കൊടുങ്ങല്ലൂർ 6-1-67
എന്നാലോ "മധുരാശിയാത്ര" തനതാം
കയ്യക്ഷരത്തിൽപ്പകര്‍-
ത്തൊന്നാലോചന വിട്ടു തെറ്റുകൾ ഭവാൻ
പോക്കീടുമെന്നിങ്ങനെ
നന്നായുള്ളൊരു നിശ്ചയത്തോടുമയ-
ച്ചീടുന്നു മാറ്റേണ്ടതൊ-
ന്നൊന്നായ് നോക്കി വെടിപ്പിലാക്കുക വിശേ-
ഷിച്ചുണ്ടു വീഴക്ഷരം.
വൃത്തിക്കച്ചടി ചെയ്തിടാമിതിമുദാ-
പത്രാധിപൻ കയ്യെഴു
ത്തെത്തിച്ചീടുകകൊണ്ടു ഞാനിതു ഭവാ-
നിൽബ്ഭാരമൊട്ടൊക്കെയും
ചിത്തം ചേർന്ന സഖേ! സുഖത്തോടുമിറ-
ക്കീടുന്നു; താനേറ്റുകൊൾ-
കത്യുച്ചാദരമോടുകൂടി വളരെ
സ്വസ്ഥത്വമാമെങ്കിൽ മേ.
എങ്കിൽക്കൂട്ടക്ഷരങ്ങൾക്കൊരു വികടത പ-
റ്റാതെ സൂക്ഷിച്ചിടേണം,
ശങ്കിക്കേണ്ടര്‍ദ്ധചന്ദ്രൻ മതിമതി സുമതേ!
പാതിയായോരുകാരം;
വങ്കത്വം ചൊൽകയല്ലേ വടിവൊടിതു വട-
ക്കര്‍ക്കുമാത്തെക്കുദേശ-
ത്തിങ്കൽപ്പാര്‍ക്കുന്നവക്കും പരമൊരുവിധമൊ-
ക്കുന്ന സന്മാര്‍ഗ്ഗമല്ലോ.
പുസ്തകം കിട്ടിയെന്നാകി-
ലുത്തരം സത്വരം ഭവാൻ
പാര്‍ത്തയയ്ക്കേണമെന്നൊന്നു
പേര്‍ത്തു ചൊല്ലുന്നതുണ്ടു ഞാൻ.
എന്തോ നമ്മുടെ ഭാഗ്യദോഷമതിനാൽ-
പ്പണ്ടത്തെ മട്ടിൽബ്ഭവാൻ
സന്തോഷത്തോടു കത്തെനിക്കു വിടുമാ-
റില്ലെന്നു ചൊല്ലുന്നതും
എന്തോഴര്‍ക്കഹിതം മനസ്സിലരുതേ;
നേരല്ലയോ? ജോലിയോ-
യെന്തോ കാരണമൊട്ടു ബുക്കിലായി! തേ
പത്രം ചുരുക്കം പരം.
ഇങ്ങിനെയായാൽ മതിയോ?
തിങ്ങിന വേഴ്ചയ്ക്കിതെന്തെടോ ശരിയോ?
അങ്ങിനിയെങ്കിലുമാദിയി-
ലങ്ങിനെ നിന്നൊരു നിലയ്ക്കു നിന്നാലും.
മേൽവിലാസം:-
ശ്ലോ-
കൊട്ടാരത്തിൽ
കവികുലശ്രേഷ്ഠൻ, ശങ്കുണ്ണികാണുവാൻ
കോട്ടയത്തേക്കു
താൻ, കുഞ്ഞിക്കുട്ടൻ രാജാവയപ്പത്