കൊടുങ്ങല്ലൂർ 11-1-74
ചെന്നാൽച്ചെന്നേടമൊക്കെച്ചിതമൊടു നിലവി-
ട്ടച്ചിവയ്ക്കുന്ന കള്ള-
സ്സന്ന്യാസിസ്വാമി വില്ലൻ തരമൊടു കയറും
തേർ നടത്തുന്ന സൂതൻ
കന്ന്യാവേഷം ധരിച്ചോരളവകമിളകി-
ച്ചെന്നു പൊത്തിപ്പിടിക്കു-
ന്നന്ന്യായക്കാരനേപ്പാര്‍ത്തൊരുവൾ വിടുംമിളം-
പുഞ്ചിരിയ്ക്കായ് ത്തൊഴുന്നേൻ.
എടോ സഖേ! താൻ പണിവിട്ടു, ഗേഹം
വിടോല്ല മേലാലിവനെന്നു ദൈവം
കഠോരമായ്‍ക്കല്പനയായതിന്റെ
ഹഠോദ്യമം കണ്ടമരുന്നുവെന്നോ?
വിജയപര! "മാനവിക്രമ-
വിജയം"നവനാടകംം കവികുമാര!
നിജമൊന്നു ഞാനയച്ചതു
നിജകരതാരിൽക്കിടച്ചില്ലേ?
പഴയന്നൂര്‍ക്കയപ്പിച്ചേൻ
പഴയസ്ഥിതിയോര്‍ത്തു ഞാൻ
വഴിമാറ്റിബ്ഭവാൻ പോന്ന
വഴിയെന്നറിവില്ലമേ.
ഉദ്യോഗം വിട്ടമുതൽ-
ക്കുദ്യോഗം കവിതയിങ്കൽ മുമ്പേത്തേക്കാൾ
സദ്യോഗംകൊണ്ടേറ്റി
സഭ്യോ ഗംഭീരവേലചെയ്യുന്നില്ലേ?
അച്ഛന്നു സുഖമല്ലല്ലീ?
സ്വച്ഛൻ ശങ്കുണ്ണിമേനവൻ
അച്ചിവെച്ചമുതൽ ശ്ലോക-
പ്പിച്ചില്ലാതല്ലി വാഴ്‍വതും?
കിടങ്ങഴിയമിപ്പൊഴും കിഴവനച്ഛനേക്കൂസിടാ-
തടങ്ങലഴിവൊക്കയും പഴയമട്ടു പാലാഴിയിൽ
തുടങ്ങിയൊഴിവെന്നിയേ കുതിരകേറിയോടിച്ചുപോയ്
മടങ്ങി വഴിയാത്രയിൽപ്പൊടിപൊടിച്ചിടുന്നില്ലയോ?
കുട്ടൻ ഗൃഹ സ്ഥാശ്രമമായൊരുണ്ണീ-
കുട്ടൻ പിറക്കുന്നതിനാഗ്രഹിച്ചും,
ചട്ടറ്റ കൃത്യം പലതും കഴിച്ചും;
ചട്ടം പിഴയ്ക്കാതമരുന്നതില്ലേ?
ഓരോ ഭാഷാകവീന്ദ്രര്‍ക്കുടയ കവിതയേ -
ഛായനോക്കിക്കുറിച്ചും,
നേരോടച്ഛന്റെ ഭാഷാപദപരിചയസ-
ത്വത്തിനേ സംഭരിച്ചും,
പേരോർത്താലങ്ങയേപ്പോലൊരുവിധമുടനേ
നേടുവാൻ തക്ക ബുദ്ധി -
പ്പോരാടും വാഴ്‍വതില്ലേ? പുതുകവിതവിത-
ക്കയ്യൊടുക്കും മിടുക്കൻ.
തവ താതനോടു കശലം കഥിയ്ക്കണം,
നവനീരസക്കൊടിയൊടിച്ചൊഴിയ്ക്കണം,
ഇവനേക്കുറിച്ചു ഹിതമാക്കിവെയ്ക്കണം,
വിവരത്തിനൊക്കെ മറുകത്തയയ്ക്കണം.
അച്ഛന്നപ്രിയമെങ്കലുള്ളതു കുറ-
ച്ചന്യായമാര്‍ഗ്ഗത്തിലാ-
ണച്ഛന്നം പറയേണമായതു ഭയം
നേരുള്ളിനിയ്ക്കില്ലെടോ?
പുച്ഛം ചൊല്ലുകയല്ല സത്യമറിയാ-
തെന്നോടിടഞ്ഞീടുകിൽ-
ത്തുച്ഛം തുച്ഛമിതെന്നുറച്ചമരുമേ
പണ്ടത്തെമാട്ടേഷ ഞാൻ.