു?
പഞ്ചാമൃതം: അകത്തില്ല. ഇരിക്കണം. ഞങ്ങൾ ഒരു പാർട്ടിക്കു തയ്യാറാവുകയാണു്. എന്താ നില്ക്കുന്നതു്?
കൃഷ്ണമേനോൻ: മനസ്സിലായി-മനസ്സിലായി. അതുതന്നെ വേണ്ടതു്-വളരെ നന്നു. പെണ്ണുങ്ങൾ എന്നും മൂരാച്ചികളായിരിക്കേ? പാടില്ല-നിങ്ങൾക്കും ഒരുകൂട്ടം ശത്രുക്കൾ ഉണ്ടു്. ഒന്നു് ആ പഴഞ്ചൻ മാധവൻപിള്ളപേഷ്കാർതന്നെ.
പഞ്ചാമൃതം : നിങ്ങൾ ചിലരുടെ സിംപതി ഉണ്ടെങ്കിൽ മാധവൻപിള്ളപേഷ്ക്കാരുടേയും മറ്റും ശത്രുത കണക്കിൽ കൂട്ടാനുണ്ടോ?
കൃഷ്ണമേനോൻ: സിംഹപത്തിയൊ? നാഗപത്തിതന്നെ ഉണ്ടു്. പക്ഷേ, വലിയൊരു മനസ്താപം - അമ്മുക്കുട്ടിക്കു കൈയിൽ ഒരു കുരു-അതുകൊണ്ടിന്നു വരാൻ തരപ്പെട്ടില്ലാ. വലിയ മനസ്താപം. ഈ മഹതി-
പഞ്ചാമൃതം: അവരെ വകവയ്ക്കുണ്ടാ-
കൃഷ്ണമേനോൻ: ശ്രീമതി പഞ്ചാമൃതമ്മയുടെ പ്രഭയ്ക്കിടയിൽ ഏതു സ്ത്രീതാരം ശോഭിക്കും?
പഞ്ചാമൃതം: വന്ദനം.
കാളി : (അകത്തോട്ടു തല നീട്ടീട്ട്) മിസ്സിഅമ്മെ, കാപ്പിക്കു പഞ്ചസാര പേരിനു് ഇട്ടാൽ പോരയൊ?
ഭാസ്കരമേനോൻ: വകതിരിവില്ലാത്ത ഭ്രാന്തി
(കാളി പൊയ്കളയുന്നു.)
കൃഷ്ണമേനോൻ: (ഞെട്ടി പോകാനായി എഴുനേല്ക്കുന്നു) പെട്ടെന്നു അകത്തു വന്നതിനും എനിക്കു മാപ്പുതരണം.
ഭാസ്കരമേനോൻ: മിസ്റ്റർ കൃഷ്ണമേനോൻ! ലോകം കണ്ണടച്ചും കൊണ്ടു നടക്കയല്ല- നിങ്ങടെ പ്രാധാന്യം-
കൃഷ്ണമേനോൻ: കയര്‍ക്കണ്ടെടൊ. ഞാൻ കുമ്പളനാട്ടിൽനിന്നു വന്നവനല്ല.
ഭാസ്കരമേനോൻ: നിയമം കുറേശ്ശയെങ്കിലും രൂപമില്ലേ?
കൃഷ്ണമേനോൻ: ശകലം കൈവശപ്പെടുത്തീട്ടുണ്ടു്-ഈ വിഡ്ഢിക്കോലംതുള്ളൽ നിർബാധമായി നടക്കട്ടെ (പോകുന്നു.)
പഞ്ചാമൃതം: ഇയാൾക്കു കണക്കിനു കിട്ടി- അത്രയും വേണം.
ഭാസ്കരമേനോൻ : കുഞ്ഞിക്കുട്ടി എന്തു പറഞ്ഞാലും ശരി, കണക്കിനു കിട്ടിയില്ലെന്നാണ് എന്റെ പക്ഷം-ഇയാൾ വലിയ നാരദൻ, മഹാഖലൻ, 'കാട്ടിക്കൊടു കൂട്ടിക്കൊടു മണ്ടിക്കള ' എന്നുള്ള പ്രയോഗക്കാരൻ. വലിയ കൃത്രിമം ചെയ്യും ഇനി. അയാളുടെ സ്ഥാനവും നാട്യങ്ങളും പഴയ മഹായോഗ്യന്മാരെയും വഞ്ചിക്കുന്നു.
പഞ്ചാമൃതം: ഡീയർ, കുറച്ചു ധൃതിയായിപ്പോയി-അരക്ഷണനേരം ക്ഷമിച്ചു എങ്കിൽ അയ്യാളുടെ കള്ളി എല്ലാം പുറത്തു ചാടിയേനെ.
ഭാസ്സരമേനോൻ: ഭാര്യയോടു മറെറാരാൾ ശൃംഗരിക്കുമ്പോൾ സ്ത്രീവേഷക്കാര്‍ക്കും ക്ഷമിക്ക വിഷമമാണ്, ബാലെ! ഇക്കഥ പുറത്തു പറയാൻ പോലും കൊള്ളൂല്ല. അയാളോടിരിക്കട്ടെ അതു്. ആരോ വന്നു തുടങ്ങി-ഞാൻ അകത്തു പോയേക്കാം. ഈ കോന്ത്രക്കാരൻ വല്ലതുമൊക്കെ പറഞ്ഞുണ്ടാക്കും. അതുകൊണ്ടു ഒക്കെ ശരിയായി നടക്കണം. (പോകുന്നു.)
(പങ്കജാക്ഷി പ്രവേശിക്കുന്നു.)
പഞ്ചാമൃതം: പങ്കജാക്ഷി അമ്മ വന്നപ്പോൾ ഞാൻ കൃതാർത്ഥയായി-പങ്കജം മാത്രമെ എന്റെ ക്ഷണനത്തിനു മറുപടി തരാതെ ഇരുന്നിട്ടൊള്ളു. ഇപ്പോൾ ഈ സാക്ഷാൽ വൈകുണ്ഠം പോലെ ആയിത്തീർന്നു.
(രണ്ടു സ്ത്രീകൾകൂടി പ്രവേശിക്കുന്നു. പഞ്ചാമൃതം അവരെ എതിരേറ്റു് യഥാ യോഗ്യം ഇരുത്തുന്നു.)
നമ്പർ 1: ഇത്ര വെള്ളം കുടിച്ചാൽ കൊള്ളാം. ദാഹിക്കുന്നു.
പഞ്ചാമൃതം: ബോയി-ബോയി-ബോയി!
നമ്പർ 1: (ആത്മഗതം) ബോയിപോലും ! ശുദ്ധ അസംബന്ധം !
(കാളി പ്രവേശിക്കുന്നു.)
പഞ്ചാമൃതം: ചായകൊണ്ടരൂ. എല്ലാപേർക്കും ദാഹിക്കുമായിരിക്കും.
(കാളി പോകുന്നു.).
പങ്കജാക്ഷി ഒന്നു പാടൂ-
നമ്പർ 2: പങ്കജം മനം കൊണ്ടു് ഉദ്യാനക്രീഡ ചെയ്കയാണു്- 'കാന്തൻ കനിഞ്ഞു പറയുന്നൊരു ചാടുവാക്യം' എന്ന കഥാഭാഗം നടക്കുമ്പോൾ കഷ്ടമാണുപദ്രവിക്കുന്നതു് -
(കാളി തേയിലക്കിണ്ണങ്ങൾ വച്ചിട്ടുള്ള തട്ടവും കൊണ്ടു പുറപ്പെടുന്നു- തട്ടത്തെ സ്ത്രീകളുടെ മുമ്പിൽ കൊണ്ടുചെന്നുകൊടുക്കുന്ന സംപ്രദായം പഞ്ചാമൃതത്തിനു രസിക്കുന്നില്ല.)
പഞ്ചാമൃതം: മരവിഡ്ഢി! ഇങ്ങനെ നില്ക്കു് (എന്നു കണക്കിനു പിടിച്ചു നിറുത്തുന്നു.)
കാളി: അയ- യ്യ- യ്യൊ, ഡാക്കിട്ടന്മാരും വേതുപിടിക്കാൻ സമ്മതിക്കാഞ്ഞിതാ വാതപ്പിടിത്തം. കുറുക്കു പറയുമ്പോലെ കേൾക്കൂല്ല-
നമ്പർ 1: കാളിയമ്മ എല്ലാം അവിടെ വച്ചേക്കൂ. ഞങ്ങൾക്കു വേണ്ടപ്പോൾ എടുത്തുകൊള്ളാം.
(കാളി പാത്രത്തെ മേശപ്പുറത്തു വയ്ക്കുന്നു.)
പഞ്ചാമൃതം: നിങ്ങൾ കാളിയുടെ പാട്ടുകേട്ടിട്ടില്ലല്ലോ? മറ്റുള്ളവർ വരുന്നതുവരെ ആ വിനോദമാകട്ടെ. കാളി ഒന്നു പാടൂ.
കാളി: (പാടാൻ ഒരുങ്ങി)
പണ്ടൊരുകണ്ടനന്നുണ്ടായ്പോലും-
അക്കിണ്ടനു വേണ്ട്വോളം കണ്ണുണ്ടേലും
കുണ്ടിലും തൊണ്ടിലും മണ്ടിവീഴും-
അതു കണ്ടുകൂടാഞ്ഞല്ലാ, കുണ്ടാണ്ട്യാല്-
ഉണ്ടോണ്ടിരിക്കുമ്പോൾ തൊണ്ടമ്പഴം-
രണ്ടു ചെലുത്തിയ്തു തൊണ്ടൈൽ തങ്ങി.
പിന്നിടെക്കൊണ്ടാട്ടം കൊണ്ടാടുവാൻ
ഉണ്ടേ പണി ലണ്ടൻവാരിസ്ത്രോർക്കും.
(എല്ലാപേരും കൈകൊട്ടുന്നു.)
നമ്പർ 2: സംഗീതവും സാഹിത്യവും വിഷയപ്രൗഢിയും ഒന്നുപോലെ ചേരുന്നു.
(മറ്റു നാലുപേർ പ്രവേശിക്കുന്നു--അവരേയും പഞ്ചാമൃതം യഥായോഗ്യം ഇരുത്തുന്നു.)
പഞ്ചാമൃതം: ആദ്യം സംഗീതംതന്നെ ആയിക്കളയാം . (വേണ്ട ഒരുക്കങ്ങൾ ചെയ്തുകൊണ്ടു് ഹാര്‍മ്മോണിയം വായിച്ചു പാടിത്തുടങ്ങുന്നു. (മറ്റു സ്ത്രീകൾ മൂന്നു സംഘമായി പിരിയുന്നു.)
[താഴെ ചേർത്തിരിക്കുന്ന മൂന്നു ഉപരംഗങ്ങളും ഒരേസമയം ഈ രംഗത്തിന്റെ തുടർച്ചയായി നടക്കേണ്ടവയാണു്]
രംഗം എട്ടു് (47-50)
ഉപരംഗം ഒന്ന്
(പങ്കജാക്ഷി, കാളി, സ്ത്രീനമ്പർ 1.]
നമ്പർ 1: ഞങ്ങൾക്കൊക്കെ വളരെ സന്തോഷം. പഠിത്തത്തിനു പക്ഷേ, വിഘ്നം വരുമായിരിക്കും.
കാളി: വീയേയും എല്ലേയും ജയിച്ചാൽ അടുക്കളയ്ക്കു കൊള്ളാമൊ? നേരെ വെച്ചുവിളമ്പിക്കൊടുക്കാൻ അതൊന്നും വേണ്ട. അതുകൊണ്ടു്, കുഞ്ഞേ പടിച്ചതു മതി- ഒരുത്തൻ വന്നാൽപ്പിന്നെ അതങ്ങു നടക്കണം.
പങ്കജാക്ഷി: നിങ്ങൾ എന്തിനെപ്പറ്റി സംസാരിക്കുന്നു?
നമ്പർ 1: കുഞ്ഞേ! ഈ കബളിതം എല്ലാം എന്തിനു്? മറ്റുള്ളവർ ചത്തിരിക്കയല്ലാ. അടിയന്തിരം നടക്കുമ്പോൾ അറിയാം ഞങ്ങൾ എന്തോന്നിനെപ്പറ്റിയാണു പറഞ്ഞതെന്നു്- കൈയിൽ പുണ്ണിനു കണ്ണാടി വേണോ?
കാളി: കുഞ്ഞുങ്ങൾക്കു് ഒരുത്തൻ വരുമ്പോൾ ചങ്കയിരിക്കും. നമ്മുടെ കാര്യംതന്നെ നമുക്കറിഞ്ഞുടയോ?
പങ്കജാക്ഷി: സ്വന്തകാര്യങ്ങൾ നിങ്ങൾക്കറിയാമായിരിക്കാം-അന്യകാര്യങ്ങൾ സൂക്ഷ്മമായി അറിയുന്നില്ല.
കാളി: 'വാഴപ്പഴന്തിന്നു തൊലിയേ തരികിലും ബാലപ്പുരുഷനെനിക്കുവേണം'- എന്നും പറഞ്ഞു രണ്ടു കൈയും നീട്ടി മുണ്ടു വാങ്ങിക്കുമ്പോൾ കുഞ്ഞിന്റെ ഈ ലാച്ചട്ടങ്ങൾ എവിടെ കിടക്കും?
നമ്പർ 1: കാളിയുടെ ചോദ്യത്തിനു 'ക്രിയാകേവലം ഉത്തരം', അല്ലേ പങ്കജാക്ഷി? പക്ഷേ, എന്റെ കുഞ്ഞിത്ര മെരട്ടുകാറി എന്നു ഞാൻ അറിഞ്ഞിരുന്നില്ല. വരിൻ. നമുക്കിത്ര ജോലി നോക്കാം.
(നമ്പർ 1, തേയിലത്തട്ടത്തിന്റെ അടുത്തു പോകുന്നു.)
ഉപരംഗം രണ്ടു
[സ്ത്രീകൾ നമ്പർ 2.. 3..]
നമ്പർ 2: പങ്കജാക്ഷിയുടെ വേഷം കണ്ടില്ലയോ?
നമ്പർ 3: വേഷമോ? അതിൻ്റെ മുഖം സൂക്ഷിച്ചുനോക്കിൻ. വെറുതെ അല്ലാ ഇതുവരെ ആരും വരാത്തതു്. ആണും പെണ്ണുമല്ലാത്ത മുഖം.
നമ്പർ 2: ചത്ത ശവം പോലെയിരിക്കുന്നു. ഇതിനെ പിശാചുപിടിച്ചു രക്തം ഊറ്റിക്കളഞ്ഞു. തക്കമില്ലാ.
നമ്പർ 3: അല്ലല്ലാ! അതൊന്നുമല്ലാ. തണ്ടാണു്. ഇതിനു് ആണുങ്ങൾ വല്ലവരും ചെന്നെങ്കിൽ നിലത്തു നില്ക്കുമോ?
നമ്പർ 2: എങ്ങനെയും ആകട്ടെ, നമുക്കെന്തു്? സദ്യയ്ക്കു നമുക്കു രണ്ടുവറ്റുപോലുമില്ല. നായ്ക്കു പരത്തിക്കടയിൽ കാര്യമെന്തു്?
നമ്പർ 3: കിട്ടിയാലും, കേശവപിള്ള സംബന്ധം ചെയ്കയാണെങ്കിൽ അവിടെ ആരുണ്ണം? കുറുപ്പു് ആര്? നമുക്കറിഞ്ഞുകൂടയോ?
നമ്പർ 2: ഇക്കാലത്ത് അതൊക്കെ വിചാരിക്കാനുണ്ടോ? പഠിത്തം ഉണ്ടെങ്കിൽ ജാതിയും മതവും നോക്കണ്ട.
നമ്പർ 3: അതു ശരിതന്നെ. അതുമല്ല, പങ്കജാക്ഷിയും കേശവപിള്ളയും നല്ലതിന്മണ്ണം ചേരുകയും ചെയ്യും. കൊച്ചൻ കണ്ടാലും കൊള്ളാം. നല്ല കാര്യസ്ഥനുമാണ്. പങ്കജത്തിന്റെ തള്ള മാത്രം ആരുടെ സൃഷ്ടിയോ?
നമ്പർ 2: നമ്മെ സൃഷ്ടിച്ച ബ്രഹ്മാവിന്റെതല്ലാ. വരണം വെറുവയറല്ലയോ?
(2. 3. നമ്പർകൾ 1-നോടു ചേരുന്നു.)
ഉപരംഗം മൂന്നു
[സ്ത്രീകൾ നമ്പർ 4-ം 5-ം 6-ം]
നമ്പർ 4: ആളുകളെന്തു കുറവു്! വറ്ററെപ്പേർ വരുമെന്നാണ് ഞാൻ വിചാരിച്ചത്.
നമ്പർ 5: എല്ലാവരും ഈ പേമേളത്തിനു പുറപ്പെടുമോ? ബോയിയും മേനാവും എന്നൊക്കെ കേൾക്കുമ്പോൾ എല്ലാവര്‍ക്കും രസിക്കൂല്ല. ഇവിടത്തെ മിസ്റ്ററും, ഡീയറും കണ്ടുപടിക്കാൻ കാലം കുറച്ചുകൂടി കഴിയണം.
നമ്പർ 6: ഇല്ലേ! ഇപ്പഴം ഉണ്ട് ശിഷ്യർ ചിലരു്.
നമ്പർ 4: 'കൊമ്പൻ പോയതു മോഴയ്ക്കു വഴി'- ഞാൻ കുഞ്ഞികുട്ടിയെ വളരെ ശ്ലാഘിക്കുന്നു. നല്ല ഉളളൂക്കുണ്ട്.
നമ്പർ 5: കുഞ്ഞിക്കുട്ടിയെ ആര്‍ക്കെങ്കിലും കാര്യമല്ലെന്നു വല്ലവരും പറഞ്ഞോ? വലിയേ വഴക്കിടാൻ ഭാവമെന്തിനു്?
നമ്പർ 4: പുത്തൻ പരിഷ്കാരങ്ങൾ പഴയ കൂറ്റുകാര്‍ക്കു രസിക്കയില്ലാ. അതുകൊണ്ടു ചില ആക്ഷേപങ്ങൾ ഉണ്ടാവും. പരിഷ്ക്കരിക്കാൻ പുറപ്പെടുന്നവർ അവകളെ ഒക്കെ സഹിക്കണം.
നമ്പർ 6: അതെ അതെ-തിരിഞ്ഞു യുദ്ധത്തിനു നിന്നാൽ വലിയ ബഹളമാകും. ഇപ്പം വേലയ്ക്കുനിക്കുന്ന പിള്ളേരോടുപോലും ഒരു വാക്കു പറഞ്ഞുടാ.
നമ്പർ 5: അക്കഥ പറയുന്നെങ്കിൽ അവിടുന്നും പോണം.
നമ്പർ 4: പരിഷ്കാരകാലമല്ലയോ? എല്ലാവര്‍ക്കും സ്വാതന്ത്ര്യബുദ്ധിയുണ്ടു്. നമ്മുടെ കഥതന്നെ നമുക്കു വിചാരിക്കാം.
നമ്പർ 6: നമ്മുടെ കാര്യം ഒന്നും വിചാരിക്കാനില്ലാ-അവളവളുടെ നിലയ്ക്ക് ഇരിക്കാഞ്ഞാൽ മാനമുള്ള ആണുങ്ങൾ ഉടനെ പുറത്താക്കും. പിന്നെ ശങ്കരനാനയും ചിങ്കികളിക്കും.
നമ്പർ 4: നിങ്ങൾ ഇംഗ്ലാണ്ടിൽ നടക്കുന്ന കഥകൾ അറിയുന്നില്ലായിരിക്കും?
നമ്പർ 6: അവിടമല്ലല്ലോ ഇവിടം . ഇവിടത്തെ സ്ത്രീകൾക്കെന്തു പിടിയുണ്ട്-അധികം പറയണ്ട. പരിഷ്കരിച്ചു പരിഷ്കരിച്ചു് എന്താകുന്നു? കുളിപ്പിച്ചു കുളിപ്പിച്ചു കുഞ്ഞില്ലാതായപോലെ വരുന്നു. പോയി നമുക്കും ലവരോടു ചേരാം. (മറ്റുള്ളവരോടു ചേരുന്നു)
(പ്രധാന രംഗത്തിന്റെ തുടർച്ച)
നമ്പർ 4: പങ്കജാക്ഷിയും വരൂ ഒടുവിൽ ചൊല്ലുവാനുള്ള മംഗളഗാനം ഒന്നു റീഹേഴ്‌സ് ചെയ്യാം.
പഞ്ചാമൃതം: ഞാൻ ഹാർമ്മോണിയത്തിൽ അക്കമ്പനിചെയ്തു കൊള്ളാം.
( മറ്റുള്ളവർ നിരന്നു നിന്നു പാടുന്നു.)
ശ്രീകുലശേഖരവംശപയോനിധി
കൗസ്തുഭമായീടും ശ്രീ-
മൂലംതിരുനാൾ, ധന്യൻ വന്ദ്യൻ,
ശ്രീപതി പദദാസൻ-
ശ്രീയനിശം ഭുവി നൽകി നൃപാഢ്യൻ
ബഹുനാൾ വിലസീടാൻ-
നായർകുലസ്ത്രീജനമഖിലേശൻ
പദതാർ പണിയുന്നു.
വിവിധനവീനപരിഷ്കൃതിയാകും ദിന-
കരരുചിയാലെ-ബഹു-
രാഷ്ട്രം പാവനമാക്കിവിളങ്ങിടു-
മാങ്ഗലസാമ്രാജ്യം
ശ്രീകരമാകും വസുധോല്ഗതിയെ-
സ്സുചിരം പാലിപ്പാൻ-
നായർകുലസ്ത്രീജനമഖിലേശൻ
പദതാർ പണിയുന്നു.
പഞ്ചാമൃതം: അസ്സലാകും. കാളി പോയി കാപ്പിക്കും ഒരുക്കൂ. ഞങ്ങൾ ഇതാ വന്നുകഴിഞ്ഞു.
(കാളി പോകുന്നു)
ക്ഷണിച്ചതിൽ നാലത്തൊന്നും ആളുകൾതന്നെ വന്നിട്ടില്ല-ഇതിനൊക്കെ തടസ്ഥക്കാർ ചിലരുണ്ടു്... (മീനാക്ഷി പ്രവേശിക്കുന്നു.)
പഞ്ചാമൃതം: സ്വാഗതം സുഭഗേ! (എന്നും ആലിംഗനംചെയ്യുന്നു.)
പങ്കജാക്ഷി: (ആത്മഗതം) എന്തു കഷ്ടമാണിത്! ഇദ്ദേഹത്തെ ആലിംഗനം ചെയ്യുന്നതു കണ്ടില്ലെ! അദ്ദേഹം അതിനെ അനുസരിച്ചു നില്ക്കയും ചെയ്യുന്നു-കഷ്ടം ! ഇനി ഇവിടെ ഇരുന്നുകൂടാ-(എണീറ്റ് അടുത്തുള്ള വാതിൽ തുറന്നു പോകുന്നു.)
(വാതിൽ തുറന്നതിൽ അതിനടുത്തു നിന്നിരുന്ന ഭാസ്കരമേനോൻ വീഴുന്നു.)
നമ്പർ 1: ഹോ - പങ്കജാക്ഷി വീണു!
നമ്പർ 2: കഷ്ടം- ഇതെങ്ങനെ പറ്റി?
പഞ്ചാമൃതം: അനര്‍ത്ഥമായി!
നമ്പർ 3: പങ്കജാക്ഷി അല്ല അത്, വേഷം വേറെ.
നമ്പർ 5: പങ്കജാക്ഷിതന്നെ. അതിനും എന്തോ അപസ്മാരോപദ്രവമുണ്ട്.
(എല്ലാപേരും കൂടി അകത്തു പ്രവേശിക്കാൻ തുടങ്ങുന്നു പഞ്ചാമൃതം തടുക്കുന്നു-പഞ്ചാമൃതത്തിനെ പിടിച്ചു പുറകിൽ ആക്കീട്ടു മറ്റുള്ളവർ മുമ്പോട്ടുനീ ങ്ങി ഭാസ്കരമേനവനെക്കണ്ട് കൂകിയും വിളിച്ചും ചിരിച്ചും അകത്തു് ഓടിക്ക ളയുന്നു).
(കർട്ടൻ)
രംഗം ഒൻപതു് (51-54)
രംഗം ഒൻപതു്
(മാധവൻപിള്ളയുടെ ഗൃഹം. മാധവൻപിള്ളയും ലക്ഷ്മിഅമ്മയും ആശാനും]
മാധവൻപിള്ള: അനര്‍ത്ഥം വരുമ്പോൾ തലയ്ക്കുമേൽ- ഇക്കമ്പി കേൾക്കാനാണു ഞാൻ ലക്ഷ്മിയെ വിളിച്ചതു്. മഡ്രാസിൽനിന്നും വി ക്രമമേനോൻ അയച്ചതാണു്. (വായിക്കുന്നു) 'ഗോവിന്ദൻകുട്ടി ജയിച്ചു. നിങ്ങളുടെ മകളുടെ വിവാഹം നിശ്ചയിച്ചു എന്നു കേൾക്കുന്നു. വാഗ്ദത്തത്തെ ലംഘനംചെയ്‍വാൻ തുനിയേ-വരന്റെ പേരു എന്തെന്നു കമ്പിമാര്‍ഗ്ഗം അറിയിക്കൂ.' ഇതുകൊണ്ടു വിക്രമമേനോന്റെ മനസ്സ് ചലിച്ചിട്ടില്ലെന്നു വെളിപ്പെടുന്നില്ലയോ? ഞാൻ എന്തുചെയ്യും? മകളെ ഇംഗ്ലീഷ് അഭ്യസിപ്പിച്ചത്, ആദ്യമായി എനിക്കു സന്തോഷത്തെ തരാനായിട്ടാണു്-
ആശാൻ: പുത്തരിയിൽ കല്ലുകടിച്ചാൽ സന്തോഷം എന്തുണ്ട്? 'പരസ്വമത്രെ കുലകന്യകാജനം.' അതുകൊണ്ടു് അങ്ങുന്നു ഇതിൽ വേദനപ്പെടാനെന്തുള്ളു? കന്നികായ്ക്കുന്നതു ചിലപ്പോൾ പേടായ്പോകും- പോട്ടേന്നു പൊറുക്കണം.
ലക്ഷ്മിഅമ്മ: ഇവിടെ എന്താണിത്ര ആലോചിപ്പാനുള്ളതു്? വിളിച്ചു പറയണം -കേട്ടില്ലെങ്കിൽ പിന്നെ അവളുടെ മനസ്സുപോലെ-ഇതിലേക്കൊക്കെ ഒരു നടപ്പും ഏര്‍പ്പാടുമില്ലയോ?
മാധവൻപിള്ള: എന്നാൽ അവളെ വിളിച്ചു സമ്മതിപ്പിക്കു-
ലക്ഷ്മിഅമ്മ: ഞാൻ പറഞ്ഞാൽ അവൾ ഒരു വസ്തു കേൾക്കൂല്ല- അവിടുത്തെക്കുറിച്ചാണു അവൾക്കു ഭക്തിയും സ്നേഹവും.
മാധവൻപിള്ള: നീ നല്ല സാമര്‍ത്ഥ്യക്കാരിയാണു- ക്ലേശമെല്ലാം എനിക്കു മാത്രമിരിക്കട്ടെ എന്നോ? അതു ഭാര്യാസ്ഥാനത്തിനു ഉചിതംതന്നെ.
ലക്ഷ്മിഅമ്മ: കഠിനങ്ങൾ പറയരുതു കേട്ടോ- ദൈവത്തിനു നിരക്കാത്തതാണു -എനിക്കീ വലിയ യുക്തികളും വാദങ്ങളും അറിഞ്ഞുകൂടാ-എന്റെ ചെറുപ്പത്തിലും പഠിപ്പിലും ഈവകയൊന്നുമി ല്ലായിരുന്നു.
ആശാൻ: 'കൃതാപരാധഃഖലുദണ്ഡനീയഃ' എന്നാണു സ്മൃതീതിഹാസങ്ങൾ കല്പിക്കുന്നതു്. പിന്നെ 'പിതൃവാക്യസ്യ ഹന്താ യഃ- സ പാപീ നരകം പ്രജേൽ' അതുകൊണ്ടു പങ്കജം കുഞ്ഞിനെ വിളിച്ചു എജമാനൻതന്നെ ഒന്നു ശാസിക്കണം. എജമാനനാണ് അതിനധികാരവും അവകാശവും.
മാധവൻപിള്ള: നാലാമത്തെ ഉപായം കൊണ്ടല്ലാതെ ഇവിടെ ഇപ്പോൾ ഒന്നും സാധിക്കയില്ല-എന്നാൽ അവളോടു കയര്‍ക്കുന്നതിനുപോലും എനിക്കു മനസ്സുവരുന്നില്ല. ആശാൻ ഈ മനസ്ഥിതി അറിഞ്ഞിട്ടില്ല. രോഗം ബാധിച്ചിട്ടില്ലാത്തവനുണ്ടോ രോഗിയുടെ സങ്കടങ്ങൾ ഗ്രഹിക്കുന്നു? എങ്കിലും ഒന്നു നോക്കിക്കളയാം.
(മണി അടിക്കുന്നു.)
(പാച്ചൻ പ്രവേശിക്കുന്നു.)
പങ്കജത്തെ വിളിക്കു്.
പാച്ചൻ: ഉത്തരവു്.
മാധവൻപിള്ള: നീ അബദ്ധൻ. മറ്റു വല്ലവരേയും വിളിക്കരുതു് കേട്ടോ.
പാച്ചൻ: കാര്യങ്ങളൊക്കെ ഇപ്പം പടിച്ചുപോയി-ഇനി തെറ്റൂല്ല. (പോകുന്നു.)
(കുറച്ചു കഴിഞ്ഞു് പങ്കജം പ്രവേശിക്കുന്നു.)
മാധവൻപിള്ള: ഇതാ-ഈ ടെലിഗ്രാം വായിച്ചുനോക്കു-(പങ്കജാക്ഷി കമ്പി വാങ്ങിച്ചു വായിച്ച്, അച്ഛന്റെ കൈയിൽ തിര്യ കൊടുക്കുന്നു.)
അതിന്റെ സാരം മനസ്സിലായോ?
പങ്കജം : ആയി.
മാധവൻപിള്ള: അതിനു നീ എന്തുപറയുന്നു?
പങ്കജാക്ഷി: വിവാഹം കൂടാതെ ഇരുന്നുകൂടേ, അച്ഛാ!
മാധവൻപിള്ള : താഴത്തു പൊയ്ക്കൊൾക.
പങ്കജാക്ഷി: അച്ഛൻ ആജ്ഞാപിക്കുന്നതു ദേഷ്യത്തോടാണോ?
മാധവൻപിള്ള: പോകൂ- എല്ലാം ശരിയായ് വരും.
(പങ്കജാക്ഷി പോകുന്നു)
ഞാൻ മറുപടി അയച്ചേക്കാം. ഇനി മിണ്ടാതിരുന്നാൽ ഫലമില്ല. അനുരാഗത്തിന്റെ ഗതികൾ വിക്രമമേന്നും അറിയാം. പങ്കജത്തെ വ്യസനിപ്പിക്കാൻ ഞാൻ സന്നദ്ധനല്ല ഒന്നുകൊണ്ടും സന്നദ്ധനല്ല.
ലക്ഷ്മിഅമ്മ: ഈ പ്രസംഗങ്ങള്‍ തന്നെയാണ് പെണ്ണിനെ ചീത്തയാക്കുന്നതു്. വക്കീലിനെപ്പോലെ കേറിനിന്നു ഉത്തരം പറഞ്ഞതു കണ്ടില്ലേ? രണ്ടുനേരം ചോറു കൊടുക്കാതിരുന്നാൽ മര്യാദ പഠിക്കും. ഇതിനൊക്കെ മരുന്നു അതാണു്.
മാധവൻപിള്ള: നിന്റെ തറവാട്ടുകണിശങ്ങളും കാര്യസ്ഥതകളും അവളോടു് എടുക്കണ്ട. അവളുടെ ഗതിയിൽ തെറ്റുവരില്ലെന്നു് എന്റെ മനസ്സിൽ നിശ്ചയമുണ്ട്. വരുമ്പോലെ വരട്ടെ. ഇതാ മറുപടി അയയ്ക്കുന്നു. (ഇരുന്നു് എഴുതുന്നു. എഴുത്തിനെ കൂട്ടിൽ ഇട്ടു മേൽവിലാസം എഴുതി മണി അടിക്കുന്നു.)
(പാച്ചൻ പ്രവേശിക്കുന്നു.)
ലക്ഷ്മിഅമ്മ: ഇവനെ ഇവിടുന്നു കളഞ്ഞെങ്കിലേ ഗുണംപിടിക്കൂ -ഇവനാണു ഈ അനാവശ്യങ്ങൾ ഒക്കെ നാടൊക്കെക്കൊണ്ടോടി പരത്തിയതു —ഇളിക്കുന്നു, നിന്നു്!
മാധവൻപിള്ള: അവനെന്തു പിഴച്ചു? അങ്ങാടിയിൽ തോറ്റതിനു അമ്മയെ തല്ലുംപോലെ അവനോടു കോപിക്കുന്നതു വിഹിതമല്ല-എന്റയും ഈ ആശാന്റെയും ബുദ്ധിക്കുറവുകൊണ്ടാണു ഈ അപവാദത്തിനു സംഗതിയായതും- ആദ്യമായി എന്നെ ശാസിക്കൂ
ലക്ഷ്മി അമ്മ: അതിനാളുണ്ടെങ്കിൽ ഈ ആളുകൾക്കൊക്കെ എളുപ്പം വച്ചു കൊടുക്കാൻ വിടുമോ?
മാധവൻപിള്ള: അവിടുത്തേക്കുതന്നെ ആയധികാരം വഹിക്കരുതോ? വേണെങ്കിൽ ഒരു ചുരൽ വടികൂടി എടുത്തു തരാം-പ്രയോഗിക്കു കുട്ടികളുടെ വിനോദത്തിനു നല്ലൊരു കാഴ്ചയായിരിക്കും.
ലക്ഷ്മി അമ്മ: നാക്കിൽനിന്നു വല്ലതും അറിയാതെ വീണുപോയെങ്കിൽ പിന്നെ അതിനെവച്ച് ഊതിപ്പഴുപ്പിക്കും-ഞാനൊന്നും പറഞ്ഞില്ലെന്റ ശിവനേ!
ആശാൻ: അങ്ങുന്നെ, എന്റെ കുറ്റത്തിനു ഞാൻ സമസ്താപരാധം പറയുന്നു. ഒരു അപവാദത്തിൽ ചാടിച്ചുവെങ്കിൽ തീരാത്ത ഒരാപത്തിൽനിന്നു രക്ഷിച്ചുവല്ലൊ- 'നഹികൃതമുപകാരം സാധവോവിസ്മരന്തി.' ആ ചിത്രത്തിലെ കീചകൻ ഇതിനകത്തു പാദം വച്ചുവെങ്കിൽ 'ബന്ധുതാപം ഗൃഹച്ഛിദ്രം-മാനഹാനിര്‍മ്മനോ വ്യഥാ-നിരന്തരം രോഗപീഡാ--ദ്യനര്‍ത്ഥകലഹാഗമഃ'
മാധവൻപിള്ള: അങ്ങനെ ആയിരിക്കാം. (പാച്ചന്റെ കൈയിൽ എഴുത്തും നാലു രൂപായും കൊടുത്തു്) ഇതിനെ കമ്പിത്തപാലാപ്പീസിൽ കൊണ്ടുകൊടുത്തു രസീതും ബാക്കിയും വാങ്ങിക്കൊണ്ടു വാ-വല്ലടത്തും കൊണ്ടുചെന്നു കളയരുത് - ക്ഷണം പോണം-വഴിയിൽ കളിക്കാനൊ കാഴ്ചയ്ക്കൊ നിന്നുകളയരുതു്.
പാച്ചൻ: ഉത്തരവു്. (ആത്മഗതം) രൂഫാ ഈമാസത്തെ ചമ്പളത്തി വകവച്ചു- കമ്പി ആകായത്ത്. പാച്ചൻ ഇതിനകത്തു ഇനി കാലു വൈക്കണെങ്കിൽ ഇവനിട്ട പേരു പുച്ചൻ. (പോകുന്നു.)
(കർട്ടൻ)
രംഗം പത്ത് (55-59)
രംഗം പത്ത്
(മീനാക്ഷിയുടെ താമസസ്ഥലം. മീനാക്ഷി തൻെറ മുറിയിൽ നടക്കുന്നു.]
മീനാക്ഷി: (ആത്മഗതം) ആ പങ്കജാക്ഷി കാണിച്ച ഗോഷ്ഠി മനസ്സീന്നു പോണില്ല. മാധവൻപിള്ള പേഷ്കാരുടെ മകളാണെന്നറിഞ്ഞിരുന്നൂ എങ്കിൽ ഞാൻ ബഹുസഖ്യത്തിലായിക്കൊള്ളുമായിരുന്നു. കാളേജിലേക്കു പോകുംവഴി മിക്ക ദിവസവും കാണലുണ്ടു്. എന്റെ മുഖത്തു നോക്കും- എനിക്കു തീണ്ടലുള്ളപോലെ ചില ചേഷ്ടകൾ കാണിക്കും- അതു കണ്ട് എനിക്കു വല്യ ഈർഷ്യായി, ആരെന്നും മറ്റും അന്വേഷിക്കാൻ അമാന്തിച്ചു-ഇങ്ങോട്ടു സ്നേഹമില്ലാത്തവരെ അങ്ങോട്ടു സ്നേഹിക്കാറുണ്ടോ? ഇന്നലത്തെ സംഘത്തിനു പോയതു് ഒരു ലാഭമായി. ഈ തെക്കരെ വിശ്വസിച്ചുകൂടെന്നും അച്ഛനെ മനസ്സിലാക്കാൻ സാധിച്ചു. കമ്പി ഇന്നലെത്തന്നെ കിട്ടിയിരിക്കും. അച്ഛൻ ഇപ്പോൾ ദേഷ്യം കൊണ്ടു ജൃംഭിച്ചിരിക്കും. മാധവൻപിള്ളപേഷ്കാർ കാട്ടിയതുചിതമായില്ല. ജ്യേഷ്ഠനു കൊടുക്കാമെന്നു വാഗ്ദത്തം ചെയ്ത ആ പെണ്ണിനെ അച്ഛനോടും ആലോചിക്കാതെ മറ്റൊരാൾക്കു കൊടുക്കാൻ നിശ്ചയിച്ചതു കണ്ടില്ലേ? ഇതിനെക്കാൾ വലിയ തോന്ന്യാസം എന്താണുള്ളത്? ആ കുട്ടി പാര്‍ട്ടിയിൽ കാണിച്ച തുമ്പില്ലായ്മ പറഞ്ഞുകൂടുമോ? എന്നെ കണ്ട ക്ഷണത്തിൽ കടന്നുകളഞ്ഞില്ലേ? ആ ആട്ടക്കാരുടെകൂട്ടത്തിൽ പോയതുതന്നെ മഹാ മോശമായി! -ജ്യേഷ്ഠൻ രക്ഷപ്പെട്ടു. നാട്ടിൽത്തന്നെ എത്ര നല്ല പെണ്ണുങ്ങളുണ്ട്. ഇത്ര ദൂരെവന്നും ഈ നിസ്തേജസ്വിനിയെ കൊണ്ടു പോകാൻ ജ്യേഷ്ഠനുള്ള ഗ്രഹപ്പിഴയെന്താണു്?
(കണ്ടശ്ശാർ പ്രവേശിച്ച് ഒരു കാർഡ് കൊണ്ടുക്കൊടുക്കുന്നു.)
(വാങ്ങി നോക്കീട്ടു്) അല്ലാ! പരിഷ്കാരം ഇത്രയോളമായോ? വരാൻ പറയൂ.
(കണ്ടശ്ശാർ പോകുന്നു.)
(വായിക്കുന്നു.) 'മിസ്സസ് പഞ്ചാമൃതമേനോൻ.' മിസ്സസ് ഭാസ്കരമേനോൻ എന്നായിരുന്നെങ്കിൽ നടപ്പിനു ചേരുമായിരുന്നു. ഇനി പാട്ടിയംവീട്ടിൽ ലക്ഷ്മിക്കുട്ടി നമ്പൂരിയും ഇടിച്ചിരഅയ്യനും മറ്റുമുണ്ടായിത്തുടങ്ങും. ഇതു തോന്ന്യാസപ്പട്ടത്തിനു നോൻപിരിക്ക തന്നെയാണു്. ഈ പരിചയം വേണ്ടായിരുന്നു. വന്നുതുടങ്ങി- ഇന്നലെ എന്നെ ആലിംഗനം ചെയ്തുവല്ലൊ. ഉപചാരത്തിൽ ഞാനും ലോഭിക്കണ്ടാ- (എന്നു കൈയും പരത്തി മുൻപോട്ടു നടക്കുന്നു.)
(പാച്ചൻ പ്രവേശിക്കുന്നു.)
(ആശ്ചര്യത്തോടുകൂടി പറകോട്ടു മാറി) വിദ്യുജ്ജിഹ്വൻ ചത്തു പോയിട്ടില്ല-ഇല്ലെ?
പാച്ചൻ: കഴിഞ്ഞ കൊടിയേറ്റിനൊണ്ടായിരുന്നു-പിന്നെ ചത്തു പോയോ എന്തോ?
മീനാക്ഷി: (ചിരിച്ചുകൊണ്ടു്) കേമാ! ഈ കാർഡ് എവിടന്നു കിട്ടി? നീയാരാ?
പാച്ചൻ: പാച്ചൻ. എല്ലാവരും പാച്ചാ പാച്ചാന്നും വിളിക്കും-നറുക്കു ഞാൻ കൊണ്ടെന്നു- പുത്തൻ മട്ടിനും.
മീനാക്ഷി: എന്നേ വൻപാ? നീ പേരുമാത്രം കൊണ്ടു് അറിയേണ്ട പ്രസിദ്ധനാണല്ലൊ? തന്റെ മോറൊന്നു നേരെ കാണട്ടെ.
പാച്ചൻ: (ആത്മഗതം) മോരും തൈരും കൊണ്ടാണോ ഞാൻ ഇപ്പോൾ വന്നതു്? ഈ കമാൻചീപ്പിന്റെ മുയ്പിൽ നെഞ്ച് പടപടാന്നു പതറിപ്പോണു.
മീനാക്ഷി: എടോ കള്ളലക്ഷണം കാണിക്കാതെ മുഖത്തുനോക്കി സംസാരിക്കൂ-
പാച്ചൻ: (ആത്മഗതം) മൊകത്തുനോക്കി സംസാരിക്കണതെങ്ങനെ? ആണോ പെണ്ണോ എന്നു തിട്ടം വരാതെ മൊകത്തുനോക്കി. ആയാനെപ്പോലെ വല്ലോം കിട്ടിയാലൊ?
മീനാക്ഷി: എന്തും-എന്റെ മുഖം തനിക്കു പിടിക്കുന്നില്ലെ? ഈ കാർഡ് കൊണ്ടരാൻ എവിടന്നഭ്യസിച്ചു?
പാപ്പൻ: പഞ്ചാമൃതം കൊച്ചമ്മേടെ അടുത്തുന്നു.
മീനാക്ഷി: (ആത്മഗതം) അങ്ങനെ വരട്ടെ-വേണ്ടാസനങ്ങളുടെ ഡിപ്പോ അതാണു്. (പ്രകാശം) എടോ! എനിക്കു നിന്നെ നന്നേ പിടിച്ചു. നീ എന്റെ മുഖത്തും ഒന്നു നോക്കിക്കളയൂ. എന്റെ മുഖം നിനക്കു രസിച്ചെങ്കിലല്ലേ പരസ്പരം സംസാരിക്കാൻ സുഖമുള്ളൂ?
പാച്ചൻ: (മുഖത്തു നോക്കീട്ടു ആത്മഗതം) ഇതു പെണ്ണു്- ആണല്ല. ആയാൻ കേറി വീണപ്പൂത്തി എടുത്തപ്പളാണു് എനാം കിട്ടിയതു്. (പ്രകാശം) കൊച്ചമ്മേടെ മൊകം പങ്കജം കൊച്ചമ്മ എഴുതിയ പടം പോലെയിരിക്കുണു.
മീനാക്ഷി: പങ്കജംകൊച്ചമ്മ ആരാണു്? പങ്കജാക്ഷി അമ്മയോ?
പാച്ചൻ: മാതേം പിള്ള ഭേഷ്കാരങ്ങത്തെ മൂത്ത മോളു്.
മീനാക്ഷി: അവിടന്നാണോ താൻ ഈ കാർഡു കൊണ്ടുവരാൻ പഠിച്ചതു്?
പാച്ചൻ: അതിനെന്റെ ആയാൻ പഞ്ചാമൃതക്കൊച്ചമ്മാന്നു പറഞ്ഞില്ലൊ? പങ്കജാക്ഷിക്കൊച്ചമ്മയെ കാണാൻ വന്നപ്പം ചൊല്ലിത്തന്നു, യോഘ്യരെ കാണാൻപോകുമ്പം ഇങ്ങനെ ഒരു നറുക്കും കൊണ്ടു പോണമെന്നു-
മീനാക്ഷി: എന്നിട്ടു്? -
പാച്ചൻ: എന്നിട്ട്, അങ്ങത്തെ മേശപ്പുറത്തു കിടക്കുന്ന ഒരു നറുക്കു എടുത്തോണ്ടു ഭാക്കരമേനവനങ്ങത്തെക്കാണാൻ പോയി. അവിടെ ചമ്മാളത്തിന്റെ വെഹളമായതുകൊണ്ടു അടിച്ചിറക്കൂട്ടു.
മീനാക്ഷി: എന്റെ അഭിപ്രായത്തിൽ പാച്ചൻ ഒരു പടി പൊങ്ങി. അവനവന്റെ കാഡല്ലേ കൊണ്ടുപോകേണ്ടതു്?
പാച്ചൻ: അതു പറഞ്ഞുതന്നില്ല.
മീനാക്ഷി: നീ ഒരു പടികൂടി പൊങ്ങി. തിരുവാഴിത്താന്മാരുടെ കാലം അവസാനിച്ചിട്ടില്ലാ.
പാച്ചൻ: ഇല്ലില്ലാ. മാനത്തെ മേത്തട്ടിലൊണ്ടവരു്-അവനവന്റെ നറുക്കുണ്ടാക്കാൻ ചക്രംവേണ്ടയോ?
മീനാക്ഷി: എന്നെ, പഞ്ചരസികാ! നിന്നെ വല്ല മനയ്ക്കലേക്കും അയയ്ക്കണം. എന്താ ഇപ്പോൾ ഇങ്ങട്ടു വന്നതു്?
പാച്ചൻ: (വ്യസനഭാവത്തിൽ) ഞാൻ ഭേഷ്കാരങ്ങത്തെ അവിടെ വേലയ്ക്കു നിക്കുണു. അവിടെ കുടലെടുത്തു കാണിച്ചാലും വാഴനാരു്. നായെപ്പോലെ മടച്ചാലും നന്ദിയില്ല. തൊട്ടതൊക്കെ കുറ്റം. ഇപ്പം ആ പങ്കജാക്ഷിക്കൊച്ചമ്മ ആരെയൊ ആണുങ്ങളെ കണ്ണുവച്ചതിനും ആയാനെന്നൊരുത്തൻ- അവിടെ ഉള്ളവൻ- ആരെയോ പിടിച്ചോണ്ടുവന്നു. അപ്പം എല്ലാവരും പറഞ്ഞുതുടങ്ങി, അവിടെ പെടവട ഒണ്ടു്, പെടവട ഒണ്ടു് എന്നു്. ഈച്ച പാന്നാൽ വെള്ളക്കാക്ക മലന്നു പറന്നു എന്നു പറയിണ രാച്യമാണിതു് -പെടവട, പെടവട എന്നും ആളുകൾ കൊട്ടിപ്പരത്തിയപ്പം, കുറ്റമാര്‍ക്കു്? പാച്ചനും. എന്റയമ്മച്ചിയാണെ, ഈ മുട്ടു രണ്ടാണെ, കണ്ണുസിരുട്ടിയാണെ, പാച്ചനൊന്നും പറഞ്ഞില്ലേ-പറയൂമില്ലേ. കൊച്ചമ്മയ്ക്ക്, കൊറച്ചിലുവന്നപ്പം പാച്ചന്റെ അടുത്തു കോഭം. അവിടെ കിടന്നുപിഴയ്ക്കാൻ വയ്യാഞ്ഞു പോന്നു ! (കരഞ്ഞുതുടങ്ങുന്നു.) ഇന്നും ഒരു തുള്ളി വെള്ളം പോലും കുടിച്ചിട്ടില്ല-അവിടെ ഒക്കെ ഒരു എഴവുകൊണ്ടാട്ടം-ഒരു കമ്പിവന്നുപോലും-
മീനാക്ഷി: ആരുടെ കമ്പിയെന്നും അറിയുമോ?
പാച്ചൻ: (ഏങ്ങലോടു്) അതു് അറിഞ്ഞൂടാ-മറുപടി ഇതാ കിടക്കുണു-(എന്നു ചേപ്പിൽ തട്ടി കാണിക്കുന്നു.)
മീനാക്ഷി: അത് ഇങ്ങട്ടു തരൂ.
പാച്ചൻ: അങ്ങത്തെ എഴുത്തലോ? അങ്ങുന്നു പൊന്നുംകുടം.
മീനാക്ഷി: കമ്പി അല്ലേ? വിരോധമില്ല- തരൂ -
പാച്ചൻ: വല്ലതും കൊറച്ചിലു വരണെങ്കിൽ കൊച്ചമ്മ ഏറ്റൊള്ളണം. ഇതാ-(കൊടുക്കുന്നു.)
മീനാക്ഷി: (നിവത്തും വായിക്കുന്നു) 'മഹാമനസ്സനായ സ്നേഹിതാ!'' ഇതു് ആ സ്നേഹിതന്റെ പുത്രിക്കു കര്‍ണ്ണപീയൂഷം തന്നെ- ലിഖിതാവും പ്രഭുവായിത്തന്നെ ഇരിക്കണം. 'വിവാഹം തീച്ചയാക്കീട്ടില്ല.' ഇതു ഇന്നലത്തെ പാർട്ടിയിലെ വർത്തമാനത്തെ സ്പഷ്ടമേ ഖണ്ഡിക്കുന്നു. 'പങ്കജത്തിന്റെ പ്രേമം ആരേയൊ അനുഗ്രഹിക്കുന്നു. ആയാൾ ആരെന്നു ഞങ്ങൾ അറിഞ്ഞിട്ടില്ല. ഇങ്ങനെ ഞാൻ കുഴങ്ങുന്നു' (ആത്മഗതം) പങ്കജാക്ഷി അപ്പോൾ കുറഞ്ഞവളല്ലാ. അവൾ പ്രൗഢബുദ്ധിയാണ്. എന്റെ കമ്പി ഇന്നലെ അച്ഛനു കിട്ടിയപ്പോൾ അവിടന്നു പേഷ്ക്കാരുടെ നേര്‍ക്കു് ഒരു ജൃംഭകാസ്ത്രം അയച്ചു. അതിന്റെ മറുപടിയാണിത്. ഈ പ്രച്ഛന്നകമനനാണു ദീഘകാലസ്നേഹിതന്മാരുടെ ഇടയിൽ വിഗ്രഹത്തെ ഉണ്ടാക്കുകയും, ഒരു ബാലസാധ്വിയുടെ ഭാവികാലസുഖത്തിനു വിഘ്നമായി ഭവിക്കുകയും ചെയ്യുന്നത് . ആരായിരിക്കാം അതു്? (കുറച്ചാലോചിച്ചു പുഞ്ചിരിയോടുകൂടി) അങ്ങനെ വന്നേക്കാം. എന്റെ സന്ദശനത്തിലുള്ള അവളുടെ ചേഷ്ടകളും, ഇന്നലത്തെ പരിഭവവും, എന്റെ സംശയത്തെ ബലപ്പെടുത്തുന്നു. സംശയമില്ലാ (പൊട്ടിച്ചിരിക്കുന്നു.) പഞ്ചാമൃതം എന്നെ ആലിംഗനം ചെയ്തതു കണ്ട് സഹിക്കവഹ്യാഞ്ഞിട്ടാണു് ഇന്നലത്തെ ആ ജൃംഭിച്ച യാത്ര-അതെല്ലാം സ്മരിക്കുമ്പോൾ ഞാൻതന്നെ അവളെ കാമിച്ചുകളകയില്ലേ എന്നു സംശയിക്കുന്നു. ഒന്നു പരീക്ഷിച്ചു നോക്കട്ടെ-(പ്രകാശം) ഹേ, പാച്ചൻനായരെ ! എന്നെക്കണ്ടിട്ടു' എന്തു തോന്നുന്നു തനിക്കു്? മുഖസ്തുതി പറയരുത്-
പാച്ചൻ: (ഞെളിഞ്ഞു ഞെളിഞ്ഞു്) ഇപ്പഴത്തെ പുത്തൻകൂറ്റു വീയേകളെപ്പോലെ ഇരിക്കുന്നു. പറഞ്ഞ പടം ഒത്തപടം.
മീനാക്ഷി: പങ്കജാക്ഷിയും ഇങ്ങനെതന്നെ വിചാരിച്ചിരിക്കണം.
എന്റെ ഛായയാണു് പങ്കജാക്ഷിയുടെ മനസ്സിൽ പതിഞ്ഞിരിക്കുന്നതു് -പങ്കജാക്ഷിയെ ഒന്നു് ഇനിയും കബളിപ്പിക്കുന്നുണ്ടു്. അപ്പോൾ ഒരു മുറുകിക്കലാശത്തിൽ എല്ലാം ഭംഗിയായി അവസാനിക്കും-പിന്നീടാവാം ഈ കമ്പി അയയ്ക്കുന്നതു് -ആദ്യം. പേഷ്ഠാരവർകളെത്തന്നെ കാണാം-ഇപ്പോൾത്തന്നെ പുറപ്പെടണം. അല്ലെങ്കിൽ അക്ഷമനായ അച്ഛൻ കോപാഗ്നികൊണ്ടു് എന്തെല്ലാം ദഹിപ്പിക്കുമെന്നും എനിക്കു നിശ്ചയമില്ലാ-(പ്രകാശം) പാച്ചൻ നായരെ, നാം പേഷ്ക്കാരവർകളുടെ അടുക്കൽ പോവുക-പേടിക്കേണ്ട.
പാച്ചൻ: കമ്പി അയക്കാണ്ടങ്ങു ചെന്നാൽ കൊന്നൂടും. ഒരു പെരമ്പും പസ്നത്തഞ്ചിയും കാവിമുണ്ടും കിട്ടിയെങ്കി തന്യാഥിയായി വല്ലടത്തും പോയിപ്പിഴക്കാം.
മീനാക്ഷി: അതൊന്നും വേണ്ട. എല്ലാം ഞാൻ ഏറ്റു-സ്വല്പനേരം അപ്പുറത്തുപോയി നില്ക്ക- ഒന്നിത്ര വേഷം മാറിക്കൊള്ളട്ടെ. (പാച്ചൻ പോകുന്നു.)
(കർട്ടൻ)
രംഗം പതിനൊന്നു് (60-64)
രംഗം പതിനൊന്നു്
[മാധവൻപിള്ളയുടെ ഗൃഹം. മാധവൻപിള്ള വർത്തമാനപ്പത്രം നോക്കിക്കൊണ്ടിരിക്കുന്നു. അടുത്തു ലക്ഷ്മിഅമ്മയും.]
ലക്ഷ്മിഅമ്മ: ഇങ്ങനെ ഊണു കഴിക്കാതെ കിടന്നാലെങ്ങനെ? അവനവന്റെ ദേഹസ്ഥിതി സൂക്കിക്കേണ്ടയോ?
മാധവൻപിള്ള: ആ പാച്ചനെ കാണുന്നില്ലല്ലൊ. ഉദ്യോഗം പോയപ്പോൾ നല്ല വേലക്കാരെ കിട്ടുന്നില്ലാ.
ലക്ഷ്മി അമ്മ: അവൻ ചീത്തയാണെന്നു ഞാൻ പറഞ്ഞില്ലയോ! രൂപായുംകൊണ്ട് അവൻ കമ്പിനീട്ടിയിരിക്കും. പാച്ചൻ പാച്ചൻ എന്നു ജപിച്ചുകൊണ്ടിരുന്നാൽ വിശപ്പു തീരുമോ?
മാധവൻപിള്ള: ആ കമ്പി അയയ്ക്കാതിരുന്നെങ്കിൽ നന്നു്- അന്നേരത്തെ കഴപ്പത്തിൽ ഗോവിന്ദൻകുട്ടിമേനോന്റെ ജയത്തെപ്പറ്റി അനുമോദിപ്പാൻ മറന്നുപോയി. അല്പദുഃഖത്തിൽ മര്യാദ വിട്ടുപോയതു വാര്‍ദ്ധക്യം വര്‍ദ്ധിച്ചുവരുന്നു എന്നു തെളിയിക്കുന്നു.
ലക്ഷ്മിഅമ്മ: ഇത്രയൊക്കെ അതിനെക്കുറിച്ചു വ്യസനിപ്പാനെന്തു്? (ആത്മഗതം) ഈ സ്ഥിതിയിൽ ഭദ്രയാണ് നല്ല വൈദ്യൻ-അവളെ ഇങ്ങോട്ട് ഉന്തിവിടാം. (പ്രകാശം) ഞാൻ പോയിത്ര കാപ്പി തയ്യാറാക്കി കൊണ്ടുവരാം. (പോകുന്നു.)
മാധവൻപിള്ള: (ആത്മഗതം) വല്യ ലാടചങ്ങലയായി! ഗോവിന്ദൻകുട്ടിയെ സ്വീകരിക്കാൻ പങ്കജം തയ്യാറില്ലാ-അവൾ സമ്പാദിച്ച ആൾ അസത്തെന്നും കേൾക്കുന്നു. വിക്രമമേനോൻ മുറുകിപ്പിടിത്തവും തുടങ്ങി.
(ഭദ്ര പ്രവേശിച്ചു പുറകിൽക്കൂടി ചെന്നു മാധവൻപിള്ളയുടെ തലയിൽ തട്ടുന്നു)
അതാ വന്നു ഒരു കുട്ടിച്ചാത്ത -
ഭദ്ര: (ഉറക്കെ ചിരിച്ചുകൊണ്ടു്) അങ്ങനെയാണു് - പകലുറങ്ങിക്കൂടാ- പെൺകുട്ടിച്ചാത്തൻ ഉണ്ടോ അച്ഛാ?
മാധവൻപിള്ള: കൃത്രിമം മൂര്‍ത്തീകരിച്ച കൂട്ടം പെണ്ണിലും ആണിലും .
ഭദ്ര : എന്നാൽ ശരിതന്നെ-അതുകൊണ്ട് അച്ഛൻ എന്നെ പേടിക്കണം അച്ഛനുണ്ണാതിരിക്കുന്നതെന്തു്?
മാധവൻപിള്ള: (ഭദ്രയെ അടുത്തു ചേർത്തിട്ട്) വിശപ്പില്ലാ-
ഭദ്ര: അച്ഛാ! അച്ഛൻ അന്നു ചോദിച്ചതിനുള്ള ഉത്തരമെല്ലാം ഞാൻ പറയാം. ഈയിടെ ചേച്ചി പള്ളിക്കൂടത്തിൽ പോകുമ്പോൾ ഒരു ചെറുപ്പക്കാരനെ കണ്ടുകൊണ്ടിരുന്നു. അയാളുടെ പടമാണു ചേച്ചി എഴുതിയതു്. ചേച്ചിയും അയാളും സംസാരിച്ചിട്ടില്ല. ചേച്ചിക്കും അയാളെ വല്യ എന്തോ ആണു്. അയാളുടെ കാര്യ എല്ലായ്പോഴും സംസാരിച്ചുകൊണ്ടിരിക്കും. അതൊക്കെ ഞാൻ കേട്ടുകൊണ്ടിരുന്നില്ലെങ്കിൽ എന്നോടു ദേഷ്യപ്പെടും -ഇനി അച്ഛൻ ഉണ്ണണം-
മാധവൻപിള്ള: ഉണ്ണാം- ചേച്ചി എന്തുചെയ്യുന്നു?
ഭദ്ര: മുറിയിൽ ദുഃഖിച്ചു കിടക്കുന്നു. അച്ഛൻ ഇവിടേയും-അതെന്തിനു? അച്ഛനൊന്നു ചിരിക്കണം.
മാധവൻപിള്ള : ചിരി വരുന്നില്ലാ.
ഭദ്ര: എന്നാൽ, അതെന്തുകൊണ്ടെന്നു പറഞ്ഞുതരണം.
മാധവൻപിള്ള: കാരണം പറഞ്ഞാലും ഇപ്പോൾ നിനക്കു മനസ്സിലാവുകയില്ലാ. നിനക്കൊരു ഭർത്താവും,
(ഭദ്ര മാധവൻപിള്ളയുടെ വാ പൊത്തുന്നു.)
കുഞ്ഞുങ്ങളും ഉണ്ടായി, അവർ നിന്നെ വിഷമിപ്പിക്കുന്നതായാൽ, അന്നു നിനക്കു മനസ്സിലാകും.
ഭദ്ര: (മാധവൻപിള്ളയുടെ മുഖത്തു നോക്കീട്ടും) എനിക്കു മനസ്സിലായി-ചേച്ചിയെ ഞാൻ ഇപ്പോൾ കൊന്നേക്കുന്നുണ്ട് . (പോകുന്നു.)
മാധവൻപിള്ള: ജ്യേഷ്ഠാനുജത്തികൾ തമ്മിൽ ഇപ്പോൾ വലിയ ശണ്ഠയുണ്ടാകും- ഇവളോടു മറ്റവൾ തോല്ക്കും.
(ആശാൻ പ്രവേശിക്കുന്നു.)
എന്നെ ഉപദ്രവിക്കാൻ ആരും ഇങ്ങോട്ടു വരരുതെന്നല്ലേ ഞാൻ പറഞ്ഞിട്ടുള്ളതു്?
ആശാൻ: പത്മനാഭക്കുറുപ്പദ്ദേഹവും ഭാര്യയും വന്നിരിക്കുന്നു.
മാധവൻപിള്ള: കുറുപ്പിനെ വരാൻ പറയൂ.
(ആശാൻ പോകുന്നു- പത്മനാഭക്കുറുപ്പും ആശാനും പ്രവേശിക്കുന്നു- മാധവൻപിള്ള എഴുന്നേറ്റു പത്മനാഭക്കുറുപ്പിനെ പിടിച്ചിരുത്തി താനും ഇരിക്കുന്നു.)
പത്മനാഭക്കുറുപ്പു്: ഞങ്ങൾ ഇന്നലെ വന്നേ ഒള്ളൂ. ഇവിടെ എല്ലാപേര്‍ക്കും സൗഖ്യം തന്നെ എന്നു കേട്ടു. ഈശ്വരകാരുണ്യം കൊണ്ട് അവിടെയും വിശേഷമൊന്നുമില്ലാ.
മാധവൻപിള്ള: ഭാര്യ അകത്തേക്കു പോയില്ലേ! ഇവിടെ എല്ലാം ഒരു കുശ്ശാണ്ടത്തിൽ കിടക്കയാണു്.
പത്മനാഭക്കുറുപ്പു്: കേശവൻകുട്ടിയുടെ വികൃതിത്തം കൊണ്ടു വന്നതായിരിക്കും. എന്താണോ അവനന്നങ്ങനെ തോന്നിയതു്? അവൻ നല്ല കുട്ടിയായിട്ടാണു് വളര്‍ന്നതു- ഇപ്പോൾ ഇംഗ്ലീഷ് കേറി തലയ്ക്കു പിടിച്ചിരിക്കും. ആ കഥ കേട്ടപ്പോൾ മുതൽക്കു ഞങ്ങൾക്കു വലിയ ഒരു വല്ലായ്മ-
മാധവൻപിള്ള: ഏയ്, അതിനൊന്നും സംഗതിയില്ല. കേശവൻകുട്ടി നല്ല കൂട്ടത്തിൽത്തന്നെയാണു്. ഇപ്പോൾ ദിവസേന ഇവിടെ വരാറുണ്ട്.
(ലക്ഷ്മിഅമ്മയും നാരായണിഅമ്മയും പ്രവേശിക്കുന്നു.)
(നാരായണിഅമ്മയോടു്) സൗഖ്യം തന്നെല്ലൊ? മകനുവേണ്ടി മാപ്പുചോദിക്കാൻ വന്നതായിരിക്കാം.
നാരായണിഅമ്മ: ഞങ്ങളുടെ തറവാട്ടിൽ ഇങ്ങനെ ഒന്നും കേട്ടിട്ടില്ലാ-വേണ്ടാത്തപേരു് ആദ്യമായി കേശവൻകുട്ടിയാണു കേൾപ്പിച്ചത്. ഞങ്ങൾക്കൊട്ടും സഹിക്കാത്തത് അവന്റെ അധിക പ്രസംഗത്തിനും ഈ സ്ഥലമേ കണ്ടൊള്ളൂല്ലോ എന്നാണു്.
മാധവൻപിള്ള: എന്തു കളിയാണിതു്? വല്ല കഥയും കേട്ടു വ്യസനിപ്പാൻ തുടങ്ങിയാൽ നിവൃത്തി ഉണ്ടോ? കേശവൻകുട്ടി നല്ല മര്യാദക്കാരനാണു്. പഠിത്തത്തിൽ നല്ല കട്ടിയുമാണു്- ഗുരുലഘുത്വം നല്ലതിന്മണ്ണം അറിയാം. വല്ലതും സംഭവിച്ചു എങ്കിൽത്തന്നെ ഇവിടെ അല്ലേ? അതുകൊണ്ടു് നിങ്ങൾ വ്യസനിപ്പാനെന്താണുള്ളതു്?
നാരായണിഅമ്മ : അതുതന്നെയാണ് ഞങ്ങൾക്കൊരാശ്വാസം-
ലക്ഷ്മിഅമ്മ : ആശ്വാസം കൊണ്ടിട്ടാണൊ മുറവിളിയോടു അകത്തു വന്നതു്? ഭംഗിയൊന്നും പറയണ്ട.
പത്മനാഭക്കുറുപ്പു്: ഞാനും പേടിച്ചുവിറച്ചാണു് അകത്തുവന്നതു്- അപമാനമല്ലേ, നമ്മുടെ ആളുകളുമല്ലേ?
മാധവൻപിള്ള: സ്വല്പസംഭവങ്ങളെ ആളുകൾ ചേര്‍ന്നാൽ വല്യ കശയാക്കാം-അരഭ്രാന്തനെ മുഴുഭ്രാന്തനാക്കാനും, ആരാണ്ടെ വീട്ടിൽ തീപിടിച്ചാൽ തലയാട്ടി കണ്ടുരസിപ്പാനും ആയിരം പേരുണ്ട്.
ആശാൻ: 'ജനാനാം പീയൂഷം ഭവതി ഗുണിനാം ദോഷകണികാ.'
പത്മനാഭക്കുറുപ്പു്: ഈ ആശാനാണു കിണ്ടം പിണച്ചതെന്നു കേട്ടു. എന്തെങ്കിലും കേശവൻകുട്ടിക്കും ഒരു അവകാശസ്ഥാപനയായി. (ഭദ്ര ഒരെഴുത്തും കൊണ്ടു പ്രവേശിക്കുന്നു.)
ലക്ഷണം ശുഭമാണു് - ആ സംഭവം മുതല്ക്ക് അവൻ മുമ്പിലത്തെക്കാളും വലിയ അഭിമാനിയായി തീർന്നിരിക്കുന്നു.
ഭദ്ര: ഈ എഴുത്തു സ്വകാര്യമായി അച്ഛൻ വായിച്ചുനോക്കണം (എന്നു മടക്കിയ ഒരു തുണ്ടു കടലാസ് കൊടുക്കുന്നു.)
മാധവൻപിള്ള: (വായിക്കുന്നു. സന്തോഷത്തോടെ എഴുന്നേററു ഭദ്രയെ അടുപ്പിച്ചു മുറുകെ ചേർത്തു് അണയ്ക്കുന്നു-കുറുപ്പിനോടു്) ശകനം അനുകൂലം തന്നെയാണു്. അന്തര്‍ഗ്ഗതം എനിക്കു മനസ്സിലായി. അങ്ങനെതന്നെയാണു ഞാനും നിശ്ചയിച്ചിരിക്കുന്നതു് കേശവൻകുട്ടിക്കു സ്വല്പം ഒരു കുണ്ഠിതം ഉണ്ടായതു ഞാൻനിമിത്തമാണു്. അതിനു പ്രായശ്ചിത്തമായി ഒരു സമ്മാനം കൊടുക്കാൻ നി ശ്ചയിച്ചിട്ടുണ്ട്.
രംഗം പതിനൊന്നു് (65-68)
(ഭദ്ര മാധവൻപിള്ളയെ നുള്ളുന്നു.)
പക്ഷേ, കേശവൻകുട്ടിക്കു ഭാരം കൂടിപ്പോകയില്ലേ എന്നെനിക്കൊരു സംശയമുണ്ടു്.
ഭദ്ര: പെണ്ണുങ്ങളുടെ മുമ്പിൽ കരയുന്ന ആണുങ്ങളല്ലേ പണ്ടും ചുമടു ചുമക്കുന്നതു്? (ഓടിക്കളയുന്നു).
ലക്ഷ്മിഅമ്മ: പെണ്ണിനെ അച്ഛൻ മൂപ്പു പഠിപ്പിച്ചു ശുദ്ധ അസത്താക്കിക്കളഞ്ഞു.
മാധവൻപിള്ള: അസത്തോ? ഇങ്ങോട്ടു നോക്കു - നമ്മാൽ സാധിക്കാത്ത സംഗതി അവൾ സാധിച്ചുകൊണ്ടുവന്നിരിക്കുന്നു. പങ്കജത്തിന്റെ എഴുത്താണിതു-ഭദ്ര എഴുതിച്ചു വാങ്ങിക്കൊണ്ടുവന്നതാണു്. എന്തുപായം പ്രയോഗിച്ചു എന്നെനിക്കും അറിഞ്ഞുകൂടാ. എങ്കിലുമവൾ കാര്യം സാധിച്ചു- അതുകൊണ്ടുണ്ടായ സന്തോഷമാണ് ഭദ്രയുടെ കഥ കുറുപ്പിനോടു പ്രസ്താവിപ്പാൻ ഉന്മേഷിപ്പിച്ചതു്- ഇനി വിക്രമമേനോനും ഉടനെ കമ്പി അയയ്ക്കാം.
ലക്ഷ്മിഅമ്മ : എല്ലാം പറഞ്ഞു- പങ്കജാക്ഷി എന്തെഴുതിയിരിക്കുന്നുവെന്നു പറഞ്ഞില്ലല്ലൊ.
മാധവൻപിള്ള: ഓ! അതൊരു തെറ്റുതന്നെ. അവൾ ഇംഗ്ലീഷിലാണു് എഴുതിയിരിക്കുന്നതു്-അതിന്റെ താൽപര്യം ഇതാണ്: 'എന്റെ കീഴ്ക്കട നടത്തയെപ്പറ്റി പരിതപിച്ച അച്ഛനോടു ഞാൻ ക്ഷമായാചനം ചെയ്തുകൊള്ളുന്നു. അച്ഛന്റെ ആജ്ഞപോലെ കേൾക്കുന്നതിനു ഞാൻ സന്നദ്ധയായിരിക്കുന്നു. അപ്പന്റെ മാപ്പും അനുഗ്രഹവും എനിക്കു കിട്ടണം.'
ലക്ഷ്മിഅമ്മ: ഇംഗ്ലീഷ് പഠിക്കുമ്പോൾ കുഞ്ഞുങ്ങൾക്കു് ഈ ഭംഗിവാക്കെല്ലാം എവിടന്നു വരുന്നോ എന്തോ?
നാരായണിഅമ്മ: പറഞ്ഞതിൽ ഒരക്ഷരം എനിക്കു മനസ്സിലായില്ലാ. രാമായണത്തിലും മറ്റും ഇങ്ങനെ ഒക്കെ വായിച്ചു കേട്ടിട്ടുണ്ടു്.
പത്മനാഭക്കുറുപ്പു്: ഇംഗ്ലീഷ് പഠിക്കുമ്പോൾ വാചകങ്ങൾക്കൊരു ഹ്രസ്വത വരാറുണ്ട്. പഴേ വാചകങ്ങളുടെ ധാടിയില്ലതാനും-
ആശാൻ: ഇപ്പോഴൊക്കെ പൂച്ചുവിദ്യ- അങ്ങുന്നും പുത്തൻവകക്കാരുടെ പക്ഷവാദിയാണു്- അതു 'എമ്മേ' എന്നുള്ള മുദ്രയുടെ ശക്തികൊണ്ടാണു്.
മാധവൻപിള്ള: എന്റെ മനസ്സ് അതിലൊന്നും ചെല്ലുന്നില്ല. കമ്പിത്തപാലാപ്പീസിലേക്കു പോയ പാച്ചനെ ഇതുവരെ കണ്ടില്ല-കമ്പി അയയ്ക്കാതെ മടങ്ങിക്കിട്ടിയെങ്കിൽ വല്യ ഭാഗ്യമായി-പങ്കജത്തിന്റെ ഇപ്പോഴത്തെ മനഃസ്ഥിതിയിൽത്തന്നെ എല്ലാം തീർച്ചയാക്കിയാൽ മേലിൽ വൈഷമ്യങ്ങളുണ്ടാവില്ല.
ആശാൻ : അതാണുത്തമം. 'വാതേ സരത്യതിതരാമനുകൂലപാതെ-പോതം നയേജ്ജലനിധാവിവ കര്‍ണ്ണധാരഃ''
പാച്ചൻ: (ഝടിതിയിൽ പ്രവേശിച്ചു ശ്വാസംമുട്ടിക്കൊണ്ടു്) ഇതാ വന്നു-വന്നു- വന്നു കൊച്ചമ്മേടെ-നാ-നാ- നായരുd. (എല്ലാവരും ചിരിച്ചുകൊണ്ട് ലക്ഷ്മിഅമ്മയുടെ മുഖത്തു നോക്കുന്നു)
ലക്ഷ്മിഅമ്മ: എന്തെടാ നീ കള്ളുകുടിച്ചിരിക്കുന്നോ? അങ്ങുന്നെന്നുള്ള ഭയവും പോയോ?
പാച്ചൻ : കൊച്ചമ്മേടെ അല്ലാ നായരുd - കൊച്ചുകൊച്ചമ്മേടെ. (എല്ലാവരും പിന്നെയും ചിരിക്കുന്നു.)
ആശാൻ: വികടസരസ്വതീ! സദസ്സു നോക്കാതെ വഷളത്വം പറയുന്നതു കണ്ടില്ലേ!
മാധവൻപിള്ള: നിന്റെ കൈയിൽത്തന്നെ കമ്പി എന്തു ചെയ്തു? നീ യുദ്ധം ജയിച്ചു വന്നപോലെ സന്തോഷത്തിളപ്പു കാണിക്കുന്നതെന്തിനു്?
പാച്ചൻ: കമ്പി പങ്കജംകൊച്ചമ്മേടെ നായരുകൊച്ചമ്മേടെ കൈയിലൊണ്ടു്-
ആശാൻ: ഇവൻ എന്തോ അടിച്ചോണ്ടു വന്നിരിക്കയാണു്.
പാച്ചൻ: ഞാൻ അടിച്ചോണ്ടും അടികൊണ്ടോണ്ടും വന്നിരിക്കണതല്ലായാനെ-പൊലമ്പാണ്ടു നിക്കണം. ആയാനെ അടിപ്പിച്ച ശൂപ്രണയാണു വരണതു്- ചലമ്പിയാലിന്നീം വല്ലതും കിട്ടും.
ആശാൻ: (ആത്മഗതം) ഇവൻ എന്തെല്ലാം പിണയ്ക്കുന്നുവോ? ആ പരമഷഡ്ഗവ്യത്തിനെയാണു് കൊണ്ടുവന്നിരിക്കുന്നതു്- ആട്ടെ ഇവനെ ചുറ്റിച്ചേക്കാം. (പ്രകാശം -പാച്ചനോടു്) എടാ അന്നു നാം കണ്ട ആളല്ലേ വന്നിരിക്കുന്നതു്? എന്നെ തല്ലിച്ചു എന്നുതന്നെ വെയ്ക്ക --ആയാളല്ലേ?
പാച്ചൻ: ആ! -ആയാൻ മറന്നുപോവൂല്ല-തഴമ്പിച്ച കാര്യം മറക്കുമോ? അതുതന്നെ ആയാനെ, അതുതന്നെ-അയാളതന്നെ.
ആശാൻ: (മാധവൻപിള്ളയോടു) ഞാൻ പറഞ്ഞ യമഘാതകനെയാണു് ഇവൻ കൊണ്ടെന്നിരിക്കുന്നതു് -കോളും കാറ്റും ഒന്നും ഒതുങ്ങിയപ്പോൾ ഒരു മറുകോളാണു് ഇവൻ കൊള്ളിക്കുന്നതു്-പങ്കജാക്ഷിഅമ്മയുടെ ഇപ്പഴത്തെ സമ്മതത്തെ വച്ചുകൊണ്ടു എല്ലാം നടത്തുകയാണു ഉത്തമം (ലക്ഷ്മിഅമ്മയോടു) കൊച്ചമ്മയ്ക്ക് ആളെ മനസ്സിലായില്ലെന്നു തോന്നുന്നു- പങ്കജാക്ഷിഅമ്മ വരച്ച പടം ജീവാകൃതിയിൽ വന്നിരിക്കയാണ്. ആയാളെ പങ്കജാക്ഷി അമ്മ ഇതിനകത്തുവച്ചു കണ്ടാൽ,
'അന്യോന്യരാഗ സുഭഗസ്യ സുമാനുഷസ്യ
സംയോജനേ ഘടയിതാ ന പരിശ്രമീസ്യാൽ'
വിക്രമമേനോനദ്ദേഹത്തിനു കമ്പി അയയ്ക്കണ്ടെന്നുവരും.
ലക്ഷ്മിഅമ്മ: അതിനെ ഒരിക്കലും ഇതിനകത്തു കയറിക്കൂടാ. ഉണ്ടായ അനര്‍ത്ഥത്തോടു നില്ക്കണം. വഴിക്കു പോകുന്ന വയ്യാവേലി പത്തിനു രണ്ടു പലിശയ്ക്ക് ആര്‍ക്കും വാങ്ങാൻ കഴികയില്ല.
പത്മനാഭക്കുറുപ്പു്: (ലക്ഷ്മിഅമ്മയുടെ അടുത്തുചെന്നു്) ആരാണതു്?
ലക്ഷ്മിഅമ്മ: എങ്ങാണ്ടുള്ള ഒരുത്തനെ കണ്ടു് പങ്കജം വേണ്ടാത്ത കൂത്തുകളൊക്കെ ആടി-അവൾതന്നെ അതു വേണ്ടെന്നു വച്ചപ്പോൾ ഇതാ കൊണ്ടുവന്നിരിക്കുന്നു കൊതിക്കു ചൂട്ടുപിടിക്കാൻ.
ആശാൻ : ഞാൻ ആളെ അടുത്തുകണ്ട് സംസാരിച്ചിട്ടുണ്ട് - കീചകന്റെ രൂപം മനസ്സിൽ സങ്കല്പിച്ചുകൊള്ളു. പ്രകൃതം അതിലും കവിഞ്ഞതാണു്.
പത്മനാഭക്കുറുപ്പു്: ഹെയ്! എന്നാലടുപ്പിക്കരുത്.
നാരായണിഅമ്മ: നമുക്കടുക്കാത്ത ആളുകളെ നമുക്കടുപ്പിച്ചുകൂടാ- നാം നാട്ടുമ്പുറങ്ങളിലുള്ളവരോടുകൂടിയും കഴിയാനുള്ളവരല്ലയോ?
മാധവൻപിള്ള: (പാച്ചനോടു്) ആശാൻ ചിലപ്പോൾ പറയുന്നതു പോലെ നീ ശനീശ്വരൻ തന്നെയാണു്. വേണ്ടാത്തപ്പോൾ കേറി വക്രിപ്പാൻ നിനക്കു പ്രത്യേകമൊരു വാസനയുണ്ടു്. നീ കൊണ്ടു. വന്നിരിക്കുന്ന ആളിന്റെ പേരെന്താണു ?
പാച്ചൻ: എല്ലാരും കൂടി ചകാരിക്കുമ്പം പേരും പൊരുത്തവും പറയണതെന്തിനു? അങ്ങുന്നടിക്കാതെ വിട്ടാമതി.
മാധവൻപിള്ള : എന്നാൽ കമ്പിയും രൂപായും എവിടെ?
പാച്ചൻ: രൂപാ ഇതാ. (ചേപ്പിൽനിന്നും എടുത്തു കൊടുക്കുന്നു.) കമ്പി മീനാക്ഷിമേനോൻകൊച്ചമ്മേടെ കൈയിലൊണ്ടുണ്ട്.
(എല്ലാരും ചിരിക്കുന്നു.)
ഇങ്ങു വരുത്തിയാൽ കിട്ടും.
ലക്ഷ്മിഅമ്മ: ഇവിടെ ആരെയും വരുത്തേണ്ടാ.
മാധവൻപിള്ള: (ആത്മഗതം) ആശാനും പാച്ചനും ഇതിൽ ഭിന്നകക്ഷികളായിരിക്കുന്നു. പാച്ചന്റെ ഭാഗം പറവാൻ അവനു സാമര്‍ത്ഥ്യമില്ല. വേണ്ട സന്നാഹത്തോടു വന്നിട്ടുള്ളപോലെ ഇവൻ മുന്നിടുന്നു. വന്നിരിക്കുന്ന ആളെ കാണുന്നതിനു് എന്റെ മനസ്സ പ്രേരിപ്പിക്കയും ചെയ്യുന്നു. മീനാക്ഷി എന്നാണു് വിക്രമമേനോൻ ജഡ്ജിയുടെ മകളുടെ പേരും, ആളിനു് വിക്രമമേനോനോടു രൂപസാമ്യവുമുണ്ടെന്നു് ആശാന്റെ വാക്കുകൊണ്ടു തെളിയുന്നു. (പ്രകാശം) എന്തെങ്കിലും ആട്ടെ ലക്ഷ്മി! എല്ലാം പങ്കജത്തിനുള്ള ദൈവവിലാസം പോലെ നടക്കും. ഞാൻ താഴത്തൊന്നു പോകുന്നു. നിങ്ങൾ എല്ലാവരും ഇവിടെ ഇരിക്കിൻ. ലക്ഷ്മിക്കുട്ടി വേണമെങ്കിൽ താഴത്തു പോരൂ. നടക്കെടാ-(പാച്ചനും മാധവൻപിള്ളയും ലക്ഷ്മിഅമ്മയും പോകുന്നു.)
ആശാൻ: (ആത്മഗതം) ''സ്ഥാതും ഗന്തും ദ്വയമപി സഖേനാത്ര ശക്തോ ദ്വിരേഫഃ'' എന്ന സ്ഥിതിയാണിപ്പോൾ നമുക്കു്. എങ്കിലും തൊണ്ണൂറാമത്തെ വാക്യമാണിപ്പോൾ അനുഷ്ഠേയം.
(കർട്ടൻ)
രംഗം പന്ത്രണ്ട് (69-74)
രംഗം പന്ത്രണ്ട്
(പങ്കജാക്ഷിയുടെ ശയനമുറി. പങ്കജാക്ഷി ഒരു സോഫായിൽ കിടന്നുറങ്ങുന്നു. മീനാക്ഷി പ്രവേശിക്കുന്നു.)
മീനാക്ഷി: (പങ്കജാക്ഷിയുടെ കാല്ക്കൽ ചെന്നു നിന്നും ആത്മഗതം) നായാട്ടിൽ ഓടിക്കപ്പെട്ടു ക്ഷീണിച്ച മൃഗം പോലെ ഇവൾ ഏകാന്തസ്ഥലത്തു നിദ്രചെയ്ത് തന്റെ ക്ഷീണം തീര്‍ക്കുന്നു. ആരും തന്നെ തനിക്കു ബന്ധുവായില്ലെന്നുള്ള ക്ലേശം നിദ്രയിലും സ്ഫുരിക്കുന്നു. ഈ കഷ്ടതയ്ക്കെല്ലാം കാരണമായ ഞാൻ വ്യാപാരക്കണക്കുകൾ പരിശോധിച്ചു പറഞ്ഞുതീര്‍ക്കാനെന്നപോലെ വന്നിരിക്കുന്നു. എന്റെ ഹൃദയം പുരുഷഹൃദയം- സ്ത്രീജന്മവും പുരുഷഹൃദയവുമായപ്പോൾ പ്രേമത്തിനും ദാമ്പത്യത്തിനും കൊള്ളാതായി. ഇവളുടെ നിദ്രയെ ലംഘനം ചെയ്‍വാൻ എനിക്കും മനസ്സു വരുന്നില്ല. ഗംഭീരപുരുഷനായ ഇവളുടെ അച്ഛന്റെ പരിതാപത്തെ വിചാരിക്കുമ്പോൾ എന്റെ സ്വന്തം പോലെ അത് എന്നെയും പരിതപി പ്പിക്കുന്നു. എന്നെ കണ്ടു് ആളറിഞ്ഞപ്പോൾ അദ്ദേഹം കരഞ്ഞുപോയി-അദ്ദേഹത്തിന്റെ ഹൃദയം, നിര്‍വ്യാജസ്നേഹപരിപൂര്‍ണ്ണമായിട്ടുള്ളതാണു്. അദ്ദേഹം എന്റെ തലയിൽ തൊട്ടു തഴുകിയപ്പോൾ ഉണ്ടായ രോമാഞ്ചം ആനന്ദപ്രദമായിരുന്നു. അദ്ദേഹത്തിന്റെ ബാഷ്പവും, പുത്രിയെക്കുറിച്ചുള്ള പരവശതയും, എന്റെ വേഷം കണ്ടുണ്ടായ ചിരിയും തമ്മിൽ അദ്ദേഹത്തിന്റെ മുഖത്തുണ്ടായ യുദ്ധത്തെ ചിത്രത്തിൽ രചിക്കേ സാധിക്കുളളൂ. അതിനും സാക്ഷാൽ വിശ്വകർമ്മാവുതന്നെ വേണം. അദ്ദേഹത്തിന്റെ ഭാര്യയോ ബഹുസാധ്വിയും, ശീലവതിയും, സ്നേഹസമ്പന്നയുമാണു്. കഷ്ടം! പ്രായഭേദം മറന്നു എന്റെ മാറത്തു വീണു കരഞ്ഞുപോയി. ഇവളും ഇതാ ശുഷ്കപല്ലവം പോലെ കിടക്കുന്നു. ഈ സ്ഥിതികൾക്കെല്ലാം കാരണഭൂത ഞാനാണല്ലോ. (സാവധാനത്തിൽ ചുമയ്ക്കുന്നു.)
(പങ്കജാക്ഷി ഉണര്‍ന്നു് മീനാക്ഷിഅമ്മയുടെ മുഖത്തു നോക്കി തിരിഞ്ഞു കിടന്നുകളയുന്നു.)
മീനാക്ഷി: പങ്കജാക്ഷി അങ്ങനെ തിരിഞ്ഞു കിടക്കരുതു്. ഞാൻ അപരാധം ഒന്നും ചെയ്തിട്ടില്ല.
പങ്കജാക്ഷി: എനിക്കതൊന്നും കേൾക്കണ്ടാ എന്നെ ആക്കും ഉപദ്രവിക്കാനവകാശമില്ല.
മീനാക്ഷി: ഇതു കഠിനമാണു്. ഇനി കുറച്ചുകഴിഞ്ഞു പങ്കജാക്ഷി എന്നെ മുറുകെപ്പിടിച്ച് ആലിംഗനം ചെയ്യും.
പങ്കജാക്ഷി: ഇതിനകത്തു വരാനാരനുവദിച്ചു? ആളെ ഞാൻ കേട്ടറിഞ്ഞു.
മീനാക്ഷി: സൂക്ഷ്മം അറിഞ്ഞുവെങ്കിൽ എന്റെ വരവും പഞ്ചസാരപ്പൊടിപോലെ ആസ്വാദ്യമായിരുന്നേനെ-എഴുനേല്ക്കു. (പിടിച്ച് എഴുനേല്പിക്കാൻ നോക്കുന്നു.)
പങ്കജാക്ഷി: (കൈ തട്ടീട്ടു്) എന്നെ തൊടരുതു്. വീട്ടിൽ വന്നു എന്തക്രമമാണിതു്? കേട്ടതു മാത്രമല്ലാ യോഗ്യത ഞാൻ കാണുകയും ചെയ്തു.
മീനാക്ഷി: ഞാനിത്ര പ്രമാണിയായല്ലോ-എന്റെ കഥകളെ ആരാഞ്ഞറിയുന്നു-എന്റെ ക്രിയകളിൽ സ്നേഹരോഷാദ്യാവേശങ്ങൾ ഉദിക്കുന്നു. എന്നിട്ട് ഇങ്ങട്ടു കടന്നതിനുള്ള അനുമതിപത്രം എന്താണെന്നു ചോദ്യവും ചെയ്യുന്നു! അതിനുത്തരം കേള്‍ക്കൂ. പ്രേമപുരസ്സരമായുള്ള അനേകദിവസങ്ങളിലെ കടാക്ഷങ്ങളാണു എന്റെ ക്ഷണനപത്രികകൾ.
പങ്കജാക്ഷി: (എണീറ്റു മാറിനിന്നു") ക്ഷണിച്ചു! ആരു ക്ഷണിച്ചു? ക്ഷണിച്ചുവെങ്കിൽത്തന്നെ ഇവിടെവച്ചു ബലാല്ക്കാരം തുടങ്ങാമോ?
മീനാക്ഷി: അതു കാളേജിലേക്കുള്ള വഴിയിൽവച്ചു വേണ്ടതായിരുന്നു, അല്ലേ? ഇനി അങ്ങനെ ആയിക്കളയാം.
പങ്കജാക്ഷി: ഇതിനകത്തു നില്ക്കരുതു്- അവകാശമില്ലാത്ത ക്രിയയ്ക്കു പുറപ്പെട്ടാൽ അവമാനമുണ്ട്. ഞാൻ കടാക്ഷിച്ചുവെങ്കിൽ അതെല്ലാം ഞാൻ പിൻവലിച്ചു- കളിയല്ല.
മീനാക്ഷി: കേശവപിള്ളയേക്കാൾ കൂടുതൽ അവകാശത്തോടുകൂടിയാണു് ഞാൻ വന്നിരിക്കുന്നതു്. അച്ഛനമ്മമാരുടെ നേരിട്ടുള്ള അനുവാദവുമുണ്ട്. ഇതു സത്യം. പങ്കജാക്ഷിയുടെ നേത്രസംജ്ഞാപ്രമാണവുമുണ്ടല്ലോ.
പങ്കജാക്ഷി: (ആത്മഗതം) അവരുടെ അനുവാദത്തോടുകൂടി വന്നിരിക്കതന്നെയാണ്. ആൾ ശ്രീമാൻ, ശൂരൻ. അവർ എങ്ങനെയോ ആളെ കണ്ടുപിടിച്ചു; അവര്‍ക്കു ബോദ്ധ്യമാവുകയും ചെയ്തു - ആശാൻ പറഞ്ഞതുപോലല്ല- വിക്രമമേനോൻ ജഡ്ജി അവർകളുടെ മകന്റെ സംബന്ധം വേണ്ടെന്നുവച്ചു എന്നും ഈ സംഗതി തെളിയിക്കുന്നു. എനിക്കു വലിയ ആശ്വാസമായി ഇപ്പോൾ. (പ്രകാശം) അവിടുന്നും അച്ഛനെ കാണുക കഴിച്ചോ?
മീനാക്ഷി: കണ്ടു. അമ്മയേയും കണ്ടു - പങ്കജാക്ഷിയെക്കണ്ടു പരമാര്‍ത്ഥസ്ഥിതികളെല്ലാം പറയൂ എന്ന് അവർ ആജ്ഞാപിച്ചു.
പങ്കജാക്ഷി: അവരെ കാണ്മാൻ അവിടുത്തോടാരപേക്ഷിച്ചു?
മീനാക്ഷി: പങ്കജാക്ഷിയിൽ എനിക്കങ്കുരിച്ച സ്നേഹംതന്നെയാണു്.
പങ്കജാക്ഷി: നിങ്ങൾക്കു സ്നേഹമെന്നതു ബുദ്ധിയുടെ ഒരു വ്യാപാരംമാത്രമാണു്. ഭൂതഗണിതത്തിൽ ഒരു പ്രശ്നം. അതിനാൽ ഫലപ്രാപ്തിക്കു താമസം വേണ്ടിവരും. ഈ അഭിപ്രായത്തെ പ്രണയപരുഷമാണെന്നു വ്യാഖ്യാനിക്കരുത്.
മീനാക്ഷി: (ആത്മഗതം) ഇവളുടെ അഗാധമായ പ്രേമത്തെ വിചാരിക്കുമ്പോൾ എന്റെ തത്വത്തെ പെട്ടെന്നു പ്രത്യക്ഷമാക്കുന്നതായാൽ വല്ല ആപത്തും സംഭവിച്ചേക്കാമെന്നു തോന്നിപ്പോകുന്നു. (പ്രകാശം) പങ്കജാക്ഷി എന്താണു് എന്റെ സ്ഥിതിയേയും, കുടുംബത്തേയും, ഒന്നും അന്വേഷിക്കാതെ എന്നെ സ്നേഹിച്ചതു്?
പങ്കജാക്ഷി: അതെല്ലാം അന്വേഷിക്കാൻ അവിടുത്തേക്കു സമയം വേണ്ടിവന്നു - അതു ന്യായം തന്നെ. എന്റെ സ്നേഹം ഉത്ഭവിച്ചതും ദൈവസങ്കല്പത്താലാണു് - അതുകൊണ്ടും ഞാനൊന്നും അന്വേഷിച്ചില്ല. ''സതാം ഹി സന്ദേഹപദേഷു വസ്തുഷു- പ്രമാണമന്തഃകരണപ്രവൃത്തയാഃ'’
മീനാക്ഷി: (ആത്മഗതം) ഞാൻ തോറ്റു എങ്കിലും ചോദിക്കാം. (പ്രകാശം) ഇതിനു മുൻപിൽ എനിക്കൊരു വിവാഹം കഴിഞ്ഞിട്ടുണ്ടെങ്കിലോ?
പങ്കജാക്ഷി: (പാരവശ്യത്തോട്) അതിനെക്കുറിച്ചും ഞാൻ ആലോചിച്ചില്ല. അങ്ങനെ ഒരവസ്ഥകൊണ്ടു് മനസ്സിനു വ്രണം സംഭവിക്കുന്നെങ്കിൽ അതിനെ കാലാന്തരം ശമിപ്പിക്കട്ടെ. ആ വേദനയുടെ ഏകദേശതയെ ഏഷണിയന്ത്രപ്പണി ഇതിനുമുമ്പുതന്നെ എന്നെ അനുഭവിപ്പിച്ചിരിക്കുന്നു.
മീനാക്ഷി: ആട്ടെ, അതു പോട്ടെ- മറ്റു കാരണത്താൽ എനിക്കു പങ്കജാക്ഷിയെ പരിഗ്രഹിക്കാൻ പാടില്ലെങ്കിലോ?
പങ്കജാക്ഷി: (അധികം പാരവശ്യത്തോടു്) എന്നാൽ അതും ദൈവകല്പിതം എന്നു വിചാരിച്ച് ഞാൻ ആശ്വാസപ്പെടും. സ്ത്രീബുദ്ധിക്ക് ദൂരദര്‍ശനവും ആലോചനാവിശാലതയും കുറയും.
മീനാക്ഷി: പങ്കജാക്ഷി ഇരിക്കൂ- എന്റെ കല്പനയാണു്. ന്യായക്കേടൊന്നുമില്ല. ഇരിക്കൂ- മിണ്ടണ്ടാ- (എന്നു പറഞ്ഞ് പിടിച്ചിരുത്താൻ ശ്രമിക്കുന്നു.)
പങ്കജാക്ഷി: ദയയുണ്ടായി എന്നെ തൊടരുതു്. നമ്മുടെ ആചാരത്തെ നല്ലതിന്മണ്ണം ഓർമ്മിക്കണം. പ്രേമസന്തപ്തകളായ കഥാപാത്രങ്ങളുടെ സ്വാതന്ത്ര്യങ്ങൾ ലോകവ്യാപാരവിഷയത്തിൽ ധര്‍മ്മ്യമായിരിക്കയില്ലല്ലോ.
മീനാക്ഷി: എങ്കിൽ ഞാൻ ഈ കസാലയിൽ ഇരിക്കാം. (ഇരിക്കുന്നു) പങ്കജാക്ഷി ആ സോഫായിൽ ഇരിക്കൂ.
(പാങ്കജാക്ഷി സോഫായോടു ചേർന്നു നില്ക്കുന്നു.)
നാം രണ്ടുപേരും നായർവഗ്ഗത്തിൽ ഉൾപ്പെട്ട രണ്ടു പ്രസിദ്ധിയുള്ള പ്രബലകുടുംബങ്ങളിലുള്ളവരാണു- നമ്മുടെ യുവസ്ത്രീപുരുഷന്മാര്‍ക്കു വരനിശ്ചയം ചെയ്യുന്നതിൽ ഗുരുജനങ്ങളുടെ ഹിതങ്ങളെ അതിലംഘിക്കാൻ അവകാശവുമില്ല. നമ്മുടെ ഈ ജനങ്ങൾ നമുക്കു സാമാന്യത്തിലധികം സ്വാതന്ത്ര്യം തരുന്നു. ഈ സ്ഥിതി യിൽ നാം അവരുടെ ഇഷ്ടാനിഷ്ടങ്ങളെ ബഹുമാനിക്കണം. വിശേഷിച്ചും, നമ്മുടെ ചാപല്യങ്ങൾ കൊണ്ടു് അവര്‍ക്കും അപമാനമോ, ദുഃഖമോ ഉണ്ടാക്കരുതു്. അതുകൊണ്ടു് പങ്കജാക്ഷി കേശവപിള്ളയുടെ സന്ദര്‍ശനത്തിൽ-
പങ്കജാക്ഷി: അവിടുന്നു എന്നോടു ഗുണദോഷിക്കുന്നതു്...(വിരമിച്ചു പുഞ്ചിരിയിടുന്നു)-കേശവൻകുട്ടി അച്ഛന്റെ തറവാട്ടുവഴിയിൽ ഒരനന്തിരവനാണു്-ആ സംഗതിയെക്കുറിച്ചും എന്നെ കളിയാക്കരുതെ- അവിടുത്തെ പ്രസംഗത്തെ ഞാൻ ഭക്തിയോടെ കേൾക്കുന്നുണ്ട്.
മീനാക്ഷി: ആ ഭക്തി കണ്ടുതന്നെയാണു് എന്റെ പ്രസംഗത്തെ ഞാൻ ദീര്‍ഘിപ്പിക്കുന്നതു-ഞാൻ പറഞ്ഞുവന്നതു് കേശവപിള്ളയോടു കാണിച്ച മനസ്സാന്നിധ്യം ഇപ്പോഴും, എല്ലായ്പോഴും പങ്കജാക്ഷി കാണിക്കണമെന്നാണു - പങ്കജാക്ഷിയുടെ ഇച്ഛാസാധ്യത്തിന് സ്വല്പമൊരു ഭേദം വന്നേക്കാം. അതുകൊണ്ടു പങ്കജാക്ഷിക്കു് യാതൊരു വൈമനസ്യവും ഉണ്ടാകരുതു്.
പങ്കജാക്ഷി: ഇനി എന്ത് ഇച്ഛാഭംഗമാണു വരാനുള്ളത്?
മീനാക്ഷി: എന്റെ അച്ഛന്റെ പുത്രനായും, വിദ്യാധനികനായും, രൂപത്തിൽ എന്നോടു സാമ്യംവഹിക്കുന്നവനായും ഉള്ള ഒരു ഭർത്താവിനെ അല്ലേ, പങ്കജാക്ഷി ആഗ്രഹിക്കുന്നതു്?
പങ്കജാക്ഷി : (ആത്മഗതം) ഇദ്ദേഹം ഒരു സരസനായ കളിക്കാരൻ- അങ്ങനെതന്നെ എന്നു ഞാൻ സമ്മതിക്കും. (പ്രകാശം) എൻറ അഭിമതം പൂര്‍ണ്ണമായി ധരിച്ചുകൊണ്ടു് എന്തിനാണിങ്ങനെ ചോദ്യം ചെയ്യുന്നതു്?
മീനാക്ഷി: സ്വല്പം ഭേദഗതി ഉണ്ടായാലോ!
പങ്കജാക്ഷി: ന്യായത്തിനും, ധര്‍മ്മത്തിനും, അവിടുത്തെ ഹിതത്തിനും പൂര്‍ണ്ണമായി ചേരുന്ന സ്വല്പ ഭേദഗതി എനിക്കു സമ്മതം തന്നെ.
മീനാക്ഷി: ഈ വാക്കിനു ഭേദമില്ലേ?
പങ്കജാക്ഷി: ഇത്ര ശുദ്ധഗതിയെന്ത്?
മീനാക്ഷി: കൈ അടിക്കൂ. (എന്നു കൈ നീട്ടുന്നു) തൊടുന്നതിൽ വിരോധം ഇല്ലാ. (പങ്കജാക്ഷി ലജ്ജയോട് കൈയടിക്കുന്നു.)
മീനാക്ഷി: ഇതാ-ഇപ്പോൾ വേണം അച്ഛന്റെ ഗൗരവത്തിനും അടുത്തതായ പുത്രിയാണെന്നു കാണിപ്പാൻ-ഒരു ചെറിയ കുടുംബകഥ കേട്ടോളൂ- മദ്രാസ് പ്രസിഡൻസിയിൽ, വിക്രമമേനോൻ എന്നൊരു ജഡ്ജി ഇപ്പോൾ ഉണ്ടു്. അദ്ദേഹത്തിന്റെ ഭാര്യ ഇരട്ടപ്രസവിച്ച ഉടനെ മരിച്ചു - ഇരട്ടയിൽ, ഒന്നു് ആണും രണ്ടാമത്തേത് പെണ്ണും. വിക്രമമേനോൻ അവർകൾ പിന്നീടു സംബന്ധം ചെയ്തില്ലാ. ഗോവിന്ദൻകുട്ടി എന്നു പേരായ മകനെ അദ്ദേഹംതന്നെ വളര്‍ത്തി, മീനാക്ഷി എന്ന മകളെ അദ്ദേഹത്തിന്റെ ജ്യേഷ്ഠനും വളർത്തി. വിക്രമമേനോൻ തിരുവിതാംകോട്ട മാധവൻപിള്ള എന്നൊരാളുടെ സഹപാഠിയായിരുന്നു. അവർ രണ്ടുപേരും ഓരോ ഉദ്യോഗത്തിൽ പ്രവേശിച്ചു. പരസ്പരം സൗഹാർദ്ദത്തോടും ഇടയ്ക്കിടെ കണ്ടും ഇരുന്നിരുന്നു. പത്തുപതിനേഴുകൊല്ലത്തിനു മുമ്പിൽ മാധവൻപിള്ള അവർകൾക്കു ഒരു മകളുണ്ടായി, 'കണ്ടാൽ ശാരദചന്ദ്രനൊത്ത മുഖവും' എന്നിത്യാദി ലക്ഷണങ്ങളോടുകൂടിയാണു്. അച്ഛൻ ആ കുട്ടിയെ ആദ്യം കണ്ടപ്പോൾ ഇവൾ ഗോവിന്ദൻകുട്ടിക്കാണു് എന്നു് നിശ്ചയവും കരാറും ചെയ്തു. വിക്രമമേനോനും ഗോവിന്ദൻകുട്ടിയും അപ്പഴപ്പോൾ ആ കുട്ടിയെ കാണാറുണ്ടായിരുന്നു. പത്തുകൊല്ലത്തിനിപ്പുറം തിരുവിതാംകോട്ടു വരാറില്ലാഴികയാൽ അങ്ങോട്ടും ഇങ്ങോട്ടും ഉള്ള പരിചയം ഒന്നു കുറഞ്ഞു-ഗോവിന്ദൻകുട്ടി ഈയാണ്ടിൽ ബി. എൽ. പരീക്ഷ ജയിച്ചു. മീനാക്ഷി ഒരു താന്തോന്നിയായി വളർന്നു. മദ്രാസിൽ കുറച്ചു പഠിച്ചതിന്റെശേഷം തിരുവിതാംകോട്ടേക്കു പുറപ്പെട്ടു. ബി. ഏ. ക്ലാസ്സിൽ ചേര്‍ന്നു- ജ്യേഷ്ഠൻ ഗോവിന്ദൻകുട്ടിക്കും നിശ്ചയിച്ചിട്ടുള്ള ഭാര്യയെ വശീകരിക്കയും ചെയ്തു.
(പങ്കജാക്ഷി ദൂരത്തേക്കു മാറുന്നു- പങ്കജാക്ഷിയെ കടന്നു കൈയ്ക്കു പിടിച്ചിരുത്തി.)
പങ്കജാക്ഷീ! ഉത്തമനായർകുലത്തിൽ ജനിച്ച ലക്ഷണം ഇപ്പോഴാണു കാണിപ്പാനുള്ളത്. എന്റെ മുമ്പിൽനിന്നും ഓടിക്കളയുന്നെങ്കിൽ സത്യഭംഗമാണു്. ചപലത ഒന്നും കാണിക്കരുതു്.
പങ്കജാക്ഷി: (നമ്രമുഖിയായിരുന്നു) എല്ലാം മനസ്സിലായി-സ്വല്പനേരം ഞാൻ തനിച്ചിരുന്നുകൊള്ളട്ടെ.
മീനാക്ഷി: ഞാനിതാ പോകുന്നു-അച്ഛനമ്മമാരുടെ അടുത്തുണ്ടായിരിക്കും. ഗോവിന്ദൻകുട്ടിജ്യേഷ്ഠനായി ഞാൻ ജനിച്ചില്ലല്ലോ എന്നും ഇപ്പോൾ ഇവൾ കുണ്ഠിതപ്പെടുന്നു. പങ്കജാക്ഷിയെ ഞാൻ ആജീവനാന്തം സ്നേഹിക്കും. (ആലിംഗനം ചെയ്തും പോകുന്നു.)
(കർട്ടൻ)
രംഗം പതിമൂന്നു് (75-80)
രംഗം പതിമൂന്നു്
[ഭാസ്കരമേനോന്റെ ഗൃഹം. കാളിയും ആശാനും പ്രവേശിക്കുന്നു.]
ആശാൻ: 'കരഞ്ഞും ഖേദിച്ചും നികടഭുവിതളര്‍ന്നും-അയ്യോ-തുംഗാതങ്കം വളര്‍ന്നും'
കാളി: ഞാൻ തങ്കവും പൊന്നും ഒന്നുമല്ല-അങ്ങുന്നും കൊച്ചമ്മയും ഇല്ലാത്ത തക്കം നോക്കി രാമനാട്ടത്തിനു നിക്കുന്നതു തനിക്കു ചോറുകേറി എല്ലിന്റിടയിൽ കുത്തീട്ടല്യോ?
ആശാൻ: ശെ ശെ! അതൊന്നുമല്ലെന്റെ കശേശയാക്ഷീ, അതിമനോജ്ഞമായ സൈരന്ധ്രിയുടെ വര്‍ണ്ണവും ഗംഗാദേവിയുടെ അധിവാസസ്ഥലത്തെ നിന്ദിക്കുന്ന കേശബന്ധവും, ജംഭാരിയുടെ കുംഭികുലവരന്റെ നേത്രങ്ങളെ അധഃകരിക്കുന്ന കണ്ണിണയും, അതിശീതളകോമളമണ്ഡൂകസമാനമായുള്ള നാസികാരന്ധ്രസൗഭാഗ്യവും, ബാലസുധാംശുസമാനമായ ദന്തസഞ്ചയവും കൊണ്ടു് അത്ര ഭവതി-
കാളി: നാക്കു വായിൽ കിടക്കട്ടെടോ- ഞാൻ പവതിയുമല്ലാ, ലക്ഷ്മിയുമല്ലാ--കാളി ആണ്. പേഷ്കാരങ്ങത്തെ വീട്ടീന്നു ചാണം തളിച്ചു തന്നെ എറക്കാത്തതും അതിശയം!
ആശാൻ: (പാടുന്നു-കാമോദരി) ജംഭാരി കുംഭീന്ദ്ര ഡംഭം കെടുക്കുന്ന ഗംഭീരകുംഭോദരീ, കാൺക ശംഭുതാൻ ഭസ്മീകരിച്ച മഹാഡിംഭൻ സംഭ്രാന്തനാക്കുന്നു മാം.
കാളി: ഇതു നല്ല കൂത്തുതന്നെ! താൻ ഇവിടെക്കിടന്നു വാതിൽതുറപ്പാട്ടു ചൊല്ലു-(പോകാൻ തുടങ്ങുന്നു.) എനിക്കു ജോലിയുണ്ട്.
ആശാൻ: (കാളിയെ തടഞ്ഞുകൊണ്ടു വീണ്ടും ഗാനം) കുടിലാക്ഷീ! വരചേടിമണേ!, തവ--ചേവടിയടിപണിയുന്നിതഹം ! (കടന്നു കൈയ്ക്കുപിടിക്കാൻ ശ്രമിക്കുന്നു.)
(കാളി സമ്മതിക്കുന്നില്ല-ഭാസ്കരമേനവനും പഞ്ചാമൃതവും പ്രവേശിക്കുന്നു)
പഞ്ചാമൃതം: അതിരസം! നിങ്ങൾ ഗുസ്തി പഠിച്ചു തുടങ്ങി ഇല്ലേ? ഞങ്ങൾക്കു സമയം മുഷിയാതെ കഴിയാനൊരുപായമായി.
ഭാസ്കരമേനോൻ: കാളിയെക്കൊണ്ടു മന്ദഹാസം പുറപ്പെടീക്കാൻ ആശാൻ അഭ്യസിപ്പിക്കയായിരുന്നു. അങ്ങനെയല്ലേ, ആശാൻ?
കാളി: ഏമാനും മിസ്സിഅമ്മയും ഇപ്പം വന്നില്ലെങ്കിൽ ഇയ്യാളെ ഞാനൊന്നു മോങ്ങാസിപ്പിച്ചേനെ.
ആശാൻ: ഇവളുടെ പാതിവ്രത്യപ്രശ്നം നടക്കയായിരുന്നിവിടെ.
(വാല്യക്കാരൻ പ്രവേശിച്ച് ഒരെഴുത്തു് ഭാസ്കരമേനോന്റെ കൈയിൽ കൊടുക്കുന്നു.)
ഭാസ്കരമേനോൻ: എഴുത്തു പൊട്ടിച്ചു വായിക്കുന്നു. 'ഈ മാസം 16-ാംതീയതി അസ്തമിച്ചു 9 നാഴികയ്ക്കുമേൽ 14 നാഴികയ്ക്കകമുള്ള ശുഭമുഹൂർത്തത്തിൽ ഞങ്ങളുടെ ഭവനത്തിൽവച്ച് എന്റെ മൂത്ത മകൾ ശ്രീമതി പങ്കജാക്ഷിഅമ്മയെ മലബാറിൽ ശങ്കരകൂടത്തു മ-രാ-രാ വിക്രമമേനവൻ അവർകളുടെ മകൻ ചിരംജീവി ഗോവിന്ദൻകുട്ടിമേനവൻ വിവാഹം ചെയ്യുന്നതാകയാൽ ആ മംഗളക്രിയയെ താങ്കൾകൂടി വന്നിരുന്നു ശുഭമായി നടത്തിത്തരുന്നതിനു ദയ ഉണ്ടാകണമെന്ന് അപേക്ഷിച്ചുകൊള്ളുന്നു. ഇത് സ്വന്തം മാധവൻപിള്ള. മ-രാ-രാ-എം. പി. അരത്തൻപിള്ള അവർകൾക്കു -' 'നോക്കൂ പഞ്ചമ്മേ! ഇയ്യാൾ കൃഷ്ണമേനവൻ പറഞ്ഞതുപോലെ പഴഞ്ചൻനായർതന്നെ അല്ലേ? അരത്തൻപിള്ളപോലും! അയാളെ കെട്ടിയവൻ! ഇയ്യാൾക്കു് എന്തു യോഗ്യതയുണ്ടു്? ഭാരവാഹികളുടെ ധര്‍മ്മബുദ്ധികൊണ്ടു് പേഷ്ക്കാരുദ്യോഗത്തിൽ നിരങ്ങി, വായ്പാടം ചൊല്ലി, ഏടും കെട്ടി - എന്നിട്ടും ഈയാൾക്കു പഞ്ചാക്ഷരജ്ഞാനം തൊട്ടുതെറിച്ചിട്ടില്ല!
പഞ്ചാമൃതം: അഹംകൃതി! അല്ലാണ്ട് എന്താണു്? ആ പിണ്ഡാകാരന്റെ മകളെക്കൊണ്ടു ചുടട്ടെ- മേൻ പോകയാണെങ്കിൽ പിന്നുണ്ടൊരു കളി! ഡീയർ! നാളെ പേരു് ഒന്നുകൂടി മാറ്റു. ഇവരെല്ലാം മീശ പിഴുതുകളയുമോ എന്നറിയട്ടെ. 'യോഹന്നാൻ കുരിയതു് ഔസേപ്പ് എന്നാക്കി മാറ്റിക്കളയൂ- മടിക്കണ്ട ഞാനല്ലേ പറയുന്നതു്?
ഭാസ്കരമേനോൻ: അങ്ങനെയാണെങ്കിൽ അലക്സാണ്ടർ നെപ്പോളിൻ തേംസ് എസ്ക്വയർ, എന്നാക്കിക്കളയാം-അപ്പോൾ സായ്പന്മാരും മിഴുങ്ങസ്യ എന്നിരിക്കും-പിണ്ണാക്കൻ മാതേശ്ശാരും. അയാൾക്കുണ്ടോ തിരുമുഖം? അയാളും കുടിനീർ കുടിക്കട്ടെ-
പഞ്ചാമൃതം: ഇവിടെ ആ അഹസ്മരഗോഷ്ഠി കാട്ടിയ പങ്കജത്തിന്റെ തച്ചനു് ഇതിലധികം മര്യാദജ്ഞാനം ഉണ്ടാകുന്നതെങ്ങനെ? വെഞ്ചോട്ടിൽ ഇളന്നീർ കായ്ക്കുമോ?
ആശാൻ: നിങ്ങൾ രണ്ടുപേരും ഇത്ര ഒന്നും സ്ഖലിക്കണ്ടാ- എല്ലാത്തിനും ഞാൻ വഴി കണ്ടിട്ടുണ്ടു്. ശതകൃതുമേനവനും ശക്രതനയനും വന്നിട്ടു് ഈ അടിയന്തിരം നടക്കില്ലാ-അതിലേക്കുള്ള ഉപായങ്ങളെല്ലാം ഞാൻ ചെയ്തിട്ടുണ്ടു്. ഇവരുടെ ജീവചരിത്രം, കുടുംബചരിത്രം എല്ലാം എഴുതിപ്പോയിട്ടുണ്ടു്. പുറത്തു തൊലിയുണ്ടെങ്കിൽ ഇങ്ങോട്ടു തിരിഞ്ഞുനോക്കൂല്ലാ' 'സ്വയംവരേ ച യുദ്ധേ ച-സര്‍വം ധര്‍മ്മ്യമിതിസ്മൃതം.''
പഞ്ചാമൃതം: ആശാൻ സമർത്ഥൻ-ചെല്ലട്ടെ അതെല്ലാം-കാപ്പുകെട്ടി കോപ്പു കൂട്ടി ഇരിക്കുമ്പോൾ, എത്ര രസമുണ്ടു് എല്ലാം പുകഞ്ഞു പോയാൽ. ഞാൻ ക്ഷമിക്കില്ലാ ഇവരുടെ ചാട്ടങ്ങളെ! അരത്തൻപിള്ള അയാളുടെ മറ്റവനാണു്.
കാളി: ആ കൊച്ചിനു മംഗല്യദോഷം വരുത്തിയാൽ ഇയ്യാൾ മുടിഞ്ഞുപോവും മിസ്സി അമ്മെ.
പഞ്ചാമൃതം: ഇവിടത്തെ സര്‍വാധികാര്യം ഭരിക്കാൻ വേറെ ആളുകൾ ഉണ്ട്. കാളി കാളിയുടെ നിലയ്ക്കു നിന്നോളു- ഇല്ലെങ്കിൽ അടുപ്പിലിട്ട വെള്ളം അവിടെ കിടന്നാലും ഇക്ഷണം പൊയ്ക്കൊള്ളു.
ഭാസ്കരമേനോൻ: ഞാൻ കാളിയുടെ പക്ഷത്തിലാണു്. ആശാന്റെ ക്രിയ മഹാനീചം.
പഞ്ചാമൃതം: അവനോന്റെ പണി നോക്കിക്കൊള്ള, മേൻ. നോൺസെൻസ് വിളമ്പരുതു്.
ഭാസ്കരമേനോൻ: എന്നെ സൂര്യപടത്തിലും പഞ്ചസാരയിലും പനിനീരിലുമല്ലാ പ്രസവിച്ചത്; പരിചയിച്ചതു സിദ്ധവിദ്യാധരാപ്സരന്മാരോടുമല്ലാ എങ്കിലും, ആശാന്റെ കൃത്യം ആസുരം എന്നും അരത്തശ്ശാർ പഠിച്ചുപോയി-ഇന്നേക്കു് എന്റെ പഞ്ചാമൃതം കലഹിച്ച്,കറുത്തവാവായാലും ശരി, ഇത്രയും പറകേ നിവൃത്തിയുള്ള (വാല്യക്കാരൻ പ്രവേശിച്ചു ഗസറ്റു കൊണ്ടു കൊടുത്തിട്ടു പോകുന്നു. ഭാസ്കരമേനോൻ അതിനെ പുറംപുറമായി തിരിച്ചു നോക്കുന്നു.)
പഞ്ചാമൃതം: അവിടെ വയ്ക്കു അതു- എന്താണ് പറഞ്ഞതെന്നും ഒന്നു കൂടി കേൾക്കട്ടെ.
ഭാസ്കരമേനോൻ: മിണ്ടാതിരിക്കൂ.
പഞ്ചാമൃതം: മിണ്ടാതിരിക്കാനല്ലാ നാക്കു തന്നിരിക്കുന്നതു്. വേലക്കാരിയുടെ നിലയിൽ ഭാര്യ വേണമെങ്കിൽ വേറെ അന്വേഷിക്കണം. മേന്റെ എഡ്യൂക്കേഷൻ ഇവിടെ നില്ക്കുന്ന കുതിരയ്ക്കു വേണ്ടിയിരുന്നു.
ഭാസ്കരമേനോൻ: എന്നാൽ വാഹകവൃത്തി ബഹുഭംഗിയായി ഞാൻ വഹിക്കും. ഇങ്ങോട്ടു നോക്കു സുമധുരികേ! ഇതിൽ ഒരു നോട്ടീസുണ്ട്.
പഞ്ചാമൃതം: എനിക്കിപ്പോൾ മനസ്സില്ലാ നോക്കാൻ-അടിമയായിട്ടാരും എഴുതിത്തന്നിട്ടില്ലങ്ങോട്ടു്-
ഭാസ്കരമേനോൻ: ഇത്ര ഒന്നു നോക്കിക്കളയൂ. അതിനല്ലേ കണ്ണു തന്നിരിക്കുന്നതു്?
പഞ്ചാമൃതം: മേലാ- അവനവന്റിഷ്ടം അവനവനു്!
ഭാസ്കരമേനോൻ: ഇതിൽ റഡിഡന്റ് സായ്പിന്റെ ഒരു നോട്ടീസു കിടക്കുന്നു. ''തിരുവിതാംകൂറിൽനിന്നും പുറപ്പെട്ടുപോയി അമ്മേരിക്കൻ തോട്ടങ്ങളിൽ വേലചെയ്തു സ്വരാജ്യത്തിലേക്കു മടങ്ങി വരും വഴി ലണ്ടണിൽ സെന്റ് മേരി ആശുപത്രിയിൽവച്ചു മരിച്ചുപോയ തിരുവിതാംകൂർ സംസ്ഥാനത്തു കാട്ടൂരു മണ്ഡപത്തും വാതുക്കൽ പെരുമ്പിഴ അധികാരത്തിൽ തൊടിയൂർ മുറിയിൽ മണ്ടപ്പള്ളിൽ വീട്ടിൽ പരപ്പൻ കേശവൻ സമ്പാദിച്ചവകയിൽ 1500 പവൻ തന്റെ അനുജൻ പരപ്പൻ അരത്തനു കൊടുപ്പാനായി ടി ആശുപത്രിയിലെ ട്രസ്റ്റികളുടെ പക്കൽ ഏൾപ്പിച്ചിരുന്നതു അവകാശിക്കു കൊടുപ്പാനായി നമുക്കും അയയ്ക്കപ്പെട്ടിരിക്കുന്നതിനാൽ ഈ വരുന്ന ഫെബ്രുവരി 18-ാംതീയതി 12 മണിക്കു ടി പരപ്പൻ അരത്തൻ ജീവിച്ചിരിക്കുന്നു എങ്കിൽ അയാളൊ മരിച്ചു പോയെങ്കിൽ അയാളുടെ അവകാശികളോ വേണ്ട തെളിവുകളോടുകൂടി നമ്മുടെ മുമ്പിൽ ഹാജരായിക്കൊള്ളേണ്ടതാകുന്നു.' അനര്‍ത്ഥം! അനര്‍ത്ഥം!
ആശാൻ: 'അര്‍ത്ഥമര്‍ത്ഥം ഭാവയനിത്യം.'
ഭാസ്കരമേനോൻ: പാവപ്പെട്ട ചേട്ടൻ-അദ്ദേഹത്തിന്റെ നന്മ എങ്ങനെ ഇരിക്കുന്നു! തെളിവിനും എവിടെ പോണു?
പഞ്ചാമൃതം: ആ ക്ഷണക്കത്തില്ലേ? അതു പോരാത്തതെന്താ? മാധവൻപിള്ള പേഷ്കാർതന്നെ 1-ാം സാക്ഷി.
ഭാസ്കരമേനോൻ: അതു പറയണ്ടാ. അവനവന്റെ അഭിമാനം അവനവനു്.
പഞ്ചാമൃതം: അഭിമാനം-റബ്ബിസ്!
ഭാസ്കരമേനോൻ : മാധവൻപിള്ളയുടെ കൈത്താങ്ങലിനു് അപേക്ഷിക്കണമെന്നു കുഞ്ഞിക്കുട്ടി ഉപദേശിക്കുന്നോ?
പഞ്ചാമൃതം: വേണെങ്കിൽ കാൽത്താങ്ങലും കഴിക്കണം. പവൻ ആയിരത്തഞ്ഞൂറാണ്. മേന്നു തനിച്ചു പോകാൻ മടിയുണ്ടെങ്കിൽ ഞാൻ കൂടി വരാം. ആളുകൾക്കും അസൂയയുണ്ടാക്കുന്ന നമ്മുടെ പുതു മോഡൽമട്ടിനും ഒരുപടി പ്രമോഷൻ കൂടി കിട്ടും.
കാളി: ഞാൻ അകത്തുപോണു. ഇവിടെ നിന്നാൽ എനിക്കു വല്ല വെറിയും വരും (പോകുന്നു.)
പഞ്ചാമൃതം: ആ ന്താ ആശാൻ മിണ്ടാത്തതു്?
ആശാൻ: പോണം എന്നുള്ളതിനു സംശയമില്ലാ. 'സര്‍വ്വേ ഗുണാ കാഞ്ചനമാശ്രയന്തെ.'
(കൃഷ്ണമേനവൻ പ്രവേശിക്കുന്നു.)
കൃഷ്ണമേനോൻ: മംഗളം ആശംസിച്ചോട്ടേ. ഹെ! ഒരു ഖജനാ അല്ലെ കിട്ടുന്നതു്? കബേരൻ ആയിപ്പോയി! നിധി കാലിൽ തടയുക കേട്ടിട്ടേ ഉള്ളൂ. ഇപ്പോൾ പ്രത്യക്ഷത്തിൽ സംഭവിച്ചു. എടോ എന്തിനാ അന്നെന്നോടു കയര്‍ത്തതു്? പരിഷ്കാരക്കാറിയായ ഈ ലേഡിയെ കണ്ടപ്പോൾ കവിയും കാമിനീസഖനും ആകാൻ ഒരുന്മേഷം തോന്നി.
പഞ്ചാമൃതം: ഞങ്ങൾ തെറ്റി മനസ്സിലാക്കിയില്ല-മേനൻ കളി പറഞ്ഞു തുടങ്ങിയപ്പോൾ അവിടുന്നു ഝടിതിയിൽ കയര്‍ത്തു പൊയ്ക്കളകയായിരുന്നു. ആശംസയ്ക്കു വന്ദനം.
ഭാസ്സരമേനോൻ: ടി. ടി.
കൃഷ്ണമേനോൻ: കഴിഞ്ഞ കഥ കടലിൽ അടിഞ്ഞുപോട്ടെ. ഗോവിന്ദ ഗോവിന്ദ! പിന്നേ-ആ പുടവകൊടയ്ക്കു പോണുണ്ടോ?
രംഗം പതിമൂന്നു് (81-82)
പഞ്ചാമൃതം: ഇവിടുന്നാരുമില്ലാ-
(കേശവക്കുറുപ്പു്, മാത്താണ്ഡപ്പിള്ള, നാരായണപിള്ള ഇവർ പ്രവേശിക്കുന്നു.)
കൃഷ്ണമേനോൻ: രണ്ടുമൂന്നു കസേരകൾകൂടി കൊണ്ടുവരൂ-
(വാല്യക്കാരൻ കസേരകൾ കൊണ്ടുവരുന്നു. എല്ലാപേരും ഇരിക്കുന്നു.)
എന്താ-കുറുപ്പും മറ്റും പോന്നതു്?
കേശവക്കുറുപ്പു: ഞങ്ങൾക്കും ഒരു അവമാനം സംഭവിച്ചു. അതിനു ഒരു നിവൃത്തി എല്ലാവരും കൂടി ഉണ്ടാക്കിത്തരണം- മാധവൻ പിള്ള പേഷ്കാർ ഞങ്ങളോടു് ആരോടും ആലോചിക്കാതെയാണു മകൾക്കു ഭർത്താവുണ്ടാക്കിയതും- അതിനായി ജ്യേഷ്ഠന്റെ മകൻ കേശവൻകുട്ടിയെ ഒന്നും അവമാനിക്കയും ചെയ്തു. കാര്യമെല്ലാം പുറത്തുവന്നപ്പോഴേ പുള്ളിക്കാറൻ വലിയ കാലാന്തകൻ എന്നു മനസ്സിലായൊള്ളു.
കൃഷ്ണമേനോൻ: അങ്ങനെ അറിയണം ആളുകളെ.
മാർത്താണ്ഡപ്പിള്ള: ഇവിടെങ്ങും ആൺകുട്ടികൾ ഇല്ലാഞ്ഞിട്ടാണോ വേണ്ടാവേലചെയ്തു മറുശീമയിൽ ചെന്നും ഒരുത്തനെ പിടിച്ചു കൊണ്ടുവന്നിരിക്കുന്നതു്? ഞങ്ങളാരുമില്ലാ അടിയന്തിരത്തിനു്.
ആശാൻ: അവിടത്തെ വിദ്യകൾ പൂച്ച പാലുകുടിക്കുമ്പോലെയാണു്- ഞാനെത്ര പറഞ്ഞു, വേണ്ടാ- വേണ്ടാ- ഇതൊന്നും വേണ്ടാ-നാടേ വെറുപ്പിക്കരുതു് എന്നു്.
നാരായണപിള്ള: എന്റെ അനന്തിരവൻ ഒരുത്തനുണ്ട്. നല്ല കൊച്ചൻ. കുറച്ചൊക്കെ പഠിച്ചിട്ടുമുണ്ടു്. അവന്റെ കാര്യം അദ്ദേഹത്തോട് ആരോ പറഞ്ഞപ്പോൾ ഛര്‍ദ്ദിച്ചില്ലെന്നേയുള്ള. എന്തായാലും നാടും കൂടും മറക്കരുതു്.
ഭാസ്കരമേനോൻ: അടിയന്തിരത്തിനും ആരും പോകണ്ട ഇത്രയേ തീര്‍ച്ചയാക്കാനുള്ളൂ. (കൃഷ്ണമേനോനോടു്) അങ്ങനെ അല്ലേ, സാർ?
കൃഷ്ണമേനോൻ: സ്വാതന്ത്ര്യം വദ്ധിച്ചുവരുന്ന കാലം ! പിന്നെന്താ പറയാനുള്ളതു? വിക്രമമേന്നും ഞാനും തമ്മിൽ പണ്ടേതന്നെ രാമരാവണം എന്നും അറിഞ്ഞിട്ടില്ലേ?
മാത്താണ്ഡപ്പിള്ള: ഞങ്ങൾ സകലരേയും ഒന്നു തടുക്കാൻ നിശ്ചയിച്ചിട്ടുണ്ട്. ഇവിടുത്തുകാരിൽ ഒരു പ്രാണി അതിനകത്ത് ഉണ്ടായിരുന്നുകൂടാ എന്നാണു ഞങ്ങൾ നിശ്ചയിച്ചിരിക്കുന്നതു്.
ആശാൻ: ഭേഷ്! അതൊന്നു കാണേണ്ടതുതന്നെ. പഠിക്കണം ചിലർ.
കൃഷ്ണമേനോൻ: നേരം അധികമായി- പോട്ടെ - ജോലിയുണ്ട്. ഗുഡ്ബൈ മാഡം - ഗുഡ്ബൈ മേൻ- 'ക്ഷമിപ്പൊരത്രേ സാധുക്കൾ' ഹ-ഹാ. (പോകും വഴി ആത്മഗതം) ജളയുഗം!
കേശവക്കുറുപ്പു്: എന്നാൽ ഞങ്ങളും അങ്ങോട്ടിറങ്ങട്ടെ. ഇദ്ദേഹം ഞങ്ങളോടൊരക്ഷരം പറയാതെ പോയതു കണ്ടോ ! ചക്രം ഉണ്ടാകുമ്പോൾ 'പണ്ടത്തേതിലുമൊന്നു വംശമുയരും സവജ്ഞനെന്നും വരും'- അങ്ങനെ ആണല്ലോ ലോകം.
ആശാൻ: എല്ലാം സാക്ഷാൽ പാലാഴിശായിയുടെ മായാചേഷ്ടിതം!
(കേശവക്കുറുപ്പ്, മാർത്താണ്ഡപ്പിള്ള, നാരായണപിള്ള ഇവർ യാത്രോപചാരങ്ങളോടുകൂടി പോകുന്നു.)
പഞ്ചാമൃതം: ഇങ്ങോട്ടു നോക്കൂ സ്വീറ്റ് -ഒരു വലിയ യുക്തി. ഞങ്ങളെ കുറുപ്പില്ലാക്കളരിക്കാറെന്നല്ലേ പറയുന്നതു്? മേന്നും ചിലപ്പോൾ അങ്ങിനെ ഊന്നാറില്ലേ? എന്നാൽ നോക്കിക്കൊള്ളു ഞങ്ങടെ സാമര്‍ത്ഥ്യം. പതിനാറാംതീയതി രാത്രി ഒരു സ്ത്രീപോലും ആ സെറിമണിക്കു് ഇല്ലാതെ ഒരാകർഷണപ്രയോഗം ഞങ്ങൾ പ്രയോഗിക്കുന്നുണ്ട്. അന്നു രാത്രി കൃത്യം എട്ടുമണിക്കു തുടങ്ങി ഒരു സമ്മേളനവും അതിനെ തുടര്‍ന്നൊരു അഭിനയപ്രയോഗവും-പതുങ്ങി വല്ലിടത്തും വന്നുനിന്നു കണ്ടുകൊള്ളുക-പൊടിഭസ്മമാക്കും!
(കർട്ടൻ)
രംഗം പതിന്നാലു് (83-86)
രംഗം പതിന്നാലു്
[ഭാസ്കരമേനവന്റെ ഗൃഹം. പി. ബി. മേനോനാൽ ഉണ്ടാക്കപ്പെട്ട 'മഹിളാസാമ്രാജ്യം' എന്ന സംഗീതപ്രഹസനം അഭിനയിക്കുന്നതിനും ഒരുക്കിയിരിക്കുന്നു. പഞ്ചാമൃതം മധുരാജന്റെ വേഷം ധരിച്ചു പ്രവേശിക്കുന്നു.)
പഞ്ചാമൃതം: ഞാൻ താങ്ങാച്ചുമടു വഹിക്കുന്നു. ഉൽകൃഷ്ടവിദ്യാഭ്യാസം എന്നു പറയത്തക്കതു കിട്ടീട്ടുള്ളവരെ എണ്ണുമ്പോൾ എത്ര വിരൽ മടക്കാനുണ്ടു്? രണ്ടോ മൂന്നോ--അവര്‍ക്കു വേണ്ട മാനവുമുണ്ടു് -നമുക്കൊ? എന്റെ ശ്രമങ്ങളെ കള്ളവേഷം എന്നു കുരുകുരുത്തം കെട്ട ചില മൂത്ത കുരങ്ങന്മാർ പറയുന്നു. എന്റെ നിറം പൊടി മിനുക്കെന്നിരിക്കട്ടെ-എങ്കിലും, ആരംഭിച്ചുപോയല്ലൊ. അതിനാൽ ഇതും നടക്കട്ടെ. മത്സരബുദ്ധി ഉല്പാദിപ്പിക്കാതെ, ആ മാധവൻപിള്ള പേഷ്കാര്‍ക്കു ഭാസ്കരമേനവൻ എന്നു എഴുത്തിൽ എഴുതുകയും എന്നെക്കൂടി ക്ഷണിപ്പിക്കയും ചെയ്യാൻ പാടില്ലായിരുന്നോ? ആ തെറ്റുകൾക്കു് അയാൾ ഒന്നു പഠിക്കതന്നെ വേണം. മിസ്റ്റർ മേനോൻ ഇപ്പോൾ കുറച്ചു മുതൽ കിട്ടാൻ പോകുന്നതുകൊണ്ടു വലിയ ബഹുദൂരായി നടക്കയാണു്. ഇതിലേക്കും ഒരു സഹായവും ചെയ്തില്ലാ- ഏറെത്തുന്നതിനുള്ള പ്രയോഗം ഞങ്ങൾക്കു പരശുരാമദത്തമാണു് -ഗുണ്ഡോദരന്റെ വേഷം കെട്ടാമെന്നു സമ്മതിച്ചിരുന്ന മീനാക്ഷിയെ കാണുന്നില്ല - വരുന്നെങ്കിൽ വരട്ടെ-അല്ലെങ്കിൽ ആ പാർട്ട് ഞാൻ ചൊല്ലിക്കൊള്ളും. (അണിയറയിൽ നോക്കീട്ട്) ലാക്ഷാദേവിയും മിത്രഖലനും പ്രവേശിക്കാത്തതെന്താണു്? ഇത്ര ഒക്കെ മടിയാണെങ്കിൽ ഇതിൽ എന്തിനു ചേര്‍ന്നു? ആരെങ്കിലും വല്ല ബലബന്ധവും പ്രയോഗിച്ചോ?
(രണ്ടു സ്ത്രീകൾ ലാക്ഷാദേവി, മിത്രഖലൻ എന്ന വേഷങ്ങൾ ധരിച്ചു പ്രവേശിക്കുന്നു.)
ലാക്ഷാദേവി: തന്നുക്കൊത്തവരുടെ മുമ്പിൽവന്നും ആടുന്ന കാര്യം വിചാരിക്കുമ്പോൾ തൊലി കുറേശ്ശേ വഴിഞ്ഞിറങ്ങിപ്പോണൂ. കുഞ്ഞിക്കുട്ടിയുടെ ഉളളൂക്കു ഞങ്ങൾക്കില്ല. എന്തായാലും ലദ്യം പറയുംപോലെ വാഴത്തട കരുത്തു തരുമോ?
മിത്രഖലൻ: എന്റെ കുഞ്ഞിക്കുട്ടീ- എല്ലാം സഹിക്കാം. ഈ നാടകക്കാരുടെ നാറ ഉടുപ്പുകൾ ചുമക്കുന്നതു പരമസങ്കടം.
പഞ്ചാമൃതം: ഇപ്പോഴാണോ അതെല്ലാം പറയുന്നതു്? നാം നമ്മിൽ നല്ല ഏകത വേണ്ടേ? ഞാൻ എന്റെ പാർട്ട് ചൊല്ലിത്തുടങ്ങുന്നു.
മിത്രഖലൻ: ഈ കഷ്ടതകൾ അനുഭവിപ്പാൻ പുരുഷശരീരം തന്നെ വേണം! പിന്നെ ഒന്ന്, എനിക്കിളകിയാടാൻ പാടില്ല. കാതു വച്ചിട്ടു് ഇന്നു പന്ത്രണ്ടേ ആയൊള്ളു, അത് ഉരുകിയാൽ ഡാക്ടർ കൊല്ലാൻ വരും.
പഞ്ചാമൃതം: എന്തു പറയുന്നു നിങ്ങൾ? ഛട്ട്! ഹെയി മോശം ! നാണമാവില്ലേ ഇങ്ങനെ പറവാൻ? നാം വേദനകളിൽവച്ചു രാജവേദന സഹിക്കുന്ന ആളുകൾ അല്ലേ? നിങ്ങൾ ഒരു ലേഡി അല്ലേ?
മിത്രഖലൻ: പഞ്ചാമൃതം മര്യാദകേടു പറയരുത്-ലേഡി ഞാനല്ല-നല്ല ഇരട്ടത്തിരുമുഖം പിടിച്ച നായർസ്ത്രീയാണ്.
മധുരാജൻ: (അഭിനയം തുടങ്ങി പാടുന്നു).
മുഖാരി-ചാപയ്പ്
മല്ലമിഴി മമ നന്ദന - യ്ക്കല്ലലകപ്പെട്ടു കാമനാൽ
വല്ലതെന്നാകിലുമിന്നു- വല്ലഭമോടുനാം ചെയ്യായ്കിൽ,
ചൊല്ലിനടങ്ങാത്ത വില്ലൻ-വല്ല, വില്ലങ്കമുണ്ടാക്കുമിന്നിമേൽ
കാളി: (വിദൂഷകന്റെ വേഷത്തിൽ പ്രവേശിച്ചു്) ആ രാപ്പനി 'അയ്യപ്പൻകാവിലടിപ്പൻ തളിപ്പൻ-തീയാട്ടും പാട്ടുമൊരൂട്ടും കഴിപ്പൻ' ഒത്തോ മിസ്സ്യമ്മേ?
അസാവേരി-ആദി
ലാക്ഷാദേവി:
ഹന്ത മേ വല്ലഭാ എന്തേവം ഔദാസീന്യം!
ചന്തമല്ലീയുപേക്ഷ തെല്ലുമേ-
രാകേന്ദുവദനമാര്‍-ക്കേകാന്തത്തടവായാൽ
നോകാതെ പൊറുക്കുമൊ-
പാകാരിതുല്യ ചൊല്ലാ... ഹന്ത മേ
ചെന്താർബാണനാമവൻ -താന്തോന്നി മാന്തുകയാൽ
സന്താനം താവകീനമേന്തുന്നതുലതാപം!... ഹന്ത മേ.
മധുരാജൻ: വിരമിക്കൂ വിരമിക്കൂ.
കാളി: രമിക്കൂ-രമിക്കൂ.
പുണ്ഡരീകാംബ: (പ്രവേശിച്ച്) താത തവ പാദയുഗം-
പഞ്ചാമൃതം: ഇതു നാശമായി! ഇങ്ങനെ മറന്നുതുടങ്ങിയാലെങ്ങനെ?
പുണ്ഡരീകാംബ: (ലജ്ജയോടും വ്യസനത്തോടും)
ബലഹരി-ആദി
കാന്തനോടു ചേരാഞ്ഞു ഞാൻ-
താന്തയായ് വാഴുന്നു കാൺക -
എന്തഹൊ താത എന്തഹൊ-
സ്വാന്തമേറ്റം വെന്തീടുന്ന-
മാന്തമിനി മാനാന്തമാം.. എന്ത.
കാന്തനോടു ചേപ്പാനെന്താ-
ണെന്താതന്മുതിർന്നീടാത്തു... എന്ത.
സുരുട്ടി--രൂപകചായ്പ്
മധുരാജൻ:
അരുതു ഖേദം സുരുചിരാംഗി
അരികിൽ കാന്തനണയും വേഗം -
കുറുമൊഴിശരൻ്റെ ക്രൂര-ക്കരുമനകളറിഞ്ഞിനി
തിരവനൊരു വരവരനെ-കുരു നീ ധൈര്യം വരണ-യുദ്ധെ
സപ്തസമുദ്രങ്ങളാലും ചൂഴപ്പെട്ട ഈരേഴ് അഷ്ടാദശലോകങ്ങളിലുമുള്ള ഇന്ദ്ര ചന്ദ്ര സുരേന്ദ്ര മഹേന്ദ്ര വൃന്ദാരകാധിപ നന്ദിഭംഗിഭൃംഗീരിടിപ്രമുഖന്മാരായ അഷ്ടദികപാലന്മാർ നിത്യം നമിക്കുന്ന അനന്തപദങ്ങളോടുകൂടിയവനായ നോം ജീവച്ഛക്തിയശഃപ്രതാപപ്രഭവനായിരിക്കുമ്പോൾ, അഹോ നമ്മുടെ സന്താനവല്ലിയേ! നീ എന്താണു ഖേദിപ്പാനുള്ളതു്? മിത്രഖലാ നീ ഇപ്പോൾത്തന്നെ, ഇക്ഷണം ഇവിടെനിന്നും പുറപ്പെട്ടു 'വിരഞ്ഞു മുരരിപുപുരത്തിലും-ചിരം ജലനിധികൾ തടത്തിലും--തിരഞ്ഞു ബഹുജനപദത്തിലും' ഇങ്ങനെ പ്രളയഘനസാഹസം ചെയ്ത്, 'പൊൽത്താരമ്പന്റെ സത്താം പുതുമ പൊടിയുമക്കാന്തനെക്കൊണ്ടുവാ പോ!'
മിത്രഖലൻ: സ്വാമിൻ! മിത്രഖലൻ ഈ പാദാരവിന്ദങ്ങളിൽ അനന്തനമസ്കാരം! അണ്ഡജാദി ജീവജാലകോലാഹലാഹിണ്ഡിത ബ്രഹ്മാണ്ഡമണ്ഡലോദകെ-യത്രകുത്രാപി സ്ഥിതം വസ്തു തൽസര്‍വം അപ്യനേനഖര്‍ജ്ജുരാര്‍ജ്ജുര ചൂര്‍ണ്ണപ്രയോഗേന ഝടിതി സന്നിധിമാനേഷ്യാമി-നമസ്കാർ. (എന്നു പോകുന്നു.)
കാളി: ഇതിന്റെ പേരാണു് ഒലക്കമന്ത്രം.
(കാളി ഒഴികെ എല്ലാപേരും പോകുന്നു. ചലബലൻ പ്രവേശിക്കുന്നു.)
ചലബലൻ:
പിച്ചകമലർ മൊട്ടോ- തെന്തിന-
കൊച്ചമ്മ ചൊരിയും വായ്മുത്തോ.
രാപ്പകലുഴക്കേണമല്ലെങ്കിൽ
ചാപ്പടാൻ കിട്ടണതീരമണ്ണ്
തപിച്ചാൽ ജപിച്ചോടെ- അല്ലേലൊ
തട്ടമെ തലയ്ക്കുമേൽ കുറുഞ്ചാമ്പൽ.
കൊണ്ടാൽ നമശ്വായം - പേശ്യെന്നാൽ
പിന്നെയും കുറുക്കുണ്ണും കുറുന്തടിയ്-
ഇതു് ഇമ്പത്തൊന്നിലെ ഒന്നാം റെവിലേഷൻ വഹുപ്പുകളാണു്. വ്യത്യസ്സങ്ങളില്ലെന്നില്ല-പക്ഷേ, 'കണ്ടതും കേട്ടതും മിണ്ടരുതിക്കാലം- മിണ്ടാതിരുന്നാലും ഉണ്ടാമനര്‍ത്ഥങ്ങൾ.' അയ്യൊ എൻറമ്മോ! ഇതാരും എഴുതൂട്ടെങ്കിലും, കൊമ്പൻ പോയവഴി മോഴയ്ക്കും. ആട്ടങ്ങളിൽ സ്ത്രീവേഷം രണ്ടില്യോ? അപ്പോലെ പുണ്ഡരീകാംബ പുറപ്പെടുമ്പോൾ പുരുഷവേഷം രണ്ടു്. ഇക്കാലത്തു കാര്യംകാണാൻ കാവിവസ്ത്രം തന്നെ വേണം ; വേദാന്തപ്പാട്ടും (പാടുന്നു.)
അഞ്ചുതുണ്ടാലൊരു ഗോട്ടു-ഇന്ത പരിഷ്കാരഗ്ഗോട്ടുക്കു്
ഒൻപതു വാശൽ-താനാതനാതന്തനാനാ-
മൂട്ടൈ കുടികൊണ്ട് കോട്ടെ-അവൻ
വാട്ടമില്ലാമൽ കടിക്കിറാൻ പോട്ടു-താനാ-
(പോകുന്നു.)
രംഗം പതിന്നാലു് (87-92)
മിത്രഖലൻ: (പ്രവേശിച്ചും മാന്ത്രികനാട്യങ്ങൾ കാണിച്ചുകൊണ്ടു്)
കായലിന്റെയരികേ മരുവുന്ന
കായാംപൂകൈതക്കൂമ്പന്റെ തുമ്പത്തു്
മായകൊണ്ടു വസിച്ചരുളീടുന്ന
ഛായായക്ഷിഭയങ്കരീ
കാളി: (മാന്ത്രികധ്വനികൾ)
'ഒന്നരക്കാതമടുത്തിതല്ലൊ ബാലെ
പൊന്നാരം പൂണ്ട മദനൻ-
ഇന്നീമടിപ്പതു നിന്നാണ യോഗ്യമ-
ല്ലംബുജബാണൻ തന്നാണ'
(സുകേശൻ പ്രവേശിക്കുന്നു.)
കാമോദരി-ആദി
മിത്രഖലൻ:
സുന്ദരവരനിഹ ബാലെ കാൺക
ചന്ദനശീതള വചനെ!
കനകമേനിയും കാണുകയരികിൽ
പുളകിതമതു നീ പുൽകുക സസുഖം
(പോകുന്നു)
യദുകുലഗാംബോധി-ധ്രുവരൂപം
സുകേശൻ:
ബാലെ! നമുക്കിന്നു സുദിനമെ ദൃഢമിന്ദു-
വദനെ! കുന്ദരദനേ!
കാലിൽ തൊലിപോയി നടന്നോരോദിശിതോറും
മേലിൽ സുഗംതാനെ തേനോലും മൊഴിമാനെ ബാലെ
വേകട-രൂപക ചായ്‌പു്
പുണ്ഡരീകാംബ:
എന്തു സാറേ! ചപലത എന്തു സാറേ?
ലളിതഭാവമൊടും ഞെളിഞ്ഞിഹ
മിളിതകതുകകളിക്കു പെട്ടി
തെളിഞ്ഞിറക്കിലിളിച്ചുപോവു-
മിളിഭ്യമെന്തിനു ജളഗുരോ? നട... എന്തു സാറേ
മധ്യമാവതി-ആദി
സുകേശൻ:
നടപ്പിനല്ലാ ഭാവമിങ്ങു-
നടപ്പുപോൽ നടപ്പാനത്രേ-
നടപ്പാനാജ്ഞ തന്നാൽ നല്ല-
നടപ്പുതന്നെന്നിളപ്പനോ?
അന്ന നടേ നടേ നീതാൻ
നടേന്നു ചൊന്നതു നടക്കുമോ?
നാട്യങ്ങളീവണ്ണം!
പുണ്ഡരീകാംബ: എന്തിനു ഗോഷ്ഠികൾ?
സുകേശൻ: ധാർഷ്ട്യങ്ങൾ തന്നെയല്ലൊ- ഇതി ശ്രേഷ്ഠത്വഭാവങ്ങൾ കാട്ടിയാലിന്നിമേൽ.
പുണ്ഡരീകാംബ: ഒട്ടും ഫലിക്കാ പോക. (എന്നു സുകേശനെ പിടിച്ചു പുറത്താക്കുന്നു) പരിപൂണ്ണയൗവനദശയെ പ്രാപിച്ചിട്ടും യോഗ്യനായ ഒരു ഭർത്താവിനെ കിട്ടാത്തതു കൊണ്ടു വിഫലമായിത്തീർന്നി രിക്കുന്ന ഈ ജീവിതത്തെ ഞാൻ എന്തിനു വഹിക്കുന്നു? അതിനെ എനിക്കു നൾകിയ ദൈവത്തിന്റെ സന്നിധിയിൽ അന്ത്യകാലത്തിൽ തിരിച്ചു സമര്‍പ്പിച്ചുകളയുന്നുണ്ടു്.
അന്തിയും പോയിതേ-ചിന്തയും വേകുതെ-
അന്തരംഗമി- മട്ടിലമാച്ചുതെ... അന്തകാരേ!
സൊന്തവും വാരാമ-ലന്തവും നേരാമൽ
തെന്തനം പാട - വിധിവരയാച്ചുതെ... അന്തകാരേ!
(എന്നു് ആത്മഹത്യയ്ക്ക് ആരംഭിക്കുന്നു.)
(ചലബലൻ ഝടിതിയിൽ പ്രവേശിച്ചു)
''പോകവേണ്ടാം ചാകവേണ്ടാം-വേകവേണ്ടാം കന്നിയാളെ!
കണ്ണിണയ്ക്കാനന്ദദാതാ-കണവനിതാ വന്നുപാന്തെ-
കാമനക്കും സോമനുക്കും- രാമനുക്കും ഭീമനുക്കും -
സാമാദിവേദമോതും-ബ്രഹ്മനുക്കുമിണയാകും... കണ്ണി
(ടി കണവന്റെ പദം ചൊല്ലുന്നതിനായി ഒരു ഭാഗത്തുനിന്നു പഞ്ചാമൃതവും, മറുഭാഗത്തുനിന്നു് ആപാദചൂഡം ചന്ദനമണിഞ്ഞു പാച്ചനും പ്രവേശിക്കുന്നു.)
പഞ്ചാമൃതം: (ഭയത്തോടു പുറകോട്ടു മാറി) ഇതെന്തുവേഷം! പെണ്ണുങ്ങളുടെ സദസ്സിൽ കേറി ഇത്ര ധൈര്യത്തോടു വരുന്നതിനും ആര്‍ക്കാണീയഹമ്മതി തോന്നിയതു്?
(എല്ലാ വേഷക്കാരും പ്രവേശിക്കുന്നു.)
ലാക്ഷാദേവി: ആലോചനകൂടാതെ നടത്തിയാലത്തെ അവസാനമിങ്ങനെയാണു്.
കാളി: ഇതു പാച്ചൻ അല്ലിയോ! ഏതു ചന്ദനത്തൊട്ടിയിൽ വിഴുന്നെടാ നീ? അടിയന്തിരമൊക്കെ പുകഞ്ഞുപോയൊ?
പാച്ചൻ: പുകഞ്ഞും കരിഞ്ഞും പോയില്ലാ-ഭാക്കരമേനവനങ്ങത്തെ ഒരു എഴുത്തിതാ.
(പഞ്ചാമൃതം വാങ്ങിച്ചു പൊട്ടിച്ചു വായിക്കുന്നു.)
(അതിനിടയിൽ കാളിയോടു പാച്ചൻ) എന്റെ കാളിയക്കോ! എന്തരുപറയണതവിടെ? കൊട്ടും കൊരവയും, പിള്ളേരും പിറുക്കട്ടിയും, നാഗവതരും ഭാവസൊരവും, വായനയും വച്ചൊരുക്കും അങ്ങുന്നന്മാരും കൊച്ചമ്മമാരും, പിടാവക്കാരും ബോലീസുകാറും, പെനസലിമാരും ദൊരമ്മമാരും, വീയേകളും വടക്കരും, തമ്പുരാന്റെ രാച്യത്തു് അങ്ങുതൊട്ടു അലവട്ടറവരെയുള്ള എല്ലാം കൂടി, അക്രമേനവനങ്ങുന്നും അഞ്ചെട്ടു വിമസേകന്മാരും, തീവെട്ടിപോലെ കോവിന്ദൻകുട്ടിമേനവൻ കൊച്ചങ്ങുന്നും, വായ്പാടങ്ങളും ഒറ ഒറാ വിളിയും, അമ്പമ്പോ! അവിടെ ഒരു പാലാഷിവധനം! പാച്ചനെ കേറി പിടിച്ചോണ്ടു ആ നല്ലൂരയാൻ, എല്ലൂരാൻ, കൊള്ളൂരാൻ, വയ്ക്കീലങ്ങുന്നന്മാരു്. ഇതാ പെടുത്തീരിക്കുന്ന പാടു കണ്ടില്യൊ? പ്രസവങ്ങളും മറ്റും ചെന്നപ്പം അവക്കൊക്കെ ഒരു പൊളപ്പ്!
പഞ്ചാമൃതം: എല്ലാവരും ഈ എഴുത്തു കേൾപ്പിൻ - പങ്കജാക്ഷി അമ്മയുടെ ഭാഗ്യം - നമ്മുടെ കൂട്ടത്തിലൊന്നല്ലയോ? (എല്ലാവരും കൂടുന്നു.)
(വായിക്കുന്നു-) 'ഞാൻ ഇതു പേഷ്ക്കാർ മാധവൻപിള്ള അവർകളുടെ എഴുത്തുമുറിയിൽ വച്ചു് എഴുതുന്നതാണ്. കവിയായ എന്റെ വര്‍ണ്ണനാശക്തിക്കും അഗോചരമായ പരമാനന്ദം കൊണ്ടും എന്റെ ഹൃദയം ഇപ്പോൾ പൂര്‍ണ്ണമായിരിക്കുന്നു. അതിനോടുകൂടിത്തന്നെ നമ്മുടെ മനസ്സിന്റെ അവിശാലതയെക്കുറിച്ചുള്ള ബോധം കൊണ്ടു് അതു് ലജ്ജാവ്യാകുലമായും ഇരിക്കുന്നു. മറ്റുള്ളവരുടെ സ്വഭാവങ്ങളേയും പ്രവൃത്തികളേയും കുറിച്ചു നമ്മുടെ മനസ്സിൽ ദുർബോധനകളും ദുരനുമാനങ്ങളും എത്ര സന്ദർഭങ്ങളിലാണു് ലഘുവായി ഉദിച്ചുപോകുന്നതു്? ദൂരത്തുള്ള പര്‍വതങ്ങളും, ആകാശവും, സമുദ്രവും, ഓരേ വര്‍ണ്ണത്തിൽ നമുക്കു കാണപ്പെടുന്നു. എങ്കിലും ഒന്നാമത്തേതു കഠിനവും, ദുര്‍ഗ്ഗമവും, രണ്ടാമത്തേതു വസ്തു ശൂന്യവും, മൂന്നാമത്തേതു് ആർദ്രവും ശീതളവും, ആണെന്നുള്ള വാസ്തവബോധം അടുത്ത കാഴ്ചയിലാണല്ലോ നമുക്കുണ്ടാകുന്നതു്. മാധവൻപിള്ള പേഷ്കാരവർകളും കുടുംബവും നാം മനസ്സിലാക്കിയിരിക്കുന്നതുപോലെയല്ലാ-നവീനവിദ്യാഭ്യാസത്തരു ഇവിടെയാണു പുഷ്പിച്ചുഫലിച്ചു വിലസുന്നതു്... കേരളത്തിൽ ഇദംപ്രഥമമെന്നു പറയത്തക്കവിധത്തിൽ മംഗളമായും കോലാഹലമായും ഇവിടത്തെ വിവാഹകർമ്മം നടന്നിരിക്കുന്നു. ആശാന്റെ പ്രശ്നഫലങ്ങളെപ്പോലെതന്നെ അയാളുടെ ദുര്‍ന്നയങ്ങളും വിഫലങ്ങളായി ഭവിച്ചു. ഈ വഞ്ചകൻ നമ്മളോടും മാധവൻപിള്ളപേഷ്കാരുടെ ഭാര്യയോടും ഒരു കാര്യത്തിൽ മഹാ ചതിവുചെയ്തു. രണ്ടു കക്ഷികളേയും ഛിദ്രിപ്പിച്ചിരിക്കുന്നു. എന്തെന്നാൽ അവർ കുഞ്ഞിക്കുട്ടിക്കു അയച്ച എഴുത്തിനെ ഇയാൾ ഇടയ്ക്കുവച്ചു തടഞ്ഞു നശിപ്പിച്ചുകളഞ്ഞു. അതാണു കുഞ്ഞിക്കുട്ടിക്കു ക്ഷണമില്ലാതെ ആയത്. ആയാൾ ആ ഭവനത്തിന്റെ പടിക്കകത്തു മേലാൽ കടക്കരുതെന്നു ഞാൻ അയാളെ ശാസിച്ചിരിക്കുന്നു. ആ വിധിയെ കുഞ്ഞിക്കുട്ടി ഒന്നു കൊണ്ടും അനാദരിക്കരുതു്. വധൂവരന്മാർ ഈ മുഹൂർത്തത്തിൽത്തന്നെ ഇവിടെനിന്നു തിരിക്കുന്നുണ്ടു്. പങ്കജാക്ഷി അന്നും അവിടെനിന്നു പോന്നതിലേക്കു ക്ഷമായാചനം ചെയ്‌വാൻ അവിടെ വരും. അപ്പോൾ വിക്രമമേനോൻ, ഗോവിന്ദൻകുട്ടിമേനോൻ മുതലായി ഒരു വലിയ സംഘം ഉണ്ടായിരിക്കും. അതുകൊണ്ടു ക്ഷണത്തിൽ നാടകം നിറുത്തി എല്ലാവരേയും സല്ക്കരിക്കുന്നതിനു വേണ്ട ഒരുക്കങ്ങൾ ചെയ്തുകൊള്ളണം. ''ഞങ്ങളോടുകൂടി പോരുന്നതിനു പങ്കജാക്ഷിക്കു മനസ്താപം ഉണ്ടൊ?'' എന്നു വിക്രമമേനോൻ അവർകൾ ചോദിച്ചതിനു മറുപടിയായി, 'എനിക്കു് അച്ഛനായി അവിടുത്തേയും സഹോദരിയായി മീനാക്ഷി അമ്മയെയും അമ്മയായി അവിടുത്തെ മകനേയും കിട്ടിയിരിക്കുന്നതുകൊണ്ടു് എനിക്കു വ്യസനിപ്പാൻ ഒന്നുമില്ല'' എന്നു സുസ്ഥിരബുദ്ധിയോടുകൂടി പറകയും, അശ്രുധാരയോടുകൂടി മാധവൻപിള്ള അവർകളുടെ പാദത്തിൽ വീണു നമസ്കരിച്ചു താൻ ഈയിട കാണിച്ച സ്വല്പസ്വാതന്ത്ര്യത്തിനു മാപ്പുകൊടുത്ത് അനുഗ്രഹിക്കണമെന്നു് അപേക്ഷിക്കയും ചെയ്തപ്പോൾ, പങ്കജാക്ഷിയുടെ ജ്യേഷ്ഠസഹോദരനായി ജനിച്ചിരുന്നു എങ്കിൽ എനിക്കും എത്ര മഹിമ ഉണ്ടായിരുന്നേനെ എന്നു തോന്നിപ്പോയി - ഗംഭീരനായ പേഷ്കാർ പങ്കജാക്ഷിക്കു അനുഗ്രഹം കൊടുത്തപ്പോൾ കണ്ഠക്ഷോഭം കൂടാതെയെങ്കിലും തന്റെ മനസ്ഥൈര്യത്തെ അതിക്രമിച്ചു പുറപ്പെടുന്ന ബാഷ്പകണങ്ങളോടുകൂടി 'എന്റെ മകളുടെ സഞ്ചാാസ്ഥലത്തിനെല്ലാം എന്റെ ആത്മാവു് ഒരു പരിവേഷമായിരിക്കും. ഗോവിന്ദൻകുട്ടിമേനവനു പങ്കജാക്ഷി പരമബന്ധുവും, സുഖദുഃഖങ്ങളില്‍ ഭാഗിനിയും, സകല ശ്രമങ്ങളിലും സഹകാരിണിയും, സര്‍വകര്‍മ്മങ്ങളിലും ഉന്മേഷകാരിണിയും, ആയിരിക്കണം. ഒരു സന്ദർഭത്തിലെങ്കിലും ഭർത്താവിനോടു കാണിക്കേണ്ട ഗുരുത്വവും ഭക്തിയും അണുമാത്രമെങ്കിലും മറക്കുകയോ ഇംഗ്ലീഷ് വിദ്യാഭ്യാസുണ്ടെന്നു നടിച്ച് ഭത്താവിനോടു സമത്വഭാവന കൈക്കൊണ്ടു പോകയോ ചെയ്തുപോകരുതു്. ചിലപ്പോൾ പുരുഷത്വത്തെത്തന്നെ അവലംബിക്കേണ്ടിവരും- എന്നാൽ പ്രാണഭയം നേരിട്ടാൽപ്പോലും; അതു് ഒരിക്കലും ഭർത്താവോടായിരിക്കരുത്' എന്നിങ്ങനെ ഗുണദോഷങ്ങൾ ചെയ്തപ്പോൾ ശകുന്തളയെ ഭർതഗ്രഹത്തിലേക്കയച്ച കണ്വനെ ഞാൻ ഓർമ്മിച്ചു- നമ്മുടെ ഇടയിലുള്ള സ്ത്രീപരിഷ്കാരശ്രമളെക്കുറിച്ചു വിക്രമമേനോൻ അവർകൾ സ്വല്പം ഒന്നു പ്രസ്താവിക്കാൻ ഇടവന്നു. അരയ്ക്കാൽ വൈദ്യന്മാരുടെ ദൃഷ്ടാന്തമാണു് അദ്ദേഹം എടുത്തുപറഞ്ഞതു്. പരിഷ്‌കാരഭ്രമം കൊണ്ടു സാമുദായികസ്ഥിതികളെ തീരെ വിസ്മരിച്ചുകളയരുതെന്നും അദ്ദേഹം ബഹുശാന്തമായി-പക്ഷേ, ഞാൻ മുതലായി ചിലരുടെ മര്‍മ്മം ഭേദിക്കത്തക്ക വിധത്തിൽ-പ്രസംഗിച്ചു. മനുസ്മൃതിയിൽനിന്നും ഒരു ശ്ലോകം അദ്ദേഹം ചൊല്ലിയതിനെ ഞാൻ അപ്പോൾ എഴുതി എടുത്തുകൊണ്ടു:
'യത്ര നാര്യസ്തു പൂജ്യതെ-രമന്തെ തത്ര ദേവതാഃ
യത്രൈതാസ്തു ന പൂജ്യന്തെ- സര്‍വാസ്തത്രാ ഫലാഃ ക്രിയാഃ'
ഇതുകൊണ്ടു് അദ്ദേഹത്തിനു സ്ത്രീകളോടുള്ള പക്ഷപാതിത്വം പ്രകാശിക്കുന്നു. അടിയന്തിരത്തിനു പോകണ്ടാ എന്നു നമ്മോടു ഗുണദോഷിച്ച കൃഷ്ണമേനോൻകൂട്ടർ ഇവിടെ വലിയ പ്രമാണികളായിരിക്കുന്നു. ഈ എഴുത്തു പാച്ചനാണു് കൊണ്ടുവന്നത്. ഇവൻ വളരെ നല്ല കൂട്ടത്തിലെന്ന് ഇന്നേ മനസ്സിലായുള്ള. ഞങ്ങളെല്ലാം ഇതാ വന്നുകഴിഞ്ഞു. അരത്തൻപിള്ള. വിശേഷിച്ചും മീനാക്ഷി അമ്മ മഹാവിക്രമിയാണു്. വിക്രമമേനോൻ ജഡ്മി അവർകളുടെ മകളാണു്. അക്കഥ ബഹുരസമുണ്ടു്. പിന്നീടു പറയാം . അങ്ങോട്ടുള്ള വരവു് ഏര്‍പ്പാടുചെയ്‍വാൻ മീനാക്ഷിഅമ്മയുടെ അനുകൂലവും ശ്രമവുമാണു മുഖ്യമായിട്ടുണ്ടായതു.'
പഞ്ചാമൃതം: (ആത്മഗതം) ഇദ്ദേഹം എന്തു മാര്‍ദ്ദവചിത്തൻ! വലിയ സങ്കടമായി. ആട്ടേ! പിന്നീടു ചോദിച്ചുകൊള്ളാം. (പ്രകാശം) നമുക്കു പങ്കജാക്ഷിയെ ഭംഗിയായി എതിരേൽക്കണം. ക്ഷണത്തിൽ വേഷം മാറണം.
(കാളിയും പാച്ചനുമൊഴികെ എല്ലാവരും പോകുന്നു-കാളി രംഗത്തു നിന്നു തന്നെ വേഷം മാറുന്നു.)
പാച്ചൻ: ഇന്നും ഇവിടെ ചമ്മേളം തന്നയൊ? എസ്സ്പേയും മുട്ടിക്കുലേഴവും വിരുതൊള്ള മിണുമിണിങ്ങികളു് പങ്കജാക്ഷിക്കൊച്ചമ്മേ പനിനീരു തളിച്ചും കെട്ടിപ്പിടിച്ചു നെക്കിയും പശയാക്കണവിടെ.
കാളി: എന്റടുത്ത് ഒന്നും പറയാതെ. എന്റെ ചോറിവിടെയാണു്.
പാച്ചൻ: എന്റെ ചോറും കൂറും അവിടെയാണു് കാളി അക്ക- ആണുങ്ങളെക്കൊണ്ടു പടയ്ക്കു കൊള്ളാഞ്ഞു പുത്തൻ പേമ്പട ഒണ്ടാക്കാൻ ചീമയിന്നു് നൂസ് വന്നിട്ടൊണ്ടുപോലും -
കാളി: ആഭാസത്തനം പറയാതടാ.
പാച്ചൻ: ആവാസനത്തടം കേക്കുണോ നിങ്ങക്കു് (പാടുന്നു)
കൂന്തലുലച്ചുകെട്ടി- മന്താരപ്പൂച്ചൂടി
ചാന്തുക്കുറിതൊട്ടു- ചന്തിരപ്രഭചാര്‍ത്തി
ചന്തം തുളുമ്പിടവേ - ചന്തിരമുഖിവരവെ
പാരമ്മാ-കാണമ്മാ-തെന്തിനാ നന്നാനാ-വെഹുബേഷ് പട്ടാളം
(പഞ്ചാമൃതം പ്രവേശിക്കുന്നു.)
പഞ്ചാമൃതം : (ആത്മഗതം) ഇതുകൊണ്ടൊന്നും അടങ്ങുന്നവളല്ലാ ഇവൾ, ലാവണ്ടറിൽ കുളിച്ചു നടക്കുന്ന ചില ലാവെണ്ടറന്മാർ, പിട്ടുകൊണ്ടു പിഴയ്ക്കുന്ന ചില ഫിലാസഫന്മാർ ഇവര്‍ക്കു പെണ്ണുങ്ങൾ കളിപ്പാട്ടങ്ങളായിരിക്കണം പോലും. ഇത് ഇരുപതാം ശതവര്‍ഷമാണു്. മിസ് പാൻ കേക്കാണ് ഞങ്ങളുടെ മനുഷ്യനാരി-വലിയ ഒരു ഭൂകമ്പത്തിന്റെ മുരളിച്ചയാണു കേട്ടുതുടങ്ങുന്നതു്. സൂക്ഷിച്ചിരിക്കട്ടെ ഈ സമുദ്രലംഘനക്കാർ, ലങ്കാദഹനക്കാർ, ദശകണ്ഠനിഗ്രഹക്കാർ ഇവർ എന്തു സാധിച്ചു? സാക്ഷാൽ മായയല്ലേ പരബ്രഹ്മത്തിനു സൃഷ്ടിസ്ഥിതിസംഹാരശക്തിയെ നല്കുന്നതു്. അവ്വാമാതാവല്ലെ മനുഷ്യര്‍ക്കു ബുദ്ധിയേയും ജ്ഞാനത്തേയും സമ്പാദിച്ചതു്? രാജാക്കന്മാർ ഭരിക്കുന്നതും സ്ത്രീലിംഗ പ്രത്യയാന്തത്തോടുകൂടിയ മന്ത്രിമുഖേന അല്ലേ? വിശേഷിച്ചും ഈ ഞങ്ങടെ സംഗതിയിൽ കുടുംബം, സ്വത്ത് ഇത്യാദി ജന്മാവകാശങ്ങളല്ലേ? വരട്ടെ കാണട്ടെ-കിഴക്കോട്ടുള്ള ഭൂഭ്രമണത്തെ പടിഞ്ഞാറോട്ട് ആക്കിയില്ലെങ്കിൽ അന്നു ലിംഗഭേദം നഷ്ടമായിപ്പോകട്ടെ! -അവർ വന്നുതുടങ്ങി. തൽക്കാലത്തേക്കും ഇവരെ യഥായോഗ്യം സൽക്കരിച്ചേക്കാം. (അകത്തുപോയി )
(എല്ലാ സ്ത്രീകളുമായി ചന്ദനം, പനിനീരു്, പുഷ്പം ഇത്യാദികളോടുകൂടി പഞ്ചാമൃതം വീണ്ടും പ്രവേശിക്കുന്നു- മറുവശത്തുനിന്നും വിക്രമമേനോൻ, മാധവൻപിള്ള, ഗോവിന്ദൻകുട്ടിമേനോൻ, പങ്കജാക്ഷി, ഭാസ്കരമേനോൻ-ഇവർ പ്രവേശിക്കുന്നു.)
(പഞ്ചാമൃതം മുതലായ സ്ത്രീകളുടെ സൽക്കാരഗാനം)
മഹിളാസമുദയ ഭാഗ്യ-ശ്രീധാമോദയവിധിനാ
നന്ദാമോ വയമതുലം- അദ്യജയമംഗളം
സംസാരഗാനയോഗേ-താളശ്രുതീവയുവാം
നന്ദാമോ വയമതുലം-അദ്യജയമംഗളം.
വിക്രമമേനോൻ: മിസ്സസ് ഭാസ്കരമേനോനും മിത്രങ്ങളും രാജയോഗ്യമായ ഒരു സ്വാഗതം നൽകിയതിലേക്കും ദമ്പതിമാരുടെ പ്രതിനിധിയായി ഞാൻ വന്ദനം പറയട്ടെ- നമ്മുടെ ഗൃഹങ്ങളിൽ ഇതു പോലെയുള്ള സൗഹാര്‍ദ്ദം വര്‍ദ്ധിച്ചുവരട്ടെ-
''സുഖമേ സര്‍വഥാ നമുക്കുദിക്കുമിംഗിതമുദര്‍ക്കശുഭമിനി-
പരിപൂജയകരമതിവിമലം
പരിപാവനമിഹ ജീവിതമിനിമേൽ.
പൂമധുമൊഴിമാർ പുഷ്പലകുതുകം
ശ്രീമയ സാക്ഷാദ്വിദ്യാഭ്യാസാൽ
ആമയമിയലാതതിശുഭചരിത സു-
ധാമകളായി വിളങ്ങീടട്ടേ!
ആയതമതിഗുണഭാസുരമസ്മ-
ന്നായകജനനയകൗശലയോഗാൽ
നായന്മാർ വരവംശമിതൂഷ്മള-
മായൊരു പൗരുഷമാര്‍ന്നീടട്ടേ.
നന്മകളനുദിനമരുളി വിളങ്ങും
സന്മതിമൂലകവഞ്ചീശ്വരനും
തന്മലരടിതഴുകും പ്രജകളുമിഹ
സൗരാഷ്ട്രകഭൂത്യാ വിലസട്ടെ.''
സ്ത്രീകൾ: ''ലക്ഷ്മീശചരണഭക്ത്യാ-പരിപൂതസര്‍വകൃത്യ
ശ്രീമൂലരാജതിലകൊ- ജയതു ജയ മംഗളം. ''
(കർട്ടൻ)