മതിമുഖികളടുത്തുണ്ടെങ്കിലോ ബ്രഹ്മചര്യ-
വ്രതമതിനതിവിഘ്നം വന്നുപോമെന്നുറച്ചു
ചിതമൊടകലെ വാണാ പ്രേയസിക്കുള്ള താപം
മതിയിലൊളിവിലോര്‍ക്കും ശങ്കരൻതാൻ സഹായം
പതിവായ് പറയുന്ന മട്ടു കൈവി-
ട്ടതിതാപം മതിയിൽ തരും വിധത്തിൽ
പുതുതായ് ചിലരെന്തു ചൊല്ലുവാനെൻ-
പുതുവാളേ! പുതുതായ മിത്രമോ ഞാൻ?
കേടു കണ്ണിനുളവായനാളുമുതലീടെ-
ഴുന്ന സഖിയാം ഭവാ-
നോടു ചേര്‍ന്നതിവിനോദമോടിവിടെ വാണി-
ടാനിട ഭവിച്ചതും
നാടുവിട്ടു വിടരും പ്രമോദമൊടിരിപ്പ-
തിന്നഥ ഭവാൻ തുനി-
ഞ്ഞീടുമപ്പൊളുളവായൊരാടലതുമാരൊ-
ടിന്നു പറയേണ്ടു ഞാൻ?
കനകസദൃശകാന്തിപ്രാഭവം പൂണ്ടുദിക്കും
ദിനകരനിരുളെല്ലാം ദൂരെ നീക്കും ദശായാം
അനുപമഗുണബുദ്ധേ! ത്വദ്വിയോഗാര്‍ത്തിമൂലം
മനസി മമ നിറഞ്ഞൂ ഹന്ത മോഹാന്ധകാരം
ഭവനോന്മുഖനായ് ഭവാനുമേതൽ-
ഭുവനം വിട്ടൊടുവിൽ ഗമിച്ചു കഷ്ടം!
സമയം കളവാനിവന്നു ഭാഷാ-
കവിതാകാമിനിതാനിനി പ്രമാണം
വാരിയേറും മുദാ തന്റെ
വാരിയത്തങ്ങ വാണിടും
വാരിയക്കെൻ സലാം മേന്മേൽ
വാരിയങ്ങു കൊടുക്കണം
ചെറുതിങ്ങു വിനോദിപ്പാൻ
വിരുതങ്ങുന്നെടുക്കണം;
മറുപത്രമയക്കേണം,
നറുപദ്യങ്ങളാകണം