കൊടുങ്ങല്ലൂർ 31_12_73
പുതിയേടത്തിക്കാവിൽ-
പ്പുതുമറിമയവിഷ്ണുമായ പോയപ്പോൾ
പഴയെന്നൂരംബികയുടെ
പഴനടുവാശ്രയമിതെന്ന ശിവ ശരണം.
മകൻ തിന്നിടും വില്ല ശിഷ്യത്തി കൂന്തല്‍ -
ക്കകം വെച്ചു സൂക്ഷിയ്ക്കുമമ്പേവമായി
സുഖം ശങ്കരൻപോറ്റിയങ്ങുന്നു വേട്ടു-
ള്ളകത്തുള്ളവര്‍ക്കുള്ളിരിപ്പുള്ളിലോർക്കൂ.
കത്തും പുസ്തകവും കിടച്ചതിലെടോ!
ഞാനാദ്യമേ കൌതുകം
കത്തുംപാടു ഭവാന്റെ പത്രിക വിടുർ-
ത്തീട്ടൊന്നു വായിച്ചതിൽ
കുത്തുംവെട്ടുമിയന്ന മംഗളമുഖ-
ശ്ലോകപ്രസംഗത്തിലെൻ-
കുത്തുംവെട്ടുമിവൻ തടുത്തു പരമാ-
ഹ്ലാദപ്പെരുംചട്ടയാൽ.
കാമപ്പിട്ടല്ലെടോ! ശുദ്ധം
പ്രേമപ്പിട്ടു കുഴച്ചവള്‍!
ഓമൽപ്പുഞ്ചിരിയിട്ടപ്പോൾ
നാമല്പം ചുറ്റി തോഴരേ!
അന്നാമച്ചിന്നകം വന്നളവവൾനിലയും
പിന്നെ ഞാൻതന്നെ "കണ്ടം"
നന്നായങ്ങുന്നു നൾകുമ്പൊഴുതു സരസമാ-
യേറ്റനേരത്തെ നില്പും,
ഒന്നാകെപ്പാടെയോര്‍ത്തിട്ടയി! തവ ഹൃദയേ-
യെന്തു തോന്നീ, നമുക്കോ
ചൊന്നാലാവില്ല, കാമഭ്രമളിയിളകിയെ-
ന്നല്ലയോ തന്റെ പക്ഷം?
താനോരോ കവികര്‍മ്മധര്‍മ്മ വിധിയെ-
ന്നില്ലാത്തതും ചൊല്ലിവയ്-
പാനോ മാരവിലാസവൃത്തി വിവരി-
ച്ചേവം വരച്ചിട്ടതും,
ഞാനോ വിഡ്ഢിയതൊക്കെ നല്ല ശരിയെ-
ന്നൊര്‍ത്തേനിതൊക്കേയുമാ-
ത്തേനോലുംമൊഴി കേൾക്കിലെന്നെ വെറുതേ
കാമാര്‍ത്തനെന്നോര്‍ത്തിടും.
അതിപ്രസംഗത്തോടു കഷ്ടമിഷ്ടരിൽ-
ച്ചതിപ്രയോഗം തുടരുന്നിതോ ഭവാൻ?
അതില്ല നേരെ പറയുള്ളു നമ്മൊടെ-
ന്നിതില്ലയെന്നായ്ക്കരുതുന്നതില്ല ഞാൻ.
ഞാനാനിലയെഴുതിവിട്ടതു കണ്ടതാകു-
മീനാരിയപ്പൊളെഴുനേറ്റു നടന്നതോര്‍ത്താൽ
ഹാ! നാം നിനച്ച നിനവേതുവിധം കലാശി-
പ്പാനാണു ഭാവമിതിലുള്ളറിയാൻ പ്രയാസം
"കപടശതമയം''താൻ കാമിനീവര്‍ഗ്ഗമെന്നായ്
സപദി കവിയൊരുത്തൻ തീര്‍പ്പു കല്പിച്ച കാര്യം
അപകട വിധിയായിപ്പോയിയെന്നെന്റെ നേരി-
ട്ടുപചിതരനോട്ടം കൊണ്ടുരച്ചും ചതിച്ചോ?
ശതദളമിഴിമാരിങ്ങിനെ
ശതകം ചൊല്ലിച്ചിടുമ്പൊളിവനുണ്ടോ?
ശതകമെഴുതുന്നു? ചിന്താ-
ശതകല്പന തീരുമളവിലെഴുതിവിടാം.
പരുത്തേവംചൊല്ലി ശ്ശതകകഥ കാ-
റ്റത്തിടുകയായ്
വരുത്തേണ്ടെ നീയ്യുള്ളവനിഹ നിന-
യ്ക്കും പലകുറി;
കരുത്തേറും കാമക്കഴുത പുനരീ-
ഞാനെഴുതിയാൽ
ത്തിരുത്തേണ്ടുംമട്ടിട്ടതു ബത ചവി-
ട്ടിക്കളയുമേ.
കുട്ടന്നീ ക്കത്തൊടൊന്നിച്ചു
കെട്ടുന്നേൻ ബുക്കുബങ്കി ഞാൻ;
കിട്ടുന്ന വിവരം പദ്യ-
മട്ട നായാൾ കുറിയ്ക്കുമോ?
കുട്ടൻ നമ്മുടെ കത്തു കണ്ടളവിലെ-
ന്തെല്ലാം പറഞ്ഞെന്നതും,
പെട്ടന്നായവനപ്പൊളപ്പൊളുളവായ് -
വന്നോരു ഭാവങ്ങളും,
ഒട്ടും നിങ്ങൾ മറച്ചുവെയ്ക്കരുതെടോ!
ചൊല്ലുന്നതെല്ലാം വെറും
പിട്ടെന്നായ്മറയുന്ന കഞ്ജമിഴിയാൾ
കാട്ടായവും കാട്ടണേ!
ഉണ്ടിദ്ദിക്കിൽ വിശേഷമൊന്നതു കഥി-
യ്ക്കാഞ്ഞാൽ കണക്കാകുമോ?
തെണ്ടിദ്ദിക്കുകൾതോറുമെപ്പൊഴുമുഴ
ന്നീടും വകക്കാർകളിൽ
കണ്ടിട്ടുണ്ടൊരു യോഗിനായരെ; യിവൻ
നാനാ വിധം വൈഭവം-
കൊണ്ടിട്ടിന്നിവിടത്തിലുള്ളവർകളേ-
ക്കീഴ്മേൽ മറിയ്ക്കുന്നിതാ.
വൈദ്യജ്യോതിഷ മന്ത്രവാദമുഖമാ-
മോരോ പൊടിക്കൈകൾകൊ-
ണ്ടാദ്യം കണ്ടളവേതുരോഗവുമവൻ
മാറ്റുന്നുപോലത്ഭുതം;
വിദ്യയ്ക്കാരിൽ വിളഞ്ഞുകൂട, വിരുതൻ
തപ്പിത്തലോടീട്ടു കൈ-
വിദ്യയ്ക്കെൻ തലനോവു മാറ്റി;യനുഭോ-
ക്താവാണതിന്നേഷ ഞാൻ.
യോഗാഭ്യാസം വഴി പലതിലും പാടവം കിട്ടുമെന്നാ-
യോഗാര്‍ത്ഥജ്ഞര്‍ക്കഭിമത, മിതാണീമനുഷ്യന്റെ സൂത്രം,
യോഗന്തന്നേ, പരമൊരു ചെറുപ്രായ, മീയോഗവിദ്യാ-
യോഗം കൈവന്നതുമൊരു മഹായോഗിയോഗത്തിലത്രേ.
പലരുമിവനെപ്പുച്ഛിച്ചിട്ടും പുലമ്പിടുമെങ്കിലും
പല രുചിയൊടും മറ്റന്ന്യന്മാർ പുകഴ്ത്തിടുമെങ്കിലും,
നിലയിവനൊരേ മട്ടാണെല്ലാറ്റിലും, നിശി നിദ്രയി-
ല്ലലസത വെടിഞ്ഞപ്പോൾ നോക്കും സമാധിവിധിക്രമം
യോഗിരസമെവിടെയെവിടെ വി-
യോഗികളുടെ കൊടിപിടിക്കുമെന്റെ രസം
ആകില്ലിവ യോജിപ്പിൽ
പ്പോകി,ല്ലിതു പറകിലിവിടെയെന്തു ഫലം?
കൊച്ചുണ്ണിഭൂപനുടെമേൽബ്ബഹുനീരസന്താൻ
വെച്ചുന്നിയോതിയതിൽ വേണ്ടയി! ഭാവഭേദം,
ഇച്ചൊന്ന പുസ്തകമെഴുത്തിൽ വരുത്തുവാൻ കൈ
വെച്ചൊന്നു നോക്കിയതു മൂപ്പരറിഞ്ഞതല്ല.
അമ്മാമോൻ മരുമഹനിഹ
നമ്മുടെ ഭാഗവതർ കൊച്ചനിയനനുമാൻ
ഇമ്മട്ടുള്ളവരെല്ലാം
മുൻമട്ടു കഴിച്ചുകൂട്ടി മരുവുന്നു.
പണ്ടത്തെമട്ടിപ്പൊഴുമാക്കണക്കൻ
കണ്ടത്തു തച്ചിപ്പു ... ... ടി വീട്ടിൽ
ഉണ്ടത്ര കാത്തുള്ളി വൃഥാ കളഞ്ഞു
കിണ്ടത്തിലാക്കുന്നു കുലപ്രഭാവം.
ഇക്കാവു പെറ്റ കഥയും പുനരാക്കിടാവും
ത്വൽക്കാമൽക്കവിടിയായതുമിന്നുമയ്യോ!
ദുഷ്കാലമേ കണവനേക്കിടയാതെ കുഞ്ചി-
യക്രാണമിട്ടു കഴിയുന്നതുമോതണോ ഞാൻ.
തിണ്ണം തനിക്കു ചില സംസ്കൃതപദ്യമൊക്കും-
വണ്ണം വലിച്ചെഴുതിവിട്ടൊരു കുട്ടിവീരൻ
"തുണ്ഡീര"നെന്നു പറയുന്ന പിഷാരൊടിയ്ക്കീ-
പ്പെണ്ണിന്റെ പോർമുലകൾ കണ്‍കടിമൂലമത്രേ
അവനിയ്യെഴുത്തു കണ്ടള-
വ,"വിടെയ്ക്കടിയന്റെ പേര്‍ക്കൊരു കുശലം
ഇവിടുന്നെഴുതണമെന്നാ-
യിവിടെയലട്ടുന്നു തരികിൽ വാങ്ങിടുമോ?
ഒരുമാതിരി ലക്കോട്ടിനു
മൊരു ലറ്റർപ്പേപ്രിനും സുമതേ!
ഏറില്ല കനം വെറുതേ
കീറിപ്പൊളിയാക്കി വരി ചുരുക്കരുതേ!