കൊടിലിംഗപുരാൽ 21-12-71
മഹിതയാ ഹിതയാ വിബുധദ്വിഷാ -
മഹിതയാ/ഹിതയാവകരോചിഷാ
പ്രമദായാഽമദയാദൃതശങ്കര-
പ്രദദയാ മയോപ്തിരുദീയതം
അങ്ങുന്നപ്പൊളയച്ച പുസ്തകയുഗം
കത്തൊത്തു കിട്ടീ മനം-
തിങ്ങുന്നല്പരസത്തൊടൊത്തൊരുവിധം
കഷ്ടിച്ച വായിച്ചു ഞാൻ;
ഇങ്ങുന്നിദ്രമിടയ്ക്കിടയ്ക്കു പലതും
കുത്തിത്തിരുത്തി തെളി-
ഞ്ഞങ്ങുന്നീടിന ബോധ്യമോടതു പിടി-
ച്ചെന്നാലെടുത്തീടെടോ?
ചേലാര്‍ന്നീടിന സൽകവീന്ദ്രനിരയിൽ-
ത്താങ്കൾക്കു ചേര്‍ന്നീടുവാൻ
മേലാലുള്ളൊരു "ഘോഷയാത്ര'യതുതാ-
നീപ്രൌഢമാം നാടകം;
നാലാമങ്കമിതിങ്കലേറ്റമധികം
നന്നായി; ദോഷങ്ങളെ-
ന്നാലാബ്ഭാഗവുമുണ്ടുതാനുമതു ഞാൻ
കാണിച്ചിടാമായതിൽ.
കര്‍ണ്ണൻ പോരിൽ മടങ്ങിയോടിടുകിലും,
ദുര്യോധനൻ തന്റെയ-
ഭ്യര്‍ണ്ണംപുക്കതു സമ്മതിച്ചതഭിമാ-
നത്തിന്നു യോജിയ്ക്കുമോ?
തിണ്ണം വല്ലവിധത്തിലും തനതെഴും
മാനം ക്ഷയിയ്ക്കാത്തതാം-
വണ്ണം തക്കിടികൊണ്ടു മുടുകിലത-
ല്ലേ നല്ലതെന്നോര്‍ത്തു ഞാൻ.
"ഉള്ളിൽത്തട്ടും വ്യസന"മി-
തുള്ളിൽത്തൊട്ടേടമൊക്കെയും കണ്ടേൻ
കൊള്ളാം "സാവേഗ”മതെ-
ന്നുള്ളാ വാക്കാക്കിയാലതും പക്ഷേ.
വീണ്ടും ഞാനിതു രണ്ടുമൂന്നുകുറിയും-
കൂടിച്ചുഴിഞ്ഞേറ്റവും
വേണ്ടും മാതിരി പാര്‍ത്തു തെറ്റുകൾ കുറി-
ച്ചങ്ങോട്ടയച്ചീടുകിൽ
ഉണ്ടോ ദോഷമതല്ല വേഗമിതയ-
ച്ചീടേണമെന്നാകിലോ
കണ്ടോളൂ തവ കയ്യിലെത്തുമൊരെഴു-
ത്തെത്തീട്ടു പിറ്റേദിനം.
'സാരോപദേശ'മതിലും ചിലതേറെ മെച്ചം
നേരോതുകിൽച്ചിലതിലുണ്ടു വികല്പമല്പം,
ഓരോരിടത്തവിടെ ഞാനതുമുണ്ടു കാട്ടീ-
ട്ടാരോമലാം തവ കൃതിയ്ക്കുഴകേറ്റമേറാൻ.
'അമ്ബാസ്തവം' വളരെ നന്ന,തിലും ചിലേട-
മെന്മാനസത്തിലരുചിയ്ക്കിയുണ്ടതെല്ലാം
ചുമ്മാതെ കാട്ടവനതൊന്നു മനസ്സുവെച്ചാൽ
നിര്‍മ്മായരമ്യനിലയാക്കി വിടാമെടോ തേ
ഇവിടയ്ക്കു പോന്നിടും മു-
മ്പവിടെയിറക്കേണ്ട ദുർഭരഭരത്താൽ
അവസരമില്ലാഞ്ഞിട്ടാ -
ണവസാനമെഴുത്തയച്ചിടാത്തതു ഞാൻ.
മറ്റേ ശ്ലോകങ്ങൾ താൻതന്നെ
മുറ്റും തീര്‍ത്തിങ്ങയയ്ക്കെടോ
തെറ്റന്നു ഞാനുടൻ പിന്നെ-
തെറ്റുതീര്‍ത്തസ്സലാക്കിടാം.
മലയിലാലയിലാണ്ടൊരു വേടനോ
കണവനാണവനാണുടൽ പാതി തേ
സകലരും കലരും ഭൂവനേശി! നിൻ-
വിഭവമോ ഭവമോഹിനി! മോഹനം.