കൊടുങ്ങല്ലൂർ 16_8_68
ആമോദമോടുമചലേശ്വരപുത്രി നിങ്ങൾ-
ക്കാമൂലശാഖമഘജാലമകത്തി നിത്യം
കാമോദയത്തിനനുകൂലമതാം പതിത്വം
പ്രേമത്തൊടേകിയശിവം ശിവമാക്കിടട്ടേ
ഈയ്യുള്ളവരിവിടത്തിൽ-
ക്കയ്യോടെത്തീ കവീന്ദ്രമകടമണേ!
അയ്യോ താമസമതിനാൽ
വയ്യോ പലരുടെ ശകാരവും കേട്ടേൻ.
അമ്മയ്ക്കുണ്ടു കുറച്ചു ദീനമതുടൻ
തീരെശ്ശമിക്കുന്നതോ
കമ്മട്ടല്ല കുറച്ച ദീര്‍ഘത പിടി-
പ്പിയ്ക്കുന്നതോസംശയം
ഇമട്ടിൽച്ചില വൈദ്യ വീരരിളകി
ച്ചൊല്ലുന്നു മാറ്റീടുവാൻ
നമ്മൾക്കുണ്ടു മരുന്നതോ ഗിരിജമാം
ഭൈഷജ്യമാണുത്തമം
അതുകൊണ്ടൊരു നില കണ്ടി-
ട്ടതികുണ്ഠിതമൊന്നൊതുക്കിവെച്ചിഹ ഞാൻ
ശിതികണ്ഠപ്രിയമാമാ
ഗ്ഗതി കണ്ടൌഷധിയെയോര്‍ത്തിരിയ്ക്കുന്നേൻ.
നടുവം മകനാം കവിക്കിടാവീ-
യിട വന്നാജ്വരബാധവിട്ടുണര്‍ന്നു
അടവിൽച്ചിലതും പറഞ്ഞു കൂടും
വടിവിൽ സ്വസ്ഥതയോടുകൂടിടുന്നു
മിടുക്കനും ശങ്കുണ്ണിയുമിപ്പോൾ
തടുക്കയാൽ ഞാനീലിഖിതത്തെ
ഇടയ്ക്കു നിർത്തിക്കൊണ്ടീടുന്നേൻ
കടുക്കുമിഷ്ടാൽ ശേഷം വഴിയേ.