കൊടുങ്ങല്ലൂർ 24-6_67
കാട്ടിൽക്കളിച്ചു നിശി രാധികതന്റെയാ ... -
... കിടന്നു മിഴി തെല്ലിട ചീമ്പിടുമ്പോൾ
കൂട്ടിൽക്കിടക്കുമൊരു കാകകലത്തിനുള്ള
കൂട്ടക്കരച്ചിലിലുണർന്ന ഹരേ! ജയിയ്ക്കൂ.
മാസം മാതിരിയിൽക്കഴിഞ്ഞിതു ഭവാൻ
വന്നില്ലയെന്നാകിലും
ശ്വാസം വിട്ടുകളഞ്ഞിടാനിടകൊടു-
ത്തീടാതെ നാരായണൻ
ആസക്ത്യാ വളരെ ശ്രമിച്ചു മമതാ-
മാർഗ്ഗങ്ങൾ കാണിച്ചുതേ
ഹേ സത്താഗ്രഗ! ശുണ്ഠിവിട്ടിളയ രാ-
ജാവും പ്രസാദിച്ചുതേ..
ഇരുപത്താറാന്തീയ്യതി
പരമിഹ കല്യാണഘോഷമുണ്ടതിനും
നാരായണനീക്കലമുറ-
നേരായിട്ടിട്ടിടാതെടുത്തീടും.
എന്തോ ഗാർഹസ്ഥ്യമൂലം ചില ഗൃഹഭരണ-
ജോലിയുണ്ടെന്നു ചൊല്ലി-
സന്തോഷം കൈവെടിഞ്ഞീപ്പുലർ സമയമിറ-
ങ്ങാൻ തുടങ്ങുന്നിതേട്ടൻ;
ഹന്തോദന്തങ്ങളൊട്ടൊട്ടിതിലെഴുതിടുവാൻ
സമ്മതിയ്ക്കുന്നതില്ലേ
ബന്ധോ! മുഗ്ദ്ധൻ മിടുക്കൻ തകൃതിയൊടിവിടെ-
ത്തന്നെ പാർക്കട്ടെയല്ലേ
ഏട്ടന്റെ വെമ്പലുമിനിയ്ക്കതിതൃപ്തിയില്ല-
താട്ടേ മിടുക്കനെയിടയ്ക്കു വിടുന്നതാണോ?
കോട്ടംവെടിഞ്ഞയി ഭവാനുമിതത്രതന്നെ
കൂട്ടാക്കിടായ്ക്കിലുമിനിക്കൊരു കൂസലില്ല.
അയ്യോ തുവ്വൽപിടിയ്ക്കും
കയ്യു പിടിയ്ക്കുന്നു വെമ്പൽകൊണ്ടട്ടൻ;
ഇയ്യാളുടെ സേവയ്ക്കിതു-
മിയ്യൂഴം നിർത്തിടേണ്ട ദിക്കായി.