കോട്ടക്കൽ 22-5-80
ജാതസൌഹാർദ്ദനായ്ദ്ധര്‍മ്മ-
ജാതൻതൻ ദൂതനായവൻ
സൂതപുത്രനെ വെന്നോനു
സൂതനായോൻ തുണയ്ക്കണം.
സുഗമം സുകവേ! വിട്ട
"ഭഗവദ്ദൂതു"പുസ്തകം
ഇഹ വന്നെത്തി വേറിട്ടും
മഹത്തുകൾക്കതിൽക്കൊതി.
ഒട്ടേറെയുണ്ടപേക്ഷക്കാർ,
കിട്ടേണം മൂന്നു പുസ്തകം;
നഷ്ടം വരുത്തേണ്ട ഭവാ-
നിഷ്ടം സൽകീർത്തിയല്ലയോ?
ഹേ പിച്ചുണ്ടോ വൃഥാ വിത്തം
ലോപിച്ചും പുകളെന്നിഹ
കോപിയായ്ക സഖേ! പോരും
വി. പി. യായിട്ടയയ്ക്കിലും.
നാളെത്തന്നെയയക്കേണം നീളെത്താൻ നാളുനീട്ടൊലാ
കേളെന്നപേക്ഷഹേ, മറ്റെന്നാളെൻ കയ്യിൽ കിടയ്ക്കണം
ആരണ്യം കഴിയാനുള്ളോരാരംഭത്തിലെത്തി മേ
ഭാരതം ഭാഷയാക്കുന്നഭാരം ഭാഗ്യപയോനിധേ!