കൊടുങ്ങല്ലൂർ 24_1_78
സാരസാലയമുഖാംബുജങ്ങളിൽ
സാരസാലസവിലാസശായിനി!
സാരസാന്ദ്രമൊഴി മേ തരേണമേ
സാരസാരിസദൃശേ! സരസ്വതി!
കണ്ടീലയോ "രസികരഞ്ജിനി” താങ്കളെന്തു-
കൊണ്ടീയിതിൻവിഷയമായൊരു വാക്കുപോലും
മിണ്ടീല നല്ല ഗുണദോഷവിചാരഭസ്മം-
കൊണ്ടീവരും പ്രതി തുടച്ചുമിനുക്കിടണ്ടേ?
ഏറ്റേണമോ ചിലതിതിൽച്ചിലതൊന്നെടുത്തു
മാറ്റേണമോ പറക വേണ്ടവിധത്തിലെല്ലാം
ഏറ്റേനതിന്റെ ഭരമെങ്കിലുമെൻ കഴക്ക-
മാറ്റേണമെങ്കിലയി! നിൻമൊഴിധാരവേണ്ടേ?
ദീനം വിശേഷവിധിയായ്ത്തറവാട്ടുഭാരം
താനങ്ങുമിങ്ങുമുഴലും പലജോലി പാരം
ഊനം ഭവാനിവ സഹായവിധിക്കു ചെയ്യും
ഞാനങ്ങലട്ടിടുമിതിൽപ്പരമെന്തു ചെയ്യും?
എന്നാൽച്ചരിത്രവിഷയത്തിൽ നമുക്കു ലക്ഷ്യം
നന്നായ്ത്തിരഞ്ഞു പലവൃദ്ധഗ്രഹങ്ങൾതോറും
തന്നാൽപ്പെടുന്നപടി പിട്ടുപറഞ്ഞിളക്കൂ
തന്നാൽപ്പെരുത്തു ഗുണമാം കിടയായ്ക്കിൽ വേണ്ടാ.
കൂറുള്ളിലുള്ളൊരു ഭവാൻ തരമോടു തെക്കും-
കൂറുള്ളിളാപതിഗൃഹത്തിലുമൊന്നു ചെല്ലു
പേരുള്ള വല്ല വരിയോല കിടയ്ക്കുമെങ്കിൽ
പ്പോരുള്ളകാലവിഷയത്തെളിവിന്നു കൊള്ളാം.
നരായിണങ്ങിയതുപോലൊരുപോക്കു "ദേവ-
നാരായണ"പ്രഭുഗൃഹത്തിലുമൊത്തവണ്ണം
ആരാൽ നടത്തുകയി! "ഭട്ടതിരി"സ്ഥലത്തു
മാരാഞ്ഞു നോക്കുക കിടച്ചതു ലാഭമല്ലേ?
കേട്ടുള്ളവണ്ണമിവർ നമ്മുടെ കൊച്ചി കോഴി-
ക്കോട്ടുള്ള മന്നവർ നടത്തിയ പോക്കളത്തിൽ
പെട്ടുള്ള യോഗ്യർ നിയതം പഴമയ്ക്കു ചേര്‍ച്ച
പെട്ടുള്ള വല്ല കഥയും കിടയാതെയാമോ?
ഇടപ്രഭുക്കൾക്കുടയോരു വീട്ടിൽ
പ്പിടപ്പുഴുക്കുത്തു പിടിച്ചമട്ടിൽ
കിടപ്പതാം ഗ്രന്ഥവരിക്കുറിപ്പു
കിടപ്പതിന്നങ്ങു തുനിഞ്ഞിരിപ്പു