കൊടുങ്ങല്ലൂർ 30-10-65
ഒട്ടേറെപ്പേരു കേൾക്കുമ്പടി ഗുണമതിയായ്-
കൂട്ടിടും കോട്ടയത്താ-
ക്കൊട്ടാരത്തിങ്കൽ വാഴും വരകവിമണിയാ-
മുണ്ണി ശങ്കുണ്ണി കാണ്മാൻ
തട്ടും പ്രീതിപ്രവാഹത്തൊടു ചരമപയോ-
ധീശനായോരു കുഞ്ഞി-
ക്കുട്ടൻ മുൻപിൽക്കുറിക്കുന്നൊരു മമതമര-
ക്കാതലാം കുത്തിതല്ലൊ:
ഞാനുണ്ടാക്കിയ ദക്ഷയാഗമവിടെ-
പത്രാധിപര്‍ക്കായ് കൊടു-
ത്തേ,നുണ്ടാപ്രതിയിൽപ്പരം പിഴ സഖേ!
പ്രത്യക്ഷരം പാര്‍ക്കുകിൽ;
താനിണ്ടൽക്കിടയാക്കിടാതെ പരിശോ-
ധിച്ചായതൊക്കും രസ-
ത്തേനുണ്ടീടണമെങ്കിലേ വരു ഗുണം
ബുക്കച്ചടിച്ചീടുവാൻ.
അമാന്തമിന്നായതിനന്യജോലി-
ക്രമന്തഴച്ചങ്ങു പറഞ്ഞൊഴിഞ്ഞാൽ
സമന്തിരക്കും പിഴകൊണ്ടു ശുദ്ധ-
മമാന്തമാമച്ചടിയോര്‍മ്മവേണം.
എഴുത്തു കിട്ടീടിന വര്‍ത്തമാനം
പഴുത്തുകാട്ടും മറുകത്തു കാട്ടി
വഴുത്തു കിട്ടിക്ക് മമത്വമെന്നേ
കൊഴുത്തു കെട്ടു കുതുകം മനസ്സിൽ.