-ഭാഗം ഒന്ന്-
കല്യം കൈ കൂപ്പി മുല്‌പാടിഭവരവദനം
ഭാരതീം ചേർത്തു ചിത്തേ
ചൊല്ലേറും വെൺപലക്ഷ്‌മാരമണഗുരുനിയോ-
ഗേന വേഗാതിരേകാൽ
ഇല്ലായ‌്‍വാൻ പൌനരുക്ത്യം കവിവരവചസാ-
മാത്തകൌണോത്തരാഢ്യാം
കല്യാണീമാരഭേ ഞാൻ കനിവൊടു ഭവതീം
വാഴ്ത്തുവാനുത്രമാതേ! 1
വിലസുക സഹ ലക്ഷ്‌മ്യാ വാണിയും ചേണുലാവും
മലർവിശിഖനുമേകീഭൂയ പൂമെയ്യിലെന്നും
കലിതരസമുദാരം കീർത്തിമാപദ്യ നീണാ-
ളുലകിലയി, വിളങ്ങീടത്ര കൌണോത്തരേ! നീ. 2
പൂണാരമാക തരുണീമണി ! നിൻകഴൽത്താ-
രേണീദൃശാം മുടിയിലൻപൊടു ഞാൻ പുകണ്ണാൽ
നീണാളിരിയ്ക്ക നിറമാർന്നരുളിന്റ കീർത്ത്യാ
കൌണോത്തരേ! ഗുണഗണോത്തരമിദ്ധരായാം. 3.
ക്ഷീരശ്രീ ചേർന്ന വാചാ സരസമിഹ മുള-
പ്പിച്ചു നിൻ കീർത്തിബീജം
പാരെപ്പേരും വിതച്ചിന്റഴകൊടു വിളയി-
ച്ചീടുവൻ നൂനമിഞ്ഞാൻ;
കാരുണ്യം നൽക്കവീനാം വളമതിനു, മിന-
ക്കെട്ടു കാക്കിന്റതെല്ലാം
മാരക്ഷാപല, നേതും വരതനു! കുറവി-
ല്ലത്ര കൌണോത്തരേ! മേ. 4
ചരണതളിർതലോടും, കൂടവേ പുഷ്‌പമാലാം
പരിചിനൊടു ഭരിയ്ക്കും, പിൻനടക്കും പ്രയാണേ
ഒരുപൊഴുതിലുമച്ചോ! വേർവിടാ വക്രഭാവം
പരിജനമിവ ഭദ്രേ! വേണി കൌണോത്തരേ തേ! 5.
മുറ്റാതോരണിതിങ്കൾ മങ്ഗലഗുണേ!
നിൻനെറ്റിയോടേറ്റുടെൻ
മുറ്റും തോറ്റതുമൂലമമ്മുകിലിടെ-
പ്പോയ്പ്പുക്കൊളിക്കിന്റതും
മറ്റും ബാഷ്പചയം തുഷാരസലില-
വ്യാജേന വാർക്കിന്റതും
പറ്റാ കാൺ, ബലിനാ വിരോധമെളിയോർ-
ക്കേണാക്ഷി, കൌണോത്തരേ! 6
നിരുപമഗുണരമ്യേ! നിൻമുഖേ പത്മസാമ്യം
വരതനു, പരിപൂർണ്ണം പാർത്തുകാണും ദശായാം
പരിമളഭരലോഭാൽ പുക്കിരിക്കിന്റളീനാം
നിര കുരുൾനിര, നൽത്തേൻ വാണി, കൌണോത്തരേ തേ. 7
എൾപ്പൂ കീഴ്പ്പോട്ടു നിൽക്കിന്റിതു തവ തനിയേ
ചാരുനാസാപുടത്തോ-
ടൊപ്പം വാരാഞ്ഞൊളിക്കിന്റിതു കിമപി കിളി-
ച്ചുണ്ടുമക്കൂടുതോറും
നൽപാലിന്നും നറുംതേനിനുമിനിയ, സുധാ-
വേണുവീണാദികൾക്കും
കല്പിയ്ക്കും ദീനഭാവം ദിനമനു നിതരാം
വാണി കൌണോത്തരേ! തേ. 8
വാരൺപും വക്ത്രലക്ഷ്‌മീസരസി സരസിജം
നേത്ര, മസ്‌മിൻ കുളിയ്ക്കും
മാരക്ഷ്‌മാപാലലീലാതിലകമണിയുമ-
കുങ്കുമം ചോരിവാ തേ,
ചാരുശ്രീ ചേർന്ന ചില്ലീ ചെറുതിര, ദശനാ-
ന്യത്ര സോപാനമാർഗ്ഗം
നേരെത്താതോരു ഫേനം മുറുവൽ, നിരുപമേ!
തത്ര കൌണോത്തരേ! തേ. 9
പ്രത്യേകം വക്ത്രപത്മേ വിലസുമലർമകൾ-
ക്കും മൊഴിപ്പെണ്ണിനും കേൾ
മുഗ്ദ്ധേ! പൊന്നൂയലാക്കിക്കനിവൊടു വിദധേ
കാതിരണ്ടും വിധാതാ,
ചിത്താനന്ദായ വേണം മണിമയമനയോർ-
ദർപ്പണദ്വന്ദ്വമെന്റും
ബുദ്ധ്യാ കല്‌പിച്ചു നിർമ്മിച്ചിതു കവിളിണയും
ചാരു കൌണോത്തരേ! തേ. 10
ശില്പ്‌പം കോലിന്റ തേൻകുപ്പിയുമമലഗുണേ!
ശംഖുമോമൽക്കഴുത്തോ-
ടൊപ്പിയ്ക്കാമോ നികാമം നവപുളകമനോ-
ഹാരിണാ ഹാരിണാ തേ?
അസ്മേരാഭിരാമാനനകനകസരോ-
ജന്മനാളത്വമസ്മിൻ
കല്പിക്കാമെന്റിദാനീം മതമിതു മതുനേർ-
വാണി കൌണോത്തരേ! മേ. 11
ഭംഗ്യാ വാർകൊങ്കയെന്നും മണികലശയുതം
മാരസാമ്രാജ്യലക്ഷ്മീ-
മംഗല്യസ്ഥാനമംസദ്വയമഹിതമണി-
ത്തോരണം മാറിടം തേ
ശൃംഗാരാവാസഭൂമേ, പുനരിരുപുറവും
തൂക്കുമപ്പുഷ്പമാലാ-
ശങ്കാമങ്കൂരയത്യമ്പൊടു കരയുഗളീ
തത്ര കൌണോത്തരേ! തേ. 12
കാണാമുണ്ടെങ്കിലിപ്പോളിതുനയനവതാ-
മെന്റുമില്ലെങ്കിലുണ്ടോ
പൂണാർമൽക്കൊങ്ക രണ്ടും കനമുപരി ഭരി-
ച്ചീടുമാറെന്റുമെല്ലാം.
നാനാശാസ്ത്രാർത്ഥയുക്ത്യാ നവരമതു പിണ-
ങ്ങിന്റിതന്യോന്യമിന്റും
ചേണാർമദ്ധ്യാവലോകേ ശിവ!ശിവ! വിദുഷാം
വാണി കൌണോത്തരേ! തേ. 13
കാതേലുംകണ്ണിമാർകൈശികമണികലികേ!
കാണ, തിസ്‌നിഗ്ദ്ധലീലാ-
ചേതോരമ്യാംഗി, രോമാവലിരിയമധുനാ
പാർത്തുകാണും ദശായാം
നാഥേ! നിൻ നാഭിയെന്നും നവബകുളനറും-
പൂവിൽനിന്റുല്‍പതന്തീ
വാർതോയും കൊങ്കയാം പങ്കജമുകുളമളി-
ശ്രേണി കൌണോത്തരേ! തേ. 14
വില്ലാളിവീരന്നലർവാണനോർത്താൽ
നല്ലാ(ർ?) മണിസ്യന്ദനമല്ക്കിടം തേ;
വെല്ലാമിദാനീമഖിലാം ത്രിലോകീം
കല്ല്യാണി! കൌണോത്തരയാം മനോജ്ഞേ! 15
പൊൽത്തൂണെന്റും മലർച്ചെഞ്ചരമണിനിലയ-
ത്തി, ന്നശേഷേണ യൂനാം
ചിത്താഖ്യം വാരണേന്ദ്രം വിരവിനൊടു തള-
ച്ചീടുമാളാനമെന്റും
പൃഥീചക്രം ജയിപ്പാൻ മദനനൃപമണി-
സ്യന്ദമെന്റും കവീന്ദ്രൈ-
രത്യാമോദേന വാഴ്ത്തും തുടയിണ സുമനോ-
വേണീ, കൌണോത്തരേ! തേ. 16
ആതുംഗം പോന്നുപൊങ്ങും കുമിള ജളതയാ
നീരിലാരോമലേ, തേ
വാർ തങ്കീടും മുഴങ്കാലൊടു സമതവരാ-
ഞ്ഞാശു താഴും തദാനീം,
ഖേദാൽ ഗേഹാന്തരാളേ വസതി ബത! മണി-
ച്ചെപ്പു, മാരേ പുകണ്ണോർ
മാതംഗേന്ദ്രപ്രയാണേ, മഹിതതരഗുണ-
ശ്രേണി കൌണോത്തരേ! തേ. 17
വായ്ക്കും നൽക്കേതകീനാം മുകുളമൊളിവെഴും
നിൻ കണങ്കാലൊടൊപ്പാ-
നാക്കം പോരാഞ്ഞു ലജ്ജാഭരനമിതമുഖം
കാൺക പൂങ്കാവുതോറും;
വായ്ക്കൊണ്ടാരാവമേഷാ വിലപതി കരുണം
കാകളീ കേകിജാലം
പോയ്ക്കൊണ്ടൂ കണ്ഠവുംകൊണ്ടടവിയി, ലതുലാ
ശക്തി കൌണോത്തരേ! തേ. 18
കാമ്യാം നിൻ പ്രപദദ്വയീം കനിവിനോ-
ടത്യന്തമൃദ്വീം ബലാൽ
കാണ്മാൻ കൈവരുമാകിലേകദിവസം
പോലും വിശാലേക്ഷണേ!
കൂർമ്മാഖ്യാം നിജമൂർത്തിമേഷ നിരസി-
ച്ചീടും മുരദ്വേഷിയും
കാൺ മുഗ്ദ്ധേ! ഗുണസാമ്യമമ്പൊടനയോ-
രോർത്തോർത്തു കൌണോത്തരേ! 19
ഉന്നിദ്രാംഭോജയുഗ്മം കഴലിണ, കളഹം-
സീകളാരാവമസ്‌മിൻ
ധന്യം ചേർപൊൽച്ചിലമ്പിന്നൊലി, മൃദുളദളാ-
ന്യംഗുലീനാം നികായം
കന്നൽക്കണ്ണാർമണേ, കാചന ചലനദശാ
ചംക്രമം, ഭൃംഗപാതാൽ
തുള്ളും തേൻതുള്ളിജാതം മതിമുഖി! നഖര-
ശ്രേണി കൌണോത്തരേ, തേ. 20
കാൽത്താരിൽക്കലരിന്റ കൈശികഭരാം
കർണ്ണാവസത്തേക്ഷണാം
ചീർത്തീടും കുളിർകൊങ്കയാം ചുമടെടു-
ത്താനമ്രമദ്ധ്യാങ്കുരാം
മാധ്വീസാരപരാഭവം പരിചിനോ-
ടേകിന്റെ വാക്യാമൃതാം
പേർത്തും കാണ്മതു ഞാൻ കദാ നു കലിതാ-
നന്ദേന കൌണോത്തരേ? 21
ഞാനിന്നാൾ തോഴ! കൌണോത്തരമലർവനിതാം
കണ്ടുകൊണ്ടന്യകാര്യേ
ദീനാത്മാ ഹന്ത! യാത്രാമുടനവശമുണർ-
ത്തീടുവാനാഞ്ഞ നേരം
കാണായി നേത്രകോണേ തദനു കരുണയും
നാണവും പ്രേമവായ്‌പും
ദീനത്വം താപവും കോപവുമനുനയവും
മാനവും മൽപ്രിയായാഃ 22
ഞാനും കല്യാണി കൌണോത്തരമതുമൊഴിയും
കേളതീതേ ദിനാന്തേ
തേനോലും പൂവറുപ്പാൻ നവരമുപവനേ
തോഴ! ചെന്റോരു
നേരം താനേ താനേ മദാശാലതിക ഫലവതീ
ദൈവയോഗേന, തസ്യാ-
മാനന്ദോന്മേഷമെന്നും കനി കനിവിലെടു-
ത്താസ്വദിച്ചേൻ തദാനീം. 23
നോക്കാ നോക്കും ദശായാമഹ, മണിവദനേ
ചേർക്കുമലസിതശ്രീ,
നോക്കും നോക്കായിൽ ഞാനങ്ങപരിമിതരസാ-
ഭോഗമാപാദചൂഡം,
സൌഖ്യം മേന്മേൽ വരുത്തിന്റിതു മനസി സഖേ!
മാനസേ മറ്റുമെല്ലാ-
മോർക്കുമ്പോൾ പ്രേമലജ്ജാഭരപരിമിളിതാ
വൃത്തി കൌണോത്തരായാഃ 24
-ഭാഗം രണ്ട്-
കുമ്പിട്ടമ്പോടു കുംഭിപ്രവരതിരുമുഖം
ദൈവതം, വാണിമാതിൻ
ചൊമ്പൊൽതൃക്കാൽ വണങ്ങി, ക്കരുതി മനസി നാ-
രായണപ്രാണനാഥാം
വമ്പുറ്റോലിന്റെ വാചാ പുകഴ്‌മണമണിവാ-
നിന്റു കൌണാത്തരാഖ്യാ-
മംഭോജാക്ഷിം കവിക്ഷ്‌മാരമണസുരലതാം
വാഴ്ത്തുവാനുദ്യതോ ഞാൻ. 1
ബാലാദിത്യാഭിധാനം കനകമണിവിള-
ക്കണ്ടു, പാലുണ്ടു പൂ...........
.. പൂർണ്ണേന്ദുസംജ്ഞം തദനു ഗണപതി-
ക്കുണ്ടു(?) മമ്മാ മനോജ്ഞം
കേളീ.......മേരുശൈലം പെരിയ പറനിര-
പ്പുണ്ടു, പൂവുണ്ടു താരാ-
ജാലം, വാഴ്ത്തീടുവാൻ നന്റവസരമധുനാ
ഹന്ത! കൌണോത്തര ! മേ. 2
കർപ്പൂരം കണ്ണിനോമൽത്തിരുവുരുവഖിലം
താവകം, പ്രാതിഭശ്രീ-
ശില്പം വിശ്വോത്തരം മാമകമിതു പുനരാ-
ശ്ചര്യമൊന്റിച്ചതെന്റാൽ
മുപ്പാർ മുങ്ങും പുകഴ്പ്പാൽക്കടൽനടുവിലെടോ
നിർണ്ണയം പുണ്യഭാജാ-
മിപ്പോഴാറാട്ടു കൌണോത്തരമലർവനിതേ,
വേണമാനന്ദസിഝൌ. 3
മയ്ക്കണ്ണാർമൌലി, കൌണോത്തരമലർവനിതേ
കേൾക്ക പൂമെയ് നറുംതേ-
നൊക്കത്തക്കപ്പൊഴിഞ്ഞീടിന മധുരഗിരാ
ഞാൻ പുകണ്ണാലിദാനീം
വിഖ്യാതം നിൻ പുകഴ്ച്ചിന്തവരവരകമേ
മൂളിയും പാടിയും പോയ്
സ്വർഗ്ഗസ്ത്രീണാം വിനോദത്തറമുകളിലര
ങ്ങേറുമിന്റന്തിയാമ്പോൾ. 4
ഉണ്ടോ കൂരിരുളിന്നുടപ്പിറവി പ-
ണ്ടാദൗ കലാനായക-
ന്നുണ്ടോ സന്തതി, കേളിരട്ടപെറുമോ
മാമേരു കാലാന്തരേ?
ഉണ്ടാമോ മദഹസ്‌തിമസ്‌തകമിളം-
തൂന്മേൽ, നറും കുപ്പിപോ-
ന്നുണ്ടാമോ പുനരാമമേ, ലനുപമേ,
നീ ചൊല്ലു കൌണോത്തരേ! 5
നീളും കാളഘനാഘനം ചികുരഭാ-
രാലോകനേ, കാനനേ
നീളെപ്പായുമൊളിച്ചൊളിച്ചു മറിമാൻ
നേത്രങ്ങൾ കാണുംവിധൌ
പാലോലുംമൊഴി! വട്ടമിട്ടുതിരിയും
പൊൽപ്പമ്പരം നേർപെടും
കാലം പോർമുലയോടു, നന്റു തിരുമെയ്
കൌണോത്തരേ! താവകം. 6
(സാ? നാ)കം പോകത്തുടങ്ങീ പരിചിനൊടരയ-
ന്നങ്ങ, ളെങ്ങും മുഴങ്ങീ
കേകാലാപം കലാപിപ്രവരഗളമഹാ-
കാഹളോത്ഥം ദിഗന്തേ,
ആകാശം മേഘപാളീകബളിത, മദയം
മാന്മഥം മാനസം നീ
ലോകോത്തീർണ്ണം, മനക്കാമ്പതിമൃദു കഴിവൊ-
ന്റില്ല കൌണോത്തരേ! മേ. 7
നിൻ നേത്രത്തൊടുനേരെനിയ്ക്കു രജനീ,
വൈവശ്യമോമന്മുല-
ക്കുന്റേടൊക്കു, മുറക്കമൂണുസുഖമെ-
ന്റിത്യാദി മദ്ധ്യോപമം,
ധന്യേ! മാരതുരാൽ നിതംബസദൃശം
നിന്നെപ്പിരിഞ്ഞീടിനാൽ
നിന്നെക്കാണ്മതിനൊണ്ടുപായമിവയോ-
രോന്റാർത്തു കൌണോത്തരേ! 8
തിങ്ങിപ്പൊങ്ങിത്തുടംപൂണ്ടനുപദമുരമി-
ട്ടൊന്റിനൊന്റോടുരുമ്മി-
പ്പൊങ്ങും വക്ഷോജഭാരം നഖരശിഖരവി-
ന്യാസധന്യം വഹന്തീ
ചെങ്ങും നേത്രാഞ്ചലകൊണ്ടുലകിടമഖിലം
മോഹയന്തീ സഖേ, കാൺ
ഭംഗ്യാ കൌണോത്തരപ്പൂംപുരികുഴലി വരും-
മാറു നിർമ്മായരമ്യം. 9
ചൊല്ലേറും കാമിനീകാമുകകലഹകലാ-
പാടനാശ്ചര്യവിദ്യാ-
കല്യം, ത്രൈലോക്യലക്ഷ്‌മീമണിമുകുര, മനം-
ഗാഗമാദ്വൈതസാരം
സ്വർലോകപ്രാതരാശം, ത്രിപുരഹരജടാ-
രത്ന, മാഖണ്ഡലാശാ-
കല്യാണം കാൺക കൌണോത്തരമലർവനിതേ!
സുന്ദരം ചന്ദ്രബിംബം. 10
കൌണക്ഷമാരമണവംശമണിപ്രദീപം
പ്രാണാ മമ, പ്രസവസായകമൂലദൈവം
വീണാഗിരാമണിമനോരഥവീചിമാലാ
കൌണോത്തരാമൃതരസായനമെന്തു ചൊൽവൂ. 11
ധാത്ര്യാ മംഗല്യമാലേ! നിഖിലതനുമതാ-
മംഗസൗന്ദര്യലക്ഷ‌്മ്യാ-
നേത്രാനന്ദം വളർത്തിക്കമലവിശിഖസാ-
മ്രാജ്യമുന്മീലയന്തീ
ആത്താനന്ദം വഴങ്ങിക്കനിവൊടു മണിവാ
പുണ്യഭാജാ മിരുന്നീ-
ടാസ്ഥാം കൈക്കൊണ്ടു കൌണോത്തരമലർവനിതേ!
നീളെനാൾ നീയിവണ്ണം. 12
ഒന്റായ്പ്പൊങ്ങിന മേഘമാല, വിളയും
ഖദ്യോത, മുദ്യദ്രസം
മിന്നും കേതകസൌരഭം, മല വലം-
വയ്ക്കും വലാകാഗണം,
മിന്നൽക്കൂത്തു, തിമിർത്തുകൊണ്ടുകരയും
നീർക്കോഴിനാദങ്ങളി-
ന്റുന്നമ്രസ്‌തനി ! താപകാരണമെനി-
യ്ക്കെമ്പോറ്റി കൌണോത്തരേ! 13
കാണിന്റോർ കണ്ണിനെണ്ണറ്റഴകെഴുമമൃതിൻ
തുള്ളിപെയ്‍വോന്റു പൂമെയ്
വാണീ പൈന്തേൻകുഴമ്പോടനവധി പടത-
ല്ലീടുവോന്റൂഢമാനം
പൂണാർമൽക്കൊങ്ക പങ്കേരുഹമുകുളമനോ-
ഹാരി, നൈതംബബിംബം
പ്രാണൻ മാരന്നു; കൌണോത്തരമലർവനിതേ!
നന്റു നിൻ ഭംഗി പാർത്താൽ. 14
പൂമെയ് കാണുന്ന നേരം മദനനു മദന-
ഭ്രാന്തി മേന്മേൽ മുഴുക്കും
കീൾമേലൊന്റന്തരിക്കും പെരുകിന മുനികൾ-
ക്കും വിലാസാവലോകേ
കാമക്കാമ്പിൽക്കലമ്പും പുതുമൊഴി ചെവിയിൽ
ച്ചെൽകി, ലാനന്ദലക്ഷ്മീ-
സീമാന്തം കണ്ടുകിട്ടും ചരിതമഴകുതെൻ
പോറ്റി കൌണോത്തരേ! തേ. 15
പെയ്‌തീടും കാളകൂടദ്രവമനവധി പൂ-
ർണ്ണേന്ദു, മന്ദാനിലൻതാ-
നാതുംഗാത്മാ കൊടുംതീച്ചെറുകനൽ ചൊരിയും
ഗാഢമാപാദചൂഡം
ഖേദം മേന്മേൽ വളർക്കും ചെവികളിലനിശം
കോകിലാനാം നിനാദം
നാഥേ! കൌണോത്തരേ! നിൻ തിരുവുരുവു പിരി-
ഞ്ഞാലെരിഞ്ഞെന്തു ചെയ്യൂ! 16
വായിൽക്കൊണ്ടാസ്വാദിപ്പുണ്ടുരുഗരളതരം
പാൽക്കുഴ, മ്പിന്ദുകാന്തി-
ത്തീയിൽച്ചാടുണ്ടു, മുല്ലപ്പുതുമലർമുനമേൽ
വീണുകാണ്മുണ്ടശങ്കം,
മായാപേതം പൊലിപ്പുണ്ടലർചരനലര-
മ്പാശു, മൽപ്രാണഭാരം
പോയീടും നൂനമെന്റേ കരുതി മനസി കൌ-
ണോത്തരേ! നിൻ വിയോഗേ! 17
നക്ഷത്രങ്ങളമുണ്ണമുണ്ണൊരു പയോ-
വാഹം, കലാനായകൻ
ചൊൽക്കൊള്ളും മണിമുത്തുതിർത്തു, പവിഴം
പെയ്യിച്ചിളംചന്ദ്രികാം
തിക്കിത്തങ്ങളിലംബരേ കുലഗിരി-
ദ്വന്ദ്വം നടംചെയ്യുമാ-
റക്ഷ്‌ണാ കാണ്മതിനെന്തുപായമയി, മേ
പാർത്തീടു കൌണോത്തരേ. 18
ചുറ്റിച്ചിന്നിന്റ മിന്നൽപ്പിണരു, മിടയിടെ-
ക്കൂട്ടിടിക്കൂട്ടവും, പാർ
മുറ്റഗ്‌ഘോഷം കൊളുത്തും ജലവിഹഗനിനാ-
ദങ്ങളും പ്രേമവായ്‌പും
അറ്റം കൂടാത രാവും തവ തിരുവുരുവും
മാരമാൽ പൂണ്ട ഞാനും
മുഗ്ദ്ധേ! കൌണോത്തരേ! കൂടുകിലലർവിശിഖ-
ന്നന്റു പട്ടാഭിഷേകം. 19
കാണിന്റോർകൺ കുളിർപ്പാ, നമൃതരസമമി-
ണ്ണോരു വാചാ വിശേഷി-
ച്ചാനന്ദം കൈയ്‌വളർപ്പാ, നഭിമതമറിവാ-
നാദരിപ്പാനനേകം
പ്രാണാലംബായ യൂനാ, മലർവിശിഖമഹാ-
രാജ്യവിദ്യാവിനോദം
മാനിപ്പാ, നിന്റു കൌണോത്തരമലർമകള-
ല്ലായ്കിലാരുർവരായാം? 20
കാളാംഭോധരപാളി താളിപിഴിയും
കറ്റക്കരിമ്പൂങ്കുഴൽ
ക്കാ,ലംബായ മുഖാവലോകസമയേ
നെയ്‍വെയ്ക്കുമിച്ചന്ദ്രമാഃ
കോലത്താർചരഭൂമിപാലകനക-
ക്കുംഭംതൊഴും പോർമുല-
യ്ക്കോ,ലക്കത്തൊടു നിന്നെ വാഴ്ത്തുവതിനി-
ന്റാമല്ല കൌണോത്തരേ! 21
മൂർത്ത ശൂലമുന മുല്ലമാല, കളഭം കഠോരഗരളദ്രവം,
പൂത്തശോകമരമോർത്തുകാൺകിലൊരു മൂർത്തി ഭക്ഷിതുമനുക്ഷണം;
വാസ്‌തവം പറകിലിന്ദുമണ്ഡലമെനിയ്ക്കു കാലകരവാളി, കൌ-
ണോത്തരേ! ഗുണഗണോത്തരേ! തവ വിശംകടേ വിരഹസങ്കടേ. 22
ആത്തസൗരഭമലഞ്ഞുലഞ്ഞലർ ചൊ-
രിഞ്ഞു(പൂവു)ടൽവിരഞ്ഞുപോയ്
പാർത്തലം പുനരിരിട്ടുമാറു വിരി-
യിന്റ ചാരുകബരീഭരം
ഗാത്രസീമനി പൊടിച്ചെഴിന്റ പുള-
കാഭിരാമമിനിയെന്റു കൌ-
ണോത്തരേ! രഹസി കാണുമാറു തവ
പഞ്ചസായകമഹോത്സവം! 23
ദൃഷ്ടേരത്യന്തസൌഖ്യം കലയതി തവ പൂ-
മെയ്യിതയ്യാ! തൊഴിന്റേൻ
വട്ടം കൈക്കൊണ്ട തിങ്കൾപ്രതികൃതിവദനേ
പാർത്തുകാണാത്തലീലം
എട്ടാശാചക്രവാളേ മലർചരനു ജയം
ചേർത്ത സാമ്രാജ്യലക്ഷ്‌മീ-
പട്ടം കെട്ടിച്ചു വാഴിച്ചരുളിന തിരുനേ-
ത്രേണ കൌണോത്തരേ! മാം. 24
മുല്ലപ്പൂഞ്ചായൽ നിന്റാൽ പൂവെടിതുടരി-
ന്റൊന്റു, പൊന്മാടെ വെല്ലും
മല്ലപ്പോർകൊങ്ക, മമ്മാ! തിരുമുഖമിതു പീ-
യൂഷധാരാഭിരാമം,
അല്ലിത്താർവാണവീരന്നഭിമതവിജയാ-
സ്ത്രം മിഴിത്തെല്ലു, നല്ലൂ
ചൊല്ലെത്തും കാമിനീനാം നിരുപമഗുണഗാ-
ത്രേണ കൌണോത്തരേ! നീ. 25
കാന്തിസ്മോമാഭിരാമം തവ തളിരൊളിമെയ്
വാഴ്ത്തുവാൻ വേലയത്രേ
ഞാന്തണ്ടിന്റില്ലതെന്റാലുമിതഴകൊടു ക-
ല്ല്യാണി, ചൊല്ലാമിദാനീം
ഏന്തിച്ചാനംഗതാപം നിഖിലതരുണരെ-
ച്ചാപലാംഭോധിമദ്ധ്യേ
നീന്തിച്ചാ നീലനേത്രാഞ്ചലവിചലനമാ-
ത്രേണ കൌണോത്തരേ നീ. 26
തൃക്കണ്ണിൻമുക്കിലമ്പുണ്ടഴകൊടു മനമേ,
ചെന്റു കണ്ടിങ്ങനേ നാ-
മഗ്രേ സേവിച്ചിരിപ്പൂ, ഫലപരിണതി കൈ-
വന്നു കൂടീടുവോളം;
തക്കം നേർപാർത്തു കൌണോത്തര തരുമണി(മ)ൽ-
ക്കൊങ്കമേലങ്കപാളീ-
മക്ഷീണാനന്ദ, മെന്മാനിത ചലതി വലം-
കണ്ട, ലംഖേദജാലൈഃ 27