വെണ്മണി കുഞ്ഞുണ്ണിനമ്പൂതിരിപ്പാട് അവർകളുടെ ആവശ്യപ്രകാരം
കടുത്ത കൌന്തേയതപസ്സിൽ നന്ദി-
ച്ചെടുത്തണങ്ങിനെ ചിത്രഭാനു
കൊടുത്ത താമക്ഷയപാത്രമെന്നും
പെടുത്തവേണം ഭവതിയ്ക്കു ഭാഗ്യം.
മിത്രൻ വന്നാൽ മയങ്ങും പടി പകലെളിമ-
പ്പെട്ടമട്ടൊത്തു രാവിൽ-
സത്രം വാനിൽ കഴിക്കും വിബുധഹിതസുധാ-
പാത്രചിത്രാനനേ! നീ
മിത്രപ്രീത്യാ നമുക്കായെഴുതിയ ലിഖിതം
കിട്ടി വായിച്ചു വേഴ്ച-
ക്കിത്രയൊക്കെസ്സഹായിച്ചതിനു സഖി! മുഖം
കാട്ടി ഞാൻ നന്ദിചൊല്ലാം
തെറ്റിപ്പോയീ തെറിപ്പാട്ടിളകിന ഭരണി-
ക്കാവിലും പോയ്‍വരുമ്പോൾ
പറ്റിപ്പോയീ വഴിക്കിന്നിഹ പിഴയതിനാ-
ലങ്ങു കേറീല ഞങ്ങൾ;
മുറ്റിക്കൂടും മുഴുക്കൂരിരുളിളകിമറി-
ഞ്ഞർദ്ധരാത്രിയ്ക്കു വന്നാൽ
പറ്റില്ലല്ലോ പടിക്കാവലിലടവുപെടും
പാലിയത്തുള്ളിലെത്താൻ
മുണ്ടേരും കൂടെയുണ്ടിയ്യിരുടെ ചെറിയൊറ്റെ-
ടിയിൻ ഭാര്യയെ പോയ്-
ക്കണ്ടേ മൂപ്പര്‍ക്കു ദുശ്ശങ്കയിലെളിയ സമാ-
ധാനമാവുള്ളുപോലും
ഉണ്ടതായാലുമിപ്പോക്കിനുമൊരു രസമെ-
ന്നോര്‍ത്തു നിര്‍ത്താതെ നീളെ-
ത്തണ്ടേറെത്താങ്ങിവിട്ടു പുലരുമളവിലേ-
ചൊവ്വരെക്കേറി ഞാനും
പശു ശിശു കുറവല്ലൂർ കൃഷ്ണനും പദ്യധാടീ-
പിശുനനരിയ കുഞ്ഞിക്കുട്ടനാം തമ്പുരാനും
ഭൃശകുതുകമിണങ്ങീട്ടിപ്പൊഴില്ലത്തു മാന്ദ്യ-
പ്രശമനമതിഹര്‍ഷം കാവ്യപീയൂഷവര്‍ഷം
കവിതയുടെ കുടുംബസ്ഥാനമായ്ക്കേളികേട്ടോ-
നിവിടെയൊരുവിധത്തിൽ ചാര്‍ച്ചവേഴ്ചക്രമത്തിൽ
അവികലമിതുകാലം കാവ്യസന്താനമുണ്ടേ
കവിതകളെ മുഖം ചേര്‍ത്തുമ്മവെച്ചീടുമമ്മേ!
പത്തുനാളിനകമെന്റെ കാര്യമൊ-
ട്ടൊത്തു കാണുകിലതിന്റെ സൂചകം
കത്തുവിട്ടിടുകവേണമാശു പാ-
ഞ്ഞെത്തുവേനവിടെയന്നുതന്നെ ഞാൻ
എന്നാലിതിന്നു മറുകത്തുടനേ വിടേണം;
നന്നായമട്ടിലതു പദ്യമുറയ്ക്കു വേണം;
എന്നാണു ഞങ്ങളുടെ മോഹമതോര്‍മ്മവേണം;
മുന്നാളിലുള്ള കവിതക്കളി കാട്ടിടേണം
കുറുവല്ലൂരുടെ കവിത-
ക്കുറുമ്പിലാണിക്കുറിച്ച ചെറുപദ്യം
കുറുനിരവരിവണ്ടിളകി_
ക്കുറുക്കെയതിരിട്ട പത്മമുഖിയാളേ!
സൌഭാഗ്യവതി പി. കാവുക്കുട്ടിക്കുഞ്ഞമ്മയുള്ളിടം
സമയം പോലെ കേൾപ്പിക്കാൻ, പാലിയം-ചേന്നമംഗലം