കൊടുങ്ങല്ലൂർ 13 മകരം 73
സ്മരാരിയാം യോഗിവരന്നുമെന്നും
സ്മരാഗമത്തിൽപ്പെരിയോരു മോഹം
വരാങ്ഗഭാഗംവരെയും വളര്‍ത്ത
വരാങ്ഗനക്കണ്‍കളിയെത്തൊഴുന്നേൻ
തട്ടിപ്പു ഞാനെഴുതിയെന്നു വെറുംപകിട്ടു
തട്ടിപ്പുകൾത്തിയതു കാണുകിലക്ഷണം ഞാൻ
തട്ടിപ്പുറപ്പെടുമഹോ ദൃഢമെന്നുവെച്ചു
തട്ടിപ്പുലര്‍ത്തിയ ഭവൽക്കൃതി കണ്ടു, കൊള്ളാം.
കേ. സീ. കേശവപിള്ളയും നടുവവും
താനും ചിലപ്പോളിതിൽ
ക്കൂസീടാതെഴുതുന്നതുണ്ടതിനെ ഞാ-
നാദ്യം പറഞ്ഞീലയോ?
പേശീടായ്ക വൃഥാ ഭവാ;നമൃതിലെ
സ്വാദിന്റെ സാരത്തിനെ-
പ്പൂശീടും കൃതി മുട്ടിടാതെ വിടുമാ-
റുണ്ടല്ലയോ! കേരളൻ?
കൊച്ചുണ്ണി ക്ഷോണിപാലൻ, കവിമണി രവിവർ-
മ്മാവ,ഹോ രാജരാജൻ,
മെച്ചംനേടും മഹൻവെണ്മണിയുമിഹ സഖേ!
വേണ്ട, രാമക്കുറുപ്പും
അച്ഛത്വം പൂണ്ടിടും വായ്ക്കര, കവി കിഴവൻ
വില്ലുവട്ടം തുടങ്ങീ-
ട്ടച്ഛന്നം പണ്ടു കൂത്താടിയ കവിവരരു-
ണ്ടിന്നുമെല്ലാരുമല്ലേ?
അവരൊക്കെയുമിന്നുമുണ്ടു മറ്റു-
ള്ളിവനോ കേവലമില്ലതാനുമെന്നോ?
തവ വാക്കു പകിട്ടിലല്ല ഞാൻ ചൊ-
ന്നവയോ തക്കിടിമാത്രമാണു താനും
മനോരഥം പോലെയണഞ്ഞു സാക്ഷാൽ
മനോരമാജന്മപദത്തിലീ ഞാൻ
മനോരസംകൊൾകിലുമിങ്ങു തെക്കൻ
മനോരമാപ്രീതി വിടുന്നതാണോ?
പലരും പലതും കഥിയ്ക്കുമെന്നാൽ
വിലവെയ്ക്കുന്നതു മാറ്റുനോക്കിവേണം;
നിലയുള്ളൊരു തോഴരായ താനീ-
വലയിൽച്ചാടിമറഞ്ഞിടായ്ക്ക വേണം