കൊടുങ്ങല്ലൂർ 30 കര്‍ 71
എപ്പോഴും ജലദോഷമുള്ള തലയും,
തീക്കട്ടയാം ദൃഷ്ടിയും,
കെല്പോലും വിഷമുണ്ടൊരുണ്ടതടവി-
ക്കൊണ്ടുള്ളൊരാക്കണ്ഠവും,
ഉൾപ്പൂവിൽബ്ബഹുശാന്തഭാവവുമെഴും
പിച്ചാണ്ടിയേക്കേവലം
നൽപ്പൂവില്ലവിലാസമാര്‍ന്നു തഴുകും
തന്വങ്ഗിയാളേത്തൊഴാം
കിട്ടീ ഭവാനുടയ കത്തുടനിങ്ങഹോ ഞാൻ
വിട്ടീടിലങ്ങണയുവാൻ ബഹുതാമസം പോൽ
പെട്ടീലിതിന്റെവഴിയെന്റെ മനസ്സിലെന്തു
മട്ടീനടപ്പുകളിലഞ്ചലിനിത്ര ദേദം.
താനുണ്ടാക്കിയ "ഘോഷയാത്ര" ഗുരുവാ-
മമ്മാമനേക്കൂടിയീ -
ഞാനുത്സാഹമൊടൊന്നു കാട്ടി,യവിടു-
ന്നേറ്റം രസിച്ചു സഖേ!
ഞാനും താനുമെടോ കൃതിയ്ക്കുമവയിൽ
സാരാംശമായ് വല്ലതും
താനുണ്ടാകിലതിൽ പ്രസാദവിടു-
ത്തെപ്പോലെയാര്‍ക്കുള്ളതും?
അവികലമിഹ ഞാൻ നോക്കിടു-
മവിടുന്നും ദൃഷ്ടിവെച്ചു നോക്കീടും;
കവിവര! കേവലമിങ്ങനെ
കവിയുന്നൂ നോട്ടമുള്ള ദിവസങ്ങൾ"
പതുക്കെപ്പതുക്കെപ്പരം തെറ്റു കണ്ടാ-
ലൊതുക്കേണ്ടതും മാറ്റി നന്നാക്കിടും ഞാൻ
അതൊക്കെ സ്വയം കാട്ടുമാചാര്യനേക്ക-
ണ്ടിതൊക്കെശ്ശരിയ്ക്കെന്നുമദ്ദേഹമോതും.
രണ്ടുവട്ടമിതുപോലെ ഞങ്ങളുൾ-
ക്കൊണ്ടു നോക്കി പരിശോധനയ്ക്കെടോ;
ഉണ്ടു തെറ്റിനിനിയുമെന്നു തോന്നിടു-
ന്നുണ്ടു സത്തിനുടെ മര്‍മ്മസന്ധിയിൽ.
ആട്ടേ നോക്കിയതും തിരുത്തി വഴിയേ -
ഞാനങ്ങയക്കാം, ക്ഷമ -
ച്ചാട്ടേ പത്തുദിനം ഭവാനിനിയുമെ-
ന്നര്‍ത്ഥിച്ചിടുന്നേനഹം;
കേട്ടേനിന്നു ശിവാലയത്തിലൊരുനാൾ
നോം വാണു വെന്നായതും
പോട്ടേ സംഗതിവന്നതില്ല വിധിദോ-
ഷംകൊണ്ടു കണ്ടീടുവാൻ.
ചോതിയ്ക്കട്ടേ ഭവാനാടൊ-
ന്നോതിക്കേൾക്കണമുത്തരം;
പ്രീതിയ്ക്കു കുറവാകൊല്ലേ
ചോതിയ്ക്കുന്നതുകൊണ്ടെടോ.
ഭൂരിക്ലേശമിയന്ന വല്ലഭയെയും,
തൻപുത്രി കുഞ്ഞോമന-
ഗൌരിക്കുട്ടിയെയും മറയ്ക്കു പഴയ-
ന്നൂര്‍ക്കങ്ങു തിക്കും മുദാ
ഏറിക്കൂടിടുമിഷ്ടമോടനുനയി-
ച്ചങ്ങാനയിച്ചാദരാൽ
പേറിക്കൂടിയ കാമഗോഷ്ടികൾ തുട-
ങ്ങിക്കൊൾകയല്ലേ തരം.
കള്ളപ്പേരു ഭവാനു കിട്ടിയവളിൽ-
ത്തുല്യം വിഷാദിച്ചിരു-
ന്നുള്ളപ്പേടമൃഗാക്ഷിയാളെയഭിവൃ-
ദ്ധിസ്ഥാനമെത്തുംവിധൌ
തള്ളിക്കൊള്ളുക യുക്തമോ? തരമൊടും
തൻകൂടെ വാഴിച്ചുകൊ-
ണ്ടുള്ളിൽക്കൊള്ളമൊരിഷ്ടവൃത്തി വെളിവാ-
ക്കീടുന്നതല്ലേ ഗുണം?
"ചിലവിനു മതിയാകയില്ല,യച്ചി-
ച്ചിലവിനു നോക്കുകിലെന്തു ഹന്ത പിന്നേ
ഛലമിതി പറയുന്നതാകിൽ വേറേ
ചിലരൊടു പറ്റു, മതെന്നൊടൊക്കുകില്ല.
മുമ്പാറുരൂപ തവ ശമ്പളമായിരുന്ന-
ന്നയ്മ്പാര്‍ന്നു പോറ്റിയവരേ കരുണാമൃതാബ്ധേ!
വയ്മ്പാളുമൊമ്പതു കിടച്ചളവിൽപ്പുലർത്താൻ
പിമ്പായിനില്പതു സയുക്തികമാകയില്ല.
അക്കഥ പോട്ടേ വേണ്ട-
ത്തക്കതുചിന്തിച്ചു ചെയ്യുമേ താന്താൻ
സൽക്കവികുലവര! പുതുതാം
മൽക്കവിതയിലൊന്നുരണ്ടു കേൾക്ക ഭവാൻ.
കാണില്ലാ കേൾക്കുകില്ലാ ഹിതവുമഹിതവും
നോക്കുകില്ലാ; 'നിനച്ചാൽ
ക്കാണുന്നില്ലന്ത'മീശ്രീജ്വരമുടയവരെ-
ന്തൊക്കയോ ഗോഷ്ഠികാട്ടും;
കാണും വംശക്രമത്താലുതകിയതിതി സ-
മ്പത്തിനാശ്വാസമുണ്ടോ?
കാണില്ലി,ങ്ങിന്നലേക്കണ്ടാരു ധനികനെയി-
ന്നേയ്ക്കു പിച്ചയ്ക്കു കാണാം.
'പരമതുമിതും നോക്കിബ്ഭൂപാത്മജൻ'ബഹുമന്ദമായ്
നരപതിപഥത്തൂടേ പോകുമ്പൊഴേ വഴിമേടമേൽ
തരളമിഴിമാർ തിക്കിക്കൂടിച്ചൊരിഞ്ഞ ഗതത്രപം
സ്മരവികൃതിയും കാട്ടിക്കൂട്ടിക്കടാക്ഷസുമോല്ക്കരം.
"പുണ്ഡരീകചരിതം'വരെയ്ക്കു ഞാൻ
ദണ്ഡമറ്റിതു ചമച്ചു കേവലം
തിണ്ണമച്ചിലിടുവാൻ കൊടുത്തിത-
വ്വണ്ണമായതചലാബ്ധിനായകൻ.