കൊടുങ്ങല്ലൂർ 28-1-74
പാമ്പാകും യോഗപട്ടം ദൃഢമിരുവരിയായ്-
ക്കെട്ടി മേൽമുട്ടിണക്കി
ത്താൻ പ്രാണായാമമാണ്ടിന്ദ്രിയഗതിയഖിലം
സംഹരിക്കും ഹരന്റെ
അയ്മ്പാന്നാത്മാ വിലാത്മാവിനെ വെളിവിൽവെറും
തത്വദൃക്കാലെ നോക്കി
ബ്രഹ്മാനന്ദത്തിലെത്തും ലയമുടയ താപം
നിങ്ങളെക്കാത്തിടട്ടേ.
മുഖസ്തുതിക്കുത്തിലൊഴിഞ്ഞുനിന്നു
മുഖത്തടിച്ചീടിന മട്ടിലേറ്റം
തകർത്തു പദ്യാമൃതുപെയ്തു തട്ടി-
ത്തകര്‍ത്തു താനെന്നുടെ ധാടിയെല്ലാം.
അസാദ്ധ്യക്കയ്യല്ലോ പരനു പരമീബ്ഭാഷയിലതി-
പ്രസാദത്തൊടൊത്തീപ്രകരണപരിഷ്കാരകരണം
രസാലങ്ങയ്ക്കെന്നാലിതൊരുകളിയായ്‍ക്കണ്ട കഥയേ
രസാലങ്കാരജ്ഞര്‍ക്കതിപണി പുകൾത്താതൊഴിയുവാൻ.
അതുകൊണ്ടു പറഞ്ഞതാണു ഞാന-
ന്നിതുശുദ്ധം തവ മേനി കേറ്റലാമോ?
ഇതുവെച്ചിനിയും പരത്തുവാൻ മേ
കുതുകം, താങ്കൾ ഞെളിഞ്ഞിടേണ്ട താനും.
സ്വപ്നാവസ്ഥ പറഞ്ഞുവെച്ച സരസ-
ശ്ലോകത്തിൽ മൂന്നാമതാ-
മപ്പാദത്തിലഹോ തനിക്കു "വലി'യിൽ
പ്പൊയ്പോയി രണ്ടക്ഷരം;
ഒപ്പം "ദേവിയെ'യെന്നതിന്നു പരമാ-
രണ്ടക്ഷരം വിട്ടതി-
ങ്ങല്പം താമസമെന്നിയേ "വലി"യതെ -
ന്നായ്‍വെച്ചു വായിച്ചു ഞാൻ
മുന്നം മെച്ചമിതെന്നു "മൃച്ഛകടികം'
ഭാഷപ്പെടുത്തീടുവാ-
നുന്നം വെച്ചതു വേറെയും ചിലർ നിര-
ന്നെന്നോര്‍ത്തയച്ചിട്ടു ഞാൻ
ഒന്നും പിന്നെയൊരുത്തർപോലുമിളകി-
ക്കാണായ്കയാലിയ്യിടെ-
ച്ചിഹ്നും വന്മടിയുള്ള നമ്മുടെ ഭരം
താങ്കൾക്കുതാൻ കാട്ടിനേൻ.
ഇന്നാവിനാദിനിയിലായതു തീര്‍ന്നുവന്നു-
വെന്നായതിന്നധിപർ ചെയ്തൊരപേക്ഷമൂലം
നന്നായറിഞ്ഞിത, തിലാദിയിലുള്ള നാന്ദി
ക്കൊന്നാശു ഞാനെഴുതിവെച്ചതു വിട്ടു താനും.
ഭാരം ഭവാനുമിതു തർജ്ജമചെയ്തുവിട്ട
വീരര്‍ക്കുമാവിധമിനിക്കു മൊതുങ്ങി,യെന്നാൽ
സാരസ്യമുള്ള ദശമാങ്കമതാദ്യമായി-
ത്തീരട്ടെയെന്നെഴുതി ഞാ;നതിനിയ്ക്കു നഷ്ടം
അതിപ്രയത്നത്തൊടു ഭാഷയാക്കി
ശ്രുതിപ്പെടുത്തുന്നൊരു യോഗ്യർ നില്ക്കേ
ചിതപ്പെടുന്നെൻ ദശമാങ്കഭാഷ
ചിതൽപ്പിടിച്ചാലുമെടുക്കുമോ ഞാൻ?