കൊടുങ്ങല്ലൂർ 15-6-67
അമ്മിഞ്ഞപ്പാൽ കടിപ്പാൻ കരയുമൊരളവിൽ -
ത്തെല്ലു നാണിച്ചഹോ പെ-
റ്റമ്മസ്ഥാനം വഹിച്ചീടിന പരപുരുഷൻ
നെഞ്ഞു തപ്പുന്നനേരം
ചെമ്മേ തൻ കയ്യിൽ വാങ്ങിജ്ജനകനുടനിട-
ത്തേക്കുചത്തെക്കൊടുത്ത-
ന്നുന്മേഷാൽത്തൃപ്തിയായീടിന ചെറിയൊരു കു-
ട്ടപ്പനെക്കൂപ്പിടുന്നേൻ
കവീന്ദ്രമുടിരത്നമേ! "കവിസമാജയാത്രാ"ന്വിതം
കവിഞ്ഞ കുതുകത്തോടന്നെഴുതിയോരു പത്രത്തിനും
ഭവദ്ദയിതതൻ വിപത്തറിവുതന്നതിന്നും മഹാ-
ഭവഭ്രമളിപെട്ട ഞാനിതുവരെയ്ക്കു മിണ്ടീലഹോ.
കഷ്ടം നമ്മുടെ മകനൊരു
പട്ടി കടിച്ചതിവിപത്തകപ്പെട്ടു;
ഒട്ടുദിവസം വിഷാദ-
പ്പെട്ടു കിടന്നേനതോര്‍ത്തുകൊണ്ടീ ഞാൻ.
പാരം പാരിൽപ്പരക്കും പലജനവുമുഴ-
ന്നീടുമീഘോരമാം സം-
സാരം സാരം നിനച്ചാൽപ്പടഹമതുകണ-
ക്കുള്ള നൽപ്പൊള്ളയത്രേ;-
പോരും പോരും ചിലപ്പോളിതു കിമപി പൊഴി-
ക്കുന്ന ശബ്ദങ്ങളാലേ
കീറും കേറും വഴിക്കിച്ചെകിടുകൾ തിമിരം -
പോലെയും കണ്ണുപോക്കും.
പോട്ടേ നിർവേദഭാവം ഭവമതിലതിസ-
ന്തോഷമുള്ളംശമായ്‍വ-
ന്നാട്ടേനോംതമ്മിലിപ്പോൾപ്പറവതു വെറുതേ
സങ്കടം കൊണ്ടിടേണ്ടാ;
ആട്ടേ മുൻപൊന്ന 'യാത്രാശതക'മതു പകർ-
ത്തിക്കിടപ്പുണ്ടതെന്നാൽ
കാട്ടേണം കൂറെഴുന്നെന്നെയുമിതി പറയു-
ന്നേൻ ഭവാനോർമ്മ വെപ്പാൻ.
രാ_രാ ശ്രീ മടവൂർ സീ-
നാരായണപിള്ള വഞ്ചിനൃപചരിതം
കേരള ഭാഷയിലുള്ളതു
നേരേ തന്നീലിതേവരെയതെന്തോ?
ചോദിച്ചിരുന്നിതൊരുബുക്കു നമുക്കു കാണ്മാൻ
ബോധിച്ചതേകുവനതെന്നു പറഞ്ഞു താനും
ഏതോ കുറച്ചു ചില ദീനവുമാർന്നുഴന്നു
തോവിനോദമണയാതമരുന്നിതായാൾ
ഒട്ടതിക്കാലമാശ്വാസ-
പ്പെട്ടോയെന്നുള്ളതൊക്കെയും
പുഷ്ടമോദമുരച്ചാലേ
തുഷ്ടിയാവൂ മനസ്സിൽ മേ.