കൊടുങ്ങല്ലൂർ 29-7-67
കൊടുങ്ങല്ലൂർ ശോഭാതിരേകമിയലും തിരുമേനി കണ്ടുള്‍-
ക്ഷോഭാലിണങ്ങിയൊരു ഗോപികമാരൊടൊപ്പം
ആപാദചൂഡമലർബാണമഹാഗമത്താ-
ലാപാതമോദമിയലും വിടനെത്തൊഴുന്നേൻ. 1
അന്നുണ്ടാക്കിയ തർജ്ജമാങ്കയുഗവും-
കൊണ്ടിങ്ങ നാരായണൻ
മന്ദം മാതുലനൊത്തു വന്നസമയം
വേറിട്ടൊരങ്കം സഖേ!!
തന്നത്താനുളുവായിതെന്തു പറവൂ
സി: പി.യ്ക്കു ഭാഗ്യക്ഷയ -
ത്തിന്നിത്ഥം വിപരീതമായ് ചില മഹാ-
ന്മാരാണതും തീർത്തതും
എന്തോ കാരണമോതിടേണ്ട സുകവേ!
ഭട്ടൻ തുടങ്ങിത്തദാ
സന്തോഷക്കുറവും നടിച്ചു ചില വീ-
രന്മാർ വിരോധിച്ചഹോ!
ഹന്തോന്മാദവിശേഷമായതഖിലം
വാങ്ങിച്ചു ചെട്ടിയ്ക്കുകം
ചിന്താഛേദമതും വരുത്തിയിവിടെ-
സ്സൂക്ഷിച്ചു വച്ചീടിനാർ
മന്നാടിയാരുടെയ തർജ്ജമ തീർന്നതച്ചിൽ
വന്നാലുടൻ തരുവനെന്നു പറഞ്ഞുകൊണ്ടു
നന്നായൊളിച്ചിവിടെവെച്ചുവരുന്നു കാട്ടി-
ത്തന്നാൽ ചതിയ്ക്കുമിവരെന്നൊരു ഭാവമോടും.
സീ. പി. യിതുകൊണ്ടൊഴിച്ചീ
ലാപീനോത്സാഹമോടു പിന്നീടും
ആപാതഭംഗിയോടെതൃ-
കോപാലൊപ്പിച്ചിടുന്നു തർജ്ജമയേ.
ഞങ്ങടെ തർജ്ജമയിങ്ങിനെ-
യങ്ങോർക്കാവശ്യകത്തിനായീലാ
ഇങ്ങിനെയായ് തീർന്നിതു
തൂങ്ഗമതേ! വികടമായി കാര്യമെടോ.
വാർത്താവിശേഷമെഴുതാനിടയായതില്ല
"മാർത്താണ്ഡവർമ്മ”നെയയച്ചുതരുന്നതിന്നും;
ഇത്ഥം കഴിഞ്ഞിതുനാൾവരെയാട്ടെ നാളെ-
യെത്തിച്ചിടാം വടിവിലഞ്ചൽവഴിയ്ക്കു തന്നെ.
ഇതുവരെ ഞാൻ തൃശ്ശൂരിൽ
ക്ഷിതിപസമീപത്തിൽ വാണു കവിസഭയെ
ചിതമൊടു പൂരക്കാല-
ത്തതിഭംഗിയിൽ വേണ്ടവണ്ണമാക്കിടുവാൻ.
ഏഴങ്കമായുള്ളൊരുമാവിവാഹം
പാഴായ്ക്കിടക്കുന്നതിനിയ്ക്കിദാനീം
കേഴാതയച്ചീടുക വേണമെന്നാ-
ലൂഴിസുരോത്തംസ! തരാം തിരിച്ച്.