കൊടുങ്ങല്ലൂർ 7-2-79
പലമാതിരിയിൽപ്പലര്‍ക്കുമോരോ-
നില കല്പിപ്പൊരു നീലകണ്ഠജായേ!
അലപോലലയുന്ന സങ്കടത്തിൻ
വിലയം നൽകുക നിൻകൃപാതടത്തിൽ.
പ്രിയയുടെ മരണത്തിൻപൂർവ്വരംഗത്തിലത്രേ
ജയമുടയൊരു ഭാഷാപോഷിണീപ്രൌഢയോഗം
സ്വയമുദയവിലാസാലാത്തലശ്ശേരിയിൽത്താൻ
നയനടവടി സാധിപ്പിച്ചതെൻ ഭാഗ്യദോഷാൽ.
കന്നി രണ്ടാംദിനം രണ്ടു
കന്യകൾക്കും കുമാരനും
എന്നിവണ്ണമിനിക്കും പോ-
യന്യദുസ്സാധമാം സുഖം.
അല്ലാതെകണ്ടു വെറുതേ മടിയാൽസ്സഭയ്ക്കു
ചെല്ലായ്കയല്ലിവിടെ രാപ്പകലൊന്നുപോലെ
വല്ലാതുറക്കവുമെളച്ചു കുഴങ്ങിയെന്തെ-
ന്നില്ലാതെയുള്ളൊരഴൽ നേടുകയായിരുന്നു.
എന്നാൽക്കവലമിജ്ജനത്തിനു സഖേ!
കോട്ടയ്ക്കലേയ്ക്കങ്ങുടൻ
ചെന്നാൽ സ്സങ്കടമല്പമൊന്നു ശമനം
പ്രാപിക്കുമെന്നാകിലും
ഒന്നാണുള്ളിലൊഴിഞ്ഞിടാത്തഴലിനി-
ക്കിങ്ങീക്കിടാങ്ങൾക്കു മേൽ-
നന്നായ് രക്ഷകനാരുമില്ല ഭവനേ
ഭാഗിച്ച പേരെന്നിയേ.
എല്ലാംകൂടിക്കുഴങ്ങുന്നെന്നല്ലാതില്ലിഹ ചൊല്ലുവാൻ
സങ്കടംതീര്‍ത്തു കാക്കട്ടേ ശങ്കരന്റെ കുടുംബിനി.