കൊടുങ്ങല്ലൂർ 19-6-66
എന്താണിയ്യിടെ വര്‍ത്തമാനമെഴുതാൻ
കൂടിയ്ക്കുറേപ്പിൻ വലി-
പ്പെന്തായാലുമിതത്ര നല്ലൊരു വെടി-
പ്പായിക്കഴിഞ്ഞീടുമോ?
ഞാന്താലപ്പൊലി ഘോഷമൂലമിവിടെ-
ത്തെല്ലൊന്നമാന്തിച്ചതിൽ-
ത്താന്താങ്കൾക്കുമൊഴിഞ്ഞുനില്പിനു തരം
കിട്ടുന്നതത്യത്ഭുതം.
പോറ്റിക്കൊഴുക്കും പ്രണയാൽ മുരിങ്ങൂർ-
പോറ്റിക്കു ഞാൻ ചെയ്ത പരസ്യപദ്യം
തെറ്റെന്നു നോക്കീടണമൊന്നു കൂടി-
ത്തെറ്റെന്നു വെയ്ക്കേണ്ടറിയേണമര്‍ത്ഥം.
രണ്ടു വഴിക്കും ചെൽവാ-
നുണ്ടു സഖേ പൊരുളതിന്നു പൊളിയല്ലേ;
ഉണ്ടാമിനിയൊരു പെണ്ണിനു-
മിണ്ടലൊഴിഞ്ഞീവിധം ക്രമംപോലെ.
ഹേ സാരബുദ്ധേ! ശൃണു ഹന്ത! "ലക്ഷ-
ണാസംഗ”ബുക്കച്ചടികാര്യമെല്ലാം
ആസക്തമാണങ്ങതിലെന്നു വീണ്ടും
ശ്വാസം വിടാതോതി നിറുത്തിടട്ടെ.
കണ്ടില്ലേ? മഷി തെളിവിൽ-
ക്കണ്ടീടാൻ വളരെ വിഷമമെന്നെല്ലാം
വീണ്ടും പറയേണ്ടല്ലോ
കണ്ടാലറിയാത്തതല്ലല്ലോ.