കൊടുങ്ങല്ലൂർ 23-10-66
കത്തും മോദമിയന്നിനിക്കയി! ഭവാ-
നെത്തിച്ച ബുക്കും സഖേ
കത്തും കയ്യിലണഞ്ഞു കണ്ട സമയ-
ത്തുണ്ടായി മോദോദയം;
ഒത്തൊന്നങ്ങിനെ നോക്കിയെന്നു പറയാ; -
മല്ലാതെ നിഷ്കര്‍ഷവെ-
ച്ചോര്‍ത്തോര്‍ത്താപ്പിഴ തേടിയില്ലതു വഴി
ക്കാവാം വഴക്കെന്നിയേ.
എന്നാലോ തവ കാലു പൊള്ളിയതുകൊ-
ണ്ടാദ്യം വിഷാദിച്ചു ഞാ,-
നിന്നാലോചന ചെയ്തു നോക്കിയതിനാൽ
വേണ്ടേതുമേ കുണ്ഠിതം;
എന്നല്ലാ രസമായിയെന്നു പറയാ,-
മിമ്മട്ടു പാട്ടിൽക്കിട-
ന്നെന്നല്ലാതെ തനിക്കു കാവ്യമെഴുതാൻ
കാലം കിടച്ചീടുമോ?
കാലത്തേറ്റു കുറച്ചുഴന്നു ഗൃഹഭം -
രത്തിന്നു നോക്കീടണം;
ചേലൊത്തഷ്ടി കഴിച്ചു കിഞ്ചന വട-
ക്കോട്ടൊന്നിറങ്ങീടണം;
പാലൊത്തീടിന പദ്യമിത്തിരി! കൃതി-
ച്ചൊപ്പിച്ചു മാറീടണം;
മേലാത്തക്കിടിയും പറഞ്ഞു തിരിയെ-
പ്പാഞ്ഞിങ്ങു പോന്നീടണം.
ഇങ്ങിനെ കഴിയും കാല!
ത്തെങ്ങിനെ കാവ്യം കവീന്ദ്ര! തീര്‍ക്കും താൻ
ഭംഗി നടിച്ചു നടപ്പതി-
നിങ്ങിനെ ദൈവം തടസ്ഥമാക്കാഞ്ഞാൽ?
കൊച്ചുണ്ണിത്തമ്പുരാനെക്കൊടിയ കവിമണേ!
പുസ്തകം കാട്ടിയേറ്റം
തുച്ഛം നോക്കുമ്പോഴെന്നാകിലുമിഹ പിഴക-
ണ്ടെത്തിയാൽ തീർത്തുകൊണ്ട്
സ്വച്ഛന്ദം പത്തുനാൾക്കുള്ളതു പരമസഖ-
പ്പൊന്മണ! നന്മ ചേര്‍ത്തി-
ട്ടച്ഛന്നാനന്ദമോടങ്ങിനെ തിരിയെ വിടു-
ന്നുണ്ടുവേണ്ടും പ്രകാരം.
എന്നാൽപ്പോരേ? നമ്മുടെ
നന്ദശ്രീകൃഷ്ണവാര്യാരവർകളുടെ
സന്നം 'ഗൈര്‍വാണീവിജ-
യ'ന്നാക്കാനിങ്ങയച്ചതില്ലെന്തേ?
"അതെന്തിനെന്നോടു കടന്നു ചോദി-
പ്പതേവമാ വാരിയരോടു വേണം"
മതിപ്പൊടേവം പറയേണ്ട; വേഴ്ച-
യതോര്‍ക്കിൽ നിങ്ങൾക്കധികൈക്യമില്ലേ?