കൊടുങ്ങല്ലൂര്‍ 12 കന്നി 88
കണ്ണം കറുത്തുള്ളൊരു യോഗി ബദ്ധോൽ-
ക്കണ്ണം വിയോഗിത്വമകറ്റിയെന്നും
കണ്ഠം പുണർന്നീടുമുദാരയാൾ വൈ-
കുണ്ഠൻ കൊടുത്തംഗനയാത്രയം മേ
ദീനംപിടിച്ചു മകളാശു മരിച്ചതായ്ക്കേ-
ട്ടൂനം മനോധൃതിയിലേറ്റു പരിഭ്രമത്തിൽ
ഞാനന്നു പോന്നതിനുശേഷമിതേവരേയ്ക്കും
മൌനം നമുക്കു മടിയാൽ നെടുനീളെ നീണ്ടൂ
കത്തുവിടുന്നതിനൊരു മറു-
കത്തു വിടാം മടിയ്ക്കുമെന്മടിയെ
ഒത്തു നിനച്ചോ താങ്കളെ-
ഴുത്തു കുറിയ്ക്കാഞ്ഞു? വാസ്തവമിതല്ലേ?
പെട്ടോരാപത്തഹഹ പറയാവല്ല കോട്ടയ്ക്കലഞ്ചോ
എട്ടോ പത്തോ പുലകളൊഴിയാതിന്നുമൊന്നിച്ചുകൂടി;
നിട്ടോ പെട്ടന്നൊരുനിലയിലാണെപ്പൊഴും ദൈവകോപ-
ക്കൂട്ടോ എന്തോ ഹഹഹസുഖമേ ബാന്ധവക്കാര്‍ക്കുകുന്തം.
എന്താണദ്ദിക്കിലെ നില? സഖേ! കണ്ടനെന്നല്ലിളന്തൻ
ചിന്താലേശാല്ക്കവിതയുതിരുംമേനവൻ തൊട്ട കൂട്ടർ
സ്വന്തായാസവ്യസനപരിഹാരത്തിനിന്നും പടിയ്ക്കൽ
തന്താലയത്തൊടു വെടിപറഞ്ഞൊത്തുകൂടുന്നതില്ലേ?
കഴിഞ്ഞാണ്ടിലാറ്റിൽക്കുളിപ്പാനൊരുങ്ങി-
ട്ടഴിഞ്ഞാവിധം നമ്മൾ സാധിച്ച സൌഖ്യം
മൊഴിഞ്ഞാലൊടുങ്ങില്ല, ജീവാവസാനം
കഴിഞ്ഞാലുമീ ഞാൻ മറക്കുന്നതല്ല
പല മിത്ര സമാഗമങ്ങൾ പിന്നെ-
പലഭാഗസ്ഥിതിയും പലേവിധത്തിൽ
പലതും പലപാടുമോര്‍ത്തിടുന്നേൻ
ജലസൌഖ്യം പറയേണ്ടതില്ലതാനും
എന്നാണാവോ ആവിധ-
മൊന്നായ് നമ്മൾക്കു കൂടുവാൻ യോഗം?
എന്നാലിവയ്ക്കു കാരണ-
മൊന്നാണെൻ കാലിൽ മന്ത;തിന്നു ശുഭം
പാട്ടും പദ്യങ്ങളുമായ് -
ക്കൂട്ടും ബുക്കച്ചടിച്ചിരിയ്ക്കുന്നു;
ഇത്തിരി കാക്കൂ, 'പിഴമയ'-
മെത്തിയ്ക്കാം രാമവാരിയർ വരുമ്പോൾ.