ശ്രിയാ ദിനേ ദിനേ ദേയാൽ
കക്കിടാഭ്രച്ഛടാപ്രഭം
സതാം നിത്യസമാരാദ്ധ്യം
പാര്‍ത്ഥസൂതായിതം മഹഃ.
ശ്രീ കോടിലിങ് ഗപുരോദരാൽ.
കാറൊക്കും നിറവും പരന്നുപതറും
മിന്നൽക്കൊടിച്ചിന്നലിൻ
'നേരൊക്കും പടവും ധരിച്ചുമുരളീ-
ഗാനപ്രയോഗങ്ങളാൽ
കൂറൊക്കും കുതുകേന ഗോപവനിതാ-
ചിന്തോത്സവം ചെയ്തിടും
മാരക്കൂത്തിനു സൂത്രധാരനിഹ ഹൃ-
ദ്രങ്ഗേ വിളങ്ങേണമേ.
അദ്ദിക്കിലീയ്യിടയിലുള്ള വിശേഷമെല്ലാം
വിദ്വൽകവീന്ദ്ര! വിവരിച്ചു ധരിച്ചുകൊൾവാൻ
പദ്യപ്പടിയ്ക്കെഴുതുകെന്നതു നിന്നുപോയോ?
സദ്യസ്ഫുടീകൃതകൃതിപ്രകര! സ്വയം തേ
ശങ്കുണ്ണിയ്ക്കു. കുറച്ചു ദീനമുളവാ-
യെന്നൊന്നു കേട്ടേനതിൽ
തങ്കുന്നമ്മുടെ ചിത്തചിന്ത ചിതറി-
പ്പോകുന്നതിൻ വണ്ണമേ
എങ്കൽ താങ്കൾ കനിഞ്ഞു കാര്യവിവര-
ക്കത്തൊന്നയക്കാഞ്ഞതിൽ
തിങ്കൾക്കങ്കമണച്ച കീര്‍ത്തിജലധേ!
ദുഃഖം പെരുക്കുന്നു മേ.
കുട്ടന്റെ കുട്ടിയ്ക്കു കുറച്ചു ദീനം
പെട്ടെന്നു കേട്ടേനതിനുള്ള മട്ടും
സ്പഷ്ടം പകിട്ടല്ല ധരിയ്ക്കുവാനാ-
യൊട്ടും വരിഷ്ഠാശയ! കേട്ടതില്ലേ.
എല്ലാ വിവരങ്ങൾക്കും
ചൊല്ലാര്‍ന്ന ഭവാനെഴുത്തയച്ചെങ്കിൽ
ഇല്ലാതായേനേ, മതി
വല്ലാതാക്കും വിഷാദവിസ്താരം.
സിതമണിമഹനിന്നും തത്ര വാഴുന്നതുണ്ടോ?
ചിരമൊടുകൃതിചെയ്യാൻ ലാക്കു നോക്കുന്നതുണ്ടോ?
മരിയതിൽ മടികൂടിത്താങ്കളേക്കൂടിയോരോ
ചതിമൊഴിയിൽമയക്കിക്കൊണ്ടിടുന്നെന്നു നേരോ?
ഇതിഭവോ മിത്രസധര്‍മ്മാ
കുഞ്ഞിക്കുട്ടാഭിധാര ചിതവര്‍മ്മാ
സംലിഖതി രാമവര്‍മ്മാ-
സഹൃദയസമുദായദേയനിജശര്‍മ്മാ.