എറണാകുളം 2-കുംഭം-80
വിഷയോദധി, ദുഃഖസൌഖ്യദുർ-
വ്വിഷയോഗാമൃതസിദ്ധിസാധനം
വീഷമാക്ഷമ, മിഷ്ടമേകുവാൻ
വിഷമാക്ഷന്റെയിടമ്പുറം തുണ
പുരുസങ്കടവൻകടൽക്കകം
പെരുമാറീടുമിടയ്ക്കു മാദരാൽ
ഒരു കത്തൊടു മൂന്നു ബുക്കയ-
ച്ചൊരു യുഷ്മൽ പ്രണയത്തിനെത്തൊഴാം
ഇതുനാൾവരെ ഞാനതിന്നു വേ-
ണ്ടതുപോലത്തരമേ കിടാഞ്ഞതിൽ
പുതുതായൊരു കുറ്റമുള്ളതെൻ
മുതുവാത്സല്യനിധേ! ക്ഷമിയ്ക്കണേ!
മതിയായി മിടുക്കനന്നുപോ-
യതിലങ്ങയ്ക്കതിദുഃഖമൂർഛന
അതിലൊന്നു കവിച്ചുവെയ്ക്കുവാൻ
മതിയിൽക്കണ്ടതു നന്നു ദൈവമേ!
പല കൊച്ചുകിടാങ്ങൾ ചുറ്റുമേ
വിലപിയ്ക്കുന്നതു കണ്ടിടുംവിധൌ
നിലയുള്ള ഭവാന്റെ സങ്കടം
നിലയില്ലാതുയരും നിദാനവും
മകളേപ്പരനേകിയെങ്കിലും
മകനേക്കാൾക്കനിവിങ്ങു കൂടുമോ
സുകവേ! തവ മട്ടിവണ്ണമെ
ന്നകമേ പണ്ടറിവുള്ളതാണു മേ.
അവൾ പെറ്റ കിടാങ്ങളിൽ ഭവാ-
നവശം വത്സലഭാവമേറ്റവും
ദിവസംപ്രതി കൂടിവന്നതി-
ങ്ങവസാനം വ്യസനത്തിനായിതോ?
ഇനിയാരിവരേപ്പലർത്തുവാൻ
തനിയേ താതനുമെന്തു കാട്ടിടും?
കിനിയുന്നിതു കണ്ണിൽ വെള്ളമെ-
ന്തിനിതോരോന്നു പുതുക്കിടുന്നു ഞാൻ?
മരണംവരെയച്ഛനിഷ്ടമായ് -
വരണം മൽക്രിയയെന്നു നിന്നവൾ
ഗുരുവത്സലയേകപുത്രി പോ-
യൊരു കാര്യം തവ നല്ല നഷ്ടമേ
ഭവസങ്കടസമ്പ്രദായസം-
ഭവമെല്ലാമറിയിയ്ക്കുമീശ്വരൻ
തവ ഭക്തി വിരക്തി മുക്തിയെ-
ന്നിവ സംഭാവനചെയ്കയാം ദൃഢം