കൊടുങ്ങല്ലൂർ 18-3-74
കല്ലും കമനിയാം പാദ-
പല്ലവപ്പൊടിയുള്ളവൻ
നല്ലയോഗം വരുത്തട്ടേ
വില്ലുകൊണ്ടു പുകൾന്നവൻ.
മഹനീയമതേ! താങ്ക-
ളഹല്യാമോക്ഷമച്ചടി
ഇഹ സന്ദേഹമാക്കായ് വാ-
നഹമോതുന്നു കൌശലം.
എന്നാലെന്നുടെ ബുക്കു വിറ്റ വകയിൽ
സ്വത്തുള്ളതിൽച്ചെറ്റെടു-
ത്തെന്നാലും മതി പിന്നെയെന്തു വിഷമം
കാര്യം നടത്തീടുവാൻ?
ഒന്നാണായതിനും ഞരുക്കമവിടെ-
തൽക്കാലമുണ്ടെങ്കിലു-
ണ്ടാന്നാംക്ലാസ്സൊരു കൌശലം മമ ഭവാൻ
ബുക്കിങ്ങയച്ചീടെടോ.
വടക്കോട്ടു ഞാൻ നാലുനാൾക്കുള്ളിൽ നൂനം
നടക്കേണ്ടതായിട്ടു കാണുന്ന കാര്യം;
ഇടയ്ക്കേറെ വിഘ്നം വരില്ലെങ്കിൽ മറ്റേ-
ക്കിടയ്ക്കപ്പുറം കേറുമാറായി യോഗം
മറുപടി കിട്ടുംവരയും
മുറുകും ധൃതിയോടുമിവിടെ നില്ക്കുമെടോ ഞാൻ
പുരുരുചി വണ്ടി കരേറു-
ന്നൊരു ദിനമന്നാണിനിയ്ക്കു, കുഞ്ഞിക്കുട്ടൻ.