കൊടുങ്ങല്ലൂർ 26-4-69
മൌലിക്കാർതുംഗശൃഗം ഗുഹയിവകളില-
ങ്ങംഗഭംഗിയ്ക്കു സാമ്യം
പാലിക്കാൻ പാടവത്തിൻ പരിചുപതറിടും
പർവ്വതപ്പൈതലാളേ!
മേലൊക്കെച്ചാമ്പൽപൂശും പതിയിലുമലർബാ-
ണങ്കലും പ്രേമമൊന്നുൽ-
ക്കൂലിയ്ക്കും കണ്മുനയ്ക്കും തൊഴുവനിഹ കൃപ-
പ്പാലൊലിപ്പുഞ്ചിരിയ്ക്കും
സന്നപ്പെട്ടു സഭാര്യനായ് സപദി ഞാൻ
മദ്രാസു വിട്ടിസ്ഥലേ
വന്നുൾപ്പെട്ടുടനേ തരത്തിൽ മറുനാൾ
ശങ്കുണ്ണിതൻ കൈവശം
നന്ദിപ്പെട്ടു ഭവാനയച്ച ലിഖിതം
കിട്ടായ്കയായീടുമോ?
നിന്ദപ്പെട്ടു ഭവാനു പേക്ഷകരുതി-
ക്കൊണ്ടാണു മിണ്ടാത്തതും.
അല്ലാ തെറ്റി നമുക്കു സത്തു നിരുപിച്ച-
പ്പോൾ വെളിപ്പെട്ടു തേ
ചൊല്ലാളുന്നൊരു കണ്ണപർവ്വമവിടു-
തിതെബ്ഭാരമാം ഭാരതം
എല്ലായ്പോഴുമിരുന്നു പാട്ടിലെഴുതി-
ക്കൂട്ടുന്നതിൻ വിഘ്നമായ്
ച്ചെല്ലാനുള്ളൊരെഴുത്തുകുത്തുകൾ നിറു-
ത്തിക്കൊണ്ടിരിപ്പല്ലയോ?
ഞാനും പാട്ടിനു നിര്‍ത്തണം മതികറേ -
ക്കാലത്തിനെന്നോര്‍ത്തുകേൾ
നൂനമ്പാട്ടിനു നിര്‍ത്തണം മതി കുറേ-
നാളെയ്ക്കിതെന്നായിതേ;
മാനഞ്ചുമ്മിഴിമാർനിറഞ്ഞൊരു വിവാ-
ഹാഘോഷമദ്ധ്യേ നറും-
തേനഞ്ചുമ്മൊഴികൊണ്ടു കണ്ടവർകൾതൻ
കണ്ണാട്ടിലാപ്പെട്ടു ഞാൻ
വിവാഹഘോഷം കളിയായ്ക്കഴിഞ്ഞു
കവീന്ദ്ര! നാളിങ്ങിനെ നാലൊഴിഞ്ഞു
സ്വവൃത്തി ചൂഡാമണിമേലിഴിഞ്ഞു
ജവത്തിലിന്നായതിനായ് ചുഴിഞ്ഞു
നീട്ടിത്തന്നെ പിടിയ്ക്കണം ബഹുദിനം
വൻ ഭാരതത്തിന്നുടൻ
കൂട്ടിത്തട്ടിവിടേണമുള്ള സമയ-
ത്തീക്കൊച്ചു ഭാരങ്ങളും
കൂട്ടത്തിൽച്ചില പത്രികയ്ക്കുമെഴുതീ-
ടേണം വിശേഷാൽ മന-
ക്കൂട്ടൊത്തുള്ള ഭവാദൃശര്‍ക്കുമെഴുതീ-
ടേണം തരമ്പോലെ മേ.
ആവുമ്പോലിവകൾക്കായ്
രാവുമ്പ കലുങ്കുളഞ്ഞുകൊണ്ടിനി ഞാൻ
ഭാവമ്പര്‍കന്നു ഭവസുഖ-
ഭാവമ്പരിചൊടു ഫലിയ്ക്കുമാറാക്കും
അമ്മയ്ക്കു തെല്ലൊരു സുഖക്കുറവുണ്ടതെന്നാൽ
ശിമ്മൽക്കു മാറുകിൽ വരാമവിടേയ്ക്കുമീ ഞാൻ
നമ്മൾക്കു പത്തുദിനമൊത്തഥ ഭാരതത്തേ
തമ്മിൽക്കിണഞ്ഞു ഭയമറ്റയി ഭാഷയാക്കാം
അദ്ധ്യായം പതിനൊന്നര
ബുദ്ധ്യാ മദ്രാസിൽവെച്ചു പാട്ടാക്കി;
അദ്ധാരാളം കുറവാ-
യാദ്ധാത്രിയിൽ വന്നുചേർന്നശേഷം മേ
എന്നേ കടുപ്പമിവിടത്തിലണഞ്ഞശേഷ-
മിന്നേവരയ്ക്കു മെഴുതീലൊരു പദ്യവും ഞാൻ;
എന്നേവമാണു കഥയെങ്കിലുമിന്നിമേലിൽ
സന്ദേഹമറ്റു ചുഴിയാം വഴിയേ കൃതിയ്ക്കും
ചൊല്ലാര്‍ന്ന ചൂഡാമണി ഭാഷയാക്കി-
യുല്ലാസമായ്ക്കെട്ടുമതിന്റെ മദ്ധ്യേ
തെല്ലാര്‍ന്ന വിശ്രാമമതീയ്യെഴുത്തായ് -
വല്ലാതെ പൊയ്പോയി പരന്നുപോയി
ഉത്സാഹശക്തിയൊരു ലേശമുലഞ്ഞിടാതെ
നത്സാഹസത്തിനു രസം സതതം വരാൻ മേ
മത്സ്വാമിയായ കുലശേഖരനായകൻ ഗോ-
വത്സാനുയായി ഹരി കൺമുന കാട്ടിടട്ടേ.
നടുവധരണിദേവ! തത്സുതൻതൻജ്വരത്തേ-
പ്പടുവിരുതൊടു പാരം പാൽ കുടിപ്പിച്ചു മാറ്റി
അടവൊടു കവിവൈദ്യൻ കൊച്ചുകൊച്ചുണ്ണിരാജാ-
വുടവുടലിനു തീരെത്തീര്‍ന്നതില്ലിന്നുമെന്നാൽ.
ഭാര്യാഗൃഹത്തിൽ ശയനം നിദാന-
മാര്യാശയൻ മൂപ്പർ വിധിച്ചുപോലും
കാര്യാംശമെന്തോ തവ പുത്രചിന്ത-
ധൈര്യാവലോകത്തിനുതന്നെയാവാം
ഏച്ചിപ്പേച്ചിയിഴഞ്ഞ രാത്രിവരുമ-
ന്നേരത്തു ഭാര്യാഗൃഹേ
പാച്ചിൽപ്പാടിവനായി വൈദ്യവിഹിതം-
രോഗിയ്ക്കു തള്ളാവതോ?
കാച്ചിപ്പാലുകുടിയ്ക്കണം ദിവസവും
മുന്നാഴിയെന്നാലിനി
ത്തീര്‍ച്ചപ്പെട്ടിതു പത്തുനാളതിനകം
സാമാന്യമായ് തീരുവാൻ.