കൊടുങ്ങല്ലൂർ 4-മിഥുനം-78
ചിത്രത്തിൽ ചിതമോടു കണ്ട വിലസൽ-
ഭൃംഗാക്ഷിയാം യക്ഷിയേ
മിത്രത്തിന്റെ ചടങ്ങിനാൽ ചപലനായ്
പാണിഗ്രഹം ചെയ്കയാൽ
തത്ര സ്വന്തഗൃഹത്തിലായവളുമായ്
ക്രീഡിച്ചു ഭാഗ്യം തിക-
ഞ്ഞത്ര സ്വസ്ഥതപൂണ്ട വെണ്മണിമഹൻ
വിഡ്ഢിക്കിതാ വന്ദനം
ഞാനന്നു ചൊവ്വരയിൽനിന്നു കടത്തിൽ വാങ്ങി-
ച്ചാനന്ദമോടവിടെ നൽകിയ വസ്ത്രമൂല്യം
"ഊനം നമുക്കു ബത പറ്റി', കൊടുത്തതില്ല;
ഹേ നന്നെയുണ്ടതിലിനിക്കൊരു നാണമിപ്പോൾ
"മണിയോർഡർവഴിയ്ക്കു (കൃത്യമോ)ടാ-
മണിയേകീടുകിലുണ്ടു ചെറ്റു നഷ്ടം;
ഗുണിയായ ഭവാനതേകിയേച്ചാൽ
പണിയാവില്ലിഹ നൊമ്മൾ രണ്ടുപേര്‍ക്കും
അരയ്ക്കാൽ കുറച്ചാറുരൂപാ കൊടുക്കൂ;
മുറയ്ക്കായതങ്ങോട്ടു ഞാൻ തന്നുകൊള്ളാം;
തരക്കേടു രണ്ടാൾക്കുമില്ലീ പ്രയോഗം
നീരക്കേണ്ട കാര്യം നിരന്നെന്നുമായീ
കുഞ്ഞുണ്ണി ബാന്ധവമുറയ്ക്കു ഗമിച്ചിടുമ്പോൾ
കുഞ്ഞുണ്ണിബണ്ടനുടെയച്ഛനു രൂപ റൊക്കം
രഞ്ജിപ്പൊടും ഝടിതി നൾകുക നാളെയെന്നാൽ
നെഞ്ഞിൽപ്പരിഭ്രമമയാൾക്കിതിൽ നീങ്ങുമല്ലോ
പട്ടർ തിടുക്കുന്നെന്നും
കിട്ടണമിഹ പലിശ നിൽക്കില്ലിനിയെന്നും
തിട്ടമെഴുതുന്നിതെമ്പ്രാൻ
ചട്ടന്നു കൊടുത്തുതീര്‍ക്ക; തീരട്ടേ
വേണ്ടുമ്പോലതു നോന്തമ്മിൽ
വീണ്ടും കാണ്മതിൽ മുന്നമേ
കൊണ്ടുതന്നീടുവാനാളേ-
ക്കൊണ്ടു സാധിച്ചിടാമെടോ.
ഇദ്ദിക്കിൽ ചില പെങ്കിടാങ്ങൾ കണവ-
ന്മാരെക്കിടയ്ക്കായ്കയാ-
ലദ്യൽക്കാമമുഴന്നിടുന്നു പുരുഷ-
ന്മാര്‍ക്കാണു പാരം പ്രിയം;
രാത്രിയ്ക്ക് ഗൃഹത്തിലും ബത കഴു-
ക്കോലെണ്ണിടും പെണ്ണിനേ-
പ്പാര്‍ത്തിക്കാമനു കൈയ്ത്തരിപ്പു പെരുകാ-
നിങ്ങുണ്ടു തക്കം സഖേ!
കോവിലകം മുതലിവിടെ-
ക്കാവിൽവരെയ്ക്കിടയിൽ നോക്കിയെന്നാകിൽ
ഈവിധമുള്ള വെറുംമൂ-
ധേവികളഞ്ചട്ടുപത്തു സുലുസുലഭം
മടത്തിൽ രാമപ്പനു രൂപയെണ്ണി
കൊടുത്തിതെന്നുള്ളൊരു വര്‍ത്തമാനം
പെടുത്തിടും കത്തിനി നാളെയിങ്ങു
മടുത്തിടാതഞ്ചലിൽ വിട്ടിടേണം
എന്നല്ലദ്ദിക്കിൽ വൃത്താന്ത-
മിന്നുള്ളവയശേഷവും
ഒന്നും വിടാതെ വിവരി-
ച്ചെന്നും തൂവ്വല്‍മയക്കണം.