മലരവിലട വട ശര്‍ക്കര കദളി-
ക്കുലകളപൂപം കൊട്ടത്തേങ്ങ
മലർമധ നറുനെയ്യിക്ഷുദ്രാക്ഷാ-
ഫലനിര വറപൊടി ചെറുനാരങ്ങ
പലതരമിങ്ങിനെ മുഖരുചികൂടും
പലഹാരങ്ങൾ ചമച്ചവയെല്ലാം
വലിയ മഹാമണിമണ്ഡിതപത്രാ-
വലിയിലമര്ത്തി നിറച്ചു നിരത്തി
ജലഗന്ധാക്ഷതകുസുമാദികളാ-
മലഘുവിശിഷ്ടദ്രവ്യസമേതം
മലമകളുടെ മകനാകിയൊരാന-
ത്തലവാ! നിന്നെപ്പൂജിക്കുന്നേൻ.
ചില തൊഴിലടിയൻ തുടരുന്നേരം
തിലമണിയോളം തടവണയാതെ
നലമൊടു സാധിപ്പിക്കുക സജ്ജന-
കുലദൈവതമേ! വിലസെന്നകമേ-
കുറ്റം പലതും നമ്മുടെ വാക്കിനു
പറ്റും, ചിലരതു കേൾക്കുന്നേരം
നെറ്റി ചുളിക്കും, ദന്തമിളിക്കും,
മറ്റും പലപല ഗോഷ്ടികൾ കാട്ടും.
മുറ്റും ദുർജ്ജനപരിഹാസത്തിനൊ-
രൊറ്റക്കാരണമതിധാരാളം.
ചെറ്റു ഭവൽക്കനിവകൃതിതിലതിനാ-
ലിറ്റു തുളിച്ചിതു മധുരിപ്പിക്ക.
പുസ്തക ജപപടവരദാഭയയുത-
ഹസ്തകദംബേ! ഭാരതിയംബേ!
നിസ്തുലരസമൊടുമെൻമുഖരംഗേ
നൃത്തം ചെയ്യുക നീ വിമലാംഗേ!
കരുണാസാഗര! മൽഗ്ഗരുവര! തവ
ചരണസരോജം വന്ദിക്കുന്നേൻ.
കരയുഗളം മമ ശിരസി കമുഴ്ത്തി-
ത്തരണമൊരാശിർവ്വചനമിദാനീം.
അടിയനൊരാഗ്രഹമുണ്ടതു നിന്തിരു-
വടിയൊരനുഗ്രഹമരുളിടുമെന്നാൽ
വടിവൊടു സാധിക്കാമെന്നല്ലതു
പൊടിപൊടിയാക്കിത്തീര്ക്കാംതാനും.
ശ്രുതിയും സ്മൃതികളശേഷവുമാഗമ -
തതിയും സര്വ്വകലാവിദ്യകളും
പതിനെട്ടു പുരാണങ്ങളുമെല്ലാം
മതിമട്ടാതെ പഠിച്ചെന്നാലും
ഗുരുവരകരുണ ലഭിക്കാതുള്ളൊരു
പുരുഷനിതഖിലം വിഫലംതന്നെ.
ഒരു പദമെങ്കിലുമത്യാവശ്യം
വരുമൊരു സമയം തോന്നുകയില്ല.
ഹരിയും, ഹരനും, സരസിജഭവനും,
സുരകുലവും, നരകുലവുമിതെല്ലാം
ഗുരുശുശ്രൂഷാകരനുടെ ഭൃത്യ-
പ്പരിഷകളാണതു സംശയമില്ല.
അറിവില്ലാതേ പലതും ഞാൻ പല-
കുറിയും ചെയ്തൊരു പിഴകളശേഷം
കരുണയൊടാശു പൊറുത്തു വരം പര-
മരുളുക കിഞ്ചന കവിത ചമപ്പാൻ,
ചിത്തേ! സകലസ്ഥാവരജംഗമ-
വിത്തേ! പരമാനന്ദശരീരേ!
ചിത്തേ നിഗമസഹസ്രങ്ങൾക്കും
സത്തേ! നിന്നെ നിനച്ചീടുന്നേൻ.
* * * *
ഭൂതലമതിലിഫ പണ്ടു 'കുചേല'-
ഖ്യാതനൊരൂഴീസുരനുണ്ടായി;
ഭൂതദയാനിധിയാഗമനിഗമ-
വ്രാതമശേഷമറിഞ്ഞു തെളിഞ്ഞോൻ.
കനിവുപുലര്ന്നൊരു 'സാന്ദീപനി'യാം
മുനിയുടെ മനമതിലെഴുതിയതെല്ലാം
വിനയം ചേര്‍ന്ന കുചേലൻ തന്നുടെ
മനമതിലേയ്ക്കു പകർത്തിയെടുത്തു.
ശീലത്തിന്റെ വിശേഷം പാർത്താൽ
പാലിനുമവനുടെ മധുരതയില്ല.
നാലു ജനങ്ങളിണങ്ങുകിലങ്ങു കു-
ചേലഗുണങ്ങളുരപ്പതു കേൾക്കാം.
വൃദ്ധജനത്തിനു സമ്മതമായൊരു
പദ്ധതിവിട്ടു നടക്കാതുള്ളൊരു
ശുദ്ധബ്രാഹ്മണനായ കുചേലൻ
നിര്ദ്ധനനല്ലോ പണ്ടതന്നെ.
സവ്വഗുണങ്ങളുമൊരുവനു ദൈവം
ചൊവ്വൊടു നല്ലുകയില്ലെന്നാലും
ഉര്വ്വീവിബുധന്മാര്ക്കീവണ്ണം
ദുര്വ്വിധഭാവം ദുര്വ്വഹമല്ലോ.
ദാരാഗ്രഹണമനര്ത്ഥാഗമന-
ദ്വാരമതെന്നറിവുണ്ടെന്നാലും
ദാരിദ്രക്കടൽനടുവിലഗാധത-
പോരാഞ്ഞവനൊരു വേളികഴിച്ചു.
പ്രാരബ്ധത്തിൻ പ്രഭുത തടുപ്പാ-
നാരെക്കൊണ്ടു കഴിഞ്ഞീടുന്നു?
നീരജസംഭവമുഖ്യന്മാരും
പ്രാരബ്ധത്തിന് വരുതിയിലല്ലോ.
അങ്ങിനെ തന്നുടെ സദൃശിയതായിടു-
മംഗനയൊത്തു വസിച്ച കുചേലൻ.
സംഗവിഹീനൻ ഗാര്‍ഹസ്ഥ്യത്തിനു
ഭംഗമണഞ്ഞീടാതെ നടത്തി.
ഇല്ലം കണ്ടാലധികം മോശം
കല്ലും മരവും തെല്ലും നാസ്തി
ഇല്ലിയുമീന്തൽപ്പട്ടയുമിഞ്ചി-
പുല്ലുംകൊണ്ടാണറയുംമറയും.
മട്ടുമാറി
അടപ്പുമൌപാസനവും നനഞ്ഞീടാതെ
കുടപ്പനയോല തെല്ലു മുകളിലുണ്ടു്.
കടപ്പുല്ലുകൊണ്ടു കെട്ടിക്കടമുണ്ടാക്കി
കിടപ്പാനായ് വെച്ചിട്ടുണ്ടു ബഹുപാവനം.
ഉടുപ്പാനുണ്ടോരോ തുണി രണ്ടുപേർക്കും
കടുപ്പമതേറെക്കീറി മുഷിഞ്ഞു നാറി.
കടക്കൊള്ളി മിന്നിടേണം രാത്രിയായാൽ
നടക്കാനായ് വേറെയൊന്നും വെളിച്ചമില്ല.
മട്ടുമാറി
ആഹുതിചെയ്വാനുള്ള ഹവിസ്സിനു-
മാഹാരത്തെ നിവര്‍ത്തിപ്പാനും
'ദേഹി'യിരന്നു നടക്കാതൊരു നിര്-
വ്വാഹവുമില്ലതു പറവാനുണ്ടോ?
വേളികഴിച്ചെന്നാലും കാന്തയെ
ലാളിപ്പാനവനവസരമില്ല.
വ്രീളകെടുപ്പാനവനൊരു 'പിച്ച-
പ്പാള കൊടുത്താൻ പ്രിയയുടെ കയ്യിൽ
പതിയുടെ ധനമിൽകരവും കാണി-
ച്ചതിസന്തോഷാൽ വാങ്ങിച്ചിട്ടവൾ
പതിവായോരോ ഗൃഹമതിൽ യാചി-
ച്ചതിനായിങ്ങിനെ യാത്രതുടങ്ങി.
ഒന്നാംദിവസമൊരില്ലത്തായവൾ
ചെന്നു ഭിക്ഷയെടുപ്പാനായി;
അന്നവിടത്തെയകത്തുള്ളാളുകൾ
വന്നാദരപൊടു സമ്മാനിച്ചു
അരിയും ഘൃതവും കറികൾക്കുള്ളതു
മിരുവക്കും മതിയാകാൻ മാത്രം.
അരിമയൊടെണ്ണയുമേകി മനോഹര-
മുരിയാടീ മൃദുഹാസസമേതം
"ബാലേ! നമ്മുടെ ഗൃഹമെല്ലാമൊരു-
പോലേയെന്നു നിനയ്ക്കു സുശീലേ!
മാലേതും ഹൃദി കടുദാരിദ്ര്യ-
ത്താലേ വേണ്ടാ ഞങ്ങളിരിക്കേ.
ഒന്നിനുമവിടെയൊരത്യാവശ്യം
വന്നാലല്ലലശേഷം വേണ്ടാ.
നന്ദിയൊടപ്പൊഴുതിത്രത്തോളം
വന്നാലുള്ളതു കൊണ്ടുഗമിയ്ക്കാം."
ഇങ്ങിനെയെല്ലാമഴലൊഴിവാനവർ
ഭംഗി പറഞ്ഞൊരു സമയത്തിങ്കൽ,
അങ്ങിനെയാകാമെന്നുമുരച്ചവ-
ളങ്ങു ഗമിച്ചാളന്തണപത്നി.
രണ്ടാംദിവസം ചെന്ന ഗൃഹത്തിലു-
മുണ്ടായിതു പുനരങ്ങിനെതന്നെ.
തണ്ടാർദളമിഴിയോരോ ദിക്കിൽ
തെണ്ടിപ്പലനാൾ ചിലവു കഴിച്ചു.
തെല്ലു കഴിഞ്ഞ ദശായാമാളുകൾ
നെല്ലു കൊടുത്തുതുടങ്ങി പതുക്കേ.
ഇല്ലങ്ങളിലവൾ ചെന്നാൽ ചിലരുട-
നില്ലായെന്നു നടിച്ചുതുടങ്ങി.
മട്ടുമാറി
അല്പംദിവസംകൊണ്ടു വിപ്രപത്നിയെക്കണ്ടാൽ
അപ്രിയം ചൊല്ലും ചിലരപ്രകാരത്തിലായി.
അക്കാലമന്തര്ജ്ജനസല്ക്കാരം ക്രമംകൊണ്ടു
മുക്കാലും 'ദര്‍ഭേ കുശേ വയ്ക്കോലേ'യെന്നായ്വന്നു.
ഭര്‍ത്താവിനോടു ചെന്നീ വൃത്താന്തമറിയിപ്പാൻ
സ്വസ്ഥമാം നേരമില്ല കൃത്യങ്ങളേറുകയാൽ.
സന്തതം നിശതന്നിലന്ത്യമാം യാമത്തിക-
ലന്തണൻ കുളിയ്ക്കുവാൻ ഹന്ത! ഗമിയ്ക്കയായി.
സന്തതസ്നാനം ധ്യാനം സന്ധ്യാനിയമകര്മ്മ-
സന്താനം സരോരുഹബന്ധുനമനാദികൾ,
അച്യുതവിഗ്രഹത്തിലര്ച്ചനം പുഷ്പാഞ്ജലി
ഉച്ചയ്ക്കു കുളി ഹോമം നിശ്ചലവ്രതമേവം.
ഉണ്ടെങ്കിലല്പമന്നമുണ്ടെന്നും വരും ഗ്രന്ഥം-
കൊണ്ടുള്ള പണിയായി മിണ്ടുവാനിടയില്ല.
രണ്ടുനാഴികപ്പകൽ കണ്ടു കുളിപ്പാൻ നട-
കൊണ്ടീടും ഭുവി വിളികൊണ്ട് കുചേലവിപ്രൻ.
മിത്രനസ്തമിച്ചെന്നാൽ പത്തു നാഴികവരെ
ചിത്തഭക്തിയാൽ പുരുഷോത്തമസേവതന്നെ.
ആയതിന്നനുകൂലം ജായയും, രണ്ടുപേരും
കായം മെലിഞ്ഞു വല്ലാതായൊട്ടുകാലത്താലെ.
മട്ടുമാറി
അരികത്തുള്ള ഗൃഹങ്ങളിലതുപൊഴു-
തരിയും നെല്ലും കിട്ടാതായിീ
തരുവിൻ ഫലമൂലങ്ങളുമങ്ങവൾ
വിരവൊടു നോക്കി നടന്നുതുടങ്ങി.
നാളും തിഥിയും ശരവും ശകുനവു-
മാളും തരവും ധനികന്മാരുടെ
റൂളും നോക്കിപ്പിച്ചയ്ക്കണികുഴ-
ലാളുമിരന്നു വശംകെട്ടുടനേ
നീളും നിശ്വാസത്തൊടു പുന'രരി-
വാളു'മെടുത്തു നടന്നുതുടങ്ങി.
ആളും ജഠരകൃശാനുവിനിരയാ-
ത്താളും തകരയുമായവസാനം.
അന്നം ചെല്ലാഞ്ഞന്തർജ്ജനവും
തന്നുടെ പതിയും പരവശരായി.
ഖിന്നതയാ നിജകര്മ്മവിപാകം
തന്നത്താനവളോർത്തുതുടങ്ങി.
മട്ടുമാറി
ഏതു കഠോരതരപാതകംമൂലമെന്റെ
ജാതകമിപ്രകാരം ഘാതകമായിവന്നു.
ചാര്‍ച്ചയ്ക്കു വരുന്നോരും വേഴ്ചയ്ക്കു വരുന്നോരും
കാഴ്ചയിലശ്രു തൂകും വേഴ്ചയിൽ മൃതി നല്ലൂ.
'ദേഹി'യെന്നിരക്കുന്ന ദേഹിയെ മുജ്ജന്മത്തിൽ
ദ്രോഹിച്ചിട്ടുണ്ടു ഞാനെന്നൂഹിച്ചിടുന്നേനിപ്പോൾ.
ഉച്ചയ്ക്കു നീർ കുടിപ്പാനിച്ഛിച്ച പശുക്കൾക്കു
പച്ചവെള്ളത്തെ നിരോധിച്ചു ഞാൻ പണ്ടു നൂനം.
ജന്തുക്കളുടെ ഗതിയെന്തു ഞാൻ നശിപ്പിച്ചു
സന്തതമിപ്രകാരം സന്താപം ഭവിക്കുവാൻ?
സ്ഥൂലിച്ചു വളരുന്ന "മൂലക്കുരു'വെന്നതു-
പോലിന്നു ദരിദ്രത മാലേറ്റം വരുത്തുന്നു.
ആലസ്യം വളർത്തുന്നു കോലം മെലിപ്പിയ്ക്കുന്നു
ചാലേ തെല്ലിരിയ്ക്കുവാൻ മേലെന്നു വരുത്തുന്നു.
ദുഃഖമൊന്നുളവായാലക്കാലമിതാണേറ്റ-
മുൽകടമെന്നു ലോകരുൾക്കാമ്പിൽ നിനയ്ക്കുന്നു.
പ്രാണനെ വഹിക്കുവാനൂണിനെപ്പോലെ ബലം
കാണുകയില്ല വേറെ; പ്രാണികൾക്കുതുമൂലം
ദാരിദ്ര, സമാനമായോരാര്ത്തി വേറെയില്ല;
പാരിൽ പിറന്ന മത്സ്യനാരിയ്ക്കു വിശേഷിച്ചും.
ഉൽക്കടമായീടുന്നോരിക്കടൽ കടക്കുവാ-
നക്കര കാണുന്നില്ല ദുഷ്കരമെന്തു ചൊല്ലാം.
ദുഃഖങ്ങൾ മറ്റുള്ളവ മിക്കതും വരുത്തുന്ന
ദുര്‍ഗ്ഗതി നരന്മാര്‍ക്കു ദുർഘടം ദൈവതമേ!
മട്ടുമാറി
അണിയേണ്ടാ മേനി,ഗൃഹം പണിയേണ്ട, ശത്രുവേണ്ടാ,
മണിവേണ്ടാ, മാലവേണ്ടാ, തുണികൂടാതെന്തു ചെയ്യാം?
ഗതിയില്ലാതെയായാലും പ്രതിവാരം ഗൃഹികൾക്കു്
അതിഥിസൽക്രിയ ശാസ്ത്രം പ്രതിപാദിച്ചിരിയ്ക്കുന്നു.
ശ്രുതികളാഗമങ്ങളും സ്മൃതികളും ശാസ്ത്രങ്ങളും
പതിനെട്ടു പുരാണവുമിതിഹാസസമൂഹവും
പ്രതിപദം കേട്ടിനിയ്ക്കീ മതിതന്നിൽ വളർത്തുന്നു
അതിഥിസൽക്രിയയ്ക്കുള്ളോരതിരറ്റ ഗുണങ്ങളെ.
കൃതിയാകുമഗ്നിഹോത്രിക്ഷിതിദേവകുലരത്നം
സുകൃതിയാമദ്ദേഹത്തിന് പകുതിയാം ധര്‍മ്മപത്നീ
അകലെനിന്നെത്തും പാന്ഥപ്രകരത്തിന്നയ്യോ! താളും
തകരയും കൊടുക്കും ദുഷ്പ്രകൃതിയായ്ത്തീര്ന്നുവല്ലോ.
അഗതിയാമിവൾക്കുള്ളോരഘമിതു പാർത്തിടുമ്പോൾ
തകരുന്നു മനം, കായം പകരുന്നതെന്തു ചൊല്ലാം.
അല്ലലിതാസകലം വല്ലഭനോടു ചെന്നു
ചൊല്ലുകതന്നെ നമുക്കല്ലാതെ ഗതിയുണ്ടോ?
മതിതന്നിലേവമോര്ത്തു സതികൾക്കു ഭൂഷാരത്നം
പതിയുടെ സമീപത്തേയ്ക്കതിമന്ദം യാത്രയായി.
കുഴിയായ ദൃഷ്ടികളിൽ വഴിയുന്ന കണ്ണീരോടും,
അഴിയും സന്ധികളോടും, കുഴയും പാദങ്ങളോടും,
എക്കിവലിച്ചു മദ്ധ്യം ചുക്കിച്ചുളിഞ്ഞ ഗാത്രം,
ശുഷ്കസ്തനങ്ങ,ളിവയൊക്കെത്തികഞ്ഞ പാത്രം,
വക്കത്തു സഹസ്രംകെട്ടൊക്കുന്ന നാറത്തുണി
ഒക്കുവെച്ചുടുത്തവൾ പുഷ്കലതാപത്തോടെ,
വേരറ്റ ലതപോലെ, നീരറ്റ പുഴപോലെ,
താരറ്റ മാലപോലെ, ദാരിദ്ര്യമൂര്ത്തിപോലെ;
സൂരികൾക്കൊരു മണിഹീരമാം കുചേലന്റെ
ചാരത്തു ചെന്നു നല്ല നേരത്തു കൂപ്പിനിന്നു.
'എന്തു നീ വന്നതെ'ന്നായന്തണശിരോമണി
ചിന്തയാ സഗൽഗ്ഗദം മന്ത്രിച്ചു സനിശ്വാസം.
തൊണ്ട് കിടുകിടുത്തുംകൊണ്ടു വേപഥുഗാത്രി
ഇണ്ടലുരപ്പാനായിക്കൊണ്ടുടനാരംഭിച്ചു.
പദം
."ജീവനാഥ! ഭൂരികൃപാശേവധേ! ഞാൻ കൈതൊഴുന്നേൻ
കേവലം മേ ഗതി തവ ചേവടിയല്ലോ.
സങ്കടങ്ങളുരയ്ക്കുവാൻ ശങ്കകൊണ്ടു മടിക്കുന്നേൻ
എങ്കടുമാൽ ഭവാനുമാതങ്കുമാവില്ലേ?
എങ്കിലും ഞാൻ കഥിക്കുന്നേൻ മങ്കമാര്ക്കുള്ളഴലെല്ലാം
തങ്കണവന്മാരാണല്ലോ പങ്കുകൊള്ളേണ്ടു.
നമ്മുടെ പൊറുതിയേക്കാൾ നന്മ ജന്തുവൃത്തിയല്ലോ
കന്മഷമില്ലവർക്കല്ലോ കര്മ്മവൈകല്യാൽ.
നിര്ദ്ധനന്മാര്ക്കോര്ത്തു കണ്ടാലര്ദ്ധമല്ലോ മനുജത്വം
ശുദ്ധതിര്യക്കായാലൊരു ബുദ്ധിമുട്ടില്ല.
മാടിനേക്കാൾ നമുക്കിപ്പോൾ മോടിയോരോ തുണിയല്ലേ
ആടലതു സമ്പാദിപ്പാൻകൂടിയുണ്ടയ്യോ.
അന്നദാനാൽ 'സുഖീഭവ'യെന്നതിഥിയാശീര്വ്വാദ-
മൊന്നു കേൾപ്പാൻ യോഗം നമുക്കെന്നുദിക്കുന്നു?
മന്ദവാതമേറ്റാൽ വീഴും മന്ദിരത്തിലഹോരാത്ര-
മെന്നുമേവം പാര്പ്പാൻ വിധി വന്നതു കഷ്ടം!
തറ്റുടുപ്പാൻ മേലാലിനിപ്പറ്റുമെന്നു തോന്നുന്നില്ല
ചുറ്റുവാനും കൂടിയിന്നു ചുറ്റലായല്ലോ.
ചുറ്റുമുള്ള വിപ്രാഗാരം ചുറ്റിയാലുമൊരുനേരം
കൊറ്റിനു കിട്ടുവാൻ വിധിയറ്റുപോയ് പണ്ടേ.
സൂത്രധര്മ്മംപോലിന്നഗ്നിഹോത്രകര്മ്മം നടത്തുവാൻ
മാത്രവും ലഭിക്കാഞ്ഞശ്രു വാർത്തുപോയല്ലോ.
പാണി രണ്ടും വറ്റാകാതിക്ഷോണിതന്നിലിപ്രകാരം
വാണിടുവാൻ കല്പിച്ചല്ലോ വാണിതൻ കാന്തൻ.
ദുഷ്ടയാണീയിവളെന്നു സ്പഷ്ടമായിയെന്നാകിലും
കഷ്ടത കളവാൻ മോഹം വിട്ടതില്ലൊട്ടും.
വാര്‍ദ്ധകത്തിൽ ഗദം മൂര്ച്ഛിച്ചൂര്ദ്ധ്വവായു വലിച്ചാലും
ആര്ത്തനാശ ചികിത്സയിൽ ചീര്ത്തിടുമല്ലോ..
ദ്വാരകയിലൊന്നു പോയിപ്പോരവേണം ഭവാനെന്നാൽ
തീരുവാനുള്ളതാണെങ്കിൽ തീരുമിത്താപം.
എണ്ണരണ്ടായിരത്തെട്ടു പുണ്ഡരീകാക്ഷികളുടെ
പുണ്യപുഞ്ജമായ യദുമണ്ഡലനാഥൻ,
എണ്ണിയാലുമൊടുങ്ങാത്തൊരുണ്ണികളുമൊരുമിച്ചു
വിണ്ണിലേ മട്ടരുളുന്നു പണ്ഡിതമൌലേ!
ബ്രഹ്മവിത്തേ! ഭവാന്റെ സബ്രഹ്മചാരിയല്ലോ സാക്ഷാൽ
ചിന്മയ,നാര്ക്കിതിലേറെ ജന്മസാഫല്യം?
ഇന്ദിരാവല്ലഭൻ കാമസുന്ദരനാം സതീര്ത്ഥ്യനെ
ഒന്നു കാണ്മാനാഗ്രഹമില്ലെന്നിതോ നാഥ!
ദീനരക്ഷയ്ക്കിന്നീവണ്ണം ഞാനൊരാളെ കേട്ടിട്ടില്ല
മാനുഷമല്ലഹോ! കൃഷ്ണദാനവൈദഗ്ദ്ധ്യം.
ദുഷ്ടനായ ദുശ്ശാസനൻ പട്ടഴിച്ച പാഞ്ചാലിയെ
സ്പഷ്ടമായിക്കൃഷ്ണൻ കാത്ത മട്ടതിചിത്രം.
അന്ധപുത്രനഴിച്ചിട്ടു ബന്ധു കൃഷ്ണനുടുപ്പിച്ചു
അന്തരീയം യാജ്ഞസേനിതൻതനു തന്നിൽ.
കോടി പാരമഴിച്ചിട്ടു മൂടി നൃപസഭയുടെ-
ശാടീമാത്രമഴിയ്ക്കുവാൻ കൂടിയില്ലേതും
ചത്തുപോയ പുത്രന്മാരെ പത്തിനെയൊരന്തണന്നു
അത്ര കൊണ്ടുകൊടുത്താനീയുത്തമശീലൻ.
അന്തകപുരത്തിൽ പോയ സന്തതിയെഗ്ഗുരുവിന്നു
ഹന്ത! ദക്ഷിണചെയ്തവനെന്തരുതാത്തൂ?
സത്യഭാമാഗൃഹാരാമവര്ത്തിയല്ലോ കല്പവൃക്ഷം
ചിത്രമെന്തിതിലധികം മര്‍ത്ത്യനു വേണ്ടു?
ദീനനാകും ഭവാനുടെ മേനി കണ്ടാൽ ക്രൂരന്മാരും
ദൂനചിത്തമാകും നന്ദസൂനുവോ പിന്നെ?
ത്വത്സഖാവായീടും ഭക്തവത്സലനെക്കാണ്ക പോയി
ത്വത്സമാലോകനം കൃഷ്ണനുത്സവമല്ലോ."
മട്ടുമാറി
സതിയാം പ്രണയിനി ചൊന്നതു മുഴുവൻ
കൃതിയാം വിപ്രൻ കേട്ട ദശായാം,
പതിവാം നാമംജപമതു കിഞ്ചന
മതിയാക്കിപ്പുനരിങ്ങനെ ചൊന്നാൻ:-
"ബാലേ! വാസ്തവമുരചെയ്യാം ഹൃദി
മാലേതും കരുതരുതു സുശീലേ!
ഫാലേ പത്മനിവാസൻ പോടിയൊ-
രാലേഖനമതു മാച്ചീടാമോ?
ദാരിദ്ര്യാര്ത്തികളൊഴിയണമെന്നാൽ
പ്രാരബ്ധംതാൻ ദയചെയ്യേണം.
ദ്വാരകതന്നിൽ പോയാലെന്തിനി
മേരുവിൽ വാണാലും ഫലമില്ല.
ധര്‍മ്മം ചെയ്യാതുള്ള ജനത്തിനു
ശര്‍മ്മം ദൈവതമരുളുകയില്ല.
ഉണ്മാനുണ്ടായാലും നിസ്വത
പിന്മാറുകയില്ലംബുജനയനേ!
പണ്ടം പാത്രം പശു വൃഷമശ്വം
തണ്ടന്തോളം തരി ഗജവൃന്ദം
കണ്ടം പരിജനമുപഗൃഹമിവ ഭൃശ-
മുണ്ടായാലും നിലയില്ലേതും.
അത്യാവശ്യം ദിനവൃത്തിയ്ക്കീ
പൃത്ഥ്വിയിലുള്ളൊരു വിഭവമശേഷം
ഹസ്താന്തര്ഗ്ഗതമാകിലുമാകാ
വിത്താകൃഷ്ടനു സംശയമില്ല.
കൊല്ലംതോറും ചെലവുകഴിഞ്ഞാ-
ലില്ലം പണി കഴിയാഞ്ഞഴലായി;
വല്ലവിധത്തിലുമൊപ്പിച്ചാൽ സുഖ-
മില്ലാ മതിമുഖി! മാളിക വേണം.
അധികച്ചിലവിനു മുതലുണ്ടാകണ-
മധനത മാനുഷനകലണമെന്നാൽ.
അധികത്തിന്റെ കണക്കിന്നേതൊരു
സുധിയോ ഹന്ത ഗണിച്ചീടുന്നു.
കനകാഭരണമണിഞ്ഞിടാഞ്ഞാൽ
മനസി മഹാമയമാകും ചിലനാൾ.
ധനമിനി മതിയെന്നുള്ളൊരു ഭാവം
ധനദനുമില്ലതു ബോധിയ്ക്കേണം.
വിത്തം മനുജനു മദഭാരത്തിൻ
വിത്താണങ്ങിനെയുണ്ടൊരു ദോഷം.
മത്തന്മാരുടെ മനസി യശോദാ-
പുത്രൻ കയറുകയില്ലതു നൂനം.
ഉത്തമപുരുഷസ്മൃതികൂടാതെ
വര്ത്തനമധികമധോഗതിമൂലം.
അത്രയുമല്ലാ ധനരക്ഷയ്ക്കു സ-
മര്ത്ഥതയില്ല നമുക്കിഹ തെല്ലും.
അത്രാണത്താലര്ത്ഥവിനാശം
സൂത്രാമാവിനുമുണ്ടാമല്ലോ.
സ്വത്തുണ്ടായി നശിച്ചീടുന്നതി-
ലുത്തമമധനത പണ്ടേതന്നെ.
ധനമല്ലാര്യേ! മനുജനു സുഖസാ-
ധനമതു ശമമാണെന്നറിയേണം.
മനസി യദൃച്ഛാലാഭംകൊണ്ടല-
മനിശം തൃപ്തി വഹിച്ചാലും നീ."
ഇത്ര പറഞ്ഞു കുചേലൻ ഹരിനാ-
മത്രയgമോതി വസിച്ചു യഥാവൽ.
തത്ര സമീപേ തൊഴുതുംകൊണ്ടു ക-
ളത്രവുമാകുലമായി വസിച്ചു.
ഒട്ടുകഴിഞ്ഞു കുചേലൻ തന്നുടെ
ദൃഷ്ടി മിഴിച്ചൊരു സമയത്തിങ്കൽ,
നട്ടതുപോലെ തന്നുടെ മുന്നിൽ
കുട്ടിനിതൻ നിലവങ്ങനെ കണ്ടു.
മുഖഭാവംകൊണ്ടാശാഹനനം
സുഖമായീലെന്നറിയുകമൂലം
ശുകമൊഴിയെത്തന്നരികേ ചേര്‍ത്തി-
ട്ടകലുഷനതിദയമിങ്ങിനെ ചൊന്നാൻ:-
"മാധ്വീഭർത്സകമധുരാലാപേ!
സാധ്വി! തപിയ്ക്കരുതേതുമപാപേ!
വാര്‍ദ്ധി കടന്നാ ദ്വാരാവതിപുര-
മൂര്ദ്ധസ്ഥാനേ പോയി വരാം ഞാൻ.
ദൃഷ്ടിയ്ക്കശുഭതയില്ലെന്നാൽ സുഖ-
വൃഷ്ടിഘനത്തെയുമഴകൊടു കാണാം.
കിട്ടീ വല്ലതുമെന്നാലതു ചില-
വിട്ടീടാതെ നിനക്കേകീടാം.
കുശലം കൃഷ്ണൻ ചോദിച്ചാൽ തവ
ദശയും കിഞ്ചന സൂചിപ്പിക്കാം.
ഭൃശമിബ്രഹ്മാണ്ഡങ്ങളിലെ സ്ഥിതി
വിശദം യദുപതിതാനറിയുന്നു.
പ്രഭുവെക്കാണ്മാൻ നാളെത്തന്നേ
ശുഭദിനമതിനിഹ സംശയമില്ല.
ത്രിഭുവനവിഭവാം ഭഗവാൻ തന്നുടെ
വിഭവമശേഷം വിരവൊടു കാണാം.
പ്രാഭവമുള്ള ജനത്തെക്കാണ്മാൻ
പ്രാഭൃതമൊന്നുമെടുത്തീടാതെ,
ശോഭനമല്ലാത്തതിനാൽ വല്ലതു-
മാഭീരാധിപനങ്ങു കൊടുപ്പാൻ
വല്ലതുമൊന്നിഹ സമ്പാദിക്കുക;
വല്ലഭമാകും കൃഷ്ണനതെല്ലാം.
നല്ലൊരു ഭക്തജനങ്ങൾ കൊടുക്കുവ-
തെല്ലാമവിടെയ്ക്കതിസന്തോഷം.
ഇന്നതു വേണമുപായനമെന്നി-
ല്ലെന്നുടെ സഹപാഠിയ്ക്കു കൊടുപ്പാൻ.
ഉന്നതവിഭുവിനു പൂവോ ഫലമോ
പൊന്നോ പണമോ ഭേദമതില്ല."
പതിയുടെ ഭാഷിതമിങ്ങനെ കേട്ടവൾ
മതിയതിലീവിധമോര്ത്തുതുടങ്ങി:-
"എതിരേ രമണനു പോകാറാകു-
ന്നതിനകമെന്തിഹ നേടീട്ടേണ്ടു?
കദളിക്കുലയായാലതു കൊള്ളാം;
കദനം യാത്രയിലധികം പറ്റും.
മധുരപദാർത്ഥം വല്ലതുമായാൽ
മധുസൂദനനതിരസമായീടും.
കാശില്ലാത്തവരതിനൊക്കെപ്പര-
മാശ നിനച്ചിട്ടെന്താവശ്യം?
ദേശാന്തരഗമനത്തിനു കൊള്ളാ-
മാശു കരിമ്പൊരു കോലു കിടച്ചാൽ.
അന്തഗൃഹതതിതന്നിലിരന്നാ-
ലെന്തു ലഭിച്ചിടുമെന്നറിയട്ടെ.
ദന്തിമുഖൻ മമ വിഘ്നമശേഷവു-
മുന്തിയകറ്റിത്തുണചെയ്യട്ടെ.''
എന്നു നിനച്ചവളന്തണവരരുടെ
മന്ദിരസീമനി ചെന്നൊരു സമയം,
നാലു ഗൃഹങ്ങളിൽനിന്നു ലഭിച്ചൂ
നാലു പിടിപ്പുന്നെല്ലു തദാനീം.
കാലം വൈകുകകൊണ്ടു മടങ്ങി നി-
ജാലയമതിൽ വന്നായതു വാട്ടി,
നല്ലൊരു മുസലം കിട്ടാഞ്ഞിട്ടൊരു
കല്ലു കരത്തിലെടുത്തു ചതച്ചൂ.
നെല്ലുടനവിലിൻ ഭാഷയിലാക്കി
നല്ലൊരു ശരിയായില്ലെന്നാലും
രാത്രി വെളിച്ചം കാണാതാ മൃദു-
ഗാത്രി ചതച്ചുണ്ടാക്കിയ പൃഥുകം,
പാത്രം കിട്ടാഞ്ഞൊരു കീറത്തുണി-
മാത്രം തപ്പിയെടുത്തതിലാക്കി.
കരു കിഴികെട്ടിസൂക്ഷിച്ചന്തണ-
പരിസരഭുവിതാൻ ചെന്നു കിടന്നു.
നിരവധിയായ മനോരാജ്യത്താൽ
വരനുണരുംവരെ രാത്രി കഴിച്ചു.
നല്ല പദാർത്ഥങ്ങളിലൊന്നെങ്കിലു-
മില്ലാ കൃഷ്ണനു കാഴ്ച കൊടുപ്പാൻ.
വല്ലവസുതനുടെ സഭയിൽ സസുഖം
ചെല്ലും നേരമുടുപ്പാനൊന്നും
വല്ലഭനധുനാ നൽകീടുന്നതി-
നില്ലാഞ്ഞയ്യോ! സങ്കടമായി.
കഷ്ടമമംഗലവേഷത്തോടാ-
വിഷ്ടപപതിയെക്കാണ്മാൻ ചെന്നാൽ,
വിട്ടില്ലെന്നതുവരുമോ കാവൽ-
പട്ടക്കാരുമകത്തു കടപ്പാൻ.
രാമസഹോദരനാമവിടുത്തെ-
ക്കാണ്മാനിടവന്നില്ലെന്നാകിൽ
മാമകകാന്തൻ വഴിനട പഴുതേ-
യാമതുതന്നേ മനസി വിഷാദം.
പരവശനാകിന പരമസഖാവിനെ
മരതകവര്‍ണ്ണൻ കണ്ടെന്നാകിൽ
ഒരു മാസത്തെച്ചിലവിനു വല്ലതു-
മൊരുവക നൽകാതിഹ ബത! വിടുമോ?
നാറി മുഷിഞ്ഞു സഹസ്രം ദിക്കിൽ
കീറി നുറുങ്ങിയ വസ്ത്രമുടുത്തും
വീറി നിറഞ്ഞ യദൂത്തമസഭയിൽ
കേറിയൊരുത്തനു ചെന്നീടാമോ?
അങ്ങിനെയോര്ത്താൽ പ്രഭുസഭയിൽ പുന-
രെങ്ങിനെ പോകും ഹന്ത! ദരിദ്രൻ.
മംഗലദേവതതന്റെ മണാളനു
സംഗതിയെല്ലാമറിയാമല്ലോ.
കാലവ്യവധാനത്താൽ സജ്ജന-
പാലൻ പതിയെ മറന്നില്ലല്ലീ?
താലാങ്കാനുജനന്ധാളിത്തമ-
താലോചിച്ചാൽ മൂഢതയാകും.
പത്തോ നൂറോ പണമേകീടുകി-
ലുത്തമമായി കാന്തനു കൃഷ്ണൻ.
സത്രപനായണയും പ്രിയനിന്നൊരു
വസ്ത്രവുമേകിലെന്നതു വരുമോ?
"ഇല്ലത്തുള്ളവരാരെല്ലാ'മെ-
ന്നല്ലോ വരുവതു കുശലപ്രശ്നം.
വല്ലഭനതുപൊഴുതെന്നുടെ കഥയും
ചൊല്ലുക മുറയാം ദുരയാകില്ല.
എന്നാലമ്പിലെനിയ്ക്കും ഭഗവാ-
നൊന്നോ രണ്ടോ കോടിപ്പുടവകൾ
തന്നീടുന്നതിനേകിയയച്ചിടു-
മെന്നു വരാമവിടെയ്ക്കോ വിഷമം!
അക്കഥയോരോന്നോര്ത്തവൾ വാണൂ;
കുക്കുടരണിതം ചെവികളിൽ നൂണൂ.
ചിക്കെന്നതു കേട്ടുന്നു കുചേലനു-
റക്കമുണർന്നു നടന്നു കുളിപ്പാൻ.
അംഗവിശുദ്ധികളഖിലം ഭൂസുര-
പുംഗവനങ്ങു കഴിച്ചൊരു ശേഷം
ഗംഗാസലിലംതന്നിലമന്ദമി-
റങ്ങി സ്നാനംചെയ്തു പതുക്കെ.
ഗോപി ധരിച്ചിട്ടതിനുടെ മേലേ
ചാപവിഹീനൻ ഭസ്മം തേച്ചു.
വാപീതീരേ മുണ്ടു വിരിച്ചു
ജാപനമസ്യാവിധികൾ കഴിച്ചു.
അവനീസുരമണി സന്ധ്യാവന്ദന-
ഹവനാദികളായുള്ളവയെല്ലാം,
ജവമൊടു മുട്ടിക്കാതെ കഴിച്ചി-
ട്ടവസാനിപ്പിച്ചാഗതനായി.
ശാസ്ത്രീക്ഷിതിസുരനന്തര്ജ്ജനവും
യാത്രയ്ക്കുളെളാരു വട്ടമൊരുക്കി.
തീര്ത്ഥകമണ്ഡലു മുളവടി പൃഥുകം
ചേര്‍ത്ത തുണിക്കിഴി കീറക്കുടയും
നാളീകാക്ഷി കൊടുത്തതു വാങ്ങി,
"നാളെ വരും ഞാൻ, കാക്കുക സന്ധ്യാ-
വേളയെ'യെന്നു പറഞ്ഞു നടന്നൂ;
മൂളിക്കൊണ്ടവൾ പിമ്പേ ചെന്നൂ.
പുരമതു വിട്ടു ഗമിച്ചപ്പൊഴുതാ-
വരനനുയാത്രയ്ക്കാശു പതിവ്രത
വിരവൊടു ദൃഷ്ടിയെ വിട്ടൂ; ശകുനം
വരുമൊരു കപിലപ്പശുവെക്കണ്ടു.
വരനെക്കാണാതായവളുടനേ
വരവിൻ കുശലത വരുവാൻ വേണ്ടി
പരദേവതയുടെ മുമ്പിൽ 'പൂണൂ-
ച്ചരടു'പിടിച്ചു ജപിച്ചുതുടങ്ങി.
മട്ടുമാറി
ആരണശിരോമണി ദാരനിര്ബ്ബന്ധം മൂലം
ദ്വാരകാമന്ദിരത്തിൽ ചേരുവാൻ വഴിനോക്കി.
കീറക്കുട ചുമലിൽ ചാരിയും, വടികുത്തി,
നീരഭാജനം കടചേരുന്ന കൈയിലേന്തി,
നാറക്കിഴി കക്ഷത്തിൽ പേറി നടന്നുകൊണ്ടാൻ.
ഓരോരോ മനോരാജ്യം ധാരാളം വിചാരിപ്പാൻ
നേരമുണ്ടായി യാത്ര ദൂരത്തേയ്ക്കാകമൂലം.
"ഉല്ക്കടസമുദ്രത്തിനക്കര കടക്കുവാൻ
തക്കമിന്നുണ്ടാകുമോ ശക്തനായ്വരുമോ ഞാൻ.
വാതാനുകൂലമേവം ജാതമായെന്നിരിയ്ക്കിൽ
പോതം കടന്നീടുവാനേതും പ്രയാസമില്ല.
ദ്വാരകതന്നിൽ ചെന്നാലോരോ പരിചയക്കാ-
രാ രാമഭദ്രകൃഷ്ണന്മാരല്ലാതാരുമില്ല.
ദൂരസ്ഥനാകുമെന്നെ ദ്വാരസ്ഥരകത്തേയ്ക്കു
നാറത്തുകിലോടെത്തും നേരത്തു കടത്തുമോ?
ഇല്ലത്തുനിന്നു യാത്രചൊല്ലിത്തിരിച്ചശേഷം
നല്ല ശകുനങ്ങളെയല്ലാതെ കണ്ടില്ലൊന്നും.
പുണ്യപുരുഷനാകും പുണ്ഡരീകാക്ഷൻതന്നെ
തിണ്ണന്നു കാണ്മാനിന്നെൻകണ്ണിന്നു ഭാഗ്യമുണ്ടോ?
എന്നുടെ തലമീതേ വന്നിഹ വലംവഴി
വന്നോരു പരുന്തിതാ നന്ദിച്ചു പറക്കുന്നു.
കണ്ണനെക്കണ്ടീടുവാൻ പുണ്യമുണ്ടെനിക്കെന്നു
നിര്‍ണ്ണയം ചൊല്ലിടുന്നുണ്ടണ്ഡജനാഥനിവൻ.
നന്ദസുതനെക്കാണ്മാൻ വന്നു സംഗതിയെങ്കിൽ
നന്നായീ വേളിയലട്ടെന്നു ഞാനോര്ത്തീടുന്നേൻ.
ശ്രീമാനാം ഗുരുവിന്റെ ധാമത്തിൽ വസിക്കുമ്പോൾ
രാമനിൽപ്പോലെയെന്നിൽ പ്രേമമക്കൃഷ്ണനുണ്ട്.
ഇഷ്ടനായീടുമെന്റെ ക്ലിഷ്ടതകളെയെല്ലാം
വിഷ്ടരശ്രവസ്സിന്നു സ്പഷ്ടമറിയാമല്ലോ.
ഇത്ര മലിനൻ ഞാനാ മിത്രത്തെക്കണ്ടീടുകിൽ
അത്തലവിടെയ്ക്കു വന്നെത്തീടുമെന്തു ചെയ്യാം?
പ്രായത്തിന്റെ കടപ്പാലോ കായത്തിൻ ചടപ്പാലോ
ശ്രേയസ്വിയ്ക്കെന്നെയറിവായില്ലായെന്നാകുമോ?
അസ്മയനായ കൃഷ്ണനസ്മദാദിയെപ്പോലെ
വിസ്തൃതി ഭവിച്ചെന്നാൽ വിസ്മയമെന്നേ വേണ്ടൂ.
ദേഹത്തെ മാറിയൊരു ദേഹിയെയറിയുമ-
ദ്ദേഹമോ സതീര്‍ത്ഥനെ ഹാഹന്ത! മറക്കുമോ?
ആനന്ദസ്വരൂപനെ ഞാനിന്നു കാണുമതു
നൂനമെൻവലങ്കണ്ണു താനേ ചലിച്ചീടുന്നു.
പണ്ടത്തെപ്പോലെ തോഷമുണ്ടാകും കൃഷ്ണനെന്നെ
കണ്ടാലതിന്നു മമ രണ്ടില്ല പക്ഷമേതും.''
മട്ടുമാറി
ഈവിധമുള്ള മനോരാജ്യത്താ-
ലാവൃതമതിയായ് വന്ന കുചേലൻ
ആവഴിയകലവു, മാതപമതിനെഴു-
മാവതിബലവുമറിഞ്ഞീടാതെ
തിരകളടിച്ചതിനിര്മ്മലമാകിന
ചരമപയോനിധിതീരമണഞ്ഞു.
തരണിസഹസ്രമുദിച്ചതുപോല-
ക്കരയിൽ വിളങ്ങും ദ്വാരക കണ്ടു.
വിരവൊടു കൊടിമരമുടിയിൽച്ചെമ്പടി-
നിരകൾ മരുത്തേറ്റാടീടുന്നു.
കരുണാനിധിയെക്കാണ്മാനിക്കരെ
വരുമൊരു ഭക്തജനങ്ങളെയെല്ലാം
'വരു വരു'വെന്നിഹ കൈകാട്ടി വിളി-
ച്ചരികിലണപ്പാനെന്നതു തോന്നും.
അക്കടലങ്ങു കടന്നു മഹീസുര-
നക്കരപറ്റിയ സമയംതന്നേ,
ഉൽക്കടപരമാനന്ദമഹാബ്ധിയി-
ലേയ്ക്കടിതെറ്റി മറിഞ്ഞു കുചേലൻ.
പുരടക്ഷിതിയായീടിന സിന്ധു-
ക്കരയിൽപ്പെരുവഴിയൊഴികേ ചുറ്റും
അരയന്മാരുടെ കുടിയിട കാണാ-
യരമനയേക്കാളധികമനോജ്ഞം.
തരികളസംഖ്യം വലകളസംഖ്യം
ഹരിമെയ്യെഴുതിയ പുരകളസംഖ്യം
അരിമയിലാര്ത്തു തളിര്‍ത്തു ഫലിച്ചതി-
സുരഭിലസുമതതി തൂകി വിളങ്ങും
തരുകുലമുടികളിലനിശം കൂകും
വരഖഗരണിതവുമതിരമണീയം.
ഫലമില്ലാതേ തടികളിലെങ്ങും
സ്ഥലമില്ലാതേ പനസമരങ്ങൾ.
കുലകളിലായിരവീതം മാങ്ങകൾ
നലമൊടു മാവിനുമുണ്ടതു നൂനം.
എന്നും തളിരും പൂവും ഫലവും
വന്നും പോയിയുമങ്ങിനെയല്ലോ
നന്ദതനൂജൻതന്നുടെ നാട്ടില
മര്ന്നീടുന്ന മരങ്ങളശേഷം.
തണലേറുന്ന നടക്കാവുകളും
കിണറും കുളവും തണ്ണീര്പ്പന്തലു-
മണകെട്ടീടിന പുഴയും വെളുവെളെ
മണലും വിമലോദകവുമിടയ്ക്കിടെ
മണമേറും ചില പൂങ്കാവുകളും
പണമേറുന്ന വണിക്കുകളുടെയാ-
പണവും കേദാരങ്ങടെ വിളവിൻ -
ഗുണവും നിരവധി വിപ്രവരാലയ-
ഗണവും ചേര്‍ന്നൊരു വഴിയേ മാലൊരു
കാണവും ചേര്‍ന്നിടാതെ കമലേ.
ക്ഷണനുടെ നഗരേ ചെന്നു സുശീലൻ.
സുപ്രഭരത്നംകൊണ്ടു പടുത്തൊരു
വപ്രകുലം, മണിഗോപുരനികരം,
ശുഭപ്രഭകളിണങ്ങി വിളങ്ങിടു-
മദ്രംകഷമണിസൌധസഹസ്രം,
നര്‍ത്തകിമാരുടെ മഞ്ജീരധ്വനി,
മദ്ദളവീണാകാഹളനാദം
ഉത്തമശീതളപരിമൃദുവാതം
നൃത്യന്നിഷ്കുടപരിമളവാഹം,
സേനാനകമുഖവാദനഘോഷം,
നാനാവാഹനഗമനവിശേഷം,
ആനകളുടെ ഗംഭീരനിനാദം,
ദാ നവശാസനകീര്ത്തനഘോഷം,
തുശേഖുരോൽക്കടചടചടരടിതം,
ധരണീസുരനിഗമാഗമവാദം,
പരമോത്സവരസമിങ്ങനെ തിങ്ങിന
പുരമതിലേയ്ക്കു കടന്നു കുചേലൻ.
മണിഗണവിരചിതവപ്രകദംബം,
ഘൃണിചൊരിയും ബഹുഗോപുരജാലം,
അണിമതിശിലകൊണ്ടഞ്ജനവധിനിലയ-.
പ്പണികളുമവിടെക്കണ്ടുതുടങ്ങി.
തോരണമാലകളാകിന മുക്താ-
ഹാരസമൂഹം മുകളിലശേഷം.
താരാനിരകളണഞ്ഞു നിരന്നതു
പോരാ കാണുകിലതിനുടെ ചന്തം.
സാരസവാപിയിൽനിന്നു സദാപി സ-
മീരനണഞ്ഞു സമസ്തജനാനാം
നീരജമധുകണമായവിടെപ്പെരു-
മാറിടുമവരെത്തര്പ്പിയ്ക്കുന്നു.
പതിനാറായിരവും പുനരെട്ടും
സതിമാർ വാഴും മണിസൌധത്തിൻ-
തതിയും, പലപല പെരുവഴികളുമതി-
മതിമാന്മാരാം മക്കൾ വസിയ്ക്കും
പുതിയതരം പുരനിരയും, സാത്വത-
പതിയുടെ വല്ലഭമാരുടെ ചേടീ-
ഗതിയിലെ നൂപുരശിഞ്ജിതരവവും;
അതിമണമിയലും തുളസീവനവും,
മതിലുകളും, മണിമയമാം നഗര-
ക്ഷിതിയലിതെല്ലാം തെളിവൊടു സതതം
പ്രതിബിംബിക്കുക കാരണമായി,
താഴത്തേയ്ക്കോ മേൽപ്പോട്ടോ പണി-
യൂഴിയിൽനിന്നെന്നതിസന്ദേഹം.
ദിവ്യാഭരണമണിഞ്ഞു വിളങ്ങും
ഭവ്യാകാരന്മാരല്ലാതെ
അവ്യയനായിടുമച്യുതനമരും
നവ്യപുരത്തിലൊരുത്തരുമില്ല.
മാടുകൾപോലെ തടിച്ചു ലസിയ്ക്കും
മാടുകളുടെ മണിഗോഷ്ഠസമീപേ
കോടിയിലധികം വത്സന്മാർ കൂ-
ത്താടി രസിപ്പതുമധികമനോജ്ഞം.
അന്തസ്സാരമിയന്ന മഹീസുര-
നന്തസ്സാലമതങ്ങു കടന്നു.
ദന്താവളമുഖനിലയം മണിമയ-
മന്തികസീമനി കണ്ടു തദാനീം.
ശങ്കരനിലയം, വിഷ്ണുക്ഷേത്രം,
പങ്കമകന്നൊരു ദുര്ഗ്ഗാനിലയം,
അങ്കണകേതു പ്രാകാരാദിക-
ളങ്കുരിതദ്യുതിഗോപുരനികരം,
കമലകദംബം വിലസീടും പല
വിമലജലാശയനിരയിൽ വിളങ്ങും
ഭ്രമരമരാളവിരാവം മരതക-
രമണീയായതസോപാനങ്ങൾ.
ഓത്തമ്പലവും, കൂത്തമ്പലവും,
കീര്ത്തനശാലകളാനപ്പന്തലു-
മാൽത്തറകളുമെല്ലാമാ ക്ഷിതിസുര-
നാത്തകുതൂഹലമവിടെക്കണ്ടു.
ഒന്നാംകളം കഴിഞ്ഞു.
ക്കുലകളപൂപം കൊട്ടത്തേങ്ങ
മലർമധ നറുനെയ്യിക്ഷുദ്രാക്ഷാ-
ഫലനിര വറപൊടി ചെറുനാരങ്ങ
പലതരമിങ്ങിനെ മുഖരുചികൂടും
പലഹാരങ്ങൾ ചമച്ചവയെല്ലാം
വലിയ മഹാമണിമണ്ഡിതപത്രാ-
വലിയിലമര്ത്തി നിറച്ചു നിരത്തി
ജലഗന്ധാക്ഷതകുസുമാദികളാ-
മലഘുവിശിഷ്ടദ്രവ്യസമേതം
മലമകളുടെ മകനാകിയൊരാന-
ത്തലവാ! നിന്നെപ്പൂജിക്കുന്നേൻ.
ചില തൊഴിലടിയൻ തുടരുന്നേരം
തിലമണിയോളം തടവണയാതെ
നലമൊടു സാധിപ്പിക്കുക സജ്ജന-
കുലദൈവതമേ! വിലസെന്നകമേ-
കുറ്റം പലതും നമ്മുടെ വാക്കിനു
പറ്റും, ചിലരതു കേൾക്കുന്നേരം
നെറ്റി ചുളിക്കും, ദന്തമിളിക്കും,
മറ്റും പലപല ഗോഷ്ടികൾ കാട്ടും.
മുറ്റും ദുർജ്ജനപരിഹാസത്തിനൊ-
രൊറ്റക്കാരണമതിധാരാളം.
ചെറ്റു ഭവൽക്കനിവകൃതിതിലതിനാ-
ലിറ്റു തുളിച്ചിതു മധുരിപ്പിക്ക.
പുസ്തക ജപപടവരദാഭയയുത-
ഹസ്തകദംബേ! ഭാരതിയംബേ!
നിസ്തുലരസമൊടുമെൻമുഖരംഗേ
നൃത്തം ചെയ്യുക നീ വിമലാംഗേ!
കരുണാസാഗര! മൽഗ്ഗരുവര! തവ
ചരണസരോജം വന്ദിക്കുന്നേൻ.
കരയുഗളം മമ ശിരസി കമുഴ്ത്തി-
ത്തരണമൊരാശിർവ്വചനമിദാനീം.
അടിയനൊരാഗ്രഹമുണ്ടതു നിന്തിരു-
വടിയൊരനുഗ്രഹമരുളിടുമെന്നാൽ
വടിവൊടു സാധിക്കാമെന്നല്ലതു
പൊടിപൊടിയാക്കിത്തീര്ക്കാംതാനും.
ശ്രുതിയും സ്മൃതികളശേഷവുമാഗമ -
തതിയും സര്വ്വകലാവിദ്യകളും
പതിനെട്ടു പുരാണങ്ങളുമെല്ലാം
മതിമട്ടാതെ പഠിച്ചെന്നാലും
ഗുരുവരകരുണ ലഭിക്കാതുള്ളൊരു
പുരുഷനിതഖിലം വിഫലംതന്നെ.
ഒരു പദമെങ്കിലുമത്യാവശ്യം
വരുമൊരു സമയം തോന്നുകയില്ല.
ഹരിയും, ഹരനും, സരസിജഭവനും,
സുരകുലവും, നരകുലവുമിതെല്ലാം
ഗുരുശുശ്രൂഷാകരനുടെ ഭൃത്യ-
പ്പരിഷകളാണതു സംശയമില്ല.
അറിവില്ലാതേ പലതും ഞാൻ പല-
കുറിയും ചെയ്തൊരു പിഴകളശേഷം
കരുണയൊടാശു പൊറുത്തു വരം പര-
മരുളുക കിഞ്ചന കവിത ചമപ്പാൻ,
ചിത്തേ! സകലസ്ഥാവരജംഗമ-
വിത്തേ! പരമാനന്ദശരീരേ!
ചിത്തേ നിഗമസഹസ്രങ്ങൾക്കും
സത്തേ! നിന്നെ നിനച്ചീടുന്നേൻ.
* * * *
ഭൂതലമതിലിഫ പണ്ടു 'കുചേല'-
ഖ്യാതനൊരൂഴീസുരനുണ്ടായി;
ഭൂതദയാനിധിയാഗമനിഗമ-
വ്രാതമശേഷമറിഞ്ഞു തെളിഞ്ഞോൻ.
കനിവുപുലര്ന്നൊരു 'സാന്ദീപനി'യാം
മുനിയുടെ മനമതിലെഴുതിയതെല്ലാം
വിനയം ചേര്‍ന്ന കുചേലൻ തന്നുടെ
മനമതിലേയ്ക്കു പകർത്തിയെടുത്തു.
ശീലത്തിന്റെ വിശേഷം പാർത്താൽ
പാലിനുമവനുടെ മധുരതയില്ല.
നാലു ജനങ്ങളിണങ്ങുകിലങ്ങു കു-
ചേലഗുണങ്ങളുരപ്പതു കേൾക്കാം.
വൃദ്ധജനത്തിനു സമ്മതമായൊരു
പദ്ധതിവിട്ടു നടക്കാതുള്ളൊരു
ശുദ്ധബ്രാഹ്മണനായ കുചേലൻ
നിര്ദ്ധനനല്ലോ പണ്ടതന്നെ.
സവ്വഗുണങ്ങളുമൊരുവനു ദൈവം
ചൊവ്വൊടു നല്ലുകയില്ലെന്നാലും
ഉര്വ്വീവിബുധന്മാര്ക്കീവണ്ണം
ദുര്വ്വിധഭാവം ദുര്വ്വഹമല്ലോ.
ദാരാഗ്രഹണമനര്ത്ഥാഗമന-
ദ്വാരമതെന്നറിവുണ്ടെന്നാലും
ദാരിദ്രക്കടൽനടുവിലഗാധത-
പോരാഞ്ഞവനൊരു വേളികഴിച്ചു.
പ്രാരബ്ധത്തിൻ പ്രഭുത തടുപ്പാ-
നാരെക്കൊണ്ടു കഴിഞ്ഞീടുന്നു?
നീരജസംഭവമുഖ്യന്മാരും
പ്രാരബ്ധത്തിന് വരുതിയിലല്ലോ.
അങ്ങിനെ തന്നുടെ സദൃശിയതായിടു-
മംഗനയൊത്തു വസിച്ച കുചേലൻ.
സംഗവിഹീനൻ ഗാര്‍ഹസ്ഥ്യത്തിനു
ഭംഗമണഞ്ഞീടാതെ നടത്തി.
ഇല്ലം കണ്ടാലധികം മോശം
കല്ലും മരവും തെല്ലും നാസ്തി
ഇല്ലിയുമീന്തൽപ്പട്ടയുമിഞ്ചി-
പുല്ലുംകൊണ്ടാണറയുംമറയും.
മട്ടുമാറി
അടപ്പുമൌപാസനവും നനഞ്ഞീടാതെ
കുടപ്പനയോല തെല്ലു മുകളിലുണ്ടു്.
കടപ്പുല്ലുകൊണ്ടു കെട്ടിക്കടമുണ്ടാക്കി
കിടപ്പാനായ് വെച്ചിട്ടുണ്ടു ബഹുപാവനം.
ഉടുപ്പാനുണ്ടോരോ തുണി രണ്ടുപേർക്കും
കടുപ്പമതേറെക്കീറി മുഷിഞ്ഞു നാറി.
കടക്കൊള്ളി മിന്നിടേണം രാത്രിയായാൽ
നടക്കാനായ് വേറെയൊന്നും വെളിച്ചമില്ല.
മട്ടുമാറി
ആഹുതിചെയ്വാനുള്ള ഹവിസ്സിനു-
മാഹാരത്തെ നിവര്‍ത്തിപ്പാനും
'ദേഹി'യിരന്നു നടക്കാതൊരു നിര്-
വ്വാഹവുമില്ലതു പറവാനുണ്ടോ?
വേളികഴിച്ചെന്നാലും കാന്തയെ
ലാളിപ്പാനവനവസരമില്ല.
വ്രീളകെടുപ്പാനവനൊരു 'പിച്ച-
പ്പാള കൊടുത്താൻ പ്രിയയുടെ കയ്യിൽ
പതിയുടെ ധനമിൽകരവും കാണി-
ച്ചതിസന്തോഷാൽ വാങ്ങിച്ചിട്ടവൾ
പതിവായോരോ ഗൃഹമതിൽ യാചി-
ച്ചതിനായിങ്ങിനെ യാത്രതുടങ്ങി.
ഒന്നാംദിവസമൊരില്ലത്തായവൾ
ചെന്നു ഭിക്ഷയെടുപ്പാനായി;
അന്നവിടത്തെയകത്തുള്ളാളുകൾ
വന്നാദരപൊടു സമ്മാനിച്ചു
അരിയും ഘൃതവും കറികൾക്കുള്ളതു
മിരുവക്കും മതിയാകാൻ മാത്രം.
അരിമയൊടെണ്ണയുമേകി മനോഹര-
മുരിയാടീ മൃദുഹാസസമേതം
"ബാലേ! നമ്മുടെ ഗൃഹമെല്ലാമൊരു-
പോലേയെന്നു നിനയ്ക്കു സുശീലേ!
മാലേതും ഹൃദി കടുദാരിദ്ര്യ-
ത്താലേ വേണ്ടാ ഞങ്ങളിരിക്കേ.
ഒന്നിനുമവിടെയൊരത്യാവശ്യം
വന്നാലല്ലലശേഷം വേണ്ടാ.
നന്ദിയൊടപ്പൊഴുതിത്രത്തോളം
വന്നാലുള്ളതു കൊണ്ടുഗമിയ്ക്കാം."
ഇങ്ങിനെയെല്ലാമഴലൊഴിവാനവർ
ഭംഗി പറഞ്ഞൊരു സമയത്തിങ്കൽ,
അങ്ങിനെയാകാമെന്നുമുരച്ചവ-
ളങ്ങു ഗമിച്ചാളന്തണപത്നി.
രണ്ടാംദിവസം ചെന്ന ഗൃഹത്തിലു-
മുണ്ടായിതു പുനരങ്ങിനെതന്നെ.
തണ്ടാർദളമിഴിയോരോ ദിക്കിൽ
തെണ്ടിപ്പലനാൾ ചിലവു കഴിച്ചു.
തെല്ലു കഴിഞ്ഞ ദശായാമാളുകൾ
നെല്ലു കൊടുത്തുതുടങ്ങി പതുക്കേ.
ഇല്ലങ്ങളിലവൾ ചെന്നാൽ ചിലരുട-
നില്ലായെന്നു നടിച്ചുതുടങ്ങി.
മട്ടുമാറി
അല്പംദിവസംകൊണ്ടു വിപ്രപത്നിയെക്കണ്ടാൽ
അപ്രിയം ചൊല്ലും ചിലരപ്രകാരത്തിലായി.
അക്കാലമന്തര്ജ്ജനസല്ക്കാരം ക്രമംകൊണ്ടു
മുക്കാലും 'ദര്‍ഭേ കുശേ വയ്ക്കോലേ'യെന്നായ്വന്നു.
ഭര്‍ത്താവിനോടു ചെന്നീ വൃത്താന്തമറിയിപ്പാൻ
സ്വസ്ഥമാം നേരമില്ല കൃത്യങ്ങളേറുകയാൽ.
സന്തതം നിശതന്നിലന്ത്യമാം യാമത്തിക-
ലന്തണൻ കുളിയ്ക്കുവാൻ ഹന്ത! ഗമിയ്ക്കയായി.
സന്തതസ്നാനം ധ്യാനം സന്ധ്യാനിയമകര്മ്മ-
സന്താനം സരോരുഹബന്ധുനമനാദികൾ,
അച്യുതവിഗ്രഹത്തിലര്ച്ചനം പുഷ്പാഞ്ജലി
ഉച്ചയ്ക്കു കുളി ഹോമം നിശ്ചലവ്രതമേവം.
ഉണ്ടെങ്കിലല്പമന്നമുണ്ടെന്നും വരും ഗ്രന്ഥം-
കൊണ്ടുള്ള പണിയായി മിണ്ടുവാനിടയില്ല.
രണ്ടുനാഴികപ്പകൽ കണ്ടു കുളിപ്പാൻ നട-
കൊണ്ടീടും ഭുവി വിളികൊണ്ട് കുചേലവിപ്രൻ.
മിത്രനസ്തമിച്ചെന്നാൽ പത്തു നാഴികവരെ
ചിത്തഭക്തിയാൽ പുരുഷോത്തമസേവതന്നെ.
ആയതിന്നനുകൂലം ജായയും, രണ്ടുപേരും
കായം മെലിഞ്ഞു വല്ലാതായൊട്ടുകാലത്താലെ.
മട്ടുമാറി
അരികത്തുള്ള ഗൃഹങ്ങളിലതുപൊഴു-
തരിയും നെല്ലും കിട്ടാതായിീ
തരുവിൻ ഫലമൂലങ്ങളുമങ്ങവൾ
വിരവൊടു നോക്കി നടന്നുതുടങ്ങി.
നാളും തിഥിയും ശരവും ശകുനവു-
മാളും തരവും ധനികന്മാരുടെ
റൂളും നോക്കിപ്പിച്ചയ്ക്കണികുഴ-
ലാളുമിരന്നു വശംകെട്ടുടനേ
നീളും നിശ്വാസത്തൊടു പുന'രരി-
വാളു'മെടുത്തു നടന്നുതുടങ്ങി.
ആളും ജഠരകൃശാനുവിനിരയാ-
ത്താളും തകരയുമായവസാനം.
അന്നം ചെല്ലാഞ്ഞന്തർജ്ജനവും
തന്നുടെ പതിയും പരവശരായി.
ഖിന്നതയാ നിജകര്മ്മവിപാകം
തന്നത്താനവളോർത്തുതുടങ്ങി.
മട്ടുമാറി
ഏതു കഠോരതരപാതകംമൂലമെന്റെ
ജാതകമിപ്രകാരം ഘാതകമായിവന്നു.
ചാര്‍ച്ചയ്ക്കു വരുന്നോരും വേഴ്ചയ്ക്കു വരുന്നോരും
കാഴ്ചയിലശ്രു തൂകും വേഴ്ചയിൽ മൃതി നല്ലൂ.
'ദേഹി'യെന്നിരക്കുന്ന ദേഹിയെ മുജ്ജന്മത്തിൽ
ദ്രോഹിച്ചിട്ടുണ്ടു ഞാനെന്നൂഹിച്ചിടുന്നേനിപ്പോൾ.
ഉച്ചയ്ക്കു നീർ കുടിപ്പാനിച്ഛിച്ച പശുക്കൾക്കു
പച്ചവെള്ളത്തെ നിരോധിച്ചു ഞാൻ പണ്ടു നൂനം.
ജന്തുക്കളുടെ ഗതിയെന്തു ഞാൻ നശിപ്പിച്ചു
സന്തതമിപ്രകാരം സന്താപം ഭവിക്കുവാൻ?
സ്ഥൂലിച്ചു വളരുന്ന "മൂലക്കുരു'വെന്നതു-
പോലിന്നു ദരിദ്രത മാലേറ്റം വരുത്തുന്നു.
ആലസ്യം വളർത്തുന്നു കോലം മെലിപ്പിയ്ക്കുന്നു
ചാലേ തെല്ലിരിയ്ക്കുവാൻ മേലെന്നു വരുത്തുന്നു.
ദുഃഖമൊന്നുളവായാലക്കാലമിതാണേറ്റ-
മുൽകടമെന്നു ലോകരുൾക്കാമ്പിൽ നിനയ്ക്കുന്നു.
പ്രാണനെ വഹിക്കുവാനൂണിനെപ്പോലെ ബലം
കാണുകയില്ല വേറെ; പ്രാണികൾക്കുതുമൂലം
ദാരിദ്ര, സമാനമായോരാര്ത്തി വേറെയില്ല;
പാരിൽ പിറന്ന മത്സ്യനാരിയ്ക്കു വിശേഷിച്ചും.
ഉൽക്കടമായീടുന്നോരിക്കടൽ കടക്കുവാ-
നക്കര കാണുന്നില്ല ദുഷ്കരമെന്തു ചൊല്ലാം.
ദുഃഖങ്ങൾ മറ്റുള്ളവ മിക്കതും വരുത്തുന്ന
ദുര്‍ഗ്ഗതി നരന്മാര്‍ക്കു ദുർഘടം ദൈവതമേ!
മട്ടുമാറി
അണിയേണ്ടാ മേനി,ഗൃഹം പണിയേണ്ട, ശത്രുവേണ്ടാ,
മണിവേണ്ടാ, മാലവേണ്ടാ, തുണികൂടാതെന്തു ചെയ്യാം?
ഗതിയില്ലാതെയായാലും പ്രതിവാരം ഗൃഹികൾക്കു്
അതിഥിസൽക്രിയ ശാസ്ത്രം പ്രതിപാദിച്ചിരിയ്ക്കുന്നു.
ശ്രുതികളാഗമങ്ങളും സ്മൃതികളും ശാസ്ത്രങ്ങളും
പതിനെട്ടു പുരാണവുമിതിഹാസസമൂഹവും
പ്രതിപദം കേട്ടിനിയ്ക്കീ മതിതന്നിൽ വളർത്തുന്നു
അതിഥിസൽക്രിയയ്ക്കുള്ളോരതിരറ്റ ഗുണങ്ങളെ.
കൃതിയാകുമഗ്നിഹോത്രിക്ഷിതിദേവകുലരത്നം
സുകൃതിയാമദ്ദേഹത്തിന് പകുതിയാം ധര്‍മ്മപത്നീ
അകലെനിന്നെത്തും പാന്ഥപ്രകരത്തിന്നയ്യോ! താളും
തകരയും കൊടുക്കും ദുഷ്പ്രകൃതിയായ്ത്തീര്ന്നുവല്ലോ.
അഗതിയാമിവൾക്കുള്ളോരഘമിതു പാർത്തിടുമ്പോൾ
തകരുന്നു മനം, കായം പകരുന്നതെന്തു ചൊല്ലാം.
അല്ലലിതാസകലം വല്ലഭനോടു ചെന്നു
ചൊല്ലുകതന്നെ നമുക്കല്ലാതെ ഗതിയുണ്ടോ?
മതിതന്നിലേവമോര്ത്തു സതികൾക്കു ഭൂഷാരത്നം
പതിയുടെ സമീപത്തേയ്ക്കതിമന്ദം യാത്രയായി.
കുഴിയായ ദൃഷ്ടികളിൽ വഴിയുന്ന കണ്ണീരോടും,
അഴിയും സന്ധികളോടും, കുഴയും പാദങ്ങളോടും,
എക്കിവലിച്ചു മദ്ധ്യം ചുക്കിച്ചുളിഞ്ഞ ഗാത്രം,
ശുഷ്കസ്തനങ്ങ,ളിവയൊക്കെത്തികഞ്ഞ പാത്രം,
വക്കത്തു സഹസ്രംകെട്ടൊക്കുന്ന നാറത്തുണി
ഒക്കുവെച്ചുടുത്തവൾ പുഷ്കലതാപത്തോടെ,
വേരറ്റ ലതപോലെ, നീരറ്റ പുഴപോലെ,
താരറ്റ മാലപോലെ, ദാരിദ്ര്യമൂര്ത്തിപോലെ;
സൂരികൾക്കൊരു മണിഹീരമാം കുചേലന്റെ
ചാരത്തു ചെന്നു നല്ല നേരത്തു കൂപ്പിനിന്നു.
'എന്തു നീ വന്നതെ'ന്നായന്തണശിരോമണി
ചിന്തയാ സഗൽഗ്ഗദം മന്ത്രിച്ചു സനിശ്വാസം.
തൊണ്ട് കിടുകിടുത്തുംകൊണ്ടു വേപഥുഗാത്രി
ഇണ്ടലുരപ്പാനായിക്കൊണ്ടുടനാരംഭിച്ചു.
പദം
."ജീവനാഥ! ഭൂരികൃപാശേവധേ! ഞാൻ കൈതൊഴുന്നേൻ
കേവലം മേ ഗതി തവ ചേവടിയല്ലോ.
സങ്കടങ്ങളുരയ്ക്കുവാൻ ശങ്കകൊണ്ടു മടിക്കുന്നേൻ
എങ്കടുമാൽ ഭവാനുമാതങ്കുമാവില്ലേ?
എങ്കിലും ഞാൻ കഥിക്കുന്നേൻ മങ്കമാര്ക്കുള്ളഴലെല്ലാം
തങ്കണവന്മാരാണല്ലോ പങ്കുകൊള്ളേണ്ടു.
നമ്മുടെ പൊറുതിയേക്കാൾ നന്മ ജന്തുവൃത്തിയല്ലോ
കന്മഷമില്ലവർക്കല്ലോ കര്മ്മവൈകല്യാൽ.
നിര്ദ്ധനന്മാര്ക്കോര്ത്തു കണ്ടാലര്ദ്ധമല്ലോ മനുജത്വം
ശുദ്ധതിര്യക്കായാലൊരു ബുദ്ധിമുട്ടില്ല.
മാടിനേക്കാൾ നമുക്കിപ്പോൾ മോടിയോരോ തുണിയല്ലേ
ആടലതു സമ്പാദിപ്പാൻകൂടിയുണ്ടയ്യോ.
അന്നദാനാൽ 'സുഖീഭവ'യെന്നതിഥിയാശീര്വ്വാദ-
മൊന്നു കേൾപ്പാൻ യോഗം നമുക്കെന്നുദിക്കുന്നു?
മന്ദവാതമേറ്റാൽ വീഴും മന്ദിരത്തിലഹോരാത്ര-
മെന്നുമേവം പാര്പ്പാൻ വിധി വന്നതു കഷ്ടം!
തറ്റുടുപ്പാൻ മേലാലിനിപ്പറ്റുമെന്നു തോന്നുന്നില്ല
ചുറ്റുവാനും കൂടിയിന്നു ചുറ്റലായല്ലോ.
ചുറ്റുമുള്ള വിപ്രാഗാരം ചുറ്റിയാലുമൊരുനേരം
കൊറ്റിനു കിട്ടുവാൻ വിധിയറ്റുപോയ് പണ്ടേ.
സൂത്രധര്മ്മംപോലിന്നഗ്നിഹോത്രകര്മ്മം നടത്തുവാൻ
മാത്രവും ലഭിക്കാഞ്ഞശ്രു വാർത്തുപോയല്ലോ.
പാണി രണ്ടും വറ്റാകാതിക്ഷോണിതന്നിലിപ്രകാരം
വാണിടുവാൻ കല്പിച്ചല്ലോ വാണിതൻ കാന്തൻ.
ദുഷ്ടയാണീയിവളെന്നു സ്പഷ്ടമായിയെന്നാകിലും
കഷ്ടത കളവാൻ മോഹം വിട്ടതില്ലൊട്ടും.
വാര്‍ദ്ധകത്തിൽ ഗദം മൂര്ച്ഛിച്ചൂര്ദ്ധ്വവായു വലിച്ചാലും
ആര്ത്തനാശ ചികിത്സയിൽ ചീര്ത്തിടുമല്ലോ..
ദ്വാരകയിലൊന്നു പോയിപ്പോരവേണം ഭവാനെന്നാൽ
തീരുവാനുള്ളതാണെങ്കിൽ തീരുമിത്താപം.
എണ്ണരണ്ടായിരത്തെട്ടു പുണ്ഡരീകാക്ഷികളുടെ
പുണ്യപുഞ്ജമായ യദുമണ്ഡലനാഥൻ,
എണ്ണിയാലുമൊടുങ്ങാത്തൊരുണ്ണികളുമൊരുമിച്ചു
വിണ്ണിലേ മട്ടരുളുന്നു പണ്ഡിതമൌലേ!
ബ്രഹ്മവിത്തേ! ഭവാന്റെ സബ്രഹ്മചാരിയല്ലോ സാക്ഷാൽ
ചിന്മയ,നാര്ക്കിതിലേറെ ജന്മസാഫല്യം?
ഇന്ദിരാവല്ലഭൻ കാമസുന്ദരനാം സതീര്ത്ഥ്യനെ
ഒന്നു കാണ്മാനാഗ്രഹമില്ലെന്നിതോ നാഥ!
ദീനരക്ഷയ്ക്കിന്നീവണ്ണം ഞാനൊരാളെ കേട്ടിട്ടില്ല
മാനുഷമല്ലഹോ! കൃഷ്ണദാനവൈദഗ്ദ്ധ്യം.
ദുഷ്ടനായ ദുശ്ശാസനൻ പട്ടഴിച്ച പാഞ്ചാലിയെ
സ്പഷ്ടമായിക്കൃഷ്ണൻ കാത്ത മട്ടതിചിത്രം.
അന്ധപുത്രനഴിച്ചിട്ടു ബന്ധു കൃഷ്ണനുടുപ്പിച്ചു
അന്തരീയം യാജ്ഞസേനിതൻതനു തന്നിൽ.
കോടി പാരമഴിച്ചിട്ടു മൂടി നൃപസഭയുടെ-
ശാടീമാത്രമഴിയ്ക്കുവാൻ കൂടിയില്ലേതും
ചത്തുപോയ പുത്രന്മാരെ പത്തിനെയൊരന്തണന്നു
അത്ര കൊണ്ടുകൊടുത്താനീയുത്തമശീലൻ.
അന്തകപുരത്തിൽ പോയ സന്തതിയെഗ്ഗുരുവിന്നു
ഹന്ത! ദക്ഷിണചെയ്തവനെന്തരുതാത്തൂ?
സത്യഭാമാഗൃഹാരാമവര്ത്തിയല്ലോ കല്പവൃക്ഷം
ചിത്രമെന്തിതിലധികം മര്‍ത്ത്യനു വേണ്ടു?
ദീനനാകും ഭവാനുടെ മേനി കണ്ടാൽ ക്രൂരന്മാരും
ദൂനചിത്തമാകും നന്ദസൂനുവോ പിന്നെ?
ത്വത്സഖാവായീടും ഭക്തവത്സലനെക്കാണ്ക പോയി
ത്വത്സമാലോകനം കൃഷ്ണനുത്സവമല്ലോ."
മട്ടുമാറി
സതിയാം പ്രണയിനി ചൊന്നതു മുഴുവൻ
കൃതിയാം വിപ്രൻ കേട്ട ദശായാം,
പതിവാം നാമംജപമതു കിഞ്ചന
മതിയാക്കിപ്പുനരിങ്ങനെ ചൊന്നാൻ:-
"ബാലേ! വാസ്തവമുരചെയ്യാം ഹൃദി
മാലേതും കരുതരുതു സുശീലേ!
ഫാലേ പത്മനിവാസൻ പോടിയൊ-
രാലേഖനമതു മാച്ചീടാമോ?
ദാരിദ്ര്യാര്ത്തികളൊഴിയണമെന്നാൽ
പ്രാരബ്ധംതാൻ ദയചെയ്യേണം.
ദ്വാരകതന്നിൽ പോയാലെന്തിനി
മേരുവിൽ വാണാലും ഫലമില്ല.
ധര്‍മ്മം ചെയ്യാതുള്ള ജനത്തിനു
ശര്‍മ്മം ദൈവതമരുളുകയില്ല.
ഉണ്മാനുണ്ടായാലും നിസ്വത
പിന്മാറുകയില്ലംബുജനയനേ!
പണ്ടം പാത്രം പശു വൃഷമശ്വം
തണ്ടന്തോളം തരി ഗജവൃന്ദം
കണ്ടം പരിജനമുപഗൃഹമിവ ഭൃശ-
മുണ്ടായാലും നിലയില്ലേതും.
അത്യാവശ്യം ദിനവൃത്തിയ്ക്കീ
പൃത്ഥ്വിയിലുള്ളൊരു വിഭവമശേഷം
ഹസ്താന്തര്ഗ്ഗതമാകിലുമാകാ
വിത്താകൃഷ്ടനു സംശയമില്ല.
കൊല്ലംതോറും ചെലവുകഴിഞ്ഞാ-
ലില്ലം പണി കഴിയാഞ്ഞഴലായി;
വല്ലവിധത്തിലുമൊപ്പിച്ചാൽ സുഖ-
മില്ലാ മതിമുഖി! മാളിക വേണം.
അധികച്ചിലവിനു മുതലുണ്ടാകണ-
മധനത മാനുഷനകലണമെന്നാൽ.
അധികത്തിന്റെ കണക്കിന്നേതൊരു
സുധിയോ ഹന്ത ഗണിച്ചീടുന്നു.
കനകാഭരണമണിഞ്ഞിടാഞ്ഞാൽ
മനസി മഹാമയമാകും ചിലനാൾ.
ധനമിനി മതിയെന്നുള്ളൊരു ഭാവം
ധനദനുമില്ലതു ബോധിയ്ക്കേണം.
വിത്തം മനുജനു മദഭാരത്തിൻ
വിത്താണങ്ങിനെയുണ്ടൊരു ദോഷം.
മത്തന്മാരുടെ മനസി യശോദാ-
പുത്രൻ കയറുകയില്ലതു നൂനം.
ഉത്തമപുരുഷസ്മൃതികൂടാതെ
വര്ത്തനമധികമധോഗതിമൂലം.
അത്രയുമല്ലാ ധനരക്ഷയ്ക്കു സ-
മര്ത്ഥതയില്ല നമുക്കിഹ തെല്ലും.
അത്രാണത്താലര്ത്ഥവിനാശം
സൂത്രാമാവിനുമുണ്ടാമല്ലോ.
സ്വത്തുണ്ടായി നശിച്ചീടുന്നതി-
ലുത്തമമധനത പണ്ടേതന്നെ.
ധനമല്ലാര്യേ! മനുജനു സുഖസാ-
ധനമതു ശമമാണെന്നറിയേണം.
മനസി യദൃച്ഛാലാഭംകൊണ്ടല-
മനിശം തൃപ്തി വഹിച്ചാലും നീ."
ഇത്ര പറഞ്ഞു കുചേലൻ ഹരിനാ-
മത്രയgമോതി വസിച്ചു യഥാവൽ.
തത്ര സമീപേ തൊഴുതുംകൊണ്ടു ക-
ളത്രവുമാകുലമായി വസിച്ചു.
ഒട്ടുകഴിഞ്ഞു കുചേലൻ തന്നുടെ
ദൃഷ്ടി മിഴിച്ചൊരു സമയത്തിങ്കൽ,
നട്ടതുപോലെ തന്നുടെ മുന്നിൽ
കുട്ടിനിതൻ നിലവങ്ങനെ കണ്ടു.
മുഖഭാവംകൊണ്ടാശാഹനനം
സുഖമായീലെന്നറിയുകമൂലം
ശുകമൊഴിയെത്തന്നരികേ ചേര്‍ത്തി-
ട്ടകലുഷനതിദയമിങ്ങിനെ ചൊന്നാൻ:-
"മാധ്വീഭർത്സകമധുരാലാപേ!
സാധ്വി! തപിയ്ക്കരുതേതുമപാപേ!
വാര്‍ദ്ധി കടന്നാ ദ്വാരാവതിപുര-
മൂര്ദ്ധസ്ഥാനേ പോയി വരാം ഞാൻ.
ദൃഷ്ടിയ്ക്കശുഭതയില്ലെന്നാൽ സുഖ-
വൃഷ്ടിഘനത്തെയുമഴകൊടു കാണാം.
കിട്ടീ വല്ലതുമെന്നാലതു ചില-
വിട്ടീടാതെ നിനക്കേകീടാം.
കുശലം കൃഷ്ണൻ ചോദിച്ചാൽ തവ
ദശയും കിഞ്ചന സൂചിപ്പിക്കാം.
ഭൃശമിബ്രഹ്മാണ്ഡങ്ങളിലെ സ്ഥിതി
വിശദം യദുപതിതാനറിയുന്നു.
പ്രഭുവെക്കാണ്മാൻ നാളെത്തന്നേ
ശുഭദിനമതിനിഹ സംശയമില്ല.
ത്രിഭുവനവിഭവാം ഭഗവാൻ തന്നുടെ
വിഭവമശേഷം വിരവൊടു കാണാം.
പ്രാഭവമുള്ള ജനത്തെക്കാണ്മാൻ
പ്രാഭൃതമൊന്നുമെടുത്തീടാതെ,
ശോഭനമല്ലാത്തതിനാൽ വല്ലതു-
മാഭീരാധിപനങ്ങു കൊടുപ്പാൻ
വല്ലതുമൊന്നിഹ സമ്പാദിക്കുക;
വല്ലഭമാകും കൃഷ്ണനതെല്ലാം.
നല്ലൊരു ഭക്തജനങ്ങൾ കൊടുക്കുവ-
തെല്ലാമവിടെയ്ക്കതിസന്തോഷം.
ഇന്നതു വേണമുപായനമെന്നി-
ല്ലെന്നുടെ സഹപാഠിയ്ക്കു കൊടുപ്പാൻ.
ഉന്നതവിഭുവിനു പൂവോ ഫലമോ
പൊന്നോ പണമോ ഭേദമതില്ല."
പതിയുടെ ഭാഷിതമിങ്ങനെ കേട്ടവൾ
മതിയതിലീവിധമോര്ത്തുതുടങ്ങി:-
"എതിരേ രമണനു പോകാറാകു-
ന്നതിനകമെന്തിഹ നേടീട്ടേണ്ടു?
കദളിക്കുലയായാലതു കൊള്ളാം;
കദനം യാത്രയിലധികം പറ്റും.
മധുരപദാർത്ഥം വല്ലതുമായാൽ
മധുസൂദനനതിരസമായീടും.
കാശില്ലാത്തവരതിനൊക്കെപ്പര-
മാശ നിനച്ചിട്ടെന്താവശ്യം?
ദേശാന്തരഗമനത്തിനു കൊള്ളാ-
മാശു കരിമ്പൊരു കോലു കിടച്ചാൽ.
അന്തഗൃഹതതിതന്നിലിരന്നാ-
ലെന്തു ലഭിച്ചിടുമെന്നറിയട്ടെ.
ദന്തിമുഖൻ മമ വിഘ്നമശേഷവു-
മുന്തിയകറ്റിത്തുണചെയ്യട്ടെ.''
എന്നു നിനച്ചവളന്തണവരരുടെ
മന്ദിരസീമനി ചെന്നൊരു സമയം,
നാലു ഗൃഹങ്ങളിൽനിന്നു ലഭിച്ചൂ
നാലു പിടിപ്പുന്നെല്ലു തദാനീം.
കാലം വൈകുകകൊണ്ടു മടങ്ങി നി-
ജാലയമതിൽ വന്നായതു വാട്ടി,
നല്ലൊരു മുസലം കിട്ടാഞ്ഞിട്ടൊരു
കല്ലു കരത്തിലെടുത്തു ചതച്ചൂ.
നെല്ലുടനവിലിൻ ഭാഷയിലാക്കി
നല്ലൊരു ശരിയായില്ലെന്നാലും
രാത്രി വെളിച്ചം കാണാതാ മൃദു-
ഗാത്രി ചതച്ചുണ്ടാക്കിയ പൃഥുകം,
പാത്രം കിട്ടാഞ്ഞൊരു കീറത്തുണി-
മാത്രം തപ്പിയെടുത്തതിലാക്കി.
കരു കിഴികെട്ടിസൂക്ഷിച്ചന്തണ-
പരിസരഭുവിതാൻ ചെന്നു കിടന്നു.
നിരവധിയായ മനോരാജ്യത്താൽ
വരനുണരുംവരെ രാത്രി കഴിച്ചു.
നല്ല പദാർത്ഥങ്ങളിലൊന്നെങ്കിലു-
മില്ലാ കൃഷ്ണനു കാഴ്ച കൊടുപ്പാൻ.
വല്ലവസുതനുടെ സഭയിൽ സസുഖം
ചെല്ലും നേരമുടുപ്പാനൊന്നും
വല്ലഭനധുനാ നൽകീടുന്നതി-
നില്ലാഞ്ഞയ്യോ! സങ്കടമായി.
കഷ്ടമമംഗലവേഷത്തോടാ-
വിഷ്ടപപതിയെക്കാണ്മാൻ ചെന്നാൽ,
വിട്ടില്ലെന്നതുവരുമോ കാവൽ-
പട്ടക്കാരുമകത്തു കടപ്പാൻ.
രാമസഹോദരനാമവിടുത്തെ-
ക്കാണ്മാനിടവന്നില്ലെന്നാകിൽ
മാമകകാന്തൻ വഴിനട പഴുതേ-
യാമതുതന്നേ മനസി വിഷാദം.
പരവശനാകിന പരമസഖാവിനെ
മരതകവര്‍ണ്ണൻ കണ്ടെന്നാകിൽ
ഒരു മാസത്തെച്ചിലവിനു വല്ലതു-
മൊരുവക നൽകാതിഹ ബത! വിടുമോ?
നാറി മുഷിഞ്ഞു സഹസ്രം ദിക്കിൽ
കീറി നുറുങ്ങിയ വസ്ത്രമുടുത്തും
വീറി നിറഞ്ഞ യദൂത്തമസഭയിൽ
കേറിയൊരുത്തനു ചെന്നീടാമോ?
അങ്ങിനെയോര്ത്താൽ പ്രഭുസഭയിൽ പുന-
രെങ്ങിനെ പോകും ഹന്ത! ദരിദ്രൻ.
മംഗലദേവതതന്റെ മണാളനു
സംഗതിയെല്ലാമറിയാമല്ലോ.
കാലവ്യവധാനത്താൽ സജ്ജന-
പാലൻ പതിയെ മറന്നില്ലല്ലീ?
താലാങ്കാനുജനന്ധാളിത്തമ-
താലോചിച്ചാൽ മൂഢതയാകും.
പത്തോ നൂറോ പണമേകീടുകി-
ലുത്തമമായി കാന്തനു കൃഷ്ണൻ.
സത്രപനായണയും പ്രിയനിന്നൊരു
വസ്ത്രവുമേകിലെന്നതു വരുമോ?
"ഇല്ലത്തുള്ളവരാരെല്ലാ'മെ-
ന്നല്ലോ വരുവതു കുശലപ്രശ്നം.
വല്ലഭനതുപൊഴുതെന്നുടെ കഥയും
ചൊല്ലുക മുറയാം ദുരയാകില്ല.
എന്നാലമ്പിലെനിയ്ക്കും ഭഗവാ-
നൊന്നോ രണ്ടോ കോടിപ്പുടവകൾ
തന്നീടുന്നതിനേകിയയച്ചിടു-
മെന്നു വരാമവിടെയ്ക്കോ വിഷമം!
അക്കഥയോരോന്നോര്ത്തവൾ വാണൂ;
കുക്കുടരണിതം ചെവികളിൽ നൂണൂ.
ചിക്കെന്നതു കേട്ടുന്നു കുചേലനു-
റക്കമുണർന്നു നടന്നു കുളിപ്പാൻ.
അംഗവിശുദ്ധികളഖിലം ഭൂസുര-
പുംഗവനങ്ങു കഴിച്ചൊരു ശേഷം
ഗംഗാസലിലംതന്നിലമന്ദമി-
റങ്ങി സ്നാനംചെയ്തു പതുക്കെ.
ഗോപി ധരിച്ചിട്ടതിനുടെ മേലേ
ചാപവിഹീനൻ ഭസ്മം തേച്ചു.
വാപീതീരേ മുണ്ടു വിരിച്ചു
ജാപനമസ്യാവിധികൾ കഴിച്ചു.
അവനീസുരമണി സന്ധ്യാവന്ദന-
ഹവനാദികളായുള്ളവയെല്ലാം,
ജവമൊടു മുട്ടിക്കാതെ കഴിച്ചി-
ട്ടവസാനിപ്പിച്ചാഗതനായി.
ശാസ്ത്രീക്ഷിതിസുരനന്തര്ജ്ജനവും
യാത്രയ്ക്കുളെളാരു വട്ടമൊരുക്കി.
തീര്ത്ഥകമണ്ഡലു മുളവടി പൃഥുകം
ചേര്‍ത്ത തുണിക്കിഴി കീറക്കുടയും
നാളീകാക്ഷി കൊടുത്തതു വാങ്ങി,
"നാളെ വരും ഞാൻ, കാക്കുക സന്ധ്യാ-
വേളയെ'യെന്നു പറഞ്ഞു നടന്നൂ;
മൂളിക്കൊണ്ടവൾ പിമ്പേ ചെന്നൂ.
പുരമതു വിട്ടു ഗമിച്ചപ്പൊഴുതാ-
വരനനുയാത്രയ്ക്കാശു പതിവ്രത
വിരവൊടു ദൃഷ്ടിയെ വിട്ടൂ; ശകുനം
വരുമൊരു കപിലപ്പശുവെക്കണ്ടു.
വരനെക്കാണാതായവളുടനേ
വരവിൻ കുശലത വരുവാൻ വേണ്ടി
പരദേവതയുടെ മുമ്പിൽ 'പൂണൂ-
ച്ചരടു'പിടിച്ചു ജപിച്ചുതുടങ്ങി.
മട്ടുമാറി
ആരണശിരോമണി ദാരനിര്ബ്ബന്ധം മൂലം
ദ്വാരകാമന്ദിരത്തിൽ ചേരുവാൻ വഴിനോക്കി.
കീറക്കുട ചുമലിൽ ചാരിയും, വടികുത്തി,
നീരഭാജനം കടചേരുന്ന കൈയിലേന്തി,
നാറക്കിഴി കക്ഷത്തിൽ പേറി നടന്നുകൊണ്ടാൻ.
ഓരോരോ മനോരാജ്യം ധാരാളം വിചാരിപ്പാൻ
നേരമുണ്ടായി യാത്ര ദൂരത്തേയ്ക്കാകമൂലം.
"ഉല്ക്കടസമുദ്രത്തിനക്കര കടക്കുവാൻ
തക്കമിന്നുണ്ടാകുമോ ശക്തനായ്വരുമോ ഞാൻ.
വാതാനുകൂലമേവം ജാതമായെന്നിരിയ്ക്കിൽ
പോതം കടന്നീടുവാനേതും പ്രയാസമില്ല.
ദ്വാരകതന്നിൽ ചെന്നാലോരോ പരിചയക്കാ-
രാ രാമഭദ്രകൃഷ്ണന്മാരല്ലാതാരുമില്ല.
ദൂരസ്ഥനാകുമെന്നെ ദ്വാരസ്ഥരകത്തേയ്ക്കു
നാറത്തുകിലോടെത്തും നേരത്തു കടത്തുമോ?
ഇല്ലത്തുനിന്നു യാത്രചൊല്ലിത്തിരിച്ചശേഷം
നല്ല ശകുനങ്ങളെയല്ലാതെ കണ്ടില്ലൊന്നും.
പുണ്യപുരുഷനാകും പുണ്ഡരീകാക്ഷൻതന്നെ
തിണ്ണന്നു കാണ്മാനിന്നെൻകണ്ണിന്നു ഭാഗ്യമുണ്ടോ?
എന്നുടെ തലമീതേ വന്നിഹ വലംവഴി
വന്നോരു പരുന്തിതാ നന്ദിച്ചു പറക്കുന്നു.
കണ്ണനെക്കണ്ടീടുവാൻ പുണ്യമുണ്ടെനിക്കെന്നു
നിര്‍ണ്ണയം ചൊല്ലിടുന്നുണ്ടണ്ഡജനാഥനിവൻ.
നന്ദസുതനെക്കാണ്മാൻ വന്നു സംഗതിയെങ്കിൽ
നന്നായീ വേളിയലട്ടെന്നു ഞാനോര്ത്തീടുന്നേൻ.
ശ്രീമാനാം ഗുരുവിന്റെ ധാമത്തിൽ വസിക്കുമ്പോൾ
രാമനിൽപ്പോലെയെന്നിൽ പ്രേമമക്കൃഷ്ണനുണ്ട്.
ഇഷ്ടനായീടുമെന്റെ ക്ലിഷ്ടതകളെയെല്ലാം
വിഷ്ടരശ്രവസ്സിന്നു സ്പഷ്ടമറിയാമല്ലോ.
ഇത്ര മലിനൻ ഞാനാ മിത്രത്തെക്കണ്ടീടുകിൽ
അത്തലവിടെയ്ക്കു വന്നെത്തീടുമെന്തു ചെയ്യാം?
പ്രായത്തിന്റെ കടപ്പാലോ കായത്തിൻ ചടപ്പാലോ
ശ്രേയസ്വിയ്ക്കെന്നെയറിവായില്ലായെന്നാകുമോ?
അസ്മയനായ കൃഷ്ണനസ്മദാദിയെപ്പോലെ
വിസ്തൃതി ഭവിച്ചെന്നാൽ വിസ്മയമെന്നേ വേണ്ടൂ.
ദേഹത്തെ മാറിയൊരു ദേഹിയെയറിയുമ-
ദ്ദേഹമോ സതീര്‍ത്ഥനെ ഹാഹന്ത! മറക്കുമോ?
ആനന്ദസ്വരൂപനെ ഞാനിന്നു കാണുമതു
നൂനമെൻവലങ്കണ്ണു താനേ ചലിച്ചീടുന്നു.
പണ്ടത്തെപ്പോലെ തോഷമുണ്ടാകും കൃഷ്ണനെന്നെ
കണ്ടാലതിന്നു മമ രണ്ടില്ല പക്ഷമേതും.''
മട്ടുമാറി
ഈവിധമുള്ള മനോരാജ്യത്താ-
ലാവൃതമതിയായ് വന്ന കുചേലൻ
ആവഴിയകലവു, മാതപമതിനെഴു-
മാവതിബലവുമറിഞ്ഞീടാതെ
തിരകളടിച്ചതിനിര്മ്മലമാകിന
ചരമപയോനിധിതീരമണഞ്ഞു.
തരണിസഹസ്രമുദിച്ചതുപോല-
ക്കരയിൽ വിളങ്ങും ദ്വാരക കണ്ടു.
വിരവൊടു കൊടിമരമുടിയിൽച്ചെമ്പടി-
നിരകൾ മരുത്തേറ്റാടീടുന്നു.
കരുണാനിധിയെക്കാണ്മാനിക്കരെ
വരുമൊരു ഭക്തജനങ്ങളെയെല്ലാം
'വരു വരു'വെന്നിഹ കൈകാട്ടി വിളി-
ച്ചരികിലണപ്പാനെന്നതു തോന്നും.
അക്കടലങ്ങു കടന്നു മഹീസുര-
നക്കരപറ്റിയ സമയംതന്നേ,
ഉൽക്കടപരമാനന്ദമഹാബ്ധിയി-
ലേയ്ക്കടിതെറ്റി മറിഞ്ഞു കുചേലൻ.
പുരടക്ഷിതിയായീടിന സിന്ധു-
ക്കരയിൽപ്പെരുവഴിയൊഴികേ ചുറ്റും
അരയന്മാരുടെ കുടിയിട കാണാ-
യരമനയേക്കാളധികമനോജ്ഞം.
തരികളസംഖ്യം വലകളസംഖ്യം
ഹരിമെയ്യെഴുതിയ പുരകളസംഖ്യം
അരിമയിലാര്ത്തു തളിര്‍ത്തു ഫലിച്ചതി-
സുരഭിലസുമതതി തൂകി വിളങ്ങും
തരുകുലമുടികളിലനിശം കൂകും
വരഖഗരണിതവുമതിരമണീയം.
ഫലമില്ലാതേ തടികളിലെങ്ങും
സ്ഥലമില്ലാതേ പനസമരങ്ങൾ.
കുലകളിലായിരവീതം മാങ്ങകൾ
നലമൊടു മാവിനുമുണ്ടതു നൂനം.
എന്നും തളിരും പൂവും ഫലവും
വന്നും പോയിയുമങ്ങിനെയല്ലോ
നന്ദതനൂജൻതന്നുടെ നാട്ടില
മര്ന്നീടുന്ന മരങ്ങളശേഷം.
തണലേറുന്ന നടക്കാവുകളും
കിണറും കുളവും തണ്ണീര്പ്പന്തലു-
മണകെട്ടീടിന പുഴയും വെളുവെളെ
മണലും വിമലോദകവുമിടയ്ക്കിടെ
മണമേറും ചില പൂങ്കാവുകളും
പണമേറുന്ന വണിക്കുകളുടെയാ-
പണവും കേദാരങ്ങടെ വിളവിൻ -
ഗുണവും നിരവധി വിപ്രവരാലയ-
ഗണവും ചേര്‍ന്നൊരു വഴിയേ മാലൊരു
കാണവും ചേര്‍ന്നിടാതെ കമലേ.
ക്ഷണനുടെ നഗരേ ചെന്നു സുശീലൻ.
സുപ്രഭരത്നംകൊണ്ടു പടുത്തൊരു
വപ്രകുലം, മണിഗോപുരനികരം,
ശുഭപ്രഭകളിണങ്ങി വിളങ്ങിടു-
മദ്രംകഷമണിസൌധസഹസ്രം,
നര്‍ത്തകിമാരുടെ മഞ്ജീരധ്വനി,
മദ്ദളവീണാകാഹളനാദം
ഉത്തമശീതളപരിമൃദുവാതം
നൃത്യന്നിഷ്കുടപരിമളവാഹം,
സേനാനകമുഖവാദനഘോഷം,
നാനാവാഹനഗമനവിശേഷം,
ആനകളുടെ ഗംഭീരനിനാദം,
ദാ നവശാസനകീര്ത്തനഘോഷം,
തുശേഖുരോൽക്കടചടചടരടിതം,
ധരണീസുരനിഗമാഗമവാദം,
പരമോത്സവരസമിങ്ങനെ തിങ്ങിന
പുരമതിലേയ്ക്കു കടന്നു കുചേലൻ.
മണിഗണവിരചിതവപ്രകദംബം,
ഘൃണിചൊരിയും ബഹുഗോപുരജാലം,
അണിമതിശിലകൊണ്ടഞ്ജനവധിനിലയ-.
പ്പണികളുമവിടെക്കണ്ടുതുടങ്ങി.
തോരണമാലകളാകിന മുക്താ-
ഹാരസമൂഹം മുകളിലശേഷം.
താരാനിരകളണഞ്ഞു നിരന്നതു
പോരാ കാണുകിലതിനുടെ ചന്തം.
സാരസവാപിയിൽനിന്നു സദാപി സ-
മീരനണഞ്ഞു സമസ്തജനാനാം
നീരജമധുകണമായവിടെപ്പെരു-
മാറിടുമവരെത്തര്പ്പിയ്ക്കുന്നു.
പതിനാറായിരവും പുനരെട്ടും
സതിമാർ വാഴും മണിസൌധത്തിൻ-
തതിയും, പലപല പെരുവഴികളുമതി-
മതിമാന്മാരാം മക്കൾ വസിയ്ക്കും
പുതിയതരം പുരനിരയും, സാത്വത-
പതിയുടെ വല്ലഭമാരുടെ ചേടീ-
ഗതിയിലെ നൂപുരശിഞ്ജിതരവവും;
അതിമണമിയലും തുളസീവനവും,
മതിലുകളും, മണിമയമാം നഗര-
ക്ഷിതിയലിതെല്ലാം തെളിവൊടു സതതം
പ്രതിബിംബിക്കുക കാരണമായി,
താഴത്തേയ്ക്കോ മേൽപ്പോട്ടോ പണി-
യൂഴിയിൽനിന്നെന്നതിസന്ദേഹം.
ദിവ്യാഭരണമണിഞ്ഞു വിളങ്ങും
ഭവ്യാകാരന്മാരല്ലാതെ
അവ്യയനായിടുമച്യുതനമരും
നവ്യപുരത്തിലൊരുത്തരുമില്ല.
മാടുകൾപോലെ തടിച്ചു ലസിയ്ക്കും
മാടുകളുടെ മണിഗോഷ്ഠസമീപേ
കോടിയിലധികം വത്സന്മാർ കൂ-
ത്താടി രസിപ്പതുമധികമനോജ്ഞം.
അന്തസ്സാരമിയന്ന മഹീസുര-
നന്തസ്സാലമതങ്ങു കടന്നു.
ദന്താവളമുഖനിലയം മണിമയ-
മന്തികസീമനി കണ്ടു തദാനീം.
ശങ്കരനിലയം, വിഷ്ണുക്ഷേത്രം,
പങ്കമകന്നൊരു ദുര്ഗ്ഗാനിലയം,
അങ്കണകേതു പ്രാകാരാദിക-
ളങ്കുരിതദ്യുതിഗോപുരനികരം,
കമലകദംബം വിലസീടും പല
വിമലജലാശയനിരയിൽ വിളങ്ങും
ഭ്രമരമരാളവിരാവം മരതക-
രമണീയായതസോപാനങ്ങൾ.
ഓത്തമ്പലവും, കൂത്തമ്പലവും,
കീര്ത്തനശാലകളാനപ്പന്തലു-
മാൽത്തറകളുമെല്ലാമാ ക്ഷിതിസുര-
നാത്തകുതൂഹലമവിടെക്കണ്ടു.
ഒന്നാംകളം കഴിഞ്ഞു.